2016 ഏപ്രിൽ 12, ന്യൂസിലാൻഡിലെ നേപിയർ നാഷണൽ അക്വേറിയത്തിൽ ഒരു നിശ്ശബ്ദ രാത്രി. വെളിച്ചങ്ങൾ അണഞ്ഞിരുന്നു. സന്ദർശകർ പോയിരുന്നു. യന്ത്രങ്ങളുടെ മന്ദമായ ശബ്ദം മാത്രം. എല്ലാം ശാന്തം. പക്ഷേ, ഒരു ടാങ്കിനുള്ളിൽ അസാധാരണമായ എന്തോ സംഭവിച്ചു കൊണ്ടിരുന്നു, ഇങ്കി (Inky) എന്ന ഒക്ടോപ്പസ് കാത്തുനിന്നിരുന്നു, ശ്രദ്ധാപൂർവം. സൂക്ഷിപ്പുകാർക്ക് അന്ന് വൈകുന്നേരം ഒരു ചെറിയ പിഴവ് പറ്റി, ഇങ്കിയുടെ കൂടായ ടാങ്ക് പൂർണമായി അടച്ചിരുന്നില്ല. വളരെ ചെറിയ ഒരു വിടവ്.
മറ്റാരും കാണാത്ത ഒരു വഴി. ഇങ്കി കണ്ടു. രാത്രിയുടെ നിശ്ശബ്ദതയിൽ, അവൻ നീങ്ങി. എല്ലുകളില്ലാത്ത ശരീരം പതുക്കെ ആ വിടവിലൂടെ ഒഴുകി. ഒരു കൈ പുറത്തേക്ക് നീട്ടി. പിന്നെ മറ്റൊന്ന്. ചുറ്റും പരതി പരിശോധിച്ചു. ഉറപ്പിച്ചു. ടാങ്കിന് പുറത്തുള്ള ലോകം അപരിചിതവും അപകടകരവുമായിരുന്നു. പക്ഷേ, അത് തുറന്നതായിരുന്നു! അവൻ പുറത്തേക്കിറങ്ങി.
അക്വേറിയത്തിന്റെ നിലത്തുകൂടി ഒരു അസാധാരണ യാത്ര തുടങ്ങി. സമീപത്ത് ഒരു ചെറിയ ചാൽ! അതെ... സമുദ്രത്തിലേക്കുള്ള വഴി. അവൻ അത് കണ്ടെത്തി. തുറവ് ചെറുതായിരുന്നു. പക്ഷേ, ഒക്ടോപ്പസുകൾക്ക് അതു പ്രശ്നമല്ല. കൊക്ക് കടന്നാൽ ശരീരം മുഴുവൻ കടക്കും. ഇങ്കി തന്റെ ശരീരം ചുരുട്ടി അകത്തേക്ക് ചേർന്നു.
ഇരുണ്ട പൈപ്പിൽ അവൻ അപ്രത്യക്ഷനായി. ചെറിയ ജലപ്രവാഹം മാത്രം ഉള്ള ഒരു ചാൽ രക്ഷപ്പെടാൻ രൂപകല്പന ചെയ്തതല്ല. എന്നാൽ, ഇങ്കിക്ക് അത് ധാരാളം മതിയാകുമായിരുന്നു രാവിലെ, ഇങ്കി അവിടെ ഇല്ലായിരുന്നു.
പുലർച്ചയോടെ അക്വേറിയത്തിന്റെ ചുവരുകൾക്കപ്പുറം ഇങ്കി അപ്രത്യക്ഷമായി. ഒഴിഞ്ഞ ടാങ്ക് മാത്രം ബാക്കിയാക്കി ഇങ്കിയോ അവന്റെ വീട്ടിലെത്തി! വിശാലമായ സമുദ്രത്തിൽ... രാവിലെ അവനെ കാണാതെ പരിഭ്രാന്തരായ അക്വേറിയം ജോലിക്കാർ സാഹചര്യത്തെളിവുകൾകൊണ്ട് അവൻ കടലിലേയ്ക്ക് രക്ഷപ്പെട്ടെന്നു കണ്ടെത്തി. ലോകമെങ്ങും ആളുകൾ ഈ സംഭവമറിഞ്ഞ് അത്ഭുതപ്പെട്ടു. ഈ ചെറു കടൽജീവിക്ക് ഇത്ര ആസൂത്രണ ബുദ്ധിയോ?
ഇങ്കിയുടെ ശാന്തമായ രക്ഷപ്പെടൽ നമ്മെ ഒരു സ്വാഭാവിക ചോദ്യത്തിലേക്ക് നയിക്കുന്നു: ഇത് വെറും വാസനകൊണ്ടുള്ള പ്രവൃത്തിയായിരുന്നോ അതോ അതിലധികമോ? ഒരു ചെറിയ തുറവി തിരിച്ചറിയുക, പരിചിതമായ ഇടംവിട്ട് പുറത്തേക്ക് വരിക, അപരിചിതമായ സാഹചര്യത്തിലൂടെ സഞ്ചരിക്കുക, ഒടുവിൽ ഒരു സാധുവായ പുറംവഴി കണ്ടെത്തുക - ഈ പ്രവൃത്തികളുടെ നിര തന്നെ ഒരു ഒറ്റ പ്രതികരണമല്ലെന്നു കാണാം. അവബോധം, ഓർമ, അന്വേഷണ സ്വഭാവം എന്നിവ ചേർന്നു രൂപപ്പെടുത്തിയ തീരുമാനങ്ങളുടെ തുടർച്ചയാണ്.
ഇത് നമ്മെ ഒരു വ്യത്യസ്തമായ ബുദ്ധിയുടെ സാന്നിധ്യത്തിലേക്ക് നയിക്കുന്നു-മാതാപിതാക്കളിൽനിന്നോ കൂട്ടത്തിൽനിന്നോ അല്ലാതെ ഓരോ ജീവിയും സ്വന്തം അനുഭവങ്ങളിലൂടെ നിർമിച്ചെടുക്കുന്ന ബുദ്ധി. അതിനു കാരണം വളരെ പ്രത്യേകതകളുള്ള ഒരു നാഡീവ്യവസ്ഥയാണ്. ഈ കാഴ്ചപ്പാടിൽ ഇങ്കിയുടെ പലായനം ഒരു അപൂർവ സംഭവമെന്നതിലുപരി അന്വേഷണം, വഴക്കം, അവസരം തിരിച്ചറിയുമ്പോൾ അതിനെ പ്രയോജനപ്പെടുത്താനുള്ള കഴിവ് എന്നിങ്ങനെ ഒക്ടോപ്പസുകൾ ലോകവുമായി ഇടപെടുന്ന രീതിയുടെ തന്നെ വ്യക്തമായ പ്രതിഫലനമാണ് പരീക്ഷണശാലകളിൽ ഒക്ടോപ്പസുകൾ ഇത്തരത്തിലുള്ള കഴിവുകൾ പലതവണ പ്രകടിപ്പിച്ചിട്ടുണ്ട് - ‘രാവണൻ കോട്ടകളിൽ’ (maze) വഴികണ്ടെത്തൽ, പാത്രങ്ങൾ തുറക്കൽ, മുൻപരിചയമില്ലാതെ പുതിയ വെല്ലുവിളികൾ പരിഹരിക്കാൻ നോക്കൽ എന്നിവ അതിന്റെ ഉദാഹരണങ്ങളാണ്. എന്നാൽ, ഇങ്കിയുടെ കഥയെ വ്യതിരിക്തമാക്കുന്നത് അത് നിയന്ത്രിത പരീക്ഷണ സാഹചര്യങ്ങളിൽ അല്ല, യഥാർത്ഥ ലോകത്തിൽ, അപ്രതീക്ഷിത സാഹചര്യത്തിലാണ് നടന്നത് എന്നതാണ്.
ഭൂമിയിലെ ജീവജാലങ്ങളിൽ നീരാളിയെപ്പോലെ ശാസ്ത്രീയ ജിജ്ഞാസ ഉണർത്തുന്ന ജീവികൾ കുറവാണ്. മൃദുല ശരീരവും ശക്തമായ പേശികളുമുള്ള ഏകാന്തചാരിയും സങ്കീർണ സ്വഭാവിയും ചെറിയ ആയുസ്സുള്ളതും എന്നാൽ, ചുറ്റുപാടുകളെ നന്നായി പഠിച്ചെടുക്കാൻ കഴിവുള്ളതുമായ കടൽജീവിയാണ് നീരാളി. ഭൂമിയിലെ ജീവികളുടെ ബുദ്ധിപരിണാമങ്ങളെക്കുറിച്ചുള്ള പൂർവാനുമാനങ്ങളെ വെല്ലുവിളിക്കുന്നു ഒക്ടോപ്പസ് എന്ന ഈ അഷ്ടഭുജ സമുദ്രജീവി. മൂന്നു ഹൃദയവും എല്ലാ കൈകളിലും മസ്തിഷ്‌കങ്ങളും നീലരക്തവുമുള്ള നീരാളി ഒരു വൈചിത്ര്യമല്ല, മറിച്ച് ജൈവശാസ്ത്രപരമായ ഉൾക്കാഴ്ചയെയാണ് പ്രതിനിധീകരിക്കുന്നത് എങ്കിലോ!
ഒക്ടോപ്പസ് ശരിക്കും അന്യഗ്രഹജീവിയാണോ ?
ഒക്ടോപ്പസുകളെ പലപ്പോഴും ‘ഏലിയൻ അഥവാ അന്യഗ്രഹ ജീവികൾ’ എന്ന് വിശേഷിപ്പിക്കുന്നത് ശാസ്ത്രീയമായ വർഗീകരണമല്ല, മറിച്ച് അവയുടെ അത്യന്തം വ്യത്യസ്തമായ ജൈവഘടനയും ബൗദ്ധികശേഷിയും കാരണം രൂപപ്പെട്ട ഒരു ഉപമ മാത്രമാണ്. വാസ്തവത്തിൽ, ഒക്ടോപ്പസുകൾ ഭൂമിയിൽത്തന്നെ പരിണമിച്ച ജീവികളാണ്, അപരിചിതത്വം തോന്നിക്കുന്ന പ്രധാന കാരണം അവയുടെ അത്യന്തം വ്യത്യസ്തമായ ശരീരഘടനയും നാഡീവ്യവസ്ഥയും ആണ്. ഏകദേശം രണ്ടിൽ മൂന്നുഭാഗം ന്യുറോണുകൾ കൈകളിൽ (arms) തന്നെ വിതരണം ചെയ്തിരിക്കുന്നതിനാൽ, ഓരോ കൈക്കും ഒരു പരിധിവരെ സ്വതന്ത്രമായി പ്രവർത്തിക്കാനും പരിസ്ഥിതിയെ പര്യവേഷണം ചെയ്യാനും കഴിയും, ഒരു കേന്ദ്രീകൃത മസ്തിഷ്‌ക സംവിധാനത്തേക്കാൾ ‘വിതരണാധിഷ്ഠിത ബുദ്ധി’ എന്ന രീതിയാണ് ആശയത്തോട് നീരാളിയിൽ കാണുന്നത്. കൂടാതെ, ഇവയുടെ മൃദുല ശരീരഘടന, വേഗത്തിലുള്ള നിറമാറ്റ ശേഷി (camouflage), ടെക്‌സ്ചർ (തന്തുരചനാ) മാറ്റം, ഉയർന്ന പഠനശേഷി, പ്രശ്നപരിഹാര കഴിവ് എന്നിവ ചേർന്നാൽ, പരിചിതമായ കശേരുകി മാതൃകകളിൽനിന്ന് വളരെ വ്യത്യസ്തമായ ഒരു ജീവരൂപം എന്ന തോന്നൽ ഉണ്ടാകുന്നു. ജൈവപരമായി ഇവ ഭൂമിയിലെ ജീവപരിണാമത്തിന്റെ തന്നെ ഒരു സവിശേഷ രൂപമാണ്, ഏലിയൻ അല്ല!
മൊളസ്‌ക എന്ന ഫൈലത്തിലെ സെഫലോപോഡ വിഭാഗത്തിൽപ്പെടുന്ന നീരാളികൾ, കശേരുകികളേക്കാൾ ഒച്ചുകളോടും കക്കകളോടും പരിണാമപരമായി അടുത്തുനിൽക്കുന്നു. ഇവ കണവയും ചിപ്പിക്കണവയും പോലുള്ള ജീവികളുമായി അടുത്ത ബന്ധമുള്ളവയാണ്. പരിണാമവഴിയിൽ 500 ദശലക്ഷം വർഷങ്ങൾക്കു മുന്നേ, നീരാളികളുടെ പൂർവികർ, സസ്തനികളുടെ പൂർവികരിൽനിന്നു വേർതിരിഞ്ഞിരുന്നു. അവയുടെ പൊതു പൂർവികർ വിപുലമായ നാഡീവ്യവസ്ഥയൊന്നുമില്ലാത്ത താരതമ്യേന ലളിതമായ ഒരു ജീവിയായിരുന്നു, പിന്നീട് സംയോജിത പരിണാമ പ്രക്രിയയിലൂടെ, സെഫലോപോഡുകളും കശേരുകികളും വെവ്വേറെ പാതകളിലൂടെ സങ്കീർണമായ ബുദ്ധിശക്തി വികസിപ്പിച്ചെടുത്തു.
പൂർവിക സെഫലോപോഡുകൾക്ക് ഒരു പുറംതോടുണ്ടായിരുന്നു. ഈ പുറംതോട് പരിണാമത്തിലൂടെ നഷ്ടപ്പെട്ട നീരാളിക്കൂട്ടർ ശാരീരിക പ്രതിരോധമില്ലാതെ, തീവ്രമായ വേട്ടയാടൽ സമ്മർദങ്ങൾക്കു വിധേയമായി. ഈ അവസ്ഥ, അതിജീവനത്തിനുതകുന്ന മറ്റു പ്രതിരോധശക്തികളായ പെരുമാറ്റ വഴക്കം, വേഗത്തിലുള്ള പഠനം, സങ്കീർണമായ സംവേദന വ്യവസ്ഥകൾ എന്നിവയുടെ ആവിർഭാവത്തിന് അനുകൂലമായി. അങ്ങനെ ബുദ്ധിവികാസം അതിജീവനത്തിന്റെ ആവശ്യകതയായി മാറുകയാണുണ്ടായത്.
ഇന്ന്, ഒക്ടോപ്പോഡ ക്രമത്തിൽ (Order)ചെറുതും വിഷമുള്ളതുമായ നീല-വലയമുള്ള നീരാളി മുതൽ ഭീമൻ പസഫിക് നീരാളി വരെയുള്ള 300-ലധികം ഇനങ്ങൾ ഉൾപ്പെടുന്നു. വലിപ്പത്തിലും ആവാസവ്യവസ്ഥയിലും വ്യത്യാസങ്ങൾ ഉണ്ടെങ്കിലും അവയുടെ അസാധാരണമായ കഴിവുകൾക്ക് പ്രവർത്തിക്കുന്ന ജൈവശാസ്ത്രപരമായ പൊതു പ്രത്യേകതകളുണ്ട്.
ബുദ്ധിക്കായി രൂപകല്പന ചെയ്ത ശരീരം
ഒക്ടോപ്പസിന്റെ ശരീരം ലാഘവത്തിന്റേയും നിയന്ത്രണത്തിന്റേയും നിശ്ശബ്ദ സങ്കീർണതയുടേയും ഒരു അത്ഭുത പഠനമാണ്. ദൃഢമായ ഒരു അസ്ഥികൂടം ഇല്ലാത്തതിനാൽ, അത് ‘മസ്‌കുലാർ ഹൈഡ്രോസ്റ്റാറ്റ്’ എന്ന രീതിയിൽ, വളരെ സാന്ദ്രമായി ക്രമീകരിച്ച പേശികൾ ചേർന്ന ഒരു ചട്ടക്കൂട് സംവിധാനമായി പ്രവർത്തിക്കുന്നു. ഇതിലൂടെ അതിന് വളയാനും നീളാനും ചുരുങ്ങാനും അസാധ്യമായി തോന്നുന്ന ചെറിയ ഇടിവഴികളിലൂടെപോലും ഒഴുകിപ്പോകാനും കഴിയും. അതിന്റെ മുഴുവൻ ശരീരം തന്നെ, ഒരുവിധത്തിൽ ചലനത്തിന്റേയും അനുഭവത്തിന്റേയും ഒരു ജീവിക്കുന്ന ഉപകരണമാണ്.
ഈ മൃദുവും രൂപം മാറ്റാന്‍ ശേഷിയുമുള്ള ശരീരത്തിന്റെ കേന്ദ്രത്തിൽ, പ്രധാന അവയവങ്ങൾ അടങ്ങിയ ചട്ടക്കൂടിനുള്ളിൽ അതിന്റെ ജീവൻ കുടികൊള്ളുന്നു. അതിനു കീഴിൽ, ഇരയെ പൊട്ടിച്ചുതിന്നാൻ ഉപയോഗിക്കുന്ന, തത്തയുടെ കൊക്കുപോലെയുള്ള ഒരു ദൃഢമായ കൊക്ക് (ശരീരത്തിലെ ഏക ദൃഢ ഘടകം) ഉണ്ട്. അവിടെനിന്നു പുറത്ത് വ്യാപിച്ചുനിൽക്കുന്ന എട്ട് കൈകൾ, ഓരോന്നിലും നൂറുകണക്കിനു സക്കറുകൾ നിരന്നിരിക്കുന്നു. ഇതിലൂടെ ഒക്ടോപ്പസിന് എത്തിപ്പിടിക്കാനും അതുല്യമായ വൈദഗ്ദ്ധ്യങ്ങൾ പ്രകടിപ്പിക്കാനും കഴിയും. ഈ കൈകൾ സാധാരണ അനുബന്ധങ്ങൾ മാത്രമല്ല, അവ ശരീരത്തിന്റേയും മനസ്സിന്റേയും വിപുലീകരണങ്ങളാണ്!
ഓരോ സക്കറും അത്യന്തം സങ്കീർണമായ ഒരു സെൻസറി (സംവേദന)ഘടകമാണ്. സ്പർശം മാത്രമല്ല, രാസസൂചനകളും തിരിച്ചറിയാൻ ഇവയ്ക്ക് കഴിയും; അതായത്, ഒക്ടോപ്പസിന് സ്പർശിക്കുന്നതിനെ ‘രുചിക്കാനും’ കഴിയും! കൈകളിൽത്തന്നെ സാന്ദ്രമായ നാഡീവ്യവസ്ഥയുള്ളതിനാൽ, കൈകൾക്ക് ഒരു പരിധിവരെ സ്വതന്ത്ര പ്രവർത്തനശേഷി ലഭിക്കുന്നു: കേന്ദ്ര മസ്തിഷ്‌കത്തിന്റെ നേരിട്ടുള്ള നിയന്ത്രണം വളരെ കുറവായിരിക്കെത്തന്നെ കൈകൾക്ക് അന്വേഷിക്കാനും പിടിക്കാനും കൈകാര്യം ചെയ്യാനും കഴിയും.
ഇത്തരത്തിലുള്ള ഘടനയുടേയും അനുഭവത്തിന്റേയും ഇടപെടലിലാണ് പ്രശസ്തമായ ഒക്ടോപ്പസ് ഗ്രിപ്പ് അഥവാ ‘നീരാളിപ്പിടുത്തം’ ഉദ്ഭവിക്കുന്നത്. ഈ പിടുത്തം വെറും ശക്തിയല്ല, ഓരോ സക്കറും ശക്തമായ നെഗറ്റീവ് സമ്മർദം സൃഷ്ടിക്കുമ്പോൾ, ചുറ്റുമുള്ള പേശികൾ ഒരുമിച്ച് പ്രവർത്തിച്ച് പിടിയുടെ ശക്തി, കോണം, സമയം എന്നിവയെ നിയന്ത്രിക്കുന്നു. ഇതിന്റെ ഫലമായി, പിടുത്തം ഉറപ്പുള്ളതും അതേസമയം പ്രതികരണശേഷിയുള്ളതുമാകുന്നു - സ്പർശിക്കുന്ന വസ്തുവിന്റെ സ്വഭാവം, പ്രതിരോധം, ചലനം എന്നിവയ്ക്ക് അനുസരിച്ച് ഉടൻ തന്നെ പൊരുത്തപ്പെടാൻ കഴിയുന്നവിധത്തിൽ.
അതിനാൽ, ഒക്ടോപ്പസിൽ ശരീരം മസ്തിഷ്‌കത്തിന്റെ ഒരു വാഹകം മാത്രമല്ല. അത് ബുദ്ധിയുടെ സജീവ പങ്കാളിയാണ് - ചലനം, അനുഭവം, തീരുമാനമെടുക്കൽ എന്നിവ വേർതിരിക്കാനാകാത്ത രീതിയിൽ ഒത്തുചേരുന്ന ഒരു വിതരണസംവിധാനമാണ്, ശരീരം തന്നെ.
ഇത്തരത്തിലുള്ള ശരീരം ഇങ്ങനെ കൃത്യതയോടെ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നതെങ്ങനെ എന്നത് മനസ്സിലാക്കാൻ, അതിന്റെ രൂപഘടനയെ മറികടന്ന് അതിനെ സജീവമാക്കുന്ന അത്ഭുതകരമായ നാഡീവ്യവസ്ഥയിലേക്ക് നോക്കേണ്ടതുണ്ട്
വ്യത്യസ്തമായ മസ്തിഷ്‌ക വ്യവസ്ഥ!
ഒക്ടോപ്പസ് ജീവശാസ്ത്രത്തിലെ ഏറ്റവും വിപ്ലവകരമായ ഘടകങ്ങളിൽ ഒന്നാണ് അതിന്റെ നാഡീവ്യവസ്ഥ. ഏകദേശം 500 ദശലക്ഷം നാഡീകോശങ്ങളുള്ള ഈ ജീവി, ചില സസ്തനികളോട് സമാനമായ നാഡീസങ്കീർണത പ്രകടിപ്പിക്കുന്നു. എന്നാൽ, ഈ നാഡീകോശങ്ങളുടെ രണ്ടിൽ മൂന്നിലൊന്ന് ഭാഗം കേന്ദ്ര മസ്തിഷ്‌കത്തിൽ അല്ല, കൈകളിലാണ് സ്ഥിതിചെയ്യുന്നത്.
ഈ വിതരണഘടന കൈകൾക്ക് സ്വതന്ത്രമായ പ്രാദേശിക പ്രവർത്തനങ്ങൾ നിർവഹിക്കാൻ കഴിയുന്നവിധത്തിൽ പ്രവർത്തിക്കുന്നു. അതായത്, അവയ്ക്ക് സെൻസറി വിവരങ്ങൾ സംയോജിപ്പിച്ച് സ്വതന്ത്രമായി ചലന പ്രതികരണങ്ങൾ സൃഷ്ടിക്കാനാകും. ഇത് കശേരുകികളിലെ മസ്തിഷ്‌ക ഘടനകളുമായി തികച്ചും വ്യത്യസ്തമാണ്.
ഈ വ്യത്യാസങ്ങൾ ഉണ്ടായിട്ടും പ്രവർത്തനപരമായ സാമ്യതകൾ ശ്രദ്ധേയമാണ്. ഒക്ടോപ്പസുകളും സസ്തനികളും പഠനം, ഓർമ, പ്രശ്നപരിഹാരം എന്നിവയിൽ സമാനമായ കഴിവുകൾ പങ്കിടുന്നുണ്ട്. ഒക്ടോപ്പസുകളിൽ ചിന്തയും ബോധവുമെല്ലാം മസ്തിഷ്‌കത്തിലൊതുങ്ങുന്നില്ല; അത് ശരീരം മുഴുവൻ വ്യാപിച്ചിരിക്കുന്നു. നമ്മൾ തലകൊണ്ട് ചിന്തിച്ച് ശരീരംകൊണ്ട് പ്രവർത്തിക്കുമ്പോൾ നീരാളി കയ്യും മെയ്യുംകൊണ്ട് ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നു, കയ്യടക്കമുള്ള ഒരു പോരാളിയെപ്പോലെ! ഇന്നത്തെ ശാസ്ത്രത്തിൽ ‘embodied cognition’ എന്നു വിളിക്കപ്പെടുന്ന ആശയത്തിന്റെ ഉത്തമ ഉദാഹരണമാണ് നീരാളി. ശരീരം തന്നെയാണ് ബുദ്ധിയുടെ സജീവ ഭാഗമെന്ന തിരിച്ചറിവാണ് ഈ ആശയം. ഇതിൻ പ്രകാരം ബുദ്ധി, മസ്തിഷ്‌കത്തിന്റെ മാത്രം കുത്തകയല്ല, മറിച്ച് മസ്തിഷ്‌കം, ശരീരം, പരിസ്ഥിതി എന്നിവയുടെ ഏകോപിതമായ ചലനങ്ങളിലൂടെ ജീവി നിർവഹിക്കുന്ന ഒരു പ്രക്രിയയാണ്. ഇത്തരത്തിലുള്ള ‘വ്യാപക ബുദ്ധി’, മറ്റു ജീവികളിലുമുണ്ട്, ഒക്ടോപ്സ് അതിന്റെ മൂർത്തരൂപമാണെന്നു മാത്രം.
മോളിക്കുലാർ തലത്തിൽ ഒക്ടോപ്പസുകൾ കൂടുതൽ സങ്കീർണതകൾ വെളിപ്പെടുത്തുന്നു. നാഡീവികസനവുമായി ബന്ധപ്പെട്ട ജീൻ കുടുംബങ്ങൾ - പ്രത്യേകിച്ച് സിനാപ്റ്റിക് ബന്ധങ്ങൾ (synaptic connectivity) രൂപപ്പെടുത്തുന്നതിൽ പങ്കുവഹിക്കുന്ന പ്രോട്ടോ കാഡ്‌ഹെറിനുകൾ, ഇവയുടെ ജനിതക വ്യവസ്ഥയിൽ വ്യാപകമായി വികസിച്ചിട്ടുണ്ട്. അതിലും ശ്രദ്ധേയമായത്, നാഡീതന്തുക്കളിൽ, RNA എഡിറ്റിംഗ് (RNA editing) എന്ന പ്രക്രിയയുടെ വ്യാപക ഉപയോഗമാണ്. ഈ പ്രക്രിയ ജീൻ ആവിഷ്‌കാരത്തെ (gene expression) സജീവമായി മാറ്റാൻ അനുവദിക്കുന്നു, അതിലൂടെ മാറിക്കൊണ്ടിരിക്കുന്ന പരിസ്ഥിതികളിൽ നാഡീവ്യവസ്ഥയുടെ അനുസരണക്ഷമത അഥവാ വഴക്കം വർദ്ധിപ്പിക്കപ്പെടുന്നു. ഇത്തരത്തിലുള്ള തന്മാത്രാ സവിശേഷതകൾ സൂചിപ്പിക്കുന്നത് നാഡീവ്യവസ്ഥയുടെ ഘടനയ്ക്കൊപ്പം ജനിതക തലത്തിലുള്ള പ്രത്യേക നിയന്ത്രണ സംവിധാനങ്ങളും കൂടിച്ചേർന്നാണ് ഒക്ടോപ്പസുകളുടെ ബുദ്ധി സാമർത്ഥ്യത്തിനും വ്യതിരിക്തതയ്ക്കും കാരണമാവുന്നത് എന്നാണ്. ഞൊടിയിടയിലുള്ള വർണ - രൂപ മാറ്റങ്ങളും ടൂൾ ഉപയോഗങ്ങളും പരീക്ഷണശ്രമങ്ങളും അനുവർത്തനങ്ങളും ഇതിൽ ഉൾപ്പെടും. കോക്കനട്ട് ഒക്ടോപ്പസ് എന്നറിയപ്പെടുന്ന ഒക്ടോപ്പസ്, കടലിന്റെ അടിത്തട്ടിൽ ചിരട്ടകൾകൊണ്ട് തന്റെ ഒളിസങ്കേതം നിർമിക്കുന്നു. അതിൽ കയറിയിരുന്ന് അടപ്പു ചിരട്ടകൊണ്ട് സ്വയം മൂടുന്ന കാഴ്ച കാണേണ്ടതാണ്. ചിലപ്പോൾ ചിപ്പികൾ കടൽത്തട്ടിലെ മറ്റു വസ്തുക്കൾ എന്നിവയെല്ലാം ഉപയോഗിച്ച് ഗംഭീര ഫാൻസിഡ്രസ് ചെയ്ത് ഒളിഞ്ഞിരിക്കും. ഇരകളെ പിടിക്കാനും ഇരപിടിയന്മാരിൽനിന്നു രക്ഷപ്പെടാനും. അടിസ്ഥാനപരമായ DNA ജനിതക കോഡ് മാറ്റാതെ, പരിസ്ഥിതിക്കനുസരിച്ച് RNA എഡിറ്റിംഗ് മാത്രമാണ് ഈ ജീവികളിൽ നടക്കുന്നതെന്ന് പ്രത്യേകം മനസ്സിലാക്കേണ്ടതാണ്. അതായത് ഈ എഡിറ്റിംഗ് വ്യതിയാനങ്ങൾ തലമുറകളിൽ കൈമാറ്റം ചെയ്യപ്പെടുന്നില്ല! ലിമിറ്റഡ് എഡിഷനാണ് !
പ്രച്ഛന്നവേഷക്കാരൻ
ഒക്ടോപ്പസിന്റെ പ്രച്ഛന്നവേഷം (camouflage) തികച്ചും വിസ്മയകരമായ ഒരു ജൈവ പ്രതിഭാസമാണ്. തന്നെ, ഒക്ടോപ്പസ് തന്റെ നിറവും പാറ്റേണും ചർമത്തിന്റെ തന്തുരചനയും (Texture) മാറ്റി പരിസരത്തോട് ഇണങ്ങിച്ചേർന്നുകളയും. ചർമത്തിൽ അടങ്ങിയിരിക്കുന്ന ക്രോമാറ്റോഫോറുകൾ, ഇറിഡോഫോറുകൾ, ല്യൂകോഫോറുകൾ എന്നിവയുടെ ഏകോപിത പ്രവർത്തനത്തിലൂടെയാണ് ഇത് സാധ്യമാകുന്നത്. അക്വേറിയത്തിലോ ഒക്ടോപ്പസിനെക്കുറിച്ചുള്ള ശാസ്ത്രീയ വിഡിയോകളിലോ ഈ പ്രതിഭാസം കാണേണ്ടതാണ്.
എന്നാൽ, ഈ കഴിവ് ഒരു വൈരുദ്ധ്യവും ഉയർത്തുന്നു. ലഭ്യമായ തെളിവുകളനുസരിച്ച് ഒക്ടോപ്പസുകൾക്ക് നിറം തിരിച്ചറിയാനുള്ള കഴിവ് വളരെ പരിമിതമാണ്, ഈ വേഷപ്രച്ഛന്ന മായാവികൾക്ക് നിറങ്ങൾ കാണാൻ പറ്റില്ലെന്ന്! അതായത് അവയ്ക്ക് ഒരുതരത്തിലുള്ള ഫോട്ടോറെസപ്റ്റർ മാത്രമേ ഉള്ളൂ. അങ്ങനെ എങ്കിൽ, ഇവ എങ്ങനെ ഇത്ര കൃത്യമായി നിറം പൊരുത്തപ്പെടുത്തുന്നു? ഇതിന് നിരവധി വ്യാഖ്യാനങ്ങൾ നിർദേശിക്കപ്പെട്ടിട്ടുണ്ട്. പ്രകാശത്തിന്റെ തീവ്രതയിലെ വ്യത്യാസങ്ങൾ തിരിച്ചറിയാനുള്ള കഴിവ്, ക്രോമാറ്റിക് അപഭ്രംശം പോലുള്ള ഓപ്റ്റിക്കൽ സവിശേഷതകളുടെ പ്രയോജനപ്പെടുത്തൽ, ചർമത്തിനുതന്നെ വെളിച്ചത്തെ തിരിച്ചറിയാനുള്ള ശേഷി എന്നിവ ഉൾപ്പെടുന്നു. ഏത് സംവിധാനം ആയാലും ഇവയുടെ വേഷംമാറലിന്റെ ഫലപ്രാപ്തി നിറങ്ങളെ മാത്രം ആശ്രയിക്കുന്നതല്ല. ഘടന, പാറ്റേൺ, ശരീരഭാവം എന്നിവ എല്ലാം ചേർന്ന് ഒരു ബഹുമാനദണ്ഡ തന്ത്രമായി പ്രവർത്തിക്കുന്നു - ഇത് വേട്ടക്കാരേയും ഇരകളേയും ഒരുപോലെ കബളിപ്പിക്കാൻ സഹായിക്കുന്നു. നീരാളികളുടെ ഭാഗ്യത്തിന് ഇവയുടെ വേട്ടക്കാരിലും ഇരകളിലും പലർക്കും വർണങ്ങൾ തിരിച്ചറിയാൻ കഴിയും! മീനുകളും സമുദ്ര സസ്തനികളും സാധാരണയായി നിറങ്ങൾ തിരിച്ചറിയാൻ കഴിവുള്ളവരാണ്. എന്നിരുന്നാലും അവർ ഒക്ടോപ്പസിന്റെ ‘ഒടി’ വിദ്യയിൽ പെട്ടുപോകുന്നു. ഇതിലൂടെ പ്രകൃതിയിലെ ‘ദൃശ്യപ്രതീതി’ നിറങ്ങളെ മാത്രം ആശ്രയിക്കുന്നതല്ല, പല ഘടകങ്ങളിലൂടെ പ്രവർത്തിക്കുന്നതാണെന്നത് നമ്മൾക്കുള്ള പാഠമാണ്.
സമ്പർക്കം, പെരുമാറ്റം, സാമൂഹികതയുടെ പരിധികൾ:
ഒക്ടോപ്പസുകൾ പ്രധാനമായും ദൃശ്യപ്രകടനങ്ങളിലൂടെയാണ് സമ്പർക്കം സ്ഥാപിക്കുന്നത്. ചർമത്തിലെ പാറ്റേണിലും ശരീരഭാവത്തിലും വരുന്ന മാറ്റങ്ങൾ ആക്രമണവും ഭയവും ഇണചേരാനുള്ള സജ്ജതയും ഒക്കെ സൂചിപ്പിക്കുന്നു. സാമൂഹിക സസ്തനികളിൽനിന്ന് വ്യത്യസ്തമായി, ഇവ സ്ഥിരമായ കൂട്ടങ്ങൾ രൂപീകരിക്കുകയോ സഹകരണപരമായ പെരുമാറ്റങ്ങളിൽ ഏർപ്പെടുകയോ ചെയ്യുന്നില്ല. അതിനാൽ, ഇവയുടെ ബുദ്ധി സാമൂഹിക നിർമിതമല്ല, മറിച്ച് വ്യക്തിപരമായ അനുഭവങ്ങളിലൂടെ രൂപപ്പെടുന്നതാണ്. എന്നിരുന്നാലും ഇവ കൗതുകവും കളിസ്വഭാവവും സൂചിപ്പിക്കുന്ന പെരുമാറ്റങ്ങൾ പ്രകടിപ്പിക്കുന്നു. ചില ഒക്ടോപ്പസുകൾ പെട്ടെന്നുള്ള കാര്യസാധ്യമൊന്നും ഇല്ലാതെ തന്നെ വസ്തുക്കൾ ആവർത്തിച്ച് കൈകാര്യം ചെയ്യുന്നു; അക്വേറിയത്തിലും മറ്റും വളർത്തപ്പെടുന്നവ വ്യക്തികളെ തിരിച്ചറിയാൻ കഴിവുള്ളവരാണെന്ന് റിപ്പോർട്ടുകളുണ്ട്. ഒക്ടോപ്പസുകൾ സസ്തനികളിൽ കാണുന്നപോലെ സാമൂഹികമായല്ല വ്യക്തികളെ തിരിച്ചറിയുന്നത്; ഇന്ദ്രിയ സൂചനകളും മുൻ അനുഭവങ്ങളും അടിസ്ഥാനമാക്കി വ്യക്തികളെ വേർതിരിച്ചറിയാൻ സഹായിക്കുന്ന ശക്തമായ അസോസിയേറ്റീവ് (അനുബന്ധ) ഓർമകൾ അവർക്കുണ്ട്. പരീക്ഷണശാലകളിലും അക്വേറിയങ്ങളിലും ഇവ ചില വ്യക്തികളോട് ‘അടുപ്പവും’ ചിലരോട് ‘അകലവും’ പാലിക്കുന്നത് കാണാം. അവർക്ക് ‘ഇഷ്ടമില്ലാത്ത’ ഗവേഷകരുടേയോ സൂക്ഷിപ്പുകാരുടേയോമേൽ വെള്ളം ചീറ്റുക, നിറംമാറുക, മറഞ്ഞിരിക്കുക തുടങ്ങിയ കലാപരിപാടികൾ ചെയ്തുകളയും; സത്യത്തിൽ ഇതൊക്കെ സ്വയരക്ഷയ്ക്കുവേണ്ടിയാണെന്നു മാത്രം. ഈ നിരീക്ഷണങ്ങൾ ഇപ്പോഴും ഗവേഷണവിധേയമാണെങ്കിലും ‘ഉയർന്ന’ ജീവികളും ‘താഴ്ന്ന’ ജീവികളും എന്ന പരമ്പരാഗത വിഭാഗീകരണങ്ങളെ ചോദ്യം ചെയ്യുന്ന ഒരു പെരുമാറ്റ സങ്കീർണതയിലേക്ക് അവ വിരൽചൂണ്ടുന്നുണ്ട്.
പ്രജനനവും ചെറു ജീവിതത്തിന്റെ വൈരുദ്ധ്യവും
ഒക്ടോപ്പസുകളിൽ പ്രജനനം ജീവിതത്തിലെ ഒരു ഘട്ടം മാത്രമല്ല, പര്യവസാനമാണ്! ആൺ ഒക്ടോപ്പസുകൾ പ്രത്യേകമായി രൂപാന്തരപ്പെട്ട ഒരു കയ്യുടെ (ഹെക്ടോകോട്ടിലസ്) സഹായത്തോടെ ബീജങ്ങൾ പെൺജീവികളിലേക്ക് കൈമാറുന്നു; പെൺ ഒക്ടോപ്പസുകൾ ആയിരക്കണക്കിനു മുട്ടകൾ ഇടുകയും അവയെ അത്യന്തം സമർപ്പണത്തോടെ കാത്തുസൂക്ഷിക്കുകയും ചെയ്യുന്നു. ചില സാഹചര്യങ്ങളിൽ, പ്രത്യേകിച്ച് തടങ്കൽ പരിസരങ്ങളിൽ, പെൺജീവികൾ ഇണചേരലിനുശേഷം ആൺജീവികളെ ആക്രമിക്കുകയോ ചിലപ്പോൾ ഭക്ഷിക്കുകയോ ചെയ്യുന്നതായി കണ്ടിട്ടുണ്ട്, എങ്കിലും ഇത് സ്വാഭാവിക സാഹചര്യങ്ങളിൽ എല്ലായ്‌പോഴും സംഭവിക്കുന്ന ഒന്നല്ല. ഈ മുട്ടസംരക്ഷണ കാലയളവിൽ, പെൺ ഒക്ടോപ്പസുകൾ ഭക്ഷണം കഴിക്കുന്നത് നിർത്തുന്നു, മുഴുവൻ ഊർജവും മുട്ടകളെ സംരക്ഷിക്കാനും അവയ്ക്ക് ആവശ്യമായ ഓക്സിജൻ ലഭ്യമാക്കാനുമാണ് വിനിയോഗിക്കുന്നത്. മുട്ടകൾ പൊട്ടിയിറങ്ങിയ ശേഷം ‘അമ്മ ജീവി’ മരിക്കുന്നു. ഈ പ്രക്രിയ ‘ഓപ്റ്റിക് ഗ്രന്ഥി’(optic gland)യിൽനിന്നുള്ള ഹോർമോൺ സിഗ്നലുകൾ വഴിയാണ് നിയന്ത്രിക്കപ്പെടുന്നത് (പരീക്ഷണപരമായി ഈ ഗ്രന്ഥി നീക്കം ചെയ്താൽ ജീവിതകാലം ദീർഘിപ്പിക്കാനാകുമെന്ന് തെളിയിച്ചിട്ടുണ്ട്). ‘സെമെൽപാരിറ്റി’ (semelparity) എന്ന ഈ പ്രജനന രീതിക്ക് ഓരോ തലമുറയും പുതുതായി തുടങ്ങുന്നു എന്നർത്ഥമാണ്. മാതാപിതാക്കളുടെ മാർഗനിർദേശമോ സംസ്കാരപരമായ അറിവോ ഇല്ലാതെ, ഓരോ ഒക്ടോപ്പസും സ്വന്തം ജീവിതകാലത്തിനുള്ളിൽത്തന്നെ തന്റെ ബുദ്ധി നിർമിച്ചെടുക്കുന്നു!
ഭൂരിഭാഗം ഒക്ടോപ്പസ് ഇനങ്ങളുടെ ആയുസ്സ് സാധാരണയായി ഒരു മുതൽ രണ്ട് വർഷം വരെയാണ്. എന്നാൽ, എന്ററോക്ടോപ്‌സ് ഡോഫിലെയിനിപോലുള്ള ചില അപവാദങ്ങൾ രണ്ട് മുതൽ അഞ്ച് വർഷം വരെ ജീവിക്കാൻ കഴിവുള്ളവയാണ്. ഒക്ടോപ്പസ് പ്രജനനത്തിന്റെ ഒരു പ്രത്യേക ഉദാഹരണം മൊണ്ടേറെ ബേ അക്വേറിയം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (2014) നടത്തിയ ഒരു പഠനത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. Graneledone boreopacifica എന്ന ആഴക്കടൽ ഒക്ടോപ്പസ് പെൺജീവി ഏകദേശം 53 മാസം-നാലു വർഷത്തിലേറെ - തുടർച്ചയായി മുട്ടകളെ കാത്തുസൂക്ഷിച്ചതായി കണ്ടെത്തി; അത്രയും നാൾ അത് ഭക്ഷണവും കഴിക്കാതെ മുട്ടകളെ സൂക്ഷിച്ചുനിന്നു. മുട്ടകൾ വിരിഞ്ഞിറങ്ങിയതിനു പിന്നാലെ അത് മരിച്ചു. ഈ സംഭവത്തിലെ നീണ്ട ‘അടയിരിക്കലിന്’ കാരണമെന്തെന്നു വ്യക്തമല്ല.
ആഹാരം, പെരുമാറ്റം, പ്രശ്നപരിഹാരത്തിന്റെ ഉദയം
ഒക്ടോപ്പസുകൾ സജീവ വേട്ടക്കാരാണ്; ഞണ്ടുകൾ തുടങ്ങിയ ക്രസ്റ്റേഷ്യൻസ്, മോളസ്‌കുകൾ, മീനുകൾ എന്നിവയാണ് ഇവയുടെ പ്രധാന ആഹാരം. ഇവയുടെ വേട്ടയാടൽ രീതി ഒളിവും (stealth), അതിവേഗ ആക്രമണവും ചേർന്നതാണ്. എന്നാൽ, ഇവയെ വ്യത്യസ്തമാക്കുന്നത് വെറും വേട്ടയാടൽ കഴിവല്ല, ലക്ഷ്യത്തെ സമീപിക്കുന്നതിലെ അത്യന്തലാഘവവും അഭ്യാസിയുടേതുപോലുള്ള മനോ - മെയ് വഴക്കവുമാണ്. പരീക്ഷണശാലകളിലും സ്വാഭാവിക സാഹചര്യങ്ങളിലുമുള്ള നിരീക്ഷണങ്ങൾ, ജാറുകൾ തുറക്കൽ, മെയ്സുകൾ വഴികണ്ടെത്തൽ, ഭക്ഷണം നേടുന്നതിനായി വസ്തുക്കൾ കൈകാര്യം ചെയ്യൽ തുടങ്ങിയ പെരുമാറ്റങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൽ ഒക്ടോപ്പസുകൾ അക്വേറിയങ്ങളിൽനിന്ന് രക്ഷപ്പെടുകയും വരണ്ട നിലത്തുകൂടി സഞ്ചരിക്കുകയും ഭക്ഷണം കഴിച്ചശേഷം തിരികെ വരികയും ചെയ്യുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്. ഇവ വെറും സ്വാഭാവിക പ്രതികരണങ്ങളല്ല, മറിച്ച് അന്വേഷണാത്മകമായ പ്രശ്നപരിഹാരത്തിന്റെ ഉദാഹരണങ്ങളാണ്. ഇത്തരത്തിലുള്ള കഴിവുകൾ മാതാപിതാക്കളിൽനിന്നുള്ള പരിശീലനമോ പഠനമോ ഇല്ലാതെയാണ് വികസിക്കുന്നത് എന്നതാണ് ശ്രദ്ധേയമായ വസ്തുത. മുട്ട വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങൾ അടിസ്ഥാന പെരുമാറ്റ വാസനകളോടെ സ്വതന്ത്ര ജീവികളായി പുറത്തുവരുന്നു. എന്നാൽ, അവ പരിസ്ഥിതിയുമായുള്ള ഇടപെടലിലൂടെ വളരെ വേഗത്തിൽ മെച്ചപ്പെടുകയും സങ്കീർണമാവുകയും ചെയ്യുന്നു. ഇത്തരത്തിൽ അനുഭവങ്ങളിലൂടെ മെച്ചപ്പെടുന്ന ഈ പെരുമാറ്റങ്ങൾ, ഒക്ടോപ്പസുകളുടെ പഠനവും ഓർമയും എങ്ങനെ പ്രവർത്തിക്കുന്നു എന്ന ചോദ്യത്തിലേക്ക് നമ്മെ സ്വാഭാവികമായി നയിക്കുന്നു.
പഠനം - അവബോധം - ഓർമ
മനുഷ്യനേയും ചിമ്പാൻസിയേയും പോലുള്ള സസ്തനികളേയും മറ്റു സമൂഹ ജീവികളേയും അപേക്ഷിച്ച്, ഒക്ടോപ്പസുകൾക്ക് മാതാപിതാക്കളിൽനിന്നുള്ള പരിചരണമോ പരിശീലനമോ സാമൂഹിക പഠനമോ ലഭിക്കുന്നില്ല. പഠിപ്പിക്കൽ, അനുകരണം, സംസ്കാരപരമായ അറിവ് കൈമാറ്റം എന്നിവ ഒക്ടോപ്പസുകളിൽ ഇല്ല. എന്നാലും ഇവ ശക്തമായ പഠനശേഷി പ്രകടിപ്പിക്കുന്നു. അലക്സാണ്ട്ര കെ. ഷ്നേലിന്റെതുൾപ്പെടെ വിവിധ ഗവേഷണങ്ങൾ കാണിക്കുന്നത്, ഒക്ടോപ്പസുകൾക്ക് അനുബന്ധ പഠനം, സ്ഥലം തിരിച്ചറിയൽ (spatial navigation), ദീർഘകാല ഓർമ രൂപീകരണം എന്നീ കഴിവുകൾ ഉണ്ട് എന്നാണ്. തെറ്റിയാൽ തിരുത്തി മുന്നോട്ടുപോകുന്ന രീതിയാണിവരുടേത്.
കശേരുകികളോട് സാമ്യമുള്ളതെങ്കിലും വ്യത്യസ്തഘടനയിലൂടെ ദീർഘകാല ഓർമകൾ സംരക്ഷിക്കപ്പെടുന്നു. അവരുടെ വികാസപഥം, നാഡീവ്യവസ്ഥയുടെ ഘടന, അനുഭവലോകം ഇവയെല്ലാം നമ്മുടേതിൽനിന്ന് അത്രത്തോളം വ്യത്യസ്തമായതിനാൽ, അവരുടെ ബുദ്ധി നമുക്ക് അന്യഗ്രഹീതമായതായി തോന്നുന്നു. എന്നാൽ, ഈ വ്യത്യസ്തത തന്നെയാണ് അവയെ ശാസ്ത്രീയമായി അത്യന്തം മൂല്യമുള്ളവയാക്കുന്നത്. ഒരുപാട് ശാസ്ത്രജ്ഞർ ഒക്ടോപ്പസ്സുകളിൽ നടത്തിയ ദീർഘകാല നിരീക്ഷണ ഗവേഷണങ്ങളിൽനിന്ന് നമുക്കു ലഭിച്ചിരിക്കുന്നത്: “സാമൂഹിക പരിശീലനമില്ലാതേയും ബുദ്ധി ഉദിക്കാം, ചിന്ത (മസ്തിഷ്‌കത്തിൽ മാത്രമല്ല) ശരീരമൊട്ടാകെ വിതരണം ചെയ്യപ്പെട്ടിരിക്കാം, പഠിപ്പിക്കലോ സംസ്കാരമോ ഇല്ലാതേയും പഠനം സംഭവിക്കാം, ചെറു ആയുസ്സുള്ള ജീവികളിൽപോലും സങ്കീർണമായ പെരുമാറ്റം വികസിക്കാം” തുടങ്ങിയ തിരിച്ചറിവുകളാണ്.
ജെ.ഇസഡ്. യങ്ങ് നടത്തിയ പ്രാരംഭ പഠനങ്ങൾ ഒക്ടോപ്പസിന്റെ നാഡീവ്യവസ്ഥയെ വിശദമായി ചിത്രീകരിക്കുകയും ‘വെർട്ടിക്കൽ ലോബ്’ പഠനത്തിന്റേയും ഓർമയുടേയും പ്രധാന കേന്ദ്രമാണെന്നു തിരിച്ചറിയുകയും ചെയ്തു. ഈ പ്രവർത്തനങ്ങളാണ് ഒക്ടോപ്പസിനെ കശേരുകികളല്ലാത്ത ജീവികളിൽ സങ്കീർണ പെരുമാറ്റം പഠിക്കാൻ ഒരു പ്രധാന മാതൃകയായി ഉയർത്തിയത്. തുടർന്ന്, ബിന്യമിൻ ഹോക്നേർപോലുള്ള ഗവേഷകർ പഠനത്തിന്റെ കോശതലവും സിനാപ്റ്റിക് തലത്തിലുള്ള സംവിധാനങ്ങളും വിശദീകരിച്ചു, കശേരുകികളിലെ മസ്തിഷ്‌കവുമായി താരതമ്യം ചെയ്യാവുന്ന നാഡീ പ്ലാസ്റ്റിസിറ്റിയുടെ രൂപങ്ങൾ തെളിയിച്ചു. പെരുമാറ്റതലത്തിൽ, ജെന്നിഫർ മാത്തെർ എന്ന ശാസ്ത്രജ്ഞ കളി, അന്വേഷണം, വ്യക്തിഗത സ്വഭാവ വ്യത്യാസങ്ങൾ എന്നിവ രേഖപ്പെടുത്തി, അവയുടെ പെരുമാറ്റം വെറും പ്രതികരണപരമാണെന്ന ധാരണ തകർത്തു. അടുത്തകാലത്ത് അലക്സാണ്ട്ര കെ. ഷ്നേൽ, ഒക്ടോപ്പസ് ബുദ്ധിയെ താരതമ്യ വികാസപരമായ പശ്ചാത്തലത്തിൽ അവതരിപ്പിച്ച്, അതിന്റെ സ്വതന്ത്ര ഉദ്ഭവത്തെ ഊന്നിപ്പറഞ്ഞു, കശേരുകി-കേന്ദ്രീകൃതമായ ബുദ്ധി നിർവചനങ്ങളെ ചോദ്യം ചെയ്തു.
പ്രായോഗികവും പ്രകൃതിദത്തവുമായ നിരീക്ഷണങ്ങളും അത്രമേൽ പ്രധാനമാണ്. സമുദ്രജീവശാസ്ത്രജ്ഞനായ റോജർ ഹൻലാൻ നീരാളിയുടെ പ്രച്ഛന്നവേഷത്തിന്റെ സങ്കീർണ സംവിധാനങ്ങൾ വിശദീകരിച്ചു, നാഡീനിയന്ത്രണം എങ്ങനെ നിറം, പാറ്റേൺ, ഘടന എന്നിവയിലെ തത്സമയ മാറ്റങ്ങളായി പ്രകടമാകുന്നു എന്നു തെളിയിച്ചു. അതേസമയം, ക്രെയ്ഗ് ഫോസ്റ്റർപോലുള്ളവരുടെ ദീർഘകാല നിരീക്ഷണങ്ങൾ ഒക്ടോപ്പസ് ജീവിതത്തിന്റെ പരിസ്ഥിതിയുമായി ബന്ധപ്പെട്ട അനുഭവപരമായ വശങ്ങളെ മുന്നോട്ട് കൊണ്ടുവന്നു, പരീക്ഷണശാലകളിൽ മാത്രമായി പൂർണമായി മനസ്സിലാക്കാനാവാത്ത പിടികൂടാനാവാത്ത പെരുമാറ്റങ്ങളെ തുറന്നുകാണിച്ചു. ഈ എല്ലാ സംഭാവനകളും ചേർന്ന് ഒരു വ്യക്തമായ ചിത്രം നൽകുന്നു: ഒക്ടോപ്പസ് ഒരു വിചിത്ര ജീവിയല്ല, മറിച്ച് മസ്തിഷ്‌കം, പെരുമാറ്റം, വികാസം എന്നിവയെക്കുറിച്ചുള്ള അടിസ്ഥാന ചോദ്യങ്ങളെ വീണ്ടും ചിന്തിക്കാൻ നമ്മെ പ്രേരിപ്പിക്കുന്ന ഒരു ജീവശാസ്ത്ര സംവിധാനമാണ്.
താരതമ്യ നാഡീശാസ്ത്രത്തിൽ ഉയർന്ന തലത്തിലുള്ള ബുദ്ധി കൈവരിച്ച വളരെ കുറച്ച് വികാസരേഖകളിൽ ഒന്നായി ഒക്ടോപ്പസുകൾ സസ്തനികളുടേയും പക്ഷികളുടേയും ഒപ്പമിരിക്കുന്നു; എന്നാൽ, അവ അതു കൈവരിക്കുന്നത് നമ്മുടെ നിലവിലുള്ള ഘടനകളിൽ ഒതുങ്ങുന്ന രീതിയിൽ അല്ല, മറിച്ച് സ്വകീയമായ ഒരു ബദൽ രീതിയിലാണ്.
ഒക്ടോപ്പസുകൾ മനുഷ്യർക്ക് അപകടകാരികളാണോ?
ലോകത്തിന്റെ പല ഭാഗങ്ങളിലും പ്രത്യേകിച്ച് മെഡിറ്ററേനിയൻ, കിഴക്കൻ ഏഷ്യൻ, തീരദേശ സംസ്കാരങ്ങളിൽ വ്യാപകമായി ഒക്ടോപ്പസ് ഭക്ഷണമായി ഉപയോഗിക്കപ്പെടുന്നു. എന്നാൽ, എല്ലാ ഇനങ്ങളേയും ഭക്ഷണത്തിനായി ഉപയോഗിക്കുന്നില്ല. സാധാരണയായി മിതമായ വലിപ്പമുള്ള, വിഷമില്ലാത്ത, സമുദ്രത്തിന്റെ അടിത്തട്ടിൽ (benthic) ജീവിക്കുന്ന ഇനങ്ങളെയാണ് ഭക്ഷണത്തിനു പ്രയോഗിക്കുന്നത്.
വന്യമായ രൂപവും സ്വന്തം പേര് പതിഞ്ഞ നീരാളിപ്പിടുത്തവും ഒക്കെ ഉണ്ടെങ്കിലും ഒക്ടോപ്പസുകൾ മനുഷ്യരെ വേട്ടയാടുന്ന ജീവികളല്ല. വലിയ ഇനങ്ങൾ ചിലപ്പോൾ കൗതുകത്താലോ പ്രതിരോധത്തിനോ ഡൈവർമാരെ പിടിക്കാൻ ശ്രമിക്കാം, എന്നാൽ, മനുഷ്യരെ വേട്ടയാടിയതായി സ്ഥിരീകരിച്ച സംഭവങ്ങൾ ഇല്ല. പ്രധാന അപകടസാധ്യത Blue-ringed octopus എന്ന ഇനത്തിന്റെ വിഷത്തിലാണ്. ടെട്രോഡോ ടോക്സിൻ എന്ന ഈ വിഷം നാഡീവ്യവസ്ഥയെ ബാധിക്കുന്ന ശക്തമായ ഒരു ന്യൂറോടോക്സിനാണ്. സമുദ്രജീവികളിൽ ഇത് അതിവേഗ മാംസപേശി സ്തംഭനം (paralysis) ഉണ്ടാക്കി അവയെ അചലമാക്കുന്നു, തുടർന്ന് വേട്ടയ്ക്ക് എളുപ്പമാക്കുന്നു. മനുഷ്യരിൽ ഇത് ശ്വാസകോശ പ്രവർത്തനം നിലയ്ക്കുന്ന തരത്തിലുള്ള ഗുരുതര പക്ഷാഘാതം ഉണ്ടാക്കാം; എന്നാൽ, പലപ്പോഴും വ്യക്തി ബോധവാനായിരിക്കെത്തന്നെ ശരീരം മുഴുവൻ പ്രവർത്തനരഹിതമാകുന്ന അവസ്ഥയിലേക്ക് നയിക്കാം. ഉടൻ ചികിത്സ ലഭിക്കാത്ത പക്ഷം ഇത് ജീവനു ഭീഷണിയാകാം. ബ്ലൂ-റിംഗ്ഡ് ഒക്ടോപ്പസ് മനുഷ്യരെ ആക്രമിക്കാൻ പ്രത്യേകം ലാക്കുനോക്കുന്നില്ല, സ്വജീവരക്ഷയ്ക്കുള്ള അത്യന്തം ഫലപ്രദമായ പ്രതിരോധ സംവിധാനമാണ് ഈ നീലവളയക്കാരൻ നീരാളിയെ അപകടകാരിയാക്കുന്നത്. പരിചയസമ്പന്നരായ ഡൈവർമാർ കടൽജീവികളെ ‘കൈകാര്യം’ ചെയ്യുന്നത് ഒഴിവാക്കുകയും സംരക്ഷണ ഗ്ലൗസുകൾ ജാഗ്രതയോടെ ഉപയോഗിക്കുകയും ഇത്തരം ഒക്ടോപ്പസ്സുകൾ കാണപ്പെടുന്ന തീരപ്രദേശങ്ങളിലെ ചെറുകടൽജലങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തുകയും ചെയ്യുന്നു.
മനുഷ്യലോകത്തെ ഒക്ടോപ്പസ്സുകൾ
ശാസ്ത്രജ്ഞർ ഔദ്യോഗികമായി ഒക്ടോപ്പസുകളുടെ ബുദ്ധിയെ രേഖപ്പെടുത്തുന്നതിന് ഏറെ മുന്‍പ് തന്നെ, മനുഷ്യകല്പനയിൽ അവയുടെ വ്യത്യസ്തത തെളിഞ്ഞിരുന്നു. ജനപ്രിയ സംസ്കാരത്തിൽ, അവ പലപ്പോഴും രഹസ്യജീവികളായി പ്രത്യക്ഷപ്പെട്ട് അതിശയകരമായ കഴിവുകളുള്ള പിടികിട്ടാപ്പുള്ളിയായും ഒക്കെ. ആധുനിക കാലത്ത് ഏറ്റവും പരിചിതമായ Spider-Man ലോകത്തിലെ ഒരു ശാസ്ത്രജ്ഞനായ Doctor Octopus, തന്റെ യാന്ത്രിക കൈകൾ സ്വതന്ത്രമായ പ്രവർത്തനശേഷിയോടെ ഉപയോഗിക്കുന്നു. ഇത് സാങ്കല്പികമായിരുന്നാലും ഒരു യഥാർത്ഥ ജൈവസിദ്ധാന്തത്തെ ഇത് പ്രതിഫലിപ്പിക്കുന്നു: ഒക്ടോപ്പസുകളിൽ, കൈകൾക്കു തന്നെ ഗണ്യമായ നാഡീ സ്വാതന്ത്ര്യമുണ്ട് - അവയ്ക്ക് അനുഭവിക്കുകയും തീരുമാനിക്കുകയും പ്രവർത്തിക്കുകയും ചെയ്യാൻ സ്വയമേവ കഴിവുണ്ട്. സൃഷ്ടിപരമായ അതിശയോക്തിയായി തോന്നുന്നെങ്കിലും യഥാർത്ഥത്തിൽ, ‘embodied intelligence’ എന്ന ആശയത്തിന്റെ ശൈലീകരിച്ച പ്രതിബിംബമാണ്.
സാങ്കല്പിക ലോകം ഒക്ടോപ്പസിനെ നാടകീയമാക്കുമ്പോൾ, ഡോക്യുമെന്ററികൾ അതിന്റെ യാഥാർത്ഥ്യ ജീവിതത്തിലേക്ക് നമ്മെ അടുത്തുകൊണ്ടുവരുന്നു. My Octopus Teacher (2020) എന്ന ചിത്രത്തിൽ, ക്രെയ്ഗ് ഫോസ്റ്റർ ദക്ഷിണാഫ്രിക്കയിലെ ഒരു കെൽപ് (കടൽപ്പായൽ) വനത്തിൽ എന്നും കണ്ടുമുട്ടുന്ന ഒരു വന്യ ഒക്ടോപ്പസുമായി രൂപപ്പെട്ട അടുപ്പം അവതരിപ്പിക്കുന്നു. ഈ ചിത്രം ഒക്ടോപ്പസിന്റെ അത്ഭുതകരമായ രൂപം മാറലും പ്രശ്നപരിഹാരശേഷിയും മാത്രമല്ല, അതിന്റെ കൗതുകം, ദുര്‍ബലത, ചുരുങ്ങിയെങ്കിലും തീവ്രമായ ജീവിതം എന്നിവയും വെളിപ്പെടുത്തുന്നു. പ്രധാനമായി, പരിശീലനമോ സംവിധാനമോ ഇല്ലാതെ, പ്രകൃതിദത്ത പരിസ്ഥിതിയുമായി നേരിട്ടുള്ള ഇടപെടലിലൂടെ ഉദിക്കുന്ന ബുദ്ധിയെ ഈ ചിത്രം യഥാതഥമായി കാണിച്ചുതരുന്നു.
ഇതിൽനിന്നു വ്യത്യസ്തമായി, Remarkably Bright Creatures എന്ന ഹൃദയസ്പർശിയായ ചലച്ചിത്രത്തിൽ (2026), ഒരു അക്വേറിയത്തിൽ കഴിയുന്ന മാർസെലസ് എന്ന ജയന്റ് പസഫിക് ഒക്ടോപ്പസിന്റെ ‘ആന്തരിക ലോകം’ സർഗാത്മകമായി പ്രതിപാദിക്കുന്നു. ഷെൽബി വാൻ പെൽറ്റിന്റെ, ഇതേ പേരിലുള്ള പുസ്തകം ആധാരമാക്കി ഒളിവിയ ന്യൂമാൻ സംവിധാനം ചെയ്ത് സാലി ഫീൽഡ്‌സ് അഭിനയിച്ച നെറ്റ്ഫ്ലിക്സ് ചിത്രത്തിൽ ഒക്ടോപ്പസിന് മനുഷ്യസ്വരമൊരുക്കുന്ന സാങ്കല്പിക ഘടകം ഉണ്ടായിരുന്നാലും ഓർമ, ശ്രദ്ധ, വ്യക്തിഗത സ്വഭാവം തുടങ്ങിയ യാഥാർത്ഥ്യ നിരീക്ഷണങ്ങളിൽനിന്നാണ് അത് രൂപമെടുത്തത്. ഇത്തരത്തിലുള്ള ദൃശ്യാനുഭവങ്ങൾ വിനോദോപാധി എന്നതിലുപരി ശാസ്ത്രീയ അറിവും മനുഷ്യാനുഭാവവും തമ്മിലുള്ള അന്തരം കുറയ്ക്കുന്നു, നമ്മുടേതിൽനിന്ന് അടിസ്ഥാനപരമായി വ്യത്യസ്തമെങ്കിലും ബുദ്ധിയുള്ള ഒരു മനസ്സിനെ നേരിടുന്നത് എങ്ങനെയെന്ന ചിന്തയിലേക്ക് നമ്മെ ക്ഷണിക്കുന്നു.
കൂടുതൽ തത്ത്വചിന്താത്മകമായ ഒരു സമീപനം പീറ്റർ ഗോഡ്ഫ്രി സ്മിത്തിന്റെ ‘Other Minds’ എന്ന കൃതിയിൽ കാണാം, ഇവിടെ ഒക്ടോപ്പസ് ‘ബുദ്ധിയുടെ വികാസത്തിലെ രണ്ടാമത്തെ പരീക്ഷണം’ എന്ന നിലയിൽ അവതരിപ്പിക്കപ്പെടുന്നു. മനുഷ്യരുമായി സാമ്യം അന്വേഷിക്കുന്നതിനു പകരം, ബുദ്ധി എത്ര വ്യത്യസ്ത രൂപങ്ങളിൽ ഉദിക്കാമെന്ന് ചോദിക്കുന്നതാണ് ഈ സമീപനം. ഈ കാഴ്ചപ്പാട് ഒക്ടോപ്പസിനെ ഒരു കൗതുകവിഷയത്തിൽനിന്ന് ആഴത്തിലുള്ള ജൈവപ്രാധാന്യമുള്ള ഒരു മാതൃകയായി ഉയർത്തുന്നു. ഈ പുസ്തകം അന്തിമമായി ബോധത്തെ (consciousness) മനുഷ്യർക്കോ മറ്റ് കശേരുകികൾക്കോ മാത്രം പ്രത്യേകമായുള്ള ഒരു ഗുണമല്ല മറിച്ച്, പരിണാമ ഉത്ഭവങ്ങളിലൂടെ സ്വതന്ത്രമായി രൂപപ്പെട്ടിരിക്കാവുന്ന ഒരു പൂർണവ്യാപ്തിയാണെന്ന് പുനർനിർവചിക്കുന്നു.
നീരാഴിയും നീരാളിയും
ഒക്ടോപ്പസ് ജൈവശാസ്ത്രം സമകാലിക ശാസ്ത്രത്തിൽ ബയോമിമറ്റിക് എന്‍ജിനീയറിംഗ്, ന്യൂറോസയൻസ്, കൂടാതെ സമുദ്ര പരിസ്ഥിതി ശാസ്ത്രം എന്നീ മേഖലകളെ ഒരുമിച്ച് ബന്ധിപ്പിക്കുന്ന ഒരു പ്രധാനപ്പെട്ട മാതൃകയാണ്. ഇവയുടെ ജൈവ സവിശേഷതകൾ സോഫ്റ്റ് റോബോട്ടിക്സ്, അഡാപ്റ്റീവ് ഗ്രിപ്പിങ് സിസ്റ്റംസ്, കൂടാതെ സങ്കീർണ പരിസ്ഥിതികളിൽ പ്രവർത്തിക്കുന്ന അണ്ടർവാട്ടർ പര്യവേഷണ ഉപകരണങ്ങൾ എന്നിവയുടെ രൂപകല്പനയ്ക്ക് പ്രചോദനമായിട്ടുണ്ട്. ന്യൂറോസയൻസ് രംഗത്ത്, മുൻപ് പറഞ്ഞതുപോലെ വികേന്ദ്രീകൃത ബുദ്ധിയുടെ സാധ്യതകളെ മുന്നോട്ടുവയ്ക്കുന്നു. അതേസമയം, ചെറിയ ആയുസ്സും പരിസ്ഥിതി മാറ്റങ്ങളോട് ഉള്ള ഉയർന്ന പ്രതികരണശേഷിയും കാരണം, ഒക്ടോപ്പസുകൾ സമുദ്ര മലിനീകരണം, കാലാവസ്ഥാ വ്യതിയാനം, ആവാസവ്യവസ്ഥാ തകർച്ച തുടങ്ങിയവയുടെ സൂചകജീവികളായി (bioindicators) വർത്തിക്കുന്നു. അതിനാൽ, ഒക്ടോപ്പസ് ജൈവശാസ്ത്രം അടിസ്ഥാന ജീവശാസ്ത്ര പഠനത്തിനപ്പുറം, സാങ്കേതിക നവീകരണത്തേയും സമുദ്ര പരിസ്ഥിതി സംരക്ഷണത്തേയും ബന്ധിപ്പിക്കുന്ന ഒരു അന്തർവിഭാഗീയ ശാസ്ത്രപാതയായി മാറിയിരിക്കുന്നു.
ഡോക്ടർ ഒക്ടോപ്പസിന്റെ യന്ത്രക്കൈകളിൽനിന്നുമാരംഭിച്ച്, കടൽപ്പായൽ വനത്തിലെ നിത്യ സന്ദര്‍ശകനായ മനുഷ്യന്റെ ചങ്ങാതിയായും മനുഷ്യരോട് അനുതാപപൂർവം പെരുമാറിയ മാർസെലസ് എന്ന വലിയ ഒക്ടോപ്പസായും ഒക്കെ അവയെക്കുറിച്ചുള്ള നമ്മുടെ കഥകൾ ജീവശാസ്ത്രത്തേക്കാൾ മനുഷ്യകല്പനയെക്കുറിച്ചും ഏറെ പറയുന്നു. എന്നാൽ, ഈ കഥകളുടെ അന്തർധാരയായി ഒരു ശാസ്ത്രീയ സത്യവുമുണ്ട്. ഒക്ടോപ്പസ് നമ്മുടെ പ്രതിഫലനം അല്ല, അതിന്റെ ലാഘവമുള്ള ശരീരത്തിലും ശരീരം നിറഞ്ഞുനിൽക്കുന്ന നാഡീവ്യവസ്ഥയിലും ഏകാന്തമായെങ്കിലും കൗതുകഭരിതമായ ജീവിതശൈലിയിലും ഒക്ടോപ്പസ് നമുക്ക് മറ്റൊരു ബോധരൂപത്തിന്റെ ദർശനം നൽകുന്നു - അത്ഭുതകരവും പഠനയോഗ്യവും രഹസ്യാത്മകവുമായ ഒരു അപരലോകം! അവ നമ്മെ ബുദ്ധിയുടെ സ്വഭാവത്തെത്തന്നെ പുനർവിചിന്തനം ചെയ്യാൻ നിർബന്ധിതരാക്കുന്നു. ബുദ്ധി ഒരു പ്രത്യേക മസ്തിഷ്‌ക ഘടനയോട് മാത്രം ബന്ധിപ്പിക്കപ്പെട്ട ഏകഘടക പ്രതിഭാസമല്ല, മറിച്ച് വികാസം രൂപപ്പെടുത്തിയ വൈവിധ്യമാർന്ന പരിഹാരങ്ങളുടെ ഒരു സമാഹാരമാണെന്ന് അതു തെളിയിക്കുന്നു. ഒക്ടോപ്പസിനെ പഠിക്കുന്നത് മറ്റൊരു ജീവിവർഗത്തെ മനസ്സിലാക്കുന്നതിൽ മാത്രം ഒതുങ്ങുന്നില്ല; മറിച്ച് ‘ചിന്തിക്കുക’, ‘പഠിക്കുക’, ‘ജീവിക്കുക’ എന്നീ ആശയങ്ങളുടെ അർത്ഥം തന്നെ വിപുലീകരിക്കുന്ന ഒരു പ്രയാണമാണ്. അതിന്റെ വീടായ നീരാഴിയാകട്ടെ, പീറ്റർ ഗോഡ്ഫ്രി സ്മിത്ത് പറഞ്ഞതുപോലെ “ജീവന്റെ മാത്രമല്ല, അവബോധത്തിന്റേയും ആഴമേറിയതും പുരാതനവുമായ ‘പരീക്ഷണശാലകളിൽ’ ഒന്നായി” നിലകൊള്ളുന്നു.
---
Key References:
1. Schnell, A. K. et al. (2021). How intelligent is a cephalopod? Biological Reviews.
2. Albertin, C. B. et al. (2015). The octopus genome and neural complexity. Nature.
3. Liscovitch-Brauer, N. et al. (2017). RNA editing in cephalopods. Cell.
4. Mather, J. A. (2008).
5. Cephalopod consciousness: Behavioural evidence. Consciousness and Cognition, 17(1), 37-48
6. Godfrey-Smith, P. (2016).
Other Minds: The Octopus, the Sea, and the Deep Origins of Consciousness.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates