കവി പി കുഞ്ഞിരാമന്‍ നായരുടെ ജീവിത വഴികളിലൂടെ ആലങ്കോട് ലീലാകൃഷ്ണന്‍ നടത്തിയ യാത്ര- ഭാഗം മൂന്ന്. 1997 ആഗസ്റ്റ് 29 ലക്കം മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ചത്.
കുഞ്ഞിരാമന്‍ നായര്‍ക്ക് ഒരുപാട് വിലക്ഷണ ശീലങ്ങളും എക്സെന്‍ട്രിക് പെരുമാറ്റരീതികളുമുണ്ടായിരുന്നുവെന്ന് കവിയോട് അടുപ്പമുള്ളവരെല്ലാം പറഞ്ഞുകേട്ടിട്ടുണ്ട്. ജാഗ്രത്തിന്റേയും സ്വപ്നത്തിന്റേയും അതിര്‍വരമ്പുകള്‍ മായ്ച്ചുകളഞ്ഞ് ഉണ്‍മയ്ക്കും ഉന്മാദത്തിനുമിടയിലെ നൂല്‍പ്പാലത്തിലൂടെയാണ് കവി പലപ്പോഴും സഞ്ചരിച്ചത്.
വളരെ വര്‍ഷങ്ങളോളം കവിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനും ഉറ്റ ബന്ധുവുമായിരുന്ന സി.പി. ശ്രീധരന്‍ ഒരു കാലഘട്ടത്തിലെ കവിയുടെ ജീവിതാവസ്ഥ ഇങ്ങനെ നിരീക്ഷിച്ചിട്ടുണ്ട്:
''കുളിക്കാതെ, പല്ലു തേക്കാതെ, അലക്കാതെ, മുടി ചീകാതെ മുറുക്കിയൊലിപ്പിച്ച മുഖവുമായി നടക്കുന്ന ഒരാളെപ്പോലെ അദ്ദേഹത്തെ അന്നു കണ്ടവര്‍ക്കു തോന്നിയിരിക്കണം. വാച്ചുണ്ടെങ്കിലും നിഴലളന്ന് സമയം നോക്കും. സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ ഉറങ്ങും. എല്ലാവരുമുറങ്ങുമ്പോള്‍ അദ്ദേഹമെഴുന്നേറ്റ് അസ്വസ്ഥനായി അങ്ങോട്ടുമിങ്ങോട്ടും നടക്കും. ചിലപ്പോള്‍ നക്ഷത്രങ്ങളെ നോക്കി ചിരിക്കും. രാത്രിയുടെ അന്ത്യയാമത്തില്‍ പൂമൊട്ടു വിടരുന്നത് നോക്കിയിരിക്കും. അതിനെ ചുംബിക്കും. പൊട്ടിക്കരയും. മണ്ണുവാരിക്കളിക്കും. ലോകമാകെ ഗാഢനിദ്രയില്‍ മുങ്ങിക്കഴിയുമ്പോള്‍ പ്രപഞ്ചരഹസ്യത്തിന്റേയും പ്രകൃതിസൗന്ദര്യത്തിന്റേയും നിഗൂഢതകളുടെ വെളിപാടുകൊണ്ടു തുള്ളിച്ചാടും. പകല്‍ മുഴുവന്‍ കിടന്നുറങ്ങും. രാത്രി ഉറങ്ങുന്നതിനിടയില്‍ സ്വപ്നം കണ്ടു ഞെട്ടിയുണര്‍ന്ന് കടലാസില്‍ ചിലതു കുറിച്ചിടും.''
വ്യവഹാരികളെ സംബന്ധിച്ചിടത്തോളം ഈയവസ്ഥ ഉന്മാദത്തിന്റേതാണെന്നു പറയേണ്ടതില്ലല്ലോ. എന്നാല്‍, കുഞ്ഞിരാമന്‍ നായരിലെ കവി ഇത്തരമവസ്ഥകളിലാണ് മനുഷ്യനെ ജയിച്ച് കവിയുടെ അമരജീവിതം തൊട്ടറിഞ്ഞത്. സി.പി. ശ്രീധരന്‍ തന്നെ പറയുന്നു:
''ആയുരന്ത്യത്തോളം കവിതയുടെ ഉച്ചക്കൊടുംചൂട് തലയിലേറ്റി നടന്ന ഒരു ഭാവനാമാത്ര സഞ്ചാരിയെ നാം മഹാകവി പി.യില്‍ കണ്ടുമുട്ടുന്നു. അദ്ദേഹം ലോകത്തെ, മനുഷ്യനെ, അമ്മയെ, അച്ഛനെ, ഭാര്യയെ, കുട്ടികളെ, സ്‌നേഹിതന്മാരെ എല്ലാംതന്നെ മറക്കും. ആ മറവിയെക്കുറിച്ചുള്ള ശോകസ്മരണയില്‍ ഞെട്ടിയെഴുന്നേറ്റ് കരയും. അദ്ദേഹത്തിന്റെ ജീവിതം ഒരത്ഭുതമാണ്.
നൂറുനൂറു കഥോപകഥകള്‍കൊണ്ട് ജടിലമായ ഒരു കൊടുംകാടാണത്. ആര്‍ക്കും ശരിയായ രൂപം കിട്ടാത്ത ജീവിതം.''
പിശാചും ദൈവവും ഒരുമിച്ചു കുടിപാര്‍ത്ത ഒരു ദേവാലയമായിരുന്നു കവിയുടെ മനസ്സ്. കവിക്കു തന്നെയും പിടികൊടുക്കാതെ സ്വത്വത്തിലന്തര്‍ഭവിച്ചു കിടന്ന ഒരു ദുരൂഹസൗന്ദര്യസമസ്യ. സ്വപ്നസന്നിഭമായ ഈ പ്രഹേളികയില്‍നിന്നാണ് കുഞ്ഞിരാമന്‍ നായര്‍ക്ക് കവിതയുടെ വെളിപാടുണ്ടായത്.
''അടുത്തടിവെച്ചു തൊടുവാന്‍ നോക്കുമ്പോ-
ളകലേയ്ക്ക് പായും വെളിച്ചമേ നിന്നെ
ശരിക്കു സാത്വികക്കറുകയേകി ഞാന്‍
മെരുക്കുവാന്‍ നോക്കും മരിക്കുവോളവും.''
തന്റെ കണ്ണുകള്‍ക്ക് ഒരിക്കലും സമ്പൂര്‍ണമായി വിഷയീഭവിച്ചിട്ടില്ലാത്തതും വിദൂരസ്ഥവുമായ ആ വെളിച്ചത്തിന്റെ നാട്ടിലേക്കുള്ള സുദീര്‍ഘ പ്രയാണത്തില്‍ കണ്ടെത്തുന്ന എല്ലാ ജീവസ്പന്ദനങ്ങളോടും കവിക്ക് പ്രണയം തോന്നുകയും ഈ പ്രണയം തന്നെ വെളിച്ചത്തിന്റെ ഉപലബ്ധിയാണ് എന്നു വിചാരിച്ചുപോവുകയും ചെയ്യുന്നു. പ്രണയം സാക്ഷാല്‍ക്കരിക്കാനുള്ള കര്‍മപഥങ്ങളാവട്ടെ, പാപത്തില്‍ ചെന്നൊടുങ്ങുന്നു. ക്ഷണഭംഗുരമായ ഓരോ പ്രണയവും പൊലിഞ്ഞു പോവുമ്പോള്‍ കവി വേദനാമയമായ ഏകാകിതയും പാപബോധവും ഏറ്റുവാങ്ങുന്നുണ്ട്. അജ്ഞാതവും അപരിചിതവുമായ വഴിയിലൂടെ അടുത്ത യാത്ര തുടങ്ങുകയും ചെയ്യുന്നു.
സ്വാസ്ഥ്യമില്ലായ്മയുടേയും മുക്തിദാഹത്തിന്റേയും പ്രതീകങ്ങളായി യാത്രയുടെ രൂപകങ്ങള്‍ കുഞ്ഞിരാമന്‍ നായരുടെ കവിതകളിലുടനീളം ആവര്‍ത്തിച്ചു പ്രത്യക്ഷപ്പെടുന്നുണ്ട്. വ്യവസ്ഥാ നിരാസത്തിന്റേയും സ്വയം തിരിച്ചറിയലിന്റേയും തന്നില്‍നിന്നുതന്നെ വേറിട്ടു പോകലിന്റേയും അവ്യവസ്ഥിത രൂപകങ്ങളാണ് അകലങ്ങളിലേക്കും അകാലങ്ങളിലേക്കും നീളുന്ന ഈ യാത്രകള്‍.
മൂടല്‍ മഞ്ഞു നിറഞ്ഞ ഒരു പ്രഭാതത്തില്‍ ആദ്യമായി പി. കുഞ്ഞിരാമന്‍ നായരെക്കണ്ട രംഗം പിസി (ഉറൂബ്) അനുസ്മരിക്കുന്നുണ്ട്.
''ആരാണ്?'' എന്നു ചോദിച്ചപ്പോള്‍ കവി ഉത്തരം പറഞ്ഞു.
''അതാണ് മനസ്സിലാകാത്തത്.''
തിരിച്ചുപോകുമ്പോള്‍ ജുബ്ബയുടെ കീശയില്‍നിന്ന് രണ്ടു മിഠായിയെടുത്ത് ഒന്ന് ഉറൂബിനും ഒന്നു ഇടശ്ശേരിക്കും കൊടുത്തു എന്നിട്ട് ചെവിയില്‍ മന്ത്രിച്ചു:
''മധുരമാണ്. മിണ്ടണ്ട. തിന്നോളൂ.''
പി.സി. പറയുന്നു:
''മഞ്ഞിന്റെ മറയുടെ പിന്‍പുറത്തു നിന്നു വരികയും തനിക്കു ചുറ്റുമായി സ്വയം നിമര്‍മിച്ച് ഒരു മഞ്ഞിന്‍ മറയില്‍നിന്ന് പണിപ്പെട്ട് കണ്ടുപിടിക്കേണ്ടി വരികയും ചെയ്തു. കുഞ്ഞിരാമന്‍ നായരേയും അദ്ദേഹത്തിന്റെ കവിതയേയും എന്നും ഒരുതരം മൂടല്‍മഞ്ഞിലൂടെ ഊളിയിട്ടു ചെന്നുവേണം കണ്ടെത്താന്‍.''
ഈയൊരു നിഗൂഢത ബോധപൂര്‍വമോ അബോധപൂര്‍വമോ കവി തന്റെ ജീവിതത്തിലുടനീളം കൊണ്ടു നടന്നിട്ടുണ്ട്.
കുഞ്ഞിരാമന്‍ നായര്‍ ഏതെങ്കിലുമൊരു സാഹിത്യ സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചു പോവുകയല്ല പതിവ്. പൊടുന്നനെ എവിടെ നിന്നെങ്കിലും പ്രത്യക്ഷനാവുകയും അതുപോലെത്തന്നെ അപ്രത്യക്ഷനാവുകയുമാണ്. മേല്‍വിലാസവും നിഴലുമില്ലാത്ത ഒരു യാത്രയായിരുന്നു അത്. ''ഇപ്പോളെവിടെ?'' എന്നു ചോദിച്ചാല്‍ ''ഇപ്പോള്‍ ഇവിടെ'' എന്നു മാത്രമാവും ഉത്തരം. സ്ഥിരമായൊരു മേല്‍വിലാസം കൊണ്ടുനടക്കാന്‍ പ്രയാസമായിരുന്നു, പി.ക്ക്. അമ്പലവട്ടങ്ങളും പുഴയോരങ്ങളും ലോഡ്ജ് മുറികളും പീടിക വരാന്തകളും ചുമടുതാങ്ങികളുമെല്ലാം കവിക്ക് അന്തിയുറങ്ങാനുള്ള താവളങ്ങളായി.
ചായക്കടക്കാരനോടും കര്‍ഷകനോടും തൊഴിലാളിയോടും തെരുവുതെണ്ടിയോടുമെല്ലാം 'അനുഗ്രഹിക്കണം' എന്നു യാചിച്ച് കവി കൈപിടിച്ച് തലയില്‍ വെപ്പിക്കും. കൂട്ടം ചേര്‍ന്നു നടക്കുമ്പോഴും കൂട്ടത്തില്‍ ഒറ്റപ്പെടും. എവിടെ നിന്നെങ്കിലും ഒരു കിളി പാടിയാല്‍പ്പിന്നെ എല്ലാം മറന്ന് ആ കിളിപ്പാട്ടിനു പിറകേ പോവും. വഴിയരികിലൂടെ പോകുന്ന പെണ്‍കുട്ടികളെ വിളിച്ച് നെറ്റിയില്‍ ചുംബിക്കും. കുട്ടികളെന്നോ യുവാക്കളെന്നോ വൃദ്ധരെന്നോ ഭേദമില്ലാതെ കാണുന്നവര്‍ക്കെല്ലാം കല്‍ക്കണ്ടവും മിഠായിയും കൊടുക്കും. അടുപ്പമുള്ളവരെ കണ്ടാല്‍ ഇറുകെ കെട്ടിപ്പിടിച്ചുമ്മവയ്ക്കും. പഴം തിന്നാല്‍ തൊലി ചുരുട്ടി കീശയിലിടും. പിന്നീട് വഴിയോരത്തു കാണുന്ന കന്നിന്‍ കിടാങ്ങള്‍ക്കു കൊടുക്കും. പണത്തിനു മുട്ടു വന്നാല്‍ ആരോടും കടം ചോദിക്കും. വാങ്ങിച്ച കടം തിരികെ കൊടുക്കില്ല.
ഇങ്ങനെ ഒട്ടുവളരെ അവ്യവസ്ഥിതമായ പ്രവൃത്തികള്‍.
എല്ലാവരും ചുണ്ടില്‍ വയ്ക്കുന്ന അറ്റത്തിനു തീ കൊളുത്തി ബീഡി വലിക്കുക, എഴുപതു കഴിഞ്ഞിട്ടും കണ്ണെഴുതുക തുടങ്ങി ധാരാളം വിലക്ഷണശീലങ്ങള്‍.
ഇതൊക്കെയും ഒരുപക്ഷേ, മറ്റുള്ളവരില്‍നിന്നു വ്യത്യസ്തമാവാനും സ്വയം നിഗൂഢവല്‍ക്കരിക്കാനും വേണ്ടി കവിയുടെ 'ഈഗോ' ബോധപൂര്‍വം വളര്‍ത്തിയെടുത്ത ശീലങ്ങളാവാം. അതല്ലെങ്കില്‍ വ്യവഹാരജീവിതത്തിലെ കപടനാട്യങ്ങളോട് നിരന്തരം കലഹിക്കുന്ന കാല്പനിക മനസ്സിന്റെ പ്രതിരോധ പ്രകടനങ്ങളുമാവാം. രണ്ടായാലും അവ കവിയുടെ ജീവിതത്തിനും കവിതയ്ക്കും നിരന്തരമായി ദുരൂഹതയുടെ സൗന്ദര്യം ചാര്‍ത്തിക്കൊകൊണ്ടിരുന്നു.
മനുഷ്യമനസ്സിന്റെ ദ്വന്ദ്വാത്മക പീഡനഭാവങ്ങളായ സാഡിസ്റ്റു-മസോക്കിസ്റ്റു പ്രവണതകള്‍ ബാല്യം മുതല്‍ക്കേ കുഞ്ഞിരാമന്‍ നായരില്‍ പ്രബലമായിരുന്നു എന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.
ജനലും വാതിലുമടച്ച്, പൂച്ചക്കുട്ടികളെ അകത്തിട്ടടിക്കുക, തവളകളെ ഊരാക്കുടുക്കിട്ടു പിടിക്കുക, കെണിവെച്ച് എലിയെ കൊല്ലുക, കോഴികളെ ഓടിച്ചിട്ടു പിടിച്ച് കിണറ്റിലിടുക തുടങ്ങി പലതരം ക്രൂരകൃത്യങ്ങള്‍ ബാലനായ കുഞ്ഞിരാമന്‍ നായര്‍ ചെയ്തിരുന്നുവത്രേ. പിന്നീട് അതിനെക്കുറിച്ചാലോചിച്ച് സങ്കടപ്പെട്ടു കരയും. വടികൊണ്ട് സ്വയം അടിച്ച് വേദനിപ്പിക്കും.
ഈയൊരു ബാല്യാനുഭവ പരിസരം വികസിപ്പിച്ചെടുത്താല്‍ അത് കവിയുടെ പില്‍ക്കാല ജീവിതമാകും.
കവിയുടെ ബോധത്തിലും വിശ്വാസത്തിലും രൂഢമൂലമായി നിന്നിരുന്ന ഒരു സനാതന ധര്‍മ ചിന്തയുണ്ട്. സര്‍വചരാചരങ്ങളേയും ഒരുപോലെ സ്‌നേഹിക്കുന്ന ഒരു വിശ്വപ്രേമബോധമാണത്. ഭൂമിയിലെ ഓരോ തരി മണ്ണിനോടും പാഴ്ച്ചെടിയോടും ഗാഢപ്രണയബദ്ധനായി അവയിലെ നിഗൂഢ സൗന്ദര്യ സംഗീതത്തില്‍ ആമഗ്‌നനാകാന്‍ കൊതിച്ച ഒരു ജൈവമനുഷ്യന്‍ കുഞ്ഞിരാമന്‍ നായരിലുണ്ട്. പ്രണയവിരുദ്ധമായ ഏറ്റവും ചെറിയ പിഴപോലും ആ മനസ്സ് പൊറുക്കുകയില്ല. എന്നാല്‍, തനിക്കുതന്നെ അറിയാത്ത എന്തൊക്കെയോ അന്തഃപ്രേരണകളാല്‍ അയാള്‍ പൊറുക്കാനാവാത്ത തെറ്റുകള്‍ ചെയ്തു കൂട്ടുന്നു. ചില നിമിഷങ്ങളിലെങ്കിലും പരപീഡനം ആത്മലീലയാക്കുന്നു. അടുത്ത നിമിഷം തീവ്രമായ പാപബോധം അയാളെ വേട്ടയാടുന്നു. തന്നെത്താന്‍ പ്രതിക്കൂട്ടില്‍ കയറ്റുന്നു. വിചാരണ ചെയ്യുന്നു. ശിക്ഷ വിധിക്കുന്നു. ഒരു മസോക്കിസ്റ്റിനെപ്പോലെ സ്വയം നോവിച്ച് സന്തുഷ്ടനാകാന്‍ യത്‌നിക്കുന്നു.
'കളിയച്ഛന്‍' എന്ന, മലയാളത്തിലെ എക്കാലത്തേയും മികച്ച കവിതയില്‍ കുഞ്ഞിരാമന്‍ നായര്‍ ഈ ആത്മപീഡനത്തിന്റെ നാനാമുഖങ്ങള്‍ വരച്ചു വയ്ക്കുന്നുണ്ട്.
''സ്മേര മനോഹരവേഷങ്ങള്‍ കച്ചു പോയ്
ഘോര ഗുരുശാപകാമിലാ ബാധയില്‍''
എന്ന്. തന്റെമേല്‍ പതിച്ച ഗുരു ശാപം അദ്ദേഹം തിരിച്ചറിയുന്നു. 'കളിയച്ഛ'നായ ഈ ആചാര്യന്റെ ചിത്രത്തില്‍ താന്‍ ഈശ്വരതുല്യം പൂജിക്കുന്ന പിതാവ് പുറവങ്കര കുഞ്ഞമ്പു നായരുടേയും ഗുരുനാഥന്‍ പുന്നശ്ശേരി നീലകണ്ഠ ശര്‍മയുടേയും ഛായകളുണ്ട്. രണ്ടുപേരോടും താന്‍ തിരുത്താനാവാത്ത തെറ്റു ചെയ്തു എന്ന കവിയുടെ എക്കാലത്തേയും കുറ്റബോധമുണ്ട്. പാപബോധത്തിന്റേയും പശ്ചാത്താപത്തിന്റേതുമായ തീവ്രമായൊരു വേദനയാണ് ഈ കവിതയെ ഹൃദയവേധിയാക്കുന്നത്.
''ചുമ്മാ പലപല വേഷങ്ങള്‍ കെട്ടിയി-
ന്നാത്മ സ്വരൂപത്തെയോരാതെയായി ഞാന്‍.
ബോധമില്ലാതെ കിടക്കുമവസ്ഥയ്ക്കു
മീതെയായ് ഘോര വിപത്തെന്തു ഭൂമിയില്‍?
തോറ്റു തുലഞ്ഞു ഹാ, വയ്യെനിക്കിപ്പടു-
കൂറ്റന്‍ കഥകളിപ്പെട്ടികളേറ്റുവാന്‍.
പോരുമീപ്പാഴ്ക്കളി; വീട്ടിലേയ്ക്കൊന്നിനി
പ്പോയിവരുവാന്‍ മുതിരുന്നു മാനസം.
എന്നിങ്ങനെ കളിയരങ്ങിന്റെ വിശുദ്ധ വെളിച്ചത്തില്‍നിന്നു ബഹിഷ്‌കൃതനായ വേഷക്കാരന്‍ വിലപിക്കുമ്പോള്‍ കഥകളി മനുഷ്യജീവിതവും നടന്‍ മനുഷ്യനും കളിയച്ഛന്‍ ജീവിത വിധാതാവുമായിത്തീരുന്നു.
കുഞ്ഞിരാമന്‍ നായര്‍ക്ക് താന്‍ എന്നും തെറ്റിന്റെ പ്രതീകവും അച്ഛന്‍ ശരിയുടെ പ്രതീകവുമായിരുന്നു. പുണ്യവിഗ്രഹംപോലെ പുല്‍പ്പായില്‍ ചമ്രം പടിഞ്ഞിരിക്കുന്ന അച്ഛന്റെ മുന്‍പില്‍ കറുത്തു കെട്ട പാപരൂപമായി കുഞ്ഞിരാമന്‍ എന്ന മകന്‍ എന്നും മാപ്പിരക്കാനെത്തുന്നു. ധര്‍മവും അധര്‍മവും സത്യവും അസത്യവും നന്മയും തിന്മയും തമ്മിലുള്ള നിരന്തര സംഘര്‍ഷത്താല്‍ കവി മനസ്സ് കൊടുങ്കാറ്റടിച്ച ഉള്‍ക്കടലായിത്തീരുന്നു.
അമ്മയുടെ മുന്നിലാകട്ടെ, എന്നും കളിമ്പക്കാരനായ കളിക്കുട്ടിയായിരുന്നു കവി.
ചെല്ലാമെന്നു പറഞ്ഞ സമയത്തൊന്നും വീട്ടില്‍ ചെല്ലില്ല. മകന് പ്രിയപ്പെട്ട വിഭവങ്ങളെല്ലാമൊരുക്കിവച്ച് എന്നും ഉപവാസമായി അമ്മ കാത്തിരുന്നു. മുറ്റത്തു നിഴല്‍ വീണാല്‍പോലും തിമിരം ബാധിച്ച അമ്മ മകനാണെന്നു നിനച്ച്, 'കുഞ്ഞീ' എന്നു വിളിച്ചു വരവേറ്റു. ഒടുവില്‍ കാത്തും കരഞ്ഞും തളര്‍ന്നു.
പ്രതീക്ഷിക്കാത്ത സമയത്ത് സ്വന്തം കാര്യലാഭത്തിനുവേണ്ടി മാത്രം മകന്‍ കയറിവന്നു. നിസ്സഹായത ഭാവിച്ചും കരഞ്ഞും അമ്മയുടെ കരളലിയിച്ചു. അമ്മ മുഖേന അച്ഛനില്‍നിന്നു സ്വന്തം കാര്യങ്ങള്‍ നേടി.
(തുടരും)
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates