സി.വി. ബാലകൃഷ്ണന്‍
We all should know that diversity makes for a rich tapestry, and we must understand that all the threads of the tapestry are equal in value no matter what their color:
Maya Angelou
പാഷയെ, പാവേല്‍ അലക്‌സാണ്ഡ്രോവിച്ച് ഇസായേവിനെ, അറിയുമോ എന്നു ചോദിച്ചതിന് റോസന്നയുടെ പ്രതിവചനം ഊഹിക്കാവുന്നതുതന്നെയായിരുന്നു.
ഇല്ല, കേട്ടിട്ടില്ല.
“എന്റെ പാവം പാഷ എന്തുചെയ്യുകയാണ്; രണ്ടു മാസമായി ഞാനവന് പണമൊന്നും അയച്ചിട്ടില്ല (അവന് അയച്ചുകൊടുക്കാന്‍ ഒരു ചില്ലിക്കാശുപോലും, സത്യമായിട്ടും എന്റെ പക്കല്‍ ഉണ്ടായിരുന്നില്ല).” ഫയദോര്‍ ദസ്‌തയേവ്‌സ്‌കി ജനീവയില്‍നിന്ന് തന്റെ ഉറ്റസുഹൃത്തായ അപ്പോലന്‍ നിക്കോലായേവിച്ച് മൈക്കോവിനയച്ച കത്തുകളിലൊന്നില്‍ വേവലാതിപ്പെടുന്നു.
പാഷ ദസ്‌തയേവ്‌സ്‌കിയുടെ ആദ്യ ഭാര്യയായ മേരി ദമിട്രീവ്‌നയ്ക്ക് മുന്‍വിവാഹത്തിലുണ്ടായ പുത്രനായിരുന്നു. പാഷയെ സ്നേഹിക്കുമെന്ന ഉറപ്പ് ഫയദോറില്‍നിന്നു നേടിയ ശേഷമാണ് ക്ഷയരോഗം മൂര്‍ച്ഛിച്ച് മേരി കാലഗതി പ്രാപിച്ചത്. ഹൃദയാലുവായ ഫയദോറിന് തന്റെ വാക്കു പാലിക്കാന്‍ ഏറെ ക്ലേശിക്കേണ്ടിവന്നു. തിരിച്ചുകിട്ടിയത് നന്ദികേടുമാത്രം.
സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലിരുന്ന് വളരെ ധൃതിയില്‍ ‘ചൂതാട്ടക്കാരന്‍’ എഴുതുന്ന വേളയില്‍ കൃതഹസ്തയായ ഒരു ചുരുക്കെഴുത്തുകാരിയായി ഫയദോറിന്റെ പണിപ്പുരയിലെത്തുകയും പിന്നീട് പ്രണയിനിയും സഹധര്‍മിണിയും ഏറ്റവും പ്രിയമുള്ളവളും പ്രസാധകയും സാമ്പത്തികോപദേഷ്ടാവും ബിസിനസ് മാനേജരുമായിത്തീരുകയും ചെയ്ത അന്ന ഗ്രിഗറേവ്ന, മാഡം ദസ്‌തയേവ്‌സ്‌കി, തന്റെ ഓര്‍മക്കുറിപ്പുകളില്‍ പാഷയെ കൃതഘ്‌നനും നിര്‍മര്യാദപ്പെരുമാളുമെന്ന നിലയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഫയദോറിന്റേയും അന്നയുടെയും ജീവിതത്തിലെ ഭാരക്കുരിശായിരുന്നു പാഷ.
പാഷയുടെ അമ്മ മേരി ദമിട്രീവ്ന ഒരു കാല്‍ ശവക്കുഴിയിലായിരിക്കെ ഞെട്ടിപ്പിക്കുന്ന ഒരു കുമ്പസാരം നടത്തുകയുണ്ടായി ഫയദോറിനോട്. അതായത്, അവളെ സംബന്ധിച്ച് വിവാഹം പ്രേമം വഴിയല്ലാതെ കാര്യലാഭത്തിനായുള്ളതായിരുന്നു. എഴുത്തിലൂടെ കൈവരിച്ച പ്രശസ്തിയും വ്യക്തിബന്ധങ്ങളും പ്രലോഭനമായിത്തീര്‍ന്നു. വിവാഹത്തിന്റെ തലേരാത്രി അവള്‍ ചെലവഴിച്ചത് തന്റെ കാമുകനും അദ്ധ്യാപകനുമായ യുവകോമളനൊപ്പമാണ്. വിവാഹാനന്തരവും ആ ബന്ധം നിര്‍വിഘ്‌നം തുടര്‍ന്നു. അവന്‍ നിഴലുകണക്കെ അവളെ പിന്തുടര്‍ന്നിരുന്നു എല്ലായ്‌പോഴും. രാജയക്ഷ്‌മാവിനെത്തുടര്‍ന്ന് സൗന്ദര്യം നഷ്ടമായതോടെ അവന്‍ തിരോധാനം ചെയ്തു; മേല്‍വിലാസം പോലും നല്‍കാതെ. നഷ്ടപ്രണയത്തിന്റെ വിങ്ങല്‍ മേരി ദമിട്രീവ്‌നയുടെയുള്ളില്‍ അന്ത്യനിമിഷങ്ങളിലും ഉണ്ടായിരുന്നു. അവള്‍ ഭര്‍ത്താവിനോട് പറഞ്ഞു: ഇല്ല, ഞാന്‍ നിങ്ങളെ സ്നേഹിച്ചിട്ടേയില്ല. ഒരു മുന്‍ കുറ്റവാളിയെന്ന നിലയ്ക്ക് വെറുപ്പായിരുന്നു.
“ഫയദോര്‍ അതുകേട്ട് തകര്‍ന്നുപോയിരിക്കും.” റോസന്ന പറഞ്ഞു.
“ആരായാലും തകര്‍ന്നുപോവില്ലേ?” ഞാന്‍ ചോദിച്ചു.
“ഫയദോറാണെങ്കില്‍ വെറും ശുദ്ധാത്മാവ്.”
“ദ ഇഡിയറ്റിലെ ലെവ് നികോലായെവിച്ച് മിഷ്‌കിന്‍.”
“അതെ. മിഷ്‌കിന്‍ തന്നെ.”
അത്രമേല്‍ നല്ലവനും നിഷ്‌കളങ്കനും സുഭഗനും യഥാര്‍ത്ഥ ക്രിസ്തീയ സന്ദേഹത്തിന്റെ പ്രത്യക്ഷീകരണവുമായ പ്രിന്‍സ് മിഷ്‌കിന്‍ സ്വിറ്റ്സര്‍ലാന്‍ഡിലെ ഒരു സാനെറ്റോറിയത്തില്‍ ചുഴലിദീനത്തിനുള്ള ചികിത്സ കഴിഞ്ഞ് സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ തിരിച്ചെത്തിയശേഷം പഴയ മൂല്യവ്യവസ്ഥയാകെ മാറിയ ആധുനിക റഷ്യന്‍ സമൂഹത്തെ അഭിമുഖീകരിക്കുന്നതും അപഹാസ്യനായി തകര്‍ന്നുപോകുന്നതുമായ പ്രമേയം ഫയദോര്‍ പല കുറിപ്പുകളിലൂടെ വികസിപ്പിച്ചെടുത്തതും നിരവധി മാറ്റങ്ങളോടെ എഴുതാനാരംഭിച്ചതും ‘അന്യ’യോടൊപ്പം (ഫയദോര്‍ സ്നേഹാതിരേകത്തോടെ പ്രേയസ്സിയെ വിളിച്ചിരുന്ന ഓമനപ്പേര്) സ്വിറ്റ്സര്‍ലാന്‍ഡില്‍ പൊറുതികൊള്ളുമ്പോഴാണ്. പച്ചപ്പരമാര്‍ത്ഥിയായ ഒരു നായക കഥാപാത്രത്തെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ സ്വന്തം അനുഭവപരിസരങ്ങളില്‍നിന്ന് രൂപപ്പെടുത്തുകയെന്നത് തുലോം അസാദ്ധ്യമാണെന്നു തിരിച്ചറിഞ്ഞ ഫയദോര്‍ കണ്ണാടിയില്‍ നോക്കി സ്വയം കണ്ടെത്തി തന്നെത്തന്നെ മാതൃകയാക്കി സൃഷ്ടിച്ച മിഷ്‌കിന് മാരകമായ അപസ്‌മാരബാധയുണ്ടാവുകയും ബോധം നഷ്ടപ്പെട്ട് നിലംപതിക്കുകയും പല്ലുകടിക്കുകയും വായില്‍നിന്നും നുര ഒഴുക്കുകയും ചെയ്യുന്നത് നിയന്ത്രിക്കാനാവാത്തത് ഗ്രന്ഥകാരന്‍ സ്വാനുഭവവും അതിന്റെ നിസ്സഹായതയും ദൈന്യവും അവനുകൂടി ബാധകമാക്കിയതുകൊണ്ടാണ്. അപസ്‌മാരം തന്നെയുമല്ല, അകാലത്ത് മരിച്ച ജ്യേഷ്ഠസഹോദരന്‍ മിഹായേല്‍ മിഹായ്‌ലോവിച്ച് (1820-1864) ആദ്യം. ‘പ്രെമ്യ’ (കാലം) എന്ന പ്രസിദ്ധീകരണത്തിന്റേയും അത് സര്‍ക്കാര്‍ ഇടപെട്ട് പൂട്ടിക്കെട്ടിയപ്പോള്‍ ആരംഭിച്ച ‘ഈ പോക്ക്’ (നിര്‍ണീത കാലസന്ധി) എന്ന മാസികയുടേയും പത്രാധിപരും പ്രസാധകനുമെന്ന നിലയില്‍ വരുത്തിവെച്ച ഋണബാദ്ധ്യതകള്‍ ശുദ്ധമനസ്‌കതകൊണ്ട് സ്വന്തം തലയില്‍ ഏറ്റുവാങ്ങിയ ഫയദോര്‍ അന്നയുമായുള്ള വിവാഹം കഴിഞ്ഞപാടെ സ്വിറ്റ്സര്‍ലാന്‍ഡിലേയ്ക്കു പലായനം ചെയ്യാന്‍ പല കാരണങ്ങളുണ്ടായിരുന്നു. അവയിലൊന്നായിരുന്നു പാഷയ്ക്ക് രണ്ടാനമ്മയുടെ സ്ഥാനത്ത് അവരോധിതയായ അന്നയോടുള്ള കടുത്ത അനിഷ്ടം. “വാക്കു തന്നതുപോലെ എന്റെ പാഷയെ എന്നും സ്നേഹിക്കണേ” എന്നുള്ള മേരി ദമിട്രീവ്നയുടെ ദീനമായ അഭ്യര്‍ത്ഥന ഫയദോര്‍ എന്നും കേള്‍ക്കുകയും തന്റെ വാക്കു പാലിക്കാനായി പാഷയുടെ ഏതാഗ്രഹവും നിറവേറ്റുകയും ചെയ്യുമായിരുന്നു. ഒരു ദ്രോഹവും കാട്ടിയിട്ടില്ലാത്ത തന്നെ അവനെന്തിന് വെറുക്കുന്നുവെന്ന്, തന്നോട് ധിക്കാരപൂര്‍വം പെരുമാറുന്നുവെന്ന്, അനുസരണക്കേട് പാലിക്കുന്നുവെന്ന്, അറിയാതെ അന്ന വിഷമിച്ചു. ഫയദോറാണെങ്കില്‍ ഒച്ചയെടുത്ത് ശാസിക്കാനോ, തിരുത്താനോ ആകാത്തവണ്ണം ഒരു ആഭിചാരത്തിനു കീഴ്‌പെട്ട അവസ്ഥയിലായിരുന്നു. അന്ന മറ്റാരും കേള്‍ക്കാതെ തേങ്ങിയിരിക്കണം: ഹാ, എന്റെ ജീവിതം!
അന്നയുടെ പിതാവ് ഗ്രിഗറി ഇവാനോവിച്ച് സ്‌നിറ്റ്കിന്‍ ഉക്രൈന്‍ വംശജനും സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ കുടുംബവുമൊത്ത് പാര്‍ക്കുന്നതോടെ ഫയദോര്‍ ദസ്‌തയേവ്‌സ്‌കിയുടെ തീവ്ര ആരാധകനുമായിരുന്നു. 1866 ഒക്ടോബര്‍ 4-ന് അന്ന ഫയദോറിന്റെ ചുരുക്കെഴുത്തുകാരിയെന്ന ജോലിയില്‍ പ്രവേശിച്ചു. ഒരു മാസം കഴിഞ്ഞപ്പോള്‍ മനസ്സമ്മതച്ചടങ്ങ്. കൗതുകകരമായ ഒരു മുഹൂര്‍ത്തം അതിനു മുന്‍പേ ഉണ്ടായിരുന്നു.
അന്ന ഓര്‍മക്കുറിപ്പുകളില്‍ രേഖപ്പെടുത്തിയതുപ്രകാരം ഫയദോര്‍ തന്റെ താല്പര്യം പ്രകടമാക്കിയത് നേരേ ചൊവ്വേയല്ല. എഴുതാനിരിക്കുന്ന ഒരു നോവലിലേയ്ക്കായി അവളുടെ ഉപദേശമാരാഞ്ഞു. വൃദ്ധനായൊരു ചിത്രകാരന് യുവതിയായ മോഡലിനോട് സ്നേഹം തോന്നിയാല്‍ അവളുടെ പ്രതികരണം എവ്വിധമാവും? സ്‌ത്രൈണ മനശ്ശാസ്ത്രമനുസരിച്ചുള്ള ഒരു മറുപടി വേണം. “ആ സ്ഥാനത്ത് ഒരു നിമിഷത്തേയ്ക്ക് സ്വയം സങ്കല്പിക്കുന്ന ചിത്രകാരന്‍ ഞാനാണെന്നും നിന്നോട് ഞാന്‍ ഭാര്യയാകാമോ എന്നു ചോദിച്ചുവെന്നും വിചാരിക്കുക. എന്തായിരിക്കും നിന്റെ മറുപടി?” എന്ന ചോദ്യത്തിന് അന്ന പറഞ്ഞു: “ഞാന്‍ പറയും അങ്ങയെ സ്നേഹിക്കുന്നുവെന്ന്, എന്നെന്നും സ്നേഹിക്കുമെന്ന്.”
1867 ഫെബ്രുവരി 15-ന് അവര്‍ വിവാഹിതരായി. രണ്ടു മാസം കഴിഞ്ഞ് വിദേശത്തേയ്ക്കു പോയി. നാലു വര്‍ഷം പ്രവാസജീവിതം. ക്ലേശഭരിതം. ജനീവയിലായിരിക്കെ 1868 മാര്‍ച്ച് 5-ന് പിറന്ന ആദ്യത്തെ കണ്‍മണിയായ സോഫിയ മൂന്നു മാസത്തെ ആയുസ്സ് തികച്ച് ശ്വാസം വെടിഞ്ഞു.
പാഷയേയും സഹോദരപത്നിയേയും മരണം അറിയിച്ചില്ല.
ഫയദോര്‍ എഴുതിയിട്ടുണ്ട്: “എന്റെ കുഞ്ഞിന്റെ മരണം വിഷമിപ്പിക്കുന്നതിനുപകരം നേരെ വിപരീതമായ ഫലമാവും അവരില്‍ ഉളവാക്കുക എന്ന ആലോചന എന്നെ തളര്‍ത്തുന്നു. പാവം കുഞ്ഞ്, എന്തു തെറ്റ് ചെയ്തു അവരോട്. അവര്‍ എന്നെ വെറുത്തോട്ടെ. എന്നെയും എന്റെ സ്നേഹത്തേയും നിന്ദിച്ചുകൊള്ളട്ടെ. അതു ഞാന്‍ കാര്യമാക്കുന്നില്ല.”
ഏറെ സങ്കടപ്പെട്ട് കുറിച്ച വാക്കുകളാണ്. ചുഴലിദീനവും ചൂതാട്ടത്തിലെ കമ്പവും ഋണബദ്ധതയുമൊക്കെ ചേര്‍ന്നുള്ള ഞെരുക്കത്തില്‍പെട്ട് തക്കസമയത്ത് പ്രസവ സഹായത്തിനായി. പതിച്ചിയെ വിളിച്ചുകൊണ്ടുവരാന്‍ പറ്റാത്തതാണ് സോഫിയ മോളുടെ മരണഹേതുവെന്ന് വിലയിരുത്തിയ ഫയദോര്‍ ആത്മനിന്ദയില്‍ ഉരുകുകയായിരുന്നു. അതിന്റെ നീറ്റല്‍ പങ്കുവെയ്ക്കാന്‍ അന്യയല്ലാതെ വേറെയാരുമില്ല.
“ഞാന്‍ നൂറ്റിമുപ്പത്തിയേഴാമത് സങ്കീര്‍ത്തനം വായിക്കട്ടെ?” റോസന്ന ചോദിച്ചു.
അവള്‍ എന്നെ ഫോണിലൂടെ കേള്‍പ്പിക്കുകയായി:
“By the rivers of Babylone there we sat down, yea we wep’t when we remembered Zio’n.
We hanged our harps upon the willows in the midst there of.
For there they that carried us away captive required of us a song; and they that wasted us required of us mirth, saying, Sing us one of the songs of Zion.
How shall we sing the Lord’s song in a strange land?”
ഫയദോറിന് യെരുശലേം റഷ്യയായിരുന്നു. എന്റെ യെരുശലേമേ നിന്നെ ഞാന്‍ മറക്കുന്നു എങ്കില്‍ എന്റെ വലങ്കൈ മറന്നുപോകട്ടെ. നിന്നെ ഞാന്‍ ഓര്‍ക്കാതെ പോയാല്‍, യെരുശലേമിനെ എന്റെ മുഖ്യസന്തോഷത്തെക്കാള്‍ വിലമതിക്കാതെ പോയാല്‍, എന്റെ നാവ് അണ്ണാക്കിനോടു പറ്റിപ്പോകട്ടെ.
റഷ്യന്‍ മണ്ണിനോട് അതേ വികാരം തന്നെയായിരുന്നു അന്നയ്ക്കും. അവര്‍ വിദേശത്തുനിന്ന് തിരിച്ചെത്താന്‍ സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ മുതലകള്‍ വാ പിളര്‍ന്ന് കാത്തിരിപ്പുണ്ട്.
ഉവ്വ്, അറിയാം. എന്നിട്ടും അവര്‍ അകളങ്കമായി റഷ്യയെ സ്നേഹിച്ചു. റഷ്യ തങ്ങളെ സ്നേഹിക്കുന്നുണ്ടോയെന്നത്, അന്യോന്യത നിറവേറ്റുന്നുവോയെന്നത്, അവര്‍ക്ക് ഒരു വേവലാതിയായതേ ഇല്ല.
സ്വിറ്റ്സര്‍ലാന്‍ഡിലെ ജനീവയിലും തുടര്‍ന്ന് ജര്‍മന്‍ നഗരങ്ങളായ ഡ്രെസ്ഡെനിലും ബാഡന്‍-ബാഡനിലും അഷ്ടിച്ച് ജീവിക്കുന്നതിനിടയില്‍ റഷ്യന്‍ ആത്മാവിനെക്കുറിച്ച് ഫയദോര്‍ വാചാലനാവുമായിരുന്നു. പരമമായ ഔല്‍കൃഷ്ട്യം റഷ്യയുടെ ആത്മാവിനാണെന്ന് ഫയദോര്‍ പറയും. അന്ന വിയോജിക്കില്ല.
സോഫിയയുടെ നഷ്ടം നികത്താന്‍ രണ്ടാമതൊരു കുഞ്ഞ് പിറന്നത് ഡ്രെസ്ഡെനില്‍വെച്ചാണ്: ല്യൂബോവ്.
പിറവി കൊണ്ടാടപ്പെട്ടു. ഡ്രെസ്ഡെന്‍ ഭദ്രാസനപ്പള്ളിയില്‍നിന്ന് തിരുക്കുടുംബത്തിനായി മണി മുഴങ്ങി. മാതാപിതാക്കള്‍ കുഞ്ഞിനെ ചേര്‍ത്തുപിടിച്ച് ഹര്‍ഷാതിരേകത്തോടെ സ്തോത്രം ചൊല്ലി.
നാല് വര്‍ഷത്തിനുശേഷം സെന്റ് പിറ്റേഴ്‌സ്ബര്‍ഗിലേയ്ക്കുള്ള മടക്കയാത്രയില്‍ അവര്‍ മൂവരും മാത്രമായിരുന്നില്ല. പ്രിന്‍സ് മിഷ്‌കിനുണ്ട്. റോഗോഷിനും ലെബഡ്‌യേവും ലിസാവെറ്റയും ലാവണ്യവതിയായ നടാസ്യഫിലിപ്പോമ്‌നയുമുണ്ട്. ഒരേ വികാരവായ്‌പോടെ അവരെല്ലാം യാത്ര ചെയ്തു. തീവണ്ടി അവരെയുംകൊണ്ട് പല ദേശങ്ങള്‍ താണ്ടിക്കടന്നു.
അവരെയും കാത്ത് തീവണ്ടിയാപ്പീസില്‍ പാഷ നില്‍പ്പുണ്ടായിരുന്നില്ല. ഉണ്ടായിരുന്നെന്ന് വെയ്ക്കുക. ഫയദോര്‍ എത്ര ആഹ്ലാദവാനായേനെ. എന്തുമാത്രം ഊഷ്‌മളതയോടെ അവനെ ചേര്‍ത്തുപിടിച്ചേനെ. എത്രയേറെ ചുംബനങ്ങള്‍ നല്‍കിയേനെ. എത്ര ഹര്‍ഷാശ്രു പൊഴിച്ചേനെ.
“അവന്, അടുത്തുനിന്ന് കാണുമ്പോള്‍, ദൂരെനിന്ന് കാണുന്നതെക്കാള്‍ കുറഞ്ഞ ആകര്‍ഷണീയതയേ ഉള്ളൂ. വിളറിയ, മിക്കവാറും മഞ്ഞച്ച മുഖം. മഞ്ഞ കലര്‍ന്ന വെളുപ്പ് പടര്‍ന്ന് ഇരുണ്ട കണ്ണുകള്‍. പുകയിലക്കറയാല്‍ മഞ്ഞയായ ദന്തനിര.” അന്ന പാഷയെ വിവരിച്ചിട്ടുള്ളത് ഇപ്രകാരമാണ്. ഈര്‍ഷ്യയോടെ അവന്‍ പെരുമാറിയിട്ടുള്ള സന്ദര്‍ഭങ്ങള്‍ ഓര്‍മക്കുറിപ്പുകളിലുണ്ട്. അവന് പകയായിരുന്നു. ചെകുത്താന് ദൈവത്തോട് ഉള്ളതുപോലെ എന്നു വിശേഷിപ്പിക്കാവുന്ന കൊടുംപക.
കയ്യില്‍ ഒറ്റ റൂബിള്‍പോലുമില്ല എന്നു പറഞ്ഞാല്‍ പാഷ കേള്‍ക്കില്ല.
അവന് കാശ് കിട്ടിയേ തീരൂ.
ഫയദോര്‍ തന്റെ ചില സുഹൃത്തുക്കളെ സ്വാധീനിച്ച് അവന് രണ്ട് തൊഴില്‍ തരപ്പെടുത്തിയിരുന്നു. രണ്ടും അവന്‍ കളഞ്ഞുകുളിച്ചു. മേലധികാരികള്‍ അവനോട് അപമര്യാദയായി പെരുമാറിയെന്നതായിരുന്നു ജോലി കളയാനുള്ള അവന്റെ ന്യായീകരണം. മിഥ്യാഭിമാനമായിരുന്നു എന്നും ശത്രു.
സ്വന്തം നഗരത്തിലായിരിക്കെ ഫയദോറിനും അന്നയ്ക്കും രണ്ട് ആണ്‍മക്കള്‍ പിറന്നു.
ഫ്യോദോറും അലെക്‌സിയും.
അമ്മയോടൊപ്പം അവസാനംവരെ ഉണ്ടായത് ഫ്യോദോറാണ്. അലെക്‌സിക്ക് അല്പായുസ്സായിരുന്നു. അവന്റെ വിയോഗം അപ്പന്‍ കണ്ടില്ല. ടിക്‌വിന്‍ സെമിത്തേരിയിലെ ശിലാഫലകത്തില്‍ യോഹന്നാന്റെ സുവിശേഷത്തിലെ ഈ വാക്കുകള്‍.
“Verily, verily, I say unto you, except a corn of wheat fall into the ground and die, it abidetth alone: but if it dies, it bringeth forth much fruit"
ആമേന്‍, ആമേന്‍, ഞാന്‍ നിങ്ങളോടു പറയുന്നു: കോതമ്പുമണി നിലത്തുവീണു ചാകുന്നില്ല എങ്കില്‍ അതു തനിയെ ഇരിക്കും; ചത്തു എങ്കിലോ വളരെ വിളവുണ്ടാകും.
ഫയദോറിന്റെ ദേഹാന്തം 1881 ഫെബ്രുവരി ഒന്‍പതിനായിരുന്നു. അമ്പത്തിയൊന്‍പതാം വയസ്സില്‍. മരണത്തിന്റെ വര്‍ഷം അന്നയ്ക്കു മുപ്പത്തിയഞ്ച് വയസ്സായിരുന്നു. പക്ഷേ, പുനര്‍വിവാഹം ചെയ്തില്ല. ഫയദോര്‍ നിത്യസാന്നിദ്ധ്യമായി കൂടെത്തന്നെ ഉണ്ടായിരുന്നു. സൗന്ദര്യം ലോകത്തെ രക്ഷിക്കുമെന്ന് ഫയദോര്‍ വിശ്വസിച്ചിരുന്നു. ‘ഇഡിയറ്റി’ല്‍ കുറിച്ചുവല്ലോ: “Beauty will save the world.” ഫയദോര്‍ പ്രിയയോട് അതാവര്‍ത്തിച്ചു, നിത്യേന: അന്യാ എന്റെ അന്യാ...
അമ്മയോടുള്ള വാക്കു പാലിക്കുന്നതിനായി ജീവകാലമത്രയും തന്റെമേല്‍ സ്നേഹം വര്‍ഷിക്കുകയും തനിക്കായി ചോദിക്കുമ്പോഴൊക്കെ റൂബിള്‍ തരികയും കൃതഘ്‌നത കാട്ടിയപ്പോഴൊക്കെയും ക്രിസ്തീയമായ അനുതാപത്തോടെ നോക്കിക്കാണുകയും ചെയ്ത രണ്ടാനപ്പന്‍ മരണശയ്യയിലായിരിക്കെ പാഷ കാണാന്‍ ചെല്ലുകയുണ്ടായി. കണ്ണുനീരോടെ വിട പറയുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. പക്ഷേ, പാഷയുടെ മുഖ്യ പരിഗണന (അന്ന ഓര്‍മിച്ചതു പ്രകാരം) രണ്ടാനപ്പന്റെ ഒസ്യത്തായിരുന്നു. എന്തുണ്ട് എനിക്ക്? അവന് അറിയില്ല, മുന്നില്‍ അന്ത്യശ്വാസം വലിക്കുന്ന മനുഷ്യന്റെ മഹത്വം. അടുത്തൊരു നിമിഷത്തില്‍ പിടഞ്ഞ് നിശ്ചലമാകാനിരിക്കുന്ന വലിയ ഹൃദയത്തില്‍ തനിക്കു കല്പിക്കപ്പെട്ട സ്ഥാനമെന്തെന്ന് തിരിച്ചറിയാനുള്ള വിവേകം അവന് ഇല്ലാതെപോയി. എവിടെ, മരണപത്രം എവിടെ, എന്ന ചോദ്യവുമായി അവന്‍ അങ്ങുമിങ്ങും കണ്ണോടിക്കെ ഫയദോര്‍ മരണത്തെ കണ്ടു.
മരണം മന്ത്രിച്ചു: മഹാനായ എഴുത്തുകാരാ, ക്ഷമിക്കുക. ഭൂമിയിലെ സമയം അവസാനിക്കുന്നു. പോകാതെ പറ്റില്ല. പക്ഷേ, താങ്കള്‍ ഉള്ളുരുകി എഴുതിയ പാവപ്പെട്ടവരും വെളുത്ത രാത്രികളും കുറ്റവും ശിക്ഷയും മരിച്ചവരുടെ വീടും അധോതലക്കുറിപ്പുകളും ചൂതാട്ടക്കാരനും ഇഡിയറ്റും കാരമസോവ് സഹോദരന്മാരും മനുഷ്യരുള്ള കാലത്തോളം ഇവിടെയുണ്ടാകും. അത് ഉറപ്പാണ്. അന്ന ഉണ്ടല്ലോ. പുസ്തകങ്ങളുടെ കാര്യമൊക്കെ അന്ന നോക്കിക്കോളും. അന്നയും പോകും. പക്ഷേ, പുസ്തകങ്ങള്‍ റഷ്യനിലല്ല, പല പല ഭാഷകളില്‍ ബാക്കിനില്‍ക്കും. താങ്കളെപ്പോലൊരാള്‍ ഇനി ഉണ്ടാകില്ല. ഇങ്ങനെയൊരാളെ ഭൂമി ഇനി കാണില്ല.
ഞാന്‍ ഫോണിലൂടെ പറഞ്ഞതുകേട്ട് റോസന്ന, പ്രതീക്ഷിക്കാവുന്നതുപോലെ, വല്ലാതെ വികാരാധീനയായി. വാക്കുകളില്‍ ഇടര്‍ച്ചയായി.
“എന്തൊരു ജീവിതമായിരുന്നു!” അവള്‍ നെടുവീര്‍പ്പോടെ പറഞ്ഞു.
സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ പുഷ്‌കിന്‍ സ്മാരകത്തിന്റെ അനാച്ഛാദനവേളയില്‍ മുഖ്യാതിഥിയായി ഫയദോര്‍ ദസ്‌തയേവ്‌സ്‌കി ചെയ്ത ചരിത്രപ്രധാനമായ പ്രഭാഷണം ഓര്‍ത്തുപോയി. അത് സെന്റ് പിറ്റേഴ്‌സ്ബര്‍ഗിന്റെ സാംസ്കാരിക ചരിത്രത്തിലെ അസാധാരണ മുഹൂര്‍ത്തമായിരുന്നു. ദസ്‌തയേവ്‌സ്‌കി, റഷ്യയുടെ പുതിയ പ്രവാചകന്‍, സംസാരിക്കുന്നു. ഹൃദയത്തില്‍നിന്നുള്ള വാക്കുകള്‍. അവയ്ക്കായി കാതോര്‍ത്തവര്‍ അനേകമനേകം. വാക്പ്രവാഹം നിലച്ചപ്പോള്‍ ഹാളിലുണ്ടായ ശബ്ദാനമായത്വം അന്യയ്ക്കുള്ള അടുത്ത കത്തില്‍ ഫയദോറിനു തന്നെയും ഉചിതമാംവിധം വിവരിക്കാനാവാത്തതായിരുന്നു. ഓരോ പേജ് വായിച്ചുതീരുമ്പോഴും ഏതെങ്കിലും പരാമര്‍ശത്തിന് സവിശേഷമായ ഊന്നല്‍ നല്‍കുമ്പോഴും കരഘോഷം. ആഗോളതലത്തിലുള്ള ജനങ്ങളുടെ ഐക്യപ്പെടലിനെക്കുറിച്ചുള്ള വികാരതീവ്രമായ പ്രഖ്യാപനം, പ്രസംഗത്തിന്റെ ഒടുവില്‍, നിര്‍വഹിച്ചപ്പോഴാകട്ടെ, സദസ്സ് ഹര്‍ഷോന്മൂര്‍ച്ഛയിലായി. പലരും ആനന്ദാതിരേകത്താല്‍ അശ്രുധാര ചൊരിഞ്ഞു. അപരിചിതര്‍ പോലും ഗാഢമായ സ്നേഹവായ്‌പോടെ പരസ്പരം ആശ്ലേഷിച്ചു. ഇനിമേല്‍ കൂടുതല്‍ നല്ല മനുഷ്യരാകുമെന്ന്, അന്യോന്യം വെറുക്കില്ലെന്ന്, എന്നും സ്നേഹത്തില്‍ വര്‍ത്തിക്കുമെന്ന് പ്രതിജ്ഞ ചെയ്തു. പരിപാടിയുടെ ക്രമമാകെ തെറ്റി. എല്ലാവരും പ്ലാറ്റ്ഫോമിലേയ്ക്ക് ഇരച്ചുകയറി - മാന്യമഹിളകള്‍, ഛാത്രര്‍, സ്റ്റേറ്റ് സെക്രട്ടറിമാര്‍, കേവലം സാധാരണക്കാര്‍. അവര്‍ക്കെല്ലാം ഫയദോറിനെ ആലിംഗനം ചെയ്യണം, ചുംബിക്കണം. പലരും കൈലേസുകള്‍ വീശി. യദൃച്ഛയാ, ഫയദോറിന് പരിചയമില്ലാത്ത രണ്ടു വൃദ്ധര്‍, മുന്നിലെത്തി വഴിതടഞ്ഞു. “ഞങ്ങള്‍ ഇരുപതാണ്ടുകളായി ശത്രുതയിലായിരുന്നു. തമ്മാമ്മില് സംസാരിക്കാറില്ല. ഇപ്പോള്‍ ഞങ്ങള്‍ കെട്ടിപ്പിടിച്ചു. സമാധാനമായി. താങ്കളാണ് ഞങ്ങളെ പൊരുത്തപ്പെടുത്തിയത്. താങ്കളാണ് ഞങ്ങളുടെ പുണ്യാളന്‍. താങ്കളാണ് ഞങ്ങടെ പ്രവാചകന്‍!” ആള്‍ക്കൂട്ടം “പ്രവാചകന്‍, പ്രവാചകന്‍” എന്ന് ആര്‍ത്തുവിളിച്ചു.
അപ്പോള്‍ സദസ്യരില്‍ ഒരാള്‍ ബാഷ്‌പാവിലനേത്രങ്ങളോടെ ഇരുകൈകളും നീട്ടി പരിരംഭണത്തിനായി അടുത്തെത്തി. ഫയദോര്‍ വിസ്‌മീതനായി നിന്നു. അത് ‘പിതാക്കളും പുത്രന്മാരു’മെഴുതിയ കീര്‍ത്തിമാനായ ഐവാന്‍ സെര്‍ഗേയെവിച്ച് തുര്‍ഗേനേവായിരുന്നു. ഫയദോറിന്റെ നിതാന്തവൈരി. സാഹിത്യത്തിന്റെ നാസികയ്ക്കുമേല്‍ കിളിര്‍ത്ത മുഖക്കുരു (A pimple on the nose of literature) എന്നായിരുന്നു ഫയദോറിനു ചാര്‍ത്തിക്കൊടുത്ത പട്ടം. റഷ്യന്‍ മണ്ണ് വെടിഞ്ഞ് പാരീസില്‍ വാസമുറപ്പിച്ച തുര്‍ഗേനേവിന് റഷ്യയുമായുള്ള ബന്ധം വിടുതിയായെന്നും റഷ്യയെ കാണാന്‍ ഒരു ദൂര്‍ദര്‍ശിനി വാങ്ങേണ്ടതാണെന്നും ഫയദോര്‍ പരിഹാസപൂര്‍വം പ്രതിവചിച്ചു. വിദേശത്തു കഴിയാന്‍ നിര്‍ബന്ധിതനായപ്പോള്‍ ഫയദോര്‍ അന്യയുമായി പങ്കിട്ട ആശങ്ക താന്‍ തുര്‍ഗേനേവിനെപ്പോലെ ആകുമെന്നായിരുന്നു.
തുര്‍ഗേനേവ് കരഞ്ഞു. ഫയദോറിന്റെ വാക്കുകളിലെ റഷ്യന്‍ വികാരം ഉള്‍ക്കൊണ്ടതിന്റെ ദുഃഖവായ്‌പില്‍ ശത്രുതയെല്ലാം മായ്‌ച്ചുകളഞ്ഞ് തുര്‍ഗേനേവ് ഫയദോറിനെ ഇറുകെ പുണര്‍ന്നു.
അതൊരു അസാധാരണ മുഹൂര്‍ത്തമായി.
“ഫയദോര്‍, എന്നോട് പൊറുക്കുക.”
“ഏയ്, അങ്ങനെയൊന്നും പറയാതെ. നാം എന്നും സ്നേഹത്തിലായിരുന്നു എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. അന്യ ഇതു കാണാന്‍ ഇവിടെ ഉണ്ടായിരുന്നെങ്കില്‍!”
“അന്യയോട് പറയണം.”
“തീര്‍ച്ചയായും.”
“തുര്‍ഗേനേവിനെക്കാള്‍ മുമ്പേ ഫയദോര്‍ പോയി.
9 ഫെബ്രുവരി 1881-ന്. അന്‍പത്തിയൊന്‍പതാം വയസ്സില്‍.
3 സെപ്റ്റംബര്‍ 1883-ന് അറുപത്തിനാലാം വയസ്സില്‍ തുര്‍ഗേനേവും വിടചൊല്ലി.
ഫയദോറിന്റെ ജീവനെടുത്തത് കഠിനമായ ശ്വാസനാളവീക്കമാണ്. തുര്‍ഗേനേവ് സഹിച്ചതാകട്ടെ, ലിപ്പോസാര്‍കോമ. അത് ഒടുവിലായപ്പോഴേയ്ക്കും നട്ടെല്ലില്‍ പടര്‍ന്നു. ചരമാനന്തരം പാരീസനടുത്തുള്ള വിശാലഭവനത്തില്‍നിന്ന് സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ വോള്‍ക്കോവോ സെമിത്തേരിയില്‍ എത്തിച്ചേര്‍ന്നു. അതേ നഗരത്തില്‍ മറ്റൊരു ഭാഗത്ത് ടിഖ്‌വിന്‍ സെമിത്തേരിയില്‍ ഫയദോര്‍ ഉറങ്ങി.
“ദസ്‌തയേവ്‌സ്‌കി പോയതിനുശേഷം പാഷയുടെ ജീവിതം എങ്ങനെയായിരുന്നു?” റോസന്ന ആരാഞ്ഞു.
“അതിനു മുമ്പേ വിദേശത്തുനിന്നും തന്റെ ഉറ്റസുഹൃത്ത് മൈക്കോവിനയച്ച ഒരു കത്തില്‍ തന്റെ അപ്പോഴത്തെ ഹതാശമായ അവസ്ഥ വിവരിച്ചുകൊണ്ട് (എല്ലാറ്റിനും പുറമെ ഞാനൊരു രോഗിയും!) ഫയദോര്‍ ആകുലപ്പെട്ടിരുന്നു: തനിക്ക് ജോലി ചെയ്യാന്‍ പറ്റാതായാല്‍ എന്തു സംഭവിക്കും? പിന്നെ എന്ത്?” ഞാന്‍ റോസന്നയെ കേള്‍പ്പിച്ചു.
അമ്മ മേരി തന്ത്രപൂര്‍വം കുരുക്കിലകപ്പെടുത്തിയ മനുഷ്യനെ അപ്പനെന്നു വിളിച്ച് ആവോളം ചൂഷണവിധേയനാക്കുക എന്നതല്ലാതെ മറ്റൊരു ജോലിയും ചെയ്യില്ലെന്ന് എന്നോ നിശ്ചയിച്ചുറപ്പിച്ചിരുന്ന പാഷ വിവാഹിതനായത് ഫയദോറും മൂന്നാം തവണ ഗര്‍ഭിണിയായ അന്നയും സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ തിരിച്ചെത്തുന്നതിന് ഒരു മാസം മുന്‍പാണ്. വിവാഹം തന്നെ അറിയിച്ചില്ലെന്നതില്‍ ഫയദോര്‍ ദുഃഖിച്ചിരുന്നു. തന്നെ മാത്രമല്ല, കെട്ടിയോളെ പോറ്റുകയെന്നതും അപ്പന്റെ ബാദ്ധ്യതയാണെന്നതായിരുന്നു പാഷയുടെ ഉറച്ച നിലപാട്. നഡേഷ് ദാ മിഹായ്‌ലോവ്‌ന ഇസയേവിനെ ആദ്യം കണ്ടപ്പോഴെ അന്യയ്ക്കു ഇഷ്ടമായി. പെട്ടെന്നുതന്നെ അവര്‍ക്കു സുഹൃത്തുക്കളാകാന്‍ കഴിഞ്ഞു; പ്രായത്തില്‍ അന്തരമുണ്ടെങ്കിലും. അവള്‍ കാണാന്‍ കൊള്ളാവുന്നവളായിരുന്നു. ഉയരം കുറവ്. വളരെ ശാലീന. മണ്ടിയല്ല. എന്തുകൊണ്ട് അവള്‍ തന്റെ ജീവിതപങ്കാളിയായി തികച്ചും കൊള്ളരുതാത്ത ഒരുവനെ തിരഞ്ഞെടുക്കാന്‍ നിശ്ചയിച്ചുവെന്നത് അന്യയ്ക്ക് മനസ്സിലാകാത്ത കാര്യമായിരുന്നു.
“അവന്റെ സ്വഭാവം അറിയാവുന്നതുകൊണ്ട് എനിക്കവളോട് ഉള്ളഴിഞ്ഞ സങ്കടം തോന്നി. അവളുടെ ജീവിതം സന്തോഷപ്രദമാവില്ലെന്ന് ഞാന്‍ മുന്‍കൂട്ടി കണ്ടു.” അന്യ എഴുതിവെച്ചു. അത് പരമാര്‍ത്ഥമായിത്തീര്‍ന്നു. അവള്‍ ദുഃഖിക്കാനിടയായി.
പാഷയുടെ ആയുഷ്‌കാലം ആകെ അന്‍പത്തിരണ്ടു സംവത്സരമായിരുന്നു. പിന്നെ അവന്‍ മരിച്ചു.
പതിനെട്ടു വര്‍ഷം കഴിഞ്ഞ് 9 ജൂണ്‍ 1918-ന് വിഷജ്വരത്തെത്തുടര്‍ന്ന് മൃതിയടഞ്ഞ അന്യ ഗ്രിഗോറേവ്‌ന ടിഖ്‌വിന്‍ സെമിത്തേരിയില്‍ തന്റെ എല്ലാമായ ഫയദോര്‍ മിഹായ്‌ലോവിച്ചിനോടു ചേര്‍ന്നു. രണ്ട് ആത്മാവുകള്‍ ഒന്നായി. സെമിത്തേരിക്കു വെളിയില്‍, സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലും റഷ്യയിലാകെയും വിപ്ലവത്തിന്റെ മുഴക്കമായിരുന്നു അപ്പോള്‍. കാലം മാറുകയായിരുന്നു. പുതിയ ക്രിസാന്തെമങ്ങളും കാമമൈലുകളും പാന്‍സികളും ശോശന്നകളും വിടരുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates