ഗോവിന്ദച്ചാമി കേസ്, ഗ്രീഷ്മ കേസ്, കൂടത്തായി കൊലക്കേസ്, വാളയാർ കേസ് തുടങ്ങി കേട്ടാൽ ചോര ഉറഞ്ഞുപോകുന്ന കൊടും ക്രൂരകൃത്യങ്ങൾ നമ്മുടെ ഈ കൊച്ചുനാട്ടിൽത്തന്നെ എത്രയാണ്!
ആഗോളതലത്തിലാണെങ്കിൽ പറയുകയും വേണ്ട. നാഗരികതയുടെ ജനനം മുതൽ ആളുകൾ കുറ്റകൃത്യങ്ങൾ ചെയ്യുന്നത് എന്തുകൊണ്ടാണെന്ന ചോദ്യം മനുഷ്യരാശിയെ വേട്ടയാടിയിട്ടുണ്ട്. ദുഷ്‌പ്രവൃത്തികൾ സ്വതന്ത്ര ഇച്ഛാശക്തിയിൽനിന്ന് ഉണ്ടാകുന്നുണ്ടോ അതോ നമ്മുടെ നിയന്ത്രണത്തിന് അതീതമായ ശക്തികളാൽ രൂപപ്പെടുന്നുണ്ടോ? 21-ാം നൂറ്റാണ്ടിൽ, ന്യൂറോ സയൻസും ജനിതകശാസ്ത്രവും ഈ പഴയ ചർച്ചയ്ക്ക് ഒരു പുതിയ മാനം നൽകി, കുറ്റകൃത്യ സ്വഭാവത്തിന്റെ വേരുകൾ പലപ്പോഴും നമ്മുടെ ജീവശാസ്ത്രത്തിലേക്ക് ആഴത്തിൽ വ്യാപിക്കുകയും ഒരു വ്യക്തി വളരുന്ന സാമൂഹികവും പാരിസ്ഥിതികവുമായ അവസ്ഥകളുമായി ഇഴചേർന്നിരിക്കുകയും ചെയ്യുന്നുവെന്ന് വെളിപ്പെടുത്തുന്നു.
ആധുനിക ശാസ്ത്രം വ്യക്തികളെ ഉത്തരവാദിത്വത്തിൽനിന്നു മോചിപ്പിക്കുന്നില്ല, പക്ഷേ, എങ്ങനെ, എന്തുകൊണ്ട് ഒരാൾ കുറ്റവാളിയായി എന്നതിന്റെ ജൈവശാസ്ത്ര സങ്കീർണതകൂടി കണക്കിലെടുക്കുന്നു. കുറ്റവാളി എന്നു കരുതപ്പെടുന്ന ആളുടെ ജനിതകവും തലച്ചോറും പഠിക്കുമ്പോൾ തെളിയുന്നത് ‘കുറ്റകൃത്യം’ വെറുമൊരു സാമൂഹിക നിർമിതിയല്ല, മറിച്ച് ന്യൂറോകെമിസ്ട്രിയും ബാല്യകാല ആഘാതങ്ങളും (Childhood trauma), അനുഭവങ്ങളിൽനിന്നുണ്ടായ സൂക്ഷ്മമായ ‘എപ്പിജെനെറ്റിക്’ വടുക്കളും ഒക്കെയുള്ള ഒരു കഥ കൂടിയാണ് എന്നാണ്.
ശരിക്കും ക്രിമിനൽ ജീനുകൾ ഉണ്ടോ?
1990-കളിൽ ഒരു ഡച്ച് കുടുംബത്തിൽ ദാരുണവും എന്നാൽ, നിർണായകമായ വെളിപ്പെടുത്തലുകൾക്ക് വഴിവെച്ചതുമായ ഒരു സംഭവപരമ്പരയുണ്ടായി. ആ കുടുംബത്തിൽ തലമുറകളായി നിരവധി പുരുഷന്മാർ അങ്ങേയറ്റത്തെ ക്ഷോഭ പ്രവണതയും അക്രമസ്വഭാവവും ഒക്കെ പ്രകടിപ്പിച്ചു. ജനിതക പരിശോധനയിൽ MAOA ജീനിന്റെ പൂർണമായ അഭാവം കണ്ടെത്തി, ഈ അപൂർവ മ്യൂട്ടേഷൻ ഉയർന്ന അളവിലുള്ള അനിയന്ത്രിതമായ ന്യൂറോ ട്രാൻസ്മിറ്ററുകൾക്ക് കാരണമായി, അപൂർവ സന്ദർഭങ്ങളിൽ, ഒരു ജനിതക ക്ഷതം അഥവാ മ്യൂട്ടേഷൻ, പെരുമാറ്റത്തെ എങ്ങനെ ആഴത്തിൽ മാറ്റുമെന്ന് ഇതു കാണിക്കുന്നു. എന്നിരുന്നാലും അത്തരം കേസുകൾ വളരെ വിരളമാണ്.
പെരുമാറ്റ ജനിതകശാസ്ത്രത്തിന്റെ ആദ്യകാലത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട കണ്ടെത്തലുകളിൽ ഒന്നാണ് ‘പോരാളികളുടെ ജീൻ’ എന്നു വിളിക്കപ്പെടുന്ന MAOA ജീൻ. സെറോടോണിൻ, ഡോപാമൈൻ, നോർപിനെഫ്രിൻ തുടങ്ങിയ ന്യൂറോ ട്രാൻസ്മിറ്ററുകളെ വിഘടിപ്പിക്കുന്ന മോണോഅമിൻ ഓക്സിഡേസ് എ എന്ന എൻസൈമിന്റെ ജീനാണ് ഇത്. സാധാരണ MAOA പ്രവർത്തനം ന്യൂറോ ട്രാൻസ്മിറ്റർ നിലകളെ സന്തുലിതമായി നിലനിർത്തുന്നു - അമിതമായ വൈകാരിക പ്രതിപ്രവർത്തനമോ അത്യാവേശമോ തടയുന്നു. ചില ആളുകൾക്ക് MAOA-L (‘കുറഞ്ഞ പ്രവർത്തനക്ഷമതയുള്ള MAOA’) എന്നറിയപ്പെടുന്ന ജീനിന്റെ ഒരു പതിപ്പുണ്ട്. ഇത് മോശം പ്രേരണാ നിയന്ത്രണത്തോടൊപ്പം അതിവൈകാരിക പ്രതികരണവും സൃഷ്ടിക്കുന്നു. ഡ്യൂക്ക് യൂണിവേഴ്‌സിറ്റിയിലെ അവ്ഷാലോം കാസ്പിയും ടെറി മോഫിറ്റും ചേർന്ന് 2002-ൽ നടത്തിയ ഒരു പ്രധാന പഠനത്തിൽ MAOA-യുടെ ഒരു പ്രത്യേക വകഭേദം അക്രമാസക്തമായ അല്ലെങ്കിൽ സാമൂഹികവിരുദ്ധ പെരുമാറ്റത്തിനുള്ള സാധ്യത വർദ്ധിപ്പിച്ചതായി കണ്ടെത്തി - എന്നാൽ, കുട്ടിക്കാലത്ത് കഠിനമായ പീഡനം അനുഭവിച്ച വ്യക്തികളിൽ മാത്രം. മനുഷ്യ പെരുമാറ്റത്തിൽ ജീൻ-പരിസ്ഥിതി ഇടപെടലിന്റെ ആദ്യത്തെ സംഗതമായ റിപ്പോർട്ടായിരുന്നു അത്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ജീനുകൾ സാധ്യതകൾ സജ്ജമാക്കുന്നു, പക്ഷേ, ജീവിതാനുഭവം ദിശ നിർണയിക്കുന്നു.
1970-കളിലും ’80-കളിലും ഇരട്ടകളേയും ദത്തെടുക്കലിനേയും കുറിച്ചുള്ള പഠനങ്ങളിൽനിന്നാണ് സാമൂഹ്യവിരുദ്ധ സ്വഭാവത്തിൽ, പാരമ്പര്യം ഒരു പങ്കുവഹിച്ചേക്കാമെന്നതിന്റെ ആദ്യ സൂചനകൾ ലഭിച്ചത്. അകന്നു വളരുന്ന ഒരേപോലുള്ള (ഐഡന്റിക്കൽ) ഇരട്ടകൾ പലപ്പോഴും സ്വഭാവത്തിൽ ശ്രദ്ധേയമായ സാമ്യം കാണിക്കുന്നു; അതിൽ ആക്രമണം, എടുത്തുചാട്ടം, നിയമലംഘനങ്ങൾ എന്നിവയിലേക്കുള്ള പ്രവണതകളും ഉൾപ്പെടുന്നു. കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന മാതാപിതാക്കൾക്ക് ജനിക്കുന്ന കുട്ടികൾ കുറ്റകൃത്യങ്ങളുടേതല്ലാത്ത സാഹചര്യങ്ങളിൽ വളർന്നാലും സമാനമായ പെരുമാറ്റങ്ങൾ വികസിപ്പിക്കാനുള്ള സാധ്യത സ്ഥിതിവിവരക്കണക്കനുസരിച്ച് കൂടുതലാണെന്ന് ദത്തെടുക്കൽ പഠനങ്ങൾ കണ്ടെത്തി. സാധ്യത മാത്രമേയുള്ളൂ! ജീവശാസ്ത്രപരമായ കാരണങ്ങൾ ഉണ്ടാകാം എന്നാല്‍, പരിസ്ഥിതിയാണ് അവ എങ്ങനെ പ്രകടമാകണം എന്ന് നിർണയിക്കുന്നത്.
DRD4, DAT1, 5-HTTLPR പോലുള്ള ഡോപാമൈൻ, സെറോടോണിൻ പാതകളെ നിയന്ത്രിക്കുന്ന ജീനുകളിലെ വ്യതിയാനങ്ങൾ പുതുമ തേടൽ, എടുത്തുചാട്ടം, വൈകാരിക നിയന്ത്രണക്കുറവ് തുടങ്ങിയ സ്വഭാവവിശേഷങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ ജീനുകളൊന്നും നേരിട്ട് കുറ്റകൃത്യങ്ങൾക്ക് കാരണമാകുന്നില്ല. പകരം പ്രതിഫലം, ഭീഷണി, നിരാശ എന്നിവയോട് മസ്തിഷ്കം എങ്ങനെ പ്രതികരിക്കുന്നു എന്നതിനെ അവ സ്വാധീനിക്കുന്നു, ആക്രമണത്തിനോ അപകടസാധ്യത ഏറ്റെടുക്കലിനോ ഉള്ള ഒരാളുടെ പരിധികളെ സൂക്ഷ്മമായി രൂപപ്പെടുത്തുന്നു. ദാരിദ്ര്യം, അവഗണന അല്ലെങ്കിൽ സാമൂഹിക അസ്ഥിരത എന്നിവയുമായുള്ള ഈ ജനിതക പ്രവണതകളുടെ ഇടപെടൽ കുറ്റവാസനയുള്ള പെരുമാറ്റത്തിലേക്ക് നയിച്ചേക്കാം.
പെരുമാറ്റ ശാസ്ത്രജ്ഞർക്കിടയിലെ ഇന്നത്തെ സമവായം വ്യക്തമാണ്: ‘ക്രിമിനൽ ജീൻ’ എന്നൊന്ന് ഇല്ല. മറിച്ച്, കുറ്റകൃത്യങ്ങൾ ജൈവിക ദുർബലതകളുടേയും (Vulnerability), സാമൂഹിക പ്രതികൂല സാഹചര്യങ്ങളുടേയും സംയോജനത്തിൽനിന്നാണ് ഉയർന്നുവരുന്നത്. ജനിതകശാസ്ത്രം സ്വഭാവത്തെ സ്വാധീനിച്ചേക്കാം, എന്നാൽ, സാമൂഹിക സാഹചര്യങ്ങൾ - കുടുംബം, വിദ്യാഭ്യാസം, അസമത്വം - ആ സ്വഭാവം അക്രമത്തിലൂടെയോ നിയന്ത്രണത്തിലൂടെയോ പ്രകടിപ്പിക്കേണ്ടത് എന്ന് നിർണയിക്കുന്നു.
പാരമ്പര്യ ജനിതകത്തിനു പുറമെ പരിസ്ഥിതികളാൽ രൂപപ്പെടുന്ന എപ്പിജെനെറ്റിക് അഥവാ ഉപരിജനിതക ഭേദഗതികൾ ഉണ്ട്. കുറ്റവാസന എന്ന പെരുമാറ്റ രൂപീകരണത്തിൽ, അനുഭവങ്ങളിൽനിന്നുണ്ടാവുന്ന ഇത്തരം തൽക്ഷണ ഭേദഗതിക്ക് ഒരുപക്ഷേ, ക്ലാസിക്കൽ ജനിതകത്തെക്കാൾ പ്രാധാന്യമുണ്ട്.
എന്താണ് എപ്പിജെനെറ്റിക്സ്?
മറ്റൊരുതരത്തിൽ പറഞ്ഞാൽ ഒരു നാടകത്തിന്റെ തിരക്കഥയായി ഡി.എൻ.എയേയും ഏത് രംഗങ്ങൾക്ക് പ്രാധാന്യം നൽകണം, ഏത് വരികൾ മന്ത്രിക്കണം, ഏത് നിമിഷങ്ങൾ പൂർണമായും ഒഴിവാക്കണം എന്ന് തീരുമാനിക്കുന്ന സംവിധായകനായി എപ്പിജെനെറ്റിക്സിനേയും കരുതാം.
ജീവിതാനുഭവങ്ങൾ അടിസ്ഥാനമാക്കി നമ്മുടെ ജീനുകളിൽ - ഏത് ജീനുകൾ എപ്പോൾ ഓണാക്കണം, ഏത് മങ്ങണം, ഏത് നിശ്ശബ്ദമാക്കണം എന്ന് നമ്മുടെ കോശങ്ങളോട് പറയുന്ന രാസസൂചകങ്ങളാലുണ്ടാകുന്ന മാറ്റങ്ങളാണ് ഇവ. പോഷകാഹാരം, സമ്മർദം, മലിനീകരണം, പരിപോഷണം, ആഘാതം, ഉറക്കം, വ്യായാമം, സാമൂഹിക ബന്ധങ്ങൾ ഉൾപ്പെടെ, എപ്പിജെനെറ്റിക്സ് നമുക്കു ചുറ്റുമുള്ള ലോകത്തോട് പ്രതികരിക്കുന്നു. പ്രത്യേകിച്ച് വ്യക്തിയുടെ ബാല്യകാലത്തെ ശരീരവും മനസ്സും മേൽപ്പറഞ്ഞ സ്വാധീനങ്ങൾക്ക് വളരെ വശംവദമാവാനിടയുണ്ട്. ഒരിക്കൽ രൂപപ്പെട്ടാൽ, ഡി.എൻ.എ മെത്തിലേഷൻ അല്ലെങ്കിൽ ഹിസ്റ്റോൺ പരിഷ്കാരങ്ങൾപോലുള്ള ഈ എപ്പിജെനെറ്റിക് രാസഭേദങ്ങൾ ജീവിതത്തിലുടനീളം പെരുമാറ്റം, പ്രതിരോധശേഷി, ഉപാപചയം, സമ്മർദ പ്രതിരോധം എന്നിവയെ സ്വാധീനിക്കും. ചിലത് ഭാവി തലമുറകളിലേക്കുപോലും കൈമാറാൻ കഴിയും, ഇത് നമ്മുടെ കുട്ടികൾക്ക് നമ്മുടെ അനുഭവങ്ങളുടെ ജൈവിക പ്രതിധ്വനി നൽകുന്നു. ഈ മാറ്റങ്ങൾ ഡി.എൻ.എ ശ്രേണിയെത്തന്നെ മാറ്റില്ല, പക്ഷേ, തലമുറകളിലുടനീളംപോലും ജീവിതകാലം മുഴുവൻ നിലനിൽക്കും.
ഒരേപോലുള്ള ഇരട്ടകൾക്ക് വ്യത്യസ്ത വ്യക്തിത്വങ്ങൾ ഉണ്ടാകുന്നത് എന്തുകൊണ്ടെന്നും ആദ്യകാല പ്രതികൂല സാഹചര്യങ്ങൾ മുതിരുമ്പോഴുള്ള ആരോഗ്യത്തെ എങ്ങനെ ബാധിക്കുമെന്നും ജീവിതശൈലിയിലെ മാറ്റങ്ങൾ ചിലപ്പോൾ ജൈവികദോഷത്തെ എങ്ങനെ മറികടക്കുമെന്നും വിശദീകരിക്കാൻ എപ്പിജെനെറ്റിക്സ് സഹായിക്കുന്നു. ആധുനിക ജീവശാസ്ത്രത്തിലെ ഏറ്റവും ആവേശകരമായ മേഖലകളിൽ ഒന്നാണിത്,
മൃഗങ്ങളിലും മനുഷ്യരിലും നടത്തിയ ഗവേഷണങ്ങൾ കാണിക്കുന്നത്, ആദ്യകാല ജീവിതത്തിലെ സമ്മർദം, അവഗണന അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള പീഡനം ഇവയൊക്കെത്തന്നെ നമ്മുടെ സമ്മർദ പ്രതികരണത്തെ നിയന്ത്രിക്കുന്ന ഹൈപ്പോതലാമിക്-പിറ്റ്യൂട്ടറി-അഡ്രീനൽ (എച്ച്.പി.എ) അച്ചുതണ്ടിനെ നിയന്ത്രിക്കുന്ന ജീനുകളിൽ നീണ്ടുനിൽക്കുന്ന എപ്പിജെനെറ്റിക് അടയാളങ്ങൾ അവശേഷിപ്പിക്കും എന്നുതന്നെയാണ്. ഉദാഹരണത്തിന് എലികളിൽ, മാതൃ പരിചരണം - അല്ലെങ്കിൽ അതിന്റെ അഭാവം - ഗ്ലൂക്കോകോർട്ടിക്കോയിഡ് റിസപ്റ്റർ ജീനിന്റെ (NR3C1) മെത്തിലേഷനെ മാറ്റുന്നു, ഇത് തലച്ചോറ് സമ്മർദം കൈകാര്യം ചെയ്യുന്ന രീതിയെ സ്ഥിരമായി മാറ്റുന്നു. കുട്ടിക്കാലത്തെ ആഘാതം അനുഭവിച്ചവരോ അക്രമാസക്തമായ വീടുകളിൽ വളർന്നവരോ ആയ മനുഷ്യരിലും സമാനമായ പാറ്റേണുകൾ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.
വിട്ടുമാറാത്ത ഭയത്തിനു വിധേയമാകുന്ന ഒരു കുട്ടിയുടെ മസ്തിഷ്കം, അമിത ജാഗ്രത, അമിതാവേശം, അവിശ്വാസം എന്നിവയ്ക്കുള്ള പ്രവണതയോടെ വളർന്നേക്കാം. ഇത്തരം പ്രത്യേകതകൾ അധികാരവുമായോ നിയമവുമായോ സംഘർഷത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്ന സ്വഭാവവിശേഷങ്ങളായിത്തീരാം (Rebel). ഈ മാറ്റങ്ങൾ ആലോചിച്ചുറപ്പിച്ചു ചെയ്യുന്നതല്ല, ആ വ്യക്തിയുടെ നാഡീവികസനം അത്തരത്തിലാണ് രൂപപ്പെട്ടിരിക്കുന്നത്. കൂടാതെ കുറ്റകൃത്യങ്ങളുടെ ചക്രങ്ങൾ തലമുറകളിലൂടെ കൈമാറുന്നത് (ഡി.എൻ.എയുടെ പാരമ്പര്യത്തിലൂടെ മാത്രമല്ല) ട്രോമയുടെ എപ്പിജെനെറ്റിക് പ്രസരണം വഴിയും സംഭവിക്കാം.
1944-’45-ലെ ‘ഡച്ച് ഹംഗർ വിന്റർ’ എന്നറിയപ്പെട്ട ക്ഷാമകാലത്ത് ഗർഭസ്ഥരായിരുന്ന കുട്ടികളുടെ ജനിതകഘടന പിൽക്കാലത്ത് പരിശോധിക്കപ്പെടുകയുണ്ടായി. ക്ഷാമബാധിത പ്രദേശത്തെ ഗർഭിണികൾക്ക് അനുഭവപ്പെട്ട പലവിധ സമ്മർദങ്ങളുടെ ഫലമായി അവരുടെ സന്താനങ്ങളിൽ പതിറ്റാണ്ടുകൾക്കുശേഷം സമ്മർദവുമായി ബന്ധപ്പെട്ട നിരവധി ജീനുകളിൽ എപ്പിജെനറ്റിക് മാറ്റങ്ങൾ കണ്ടെത്തി, ഇത് പ്രസവത്തിനു മുന്‍പുള്ള സമ്മർദത്തെ ആജീവനാന്ത പെരുമാറ്റ, ഉപാപചയ പ്രത്യാഘാതങ്ങളാക്കി മാറ്റിയിരിക്കുന്നു. അത്തരം കണ്ടെത്തലുകൾ സാമൂഹിക ദാരിദ്ര്യം എന്ന പാരിസ്ഥിതിക സമ്മർദം ജീവശാസ്ത്രത്തേയും പെരുമാറ്റത്തേയും പതിറ്റാണ്ടുകൾക്കുശേഷവും എങ്ങനെ സ്വാധീനിക്കുമെന്നതിന് ഉദാഹരണമാണ്.
അസമത്വത്തിന്റെ ജൈവശാസ്ത്രപരമായ ഉൾച്ചേർക്കൽ എന്ന ആശയം പൊതുജനാരോഗ്യത്തിലും കുറ്റകൃത്യശാസ്ത്രത്തിലും ഒരുപോലെ ഒരു കേന്ദ്രവിഷയമായി മാറിയിരിക്കുന്നു. അക്രമം, പോഷകാഹാരക്കുറവ്, അല്ലെങ്കിൽ മാതാപിതാക്കളുടെ ലഹരി ദുരുപയോഗം എന്നീ സാഹചര്യങ്ങളിൽ വളർന്ന കുട്ടികൾ, അദൃശ്യമായ ജൈവ രാസ വടുക്കൾ വഹിക്കുന്നു, ഇത് അവരെ അടിസ്ഥാന നിയന്ത്രണം ഇല്ലാത്ത സ്വഭാവത്തിലേക്കോ ആക്രമണോൽസുകതയിലേക്കോ നയിച്ചേക്കാം. ഈ അർത്ഥത്തിൽ, സമൂഹം സ്വന്തം ജനിതക പ്രതിധ്വനി സൃഷ്ടിക്കുന്നു, അത് തലമുറകളിലുടനീളം പ്രതിധ്വനിക്കുന്നു. കുറ്റവാസനകളുടേയും കുറ്റകൃത്യങ്ങളുടേയും കാര്യത്തിൽ എപ്പിജെനറ്റിക്സിന് അഥവാ സാഹചര്യങ്ങളുടെ മായാത്ത ജനിതക മുദ്രയ്ക്ക് എത്രത്തോളം പ്രാധാന്യമുണ്ടെന്ന് വ്യക്തമാണല്ലോ.
കുറ്റകൃത്യങ്ങളിലെ മസ്തിഷ്കം: പ്രേരണയും നിയന്ത്രണവും
ജനിതക-ഉപരിജനിതക സ്വാധീനങ്ങളോടെ, കുറ്റകൃത്യ സ്വഭാവം രൂപപ്പെടുന്നത് തലച്ചോറിലാണ്. മസ്തിഷ്ക ഇമേജിംഗിലെ പുരോഗതി, പ്രത്യേകിച്ച് ഫങ്ഷണൽ എം.ആർ.ഐ (FMRI), പോസിട്രോൺ എമിഷൻ ടോമോഗ്രഫി (PET) എന്നിവ കുറ്റവാളിയുടെ മനസ്സിനുള്ളിൽ എന്താണ് സംഭവിക്കുന്നതെന്ന് കാണാൻ സാധ്യമാക്കി; ആലങ്കാരികമായിട്ടല്ല, ശരീരഘടനാപരമായി!
1990-കളിൽ ന്യൂറോക്രിമിനോളജിസ്റ്റ് അഡ്രിയാൻ റെയ്ൻ കുറ്റവാളികളായ കൊലപാതകികളുടെ തലച്ചോറിനെ അങ്ങനെയല്ലാത്തവരുടെ തലച്ചോറുമായി താരതമ്യപ്പെടുത്തി ആദ്യകാല PET പഠനങ്ങൾ നടത്തി. ക്രിമിനൽ സ്വഭാവം ഉള്ളവരിൽ തീരുമാനമെടുക്കൽ, പ്രേരണാനിയന്ത്രണം, ധാർമിക യുക്തി എന്നിവയ്ക്ക് ഉത്തരവാദികളായ മേഖലയായ പ്രീഫ്രോണ്ടൽ കോർട്ടെക്സിൽ പ്രവർത്തനക്കുറവുള്ളതായി അദ്ദേഹം കണ്ടെത്തി. തലച്ചോറിന്റെ ഈ ഭാഗം ‘ബ്രേക്ക് പെഡൽ’ ആയി പ്രവർത്തിക്കുന്നു. അത് പ്രവർത്തനരഹിതമോ ഘടനാവൈകല്യമുള്ളതോ ആയിരിക്കുമ്പോൾ, അമിഗ്ഡാലയും ലിംബിക് സിസ്റ്റവും സൃഷ്ടിക്കുന്ന വികാരങ്ങൾ യുക്തിസഹമായ നിയന്ത്രണത്തെ മറികടക്കും.
തുടർന്നുള്ള ഗവേഷണങ്ങൾ സ്ഥിരീകരിച്ചത് അമിഗ്ഡാല, ആന്റീരിയർ സിങ്ഗുലേറ്റ് കോർട്ടെക്സ്, ഓർബിറ്റോഫ്രോണ്ടൽ കോർട്ടെക്സ് എന്നിവയുൾപ്പെടെ തലച്ചോറിന്റെ നിരവധി മേഖലകളിലെ അസാധാരണത്വങ്ങൾ സാമൂഹികവിരുദ്ധ പ്രവണതകളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ്. ഉദാഹരണത്തിന്, ഇത്തരക്കാരിൽ പലപ്പോഴും സഹാനുഭൂതി പ്രകടിപ്പിക്കാനുള്ള കഴിവ് കുറവുള്ളതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ, മിക്ക കേസുകളിലും മസ്തിഷ്കം ജന്മനാ ഈ രീതിയിൽ ആയിരിക്കണമെന്നില്ല; പകരം, പലപ്പോഴും ജനിതക ദുർബലത, തലയ്ക്ക് പരിക്ക്, ലഹരിവസ്തുക്കളുടെ ദുരുപയോഗം അല്ലെങ്കിൽ വിട്ടുമാറാത്ത സമ്മർദം എന്നിവയുടെ സംയോജനത്തിൽനിന്നാണ് ഉയർന്നുവരുന്നത്. പ്രത്യേകിച്ചും അക്രമാസക്തമായ ചുറ്റുപാടുകളുമായി ആവർത്തിച്ചുള്ള സമ്പർക്കം അമിഗ്ഡാലയുടെ സംവേദനക്ഷമത കുറയ്ക്കും, അതേസമയം ദീർഘകാല മയക്കുമരുന്ന് അല്ലെങ്കിൽ മദ്യ ഉപയോഗം ഫ്രണ്ടൽ ഗ്രേ മാറ്ററിനെ ചുരുക്കും. കാലക്രമേണ ഈ മാറ്റങ്ങൾ വ്യക്തികൾക്ക് അനന്തരഫലങ്ങൾ മുൻകൂട്ടി കാണാനോ ആക്രമണം നിയന്ത്രിക്കാനോ സാധാരണ മനുഷ്യർക്കുള്ള കഴിവില്ലാതാക്കുന്നു; പെരുമാറ്റത്തിനും ജീവശാസ്ത്രത്തിനും ഇടയിലുള്ള ഒരു പ്രധാനമായ ഫീഡ്ബാക്ക് ലൂപ്പാണിത്.
കുറ്റകൃത്യങ്ങളുടെ ജീവശാസ്ത്രം: ചില കേസ് പഠനങ്ങൾ
കേസ് 1: ചാൾസ് വിറ്റ്മാൻ - ദി ടെക്‌സസ് ടവർ സ്‌നിപ്പർ (1966)
ഓസ്റ്റിനിൽ 16 പേരെ കൊലപ്പെടുത്തിയ മുൻ മറൈൻ വിറ്റ്മാൻ, തന്റെ തലച്ചോറ് പരിശോധിക്കണമെന്ന് അഭ്യർത്ഥിച്ച് ഒരു ആത്മഹത്യാക്കുറിപ്പ് എഴുതി, അക്രമം നടത്താനുള്ള അനിയന്ത്രിതമായ പ്രേരണ അനുഭവപ്പെട്ടതായി ആ കുറിപ്പിൽ അയാൾ എഴുതിവെച്ചിരുന്നു, വൈകാരിക നിയന്ത്രണത്തിന്റെ കേന്ദ്രമായ അമിഗ്ഡാലയിൽ ഗ്ലിയോബ്ലാസ്റ്റോമ എന്ന ട്യൂമർ അമർത്തുന്നതായി പോസ്റ്റ്മോർട്ടം വെളിപ്പെടുത്തി. കാൻസർമൂലം ഉണ്ടായ മസ്തിഷ്ക നാശം അനിയന്ത്രിതമായ ആക്രമണസ്വഭാവത്തിനു കാരണമായ ആദ്യകാല ഉദാഹരണങ്ങളിൽ ഒന്നായി ഈ കേസ് മാറി. അക്രമങ്ങളുടെ ഉറവിടം ധാർമിക പരാജയം മാത്രമല്ല, നാഡീരോഗങ്ങളോ മസ്തിഷ്ക വ്യതിയാനങ്ങളോ ആകാം.
കേസ് 2: ഫിനിയാസ് ഗേജ് പാരഡോക്സ് (1848)
കുറ്റവാളിയല്ലെങ്കിലും ഗേജിന്റെ അപകടം, അദ്ദേഹത്തിന്റെ തലയ്ക്കു മുൻഭാഗത്തുകൂടെ തുളച്ചുകയറിയ ഒരു ഇരുമ്പ് വടി - അദ്ദേഹത്തെ ഒരു അച്ചടക്കമുള്ള തൊഴിലാളിയിൽനിന്ന് എടുത്തുചാട്ടക്കാരനും ക്രൂരസ്വഭാവിയും സാമൂഹ്യവിരുദ്ധനുമാക്കി മാറ്റി. ഫ്രണ്ടൽ ലോബ് കേടുപാടുകൾ സാമൂഹിക തടസ്സങ്ങളേയും ധാർമിക വിധിന്യായത്തേയും എങ്ങനെ തകർക്കും എന്നതിന്റെ ഒരു പാഠപുസ്തക ചിത്രമായി അദ്ദേഹത്തിന്റെ കഥ മാറി. ആധുനിക ന്യൂറോക്രിമിനോളജി അക്രമാസക്തരായ കുറ്റവാളികളിൽ കാണപ്പെടുന്ന അത്തരം മുറിവുകളും അതുകൊണ്ടുണ്ടാവുന്ന പ്രവർത്തനപരമായ കുറവുകളും തമ്മിൽ നേരിട്ട് സമാനതകൾ കണ്ടെടുക്കുന്നു.
കേസ് 3: ദി എം.എ.ഒ.എ ഡെഫിഷ്യൻസി ഫാമിലി (1993)
നേരത്തെ സൂചിപ്പിച്ചതുപോലെ എം.എ.ഒ.എ ജീനിന്റെ അഭാവമുള്ള ഡച്ച് കുടുംബത്തെക്കുറിച്ചുള്ള ബ്രണ്ണറുടെ പഠനം കാണിക്കുന്നത് ന്യൂറോകെമിക്കൽ അസന്തുലിതാവസ്ഥ എടുത്തുചാടിയുള്ള ആക്രമണശീലം വർദ്ധിപ്പിക്കുമെന്നാണ്; എന്നിരുന്നാലും ആ കുടുംബത്തിനുള്ളിൽപോലും സാമൂഹിക സന്ദർഭവും വളർത്തലും ഫലങ്ങളെ സ്വാധീനിച്ചു - ജീവശാസ്ത്രം തോക്ക് ലോഡ് ചെയ്യുന്നു, പക്ഷേ, പരിസ്ഥിതിയാണ് കാഞ്ചി വലിക്കുന്നതെന്ന് ഈ ഉദാഹരണം വീണ്ടും നമ്മെ ഓർമിപ്പിക്കുന്നു
ആസക്തി, ആക്രമണം, ഹൈജാക്ക് ചെയ്യപ്പെട്ട തലച്ചോറ്:
മദ്യപാനവും മയക്കുമരുന്ന് ദുരുപയോഗവും എല്ലായ്‌പോഴും കുറ്റകൃത്യ സ്ഥിതിവിവരക്കണക്കുകളിൽ നിഴൽ വീഴ്ത്തിയിട്ടുണ്ട്. ലഹരിവസ്തുക്കളുടെ ഉപയോഗം കുറ്റകൃത്യങ്ങൾക്ക് കാരണമാകുമെങ്കിലും ശരിയായ തീരുമാനങ്ങളെടുക്കാൻ പറ്റാതാവുക, ലഹരിവസ്തു ഇല്ലാതെ ജീവിക്കാൻ പറ്റാതാവുക ഈ അവസ്ഥകൾ അക്രമാസക്തമായ പെരുമാറ്റവുമായി ഒരേ കൂട്ടം നാഡീവേരുകൾ പങ്കിടുന്നു. ആസക്തിയിലും ആക്രമണത്തിലും തലച്ചോറിന്റെ റിവാർഡ് ചക്രത്തിന്റെ, പ്രത്യേകിച്ച് ഡോപാമൈൻ സിസ്റ്റത്തിന്റെ, നിയന്ത്രണത്തിലെ തകരാറുകൾ ഉൾപ്പെടുന്നു. ആസക്തിയിൽ, ഇത് മയക്കുമരുന്ന് സൂചനകളോട് കൂടുതൽ സെൻസിറ്റീവായും സ്വാഭാവിക പ്രതിഫലനങ്ങളോട് വളരെ കുറവുമാത്രം സെൻസിറ്റീവായും മാറുന്നു. അതേസമയം വിട്ടുമാറാത്ത ആക്രമണചോദനയിൽ ആധിപത്യത്തിന്റേയോ പ്രതികാരത്തിന്റേയോ സൂചനകൾക്ക് സമാനമായ സംവേദനക്ഷമത സംഭവിക്കുന്നു.
ആവർത്തിച്ചുള്ള അക്രമാസക്തമായ ഏറ്റുമുട്ടലുകൾ കൊക്കെയ്ൻ ഉപയോഗിച്ചാലെന്നപോലെയുള്ളപോലെ ഡോപാമൈൻ, ഒപിയോയിഡ് സിഗ്നലിംഗിനെ ഉയർത്തുന്നുവെന്ന് മൃഗപഠനങ്ങൾ വെളിപ്പെടുത്തുന്നു. ചില വ്യക്തികൾ അക്ഷരാർത്ഥത്തിൽ കോപത്തിന് ‘അടിമ’കളാകുന്നു, ഏറ്റുമുട്ടൽ കൊണ്ടുതന്നെ ന്യൂറോകെമിക്കൽ ‘ഹൈ’ കൈവരിക്കുന്നു. ശിക്ഷ നൽകിയിട്ടും ചില കുറ്റവാളികൾ വീണ്ടും കുറ്റം ചെയ്യുന്നത് എന്തുകൊണ്ടാണെന്ന് ഇതു വിശദീകരിക്കുന്നു: അവർ യുക്തിസഹമായി അപകടസാധ്യത കണക്കാക്കുന്നില്ല, ആന്തരിക (ന്യൂറോകെമിക്കൽ) പ്രതിഫലത്തെ പിന്തുടരുന്നു.
മദ്യമാകട്ടെ സെറോടോണിൻ, GABA എന്നീ ന്യൂറോ ട്രാൻസ്മിറ്ററുകളെ കുറയ്ക്കുകയും സ്വയം നിയന്ത്രണത്തെ അയച്ചുകൊണ്ട് ആക്രമണത്തെ അനുവദിക്കുകയും ചെയ്യും. കൊക്കെയ്‌നും മെത്താംഫെറ്റാമൈനും ഡോപാമൈനെ അമിതമായി ഉത്തേജിപ്പിക്കുകയും ഭ്രമാത്മകതയും അമിതാവേശവും ഉണ്ടാക്കുകയും ചെയ്യുന്നു. വിരോധാഭാസമെന്നു പറയട്ടെ, ഓപിയോയിഡുകൾ ആക്രമണത്തെ താൽക്കാലികമായി അടിച്ചമർത്താൻ സാധ്യതയുണ്ട് പക്ഷേ, നിർത്താൻ നേരം അക്രമത്തിനു കാരണമാകും.
കുറ്റവാസനയുള്ളവരിൽത്തന്നെ പലപ്പോഴും ലഹരി അടിമത്തവും ഒന്നിച്ചു കാണാറുണ്ട്. അതിനാൽ പുനരധിവാസം, കുറ്റകൃത്യങ്ങളേയും ആസക്തികളേയും ധാർമികവും വൈദ്യശാസ്ത്രപരവുമായ പരാജയങ്ങളായി വേർതിരിക്കാതെ അവയുടെ പൊതു നാഡീ സർക്യൂട്ട് സ്രോതസ്സുകളെ അഭിസംബോധന ചെയ്യണം. വൈജ്ഞാനിക പരിശീലനം മരുന്നുകൊണ്ടുള്ള ക്രമീകരണം, സാമൂഹിക പുനഃസംയോജനം എന്നിവയിലൂടെ പ്രതിഫല പാതകളെ പുനഃക്രമീകരിക്കാൻ കഴിയും (എക്സ്‌പോഷർ തെറാപ്പി ഭയ സർക്യൂട്ടുകളെ വീണ്ടും പരിശീലിപ്പിക്കുന്നതുപോലെ). തലച്ചോറ്, അനുഭവങ്ങളുടെ വടുക്കൾ നിറഞ്ഞതാണെങ്കിലും വഴക്കമുള്ളതായി തുടരുന്നു എന്നത് പ്രതീക്ഷ നൽകുന്ന കാര്യമാണ്.
കുറ്റവാളിയുടെ മസ്തിഷ്കം മൊത്തമങ്ങു ‘തകരാറി’ലായിട്ടില്ല. അത് പലപ്പോഴും ബന്ധം, അംഗീകാരം, പദവി എന്നിവ തേടുന്നു, സാധിക്കാതെ വരുമ്പോൾ പലപ്പോഴും അടിസ്ഥാന മനുഷ്യ പ്രേരണകൾ വഴിതെറ്റിപ്പോകുന്നു. ദാരിദ്ര്യം, അവഗണന, അല്ലെങ്കിൽ ആഘാതം എന്നിവയാൽ കൂട്ടത്തിൽ/സമൂഹത്തിൽ സ്വീകാര്യതയ്ക്കുള്ള നിയമാനുസൃതമായ വഴികൾ തടയപ്പെടുമ്പോൾ, തലച്ചോറിന്റെ പ്രതിഫല സംവിധാനം ബദലുകൾ തേടാം: ആധിപത്യം, ആവേശം അല്ലെങ്കിൽ മത്സരം എന്നിങ്ങനെ! ഗ്യാങ്ങുകളിൽ ഉൾപ്പെടുന്നതോ സാമൂഹികവിരുദ്ധ ഗ്രൂപ്പുകളോ മാനസികമായി ഇത്ര ശക്തമാകുന്നത് എന്തുകൊണ്ടാണെന്ന് ഇതു വിശദീകരിക്കുന്നു: അവ ഒരു സ്വത്വബോധവും ഉൾക്കരുത്തും നൽകുന്നു. കുറ്റകൃത്യം ചെയ്യുന്നത് പലപ്പോഴും കുറ്റവാളിക്ക് പ്രതിഫലദായകമായി തോന്നാറുണ്ട്! തലച്ചോറിന്റെ ഇത്തരം സ്വയം ക്രമംതെറ്റിക്കലുകൾകൊണ്ട് ഉള്ളിലെ ധാർമികശബ്ദം മങ്ങിപ്പോവാം പക്ഷേ, അപ്രത്യക്ഷമാകുന്നില്ല!
തലച്ചോറിന് സ്വയം വീണ്ടെടുക്കാൻ കഴിയുമോ?
ആധുനിക ന്യൂറോ സയൻസിലെ ഏറ്റവും പ്രതീക്ഷ നൽകുന്ന കണ്ടെത്തലുകളിൽ ഒന്ന് ന്യൂറോപ്ലാസ്റ്റിസിറ്റിയാണ് - തലച്ചോറിന്റെ വഴക്കം അഥവാ പുനഃസംഘടനയ്ക്കും സ്വയം സുഖപ്പെടുത്തലിനുമുള്ള കഴിവ്. പ്രത്യേകിച്ച് ട്രോമാ, ആക്രമണം, ആസക്തി അല്ലെങ്കിൽ കുറ്റകൃത്യങ്ങളുടെ ചക്രങ്ങളിൽ കുടുങ്ങിയ വ്യക്തികൾക്ക്. ഓരോ ചിന്തയും പ്രവൃത്തിയും ചില ന്യൂറൽ സർക്യൂട്ടുകളെ ശക്തിപ്പെടുത്തുകയും മറ്റുള്ളവയെ ദുർബലപ്പെടുത്തുകയും ചെയ്യുന്നു. സാമൂഹികവിരുദ്ധ സ്വഭാവം ആവർത്തിക്കുമ്പോൾ, അത് ആക്രമണത്തിന്റേയും എടുത്തുചാട്ടത്തിന്റേയും ഉറച്ച പാതകൾ (ശീലം) സൃഷ്ടിക്കുന്നു. എന്നാൽ, സഹാനുഭൂതി പരിശീലനം, പോസിറ്റീവ് സാമൂഹിക ഇടപെടലുകൾ, സൃഷ്ടിപരമായ ആവിഷ്കാരം, ധ്യാനം തുടങ്ങിയ പുതിയ അനുഭവങ്ങൾ, പഴയ ‘ദുശ്ശീല’ങ്ങൾക്കുപകരം പുതിയ ശീലങ്ങളെ അതായത് നാഡീപാതകളെ സ്ഥാപിക്കും. ചെറിയ ഇടപെടലുകൾപോലും (8-12 ആഴ്ചകൾ) പ്രീ ഫ്രോണ്ടൽ കോർട്ടെക്സിലും ഹിപ്പോകാമ്പസിലും ഗ്രേ മാറ്റർ വർദ്ധിപ്പിക്കുമെന്ന് MRI പഠനങ്ങൾ കാണിക്കുന്നു. മൈൻഡ്ഫുൾനെസ്, കാരുണ്യ ധ്യാനം തുടങ്ങിയ പുനരധിവാസരീതികൾ പരിശീലിക്കുന്ന തടവുകാരിൽ വൈകാരിക നിയന്ത്രണം വർദ്ധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ഇതിനർത്ഥം ഒരു വ്യക്തിയുടെ ജീവശാസ്ത്രം അയാളുടെ അന്തിമ വിധിയല്ല എന്നാണ്. കോഗ്നിറ്റീവ്-ബിഹേവിയറൽ തെറാപ്പി (CBT), മൈൻഡ്ഫുൾനെസ് പരിശീലനം, ഘടനാപരമായ പുനരധിവാസം എന്നിവ സംയോജിപ്പിക്കുന്ന പ്രോഗ്രാമുകൾ പ്രീ ഫ്രോണ്ടൽ ആക്റ്റിവേഷൻ വർദ്ധിപ്പിക്കുകയും പ്രേരണാ നിയന്ത്രണം മെച്ചപ്പെടുത്തുകയും ചെയ്യുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്.
ഉദാഹരണത്തിന്, ഒരു പഠനം കാണിക്കുന്നത് വെറും 11 മണിക്കൂർ മൈൻഡ്ഫുൾനെസ് പരിശീലനം വൈറ്റ് മാറ്റർ സമഗ്രതയിലെ മാറ്റങ്ങളിലൂടെ ശ്രദ്ധയും വൈകാരിക നിയന്ത്രണവും മെച്ചപ്പെടുത്തി എന്നാണ്. ഇത് ശരിക്കും ആശാവഹമാണ്; അതുപോലെ, പോഷകാഹാരം, വ്യായാമം, പോസിറ്റീവ് പാരന്റിംഗ് എന്നിങ്ങനെ അപകടസാധ്യതയുള്ള കുട്ടികളിലെ ആദ്യകാല ഇടപെടലുകൾ ഭാവിയിലെ കുറ്റകൃത്യങ്ങളെ ഗണ്യമായി കുറയ്ക്കുമെന്ന് റെയ്നും സഹപ്രവർത്തകരും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബ്രിട്ടീഷ് ജയിൽ വിചാരണത്തടവുകാർക്ക് ഒമേഗ-3, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ നൽകുന്നത് അക്രമ സംഭവങ്ങൾ 37 ശതമാനം കുറച്ചതായി കണ്ടെത്തി യിട്ടുണ്ട്, ഇത് ജൈവിക പുനരധിവാസത്തിന്റെ ശ്രദ്ധേയമായ ഉദാഹരണമാണ്.
അതുപോലെ മറ്റുള്ളവരുടെ വികാരങ്ങളെ തിരിച്ചറിയുന്നതിലും (empathy/സഹാനുഭൂതി), ഉത്തരവാദിത്വം വളർത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന പുനരധിവാസ പരിപാടികൾ ശ്രദ്ധേയമായ ഫലങ്ങൾ കാണിച്ചിട്ടുണ്ട്. സാമൂഹികവിരുദ്ധ പെരുമാറ്റം നാഡീവ്യവസ്ഥയുടെ ക്രമക്കേടിനെ പ്രതിഫലിപ്പിക്കുന്നുവെങ്കിൽ, ലക്ഷ്യബോധമുള്ള ഇടപെടലുകൾകൊണ്ട് കുറ്റവാളികളുടെ തലച്ചോറിനെ അക്ഷരാർത്ഥത്തിൽ പുനർനിർമിക്കാൻ കഴിയും. സ്‌കാൻഡിനേവിയയിലേയും യൂറോപ്പിന്റെ ചില ഭാഗങ്ങളിലേയും ജയിൽ പരിഷ്കരണ പരിപാടികൾ ശിക്ഷയെക്കാൾ നാഡീ പുനരധിവാസത്തിന് ഊന്നൽ നൽകുന്നു, കുറ്റകൃത്യങ്ങൾ തടയുന്നത് വ്യക്തിയെ പുനർനിർമിക്കുന്നതിലൂടെയാണ് ആരംഭിക്കുന്നത് എന്ന ആശയമാണ് ഇതിനു പിന്നിൽ.
ചില കുറ്റവാളികൾക്ക് പശ്ചാത്താപം തോന്നാത്തതിന്റെ കാരണം വൈകാരിക സർക്യൂട്ടുകളുടെ വൈകല്യം, തൽഫലമായുണ്ടാകുന്ന ഭയമില്ലായ്മ, സഹാനുഭൂതി കുറയൽ, അല്ലെങ്കിൽ ആഘാതം മൂലമുണ്ടാകുന്ന വൈകാരിക സ്തംഭനം എന്നിവയിലേതെങ്കിലും ആകാം. ചിലർക്ക് എന്തുകൊണ്ട് പരിവർത്തനപ്പെടാൻ കഴിയുന്നില്ല എന്ന് നമുക്കു തോന്നാം. ആദ്യകാല എപ്പിജെനെറ്റിക്, ന്യൂറോ ഡെവലപ്മെന്റൽ മാറ്റങ്ങൾ, കർക്കശമായ മാനസിക സ്വഭാവസവിശേഷതകൾക്കൊപ്പം പെരുമാറ്റത്തെ ജൈവശാസ്ത്രപരമായി പ്രത്യേകരീതിയിൽ രൂപപ്പെടുത്തിയിട്ടുണ്ടാവും ചിലരിൽ. ഘടനാപരമായ ദീർഘകാല ഇടപെടലുകൾകൊണ്ട് ഭേദപ്പെടുത്താവുന്ന അവസ്ഥകളാണ് കൂടുതലും എങ്കിലും അല്ലാത്തവയും ഉണ്ടാകാം. ആധുനിക ന്യൂറോസയൻസ് ആഴത്തിൽ പ്രതീക്ഷ നൽകുന്നുണ്ട്, മസ്തിഷ്കത്തിന് നല്ലൊരു പരിധിവരെ സുഖപ്പെടാനാകും.
കൂടുന്ന കുറ്റകൃത്യ നിരക്കുകൾ
കുറ്റകൃത്യങ്ങളിലെ ആഗോള വർദ്ധനവ് ധാരണ, റിപ്പോർട്ടിംഗ്, കുറ്റകൃത്യത്തിന്റെ മാറുന്ന രൂപങ്ങൾ എന്നിവയുടെ സങ്കീർണമായ കലർപ്പാണ്. പല പ്രദേശങ്ങളിലും അക്രമാസക്തമായ കുറ്റകൃത്യങ്ങൾ കുറഞ്ഞിട്ടുണ്ടെങ്കിലും ഡിജിറ്റൽ അജ്ഞാതത്വവും സാമൂഹിക-സാമ്പത്തിക സമ്മർദവും കാരണം സൈബർ കുറ്റകൃത്യങ്ങൾ, വഞ്ചന, ലിംഗാധിഷ്ഠിത കുറ്റകൃത്യങ്ങൾ എന്നിവ വർദ്ധിച്ചിട്ടുണ്ട്. ആഗോളവൽക്കരണം, അസമത്വം, മാധ്യമ ദൃശ്യപരത എന്നിവ ഓരോ പ്രവൃത്തിയേയും വലുതാക്കി കാണിക്കുന്നു.
എന്നിരുന്നാലും പെരുമാറ്റത്തിന്റെ നാഡീശാസ്ത്രം കാണിക്കുന്നത്, സാമൂഹിക സമ്മർദകാരികൾ - ദാരിദ്ര്യം, വിവേചനം, അരക്ഷിതാവസ്ഥ എന്നിവയൊക്കെ ധാർമികതയെ നിയന്ത്രിക്കുന്ന അതേ മസ്തിഷ്ക സർക്യൂട്ടുകളിൽത്തന്നെ ദീർഘകാല പ്രത്യാഘാതങ്ങൾ ചെലുത്തുന്നു എന്നാണ്. സമൂഹത്തിലെ വലിയ വിഭാഗങ്ങൾ നിരന്തരമായ സമ്മർദത്തിൽ ജീവിക്കുമ്പോൾ, നിയന്ത്രണം വിട്ടതോ സാമൂഹിക വിരുദ്ധമോ ആയ പ്രവൃത്തികൾ കൂടുന്നു. ആ അർത്ഥത്തിൽ, വർദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങൾ വ്യക്തികൾ പരാജയപ്പെടുന്നതിനെ മാത്രമല്ല, സമ്മർദത്തിന്റെ സാമൂഹിക നിയന്ത്രണത്തിലെ പരാജയത്തേയും പ്രതിഫലിപ്പിക്കുന്നു.
സമൂഹത്തിനു സ്വയം പുനരുജ്ജീവിപ്പിക്കാൻ കഴിയുമോ? തലച്ചോറുകൾക്ക് മാറാൻ കഴിയുമെങ്കിൽ, സംഘടിത ജൈവ മാറ്റങ്ങൾക്കു വഴിവയ്ക്കുവാൻ സമൂഹങ്ങൾക്കും കഴിയും.
രക്ഷാകർത്തൃത്വത്തെ പരിപോഷിപ്പിക്കൽ, വൈകാരിക സാക്ഷരത, പോഷകാഹാരം തുടങ്ങിയ ബാല്യകാല ഇടപെടലുകൾ നാഡീവികാസത്തിൽ ആജീവനാന്ത സ്വാധീനം ചെലുത്തുന്നു. അനന്തരഫലങ്ങൾ മനസ്സിലാക്കുന്നതിനും സഹാനുഭൂതിയുമായി ബന്ധപ്പെട്ട തലച്ചോറിലെ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുന്നതിനും ആവർത്തിച്ചുള്ള കുറ്റകൃത്യങ്ങൾ കുറയ്ക്കുന്നതിനും കുറ്റവാളികൾ ഇരകളെ കണ്ടുമുട്ടുന്ന പുനഃസ്ഥാപന നീതി പരിപാടികൾ ഫലപ്രദമായ ഒരു രീതിയാണ്. അസമത്വം കുറയ്ക്കുന്ന സാമൂഹികനീതി നയങ്ങൾ, നിരാശയെ നയിക്കുന്ന ജൈവിക സമ്മർദത്തെ ശാന്തമാക്കുന്നതിലൂടെ പരോക്ഷമായി കുറ്റകൃത്യങ്ങൾ കുറയ്ക്കുന്നു. ഈ വെളിച്ചത്തിൽ, കുറ്റകൃത്യം തടയുന്നത് ശിക്ഷയെ കേന്ദ്രീകരിച്ചല്ല, മറിച്ച് നാഡീ ശുചിത്വത്തെക്കുറിച്ചാണ്: സഹാനുഭൂതി, സുരക്ഷ, നിയന്ത്രണം എന്നിവ തഴച്ചുവളരാൻ അനുവദിക്കുന്ന പരിസ്ഥിതികൾ നിലനിർത്തുന്നതിനെക്കുറിച്ചാണ്.
ജൈവശാസ്ത്രപരമായ ദുർബലത, മാനസിക ക്ലേശം, സാമൂഹിക അവസരങ്ങൾ എന്നിവ കൂടിച്ചേരുന്നിടത്താണ് ക്രിമിനൽ പെരുമാറ്റം ഉടലെടുക്കുന്നത്. ജീനുകളും ന്യൂറോബയോളജിയും സാധ്യതകൾ സൃഷ്ടിക്കുന്നു; എന്നാൽ, പരിസ്ഥിതി - കുടുംബം, സംസ്കാരം, നയം എന്നിവയാണ് ആവിഷ്കാരത്തെ നിർണയിക്കുന്നത്. ആഡ്രിയൻ റെയ്ൻ സൂചിപ്പിച്ചതുപോലെ “ജീവശാസ്ത്രം നമുക്ക് ഭൂപടം നൽകുന്നു - സമൂഹം വഴി തീരുമാനിക്കുന്നു.”
നാഡീ വികസനത്തിന്റേയും സാമൂഹിക അവസരത്തിന്റേയും പരാജയമായി നമ്മൾ കുറ്റകൃത്യ പെരുമാറ്റത്തെ കണക്കാക്കുകയാണെങ്കിൽ, ജയിലുകൾ ശിക്ഷയുടെ കൂടുകളിൽനിന്ന് വീണ്ടെടുക്കലിന്റെ ലബോറട്ടറികളായി മാറും. ശരിയായ സാഹചര്യങ്ങൾ ലഭിക്കുമ്പോൾ, വഴക്കമുള്ള അഥവാ പശിമയുള്ള (plasicity) തലച്ചോറിന് അതിന്റെ കഥ മാറ്റിയെഴുതാൻ കഴിയും.
ഇന്ത്യൻ സ്റ്റോറി
ഇന്ത്യൻ സാഹചര്യത്തിൽ, സാമൂഹിക-സാമ്പത്തിക ദാരിദ്ര്യം, സമൂഹ അക്രമത്തിന് വിധേയമാകൽ, മാതാപിതാക്കളുടെ മദ്യപാനം, അസ്ഥിരമായ കുടുംബ ഘടനകൾ എന്നിവ ജൈവിക ദുർബലത വർദ്ധിപ്പിക്കുന്ന പ്രധാന പാരിസ്ഥിതിക സമ്മർദങ്ങളായി പ്രവർത്തിക്കുന്നു. ഫോറൻസിക്, ക്ലിനിക്കൽ അന്വേഷണങ്ങളിൽനിന്നുള്ള കേസ് പഠനങ്ങൾ വെളിപ്പെടുത്തുന്നത്, ആദ്യകാല പ്രതികൂല സാഹചര്യങ്ങളുടെ ചരിത്രമുള്ള കുറ്റവാളികൾ സാധാരണയായി ഉയർന്ന സമ്മർദ പ്രതിപ്രവർത്തനം, കാര്യനിർവഹണത്തിനുള്ള സാമർത്ഥ്യമില്ലായ്മ, സാമൂഹികവിരുദ്ധ ശീലങ്ങൾ എന്നിവ പ്രകടിപ്പിക്കുന്നു; ഇത് അന്താരാഷ്ട്രതലത്തിലുള്ള കണ്ടെത്തലുകളുമായി യോജിക്കുന്നുണ്ട്. മനഃശാസ്ത്രം, ക്രിമിനോളജി, ന്യൂറോബയോളജി എന്നിവ സംയോജിപ്പിച്ച് ഉയർന്നുവരുന്ന ഇന്ത്യൻ ഗവേഷണങ്ങൾ, ജനിതക മുൻകരുതലിനു പകരം പരിസ്ഥിതി പ്രതികൂലതയാണ് രാജ്യത്തെ അക്രമാസക്തമായ പെരുമാറ്റത്തിന്റെ പ്രധാന നിർണായക ഘടകം എന്ന് സ്ഥിരീകരിക്കുന്നു. ആഗോള, ഇന്ത്യൻ ഗവേഷണങ്ങളിൽ കുറ്റകൃത്യ സ്വഭാവത്തിന് ഏറ്റവും ശക്തമായ പ്രേരകങ്ങൾ ആദ്യകാല ജീവിതത്തിലെ ആഘാതത്തിന്റെ എപ്പിജെനെറ്റിക്കലായി ഭേദഗതികൾ വഹിക്കുന്ന അനുരണനങ്ങളാണ്, ആഘാതങ്ങളാണ്. ഇത് സ്വയം നിയന്ത്രണത്തിനും സഹാനുഭൂതിക്കും ഉത്തരവാദികളായ മസ്തിഷ്ക സംവിധാനങ്ങളുടെ പക്വതയെ തടസ്സപ്പെടുത്തുന്ന പാരിസ്ഥിതിക പ്രതികൂലത ഉൾപ്പെട്ടതാണ്.
ഇന്ത്യയിൽ, അക്രമാസക്തമായ അല്ലെങ്കിൽ സാമൂഹികവിരുദ്ധ പെരുമാറ്റത്തിനു പിന്നിലെ ജീവശാസ്ത്രപരമായ അവസ്ഥ ആഗോള അവസ്ഥയുമായി വളരെ സാമ്യമുള്ളതാണ്: വ്യക്തിയുടെ ആദ്യകാല ആഘാതങ്ങൾ അയാളുടെ തലച്ചോറിലെ ഭയം, വൈകാരിക/മൂർത്ത പ്രതിഫലം, ആത്മനിയന്ത്രണം എന്നിവയ്ക്കുള്ള സർക്യൂട്ടുകളുടെ വികാസത്തെ ബാധിക്കുന്ന ജൈവ-രാസ- ഒപ്പുകൾ (എപ്പിജെനെറ്റിക് അടയാളങ്ങൾ) അവശേഷിപ്പിക്കുന്നു. ഇന്ത്യൻ ഫോറൻസിക് ജനിതകശാസ്ത്രം ചില പ്രദേശങ്ങളെ മാപ്പ് ചെയ്യാൻ തുടങ്ങിയിട്ടുണ്ട് (MAOA പഠനങ്ങൾ), കൂടാതെ ഇന്ത്യയിലെ ഫോറൻസിക് സൈക്യാട്രി ക്ലിനിക്കുകൾ മേല്‍പ്പറഞ്ഞ ജൈവശാസ്ത്രപരമായ അപകടസാധ്യതകൾ സൃഷ്ടിക്കുന്ന ബാല്യകാല പ്രതികൂല സാഹചര്യങ്ങൾ രേഖപ്പെടുത്തുന്നു. ഇന്ത്യൻ ജനസംഖ്യയിൽ കാലക്രമേണ എപ്പിജനെറ്റിക് മാറ്റങ്ങൾ, തലച്ചോറിന്റെ പ്രവർത്തനം, പെരുമാറ്റം എന്നിവ അളക്കുന്ന ദീർഘകാല പഠനങ്ങളാണ് വാസ്തവത്തിൽ ഇനി ആവശ്യമുള്ളത്. ആ തെളിവുകളിൽനിന്നുള്ള പാഠങ്ങൾ ഉത്തരവാദിത്വത്തോടെ ഉപയോഗിച്ചാൽ, അക്രമ ചോദന പെരുമാറ്റമായി മാറുന്നതിനു മുന്‍പ് അതിന്റെ ജീവശാസ്ത്രത്തെ സുഖപ്പെടുത്തുന്ന പ്രതിരോധ പരിപാടികൾ (പോഷകാഹാരം, രക്ഷാകർത്തൃ പിന്തുണ, ആദ്യകാല മാനസികാരോഗ്യ സംരക്ഷണം) രൂപകല്പന ചെയ്ത് ആവിഷ്‌കരിക്കാനാകും. പുരോഗതിയെന്നാൽ ഇതും കൂടിയാണ്.
കഥകളിലെ കുറ്റവാസനാ ചരിത്രങ്ങൾ
യാഥാർത്ഥ സംഭവങ്ങളുടെ വിവരണങ്ങൾ ഒഴിവാക്കിക്കൊണ്ട് അവയുടെ പ്രതിഫലനങ്ങളായ ഭാവനാചിത്രങ്ങൾ ഒന്ന് പരിശോധിച്ചാലോ! വിക്ടർ ഹ്യൂഗോയുടെ ‘പാവങ്ങളി’ലെ നായകനായ ജീൻ വാൽജീന്റെ യാത്ര, കുറ്റകൃത്യത്തിൽനിന്ന് മോചനത്തിലേക്കുള്ള പാതയെ ആഘാതവും (Trauma) സമൂഹവും എങ്ങനെ രൂപപ്പെടുത്തുന്നുവെന്ന് പരിശോധിക്കാനുതകുന്ന ഉദാഹരണമാണ്. അപ്പം മോഷ്ടിച്ചതിന് തടവിലാക്കപ്പെട്ട മനുഷ്യനിൽനിന്ന് ധാർമിക ധൈര്യമുള്ള വ്യക്തിയിലേക്കുള്ള വാൽജീന്റെ പരിവർത്തനം, ഘടനാപരമായ അസമത്വം, കളങ്കം, വ്യക്തിപരമായ കഷ്ടപ്പാടുകൾ എന്നിവയോട് വ്യക്തികൾ എങ്ങനെ പ്രതികരിക്കുന്നു എന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങളെ പ്രതിഫലിപ്പിക്കുന്നു. ശിക്ഷയിലൂടെ സമൂഹത്തിന് മുറിവുകളെ ആഴത്തിലാക്കാനോ അനുകമ്പയിലൂടെ രോഗശാന്തിയിലേക്ക് വഴികൾ തുറക്കാനോ കഴിയുമെന്ന് അദ്ദേഹത്തിന്റെ ജീവിതം തെളിയിക്കുന്നു. വഞ്ചനയിൽനിന്നും സ്വാർത്ഥ പ്രേരണകളിൽനിന്നും അർത്ഥത്തിനും സേവനത്തിനുമുള്ള തിരയലിലേക്ക് നീങ്ങുന്ന ആർ.കെ. നാരായണന്റെ ദി ഗൈഡിലെ രാജു; വാൽജീനെപ്പോലെ തന്നെ ദാരിദ്ര്യം, വൈകാരിക അവഗണന, സാമൂഹിക സമ്മർദങ്ങൾ തുടങ്ങിയ സാഹചര്യങ്ങളാൽ - രാജുവിനെ രൂപപ്പെടുത്തുന്നു, സ്വയം പുനർനിർമിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഇരുവരും സ്വന്തം പരാജയങ്ങളുമായി മല്ലിടുന്നു. അതുപോലെ, നായകൻ എന്ന ചലച്ചിത്രത്തിലെ വേലു നായ്ക്കർ എന്ന കഥാപാത്രം അനുഭവിക്കുന്ന അക്രമം, അനീതി, അരികുവൽക്കരണം എന്നിവയാൽ പൂരിതമായ ചുറ്റുപാടുകൾ വ്യക്തികളെ കുറ്റകൃത്യങ്ങളിലേക്ക് വലിച്ചിഴയ്ക്കുകയും അതേസമയം ധാർമിക ഉണർവിന്റെ വിത്തുകൾ നടുകയും ചെയ്യുന്നതെങ്ങനെയെന്ന് വെളിപ്പെടുത്തുന്നു. ദോസ്റ്റോവ്‌സ്‌കിയുടെ ‘കുറ്റവും ശിക്ഷയും’ എന്ന കൃതിയിലെ റേസ്‌കോളിനിക്കോവ് സ്വിഡ്രിഗേയ്‌ലോവ്, ‘സ്ഫടിക’ത്തിലെ ആടുതോമ, ‘കിരീട’ത്തിലെ സേതുമാധവൻ, ‘ഗാംഗ്‌സ് ഓഫ് വാസിപുർ’ എന്ന സിനിമയിൽ കാണുന്ന ജനറേഷനൽ ട്രോമയും ക്രിമിനൽ സ്വത്വവും ഒക്കെ മറ്റുദാഹരണങ്ങളാണ്. ഈ ആഖ്യാനങ്ങളിൽ, ഇരയും കുറ്റവാളിയും തമ്മിലുള്ള അതിർത്തി മങ്ങുന്നു; ആഘാതം ലംഘനത്തിനുള്ള ഉത്തേജകമായും പരിവർത്തനത്തിനുള്ള പ്രേരണയായും ഒരേസമയം മാറുന്നു.
പ്രമേയപരമായി ഈ കഥാപാത്രങ്ങളെല്ലാം ഒരു പൊതുവായ സത്യം വെളിപ്പെടുത്തുന്നു: കുറ്റകൃത്യം പലപ്പോഴും പ്രവൃത്തിയെക്കാൾ വളരെ മുന്‍പുതന്നെ ആരംഭിക്കുന്ന ഒരു കഥയാണ് - വിശപ്പ്, അപമാനം അല്ലെങ്കിൽ അന്തസ്സിന്റെ അഭാവത്തിൽ. അവയുടെ ഫലങ്ങളെ വ്യത്യസ്തമാക്കുന്നത് വ്യക്തിപരമായ സദ്ഗുണം മാത്രമല്ല, മനുഷ്യബന്ധത്തിന്റേയും സഹാനുഭൂതിയുടേയും രണ്ടാമത്തെ അവസരങ്ങളുടേയും ലഭ്യതയാണ്. ബിഷപ്പിന്റെ ദയയിൽ ജീൻ വാൽജീൻ കൃപ കണ്ടെത്തുന്നു; ഗ്രാമീണരുടെ വിശ്വാസത്തിൽ രാജു ലക്ഷ്യം കണ്ടെത്തുന്നു; നായ്ക്കർ തന്റെ ബാല്യകാല വടുക്കളെ തന്റെ സമൂഹത്തിനായുള്ള ഒരു സംരക്ഷണ സഹജാവബോധമാക്കി മാറ്റുന്നു. ഓരോ കഥാപാത്രത്തിന്റേയും പരിണാമം ആന്തരിക മുറിവുകൾക്കും പുറം ലോകങ്ങൾക്കും ഇടയിലുള്ള ശക്തമായ ഇടപെടലിനെ എടുത്തുകാണിക്കുന്നു - വീണ്ടെടുപ്പ് ഒരു വ്യക്തിഗത തിരഞ്ഞെടുപ്പിനെപ്പോലെ തന്നെ ഒരു സാമൂഹിക സാധ്യതയാണെന്ന് കാണിക്കുന്നു. പാരിസ്ഥിതിക ഘടകങ്ങളുമായുള്ള ഇടപെടലിൽ മാത്രമേ ജനിതക അല്ലെങ്കിൽ ജൈവിക അപകടസാധ്യത അർത്ഥവത്താകൂ. സാമൂഹിക സന്ദർഭം കണക്കിലെടുക്കാതെ, ഏതൊരു ‘കുറ്റകൃത്യത്തിന്റെ ജീവശാസ്ത്ര’ വിവരണവും അപൂർണവും തെറ്റിദ്ധാരണാജനകവും ആണ്.
ശാസ്ത്രം എങ്ങോട്ടാണ് നീങ്ങുന്നത്?
ഈ മേഖലയിൽ പുതുകാല പഠനങ്ങൾ, വിവിധ ജനവിഭാഗങ്ങളിൽനിന്നുള്ള ജീനോമിക്സ്, ബ്രെയിൻ ഇമേജിംഗ്, രേഖീയ ഡാറ്റ എന്നിവ സംയോജിപ്പിച്ചുകൊണ്ടായിരിക്കും. പോളിജെനിക് സ്‌കോറുകൾ, സ്ഥിതിവിവരക്കണക്കനുസരിച്ച് മെച്ചപ്പെടും; പക്ഷേ, അവ വ്യക്തികളുടെ വീണ്ടെടുക്കലിലേക്ക് വിവർത്തനം ഉടനടി സാധിച്ചെന്നുവരില്ല. എന്നാൽ, സമ്മർദം നാഡീ വികാസത്തെ എങ്ങനെ മാറ്റുന്നു, പരിപോഷണം അപകടസാധ്യതയെ എങ്ങനെ ദൂരീകരിക്കുന്നു, ഏതൊക്കെ ഇടപെടലുകൾക്ക് ആ തന്മാത്രാ സ്വിച്ചുകളെ വീണ്ടും സുരക്ഷിതമാക്കാൻ അഥവാ റീ-കാലിബ്രേറ്റ് ചെയ്യാൻ കഴിയും എന്നീ വശങ്ങളിലുള്ള വ്യക്തതയാണ് ഏറ്റവും അത്യാവശ്യം.
ആത്യന്തികമായി ജനിതകശാസ്ത്രം നമുക്കു ജയിലിൽനിന്ന് പുറത്തുകടക്കാനുള്ള ഒരു ധാർമിക കാർഡ് നൽകുന്നില്ല - അനുകമ്പയും അടിസ്ഥാന സൗകര്യങ്ങൾക്കുള്ള അവസരങ്ങളും എത്ര പ്രധാനമാണ് എന്തുകൊണ്ട് പ്രധാനമാണ് എന്ന് അതു നമ്മെ വിളിച്ചുണർത്തി പറയുന്നു. മനുഷ്യരുടെ (മറ്റു ജീവികളുടേയും) പെരുമാറ്റം സ്‌ക്രിപ്റ്റ് ചെയ്തതല്ല, മറിച്ച് ജീവിതംകൊണ്ട് രൂപപ്പെടുത്തിയതാണെന്ന് ജീവശാസ്ത്രം പല ഉദാഹരണങ്ങളിലൂടെ ആവർത്തിച്ച് വ്യക്തമാക്കുന്നു.
---
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates