പി.കെ. എം കോയ വിന്‍സെന്റ് പുളിക്കല്‍
Malayalam Weekly

കുറ്റിച്ചിറയിലെ ചരിത്രവിശേഷങ്ങള്‍

കുറ്റിച്ചിറ എന്ന ദേശത്തേയും അതിന്റെ ചരിത്രകാരനേയും കുറിച്ച്

രേഖാചന്ദ്ര

കുറ്റിച്ചിറയിലെ തെരുവിലൂടെ മിശ്കാൽ പള്ളി പിന്നിട്ട് ഹൽവ ബസാറിലേക്ക് തിരിയുന്ന റോഡിലേക്ക് കയറി പി.കെ.എം. കോയ പറഞ്ഞു, ഇനി ഒരു ചായ കുടിച്ച് സംസാരിക്കാം. ഹോട്ടൽ താഷ്‌കന്റിലേക്ക് കയറി അദ്ദേഹം ചായയും പഴംപൊരിയും ഓർഡർ ചെയ്തു. പുതിയ കുഞ്ഞിത്താൻ മാളിക മമ്മദ് കോയ എന്ന പി.കെ.എം. കോയ കോഴിക്കോട് കുറ്റിച്ചിറയുടെ പ്രാദേശിക ചരിത്രകാരനും എഴുത്തുകാരനുമാണ്.

സ്വന്തം ദേശമായ കുറ്റിച്ചിറ എന്നറിയപ്പെടുന്ന തെക്കേപ്പുറത്തിന്റെ ചരിത്രം അറിയാനുള്ള താല്പര്യമായിരുന്നു അദ്ദേഹത്തെ അവിടുത്തെ ചരിത്രകാരനാക്കി മാറ്റിയത്. ചരിത്രപ്രസിദ്ധമായ മിശ്കാൽ പള്ളിയെക്കുറിച്ചും കുറ്റിച്ചിറയെക്കുറിച്ചും അവിടുത്തെ അന്‍പത് വർഷം മുന്‍പത്തെ മുസ്‌ലിം കല്യാണങ്ങളെക്കുറിച്ചുമെല്ലാം അദ്ദേഹം പുസ്തകങ്ങളെഴുതിയിട്ടുണ്ട്. ഒട്ടേറെ ഗവേഷകരും വിദ്യാർത്ഥികളും ചരിത്രം തേടി കുറ്റിച്ചിറയുടെ സ്വന്തം പി.കെ.എം. കോയയെ തേടി എപ്പോഴുമെത്തും. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള മീഞ്ചന്ത ഗവൺമെന്റ് ആർട്‌സ് ആന്റ് സയൻസ് കോളേജിലെ ലൈബ്രേറിയൻ കൂടിയായിരുന്നു ദീർഘകാലം അദ്ദേഹം.

ചായ കുടിക്കുന്നതിനിടെ അദ്ദേഹം താഷ്‌കന്റ് ഹോട്ടലിന്റെ കഥ പറയാൻ തുടങ്ങി. ‘അതിനെ പറ്റി ഞാൻ പറയട്ടെ’ എന്ന ചോദ്യഭാവത്തിലുള്ള ആമുഖത്തോടെയാണ് അദ്ദേഹം ഓരോ ചരിത്രവും പറഞ്ഞ് തുടങ്ങുക. നൂറിലധികം വർഷങ്ങളുടെ പഴക്കമുണ്ട് താഷ്‌കന്റ് ഹോട്ടലിന്. എൺപത്തിമൂന്നുകാരനായ പി.കെ.എം. കോയയുടെ ഓർമകൾക്കും എത്രയോ വർഷം മുന്‍പേയായിരുന്നു ഈ ഹോട്ടലിന്റെ പിറവി.

“അന്നതിന് പേരൊന്നും ഉണ്ടായിരുന്നില്ല. എന്റെ ഓര്‍മയിൽ അയമ്മൂട്ടി ഹാജിയുടെ ഹോട്ടൽ എന്നാണ് പറഞ്ഞിരുന്നത്. ഇന്ത്യ-പാകിസ്താൻ യുദ്ധം അവസാനിപ്പിക്കാനായി 1966-ൽ ഇന്ത്യൻ പ്രധാനമന്ത്രി ലാൽബഹാദൂർ ശാസ്ത്രിയും പാകിസ്താൻ പ്രസിഡന്റ് മുഹമ്മദ് അയ്യൂബ്ഖാനും താഷ്‌കന്റിൽവെച്ച് സമാധാന കരാർ ഒപ്പുവെച്ചതിന് ശേഷമാണ് ഹോട്ടലിന് താഷ്‌കന്റ് എന്ന് പേരിട്ടത്.”

യുദ്ധം അവസാനിച്ചതിന്റെ ആശ്വാസവും താഷ്‌കന്റ് കരാർ ഒപ്പുവെച്ചതിന്റെ തൊട്ടടുത്ത ദിവസം തന്നെയുണ്ടായ ലാൽബഹാദൂർ ശാസ്ത്രിയുടെ മരണവും ആയിരിക്കാം ഹോട്ടലിന് ആ പേരിടാൻ കാരണമായത്. ആ ഓർമകൾ ഇപ്പോഴും ഈ പേരിലൂടെ കുറ്റിച്ചിറയിലുണ്ട്. ഉടമകൾ പലരും കൈമാറി വന്നെങ്കിലും പേര് അങ്ങനെ തന്നെ നിലനിർത്തി. പി.കെ.എം. കോയയുടെ ബന്ധുവാണ് ഇപ്പോഴത്തെ ഉടമ.

പി.കെ. എം കോയ രചിച്ച പുസ്തകങ്ങള്‍

പൈതൃകത്തിന്റെ നാട്

‘കുറ്റിച്ചിറ ഹെറിറ്റേജ്’, ‘കുറ്റിച്ചിറ പൈതൃകത്തിന്റെ നാട്’, ‘തെക്കേപ്പുറത്തെ കല്യാണവിശേഷങ്ങൾ’ എന്നിവയാണ് പി.കെ.എം. കോയയുടെ പുസ്തകങ്ങൾ. ലളിതവും ഹ്രസ്വവുമാണ് ഇദ്ദേഹത്തിന്റെ പുസ്തകങ്ങൾ. കുറ്റിച്ചിറയെക്കുറിച്ചും മിശ്കാൽ പള്ളിയെക്കുറിച്ചുമെല്ലാം ചരിത്രകാരന്മാർ എഴുതിയിട്ടുണ്ടെങ്കിലും പി.കെ.എം. കോയയുടെ പുസ്തകങ്ങൾ വ്യത്യസ്തമാവുന്നത് അത് പ്രദേശവാസികൾക്കുകൂടി വേണ്ടിയാണ് എന്നുള്ളതാണ്. പലപ്പോഴും വലിയ ചരിത്രകാരന്മാർ സ്ഥലചരിത്രങ്ങൾ എഴുതുമെങ്കിലും ആ പ്രദേശത്തെ ആളുകൾക്ക് പലപ്പോഴും ആ ചരിത്രം അറിയണമെന്നില്ല. അവരിലേക്ക് ഇത്തരം പുസ്തകങ്ങളും എത്തണമെന്നില്ല. മീഞ്ചന്ത ആർട്‌സ് കോളേജിലെ ലൈബ്രേറിയനായിരുന്ന കാലത്തെ വായനയും സ്വന്തം ദേശത്തെക്കുറിച്ച് അറിയാനുള്ള ത്വരയുമാണ് പിന്നീട് പുസ്തകമെഴുത്തിലേക്ക് മാറിയത്. പുസ്തകങ്ങൾ എഴുതുന്നതിന് മുന്‍പ് കുറ്റിച്ചിറയുടെയും മിശ്കാൽ പള്ളിയുടെയുമെല്ലാം ചരിത്രം എഴുതി ഫോട്ടോസ്റ്റാറ്റ് കോപ്പിയെടുത്ത് പള്ളിയിൽ നിസ്‌കരിക്കാനെത്തുന്നവർക്ക് വിതരണം ചെയ്തിരുന്നു ഇദ്ദേഹം. പിന്നീടാണ് പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുന്നത്.

കോഴിക്കോട് നഗരത്തിൽ ബീച്ചിനോട് ചേർന്ന പ്രദേശമാണ് കുറ്റിച്ചിറ. തെക്കേപ്പുറം എന്നതായിരുന്നു യഥാർത്ഥ പേര്. പ്രദേശത്തിന്റെ മുഖമുദ്രയായി വലിയ ഒരു കുളം നിർമിക്കപ്പെട്ടതോടെയാണ് കുറ്റിച്ചിറ എന്ന പേര് ആളുകൾ പറയാൻ തുടങ്ങിയത്. ചിറയോട് ചേർന്നുള്ള ചരിത്ര പ്രസിദ്ധമായ മിശ്കാൽ പള്ളിക്ക് 700 വർഷം പഴക്കമുണ്ട്. 1100 വർഷം പഴക്കമുള്ള മുച്ചുന്തി പള്ളി, ആയിരം വർഷം പഴക്കമുള്ള കുറ്റിച്ചിറ ജുമാഅത്ത് പള്ളി എന്നിവയും ചിറയോട് ചേർന്നു തന്നെ ഇവിടെയുണ്ട്. മുന്നൂറും നാനൂറും വർഷം പഴക്കമുള്ള പഴയ തറവാട്ടു വീടുകളും കുറ്റിച്ചിറയുടെ ചരിത്രത്തെ സമൃദ്ധമാക്കുന്നു. കേരളത്തിലേക്കുള്ള മുസ്‌ലിങ്ങളുടെ വരവ്, കോഴിക്കോട്ടെ വിദേശ കച്ചവടം, സാമൂതിരി രാജാവും മുസ്‌ലിം സമുദായവുമായുള്ള ബന്ധം, കുറ്റിച്ചിറയിലെ സ്വാതന്ത്യസമര സേനാനികളായ മുസ്‌ലിങ്ങൾ, കുറ്റിച്ചിറയിലെ തറവാട് വീട്ടുകൾ, തെരുവുകൾ, വിവിധ പ്രദേശങ്ങളിൽ നിന്നെത്തിയ മുസ്‌ലിങ്ങളുടെ ചരിത്രം തുടങ്ങി നിരവധി വിവരങ്ങളടങ്ങിയതാണ് പി.കെ.എം. കോയയുടെ ‘കുറ്റിച്ചിറ- പൈതൃകത്തിന്റെ നാട്’ എന്ന പുസ്തകം.

ചരിത്രം പറയുന്ന മിശ്കാൽ പള്ളി

പതിനാലാം നൂറ്റാണ്ടിൽ യെമൻ വംശജനായ നാഖൂദ മിശ്കാൽ എന്ന അറബി പ്രമുഖനാണ് കുറ്റിച്ചിറയിലെ മിശ്കാൽ പള്ളി നിർമിച്ചത് എന്നതാണ് ചരിത്രം പറയുന്നു. ഇതുൾപ്പെടെ കുറ്റിച്ചിറയിലെ ചരിത്ര പ്രാധാന്യമുള്ള പള്ളികളെക്കുറിച്ചുള്ളതാണ് ‘കുറ്റിച്ചിറ ഹെറിറ്റേജ്’ എന്ന ചെറുപുസ്തകം. ചരിത്ര ഗവേഷകർ മാത്രമല്ല ആർകിടെക്ട് വിദ്യാർത്ഥികളും ഇവിടുത്തെ പള്ളികളുടെയും വീടുകളുടെയും ചരിത്രവും നിർമിതിയും അന്വേഷിച്ച് പി.കെ.എം. കോയയെ തേടിയെത്താറുണ്ട്. പള്ളിനിർമാണത്തിന് കല്ലിനേക്കാൾ കൂടുതൽ മരമാണ് ഉപയോഗിച്ചത് എന്ന് പുസ്തകത്തിൽ പറയുന്നു. “തനതായ കേരളീയ വാസ്തുകലാശില്പ രീതിയിലാണ് ഇതിന്റെ നിർമാണം. പോർച്ചുഗീസുകാരാൽ മിശ്കാൽ പള്ളിയും ആക്രമിക്കപ്പെട്ടിരുന്നു. പള്ളിക്ക് തീവെച്ച വിവരമറിഞ്ഞ സാമൂതിരി പള്ളി സംരക്ഷിക്കാൻ അഞ്ഞൂറോളം വരുന്ന പടയാളികളെ അയച്ചു. പോർച്ചുഗീസുകാരുമായുണ്ടായ ആ ഏറ്റുമുട്ടലിൽ അന്‍പതോളം നായർ-മുസ്‌ലിം പടയാളികൾ കൊല്ലപ്പെട്ടു. തീവെയ്‌പിൽ നശിച്ചുപോയ മുകൾ നില പുനർനിർമിക്കാൻ, പോർച്ചുഗീസുകാരുടെ തന്നെ ചാലിയം കോട്ട തകർത്ത മരമാണ് സാമൂതിരി എത്തിച്ചുകൊടുത്തത്”- പി.കെ.എം. കോയ പറയുന്നു.

കോഴിക്കോട്ടെ തന്നെ ആദ്യത്തെ പള്ളി എന്നറിയപ്പെടുന്ന മുച്ചുന്തി പള്ളിയിലാണ് മോയിൻ കുട്ടി വൈദ്യർ താമസിച്ച് മാപ്പിളപ്പാട്ടുകൾ രചിച്ചിരുന്നത് എന്ന് ചരിത്രരേഖകൾ ഉദ്ധരിച്ച് അദ്ദേഹം പറയുന്നു. ജുമഅത്ത് പള്ളി, സഭാപള്ളി തുടങ്ങി ചരിത്ര പ്രാധാന്യമുള്ള പള്ളികളുള്‍പ്പെടെ മുപ്പതോളം പള്ളികൾ ഈ പ്രദേശത്തുണ്ട്. ചിറയുടെ ചുറ്റും തന്നെ ആറ് പള്ളികളുണ്ട്. കുറ്റിച്ചിറയിലെ പള്ളികളുടെ നിർമാണ രീതി തന്നെ വ്യത്യസ്തമാണ്. അറബ്, മുഗൾ ശൈലി പിന്തുടരുന്നതല്ല അവയൊന്നും. നിർമാണത്തിലെ പ്രത്യേകതകളും അതിന്റെ ചരിത്രവും കുറ്റിച്ചിറയിലേക്കുള്ള മുസ്‌ലിങ്ങളുടെ വരവുമെല്ലാം പി.കെ.എം. കോയയുടെ പുസ്തകം വിവരിക്കുന്നുണ്ട്.

കുറ്റിച്ചിറ മിശ്ഹാല്‍ പള്ളി

കുറ്റിച്ചിറയിലെ കല്യാണം

ഏറ്റവുമൊടുവിൽ എഴുതിയ പുസ്തകമാണ് ‘തെക്കേപ്പുറത്തെ കല്യാണവിശേഷങ്ങൾ.’ ആചാരത്തിലും ചടങ്ങുകളിലും വേഷത്തിലുമെല്ലാം വലിയ മാറ്റങ്ങൾ വന്നതോടെയാണ് പഴയകാലത്തെ കല്യാണവിശേഷങ്ങളെക്കുറിച്ച് പി.കെ.എം. കോയ പുസ്തകമെഴുതിയത്. പലരോടും സംസാരിച്ചും പഴയ ആൽബങ്ങളും രേഖകളും കണ്ടെടുത്തുമാണ് അദ്ദേഹം ഇത് തയ്യാറാക്കിയത്. മറ്റിടങ്ങളിലെ മുസ്‌ലിം വിവാഹങ്ങളുമായി കുറ്റിച്ചിറയിലെ വിവാഹങ്ങൾക്ക് വ്യത്യാസമുണ്ട്. ഇന്നും മരുമക്കത്തായ സമ്പ്രദായമാണ് ഇവിടെയുള്ളത്. വിവാഹം കഴിഞ്ഞാൽ ഭർത്താവ് ഭാര്യവീട്ടിലേക്കാണ് വരുന്നത്. പണ്ടുകാലത്ത് ഒരു മാസത്തോളം നീണ്ടുനിൽക്കുന്ന ചടങ്ങുകളുണ്ടായിരുന്നു എന്ന് പി.കെ.എം. കോയ പറയുന്നു. “ഇന്നത്തെ പോലെ പെണ്ണുകാണൽ ഉണ്ടായിരുന്നില്ല. കാരണവന്മാരും കുടുംബക്കാരും തമ്മിൽ കണ്ട് സംസാരിച്ചാണ് ബന്ധം ഉറപ്പിച്ചിരുന്നത്. കല്യാണത്തിന്റെ അന്നാണ് ഇരുവരും പരസ്പരം കാണുന്നത്. വിവാഹ പ്രായം പെണ്ണിന് പതിന്നാലും ചെക്കന് 20-22 ഉം ആയിരുന്നു. കല്യാണനിശ്ചയത്തിനുശേഷം ഇടത്തരക്കാർ കുറ്റൂശ എന്ന പേരിൽ പണപ്പിരിവ് നടത്തിയിരുന്നു. ക്ഷണിക്കേണ്ടവരുടെ ലിസ്റ്റ് തയ്യാറാക്കി കുറ്റൂശ കത്ത് അടിക്കും. രാത്രിയാണ് ചടങ്ങ്. പണം തരുന്നവരുടെ പേരും സംഖ്യയും ഒരു നോട്ടുബുക്കിൽ എഴുതി വെയ്ക്കും. ഒരു രൂപ മുതൽ അഞ്ചു രൂപ വരെയൊക്കെയാണ് അന്ന് നൽകിയിരുന്നത്.

കല്യാണനിശ്ചയം കഴിഞ്ഞ് വിളിക്കേണ്ടവരുടെ ലിസ്റ്റ് തയ്യാറാക്കുന്നത് ഒരു ചടങ്ങാണ്. അന്ന് ചെറിയ സദ്യയുമുണ്ടാകും. കത്ത് ആളുകളെ ഏൽപ്പിക്കാൻ കത്തുകാരുണ്ടാകും. അവരാണ് കല്യാണം വിളിക്കുക. കുടുംബക്കാർ പോയി വിളിക്കുന്ന പതിവില്ല. സ്ത്രീകളെ വിളിക്കാൻ സ്ത്രീകളുണ്ടാവും. വിളിക്കാരത്തികൾ എന്നാണ് അവരെ പറയുക. വിളിക്കാർക്ക് കത്ത് കൈമാറുന്ന ദിവസവും സദ്യയുണ്ടാകും. കാച്ചിയും തട്ടവുമടക്കം പുതുവസ്ത്രങ്ങളും അവർക്ക് നൽകും. കല്യാണത്തിന് മുന്‍പ് ഖാസിയുടെ വീട്ടിൽവെച്ച് കുടുംബക്കാരും കാരണവന്മാരും അടുത്ത സ്‌നേഹിതരും മാത്രം പങ്കെടുത്ത് നിക്കാഹ് നടത്തും. അന്നാണ് മഹർ നിശ്ചയിക്കുക. അന്നും സദ്യയുണ്ടാകും.

കല്യാണത്തിന് അരി എടുത്തുകഴിഞ്ഞാൽ അത് ചേറി കല്ല് കളഞ്ഞ് സേറ് കണക്കാക്കി വെയ്ക്കും. അന്നത്തെ അരിയിൽ കല്ലുണ്ടാകും. അരി ചേറലും ഒരു ചടങ്ങാണ്. അന്നും ചെറിയ സദ്യയുണ്ടാകും. കല്യാണത്തിന് ഒരു ദിവസം മുന്‍പ് ചെറിയ ‘വെത്തിലക്കെട്ട്’ എന്ന ചടങ്ങ് നടക്കും. കുടുംബക്കാരും ബന്ധുക്കളും സ്‌നേഹിതരും പങ്കെടുക്കും. സദ്യയുമുണ്ടാകും. കല്യാണത്തിന്റെ തലേന്നാണ് ‘വെത്തിലക്കെട്ട്’. അന്ന് ധാരാളം പേർ എത്തും. ചെക്കന്റെയും പെണ്ണിന്റേയും വീട്ടിൽ ഈ ചടങ്ങുകൾ നടത്തും. സ്ത്രീകൾ പായയിൽ വട്ടത്തിലിരുന്ന് വെറ്റിലകെട്ടി വലിയ കൊട്ടയിൽ ഇടും. അടക്കയും പുകയിലയുടെ കഷ‌ണവുംവെച്ച് മടക്കി ഈർക്കിലിൽ കുത്തിവെയ്ക്കും. വലിയ സദ്യയും ഉണ്ടാകും. മൈലാഞ്ചിയിടലും ഒപ്പനയും അന്നാണ്.

കല്യാണദിവസം, വരുന്ന അതിഥികൾക്ക് സിഗരറ്റ് നൽകും. ഭക്ഷണം കഴിച്ചതിന് ശേഷവും സിഗരറ്റ് കൊടുക്കുന്ന പതിവുണ്ട്. ചില വീടുകളിൽ ബാന്റുണ്ടാകും. വരുന്നവർക്ക് തലേദിവസം കെട്ടിവെച്ച വെറ്റിലക്കെട്ടും ഉണ്ടാവും. ഇത് മുറുക്കി തുപ്പാൻ അവിടവിടെയായി കോളാമ്പികളും വെയ്ക്കും. വധുവിന്റെ വീട്ടിൽനിന്ന് വരനെ കൊണ്ടുപോകാൻ സഹോദരനും ബന്ധുക്കളും എത്തും. അവർക്കൊപ്പം വരൻ വധുവിന്റെ വീട്ടിലേക്ക് പോകും. ഇവിടുത്തെ കാരണവർ ഒരു കിഴി വരന്റെ വീട്ടിലെ കാരണവരെ ഏൽപ്പിക്കും. സ്ത്രീധനം കൈമാറുന്ന ചടങ്ങാണ്. കാരണവർ അതുമായി ഭക്ഷണം കഴിക്കാതെ മടങ്ങും. അത് കഴിഞ്ഞാൽ ഒപ്പന തുടങ്ങുകയായി. ഒപ്പന കഴിഞ്ഞാൽ സദ്യയ്ക്ക് ‘സുപ്ര’യിടും.

ഇതിനുശേഷം പുതിയാപ്ലയെ അറയിലേക്ക് ആനയിക്കും. പുതിയോട്ടി എന്ന് വിളിക്കുന്ന വധുവിനേയും ഒരുകൂട്ടം സ്ത്രീകൾ ആനയിക്കും. പുതിയാപ്ല ഒരു മുല്ലമാല വധുവിന്റെ കഴുത്തിലണിയിക്കും. കൂടെ ഒരു മോതിരവും. വധു തിരിച്ച് മധുരം നൽകും. ആ സമയത്തായിരിക്കും വധുവും വരനും പലപ്പോഴും ആദ്യമായി കാണുന്നത്. ഇതിന് ശേഷം പുതിയാപ്ല സ്വന്തം വീട്ടിലേക്ക് മടങ്ങും. പിന്നീട് പുതുക്കം, മറുപുതുക്കം തുടങ്ങിയ ചടങ്ങുകളാണ്. വരന്റെ വീട്ടിലെ സ്ത്രീകൾ വന്ന് വധുവിനെ കൂട്ടിക്കൊണ്ടുപോകും. ശേഷം വധുവിന്റെ വീട്ടുകാർ വന്ന് തിരിച്ചുകൊണ്ടുപോകും. പിന്നീട് വരന്റെ വീട്ടിലെ പ്രായമായ സ്ത്രീകൾ വന്ന് വധുവിനെ കൂട്ടിക്കൊണ്ടുപോകും. പിന്നീട് വധുവിന്റെ വീട്ടുകാർ വന്ന് തിരിച്ചും കൂട്ടിക്കൊണ്ടുപോകും, ഇതാണ് മറുപുതുക്കം. ഇങ്ങനെ ഒരു കല്യാണദിവസം തന്നെ പല തവണ അങ്ങോട്ടുമിങ്ങോട്ടും പോക്കുവരവ് ചടങ്ങുണ്ടാകും. ഇതെല്ലാം നടന്നാണ് പോയിക്കൊണ്ടിരുന്നത്. കല്യാണങ്ങൾ മിക്കവാറും രാത്രിയിലായതിനാൽ ഈ പോക്ക് വരവും രാത്രിയാണ്. വെളിച്ചത്തിന് പെട്രോമാക്‌സ് തലയിലേറ്റി അഞ്ച് പത്ത് പേർ കൂടെയുണ്ടാവും. റോഡിലും വഴിയിലും ഒന്നും അന്ന് വെളിച്ചമില്ല. ഈ വെളിച്ചത്തിലുള്ള പോക്കും വരവും കല്യാണത്തിന്റെ മനോഹരമായ കാഴ്ചയാണ്. കല്യാണത്തിന്റെ പിറ്റേന്ന് പെണ്ണിനേയും വീട്ടുകാരെയും ചെക്കന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരും. സദ്യയ്ക്ക് ശേഷം അവർ തിരിച്ചുപോകും.

കല്യാണത്തിന് ശേഷം മൂന്ന് ദിവസത്തിന് ശേഷം രാത്രിയാണ് മൂടംമാനം ചടങ്ങ്. അതും വലിയ സദ്യയും ആൾക്കൂട്ടവും ഉള്ള ചടങ്ങാണ്. അതും കത്തടിച്ച് ആൾക്കാരെ വിളിക്കണം. അന്നാണ് വധുവിന്റേയും വരന്റേയും ആദ്യരാത്രി.

വെള്ള ഷർട്ട്, മുണ്ട്, അതിന് മുകളിൽ നേരിയ തുണികൊണ്ടുള്ള അങ്കർക്ക എന്ന നീളൻ കുപ്പായം, തോളിൽ കൂടി ചുറ്റിയ കസവിന്റെ നീളമുള്ള ഷാൾ, കസവു തൊപ്പി, കസവ് വെച്ച ഷൂ- ഇതാണ് കുറ്റിച്ചിറയിലെ പുതിയാപ്ലയുടെ വേഷം. നിറയെ കസവുകൊണ്ട് തുന്നിയ പെൺകുപ്പായം, കസവിന്റെ തട്ടം, കസവിന്റെ ഷൂ, കഴുത്തിലും കൈയിലും നിറയെ ആഭരണങ്ങൾ- ഇതാണ് പെണ്ണിന്റെ വേഷം. മാസറ എന്ന പേരിൽ വട്ടത്തിൽ നിലത്തിരുന്നാണ് അന്നത്തെ സദ്യ. നടുക്ക് മാസറ പലകയിൽ ഭക്ഷണംവെയ്ക്കും. 12 പേര് വരെ ഒരു മാസറയിൽ ഇരുന്ന് ഭക്ഷണം കഴിക്കും.”

പറഞ്ഞാൽ തീരാത്തത്ര വിശേഷങ്ങൾ തെക്കേപ്പുറത്തെ പഴയ കല്യാണങ്ങൾക്കുണ്ട്. അത് പറയാനും പി.കെ.എം. കോയയ്ക്ക് ഉത്സാഹമാണ്. സൗമ്യമായി ചിരിച്ച്, പറയുന്നത് സ്വയം ആസ്വദിച്ച് എത്രനേരം വേണമെങ്കിലും കുറ്റിച്ചിറയുടെ ചരിത്രം അദ്ദേഹം പറയും. മിശ്കാൽ പള്ളിയോട് ചേർന്നുള്ള പള്ളിത്താഴം വീട്ടിലാണ് പി.കെ.എം. കോയയും കുടുംബവും താമസിക്കുന്നത്. ചരിത്രം പേറുന്ന ഈ പള്ളിമുറ്റത്തുകൂടിയാണ് ആ വീട്ടിലേക്കുള്ള വഴിയും. ചിറയുടെ മറുഭാഗത്താണ് ജനിച്ചുവളർന്ന തറവാട്. ചരിത്രപുസ്തക രചനയ്‌ക്കൊപ്പം അപൂർവ നാണയങ്ങളുടെയും പുരാതന വസ്തുക്കളുടെയും വലിയൊരു ശേഖരവും ഇദ്ദേഹത്തിനുണ്ട്. ഫലിതപ്രിയനായ പി.കെ.എം. കോയയുടെ നൂറുകണക്കിന് ഫലിതങ്ങൾ പല ആനുകാലികങ്ങളിലായി പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.

ഫാത്തിമ തഹ്ലിയ എം.എൽ.എ. ആയതിന്റെ ഒഴിവിൽ പുതിയ കൗൺസിലർക്കായുള്ള തെരഞ്ഞെടുപ്പ് സമയമായിരുന്നു കുറ്റിച്ചിറയിൽ. മുസ്‌ലിം ലീഗിന്റെ പ്രാദേശിക ഭാരവാഹി കൂടിയാണ് പി.കെ.എം. കോയ. അരിപ്പത്തിരിയുടെ മാവ് കൊണ്ടുണ്ടാക്കുന്ന കുറ്റിച്ചിറയുടെ വിഭവമായ വളാപ്പ് എന്ന മുറുക്കുപോലുള്ള പലഹാരവും തിന്ന് ചരിത്രവും രാഷ്ട്രീയവും നർമവും പറഞ്ഞ് കുറ്റിച്ചിറയുടെ തെരുവിലൂടെ അദ്ദേഹത്തിനൊപ്പം പിന്നെയും ഏറെ ദൂരം ഞങ്ങൾ നടന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തുലാവര്‍ഷം ശക്തമാകുന്നു, 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിനും സാധ്യത

ആ മൂന്ന് ചെറുപ്പക്കാര്‍ക്കുമുണ്ടായിരുന്നു ജീവിതം; കണ്ണീരും കൂപ്പുകയ്യുമായുള്ള അഭിനയം വിലപ്പോവില്ല: സിദ്ധു പനയ്ക്കല്‍

യാത്രയ്ക്കിടെ ആകാശത്ത് എയര്‍ ആംബുലന്‍സിന്റെ വാതില്‍ തുറന്നു, ധാക്കയില്‍ എമര്‍ജന്‍സി ലാന്‍ഡിങ്; ഇന്ത്യന്‍ വനിതയ്ക്ക് ദാരുണാന്ത്യം

എൽഡിഎഫ് സർക്കാരിന്റെ മദ്യനയം തിരുത്തും: പുതിയ മദ്യനയം നവംബറോടെ

അസ്ഹറുദ്ദീൻ 139, സച്ചിൻ 112! രഞ്ജിയിൽ കേരളത്തിന് മികച്ച സ്‌കോര്‍