പി. പ്രണയപാപങ്ങളുടെ കടംകഥ P Kunjiraman Nair 
Archives

ഇവിടെയൊക്കെയാണ് കവിയുടെ കടിഞ്ഞൂല്‍ പ്രണയം നിബിഡ സുഗന്ധമായി നിറഞ്ഞത്

മലയാളം വാരികയില്‍ 1997 ഓഗസ്റ്റ് 8നു പ്രസിദ്ധീകരിച്ചത്

ആലങ്കോട് ലീലാകൃഷ്ണന്‍

പി. പ്രണയപാപങ്ങളുടെ കടംകഥ -2

പ്രണയവും ദുരന്തവും

പട്ടാമ്പിയിലെ പെരുമുടിയൂരില്‍ പണ്ഡിത രാജന്‍ പുന്നശ്ശേരി നമ്പി നീലകണ്ഠശര്‍മയുടെ ഭവനം ഇപ്പോഴുമുണ്ട്. പാതിയും കാടുകേറിയ ഇല്ലപ്പറമ്പിനു തൊട്ട് പുന്നശ്ശേരി നമ്പിയുടെ പരദേവതയായിരുന്ന ഈഹാപുരേശ്വരിയുടെ ക്ഷേത്രം പൂര്‍ണമായും കാടുവിഴുങ്ങിക്കിടക്കുന്നു.

ഈ നൂറ്റാണ്ടിന്റെ ആരംഭദശകത്തില്‍ പക്ഷേ, ഇവിടെ കേള്‍വികേട്ട ഒരു സംസ്‌കൃത ഗുരുകുലമുണ്ടായിരുന്നു. വേദം കേട്ട ശൂദ്രന്റെ ചെവിയില്‍ ഈയമുരുക്കിയൊഴിക്കുന്ന സവര്‍ണശാസനകള്‍ നാടുഭരിച്ച കാലത്തും ജാതി, മത, വര്‍ണ, ലിംഗ ഭേദമേതുമില്ലാതെ പഠിക്കാനാഗ്രഹിച്ചു വന്ന ഏതൊരാളേയും സംസ്‌കൃതം പഠിപ്പിച്ച നന്മനിറഞ്ഞ ഒരു ഗുരുനാഥനുമുണ്ടായിരുന്നു. മലനാട്ടിലേയും കേള്‍വികേട്ട കവികളും പണ്ഡികന്മാരും അന്നവിടെ നിത്യസന്ദര്‍ശകരായിരുന്നു.

ഈ ജനകീയ ഗുരുകുലത്തില്‍ വന്ന് സംസ്‌കൃതം പഠിക്കാനാണ് പി. കുഞ്ഞിരാമന്‍ നായര്‍ ആദ്യമായി കാഞ്ഞങ്ങാട്ടു നിന്ന് തെക്കോട്ടു വണ്ടികയറിയത്.

പിന്നീട് കുഞ്ഞിരാമന്‍ നായര്‍ക്ക് പട്ടാമ്പിയോട് ഒടുങ്ങാത്ത പ്രണയമായി. അഴകു വഴിയുന്ന പട്ടാമ്പി പരിസരവും പ്രകൃതി സൗന്ദര്യത്തിന്റെ കാവ്യപ്രവാഹമായ നിളാനദിയും കുഞ്ഞിരാമന്‍ നായരിലെ കവിയെ എന്നെന്നേയ്ക്കുമായി മോഹിപ്പിച്ചു. മരഞ്ചാടിയായി കളിച്ചുനടന്ന കാലംതൊട്ടേ കൂടെയുള്ള പ്രകൃതിപ്രണയം പതിന്നാലാമത്തെ വയസ്സില്‍ ആദ്യത്തെ കവിതയായി - 'പ്രകൃതിഗീതം.'

കിടക്കയ്ക്കടിയില്‍ ആരും കാണാതെ സൂക്ഷിച്ചുവെച്ചിരുന്ന 'പ്രകൃതിഗീതം' കുറുവാന്തൊടി ശങ്കരനെഴുത്തച്ഛന്‍ കണ്ടെടുത്ത് സ്വന്തം മാസികയായ 'പൈങ്കിളി'യില്‍ പ്രസിദ്ധീകരിച്ചു.

അങ്ങനെ പി. കുഞ്ഞിരാമന്‍ നായരെ പട്ടാമ്പി കവിയാക്കി.

വള്ളത്തോള്‍ പക്ഷപാതികളായിരുന്ന കാല്പനിക കവികളുടെ ആസ്ഥാനമായിരുന്നു അക്കാലത്ത് പട്ടാമ്പി. വിദ്വാന്‍ സി.എസ്. നായര്‍, കുറുവാന്തൊടി ശങ്കരനെഴുത്തച്ഛന്‍, കല്ലന്മാര്‍ തൊടി രാവുണ്ണി മേനോന്‍, ചെറൂളിയില്‍ കുഞ്ഞുണ്ണി നമ്പീശന്‍ തുടങ്ങി കുഞ്ഞിരാമന്‍ നായരുടെ സുഹൃത്തുക്കളെല്ലാം ഉത്തമകവികള്‍. വിദ്യാപോഷിണി സാഹിത്യ സമാജത്തിലും 'സമഭാവിനി'യാപ്പീസിലും എന്നും കവിതയുടെ പൂക്കാലം. വള്ളത്തോള്‍, നാലപ്പാടന്‍, ഉള്ളൂര്‍, കുറ്റിപ്പുറത്തു കേശവന്‍ നായര്‍ തുടങ്ങിയ മഹാരഥന്മാരെല്ലാം ഗുരുനാഥന്റെ സംസ്‌കൃത ഗുരുകുലത്തില്‍ വിരുന്നുകാര്‍.

കവിതയില്‍ക്കുതിര്‍ന്ന നിളാതീരം കുഞ്ഞിരാമന്‍ നായര്‍ക്ക് കല്പനാകേദാരമായി. ജീവിതം സൗന്ദര്യം മാത്രമായി. പഞ്ചേന്ദ്രിയങ്ങളിലും പഞ്ചപ്രാണനിലും നിറഞ്ഞ് നദിയുടെ പ്രണയശ്രുതി കുഞ്ഞിരാമന്‍ നായരുടെ ആത്മസത്തയില്‍ കലര്‍ന്നു. മനോരാജ്യ തീര്‍ത്ഥാടകനായി അദ്ദേഹം നിളയുടെ അവസാനിക്കാത്ത അഴകുകള്‍ക്കൊപ്പം അലഞ്ഞു നടന്നു.

ഗംഗാനദി കാളിദാസനേയും ഗോദാവരി ഭവഭൂതിയേയും പത്മാനദി ടാഗോറിനേയുമെന്നതുപോലെ നിളാനദി, കുഞ്ഞിരാമന്‍ നായരെ പ്രണയോദാരനായ മിസ്റ്റിക് കവിയാക്കി.

സൗന്ദര്യത്തിന്റെ പ്രളയത്തില്‍ മുങ്ങിക്കുളിച്ച ആ കടിഞ്ഞൂല്‍ കാവ്യോന്മാദ കാലത്തായിരുന്നു കവിയുടെ കടിഞ്ഞൂല്‍ പ്രണയവും.

പണ്ട് 'വിജ്ഞാന ചിന്താമണി' സംസ്‌കൃത മാസിക അച്ചടിച്ചിരുന്ന നാലുകെട്ടിന്റെ രണ്ടാം നിലയിലായിരുന്നു അക്കാലത്ത് കവിയുടെ താമസം. താഴത്തെ നിലയില്‍ ഗുരുനാഥന്‍ ഒറ്റയ്ക്കു താമസിച്ചു.

മറുപുറത്തെ മൂന്നുനില മാളികയില്‍ ഗുരുനാഥന്റെ കാര്യസ്ഥന്‍ മൂസ്സതും കുടുംബവും. കടവല്ലൂരില്‍ സ്വജാതിയില്‍ വേളിയുള്ള മൂസ്സതിന് ഇവിടെ സംബന്ധമായിരുന്നു.

അതില്‍ ചെമ്പകപ്പൂ നിറമുള്ള ഏഴു പെണ്‍കിടാങ്ങള്‍.

മാളികയുടെ മൂന്നാം നിലയ്ക്ക് ആരോ 'സ്വര്‍ഗം' എന്നു പേരിട്ടു.

സുഹൃത്തായ മാധവന്‍കുട്ടിയുടെ മുറിവിട്ട് 'സ്വര്‍ഗ'ത്തില്‍ ഒറ്റയ്ക്കു താമസിക്കുമ്പോള്‍ കവിക്ക് ഒരു ഗൂഢലക്ഷ്യമുണ്ടായിരുന്നു.

കയ്യെത്തും ദൂരത്ത് അടിമുടി പൊന്നണിഞ്ഞുനിന്ന ഒരു മധുമാസ കാവ്യലക്ഷ്മി.

മൂസ്സതിന്റെ രണ്ടാമത്തെ മകള്‍ കുഞ്ഞിലക്ഷ്മി. തികഞ്ഞ സഹൃദയത്വവും കവിതാ വാസനയുമുണ്ടായിരുന്ന കുഞ്ഞിലക്ഷ്മി ഗുരുകുലത്തിലെ സാഹിത്യ സദസ്സുകളില്‍ അന്നേ പ്രബന്ധങ്ങളെഴുതി അവതരിപ്പിച്ചിരുന്നു.

മീന നിലാവു പരന്ന സന്ധ്യ. ഗുരുനാഥന്‍ അമ്പലത്തില്‍. മുത്തശ്ശി അടുക്കളയില്‍. അമ്മ അമ്പലക്കുളത്തില്‍. അനുജത്തിമാര്‍ വായനാമുറിയില്‍.

നിലാവില്‍ മുറ്റത്ത് അവള്‍ നിന്നു. ഉയരേക്കു നോക്കി. നീലപ്പൂക്കളെറിഞ്ഞു. ആ പൂക്കള്‍ പറഞ്ഞു:

''പ്രിയപ്പെട്ട കൂട്ടുകാരാ വരൂ, കിനാവിന്റെ സ്വര്‍ഗത്തില്‍നിന്നു ഭൂമിയിലേക്കിറങ്ങി വരൂ.''

പൂമുഖത്തു കോണിച്ചോട്ടില്‍ ചെന്നുനിന്നു ചാരിയ വാതില്‍ തുറന്നു. സ്വര്‍ണ വളയിട്ട മിനുത്ത കൈ പുറത്തുകണ്ടു. കൊഴുത്ത കയ്യില്‍ മിനുത്ത കടലാസ്സ്. കൈ മറഞ്ഞു. മുകളിലേയ്‌ക്കോടി. കോണിപ്പടികളറിയാതെ മുകളിലെത്തി. നാലു പേജുള്ള പ്രേമലേഖനം. ജീവിതത്തില്‍ പ്രേമത്തിന്റെ ആദ്യത്തെ കൈനീട്ടം'' (കവിയുടെ കാല്പാടുകള്‍)

കവിക്കു സ്വര്‍ഗമായിത്തീര്‍ന്ന പഴയ നാലുകെട്ട് മാളിക ഇന്നില്ല. ഗുരുനാഥന്റെ പുതുക്കിപ്പണിഞ്ഞ ഭവനത്തിലും ഗവണ്‍മെന്റ് ഹൈസ്‌കൂളായിത്തീര്‍ന്ന പഴയ ഗുരുകുലത്തിലും (പട്ടാമ്പി സംസ്‌കൃത കോളജ് ഇപ്പോള്‍ ചെര്‍പ്പുളശ്ശേരി റോഡിലാണ്) കാലം മറവിയുടെ തിരശ്ശീലയിട്ടു. ഈ സ്മാരകങ്ങള്‍ക്കപ്പുറം പുന്നശ്ശേരി നിലകണ്ഠശര്‍മയേയും പട്ടാമ്പി മറന്നു കഴിഞ്ഞു.

എങ്കിലും പുഴയോടൊപ്പം നീണ്ടുകിടക്കുന്ന അറ്റംകാണാത്ത റെയില്‍പ്പാളവും പാലത്തിന്റെ മറുകരയില്‍ പരന്ന നെല്‍പ്പാടവും പാടത്തിനക്കരെ കൊച്ചു ശിവക്ഷേത്രവും മങ്ങിക്കത്തുന്ന കരിങ്കല്‍ വിളക്കും കല്പടവുകളിടിഞ്ഞ അമ്പലക്കുളവുമെല്ലാം കാലത്തെ തോല്പിച്ചു ഇന്നും പഴയതു പോലെ നില്‍ക്കുന്നു.

ഈങ്ങയൂര്‍ കുന്നിന്റെ താഴ്വരയില്‍നിന്ന് പുഴ മണലിലേക്കു കാല്‍ നീട്ടിക്കിടക്കുന്ന പഴയ നാട്ടുപാത ടാര്‍ ചെയ്തിരിക്കുന്നുവെന്നേയുള്ളൂ. എങ്കിലും നേരിയ ഇരുട്ടില്‍ക്കൂടി ഇപ്പോഴും ഇഴഞ്ഞു നീങ്ങുന്നുണ്ട് കാളവണ്ടികള്‍.

ഇവിടെയൊക്കെയാണ് കവിയുടെ കടിഞ്ഞൂല്‍ പ്രണയം പ്രപഞ്ചം കവിഞ്ഞ നിബിഡ സുഗന്ധമായി നിറഞ്ഞത്. അമ്പലക്കുളത്തില്‍ സമയം കുറിച്ച് ഒപ്പം നീന്താനിറങ്ങി. രണ്ടു കടവില്‍ ഒപ്പം നീന്തി. തലമുടി പാതിമറച്ച മുഖവുമായി മത്സ്യങ്ങളായി പൊങ്ങി. കരിമീന്‍ കണ്ണുകള്‍ കെട്ടിപ്പിടിച്ചു. ഊളിയിട്ട് ചെന്ന് ഉമ്മവെച്ചു.

അടുത്തും അകന്നും ഒളിഞ്ഞും തെളിഞ്ഞും അമ്പലത്തില്‍ പോയി 'പ്രദക്ഷിണം' വെച്ചും ഒപ്പം നടയില്‍നിന്നു പ്രസാദം വാങ്ങി. ചന്ദനംകൊണ്ട് മറവില്‍നിന്നു മാറത്ത് എറിഞ്ഞു.

പക്ഷിയായി, മൃഗമായി, ദേവനായി കൂടുവിട്ടു കൂടുമാറി. ഭാരതപ്പുഴ യമുനയായി. പുന്നശ്ശേി വൃന്ദാവനമായി. ജീവിതം രാസക്രീഡയായി'' (കവിയുടെ കാല്പാടുകള്‍)

ശരത്കാലത്തിലെ ഒരേകാന്തസന്ധ്യയില്‍ കവിയുടെ പഴയ പ്രണയത്തിന്റെ പ്രദക്ഷിണ വഴികളില്‍ ഞാന്‍ ഒറ്റയ്ക്ക് നടന്നു.

പുഴക്കരെ റെയിലില്‍ക്കൂടി കവിയുടെ ജന്മപ്രദേശം വഴി കടന്നുപോവുന്ന മദിരാശി മെയില്‍ കൂവിക്കിതച്ചു കടന്നുപോയി.

പാതിനിറഞ്ഞ പുഴയ്ക്കക്കരെ നിന്ന് ഒരു തോണികൂക്കു കേട്ടു.

ജൈവാനുരാഗത്തിന്റെ മരിക്കാത്ത നടക്കാവ് പറഞ്ഞു:

''വരു കവീ. ഇതു നിന്റെ ജന്മാന്തരം.''

മുക്കാല്‍ നൂറ്റാണ്ടു പഴക്കമുള്ള പ്രണയം അപ്പോള്‍ എന്റെ സ്വപ്നമായിത്തീര്‍ന്നു.

ജന്മയവനികയ്ക്കപ്പുറത്ത് കരിന്തിരി കത്തുന്നത് കാലത്തിന്റെ കല്‍വിളക്കിനരികില്‍. കവിതയുടെ ഏകാന്ത വിഷാദവുമായി ഞാന്‍ നില്‍ക്കുകയാണ്.

ഈ വയല്‍വരമ്പില്‍ക്കൂടിയാണല്ലോ എന്റെ പ്രണയ ദേവത കണ്ണീരിറ്റു വീഴുന്ന വഴിയ പടിയിറങ്ങിപ്പോയത്!

അത്രമേല്‍ പ്രാണനും പ്രാണനായ് നിന്നു നീ

യാത്ര പറയാതെ പോയതുചിതമോ?

വിണ്ണിന്‍ വെളിച്ചമെഴുതിനിന്നിടുമോ

കണ്ണിലൊരു കുറികൂടി ക്ഷണപ്രഭ

പാവനമാമീശരന്നദീവീചിയില്‍

പായ നിവര്‍ത്തിയ കൊച്ചു കേവഞ്ചിയില്‍

പൂര്‍ണചന്ദ്രോദയ വേളയില്‍ മന്മഥനം

പൂര്‍ണമാവുന്നു സ്മരണതന്‍ വീര്‍പ്പിനാല്‍

കുഗ്രാമപാര്‍ശ്വം വലംവയ്ക്കുമീ നദി

പുണ്യയമുന, യാരാധികയുള്ളനാള്‍

ആ മുളം കാടും വനവും മുരളികാ

ഗാനം തുളുമ്പുന്ന കൊച്ചു വൃന്ദാവനം

മഞ്ഞണി ശ്യാമള ശൈലനിരകള്‍തന്‍

ചന്ദ്രനിശ്ശബ്ദത വാഴുമസ്സീമയില്‍

നിശ്ചലനക്ഷത്ര ദീപികയേന്തിയ

നിശ്ശബ്ദയാമിനി മന്ദമണയവേ.

ഉല്ലസല്‍സന്ധ്യാസമീരന്‍ വിതറിയ

മുല്ലമലരൊളിപ്പുമണി മെത്തയില്‍

എത്രനാള്‍ കാത്തുനിന്നീലവള്‍: പുഞ്ചിരി-

ചാര്‍ത്തണിഞ്ഞീടും മുകിലൊളിവര്‍ണനെ.

കുന്നണിപ്പൂവാം ചെറുശിവക്ഷേത്രത്തില്‍

നിന്നുനോക്കീടുകില്‍ കാണാകുമസ്ഥലം

തൈത്തെങ്ങിനത്തെത്തുണകൂട്ടി വേനലില്‍

തൈവാഴ പട്ടണിപന്തലിടും സ്ഥലം.

ആവസന്തച്ചെറുകൂട്ടില്‍ വസിച്ചുമല്‍

ജീവനില്‍ പൂന്തേന്‍ തളിച്ചൊരാപെണ്‍കുയില്‍

ചന്ദ്രികാസുന്ദര സ്വപ്നത്തിലാറാടി

നില്‍ക്കും കവുങ്ങിന്നു പവനസീമയില്‍

നീന്തിക്കളിച്ചു തളര്‍ന്ന കേവഞ്ചിയെ

തീരമണച്ചു പുണരുമാരാത്രിയില്‍

പാവനമാണു നീ പാടിയ പാട്ടുകള്‍.

പാടുക വീണ്ടുമെന്‍ ഗ്രാമീണകന്യകേ.

അത്രമേല്‍ പ്രാണനും പ്രാണനായ് നിന്നു നീ

യാത്ര പറയാതെ പോയതുചിതമോ?

ഏഴു നൂറ്റാണ്ടു പഴക്കമുള്ള 'സൗന്ദര്യദേവത' എന്ന ഈ കവിതയാണ് കുഞ്ഞിരാമന്‍ നായരുടെ പില്‍ക്കാല കാല്പനിക-പ്രണയ കവിതകളുടെയെല്ലാം ആദിരൂപം (archetype) ഈയൊരു മുഗ്ദ്ധ കല്പനാ വിശേഷത്തിന്റെ പെരുക്കങ്ങള്‍ പില്‍ക്കാല ഭാവഗീതികളിലെല്ലാം നിരന്തരമായി ആവര്‍ത്തിച്ചു വരുന്നതു കാണാം.

കവി തന്റെ കൗമാരകാലത്തനുഭവിച്ച കടിഞ്ഞൂല്‍ പ്രണയവും അതിന്റെ യഥാതഥമായ സ്ഥല-കാലരാശികളും ചേര്‍ന്ന് ഒരു മിസ്റ്റിക് കല്പനാലോകമുണ്ടാവുന്നുണ്ട്. മലരണിക്കാടുകളും ഇടയനും ആട്ടിന്‍പറ്റവുമൊക്കെ ചേര്‍ന്ന, ഇറക്കുമതി ചെയ്യപ്പെട്ട ഒരു കാല്പനിക പരിസരമല്ല അത്. തീര്‍ത്തും കേരളീയമായ ഒരു പ്രണയാന്തരീക്ഷമാണ് നിളാതീരത്ത് ഇന്നും മരിക്കാന്‍ കൂട്ടാക്കാതെ, കല്പനാസദൃശമായ ഈ പ്രണയഭൂമിയുടെ ആദിരൂപങ്ങള്‍ ബാക്കി കിടക്കുന്നു. ഇവിടെ നാം നടക്കുമ്പോള്‍ പ്രണയത്തെ പ്രണവമാക്കി മാറ്റുന്ന കവിത അനിര്‍വചനീയമായ രാസവിദ്യ തൊട്ടറിയുന്നു.

പി. കുഞ്ഞിരാമന്‍ നായര്‍ക്ക് തന്റെ സ്ത്രീ കല്പനകളുടെയെല്ലാം ആദിരൂപമായിത്തീര്‍ന്ന 'സൗന്ദര്യദേവത'യിലെ നിത്യ കന്യകാസങ്കല്പം അവസാനകാലത്തെ കവിതയായ 'വൈകി വന്ന വിരുന്നുകാരി'യില്‍പ്പോലും ഒരു തുടര്‍ച്ചപോലെ അനുഭവപ്പെടുന്നതു കാണാം.

'നാലഞ്ചു മാത്രകള്‍! തീര്‍ന്നു സമുദ്രോര്‍മി-

മാല തന്‍ പൊട്ടിച്ചിരിയും കരച്ചിലും

ചൊല്ലുന്നു ചേതനമേലിലവളെ നീ

കണ്ടുമുട്ടിയല്ലയീ ജീവിതപ്പാതയില്‍

ശാരദസന്ധ്യതന്‍ പൂക്കുമ്പിള്‍ചിന്നിയോ-

രാവഴിത്താരയില്‍ മാഞ്ഞു നിലാവവള്‍

കാണില്ലിനിയൊരു നാളിലുമെങ്കിലും

കാക്കും നിശതന്‍ കിനാവിലെത്തോപ്പില്‍

ഞാന്‍.''

പാപിയായ കവിയെവിട്ട് എന്നന്നേയ്ക്കുമായി അകന്നു പോകുന്നവളായാണ് ഈ നിത്യ കന്യക സങ്കല്പിക്കപ്പെട്ടിരിക്കുന്നത്. കവിത ഒരിക്കലും അറിയാനും നേടാനാവുമാവാത്ത വിശുദ്ധിയാണ്. നിത്യപ്രണയിനിയും നിത്യ സുന്ദരിയും നിത്യ സഞ്ചാരിണിയുമാണ്.

ഈ മിസ്റ്റിക് സൗന്ദര്യ രൂപത്തെ സ്വന്തമാക്കാനുള്ള കാല്പനിക യാത്രയും. ആ യാത്രയിലുടനീളം അവളുടെ ഭൗതിക നാമരൂപങ്ങളോടുള്ള നിരന്തര പാപങ്ങളും അവയില്‍നിന്ന് ഉല്‍ഭൂതമായ ഒടുങ്ങാത്ത കുറ്റബോധവും നിറഞ്ഞതാണ് കുഞ്ഞിരാമന്‍ നായരുടെ കാവ്യ പ്രപഞ്ചം.

നിത്യകാമുകിയുടെ ഈ ആദിമരൂപമാകട്ടെ, വ്യവഹാര ജീവിതത്തില്‍ ആദ്യവസാനം അടുത്തും അകന്നും കവിയുടെ കൂടെയുണ്ടായിരുന്ന കുഞ്ഞിലക്ഷ്മിയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ജീവിതത്തില്‍ കവിയുടെ ആദ്യ പ്രണയിനിയും അന്ത്യപ്രണയിനിയും കുഞ്ഞുലക്ഷ്മിയായിരുന്നു. ഒരുപാട് സ്ത്രീകളുമായി രഹസ്യമായും പരസ്യമായും ബന്ധമുണ്ടായിരുന്നിട്ടും തന്റെ ആത്മകഥയിലുടനീളം കുഞ്ഞുലക്ഷ്മിയമ്മയ്ക്ക് മാത്രമാണ് കവി തനിക്കു മീതെ സ്ഥാനം കൊടുത്തിട്ടുള്ളത്.

വീട്ടുകാരും നാട്ടുകാരും കൂട്ടുകാരും പോവും. നിന്നെപ്പോലെ നൂറുക്കണക്കിനു പെണ്‍പിള്ളേര്‍ വരും പോവും. ആന്തരമായി ഒരാളെ മാത്രം ഞാന്‍ വിശ്വസിക്കുന്നു. സ്‌നേഹിക്കുന്നു. അവള്‍ ഏതു നടുക്കടലില്‍നിന്നും എന്നെ രക്ഷിക്കും.

പുരുഷനു പ്രകൃതിയായി, ആകാശത്തിനു ഭൂമിയായി, സൂര്യനു താമരയായി, മേഘത്തിന് ഇടിമിന്നലായി, ദേവദാരുവിനു വനജ്യോത്സനയായി, കുഞ്ഞിരാമന് കുഞ്ഞുലക്ഷ്മി.

കടിഞ്ഞൂല്‍ പ്രണയം പട്ടാമ്പിപ്പരിസരത്ത് പാട്ടായ കാലത്ത് ഒരു ദിവസം ഗുരുനാഥന്‍ കുഞ്ഞിരാമന്‍ നായരെ വിളിപ്പിച്ചു.

അതിമാനുഷനും അതിപ്രഭാവനുമായിരുന്ന ഗുരുനാഥന്‍ ഉപദേശിച്ചു:

''തെറ്റ് പറ്റരുത്, പിഴച്ച വഴിക്ക് നടക്കരുത്.''

കാല്‍ക്കല്‍ നമസ്‌കരിച്ച് കവി പറഞ്ഞു:

''ഇല്ല ഒരിക്കലും തെറ്റു പറ്റില്ല.''

ഒരാഴ്ചക്കാലം പിന്നെ പ്രണയത്തിനു മുഖം കൊടുക്കാതെ നടന്നു. മനസ്സ് നിയന്ത്രണത്തില്‍ നിന്നില്ല. ഗുരുനാഥനെ ധിക്കരിക്കാന്‍ ധൈര്യവും വന്നില്ല. ഒടുവില്‍ പെട്ടെന്നൊരു ദിവസം പരീക്ഷപോലും എഴുതാന്‍ മെനക്കെടാതെ കുഞ്ഞിരാമന്‍ നായര്‍ നാട്ടിലേയ്ക്കു മടങ്ങി.

അക്കാലത്താണ് നാട്ടില്‍ പിതാവ് സ്ഥാപിച്ച വിജ്ഞാനദായിനി സംസ്‌കൃത പാഠശാലയില്‍ കവി കുറച്ചുകാലം അദ്ധ്യാപകനായത്. അവിടെ നിന്ന് പിന്നീട് പഠനം പൂര്‍ത്തിയാക്കാനായി തഞ്ചാവൂരിലെ പ്രസിദ്ധമായ സംസ്‌കൃത വിദ്യാപീഠത്തില്‍ ചെന്നു ചേര്‍ന്നു. അക്കാലത്ത് പട്ടാമ്പി പ്രണയം എഴുത്തുകള്‍ വഴി പിന്നെയും പുഷ്‌ക്കലമായി. ഒരു ഘട്ടത്തില്‍ പട്ടാമ്പിയില്‍ ചെന്ന് കുഞ്ഞുലക്ഷ്മിയെ കൂട്ടി നാട്ടിലേയ്ക്കു പോവാന്‍ വരെ കുഞ്ഞിരാമന്‍ നായര്‍ തീര്‍ച്ചപ്പെടുത്തി.

സ്ഥിതിഗതികള്‍ മനസ്സിലാക്കിയ അച്ഛന്‍ പഠിപ്പു പൂര്‍ത്തിയാവുന്നതിനു മുന്‍പു തന്നെ മകനെ നാട്ടിലേയ്ക്കു വിളിപ്പിച്ചു. തന്റെ മരുമകളും സഹൃദയയുമായ ജാനകിയെ കുഞ്ഞിരാമന്‍ നായര്‍ക്ക് വിവാഹം ചെയ്തുകൊടുക്കാന്‍ നിശ്ചയിക്കുകയും ചെയ്തു. ജാനകിക്ക് ആഭരണങ്ങളും മറ്റും വാങ്ങാന്‍ അച്ഛന്റെ കയ്യില്‍നിന്ന് അഞ്ഞൂറു രൂപയും വാങ്ങി നാടുവിട്ട കുഞ്ഞിരാമനെക്കുറിച്ച് പിന്നെ വര്‍ഷങ്ങളോളം നാട്ടിലേയ്ക്ക് വിവരമൊന്നുമുണ്ടായില്ല. തൃശൂര്‍ ഭാരതവിലാസം പ്രസ്സില്‍ പുസ്തകമെഴുത്തും വിവര്‍ത്തനവുമായി കഴിഞ്ഞ അക്കാലത്താണ് കുഞ്ഞുലക്ഷ്മിയുടെ ജ്യേഷ്ഠത്തിയുടെ ഭര്‍ത്താവ് എരോമനുണ്ണി മാസ്റ്ററുടെ സഹായത്തോടെ കവി കുഞ്ഞുലക്ഷ്മിയെ ആരുമറിയാതെ വിളിച്ചിറക്കിക്കൊണ്ട് വന്നത്.

ഗുരുനാഥന്റേയും പിതാവിന്റേയും നിത്യ ശാപങ്ങളേറ്റു വാങ്ങിയ ആദ്യകാലത്തെ കല്ല്യാണമില്ലാത്ത കല്ല്യാണം.

കുറേക്കാലം കവിയും കുഞ്ഞുലക്ഷ്മിയും ഒറ്റപ്പാലത്ത് എരോമനുണ്ണിയുടെ കൂടെ താമസിച്ചു. പുസ്തകമെഴുത്തു വരുമാനം കുറഞ്ഞപ്പോള്‍ എരോമനുണ്ണി ദുര്‍മുഖം കാട്ടി.

ഒരു പ്രഭാതത്തില്‍ കയ്യില്‍ കാല്‍ പൈസയില്ലാതെ കവി കുഞ്ഞുലക്ഷ്മിയേയും കൂട്ടി ജീവിതത്തിന്റെ അറ്റം കാണാപ്പെരുവഴിയിലേയ്ക്കിറങ്ങി നടന്നു.

''യാത്രയയപ്പിന് ആരുമില്ല. തൃശൂര് വന്ന് ഒറ്റപ്പാലത്തേയ്‌ക്കെതിരേറ്റ എരോമനുണ്ണിയില്ല. ഭാര്യയില്ല. അന്നും ഇന്നും കൂലിപ്പോര്‍ട്ടര്‍ സെയ്തലവിയുണ്ട്. കാശിനപ്പുറം മനുഷ്യനെ സ്‌നേഹിക്കുന്ന സെയ്തലവി.

കൂടെ നവവധു. അവള്‍ ഓരം ചേര്‍ന്നിരിക്കുന്നു. ഒന്നരമുണ്ട്, ബ്ലൗസ്, മേല്‍മുണ്ട്. സാരിയില്ല. തനി നാടന്‍ മലയാളി വേഷം. മങ്ങിയ വെളിച്ചത്തില്‍ മുഖത്തു നോക്കി. കണ്ണില്‍ വെള്ളം.

പുന്നശ്ശേരി കോളജ്. പണം പലിശയ്ക്കു കൊടുക്കുന്ന മൂസ്സത് മാസ്റ്റര്‍, വീട്ടുകാര്‍, കൂട്ടുകാര്‍, മുങ്ങിക്കുളിക്കുന്ന കുളം, കുളിച്ചു തൊഴുന്ന അമ്പലം, കൂടെക്കഴിയുന്ന പുസ്തകങ്ങള്‍... എല്ലാമെല്ലാം വിട്ട് പ്രേമത്തില്‍ കുടുങ്ങി. കാശില്ലാത്തവന്റെ കൂടെ ഇറങ്ങി. തെറ്റുപറ്റി ഇല്ലേ?

അവള്‍ മിണ്ടിയില്ല. നെടുവീര്‍പ്പിട്ടു.

വീട്ടുകാരും നാട്ടുകാരും കൂട്ടുകാരും പോവും. നിന്നെപ്പോലെ നൂറുക്കണക്കിനു പെണ്‍പിള്ളേര്‍ വരും പോവും. ആന്തരമായി ഒരാളെ മാത്രം ഞാന്‍ വിശ്വസിക്കുന്നു. സ്‌നേഹിക്കുന്നു. അവള്‍ ഏതു നടുക്കടലില്‍നിന്നും എന്നെ രക്ഷിക്കും.

''ആരാത്?''

''സ്ഥിരം ഭാര്യ എന്റെ പ്രിയതമ.''

''ഭാര്യയോ? ഏതു ഭാര്യ?''

കണ്ണീരു വറ്റാത്ത ഭാര്യ-മഷി വറ്റാത്ത പേന. കൂട്ടിനു വരുന്ന പെണ്ണുങ്ങള്‍ ചതിക്കും. എന്നാല്‍, അവള്‍ പേന ചതിക്കില്ല.

നീണ്ട ഭാവിജീവിതത്തില്‍ നമ്മള്‍ ഒപ്പം നടന്നെന്നു വരാം. എന്നാല്‍, യാത്രയ്ക്കു മുന്‍പ് ആളെ തിരിച്ചറിയണം. എന്തു പറയുന്നു?

ആളെ അറിഞ്ഞു കൂടെ നടക്കാം.

ഇന്ന് നിന്നെ മനസ്സിലായി. പൊട്ടിമൂടിയ നിന്റെ മനസ്സിന്റെ അടിയില്‍ സ്വര്‍ണ നിക്ഷേപമുണ്ട്. ഉത്തരം കാണാത്ത പരീക്ഷയില്‍. ജീവിത പരീക്ഷയില്‍ നീ ജയിച്ചു.'' (കവിയുടെ കാല്പാടുകള്‍)

കുഞ്ഞുലക്ഷ്മി അമ്മ ജീവിതാവസാനം വരെ ആളെ അറിഞ്ഞു കവിയുടെ കൂടെ നടന്നു. വഴിയറിയാത്ത കാന്താരത്തില്‍ കവിയെ പിന്തുടര്‍ന്ന പാദവും മനസ്സും മുറിഞ്ഞു. ദാരിദ്ര്യവും പീഡനവും അവമതിയും ഏറ്റുവാങ്ങി. കവിയോട് ഒന്നും ചോദിച്ചില്ല. അറിഞ്ഞു നല്‍കിയത് അമൃതായി സ്വീകരിച്ചു.

അതിനിടയില്‍ പാലക്കാട്ടും പൊന്മളയിലും വെച്ച് ഓരോ പ്രസവങ്ങള്‍.

ആദ്യത്തെ കുഞ്ഞിനെ കയ്യില്‍ കൊടുത്തപ്പോള്‍ ഒന്ന് മുകര്‍ന്ന് തിരിച്ചുകൊടുത്ത് കവി പറഞ്ഞു:

''പറവക്കുഞ്ഞിനോട്, മുല്ലമൊട്ടിനോട്, നക്ഷത്രത്തോട് തോന്നുന്നതില്‍ കവിഞ്ഞൊന്നും നിന്റെ കുട്ടിയോട് തോന്നുന്നില്ല.

ഉണ്ടായതും ഉണ്ടാകുന്നതുമായ കുട്ടികള്‍- അതെല്ലാം നിന്റെ കുട്ടികള്‍. നീ നോക്കി വളര്‍ത്തിക്കൊള്ളണം. കുട്ടികളെ കളിപ്പിച്ചിരിക്കാന്‍ എനിക്കു സമയമില്ല.

അസ്തമിക്കും മുന്‍പ് എനിക്കു പുറപ്പെട്ട നാട് പിടിക്കണം.''

ആ കല്പനയും കുഞ്ഞിലക്ഷ്മി അമ്മ അക്ഷരംപ്രതി അനുസരിച്ചു.

''ലോകത്തെ അറിയാത്ത മനുഷ്യനാണ്. ലോകം അദ്ദേഹത്തേയും അറിയില്ല. അറിയാന്‍ നമ്മള്‍ പൂജിക്കുന്ന ദൈവങ്ങളേ ഉണ്ടാകൂ.''

പൊന്മളയില്‍ താമസിക്കുന്ന കാലത്താണ് തല്‍ക്കാലത്തെ സാമ്പത്തികാവശ്യങ്ങള്‍ക്കു വേണ്ടി തന്റെ പഴയ സാഹിത്യരചനാവാസന കുഞ്ഞിലക്ഷ്മി അമ്മയ്ക്ക് ഉപയോഗിക്കേണ്ടിവന്നത്. വിവിധ വിഷയങ്ങളെക്കുറിച്ച് തുടര്‍ച്ചയായി അഞ്ചു ലേഖനങ്ങളെഴുതി. കവി തിരുത്തി 'മാതൃഭൂമി' ആഴ്ചപ്പതിപ്പിനയച്ചു. അഞ്ചു ലേഖനങ്ങളും അച്ചടിച്ചു വന്നു. കുഞ്ഞിരാമന്‍ നായരുടെ കവിതകള്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വരുന്നതിനു മുന്‍പുതന്നെ കുഞ്ഞിലക്ഷ്മി അമ്മ മാതൃഭൂമിയിലെ പ്രശസ്ത സാഹിത്യകാരിയായി.

കവി തന്നെ പറയുന്നു:

''പുതിയ ഭാഷ. പുതിയ രൂപം. പുതിയ ഭാവം. പലരും അനുകരിച്ചു. ഖണ്ഡികകള്‍ അപഹരിച്ചു. സാഹിത്യലോകം ഉറ്റുനോക്കി. നല്ല ഗദ്യകവിത.

വിശേഷാല്‍ പ്രതിക്കു ലേഖനമയയ്ക്കാന്‍ കത്തു വന്നു. അവളെഴുതി. തിരുത്തി അയച്ചു. 'സീതയും മന്ദോദരിയും.' ആ വാങ്മയം പരിമളച്ചെപ്പു തുറന്നു. കുറച്ചുകാലം കൂടി ആ ലേഖന പരമ്പര തുടര്‍ന്നു. ഗര്‍ഭിണിയായി അവള്‍ മയങ്ങി. വി. കുഞ്ഞിലക്ഷ്മി അമ്മ എന്ന എഴുത്തുകാരി എന്നേന്നേയ്ക്കുമായി ഉറങ്ങി.''

ഉറങ്ങിയതോ ഉറക്കിയതോ?

ഇതിനുത്തരം പറയാന്‍ കുഞ്ഞിരാമന്‍ നായരോ കുഞ്ഞിലക്ഷ്മി അമ്മയോ ഇന്ന് നമ്മോടൊപ്പമില്ല. എങ്കിലും സാഹചര്യ വിശകലനത്തില്‍നിന്നു നമുക്ക് സത്യം വായിച്ചെടുക്കാം.

'കവിയുടെ കാല്പാടുകളി'ല്‍ കവി തന്നെ എഴുതിയിട്ടുണ്ട്.

''നിലമ്പൂര്‍ സാഹിത്യപരിഷത്താണ്. അവള്‍ പറഞ്ഞു. ഇതുവരെ സഹിത്യപരിഷത്ത് കണ്ടിട്ടില്ല കൂടെ വരട്ടേ?

കൂടെ വരാന്‍ പറ്റിയ സമയം. ഇക്കുറി പറ്റില്ല. അടുത്ത ആണ്ടില്‍ നോക്കാം.

വി. കുഞ്ഞിലക്ഷ്മിയുടെ പേര് എല്ലാവരുമറിയും. പക്ഷേ, വേണ്ട, ഇക്കുറി പറ്റില്ല.''

അടുത്ത സാഹിത്യപരിഷത്തിനു മുന്‍പ് കുഞ്ഞിരാമന്‍ നായര്‍ കുഞ്ഞിലക്ഷ്മി അമ്മയേയും കുട്ടികളേയും കാഞ്ഞങ്ങാടുപേക്ഷിച്ച് കലി ബാധിച്ച നളനെപ്പോലെ എങ്ങോട്ടെന്നില്ലാതെ കടന്നു കളഞ്ഞു. പിന്നീട് തിരിച്ചു വന്നതാകട്ടെ, പത്തു വര്‍ഷങ്ങള്‍ക്കുശേഷവും.

ഈ പ്രവൃത്തിക്കു പിന്നിലെ ചേതോവികാര-കവിയുടെ മറ്റുപല പ്രവൃത്തികളിലേയുംപോലെ തന്നെ ദുരൂഹമാണ്.

കാഞ്ഞങ്ങാട്ട് കവിയുടെ വീട്ടില്‍ കുഞ്ഞിലക്ഷ്മി അമ്മയുടെ ജിവിതം ഒട്ടും പ്രസാദപൂര്‍ണമായിരുന്നില്ല. ആ വലിയ കൂട്ടുകുടുംബത്തിലെ അന്തേവാസികള്‍ക്കെല്ലാം കുഞ്ഞിലക്ഷ്മി അമ്മയോടുണ്ടായിരുന്ന നിന്ദയും അവഗണനയും മാറിത്തീരുവാന്‍ വര്‍ഷങ്ങളെടുത്തു. പലപ്പോഴും ഒരു പരിചാരികയെപ്പോലെ. സ്വന്തം ഇച്ഛകളും സ്വപ്നങ്ങളുമെല്ലാം പിന്‍വലിച്ച്, നിശ്ശബ്ദയായി. തന്റെ മക്കള്‍ക്കുവേണ്ടി മാത്രം അവര്‍ക്കു ജീവിക്കേണ്ടിവന്നു.

പിന്നീട് കവിയോടൊപ്പം താമസിക്കാനവസരമുണ്ടായ സന്ദര്‍ഭങ്ങളിലും പീഡനങ്ങളും അവഗണനയും മാത്രമായിരുന്നു കുഞ്ഞിലക്ഷ്മി അമ്മയ്ക്കനുഭവം.

കൂടാളിയില്‍ താമസിക്കുന്ന കാലത്ത് ലക്കിടിയിലെ ഭാര്യ പാറുക്കുട്ടി അമ്മയുടെ ആവശ്യപ്രകാരം കവി കുഞ്ഞിലക്ഷ്മി അമ്മയില്‍നിന്ന് വിവാഹമോചനം ഒപ്പിട്ടു വാങ്ങി. പിന്നീട് സ്വന്തം സഹോദരിയാണെന്ന് നാട്ടുകാരോട് നുണ പറഞ്ഞ് കുറേക്കാലം പാറുക്കുട്ടി അമ്മയെ കുഞ്ഞിലക്ഷ്മി അമ്മയ്ക്ക് തന്റെ കൂടെ കൂടാളിയില്‍ താമസിപ്പിക്കേണ്ടതായും വന്നു.

കൂടാളിയില്‍ താമസിക്കുന്ന കാലത്തെ ഒരു സംഭവം കവിയുടെ മകന്‍ രവീന്ദ്രന്‍ നായര്‍ ഓര്‍ക്കുന്നു:

''കയ്യില്‍ പണമില്ലാത്തതിന്റെ പേരില്‍ വീട്ടില്‍ ബഹളമുണ്ടാക്കുകയായിരുന്നു അച്ഛന്‍. പണമില്ലായാല്‍ പിന്നെ അച്ഛന് ഭ്രാന്തു പിടിച്ചതുപോലെയാണ്. അമ്മയ്ക്ക് നേരെ ശാപവാക്കുകള്‍ ചൊരിഞ്ഞ് അച്ഛന്‍ ആക്രോശിച്ചു.

''നീ ലക്ഷ്മിയല്ല, മൂധേവിയാണ്. എന്നു നീ എന്റെ കൂടെ കൂടിയോ, അന്നുമുതല്‍ ഞാന്‍ നശിച്ചു. പ്രഭുകുമാരനായി പിറന്ന ഞാന്‍ എരപ്പാളിയായി.''

അമ്മ ഒന്നും മിണ്ടിയില്ല. യാതൊരു വികാരഭേദവുമില്ലാതെ കഴുത്തില്‍ കറുത്ത ചരടില്‍ കോര്‍ത്തുകെട്ടിയിരുന്ന താലി അഴിച്ച് അച്ഛന്റെ കയ്യില്‍ കൊടുത്തു.

''അവസാനമായി തരാന്‍ ഇനി ഇതേ എന്റെ കയ്യിലുള്ളൂ.''

അച്ഛന്‍ ഒരു നിമിഷം പകച്ചപോലെ തോന്നി.

പിന്നെ ആ താലി ദക്ഷിണവാങ്ങുംപോലെ രണ്ടു കയ്യും നീട്ടിവാങ്ങി.

അമ്മയുടെ കാല്‍ക്കല്‍ സാഷ്ടാംഗനമസ്‌കാരം ചെയ്തു.

''ദേവിയാണു നീ. പൊറുക്കണം. ഈ പാപിയോടു പൊറുക്കണം.''

അമ്മ അപ്പോഴും നിസ്സംഗയായിരുന്നു. അച്ഛനാകട്ടെ ആ താലി വിറ്റ് സ്വന്തം കാര്യം നിറവേറ്റുകയും ചെയ്തു.''

കവിയുടെ മൂത്തമകള്‍ ലീല ടീച്ചര്‍ ഓര്‍ക്കുന്നു:

''അച്ഛനുവേണ്ടി പ്രാര്‍ത്ഥിച്ചു തീര്‍ന്ന ജന്മമായിരുന്നു അമ്മയുടേത്. എന്നും രാവിലെ നാലുമണിക്കെഴുന്നേറ്റു കുളിക്കും. ദേവീപൂജയും സ്വയംവരമന്ത്രോപാസനയുമുണ്ടായിരുന്നു. അമ്മയ്ക്ക് തീരെ വയ്യാതായിരുന്ന കാലത്തും അമ്മ ആ ഉപസാനകള്‍ മുടക്കിയില്ല. ചോദിച്ചാല്‍ എല്ലാം അച്ഛനുവേണ്ടിയാണെന്നു പറയും. ഒരിക്കല്‍ അമ്മ പറഞ്ഞു:

''ലോകത്തെ അറിയാത്ത മനുഷ്യനാണ്. ലോകം അദ്ദേഹത്തേയും അറിയില്ല. അറിയാന്‍ നമ്മള്‍ പൂജിക്കുന്ന ദൈവങ്ങളേ ഉണ്ടാകൂ.''

അച്ഛനോടൊപ്പം ജീവിച്ച കാലത്തെ അവ്യവസ്ഥിതവും അനിശ്ചിതവുമായ ജീവിതം ഓര്‍ക്കാന്‍ ഇന്നും ലീലടീച്ചര്‍ക്ക് ഭയമാണ്.

''എല്ലാം ദൈവനിശ്ചയംപോലെ വരും എന്ന ദൃഢവിശ്വാസത്തിലായിരുന്നു അമ്മ. ഒരിക്കല്‍പോലും അച്ഛനോട് സ്വന്തമായ ഒരു കാര്യവും ആവശ്യപ്പെട്ടിട്ടില്ല. അവസാനകാലത്തൊരിക്കല്‍ മാത്രം അസുഖം വളരെ മൂര്‍ച്ഛിച്ച കാലത്ത് അമ്മ സ്വന്തം ആവശ്യം കാണിച്ച് അച്ഛനൊരു കത്ത് എഴുതി.

''മരിക്കും മുന്‍പ് എനിക്കൊന്ന് കാണണം.''

ഒരു പോസ്റ്റ് കാര്‍ഡില്‍ ഇത്രമാത്രമാണ് അമ്മ എന്നെക്കൊണ്ട് എഴുതിച്ചത്.

ഗുരുവായൂരിലെ ഒരു ലോഡ്ജിന്റെ വിലാസത്തിലേക്കയച്ച കത്തിന് മറുപടിയായി കവി കുഞ്ഞുലക്ഷ്മി അമ്മയ്ക്ക് ഒരു ഫോട്ടോ അയച്ചു കൊടുത്തു. അതിനു മുന്‍പ്, വീട്ടില്‍ വന്ന സമയത്ത് ജീവിതത്തിലാദ്യമായി എടുത്ത കവിയുടെ ഫോട്ടോ. ഒരംഗീകാരത്തിന്റെ പ്രതീകം പോലെയായിരുന്നു ആ ഫോട്ടോ.

''അതിനുശേഷം അഞ്ചോ ആറോ മാസം കഴിഞ്ഞാണ് അച്ഛന്‍ വന്നത്. അപ്പോള്‍ അമ്മയ്ക്ക് അസുഖം കുറേ ഭേദമായിരുന്നു.

അമ്മയുടെ അടുത്തിരുന്നു അച്ഛന്‍ പറഞ്ഞു:

''നീ ഇപ്പോഴൊന്നും മരിക്കില്ല. ഞാന്‍ മരിച്ചതിനുശേഷമേ നീ മരിക്കൂ. അതിനു മുന്‍പ് മരിക്കാന്‍ നിനക്ക് കഴിയില്ല. നീ പോയാല്‍പ്പിന്നെ എനിക്കാരാ ഉള്ളത്?''

ശാന്തമായ സ്വരത്തില്‍ അച്ഛനങ്ങനെ പറഞ്ഞപ്പോള്‍ അമ്മ വല്ലാതെ കരഞ്ഞു. നെറുകയില്‍ തലോടി അച്ഛന്‍ സമാധാനിപ്പിച്ചു.

''ഈ പുസ്തകത്തിന്റെ പണി കഴിഞ്ഞാല്‍ ഞാന്‍ വരാം. പിന്നെ മരിക്കും വരെ ഇവിടെ നിന്റെ കൂടെ കഴിയാനാണ് തീരുമാനം.''

'രഥോത്സവം' എന്ന സ്വയം എഡിറ്റു ചെയ്ത സമ്പൂര്‍ണ കവിതാസമാഹാരത്തിന്റെ ജോലിയിലായിരുന്നു കവി അപ്പോള്‍. അതിന്റെ തിരക്കുകളും മാനസിക സംഘര്‍ഷങ്ങളുമായി തിരുവനന്തപുരത്തു പോയ കവി പിന്നെ മടങ്ങിയില്ല.

സി.പി. സത്രത്തില്‍ കുഞ്ഞിരാമന്‍നായര്‍ അനാഥനായി മരിച്ചു എന്ന വാര്‍ത്തയാണ് കുഞ്ഞുലക്ഷ്മി അമ്മയെ തേടിവന്നത്.

അധികകാലം പിന്നെ കുഞ്ഞുലക്ഷ്മി അമ്മയും ഭൂമിയിലുണ്ടായില്ല. തന്റെ ജീവിത നിയോഗം പൂര്‍ത്തിയായതുപോലെ, ഒരു ദിവസം കവി തന്നെ വിളിക്കാതെ പോയ വഴിയില്‍ കുഞ്ഞുക്ഷ്മി അമ്മയും യാത്രയായി.

എന്നും ആവശ്യപ്പെട്ടാലും ഇല്ലെങ്കിലും കുഞ്ഞിരാമനെ പിന്തുടരാന്‍ വിധിക്കപ്പെട്ടവളായിരുന്നു കുഞ്ഞുലക്ഷ്മി.

കവിയുടെ പ്രണയപാപങ്ങളുടെ നിഴല്‍ ജന്മം

''സൂര്യനും ചന്ദ്രനും കപ്പ-

ലോടിക്കും കടലില്ലയോ,

അതില്‍മുറുകരെക്കാട്ടു-

മുല്ലപൂക്കുന്ന വീഥിയില്‍

കാത്തു നില്‍ക്കുന്നിതജ്ഞാത-

നാമാവാം തോഴനിപ്പൊഴും

ചിത്രകാരനാവാന്‍, ഗാന-

ഗന്ധര്‍വന്‍ കവിതാഗുരു.''

(തുടരും)

Archive: Alankode Leelakrishnan writes about P Kunjiraman Nair`s life

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പണം വാങ്ങിയതിന് തെളിവില്ല, ഫോണ്‍ വിളിയിലും സംശയം'; ദിലീപ് ഉള്‍പ്പെട്ട ഗൂഢാലോചന തള്ളി കോടതി, വിധി പകർപ്പ് പുറത്ത്

'പെന്‍ഡ്രൈവിലെ ദൃശ്യങ്ങള്‍ സ്വകാര്യമായി സൂക്ഷിക്കണം, ഇരയുടെ മോതിരം തിരികെ നല്‍കണം'; വിധിയിലെ പ്രധാന നിര്‍ദേശങ്ങള്‍

7 വിക്കറ്റുകൾ പിഴുത് മുഹമ്മദ് റെയ്ഹാൻ; മുംബൈയെ മെരുക്കി കേരളം

'ടി20 ലോകകപ്പ് ജിയോസ്റ്റാറില്‍ തന്നെ ലൈവ് കാണാം'; ആ വാര്‍ത്തകളെല്ലാം തെറ്റ്

വിമാനടിക്കറ്റ് നിരക്കിന് സ്ഥിരമായി പരിധി നിശ്ചയിക്കുന്നത് പ്രായോഗികമല്ല; വ്യോമയാന മന്ത്രി

SCROLL FOR NEXT