രാധാമ്മ മരിച്ച വിവരം സേതു അറിഞ്ഞത് അര്‍ധരാത്രിയാണ്. സംസ്‌കാരം രാവിലെയേ നടക്കുകയുള്ളുവെന്ന് വിവരം അറിയിച്ചയാള്‍ പറഞ്ഞിരുന്നു. കോരിച്ചൊരിയുന്ന മഴയായതിനാല്‍ വെറുതെ രാത്രി പോയി ബുദ്ധിമുട്ടണ്ടല്ലോയെന്ന് ആലോചിച്ചാണ് സംസ്‌കാരം പിറ്റേന്നാണെന്നത് വന്നയാള്‍ അറിയിച്ചത്. മഴയൊന്നും കണക്കാക്കാതെ രാത്രി തന്നെ രാധാമ്മയെ പോയി കാണണമെന്ന് തന്നെ സേതു തീരുമാനിച്ചു. 'നിങ്ങളുടെ അമ്മയൊന്നുമല്ലല്ലോ മരിച്ചത്, കോരിച്ചൊരിയുന്ന മഴയല്ലേ? നാളെ പോയാല്‍ പോരേയെന്ന് ഭാര്യ ചോദിച്ചിട്ടും അയാള്‍ അപ്പോള്‍ തന്നെ പോകാന്‍ തീരുമാനിച്ചു. വകയിലൊരു ബന്ധമുണ്ടെങ്കിലും അങ്ങനെ ഒറ്റവാക്കില്‍ വിശദികരിക്കാന്‍ പറ്റിയ ബന്ധമൊന്നും സേതുവും രാധാമ്മയുമായിട്ടില്ല. രാധാമ്മയുടെ വീടിന് അടുത്തായിരുന്നു മുന്‍പ് സേതു താമസിച്ചിരുന്നത്. രാധാമ്മയും ഭര്‍ത്താവ് കേശവന്‍ നായരും വര്‍ഷങ്ങളോളം പൂനയിലായിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ പ്രധാന പൊതുമേഖലാ സ്ഥാപനത്തിലായിരുന്നു കേശവന്‍ നായര്‍ ജോലി ചെയ്തത്. അവര്‍ക്ക് ആകെയുള്ള രണ്ടു പെണ്‍മക്കളേയും അവിടെ തന്നെ പഠിപ്പിച്ചു. മൂത്ത മകളെ നാട്ടിലേക്ക് കെട്ടിച്ചയച്ചു. രണ്ടാമത്തെ മകളെ പൂനൈ പ്രവാസിയായ എറണാകുളത്തുകാരന് വിവാഹം ചെയ്തു കൊടുത്തു.
ജോലിയില്‍ നിന്ന് വിരമിച്ചപ്പോള്‍ രാധാമ്മയും കേശവന്‍ നായരും നാട്ടില്‍ സ്ഥിരതാമസക്കാരായി. പൂനെയിലിരുന്ന പ്പോള്‍ നാട്ടില്‍ വാങ്ങിച്ച പറമ്പുകളിലൊന്നിലെ വീട്ടില്‍ താമസവും തുടങ്ങി. ഏതു കാര്യത്തിനും സ്വന്തം തീരുമാനമെടുക്കാറുള്ള അവര്‍ക്ക് നാട്ടുകാരുടെ സഹായത്തിന്റെ പ്രത്യേക ആവശ്യമില്ലായിരുന്നു. എന്തെങ്കിലും അത്യാവശ്യ സഹായം വേണമെങ്കില്‍ അടുത്ത വീട്ടുകാരനായ സേതുവിനേയായിരുന്നു അവര്‍ വിളിച്ചിരുന്നത്. വിളി കേള്‍ക്കേണ്ട താമസം സേതു അവിടെ എത്തുമായിരുന്നു. സ്ഥിരമായുള്ള ബിപിയുടെ, ഷുഗറിന്റെ ഗുളിക വാങ്ങിക്കല്‍, ഇടയക്കൊന്ന് ഡോക്ടറെ ബുക്ക് ചെയ്യല്‍, ബാങ്കില്‍ പോയി ചെക്ക് മാറി പൈസയാക്കി കൊടുക്കല്‍ തുടങ്ങിയവയെല്ലാം സേതുവിന്റെ ജോലിയായിരുന്നു.
ചെയ്യുന്ന ജോലികള്‍ക്കൊന്നും ഒരു പ്രതിഫലവും സേതു വാങ്ങിയിരുന്നില്ല. പറമ്പിലുണ്ടാകുന്ന വാഴക്കുലയോ ചേനയോ ചക്കയോ പോലുള്ളവ രാധാമ്മ വാല്‍സല്യപൂര്‍വ്വം സേതുവിന് എത്തിച്ചിരുന്നു.
നാട്ടിലും പൂനെയിലുമുണ്ടായിരുന്ന മക്കള്‍ നാട്ടില്‍ അച്ഛനേയും അമ്മയേയും കാണാന്‍ വരുന്നത് വളരെ ചുരുക്കം മാത്രമായിരുന്നു.
വിഷും ഓണവുമെല്ലാം അതിവേഗത്തിലായിരുന്നു ഓടിക്കൊണ്ടിരുന്നത്.
എല്ലാ ദിവസവും മക്കള്‍ ഫോണില്‍ മാതാപിതാക്കളുടെ സുഖ വിവരങ്ങള്‍ അന്വേഷിച്ചിരുന്നു. സ്ഥിരം സീരിയല്‍ കാണേണ്ടുന്ന ടെലിവിഷന്‍ കേടായാല്‍ പൂനെയില്‍ നിന്നും മരുമകന്‍ ഓണ്‍ലൈനില്‍ പരാതിപ്പെടുകയും കമ്പനിക്കാരെ കൊണ്ട് നന്നാക്കിക്കുകയും ചെയ്തു. വാഷിങ് മെഷീന്‍, ഫ്രിഡ്ജ്, ഇസ്തിരിപ്പെട്ടി, ഗ്യാസ് സ്റ്റൗ തുടങ്ങി എന്തും ഒരു ഫോണ്‍ കോളിലൂടെ നന്നാക്കിക്കുന്ന പൂനെയിലെ മരുമോനോട് ഒരു പ്രത്യക ഇഷ്ടമുണ്ടായിരുന്നു അവര്‍ക്ക്. അവര്‍ക്ക് അസുഖം വരുമ്പോള്‍ ഡോക്ടറെ കാണിക്കാന്‍ മാത്രം സേതുവീട്ടിലെത്തിയിരുന്നു. കേശവന്‍ നായര്‍ക്ക് നടത്തത്തിന് അല്പം പ്രയാസമുണ്ടായപ്പോള്‍ വീട്ടില്‍ നിന്ന് മുറ്റത്തു കൂടെ എല്ലാ ദിവസവും വൈകിട്ട് നടക്കാന്‍ പറഞ്ഞത് ഡോക്ടറാണ്. നടത്തത്തിനിടയില്‍ തെന്നി വീണത് അവസാന യാത്രക്കായിരിക്കുമെന്ന് ആരും കരുതിയിരുന്നില്ല. പൊട്ടിയ തുടയെല്ല് ഓപ്പറേഷനിലൂടെ നന്നാക്കിയ ഡോക്ടര്‍ രണ്ടു ദിവസം കൊണ്ട് ഡിസ്ചാര്‍ജ് ചെയ്‌തെങ്കിലും വീട്ടിലെത്തിയ രാത്രി തന്നെ ഉറക്കത്തില്‍ കേശവന്‍ നായര്‍ അവസാനയാത്ര പോയി.
ഒറ്റയ്ക്കായ അമ്മയെ നാട്ടില്‍ നിന്ന് നോക്കാന്‍ രണ്ടു പേര്‍ക്കുമാവില്ലെന്ന് സേതുവിന് ബോധ്യമായി. ഒടുക്കം ഇളയവള്‍ അമ്മയേയും കൊണ്ട് പൂനെയിലേക്ക് പോയി.
ഒരുപാട് വര്‍ഷം പൂനെയില്‍ ജീവിച്ച അമ്മയ്ക്ക് പുതിയ പൂനെയെ ഇഷ്ടപ്പെടാനായില്ല. വീടിന് ചുറ്റും വാഹനങ്ങളുടെ ഘോഷയാത്രയും പൊടിയുമായതിനാല്‍ അമ്മയെ ആരും പുറത്തേക്ക് കൊണ്ടു പോയില്ല. ഗസ്റ്റ് റൂമിലെ വലിയ ടെലിവിഷനിലെ പരിപാടി കണ്ടായിരുന്നു ആദ്യ ദിവസങ്ങളിലെല്ലാം അമ്മ സമയം പോക്കിയിരുന്നത്. രാത്രി മാത്രം കിടപ്പുമുറിയിലേക്ക് പോകും. ഉറക്കം കഴിഞ്ഞാല്‍ പുലര്‍ച്ചെ തന്നെ ടെലിവിഷന്റെ മുന്നിലെത്തും. മെല്ലെ മെല്ലെ പകലും രാത്രിയും ടെലിവിഷന്റെ മുന്നില്‍ തന്നെയായി ഇരുത്തവും കിടത്തവും. അമ്മമ്മയ്ക്ക് നടക്കാന്‍ കഴിയുന്നില്ലെന്ന് ഒരു ദിവസം തിരിച്ചറിഞ്ഞത് മകളുടെ മകളാണ്. അമ്മമ്മയ്ക്ക് നടക്കാന്‍ പറ്റുന്നില്ലെന്ന് മാത്രമല്ല സംസാരത്തിലും കുറവു വന്നു തുടങ്ങി. നാട്ടില്‍ നിന്ന് വന്ന കാലത്തെല്ലാം രാധാമ്മ രാവും പകലുമെന്നില്ലാതെ പലതും സംസാരിച്ചുകൊണ്ടിരുന്നു. ആദ്യമെല്ലാം പറയുന്നത് മുഴുവന്‍ എല്ലാവരും താല്‍പര്യത്തോടെ കേട്ടുകൊണ്ടിരുന്നു. പിന്നെ കേള്‍വിക്കാര്‍ കുറഞ്ഞു വന്നപ്പോള്‍ അമ്മ പറയുന്നതും കുറച്ചു. അമ്മമ്മയെ നമുക്ക് തറവാട്ടിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞതും പേരക്കുട്ടിയാണ്. തറവാട്ടില്‍ ആരും ഇല്ലാത്തതിനാല്‍ മുത്ത മകളുടെ വീട്ടിലേക്കാണ് അമ്മയെ എത്തിച്ചത്.' അമ്മയ്ക്ക് സന്തോഷം നല്‍കുന്നതെല്ലാം കൊടുക്കു, മറ്റൊന്നും ചെയ്യാനില്ലെന്നാണ് ഡോക്ടര്‍ പറഞ്ഞത്.
രാധാമ്മയെ കാണാന്‍ പോകണമെന്ന് പല ദിവസങ്ങളിലും ആലോചിച്ചെങ്കിലും പല കാരണങ്ങളാല്‍ സേതുവിന് എത്താന്‍ കഴിഞ്ഞില്ല. അതു കൊണ്ടാണ് മരണവിവരം കേട്ടപ്പോള്‍ അപ്പോള്‍ തന്നെ പുറപ്പെടണമെന്ന് തീരുമാനിച്ചത്.
ശക്തമായ മഴയും കാറ്റുമുള്ളതിനാല്‍ ബൈക്ക് വളരെ മെല്ലെയാണ് ഓടിച്ചത്. മഴക്കോട്ട് ഉണ്ടെങ്കിലും ശരീരം മുഴുവന്‍ നനഞ്ഞു കുളിച്ചിരിക്കുന്നു. പകലാണെങ്കില്‍ അര മണിക്കൂറുകൊണ്ട് അവിടെയെത്താം. ഒന്നര മണിക്കൂറെടുത്താണ് രാധാമ്മയുടെ മകളുടെ വീട്ടിലെത്തിയത്.
മുറ്റത്ത് നാലഞ്ച് കസാര നിരത്തിയിട്ടിരിക്കുന്നു. മുന്നിലെ കസാരയിലേക്ക് കാല് നീട്ടിവെച്ച് ബാക്കി ഭാഗം മറ്റൊരു കസാരയിലാക്കി ഒരാള്‍ ഉറങ്ങുന്നുണ്ട്. വരാന്തയിലെ ഫ്രീസറിലാണ് രാധാമ്മയുള്ളത്. വരാന്തയില്‍ മറ്റാരുമില്ല. വാതിലടച്ചിരിക്കുന്നു. അകത്ത് മകളും ഭര്‍ത്താവും ഉറങ്ങുകയായിരിക്കും. മരിച്ചു പോയ അമ്മയ്ക്കു വേണ്ടി ഉറക്കമിളയ്ക്കലെല്ലാം തന്ത വൈബല്ലേ എന്നായിരിക്കും അവര്‍ ചിന്തിച്ചത്. നാളെയല്ലേ സംസ്‌കാരം നടക്കുക. അവര്‍ വെറുതെ ഉറക്കമിളക്കേണ്ടല്ലോ എന്നാണ് സേതുവിനും തോന്നിയത്. വരാന്തയിലെ ഫ്രീസറില്‍ നല്ല വേഷ്ടിയും മുണ്ടും ധരിച്ച് നെറ്റിയില്‍ ചന്ദന കുറിചാര്‍ത്തി കിടക്കുന്ന രാധാമ്മയേ സേതുവൊന്ന് നോക്കി. രാധാമ്മ സേതുവിനേയും. നിനക്കൊരു ചായ പോലും തരാന്‍ കഴിയില്ലല്ലോ സേതു, നീ ഈ കൊടും മഴയത്ത് എന്തിനാ ഇങ്ങോട്ട് വന്നതെന്നായിരുന്നു അപ്പോള്‍ രാധാമ്മ ചോദിച്ചു കൊണ്ടിരുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates