മുതലാളിത്ത വ്യവസ്ഥയുടെ ചരിത്രവികാസത്തിൽ കൃത്യമായ ഒരേട് പതിപ്പിച്ചുകൊണ്ടാണ് കാർബൺ വിപണി എന്ന വ്യാവസായിക മാലിന്യചരക്ക് വിപണി ആഗോളീകരിച്ചുകൊണ്ടിരിക്കുന്നത്. വർത്തമാന പാരിസ്ഥിതീയ രാഷ്ട്രീയ സാഹചര്യത്തിൽ നിന്നുകൊണ്ട് നോക്കിയാൽ പ്രകൃതിവിഭവങ്ങളുടെ ശോഷണവും ആഗോള മുതലാളിത്ത ബാഹുല്യവുമാണ് മുതലാളിത്തം നേരിടുന്ന വലിയ വെല്ലുവിളി.
ഉല്പാദനത്തേയും ഉപഭോഗത്തേയും നിലവിലെ രീതികളിൽനിന്നും പരിവർത്തനം നടത്തി വിപണിയെ പുനർനിർമിച്ചുകൊണ്ട് കാലാവസ്ഥാവ്യതിയാനത്തെ കൈകാര്യം ചെയ്യാനുള്ള അന്താരാഷ്ട്ര ചർച്ചകൾ നടക്കുന്നത് ഈ പശ്ചാത്തലത്തിലാണ്. അതുകൊണ്ടുതന്നെയാണ് കാർബൺ ക്രെഡിറ്റ് പോലെ വിപണി അടിസ്ഥാനമാക്കിക്കൊണ്ടുള്ള പരിഹാരങ്ങളിൽ അവസാനിക്കുന്ന ചർച്ചകൾക്കു ചുക്കാൻ പിടിക്കുന്നത് സമ്പന്ന വ്യാവസായിക രാഷ്ട്രങ്ങളാകുന്നത്. ആഗോളതലത്തിൽ വ്യവസായികളും രാഷ്ട്രീയ, ശാസ്ത്ര സമൂഹങ്ങളും പൊതുവായി രൂപപ്പെടുത്തിയിട്ടുള്ള കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളെ കുറയ്ക്കൽ ചിന്തയെ കേംബ്രിഡ്ജ് സർവകലാശാല ഗവേഷകരായ നീവെലും പാറ്റേഴ്സണും (2010) വിളിക്കുന്നത് കാലാവസ്ഥാ മുതലാളിത്തം എന്നാണ്. കാർബൺ വ്യാപാരത്തിലൂടെ നിലവിലെ സമ്പദ്ഘടനയ്ക്ക് തടസ്സം വരുത്താതെ ഹരിത വികസന മാർഗത്തിലൂടെ കാർബൺ ഉദ്വമനം കുറച്ച് ആഗോള സമ്പദ്വ്യവസ്ഥയെ വിപുലപ്പെടുത്തുക എന്ന തന്ത്രമാണ് കാലാവസ്ഥാ മുതലാളിത്തം വിഭാവന ചെയ്യുന്നത്. അതിനുള്ള പ്രധാന ആയുധമാണ് കാർബൺ വ്യാപാരം.
കാലാവസ്ഥ വ്യതിയാനംപോലുള്ള ആഗോള പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ ആഗോള സമ്പദ്വ്യവസ്ഥയിൽ പിടിച്ചുനില്ക്കാനുള്ള ഒരു സുരക്ഷിത കവചമായിട്ടാണ് നവമുതലാളിത്ത സമ്പദ്വ്യവസ്ഥ മുന്നോട്ടു വെച്ചിട്ടുള്ള ഹരിത വികസന മാർഗങ്ങളും കാർബൺ വിപണിയും.
കാർബൺ വിപണി ഒരു നവ ആഗോള മുതലാളിത്ത രാഷ്ട്രീയ സാമ്പത്തിക ആയുധമാണ്. കാർബൺ എന്ന വ്യാവസായിക മാലിന്യത്തെ സുസ്ഥിര കാലാവസ്ഥയ്ക്ക് അനുയോജ്യമാകുന്ന വിധത്തിൽ ഉപയോഗിച്ച് ഭൂമിയെ സംരക്ഷിക്കുക എന്ന ദൗത്യമാണ് കാർബൺ വിപണി ലക്ഷ്യമിടുന്നത്. ഈ പുത്തൻ വിപണിയിൽ കാർബൺ എന്ന മാലിന്യം ചെലവില്ലാതെ ഒരു വിപണന ചരക്കായി മാറുന്നു. അതായത് ഭൂമിയുടെ കാലാവസ്ഥ നിയന്ത്രണശേഷിയെ മാലിന്യ വിപണിയാൽ നിയന്ത്രിക്കപ്പെടാൻ സാധിക്കുമെന്നു വരുത്തുന്നു. കാർബൺ എന്ന വ്യവസായിക മാലിന്യമായ മൂലകത്തെ ഒരു അളവുകോലിൽ പ്രതിഷ്ഠിക്കുകയും ആ അളവുകോൽ ഉപയോഗിച്ച് വിപണി സാധ്യമാക്കുന്നു. ഫലത്തിൽ ഇത്തരം വിപണിവൽക്കരണത്തിലൂടെ വ്യാവസായിക മാലിന്യത്തെ ഒരു കപട ചരക്കായി മാറ്റുന്നു. അതായത് ഭൂമിയിലെ സങ്കീർണമായ ജൈവപരവും ഭൗതികപരവും ഭൂമിശാസ്ത്രപരവുമായ കാർബൺ എന്ന മൂലകത്തിന്റെ ഗതിയെ നിയന്ത്രിക്കാൻ വിപണിയിലൂടെ കഴിയും എന്ന മൗഢ്യ പ്രചാരണം നടത്തിയാണ് ആഗോളതലത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ആഗോള പടിഞ്ഞാറൻ വ്യാവസായിക രാഷ്ട്രങ്ങളും വികസ്വര-അവികസിത രാജ്യങ്ങളും തമ്മിലുള്ള സാമൂഹിക-രാഷ്ട്രീയ സാമ്പത്തിക പാരിസ്ഥിതീയ ബന്ധത്തിൽ കൃത്യമായി ഇടപെട്ടുകൊണ്ടാണ് കാർബൺ വിപണി രൂപപ്പെടുത്തിയിരിക്കുന്നത്. ആത്യന്തികമായി പരിസ്ഥിതിയെത്തന്നെ ചരക്കാക്കുന്നതുകൊണ്ട് കാർബൺ വിപണി വിമർശനവിധേയമാകുകയും ചെയ്യുന്നു.
ഭരണകൂടങ്ങളുടെ കണക്കുകൂട്ടലുകളുടേയും നിയന്ത്രണങ്ങളുടേയും അടിസ്ഥാനത്തിലുള്ള നയരൂപീകരണങ്ങളിലെ ചെലവ്-ലാഭം എന്നിവയെ അനുമാനിച്ച് അതിനെ പ്രയോജനപ്പെടുത്തി കാര്യക്ഷമമായ വിപണിസാധ്യത ഉണ്ടെന്ന് അവതരിപ്പിക്കുന്നതാണ് നിയോലിബറൽ വ്യവസ്ഥയുടെ സമീപനം എന്നു ലാറി ലോഹ്മാനെ പോലുള്ള ഗവേഷകർ വ്യക്തമാക്കുന്നുണ്ട്. ഭരണകൂടങ്ങളുടെ സാമൂഹിക പാരിസ്ഥിതിക പരിഹാരങ്ങളെക്കാൾ ഇവർ ലക്ഷ്യമാക്കുന്നത് സമ്പദ് വളർച്ചയാണ്. കാർബൺ വിപണിക്കു പിന്നിലെ യുക്തി ഈ നിയോലിബറൽ സമീപനമാണ്. 1960-കളിലാണ് മാലിന്യ വ്യാപാരം എന്ന ആശയം അമേരിക്കൻ സാമ്പത്തിക വിദഗ്ദ്ധർ മുന്നോട്ടുവയ്ക്കുന്നത്. 1997-ൽ ബിൽക്ക്ലിന്റന്റെ ഭരണകൂടത്തിലെ വൈസ് പ്രസിഡന്റായിരുന്ന AI ഗോറിയാണ് ക്വോട്ടോ സമ്മേളനത്തിൽ കാർബൺ വ്യാപാരത്തിനു നിർദേശം നൽകിയത്. പിൽക്കാലത്ത് അമേരിക്കയിലെ കാർബൺ മാർക്കറ്റിന്റെ വക്താവായി ഗോറി മാറി എന്നതാണ് യാഥാർത്ഥ്യം. 2000-ത്തോടുകൂടി 100 ബില്യൺ വാർഷിക വരുമാനമുള്ള ലോകത്തിലെ ഏറ്റവും വലിയ കാർബൺ വിപണിയായി യൂറോപ്പ് മാറുകയായിരുന്നു.
കാർബൺ വ്യാപാരം
മുതലാളിത്തത്തെ സംബന്ധിച്ച് പരിസ്ഥിതി എന്നത് വിപണിവൽക്കരണത്തിനുള്ള ഉപാധിയാണ്. പരിസ്ഥിതിയെ അസംസ്കൃത വസ്തുക്കളുടെ ശ്രോതസ്സായും ഉപഭോഗത്തിന്റെ അവശിഷ്ടങ്ങളെ നിക്ഷേപിക്കുന്നതിനുള്ള മാലിന്യക്കുഴികളായി മാത്രം കാണുകയും ചെയ്യുന്നതാണ് മുതലാളിത്ത സ്വഭാവം. മാലിന്യസംസ്കരണം എന്നത് ചെലവേറിയതായതിനാൽ ലാഭകരമായ മുതലാളിത്ത സങ്കല്പത്തിന് ഇത് തടസ്സം സൃഷ്ടിക്കുന്നു. മാലിന്യ വിപണന സാധ്യതയിലൂടെ ഈ തടസ്സത്തെ മുതലാളിത്തം മറികടക്കുന്നു. ഇവിടെ കാർബൺ ഡൈ ഓക്സൈഡ് (CO2) എന്ന വ്യാവസായിക ഉപോല്പന്നം ആപല്ക്കരമായി കണ്ടിരുന്ന ഒന്നാണ്. ഹരിതഗൃഹ വാതകങ്ങളുടെ ഉദ്വമനം കുറയ്ക്കണമെന്നുള്ള ശാസ്ത്രസമൂഹത്തിന്റേയും പരിസ്ഥിതിവാദികളുടേയും വർഷങ്ങളായുള്ള മുറവിളികൾക്ക് അറുതിവരുത്തികൊണ്ട് മുതലാളിത്ത വികസിത രാഷ്ട്രങ്ങൾ മുന്നോട്ടുവെച്ച വിപണന തന്ത്രമാണ് കാർബൺ വിപണി. അപകടകരമായിരുന്ന കാർബൺ ഡൈ ഓക്സൈഡ് എന്ന വ്യാവസായിക മാലിന്യം അന്താരാഷ്ട്ര വിപണിതുറക്കാൻ സാധ്യമായ ഒന്നായി രൂപപ്പെടുത്തിക്കൊണ്ടാണ് മുതലാളിത്തം പരിസ്ഥിതിവാദത്തെ നേരിടുന്നത്. ഇതിനായി ആവിഷ്കരിച്ചിരിക്കുന്ന തന്ത്രങ്ങളാണ് കാർബൺ മലിനീകരണം കുറക്കൽ പദ്ധതികളെന്ന പേരിൽ നടപ്പിലാക്കിയിരിക്കുന്ന കാർബൺ പുറന്തള്ളൽ വ്യാപാര പദ്ധതിയും അതിനു കീഴിൽ വരുന്ന സംവിധാനമായ നിയമപരമായ പരിധിയും വ്യാപാരവും. ഒരു വ്യാവസായിക സ്ഥാപനത്തിനോ ഏജൻസിക്കോ കമ്പനിക്കോ നിശ്ചിത പരിധി നിർണയിച്ചിട്ടുള്ള കാർബണിന്റെ അളവിൽ കൂടുതൽ ഉല്പാദിപ്പിക്കുകയാണെങ്കിൽ മറ്റുള്ള സ്ഥാപനങ്ങളിൽനിന്നോ രാജ്യങ്ങളിൽനിന്നോ അവരുടെ ക്രെഡിറ്റ് ഉപയോഗിച്ച് തങ്ങളുടെ പ്രവർത്തനങ്ങളെ തടസ്സംകൂടാതെ മുന്നോട്ടുകൊണ്ടുപോകാം എന്നതാണ് ഇതിലൂടെ വിഭാവന ചെയ്യുന്നത്.
1997-ൽ ക്യോട്ടോ സമ്മേളനത്തിൽ അമേരിക്കൻ പ്രതിനിധികളാണ് ആദ്യമായി കാർബൺ വിപണന ആശയം ലോകത്തിനു മുൻപിൽ അവതരിപ്പിച്ചത്. വിപണനത്തിലൂടെ മാത്രമേ കാര്യക്ഷമമായും ചെലവു കുറഞ്ഞതുമായ മാർഗത്തിലൂടെ കാർബൺ ഉത്സർജനത്തെ കുറയ്ക്കാൻ കഴിയുകയുള്ളൂ എന്ന വാദം അമേരിക്ക ഉന്നയിച്ചത്. ക്യോട്ടോ ഉടമ്പടി അമേരിക്ക നിരസിച്ചെങ്കിലും അമേരിക്ക മുന്നോട്ട് വെച്ച വിപണിയെ സമ്മേളനം പ്രധാന വിഷയമായി ഏറ്റെടുത്തു. അന്നു മുതൽ ഇന്നേവരെ കാർബൺ പുറന്തള്ളുന്നതിൽ അന്താരാഷ്ട്ര കരാറുകൾപോലും നിരസിക്കുകയും കാർബൺ ഉത്സർജനത്തിൽ മുൻപന്തിയിൽ നിൽക്കുകയും ചെയ്യുന്ന അമേരിക്ക പോലുള്ള രാജ്യങ്ങൾ കാർബൺ ഉത്സർജനം കുറയ്ക്കാനായി മുന്നോട്ടുവെച്ചിരിക്കുന്ന ആശയം ആർക്കുവേണ്ടിയാണ് എന്നത് തിരിച്ചറിയേണ്ടതുണ്ട്. 1997-മുതലാണ് കാർബൺ വിപണി ഒരു രാഷ്ട്രീയ സമ്പദ്ഘടന ആയുധമായി ഉപയോഗിക്കാൻ തുടങ്ങിയത്. വ്യാവസായിക വളർച്ചയുടെ ഉപോല്പന്നമായി പരിണമിച്ച കാർബൺ എന്ന കാലാവസ്ഥാ ഭീഷണിയെ ഉല്പന്നമാക്കി ആഗോള വിപണി സൃഷ്ടിച്ച് സാമ്പത്തിക വളർച്ച ഉണ്ടാക്കുന്നതും ഇതേ മുതലാളിത്തമാണ്. പുറന്തള്ളുന്ന കാർബണിന്റെ അളവ് കണക്കാക്കുക, ഹരിതഗൃഹ വാതകങ്ങൾക്കായി പരിധി നിർണയിക്കുക, ചെലവു കുറഞ്ഞ രീതികൾ അവലംബിച്ചുകൊണ്ട് കാർബൺ കുറയ്ക്കൽ മാർഗങ്ങൾ സ്വീകരിക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കാർബൺ വിപണി പാരിസ്ഥിതിക സുസ്ഥിരതയെ അസ്ഥിരപ്പെടുത്തുക മാത്രമല്ല, സാമ്പത്തിക ശക്തരായ രാജ്യങ്ങളിൽ പുത്തൻ സാമ്പത്തിക അവസരങ്ങളും വ്യവസായങ്ങളും പ്രോത്സാഹിപ്പിക്കുന്നു.
ഈ സാഹചര്യത്തിൽ ട്രംപ് ഭരണകൂടം റദ്ദാക്കിയ ഹരിതഗൃഹ വാതകങ്ങൾ ദരിദ്ര രാഷ്ട്രങ്ങളിലെ പൊതുജനാരോഗ്യത്തെ ബാധിക്കുമെന്ന വിധിയെ ഗൗരവമായി കാണേണ്ടതുണ്ട്. കാർബൺ ഡൈ ഓക്സൈഡ്, മീതൈൻ തുടങ്ങിയ ഹരിതഗൃഹ വാതകങ്ങൾ മനുഷ്യാരോഗ്യത്തെ ബാധിക്കുമെന്ന ശാസ്ത്രീയാടിത്തറയിലുള്ള നിർണായക വിധി ട്രംപ് സർക്കാർ റദ്ദാക്കി. വാഹനങ്ങളിലെ കാർബൺ ബഹിർഗമന മാനദണ്ഡം എടുത്തുകളയുകയും ചെയ്തു. ഇത് അമേരിക്കൻ വാഹന വ്യവസായത്തെ കാര്യമായി ബാധിച്ചെന്നും വിലക്കയറ്റത്തിനു കാരണമായെന്നും പറഞ്ഞാണ് പരിസ്ഥിതി സംരക്ഷണ വകുപ്പിന്റെ (EPA) നടപടി. ഒബാമയുടെ കാലത്ത് 2009-ലാണ് ഹരിതഗൃഹ വാതകങ്ങൾ ആരോഗ്യത്തിനു ദോഷമാണെന്ന വിധിയുണ്ടായത്. കാർബൺ ബഹിർഗമനം കുറച്ചുകൊണ്ടുള്ള ആഗോളതാപനം നേരിടാനുള്ള അമേരിക്കൻ സർക്കാരിന്റെ നടപടികളുടെ ആണിക്കല്ലായി പ്രവർത്തിച്ച വിധിയാണ്. ഇത് റദ്ദാക്കിയതുമൂലം കാറിന്റെ നിർമാണച്ചെലവുകൾ കുറക്കാൻ സാധിക്കുമെന്നും 2.17 ലക്ഷം വരെ നിർമാണച്ചെലവ് കുറക്കാൻ കഴിയുന്നതുവഴി കുറഞ്ഞവിലയിൽ ലഭ്യമാകുമെന്നുമാണ് ട്രംപ് സർക്കാർ കണക്കാക്കുന്നത്. ഈ വൈരുദ്ധ്യത്തേയും ഇരട്ടത്താപ്പിനേയും തിരിച്ചറിഞ്ഞു കൊണ്ടാണ് കാർബൺ വിപണിപോലുള്ള മുതലാളിത്ത വ്യവസായ തന്ത്രത്തെ വികസ്വര അവികസിത മൂന്നാം ലോകരാജ്യങ്ങൾ വളർത്താൻ.
ആഗോള മുതലാളിത്തത്തിന്റെ ഫലമായ പാരിസ്ഥിതിക പ്രശ്നങ്ങളെ, വിപണി നിലനിർത്തി സമ്പദ്വളർച്ചയ്ക്ക് കോട്ടം തട്ടാത്തവിധം ലഘൂകരിക്കുക എന്നതാണ് പാശ്ചാത്യ ഹരിത സമ്പദ്വ്യവസ്ഥ വിഭാവന ചെയ്യുന്നത്. കാർബൺ വിപണിയുടെ സാധ്യതകളേയും അതു മുന്നോട്ടു വയ്ക്കുന്ന ദൂരവ്യാപകങ്ങളായ പ്രശ്നങ്ങളും പല പഠനങ്ങളിലൂടേയും വിമർശനങ്ങളിലൂടേയും പുറത്തു വന്നിട്ടുണ്ട്. അതിൽ പ്രധാനം കാർബൺ വിപണിയുടെ രാഷ്ട്രീയം കുത്തകാധിഷ്ഠിതം ആണെന്നുള്ളതാണ്. ദാരിദ്ര്യനിർമാർജനമോ സമത്വമോ ഇത് ലക്ഷ്യമാക്കുന്നില്ലെന്ന് 2012-ൽ ഏഞ്ചൽസണും കൂട്ടരും പ്രസിദ്ധീകരിച്ച പഠനത്തിൽ വിശദീകരിക്കുന്നുണ്ട്. അത്തരം വിപണി സ്വാഭാവികമായും അസമത്വത്തിലേക്ക് നയിക്കും. ഹരിത സമ്പദ്വ്യവസ്ഥയെ വിശകലനം ചെയ്യുന്നവർ മുന്നോട്ടുവയ്ക്കുന്ന സാമ്പത്തിക കാര്യക്ഷമതയുള്ള മാതൃക എന്നതിലുപരിയായി പാരിസ്ഥിതികമോ സാമൂഹികപരമോ ആയ നേട്ടങ്ങൾ ഒന്നും ഇതുകൊണ്ട് കാണാൻ കഴിയില്ല. പ്രാദേശികം മുതൽ ദേശീയവും അന്തർദേശീയവുമായ രാഷ്ട്രീയ-സാമ്പത്തിക പ്രാധാന്യമുള്ള വിഷയം എന്നതിലുപരി ശാസ്ത്രീയമായതോ കാര്യക്ഷമതയുള്ള പരിസ്ഥിതി സംരക്ഷണമാർഗമോ ആയി കാർബൺ വിപണിയെ കാണാൻ സാധിക്കില്ല.
കാർബൺ ക്രെഡിറ്റ്
കാർബൺ വിപണിയുടെ നടത്തിപ്പിനായി മുതലാളിത്തം മുന്നോട്ടുവെച്ച ആശയമാണ് കാർബൺ ക്രെഡിറ്റ് എന്നത്. ഹരിതഗൃഹ വാതകങ്ങളുടെ ഉദ്വമനതോത് മനസ്സിലാക്കി അതിനു നൽകുന്ന അംഗീകാരമാണ്. അതുപ്രകാരം ഒരു കമ്പനിക്കോ വ്യക്തിക്കോ സ്ഥാപനത്തിനോ നിയമപരമായ കാർബൺ ഉദ്വമന അളവ് നിശ്ചയിച്ചിട്ടുണ്ട്. അതിനു മുകളിലേക്ക് ഉദ്വമന നിരക്ക് ആയാൽ അതിനു തുല്യമായ ക്രെഡിറ്റ് ഉപയോഗിച്ച് നിശ്ചിത അളവ് ക്രമപ്പെടുത്താവുന്നതാണ്. ഒരു വ്യക്തിയോ സ്ഥാപനമോ ഒരു ടൺ കാർബണോ തുല്യമായ അളവിലുള്ള മറ്റു ഹരിതഗൃഹ വാതകങ്ങളോ അന്തരീക്ഷത്തിൽനിന്നും നീക്കം ചെയ്താൽ അവർക്ക് അംഗീകൃത ഏജൻസികളിലൂടെ ലഭ്യമാകുന്ന ഒരു സാങ്കല്പിക അനുമതിപത്രമാണ് കാർബൺ ക്രെഡിറ്റ്. കാർബൺ സന്തുലിതമാക്കൽ പ്രവർത്തനങ്ങളിലൂടേയോ ഉദ്വമന രഹിത പ്രവർത്തനങ്ങളിലൂടേയോ കാർബൺ കുറക്കാവുന്നതാണ്. ക്രെഡിറ്റ് നിർണയം നടത്തുന്ന ഏജൻസികൾ നിശ്ചയിക്കുന്ന മൂല്യത്തിനു ക്രെഡിറ്റുകൾ വിൽക്കാനും വാങ്ങാനും കഴിയും. നിയമപരമായി അംഗീകരിച്ചിട്ടുള്ള ഉദ്വമന പരിധി കൂടുന്നവർക്ക് ക്രെഡിറ്റിലൂടെ പരിധി നിലനിർത്താൻ സാധിക്കും. അതിനുള്ള ക്രയവിക്രയ ഉപാധിയാണ് കാർബൺ ക്രെഡിറ്റ് എന്ന അനുമതി.
നിയമപരമായ പരിധിയും വ്യാപാരവും
ഹരിതഗൃഹ വാതകങ്ങളുടെ ഉദ്വമനം കുറച്ച് അന്തരീക്ഷ താപനില വർദ്ധിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് കാർബൺ ക്രെഡിറ്റ് നടപ്പാക്കിയത്. ഇതിനായുള്ള ഒരു നിയന്ത്രിത സംവിധാനമാണ് നിയമപരമായ പരിധിയും വ്യാപാരവും. ഒരു വ്യക്തിക്കോ സ്ഥാപനത്തിനോ പുറന്തള്ളാവുന്ന കാർബണിന്റെ നിയമപരമായ പരിധിയാണ് എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. വ്യാപാരം എന്നാൽ, പരിധിയേക്കാൾ കുറഞ്ഞ അളവിൽ കാർബൺ പുറന്തള്ളുന്ന സ്ഥാപനങ്ങൾക്ക് അധികമായി വരുന്ന നിയമപരിധിക്ക് ക്രെഡിറ്റ് ലഭിക്കുകയും ആവശ്യക്കാർക്ക് ക്രെഡിറ്റുകൾ വിൽക്കാനും സാമ്പത്തികനേട്ടം കൈവരിക്കാനും സാധിക്കും. ഉദാഹരണത്തിന്, ജൈവകൃഷിയിലൂടെ ഒരു ടൺ കാർബൺ അന്തരീക്ഷത്തിൽനിന്നും നീക്കം ചെയ്താൽ ആ കർഷകന് ഒരു ക്രെഡിറ്റ് ലഭിക്കുന്നു. പരിധിയിൽ കൂടുതൽ കാർബൺ ഉദ്വമനം നടത്തിയ വ്യവസായിക്കോ സ്ഥാപനത്തിനോ ആ കർഷകനിൽനിന്നും ക്രെഡിറ്റ് കാശ് കൊടുത്ത് വാങ്ങി തങ്ങളുടെ സ്ഥാപനത്തിന്റെ പരിധിലംഘനം മറികടക്കാം. ഈ യുക്തി യഥാർത്ഥത്തിൽ സഹായിക്കുന്നത് മുതലാളിത്ത വ്യവസായത്തെ നിലനിർത്താൻ മാത്രമാണ്. വ്യവസായിയെ സംബന്ധിച്ചു പ്രത്യേകമായി കാർബൺ കുറക്കൽ പ്രവർത്തനങ്ങളൊന്നും നടത്തേണ്ടതില്ല. പാരീസ് ഉടമ്പടി പ്രകാരം നിയപരമായ പരിധി ലംഘിക്കുന്നവർ താരതമ്യേന വലിയ തുക പരിധിലംഘനത്തിന് അനുസരിച്ച് പിഴയൊടുക്കേണ്ടതായിട്ടുണ്ട്. ക്രെഡിറ്റ് വാങ്ങി ഉപയോഗിക്കുന്നതിലൂടെ പാരീസ് ഉടമ്പടി പ്രകാരമുള്ള പരിധിലംഘനത്തിനുള്ള പിഴയൊടുക്കുന്നതിൽനിന്നും ഇവർക്ക് രക്ഷപ്പെടാൻ കഴിയും. വ്യവസായികളിൽനിന്നും ഈടാക്കുന്ന ഇത്തരം പിഴതുകകൾ കാലാവസ്ഥാ വ്യതിയാനത്തിന്റെ തിക്തഫലങ്ങൾ അനുഭവിക്കുന്ന രാജ്യങ്ങളെ സഹായിക്കാനുള്ള ധനസമാഹരണത്തിലേക്കുള്ളതാണ്. യഥാർത്ഥത്തിൽ കാർബൺ ക്രെഡിറ്റിലൂടെ ഈ ധാർമികമായ ഉത്തരവാദിത്വത്തിൽനിന്നും വ്യവസായികളെ സംരക്ഷിക്കുകയും ഇരകളായ രാജ്യങ്ങളോട് അനീതി കാട്ടുകയുമാണ് ചെയ്യുന്നത്.
സംശുദ്ധ വികസന പ്രവർത്തനങ്ങൾ
സംശുദ്ധ വികസന പ്രവർത്തനമെന്നത് ക്വോട്ടോ ഉടമ്പടി പ്രകാരം വികസിത വ്യാവസായിക രാഷ്ട്രങ്ങൾ സാമ്പത്തികം ചെലവഴിച്ചുകൊണ്ട് കാർബൺ ഉദ്വമനം കുറയ്ക്കുന്നതിനായി വികസ്വര-അവികസിത രാജ്യങ്ങളിൽ നടപ്പിലാക്കുന്ന പദ്ധതികളാണ്. പദ്ധതിപ്രകാരമുള്ള കാർബൺ പുറന്തള്ളൽ കുറവിനനുസരിച്ച് ക്രെഡിറ്റുകൾ ലഭ്യമാകുന്നു. അതു പ്രകാരം ഒരു ടൺ കാർബൺ പുറന്തള്ളൽ കുറയുമ്പോൾ പദ്ധതി നടപ്പിലാക്കുന്നർക്ക് ഒരു ക്രെഡിറ്റ് ലഭിക്കുന്നു. ഈ ക്രെഡിറ്റുകൾ വ്യാവസായിക രാജ്യങ്ങൾ കാശുകൊടുത്തു വാങ്ങി അവരുടെ കാർബൺ പുറന്തള്ളൽ പരിധിലംഘനം മറികടക്കാനായി ഉപയോഗിക്കുന്നു. പ്രത്യക്ഷത്തിൽ അവർ ഉല്പാദിപ്പിക്കുന്ന കാർബൺ അളവിൽ കുറവ് വരുത്താൻ തയ്യാറാകാതിരിക്കുകയും ക്രെഡിറ്റിലൂടെ ഉത്തരവാദിത്വത്തിൽനിന്നും ഒഴിയുകയും ചെയ്യുന്നു. ഇതിന്റെ മറ്റൊരു വശം വർധിച്ചുവരുന്ന കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭവിഷ്യത്തുകൾ പരിഹരിക്കാൻ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രാഷ്ട്രങ്ങൾക്കു ചരിത്രപരമായ ഉത്തരവാദിത്വം ഉൾക്കൊണ്ടുകൊണ്ട് സമ്പന്ന പാശ്ചാത്യ രാഷ്ട്രങ്ങൾ സാമ്പത്തിക സഹായം ചെയ്യണമെന്ന പാരീസ് ഉടമ്പടിയേയും തുടർന്നുള്ള കാലാവസ്ഥ ധനകാര്യത്തേയും തള്ളിക്കളയുകയാണ് ഒരർത്ഥത്തിൽ കാർബൺ വിപണിയിലൂടെ സമ്പന്ന രാഷ്ട്രങ്ങൾ ചെയ്യുന്നത്. എങ്ങനെയെന്നാൽ കാർബൺ സന്തുലിതമാക്കൽ ശതകോടികളുടെ വ്യവസായമായി മാറിക്കൊണ്ടിരിക്കുന്നു. ഇതിന്റെ മറുവശം എന്നത് വ്യാവസായിക രാഷ്ട്രങ്ങൾ കാർബൺ പുറന്തള്ളുന്നതിന്റെ ഉത്തരവാദിത്വങ്ങളിൽനിന്നും മാറി സംശുദ്ധ വികസന പ്രവർത്തനങ്ങൾ എന്ന പേരിൽ ലോകത്തിലെ അവികസിത വികസ്വര രാജ്യങ്ങളിൽ നടപ്പിലാക്കി കാർബൺ ക്രെഡിറ്റ് എന്ന അംഗീകാരം നേടിയെടുക്കുകയും അങ്ങനെ വ്യാവസായിക മാലിന്യത്തെ വില നൽകി അവരുടെ വ്യവസായം തടസം കൂടാതെ തുടരുന്നു. അങ്ങനെ മുതലാളിത്ത മലിനീകരണം മുതലാളിത്തവാദ വിപണികൊണ്ട് പരിഹരിക്കപ്പെടുന്നു. ഇതിൽ എവിടെയാണ് സുസ്ഥിര വികസനം സാധ്യമാകുന്നത്?
നവമുതലാളിത്തത്തിന്റെ നൂതന ആശയമാണ് CDM എന്നത്. ഇതുപയോഗിച്ച് കാർബൺ പുറന്തള്ളലിനെ ചരക്കാക്കി ആഗോള മാർക്കറ്റിൽ വിറ്റഴിക്കുന്നു. അങ്ങനെ നവ കൊളോണിയൽ പ്രക്രീയയായി കാർബൺ മാർക്കറ്റ് രൂപാന്തരപ്പെടുകയാണ്. രാഷ്ട്രീയ സാമ്പത്തിക ലക്ഷ്യം മാത്രം കൊണ്ടുള്ള ഇത്തരം വിപണി ആത്യന്തികമായി ഹരിതവാതക പുറന്തള്ളലിനെ കുറക്കുന്നില്ല എന്നു മാത്രമല്ല, ഫോസിൽ ഇന്ധന ഉപയോക്താക്കളായ രാജ്യങ്ങളേയും ബഹുരാഷ്ട്ര കുത്തക കമ്പനികളുടെ താല്പര്യങ്ങളേയും സംരക്ഷിക്കുകകൂടി ചെയ്യുന്നു എന്നതാണ് വൈരുദ്ധ്യം. കാർബൺ വിപണിയെ ശക്തമായി പിന്തുണക്കുന്നവർപോലും CDM-ന്റെ സുസ്ഥിരവികസനത്തെപ്പറ്റി വിമർശനം ഉന്നയിക്കുന്നുണ്ട്. കാരണം നിലവിൽ ഐക്യരാഷ്ട്രസഭയുടെ ചട്ടക്കൂട് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള ഒരു CDM-ഉം ക്യോട്ടോ ഉടമ്പടി പ്രകാരമുള്ള കാർബൺ പുറന്തള്ളലിനേയോ സുസ്ഥിര വികസനത്തിനേയോ പിന്തുണക്കാത്തതാണെന്നു പഠനങ്ങൾ പറയുന്നു. അതുകൊണ്ടുതന്നെയാണ് ഔസോകയെ (2009) പോലുള്ളവർ കാർബൺ വിപണിയെ നവലിബറൽ ഉന്മത്തതയുടെ ഏറ്റവും വികൃതമായ രൂപങ്ങളിലൊന്നായും പൂർവകാലങ്ങളിലെ ചട്ടങ്ങളെ പു:നർസ്ഥാപിക്കലുമാണെന്ന് അഭിപ്രായപ്പെടുന്നത്. ചുരുക്കത്തിൽ അമേരിക്കയിലെ ഫോസിൽ ഇന്ധന കമ്പനി വയനാട്ടിലെ കർഷകന്റെ പക്കൽനിന്നും ചുളുവിൽ കുറച്ച് ഡോളർ ചെലവാക്കി ക്രെഡിറ്റ് സംഘടിപ്പിച്ച് അവന്റെ വ്യവസായത്തിനു കോട്ടം തട്ടാതെ നിലനിർത്തുന്നു. അവന്റെ ലാഭം കുറയുന്നില്ല എന്നു മാത്രമല്ല, ഫോസിൽ ഇന്ധന ബദലിനു തയ്യാറെടുക്കുന്നുമില്ല. ഈ മുതലാളിത്ത തട്ടിപ്പിനെ തിരിച്ചറിയേണ്ടതുണ്ട്.
വികസിത രാജ്യങ്ങൾ ഉച്ചകോടി തീരുമാനങ്ങളെ മുഖവിലയ്ക്കുപോലും കണക്കാക്കുന്നില്ല. വികസിത രാജ്യങ്ങളിലെ നിലവിലെ കാർബൺ പുറന്തള്ളലിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത് ഉച്ചകോടികളുടെ തീരുമാനങ്ങൾ വെറുംവാക്കുകളായി മാറുന്നുവെന്നാണ്. ഉദാഹരണത്തിന് ചൈനയും അമേരിക്കയും ആണ് ലോകത്തിൽ ഏറ്റവും കൂടുതൽ കാർബൺ പുറന്തള്ളുന്ന രാജ്യങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ളത്. 2023-ലെ കണക്കുപ്രകാരം ആഗോള കാർബൺ പുറന്തള്ളലിന്റെ 35 ശതമാനവും ചൈനയാണ്. 2024-ൽ ആഗോള ഫോസിൽ ഇന്ധനത്തിൽ നിന്നുള്ള കാർബൺ പുറന്തള്ളൽ 0.8 ശതമാനം ഉയരുമെന്നും ഇത് പാരീസ് ഉടമ്പടിക്ക് മുന്പുള്ളതിനേക്കാൾ എട്ട് ശതമാനം കൂടുതലാകാമെന്നും ശാസ്ത്രസമൂഹം സൂചന നല്കുന്നുണ്ട്. ഇത് കാലാവസ്ഥാ ദുർബലമായിട്ടുള്ള രാജ്യങ്ങളെ കാലാവസ്ഥാ മാറ്റത്തിന്റേയും അനുബന്ധ പാരിസ്ഥിതിക ദുരന്തങ്ങളുടേയും ഇരകളാക്കി മാറ്റുകയും ചെയ്യുന്നു. നിലവിലെ സാഹചര്യം വലിയ ആശങ്കയുണ്ടാക്കുന്നതാണ്. കാരണം ഇങ്ങനെ പോയാൽ 2100 ആകുമ്പോഴേക്കും വ്യവസായവല്ക്കരണത്തിനു മുന്പുണ്ടായിരുന്നതിനേക്കാൾ 3.7 മുതൽ 4.8 ഡിഗ്രി വരെ അന്തരീക്ഷ താപവർദ്ധനവ് ഉണ്ടാകാം എന്ന് ഇൻറ്റർ ഗവർമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച് (IPCC)-ന്റെ അഞ്ചാമത് റിപ്പോർട്ടിൽ തന്നെ പറഞ്ഞിരുന്നു.
കാർബൺ സന്തുലിതമാക്കൽ
ആഗോളതലത്തിൽ കൂണുപോലെ വളർന്നുവരുന്ന കച്ചവടമാണ് കാർബൺ സന്തുലിതമാക്കൽ. കാർബൺ സന്തുലിതമാക്കൽ എന്നാൽ, സംശുദ്ധ വികസന പദ്ധതിപ്രകാരം കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിനോ അന്തരീക്ഷത്തിലെ കാർബൺ നീക്കം ചെയ്യുന്നതിനോ നടപ്പിലാക്കുന്ന പദ്ധതികളാണ്. വനവല്ക്കരണം, വനപുന:സ്ഥാപനം, കാർഷിക വനവല്ക്കരണം, സോളാർ പാനൽ, കാറ്റാടിയന്ത്രങ്ങളുടെ ഉപയോഗം, മറ്റ് നൂതന ആശയങ്ങൾ തുടങ്ങിയ പദ്ധതികളിലൂടെയാണ് ഇത് നടപ്പിലാക്കുക. സംശുദ്ധ വികസന പ്രവർത്തന പദ്ധതികൾക്ക് കീഴിലെ ഡാറ്റാബേസിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന അംഗീകൃത കാർബൺ ഉത്സർജനം കുറക്കൽ യൂണിറ്റുകൾ 2.6 ബില്യണിലധികം ഉണ്ട്. കൂടാതെ 16 മില്യൺ താല്ക്കാലിക യൂണിറ്റുകളും രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഐക്യരാഷ്ട്ര സഭയുടെ ഫ്രെയിംവർക്ക് കമ്മിറ്റി ഓഫ് ക്ലൈമറ്റ് ചേഞ്ച് (UNFCCC) 2021-ലെ കണക്കുകൾ സൂചിപ്പിക്കുന്നു. പാരീസ് ഉടമ്പടിക്കു ശേഷം പാശ്ചാത്യ രാജ്യങ്ങളിൽ ബിസിനസുകാരുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. കാർബൺ പുറന്തള്ളൽ കുറക്കുന്നതിനുള്ള പദ്ധതികൾ, വനസംരക്ഷണം, ഊർജം തുടങ്ങിയ മേഖലകളിൽ ഇടപ്പെട്ട് പൗരസ്ത്യ ദേശങ്ങളെ പ്രോത്സാഹിപ്പിച്ച് കാർബൺ വിപണി വിപുലീകരിക്കുക എന്നതാണ് വികസിത മുതലാളിത്ത രാജ്യങ്ങളുടെ ലക്ഷ്യം.
കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിനായി കാർബൺ സന്തുലിതമാക്കൽ നടത്തി കിട്ടുന്ന കാർബൺ ക്രെഡിറ്റ് ഉപയോഗിച്ച് കാർബൺ വ്യാപാരം നടത്തുക എന്ന മുതലാളിത്ത വിപണന തന്ത്രങ്ങൾ പരാജയപ്പെടുമെന്നും അവ ന്യായീകരിക്കാൻ കഴിയാത്ത തരത്തിലുള്ള വൈരുദ്ധ്യങ്ങൾ നിറഞ്ഞതാണെന്നും പ്രൊഫസറും പരിസ്ഥിതി പ്രവർത്തകനുമായ ക്രിസ്വില്യംസ് അഭിപ്രായപ്പെടുന്നുണ്ട്. കാലാവസ്ഥ പ്രതിസന്ധിയെ നേരിടുവാനുള്ള മാർഗത്തേക്കാൾ കാർബൺ വിപണികൊണ്ട് ഉപകാരമാകുന്നത് വ്യവസായിക വളർച്ച ത്വരിതപ്പെടുന്നതിനും പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ ചരക്കാക്കി മാറ്റുന്നതിലുമാണ്. ഇക്കാരണങ്ങൾകൊണ്ട് കാർബൺ വിപണി വിമർശനത്തിനുവിധേയമായിക്കൊണ്ടിരിക്കുന്നു എന്ന് 2021-ൽ ഹഫ്ക്ക (HUFF) നടത്തിയ പഠനം വിശദീകരിക്കുന്നുണ്ട്.
ആശ്രിതത്വവും കാർബൺ വിപണിയും
ആഗോളതലത്തിൽ മുതലാളിത്ത സമ്പദ്വ്യവസ്ഥയ്ക്ക് ചൂഷകസ്വഭാവ അടിത്തറയാണുള്ളത്. പ്രകൃതിവിഭവങ്ങളിന്മേലുള്ള അധികാരം, കുറഞ്ഞ കൂലി, അസമത്വത്തിലൂടേയുള്ള വിഭവങ്ങളുടേയും മൂല്യങ്ങളുടേയും കൈമാറൽ, നവകോളനീകരണം എന്നിവയിലൂടെയാണ് മുതലാളിത്തം ഇതു നേടിയെടുക്കുന്നത്. ഇത്തരത്തിൽ രൂപപ്പെട്ടുവന്ന വ്യവസായ സമ്പദ്രാഷ്ട്രങ്ങളിലേറെയും വികസ്വര അവികസിത രാജ്യങ്ങളിലെ വിഭവസ്രോതസ്സുകളെ കവർന്നെടുത്തുകൊണ്ടാണ് നേടിയിട്ടുള്ളത്. ഇത്തരത്തിൽ ദരിദ്രരിൽനിന്നും സമ്പന്നരിലേക്ക് കേന്ദ്രീകരിക്കുന്ന സമ്പദ്ഘടന സൃഷ്ടിക്കുന്ന സാമ്പത്തികവും സാമൂഹികവുമായ വൈരുദ്ധ്യങ്ങളേയും രാഷ്ട്രീയ ധ്രുവീകരണത്തേയും വിശദീകരിക്കുന്നതാണ് ആശ്രിത തത്ത്വം. വരുമാനവും തൊഴിലവസരങ്ങളും വാഗ്ദാനം ചെയ്തുകൊണ്ട് മുതലാളിത്ത രാജ്യങ്ങൾ ദരിദ്രരാഷ്ട്രങ്ങളിലും സൃഷ്ടിക്കുന്ന ആശ്രിതത്വത്തിലൂടെ സമ്പത്ത് കേന്ദ്രീകരിക്കുന്ന ഇടങ്ങളായി വ്യാവസായിക രാജ്യങ്ങൾ മാറുകയും ചെയ്യുന്നു. ആത്യന്തികമായി കാർബൺ വിപണിയെ ആശ്രിത മുതലാളിത്ത സമ്പദ്ഘടന സൃഷ്ടിക്കുന്ന വ്യവസായമായി വിവക്ഷിക്കുന്നതിൽ പിഴവുകളില്ല. അതുകൊണ്ടുതന്നെ കാർബൺ വിപണി എന്ന പുത്തൻ സാമ്പത്തിക മേഖലയെ ആഗോള വിപണിയായി വികസിപ്പിക്കാനുള്ള മുതലാളിത്ത ശക്തികളെ മാർക്സിയൻ ആശ്രിതത്വവുമായി (Marxian Dependency Theory) ചേർത്തുകൊണ്ട് ഉപസാമ്രാജിത്വ പദ്ധതിയായാണ് മറീനി (Marini) യെപ്പോലുള്ള ഗവേഷകർ നിരീക്ഷിക്കുന്നത്.
ഇന്ത്യൻ കാർബൺ വിപണിയും കാർഷിക വനവല്ക്കരണവും
ലോകബാങ്കിന്റെ റിപ്പോർട്ട് പ്രകാരം ആഗോള കാർബൺ വിപണിയുടെ 20-25 ശതമാനം നിയന്ത്രിക്കാൻ ഇന്ത്യയ്ക്ക് കഴിയുമെന്നും അമേരിക്ക, ജർമനി, ജപ്പാൻ, ചൈന എന്നീ വികസിത വ്യാവസായിക രാജ്യങ്ങൾ ലോകത്തിൽ ഏറ്റവും കൂടുതൽ ക്രെഡിറ്റുകൾ വാങ്ങുന്ന രാജ്യങ്ങൾ ആകുകയും അതുവഴി ഇന്ത്യയ്ക്ക് സാമ്പത്തികമായി വികസിക്കാൻ കഴിയുമെന്നാണ്. ഇന്ത്യയിലെ കാർബൺ വിപണി ഐ.ടിപോലുള്ള സേവന മേഖലയെക്കാൾ വേഗത്തിൽ വളർന്നുവരുന്ന ഒന്നായതുകൊണ്ടുതന്നെ കാർബൺ വിപണിക്ക് വളക്കൂറുള്ള മണ്ണായി ഇന്ത്യയെ വിലയിരുത്തപ്പെടുന്നു.
ഐ.പി.സി.സി(IPCC)യുടെ അഭിപ്രായത്തിൽ ഇന്ത്യയിൽ വർഷത്തിൽ വനവല്ക്കരണത്തിലൂടേയും വനപുനർനിർമാണത്തിലൂടേയും 1.1 ബില്യൺ ടൺ കാർബൺ ഡൈ ഓക്സൈഡ് ആഗിരണത്തിലൂടെ അന്തരീക്ഷത്തിൽനിന്നും നീക്കം ചെയ്യുന്നു എന്നാണ്. എന്നാൽ, ഇതിന്റെ പേരിൽ ഇന്ത്യയിൽ നടപ്പിലാക്കിയ പദ്ധതികളെ വിലയിരുത്തിയാൽ ഇതിന്റെ പൊള്ളത്തരം മനസ്സിലാകും.
ഇന്ത്യയിൽ കാലാവസ്ഥാ വ്യതിയാനം കുറയ്ക്കുന്നതിനും കർഷകരുടെ വരുമാനവർദ്ധനവും ലക്ഷ്യമിട്ട് വളരെവേഗത്തിൽ വളർന്നുവരുന്നതും വികസിച്ചുവരുന്നതും പ്രാധാന്യം കൊടുക്കുന്നതുമായ മേഖലയാണ് കാർഷിക വനവല്ക്കരണം അഥവാ അഗ്രോഫോറസ്റ്ററി. ലോകത്തിലെ അഞ്ചിൽ ഒന്ന് അഗ്രോഫോറസ്റ്ററിയും ഇന്ത്യയിലാണ്.
ദരിദ്ര രാഷ്ട്രങ്ങളിലെ കർഷകർക്കും ജനങ്ങൾക്കും ലാഭകരമായ മാർഗമായി കാർബൺ വിപണിയെ അവതരിപ്പിക്കുന്നതിൽ മുതലാളിത്ത ഭരണകൂടങ്ങൾ മത്സരിക്കുകയാണ്. അതിനായി പുതിയ പദ്ധതികളും സാമ്പത്തിക സഹായങ്ങളും വിവിധ വകുപ്പുകൾ വഴിയും ആവിഷ്കരിച്ച് നടപ്പിലാക്കിവരുന്നുണ്ട്. ഇന്ത്യയിലെ ഗ്രാമീണർക്കിടയിൽ പ്രചരിച്ചുവരുന്ന കാർഷിക വനവല്ക്കരണം ഇത്തരത്തിലുള്ളതാണ്. എന്നാൽ, ആത്യന്തികമായി ഇത്തരത്തിൽ നടപ്പിലാക്കിയ ഇത്തരം പദ്ധതികളൊന്നും തന്നെ കർഷർക്ക് സാമ്പത്തികലാഭം ഉണ്ടാക്കിയിട്ടില്ലെന്നു മാത്രമല്ല, വൻകിട കമ്പനികളും മുതലാളിത്ത വ്യവസായങ്ങളും പദ്ധതിമൂലം നേട്ടം ഉണ്ടാക്കിയെടുക്കുകയും ചെയ്തു. ഛത്തീസ്ഗഢിലെ ബസ്താറിലെ ആദിവാസി കർഷകർക്കിടയിൽ 2000-ൽ നടപ്പിലാക്കിയ CDM പദ്ധതി ധാരാളം കർഷകരെ കടക്കെണിയിലേക്ക് തള്ളി. ക്യോട്ടോ ഉടമ്പടി പ്രകാരം രജിസ്റ്റർ ചെയ്തിരുന്ന പദ്ധതിയായിരുന്നു ശോഷണഭൂമിയിലെ വനപുനഃസ്ഥാപനം. ഒഡിഷയിൽനിന്നുള്ള മംഗലം ടിംബർ പ്രോഡക്ട് ലിമിറ്റഡ് (MTPL) കമ്പനി ആയിരുന്നു പ്രോജക്ട് നടത്തിപ്പുകാർ. 12,002 കർഷകരുടെ 14,969 ഹെക്ടർ ഭൂമിയിൽ യൂക്കാലിപ്റ്റസ് നട്ടുപിടിപ്പിച്ചുകൊണ്ടാണ് വനപുനഃസ്ഥാപനം നടത്തിയത്. കമ്പനി, കർഷകരേയും ബാങ്കിനേയും ബന്ധപ്പെടുത്തിക്കൊണ്ട് എഗ്രിമെന്റ് തയ്യാറാക്കുകയും അതുപ്രകാരം ഗുണമേന്മയുള്ള തൈകളും വളങ്ങളും സാങ്കേതിക പരിജ്ഞാനവും വിളവെടുക്കുന്നതുവരെയുള്ള എല്ലാ സഹായവും കമ്പനി ഏറ്റെടുക്കുകയും ചെയ്തു. പാകമായ തടികൾ കർഷകരിൽനിന്നും വാങ്ങിക്കുമെന്നായിരുന്നു കരാർ. പകരമായി കർഷകർ വനത്തെ സംരക്ഷിക്കുകയും തോട്ടപരിചരണത്തിനായി ആധാരം പണയപ്പെടുത്തി ബാങ്കുവായ്പ കമ്പനി കർഷകർക്ക് തരപ്പെടുത്തിക്കൊടുക്കുകയും ചെയ്യുകയായിരുന്നു. ഏക്കറിന് 12 ശതമാനമാണ് കാർബൺ ക്രെഡിറ്റിൽനിന്നുള്ള വരുമാനം എന്നതാണ് കമ്പനിയും കർഷകരും തമ്മിലുള്ള ഉടമ്പടി. 2001 മുതൽ 2011 വരെ 1.22 മില്യൺ ക്രെഡിറ്റ് ഈ പദ്ധതി പ്രകാരം ലഭ്യമായിട്ടുണ്ട്. ഇന്ത്യയിലെ ഭക്ഷണവിതരണ കമ്പനിക്കാരായ സോമാറ്റോ, യു.കെയിലെ പ്രശസ്ത ഫാഷൻ ഡിസൈനർ കമ്പനിയായ സ്റ്റെല്ല മക്കർണി എന്നിവരാണ് ഉപഭോക്താക്കൾ.
എന്നാൽ, കമ്പനി ക്രെഡിറ്റുകൾ എത്ര രൂപയ്ക്കു വിറ്റുവെന്നോ എങ്ങനെ എന്നോ ഉള്ള വിവരം കർഷകർക്കൊന്നും ലഭ്യമല്ല. ഈ പദ്ധതിയിൽനിന്നും വിരമിച്ച കമ്പനിയിലെ ഒരു ഉദ്യോഗസ്ഥനുമായി ഡൗൺ ടു എർത് നടത്തിയ ചർച്ചയിൽ അദ്ദേഹം പറഞ്ഞത് ഓരോ നൂറു രൂപയുടെ ക്രെഡിറ്റിനും 76 രൂപ രജിസ്ട്രേഷൻ ഫീസ്, പരിശോധന, സ്ഥിരീകരണം, നിരീക്ഷണം എന്നീ ഇനത്തിൽ കമ്പനി വസൂലാക്കുകയും ബാക്കിവരുന്ന 24 രൂപ കർഷകനും കമ്പനിയും അതായത് 12 ശതമാനം വീതം തുല്യമായി പങ്കുവെയ്ക്കുകയും ചെയ്യുന്നു. ഈ പദ്ധതിയിലൂടെ 86 കോടി രൂപ ലഭ്യമായി. 88 ശതമാനം കമ്പനിയും 12 ശതമാനം കർഷകരും. ഇത്തരം അനുഭവം ബസ്താറിലെ കർഷകരെ പിന്നീട് യൂക്കാലി വളർത്താൻ പ്രേരിപ്പിച്ചില്ല. മാത്രമല്ല, കർഷകർക്ക് കാർബൺ ക്രെഡിറ്റിനെ കുറിച്ച് കേട്ടുകേൾവിപോലും ഉണ്ടായിരുന്നില്ല എന്നാണ് ഡൗൺ ടു എർത് നടത്തിയ പഠനം പറയുന്നത്. കാർബൺ വിപണി കർഷകർക്ക് വരുമാനം നേടിക്കൊടുക്കുന്ന ലാഭകരമായ മാർഗമെന്നാണ് പൊതുവെ പറഞ്ഞുപരത്തുന്നത്. എന്നാൽ, നടപ്പിലാക്കിയ ഇടങ്ങളിലൊന്നും തന്നെ കർഷകർക്ക് കാർബൺ ക്രെഡിറ്റിനെക്കുറിച്ചോ അതിലൂടെ ഉണ്ടാകുന്ന സാമ്പത്തിക ക്രയവിക്രയങ്ങളെക്കുറിച്ചോ അവബോധം ഉണ്ടായിരുന്നില്ല. കമ്പനികൾ ഏജൻസികളായി നിന്നുകൊണ്ട് ബാങ്കുവയ്പകളും മറ്റും തരപ്പെടുത്തിക്കൊടുത്ത് കർഷകരെ ചൂഷണം ചെയ്തു ലാഭം ഉണ്ടാക്കുകയാണ് ചെയ്യുന്നത്. പലപ്പോഴും പദ്ധതി നടത്തിപ്പുകാരായ കമ്പനികൾ പ്രദേശവാസികളായവരെ കമ്മീഷൻ വ്യവസ്ഥയിൽ തദ്ദേശീയ കർഷകരെ റിക്രൂട്ട് ചെയ്യാൻ നിയമിക്കുന്നു. വാഹനത്തിന് പെട്രോൾ ചാർജും ചെറിയ തുകയായി കുറച്ച് രൂപയും എന്ന വ്യവസ്ഥയിലാണ് നിയമിക്കുന്നത്. കാർഷിക വനവല്ക്കരണംപോലുള്ള കാർബൺ വിപണിയിൽ ഗ്രാമീണ ജനതയും നടത്തിപ്പു കമ്പനികളും തമ്മിലുള്ള കരാറുകളിലെ സുതാര്യത ഇല്ലായ്മ കർഷകർക്ക് വരുമാനം ലാഭകരമായി ലഭിക്കുന്നില്ല എന്നാണ് ഇന്ത്യൻ സാഹചര്യത്തിൽ നടപ്പിലാക്കിയതിൽ ഏറിയ പങ്കും എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്.
ആഗോള കാർബൺ
പുറന്തള്ളൽ പ്രവർത്തനങ്ങളും
വികസിത രാജ്യങ്ങളും
2022-ൽ നിർമാണമേഖലയിൽനിന്നാണ് ഏറ്റവും കൂടുതൽ കാർബൺ ഉദ്വമനം നടന്നിരിക്കുന്നത്. 55 ശതമാനം കാർബൺ ഉദ്വമനവും സിമെന്റ്, കട്ട, ഇരുമ്പ് എന്നിവയിൽ നിന്നുമാണ് മൂന്നിൽ ഒന്ന് ആഗോള കാർബൺ ഉദ്വമനം നടന്നിരിക്കുന്നത്. 2023-നും 2025-നും ഇടയിൽ കെട്ടിടനിർമാണ മേഖലയിൽനിന്നു മാത്രം 440 ജിഗാ ടൺ കാർബൺ ഉദ്വമനമാണ് പ്രതീക്ഷിച്ചിരുന്നത്. ഇതു മാത്രം മതി ആഗോള കാർബൺ കുറയ്ക്കൽ ലക്ഷ്യമായ 1.5 ഡിഗ്രി കാർബൺ പരിധി കടക്കാൻ എന്ന് നെതർലാൻഡ് സർവകലാശാല പ്രൊഫസർ പ്രജാൽ പ്രധാൻ അഭിപ്രായപ്പെടുന്നു. 1995-ൽ വികസിത രാജ്യങ്ങൾ മാത്രമാണ് നിർമാണമേഖലയുടെ 50 ശതമാനം ഉദ്വമനവും നടത്തിയത്. ഇതെല്ലാം കുറഞ്ഞ കാർബൺ പുറന്തള്ളൽ പദ്ധതികളിലേക്കും പ്രവർത്തനങ്ങളിലേക്കും മാറണമെന്ന ശക്തമായ താക്കീതുകളാണെന്നിരിക്കെ വിപണിയെ കേന്ദ്രീകരിച്ചുകൊണ്ടുള്ളതും എന്നാൽ, കാർബൺ ഉദ്വമന പ്രവർത്തനങ്ങളിൽ നിന്നും പിന്മാറാതിരിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പുകളിലാണ് ആഗോള കാർബൺ മുതലാളിത്ത തന്ത്രം.
ജനങ്ങൾക്കും ലാഭകരമായ വരുമാനമാർഗമായി കാർബൺ വിപണിയെ അവതരിപ്പിക്കുന്നതിൽ മുതലാളിത്തത്തോട് ചേർന്നുകൊണ്ട് ഭരണകൂടങ്ങൾ മത്സരിക്കുകയാണ്. അതിനായി പുതിയ പദ്ധതികളും സാമ്പത്തികസഹായങ്ങളും വിവിധ വകുപ്പുകൾ വഴിയും ആവിഷ്കരിച്ച് നടപ്പിലാക്കിവരുന്നുണ്ട്. ഇന്ത്യയിലെ ഗ്രാമീണ കർഷകർക്കിടയിൽ പ്രചരിച്ചുവരുന്ന CDM പദ്ധതിയുടെ ഭാഗമായ കാർഷിക വനവല്ക്കരണം ഇത്തരത്തിലുള്ളതാണ്. ആത്യന്തികമായി ഇത്തരത്തിൽ നടപ്പിലാക്കിയ പദ്ധതികൾ ഒന്നുംതന്നെ കർഷകർക്ക് സാമ്പത്തിക മെച്ചം ഉണ്ടാക്കിയിട്ടില്ലെന്നു മാത്രമല്ല, വൻകിട കമ്പനികളും മുതലാളിത്ത വ്യവസായങ്ങളും പദ്ധതിമൂലം നേട്ടം ഉണ്ടാക്കുകയും ചെയ്തു.
കാർബൺ വിപണിക്ക് ഐക്യരാഷ്ട്രസഭയുടെ പുതിയ രീതിശാസ്ത്രം
ആഗോളതലത്തിൽ കാർബൺ വിപണിക്ക് വൻ സാധ്യത തുറന്നുകൊണ്ട് ഒക്ടോബർ 2025-ന്റെ മധ്യത്തോടെ ഐക്യരാഷ്ട്രസഭയുടെ UNFCCC സൂപ്പർവൈസറി ബോഡി അംഗീകരിച്ച പുതിയ രീതിശാസ്ത്രമാണ് ആർട്ടിക്കിൾ 6.4 അഥവാ പാരീസ് ഉടമ്പടി ക്രെഡിറ്റിംഗ് പ്രക്രീയ (PACM). ക്യോട്ടോ പെരുമാറ്റചട്ടപ്രകാരമുള്ള സംശുദ്ധ വികസന പ്രക്രിയയ്ക്ക് (CDM) പകരമായിട്ടാണ് ഇത് അംഗീകരിച്ചിട്ടുള്ളത്. പുനരുല്പാദന ഊർജ പദ്ധതികൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് വികസ്വര രാജ്യങ്ങളിലെ സമ്പദ്ഘടന വർദ്ധിപ്പിച്ച് കാർബൺ ഉദ്വമനം ആഗോളതലത്തിൽ പൂജ്യമായി കുറയ്ക്കൽ ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ് ഈ അംഗീകരിക്കൽ. മാത്രമല്ല, കാർബൺ സന്തുലിത പദ്ധതികളുടെ വിശ്വാസ്യത പരിശോധിക്കാനും കാര്യക്ഷമവും സ്ഥിരതയും ഉള്ള ക്രെഡിറ്റുകൾ ലഭ്യമാകുന്നു എന്നുറപ്പിക്കാനും ലക്ഷ്യമിട്ടുകൊണ്ടാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. പ്രധാനമായും മൂന്നു കാര്യങ്ങളാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്. കാർബൺ ഉത്സർജനത്തിന്റെ അതിർവരമ്പ് വ്യക്തമാക്കുക, കാർബൺ കുറയ്ക്കൽ കാലദൈർഘ്യത്തിനനുസരിച്ച് കണക്കാക്കുക, അംഗീകൃത ഉപകരണസഹായത്താൽ പദ്ധതികളുടെ കാര്യക്ഷമത പരിശോധിക്കുക എന്നിവയാണ്. ഇതിലൂടെ പദ്ധതികളുടെ വിശ്വാസ്യത ഉറപ്പിച്ചുകൊണ്ട് കൂടുതൽ നിക്ഷേപകരെ വിപണിയിലേക്ക് ആകർഷിക്കുകയാണ് ഐക്യരാഷ്ട്രസഭ ലക്ഷ്യമിടുന്നത്. ക്രെഡിറ്റ്, ഡിജിറ്റൽ വിപണിയിലൂടെ ലഭ്യമാക്കുന്നതിനും വാങ്ങുന്നവർക്ക് ക്രെഡിറ്റിന്റെ സഞ്ചാരപാത മനസ്സിലാക്കുന്നതിനും ഇത് ലക്ഷ്യമിടുന്നു. ആഗോളതലത്തിൽ 160-ൽ കൂടുതൽ രാജ്യങ്ങളും 60 ശതമാനത്തോളം കമ്പനികളും ലക്ഷ്യം കൈവരിക്കാൻ കാർബൺ ക്രെഡിറ്റുകൾ ഉപയോഗിക്കുന്നതായി ഐക്യരാഷ്ട്രസഭ പറയുന്നു. അതായത് വ്യാവസായിക രാഷ്ട്രങ്ങളിലെ കാർബൺ ഉത്സർജനം കുറക്കുന്നതിനല്ല ഐക്യരാഷ്ട്രസഭ പ്രോത്സാഹനം കൊടുക്കുന്നത്, മറിച്ച് പുറന്തള്ളുന്ന കാർബൺ നിർമാർജനം ചെയ്യാനുള്ള പദ്ധതികൾ ആവിഷ്കരിച്ച് വികസ്വര രാജ്യങ്ങളുടെ സമ്പദ്വളർച്ച ത്വരിതപ്പെടുത്തുന്നു എന്ന വ്യാജയുക്തി സൃഷ്ടിച്ചുകൊണ്ട് കാർബൺ വിപണി വളർത്തുകയും ചെയ്യുന്നു. കാർബൺ നിർമാർജനമാണ് ഉത്സർജനം കുറക്കുന്നതിനേക്കാൾ വേഗത്തിൽ നടത്താൻ കഴിയുന്നത് എന്ന വലിയ നുണപ്രചാരണത്തിലൂടെ പൊതുസ്വീകാര്യത നേടുകയും വിപണിവൽക്കരണം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു എന്നതാണ് ഇവിടത്തെ മുതലാളിത്ത തന്ത്രം.
കാർബൺ വിപണിവല്ക്കരണത്തിലൂടെ കാലാവസ്ഥ വ്യതിയാനത്തെ തടയിടാനുള്ള മാർഗമെന്ന നിലയിൽ പാശ്ചാത്യ വ്യാവസായിക സമ്പദ് രാഷ്ട്രങ്ങൾ വികസ്വര അവികസിത രാഷ്ട്രങ്ങളിൽ നടപ്പിലാക്കുന്ന നവകൊളോണിയൽ വ്യവസായം യഥാർത്ഥത്തിൽ പരിസ്ഥിതിയോടും മനുഷ്യരോടും നീതിപുലർത്തുന്നുണ്ടോ!
----
ഗ്രന്ഥസൂചികകൾ
Bohm, S., Misoczky, M,C and Moog S. Greaning Capitalism? A Marxist Critiqueof Carbon Markets, organization Studies, University of Essex, 2012, 1-22.
Kathleen McAfee. Green Economy and carbon markets for conservation and development :a critical review, International relations, San Francisco University, Springer, 2015.
Kohei Saito, Karl Marx's Ecosocialism -Capital, Nature, and the Unfinished Critique of Political Economy. Monthly Review Press, New York, 2017.
Changing business as usual in global climate and development action: making space for social justice in carbon markets. Elsevier, 2022. 1-10.
Cover story, Carbon Market, Down to Earth, March 2025, 30-44.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates