കവി പി കുഞ്ഞിരാമന്‍ നായരുടെ ജീവിത വഴികളിലൂടെ ആലങ്കോട് ലീലാകൃഷ്ണന്‍ നടത്തിയ യാത്ര- ഭാഗം മൂന്ന്. 1997 ആഗസ്റ്റ് 15 മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ചത്
കിഴക്കന്‍ മലനിരകളുടെ വരദാനമായ തിരുവില്വാമല താഴ്വരയിലെത്തുമ്പോള്‍ ഏകാന്ത പഥികന്റെ ജീവിത സങ്കടങ്ങള്‍ തീരുന്നു. വണ്ടി മാറി, പാളം മാറി, ചെന്നെത്തുന്ന രാജ്യംപോലും മാറി. അലഞ്ഞുനടക്കുന്ന വഴിയറിയാത്ത യാത്രികന് ഇവിടം അഭയസങ്കേതമാവുന്നു.
ഒരു കന്നിമാസത്തിലെ മുപ്പെട്ടു വ്യാഴാഴ്ച നിറസന്ധ്യയ്ക്ക് നിറമാല തൊഴാന്‍ തിരുവില്വാ മലയിലെത്തുന്ന കാലത്ത് കുഞ്ഞിരാമന്‍ നായര്‍ക്ക് ചെറുപ്പം.
പിന്നെ എത്രയോ വര്‍ഷങ്ങള്‍!
കവിത ചുരത്തുന്ന കിഴക്കന്‍ പുഴക്കരയിലെ ഗ്രാമഭംഗിയുമായി നിത്യസംബന്ധം. കണ്ണെഴുത്തും ചാന്തുപൊട്ടും ചന്ദനവരക്കുറിയും ചോറ്റുചെമ്പുമായി വീടണയുന്ന അമ്പലവാസിപ്പെണ്‍കിടാങ്ങളും അര്‍ദ്ധയാമം കഴിഞ്ഞാല്‍ മലമുകളിലെ കാവില്‍ വിളിയും കല്പടവുകളിറങ്ങിപ്പോവുന്ന ശീവേലി വിളക്കൊളിയുമെല്ലാം കവിക്ക് കൂട്ടായി.
പൂനിലാവൊളിയാം കാട്ടു-
പൂഞ്ചോലച്ചാര്‍ത്തിനപ്പുറം
തിങ്ങിനില്‍ക്കും മഹാരണ്യ
ഗോപുരങ്ങള്‍ക്കുമിപ്പുറം
പൊന്‍താഴികക്കുടം ചാര്‍ത്തി
നില്‍ക്കുന്നു ദേവപൂജതന്‍
വാദ്യഘോഷം മുഴങ്ങുന്ന
വെളിച്ചത്തിന്റെയമ്പലം
-(സൗന്ദര്യപൂജ)
തിരുവില്വാമലത്താഴ്വര അജ്ഞാതമായ ലാവണ്യങ്ങള്‍ ചൂഴ്ന്നുനില്‍ക്കുന്ന അവിരാമമായൊരു പ്രണയശൃംഖലയാണ്. പുല്ലിലും പൂവിലും വരെ നിറഞ്ഞുനില്‍ക്കുന്ന അനന്തമായ ജൈവ പ്രാര്‍ത്ഥനകള്‍. മലകളുടേയും കാറ്റിന്റേയും പ്രാചീനമായ വെളിപാടുകള്‍.
''തലപൊക്കുക മേലോട്ടു
നോക്കുകെങ്ങുമപാരത
വാരിപ്പുണര്‍ന്നുമ്മവെയ്ക്കാന്‍
കാത്തുനില്‍ക്കുമപാരത''
ദുരൂഹമായ അറിവുകളും അനുഭവങ്ങളും സമ്മാനിക്കുന്ന ഈ നിറവിന്റേയും ഒഴിവിന്റേയും വഴികളിലാണ് കവി നിത്യാന്വേഷകനായി നടന്നത്.
''എത്രയ്ക്കു മോഹിപ്പിതു ശൂന്യമാവാന്‍
അത്രയ്ക്കു പൂര്‍ണത്വമിയന്നിടുന്നു''
എന്ന് കവി തന്റെ ഏകാന്തസഞ്ചാരത്തിന്റെ പൊരുള്‍ ഹൃദയം കൊണ്ട് തൊട്ടറിഞ്ഞിട്ടുണ്ട്.
കാലരഹിതമായ ഈ താഴ്വരയില്‍നിന്ന് ഭൂമിയുടെ ശൈശവത്തിലേയ്ക്ക് സഞ്ചരിച്ചു ചെല്ലുവാന്‍ കവിക്ക് പൂക്കളും ശലഭങ്ങളും വള്ളികളും വേരുകളും ലതകളും ഔഷധികളും സഹചാരികളായി.
''കൂമ്പിക്കിടക്കുന്ന മര്‍ത്ത്യ-
ഹൃത്തിന്നു കണികാണുവാന്‍
തുറന്നാലും പനീര്‍പ്പൂവിന്‍
മണത്താല്‍ത്തീര്‍ത്ത പാരിടം''
എന്ന വിശുദ്ധമായ പ്രാര്‍ത്ഥനയുടെ നിഗൂഢസുഗന്ധത്തിനു മുന്നില്‍ ഭൂമി അതിന്റെ പ്രാചീനമായ മൗനവും സംഗീതവും തുറന്നുവെച്ചു. ഇന്ദ്രധനുസ്സുകളും സുവര്‍ണപുഷ്പങ്ങളും പൂത്തുലയുന്ന ലാവണ്യമായ ഒരു ഹൃദയാന്തരാളമായിരുന്നു അത്.
പി. കുഞ്ഞിരാമന്‍ നായരുടെ കവിതകള്‍ അങ്ങനെയാണ് അപാരതയുടെ അറിവുകളെ സാക്ഷാല്‍ക്കരിച്ചത്.
പ്രകൃത്യുപാസകനായിരുന്ന വിശ്വപ്രസിദ്ധ ആംഗലകവി വില്യം വേഡ്‌സ്വര്‍ത്ത് ഇങ്ങനെ കുറിച്ചിട്ടുണ്ട്:
''Poetry is the spontaneous overflow of powerful feelings, it takes its origin from emotion recollected in tranquility.'
പ്രകൃതിയുടെ സ്വപ്നശരീരത്തില്‍ പ്രണയത്തിന്റെ ഹൃദയസംഗീതമെഴുതിച്ചേര്‍ത്ത കുഞ്ഞിരാമന്‍ നായരെ സംബന്ധിച്ച് വിശ്വകവിയുടെ ഈ നിരീക്ഷണം തീര്‍ത്തും അര്‍ത്ഥപൂര്‍ണമായിരുന്നു.
''കുന്നിക്കുരുവില്‍ സുമേരുവും, നീഹാര-
ബിന്ദുവില്‍ സപ്തസമുദ്രങ്ങളും
തങ്കലീവിസ്തൃത വിശ്വവും വിശ്വത്തില്‍
തന്‍ കലാഭംഗിയും തിങ്ങിക്കണ്ട്
കവിയുടെ അനശ്വരമായ സൗന്ദര്യാന്വേഷണ യാത്ര കേരളീയമായ അഴകുകളുടേയും അറിവുകളുടേയും മുഴുവന്‍ സത്യങ്ങളും സ്പര്‍ശിച്ചറിഞ്ഞു. വാക്കുകളുടെ നിഗൂഢമാന്ത്രികച്ചിമിഴില്‍ കേരളീയ പ്രകൃതിയുടെ ബഹുസ്വരതയും സനാതന നിശ്ശബ്ദതയും വര്‍ണബഹുലതയും ആന്തരസ്‌നിഗ്ദ്ധതയും ധ്യാനപൂര്‍ണമായി നിറഞ്ഞു.
അതുകൊണ്ടാണ് കേരളീയതയുടെ അത്യഗാധമായ ഹൃദയസൗന്ദര്യങ്ങള്‍ക്ക് അക്ഷര സക്ഷാല്‍ക്കാരം നല്‍കിയ കവിയായി നാം ഇന്നു കുഞ്ഞിരാമന്‍ നായരെ തിരിച്ചറിയുന്നത്.
വില്വാദ്രിനാഥന്റെ കിഴക്കേ നടയിലാകെ പന്തലിട്ട് പടര്‍ന്നുനില്‍ക്കുന്ന കൂറ്റന്‍ അരയാലിന്റെ ചുവട്ടിലിരിക്കുമ്പോള്‍ മിന്നലൊളികള്‍പോലെ വീണുകിട്ടിയ എത്രയോ വരികള്‍ പകര്‍ത്തിവെയ്ക്കാന്‍ കഴിയാതെ നഷ്ടപ്പെട്ടുപോയതിനെക്കുറിച്ച് കുഞ്ഞിരാമന്‍ നായര്‍ പിന്നീട് പലപ്പോഴും വ്യാകുലപ്പെട്ടിട്ടുണ്ട്. അത്രമാത്രം തീവ്രമായ ഇന്ദ്രിയാനുഭൂതി വിശേഷമായിരുന്നു കുഞ്ഞിരാമന്‍ നായര്‍ക്ക് കാവ്യപ്രേരണ.
ആയിരമായിരം പൂര്‍ണചന്ദ്രോദയം കണ്ടിട്ടും ഇന്നും മരതകപ്പച്ച വീശുന്ന മഹാകാശമായി നില്‍ക്കുന്ന, വില്വാദ്രിനാഥന്റെ വൃക്ഷശരീരം.
''അക്ഷികള്‍ തുറന്നേവം മന്ത്രിച്ചു
മഹാകാശം
വൃക്ഷകോടരത്തിലെ ധ്യാനലീനമാം ശുകം-
തേടുക തേനീച്ചയായ്
സത്യത്തിന്നുച്ചിക്കൊമ്പി-
ലാടുന്ന പൂവിന്‍ നിത്യസൗന്ദര്യമകരന്ദം
-(സ്വപ്നദര്‍ശനം)
ഈ സൗന്ദര്യ സത്യാന്വേഷണം കവിക്ക് ഒരേ സമയം രതിയും നിര്‍വേദവുമായിരുന്നു. സ്വപ്നവും യാഥാര്‍ത്ഥ്യവുമായിരുന്നു. ഇഹവും പരവുമായിരുന്നു. ജീവിതവും മരണവുമായിരുന്നു.
അതുകൊണ്ടാണ് സത്യസാക്ഷാല്‍ക്കാരത്തിന്റെ യോഗഭൂമികയായ തിരുവില്വാമല പരിസരം തന്നെ കവിക്ക് സൗന്ദര്യാസ്വാദനത്തിന്റെ ഭോഗമേഖലയായും മാറിയത്.
കുഞ്ഞിരാമന്‍നായരുടെ അവിഹിത പ്രണയങ്ങളത്രയും തിരുവില്വാമല - ലക്കിടി പരിസരങ്ങളിലായിരുന്നു.
തിരുവില്വാമലയില്‍ നാടന്‍ പാട്ടുകള്‍ ശേഖരിച്ച് നടന്ന കാലത്താണ് പുഴയോരത്തെ നെയ്ത്തുകാരുടെ ഗ്രാമമായ കൂത്താമ്പിള്ളിയില്‍ കവി കുറച്ചുകാലം പാര്‍ത്തത്.
തിരുവില്വാമലയില്‍നിന്ന് റോഡ് വഴിയും ഒറ്റപ്പാലത്തുനിന്ന് പുഴ കടന്നും എത്തിച്ചേരാവുന്ന ഏകാന്തസുന്ദരമായ ഒരു മലനാടന്‍ ഗ്രാമമാണ് കൂത്താമ്പുള്ളി. കേള്‍വികേട്ട കസവുമുണ്ടുകളുടെ കേന്ദ്രം. കേരളത്തനത്തിമയുള്ള കസവുനേര്യതുകള്‍ ലോകം മുഴുവന്‍ ഈ സ്വപ്നവര്‍ണ നൂല്‍പ്പുകാരുടെ തട്ടകത്ത് ഓരോ വീടും ഓരോ നെയ്ത്തുശാലയാണ്. നെയ്ത്തുതറികളുടെ സംഗീതവും പൊന്‍കസവുനൂലിന്റെ സൗന്ദര്യവുംകൊണ്ട് സ്വപ്നസദൃശമായ പുഴയോരം.
കവിക്ക് കൂത്താമ്പുള്ളിയോട് പ്രണയമായി; നെയ്ത്തുകാരുടെ ഗ്രാമത്തിന്റെ വളര്‍ത്തുപുത്രിയായ കാര്‍ത്ത്യായനിയോടും. ആദ്യം വീട്ടുജോലിക്കാരിയായി കവിയുടെകൂടെ നിന്ന കാര്‍ത്ത്യായനി പിന്നെ കവിയുടെ ജീവിതത്തിനു മുഴുവന്‍ കൂട്ടാളിയായി.
കുഞ്ഞുലക്ഷ്മി അമ്മയേയും കുട്ടികളേയും കാഞ്ഞങ്ങാട്ടുപേക്ഷിച്ചുപോയ കാലത്തെ അജ്ഞാതവാസത്തിലായിരുന്നു കവി. അതുകൊണ്ടുതന്നെ കാര്‍ത്ത്യായനിയുമായുള്ള ബന്ധം രണ്ടാമതൊരു കല്ല്യാണമില്ലാത്ത കല്ല്യാണമായി.
തൃശൂരും കൂത്താമ്പുള്ളിയിലും തിരുവില്വാമലയിലുമായി വര്‍ഷങ്ങളോളം കാര്‍ത്ത്യായനി കവിയുടെ കൂടെ താമസിച്ചു. ആ ബന്ധത്തില്‍ കവിക്ക് രണ്ടു കുട്ടികളും പിറന്നു. അതിനിടയില്‍ പെട്ടെന്നൊരു ദിവസം മുന്നറിയിപ്പൊന്നുമില്ലാതെ കുഞ്ഞിരാമന്‍നായര്‍ അപ്രത്യക്ഷനായി. മാസങ്ങളോളം പിന്നെ തിരിച്ചുചെന്നില്ല.
തന്നെ വളര്‍ത്തി വലുതാക്കിയ പാവപ്പെട്ട കുടുംബത്തില്‍ അരപ്പട്ടിണിയും മുഴുപ്പട്ടിണിയുമായി കാര്‍ത്ത്യായനിയും കുട്ടികളും കുറേക്കാലം കഴിഞ്ഞു. ഒടുവിലൊരു ദിവസം പലരോടും ചോദിച്ചറിഞ്ഞ് കാഞ്ഞങ്ങാട്ട് കവിയുടെ വീട്ടിലെത്തി. അപ്പോഴേക്കും തിരുവില്വാമല ബന്ധം ആരോ പറഞ്ഞുകേട്ട് അമ്മയും അറിഞ്ഞിരുന്നു. കവിയോട് അമ്മ അതിനെപ്പറ്റി ചോദിച്ചപ്പോള്‍ കവി ചിരിച്ചുതള്ളി.
''ആളുകള്‍ പറയുന്ന ഇത്തരം നുണയൊക്കെ വിശ്വസിക്കാന്‍ തുടങ്ങിയാല്‍ അമ്മയ്ക്കതിനേ നേരമുണ്ടാവൂ. തിരുവില്വാമലയില്‍ താമസിക്കുമ്പോള്‍ ഒരു പാവപ്പെട്ട വീട്ടിലെ പെണ്ണ് വീട്ടു ജോലിക്ക് സഹായിക്കാന്‍ വന്നിരുന്നു. അത്രേയുള്ളൂ സത്യം.''
അതുകൊണ്ടുതന്നെ കാര്‍ത്ത്യായനി കാഞ്ഞങ്ങാട്ട് കവിയുടെ വീട്ടില്‍ അന്വേഷിച്ചു ചെന്നപ്പോള്‍ അമ്മയും പരിചാരകരും ചേര്‍ന്ന് അവരെ ആട്ടിയിറക്കി. അപമാനിതയായി, തോരാത്ത കണ്ണീരോടെ കുത്താമ്പിള്ളിയിലേക്ക് മടങ്ങിയ കാര്‍ത്ത്യായനി പിന്നെ അധികകാലം ജീവിച്ചില്ല. അനാഥരായ രണ്ട് കുട്ടികള്‍ മാത്രം പക്ഷേ, വിധിയുടെ പ്രതികാരംപോലെ ജീവന്‍ പോകാതെ കിടന്നു.
തെക്കോട്ട് കവിയുടെ വിവരമന്വേഷിച്ചുപോയ സ്വര്‍ഗമഠത്തയില്‍ കുഞ്ഞമ്പുനായര്‍ എന്ന ബന്ധു മുഖേന കാര്യങ്ങളുടെ സത്യാവസ്ഥ മനസ്സിലാക്കിയ കവിയുടെ അമ്മ ഒരു ദിവസം കവിയോട് അനാഥരായ ആ കുട്ടികളെ കൂട്ടിക്കൊണ്ടുവരാനാവശ്യപ്പെട്ടു.
അപ്പോള്‍പ്പിന്നെ കവിക്ക് മടിയൊന്നുമുണ്ടായില്ല,
ഒരു സന്ധ്യയ്ക്ക് പായ്യാര്യം പിടിച്ച രണ്ടനാഥമക്കള്‍ കൂടി കവിയുടെ വീട്ടിലെത്തിച്ചേര്‍ന്നു.
കവി പിന്നെയും ദേശാടനത്തിനു പോയി. രോഗിയായിരുന്ന ഇളയ കുട്ടി വൈകാതെ ഈ ലോകം വിട്ടുപോയി.
മൂത്ത മകള്‍ രാധ ഇപ്പോഴും വെള്ളിക്കോത്തുണ്ട്. കവിയുടെ ബന്ധുവായിരുന്ന ഒരു സ്വാതന്ത്ര്യസമര സേനാനി രാധയെ വിവാഹം ചെയ്തു, മക്കളും പേരക്കിടാങ്ങളുമായി.
കവിയുടെ ജന്മഗ്രാമത്തില്‍ തീര്‍ത്ഥാടനം ചെയ്ത നാളുകളില്‍ ഒരു ദിവസം രാധമ്മയുടെ വീട്ടിലും ചെന്നു. സ്‌നേഹമയിയായ ആ കവിപുത്രി ചായയും ചക്കപ്പപ്പടവും തന്നു.
കവിയെപ്പറ്റി ചോദിച്ചപ്പോള്‍ പറഞ്ഞു:
''എനിക്ക് അച്ഛനെപ്പറ്റി പറയാനുള്ള വിവരമൊന്നൂല്ല. അച്ഛന്റെ നേര്‍ക്കുനേരെ നിന്ന് ഞാനൊരിക്കലും ഒന്നും മിണ്ടിയിട്ടില്ല. അച്ഛന്‍ വല്യ ആളായിരുന്നതുകൊണ്ടല്ലേ ഇങ്ങളൊക്കെ ഇപ്പൊ എന്ന കാണാന്‍ വന്നത്. അതുതന്നെ വല്യ ഭാഗ്യം.
കലാമണ്ഡലത്തില്‍ കഥകളി പഠിക്കുന്ന മകന്‍ ഗോപാലകൃഷ്ണന്‍ മുത്തച്ഛനെപ്പോലെ സഞ്ചാരിയാണെന്ന് പറയുമ്പോള്‍ നിളയുടെ മകളുടെ മുഖത്ത് ചാരിതാര്‍ത്ഥ്യം.
(തുടരും)
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates