എം.എ. ബേബി Samakalika Malayalam
Malayalam Weekly

സഖാവ് എം.എ. ബേബിക്ക് പ്രതീക്ഷാഭരിതനായ ഒരു മലയാളി എഴുത്തുകാരന്റെ തുറന്ന കത്ത്

താഹ മാടായി

“അയ്യപ്പേട്ടൻ കള്ള് കുടിച്ച് എവിടെയെങ്കിലും കിടന്നാൽ പെട്ടെന്ന് ആരെയെങ്കിലും വിളിക്കണമെന്ന് തോന്നിയാൽ ആരെ വിളിക്കും?”

കവി എ. അയ്യപ്പനോടായിരുന്നു, ചോദ്യം.

ഒരു ചെറുചിരിയോടെ അയ്യപ്പൻ പറഞ്ഞു:

“രണ്ടു പേരുടെ പേര് ഓർമവരും. കവി സെബാസ്റ്റ്യനെ, അല്ലെങ്കിൽ മറ്റൊരു കവി സഖാവ് എം.എ. ബേബിയെ. “എം.എ. ബേബി കവിയല്ലല്ലൊ?”

“കവിത ഉള്ളിലുണ്ട്. സംസാരിക്കുന്നതിൽ തന്നെ ഒരു ചന്ദസ്സില്ലെ? ഒരിക്കൽ മദ്യപിച്ചു വഴിയോരത്ത് വീണ എന്നെ ഒരു പൊലീസ് ജീപ്പ് വന്ന് ഏതോ പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയി. പരിചയമുള്ള ആരെങ്കിലുമുണ്ടോ എന്ന് ചോദിച്ചു. ഞാൻ സഖാവ് എം.എ. ബേബിയുടെ പേര് പറഞ്ഞു. കവിയാണെന്നറിഞ്ഞപ്പോൾ അവർ അന്നവും സ്‌നേഹവും തന്നു.”

എം.എ. ബേബി സി.പി.ഐ(എം) ദേശീയ ജനറൽ സെക്രട്ടറിയായപ്പോൾ സർഗാത്മകതയുടെ ഒരു പ്രകാശനമായി അത് മാറിയിരുന്നു. എ. അയ്യപ്പനും ആ സഖാവ് തൊടാവുന്നത്ര അടുപ്പത്തിലായിരുന്നു.

പാർട്ടിയെ സൈദ്ധാന്തികമായി പ്രചോദിപ്പിക്കുക, വ്യാഖ്യാനിക്കുക - ഇതെപ്പോഴും പാർട്ടിയുടെ മുതിർന്ന നേതാക്കന്മാർ ചെയ്യുന്നതാണ്. എന്നാൽ, പാർട്ടിയെ ‘ചലിപ്പിക്കുക’ എന്നത് പ്രധാനമാണ്. ഇ.എം.എസ് പാർട്ടി പ്രത്യയശാസ്ത്രത്തെ സൈദ്ധാന്തികമായി പ്രചോദിപ്പിച്ചപ്പോൾ ഇ.കെ. നായനാർ, വി.എസ്. അച്യുതാനന്ദൻ, മുന്‍ മുഖ്യമന്ത്രി പിണറായി വിജയൻ വരെ ജനകീയമായി ചലിപ്പിക്കുന്ന നേതൃശക്തികളായി. ഒരുപക്ഷേ, പാർട്ടിയെ ‘ചലനാത്മകമാക്കുന്ന’ പോയിന്റ് ഓഫ് വ്യൂ രൂപപ്പെടുത്തുക എന്നതാണ് എം.എ. ബേബിയെ കാത്തിരുന്ന വെല്ലുവിളി.

പഴയ പ്രത്യയശാസ്ത്ര അളവുകോൽവെച്ച് സി.പി.ഐ.എമ്മിനെ എങ്ങനെ ചലനാത്മകമാക്കും എന്നൊരു ചോദ്യവും എം.എ. ബേബിക്ക് മുന്നിലുണ്ടായിരുന്നു.

നവ പങ്കാളിത്ത/നവ ലിബറൽ മുതലാളിത്തത്തോട് അരുചേർന്നു പോകാൻ മാത്രമേ ഇനി പാർട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിലും സാധിക്കുകയുള്ളൂ എന്ന ഒരു ആഗോള നാൽക്കവലയിൽ നിൽക്കുമ്പോൾ പ്രത്യേകിച്ചും.

കവിതയിലും സംഗീതത്തിലും സാഹിത്യത്തിലും ജ്ഞാനവും ധിഷണയുമുള്ള, സൗഹൃദങ്ങളിൽ ഊഷ്മളമായി അലിഞ്ഞുചേരാറുള്ള എം.എ. ബേബിക്ക് അത് സാധിക്കുമെന്നുറപ്പാണ് അന്ന് പലരിലുമുണ്ടായത്.

സീതാറാം യെച്ചൂരിക്കു ശേഷമാണ് എം.എ. ബേബി വരുന്നത്. ഒരർത്ഥത്തിൽ പോരാട്ടവും കവിതയുമായിരുന്നു, യെച്ചൂരി. പോരാട്ടവും കവിതയുമാണ്, ആലങ്കാരികമായിട്ടല്ലാതെ തന്നെ എം.എ. ബേബിയെക്കുറിച്ചും പറയാനാവുക.

സഖാവ് എം.എ. ബേബിയുമായി പല അഭിമുഖങ്ങൾ നടത്തിയ ഓർമകൾ ഈ ലേഖകനുണ്ട്. സീതാറാം യെച്ചൂരി മരണപ്പെട്ടപ്പോൾ എം.എ. ബേബിയുമായി ദീർഘമായ ഒരഭിമുഖം ആഗ്രഹിച്ചു. സീതാറാം യെച്ചൂരി ഇല്ലാത്ത പാർട്ടിയെ ആര് നയിക്കും എന്ന ചോദ്യവും ആ അഭിമുഖത്തിൽ കരുതിവെച്ചിരുന്നു.

സീതാറാം യെച്ചൂരിയുടെ വിയോഗത്തിൽ വലിയ ദുഃഖം നേരിട്ട എം.എ. ബേബി എനിക്ക് മറുപടി അയച്ചു:

let me settle down first from the irreparable loss. ASAP we shall think of the online interview.

നിർഭാഗ്യവശാൽ ആ അഭിമുഖം നടന്നില്ല.

എന്നാൽ, പ്രതീക്ഷാഭരിതമായ ഒരവസ്ഥയിലാണ് സഖാവ് എം.എ. ബേബിയോടുള്ള അഗാധമായ ആദരവ് ഉള്ളിൽവെച്ചുകൊണ്ട് തന്നെ ഈ കുറിപ്പെഴുതുന്നത്. പാർട്ടിയെ ചലനാത്മകമാക്കുന്നതിൽ പരാജിതനായ ഒരു സെക്രട്ടറിയാണ് എം.എ. ബേബി എന്ന് തുറന്നെഴുതേണ്ടി വന്നതിൽ എന്നോട് ക്ഷമിക്കുക. പക്ഷേ, അങ്ങേയ്ക്ക് നിരാശഭരിതമായ ഈ രാഷ്ട്രീയ കാലാവസ്ഥയെ മറികടക്കാൻ സാധിക്കുമെന്ന പ്രതീക്ഷയുടെ മുനമ്പിൽ നിന്നുകൊണ്ടാണ് ഇതെഴുതുന്നത്. അങ്ങ് അത്രയും നന്മയുള്ള സഖാവാണ്.

എങ്കിലും, പ്രിയ സഖാവെ, ആ ചോദ്യം മുന്നിലുണ്ട്: എന്തുകൊണ്ട് അങ്ങനെ സംഭവിച്ചു? ഇത്രയും കനത്ത പരാജയം? എത്ര ആലോചിച്ചിട്ടും പാർട്ടിക്ക് ഒരു രാഷ്ട്രീയ പിടികിട്ടായ്‌ക ഉള്ളതുകൊണ്ടാണോ നവ മാധ്യമങ്ങളിലൂടെയും അഭിപ്രായം തേടുന്നത് ?

എം.എ. ബേബി

എന്നാൽ വളരെ ലളിതമാണ് ഉത്തരം: പിണറായി വിജയനോടുള്ള വ്യക്തിപരമായ ഒരു ദാസ്യമനോഭാവം എം.എ. ബേബിയുടെ വാക്കുകളിൽ മാത്രമല്ല, എല്ലാവരിലും നിറഞ്ഞുനിന്നു. പാർട്ടി എന്ന ഇടത് ഇന്ത്യൻ ബദലിനു പകരം പിണറായി എന്ന വ്യക്തിയിലേക്ക് ഇന്ത്യൻ ഇടതുപക്ഷത്തെ ചുരുക്കി. പാർട്ടിയുടെ മഹത്തായ ഉൾക്കൊള്ളൽ ശേഷിയെ ഈ വ്യക്തിഗത ദാസ്യങ്ങൾ മാരകമായ പരിക്കേല്പിച്ചു.

പിണറായി എന്ന ഒരേയൊരു രക്ഷാകർതൃത്വത്തിലേക്ക് പാർട്ടി ചുരുങ്ങിയപ്പോൾ, ജനങ്ങൾ എന്ന ബഹുരൂപമാർന്ന വ്യക്തിഗത ഉള്ളടക്കം പേറുന്ന സമൂഹം പാർട്ടിയെ കയ്യൊഴിഞ്ഞു. പാർട്ടിയാൽ നയിക്കപ്പെടുന്ന പിണറായി എന്നതിനു പകരം പിണറായിയാൽ നയിക്കപ്പെടുന്ന പാർട്ടി എന്നത് പാർട്ടി കേഡർമാർക്ക് രുചിക്കുന്ന കാര്യമേ ആയിരുന്നില്ല. പിണറായിയുടെ മറവിൽ മുഖം നഷ്ടപ്പെട്ട ഒരു എം.എ. ബേബിയെയാണ് നാം കാണുന്നത്. രാഷ്ട്രീയ ഭാവന കുറഞ്ഞ, നവയൗവ്വനങ്ങളെ പ്രചോദിപ്പിക്കാത്ത ഒരു ജനറൽ സെക്രട്ടറി.

എം.വി. ഗോവിന്ദൻ മാസ്റ്ററേയോ എം.എ. ബേബിയേയോ വ്യക്തിപരമായി നിങ്ങൾ സമീപിച്ചു നോക്കൂ, ഹാർദമായി പെരുമാറുന്ന ആർദ്രചിത്തരായ മനുഷ്യരായിരിക്കും അവർ. നിങ്ങൾക്ക് സമീപിക്കാവുന്ന സഖാക്കളാണ് അവർ. അവർക്കു മുന്നിൽ കാപട്യത്തിന്റെ ഒരു കവചവുമില്ല. എന്നാൽ, പാർട്ടിക്ക് ദിശാബോധം നൽകുന്നതിലും പുതുക്കുന്നതിലും അവർ വലിയ പരാജയമായി. എന്തുകൊണ്ട്?

നാം വി.എസ്/പിണറായി രാഷ്ട്രീയ ശീതസമരകാലത്തേക്കും പ്രത്യക്ഷമായിത്തന്നെ അവർ തമ്മിലുണ്ടായിരുന്ന ആശയപ്പോരാട്ട നാളുകളിലേക്കും പോവുക.

രാഷ്ട്രീയമായ ശാന്തതയോടെ ആലോചിക്കേണ്ട വിഷയമാണ്. വി.എസ് എന്ന ഒറ്റ രക്ഷാകർതൃത്വത്തിലേക്ക് അണികൾ ഒരു പ്രവാഹമായി തെരുവിലേക്ക് ഇറങ്ങിപ്പുറപ്പെട്ട കാലം. അന്ന് പാർട്ടി വി.എസിനെ നിയന്ത്രണവിധേയനാക്കി. വി.എസ് പ്രഭാവം പാർട്ടിയെ ഒരർത്ഥത്തിൽ ശക്തിപ്പെടുത്തുകയാണ് ചെയ്തത്. ആ പ്രഭാവത്തിന്റെ കൂടി പ്രതിഫലനമായിരുന്നു ഒന്നാം പിണറായി സർക്കാർ. വി.എസും പിണറായിയും ജനങ്ങളും നയിച്ച പാർട്ടി.

ഒന്നാം പിണറായി സർക്കാർ പ്രതീക്ഷാനിർഭരമായ ഒരു തുടക്കമായിരുന്നു. എന്നാൽ, ഒന്നാം പിണറായി സർക്കാരിന് ജനകീയമായ മുഖച്ഛായ നൽകുന്നതിൽ കെ.കെ. ഷൈലജ ടീച്ചർ, ഡോ. തോമസ് ഐസക്, ജി. സുധാകരൻ എന്നിവരുണ്ടായിരുന്നു. ഭരണകൂടത്തിൽ അവരുടെ നേതൃപരമായ പങ്ക് വളരെ വലുതായിരുന്നു. പാർട്ടിയിലും ഭരണത്തിലും ജനാധിപത്യപരമായ ഒരു നൈരന്തര്യമുണ്ടായിരുന്നു. പ്രളയം, കൊവിഡ് തുടങ്ങി ജനങ്ങൾ പരിഭ്രമിച്ചും പിന്നെപ്പിന്നെ സ്തംഭിച്ചും നിന്ന നാളുകളിൽ പിണറായി സർക്കാർ വലിയ കൈത്താങ്ങായി നിന്നു. അതിന്റെ ജനവിധി ഭരണത്തുടർച്ച നൽകി. സംശയമില്ല, പിണറായി കേരളം കണ്ട ഉജ്ജ്വലനായ ഒരു നേതാവാണ്.

രണ്ടാം പിണറായി സർക്കാർ ഭരണമേൽക്കുമ്പോൾ, പാർട്ടി അറിഞ്ഞതും ജനങ്ങൾ അറിയാത്തതുമായ ചില അട്ടിമറികൾ സംഭവിച്ചു. പ്രായം/മറ്റു പല ഘടകങ്ങൾ എന്നിവ മാനദണ്ഡമാക്കി ഷൈലജയടക്കമുള്ളവർ മന്ത്രിസഭാരൂപീകരണത്തിൽനിന്ന് മാറ്റിനിർത്തപ്പെട്ടു. ജനങ്ങൾക്കു മുന്നിൽ പ്രതീക്ഷാനിർഭരമായ മുഖമായിരുന്നു, അവർ. പ്രശസ്തിക്കു വേണ്ടിയുള്ള ചില ആഗ്രഹങ്ങൾ അവർക്കുണ്ടായിരുന്നെങ്കിൽപോലും ഷൈലജ ടീച്ചർ ചിരിക്കുന്ന, സാധാരണ മനുഷ്യരെ ചേർത്തുപിടിക്കുന്ന ഒരു സാന്നിധ്യമായിരുന്നു. ആ മന്ത്രിസഭയിൽ മുഹമ്മദ് റിയാസ് വമ്പിച്ച അധികാരങ്ങൾ ഉള്ള വകുപ്പുകളുടെ മന്ത്രിയായി അവരോധിക്കപ്പെട്ടു. മുഹമ്മദ് റിയാസിന് ഇരമ്പുന്ന ഒരു സമരഭൂതകാലമുണ്ടായിരുന്നതുകൊണ്ട് സ്വജനപക്ഷപാതം എന്ന ആരോപണം പ്രത്യക്ഷമായി ഇടതുപാളയങ്ങളിൽനിന്ന് ആരോപിക്കപ്പെട്ടില്ലെങ്കിലും വോട്ട് ചെയ്ത ഇടതേതര സമൂഹം ആ നിരാശ ഉള്ളിൽ കൊണ്ടുനടന്നു. ഷൈലജ ടീച്ചർക്ക് മന്ത്രിസ്ഥാനം നൽകുക എന്ന രാഷ്ട്രീയമായ ഔചിത്യം പാർട്ടി കാണിച്ചില്ല. കോൺഗ്രസ്സിന്റെ ദേശീയ ഭരണകാലങ്ങളെക്കുറിച്ച് പറയാൻ സാധിക്കുന്നതുപോലെ ഒരു അനൗപചാരിക ബ്രാഹ്മണിക്കൽ ഭരണമായി ഇടതു ഭരണം മാറി. സ്വജനപക്ഷപാതം, കുടുംബബന്ധങ്ങളുടെ അധികാരകോയ്‌മകൾ രൂപപ്പെട്ടു. എതിർക്കേണ്ടതിനെ എതിർക്കാൻ മറന്നുപോയ പാർട്ടിയും നേതാവും ഭരണവും. കമ്പോളവൽക്കൃതമായ ഒരു വരേണ്യത പാർട്ടിയുടേയും സി.പി.എം നേതൃപരമായി മുന്നിൽനിന്ന് നയിച്ച ഭരണകൂടത്തിന്റേയും മുഖമുദ്രയായി.

പിന്നീട് കേരളം കാണുന്നത്, പിണറായി വിജയൻ എന്ന ആൺകോയ്മയാണ്. അത് എല്ലാ അർത്ഥത്തിലും ഒരേ ഒരു മുഖമായി. മുസ്‌ലിം ന്യൂനപക്ഷങ്ങളോടുള്ള വെറുപ്പ് വെള്ളാപ്പള്ളി പല പല പ്രസ്താവനകളിലൂടെ ആളിക്കത്തിച്ചപ്പോൾ ആ മുഖത്തേക്ക് മലയാളികൾ ഉറ്റുനോക്കി. പലപ്പോഴും നിരാശയായിരുന്നു ഫലം. നരേന്ദ്ര മോദിയെ, കേന്ദ്ര ഗവൺമെന്റിനെ വിമർശിക്കാതിരിക്കാൻ അദ്ദേഹം എപ്പോഴും ശ്രദ്ധിച്ചു. ഇടതു പാർട്ടികൾ പ്രത്യേകിച്ചും സി.പി.ഐ(എം) പ്രത്യക്ഷത്തിൽതന്നെ പ്രതിനിധാനം ചെയ്ത അധ:സ്ഥിത ജനങ്ങളുടെ വിമോചന സ്വപ്നങ്ങളേയും സമരാഭിമുഖ്യങ്ങളേയും റദ്ദാക്കുന്നതിനോ രാഷ്ട്രീയമായി വന്ധ്യംകരിക്കുന്നതിനോ തുല്യമായി പല നടപടികളും. എന്താണ് ഇടത് ബദൽ എന്നത് ഒരു മായയായി.

എം.എ. ബേബി

അതെ, അതാണ് യഥാർത്ഥത്തിൽ സംഭവിച്ചത്. പാർട്ടി ഒരു മായ മാത്രമായി. പിണറായി എവിടെയും നിറഞ്ഞുനിന്നു.

എം.വി. ഗോവിന്ദൻ മാസ്റ്റർക്കോ എം.എ. ബേബിക്കോ ഈ അവസ്ഥയിൽനിന്ന്, ക്രിയാത്മകമായ രീതിയിൽ പാർട്ടിയെ ചലിപ്പിക്കാൻ സാധിച്ചില്ല. നേതൃത്വം തങ്ങളെ രാഷ്ട്രീയമായി കബളിപ്പിക്കുകയാണ് എന്നും ചിലർക്കും അവരുടെ കുടുംബാംഗങ്ങൾക്കും അധികാരം കൈയാളാൻ മാത്രമുള്ള നിഴലുകൾ മാത്രമാണ് തങ്ങൾ എന്നുമുള്ള നിരാശനിറഞ്ഞ ചിന്തകൾ പാർട്ടിമനുഷ്യരിലുണ്ടായി. അധികാരത്തിന്റെ വരേണ്യത അവരിലുണ്ടാക്കിയ നിരാശകളുടെ പ്രതിഫലനമാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനെതിരെ കൊടുങ്കാറ്റായി ആഞ്ഞുവീശിയത്.

ഏതാനും മുസ്‌ലിം മതമൗലികവാദികളുടെ ജല്പനങ്ങളെ മുഴുവൻ മുസ്‌ലിങ്ങളുടേയും വക്താക്കൾ എന്ന നിലയിൽ അവതരിപ്പിക്കുകയും മുസ്‌ലിം സമുദായത്തെ മൊത്തത്തിൽ ഇടതു വിരുദ്ധ ചേരിയിലെത്തിക്കാനും മൃദു ഹിന്ദുത്വ നിലപാടുകൾകൊണ്ട് സാധിച്ചു. സാരാംശം ഇത്രയുമാണ്: മതനിരപേക്ഷ മുസ്‌ലിം പോലും ഇടതു പാർട്ടികളിൽനിന്ന് അകലം പാലിക്കുന്ന അവസ്ഥയുണ്ടായി.

സൈദ്ധാന്തികമായ ഒരു വ്യാഖ്യാനമല്ല ജനങ്ങൾ ഇനി ആഗ്രഹിക്കുന്നത്. നോം ചോംസ്‌കി അദ്ദേഹത്തിന്റെ ലേഖനത്തിൽ സൂചിപ്പിച്ചതുപോലെ സാധാരണ മനുഷ്യരുടെ കോമൺ സെൻസിൽനിന്ന് രൂപപ്പെടുന്ന ചില അഭിപ്രായങ്ങളിൽനിന്നാണ് ഇനി കാര്യങ്ങൾ വിലയിരുത്തേണ്ടത് . അധരവ്യായാമംകൊണ്ടു ഒട്ടും പ്രയോജനമില്ലതന്നെ.

ഇന്ത്യ സമീപകാലത്ത് കണ്ട ഏറ്റവും ഉജ്ജ്വലമായ കർഷകസമരത്തിന് മുൻനിരയിൽ നിന്ന പാർട്ടിയാണ് സി.പി.ഐ(എം). കർഷകരുടേത് മാത്രമല്ല, അടിത്തട്ടുകളിലെ മനുഷ്യരുടെ ജീവിതം എങ്ങനെയാണ് ഇരമ്പുന്നതും ഇടറുന്നതുമെന്നും ഈ പാർട്ടിക്കറിയാം. അങ്ങനെയുള്ള മനുഷ്യരുമായി ഒരു ചേർത്തുപിടിക്കലിന്റെ മനുഷ്യാനുഭവപരമായ രാഷ്ട്രീയ സൗഹൃദ ഭാഷ അറിയുന്ന വിജു കൃഷ്‌ണനെപ്പോലെയുള്ള സഖാക്കളെ കേരളത്തിന്റെ രാഷ്ട്രീയ മുഖമായി മുന്നിൽ നിർത്തണം. അങ്ങനെ ഒരാൾ മാത്രമല്ല, എത്രയോ സഖാക്കൾ ഈ പാർട്ടിയിലുണ്ട്. ജോൺ ബ്രിട്ടാസിനെപ്പോലെ ജനങ്ങളുമായി എൻഗേജ് ആവുന്ന, രാഷ്ട്രീയ സൗഹൃദത്തിന്റെ ഭാഷ അറിയുന്ന ഇടതു രാഷ്ട്രീയ ബോധ്യങ്ങളുടെ മുഖങ്ങളാണ് ഈ പാർട്ടിക്കാവശ്യം. അവരെ ഉദാഹരിച്ചു എന്നേയുള്ളൂ. എത്രയോ സഖാക്കൾ. സൂര്യൻ എന്നാൽ നക്ഷത്രങ്ങളെ മറച്ചുകളയുന്നു.

സ്വജനപക്ഷപാതം, അധികാരക്കസേരയിൽ ജീവനുള്ള കാലം വരെ അള്ളിപ്പിടിച്ചിരിക്കാനുള്ള പാർലമെന്ററി വ്യാമോഹങ്ങൾ/അധികാരത്തിന്റെ സൗജന്യങ്ങളും സുഖലോലുപതകളും ഒരിക്കൽ അനുഭവിച്ച എല്ലാവരേയും ഒഴിയാബാധപോലെ പിന്തുടരുന്ന മോഹവലയമാണ്. ആ മോഹവലയത്തിൽ എല്ലായ്‌പ്പോഴും നിൽക്കാൻ കുടുംബസമ്മർദങ്ങളുമുണ്ടാവും. അധികാരം സൗജന്യ ജീവിതച്ചെലവുകളുടെ മാത്രമല്ല, ആജ്ഞകൾ കേൾക്കാൻ ശിരസ് കുനിച്ചുനിൽക്കുന്നവരെ കണ്ട് ഞാൻ, ഞാൻ എന്ന അഹങ്കാരമുളവാക്കാൻ സാധിക്കുന്നവിധം മനുഷ്യാല്പത്തങ്ങളെക്കൂടി പുറത്തുകൊണ്ടുവരുന്നു. ഞാനില്ലാതെ മറ്റാര് എന്ന് ചിന്തിക്കുന്നവരോട്, നയിക്കാൻ പാർട്ടിയുണ്ട് എന്ന് പറയൂ സഖാവെ.

ക്ഷേമപെൻഷനുകൾ കൈപ്പറ്റി, എല്ലാം പോക്കറ്റിലാക്കി ജനങ്ങൾ ഞങ്ങൾക്കെതിരെ വോട്ട് ചെയ്തു എന്ന് എം.എം. മണി സ്വതസിദ്ധമായ നാട്ടുശൈലിയിൽ പറഞ്ഞപ്പോൾ അടുത്ത നിമിഷം, ആ പരാമർശത്തിലെ അമാനവികത മനസ്സിലാക്കി താങ്കൾ തിരുത്തുവാൻ പറഞ്ഞിട്ടുണ്ട്. എന്നാൽ, പിണറായി വിജയനെ കപ്പിത്താൻ, കാരണഭൂതർ തുടങ്ങിയ അതീത വിശേഷണങ്ങൾ പാട്ടിലും നാട്ടിലും നിറഞ്ഞപ്പോൾ താങ്കൾ അത്തരം വ്യക്തിപൂജകൾ കണ്ടില്ലെന്നു നടിച്ചു. ഒറ്റ ഞെട്ടിൽ പല പൂക്കൾ വിരിയേണ്ട പാർട്ടി, അങ്ങനെയല്ലാതായി മാറി. പുതിയ പല മുഖങ്ങളെ കഴിഞ്ഞ മന്ത്രിസഭയിൽ അധികാരകേന്ദ്രത്തിൽ കൊണ്ടുവന്നത് അത്ര നിഷ്‌കളങ്കമായ രാഷ്ട്രീയ തീരുമാനമാണോ എന്ന സന്ദേഹമുണ്ട്. സാരമില്ല. പക്ഷേ, വീണ്ടും പിണറായിയെ മുൻനിർത്തി തെരഞ്ഞെടുപ്പിനെ നേരിട്ടു. പ്രായപരിധി പാർട്ടിയിൽ എല്ലാവർക്കും ബാധകമായിരിക്കേ, അദ്ദേഹത്തിനുമാത്രം നിത്യയൗവ്വനം എന്ന തീരുമാനത്തിലെത്തിയത് എങ്ങനെ?

അധികാരത്തിലുണ്ടായാലും ഇല്ലെങ്കിലും പിണറായി വിജയൻ മലയാളി മനസ്സാക്ഷിയായി തുടരുമെന്നിരിക്കേ എന്തിനാണ് ഒരു അധികാരപദവി?

വളരെ ലളിതമാണ് ചോദ്യം. ഈ അഞ്ചു വർഷം കഴിഞ്ഞാൽ ഇടതുപക്ഷം തിരിച്ചുവരും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. കോൺഗ്രസ്സിന്റേയും മുസ്‌ലിംലീഗിന്റേയും കബളിപ്പിക്കലുകൾ എല്ലാം ജനങ്ങൾ ഓർത്തുവെയ്ക്കും. അവരവരുടെ അധികാരലബ്‌ധികളുടെ സന്തുഷ്ടിയും അങ്ങനെ സന്തുഷ്ടചിത്തരാവുന്നവരുടെ വളർത്തുകേന്ദ്രവുമാണ് ആ മുന്നണി.

പക്ഷേ, ഇടതുപക്ഷം ഇതേ നിലയിലാണ് തുടരുന്നതെങ്കിൽ? ഒരു തിരിച്ചുവരവ് സാധ്യമാണോ?

മുന്‍പ് കെ.പി. അപ്പൻ ഒരു ഖണ്ഡന വിമർശനത്തിൽ ഏറ്റവും ഒടുവിൽ എഴുതിച്ചേർത്ത വരികൾ കടമെടുത്ത് പറയട്ടെ, ഞാനീ പറഞ്ഞ വാദഗതികൾ തെറ്റാണെങ്കിൽ അങ്ങ് ഇടിമുഴക്കത്തിന്റെ ഭാഷയിൽ എനിക്ക് മറുപടി പറയുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അവസാന നിമിഷം വരെ നാടകീയത; ക്രൊയേഷ്യയെ വീഴ്ത്തി പോര്‍ച്ചുഗല്‍; പ്രീക്വാര്‍ട്ടറില്‍ എതിരാളികള്‍ സ്‌പെയിന്‍

സര്‍ക്കാര്‍ സ്‌കൂളില്‍ ഹിന്ദു പ്രാര്‍ഥന ചൊല്ലാന്‍ വിദ്യാര്‍ഥികളെ നിര്‍ബന്ധിക്കാനാവില്ല: ഛത്തീസ്ഗഢ് ഹൈക്കോടതി

'ലക്ഷ്യം വിജയം മാത്രം'; കാബോ വെര്‍ദെ ചരിത്രം കുറിക്കുമോ?; കരുതലോടെ അര്‍ജന്റീന; മെസിയാണ് ജീവന്‍

'അവസാന ശ്വാസം വരെ ധീരമായി പൊരുതി'; അമ്മയുടെ വിയോ​ഗത്തിൽ റോബിൻ രാധാകൃഷ്ണൻ

'നിരപരാധിത്വം തെളിയിക്കാതെ ഞാൻ പടിയിറങ്ങില്ല, 'അമ്മ'യുടെ ബൈ ലോയിൽ എവിടെയാണ് അഡ്ഹോക്ക് കമ്മിറ്റി ഉള്ളത് ?'; പ്രതികരിച്ച് ശ്വേത