ധിക്കാരമാണ് നടന്‍ സിദ്ദിഖിന്റെ മുഖമുദ്ര. ഫേസ്ബുക്കില്‍ കിട്ടുന്ന ഒരു ഡസന്‍ പടങ്ങള്‍ ഒന്ന് ഓടിച്ചുനോക്കുക. ഒരു ഫോട്ടോയില്‍ സഹജീവി സ്‌നേഹമോ ഒരു നേരിയ മന്ദസ്മിതമോ കണ്ടാല്‍ ഭാഗ്യം. സാധാരണഗതിയില്‍ ആ മുഖത്തു പ്രതിഫലിക്കുന്നത് ഗര്‍വ്വാണ്. കലര്‍പ്പില്ലാത്ത ഞാന്‍ ഞാന്‍ എന്ന ഗര്‍വ്വ്. അടുത്തകാലത്ത് ഒരു പൊതുവേദിയില്‍ ഇതു പ്രകടമായതാണ്. ഒരു മനോരമ കോണ്‍ക്ലേവില്‍, വിശേഷിച്ച് ഒരു പ്രലോഭനവുമില്ലാതെ, പെട്ടെന്ന് സിദ്ദിഖ് തുറന്നടിച്ചു: മാധ്യമങ്ങളാണ് എന്നെ വേട്ടയാടി എന്റെ സ്വകാര്യത ഇല്ലാതാക്കുന്നത്.
പൊതുജനങ്ങളുടെ കയ്യടി ആവശ്യപ്പെടുന്നവരുടെ പ്രൈവസിക്ക് ചില പരിമിതികള്‍ ഉണ്ടെന്ന വസ്തുത ഒരു സാര്‍വ്വലൗകിക യാഥാര്‍ത്ഥ്യമാണ്. പൊതുജനം എന്നെ ഹൃദയത്തില്‍ ഉള്‍ക്കൊള്ളണമെന്നും എന്നാല്‍, എന്റെ സ്വകാര്യതയില്‍ തൊടരുതെന്നും ഒരേ ശ്വാസത്തില്‍ പറയുന്നത് ധിക്കാരം മാത്രമല്ല, ബുദ്ധിശൂന്യതയും കൂടെയാണ്. ഒപ്പം, ഇത്ര നല്ല ഒരു മാന്യനെ തലതിരിഞ്ഞ മാധ്യമങ്ങള്‍ എന്തിനു വേട്ടയാടുന്നു എന്ന ചോദ്യവും ഉയരുന്നു. വാസ്തവത്തില്‍, പെണ്‍ ബലഹീനതകളെ ചൂഷണം ചെയ്യാന്‍ പ്രമാണികള്‍ ഇറങ്ങിത്തിരിച്ചപ്പോള്‍ അവരെ വേട്ടയാടാന്‍ ചിലരെങ്കിലും ധൈര്യപ്പെട്ടല്ലോ എന്നത് സമൂഹത്തിന് ഒരാശ്വാസമായിട്ടാണു കാണേണ്ടത്.
ബയോഡാറ്റ എന്ന ചരിത്രസംഹിത തയ്യാറാക്കിയാല്‍ സിദ്ദിഖ് എന്ന മനുഷ്യന്റെ വ്യക്തിത്വം തെളിഞ്ഞുവരുന്നതു കാണാം. നടി ആക്രമിക്കപ്പെട്ട കേസിലാണ് ടിയാന്‍ തന്റെ ഒറ്റയാന്‍ സവിശേഷത എടുത്തുകാട്ടിയത്. ആക്രമിക്കപ്പെട്ട നടിയുടെ നിസ്സഹായതയില്‍ പൊതുസമൂഹത്തിനു സഹതാപം തോന്നിയപ്പോള്‍, ആക്രമണത്തിനു മുതിര്‍ന്നയാളുടെ വശത്താണ് സിദ്ദിഖ് സ്ഥാനമുറപ്പിച്ചത്. എന്റെ സ്‌നേഹിതന്റെ വാക്കുകളല്ലാതെ മറ്റൊന്നും വിശ്വസിക്കാന്‍ എനിക്കു സാദ്ധ്യമല്ല എന്നായിരുന്നു ന്യായീകരണം. ചെയ്തത് ക്രിമിനല്‍ കുറ്റമാണെന്നു സ്‌നേഹിതനെ ബോധ്യപ്പെടുത്തി നന്മയുടെ വഴിക്കു തിരിയാന്‍ തക്ക പൗരത്വബോധമില്ലാതെ പോയതാണ് കാരണം. കേസിന്റെ ഉള്ളുകള്ളികള്‍ പുറത്തുകൊണ്ടുവരാനും താരരാജാവിന്റെ ചരടുവലികള്‍ കണ്ടുപിടിക്കാനും ഒരു സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്കു സാധിച്ചു എന്ന കാര്യം മറക്കണ്ട. ബിജു പൗലോസ് എന്ന ഇന്‍സ്പെക്ടര്‍ക്ക് ബെസ്റ്റ് ഇന്‍വെസ്റ്റിഗേറ്റിംഗ് ഓഫീസര്‍ക്കുള്ള 2019 ദേശീയ അവാര്‍ഡ് നല്‍കി രാജ്യം ആദരിച്ചു എന്ന കാര്യവും ഓര്‍ക്കുക.
സിദ്ദിഖിന് ഇമ്മാതിരി വിശദാംശങ്ങളില്‍ താല്പര്യം കാണുകില്ല. സ്വന്തം താല്പര്യങ്ങള്‍ നാടിന്റേയും നാട്ടുകാരുടേയും താല്പര്യങ്ങള്‍ക്കു മുകളിലാകുമ്പോള്‍ അങ്ങനെയൊക്കെയാണ്. കുറെക്കൂടെ ബുദ്ധി ഉണ്ടായിരുന്നെങ്കില്‍, താന്‍ പല ദൗര്‍ബ്ബല്യങ്ങളുടേയും നാഥനാണെന്നും വാഗ്വാദങ്ങളില്‍ ഏര്‍പ്പെട്ടാല്‍ ആ ദൗര്‍ബ്ബല്യങ്ങള്‍ ജനശ്രദ്ധ ആകര്‍ഷിക്കുമെന്നും അതു മണ്ടത്തരമായിരിക്കുമെന്നും മറ്റുമുള്ള സത്യങ്ങള്‍ മനസ്സിലാകുമായിരുന്നു.
പലതരം അപവാദങ്ങളുടേയും കുറ്റപ്പെടുത്തലുകളുടേയും നടുവിലാണ് ഈ സിനിമാതാരത്തിന്റെ ജീവിതം. ആദ്യത്തെ ഭാര്യ ആത്മഹത്യ ചെയ്തതിന്റെ വിശദവിവരങ്ങള്‍ ആരും അന്വേഷിച്ചിട്ടില്ല എന്നത് സമൂഹത്തിന്റെ ഒരു മര്യാദ എന്നു കരുതിയാല്‍ മതി. അടുത്തകാലത്ത് രേവതി സമ്പത്ത് എന്ന നടി ഫേസ്ബുക്കില്‍ പരസ്യമായി സിദ്ദിഖിനെതിരെ പരാതികള്‍ പ്രസിദ്ധപ്പെടുത്തി. തനിക്ക് 21 വയസ്സുള്ളപ്പോള്‍ തിരുവനന്തപുരത്തെ ഒരു തിയേറ്ററില്‍വച്ച് തന്നെ ലൈംഗികമായി അതിക്രമിക്കാന്‍ ''ഈ മുഖംമൂടിയിട്ട, ജന്റില്‍മാന്‍ എന്നു നടിക്കുന്നയാള്‍'' ശ്രമിച്ചു എന്നാണ് അവര്‍ പറഞ്ഞത്. യൂട്യൂബില്‍ മറ്റൊരു സ്ത്രീ വിശദവിവരങ്ങള്‍ വെളിപ്പെടുത്തി സിദ്ദിഖിനെ വിമര്‍ശിക്കുന്നുണ്ട്.
സാമാന്യ മര്യാദകള്‍പോലും അവഗണിച്ച് നിരന്തരം മുന്നേറുന്ന ഒരു സ്ത്രീലമ്പടന്റെ രൂപമാണ് ആരോപണങ്ങളില്‍നിന്നും വിമര്‍ശനങ്ങളില്‍നിന്നും രൂപപ്പെടുന്നത്. തന്റെ ചെയ്തികള്‍ സ്വാര്‍ത്ഥപരമാണെന്ന സത്യം ആര്‍ക്കും ഒറ്റനോട്ടത്തില്‍ മനസ്സിലാകുമെന്ന വസ്തുത ഒന്നുകില്‍ അദ്ദേഹം അറിയുന്നില്ല, അല്ലെങ്കില്‍ അറിഞ്ഞിട്ടും കൂട്ടാക്കുന്നില്ല. സാധാരണക്കാര്‍ കൂട്ടാക്കുന്ന കാര്യങ്ങള്‍ ധിക്കാരികള്‍ കൂട്ടാക്കാറില്ലല്ലോ.
റ്റിജെഎസ് ജോര്‍ജിന്റെ ലേഖനം പുതിയ ലക്കം മലയാളം വാരികയില്‍
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates