എം.കെ. മുനീര്‍ Samakalika Malayalam
Malayalam Weekly

മാര്‍ക്സിസ്റ്റ് പാര്‍ട്ടി തീവ്രവലത്; മുസ്ലീം ലീഗ് പ്രോലറ്റേറിയന്‍

രേഖാചന്ദ്ര

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തിൽ കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചും മുസ്‌ലിം ലീഗിന്റേയും യു.ഡി.എഫിന്റേയും സാധ്യതകളെക്കുറിച്ചും മുസ്‌ലിം ലീഗ് നേതാവും എം.എൽ.എയുമായ എം.കെ. മുനീർ സംസാരിക്കുന്നു.

ആരോഗ്യസ്ഥിതി എങ്ങനെയുണ്ട്. എന്തായിരുന്നു സംഭവിച്ചത്?

ആരോഗ്യം ഇപ്പോൾ കുഴപ്പമില്ലാതെ പോകുന്നു. പൊതുപരിപാടികൾക്കെല്ലാം പോയിത്തുടങ്ങി. മണ്ഡലത്തിലെ പ്രവർത്തനത്തിലും സജീവമാണിപ്പോൾ. പൊട്ടാസ്യം ലെവൽ കുറഞ്ഞതായിരുന്നു പ്രശ്നം. പൊട്ടാസ്യം ലെവൽ കുറയുന്നത് കാർഡിയാക് അറസ്റ്റ് ഉണ്ടാക്കും. എനിക്കും കാർഡിയാക് അറസ്റ്റ് വന്നു. ആശുപത്രിയിൽ വെച്ചുതന്നെയായിരുന്നു സംഭവിച്ചത്. അതുകൊണ്ട് പെട്ടെന്നുതന്നെ അറ്റൻഡ് ചെയ്ത് സി.പി.ആർ തരാൻ കഴിഞ്ഞു. കുറച്ച് ദിവസം ഐ.സി.യുവിൽത്തന്നെ കഴിഞ്ഞു. രണ്ടാഴ്ചയോളം ആശുപത്രിയിൽ കഴിയേണ്ടി വന്നു.

രാഷ്ട്രീയത്തിലായതിനാൽ ഈ ഓട്ടത്തിനിടയിൽ ആരോഗ്യം നോക്കാൻ നമ്മൾ മറന്നുപോകും. അതിന് സമയം കിട്ടില്ല. ആരോഗ്യം എന്നു പറയുന്നത് ജീവിതശൈലിയാണ്. പ്രധാനമായും ഉറക്കവും ഭക്ഷണവും. ഭക്ഷണത്തിൽത്തന്നെ കൃത്യസമയത്തും ന്യൂട്രിഷ്യസ് ആയതുമായ ഭക്ഷണം പ്രധാനമാണ്. പക്ഷേ, രാഷ്ട്രീയത്തിൽ ഇതൊന്നും നടക്കൂല. രാത്രി എല്ലാ പണിയും കഴിഞ്ഞാണ് ഞാൻ വായിക്കാൻ ഇരിക്കുന്നത്. അത് പുലർച്ചെ വരെ നീളും. ഉറക്കം വരാനും പുലർച്ചെ ആവും. മെഡിസിൻ പഠനകാലം മുതലുള്ള ശീലം അങ്ങനെയാണ്. വായനയൊക്കെ കഴിഞ്ഞ് രാത്രി വൈകി ഉറങ്ങിയാലും പിറ്റേന്ന് രാവിലെ പതിവുപോലെ കാര്യങ്ങളെല്ലാം ചെയ്യും. രാഷ്ട്രീയ പ്രവർത്തനത്തിനിടയിൽ ഭക്ഷണവും കൃത്യസമയത്ത് കഴിക്കാൻ പറ്റില്ല. പണ്ടൊക്കെ പുലർച്ചെ വരെ സമ്മേളനങ്ങളൊക്കെ നടക്കും. ഇന്നത്തെപ്പോലെ പത്ത് മണിവരെ എന്ന നിബന്ധനയൊന്നും മുന്‍പ് ഉണ്ടായിരുന്നില്ല. അതൊക്കെ കഴിഞ്ഞിട്ടായിരിക്കും ഭക്ഷണം കഴിക്കുക. ചില ദിവസങ്ങൾ രണ്ടോ മൂന്നോ തവണയൊക്കെ ഉച്ചഭക്ഷണം കഴിക്കേണ്ടിയും വരും. കല്ല്യാണംപോലെയോ മറ്റോ ഉള്ള ചടങ്ങുകളിലൊക്കെ പങ്കെടുക്കേണ്ടിവരുമ്പോൾ ചിലപ്പോള്‍ രണ്ടോ മൂന്നോ ഇടങ്ങളിലൊക്കെ ഉണ്ടാകും. അങ്ങനെ മൊത്തത്തിൽ അടിതെറ്റിയ രീതിയായിരുന്നു. കുറേക്കാലം അങ്ങനെപോയി. ചെറുപ്പകാലത്ത് നമ്മളതൊന്നും ശ്രദ്ധിക്കില്ല.

ഇതെല്ലാം അടിഞ്ഞുകൂടി ഒരു ഘട്ടമെത്തുമ്പോൾ സമയം തിരിച്ചു പോകാൻ കഴിയാത്ത രീതിയിലേക്ക് കുറേ കാര്യങ്ങൾ കൈവിട്ട് പോകും. കൈക്കും കാലിനും തരിപ്പ്, നടക്കാൻ ബുദ്ധിമുട്ട് ഒക്കെ വന്നു. പക്ഷേ, എന്നിട്ടും വായനയും എഴുത്തും എം.എൽ.എ എന്ന നിലയിലുള്ള പ്രവർത്തനങ്ങളും ഒക്കെയായി മുന്നോട്ട് പോയി. കാറിലാണ് ഞാൻ പൊതുവെ യാത്ര ചെയ്തിരുന്നത്. ട്രെയിൻ അങ്ങനെ ഉപയോഗിക്കാറില്ല. കാറിൽ ദീർഘദൂരം സഞ്ചരിക്കുക എന്നത് വേറൊരു പ്രശ്നമാണ്. അതും ശരീരത്തെ ബാധിച്ചു.

വയറിളക്കം കാരണമാണ് ഞാൻ ആശുപത്രിയിൽ അഡ്‌മിറ്റാവുന്നത്. മണ്ഡലത്തിൽ ഗ്രാമയാത്ര എന്ന പരിപാടി നടക്കുന്നുണ്ട്. പഞ്ചായത്തുകളിലെല്ലാം കഴിഞ്ഞ് മുനിസിപ്പാലിറ്റിയിൽ പരിപാടി ഉള്ള ദിവസമായിരുന്നു. പരിപാടിയിൽ പങ്കെടുക്കണം എന്ന് ഡോക്ടറോട് പറഞ്ഞ് ഞാൻ ആശുപത്രിയിൽനിന്നിറങ്ങി. മൂന്ന് മണിക്കൂറോളം പരിപാടിയിൽ പങ്കെടുത്തു. തിരിച്ച് വീട്ടിൽ പോയി കിടന്നാലോ എന്നാലോചിച്ചതാണ്. പക്ഷേ, ഡോക്ടറോട് പറഞ്ഞതുകൊണ്ട് തിരിച്ച് ആശുപത്രിയിലേക്ക് തന്നെ പോയി. കാർഡിയാക് അറസ്റ്റ് വന്നപ്പോൾ പെട്ടെന്നുതന്നെ ചികിത്സ കി്ട്ടിയത് ആ സമയം ആശുപത്രിയിൽ ആയതുകൊണ്ടാണ്.

കോഴിക്കോട് സൗത്തിൽനിന്നു മാറി കൊടുവള്ളിയിലാണ് കഴിഞ്ഞ തവണ മത്സരിച്ചത്. ഇത്തവണത്തെ തെരഞ്ഞെടുപ്പ് സാധ്യത എന്താണ്?

പാർട്ടി എന്തു തീരുമാനമാണോ എടുക്കുന്നത് അതിന്റെ കൂടെ നിൽക്കും. ഞാൻ ആദ്യം കൗൺസിലർ ആവുന്നത് പാർട്ടി പറഞ്ഞിട്ടാണ്. അന്ന് ഞാൻ മെഡിസിന് പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഫൈനൽ ഇയർ സമയത്താണ് കോർപ്പറേഷൻ കൗൺസിലറാകുന്നത്. 25 വയസായിരുന്നു അന്ന്. പിന്നീട് യൂത്ത് ലീഗിന്റെ സംസ്ഥാന പ്രസിഡന്റായി നിൽക്കുന്ന സമയത്താണ് അടുത്ത മത്സരം. 1991-ൽ. ഇപ്പോഴത്തെ കോഴിക്കോട് സൗത്ത് അന്ന് കോഴിക്കോട് രണ്ടാം മണ്ഡലമാണ്. അന്ന് അവിടെ സിറ്റിങ് എം.എൽ.എ സി.പി. കുഞ്ഞായിരുന്നു. അദ്ദേഹത്തെ പരാജയപ്പെടുത്തിയാണ് ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിൽ ജയിക്കുന്നത്. പിന്നീട് രണ്ട് തവണ മലപ്പുറത്ത് നിന്നു ജയിച്ചു. അതുകഴിഞ്ഞ് മങ്കടയിൽ മത്സരിച്ചു. അവിടെ പരാജയപ്പെട്ടു. പിന്നീട് കോഴിക്കോട് സൗത്തിൽത്തന്നെ തിരിച്ചെത്തി. രണ്ട് തവണയും സൗത്തിൽ ജയിച്ചു. കഴിഞ്ഞതവണ കൊടുവള്ളിയിലും. ഇതെല്ലാം പാർട്ടി പറഞ്ഞതനുസരിച്ച് ചെയ്തതാണ്. മത്സരിച്ച മിക്കയിടത്തും ഇടതുപക്ഷമാണ് അതുവരെ ജയിച്ചുകൊണ്ടിരുന്നത്. സി.പി. കുഞ്ഞിനോട് മത്സരിച്ച് ജയിച്ച സൗത്തിൽ വീണ്ടുമെത്തിയപ്പോൾ അത് ലെഫ്റ്റിന്റെ മണ്ഡലമായിരുന്നു. അദ്ദേഹത്തിന്റെ മകൻ മുസാഫിർ അഹമ്മദിനെയാണ് പിന്നീട് പരാജയപ്പെടുത്തിയത്. കൊടുവള്ളിയിലും അങ്ങനെത്തന്നെയായിരുന്നു. അങ്ങനെ നോക്കിയാൽ ഫൈറ്റിങ് സീറ്റിലായിരുന്നു മത്സരങ്ങളെല്ലാം. അതെല്ലാം പാർട്ടി തീരുമാനിച്ചതാണ്. ജയസാധ്യതയുണ്ടോ തോൽക്കുമോ എന്നൊന്നും വിലയിരുത്തിയിട്ടല്ല ഞാൻ ഇവിടെയൊന്നും മത്സരിച്ചത്. പാർട്ടി ഇനി എന്ത് പറയുന്നോ അതിനനുസരിച്ച് തന്നെ പ്രവർത്തിക്കും.

എം.കെ. മുനീര്‍

മലബാറിൽ മുസ്‌ലിംലീഗിന്റേയും യു.ഡി.എഫിന്റേയും സാധ്യതകൾ എന്തൊക്കെയാണ്?

കഴിഞ്ഞ തവണ കോഴിക്കോട് ജില്ലയിൽ രണ്ടിടത്തേ യു.ഡി.എഫിന് ജയിക്കാനായുള്ളൂ. കൊടുവള്ളിയിലും വടകരയിലും. കുറ്റ്യാടി, കോഴിക്കോട് സൗത്ത് മണ്ഡലങ്ങൾ കഴിഞ്ഞ തവണ ലീഗിന് നഷ്ടമായി. അതുകൂടാതെ തിരുവമ്പാടി, കുന്നമംഗലം എന്നിവിടങ്ങളിലെല്ലാം ലീഗിന് സാധ്യതയുള്ള സീറ്റുകളാണ്. അതെല്ലാം തിരിച്ചുപിടിക്കും എന്നുതന്നെയാണ് പ്രതീക്ഷ. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പരിശോധിച്ചാൽ ജില്ലയിൽ രണ്ട് സീറ്റൊഴിച്ച് ബാക്കിയെല്ലാം യു.ഡി.എഫ് മുന്നിലാണ്. യു.ഡി.എഫിന് ഏറ്റവും കൂടുതൽ സീറ്റ് വരേണ്ടത് മലബാറിൽനിന്നാണ്. ഇപ്പോൾ കോഴിക്കോട് രണ്ട് സീറ്റേ ഉള്ളൂ. അത് എട്ട് സീറ്റിലേക്കെത്തണം. വയനാട്ടിലും കോഴിക്കോട്ടും കാസർകോടും സീറ്റ് വർദ്ധിപ്പിക്കണം.

പ്രതിപക്ഷത്തിരുന്ന കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ കേരളത്തിലെ പ്രത്യേകിച്ച് മലബാറിൽ ഉണ്ടായ രാഷ്ട്രീയ മാറ്റങ്ങളെ എങ്ങനെയാണ് നിരീക്ഷിക്കുന്നത്?

കേരളം തന്നെ അപകടകരമായ അവസ്ഥയിലേക്ക് വഴുതിപ്പോകുമോ എന്ന് പേടിക്കുന്ന സമയമാണ്. അത്രമാത്രം ധ്രുവീകരണം നടന്നുകൊണ്ടിരിക്കുകയാണ് എല്ലായിടത്തും. നേതാക്കന്മാരുടെ പ്രസംഗങ്ങളൊക്കെ ശ്രദ്ധിച്ചാൽ മനസ്സിലാക്കാം, വിദ്വേഷം പ്രചരിപ്പിക്കലാണ് പ്രധാനം. അങ്ങനെയുള്ള സമയത്ത് ജനങ്ങളുടെ ഉള്ളിലും ജാതിയും മതവും കയറിവരുന്ന സാഹചര്യമുണ്ടാകും. കേരളത്തിന്റെ ഞരമ്പായി നിൽക്കുന്നത് മതേതരത്വമാണ്. ബഹുഭൂരിപക്ഷവും ഇപ്പോഴും മതേതരത്വത്തിൽത്തന്നെയാണ് വിശ്വസിക്കുന്നത്. എങ്കിലും ചെറിയ ഒരു ഷിഫ്റ്റ് ഉണ്ടായിട്ടുണ്ട്. തൃശൂരിലും തിരുവനന്തപുരത്തുമൊക്കെ ബി.ജെ.പി ചെറിയ അടിത്തറ ഉണ്ടാക്കിയപ്പോഴും മലബാറിൽ അങ്ങനെയൊന്ന് കാണുന്നില്ല. അടിസ്ഥാനപരമായി സമാധാനകാംക്ഷികളായ മനുഷ്യരാണ് ഇവിടെ കൂടുതലുള്ളത്. കേരളത്തിൽ ഗെറ്റോകളിലല്ല നമ്മൾ താമസിക്കുന്നത്. ഉത്തരേന്ത്യയിലൊക്കെ അങ്ങനെയാണ്. ഹിന്ദു കമ്യൂണിറ്റി ഒരു സ്ഥലത്തായിരിക്കും മുസ്‌ലിം കമ്യൂണിറ്റിയിലുള്ളവരെല്ലാം വേറൊരു സ്ഥലത്ത് ഒരുമിച്ചായിരിക്കും. അവിടെ ഒരു അക്രമം നടത്താനൊക്കെ വളരെ എളുപ്പമാണ്. ഇവിടെ അത് പറ്റില്ല. പരസ്പരം കോർത്ത് കിടക്കുകയാണ്. കേരളം ഒരു തുരുത്തായി ഇപ്പോഴും നിൽക്കുന്നതിന്റെ ഒരു കാരണവും അതാണ്. അതിനെ വികലപ്പെടുത്താനായുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. അതിനെതിരെ പൊതുസമൂഹം ജാഗ്രത കാണിക്കണം.

ചില മുഖ്യധാരാ രാഷ്ട്രീയപാർട്ടികളും സംഘടനകളും സാമുദായികമായ വിഭാഗീയതയുടെ ഭാഷയിലാണ് സംസാരിക്കുന്നത്. ആ സാഹചര്യത്തിൽ മുസ്‌ലിംലീഗ് നേരിടുന്ന വെല്ലുവിളി എന്താണ്?

പേരല്ല ഒരു പാർട്ടിയുടെ ഐഡിയോളജി പ്രസരിപ്പിക്കുന്നത് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. മുസ്‌ലിംലീഗ് എന്ന പേര് കേൾക്കുമ്പോൾ മുസ്‌ലിം സംഘടന എന്ന രീതിയിൽ കാണുന്നത് ശരിയല്ല. പേരാണ് മാനദണ്ഡമെങ്കിൽ ഭാരതീയ ജനത പാർട്ടി എന്നത് നല്ല പേരല്ലേ? ഭാരതത്തിലെ ജനങ്ങളുടെ പാർട്ടി. പക്ഷേ, നമ്മൾ ഐഡിയോളജിയല്ലേ നോക്കേണ്ടത്. മുസ്‌ലിംലീഗ് പണ്ട് മുതലേ പിൻപറ്റി പോകുന്ന ഐഡിയോളജി മൾട്ടികൾച്ചറായുള്ള സമൂഹത്തിൽ പാരസ്പര്യത്തോടെ ജീവിക്കാൻ പറ്റും എന്നതാണ്.

പിന്നാക്കം നിൽക്കുന്ന ജനങ്ങൾ പൊളിറ്റിക്കലി സംഘടിക്കണം എന്നതായിരുന്നു അതിന്റെ ലക്ഷ്യം. മതപരമായി എന്നല്ല. ചരിത്രപരമായി പിൻതള്ളപ്പെട്ട ഒരു സമൂഹത്തെ സ്‌പെഷ്യൽ കെയർ കൊടുത്ത് മുന്നോട്ട് കൊണ്ടുവരണം എന്നാണ്. വിദ്യാഭ്യാസമാണ് അതിൽ പ്രധാനപ്പെട്ടത്. വിദ്യാഭ്യാസം നേടുന്നതോടെ ആളുകളുടെ ചിന്താഗതിയിൽ മാറ്റം വരും. രണ്ടാമത്തേത് പൊളിറ്റിക്കലൈസ് ചെയ്യുക എന്നതാണ്. അന്ന് പല സംഘടനകളും പൊളിറ്റിക്കലൈസ് ചെയ്യുന്നതിന് എതിരായിരുന്നു. അത്തരം സംഘടനകൾ ഉണ്ടായി വന്നിട്ടുമുണ്ട്. ഐസൊലേറ്റ് ചെയ്ത് സ്വയം തുരുത്തുകളായി മാറുക എന്നതാണ്. മുഖ്യധാരയിലേക്ക് വന്ന് എല്ലാവരുമായി ചേർന്ന് മുന്നോട്ട് പോകാനാണ് മുസ്‌ലിംലീഗ് ശ്രമിച്ചത്. നമ്മളും അവരുടെ കൂടെ എത്തുന്നതിന് വേണ്ടിയുള്ള കാര്യങ്ങൾ ചെയ്യുക എന്നതാണ്. വിദ്യാഭ്യാസത്തിലാണ് പിന്നാക്കമെങ്കിൽ അത് നൽകുക. രാഷ്ട്രീയത്തിലും പ്രാതിനിധ്യം നൽകി എല്ലാവർക്കും തുല്യനീതി ഉറപ്പാക്കുക എന്നതാണ്.

സംഘടനകളുടെ പേരാണ് നോക്കുന്നതെങ്കിൽ എസ്.ഡി.പി.ഐ എടുത്തുനോക്കൂ, അതിൽ മുസ്‌ലിം എന്നൊരു ഘടകം ഇല്ല. അതുപോലെ പല സംഘടനകളേയും എടുത്തുനോക്കിയാൽ അറിയാം. അതുതന്നെയാണ് മറുവശത്തുള്ള സംഘടനകളിലും കാണാൻ കഴിയുന്നത്. അവരിലൊന്നും നമുക്ക് പേരെടുത്ത് നോക്കി കഴിഞ്ഞാൽ ഐഡന്റിറ്റി മനസ്സിലാക്കാൻ പറ്റില്ല, പക്ഷേ, വ്യക്തമായ കമ്യൂണൽ പോളറൈസേഷന് ശ്രമിച്ചുകൊണ്ടിരിക്കുന്ന സംഘടനകളായിരിക്കും അത്. ഇതുണ്ടാക്കുന്ന പ്രശ്നം ഇനി വരാനിരിക്കുന്ന പുതിയ തലമുറയാണ് അഭിമുഖീകരിക്കേണ്ടിവരിക.

പല സംഘടനകളും വളരെ പ്ലെയിനായി കമ്യൂണലിസം സംസാരിക്കുന്നു. ഏതെങ്കിലും കമ്യൂണിറ്റിയെ അല്ല ഞാൻ പറയുന്നത്. കമ്യൂണിറ്റിയെ പ്രതിനിധീകരിക്കുന്ന ആളുകളെയാണ്. പിന്നീട് അത് തിരുത്തുന്നത് മുസ്‌ലിം കമ്യൂണിറ്റിയെ അല്ല മുസ്‌ലിംലീഗിനെയാണ് ഉദ്ദേശിച്ചത് എന്നാണ്. പക്ഷേ, അവർ പറഞ്ഞത് മുസ്‌ലിം കമ്യൂണിറ്റിയെക്കുറിച്ച് തന്നെയാണ്. അധികാരത്തിന്റെ ഇടനാഴികളിൽനിന്നുകൊണ്ട് അനർഹമായത് പലതും പിടിച്ചുപറ്റുന്നു എന്നതാണ് ആരോപണം. അത് ശരിയായ പ്രസ്താവനയല്ല.

ബാബറി മസ്ജിദ് തകർന്നപ്പോൾ ഉത്തരേന്ത്യയിലൊക്കെ വലിയ പ്രതിഷേധങ്ങൾ നടന്നു. ഇവിടെ ലീഗ് മുൻകൈ എടുത്താണ് ഒരു കമ്യൂണൽ ടെൻഷനും ഇല്ലാതിരിക്കാൻ ശ്രമങ്ങൾ നടത്തിയത്. അന്ന് മുസ്‌ലിം സംഘടനകൾ ലീഗിനെ പറഞ്ഞത് സമാധാനത്തിന്റെ താരാട്ട് പാടി സമുദായത്തെ ഉറക്കിക്കിടത്താൻ ശ്രമിക്കുകയാണ് എന്നാണ്. അന്ന് ശിഹാബ് തങ്ങൾ പറഞ്ഞത്, ഇക്കാര്യം കൊണ്ട് ഞങ്ങളുടെ പാർട്ടിയിൽനിന്ന് പുതുതലമുറയിലെ ചെറുപ്പക്കാരൊക്കെ പോകും എന്നാണ് പറയുന്നതെങ്കിൽ പോയ്ക്കോട്ടെ. അവശേഷിക്കുന്നത് പത്ത് പേരാണെങ്കിൽ, ആ പത്ത് പേർ മതി എന്നാണ്.

നമ്മളൊക്കെ പഠിക്കുന്ന സമയത്ത് മതവും ജാതിയും നോക്കിയല്ല കൂട്ടുകൂടിയത്. ഇന്ന് സൗഹൃദങ്ങൾപോലും വളരെ സൂക്ഷിച്ചാണ് പുതിയ തലമുറ തെരഞ്ഞെടുക്കുന്നത്. അവർ കൂട്ടമായി നടന്നുപോകുമ്പോൾ തന്നെ നമുക്കത് കാണാം. അവരുടെ കൂട്ടുകെട്ടുകൾപോലും സെലക്ടീവാണ്. ഹിന്ദു വിഭാഗത്തിൽ ജാതിയും ഉപജാതിയും വരെ നോക്കിയാണ് കൂട്ടുകെട്ടുകൾ ഉണ്ടാക്കുന്നത്. സുന്നിയാണോ മുജാഹിദാണോ എന്നു നോക്കിയാണ് മുസ്‌ലിം കമ്യൂണിറ്റിയിലും സൗഹൃദങ്ങൾ ഉണ്ടാക്കുന്നത്. ഇങ്ങനെ പല ഇക്വേഷൻസിന്റേയും പേരിൽ ഒന്നിക്കുന്ന ഒരു കാലത്താണ് നമ്മൾ ജീവിക്കുന്നത്. അവിടെ മുസ്‌ലിംലീഗിനെപ്പോലുള്ള ഒരു രാഷ്ട്രീയപ്രസ്ഥാനത്തിന് ഇനിയും ഏറെ ചെയ്യാനുണ്ട്.

മുസ്‌ലിം സമുദായത്തെ പ്രതിരോധത്തിലാക്കുന്ന കുറേയധികം പ്രസ്താവനകൾ സി.പി.എം നടത്തുന്നുണ്ട്. അതിനെ എങ്ങനെ കാണുന്നു?

സി.പി.എം പോലുള്ള ഒരു സംഘടന ന്യൂനപക്ഷത്തെ ടാർജറ്റ് ചെയ്ത് നടത്തുന്ന പ്രസ്താവനകൾക്കെതിരെ അവർക്കിടയിലുള്ളവർ തന്നെ സംസാരിച്ചു തുടങ്ങിയിരിക്കുന്നു. ഏറ്റവും കൂടുതൽ ജാതീയതയും വർഗീയതയും സംസാരിക്കുന്ന നേതാക്കന്മാർ ഇന്നുള്ളത് മാർക്സിസ്റ്റ് പാർട്ടിയിലാണ്. ഗോവിന്ദൻ മാഷിന്റെ, വിജയരാഘവന്റെ, എ.കെ. ബാലന്റെയൊക്കെ പ്രസ്താവനകൾ നോക്കൂ, പിണറായി വിജയന്റെ പ്രസ്താവനകളും ഈ രീതിയിലാണ്. അവർ നടത്തുന്ന പ്രസ്താവനകൾ എത്രമാത്രം സങ്കീർണപ്രശ്നങ്ങൾ ഉണ്ടാക്കുന്നതാണ് എന്ന് അവർ ഓർക്കുന്നില്ല. കമ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി എന്നത് കമ്യൂണൽ മാർക്സിസ്റ്റ് പാർട്ടിയായി മാറി.

എക്സ്ട്രീം റൈറ്റിലേക്ക് മാർക്സിസ്റ്റ് പാർട്ടി മാറിക്കഴിഞ്ഞു. മുസ്‌ലിംലീഗ് ഒരു പ്രോലിറ്റേറിയൻ പക്ഷത്ത് നിൽക്കുന്ന പാർട്ടിയാണ്. അതിന്റെ ബേസ് അതാണ്. ഗോവിന്ദൻ മാഷ് പറയുന്നത് പ്രോലിറ്റേറിയൻ എന്ന പദം ഇനി നിഘണ്ടുവിൽ ഉണ്ടാവില്ല എന്നാണ്. പാവപ്പെട്ട അടിസ്ഥാന വർഗത്തെ കമ്യൂണിസ്റ്റുകൾ അഭിസംബോധന ചെയ്യുന്നത് പ്രോലിറ്റേറിയൻസ് എന്നാണ്. അവർ ഇനി ഉണ്ടാവില്ല എന്നാണ് പറയുന്നത്. പാവപ്പെട്ടവൻ എന്ന പദം ഇല്ലാതാവും എന്നു പറയുമ്പോൾ കാറൽ മാർക്സ് ചെറുത്ത് തോൽപ്പിക്കാൻ ശ്രമിച്ച മുതലാളിത്തം വരണം എന്നാണോ പറയുന്നത്. എല്ലാ പാവപ്പെട്ടവരും മുതലാളിമാരാകുമെന്നതാണ് ഗോവിന്ദൻ മാഷ് പറയുന്നത്. കാറൽ മാർക്സ് പറഞ്ഞത് തൊഴിലാളികളുടെ സർവാധിപത്യമാണ്. തൊഴിലാളികൾക്ക് ആധിപത്യമുണ്ടാകുന്ന ഒരുകാലത്തെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. അല്ലാതെ എല്ലാ തൊഴിലാളികളും മുതലാളിമാരാകണം എന്നല്ല.

ഇപ്പോൾത്തന്നെ മിഡിൽക്ലാസ് എന്നത് പതുക്കെ മുതലാളിത്തത്തിലേക്ക് കൂപ്പുകുത്താന്‍ തുടങ്ങി. ഇനി ഉണ്ടാവാൻ പോകുന്നത് ഏറ്റവും ദരിദ്രനും ഏറ്റവും സമ്പന്നനും മാത്രമുള്ള ഒരു ലോകമാണ്. അതിനിടയിലുള്ള ഒരു വിഭാഗം പൂർണമായും തൂത്തെറിയപ്പെടും. മിഡിൽ വിഭാഗത്തിൽ മുതലാളിത്തത്തിലേക്ക് പോകാൻ കഴിയാത്തവർ അതിദാരിദ്ര്യത്തിലേക്കും വീഴും. അപ്പോൾ ഇനി മിഡിൽക്ലാസ് ഇവിടെ ഉണ്ടാകില്ല. അതിന്റെ കാരണം ഇവിടുത്തെ കമ്യൂണിസ്റ്റ് ഭരണമാണ്. മാർക്സിന് എതിരായിട്ടാണ് അവർ ഇപ്പോൾ കമ്യൂണിസത്തെ വ്യാഖ്യാനിച്ചു കൊണ്ടിരിക്കുന്നത് തന്നെ. മാധ്യമങ്ങളോട് കടക്ക് പുറത്ത് എന്നാണ് പറയുന്നത്. അപ്പോൾ ഇനി പാവപ്പെട്ടവർ ഉണ്ടാകില്ല, മാധ്യമങ്ങൾ ഉണ്ടാകില്ല, ഇവർക്കെതിരെ സംസാരിക്കുന്നവരെല്ലാം ഭീകരവാദ, തീവ്രവാദ ആളുകളായി മാറുകയും ചെയ്യുന്നതോടുകൂടി അവരുടെ ആശയത്തിന്റെ നിർവചനം തന്നെ മാറിയിരിക്കുകയാണ്. സി.പി.ഐ എന്ന പ്രസ്ഥാനം എന്ത് ധാർമികതയുടെ അടിസ്ഥാനത്തിലാണ് ഇടതുപക്ഷത്ത് നിൽക്കുന്നത് എന്നാണ് ഞാൻ ആലോചിക്കുന്നത്.

എം.കെ. മുനീര്‍

ജമാഅത്തെ ഇസ്‌ലാമിയുടെ സഹകരണമാണ് സി.പി.എം എടുത്തുപറയുന്നത്. മുസ്‌ലിംലീഗിൽത്തന്നെ ജമാഅത്തെ ഇസ്‌ലാമിയെ ഏറ്റവുമധികം വിമർശിച്ച ആൾ എന്ന നിലയിൽ ഇതിനെ എങ്ങനെ കാണുന്നു?

വെൽഫെയർ പാർട്ടിയെക്കുറിച്ച് ഇപ്പോൾ സി.പി.എം പറയുന്നത് കേൾക്കുമ്പോൾ നമുക്ക് തോന്നുക ഇവർ ഇതിനെ ആജീവനാന്തം എതിർത്തുകൊണ്ടിരുന്നവരാണ് എന്നാണ്. മതരാഷ്ട്രവാദം വളരെ രൂക്ഷമായാണ് അവർ മുന്‍പ് പറഞ്ഞുകൊണ്ടിരുന്നത്. ആ കാലത്ത് മാർക്സിസ്റ്റ് പാർട്ടി അവരുടെ കൂടെ നിന്നിട്ടുണ്ട്. ഇപ്പോഴാണ് ഞങ്ങൾ മതരാഷ്ട്രവാദികളല്ല എന്നൊക്കെ ജമാഅത്തെ ഇസ്‌ലാമി പറഞ്ഞ് തുടങ്ങിയത്. അന്ന് ജമാഅത്തെ ഇസ്‌ലാമി കൂടെയുണ്ട് എന്നത് സി.പി.എം വലിയ വിജയമായാണ് കണ്ടത്. അന്ന് പി.ഡി.പിയെ ആണ് അവർ എതിർത്തത്. പി.ഡി.പി യു.ഡി.എഫിനൊപ്പം എന്നത് പ്രചരിപ്പിക്കുകയും ചെയ്തു. അതേ പി.ഡി.പിയുടെ സ്ഥാനാർത്ഥിയെ പിന്നീടവർ പൊന്നാനിയിൽ പിന്തുണച്ചു. പിണറായി വിജയനും പാലൊളി മുഹമ്മദ് കുട്ടിയും അബ്ദുൾ നാസർ മദനി വരാൻ വേണ്ടി വേദിയിൽ കാത്തിരിക്കുകയായിരുന്നു. എത്ര പെട്ടെന്നാണ് രാജ്യത്തെ ധ്രുവീകരിക്കുന്ന പ്രസ്ഥാനം എന്നത് അവർക്ക് ഏറ്റവും പ്രിയപ്പെട്ടതായി മാറിയത്. ഇവർ തോളിൽ കൊണ്ടുനടന്നിട്ടുള്ള ജമാഅത്തെ ഇസ്‌ലാമി എത്ര പെട്ടെന്നാണ് ശത്രുപക്ഷത്തായത്. ഇവർക്ക് സെലക്ടീവ് അംനേഷ്യയാണ്. ജമാഅത്തെയുമായി ഉണ്ടാക്കിയ ബന്ധം അവർ മറന്നു. പക്ഷേ, കേരളത്തിലെ ജനത അത് മറന്നിട്ടില്ല. കാരണം പത്ത് വർഷമപ്പുറമാണ് തദ്ദേശ സ്ഥാപനങ്ങളിൽ ഒരുമിച്ച് മത്സരിക്കുകയും ഭരിക്കുകയും ചെയ്തത്. അത്തരമൊരു മുന്നണി ബന്ധമൊന്നും ഇപ്പോൾ ജമാഅത്തുമായി യു.ഡി.എഫ് ഉണ്ടാക്കിയിട്ടില്ല. പിന്തുണയ്ക്കും എന്ന് ജമാഅത്തെ ഇസ്‌ലാമിയാണ് പറയുന്നത്. ഇടതുപക്ഷം പിന്തുണയ്ക്കുന്ന വെൽഫെയർ പാർട്ടി സ്ഥാനാർത്ഥിയെ വിജയിപ്പിക്കണം എന്ന് പോസ്റ്റർ അടിച്ചവരാണ് സി.പി.എം. അങ്ങനെയൊന്ന് യു.ഡി.എഫിൽ കാണാൻ കഴിയില്ല.

യു.ഡി.എഫ് വന്നുകഴിഞ്ഞാൽ ജമാഅത്തെ ഇസ്‌ലാമിയായിരിക്കും കേരളം ഭരിക്കുക എന്നാണ് ഗേവിന്ദൻ മാഷ് പറയുന്നത്. അത്ര വലിയ ഒരു പ്രസ്ഥാനമാണ് അത് എന്നു പറയാൻ അവർ ധൈര്യം കാണിക്കുകയാണ്. എത്ര മെമ്പർമാരാണ് ജമാഅത്തെ ഇസ്‌ലാമിക്കുള്ളത്. അങ്ങനെയുള്ള ഒരു പാർട്ടി കേരളത്തിന്റെ അധികാരത്തിന്റെ താക്കോൽ സ്ഥാനങ്ങളിൽ ഉണ്ടാവും എന്നു പറയണമെങ്കിൽ അവരെ പർവതീകരിക്കുന്നത് മാർക്സിസ്റ്റ് പാർട്ടിയല്ലേ? അവർക്ക് സ്‌പേസ് കൊടുക്കുന്നതും അവരാണ്. ഇപ്പോൾ വെള്ളാപ്പള്ളി നടേശൻ ഇവർക്ക് പ്രിയപ്പെട്ടതാണ്. വെള്ളാപ്പള്ളിക്കെതിരെ പിണറായി വിജയൻ നടത്തിയിട്ടുള്ള എല്ലാ പ്രസ്താവനകളും ഇവിടുത്തെ ചുവരുകളിലുണ്ട്. ന്യൂനപക്ഷ വോട്ടുകൾ കൺസോളിഡേറ്റ് ചെയ്യും എന്നു തോന്നുമ്പോൾ ഈഴവ വോട്ടിനും നായർ വോട്ടിനും വേണ്ടി ശ്രമിക്കുകയാണ്. പക്ഷേ, നമ്മൾ മനസ്സിലാക്കേണ്ടത് കേരളത്തിലെ കമ്യൂണിറ്റികളൊന്നും കമ്യൂണലൈസ് ചെയ്യപ്പെട്ടിട്ടില്ല എന്നതാണ്. അവരൊന്നും പിണറായി വിജയന്റെ വാക്കുകളിൽ കുടുങ്ങിക്കിടക്കുന്നവരാണ് എന്നു ഞാൻ വിശ്വസിക്കുന്നില്ല. അങ്ങനെയാണെങ്കിൽ മലപ്പുറത്ത് പ്രതിപക്ഷം പോലും ഇല്ലാതായതിന്റെ അർത്ഥം മലപ്പുറത്ത് ഈഴവരില്ല എന്നാണോ? നായർ ഇല്ല എന്നാണോ? അവരൊക്കെ യു.ഡി.എഫിനൊപ്പമായിരുന്നു എന്നതാണ്.

എം.വി. ഗോവിന്ദൻ മാഷിന്റെ കുപ്പായമഴിച്ച് നോക്കിയാൽ മുതുകിൽ തഴമ്പ് കാണാം. അത് വെൽഫെയർ പാർട്ടിയുടെ കൊടി പിടിച്ചതിന്റെ തഴമ്പാണ്. അദ്ദേഹം അത് തൂത്തുകളയാൻ ശ്രമിച്ചിട്ട് കാര്യമില്ല. ആ തഴമ്പ് അവിടെയുണ്ട്. പക്ഷേ, ഞങ്ങളുടെ ആരിലും അതു കാണില്ല. കാരണം ഞങ്ങൾ ആരുടേയും കൊടി എടുത്ത് തോളിൽ വെച്ചിട്ടില്ല.

ഐഡിയോളജിക്കലി ജമാഅത്തെ ഇസ്‌ലാമിയും മുസ്‌ലിംലീഗും ഒരിക്കലും ചേർന്നുപോകുന്നതല്ല. ജമാഅത്തിനോട് ചോദിച്ചാലും ഇതേ മറുപടിയായിരിക്കും. അവർക്ക് ലീഗിന്റെ ഐഡിയോളജിയുമായി ചേർന്നുപോകാൻ പറ്റുന്നവരാണെങ്കിൽ അതിലുള്ള അണികൾ പിന്നെ അവിടെ നിൽക്കേണ്ടതില്ലല്ലോ. അത് അവർക്കും സ്വത്വപ്രതിസന്ധി ഉണ്ടാക്കും. ഐഡിയോളജിക്കലി രണ്ട് ധ്രുവങ്ങളിലാണ് ലീഗും ജമാഅത്തെ ഇസ്‌ലാമിയും. അത് സമാന്തരമായിട്ടേ പോകൂ. ഒരിക്കലും ഒരു മീറ്റിംഗ് പോയിന്റ് ഉണ്ടാകില്ല.

ജമാഅത്തെ ഇസ്‌ലാമിയെ ഐക്യജനാധിപത്യ മുന്നണിയുടെ ഭാഗമാക്കി മാറ്റണം എന്നതിന് ശക്തമായി എതിരുള്ളവരാണ് ഞങ്ങൾ. അങ്ങനെയൊരു സാഹചര്യം ഉണ്ടായിട്ടില്ല. യു.ഡി.എഫിന് വോട്ട് ചെയ്യുന്നത് നമുക്ക് തടയാൻ കഴിയില്ല. ജമാഅത്തിന്റെ വോട്ട് കിട്ടുമോ എന്നതല്ല ഞങ്ങൾ ഇപ്പോൾ ചിന്തിക്കുന്നത്. മറിച്ച് എത്രമാത്രം ഇടതുപക്ഷം യു.ഡി.എഫിന് വോട്ട് ചെയ്യും എന്നുള്ളതാണ്. ഈ തെരഞ്ഞെടുപ്പിൽ ഞങ്ങളെ ജയിപ്പിക്കാൻ പോകുന്നത് ജമാഅത്തെ ഇസ്‌ലാമിയോ അതുപോലുള്ള സംഘടനകളോ ഒന്നും അല്ല. ഇപ്പോഴത്തെ മാർക്സിസ്റ്റ് പാർട്ടിയുടെ അപചയത്തിൽ മനംനൊന്തിട്ടുള്ള കമ്യൂണിസ്റ്റുകാരുടെ വോട്ടാണ്.

സമസ്ത പോലുള്ള സംഘടനകൾ എടുക്കുന്ന നിലപാട് കമ്യൂണിറ്റിക്കകത്ത് ഒരു ആശയക്കുഴപ്പം ഉണ്ടാക്കുന്നുണ്ടോ?

സമസ്ത ഒരു മതസംഘടനയാണ്. ധാരാളം പരിമിതികളുള്ള ഒരു സംഘടനയാണ്. അവർക്ക് ചില കാര്യങ്ങളിൽ മതപരമായ ആശയത്തെ പിൻപറ്റേണ്ടിവരും. ഒരു പൊളിറ്റിക്കൽ ഓർഗനൈസേഷൻ എന്ന നിലയിൽ മുസ്‌ലിംലീഗിന്റെ പല തീരുമാനങ്ങളോടും അവർ യോജിച്ചു പോയ്‌കൊള്ളണമെന്നില്ല. മുസ്‌ലിംലീഗിന്റെ അംഗങ്ങളിൽ കൂടുതലുള്ളത് സുന്നികളാണ്. സുന്നികളിൽ ബഹുഭൂരിപക്ഷവും ലീഗ് അനുഭാവികളുമാണ്. അടുത്തടുത്തുള്ള രണ്ട് മരങ്ങൾ പോലെയാണത്. മരങ്ങൾ തമ്മിൽ വിടവുണ്ടെങ്കിലും അടിയിൽ വേരുകൾ തമ്മിൽ ചേർന്നിട്ടാണ്. വേരുകളിൽ സമസ്തയും ലീഗും എപ്പോഴും ചേർന്നാണ് നിൽക്കുന്നത്. മറ്റുള്ളതെല്ലാം ഓരോ ഇഷ്യൂ ബേസ്ഡ് ആയിട്ടുള്ള പ്രസ്താവനകളാണ്. മുസ്‌ലിംലീഗ് അതിനെ ആ രീതിയിലേ കണ്ടിട്ടുള്ളൂ. യു.ഡി.എഫും അങ്ങനെത്തന്നെയാണ് കാണുന്നത്.

ലീഗിനെ സമ്മർദത്തിലാക്കി മുസ്ലിം വോട്ടുകൾ ഭിന്നിപ്പിക്കുക എന്നതാണോ സി.പി.എം ലക്ഷ്യവെയ്ക്കുന്നത്?

വെള്ളാപ്പള്ളി ആദ്യം കമ്യൂണിറ്റിയെക്കുറിച്ചാണ് പറഞ്ഞത്. പിന്നീട് മുസ്‌ലിംലീഗിനെ കുറിച്ചാണ് എന്നു പറഞ്ഞു. അതേറ്റുപിടിച്ച് ശൈലജ ടീച്ചറടക്കമുള്ള നേതാക്കളും ലീഗിനെയാണ് പറഞ്ഞത് എന്ന് ആവർത്തിച്ചു. ലീഗിനെ എന്തിനാണ് പറയുന്നത്. അപ്പോൾ മാർക്സിസ്റ്റ് പാർട്ടിയുടെ ലക്ഷ്യം ലീഗിനെ സമ്മർദത്തിലാക്കുക എന്നുള്ളതാണല്ലോ. ലീഗ് ഒന്നും ചോദിക്കാൻ പാടില്ല. ലീഗ് ഒരു സീറ്റ് അധികം ചോദിച്ചാൽ മന്ത്രിസ്ഥാനം കിട്ടിയാൽ ഒക്കെ പോളറൈസേഷൻ എന്നു പറയും. ലീഗിന് ഇനി ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയുണ്ടാക്കുകയാണ് മാർക്സിസ്റ്റ് പാർട്ടി. ഈ രാജ്യത്ത് എല്ലാ കമ്യൂണിറ്റിയേയും ഒരുമിച്ച് നിർത്താൻ ശ്രമിക്കുന്ന ലീഗ് എന്ന പ്ലാറ്റ്‌ഫോം തകർത്താൽ പകരം വളരാൻ പോകുന്നത് ഇവർ തന്നെ കുറ്റപ്പെടുത്തുന്ന വെൽഫെയൽ പാർട്ടി, എസ്.ഡി.പി.ഐ, പി.ഡി.പി ഒക്കെ അല്ലേ? ഗൗരവമായി കാണേണ്ട കാര്യമാണത്.

എ.കെ. ബാലൻ പറഞ്ഞത് യു.ഡി.എഫ് വന്നാൽ മാറാടുകൾ ആവർത്തിക്കും എന്നാണ്. അത് അപകടകരമായ ഒരു പ്രസ്താവനയാണ്. മാറാട് ആവർത്തിക്കും എന്ന് മാർക്സിസ്റ്റ് പാർട്ടി പറയുമ്പോൾ നമ്മൾ സൂക്ഷിക്കണം. കാരണം കേരളത്തിൽ കലാപങ്ങൾ നടന്നത് യു.ഡി.എഫ് അധികാരത്തിലുള്ളപ്പോഴും മാർക്സിസ്റ്റ് പാർട്ടി പ്രതിപക്ഷത്തുള്ളപ്പോഴുമാണ്. തലശ്ശേരി കലാപവും മാറാട് കലാപവും അങ്ങനെയാണ്. ഈ രണ്ട് കലാപവും അന്വേഷിച്ച കമ്മിഷൻ റിപ്പോർട്ടുകളിൽ പലയിടത്തും സി.പി.എമ്മിന്റെ പേര് പരമാമർശിക്കപ്പെടുന്നുണ്ട്. അപ്പോൾ എ.കെ. ബാലന്റെ പ്രസ്താവന തരുന്ന മെസേജ് നിങ്ങൾ യു.ഡി.എഫിനെ അധികാരത്തിലെത്തിച്ചാൽ ഞങ്ങളിവിടെ കലാപം നടത്തും എന്നതാണ്. എ.കെ. ബാലന്റെ പ്രസ്താവനയ്ക്കെതിരെ അന്വേഷണം നടത്തുകയാണ് വേണ്ടത്. അവരിപ്പോഴേ അതിനുള്ള ഗൂഢാലോചന നടത്തുന്നുണ്ടോ എന്ന് അന്വേഷിക്കണം. ഇവരുടെ എല്ലാ നയങ്ങളും അതിലേക്കാണ് പോകുന്നത്.

എസ്.എൻ.ഡി.പിക്കും എൻ.എസ്.എസ്സിനും ലീഗ് വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്നതിൽ അസ്വസ്ഥതയുണ്ട്. ഭരണത്തിലെത്തിയാൽ വകുപ്പുകളിൽ വിട്ടുവീഴ്ച ചെയ്യേണ്ടിവരുമോ?

എല്ലാം സമ്മർദ തന്ത്രമാണ്. ഇനി മുസ്‌ലിങ്ങൾ വിദ്യാഭ്യാസ വകുപ്പ് എടുക്കാൻ പാടില്ല എന്നതാണ്. കഴിഞ്ഞ പത്ത് വർഷത്തിനിടെ എസ്.എൻ.ഡി.പിക്ക് എത്ര സ്ഥാപനം കിട്ടി. ഇടതുപക്ഷം എത്ര സ്ഥാപനങ്ങൾ എസ്.എൻ.ഡി.പിക്കും എൻ.എസ്.എസ്സിനും കൊടുത്തു എന്ന് അവർ പറയട്ടെ.

ലീഗിന് ആഭ്യന്തരം കിട്ടിയാൽ അത് ഭരിക്കുന്നത് വെൽഫെയർ പാർട്ടിയായിരിക്കും എന്ന് പറഞ്ഞുകഴിഞ്ഞു. ആഭ്യന്തരം മുസ്‌ലിം കമ്യൂണിറ്റിക്ക് കൊടുക്കല്ലേ എന്നുതന്നെയാണ് അതിന്റെ അർത്ഥം. വിദ്യാഭ്യാസ വകുപ്പ്, അതും മുസ്‌ലിം കമ്യൂണിറ്റിക്ക് കൊടുക്കല്ലേ എന്നു പറയുകയാണ്. അങ്ങനെ ഒരു പ്രത്യേക ജനവിഭാഗത്തിനെ അന്യമാക്കുകയാണ്. പക്ഷേ, ജനങ്ങളിൽ അങ്ങനെയുള്ള ചിന്തയില്ല. മുസ്‌ലിംലീഗ് ഇനി മത്സരിക്കേണ്ട ഒരു സാമുദായിക പാര്‍ട്ടിയായി കൂടണം എന്നാണോ ഇവർ ഉദ്ദേശിക്കുന്നത്. സാമുദായിക പാർട്ടിയായി മാറുന്നതല്ലേ അപകടം. രാഷ്ട്രീയ പാർട്ടിയായി നിൽക്കുന്നതല്ലേ ഗുണകരം. സെക്യുലർ അല്ലാത്ത ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന് കേരളത്തിൽ അധികകാലം പിടിച്ചുനിൽക്കാൻ പറ്റില്ല. അതിന്റെ അർത്ഥം ലീഗ് സെക്യുലർ ആണെന്നാണ്. ഇവിടെ ഇടകലർന്ന ജീവിതമല്ലേ. പല കമ്യൂണിറ്റികൾ വോട്ടു ചെയ്താലേ ജയിക്കാൻ പറ്റൂ. ഞാൻ ജയിച്ചതുതന്നെ മുസ്‌ലിമിന്റേയും ലീഗിന്റേയും വോട്ടുകൊണ്ടുമാത്രമാണോ? ജനങ്ങളിൽ അങ്ങനെയൊരു ചിന്ത ഉണ്ടാക്കാനുള്ള ശ്രമമാണ് നടത്തുന്നത്.

മാർക്സിസ്റ്റ് പാർട്ടിയാണ് ഈ അജണ്ട ഫിക്സ് ചെയ്യുന്നത്. ആ അജണ്ടയ്ക്കനുസരിച്ച് പ്രവർത്തിക്കാൻ യു.ഡി.എഫ് തയ്യാറല്ല. മുസ്‌ലിംലീഗ് മത്സരിച്ചാൽ കമ്യൂണൽ ഡിവിഷൻ ഉണ്ടാവും എന്നു പറയുകയാണെങ്കിൽ അടുത്ത് തെരഞ്ഞെടുപ്പ് മുതൽ ലീഗ് സ്ഥാനാർത്ഥികളെ നിർത്തണ്ട എന്ന വിട്ടുവീഴ്ച ചെയ്യാൻ പറ്റുമോ? അതൊന്നും നടക്കില്ല.

ഇത്രയും കമ്യൂണൽ ഡിവിഷൻ ഉണ്ടാക്കുന്ന ഇടതുപക്ഷം അടുത്ത അഞ്ചുവർഷം കൂടി ഭരിച്ചാൽ ഉണ്ടാകുന്ന അപകടം ഗുരുതരമായിരിക്കും. എന്തിനേയും രാഷ്ട്രീയമായി എങ്ങനെ ഉപയോഗിക്കാം എന്നാണ് മാർക്സിസ്റ്റ് പാർട്ടി നോക്കുന്നത്. ദുരന്തങ്ങളെപ്പോലും രാഷ്ട്രീയമാക്കും, വയനാട് ദുരന്തം, കോവിഡ് ദുരന്തം ഒക്കെ നമുക്കു മുന്നിൽ ഉദാഹരണമാണ്. ഷിരൂരിൽ മണ്ണിടിഞ്ഞ് വീണ് ഒരു ചെറുപ്പക്കാരൻ മരിച്ചത് വരെ രാഷ്ട്രീയമായി കണ്ടവരാണ് സി.പി.എം.

എക്സ്പ്രസ് ഹൈവേ അങ്ങയുടെ കാലത്തെ ഒരു പദ്ധതിയായിരുന്നു. ഇപ്പോഴുള്ള സിൽവർ ലൈൻപോലുള്ള പദ്ധതികളെക്കുറിച്ചുള്ള അഭിപ്രായങ്ങളെ എങ്ങനെയാണ് കാണേണ്ടത്?

റോഡ് നെറ്റ്‌വർക്കാണ് നമുക്കു നന്നാക്കേണ്ടത്. സാധാരണക്കാർക്ക് ഏറ്റവും ആവശ്യം അതാണ്. ട്രെയിൻ ഗതാഗതം വേണ്ട എന്നല്ല. സിൽവർലൈനിനെ എതിർക്കാനുള്ള കാരണം അതിന്റെ ചെലവും കാലഹരണപ്പെട്ട ടെക്‌നോളജിയുമാണ്. ഏതോ കാലത്ത് വിദേശരാജ്യങ്ങൾ ഉപേക്ഷിച്ച ടെക്‌നോളജിയായിരുന്നു. റോഡ് വികസനത്തിനെ ഒരിക്കലും എതിർത്തിട്ടില്ല. ഇപ്പോൾ വന്നത് ആക്‌സസ് കൺട്രോൾഡ് റോഡുകൾ തന്നെയാണ്.

എന്നോട് അന്ന് ചോദിച്ചത് എക്സ്പ്രസ് വേ വന്നാൽ പശുവിനെ നിങ്ങൾ എങ്ങനെ അപ്പുറത്ത് കടത്തും എന്നാണ്. ഇപ്പോൾ കടത്താൻ പറ്റുമോ? പശുവിന് പോയിട്ട് മനുഷ്യനുപോലും കടക്കാൻ പറ്റുമോ? സർവീസ് റോഡിലേക്ക് എങ്ങനെ കയറാൻ പറ്റും? പെട്രോൾ പമ്പിലേക്ക് എങ്ങനെ പോകും? മൂത്രം ഒഴിക്കാൻ എന്തു ചെയ്യും? ഇത് ഡിസൈൻ ചെയ്തപ്പോൾ ഇവരിതൊന്നും ആലോചിച്ചിട്ടില്ല എന്നു തോന്നുന്നു. എക്സ്പ്രസ് ഹൈവേയിൽ പെട്രോൾ പമ്പും ചെറിയ സൂപ്പർ മാർക്കറ്റുകളും റെസ്റ്റ് റൂമുകളും പ്രധാന റോഡിൽനിന്നുത്തന്നെ കയറാവുന്ന രീതിയിലാണ് വിഭാവനം ചെയ്തിരുന്നത്. ആർക്കാണോ അവിടെ ഭൂമി നഷ്ടപ്പെട്ടത് അവർ റൺ ചെയ്യുന്ന രീതിയിലായിരുന്നു അതിന്റെ കൺസെപ്റ്റ്.

എക്സ്പ്രസ് വേ ദേശീയപാതയുമായി ബന്ധമില്ലായിരുന്നു. വേറെതന്നെ റൂട്ടായിരുന്നു. ദേശീയപാതയിൽ ടോൾ കൊടുക്കാതെ പോകാമായിരുന്നു. ടോൾ കൊടുത്ത് എക്സ്പ്രസ് വേയിലൂടെയും പോകാം. ഒരാൾക്ക് തിരക്കില്ലാതെ ടോൾ കൊടുക്കാതെ പോകണം എന്നുണ്ടെങ്കിൽ ദേശീയപാത ഉപയോഗിക്കാം. അതു നന്നാക്കി നിലനിർത്താം. ഇപ്പോൾ സംഭവിച്ചത് ടോൾ ഇല്ലാത്ത ഒരു റോഡ് കേരളത്തിലില്ല എന്നതാണ്. പാവപ്പെട്ടവനെ സമ്പന്നനാക്കും എന്നു പറയുമ്പോൾ പാവപ്പെട്ടവൻ കൂടുതൽ പാവപ്പെട്ടവനാകുന്നതാണ് ഇവിടെ കാണാൻ കഴിയുക. എക്സ്പ്രസ് വേയിൽ കാറ്റിൽപാസ് ഉണ്ടായിരുന്നു. അത് പശുവിനെ കടത്താനുള്ളതാണ് എന്ന് അവർക്കു മനസ്സിലായില്ല. ഞാനവരോട് അത് വിശദീകരിക്കാനും നിന്നിട്ടില്ല. 20 വർഷം മുന്‍പാണ് അതു കൊണ്ടുവന്നത് എന്നോർക്കണം. അന്നത്തെ ചെലവും ഇന്നത്തെ ചെലവും ഒന്ന് ആലോചിച്ചുനോക്കൂ. അത് വയാഡക്ട് മാതൃകയിലുമായിരുന്നു. വെള്ളത്തിന്റെ ഒഴുക്കിനെയൊന്നും ബാധിക്കില്ല. ഒരിക്കലും റോഡ് തകരില്ല. ഇപ്പോഴുള്ളത് എംബാങ്ക്‌മെന്റ് ആണ്. അത് ഏത് സമയത്തും പൊളിഞ്ഞുവീഴാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരിച്ചടി തുടര്‍ന്ന് ഇറാന്‍, സല്‍മാന്‍ തുറമുഖം ആക്രമിച്ചു; ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ശേഖരം തകര്‍ത്തെന്ന് അമേരിക്ക

പാലക്കാട് രമേഷ് പിഷാരടി യുഡിഎഫ് സ്ഥാനാര്‍ഥി?; അന്തിമ പട്ടിക സ്‌ക്രീനിങ് കമ്മിറ്റിക്ക് കൈമാറി

കാട്ടാന ആക്രമണം, ചികിത്സയിലായിരുന്ന ആദിവാസി മരിച്ചു

ചോറ്റാനിക്കര മകം തൊഴല്‍: എങ്ങനെ പോകാം?, ഗതാഗത ക്രമീകരണം ഇങ്ങനെ, ട്രെയിനുകള്‍ക്ക് താല്‍ക്കാലിക സ്‌റ്റോപ്പ്

ചോറ്റാനിക്കര മകം തൊഴൽ‌ ഇന്ന്, ദർശനം ഉച്ചയ്ക്ക് രണ്ടുമുതൽ; കനത്ത സുരക്ഷ

SCROLL FOR NEXT