മതം മലയാളികളുടെ സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍ പല മാനങ്ങളില്‍ ചെമ്പരുന്തായി റാകിപ്പറക്കുകയാണ്. വെറുപ്പിക്കുന്ന, വിഭ്രമിപ്പിക്കുന്ന ചര്‍ച്ചകള്‍. സൂക്ഷ്മമായി പരമതനിന്ദ കലര്‍ന്ന പരിഹാസങ്ങള്‍. മൂസ്‌ലിം പൊതുവിഷയങ്ങളില്‍ ഇടപെടുന്നവര്‍ ആന്റി മുസ്‌ലിമും വര്‍ഗീയവാദിയുമായി വിലയിരുത്തപ്പെടും, ചാപ്പകുത്തും. മുസ്‌ലിം മെയില്‍ ഷോവനസത്തിന്റെ ഗുപ്തമായ വിദ്വേഷച്ചിരികള്‍. - താഹ മാടായി എഴുതുന്നു
Find your place and close your eyes, so your heart can start to see.
Rumi, Soul furry, Coleman Barks.
അപ്പോള്‍ ആ ചോദ്യം ഒന്നുകൂടി ഉറക്കെ ചോദിക്കാന്‍ സമയമായി: ആരാണ് മലയാളി മുസ്‌ലിം?
ലോകത്ത് ഇന്നു ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും ധിഷണാശാലിയായ ആ മുസ്‌ലിം, സിയാവുദ്ദീന്‍ സര്‍ദാര്‍, മരിച്ചാല്‍ സ്വര്‍ഗ്ഗത്തിലോ നരകത്തിലോ? ഏറ്റവും ബാലിശമായ ഇത്തരം ചോദ്യങ്ങള്‍ സിയാവുദ്ദീന്‍ സര്‍ദാര്‍ മുതല്‍ മമ്മൂട്ടി വരെ എത്രയോ വട്ടം കേട്ടതായിരിക്കും. മതമൗലികവാദ താടിക്കാരുടെ കയ്യിലെ നിതാന്ത വാഗ്ദാനമായി സ്വര്‍ഗ്ഗം ഇപ്പോഴുമുണ്ട്. 'മതമൗലികവാദ താടിക്കാരുടെ കയ്യില്‍നിന്ന് എങ്ങനെ ഇസ്‌ലാമിനെ മോചിപ്പിക്കാം' എന്ന ചോദ്യം (അക്ഷരാര്‍ത്ഥത്തില്‍) സിയാവുദ്ദീന്‍ 'Desperately Seeking Paradise' എന്ന തന്റെ വിഖ്യാതമായ പുസ്തകത്തില്‍ വായനക്കാരെ കേള്‍പ്പിക്കുന്നുമുണ്ട്. ഒരു മതനിരപേക്ഷ ആധുനിക സമൂഹത്തില്‍ മതം പ്രബോധനം ചെയ്യേണ്ടത് എങ്ങനെയാണ്? സ്വര്‍ഗ്ഗത്തിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്ന പ്രാകൃത ബോധത്തോടെ 'ഞങ്ങള്‍ സ്വര്‍ഗ്ഗത്തിലും നിങ്ങള്‍ നരകത്തിലും' എന്നു വളച്ചുകെട്ടിയോ നേര്‍ക്കു നേരെയോ ലഘുലേഖകളിലൂടെ പറയുമ്പോള്‍ അത് ആ മതത്തില്‍ പെടാത്ത ഒരാളില്‍ ഉണ്ടാക്കുന്ന പരിഹാസവും പ്രകോപനവും തിരിച്ചറിയാന്‍ കഴിയാത്ത വിധത്തില്‍ അടഞ്ഞബോധത്തില്‍ ജീവിക്കുന്നവരെ എന്തു പേരിട്ടു വിളിക്കണം? ഏതെങ്കിലും ഇസ്‌ലാമിക രാഷ്ട്രത്തില്‍ ചെന്ന് ഈശ്വരനിലെത്താനുള്ള അയഞ്ഞ ബദല്‍മാര്‍ഗ്ഗം എന്ന നിലയില്‍ ചിലര്‍ ഹിന്ദു സംസ്‌കാര പ്രചാരണം നടത്തിയാല്‍ എന്തായിരിക്കും അവരുടെ അവസ്ഥ? അവര്‍ പുറംലോകം കാണുമോ? മതം എന്തിനാണ് ഈ അതിസാങ്കേതിക കാലത്തും ഒരു പ്രചാരണ വിഷയമാക്കുന്നത്? മതപ്രബോധനം മൗലികാവകാശമാണോ? ഇത്തരം നിരവധി ചോദ്യങ്ങള്‍ക്കിടയിലാണ് ഈ വര്‍ഷം ഓണം എന്ന മലയാളി ഉത്സവം കടന്നുവന്നത്. ആധുനിക മനുഷ്യരുടെ മതനിരപേക്ഷ ബുദ്ധിക്കു നിരക്കാത്ത ബാലിശമായ വാദങ്ങളും മിഥ്യാവേശങ്ങളും കുത്തിവെയ്ക്കാന്‍ മുസ്‌ലിം മതമൗലികവാദികളും ഹിന്ദു ഫാസിസ്റ്റുകളും ഒരുപോലെ ശ്രമിക്കുന്ന കാലുഷ്യങ്ങളുടെ നാല്‍ക്കവലയില്‍ നില്‍ക്കുമ്പോള്‍ ഓണം പോലെയുള്ള ആഘോഷം ഹിന്ദുത്വത്തിന്റേയും ഇസ്‌ലാമിത്വത്തിന്റേയും സങ്കുചിത താല്‍പ്പര്യങ്ങളെ നിരാകരിച്ച്, മാനവികമായ ഒരു കൂട്ടായ്മയായി മാറുന്നതു കാണാം. അപ്പോള്‍ തന്നെ 'മാപ്പിളയ്ക്ക് എന്ത് ഓണം?' എന്ന ഒരു ചോദ്യം അതു ചിലരിലൂടെ മുന്നോട്ടു വെയ്ക്കുന്നുമുണ്ട്. അപ്രതീക്ഷിതമായി അസഹിഷ്ണുത നിറഞ്ഞ ചോദ്യങ്ങളുന്നയിക്കുന്നതില്‍ മിടുക്കനായ ഒരു ചങ്ങാതിയാണ് ഇക്കഴിഞ്ഞ ഓണത്തിനു ഈ ചോദ്യമുന്നയിച്ചത്. എങ്കിലും അവന്‍ ചങ്ങാതി തന്നെയായിരുന്നു. പക്ഷേ, ആ ചോദ്യത്തിലെ മുന ശരിക്കും കൊള്ളുന്നതായിരുന്നു. മുസ്‌ലിമുകളെ നേരിട്ടു ബാധിക്കുന്നവയല്ല ഓണം, വിഷു തുടങ്ങിയ കേരളീയ ഉത്സവങ്ങളൊന്നും. സമൃദ്ധമായ ഉത്സവയൂണുകള്‍ ആ ദിവസങ്ങളില്‍ മലയാളി മുസ്‌ലിം വീടുകളില്‍ ഉണ്ടാകാറുമില്ല. 'തക്കാരം' എന്ന പലഹാരങ്ങള്‍കൊണ്ടുള്ള വിരുന്നുസല്‍ക്കാരങ്ങളില്‍നിന്ന് 'സദ്യ' എന്ന തനി മലയാളത്തിലേക്കു മാറാന്‍ മടിച്ചു നില്‍ക്കുന്ന തനി മാപ്പിളത്തമുണ്ട് ശൈലിയിലും ഊണിലും ഉടലൊരുക്കങ്ങളിലും മലയാളി മുസ്‌ലിമിന്.
പക്ഷേ, വിഷു-ഓണച്ചന്തകളില്‍ മുസ്‌ലിംകളുടെ വമ്പിച്ച ഒഴുക്കുണ്ട്. ആ ഒഴുക്ക് കണ്ടാണ് ചങ്ങാതിയുടെ ആ ചോദ്യം:
''മാപ്പിളയ്ക്കു എന്ത് ഓണം?'
ചാണക പ്രത്യയശാസ്ത്ര ചിഹ്ന മൂല്യമുള്ള ഈ ചോദ്യമുന്നയിച്ചതു പക്ഷേ, ഒരു യുക്തിവാദി സുഹൃത്ത് ആയിരുന്നു! അതാണ് അതിലെ അമ്പരപ്പിക്കുന്ന വൈരുദ്ധ്യം! അവനു മതമില്ല. മതമില്ലാത്ത ജീവന്‍. എങ്കിലും ഒരു മതത്തില്‍പ്പെട്ടവരുടെ വമ്പിച്ച ഒഴുക്കില്‍ ആന്തരികമായ അസന്തുഷ്ടി അവന്‍ അനുഭവിക്കുന്നതായി തോന്നി. വാസ്തവത്തില്‍ ഈ ചോദ്യം പലരിലും പുറത്തേക്കു വെമ്പാന്‍ നില്‍ക്കുന്ന ഒന്നാണ്. മതാത്മക മലയാളി മുസ്‌ലിമുകള്‍ മതരഹിതരില്‍നിന്നും മതേതരില്‍നിന്നുമുള്ള 'ചിലരില്‍' നിന്ന് ഈ ചോദ്യം പല മട്ടില്‍ കേള്‍ക്കാറുണ്ട്. ഈ ചോദ്യം മുന്‍പും പല സന്ദര്‍ഭങ്ങളില്‍ ഉന്നയിച്ചിട്ടുണ്ട്. മുസ്‌ലിം മതമൗലികവാദി, മതനിരപേക്ഷ മൂല്യങ്ങളില്‍ വിശ്വസിക്കുന്ന മുസ്‌ലിമിനോട് തന്നെ ഈ ചോദ്യമുന്നയിക്കാറുണ്ട്. ഇടക്കാലത്ത് മുസ്‌ലിം പള്ളികളില്‍നിന്നുതന്നെ ഓണത്തിനെതിരായ പ്രസ്താവനകളുമുണ്ടായിട്ടുണ്ട്. അപ്പോള്‍ 'മാവേലി ആരുടേതൊക്കെ' എന്ന ചോദ്യത്തിനു മലയാളി മുസ്‌ലിം നല്‍കുന്ന ഉത്തരം എന്തായിരിക്കും? മാവേലിയെ വരവേല്‍ക്കുക, വിശ്വാസപ്രകാരം, ദൈവത്തില്‍ പങ്കുചേര്‍ക്കലാണ്. അതായത്, കൊടിയ പാപമായ 'ശിര്‍ക്ക്' ആണത്. ഇക്കാരണം കൊണ്ടാണ് നവസലഫികള്‍ ഓണത്തെ എതിര്‍ത്തുകൊണ്ട് വെള്ളിയാഴ്ച പ്രസംഗത്തില്‍ മുന്‍പ് വലിയ ആഹ്വാനം തന്നെ നടത്തിയത്. ഇനി മാവേലി 'രാജാവാ'ണെങ്കില്‍ തന്നെ, മുഗള്‍ രാജാക്കന്മാരുടെ ഓര്‍മ്മയാണ്ടുകളില്‍ പോലും മുസ്‌ലിമുകള്‍ പുരകളില്‍ പൂവിടാറില്ല. മുസ്‌ലിമുകളുടെ ബലി സ്മൃതികളിലൊന്നും ഇങ്ങനെയൊരു മഹാബലിയില്ല. അപ്പോള്‍, ഒരു മുസ്‌ലിമിനും പൂവിട്ടു സ്വീകരിക്കേണ്ട ആള്‍ അല്ല മാവേലി. എന്നിട്ടും, ഒരുപാടു മലയാളി മുസ്‌ലിമുകള്‍ ഓണം ആഘോഷിക്കുന്നുണ്ട്. ചില പുരകളില്‍ പൂവിടാറുമുണ്ട്. ഓണം ആഘോഷിക്കുന്ന മലയാളി മുസ്‌ലിം 'ചിലര്‍ക്ക്', അതായത്, 'യാഥാസ്ഥിതിക നവസലഫി പ്രച്ഛന്നമുല്ല'യ്ക്കും 'യാഥാസ്ഥിതിക യുക്തിവാദി'ക്കും ഒരുപോലെ ആന്തരികമായ അസന്തുഷ്ടി നല്‍കുന്നുണ്ട്. എന്നാല്‍, 'യാഥാസ്ഥിതിക ഹിന്ദു'വിന് ഈ കാര്യത്തില്‍ അത്ര അസന്തുഷ്ടി കാണാറുമില്ല. ഇത് എടുത്തുപറയേണ്ടതായ ഒരു സത്യമാണ്. മൈത്രിയെക്കുറിച്ചുള്ള ലളിതമായ ഒരു പുല്ലാങ്കുഴല്‍ വായനയല്ല ഇത്. നവോത്ഥാനത്തിനുശേഷം കേരളത്തില്‍ മൈത്രിയുടെ നിലാവ് വീണ വഴികളിലൂടെ ഹിന്ദു മുസല്‍മാന്മാര്‍ ഒന്നിച്ചുതന്നെയാണ് നടക്കുന്നത്. കോലായയിലിരുന്നു ഇവരാരും അത്രയങ്ങു വര്‍ഗ്ഗീയത പറയാറുമില്ല. അതിനു പ്രധാനപ്പെട്ട കാരണം, മൈത്രിയുടെ ആഴത്തിലുള്ള ആവിഷ്‌കാരമുള്ള ഓണം പോലെയുള്ള ഉത്സവങ്ങളാണ്. മതം ഏറ്റവും അപായകരമായി ബാധിക്കുന്ന വൈകാരിക തലത്തെ അത് അയഞ്ഞതും അഴകുള്ളതുമാക്കി മാറ്റുന്നു. മതം എന്ന വ്യക്തിപരമായ അടിയന്തരാവസ്ഥയെ സര്‍ഗ്ഗാത്മക മൈത്രിയിലൂടെയാണ് മലയാളി മുസ്‌ലിമുകള്‍ മറികടന്നത്. എല്ലാ ഓണക്കാലത്തും മമ്മൂട്ടി പടങ്ങള്‍ റിലീസാവുന്നു. പെരുന്നാള്‍ നിസ്‌കാരങ്ങളില്‍ മമ്മൂട്ടി പ്രത്യേകമായി അടയാളപ്പെടുത്തുന്നു. പ്രേംനസീര്‍ മുതല്‍ മമ്മൂട്ടി വരെയുള്ളവര്‍ ആ നിലയില്‍ മലയാളി മുസ്‌ലിമിന്റെ കൃത്യമായ പ്രതീകങ്ങളാണ്. കലയേയും ഉത്സവങ്ങളേയും നിഷിദ്ധവും നിരോധിതവുമാക്കുന്ന മതപാഠങ്ങളെ വ്യക്തിപരമായ ദൃഢനിശ്ചയം കൊണ്ട് മലയാളി മുസ്‌ലിമുകള്‍ അതിജീവിച്ചു. മതാത്മക ഏകമാന സംസ്‌കാരത്തെ മതാത്മകമായി തന്നെ മുറിച്ചു കടന്ന ചരിത്രം കൂടിയാണത്.
ശ്രീനാരായണഗുരുവും ബഷീറും
ഓണം ആഘോഷിക്കുന്ന മാപ്പിള യഥാര്‍ത്ഥത്തില്‍ ആഘോഷിക്കുന്നത് എന്താണ് എന്ന ചോദ്യം സ്വാഭാവികമായും ഇവിടെ കടന്നുവരാം. ആ ചോദ്യം യുക്തിവാദികളും നവസലഫികളും ഉന്നയിക്കുന്നുണ്ട്. മതത്തിനു പുറത്തുനില്‍ക്കുന്ന ആഘോഷമാണ് ഓണം. അതിനോട് ചേര്‍ന്നുനില്‍ക്കുമ്പോള്‍ മതാത്മക മലയാളി മുസ്‌ലിം കേരളസമൂഹത്തിനു നല്‍കുന്ന സന്ദേശം എന്താണ്? ഇവിടെയാണ്, മലയാളി മുസ്‌ലിം എന്ന സവിശേഷ ആത്മീയബോധത്തെ നാം സാംസ്‌കാരികമായിത്തന്നെ അഭിമുഖീകരിക്കേണ്ടത്. ആ സാംസ്‌കാരിക പിതൃസ്വത്വം വൈക്കം മുഹമ്മദ് ബഷീറില്‍ കാണാം. (നാലു പിതൃസ്വത്വങ്ങള്‍ മലയാളികള്‍ക്കുണ്ട്. ശ്രീനാരായണഗുരു, അയ്യന്‍കാളി, ഇ.എം.എസ്., ബഷീര്‍). സര്‍വ്വകാലത്തിനും മാതൃകയാക്കാവുന്ന ഒരു മലയാളി മുസ്‌ലിം ബഷീറാണ്. പള്ളിയില്‍ പോയല്ല, വീട്ടിലിരുന്നുകൊണ്ടുതന്നെയാണ് ബഷീര്‍ പടച്ചവനെ ഓര്‍ത്തത്. ബഷീറിന്റെ ആ പള്ളിയില്‍ എല്ലാവര്‍ക്കും ഇരിപ്പിടമുണ്ടായിരുന്നു. മനസ് തന്നെയായിരുന്നു ഖിബ്‌ല. (മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, അഭിനയിക്കുന്ന ബഷീറാണ് മമ്മൂട്ടി).
തന്റെ ഇടം ഏതെന്ന വളരെ സങ്കീര്‍ണമായ ഒരു ചോദ്യത്തെയാണ്, ഓണം ആഘോഷിക്കുന്നതിലൂടെ ഒരു മലയാളി മുസ്‌ലിം തൊടാന്‍ ആഗ്രഹിക്കുന്നത്. തനിക്കു സാമുദായികമായ ഒരു സെമിറ്റിക് ഇടം മാത്രമല്ല, ദേശസ്വത്വവുമായി ബന്ധപ്പെട്ട തദ്ദേശീയമായ ഒരു നില്‍പ്പിടം കൂടിയുണ്ട് എന്ന് ഓണം ആഘോഷിക്കുന്ന ഒരു മലയാളി മുസ്‌ലിം തെളിച്ചു തന്നെ പറയുന്നു. പുറത്തുനിന്നു വന്ന മതത്തെ പുണര്‍ന്നപ്പോഴും അകത്തെ ആഴത്തിലുള്ള വേര് ഇപ്പോഴുമുണ്ടങ്ങനെ. പഴയ പള്ളി എടുപ്പുകളിലും നേര്‍ച്ചകളിലും ഈ ദേശപൈതൃക മുദ്രകള്‍ കാണാം. എന്നാല്‍, പുതുതായി വരുന്ന പള്ളികളില്‍ പലതും പരദേശ മാതൃകയിലാണ് എടുക്കുന്നത്. നോട്ടം എടുപ്പില്‍ മാത്രമല്ല, ആത്മീയതയിലും പുറത്തേക്കു തന്നെ. മുന്‍പ് ഇവിടെയില്ലാത്ത വിധം പര്‍ദ്ദയും തലപ്പാവും വര്‍ദ്ധിച്ചിട്ടുണ്ട്. മതം തേടി ചിലര്‍ പുറത്തേക്കുപോയ വാര്‍ത്തയെ ഈ വേരില്‍നിന്നുതന്നെ കുതറാനുള്ള ശ്രമമായി വേണം കാണാന്‍. ഒരു യാഥാസ്ഥിതിക മുസ്‌ലിം മതമൗലിക വാദിക്ക് ഏറ്റവും അസ്വസ്ഥത ഉണ്ടാക്കുന്നതു വായിക്കുന്ന, എഴുതുന്ന, സ്വപ്നം കാണുന്ന, ചിത്രം വരയ്ക്കുന്ന 'മറ്റൊരു മുസ്‌ലിം' ആണ്. വായിക്കുന്ന, എഴുതുന്ന, സ്വപ്നം കാണുന്ന, ചിത്രം വരയ്ക്കുന്ന, പാട്ടു പാടുന്ന ആ മുസ്‌ലിമുകളില്‍ മലയാളി മുസ്‌ലിമുമുണ്ട്. മതത്തില്‍നിന്നു കൊണ്ടുതന്നെ അവരിതൊക്കെ ചെയ്യുന്നു. അറിവുകൊണ്ട് ആധുനികതയെ ദൃഢനിശ്ചയത്തോടെ അഭിമുഖീകരിക്കുന്ന മറ്റൊരു മുസ്‌ലിം സമൂഹം ഖത്തര്‍ ആണ്. സാങ്കേതികമായ വമ്പിച്ച ഉണര്‍വ്വുകൊണ്ട് യു.എ.ഇയും അതു സാധിച്ചിട്ടുണ്ട്. അറിവുകൊണ്ടും ആധുനികമായ സാങ്കേതിക മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുകയും വഴിയാണ് ഖത്തര്‍ സൗദിക്ക് ഇടങ്ങേറാവുന്നത്. അല്‍ ജസീറ പോലെയുള്ള ചാനലുകള്‍ കൊണ്ടുവരുന്ന നേര്‍ചിത്രങ്ങള്‍ സൗദിക്ക് അലമ്പുണ്ടാക്കുന്നു. പലായനത്തിന് ഒരു മതം മാത്രം കാരണമാകുന്നു. രോഹിന്‍ഗ്യന്‍ മുസ്‌ലിമുകളടക്കം നടത്തുന്ന സ്വയം വേര് മുറിച്ചുകളഞ്ഞുള്ള നിര്‍ബന്ധിത പലായനമാണത്. അസ്വസ്ഥമായ ആ വാസ്തവത്തെ മുഖ്യധാരാ മുസ്‌ലിം രാജ്യങ്ങള്‍ നേര്‍ക്കുനേര്‍ മനുഷ്യസഹജമായ അനുകമ്പയോടെ പരിഗണിച്ചിട്ടുമില്ല.
മിസ്റ്റിക് മഹാബലി
അസ്വാത്രന്ത്യത്തിന്റേയോ മതാത്മക ജീവിത ആവിഷ്‌കാരങ്ങള്‍ക്കു വിലക്കുകളോ കേരളത്തിലില്ല. സ്വയം വേര് മുറിച്ചുകളഞ്ഞു പലായനം ചെയ്യാന്‍ മാത്രമുള്ള കടുത്ത പ്രഹരം മലയാള മുസ്‌ലിമുകള്‍ക്കു ഇതര മലയാളി സമുദായങ്ങള്‍ നല്‍കിയിട്ടില്ല എന്നതാണ് ചരിത്രം. പൊതുവായി സമൂഹത്തില്‍ നിലനിന്നിരുന്ന ദാരിദ്ര്യം എന്ന അനുഭവത്തെ തുടച്ചുകളയാനുള്ള ചരിത്രപരമായ ഒരു പലായനം ആയിരുന്നു ഗള്‍ഫ് കുടിയേറ്റം. പാലായില്‍നിന്നു ക്രിസ്തീയ സമൂഹം മലബാറിലെ ആളില്ലാ കുന്നുകളിലേക്കും മലബാര്‍ മുസ്‌ലിമുകള്‍ ആളില്ലാ മരുഭൂമികളിലേക്കും ഒരേ സമയം അവരുടെ യാത്ര തുടങ്ങി, ഈ പലായനത്തിനു പിറകില്‍ ബലാത്സംഗത്തിന്റെയോ കൂട്ടക്കുരുതികളുടെയോ ചരിത്രമില്ല. ഹിന്ദുക്കളാല്‍ ആട്ടിപ്പായിച്ചതുകൊണ്ടുണ്ടായതുമല്ല ആ യാത്രകള്‍. മലയാളി ഹിന്ദു മലയാളി മുസ്‌ലിമിനെ കഠിനമായ പ്രകോപനങ്ങളിലൂടെ കടത്തിക്കൊണ്ടു പോയിട്ടില്ല. എന്നാല്‍, തിരിച്ചുവന്ന ഗള്‍ഫ് മലയാളികള്‍ പണിത എടുപ്പുകള്‍ ഇവിടെയുള്ള ഹിന്ദുക്കളിലും ഇതര സമുദായങ്ങളിലും വലിയ അസന്തുഷ്ടി തന്നെ ഉണ്ടാക്കി എന്നതാണ് നാം മുസ്‌ലിം സ്‌നേഹം കൊണ്ടു പറയാന്‍ വിസമ്മതിക്കുന്ന ഒരു സത്യം. അപ്പോഴും തൊഴില്‍ മേഖലയിലും കമ്പോളത്തിലുമുണ്ടായ സാമ്പത്തികമായ ഉണര്‍വ്വ്, വലിയ അസൂയകള്‍ക്കും അസന്തുഷ്ടികള്‍ക്കുമിടയില്‍ ഒരു വലിയ ഉണര്‍വ്വായിത്തന്നെ നിലനിന്നു. തങ്ങളുടെ ഇണകളെ ഇവിടെ വിട്ടാണ് പഴയ ഗള്‍ഫുകാരുടെ ജീവിതം.
അതു വാസ്തവത്തില്‍ തന്റെ തന്നെ വംശത്തിനും നാടിനും വേണ്ടിയുള്ള ഒരു തരം വൈകാരികമായ 'ബലി'യായിരുന്നു. ഗള്‍ഫിലേക്കു പോവുകയും വര്‍ഷത്തിലൊരിക്കല്‍, ചിലപ്പോള്‍ ദീര്‍ഘ വര്‍ഷങ്ങള്‍ക്കു ശേഷം, പെട്ടിയുമായി നാട്ടിലേക്കു വരുന്ന ഗള്‍ഫുകാരന്‍ (പെണ്‍യാത്ര തുടങ്ങുന്നതു പിന്നെയും കുറേ കഴിഞ്ഞാണ്. അതുകൊണ്ടു ആണ്‍ യാത്രകളുടെ ചരിത്രമാണ് ആദ്യ പ്രവാസ ചരിത്രം) ആണ് മലയാളി ജീവനോടെ കണ്ട ആദ്യ 'മഹാബലി'. ചുരുക്കിപ്പറഞ്ഞാല്‍ ഗള്‍ഫിലേക്കും മലേഷ്യയിലേക്കും ബര്‍മ്മയിലേക്കും സിംഗപ്പൂരിലേക്കും പോയി തിരിച്ചു വന്ന മാപ്പിളമാരുള്‍പ്പെടുന്ന ആദ്യകാല പ്രവാസികളാണ് 'മഹാബലി' എന്ന മിത്തിനോട് ചേര്‍ന്നുനില്‍ക്കുന്ന ആള്‍രൂപങ്ങള്‍. ചരിത്രപരമായി അതു സ്വന്തം നാട്ടില്‍നിന്നുള്ള ഇറങ്ങിപ്പോക്കും ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ രണ്ടാം വരവുമാണ്. അവര്‍ കപ്പലില്‍ കൊണ്ടുവന്ന സമൃദ്ധികളാണ്, കേരളത്തിന്റെ പില്‍ക്കാല അഭിവൃദ്ധിക്കെല്ലാം കാരണം. സ്വന്തം നാട്ടില്‍നിന്നു ദാരിദ്ര്യം കൊണ്ട് പുറത്തേക്കു പോയി ആണ്ടിലൊരിക്കല്‍ പെട്ടിയുമായി വന്ന പിതാക്കള്‍ തന്നെയാണ് മുസ്‌ലിമുകള്‍ കണ്ട മഹാബലി. അല്ലെങ്കില്‍, ഓരോ പ്രവാസിയും പേറുന്നു അനുഭവപരമായി ഒരു ബലി. അവരവരുടെ ഉടയവരില്‍നിന്ന് ഉടല്‍കൊണ്ടുള്ള ഒരു വിട്ടുനില്‍ക്കല്‍. മാവേലിയും അങ്ങനെയാണല്ലോ. ഏതോ തരത്തില്‍ എല്ലാവരേയും പ്രചോദിപ്പിക്കുന്ന ഒരു മിസ്റ്റിക് ആണ് മഹാബലി.
അപ്പോള്‍, മാപ്പിളയ്ക്ക് എന്ത് ഓണം എന്ന ആ ചോദ്യം, ഇപ്പോള്‍ കമ്പോളത്തില്‍ മുസ്‌ലിമുകള്‍ ഉണ്ടാക്കുന്ന ഉണര്‍വ്വുകള്‍ ചിലരിലുണ്ടാക്കുന്ന അസന്തുഷ്ടികളില്‍നിന്നുണ്ടാവുന്ന ചോദ്യമാണ്. നോട്ടുനിരോധനം വന്നപ്പോള്‍ 'മാപ്പിളമാര്‍ക്കു നല്ല പണി കിട്ടും, അല്ലേ?' എന്ന് ഒരാള്‍ ബസ്‌സിലിരുന്നു മറ്റൊരാളോട് അമര്‍ത്തിപ്പിടിച്ച ചിരിയോടെ ചോദിക്കുന്നതു കേട്ടു. 'മാപ്പിളമാര്‍ക്കു മാത്രമായി ഒരു ക്യൂ ഇല്ല' എന്ന തിരിച്ചറിവില്‍ ഉച്ചച്ചൂടില്‍ നീണ്ട നിരയില്‍നിന്ന് ആ ചങ്ങാതിയും വിയര്‍ത്തിരിക്കണം. പുരയില്‍ ആരെങ്കിലുമൊക്കെ വിദേശത്തുള്ളതുകൊണ്ട് 'ബാങ്ക് എക്‌സ്പീരിയന്‍സ്' വളരെയധികമുള്ള മുസ്‌ലിമുകള്‍ അത്രയൊന്നും ബേജാറായില്ല എന്നതാണ് സത്യം. ആദിവാസികളാണ്, കര്‍ഷകരാണ്, നാടോടികളാണ് ദുരിതങ്ങള്‍ അനുഭവിച്ചതേറെയും. മലയാളി മുസ്‌ലിമുകള്‍ മതത്തില്‍ നില്‍ക്കുമ്പോഴും പുരോഹിതര്‍ വരച്ച അതിര്‍ത്തികള്‍ മാറിക്കടക്കുന്നവരാണ്. സ്ത്രീയോട് വീട്ടിലിരിക്കാന്‍ പറയുന്ന മുസ്‌ലിം പുരോഹിതന്‍ ഇന്നു വീട്ടിലിരിക്കേയുള്ളൂ, മുസ്‌ലിം സ്ത്രീകള്‍ വീട് വിട്ട് എല്ലാ ഇടങ്ങളിലും അനായാസം കയറിപ്പോകുന്നുണ്ട്. കമ്പോളത്തില്‍ ചെന്നു വിലപേശി ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നുണ്ട്. കോളേജുകളില്‍ ചെന്നു കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങള്‍ നേര്‍ക്കു നേര്‍ സംസാരിക്കുന്നുണ്ട്. മതപുരോഹിതര്‍ക്കും ചില മതരഹിതര്‍ക്കും ഒരുപോലെ അസ്വസ്ഥമാക്കുന്നുണ്ട് ഈ ഉണര്‍വ്വുകള്‍. ഇത്തരം സര്‍ഗ്ഗാത്മക ഉണര്‍വ്വുകള്‍ ഉള്ള, എല്ലാവരും തുല്യബോധത്തോടെ (വളരെയധികം ഏറ്റക്കുറച്ചിലുകളോടെയാണെങ്കിലും) ഇടകലര്‍ന്നു ജീവിക്കുന്ന ഈ ഇടം വിട്ടു തുല്യതയെക്കുറിച്ചു പ്രാഥമിക ധാരണകള്‍പോലും ഇല്ലാത്ത സമൂഹത്തിലേക്ക് ആട് മേയ്ക്കാന്‍ ചിലര്‍ പോകുന്നു.
വളരെ ദീര്‍ഘമായ പ്രവാസ അനുഭവമുള്ള ഒരാളോട് ഈയിടെ ചോദിച്ചു:
ബാഗ്ദാദിലേയും ഡമാസ്‌കസിലേയും ലൈബ്രറികള്‍ക്കു എന്തു സംഭവിച്ചിരിക്കും? ഹാറൂന്‍ അല്‍ റഷീദിന്റെ കഥകളുടെ രാജവീഥികള്‍ ഇപ്പോഴും അവിടെയുണ്ടോ? ഇസ്‌ലാമിന്റെ ആദിമ നാഗരികത രൂപപ്പെട്ട ആ ഇടങ്ങള്‍, ഔലിയാക്കളും മഹാ പണ്ഡിതന്മാരും കഥപറച്ചിലുകാരും മന്ത്രികരും നടന്നുപോയ ആ വീഥികള്‍...
നിസ്സഹായമായ, നിരാശപൂണ്ട ശബ്ദത്തോടെ സൗമ്യനായ അദ്ദേഹം പറഞ്ഞു: ഒന്നുമറിയില്ല! എന്തെങ്കിലും ബാക്കിയുണ്ടാവുമോ? ഇടിഞ്ഞുപൊളിഞ്ഞ ആ നഗരങ്ങളില്‍ ഇനി എന്താണ് ബാക്കിയുണ്ടാവുക? ബാക്കിയുള്ളതിനെക്കുറിച്ചു ആരാണ് നമുക്കിനി പറഞ്ഞുതരിക?
'എന്തെങ്കിലും പറഞ്ഞുതരാന്‍' ആരുമില്ലാത്ത ഇടമായി, ബാഗ്ദാദ്! ആയിരത്തൊന്ന് രാവുകളില്‍, കഥ കൊണ്ട് നാം കടന്നുപോയ മഹാ കാലങ്ങളുടെ ആ രാജവീഥികളില്‍ ഒരു കവിയെങ്കിലും ഇപ്പോള്‍ ബാക്കിയുണ്ടാവുമോ? എഴുതിയ കവിതയുമായി പോസ്റ്റ്ഓഫിസ് തേടി അലയുകയായിരിക്കുമോ, ആ കവി? ഏതെങ്കിലും മതഭ്രാന്തന്റെ കിടപ്പറയില്‍ കഥ പറഞ്ഞു ജീവിതം അതി ജീവിക്കുന്നുണ്ടാവുമോ ഏതെങ്കിലും ഷഹരസാദ? ബാഗ്ദാദിന്റെ 'നിലവിലുള്ള കഥ' ആരാണ് ഒന്നു പറഞ്ഞു തരിക?
മാപ്പിളയ്ക്കു ഓണം ആഘോഷിക്കാനുള്ള അനേകം കാരണങ്ങളില്‍ ഒന്ന്, മതം 'പുരോഹിതര്‍' വഴി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന സവിശേഷ അധികാരങ്ങളേയും ഹിന്ദു ഫാസിസ്റ്റുകളുടെ പ്രത്യയശാസ്ത്ര തീട്ടൂരങ്ങളേയും ഒരേ സമയം അതിലംഘിച്ചുകൊണ്ടുതന്നെ തികച്ചും മതാത്മകമായ ഒരു സര്‍ഗ്ഗാത്മക ജീവിതം നയിക്കുന്നു മലയാളി മുസ്‌ലിങ്ങളില്‍ വലിയൊരു വിഭാഗം. കലകളില്‍ ഹിന്ദുസമൂഹം കഥകളിയെ പിന്നീട് കയ്യൊഴിയുന്നതു കാണാം. തനി കേരളീയ കഌസ്സിക് കല എന്നു പറയാവുന്ന കഥകളിയേയോ തിരുവാതിരയേയോ ഹിന്ദുസമൂഹം അവരുടെ ഒരു പ്രതീകമായി സ്വീകരിച്ചില്ല. ദഫ് മുട്ട്, കോല്‍ക്കളി തുടങ്ങിയ മാപ്പിള കലകള്‍ ഇന്ന് ഫോക്‌ലോര്‍ മാത്രമാണ്. സിനിമപോലെയുള്ള ജനപ്രിയ കലകളെയാണ് മലയാളി ഹിന്ദുവും മലയാളി മുസ്‌ലിമും ഒരുപോലെ തന്റേതാക്കിയത്. തങ്ങളുടെ ഇടം ഇതാണെന്ന ഉറച്ച 'പൊതു മലയാളി ബോധ്യം' ഒന്നിച്ചിരിക്കാവുന്ന ആ തെരഞ്ഞെടുപ്പില്‍ പോലുമുണ്ട്. 'മതമെന്നു കേള്‍ക്കുമ്പോള്‍ ചോര തിളയ്ക്കുന്ന ഞരമ്പല്ല' മലയാളി മുസ്‌ലിമുകളുടേതും മലയാളി ഹിന്ദുവിന്റേയും. അങ്ങനെ ചോര തിളയ്ക്കുന്ന മുസ്‌ലിം മതമൗലികവാദികളെ മുഖ്യധാരാ മുസ്‌ലിമുകള്‍ വോട്ട് നല്‍കി തുണക്കുന്നുമില്ല. (കാസര്‍ഗോഡ് പള്ളിയില്‍ ഒരു മൗലവി കൊല്ലപ്പെട്ടപ്പോഴും ട്രെയിനില്‍ ഖുര്‍ആന്‍ മനഃപാഠമാക്കിയ (ഹാഫിള്)കൊല്ലപ്പെട്ടപ്പോഴും മുസ്‌ലിം സമൂഹം കാണിച്ച ആത്മസംയമനം കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ അടക്കമുള്ള ഇടതു പാര്‍ട്ടികള്‍ക്ക് പോലും പാഠമാകേണ്ടതാണ്. മുസ്‌ലിമുകള്‍ കാണിച്ച 'തീവ്രസംയമനം' ഒരു ചാനലും ചര്‍ച്ച ചെയ്തില്ല എന്നത് വേറെ കാര്യം. സംഘര്‍ഷമാണ് വാര്‍ത്തയാവുന്നത്, സമാധാനമല്ല). മുസ്‌ലിം സമൂഹത്തിനു എല്ലാത്തരം അസഹിഷ്ണുതകള്‍ക്കും വേട്ടയാടലുകള്‍ക്കുമിടയിലും 'ഭാരതമെന്ന പേര് കേട്ടാല്‍ അന്ത:രംഗം അഭിമാനപൂരിതമാകുന്നു'മുണ്ട്. ബാഗ്ദാദില്‍നിന്ന് ഇങ്ങോട്ടു നോക്കുമ്പോള്‍ ഇപ്പോഴും ഇവിടെ വെളിച്ചമുണ്ട്. ആ വെളിച്ചം പക്ഷേ, ഇടതുബോധം കൊണ്ട് കൂടിയുള്ളതാണ് എന്നതാണ് ഊന്നിപ്പറയാവുന്ന വസ്തുത. സി.പി.എം ജനകീയമായി ഒരു ഹിന്ദു പാര്‍ട്ടി ('അനുഭാവികളു'ടെ എണ്ണക്കൂടുതല്‍കൊണ്ട്) ആയിരിക്കുമ്പോഴും മതാത്മക മലയാളി മുസ്‌ലിം സമൂഹം മലപ്പുറം ഒഴിച്ചു മറ്റെല്ലാ ഇടങ്ങളിലും പാര്‍ട്ടിയെ വന്‍തോതില്‍ തുണയ്ക്കുന്നതു കാണാം. പര്‍ദ്ദയിട്ട പെണ്‍കുട്ടികള്‍ ചുവന്ന പതാക വീശുന്ന ചിത്രം സോഷ്യല്‍ മീഡിയകളില്‍ തരംഗമാവുന്നു, ഉമര്‍ മുക്താറില്‍നിന്നു മാത്രമല്ല, ചെഗുവേരയില്‍നിന്നും അവര്‍ പാഠം ഉള്‍ക്കൊള്ളുന്നു. അതിനൊരു കാരണം, മതാത്മക മലയാളി മുസ്‌ലിമിനു കവചമായി നില്‍ക്കുന്നതു പോപ്പുലര്‍ ഫ്രണ്ടോ ജമാഅത്തെ ഇസ്‌ലാമിയോ നവസലഫികളോ അല്ല, സി.പി.എം ആണ്. തിരിച്ച് മുസ്‌ലിമുകള്‍ സി.പി.എമ്മിനെ വന്‍തോതില്‍ തുണക്കുകയും ചെയ്യുന്നു. (കൈരളി ചാനലിനു കാവല്‍നില്‍ക്കുന്നതു മമ്മൂട്ടിയാണ്!) സി.പി.എം പലപ്പോഴും ദളിത് വിരുദ്ധമാകുമ്പോഴും മുസ്‌ലിം വിരുദ്ധമാകാതിരിക്കാന്‍ വളരെയധികം രാഷ്ട്രീയ ജാഗ്രത പാലിക്കുന്നതു കാണാം. ഒരു ജനപ്രിയ ഹിന്ദു പാര്‍ട്ടി ആയിരിക്കുന്നതുപോലെ ഒരു ജനപ്രിയ മുസ്‌ലിം പാര്‍ട്ടി ആയിരിക്കാനും സി.പി.എം ആഗ്രഹിക്കുന്നുണ്ടെന്ന്, സൂക്ഷ്മമായി നിരീക്ഷിക്കുമ്പോള്‍ കാണാം.
ആയുധം കൊണ്ടല്ല, അറിവുകൊണ്ടും സമാധാനം കൊണ്ടും ആധുനികമായ ജനാധിപത്യ മൂല്യങ്ങള്‍ കൊണ്ടും ശാക്തീകരിക്കപ്പെട്ട ഒരു സമൂഹമായി മലയാളി മുസ്‌ലിംകള്‍ മാറിക്കഴിഞ്ഞു. അപ്പോള്‍, മതത്തില്‍ യാതൊരു പ്രസക്തിയുമില്ലാത്ത മിത്താണെങ്കിലും മാവേലി വരുമ്പോള്‍ വലിയൊരു വിഭാഗം മലയാളി മുസ്‌ലിമുകള്‍ കൂടി ആ രാജാവിന് 'അസ്‌സലാമു അലൈക്കും' എന്ന് ആലങ്കാരികമായി അഭിവാദ്യം ചെയ്യുന്നു. അതുകൊണ്ട് മാപ്പിളയ്ക്കും ഓണമുണ്ട്. ബലിയുടെ ഒരുപാടു ഓര്‍മ്മകളുള്ളതുകൊണ്ടായിരിക്കാം ചിലപ്പോള്‍ ആ പൂവിടല്‍. കാരണം, ചലനാത്മകമായ ഒരു ഭാവി ഇസ്‌ലാമിനെയാണ് മലയാളി മുസ്‌ലിമുകള്‍ മുന്നോട്ടുവെയ്ക്കുന്നത്. ഹിന്ദുത്വ വാദികളും നവസലഫികളും കാണാത്ത ആടുന്നതും പാടുന്നതും വായിക്കുന്നതുമായ ഒരു മിസ്റ്റിക് ലോകത്തിലൂടെ ആ ഇസ്‌ലാം മനോഹരമായി കടന്നുപോകുന്നു. ഈ മനോഹരമായ മലയാളി ഇസ്‌ലാം മുസ്‌ലിമുകള്‍ക്കിടയില്‍ത്തന്നെ ചിലരുടെ ഉറക്കം കെടുത്തുന്നുണ്ട്.
മുസ്‌ലിം എഴുത്തുകള്‍, പാട്ടുകള്‍
സമകാലികമായ ചില മതാത്മക ഉത്കണ്ഠകളില്‍നിന്നാണ് ഖദീജ മുംതാസ്, ഷാജഹാന്‍ മാടമ്പാട്ട്, അന്‍വര്‍ അലി അടക്കമുള്ളവരുടെ പുതിയ മുസ്‌ലിം എഴുത്തുകള്‍ രൂപപ്പെടുന്നത്. ലോകത്തുടനീളം മുസ്‌ലിം ഒരു അപരനായി മാറുകയും മുസ്‌ലിമുകളെക്കുറിച്ചു മുസ്‌ലിമേതര ഭീതി വര്‍ദ്ധിക്കുകയും ചെയ്ത കാലമാണിത്. നമ്മുടെ കേരളത്തിലും ഇസ്‌ലാമോഫോബിയ അകലെയുള്ള ഒരു വിഷയമല്ലാതായി തീര്‍ന്നിട്ടുണ്ട്. അയലത്തെ മുസ്‌ലിം അകലാവുന്ന ഒരു മുസ്‌ലിമായി മുസ്‌ലിമുകള്‍ക്കുതന്നെ തോന്നുന്നുണ്ട് എന്നതും ഇതിനിടയില്‍ വരുന്ന ഒരു വാസ്തവമാണ്. ഔലിയാക്കളുടേയും സൂഫികളുടേയും മഖ്ബറകള്‍ ചില തീവ്ര മുസ്‌ലിം ആശയക്കാര്‍ ഇവിടെ കേരളത്തില്‍ പൊളിച്ചുനീക്കാന്‍ നടത്തുന്ന ശ്രമം, നേര്‍ച്ചകളിലൂടെയും ഉറൂസുകളിലൂടെയും പുലരുന്ന മലയാളീയത എന്ന സങ്കല്‍പ്പത്തിനുകൂടിയാണ് തുരങ്കം വെയ്ക്കുന്നത്. കേരളത്തിലേക്കു വന്ന മുസ്‌ലിം വിശുദ്ധര്‍ സാമ്രാജ്യത്വ വിരുദ്ധബോധം മതവിശ്വാസത്തിന്റെ ഭാഗമായി കൊണ്ടുനടന്നവരാണ് എന്നതു ചരിത്രമാണ്. ശുദ്ധ ഇസ്‌ലാമിനെ തേടി വടക്കേ മലബാറില്‍നിന്നു ചിലര്‍ മറ്റെവിടെയോ പോയ വാര്‍ത്തകള്‍, ആട് മേയ്ക്കാന്‍ പോയ ചിലരെക്കുറിച്ചുള്ള വാര്‍ത്തകള്‍, വളരെ ഞെട്ടലോടെയാണ് മുസ്‌ലിം സമൂഹം തന്നെ വായിച്ചത്. സത്യത്തില്‍ അവരകലുന്നതു സ്വന്തം വേരുകളില്‍നിന്നുതന്നെയാണ്. വേരുകള്‍ അറ്റുപോയാല്‍ ഒരു മരവും ദീര്‍ഘകാലം പൂക്കില്ല. തീവ്ര മുസ്‌ലിം ആശയലോകം സര്‍ഗ്ഗാത്മക ഇസ്‌ലാം വായനകൊണ്ട് തോല്‍പ്പിക്കപ്പെടേണ്ടതുണ്ട്. പാട്ട് കേള്‍ക്കാത്ത ഒരു മുസ്‌ലിമിനെ പാട്ട് കേള്‍ക്കുന്ന ഒരു മുസ്‌ലിം തിരുത്തേണ്ടതുണ്ട്. ഉമ്പായിയും എരഞ്ഞോളി മൂസയും ഷഹ്ബാസ് അമനും സമീര്‍ ബിന്‍സിയും ഇമാം മജ്ബൂറും ഈയിടെ ഉരുവില്‍ അന്‍വര്‍ അലിയുടെ മട്ടാഞ്ചേരി പാട്ട് അസാധാരണമായ രീതിയില്‍ പാടിയ അബൂക്കയും ആ നിലയില്‍ മലയാളി മുസ്‌ലിം എന്ന പ്രതീകത്തെ സര്‍ഗ്ഗാത്മകമായി വളരെയധികം മുന്നോട്ടുപോകുന്ന, ചലനാത്മകമായ ഒരു ഭാവി ഇസ്‌ലാമിനെയാണ് പ്രതിനിധീകരിക്കുന്നത്. ആടുകയും പാടുകയും പുസ്തകം വായിക്കുകയും എല്ലാത്തരം ആശയങ്ങളോടും തുറന്ന രീതിയില്‍ പോരടിക്കുകയും അപരനെ കേള്‍ക്കുകയും അപ്പോള്‍ തന്നെ മതാത്മകമായ തുറസ്സായ ജീവിതം നയിക്കുകയും യോജിച്ചും വിയോജിച്ചും വിജയിയാകുന്ന ഒരു മുസ്‌ലിം. മലയാളി മുസ്‌ലിം ആ നിലയില്‍ സര്‍ഗ്ഗാത്മക ഇസ്‌ലാമിന്റെ ഒരു മുഖ്യപ്രതീതിയാണ്, പ്രതിനിധിയുമാണ്. നവസലഫിസം മലയാളി മുസ്‌ലിമുകളെ സംബന്ധിച്ചിടത്തോളം അപകടകരമായ ഒരു വഴിത്തിരിവാണ്.1 വിജയിച്ചുകൊണ്ടിരിക്കുന്ന ആഗോളപൗരന്‍ എന്ന മലയാളി മുസ്‌ലിം സ്വത്വത്തെയാണ് അത് ഉന്നംവെയ്ക്കുന്നത്. അപകടകരമാണ് അതിന്റെ ഭീഷണി, അത് മുസ്‌ലിം സ്ത്രീകളുടെ രക്ഷാകര്‍ത്തൃത്വം പര്‍ദ്ദയ്ക്കുള്ളില്‍ ചുരുട്ടിക്കൂട്ടുന്നു, ജന്മസിദ്ധ മലയാളി മുസ്‌ലിമിനെപ്പോലും അവര്‍ അന്യരായി മാറ്റിനിര്‍ത്തുന്നു, മതവാദത്തിന്റെ വന്മതില്‍ തീര്‍ക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates