ചാള്‍സ് മാര്‍ക്ക് കൊറിയയെന്ന വാസ്തുകാരനെ നമിക്കട്ടെ. നിലത്ത് തല തെക്ക് പടിഞ്ഞാറോട്ടായും കാലുകള്‍ വടക്കു കിഴക്കോട്ടായും ശയിക്കുന്ന വാസ്തുവിദ്യയുടെ അധിഷ്ഠാനദേവത പറയും: “ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു.”
ഒന്നല്ല, നിരവധി പ്രാവുകള്‍ പറന്നിറങ്ങുന്നു.
ഗോവന്‍ തലസ്ഥാനമായ പനാജിയിലെ കംപാലില്‍ മാണ്ഡോവി നദിയുടെ കരയിലായി നിലകൊള്ളുന്ന മനോഹരനിര്‍മിതി കലാ അക്കാദമി, ചാള്‍സ് കൊറിയയുടെ സ്മാരകം കൂടിയാണ്. സെക്കന്തരാബാദിലാണ് ജനിച്ചതെങ്കിലും (1 സെപ്റ്റംബര്‍ 1930) ചാള്‍സ് കൊറിയയ്ക്ക് ഗോവയുമായി റോമന്‍ കാത്തലിക് ബന്ധമുണ്ട്. ആ ഗൃഹാതുരത്വം ഗോവയ്ക്കായി ഒരു സാംസ്കാരികകേന്ദ്രം രൂപകല്പന ചെയ്യവെ ചാള്‍സ് അനുഭവിച്ചിരിക്കണം. അതിന് ചാരുത മാത്രമല്ല, ആത്മാവുമുണ്ട്.
കലാ അക്കാദമി കാലപ്പഴക്കത്താല്‍ പൊളിച്ചുമാറ്റണമെന്നും അതേപടി അറ്റകുറ്റം തീര്‍ത്ത് നവീകരിക്കാനാവില്ലെന്നും വിധിയെഴുതുകയുണ്ടായി ഒരു മന്ത്രി. അയാള്‍ക്ക് ചാള്‍സ് കൊറിയ ആരെന്ന് അറിയില്ലായിരുന്നു. എതിര്‍പ്പുകള്‍ പല കോണുകളില്‍നിന്നും ഉയര്‍ന്നു. അവയ്ക്കു ഫലമുണ്ടായി. കലാ അക്കാദമി അല്പം ചില പുനര്‍നിര്‍മാണക്രിയകള്‍ക്കുശേഷം, ഇപ്പോഴും ഉണ്ട്. കാലത്തിനു നന്ദി.
പുതിയൊരു പ്രഭാതത്തിന്റേതായി വിരിഞ്ഞ പുതുപൂക്കള്‍ക്കിടയിലൂടെ ഞാന്‍ നടന്നു. തെല്ലൊരകലത്തില്‍ ശാമ്പ്രാണിമരങ്ങള്‍ക്കിടയിലൂടെ കാണാവുന്ന മാണ്ഡോവിയുടെ ജലപ്പരപ്പില്‍ പകലൊളി. കാറ്റുകള്‍ വീശുന്നുണ്ട്. ഒരുപക്ഷേ, കടലില്‍നിന്നുള്ള കാറ്റുകള്‍ നദിയിലെ കാറ്റുകളുമായി ചേര്‍ന്ന് പുതിയ കാറ്റുകളായി വീശുന്നതാവാം.
കാറ്റുകള്‍ ചിലപ്പോള്‍ ആഹ്ലാദത്തുടിപ്പുകളിലേയ്ക്കു വീശുന്നു. ചിലപ്പോള്‍ മരണത്തിന്റെ മൂകതയിലേയ്ക്ക്. അവ കടന്നുപോകുന്നു.
“ഏയ്.”
പിറകില്‍നിന്നൊരു ഒച്ചയിടീല്‍.
ഞാന്‍ തിരിഞ്ഞുനോക്കി.
കേട്ടതൊരു സ്ത്രീസ്വരമായിരുന്നു. അതിന്റെ ഉടമ പിങ്ക് മേലുടുപ്പും നരച്ച നീല ജീന്‍സും ധരിച്ച നിലയില്‍ ചുമലിലൊരു സഞ്ചിയോടെ മുഖത്താകെ പ്രസരിപ്പോടെ, വെട്ടിയൊതുക്കിയ മുടിയോടെ, തിളക്കമാര്‍ന്ന മൂക്കുത്തിയോടെ.
“എന്നെ മനസ്സിലായോ?” അവള്‍ ചിരിച്ചുകൊണ്ട് ചോദിച്ചു.
അവളുടെ ചുണ്ടുകള്‍ വടിവൊത്തവയും പല്ലുകള്‍ നിരയൊത്തവയും ആയിരുന്നു. കണ്ണുകളിലൊരു കുസൃതി ഓളംവെട്ടി.
“ഞാന്‍ ബെംഗളൂരുവില്‍നിന്നാണ്. അരുണിമ.”
എനിക്ക് ഓര്‍മയായി. ഫോണില്‍ ഒരു തവണ സംസാരിച്ചിട്ടുണ്ട്. ഒരു തവണ മാത്രം.
“ഗോവയിലെ ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് വരാനായിട്ടില്ല ഇതേവരെ. അന്‍പത്തിയാറാമത് മേളയ്ക്കെങ്കിലും ഉണ്ടാകണമെന്ന് തീരുമാനിച്ചു.”
“എപ്പോഴെത്തി?”
“ഇന്നലെ.”
“ഞാനിവിടെ എല്ലാ വര്‍ഷവും ഉണ്ടാകാറുണ്ട്. സ്ഥിരം വേദിയായപ്പോള്‍ തൊട്ട്.”
“അറിയാം. ഞാന്‍ വായിച്ചിട്ടുണ്ട്. എന്നോ തുടങ്ങിയതല്ലേ.”
“എണ്‍പത്തിരണ്ടില്‍. കൊല്‍ക്കത്തയില്‍.”
“ഓഹ് ഞാനന്ന് ജനിച്ചിട്ടില്ല.”
“അതു സാരമില്ല. പിന്നീടാണെങ്കിലും ജനിച്ചല്ലോ.”
അതിന് അരുണിമ സങ്കോചലേശമെന്യേ ഉറക്കെ ചിരിച്ചു. ദേഹമാകെ ഇളകി. അത് കാണാന്‍ കൊള്ളാവുന്നതായിരുന്നു.
“ഇന്നലെ വന്നിട്ട് ഗോവയില്‍ എങ്ങോട്ടെങ്കിലും പോയോ?” ഞാന്‍ ചോദിച്ചു.
“ഉവ്വ്. ടോര്‍ഡായിലെ ഹൗസസ് ഓഫ് ഗോവ മ്യൂസിയം കാണാന്‍ പോയി. ഗംഭീരം. പനാജിയില്‍നിന്ന് പന്ത്രണ്ട് കിലോമീറ്റര്‍ ദൂരമേയുള്ളു. അതിനും ചാള്‍സ് കൊറിയയെപ്പോലെ ഒരു ആര്‍ക്കിടെക്‌റ്റ് ഉണ്ട്. ജെറാദ് ഡി കുന്‍ഹ. പക്ഷേ, അവിടെ നമുക്ക് അനുഭവപ്പെടുക മറ്റൊരു സാന്നിദ്ധ്യമാണ്.”
“ആരുടെ?”
“മാരിയോ മിറാന്‍ഡയുടെ.”
നേരില്‍ കാണാന്‍ ഇടയായിട്ടില്ല. പക്ഷേ, മാരിയോ ജൊവാദോ കാര്‍ലോസ് ദോ റൊസാരിയോ ഡി ബ്രിട്ടോ മിറാന്‍ഡയുടെ (1926-2011) രേഖാചിത്രങ്ങള്‍ പഴയ ‘ദ ഇല്ലസ്‌ട്രേറ്റഡ് വീക്കിലി’യിലും ‘ഗോവ ടുഡേ’യിലുമൊക്കെ കണ്ടുകണ്ട് അത്രമേല്‍ പരിചിതമായതാണ്. ഗോവന്‍ ജീവിതമെന്തെന്ന്, അവിടത്തെ മനുഷ്യര്‍ എങ്ങനെയാണെന്ന്, അവരുടെ ജീവിതത്തിലെ നിര്‍മനിമിഷങ്ങള്‍ ഏവയെന്ന് മാരിയോ അതിസൂക്ഷ്മമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഗോവന്‍ മദ്യമായ ഫെനിയുടെ ഊര്‍ജം മാരിയോയുടെ വരകളില്‍ കാണാം. ഗോവയുടെ സംഗീതം അവയില്‍ സുവ്യക്തമായി കേള്‍ക്കാം.
കലാ അക്കാദമിയില്‍ എനിക്കും അരുണിമയ്ക്കും നിറവേറ്റാനുണ്ടായിരുന്നത് ചലച്ചിത്രമേളയുടെ പ്രതിനിധി ബാഡ്‌ജും ഫെസ്റ്റിവല്‍ സഞ്ചിയും കൈപ്പറ്റുകയെന്നതാണ്. അത് പെട്ടെന്ന് കഴിഞ്ഞു. പ്രതിനിധി ബാഡ്ജ് ഞങ്ങള്‍ കഴുത്തിലണിഞ്ഞ് പുറത്തേയ്ക്കു നടന്നു.
കലാ അക്കാദമിയുടെ മുന്നില്‍നിന്ന് മേളയുടെ മുഖ്യവേദിയായ ഐനോക്‌സിലേയ്ക്ക് സംഘാടകര്‍ ഏര്‍പ്പെടുത്തിയ ഓട്ടോറിക്ഷകളുണ്ട്. അവ നിരയായി നില്‍പ്പുണ്ടായിരുന്നു. നിരത്തില്‍ വൃക്ഷച്ഛായകള്‍. ഇടതുവശത്ത് മേളയുടെ ചിഹ്നമായ മയില്‍രൂപങ്ങള്‍.
അരുണിമ മുറിയെടുത്തത് പഞ്ചിം ഗസ്റ്റ് ഹൗസിലായിരുന്നു: ഞാന്‍ കുറച്ചകലെ 18 ജൂണ്‍ റോഡില്‍ മേരി ഇമ്മാക്കുലേറ്റ് ചര്‍ച്ചിനു സമീപത്തായുള്ള കെണീസ് ഹോട്ടലിലും. കെണി ഹോട്ടല്‍സ് പ്രൈവറ്റ് ലിമിറ്റഡ്. ശാന്തവും ചെറുതുമായ ഒരിടം. ഒറ്റമുറി.
പഞ്ചിമിലെ പോര്‍ച്ചുഗീസ് പാരമ്പര്യം നിലനിര്‍ത്തുന്ന ഒരു ബാര്‍ ആന്‍ഡ് റെസ്റ്റോറന്റില്‍ വിശ്രുത അഭിനേത്രി മെരിലിന്‍ മണ്‍റോയെ കണ്ടുമുട്ടുന്നതിനെക്കുറിച്ച് ഞാനെഴുതിയ ‘മെരിലിന്‍ ശേഷിപ്പ്’ എന്ന കഥ അരുണിമ അതിയായ കൗതുകത്തോടെ വായിച്ചിട്ടുണ്ട്.
“നമുക്ക് അവിടെയൊന്നു പോകണം. ലഞ്ചിന് അല്ലെങ്കില്‍ ഡിന്നറിന്.”
“ആകട്ടെ.”
“നമ്മള്‍ ആരെയാവും കാണുക?”
ഞാന്‍ തെല്ലിട ആലോചിച്ചു.
“ഇന്‍ഗ്രിഡ് ബെര്‍ഗ്‌മാനെ.”
അരുണിമ പെട്ടെന്ന് ഒരു വികാരവായ്‌പില്‍ എന്നെ ചേര്‍ത്തുപിടിച്ചു.
“ഐ ലൈക്ക് ഹേര്‍ സോ മച്ച്. വാട്ട് എ ഗ്രെയ്സ്.”
ശബ്ദം നേര്‍ത്ത് കരച്ചിലിനോടടുത്തു. മരണത്തിന്റെ തിരശ്ശീലയ്ക്കപ്പുറത്തുനിന്ന് ഇന്‍ഗ്രിഡ് ബെര്‍ഗ്‌മാന്‍ ഏറ്റവും മാധുര്യത്തോടെ, അങ്ങേയറ്റത്തെ സുഭഗതയോടെ, വിശുദ്ധിയോടെ ചിരി തൂകി. അതൊരു കുളിര്‍കാറ്റായി എന്നെ വന്ന് തൊട്ടു.
ഇന്‍ഗ്രിഡ്, പ്രിയ ഇന്‍ഗ്രിഡ്, നീ പോയല്ലോ.
നീ മറഞ്ഞല്ലോ.
മറയാന്‍ തിരഞ്ഞെടുത്തത് ജനിച്ച അതേ നാള്‍.
29 ഓഗസ്റ്റ്.
ജനനം സ്വീഡനിലെ സ്റ്റോക്ഹോമില്‍. മരണം അറുപത്തിയേഴാം വയസ്സില്‍ ലണ്ടനില്‍. വിശ്രമസ്ഥലം നോറാ ബെഗ്രേവിംഗ്സ് പ്ലാറ്റ്സെന്‍, സ്റ്റോക്ഹോം. അവിടെ എന്നും പല നിറങ്ങളിലുള്ള പൂക്കള്‍ അര്‍പ്പിക്കപ്പെടുന്നു. ഇന്‍ഗ്രിഡ് മന്ദഹസിക്കുന്നു. സ്വര്‍ഗീയമായ മന്ദഹാസം. ഭൂമിയുടെ വലിയ നഷ്ടങ്ങളിലൊന്ന്.
മരണത്തിനു തൊട്ടുമുന്‍പായി ഇന്‍ഗ്രിഡ് ബെര്‍ഗ്‌മാന്‍ ലോസ് ഏഞ്ചല്‍സിലെത്തി തന്റെ പ്രിയ നായകനായ കാരി ഗ്രാന്റുമായി നടത്തിയ കൂടിക്കാഴ്ച, ഇപ്പോള്‍ അതെക്കുറിച്ച് വായിക്കുമ്പോഴും, നോവ് ഉളവാക്കും.
എത്രയോ കാലത്തിനുശേഷം അവര്‍ തമ്മില്‍ കാണുകയാണ്; ഇന്‍ഗ്രിഡ് അര്‍ബുദബാധിത. പല ശസ്ത്രക്രിയകള്‍ക്കു ശേഷം. പട്ടുപോലുള്ള മുടിയില്ല. അതുമറയ്ക്കാന്‍ ഒരു തുണി ചുറ്റിയിരുന്നു.
ബെവര്‍ലി ഹില്‍സിലെ ചെറിയ ഒരു റെസ്റ്റോറന്റില്‍ കാരി ഗ്രാന്‍ഡ് കാത്തിരിപ്പുണ്ടായിരുന്നു. ആല്‍ഫ്രഡ് ഹിച്ച്കോക്കിന്റെ ‘നൊട്ടോറിയസ്’ (1946) തൊട്ടുള്ള സൗഹൃദം. ഇരുവരും വൃദ്ധര്‍. ഇന്‍ഗ്രിഡാകട്ടെ, അര്‍ബുദത്തിന്റെ അവസാന ഘട്ടത്തിലും. തന്റെ പേരുമായി സാമ്യമുള്ള, പരസ്പരബന്ധമില്ലാത്ത, ഇംഗ്‌മാര്‍ ബെര്‍ഗ്‌മാന്റെ ഓട്ടം സൊണാറ്റയില്‍ അഭിനയിച്ചു കഴിഞ്ഞിരുന്നു. ജീവിതസാഫല്യങ്ങളിലൊന്ന്. പ്രഗല്‍ഭ ഛായാഗ്രാഹകനായ സ്വെന്‍ നിക്‌വിസ്റ്റ് ഏഴ് വര്‍ഷത്തെ വേര്‍പാടിനുശേഷം മകളെ കാണാനെത്തിയ പ്രശസ്തയായ കണ്‍സേര്‍ട്ട് പിയാനിസ്റ്റ് ഷാര്‍ലെറ്റിന്റെ സംഘര്‍ഷങ്ങള്‍ രേഖപ്പെടുത്തവെ ഇന്‍ഗ്രിഡ് ബെര്‍ഗ്‌മാന്‍ സംവിധായകനോട് പറഞ്ഞു: “എന്നെ ഇങ്ങനെ കാണിക്കുകയാണെങ്കില്‍ എന്റെ ആസ്വാദകരെ മുഴുവനും എനിക്കു നഷ്ടപ്പെടും.” അതിന് ചലച്ചിത്രാചാര്യന്റെ ശാന്തമായ പ്രതിവചനം ഇവ്വിധമായിരുന്നു: “പേടിക്കേണ്ടതില്ല, പുതിയവരെ കിട്ടും.”
‘ഓട്ടം സൊണാറ്റ’യിലെ അഭിനയത്തിന് ആറാമത് ഓസ്‌കാര്‍ നാമനിര്‍ദേശമുണ്ടായി. പിന്നീട് ഒരു വേഷപ്പകര്‍ച്ച കൂടിയേ സംഭവിച്ചുള്ളൂ. ഇസ്രയേലിലെ ഉരുക്കുവനിത ഗോള്‍ഡാ മെയറിന്റെ ജീവിതാഖ്യാനമായിരുന്നു അത്. അപ്പോഴേയ്ക്കും രോഗം മൂര്‍ച്ഛിച്ചിരുന്നു. പക്ഷേ, ഹോളിവുഡ്ഡിലേയ്ക്കുള്ള അവസാന സന്ദര്‍ശനംകൂടി നിറവേറേണ്ടിയിരുന്നു. അതെക്കുറിച്ച് അറിയിപ്പുകളുണ്ടായില്ല. മാധ്യമപ്രവര്‍ത്തകരില്ല. പഴയകാലത്തെ രണ്ടു സുഹൃത്തുക്കള്‍ അന്തിമമായി കണ്ടുമുട്ടുന്നു. ഒരുമിച്ച് അല്പസമയം. ഒരു സ്വകാര്യ ലഞ്ച്. അധികകാലമില്ല ഇനി ജീവിതം. വാതില്‍ക്കല്‍ ആര്‍ക്കും ജയിക്കാനാവാത്ത ശത്രു.
പട്ടുറുമാല്‍ ചുറ്റിയ ശിരസ്സോടെ ഇന്‍ഗ്രിഡ് കാറില്‍നിന്നിറങ്ങി. ദുര്‍ബല ഗാത്രം.
ഒരു റെസ്റ്റോറന്റ് ജീവനക്കാരന്‍ ഭവ്യതയോടെ വഴി കാട്ടി.
കാരി ഗ്രാന്‍ഡ് എത്തിയിരുന്നു അതിനു മുന്‍പേ.
ഇന്‍ഗ്രിഡ് പതുക്കെ നടന്നടക്കുമ്പോള്‍ കാരി ഗ്രാന്‍ഡ് എഴുന്നേറ്റ് കൈനീട്ടി.
“കാരി, കാണാനായല്ലോ. നന്നായി.” ഇന്‍ഗ്രിഡ് പറഞ്ഞു.
മീന്‍ പൊള്ളിച്ചതും നാരങ്ങാനീരും. ലഞ്ചിന്റെ വിഭവങ്ങള്‍ അത്രമാത്രം. പക്ഷേ, അവര്‍ ആര്‍ദ്രതയോടെ സംസാരിച്ചു. ഓര്‍മകളില്‍ മുഴുകി. ഇടയ്ക്കെപ്പോഴോ കാരി ഗ്രാന്‍ഡ് കൈ നീട്ടി ഇന്‍ഗ്രിഡിന്റെ കരം സ്പര്‍ശിച്ചു.
“നമ്മുടെ കൂട്ടത്തില്‍ ഏറ്റവും മികച്ചുനിന്നത് ഇന്‍ഗ്രിഡായിരുന്നു, എപ്പോഴും.
ഓരോ നിമിഷവും പിന്നീട് സ്വര്‍ണശോഭയാര്‍ന്നു.
ലഞ്ച് തീരുകയായി. കാരി ഇന്‍ഗ്രിഡിനെ മേലങ്കി ധരിക്കാന്‍ സഹായിച്ചു. മുഖത്തേയ്ക്കു വീണുകിടന്ന മുടിയിഴകള്‍ നീക്കുകയും ചെയ്തു. അപ്പോള്‍ ഇന്‍ഗ്രിഡ് കാരിയുടെ മുഖത്തേയ്ക്കു നോക്കി മൃദുസ്വരത്തില്‍ പറഞ്ഞു:
“ഈയൊരു ലഞ്ചിലൂടെ ഹോളിവുഡ്ഡിന്റെ സുവര്‍ണകാലത്തോട് വിടപറയുന്നതു പോലെയായി.”
കാരി ഇന്‍ഗ്രിഡിന്റെ കൈ ചുംബിച്ചു.
ഇന്‍ഗ്രിഡ് കാറില്‍ കയറി നീങ്ങിക്കഴിഞ്ഞും നിമിഷങ്ങളോളം കാരി അവിടെത്തന്നെ നിന്നു. പിന്നെ അകത്തേയ്ക്ക്, തനിയെ.
“വികാരാര്‍ദ്രമായ ഒരു നിമിഷം, അല്ലേ?” അരുണിമ ചോദിച്ചു.
“അതെ.” ഞാന്‍ പറഞ്ഞു.
ഞങ്ങള്‍ ഉച്ചഭക്ഷണത്തിനു ചെന്നത് സെയിന്റ് പെഡ്രോയിലെ കുട്ടിക്കര്‍ ബാര്‍ ആന്‍ഡ് റെസ്റ്റോറന്റിലേയ്ക്കാണ്. ഓള്‍ഡ് ഗോവയുടെ ഭാഗമാണ്. പക്ഷേ, ആധികാരിക ഗോവന്‍ കടല്‍ വിഭവങ്ങള്‍ ഇവിടെ സുലഭം.
പ്രധാന നിരത്തില്‍നിന്നും വലത്തോട്ട് തിരിഞ്ഞാല്‍ ഇരുന്നൂറ് മീറ്റര്‍ അകലം.
മുന്നിലൊരു മൈതാനം. മുന്‍പിവിടെ കണ്ടല്‍ക്കാടുകളായിരുന്നു.
എടുപ്പിന് രണ്ടുനിലയുണ്ട്. ഞാന്‍ മുകള്‍നിലയിലേയ്ക്കുള്ള ഗോവണി കയറി. അരുണിമ പിന്നാലെ.
തിരക്കാണ്. സൗകര്യപ്രദമായ തീന്‍മേശ ആര്‍ക്കോ വേണ്ടി മുന്‍കൂട്ടി ഏര്‍പ്പാടാക്കിയതായി രേഖപ്പെടുത്തിയിരിക്കുന്നു. മുറിക്കു വെളിയില്‍ ഗോവണി അവസാനിക്കുന്നിടത്തായി രണ്ടുപേര്‍ക്ക് അല്പം ഞെരുങ്ങിയാണെങ്കിലും ഇരിക്കാം.
“മതി.” അരുണിമ പറഞ്ഞു.
ഞങ്ങള്‍ അഭിമുഖമായി ഇരുന്നു.
“ചൊണക് കഴിച്ചിട്ടുണ്ടോ?” ഞാന്‍ ചോദിച്ചു.
“ഇല്ല.”
“എങ്കില്‍ ഒരു ചൊണക് പറയുന്നു. ക്രാബ്, കൊഞ്ച്, മാന്തള്‍, സില്‍വര്‍ ഫിഷ് അങ്ങനെ വല്ലതുംകൂടി പറയാം. കൂടെ ബിയറോ, വിസ്‌കിയോ?”
“ബ്ലെന്‍ഡേഴ്‌സ് പ്രൈഡ്.”
“ഓക്കെ.”
അരക്കുപ്പി ബ്ലെന്‍ഡേഴ്‌സ് പ്രൈഡും തണുക്കാത്ത മിനറല്‍ വാട്ടറും ഒരു പ്ലെയ്റ്റ് ചൊണക് വറുത്തതും കൊണ്ടുവരാന്‍ പരിചാരകന്‍ പോയി. ഞങ്ങള്‍ കാത്തിരുന്നു. കാത്തിരിപ്പ് ദീര്‍ഘിച്ചില്ല. ആദ്യമേ പാനീയങ്ങളെത്തിയ പിറകെ വലിയൊരു വെള്ളപ്പിഞ്ഞാണത്തില്‍ ചൊണക് മീനും.
“വൗ.” അരുണിമ വിസ്‌മയപ്പെട്ടുപോയി.
അത്രയ്ക്കും വലുതാണ് മീന്‍ കഷണങ്ങള്‍. മീതെ മൊരിഞ്ഞ റവയുടെ തരികള്‍.
അതിശയകരമായ രുചി. ഒരു നുറുങ്ങ് ചവച്ചിറക്കിയ ശേഷം അരുണിമ അഭിപ്രായപ്പെട്ടു. ഉവ്വ്. അത് അങ്ങനെത്തന്നെയായിരുന്നു.
മീന്‍ കഴിച്ചുതീരുംമുമ്പേ സ്റ്റഫ്ഡ് ക്രാബ് വന്നു.
സ്റ്റഫ്‍ഡ് ക്രാബാകുമ്പോള്‍ ആയാസപ്പെട്ട് തോട് പൊട്ടിക്കേണ്ടതില്ല. ഞണ്ടിറച്ചി തോടുകളില്‍നിന്നും നുള്ളിയെടുത്ത് തിന്നാം. അതും ഏറെ സ്വാദുറ്റത്. ഒപ്പം വിസ്‌കിയും ചേര്‍ന്നു.
“ഇവിടെ ഇന്‍ഗ്രിഡ് ബെര്‍ഗ്‌മാനെ പ്രതീക്ഷിക്കാമോ?” അരുണിമ ചോദിച്ചു.
അവള്‍ കൂടക്കൂടെ ഗോവണിയുടെ നേര്‍ക്കു നോക്കുന്നുണ്ടായിരുന്നു.
“ഞാന്‍ കാണാന്‍ മോഹിക്കുന്നത് കാസാബ്ലാന്‍കയിലെ വേഷത്തിലാണ്. ഓഹ്, എന്തൊരു ഭംഗിയാ!”
കാസാബ്ലാന്‍കയിലും ഫോര്‍ ഹും ദ ബെല്‍ ടോള്‍സിലും ആദ്യ ഓസ്‌കാറിന് അര്‍ഹയാക്കിയ ഗ്യാസ് ലൈറ്റിലും കന്യാസ്ത്രീയായി വേഷമിട്ട ദ ബെല്‍സ് ഓഫ് സെയിന്റ് മേരീസും ജോണ്‍ ഓഫ് ആര്‍ക്കും ഹിച്ച്കോക്കിന്റെ സ്‌പെല്‍ബൗണ്ടും നൊട്ടോറിയസ്സും രണ്ടാമത്. അക്കാദമി അവാര്‍ഡ് നേടിയ അനസ്‌താഡിയയും എന്റെ ഓര്‍മയിലേക്ക് വന്നു.
ഇന്‍ഗ്രിഡ് എപ്പോഴോ പറഞ്ഞതും ഓര്‍ത്തു:
“ഞാന്‍ ലോകത്തിലെ ഏറ്റവും ലജ്ജാലുവായ ജീവിയാണ്. പക്ഷേ, എന്റെയുള്ളില്‍ ഒരിക്കലും നിശ്ശബ്ദത പാലിക്കാത്ത ഒരു സിംഹമുണ്ട്.”
ഇന്‍ഗ്രിഡിന് വലിയ ആവശ്യങ്ങളൊന്നും ഇല്ലായിരുന്നു. പക്ഷേ, എല്ലാം ആഗ്രഹിച്ചു.
“I don’t demand much. I just want everything.”
ജീവിതത്തെക്കാള്‍ ഗൗരവമായത് സിനിമയാണെന്ന് ഇന്‍ഗ്രിഡ് വിശ്വസിച്ചിരുന്നു. തന്നില്‍നിന്ന് അഭിനയം എടുത്തുമാറ്റിയാല്‍ താന്‍ പിന്നെ ശ്വസിക്കില്ലെന്നും ഇന്‍ഗ്രിഡ് പറഞ്ഞിട്ടുണ്ട്. ഇങ്ങനെ വേറെയാര്? ചോദിച്ചത് ഴാങ് റെന്വാര്‍.
കുട്ടിക്കറുടെ ഭക്ഷണശാലയിലേയ്ക്ക് ഇന്‍ഗ്രിഡ് ബെര്‍ഗ്‌മാന്‍ വന്നില്ലെന്നതൊഴിച്ചാല്‍, മേശപ്പുറത്തു നിരന്ന വിഭവങ്ങളില്‍ അരുണിമ സംതൃപ്തയായി. അയക്കൂറ വറുത്തതും കക്കയിറച്ചിയും മാന്തള്‍ കറിയും ഗോവന്‍ അച്ചാറും പച്ചച്ചീരയുടെ തോരനും കോക്കമെന്ന രസക്കൂട്ടും ചോറിനൊപ്പം അതീവ ഹൃദ്യമായിരുന്നു.
വിസ്‌കി തീര്‍ന്നിരുന്നു.
“ഓരോന്നുകൂടി ആയാലോ?” അരുണിമ ചോദിച്ചു.
ഞാന്‍ സമ്മതം മൂളി.
ഓരോ പെഗ്ഗ് വിസ്‌കികൂടി ആകാവുന്നതേയുള്ളൂ: പാതയിലേയ്ക്ക്.
ഞങ്ങള്‍ ചെന്നിറങ്ങിയത് മപുസയിലാണ്.
മപുസ വടക്കന്‍ ഗോവയിലെ നഗരം. സംസ്ഥാന തലസ്ഥാനമായ പനാജിയില്‍നിന്ന് പതിമൂന്നു കിലോമീറ്റര്‍ അകലം. ബാര്‍ഡെസ് താലൂക്കിന്റെ ആസ്ഥാനം. ഗോവയുടെ ടൂറിസം വ്യവസായത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്ന്. വെള്ളിയാഴ്ചകളിലെ ചന്ത കാണേണ്ടതാണ്. മുന്‍ ഗോവന്‍ മുഖ്യമന്ത്രിയായ മനോഹര്‍ പരീക്കര്‍ ജനിച്ചതിവിടെ. ഞാന്‍ കണ്ടിട്ടുണ്ട്, പരീക്കറെ. നല്ലൊരാള്‍. മണ്ണിനോളം താഴ്‌ന്ന്.
അരുണിമയും ഞാനും ലക്ഷ്യബോധമില്ലാതെ മപുസയിലൂടെ നടന്നു. മത്സ്യത്തെരുവുണ്ട്. എല്ലായിനം ഉണക്കമീനുകളും കിട്ടും. കുഞ്ഞുസ്രാവ്, കണവ, ബാംഗ്ഡ, ലിപോ, വേളൂരി, ചെമ്മീന്‍. വലിയ മധുരക്കിഴങ്ങ്, മത്തങ്ങ, മൊയ്റ വാഴപ്പഴം, പയര്‍വര്‍ഗങ്ങള്‍, പപ്പായ, പേരയ്ക്ക എന്നിവയൊക്കെയും ഉണ്ട്. ഉടുപ്പുകളുണ്ട്. ചെരിപ്പുകളുണ്ട്. അരപ്പട്ടകളുണ്ട്. എല്ലാമുണ്ട്.
അവിടെ, ഒരു കോണില്‍, എന്നെയും അരുണിമയേയും അത്ഭുതപ്പെടുത്തിക്കൊണ്ട് ഇന്‍ഗ്രിഡ് ബെര്‍ഗ്‌മാനും ഉണ്ടായിരുന്നു.
ഉത്തര ഗോവയിലുള്ള ഒരു തീരദേശഗ്രാമമായ അര്‍പോറയില്‍നിന്ന് മുപ്പത്തിയഞ്ച് വര്‍ഷമായി മപുസച്ചന്തയിലേയ്ക്ക് അര്‍പോറയുടെ തനതു വില്‍പ്പനവസ്തുക്കളുമായി വരുന്ന പെപ്പെറ്റ് ഫെര്‍ണാണ്ടസ്സിനെ ഞങ്ങള്‍ ഇരുവരും കണ്ടത് ഇന്‍ഗ്രിഡിന്റെ രൂപത്തിലാണ്.
“ദേ, നോക്ക്” ചന്തയുടെ ഒരു കോണിലെത്തിയപ്പോള്‍ അരുണിമ ആവേശിതമായ സ്വരത്തില്‍ പറഞ്ഞ് കൈ ചൂണ്ടിക്കാട്ടി.
നാടന്‍ കോഴിമുട്ടകളും ചെത്തുകള്ളും കുത്തരിയും കോക്കം പുളിയും മീനച്ചാറും ഗോവന്‍ മത്സ്യക്കറികള്‍ക്ക് വ്യത്യസ്തമായ രുചി നല്‍കുന്ന ടിര്‍ഫാലെന്ന കുരുമുളകും (Sichuan Pepper) ചെറുനാരങ്ങകളും പച്ചമുളകും മല്ലിയിലയും വെള്ള വഴുതിനയും മുന്നില്‍ നിരത്തി ശാന്തഭാവത്തില്‍ ഇരിക്കുന്ന സ്ത്രീയുടെ പ്രൗഢാകാരം ഞാന്‍ കണ്ടു.
മുഖമുയര്‍ത്തിയപ്പോള്‍ ഇന്‍ഗ്രിഡ്.
വാര്‍ദ്ധക്യത്തിലാണ്. രോഗപീഡയിലാണ്.
എങ്കിലും മുഖത്തു ചൈതന്യം.
“പെപ്പെറ്റ് ഫെര്‍ണാണ്ടസ്.”
അരുണിമയും ഞാനും പേര് ചോദിച്ചറിഞ്ഞു. പേരെന്തെന്ന് എനിക്കറിയണമായിരുന്നു. ചോദിച്ചത് അരുണിമ.
പെപ്പെറ്റ് ലത്തീന്‍പേരാണ്. തുടരുന്നത്, എന്നേക്കുമുള്ളത് എന്ന് അര്‍ത്ഥം.
ഞങ്ങള്‍ പെപ്പെറ്റ് ഫെര്‍ണാണ്ടസ്സിന്റെ മുന്നിലായി ഇരുന്നു. മേരി മാതാവിന്റെ തിരുസന്നിധിയിലെന്നോണം. സ്നേഹകടാക്ഷങ്ങളേറ്റുകൊണ്ട്.
“ഞാനിവിടേയ്ക്ക് വന്നു തുടങ്ങിയത് മുപ്പത്തിയഞ്ചാം വയസ്സിലാണ്. അതിനു മുന്‍പ് വന്നിരുന്നത് അമ്മയാണ്. അമ്മ പോയപ്പോള്‍ ഞാന്‍ വന്നു. അമ്മ ഇരിക്കാറുണ്ടായിരുന്നത് ഇതേ സ്ഥലത്താണ്. മുപ്പത്തിയഞ്ചു വര്‍ഷമായി ഞാന്‍ ഇവിടെ ഇരിക്കുന്നു.”
ഗോവന്‍ പൈതൃകം പതുക്കെ മറയുകയാണെന്ന ഖേദം പെപ്പെറ്റിന്റെയുള്ളില്‍ തീവ്രമായിരുന്നു. എല്ലാം പുതിയ വഴിക്കാണ്. പഴയതും പരമ്പരാഗതവുമായ ജീവിതരീതികള്‍ മൂല്യമില്ലാത്തവയായി മാറി. പക്ഷേ, അവയെ കൈവെടിയാന്‍ പെപ്പെറ്റ് തയ്യാറല്ല.
ഞാനിവിടെ വരുന്നത് ഒരു ഓര്‍മപ്പെടുത്തലിനാണ്. ഇക്കാണുന്നതൊക്കെ ഗോവയുടെ പാരമ്പര്യത്തിന്റെ ഭാഗമാണ്. ഓരോന്നിനും ഗോവയുടെ മണമാണ്. പണ്ടേയുള്ള നറുമണം.”
പെപ്പെറ്റ് എല്ലാം പഠിച്ചത് അമ്മയില്‍നിന്നാണ്. ഓരോ ഇലയും കടയും വേരും നാരും അമ്മയ്ക്കറിയാമായിരുന്നു. അമ്മ അടുക്കളയില്‍ ഉണ്ടാക്കുമായിരുന്ന വിഭവങ്ങളുടെ രുചി മകള്‍ ഈ വാര്‍ദ്ധക്യത്തിലും മതിപ്പോടെ ഓര്‍ക്കുന്നു.
“അതെപ്പറ്റി വാക്കുകള്‍കൊണ്ട് വിശദീകരിക്കാനാവില്ല.”
സ്‌മാര്‍ട്ട് ഫോണിലെ ക്യാമറയില്‍ അരുണിമ ഇടയ്ക്കിടെ പെപ്പെറ്റ് ഫെര്‍ണാണ്ടസ്സിനെ പകര്‍ത്തുന്നുണ്ടായിരുന്നു. ഒരു ‘സ്റ്റോറി’ പ്രതീക്ഷിക്കാം, ഏതു നിലയ്ക്കും.
“നിങ്ങള്‍ക്ക് ഇത് ഇഷ്ടമാകുമോ?” പെപ്പെറ്റ് നാടന്‍ കള്ളു നിറച്ച ഒരു മണ്‍കുടം നീട്ടി.
ഞാന്‍ കൈ ഉയര്‍ത്തുമ്പോഴേയ്ക്കും അരുണിമ അത് ഏറ്റുവാങ്ങിക്കഴിഞ്ഞിരുന്നു.
ഉടനെ തന്നെ മൊത്തി. പെപ്പെറ്റ്, ഇന്‍ഗ്രിഡ് ബെര്‍ഗ്‌മാന്‍, ഒരു ചിരിയോടെ കണ്ടു. എനിക്കത് ഇംഗ്‌മാര്‍ ബെര്‍ഗ്‌മാന്‍ സ്വെന്‍ നിക്‌വിസ്റ്റിന്റെ ക്യാമറയിലൂടെ സംരചന ചെയ്ത ഒരു സമീപദൃശ്യമായി.
(തുടരും)
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates