AI Samakalika Malayalam
Premium

എഐ കാലത്തെ മനുഷ്യചിന്താശേഷി

മനുഷ്യചിന്തയുടെ സഹകര്‍ത്താവ് എന്ന നിലയില്‍ AI നേടിയ വലിയ സ്വാധീനത്തെ നാം കുറച്ചുകാണുന്നത് മൗഢ്യമായിരിക്കും. കംപ്യൂട്ടറിന്റെ കാര്യത്തില്‍ ഇത്തരമൊരു പിഴവ് നമുക്കു പറ്റിതാണ്. അത് വീണ്ടും ആവര്‍ത്തിക്കാതിരിക്കട്ടെ. സാധാരണക്കാരായ ജനങ്ങളുടെ ജീവിതത്തെ ധനാത്മകമായി മാറ്റിമറിക്കാനും അവരുടെ ചിന്താശേഷിയെ നവീകരിക്കാനും ജീവിതവിജയം ഉറപ്പാക്കാനും AI ഉപയോഗിച്ച് സാധ്യമാകും എന്ന് വിവരിക്കുന്ന ഒരു കൈപ്പുസ്തകം ലഭിച്ചാലോ?

ജോസി ജോസഫ് സി

ഭാഷാശാസ്ത്രത്തില്‍ ‘സൂട്ട്കെയ്സ് വേര്‍ഡ്’ (Suitcase Word) എന്നൊരു പ്രയോഗമുണ്ട്. ഒരു സൂട്ട്കെയ്സില്‍ വിവിധ വസ്തുക്കള്‍ അടുക്കിവെച്ചതുപോലെ വിഭിന്ന അര്‍ത്ഥങ്ങളുള്ള വാക്കുകളെയാണ് ഈ പ്രയോഗംകൊണ്ട് വിവക്ഷിക്കുന്നത്. AI-യുടെ പിതാവ് എന്നറിയപ്പെടുന്ന മാര്‍വിന്‍ ലീ മിന്‍സ്‌കി(1927-2016)യാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (നിര്‍മിതബുദ്ധി) എന്ന വാക്കിന്റെ സങ്കീര്‍ണത വിവരിക്കാനായി ഈ പദം ഉപയോഗിച്ചത്. ചിന്ത, ബുദ്ധി, ജ്ഞാനം, അവബോധം, വികാരം എന്നീ വാക്കുകള്‍ ഉദാഹരണമായെടുക്കുക. വ്യക്തമായി നിര്‍വചിക്കാന്‍ സാധിക്കുകയില്ലല്ലോ ഈ പദങ്ങളൊന്നും! വിവിധ സന്ദര്‍ഭങ്ങളില്‍ എത്രയോ വിഭിന്ന അര്‍ത്ഥങ്ങളാണ് അവയ്ക്കുള്ളത്!

‘നിര്‍മിതബുദ്ധി’ എന്ന പദം ഇത്തരത്തിലൊന്നാണ്. ചിന്താക്കുഴപ്പം സൃഷ്ടിക്കുന്ന ഒരു വാക്ക്! എന്നാല്‍, ഇന്ന് ലോകത്തിന്റെ സര്‍വ ചലനങ്ങളേയും നിയന്ത്രിക്കാനോ തിരുത്തിയെഴുതാനോ കെല്പുള്ള ഒന്നായി ‘നിര്‍മിതബുദ്ധി’ മാറിക്കഴിഞ്ഞിരിക്കുന്നു. മനുഷ്യന്റെ ചിന്തയേയും പ്രവൃത്തിയേയും നവീകരിക്കാനും ചലനാത്മകമാക്കാനും കഴിയുന്ന ഈ അത്ഭുതവിദ്യ കൂടാതെ മനുഷ്യജീവിതം അസാധ്യമായിത്തീര്‍ന്നിരിക്കുന്നു. ശാസ്ത്രം, ആരോഗ്യം, കല, ഭരണനിര്‍വഹണം, സിനിമ, സംഗീതം എന്നിങ്ങനെ നിര്‍മിതബുദ്ധി സഹായത്തിനെത്താത്ത ഒരു ജീവിതമേഖലയും ഇന്നില്ല.

‘ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്’ എന്ന വാക്ക് ആദ്യമായി ഉപയോഗിക്കുന്നത് ജോണ്‍ മാക്‌കാര്‍ത്തി ആണ്. AI-യ്ക്ക് അദ്ദേഹം നല്‍കിയ നിര്‍വചനം ‘ബുദ്ധിയുള്ള യന്ത്രങ്ങളെ സൃഷ്ടിക്കാനുള്ള ശാസ്ത്രവും എന്‍ജിനീയറിങ്ങും’ എന്നാണ്. മാക്‌കാര്‍ത്തിയും മാര്‍വിന്‍ മിന്‍സ്‌കിയും ചേര്‍ന്ന് 1956-ല്‍ ഡാര്‍ട്ട് മൗത്ത് കോളേജില്‍ നടത്തിയ ഒരു പഠന പ്രോഗ്രാമില്‍നിന്നാണ് AI-യുടെ പ്രാരംഭം. അലെന്‍ ന്യൂവെല്ലും ഹെര്‍ബട്ട് സൈമണും ഇവരോട് ചേര്‍ന്ന്, ഈ പുതിയ വിജ്ഞാനശാഖ പ്രാവര്‍ത്തികമാക്കാനുള്ള പ്രാഥമിക ധാരണകളിലെത്തിച്ചേര്‍ന്നു. ‘AI വിന്റര്‍’ എന്നറിയപ്പെടുന്ന നിരാശയുടേയും ധനനഷ്ടങ്ങളുടേയും ഒരു ശീതകാലം കഴിഞ്ഞാണ് പിന്നീടുള്ള AI-യുടെ കുതിപ്പ് സംഭവിക്കുന്നത്.

പോര്‍ട്ട്‌ലാന്‍ഡ് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ കംപ്യൂട്ടര്‍ സയന്‍സ് പ്രൊഫസറായ മെലാനി മിച്ചല്‍ (Melanie Mitchell) രചിച്ച ‘ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്-എ ഗൈഡ് ഫോര്‍ തിങ്കിങ്ങ് ഹ്യൂമന്‍സ്’ എന്ന ഗ്രന്ഥം ഈ വിഷയത്തെ സമഗ്രമായി സമീപിക്കുന്ന ഒന്നാണ്. ഈ പുസ്തകത്തിലെ 16-ാം അദ്ധ്യായത്തില്‍ AI-യുടെ ഭാവിയെക്കുറിച്ചുള്ള ചില ചോദ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്. AI വമ്പിച്ച തൊഴിലില്ലായ്മയ്ക്ക് കാരണമാകുമോ? ഒരു കംപ്യൂട്ടറിന് സര്‍ഗാത്മകമാകാന്‍ കഴിയുമോ? മനുഷ്യബുദ്ധിക്ക് ഒപ്പം നില്‍ക്കുന്ന AI എന്നാണ് സാധ്യമാകുക? AI-യെ നാം ഭയപ്പെടേണ്ടതുണ്ടോ? എന്നിവയാണ് ആ ചോദ്യങ്ങളില്‍ ചിലത്. ഈ ചോദ്യങ്ങളുടെ ധനാത്മകവും ഋണാത്മകവുമായ ഉത്തരങ്ങള്‍ മെലാനി നല്‍കുന്നുണ്ട്.

AI-യെ നാം ഭയക്കേണ്ടതുണ്ടോ എന്ന സുപ്രധാന ചോദ്യത്തിന് “ഉവ്വ്, ഇല്ല” എന്നതാണ് അവര്‍ നല്‍കുന്ന ഉത്തരം. AI ഗവേഷകന്‍ പെദ്രോ ഡൊമിംഗോസിന്റെ നിര്‍വചനം അവര്‍ ഉദ്ധരിക്കുന്നുണ്ട്: “കംപ്യൂട്ടറുകള്‍ അതിസാമര്‍ത്ഥ്യം നേടുകയും ലോകം കീഴടക്കുകയും ചെയ്യുമെന്ന് ജനങ്ങള്‍ ഭയപ്പെടുന്നു. എന്നാല്‍, യഥാര്‍ത്ഥ പ്രശ്നം അവ തീര്‍ത്തും വിവേകശൂന്യമാണ് എന്നുള്ളതുമാണ്.” AI-യുടെ വിശ്വസനീയതക്കുറവിനോടൊപ്പം തന്നെ AI ഭാവിയില്‍ എങ്ങനെ ഉപയോഗപ്പെടുത്തും എന്നതും മെലാനിയെ ആശങ്കപ്പെടുത്തുന്നു. ‘ഫേയ്ക്ക് മീഡിയ’ AI വരുത്തുന്ന ഒരു വലിയ വിപത്തായിരിക്കുമെന്നും അവര്‍ കുറിക്കുന്നു. ഇതേപോലെത്തന്നെ ആശങ്ക ഉണര്‍ത്തുന്ന ഒന്നാണ് അല്‍ഗോരിതങ്ങളുടേയും ഡാറ്റായുടേയും അധാര്‍മികമായ ഉപയോഗം.

AI-യെക്കുറിച്ചുള്ള ഏറ്റവും പുതിയ ഭീതി ഡാറ്റാ സെന്ററുകള്‍ പാഴാക്കുന്ന ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളത്തിന്റേയും അധികമായ ഊര്‍ജത്തിന്റേയും കണക്കുകളാണ്.

ഈ ഭീതികളൊക്കെയും യാഥാര്‍ത്ഥ്യമായിരിക്കെ മനുഷ്യചിന്തയുടെ സഹകര്‍ത്താവ് എന്ന നിലയില്‍ AI നേടിയ വലിയ സ്വാധീനത്തെ നാം കുറച്ചുകാണുന്നത് മൗഢ്യമായിരിക്കും. കംപ്യൂട്ടറിന്റെ കാര്യത്തില്‍ ഇത്തരമൊരു പിഴവ് നമുക്കു പറ്റിതാണ്. അത് വീണ്ടും ആവര്‍ത്തിക്കാതിരിക്കട്ടെ. സാധാരണക്കാരായ ജനങ്ങളുടെ ജീവിതത്തെ ധനാത്മകമായി മാറ്റിമറിക്കാനും അവരുടെ ചിന്താശേഷിയെ നവീകരിക്കാനും ജീവിതവിജയം ഉറപ്പാക്കാനും AI ഉപയോഗിച്ച് സാധ്യമാകും എന്ന് വിവരിക്കുന്ന ഒരു കൈപ്പുസ്തകം ലഭിച്ചാലോ? സന്തോഷം തന്നെ! അത്തരമൊരു ആഹ്ലാദം നല്‍കുന്ന പുതിയ പുസ്തകമാണ് ഡാരീയസ് ഫൊറു (Darius Forou) എഴുതിയ AI ഫസ്റ്റ് മൈന്‍ഡ്സെറ്റ് (AI-First Mindset). പെന്‍ഗ്വിന്‍ ബുക്സാണ് പ്രസാധകര്‍.

തന്റെ പുസ്തകത്തിന്റെ പ്രാരംഭത്തില്‍ത്തന്നെ ഡാരീയസ് താനീ പുസ്തകം AI-യുടെ സഹായത്തോടെ രചിച്ചതാണ് എന്ന് വെളിപ്പെടുത്തുന്നുണ്ട്. ഗ്രന്ഥകാരന്‍ എന്ന സങ്കല്പനത്തെ കീഴ്‌മേല്‍ മറിച്ചുകൊണ്ട് ഗ്രന്ഥകാരനോടൊപ്പം സഹരചയിതാവായി AI മാറുന്ന ഈ കാഴ്ച പുസ്തകരചനയുടേയും വായനയുടേയും മാറുന്ന ഭാവുകത്വത്തേയും സൂചിപ്പിക്കുന്നു. ഈ നവീന രചനാപദ്ധതിയില്‍ താനെടുത്ത മുന്‍കരുതലുകളും സമീപനങ്ങളും അദ്ദേഹം പ്രതിപാദിക്കുന്നുണ്ട്. AI ചിന്തയ്ക്ക് പകരം വെയ്ക്കുകയല്ലെന്നും തന്റേതായ ശബ്ദം നിലനിര്‍ത്തിക്കൊണ്ട് 30 ശതമാനം മുതല്‍ 50 ശതമാനം വരെ കൂടുതല്‍ വേഗതയില്‍ കൂടുതല്‍ തെളിമയോടെ, തനിക്കീ പുസ്തകം രചിക്കാന്‍ കഴിഞ്ഞു എന്ന് ഡാരീയസ് രേഖപ്പെടുത്തുന്നു. സ്വജീവിതാനുഭവങ്ങളില്‍നിന്നാണ്, AI തന്റെ ജീവിതത്തേയും പ്രൊഫഷനേയും എങ്ങനെ കുറഞ്ഞ സമയംകൊണ്ട് കൂടുതല്‍ മെച്ചപ്പെടുത്തി എന്ന് ഡാരീയസ് കണ്ടെത്തുന്നത്. ആ അനുഭവങ്ങള്‍ വായനക്കാര്‍ക്കായി പങ്കുവെയ്ക്കുന്ന രീതിയിലാണ് പുസ്തകത്തിന്റെ രചന.

വിജയവഴികളില്‍ സഹചാരിയായ AI

ജീവിതവിജയത്തിലേക്ക് ഉറപ്പായും AI നിങ്ങളെ നയിക്കും; നിങ്ങള്‍ ചില നിയമങ്ങള്‍ അനുസരിക്കുമെങ്കില്‍ മാത്രം. അവയെക്കുറിച്ചാണ് ഡാരീയസ് ആദ്യ അധ്യായത്തില്‍ വിവരിക്കുന്നത്. ഭയാശങ്കകളില്ലാതെ നിങ്ങളുടെ ചിന്തയെ വിപുലീകരിക്കാനായി AI ഉപയോഗിക്കുക. AI പ്രവര്‍ത്തനക്ഷമമാക്കാന്‍ നിങ്ങള്‍ നല്‍കുന്ന പ്രോംപ്റ്റുകള്‍ കൃത്യമായിരുന്നാല്‍ കൂടുതല്‍ മികച്ച ഫലം ലഭിക്കും. നിങ്ങള്‍ ഒരു തുടക്കക്കാരന്‍ ആണെങ്കില്‍ ചാറ്റ് ജിപിടി ഉപയോഗിക്കുക. AI നിങ്ങളുടെ ചിന്തയ്ക്കു പകരമല്ല എന്നോര്‍ക്കുക; AI-യ്ക്കും തെറ്റ് പറ്റും എന്നും. AI നിങ്ങളുടെ പ്രവൃത്തികളുടെ വേഗത കൂട്ടും. എന്നാല്‍, കാമ്പാണ് കാര്യം. ചെയ്തുതന്നെ പഠിക്കുക. എല്ലാ AI ടൂളുകളുടേയും മാസ്റ്റര്‍ ആകാന്‍ ശ്രമിക്കേണ്ടതില്ല. ഇത്രയുമാണ് ഡാരീയസ് നല്‍കുന്ന പ്രാഥമിക നിര്‍ദേശങ്ങള്‍.

എന്താണ് AI-പ്രഥമ മനോഘടന

നവലോകത്തില്‍ വിജയിയാകാന്‍ നിങ്ങള്‍ സ്വായത്തമാക്കേണ്ടത് AI-പ്രഥമ മനോഘടനയാണെന്ന് ഡാരീയസ് പറയുന്നു. ഓരോ തവണയും ഒരു പ്രശ്നമോ ദൗത്യമോ വെല്ലുവിളിയോ നേരിടേണ്ടിവരുമ്പോള്‍ ആദ്യം തന്നെ AI-യുടെ സഹായം തേടാന്‍ നിങ്ങള്‍ തുനിയുന്നുവെങ്കില്‍ അതാണ് AI-പ്രഥമ മനോഘടന. നിങ്ങളുടെ ചിന്തയ്ക്കുപകരം AI-യെ ആശ്രയിക്കുകയല്ല ഇവിടെ. നിങ്ങളുടെ ചിന്ത ഫലപ്രദമാകാന്‍ നിങ്ങളൊരു സഹായം തേടുകയാണ്. AI കൂടുതല്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ AI-യെ സംബന്ധിക്കുന്ന മൂന്ന് അന്ധവിശ്വാസങ്ങള്‍ ഉപേക്ഷിക്കണം. ഒന്ന്, AI കബളിപ്പിക്കലാണ്. രണ്ട്, AI തൊഴില്‍ അവസരങ്ങള്‍ ഇല്ലാതാക്കും. മൂന്ന്, AI ഒരു ട്രെന്‍ഡ് മാത്രമാണ്.

AI നിങ്ങളുടെ ചിന്താഭാരം കുറയ്ക്കും എന്ന തിരിച്ചറിവോടെ വേണം ഈ മനോഘടന സ്വീകരിക്കാന്‍. കൃത്യമായ ആശയവിനിമയമാണ് പ്രവൃത്തിയിലെ ആദ്യപടി. കുറിക്കുകൊള്ളുന്ന പ്രോംപ്റ്റ്സ് (prompts) AI-യ്ക്ക് നല്‍കാന്‍ നിങ്ങള്‍ക്ക് കഴിയണം. നിങ്ങളുടെ തലച്ചോറിന്റെ നീട്ട് എന്ന നിലയില്‍ വേണം AI ഉപയോഗിക്കാന്‍. മാത്രമല്ല, AI-യില്‍നിന്ന് കിട്ടുന്ന ആദ്യ പ്രതികരണംകൊണ്ട് തൃപ്തനാകാതെ വീണ്ടും വീണ്ടും ചോദ്യങ്ങള്‍ ചോദിക്കുക. അടുത്ത ദശകം മനുഷ്യനും AI-യും ചേര്‍ന്ന് ചിന്തിക്കുന്ന ഒന്നായിരിക്കും. അതിനാല്‍ മടികൂടാതെ AI ഉപയോഗിച്ചു തുടങ്ങുക.

പൊരുളും യുഗവും

ഡാരീയസ് ഫൊറു തന്റെ പുസ്തകത്തില്‍ രണ്ടേ രണ്ടു പുസ്തകങ്ങളെക്കുറിച്ച് മാത്രമേ പ്രാധാന്യത്തോടെ പ്രതിപാദിക്കുന്നുള്ളൂ. അതില്‍ ആദ്യത്തേത് വിക്ടര്‍ ഇ ഫ്രാങ്ക്ള്‍-ന്റെ ‘മാന്‍സ് സെര്‍ച്ച് ഫോര്‍ മീനിങ്ങ്’ എന്ന പുസ്തകമാണ് (ലക്ഷക്കണക്കിന് കോപ്പികള്‍ വിറ്റഴിഞ്ഞ ഈ പുസ്തകം മലയാളത്തില്‍ ‘പൊരുള്‍ തേടിയുള്ള മനുഷ്യപ്രയാണം’ എന്ന പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്). ഭൂമിയിലെ അതിജീവനത്തിന് മനുഷ്യന് അര്‍ത്ഥം ആവശ്യമാണ് എന്നതാണ് ഈ പുസ്തകത്തിന്റെ കേന്ദ്രപ്രമേയം. AI-യിലൂടെ നിങ്ങള്‍ നേടുന്ന വിജയം, നിങ്ങളുടെ അദ്ധ്വാനത്തെ നിങ്ങള്‍ എങ്ങനെ പുനര്‍നിര്‍വചിക്കും എന്നതിനെ ആശ്രയിച്ചിരിക്കുന്നു. നിങ്ങളുടെ മൂല്യങ്ങളും നിങ്ങളുടെ അദ്ധ്വാനത്തില്‍ പ്രതിഫലിക്കണം. അതില്‍നിന്നുണ്ടാകുന്നതാണ് ശരിയായ അര്‍ത്ഥബോധം. വിക്ടര്‍ ഫ്രാങ്ക്ള്‍ എഴുതുന്നു: “ജീവിതത്തെ അസഹനീയമാക്കുന്നത് സാഹചര്യങ്ങളല്ല, അര്‍ത്ഥബോധത്തിന്റേയും ലക്ഷ്യബോധത്തിന്റേയും അഭാവമാണ്.”

AI യുഗം മനുഷ്യന്റെ പ്രസക്തിയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ത്താം. എന്നാല്‍ ഓര്‍മിക്കൂ, AI-യ്ക്ക് അസംഖ്യം ഡാറ്റ പ്രോസസ്സ് ചെയ്യാന്‍ കഴിയുമെന്നേ ഉള്ളൂ. നിങ്ങളെ സംബന്ധിച്ച് പ്രാധാന്യം ഉള്ളത് എന്ത് എന്നതില്‍ നിങ്ങള്‍ തന്നെയാണ് അവസാന വാക്ക്. ചിന്തിക്കുക എന്ന പ്രക്രിയയില്‍ നിങ്ങള്‍ നിങ്ങളെത്തന്നെ മനസ്സിലാക്കുകയാണ്. നിങ്ങളാണ് നിങ്ങളുടെ മൂല്യങ്ങളുടേയും ദിശാബോധത്തിന്റേയും അര്‍ത്ഥത്തിന്റേയും ഉറവിടം. AI നിങ്ങള്‍ക്ക് അറിവുകള്‍ പകര്‍ന്നു തരും. പക്ഷേ, നിങ്ങളുടെ തീരുമാനങ്ങളുടെ വിധികര്‍ത്താവ് നിങ്ങള്‍ മാത്രം.

AI എങ്ങനെയെല്ലാം ഉപയോഗിക്കാം?

നിങ്ങളുടെ ലക്ഷ്യം ഓട്ടോമേറ്റ് ചെയ്യാന്‍ കഴിയില്ലല്ലോ? നിങ്ങളുടെ അര്‍ത്ഥം നിങ്ങളുടേത് മാത്രം. AI ഉപയോഗിക്കുമ്പോള്‍ നിങ്ങളുടെ ചിന്തയ്ക്ക് വേഗത കിട്ടും. ആശയവിനിമയം ഏളുപ്പമാകും. പക്ഷേ, അകൃത്രിമമായ വ്യക്തിബന്ധങ്ങള്‍ നിങ്ങള്‍ക്കു മാത്രമേ സൃഷ്ടിക്കാന്‍ കഴിയൂ. സ്വയം കണ്ടെത്തുന്നതിനുള്ള ഒരു ടൂളായി നിങ്ങള്‍ക്ക് AI ഉപയോഗിക്കാം. നിങ്ങള്‍ നിങ്ങളുടേതായ ഒരു തത്ത്വശാസ്ത്രം രൂപീകരിക്കുന്നതിലാണ് കാര്യം. നിങ്ങളുടെ മൂല്യങ്ങളും തത്ത്വങ്ങളുമാണ് നിങ്ങളെ നയിക്കേണ്ടത്.

വായിക്കാനും പഠിക്കാനും കാര്യങ്ങള്‍ മനസ്സിലാക്കാനും AI നിങ്ങളെ സഹായിക്കും. Chat GPT, Grok, Gemini, Perplexity എന്നിവയെല്ലാം ഉപകാരപ്രദങ്ങളായ AI ടൂളുകള്‍ തന്നെ. എന്നാല്‍, ഡാരീയസ് മുന്‍ഗണന കൊടുക്കുന്നത് ഡീപ് റിസര്‍ച്ചിനാണ്. ഏത് വിഷയത്തെ സംബന്ധിച്ചും വായിച്ച് അറിവ് നേടാനും ഉറച്ച ധാരണകള്‍ സ്വരൂപിക്കാനും ഇവയെല്ലാം നിങ്ങളെ സഹായിക്കും.

ബിസിനസ്സിലും ഫിനാന്‍സിലും AI തുറക്കുന്ന സാധ്യതകള്‍ അനന്തമാണ്. ടാക്സ് സംബന്ധമായ ചിന്താക്കുഴപ്പങ്ങളുണ്ടോ നിങ്ങള്‍ക്ക്? AI അതും പരിഹരിക്കും. ബിസിനസ്സില്‍ സന്ധിസംഭാഷണങ്ങള്‍ പ്രധാനപ്പെട്ടതാണല്ലോ. പ്രയോജനകരമായ ഒത്തുതീര്‍പ്പുകളില്‍ നിങ്ങള്‍ക്ക് AI-യിലൂടെ ഏര്‍പ്പെടാം. നിങ്ങളൊരു എഴുത്തുകാരനാണോ? നിങ്ങളുടെ ചിന്തയ്ക്കും ഗവേഷണത്തിനും എഴുത്തിനുമെല്ലാം AI അസാധാരണ ഗതിവേഗം നല്‍കും. എന്തിനേറെ പറയുന്നു, പാചകത്തിലും AI നിങ്ങളെ ഒരു കൈ സഹായിക്കും. AI ഒരു ആള്‍ പര്‍പ്പസ് ടൂര്‍ ആണെന്ന് ചുരുക്കം.

AI ഉപയോഗത്തില ചതിക്കുഴികള്‍

AI ഉപയോഗിക്കുമ്പോള്‍ നിങ്ങള്‍ എടുക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചും ഡാരീയസ് വിവരിക്കുന്നുണ്ട്. പ്രധാനമായും അഞ്ച് ചതിക്കുഴികളാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. ഒന്ന്, നിങ്ങളുടെ ചിന്താശേഷിയെ ഉപയോഗിക്കാതെ AI-യെ പൂര്‍ണമായും ആശ്രയിക്കുന്നത്. രണ്ട്, AI നല്‍കുന്ന ഔട്ട്പുട്ടിനെ പൂര്‍ണമായും വിശ്വസിക്കുന്നത്. മൂന്ന്, എല്ലാറ്റിനുമുള്ള എളുപ്പവഴിയായി AI ഉപയോഗിക്കുന്നത്. നാല്, നിങ്ങളുടെ ജോലിയെ കൂടുതല്‍ യന്ത്രാശ്രയത്വത്തിലാക്കുന്നത്. അഞ്ച്, മനുഷ്യനെപ്പോലെ ചിന്തിക്കാന്‍ AI-യ്ക്ക് കഴിയില്ല എന്ന സത്യം മറക്കുന്നത്. ഈ ചതിക്കുഴികളില്‍ വീഴുന്നത് മൂലമുണ്ടാകുന്ന പ്രശ്നങ്ങളും അവ എങ്ങനെ പരിഹരിക്കാം എന്നതും ഡാരീയസ് ഇവിടെ വിശദീകരിക്കുന്നു.

AI-യും നിങ്ങളും

AI നയിക്കുന്ന നവലോകത്തില്‍ എങ്ങനെ നിങ്ങള്‍ക്കു മുന്നേറാന്‍ കഴിയുമെന്ന് അദ്ദേഹം വിശദമാക്കുന്നു. AI മേഖലയില്‍ ശാസ്ത്രീയമായ മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരുടേയും AI ഗവേഷകരുടേയും സൈറ്റുകള്‍ പിന്തുടരുകയാണ് പ്രധാനമായും ചെയ്യേണ്ടത്. ഹൈപ്പ് മാത്രമുള്ള സോഴ്സുകള്‍ ഉപേക്ഷിക്കുക. പുതിയ AI ടൂളുകള്‍ പരീക്ഷിക്കുന്നതില്‍ മടി കാണിക്കാതിരിക്കുക. നിങ്ങളുടെ AI ടൂള്‍ ഉപയോഗത്തെ സ്വയം ഓഡിറ്റിന് വിധേയമാക്കുക. ഇവയാണ് അദ്ദേഹം പ്രധാനമായും സൂചിപ്പിക്കുന്നത്.

നിങ്ങളുടെ വ്യക്തിപരമായ ജീവിതത്തെ ക്രമീകരിക്കാനും അടുക്കും ചിട്ടയുമുള്ളതാക്കാനും ഒക്കെ AI നിങ്ങളെ സഹായിക്കും. ഇതിന് ആവശ്യം വേണ്ട AI ടൂളുകളുടെ വിശദാംശങ്ങള്‍ ഡാരീയസ് തുടര്‍ന്നു നല്‍കുന്നു.

പത്താം അദ്ധ്യായം AI-യുടെ സഹായത്തോടെ നിങ്ങളുടെ ചിന്തകളെ എങ്ങനെ ക്രമീകരിക്കാം എന്നതാണ്. നിങ്ങളുടെ സര്‍ഗാത്മകത വര്‍ദ്ധിപ്പിച്ച് AI-യുടെ സഹായത്തോടെ പുതിയ കണ്ടെത്തലുകളിലേക്ക് എങ്ങനെ പോകാം എന്ന് അദ്ദേഹം വിശദീകരിക്കുന്നു. ഏറ്റവും പ്രധാനമായി ഡാരീയസ് എടുത്തു പറയുന്നത് മനുഷ്യന്റെ സഹജാവബോധത്തിനും മൗലികതയ്ക്കും പകരമാവില്ല AI എന്നതാണ്. AI ഒരു ടൂള്‍ മാത്രമാണ് എന്നത് എപ്പോഴും ഓര്‍മിക്കുക.

അവസാന അദ്ധ്യായം ആഗോള സമ്പദ്‌വ്യവസ്ഥയില്‍ AI എന്തൊക്കെ മാറ്റങ്ങള്‍ വരുത്തുന്നു എന്നതിനെക്കുറിച്ചാണ്. ഈ സന്ദര്‍ഭത്തിലാണ് ഡാരീയസ് രണ്ടാമതൊരു പുസ്തകത്തെക്കുറിച്ച് പറയുന്നത്. ജെയിംസ് ഡെയ്‌ല്‍ ഡേവിഡ്സണും ലോര്‍ഡ് വില്യം റീസ്‌മോഗും ചേര്‍ന്നെഴുതിയ ‘ദ സോവറിന്‍ ഇന്‍ഡിവിജ്വല്‍’ എന്നതാണ് ആ പുസ്തകം. കേന്ദ്രീകൃത സ്ഥാപനങ്ങളില്‍നിന്ന് വ്യക്തികളിലേയ്ക്ക് അധികാരം മാറുന്ന സാഹചര്യം സാങ്കേതികതയുടെ മുന്നേറ്റം സൃഷ്ടിക്കും. വ്യവസ്ഥാപിതമായ സാമ്പത്തിക ഘടനകള്‍ക്കു പകരം സ്വതന്ത്രമായ സാമ്പത്തിക വ്യവഹാരങ്ങള്‍ സാധ്യമായിത്തീരും. ഓട്ടോമേഷനും വികേന്ദ്രീകരണവും AI-യും ചേര്‍ന്ന് സൃഷ്ടിക്കുന്ന പുതിയ ലോകത്ത് ഉയര്‍ന്ന നൈപുണിയുള്ള വ്യക്തികള്‍ ബ്യൂറോക്രാറ്റിക് സ്ഥാപനങ്ങളെ കീഴ്‌പെടുത്തും. വിദ്യാഭ്യാസം, ആരോഗ്യം, ഫിനാന്‍സ്, നിയമം, മാധ്യമം, സോഫ്‌ട്‌വെയര്‍ ഡെവലപ്മെന്റ് എല്ലാം മാറ്റിയെഴുതപ്പെടും. ഈ പുതിയ ലോകത്ത്, നിങ്ങള്‍ ഒരു ഉപഭോക്താവായി അല്ല ചിന്തിക്കേണ്ടത്, ഒരു ക്രിയേറ്റര്‍ ആയിട്ടാണ്.

നമ്മുടെ യൂണിവേഴ്‌സിറ്റികള്‍ക്കും വേണ്ടേ ഒരു

AI-പ്രഥമ മനസ്ഥിതി?

പുസ്തകം അവസാനിപ്പിക്കുമ്പോള്‍ ഡാരീയസ് വളരെ പ്രധാനപ്പെട്ട ഒരാശയം ചൂണ്ടിക്കാട്ടുന്നുണ്ട്. AI-യെ നമ്മള്‍ സമീപിക്കേണ്ടത് സൈദ്ധാന്തികമായിട്ടല്ല, പ്രായോഗികമായിട്ടാണ് എന്നതാണ് ആ ആശയം. അതിന്റെ ഫലം ‘വിജയം’ ആണെന്നും അദ്ദേഹം എടുത്തു പറയുന്നു.‍

AI ഉപയോഗത്തിന്റെ പ്രായോഗികതയെക്കുറിച്ചുള്ള സ്വന്തം അനുഭവമാണ് ഞാനിവിടെ പങ്കുവെയ്ക്കുന്നത്. ഒരു ദശകം മുന്‍പ് കേരളത്തിലെ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളുടെ ഡെസര്‍ട്ടേഷന്‍ പേപ്പറുകളില്‍ കണ്ടിരുന്ന ഒരു പ്രവണത ‘കട്ട് ആന്റ് പേസ്റ്റ്’ ആയിരുന്നു. സ്വാഭാവികമായും ആശയങ്ങളും അവയുടെ അവതരണങ്ങളും ഏച്ചുകെട്ടിയതുപോലെ മുഴച്ചുനില്‍ക്കും. ആശയങ്ങളിലെ അവ്യക്തത, പൊരുത്തക്കേടുകള്‍, ആഖ്യാനത്തിലെ കല്ലുകടികള്‍, ശൈലീഭംഗങ്ങള്‍ എന്നിവയൊക്കെയാണ് ഇങ്ങനെ മുഴച്ചുനിന്നിരുന്നത്.

എന്നാല്‍, 2025-ല്‍ വിദ്യാര്‍ത്ഥികളുടെ പ്രബന്ധങ്ങളില്‍ ആശയങ്ങളും അവതരണങ്ങളും ഏതാണ്ട് പരിപൂര്‍ണമായിരിക്കുന്നു. ഒരു ഗവേഷണപ്രബന്ധം തയ്യാറാക്കുന്നതില്‍ നമ്മുടെ കലാലയ വിദ്യാര്‍ത്ഥികളെ AI വളരെ ധനാത്മകമായി പിന്തുണയ്ക്കുന്നു എന്ന യാഥാര്‍ത്ഥ്യം,ഗുണപരമായ ആ മുന്നേറ്റം-ആഹ്ലാദകരമാണ് (AI-യെ മാത്രം ആശ്രയിക്കുന്ന വിദ്വാന്മാരും ഇല്ലാതില്ല!). എന്നാല്‍, തങ്ങളുടെ അധ്യയന ജീവിതത്തിലും പ്രൊഫഷണല്‍ കരിയറിലുമൊക്കെ AI എന്ന നവസാധ്യതയെ മികവോടെ ഉപയോഗിക്കാനാവശ്യമായ വിഷയങ്ങള്‍ എന്തുകൊണ്ട് അവരുടെ കരിക്കുലത്തിന്റെ ഭാഗമാക്കിക്കൂടാ? അത്തരമൊരു ധീരനൂതന സമീപനം കേരളത്തിലെ യൂണിവേഴ്‌സിറ്റികളില്‍നിന്ന് കാലം ആവശ്യപ്പെടുന്നുണ്ട്.

ഇവിടെ ഒരു വിശദീകരണം ആവശ്യമുണ്ടെന്ന് തോന്നുന്നു. മാധ്യമസംബന്ധിയായ പല പ്രോഗ്രാമുകളിലും കേരളത്തിലെ യൂണിവേഴ്‌സിറ്റികള്‍ അവരുടെ സിലബസ്സില്‍ AI ഇപ്പോള്‍ ഉള്‍പ്പെടുത്തുന്നുണ്ട്. ഉദാഹരണമായി, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ എം.എ മള്‍ട്ടിമീഡിയ പ്രോഗ്രാമില്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ ‘ആര്‍ട്ട് ഓഫ് AI ‘ എന്നൊരു പുതിയ കോഴ്സ് ഉള്‍പ്പെടുത്തുന്നുണ്ട്. നമ്മുടെ കലാലയങ്ങളില്‍ മാനവിക വിഷയങ്ങളും ശാസ്ത്രവിഷയങ്ങളും ഭാഷാസാഹിത്യ വിഷയങ്ങളുമൊക്കെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ കരിക്കുലത്തിന്റെ ഭാഗമായി AI വിജ്ഞാനം കിട്ടണമെന്നാണ് എന്റെ വിവക്ഷ. അക്കാദമിക വിദഗ്ദ്ധര്‍ മനസ്സുവെച്ചാല്‍ അത് വളരെ എളുപ്പവുമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്ത്രീകളെ മറയാക്കുന്നു; നീക്കം ജാതി സെന്‍സസ് അട്ടിമറിക്കാന്‍, രാഷ്ട്രീയ ഭുപടം മാറ്റാനുള്ള ശ്രമം; ഇത് വനിതാ സംവരണ ബില്‍ അല്ല'

500 ഒഴിവുകൾ, ഡിപ്ലോമ, ഐടിഐ യോഗ്യതകളുള്ളവർക്ക് അവസരം; മഹാനദി കോൾഫീൽഡ്സിൽ മെയ് ഏഴ് മുതൽ അപേക്ഷിക്കാം

'എനിക്ക് നിങ്ങളെ 'അബു' എന്ന് വിളിക്കാമോ ?'; 'ഇതിനായി 50 വർഷമാണ് കാത്തിരുന്നതെ'ന്ന് കമൽ ഹാസനോട് രേഖ

'അതെന്താ അത്ഭുതമാണോ...?' കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചയെക്കുറിച്ച് കെ സുധാകരന്‍

അംബാനിയെ മറികടന്ന് അദാനി; ഏഷ്യയിലെ ഏറ്റവും സമ്പന്നന്‍

SCROLL FOR NEXT