കൃഷ്‌ണകുമാർ samakalika malayalam Weekly
Malayalam Weekly

ജീവിച്ചു കാണിക്കുന്നതിന്റെ നാനാർത്ഥങ്ങൾ

അപൂർവരോഗത്തേയും ദുരന്തങ്ങളേയും മറികടന്ന് സഹജീവികളേയും തന്നെത്തന്നെയും സ്‌നേഹിക്കുന്ന കൃഷ്‌ണകുമാർ പി.എസ്. എന്ന ചെറുപ്പക്കാരന്റെ ജീവിതം

പി.എസ്. റംഷാദ്

അവർ നാലു പേരായിരുന്നു; അമ്മ, അച്ഛൻ, മകൻ, മകൾ. ഇപ്പോൾ രണ്ടു പേരേയുള്ളൂ, മകൻ കൃഷ്‌ണകുമാറും അമ്മ ശ്രീലതയും. 14 വർഷം മുന്‍പ് ഒരു ഗുരുവായൂർ യാത്രയുടെ മടക്കത്തിൽ ഉണ്ടായ അപകടത്തിൽ അച്ഛൻ പ്രസന്നൻ പിള്ളയും മകൾ ദേവകിയും പോയി. മക്കൾ രണ്ടുപേരും അപൂർവ ജനിതക രോഗം സ്‌പൈനൽ മസ്‌കുലർ അട്രോഫി (എസ്.എം.എ) ബാധിതരായിട്ടും തകർന്നും തളർന്നും പോകാതെയാണവർ ജീവിച്ചത്. പരസ്പരസ്‌നേഹത്തിന്റെ സന്തോഷത്തിന് കുറവൊട്ടുമുണ്ടായിരുന്നില്ല. അതുകൊണ്ടാണ് 2012 ജൂൺ 14-ലെ ആ റോഡപകടത്തിൽ അവശേഷിച്ചവർ തകർന്നുപോയത്. കുടുംബം സഞ്ചരിച്ചിരുന്ന കാറിൽ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. വേർപിരിയിലിന്റെ അവിശ്വസനീയതയിൽനിന്ന് ആദ്യം പുറത്തുവരികയും മകനെ തിരിച്ചുകൊണ്ടുവരികയും ചെയ്തത് ശ്രീലതയാണ്. പിന്നെ, ആ മകൻ കിടന്ന കിടപ്പിൽത്തന്നെ പ്രത്യാശയുടെ പേരായി മാറി. സ്‌പൈനൽ മസ്‌കുലർ അട്രോഫി, മസ്‌കുലർ ഡിസ്‌ട്രോഫി രോഗബാധിതരുടെ കൂട്ടായ്മ ‘മൈൻഡ്’ (മൊബിലിറ്റി ഇൻ ഡിസ്‌ട്രോഫി) ട്രസ്റ്റ് വൈസ് ചെയർപേഴ്‌സൺ, ശ്രദ്ധേയനായ സ്റ്റോറി ടെല്ലർ. 2018-ൽ കേരള സ്‌റ്റേറ്റ് യൂത്ത് ഐക്കൺ അവാർഡും 2022-ൽ സാമൂഹികനീതി വകുപ്പിന്റെ പ്രത്യേക ജൂറി പുരസ്‌കാരവും നേടി. 2022-ലെ കാവിൻകെർ എബിലിറ്റ് അവാർഡ് ഫോർ എമിനെൻസ്, അതേ വർഷം തന്നെ കൈരളി ടി.വിയുടെ ഫീനിക്‌സ് അവാർഡ്. ദുരന്താനുഭവങ്ങൾ ജീവിതം പിറകോട്ടുവലിച്ചപ്പോൾ മനസ്സിന്റെ ഊർജ്ജംകൊണ്ട് മുന്നോട്ടുതന്നെ പോയ അമ്മയുടേയും മകന്റേയും ജീവിതയാത്രയുടെ ഭാഗമായി മാറിയ ചെറുതും വലുതുമായ യാത്രകൾ രസമുള്ളതാണ്. അങ്ങനെയൊരു ദക്ഷിണേന്ത്യൻ യാത്രയുടെ അനുഭവത്തിൽ നിന്നുകൊണ്ട് സംസാരിക്കുമ്പോൾ ഉത്തരേന്ത്യയിലേക്ക് അടുത്ത വർഷമാദ്യം യാത്ര പോകാനുള്ള തയ്യാറെടുപ്പിലുമാണ്. കൊല്ലം ജില്ലയിലെ ചവറ അമ്മച്ചൻ കാവിനടുത്തുള്ള വീട്ടിൽ നാലുപേരുമുണ്ടായിരുന്ന കാലത്തെ പാട്ടുകളും അച്ഛനും മകനും തമ്മിലുള്ള രാഷ്ട്രീയ വർത്തമാനങ്ങളുമില്ല എന്നതു ശരി. പക്ഷേ, അവരുടെ അതിജീവനത്തിന്റെ നിറവുണ്ട്.

ലോകം വിശാലം

“ശാരീരിക പരിമിതികൾ ഇല്ലാത്തവർക്കുപോലും യാത്ര എളുപ്പമുള്ള കാര്യമല്ല. പരിമിതികൾ ഉള്ളവർക്ക് സ്വാഭാവികമായും കുറച്ചുകൂടി പ്രയാസം. പ്രധാനമായും, ശരീരത്തിന്റെ ബുദ്ധിമുട്ടുകൾ തന്നെ. ഒറ്റ സ്‌ട്രെച്ചിൽ മണിക്കൂറുകളോളം ഇരിക്കുക എന്നത് വലിയ ബുദ്ധിമുട്ടാണ്”, യാത്രകളെക്കുറിച്ച് അനുഭവത്തിൽനിന്നു പറയുകയാണ് കൃഷ്‌ണകുമാർ. യാത്രകൾ കുട്ടിക്കാലം തൊട്ടുതന്നെ ഇഷ്ടമാണ്. അച്ഛനോടൊപ്പം കൊച്ചു കൊച്ചു യാത്രകൾ ചെയ്തിരുന്നു.

മധുര മീനാക്ഷി ക്ഷേത്രവും തഞ്ചാവൂർ ത്യാഗരാജ സ്മാരകവും ചോള, പാണ്ഡ്യ പോരാട്ട കാലത്തിന്റെ ഓർമകളുമുൾപ്പെടെ കണ്ടും അറിഞ്ഞുമുള്ള ഒടുവിലത്തെ യാത്ര ഒത്തിരി ബുദ്ധിമുട്ടിയാണ് ചെയ്തത്. റെസ്‌പിറേറ്ററി ഇൻഫെക്ഷനും കൂടി ബാധിച്ചു. മൂന്നു പ്രാവശ്യം, പല കാരണങ്ങളാൽ മാറ്റിവച്ച യാത്രയാണ്. ഒരു പ്രാവശ്യം തയ്യാറെടുത്തു; പക്ഷേ, മൈസൂര് പോയി. രണ്ടാമത്തെ പ്രാവശ്യം ഇതേ യാത്രയ്ക്കു തയ്യാറെടുത്തു; എന്നിട്ട് വയനാട്ടിൽ പോയി. മൂന്നാമത്തെ പ്രാവശ്യം തെങ്കാശിയിൽ വച്ച് വണ്ടിക്ക് ഒരു പ്രശ്‌നം വന്നിട്ട് തിരികെ പോരേണ്ടി വന്നു. നാലാമതും അതേ തയ്യാറെടുപ്പുകളും യാത്രയും. ഓരോ പ്രാവശ്യവും നടത്തുന്നത് ചെറിയ തയ്യാറെടുപ്പുകളല്ല; മരുന്നുകളെടുത്തു വയ്ക്കണം, വസ്ത്രങ്ങൾ, വീൽച്ചെയർ. അങ്ങനെ കുറേ തയ്യാറെടുപ്പുകൾ. അതോടൊപ്പം തന്നെ, കാണേണ്ട സ്ഥലങ്ങളെക്കുറിച്ചുള്ള വായന, പഠനം ഒക്കെ ആവശ്യമാണ്. നാലാമത്തെ പ്രാവശ്യവും യാത്ര മുടങ്ങിപ്പോകുമോ എന്ന അവസ്ഥ വന്നു. എങ്കിലും എന്തായാലും പോകാം എന്ന ചിന്തയിൽനിന്നാണ് യാത്ര സംഭവിച്ചത്. “വല്ലാത്ത ബുദ്ധിമുട്ടായിരുന്നു. സാധാരണ ഞാൻ ചെയ്യുന്ന യാത്രകളെക്കാൾ ശാരീരികമായി വളരെ സഹിച്ച ഒരു യാത്ര. അതിനുശേഷം മൂന്നുനാലു ദിവസം ഇൻജക്ഷനൊക്കെ എടുക്കേണ്ടിവന്നു, അസുഖം മാറാൻ. പിന്നെ, യാത്ര എന്നത് അനുഭവമാണല്ലോ. നമ്മളെ അറിയാൻ, ലോകത്തെ അറിയാൻ, അറിവ് വികസിപ്പിക്കാനൊക്കെയുള്ള സാധ്യതയാണ് യാത്ര. അതുകൊണ്ട് ബുദ്ധിമുട്ടുകളൊക്കെ ഉണ്ടെങ്കിലും സാധിക്കുമ്പോഴൊക്കെ യാത്ര ചെയ്യും. അങ്ങനെ ആഗ്രഹിക്കുന്നത് ചെയ്യാനുള്ള സാധ്യതകൾ ചുറ്റുമുണ്ട്. കൊണ്ടുപോകാൻ ‘മൈൻഡ്’ എന്ന ഞങ്ങളുടെ സംഘടനയുടെ വോളണ്ടിയർ വിഭാഗമായ കൂട്ട്; അതിലെ കൂട്ടുകാർ അൽ അമീൻ എന്ന അല്ലു, നാഫി, സുഹൈൽ. ഞങ്ങൾ നാലുപേരും അമ്മയുമാണ് പോയത്.” രാമേശ്വരത്താണ് യാത്ര അവസാനിപ്പിച്ചത്. അഞ്ചാം ദിവസം തിരിച്ചെത്തി.

ഉറപ്പായും പോകണമെന്നു തീരുമാനിച്ചു നടപ്പാക്കിയത് ഈ 39-കാരന്റെ സ്വഭാവത്തിന്റെ പ്രത്യേകതയാണ്. മനസ്സെത്തുന്നിടത്തു ശരീരം എത്താത്ത ആൾക്ക് അതൊക്കെ കഴിയുമോ എന്നു ചോദിക്കാം. പക്ഷേ, സ്‌നേഹിക്കുകയും കൂടെ നിൽക്കാൻ എപ്പോഴും തയ്യാറായിരിക്കുകയും ചെയ്യുന്നവരുടെ കൂട്ടുണ്ട് കൃഷ്‌ണകുമാറിന്. അതുകൊണ്ട്, “ഒരു കാര്യം ആഗ്രഹിച്ചാൽ അതിലേക്ക് എത്തുക എന്നുള്ളതാണ്. അതിനി എത്രമാത്രം ശ്രമിക്കേണ്ടിവന്നാലും എത്തിയിട്ടേ നിർത്താറുള്ളു. യാത്ര എന്നല്ല എന്തുതന്നെയായാലും അങ്ങനെയാണ്. ദിവസങ്ങളോ മാസങ്ങളോ ആയാലും അതിനുവേണ്ടി ശ്രമിക്കും. അതുകൊണ്ട് മടുപ്പും പ്രയാസവുമൊന്നും ഉണ്ടായില്ല. വീട്ടിൽ അമ്മയും അമ്മമ്മയും അമ്മാവനുമൊന്നും നിരുത്സാഹപ്പെടുത്താറൊന്നുമില്ല. ഉള്ളത് ചില ആശങ്കകൾ മാത്രമായിരുന്നു ആദ്യമൊക്കെ. ഇപ്പോഴതുമില്ല.” പക്ഷേ, തന്നെപ്പോലെ ഈ സൗകര്യങ്ങളും പിന്തുണയും കിട്ടാത്ത, എസ്.എം.എ അടക്കമുള്ള രോഗബാധിതരുടെ സാഹചര്യങ്ങളെക്കുറിച്ച് കൃഷ്‌ണകുമാറും കൂട്ടുകാരും ബോധ്യമുള്ളവരാണ്. അതുകൊണ്ടുകൂടിയാണ് ‘മൈൻഡ്’ സജീവമായിരിക്കുന്നതും.

അമ്മയോടൊപ്പം

മനസ്സ് എന്ന പ്രപഞ്ചം

അച്ഛനും അനിയത്തിയും മരിച്ച അപകടത്തിനു ശേഷം മൂന്നു നാലു വർഷം വല്ലാതെയങ്ങ് ബ്ലാങ്ക് ആയിരുന്നു. വലിയ ഡിപ്രഷനിലൊക്കെയായി. അതുകഴിഞ്ഞ് യാത്രചെയ്ത് തുടങ്ങുമ്പോൾ അമ്മമ്മയ്ക്കും ചെറിയമ്മയ്ക്കുമൊക്കെ ആശങ്കകളുണ്ടായിരുന്നു, എന്റെ ആരോഗ്യത്തിന്റേയും മാനസികാവസ്ഥയുടേയും കാര്യത്തിൽ; പിന്നെ, ഒരു പരിധിക്കപ്പുറം ശ്രദ്ധിക്കുന്നില്ല എന്നു വരുമ്പോൾ അവർ പറയുന്നതു നിർത്തുകയാണ് ചെയ്തത്. അതുകൊണ്ട്, വീട്ടിൽനിന്നു തടസ്സങ്ങളൊന്നുമില്ല. പോകണം എന്നു പറയുമ്പോൾ പോകണ്ട എന്നു പറയാറില്ല.

ഈ യാത്ര ഡിസൈൻ ചെയ്തതു തന്നെ ചോളന്മാരുടേയും പാണ്ഡ്യൻമാരുടേയും ചരിത്രത്തെ അടിസ്ഥാനമാക്കിയാണ്. അതിലേക്ക് എത്തിപ്പെടാൻ ഒരു കാരണമുണ്ട്. 2017 അവസാനമാണ് എ. ശ്രീധരമേനോന്റെ ‘ഇന്ത്യാ ചരിത്രം’ വായിക്കുന്നത്. കുറേ ചരിത്രപുസ്തകങ്ങൾ ആ സമയത്ത് വായിച്ചിരുന്നു. രാമചന്ദ്ര ഗുഹയുടേയും ബിപിൻചന്ദ്രയുടേയുമൊക്കെ പുസ്തകങ്ങൾ വായിക്കുന്ന കൂട്ടത്തിലാണ് ശ്രീധരമേനോനേയും വായിച്ചത്. പൊതുവേ ചരിത്രം വളരെ ഇഷ്ടമുള്ള വിഷയമാണ്. ബാലരമയിലെ അമർ ചിത്രകഥകൾ വായിക്കുമ്പോൾ മുതൽ കിട്ടിയ ശീലമാണ്. അങ്ങനെയാണ് ചോളന്മാരെക്കുറിച്ചു വായിക്കുന്നത്. കാര്യമായി സ്വാധീനിച്ച കാര്യമായിരുന്നു അത്. ചോളന്മാരെക്കുറിച്ചു മുന്‍പ് കേൾക്കുകയും കുറച്ചൊക്കെ വായിക്കുകയും ചെയ്തിട്ടുണ്ടായിരുന്നു. പക്ഷേ, കണ്ണ് തുറപ്പിച്ച വായനയായിരുന്നു ഇത്. അങ്ങനെയാണ്, എന്തുകൊണ്ട് ആ സ്ഥലങ്ങളിലൊക്കെ ഒന്നു പോയ്‌ക്കൂടാ എന്ന ആലോചന ഉണ്ടാകുന്നത്. കുറച്ചുകൂടി വായിച്ചപ്പോൾ പാണ്ഡ്യന്മാരേയും അറിഞ്ഞു. ഇവർക്കിടയിൽ ഉണ്ടായിട്ടുള്ള വൈരം, പാണ്ഡ്യന്മാരുടെ തിരിച്ചുവരവ്. ആ സ്ഥലങ്ങളൊക്കെ കാണാൻ ആഗ്രഹിച്ചു. അങ്ങനെയാണ് മധുര കാണാതിരിക്കാൻ പറ്റില്ല എന്ന് മനസ്സിലാക്കിയത്.

മധുര കാണുക, മധുരയെ അറിയുക എന്ന ആഗ്രഹം അതോടെ ശക്തമായി. പ്രത്യേകിച്ചും മധുര മീനാക്ഷി ക്ഷേത്രം. തെങ്കാശിയിൽ പാണ്ഡ്യന്മാർ നിർമിച്ച ഒരു ആദി കൈലാസ ക്ഷേത്രമുണ്ട്. പോകുന്നവഴിക്കാണ്. തെങ്കാശി എന്ന പേര് തന്നെ ഉണ്ടാകാൻ കാരണമായ ക്ഷേത്രവും സ്ഥലവുമാണ്. അതു കണ്ടിട്ടാണ് മധുരയ്ക്കു പോയത്. പിന്നെ തഞ്ചാവൂർ ത്യാഗരാജ സമാധി. യാത്രയ്ക്ക് ഒരാഴ്ച മുന്നേ യാദൃച്ഛികമായി സംഗീതസംവിധായകൻ എം. ജയചന്ദ്രന്റെ ഒരു തഞ്ചാവൂർ യാത്രയുടെ വീഡിയോ കാണാനിടയായിരുന്നു. അങ്ങനെയാണ് ത്യാഗരാജ സമാധി മന്ദിരത്തിൽ പോകാൻ തീരുമാനിച്ചത്.

പാട്ട് വലിയ ഇഷ്ടമാണ്. കർണാട്ടിക് സംഗീതം ഭയങ്കര ഇഷ്ടം. അച്ഛനിൽനിന്നു കിട്ടിയ ശീലമാണ്. കുട്ടിക്കാലത്ത് രാത്രി ഉറങ്ങുന്നതിനു മുന്‍പ് അച്ഛൻ ത്യാഗരാജ കീർത്തനങ്ങളൊക്കെ പാടുന്നതു കേട്ടിട്ടുണ്ട്. അത് കേട്ടിട്ടുള്ള ഒരിഷ്ടമുണ്ട്. എന്തുകൊണ്ട് ആ വഴി പോയിക്കൂടാ എന്നു ആലോചിക്കാൻ അതുമൊരു കാരണമാണ്. ത്യാഗരാജ സമാധി വിസ്മയിപ്പിക്കുന്ന അനുഭവമായിരുന്നു. പോകാൻ നേരത്തേ ഉദ്ദേശിച്ചിരുന്നതിന്റെ തൊട്ടടുത്ത ദിവസമാണ് അവിടെ എത്തുന്നത്. എത്രയൊക്കെ വായിച്ചിട്ടും ശ്രദ്ധയിൽപ്പെടാതെ പോയ ഒരു സ്ഥലം ആ വഴിയിൽത്തന്നെയുണ്ടായിരുന്നു; ലോകത്തിലെത്തന്നെ ആദ്യ ഡാമുകളിലൊന്ന്. പിന്നീട് അറിഞ്ഞപ്പോൾ അവിടെപ്പോയി. വളരെ യാദൃച്ഛികമായി ഒരാളോട് വഴി ചോദിച്ചപ്പോൾ അയാളാണ് ഇങ്ങനെയൊരു സ്ഥലമുണ്ടെന്നു പറഞ്ഞത്. അതുകൊണ്ട് പിറ്റേന്നാണ് ത്യാഗരാജ സമാധിയിലെത്തുന്നത്. എത്തുന്ന സമയത്ത് അകത്ത് ആരോ ത്യാഗരാജ കീർത്തനം പാടുകയാണ്. നോക്കുമ്പോൾ ഒരു ചെറുപ്പക്കാരൻ സ്വയം മറന്ന് പാടുന്നു. സ്വാമിയുടെ സമാധി ദിനമാണ് എന്ന് പിന്നീടാണ് അറിഞ്ഞത്. യാദൃച്ഛികമായി അന്ന് അവിടെ എത്താനും ആ ഉള്ളിൽത്തട്ടുന്ന സന്ദർഭത്തിന്റെ ഭാഗമാകാനുമൊക്കെ കഴിഞ്ഞത് വലിയ അനുഭവമായി. അദ്ദേഹത്തെ പരിചയപ്പെട്ടപ്പോൾ വളരെ സ്‌നേഹത്തോടെ പെരുമാറി. നെറ്റിയിൽ ഭസ്മമൊക്കെ ഇട്ടുതന്നു, സംഗീതം ഇഷ്ടമാണോന്ന് ചോദിച്ചു, ഒരുപാട് സന്തോഷമായി.

“സത്യത്തിൽ ആ യാത്രയിൽ ഏറ്റവും വിഷമിച്ച ദിവസമായിരുന്നു, അതുവരെ. കാരണം, എനിക്കു തീരെ വയ്യ, ശബ്ദം പോലും പുറത്തേയ്ക്കുവരുന്നുണ്ടായിരുന്നില്ല. യാത്രയുടെ മൂന്നാം ദിവസം; എന്റെ അവസ്ഥ കണ്ടിട്ട് യാത്ര തന്നെ അവസാനിപ്പിച്ച് തിരിച്ചു പോന്നാലോ എന്ന് അമ്മ ചോദിക്കുകപോലും ചെയ്തു. അങ്ങനെയൊരു ദിവസം തന്നെയാണ് ആ അപൂർവാനുഭവവും ഉണ്ടായത്. അവിടെനിന്നു നേരെ ബൃഹദേശ്വറിലേയ്ക്കാണു പോയത്. ശരിക്കും അത്ഭുതപ്പെട്ടു പോയ അനുഭവമായിരുന്നു ബൃഹദേശ്വർ. മനസ്സും കണ്ണുമൊക്കെ നിറഞ്ഞുവന്നു. ആ സ്ഥലത്തെക്കുറിച്ചുള്ള വായനയായിരുന്നു ഈ യാത്രയുടെ തന്നെ പ്രധാന കാരണം. അത്രയും വായിച്ചതാണ്. ചോളന്മാരുടെ ഒട്ടുമിക്ക നിർമിതികളും ഇല്ലാതാക്കിയിട്ടും ബൃഹദേശ്വർ ക്ഷേത്രം നിലനിർത്തി. മാത്രമല്ല, ഇവർ അവിടെ വേറൊരു ക്ഷേത്രം കൂടി ഉണ്ടാക്കുകയും ചെയ്തു. പാണ്ഡ്യ രാജവംശത്തിന്റെ തിരിച്ചുവരവുപോലെ അവരുണ്ടാക്കിയ പ്രതീകമുണ്ട് അവിടെ, പിന്നെ നന്ദികേശന്റെ പ്രതിമ, അങ്ങനെ ഒരുപാട് പ്രത്യേകതകൾ നിറഞ്ഞ വാസ്തുശില്പ വിസ്മയമാണ് നമുക്ക് അവിടം നൽകുന്നത്. അതുതന്നെയാണ് ആ യാത്രയിൽ അവിടെ എത്തിപ്പെടുന്നതിലെ ഏറ്റവും വലിയ സന്തോഷവും. ക്ഷേത്രം നിർമിക്കാൻ ഉപയോഗിച്ചിരിക്കുന്നത് മാർബിൾ കല്ലുകളാണ്. അതൊക്കെ കാലത്തിന്റെ തന്നെ അത്ഭുതമാണ്. ആ പ്രദേശത്തൊന്നും അത്തരം കല്ലുകളില്ല. കാവേരി നദിയിൽ നിന്നാണ് ആ കല്ലുകൾ കൊണ്ടുവന്നത്. 28 വർഷം കൊണ്ടാണ് പണിതു തീർന്നത്. അങ്ങനെ വായിച്ചതും കേട്ടതുമായ കാര്യങ്ങളിലൂടെയെല്ലാം യാത്ര ചെയ്തു.

ഭിന്നശേഷിയല്ല കാര്യം

ജോലി ചെയ്തു പണം സമ്പാദിച്ചാണ് ജീവിക്കുന്നതും യാത്രകൾ ചെയ്യുന്നതും. അല്ലാതെ വലിയ വർത്തമാനങ്ങൾ പറഞ്ഞും നാടു കണ്ടും രസിക്കുക മാത്രമല്ല. അമ്മയുടെ പേരിലെടുത്ത എൽ.ഐ.സി ഏജൻസിക്കുവേണ്ടി പ്രവർത്തിക്കുന്നു, കഥ പറച്ചിലിനും പ്രഭാഷണങ്ങൾക്കും പണം വാങ്ങുന്നു. ഓൺലൈൻ പ്രഭാഷണങ്ങളുണ്ട്, നേരിട്ടു പോയും സംസാരിക്കും. കാര്യങ്ങൾ മാനേജ് ചെയ്തു പോകാൻ ഇതുകൊണ്ടൊക്കെ കഴിയുന്നുണ്ട്.

അടുത്തൊരു യാത്ര രാജസ്ഥാനിലേക്ക് ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ആലോചിച്ചിരുന്നു. പക്ഷേ, സെപ്റ്റംബറിൽ വയ്യാതെ രണ്ടു മാസത്തോളം ആശുപത്രിയിലായി. യാത്രയ്ക്കുവേണ്ടി ഉദ്ദേശിച്ച പണമൊക്കെ ആശുപത്രിച്ചെലവിലേക്കു പോയി. ഇനിയായാലും പോകണം. ഡൽഹി, പഞ്ചാബ് ഒക്കെക്കണ്ട് ഒരു 25-30 ദിവസം കൊണ്ട് തിരിച്ചുവരാനാണ് ആലോചിക്കുന്നത്. അടുത്ത വർഷം പോകണമെന്നാണ് ആഗ്രഹം. ഏറ്റെടുക്കുന്ന ചില സ്പീച്ചുകളൊക്കെയുണ്ട്. ഇനിയും വരും. അതിനെല്ലാം ഒരു മാസത്തെ ഇടവേള കൊടുത്ത് പോകാനാകുമോ എന്നറിയില്ല.

“പരിമിതികളെ ഞാൻ മറികടന്നു എന്നതിനപ്പുറം എനിക്ക് അങ്ങനെയൊരു എക്കോ സിസ്റ്റം ഉണ്ടായി എന്നതാണ് പ്രധാനം. എന്നെ സപ്പോർട്ട് ചെയ്യാൻ ആളുകൾ ഉണ്ടായി. അല്ലാതെ വ്യക്തിപരമായി എന്റെ പ്രത്യേകമായ കഴിവുകളൊന്നും ഇതിലില്ല. മുന്നോട്ടു കൊണ്ടുപോകാൻ സംഘടനയും സഹപ്രവർത്തകരുമൊക്കെയുണ്ട്. അവരൊക്കെ എന്റെ അനിയത്തിമാരും അനിയന്മാരുമാണ്, എന്റെ കുടുംബമാണ്. പിന്നെ മാമന്മാർ, പെങ്ങളുടെ ഹസ്ബന്റ്; അവരുടെയൊക്കെ പിന്തുണയിൽ ചാരിയാണ് ഞാൻ നിൽക്കുന്നത്. എന്നെ സംബന്ധിച്ചിടത്തോളം ഇവരെല്ലാമുണ്ട് എന്നതുതന്നെയാണ് ഏറ്റവും വലിയ അനുഗ്രഹം. അല്ലാതെ എങ്ങനെ മുന്നോട്ടുപോകാൻ സാധിക്കുമെന്ന് അറിയില്ല; സാധിക്കില്ല എന്നതാണ് സത്യം. ഒരു രീതിയിലും ഏബിൾ ആയ ആളല്ല. അതുകൊണ്ടുതന്നെ ഇവരുടെയൊക്കെ പിന്തുണയുടെ കരുത്ത് ഉണ്ടായി എന്നത് പ്രധാനമാണ്. വലിയ ഭാഗ്യവുമാണത്. അങ്ങനെ ഇല്ലാത്ത നിരവധിപ്പേരുണ്ട്”- കൃഷ്‌ണകുമാറിന്റെ വാക്കുകൾ.

മൈൻഡ് ഒരു റീഹാബ് സെന്റർ തുടങ്ങാൻ പോവുകയാണ്. ഒരിടം എന്നാണ് പേര്. കോഴിക്കോട് മേപ്പയൂരിൽ 1.86 ഏക്കർ സ്ഥലമെടുത്തു, പ്ലാൻ തയ്യാറാക്കാൻ കൊടുത്തിരിക്കുന്നു. പെർമിഷൻ കിട്ടിയാൽ ഒന്നൊന്നര വർഷംകൊണ്ട് തീരും. അഞ്ചു ഘട്ടങ്ങളായാണ് നിർമിക്കുന്നത്. ആദ്യ ഘട്ടം പൂർത്തിയാകുമ്പോൾ പത്തു പേരെ ഒരേസമയം താമസിപ്പിക്കാൻ കഴിയും. ആകെ നൂറോളം പേരെ താമസിപ്പിക്കാൻ കഴിയുന്ന സ്ഥലമാണ് ഉദ്ദേശിക്കുന്നത്. ഇപ്പോൾ പൊതുവേ കാണുന്ന തരം ഒരു സ്ഥാപനമേ അല്ല. വീടുപോലെ ഒരിടം. കേരളത്തിൽ അങ്ങനെയൊരു സെന്റർ ആദ്യമായിരിക്കും. എസ്.എം.എ രോഗബാധിതരായി ബുദ്ധിമുട്ടുന്ന കുറേപ്പേർക്കും അവരുടെ കുടുംബങ്ങൾക്കും ഒരു പരിധിവരെയെങ്കിലും വലിയ സഹായമായി അതു മാറണം എന്നാണ് ഇവർ ആഗ്രഹിക്കുന്നത്. മറ്റു പലയിടത്തും തുടങ്ങാനൊരു മോഡൽ കൂടിയായി മാറും.

ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് എസ്.എം.എ രോഗികളുടെ വിലയേറിയ മരുന്നുകൾ ലഭ്യമാക്കാൻ നടത്തുന്ന ശ്രമങ്ങൾ വളരെ വലുതാണെന്ന് കൃഷ്‌ണകുമാർ പറയുന്നു. പക്ഷേ, എസ്.എം.എ മാത്രമല്ല അപൂർവരോഗം. പത്തിലൊരു ആൺകുട്ടിക്ക് ഉണ്ടാകുന്ന മസ്‌കുലർ രോഗത്തിന്റെ വകഭേദം ഉൾപ്പെടെയുണ്ട്. അവരുടെ പരമാവധി ജീവിതം 20 വയസ്സു വരെയാണ്. അങ്ങനെ രണ്ടും മൂന്നും കുട്ടികൾ മരിച്ച വീടുകളുണ്ട്. അത്തരം ആളുകൾക്കും ഇപ്പറയുന്ന സൗകര്യങ്ങൾ ലഭ്യമാക്കിക്കൊടുക്കാൻ കഴിയണം. അതിനൊത്ത നയമുണ്ടാകണം. വൈകാതെ ഉണ്ടാകും എന്നാണ് പ്രതീക്ഷ. “രാഷ്ട്രീയ നേതൃത്വങ്ങളിലുള്ള കുറച്ചൊക്കെ ആളുകൾ ഞങ്ങളെ ഇപ്പോൾ ശ്രദ്ധിക്കുന്നുണ്ട്. കഴിഞ്ഞ നിയമസഭയിൽത്തന്നെ ചവറ എം.എൽ.എ ഈ വിഷയം ഉന്നയിച്ചിരുന്നു. ഷാഫി പറമ്പിൽ എം.പി ഇതുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ നടത്തിയിരുന്നു. അങ്ങനെ പലരും ഇനിയും വരും. കുറച്ചുകൂടി സജീവമായ സ്ഥിരം ഇടപെടലുകൾ ഉണ്ടാകണമെങ്കിൽ നയംതന്നെ ഉണ്ടാകണം. ആ കാര്യത്തിലാണ് സർക്കാരിന്റെ ശ്രദ്ധ വേണ്ടത്; കേരളത്തിലും കേന്ദ്രത്തിലും. ഏറ്റവും പുതിയ വന്ദേഭാരത് ട്രെയിനിൽപ്പോലും വീൽചെയർ കയറാൻ സൗകര്യമില്ല. റെയിൽവേ സ്റ്റേഷനുകളിൽ ഓരോ പോർട്ടബിൾ റാമ്പ് വച്ചു കഴിഞ്ഞാൽ പരിഹരിക്കാവുന്ന കാര്യമാണ്. ട്രെയിനിലെ ഡിസേബ്ൾഡ് കോച്ചിൽ കയറാനും ഇറങ്ങാനും കഴിയുന്ന വിധം എടുത്തുവയ്ക്കാൻ കഴിയുന്ന റാമ്പ്. എന്തുകൊണ്ട് ഇപ്പോഴും അത് ശ്രദ്ധയിൽപ്പെടുന്നില്ല, അങ്ങനെയൊന്നു വേണം എന്ന് ചിന്തിക്കുന്നില്ല എന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണ്.

ട്രെയിനുകളിലെ മാത്രം കാര്യമല്ല. ബസുകളിലും സൗകര്യമില്ല. ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിനെ എസ്.എം.എ രോഗികളുടേയും രക്ഷിതാക്കളുടേയും സംഘടനാ പ്രതിനിധികൾ കണ്ടിരുന്നു. “എന്തുകൊണ്ടാണ് ‘അതു പറ്റില്ല, ഇതു പറ്റില്ല’ എന്ന കടുത്ത നിലപാട് അദ്ദേഹം എടുത്തതെന്ന് അറിയില്ല. എല്ലാ ബസുകളിലും വേണമെന്നല്ല; പുതിയതായി ഇറക്കുന്ന ബസുകളിൽ ഭിന്നശേഷി സൗഹൃദപരമാക്കാമല്ലോ. എത്രയോ പരാതികൾ കൊടുത്തിരിക്കുന്നു. മോട്ടോർ വാഹന നിയമം അനുവദിക്കുന്നില്ല എന്നാണ് പറയുന്നത്. എങ്കിൽ അതിനനുസരിച്ച് നിയമഭേദഗതി കൊണ്ടുവന്നാൽപ്പോരെ. അവിടെയൊക്കെയാണ് മനോഭാവം പ്രശ്‌നമാകുന്നത്.”

തമിഴ്‌നാടിന്റെ ഉൾഗ്രാമങ്ങളിൽപ്പോലും പല ബസ് സ്റ്റാന്റുകളും ഭിന്നശേഷിക്കാർക്ക് കയറാൻ കഴിയുന്നവിധമാണ് ഉണ്ടാക്കിയിട്ടുള്ളത്. അത് യാത്രയിൽ അത്ഭുതപ്പെടുത്തിയ കാര്യമാണ്. പക്ഷേ, ഭിന്നശേഷി സൗഹൃദ സംസ്ഥാനമായി പ്രഖ്യാപിച്ച കേരളത്തിൽ അങ്ങനെയല്ല സ്ഥിതി. നമ്മുടെ പൊതുഗതാഗത സംവിധാനം ഇപ്പോഴും ഭിന്നശേഷി സൗഹൃദപരമല്ല. രാമേശ്വരം ക്ഷേത്രത്തിലും ഗുരുവായൂർ ക്ഷേത്രത്തിലും റാമ്പ് വച്ചിട്ടുണ്ട്. അവിടെയൊന്നും ഇല്ലാത്ത ആചാരവും ചിന്തകളുമാണ് ഇക്കാര്യത്തിൽ ബാക്കി ക്ഷേത്രങ്ങളിലും മറ്റ് ആരാധനാലയങ്ങളിലും. കോഴിക്കോട് കുറ്റിച്ചിറ പള്ളി കാണാൻ പോയിരുന്നു. അത്രയും പുരാതനമായ പള്ളി കാണാൻ എത്തുന്ന ഭിന്നശേഷിക്കാർക്ക് കയറാൻ കഴിയില്ല. പുറത്തുനിന്നാണ് കണ്ടത്.

“ഭിന്നശേഷിത്വം എന്ന ആ വാക്കിന്റെ പരിഗണന വേണ്ട എന്നാണ് എന്റെ അഭിപ്രായം. ഡിഫറന്റ്‌ലി ഏബ്ൾഡ് വേണ്ട, ഡിസേബ്ൾഡ് മതി. പരിമിതിയുടെ യാഥാർത്ഥ്യത്തെ അംഗീകരിക്കുകയാണ് വേണ്ടത്. അത്തരം ആളുകൾക്കു ജീവിക്കാൻ ആവശ്യമായ ഭൗതിക സാഹചര്യങ്ങൾ ഒരുക്കിക്കൊടുക്കുകയാണ് ആധുനിക സമൂഹം ചെയ്യേണ്ടത്. അങ്ങനെ ചെയ്യുമ്പോഴാണ് സമൂഹം ആധുനികമാകുന്നത്. അതു സാധിക്കുന്നില്ല എന്നതാണ് പ്രയാസപ്പെടുത്തുന്നത്.”

ബോബി ജോസ് കട്ടിക്കാടിനൊപ്പം

ഹൃദയം തൊടുന്നവർ

കുട്ടിക്കാലം മുതൽ കാണുന്നതുകൊണ്ട് അയൽക്കാർ ഉൾപ്പെടെ നാട്ടുകാർക്ക് ഈ രോഗാവസ്ഥയുടെ കാര്യങ്ങളറിയാം. കൂടുതൽ മനസ്സിലാക്കുന്നില്ല എന്നേയുള്ളു. ഇവിടെ എന്റെ ഇതേ അവസ്ഥയിലുള്ള ഒരുപാടുപേർ വന്നുപോകുന്നതുകൊണ്ട് അത് ഒരു പുതുമയല്ല ആളുകൾക്ക്. നമ്മളുമായി ഇടപഴകുന്നതിന്റെ മാറ്റം മനോഭാവത്തിൽ കാണാം. നമ്മൾ അവരോട് നിരന്തരം നടത്തുന്ന ഇടപെടൽ കൂടിയാകാം കാരണം. ആളുകൾക്കു മാറ്റമുണ്ട്, പൊതുവേ. യാത്രാപുസ്തകത്തിന് അവാർഡ് കിട്ടിയപ്പോൾ നാട്ടിൽ വലിയ പ്രചാരണ ബോർഡൊക്കെ വച്ച് സ്വീകരണം നൽകി. അത്തരം കാര്യങ്ങളിൽ പൊതുവേ താല്പര്യം കാണിക്കാറില്ല. ഫ്ലെക്‌സ് വച്ചത് ചോദിച്ചിട്ടാണെങ്കിൽ സമ്മതിക്കില്ലായിരുന്നു. അത് അറിയാവുന്നതുകൊണ്ടായിരിക്കും ചോദിക്കാതിരുന്നത്. പിന്നെ, നമ്മളെ സ്‌നേഹിക്കുന്നവർ നമ്മളുടെ സന്തോഷത്തിനുവേണ്ടിക്കൂടി ചെയ്യുന്നതാണല്ലോ. അതങ്ങു നടന്നു.

സമൂഹമാധ്യമങ്ങളിൽ സജീവമാണ്. എന്റെ വർത്തമാനങ്ങളെ മോട്ടിവേഷൻ സ്‌പീച്ച് എന്നു പറയാമോ എന്നറിയില്ല. കൂടുതലും കഥകളാണ് പറയുന്നത്; എന്റെ കഥ, ഞാൻ കണ്ട കഥ, വായിച്ച കഥ. അതൊക്കെ പറയും. എല്ലാ പ്രായത്തിലുമുള്ള ആളുകൾ കേൾവിക്കാരാകാറുണ്ട്. സംഘടനയാണ് പ്രോഗ്രാമുകൾ തീരുമാനിക്കുന്നത്. കേരളം മുഴുവനും യാത്ര ചെയ്യുന്നുണ്ട്. പിന്നെ, ഫേസ്ബുക്കിൽ എഴുതും. ഇൻസ്റ്റഗ്രാം കൂടുതലും സ്വന്തം പ്രോഗ്രാമുകളുടെ പ്രമോഷനുവേണ്ടിയാണ് ഉപയോഗിക്കുന്നത്. വാട്‌സാപ്പ് ഔദ്യോഗിക ആശയവിനിമയത്തിനാണ്.

ഹൃദയം തൊടുന്ന അനുഭവങ്ങൾ ഏറെയുണ്ട് ജീവിതത്തിൽ. കണ്ടാൽത്തന്നെ സന്തോഷവും സന്തോഷംകൊണ്ടുള്ള സങ്കടവും തരുന്നവരുണ്ട്. ബോബിയച്ചൻ (ഫാ. ബോബി ജോസ് കട്ടികാട്) അങ്ങനെ ഒരു മനുഷ്യനാണ്; അദ്ദേഹത്തെ കാണുമ്പോൾ ഉണ്ടാകുന്ന സമാധാനം, സന്തോഷം. പോയി കാണാറുണ്ട്. അച്ചനങ്ങനെ മനപ്പൂർവം സമാധാനിപ്പിക്കാൻ സംസാരിക്കുകയൊന്നുമില്ല. ആദ്യമായി കണ്ടപ്പോൾ എന്റെ വർത്തമാനം കേട്ടിട്ട്, ജീവിതം അറിഞ്ഞിട്ട് അച്ചനിരുന്ന് കരയുകയായിരുന്നു. ആദ്യം കാണുന്ന, അപരിചിതനായ എനിക്കു വേണ്ടി അച്ചൻ കരയുന്നു. അത് ജീവിതത്തിൽ ആദ്യത്തെ അനുഭവമായിരുന്നു. ഇപ്പോൾ അച്ചന് എന്നെ കുറച്ചൊക്കെ അറിയാം. ഗുരു എന്ന വാക്കിനു ചേർത്തുവയ്ക്കാൻ എനിക്ക് അനുഭവപ്പെട്ട ഒരാളാണ് അദ്ദേഹം.

ഔപചാരിക വിദ്യാഭ്യാസം നേടാൻ കഴിഞ്ഞിരുന്നില്ല. എന്തെങ്കിലുമൊരു സർട്ടിഫിക്കറ്റ് കോഴ്‌സ് ചെയ്യണമെന്ന് ആഗ്രഹം തോന്നി. പത്താം ക്ലാസ്സ് തുല്യതാ പരീക്ഷയ്ക്കു പഠിച്ചെഴുതി, ജയിച്ചു. ഹോം ട്യൂഷനായിരുന്നു. ഇപ്പോൾ പത്താം ക്ലാസ്സുകാരൻ എന്നൊരു സർട്ടിഫിക്കറ്റുണ്ട് എന്നു പറയുന്നു കൃഷ്‌ണകുമാർ; ചിരിയോടെ. സർട്ടിഫിക്കറ്റ് പത്താം ക്ലാസ്സുകാരൻ എന്നതാണെങ്കിലും കൃഷ്‌ണകുമാറിന്റെ അറിവിന്റെ ആഴവും പരപ്പും എത്രയോ വലുതാണെന്ന തിരിച്ചറിവിനെക്കുറിച്ച് പറഞ്ഞപ്പോൾ വായന തന്ന ഭാഗ്യത്തെക്കുറിച്ചാണ് തിരിച്ചുപറഞ്ഞത്. മൈൻഡിലെ രക്ഷിതാക്കൾ പലരും മക്കളെ ഉപദേശിക്കണമെന്ന് പറയാറുണ്ട്. പല കുട്ടികളോടും സംസാരിക്കാറുണ്ട്. പക്ഷേ, അങ്ങനെ സംസാരിക്കുമ്പോഴും ഒരു അടിസ്ഥാന അക്കാദമിക യോഗ്യത വേണമല്ലോ എന്ന് മനസ്സ് പറഞ്ഞു. അതുകൊണ്ടാണ് പഠിച്ചത്.

യാത്ര ചെയ്തപ്പോൾ അതിനെക്കുറിച്ച് എഴുതണമെന്ന് പ്ലാൻ ചെയ്തിരുന്നില്ല. അതൊരു അബദ്ധമായിപ്പോയി എന്ന് തോന്നാറുണ്ട്. എഴുതണം എന്ന ഉദ്ദേശ്യത്തോടെയാണ് പോയിരുന്നതെങ്കിൽ റഫർ ചെയ്ത കാര്യങ്ങളെല്ലാം ഒരു ഫൂട്നോട്ടായി കൊടുക്കാമായിരുന്നു. അതൊന്നും കയ്യിൽ ഇല്ല; വായിച്ച ലേഖനം എവിടെനിന്നാണെന്നോ ഒന്നുമില്ല. തിരിച്ചു വന്നു കഴിഞ്ഞാണ് ഇതെല്ലാമൊന്ന് ഡോക്യുമെന്റ് ചെയ്യണം എന്ന ആഗ്രഹമുണ്ടായത്. ഒരു ഭാഗം മാതൃഭൂമി യാത്ര പ്രസിദ്ധീകരിച്ചിരുന്നു. 75 പേജ് എഴുതിക്കൊടുത്തു. അതിൽനിന്ന് ചുരുക്കി പ്രസിദ്ധീകരിക്കുകയായിരുന്നു. അതു മുഴുവൻ കണ്ണുകൊണ്ടാണ് ടൈപ്പ് ചെയ്തത്. അല്ലു ആണ് പുസ്തകമാക്കുന്നതിനെക്കുറിച്ചുള്ള നിർദേശം ആദ്യം വച്ചത്. പുനർജനി എന്ന സന്നദ്ധസംഘടനയിൽ പ്രവർത്തിക്കുകയാണ് തിരുവനന്തപുരം കുറ്റിച്ചൽ സ്വദേശിയായ അൽ അമീൻ.

എങ്കിൽപ്പിന്നെ പുസ്തകമാക്കാം എന്നു തീരുമാനിച്ച് 75 പേജ് എഴുതിയതു തന്നെ സുഹൃത്തുക്കളായ രണ്ടു പ്രസാധകർക്ക് അയച്ചുകൊടുത്തു. അവർ വിളിക്കാമെന്ന് അറിയിച്ചു. അതിനു ശേഷം മാതൃഭൂമി അക്ഷരോത്സവത്തിനു പോയി. അവിടെ വച്ച് മാതൃഭൂമി യാത്രയുടെ എഡിറ്ററെ നേരിട്ടു കണ്ടു. പുസ്തകമാക്കിക്കൂടേ എന്ന് അദ്ദേഹവും ചോദിച്ചു. രണ്ട് പേർക്കു കൊടുത്ത കാര്യം പറഞ്ഞപ്പോൾ മാതൃഭൂമി ബുക്‌സിനു കൊടുത്തോ എന്ന് തിരക്കി. അത്ര വലിയ പ്രസാധകർ സ്വീകരിക്കുമോ എന്ന സംശയമാണ് തിരിച്ചുപറഞ്ഞത്. ആ എഴുത്തിലൊരു സോൾ ഉണ്ട് എന്നു പറഞ്ഞ് മാതൃഭൂമി ബുക്‌സിനു കൊടുക്കുന്നതും അദ്ദേഹമാണ്. അടുത്ത ദിവസം മാതൃഭൂമി ബുക്‌സ് മാനേജർ വിളിച്ച് പുസ്തകത്തിനൊരു പേര് വൈകുന്നേരത്തിനുള്ളിൽ അയച്ചുതരാൻ പറഞ്ഞു. അതിന്റെ പിറ്റേന്ന് മറ്റു രണ്ടു പ്രസാധകരും വിളിച്ച് പ്രസിദ്ധീകരിക്കാനുള്ള സന്നദ്ധത അറിയിച്ചു. മാതൃഭൂമി എടുത്ത കാര്യം അവരോട് പറഞ്ഞു. ലയ എന്നൊരു മോളാണ് പുസ്തകത്തിനു പേര് നിർദേശിച്ചത്. ഒരു മാസംകൊണ്ട് മുഴുവൻ എഴുതിക്കൊടുക്കാം എന്നാണ് പറഞ്ഞത്. പക്ഷേ, തീർക്കാൻ ആറു മാസമെടുത്തു.

കണ്ണുകൊണ്ട് എഴുതുന്നത് സുഹൃത്ത് രാഹുൽ അപ്പപ്പോൾ എഡിറ്റ് ചെയ്യുന്നുണ്ടായിരുന്നു. പിന്നെ, മാതൃഭൂമിക്കാർ ഒന്നുകൂടി മെച്ചപ്പെടുത്തി. പുസ്തകം കഴിയുന്നവിധം ആളുകളിലെത്തിക്കാൻ ശ്രമിച്ചു. പ്രതീക്ഷിച്ചതിലും വലിയ പ്രതികരണമാണുണ്ടായത്. മൂന്നാം പതിപ്പായിരിക്കുന്നു.

കേരളത്തിൽനിന്നും പുറത്തുനിന്നും രാജ്യത്തിനു പുറത്തുനിന്നും വായിച്ച മലയാളികൾ നല്ല വാക്കുകൾ പറഞ്ഞു. ഒരുപാട് അമ്മമാർ വിളിച്ചു. അതാണ് ഏറ്റവും സന്തോഷിപ്പിച്ചത്. അച്ഛന്മാരും അനുജന്മാരുമൊക്കെ വിളിക്കാറുണ്ട്. അങ്ങനെ കുറേ പുതിയ ആളുകളെ പരിചയപ്പെടാൻ കഴിഞ്ഞു. അതൊരു ഭാഗ്യം തന്നെയാണല്ലോ. അച്ഛനിൽ നിന്നാണ് അക്ഷരങ്ങളുമായുള്ള ബന്ധം കിട്ടിയത്. അച്ഛൻ നന്നായി വായിക്കുമായിരുന്നു. എന്നെ നിർബന്ധിച്ചിട്ടുള്ളതും വായിക്കാൻ മാത്രമാണ്. ഓരോ പ്രായത്തിലും ഓരോ തരം വായനകൾ. വായന വലിയ കാര്യമാണ്, കാര്യമായിത്തന്നെ വായിക്കാൻ ശ്രമിക്കുന്നുണ്ട്. ഓരോ വായനയും അച്ഛനെ ഓർമിപ്പിക്കുന്നു.

കൃഷ്‌ണകുമാർ വളരെ പോസിറ്റീവ് ആയ ഒരു മനുഷ്യനാണല്ലേ എന്നു പറഞ്ഞാൽ, അങ്ങനെയൊന്നുമില്ല എന്നാണ് പ്രതികരണം. “എല്ലാ സാധാരണ മനുഷ്യരേയും പോലുള്ള വൈകാരിക വിക്ഷോഭങ്ങളിലൂടെയുമാണ് കടന്നുപോകുന്നത്. സങ്കടം വരാറുണ്ട്. അതു പക്ഷേ, ഒരു ദിവസത്തിനപ്പുറം നീട്ടാറില്ല. സന്തോഷമായാലും സങ്കടമായാലും ഒരു ദിവസത്തിനപ്പുറം തലയിൽ കൊണ്ടു നടക്കരുത് എന്നാണ് തീരുമാനം. ഉറങ്ങി എഴുന്നേൽക്കുമ്പോഴേയ്ക്ക് കഴിയുന്നതും ഇറക്കിവയ്ക്കാറുണ്ട്. പിന്നെ, സ്ഥിതി എന്നു പറഞ്ഞാൽ, എത്ര സങ്കടത്തിലേക്കു പോയാലും നിങ്ങളുടെ മുഖത്തെ പുഞ്ചിരി ഉപേക്ഷിക്കരുത് എന്ന മാർക്വേസിന്റെ വാക്കുകൾപോലെ ജീവിക്കാൻ ശ്രമിക്കുന്നു.”

പ്രിയപ്പെട്ട അമ്മയും മകനും പ്രസരിപ്പോടെ ജീവിക്കുകയാണ്; നഷ്ടങ്ങളെക്കുറിച്ച് ചിന്തിച്ചു തളർന്നിരിക്കരുത് എന്ന് ലോകത്തോടു പറയാൻ സ്വന്തം ജീവിതത്തിലും ചുറ്റുപാടുകളിലാകെയും പ്രകാശം പരത്താൻ ശ്രമിക്കുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കോളജില്‍ വെച്ച് എന്തോ നടന്നിട്ടുണ്ട്, ലോണ്‍ ആപ്പിന്റെ ഭീഷണിയിലല്ല നിതിന്‍ മരിച്ചത്; തള്ളിക്കളയാന്‍ ശ്രമിച്ചാല്‍ ഞങ്ങളും ഭൂമിയില്‍ കാണില്ല'

ആരാണ് യഥാർത്ഥ സുഹൃത്ത്

ഉര്‍വശിയേക്കാള്‍ എന്നെ ഞെട്ടിച്ച നടി കല്‍പ്പന; അവളുടെ കഥാപാത്രങ്ങളില്‍ ഏറ്റവും ഇഷ്ടം ആ സിനിമയിലേത്: കലാരഞ്ജിനി

കൈയില്‍ ആയിരം രൂപ ഉണ്ടോ?, മക്കളുടെ ഭാവി സുരക്ഷിതമാക്കാം; അറിയാം എന്‍പിഎസ് വാത്സല്യ, ഫീച്ചറുകള്‍

'ക്രെഡിറ്റ് മുഴുവന്‍ രാഹുല്‍ ഗാന്ധിക്ക്; യുഡിഎഫ് വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കും; മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കും'

SCROLL FOR NEXT