Card  Samakalika Malayalam
Malayalam Weekly

കളിമൈതാനങ്ങളിലേക്ക് കാണികളെ എത്തിച്ച ഒരാൾ

പി ആര്‍ ഷിജു

“ഞങ്ങളുടെയീ ക്യാപ്റ്റനുണ്ടല്ലോ, അയാൾക്കു ഭ്രാന്താണ്. കല്ല്യാണം കഴിഞ്ഞതിനു പിന്നാലെയാണ് ലോകകപ്പ് ടീമിലേക്കു സെലക്‌ഷൻ ആയതായി എനിക്ക് അറിയിപ്പു കിട്ടിയത്. ഉടൻ തന്നെ ന്യൂയോർക്കിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തു, ഹണിമൂൺ അവിടെയാക്കാമല്ലോ. ഇടയ്ക്കു കുറച്ചു ദിവസം ഇംഗ്ലണ്ടിൽ ചെലവിടണം, ലോകകപ്പ് കളിക്കാൻ! ഇങ്ങനെയായിരുന്നു പ്ലാൻ. എന്റെ മാത്രമല്ല, ടീമിൽ പലരുടേയും പ്ലാൻ ഇങ്ങനെയൊക്കെയായിരുന്നു. ലോകകപ്പിൽ ഇന്ത്യ എന്തുചെയ്യാനാണ്? ഇതുവരെ ലോകകപ്പിൽ ഒരൊറ്റ കളിയിൽ മാത്രമാണ് നമ്മൾ ജയിച്ചത്, അതും ഈസ്റ്റ് ആഫ്രിക്കയോട്. അങ്ങനെയൊരു രാജ്യം തന്നെയുണ്ടോ? ഞങ്ങൾ അങ്ങനെ അടിച്ചുപൊളിക്കാൻ പ്ലാൻ ഒക്കെയിട്ട് നിൽക്കുമ്പോഴാണ് ഈ ക്യാപ്റ്റൻ പറയുന്നത്, നമ്മൾ ജയിക്കാൻ പോവുകയാണെന്ന്! ഇയാൾക്കു ഭ്രാന്തല്ലാതെ എന്താണ്. ഞങ്ങൾ ചിരിച്ചുമറിഞ്ഞു. അയാൾ പക്ഷേ, സീരിയസ് ആയിരുന്നു. ആദ്യത്തെ കളി ജയിച്ച് - അതും അതികായരായ വെസ്റ്റ് ഇൻഡീസിനെതിരെ - അയാൾ അതു കാണിച്ചു തന്നു. അതിനു പിന്നാലെ 175 റൺ അടിച്ച് റെക്കോർഡ് ബുക്കിൽ ഇടം പിടിച്ചു. ഇത്രയൊക്കെയായില്ലേ, അയാൾ സന്തോഷത്തോടെ നാട്ടിലേക്കു മടങ്ങും എന്നായിരിക്കും നിങ്ങൾ കരുതുക. എങ്കിൽ നിങ്ങൾക്കു തെറ്റി, ആ കപ്പുണ്ടല്ലോ, ലോക കിരീടം, അതു കൈയിൽ കിട്ടാതെ അയാൾക്കു സന്തോഷമാവില്ല''

കബീർ ഖാൻ സംവിധാനം ചെയ്ത 83 എന്ന സിനിമയിൽ ഇങ്ങനെയൊരു രംഗമുണ്ട്. ലോകകപ്പ് കളിക്കാൻ വന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ലണ്ടനിലെ ഹൈക്കമ്മിഷണർ നൽകിയ വിരുന്നിൽ കൃഷ്‌ണമാചാരി ശ്രീകാന്ത് കപിൽ ദേവിനെക്കുറിച്ചു വാചാലനാവുന്ന രംഗം. ഇങ്ങനെയൊന്ന് യഥാർത്ഥത്തിൽ സംഭവിച്ചതാണോ? നടന്ന സംഭവങ്ങളും അതിനു മിഴിവുകൂട്ടാൻ കുറച്ചു കൂട്ടിച്ചേർക്കലുകളും നടത്തിയതാണ് സിനിമയെന്ന് തുടക്കത്തിൽ തന്നെ എഴുതിക്കാണിക്കുന്നുണ്ട്. 83-ലെ വിജയത്തെക്കുറിച്ചുള്ള എഴുത്തുകളിൽ എവിടെയും പരാമർശിച്ചു കണ്ടിട്ടില്ല, ശരിക്കും ‘സിനിമാറ്റിക്’ ആയ ആ വിരുന്നുരംഗം. അതുകൊണ്ട് അതു കൂട്ടിച്ചേർക്കലാവാനാണിട. പക്ഷേ, കപിൽ ദേവ് എന്ന ക്രിക്കറ്റർ അങ്ങനെ തന്നെയായിരുന്നു എന്ന് ഓർത്തെടുക്കുന്നുണ്ട്, സാക്ഷാൽ സുനിൽ ഗാവസ്‌കർ. 83 കണ്ടിട്ടുള്ളവർക്ക് ഓർമയുണ്ടാവും, അന്ന് അത്ര നല്ല ബന്ധമല്ലായിരുന്നു കപിലും ഗാവസ്‌കറും തമ്മിൽ. മുൻഗാമികളുടേയും ഒപ്പം നടന്നവരുടേയും വാഗ്ചിത്രം വരച്ചിടുന്ന, ‘ഐഡൽസി’ൽ* കപിലിന്റെ വലിയ സംഭാവനകളെ എടുത്തുപറയാൻ ഗാവസ്‌കർക്ക് പക്ഷേ, അതൊന്നും തടസ്സമായില്ല. ഓർക്കണം, ഇന്ത്യ കണ്ട ഏറ്റവും മഹാനായ ക്രിക്കറ്റർ ആരെന്ന ചോദ്യത്തിന് കപിൽ ദേവ് എന്ന് രാമചന്ദ്ര ഗുഹ ഉത്തരം പറയുന്നതിന് മൂന്നു പതിറ്റാണ്ടെങ്കിലും മുൻപാണ് സുനിൽ ഗാവസ്‌കർ ഇതെഴുതിയത്.

“ഇന്ത്യൻ ക്രിക്കറ്റിൽ സംഭവിക്കേണ്ടിയിരുന്ന ഏറ്റവും മികച്ച കാര്യം, അതാണ് കപിൽ ദേവിന്റ വരവോടെയുണ്ടായത്” - ഗാവസ്‌കർ എഴുതുന്നു. സ്‌പിന്നർമാർ നമുക്ക് ഒരുപാടുണ്ട്, രാജ്യാന്തര ക്രിക്കറ്റിൽ സ്വന്തം മുദ്ര പതിപ്പിച്ചവർ. പക്ഷേ, പേസർമാരായി ഒരാളുപോലുമില്ലായിരുന്നു, പേരെടുത്തു പറയാൻ. അവിടേക്കാണ് കപിൽ കടന്നുവന്നത്, കപിൽ നൽകിയ ആത്മവിശ്വാസം കൈമുതലാക്കി പിന്നാലെ ഒരുപാടുപേർ. തെരുവുകളിൽ കുട്ടികൾ വാരകൾക്കപ്പുറത്തുള്ള ബൗളിങ് മാർക്കിലേക്ക് മടിയില്ലാതെ നടക്കാൻ തുടങ്ങി, ബാറ്റർമാർക്കു നേരെ അവർ അതിവേഗത്തിൽ പന്തുകളെറിഞ്ഞു. ക്രിക്കറ്റ് വേഗകാലത്തിലേക്ക് പരിവർത്തനപ്പെടുകയായിരുന്ന സമയത്ത് അത് ഇന്ത്യയ്ക്കുണ്ടാക്കിയ നേട്ടം ചെറുതല്ല. കളി മൈതാനങ്ങളിലേക്ക് കാണികളെ എത്തിച്ചയാൾ - ഗാവസ്‌കർ അങ്ങനേയും വിശേഷിപ്പിക്കുന്നുണ്ട്, കപിൽ ദേവിനെ. ആക്രമിച്ചു കളിക്കുക എന്നതായിരുന്നു കപിലിന്റെ രീതി, ചെല്ലുന്നിടത്തെല്ലാം അത് ആൾക്കൂട്ടങ്ങളെ ആകർഷിച്ചു. ഇന്ത്യ കളിക്കുന്നിടത്ത് ഗാലറിയിൽ ആളുണ്ടാവും എന്ന നിലവന്നു, ‘ഉശിരില്ലാത്ത നായകൾ’ എന്ന് ഇന്ത്യൻ ക്രിക്കറ്റർമാരെ വിളിച്ചിരുന്ന കാലത്തിന് അറുതിവന്നു. ഈസ്റ്റ് ആഫ്രിക്കയ്‌ക്കെതിരെ പതിനൊന്നാമനായി ബാറ്റ് ചെയ്യാനിറങ്ങിയ ഒരാളാണ്, ഇന്ത്യൻ ക്രിക്കറ്റിനെ ഇങ്ങനെ മാറ്റിയെടുത്തതെന്ന് അതിശയപ്പെടുന്നുണ്ട്, ഗാവസ്‌കർ. ആ കഥ അതിലും വിശദമായി പറയും ‘ഡെമോക്രസീസ് ഇലവനി’ലെ** കപിൽ ദേവിനെക്കുറിച്ചുള്ള കുറിപ്പിൽ രാജ്ദീപ് സർ ദേശായി.

Former Indian cricket team captian Kapil Dev| TP Sooraj

ജയിച്ച ടീം തോറ്റവരിൽനിന്ന് ഷാംപെയ്ൻ കടം വാങ്ങുക! അതും അവർ വിജയമാഘോഷിക്കാൻ വാങ്ങിവച്ചിരുന്ന ഷാംപെയ്ൻ! എന്നിട്ട് അവരുടെ കൺമുന്നിൽ മദിച്ചു തിമിർക്കുക. ക്രിക്കറ്റ് ലോകകപ്പ് ജയം ആഘോഷിച്ച കഥ രാജ്ദീപിനോട് കപിൽ ദേവ് പറയുന്നതിങ്ങനെ: “കളികഴിഞ്ഞ് ഹസ്തദാനത്തിനായി ഞാൻ വിൻഡീസ് ഡ്രസിങ് റൂമിൽ ചെന്നു. വല്ലാത്ത നിശ്ശബ്ദതയായിരുന്നു അവിടെ. അവർക്ക് അതിനിയും വിശ്വസിക്കാനായിട്ടില്ല. വിജയമാഘോഷിക്കാൻ കരുതിവച്ച ഷാംപെയ്ൻ ബോട്ടിലുകൾ അവിടെ നിരത്തിവച്ചിരുന്നു. ഞങ്ങളുടെ പക്കലാണെങ്കിൽ ഒന്നുപോലുമില്ല. കുറച്ചു ബോട്ടിലുകൾ എടുത്തോട്ടെയെന്ന് ഞാൻ ലോയ്ഡിനോട് ചോദിച്ചു. ശബ്ദമില്ലാതെ അയാൾ എന്തോ പറഞ്ഞേയുള്ളു, ബോട്ടിലുകളുമെടുത്ത് ഞങ്ങൾ പുറത്തുചാടി” സത്യത്തിൽ വിൻഡീസ് ടീമിൽ മാത്രമായിരുന്നില്ല, ആ അമ്പരപ്പ്. ലോർഡ്‌സിനോടു ചേർന്നുള്ള വെസ്റ്റ്‌മോർലാൻഡ് ഹോട്ടലിൽ രാവു മുഴുവൻ ആഘോഷിച്ചു തീർക്കുമ്പോഴും ഇന്ത്യൻ സംഘത്തിൽ ഓരോരുത്തരിലുമുണ്ടായിരുന്നു, വല്ലാത്തൊരു അവിശ്വസനീയത. പിറ്റേന്ന് പത്രം നോക്കി ജയിച്ചത് തങ്ങൾ തന്നെയാണെന്ന് ഉറപ്പുവരുത്തിയെന്ന് തമാശ കലർത്തിപ്പറയും കപിൽ, അതിനെപ്പറ്റി.

ഒരൊറ്റ മത്സരമാണ് അതിനു മുൻപ് ലോകകപ്പിൽ ഇന്ത്യ ജയിച്ചിട്ടുള്ളത്, അതും ദുർബലരിൽ ദുർബലരായ ഈസ്റ്റ് ആഫ്രിക്കയ്‌ക്കെതിരെ. അങ്ങനെയൊരു രാജ്യം തന്നെയുണ്ടോ എന്ന് സിനിമയിൽ ശ്രീകാന്ത് ചിരിച്ചുകൊണ്ടു പറഞ്ഞ ഈസ്റ്റ് ആഫ്രിക്ക. കുറച്ചു ഗുജറാത്തികൾ ഒരു ടീം തട്ടിക്കൂട്ടി, വാ നമുക്ക് ലോകകപ്പ് കളിച്ചിട്ടു വരാം എന്നു പറഞ്ഞു വന്നവർ! അവരെ മാത്രം തോൽപ്പിച്ചതാണ് ഇന്ത്യയുടെ അന്നുവരെയുള്ള ലോകകപ്പ് ചരിത്രം. ഇത്തവണയും ആദ്യ റൗണ്ട് കടക്കുമെന്ന് ഒരാളും കരുതിയിട്ടില്ല. സെമിഫൈനലിനു മുമ്പുതന്നെ പലരും മടക്ക ടിക്കറ്റുകൾ ബുക്കുചെയ്തിരുന്നു. ചിലർ നാട്ടിലേക്ക്, ചിലർ ഹോളിഡേ ആഘോഷിക്കാൻ അമേരിക്കയിലേക്ക്. ആദ്യ റൗണ്ടിൽ വിൻഡീസുമായുള്ള മത്സരം ജയിച്ചപ്പോഴും അത്രയ്‌ക്കൊന്നും ഉയർന്നില്ല, ടീമിന്റെ മൊറയ്ൽ. പക്ഷേ, സിംബാബ്‌വെയുമായുള്ള, കൈവിട്ടെന്നുറപ്പിച്ച കളി തിരിച്ചുപിടിച്ച കപിലിന്റെ ആ ഇന്നിങ്‌സ്, കാര്യങ്ങളെ മാറ്റിമറിക്കുക തന്നെ ചെയ്തു, അത്.

ടേൺബ്രിഡ്ജ് വെൽസിൽ തകർന്നടിഞ്ഞ നിലയിലായിരുന്നു ഇന്ത്യൻ ബാറ്റിങ് നിര. പതിനേഴ് റൺസ് എടുക്കുന്നതിനിടെ വീണത് അഞ്ച് വിക്കറ്റുകൾ. നാണക്കേടിന്റെ റെക്കോർഡുമായി മുഖാമുഖം നിന്ന മുഹൂർത്തം. അപ്പോഴാണ് അയാളിറങ്ങിയത്- കപിൽ ദേവ്. മൂന്നാം വിക്കറ്റ് വീഴുമ്പോൾ, രാവിലത്തെ വർക്ക് ഔട്ട് കഴിഞ്ഞ് ഷവറിന് കീഴിലായിരുന്നു താൻ എന്നാണ് കപിൽ അതേപ്പറ്റി ഓർത്തെടുത്തത്. വേഗം തന്നെ ചെയ്ഞ്ച് ചെയ്ത് പാഡ് കെട്ടി തയ്യാറായി. അപ്പോഴേക്കും രണ്ടു പേർ കൂടി മടങ്ങിയിരുന്നു. ‘മുഴുവൻ ഓവറും കളിക്കുക’; ക്രീസിൽ അപ്പുറത്തുണ്ടായിരുന്ന റോജർ ബിന്നിയോട് അത്രയേ പറയാനുണ്ടായിരുന്നുള്ളു. നാൽപ്പത് ഓവർ വരെ വിക്കറ്റ് നഷ്ടപ്പെടുത്താതിരിക്കാനായിരുന്നു, ശ്രമം. അതിനുശേഷം, ഇന്ത്യൻ ക്രിക്കറ്റിന് അത്രയൊന്നും പരിചിതമല്ലാതിരുന്ന ഒരു കൊടുങ്കാറ്റ് കെട്ടഴിഞ്ഞുവീഴുകയായിരുന്നു. പതിനാറു ഫോറുകൾ, ആറു സിക്‌സറുകൾ: കപിൽദേവ് 175 നോട്ട് ഔട്ട്. “അതോടെ ഡ്രസിങ് റൂമിലെ മൂഡ് ആകെ മാറി, ക്യാപ്റ്റൻ വഴി കാണിച്ചു, ഞങ്ങൾക്ക് അതിലൂടെ നടന്നാൽ മാത്രം മതിയായിരുന്നു”- അന്നു ടീമിലുണ്ടായിരുന്ന കീർത്തി ആസാദ് ഓർക്കുന്നു. കപിലിനു മാത്രം കളിക്കാൻ കഴിയുന്ന ഇന്നിങ്‌സായിരുന്നു അത്. ക്രിക്കറ്റിനെ ഇന്ത്യയുടെ മതമാക്കി മാറ്റിയതിൽ ചെറുതല്ലാത്ത പങ്കുണ്ട്, ആ അത്ഭുത പ്രകടനത്തിന്. ഏകദിന ക്രിക്കറ്റിൽ ഹിമാലയൻ ഇന്നിങ്‌സുകൾക്ക് തുടക്കം കുറിച്ച ആ പ്രകടനത്തിന് പക്ഷേ, അക്ഷരങ്ങളിൽ ഒതുങ്ങാനായിരുന്നു വിധി. ബിബിസിയിൽ പണിമുടക്ക് ആയിരുന്നതിനാൽ ആ കളി കവർ ചെയ്യേണ്ട കാമറാമാൻ അന്ന് ടേൺബ്രിഡ്ജ് വെൽസിൽ വന്നതേയില്ല. പലരാലും പലപ്പോഴും പ്രഘോഷിക്കപ്പെട്ടിട്ടും, ഓർക്കുക, നമ്മളാരും കണ്ടിട്ടില്ല ആ ഇന്നിങ്‌സിന്റെ ഒരൊറ്റ ഫൂട്ടേജ് പോലും.

കപിലിന്റെ ബാറ്റിങ് പ്രകടനത്തെക്കുറിച്ച് പറയുമ്പോൾ നിർബന്ധമായും ഒപ്പം ചേർക്കണം; ടീമിൽ പതിനൊന്നാമനായിരുന്നു അയാൾ! രണ്ടാമത്തെ രാജ്യാന്തര മത്സരത്തിൽ പാകിസ്താനെതിരെ, ക്യാപ്റ്റൻ ബിഷൻ സിങ് ബേദി നൈറ്റ്‌ വാച്ച്മാനായി നിയോഗിക്കുന്നതു വരെ ബാറ്റിങ്ങിനെക്കുറിച്ച് അത്രയൊന്നും ഗൗരവത്തോടെ ചിന്തിച്ചിട്ടില്ലത്ത ഒരാൾ. നൈറ്റ് വാച്ച്മാനായി പോയ ആൾ പന്ത്രണ്ട് പന്തിൽ ഇരുപതു റൺസുമെടുത്ത് മടങ്ങിവന്നതുകണ്ട് അന്തിച്ചുനിന്ന ബേദിയോട് കപിൽ പറഞ്ഞു, “പാജി, എനിക്ക് അടിക്കാനേ അറിയൂ.” ടെസ്റ്റ് ക്രിക്കറ്റ് കളിച്ചുതുടങ്ങിയ ശേഷം ഓൾറൗണ്ടറായി മാറിയ ഒരാൾ എന്നാണ് തന്നെക്കുറിച്ച് കപിൽ ദേവ് പറയുക. ഇമ്രാൻ ഖാൻ, ഇയാൻ ബോതം, റിച്ചാഡ് ഹാഡ്‌ലി എന്നീ മികച്ച ഓൾറൗണ്ടർമാരുടെ നിരയിലേക്ക് കപിൽ അതിവേഗം എത്തിയെന്നു പറയും ഗാവസ്‌കർ. ഏതു ക്യാപ്റ്റനും ടീമിൽ ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്ന നാലു പേർ. തമ്മിൽ മികച്ചത് ആര് എന്ന ചർച്ചയെ ദുഷ്‌കരമാക്കുംവിധം കരുത്തും ദൗർബല്യവുമുള്ളവർ. ഇവിടെയും പക്ഷേ, കപിലിന് ഒരു മേൽകൈ കൊടുക്കുന്നുണ്ട്, ഗാവസ്‌കർ. കാരണം അയാൾ ഒറ്റയ്ക്കാണ് ഇന്ത്യൻ ബൗളിങ് നിരയെ നയിച്ചത്. സമ്മർദം പങ്കിടാൻ അപ്പുറത്തെ എൻഡിൽ അയാൾക്കൊരു പങ്കാളിയില്ലായിരുന്നു. അല്ലായിരുന്നുവെങ്കിൽ കപിൽ വീഴ്‌ത്തിയ എതിരാളികളുടെ എണ്ണം എത്രയോ കൂടുമായിരുന്നു എന്നു വിലയിരുത്തുന്നു, ഗാവസ്‌കർ.

ക്രിക്കറ്റിലെ ഓൾറൗണ്ട് പ്രകടനം ബാറ്റിങ്ങിനും ബൗളിങ്ങിനുമൊപ്പം ഫീൽഡിങ്ങിലേത് കൂടിയാണെന്ന് ആദ്യം ഉറപ്പിച്ച ഇന്ത്യൻ കളിക്കാരിലൊരാളാണ് കപിൽ ദേവ്. ഇന്ത്യയുടെ ആദ്യ ലോകകപ്പ് ജയത്തിന്റെ സിഗ്‌നേചർ ആയി മാറിയ ആ ക്യാച്ച് ഓർമയില്ലേ? മദൻലാലിനെ അതിർത്തിയിലേക്ക് ഉയർത്തിവിട്ട വിവ് റിച്ചാർഡ്‌സിനെ വാരകൾ പിന്നിലേക്കോടി കപിൽ കയ്യിലൊതുക്കിയ നിമിഷം. ലോർഡ്‌സിൽ ശ്വാസം നിലച്ച ആ നിമിഷത്തിലാണ് ക്രിക്കറ്റിൽ പുതിയ ചരിത്രം പിറന്നത്. ദാവീദും ഗോലിയാത്തും തമ്മിലുള്ള കളി തന്നെയായിരുന്നു അത്. എല്ലാ തലത്തിലും കരീബിയൻ കരുത്തിന്റെ കായികരൂപമായിരുന്നു, എൺപതുകളിലെ വിൻഡീസ് ടീം. എതിരാളികളെ തോൽപ്പിക്കുകയല്ല, കശക്കിയെറിയുകയാണ് അവർക്കു പതിവ്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് നേടാനായത് 183 റൺസ്. “ഇനിയെന്ത് കാണാൻ? ഭാര്യയോടൊപ്പം കുറച്ചു ഷോപ്പിങ് ഉണ്ട് എന്നു പറഞ്ഞ് ഇടവേളയിൽ ഇറങ്ങിപ്പോയ മുൻ രാജ്യാന്തര താരം യജുർവേന്ദ്ര സിങ്ങിനെ ഓർക്കുന്നുണ്ട്, ഒപ്പമുണ്ടായിരുന്ന സർദേശായി. യജുർവേന്ദ്ര മാത്രമല്ല, കപിലിന്റെ ഭാര്യ റോമി പോലും ഇടയ്ക്കുവച്ച് ഹോട്ടലിലേക്ക് മടങ്ങി. റിച്ചാർഡ്‌സ് ഓരോ ബൗണ്ടറി നേടുമ്പോഴും ചുറ്റും നിന്ന് ആർത്തുപെയ്യുകയായിരുന്നു വിൻഡീസ് ആരാധകർ എന്നാണ് റോമി പിന്നീട് ഓർത്തെടുത്തത്. ആ റിച്ചാർഡ്‌സിനെയാണ് അപാരസുന്ദരമായ ക്യാച്ചിലൂടെ കപിൽ മടക്കിയയച്ചത്. അതികായരായ വിൻഡീസിനെ 140-ൽ ഒതുക്കി ഇന്ത്യ പ്രൂഡൻഷ്യൽ ലോകകപ്പിൽ തൊട്ടു, ശ്രീകാന്ത് പറഞ്ഞതു പ്രകാരമെങ്കിൽ കപിൽ അപ്പോൾ, അപ്പോൾ മാത്രം സംതൃപ്തിയോടെ ചിരിച്ചിട്ടുണ്ടാവണം.”

കളർ ടിവി വന്നുതുടങ്ങിയ കാലമായിരുന്നു, ലൈവ് ടെലിക്കാസ്റ്റും. ലോകകപ്പ് ഉയർത്തി നിൽക്കുന്ന കപിലിന്റേയും സംഘത്തിന്റേയും ദൃശ്യങ്ങൾക്ക് നഗരങ്ങളിലെ ഇന്ത്യ അഭിമാനത്തോടെ സാക്ഷ്യം വഹിച്ചു. ഗ്രാമങ്ങൾ പിന്നീടത് പുരാവൃത്തം പോലെ കേട്ടറിഞ്ഞു. മറ്റൊരു കായിക വിനോദത്തിനും സാധ്യമാവാത്തവിധം ക്രിക്കറ്റ് ഇന്ത്യൻ ജനസാമാന്യത്തിന്റെ കളിയായി; കപിൽ ദേവ് നികഞ്ജ് എന്ന ഇരുപത്തിനാലുകാരൻ, ആദ്യ ടെസ്റ്റ് കളിക്കുന്നതുവരെ ഒരു ടെസ്റ്റ് മത്സരം നേരിട്ടു കണ്ടിട്ടുപോലുമില്ലാത്ത ഹരിയാനക്കാരൻ അതിന്റെ പോസ്റ്റർ ബോയിയും. കളിമൈതാനങ്ങളിലെ ആരവങ്ങളുടെ പേരിൽ നമ്മൾ ഒരാളെ ഓർക്കേണ്ടതുണ്ടെങ്കിൽ, ആദരിക്കേണ്ടതുണ്ടെങ്കിൽ അതിൽ ആദ്യ പേരുകാരിലൊരാളായി നിശ്ചയമായും അയാളുണ്ടാവേണ്ടതാണ്.

* Idols/Sunil Gavaskar - Rupa

** Democracy's XI: The Great Indian Cricket Story/Rajdeep Sardesai - Juggernaut

സുനില്‍ ഗവാസ്കറും കപില്‍ ദേവും

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ലജ്ജാകരം, മുമ്പൊരിക്കലും സംഭവിച്ചിട്ടില്ല'; രാഷ്ട്രപതിയെ സ്വീകരിക്കാന്‍ മമതയെത്താത്തതില്‍ രോഷം കൊണ്ട് പ്രധാനമന്ത്രി

കുടുംബജീവിതത്തിൽ സന്തോഷകരമായ മാറ്റങ്ങൾ

'അശ്ലീല സൈറ്റുകളില്‍ കയറി, വിദേശ ഇടപാട്'; സൈബര്‍ തട്ടിപ്പില്‍ പൊലീസ് മുന്നറിയിപ്പ്

ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണ്‍: ലക്ഷ്യ ഫൈനലില്‍

തൃശൂരില്‍ നോമ്പുതുറയില്‍ പങ്കെടുത്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി, വിഡിയോ

SCROLL FOR NEXT