ഫാത്തിമ തഹിലിയ Facebook
Malayalam Weekly

'ഞാനൊരു ’90’s കിഡ് ആണ്, പഴയ തലമുറയുടേയും ജെന്‍സിയുടെയും ആവശ്യങ്ങള്‍ ഞങ്ങൾക്കു മനസ്സിലാക്കാൻ പറ്റും'

രേഖാചന്ദ്ര

സമകാലിക കേരള രാഷ്ട്രീയത്തിന്റെ പുത്തൻ മുഖങ്ങളിലൊരാളാണ് ഫാത്തിമ തഹിലിയ. കന്നിപോരാട്ടത്തിൽത്തന്നെ സി.പി.എമ്മിന്റെ മുതിർന്ന നേതാവും ഇടതുമുന്നണിയുടെ കൺവീനറുമായ ടി.പി. രാമകൃഷ്ണനെ സി.പി.എമ്മിന്റെ കോട്ടയായ പേരാമ്പ്രയിൽ പരാജയപ്പെടുത്തിയാണ് ഫാത്തിമ നിയമസഭയിലെത്തുന്നത്. മുസ്‌ലിംലീഗിന്റെ ആദ്യ വനിതാ എം.എൽ.എ കൂടിയാണ് അവർ. എം.എസ്.എഫിന്റെ വനിതാവിഭാഗമായ ഹരിതയിലൂടെ രാഷ്ട്രീയത്തിലേയ്ക്കെത്തിയ അവർ നിലവിൽ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി കൂടിയാണ്. 14 വർഷമായി രാഷ്ട്രീയ പ്രവർത്തനത്തിൽ സജീവമായുള്ള ഫാത്തിമ തഹിലിയ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കുറ്റിച്ചിറ വാർഡിൽനിന്നും മത്സരിച്ച് കോഴിക്കോട് കോർപ്പറേഷൻ കൗൺസിലറുമായി. സമകാല രാഷ്ട്രീയത്തേയും മുസ്‌ലിം സ്വത്വത്തേയും ഭാവി പ്രതീക്ഷകളേയും കുറിച്ച് അവർ സംസാരിക്കുന്നു.

----

എങ്ങനെയാണ് രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവ്?

കോഴിക്കോട് കുന്ദമംഗലം പൂവാട്ട്പറമ്പാണ് വീട്. യാഥാസ്ഥിതികമായ ഒരു കുടുംബ പശ്ചാത്തലത്തിൽനിന്നാണ് ഞാൻ വരുന്നത്. രാഷ്ട്രീയത്തിൽ സജീവമായ സ്ത്രീകളാരും മുന്‍പ് കുടുംബത്തിലുണ്ടായിരുന്നില്ല. മുസ്‌ലിംലീഗ് ആശയത്തോട് ചേർന്നുനിൽക്കുന്നവരാണ് കുടുംബത്തിലുള്ളവർ. ഉപ്പ മുസ്‌ലിംലീഗിന്റെ പ്രവർത്തകനായിരുന്നു. രണ്ട് സഹോദരന്മാരുമുണ്ട് എനിക്ക്. അവരൊക്കെ ആ രാഷ്ട്രീയം ഫോളോ ചെയ്യുന്നു എന്നുമാത്രമേ ഉള്ളൂ. അങ്ങനെ നോക്കുമ്പോൾ എനിക്കു മുന്നിൽ വഴികാട്ടിയായി ഒരാളുണ്ടായിരുന്നില്ല. വളരെ യാദൃച്ഛികമായിട്ടാണ് രാഷ്ട്രീയത്തിലേയ്ക്ക് വരുന്നത്. സ്കൂൾകാലം തൊട്ടേ ആക്ടീവായിരുന്നു. പഠനത്തിനു പുറമെ എഴുത്തും പാട്ടും പ്രസംഗവുമൊക്കെയായി സജീവമായിരുന്നു. യുവജനോത്സവങ്ങളിലും കേരളോത്സവങ്ങളിലുമെല്ലാം പങ്കെടുത്ത് സമ്മാനങ്ങൾ നേടിയിട്ടുണ്ട്. യുവജനോത്സവത്തിൽ പങ്കെടുക്കാൻ വേണ്ടി പാട്ട് പഠിച്ചിട്ടുണ്ട്. ലളിതസംഗീതവും മാപ്പിളപ്പാട്ടുമാണ് പ്രധാന ഇനം.

കുട്ടിക്കാലം തൊട്ടേ സമൂഹവുമായി കണക്ട് ചെയ്യുന്ന, ആളുകളുടെ ഇടയിൽ നിൽക്കുന്ന ജോലി ചെയ്യണം എന്നായിരുന്നു ആഗ്രഹം. എന്റെയൊക്കെപ്പോലുള്ള സാഹചര്യങ്ങളിൽനിന്നു വരുന്ന കുട്ടികൾക്ക് അത്തരം ഓപ്ഷനുകൾ കുറവാണ്. കാരണം തീരുമാനങ്ങളൊക്കെ എടുക്കുന്നത് പലപ്പോഴും രക്ഷിതാക്കളായിരിക്കും. അല്ലെങ്കിൽ സമുദായം ആയിരിക്കും. അത്തരം ഡിസിഷൻ മേക്കിങിനപ്പുറത്ത് എന്റെ ഉള്ളിലെ തീരുമാനങ്ങൾക്കുവേണ്ടി സംസാരിച്ചു. അതിനുവേണ്ടി വർക്ക് ചെയ്തു. കലഹമുണ്ടാക്കി എന്നു വേണമെങ്കിൽ പറയാം. കോഴിക്കോട് ലോ കോളേജിൽ എത്തുമ്പോഴേയ്ക്കും അവകാശങ്ങളും താല്പര്യങ്ങളും തിരിച്ചറിയാനും അതിൽ ഉറച്ചുനിൽക്കാനും പ്രാപ്തയായി.

ലോ കോളേജിൽ പഠിക്കുമ്പോഴാണ് ഹരിതയിലേയ്ക്ക് വരുന്നത്. 2012-ലാണ് എം.എസ്.എഫിന്റെ വനിതാവിഭാഗമായ ഹരിത രൂപീകരിക്കുന്നത്. ലോ കോളേജിൽ എം.എസ്.എഫ് വളരെ കുറച്ചേ ഉണ്ടായിരുന്നുള്ളൂ. എസ്.എഫ്.ഐ.യുടേത് ആണ് യൂണിയൻ. എം.എസ്.എഫിലും എനിക്ക് വലിയ റോളൊന്നുമില്ലായിരുന്നു. സാധാരണ പ്രവർത്തക മാത്രം. ആ സമയത്താണ് ഹരിതയുടെ രൂപീകരണവും. ഹരിത രൂപീകരണ പരിപാടി കാണാൻ കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ പോയതായിരുന്നു. പല കോളേജുകളിൽനിന്നും കുട്ടികൾ പങ്കെടുക്കാൻ എത്തിയിരുന്നു. അങ്ങനെ നിൽക്കുമ്പോഴാണ് അന്നത്തെ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റായിരുന്ന പി.കെ. ഫിറോസിന്റെ ഫോൺകോൾ വരുന്നത്. ഈ പരിപാടിയിൽ അദ്ധ്യക്ഷയാവണം എന്നായിരുന്നു ആ കോൾ. എന്തിനായിരിക്കും എന്നെ അതിനു തെരഞ്ഞെടുത്തത് എന്നൊക്കെയായിരുന്നു ചിന്തിച്ചത്. ഞങ്ങൾ ഒരേ മണ്ഡലത്തിലുള്ളവരായിരുന്നെങ്കിലും നേരിട്ട് പരിചയമൊന്നും ഉണ്ടായിരുന്നില്ല. സത്യത്തിൽ അതായിരുന്നു എന്റെ പൊളിറ്റിക്കൽ ജേണിയുടെ തുടക്കം. എൽ.എൽ.ബി കഴിഞ്ഞ് തൃശൂർ ലോ കോളേജിൽ അഡ്‌മിനിസ്‌ട്രേറ്റീവ് ലോയിൽ എൽ.എൽ.എം ചെയ്തു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽനിന്ന് എം.എ ഫോക്‌ലോറും ചെയ്തിട്ടുണ്ട്. യൂണിവേഴ്‌സിറ്റി സെനറ്റ് മെമ്പറുമായിരുന്നു. എൽ.എൽ.എം കഴിഞ്ഞ് കോഴിക്കോട് പ്രാക്ടീസ് തുടങ്ങി. പ്രാക്ടീസ് ചെയ്യുന്നതിനിടെയാണ് യൂത്ത് ലീഗിലേക്ക് വരുന്നത്. പിന്നീട് മുൻഗണന രാഷ്ട്രീയമായി മാറി. 2013-ലായിരുന്നു വിവാഹം. കോഴിക്കോട് ചാലപ്പുറത്താണ് ഭർത്താവിന്റെ വീട്.

രാഷ്ട്രീയത്തിലേക്ക് പെൺകുട്ടികൾ വരുമ്പോൾ പലപ്പോഴും എതിർപ്പുകൾ ഉയരാറുണ്ട്. എന്തായിരുന്നു അനുഭവം?

ഒത്തിരി എതിർപ്പുകൾ നേരിടേണ്ടിവന്നിട്ടുണ്ട്. സപ്പോർട്ടീവായ എലമെന്റ്‌സ് വളരെ കുറവായിരുന്നു. രക്ഷിതാക്കൾക്കുപോലും നമ്മളെ സപ്പോർട്ട് ചെയ്യാൻ പറ്റാത്ത സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. ഹരിതയിൽ പ്രവർത്തിക്കുന്ന സമയത്തൊക്കെ മീറ്റിംഗ് കഴിഞ്ഞ് രാത്രിയാണ് പലപ്പോഴും വീട്ടിലേയ്ക്ക് വരുന്നത്. ആ സമയത്ത് നമ്മളെ കാത്ത് അവർ നിൽക്കേണ്ടി വരുന്നതൊക്കെ വലിയ വെല്ലുവിളിയായിരുന്നു. ഇതുവേണ്ട എന്നു പറഞ്ഞ സന്ദർഭങ്ങളുണ്ട്. എന്നെ സംബന്ധിച്ച് ഇതൊരു വലിയ അതിജീവനമാണ്. രക്ഷിതാക്കളുടെ പ്രശ്നമല്ല അത്. പൊതുസമൂഹം അവരുടെ മേലെയുണ്ടാക്കുന്ന പ്രശ്നമാണ്. അതിനെയൊക്കെ മറികടക്കാനും അവരുടെ വിശ്വാസം നേടിയെടുക്കാനും കുറേ സമയമെടുത്തു. അത് പൂർണമായും മാറിയിട്ടൊന്നുമില്ല. സത്യത്തിൽ ഞാനൊരു കാറ് വാങ്ങുന്നത് തന്നെ അങ്ങനെയാണ്. രാത്രി വൈകി വരുമ്പോഴൊക്കെ ഒരു വണ്ടിയുണ്ടായിരുന്നെങ്കിൽ എന്ന് പലപ്പോഴും ചിന്തിച്ചിരുന്നു. അത് സ്വന്തമാക്കുക എന്നത് ഒരാഗ്രഹമായി. യൂത്ത് ലീഗിന്റെ സംസ്ഥാന സെക്രട്ടറിയായപ്പോഴാണ് കാർ വാങ്ങിയത്. പൊളിറ്റീഷ്യനായ ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം നമ്മൾ സ്വയംപര്യാപ്തരാവാൻ എടുക്കുന്ന ഒരു സമയമുണ്ട്. അപ്പോഴും പ്രശ്നങ്ങൾ പൂർണമായും തീരും എന്നല്ല. എന്നാലും കുറച്ചുകൂടി സ്വാതന്ത്ര്യത്തിലേക്ക് വരുമ്പോൾ അത് പല രൂപത്തിൽ നമ്മളെ സഹായിക്കും. രാഷ്ട്രീയത്തിലുള്ള എല്ലാ സ്ത്രീകൾക്കും യാത്രയും മറ്റും ഒരു അതിജീവനകഥ തന്നെയായിരിക്കും. ഞാൻ സ്ട്രഗിൾ ചെയ്തതിന്റെ വേറൊരു ഭാഗം എന്റെ കുടുംബവും സ്ട്രഗിൾ ചെയ്തിട്ടുണ്ടാകും.

ഹരിത ഉയർത്തിയ ലിംഗനീതി വിഷയങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. അങ്ങനെയൊരു നിലപാടെടുക്കാനുള്ള ധൈര്യം എന്തായിരുന്നു?

ഹരിതയിൽ വന്നതു മുതൽ കൂടുതൽ ശ്രദ്ധ കിട്ടിയിട്ടുണ്ട്. എന്റെ കുടുംബത്തിൽ എങ്ങനെയാണ് ഞാൻ അതുപോലെതന്നെയാണ് സംഘടനയിലും. ആ രീതിയിലാണ് മുന്നോട്ട് പോയിട്ടുള്ളത്. അഭിമാനകരമായ അസ്തിത്വം എന്നതാണ് ഞങ്ങളുടെ പാർട്ടിയുടെ മുദ്രാവാക്യം. അത് തരുന്ന പരിരക്ഷയ്ക്കകത്തുനിന്നാണ് ഞങ്ങളെല്ലാം വർക്കു ചെയ്യുന്നത്. എല്ലാ മനുഷ്യർക്കും നീതിബോധമുണ്ടാകും. നീതിബോധമില്ലാത്ത മനുഷ്യരാണ് ക്രിമിനൽസായി മാറുന്നത്. എപ്പോഴും ഞാൻ ചിന്തിക്കുന്ന കാര്യം മനസമാധാനത്തോടെ ഉറങ്ങാൻ പറ്റുക എന്നതാണ്. നമുക്കു സമാധാനം തരിക നീതിയുടെ തീരുമാനങ്ങളാണ്. ഹരിത രൂപീകരിക്കുന്ന സമയത്ത് ഇത്രയധികം പെൺകുട്ടികൾ അതിലുണ്ടായിരുന്നില്ല. ഇപ്പോൾ ഒരുപാട് കഴിവുള്ള പെൺകുട്ടികൾ ഹരിതയിലുണ്ട്. അവർ എന്നിൽ അർപ്പിച്ച ഒരു വിശ്വാസമുണ്ട്. അതിനെ പരിരക്ഷിക്കാനുള്ള ശ്രമമാണ് യഥാർത്ഥത്തിൽ എല്ലാ കാലത്തും നടത്തിയിട്ടുള്ളത്. അതുതന്നെയാണ് ഇനി മുന്നോട്ടും നടത്താൻ പോകുന്നതും. നമ്മളെ വിശ്വസിക്കുന്ന ആളുകളും നമ്മുടെ ഉള്ളിലെ നീതിബോധവുമാണ് അതിനുള്ള ധൈര്യം.

ഹരിത വിവാദസമയത്ത് പാർട്ടിയിലുള്ളവരും അല്ലാത്തവരുമായ ഒരു വിഭാഗം വിചാരിച്ചത് ഹരിത ഇനിയുണ്ടാവില്ല എന്ന തരത്തിലായിരുന്നു. പക്ഷേ, നേതൃത്വം ഇത് ഉൾകൊള്ളുന്നതാണ് പിന്നീട് കണ്ടത്. എങ്ങനെയാണ് അതിനെ വിലയിരുത്തുന്നത്?

ഹരിത എന്നൊരു വിഷയം മാത്രമായിരുന്നില്ല. ആ സമയത്ത് ഹരിത എന്ന വിഷയമുണ്ടായി എന്നത് യാഥാർത്ഥ്യം. പക്ഷേ, അതില്ലെങ്കിലും നേതൃത്വത്തിലുള്ള ആളുകൾ കാലത്തിനനുസരിച്ച് ചിന്തിക്കുന്നവരും മാറ്റങ്ങൾ ഉൾക്കൊള്ളാൻ തയ്യാറാവുന്നവരുമാണ്. കാലത്തിന്റെ ചുവരെഴുത്തുകൾ വായിക്കാൻ നേതൃത്വത്തിനു പറ്റിയിട്ടുണ്ട്. അവർ മുൻകൂട്ടി കാര്യങ്ങൾ കാണുന്നുണ്ട്. ഞാൻ യൂത്ത് ലീഗിന്റെ സംസ്ഥാന സെക്രട്ടറിയാണ്. ഞങ്ങളുടെ സംഘടനയിൽ 20 ശതമാനം നേതൃത്വത്തിലേക്ക് പെൺകുട്ടികൾ വരണം എന്നത് നമ്മൾ തീരുമാനിച്ച കാര്യമാണ്. യൂണിറ്റ് മുതൽ സംസ്ഥാനതലം വരെ 20 ശതമാനം സ്ത്രീകൾ ഉണ്ടാവണം എന്നതാണ് തീരുമാനം. അങ്ങനെയൊരു തീരുമാനം മറ്റേത് സംഘടനയെടുത്തിട്ടുണ്ട്. എല്ലാവരും വിമർശിക്കുന്ന സംഘടനയാണല്ലോ ലീഗ്. അവിടെയാണ് ഞങ്ങളത് തീരുമാനിച്ചത്. മുസ്‌ലിംലീഗ് എത്ര മുന്നിലാണ് എന്ന് ഓർത്തുനോക്കൂ. കാലോചിതമായ മാറ്റത്തിന് അവിടെ വഴിയൊരുങ്ങുകയാണ്. അതുപോലെത്തന്നെ കാലത്തിനനുസരിച്ച് ചിന്തിക്കുന്ന നേതൃത്വവും ഉണ്ട് എന്നത് തന്നെയാണ് ഏറ്റവും വലിയ ബലം.

ഹരിതയുടെ സമയത്തും എനിക്ക് നിരാശയൊന്നും തോന്നിയിട്ടില്ല. ആ സമയത്ത് ഞാൻ സംസാരിച്ചത് ശ്രദ്ധിച്ചാൽ മനസ്സിലാവും. ഞാനിതിൽനിന്ന് പിന്തിരിഞ്ഞുപോവുന്ന ഒരാളല്ല. സ്ഥാനങ്ങൾക്കുവേണ്ടി ഞാൻ എവിടെയും ആവശ്യപ്പെട്ടിട്ടില്ല. സ്ഥാനങ്ങളില്ലാതേയും പ്രവർത്തിക്കാൻ പറ്റും എന്ന ആത്മവിശ്വാസം ഉള്ള ആളാണ് ഞാൻ. വിശ്വസിക്കുന്ന ആശയത്തിൽ ഉറച്ചുനിൽക്കാൻ സ്ഥാനങ്ങൾ വേണമെന്നില്ല. വളരെ ഭംഗിയായി ആളുകളെ സഹായിക്കാനും അവരുടെ വിശ്വാസങ്ങളെ കാക്കാനും നിങ്ങൾക്കു പറ്റും. അതുകൊണ്ടുതന്നെ മറ്റുള്ളവർ കരുതിയതുപോലെ ഒരു നിരാശ എനിക്കുണ്ടായിരുന്നില്ല.

ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ ലീഗിന്റെ രണ്ട് വനിതാ സ്ഥാനാർത്ഥികളാണ് മത്സരിച്ചത്. ഒന്ന് പുതിയ തലമുറയുടെ പ്രതിനിധിയായി ഫാത്തിമ തഹിലിയയും രണ്ട് ദളിത് സമുദായത്തിൽനിന്നുള്ള വനിതാ നേതാവും. എങ്ങനെയാണ് ഈ സ്ഥാനാർത്ഥിത്വത്തെ നോക്കിക്കണ്ടത്?

പാർട്ടി എല്ലാ വിഭാഗം ആളുകളേയും പ്രതിനിധീകരിച്ചു. എന്റെ സ്ഥാനാർത്ഥിത്വം വന്നപ്പോൾ പലരും ചോദിച്ച ചോദ്യം വിജയസാധ്യതയുള്ള സീറ്റല്ലേ തരേണ്ടിയിരുന്നത് എന്നാണ്. സാധ്യതയുള്ള സീറ്റ് തരിക എന്നതല്ല നിങ്ങൾ ഫിറ്റായിട്ടുള്ള സീറ്റ് തരിക, പിടിച്ചെടുക്കാൻ പറ്റുന്ന സീറ്റുകൾ തരിക എന്നതാണ് പാർട്ടി പരിഗണിച്ചത്. ഞാൻ ചെറുപ്പക്കാരിയായ സ്ഥാനാർത്ഥിയാണ്. എനിക്ക് പേരാമ്പ്രയിൽ പോയി ഫൈറ്റ് ചെയ്യാൻ പറ്റും എന്ന് പാർട്ടിക്ക് തോന്നി. അത് നമ്മളെക്കുറിച്ചുള്ള വിലയിരുത്തലും പ്രതീക്ഷയുമാണ്. ഞാൻപോലും വിചാരിച്ചിട്ടില്ല എന്നെ പേരാമ്പ്രയിൽ സ്ഥാനാർത്ഥിയാക്കും എന്നത്. എല്ലാരെപ്പറ്റിയും പാർട്ടിക്ക് തീരുമാനങ്ങളുണ്ടായിട്ടുണ്ട്. അതിനനുസരിച്ച് ആളുകളെ പ്ലേസ് ചെയ്തിട്ടുണ്ട്. ഇക്കാലത്ത് എങ്ങനെയാണ് ന്യൂനപക്ഷങ്ങളെ അടിച്ചമർത്തിക്കൊണ്ടിരിക്കുന്നത് എന്ന് നമുക്കറിയാം. ഓരോ വിഭാഗങ്ങളേയും എങ്ങനെയാണ് മാറ്റിനിർത്തുന്നത് എന്നും. അതുകൊണ്ടുതന്നെ രണ്ടു വ്യത്യസ്ത വിഭാഗത്തിൽപ്പെട്ട ആളുകളെ പാർട്ടി മത്സരിപ്പിക്കുകയായിരുന്നു.

എതിർ സ്ഥാനാർത്ഥി എൽ.ഡി.എഫ് കൺവീനറും മുതിർന്ന നേതാവുമായിരുന്നു. ജയിക്കാൻ പറ്റും എന്ന തോന്നൽ ഏത് ഘട്ടത്തിലാണ് ഉണ്ടാവുന്നത്?

ആദ്യം ആരാണ് എതിർ സ്ഥാനാർത്ഥി എന്നതൊക്കെ മനസ്സിലാക്കി വെച്ചിരുന്നു. പിന്നീട് പക്ഷേ, ഞാൻ ജയത്തെക്കുറിച്ചോ പരാജയത്തെക്കുറിച്ചോ ചിന്തിച്ചിട്ടേയില്ല. ആ കാര്യത്തിലേക്ക് എന്റെ മനസ്സിനെ കൊടുത്തതേയില്ല. പരിപൂർണമായി പ്രവർത്തിക്കുക, ആളുകളെ കണ്ട് വോട്ട് ചോദിക്കുക എന്നതാണ് ചെയ്തത്. ആത്മാർത്ഥമായി വോട്ട് ചോദിക്കാനുള്ള ശ്രമം ഞാൻ നടത്തി. എതിർ സ്ഥാനാർത്ഥിയെക്കുറിച്ച് ആലോചിച്ച് ടെൻഷൻ അടിക്കാൻ നിന്നില്ല. ആളുകളായിരുന്നു ആത്മവിശ്വാസം. ആളുകളെ കാണുമ്പോൾ എനിക്ക് കിട്ടുന്ന മറുപടികളായിരുന്നു കരുത്ത്.

വർഗീയ പ്രചാരണങ്ങളും നേരിട്ടിരുന്നു. പക്ഷേ, അതൊന്നും കാര്യമായി ഗൗനിക്കാനുള്ള സമയം കിട്ടിയില്ല. ആളുകളെ കാണുന്നതിനുള്ള ഓട്ടമായിരുന്നു. എനിക്കെതിരെയുണ്ടായ വർഗീയ പ്രചാരണങ്ങളെ ചെറുക്കാൻ ആ നാട്ടിലെ ആൾക്കാർ മുന്നിൽ നിന്നു. അവർ ആ വിഷയങ്ങളെയൊക്കെ തള്ളിക്കളഞ്ഞുകൊണ്ട് എന്നെ വിജയിപ്പിച്ചു.

ഞാനൊരു ’90’s കിഡ് ആണ്. രണ്ട് തലമുറയുടേയും ഇടയിൽ നിൽക്കുന്ന തലമുറയാണ് ഞങ്ങളുടേത്. പഴയ ജനറേഷന്റേയും പുതിയ ജനറേഷന്റേയും എല്ലാ ആവശ്യങ്ങളും ആഗ്രഹങ്ങളും അവർ പറയുന്ന വാക്കുകളും ഞങ്ങൾക്കു കൃത്യമായി മനസ്സിലാക്കാൻ പറ്റും. മില്ലേനിയന്‍സ് ആയിട്ടുള്ള ആളുകളുടെ ഒരു പ്രത്യേകത അതാണ്. അത് ഗുണം ചെയ്യും.

വിജയത്തിനു ശേഷം മറ്റു രാഷ്ട്രീയ പാർട്ടികളിലെ സ്ത്രീകൾ വിളിച്ചിരുന്നോ?

നേതാക്കളായ ആളുകളൊന്നും വിളിച്ചിട്ടില്ല. അങ്ങനെയല്ലാത്തവരൊക്കെ എന്നോട് സംസാരിച്ചിട്ടുണ്ട്. വിജയത്തിനു ശേഷം നന്ദി പറയാൻ പോകുമ്പോഴൊക്കെ എനിക്ക് വോട്ട് ചെയ്യാത്ത ആളുകളും എന്നെ സ്വീകരിക്കാനുണ്ടായിരുന്നു. ടി.പി. രാമകൃഷ്ണനാണ് വോട്ടുചെയ്തത് എന്ന് എന്നോട് തുറന്നുപറഞ്ഞ് എന്നെ സ്വികരിക്കാൻ വന്ന സ്ത്രീകളുണ്ടായിരുന്നു.

വനിതാലീഗിന്റെ ഭാഗത്തുനിന്ന് ഫാത്തിമയുടെ സ്ഥാനാർത്ഥിത്വത്തിനെതിരെ വിയോജിപ്പുകൾ ഉണ്ടായിരുന്നു?

വനിതാലീഗിലെ എല്ലാ നേതാക്കളൊന്നും എതിർപ്പ് പ്രകടിപ്പിച്ചിട്ടില്ല. പല നേതാക്കളും മണ്ഡലത്തിൽ എന്നെ കാണാൻ വന്നിട്ടുണ്ടായിരുന്നു. വനിതാ ലീഗിന്റെ സംസ്ഥാന പ്രസിഡന്റ് സുഹറ മമ്പാട്, ജനറൽ സെക്രട്ടറി പി. കുത്സു എന്നിവരൊക്കെ എന്നെ കാണാൻ വന്നിരുന്നു. തിരുവനന്തപുരത്ത് സത്യപ്രതിജ്ഞ നടക്കുമ്പോഴും വന്നിരുന്നു. ആശിർവാദം തന്നിട്ടാണ് അവർ പോയത്.

നൂർബിന റഷീദ് കഴിഞ്ഞ തവണ കോഴിക്കോട് സൗത്തിൽ മത്സരിച്ചപ്പോൾ മതസംഘടനകളുടെ എതിർപ്പ് അവരുടെ തോൽവിക്ക് ഒരു കാരണമായി എന്ന വിലയിരുത്തലുകൾ ഉണ്ടായിരുന്നു. ഇത്തവണ അത്തരം എതിർപ്പുകളെ മറികടക്കാൻ കഴിഞ്ഞു എന്നാണോ മനസ്സിലാക്കേണ്ടത്?

കക്ഷിരാഷ്ട്രീയഭേദമെന്യേയാണ് എനിക്ക് പേരാമ്പ്രയിൽനിന്ന് വോട്ടുകൾ വന്നിട്ടുള്ളത്. നൂർബിനാ റഷീദിന്റെ പരാജയത്തിന് പറയപ്പെടുന്ന ഈ കാരണത്തിൽ എനിക്ക് അഭിപ്രായ വ്യത്യാസമുണ്ട്. എന്നെ സംബന്ധിച്ചിടത്തോാളം എനിക്ക് എല്ലാ വിഭാഗങ്ങളുടേയും വോട്ട് ലഭിച്ചിട്ടുണ്ട്.

സ്ത്രീകൾക്ക് രാഷ്ട്രീയത്തിലേയ്ക്ക് കടന്നുവരാൻ വലിയ കഷ്ടപ്പാടുണ്ട്. അതിനു പുറമെയാണ് മുസ്‌ലിം/ദളിത് എന്നൊക്കെയുള്ള സ്വത്വങ്ങളും. ഇതിനെ എങ്ങനെയാണ് മറികടക്കുന്നത്?

പുതിയകാലത്ത് അത് വലിയൊരു പ്രശ്നമാണ്. ഹിജാബിയായിട്ടുള്ള ഒരു പെൺകുട്ടി മത്സരിക്കാൻ പോവുക എന്നു പറഞ്ഞാൽ സാധാരണ ഒരു സ്ത്രീ മത്സരിക്കാൻ പോവുന്നത് പോലെയല്ല. സ്ത്രീകൾ മത്സരിക്കാൻ പോവുന്നതേ ബുദ്ധിമുട്ടാണ്. അവിടെ ഒരു മുസ്‌ലിം സ്ത്രീ മത്സരിക്കുക അതിനേക്കാൾ ബുദ്ധിമുട്ടാണ്. പക്ഷേ, നമ്മൾ പെട്ടെന്ന് വന്ന് മത്സരിക്കുകയല്ലല്ലോ, ഇന്നലെകളിൽ കിട്ടിയ ഒരുപാട് പാഠങ്ങളുണ്ട്. അത് ഇതിനെയൊക്കെ മറികടക്കാൻ സഹായിച്ചിട്ടുണ്ട്.

മുസ്‌ലിം ഐഡന്റിറ്റി വരുമ്പോൾ നമ്മൾ സെക്യുലറാണ് എന്ന് നിരന്തരം കാണിച്ച് കൊടുക്കേണ്ടിവരും. മറ്റുള്ളവർക്ക് കിട്ടുന്ന പ്രിവിലേജുകളൊന്നും നമുക്കു കിട്ടില്ല. അതൊരു സത്യാവസ്ഥയാണ്. നമ്മൾ കൊണ്ടുനടക്കുന്ന മതേതര ആശയങ്ങൾ ഇന്നത്തെ ഫാസിസ്റ്റ് കാലത്ത് ആളുകളുടെ ഇടയിൽ പ്രതിഫലിപ്പിക്കേണ്ടിവരുന്നത് വളരെ ഖേദകരമായ അവസ്ഥയാണ്.

നിയമസഭയിലെ സ്ത്രീ പ്രാതിനിധ്യം ഇപ്പോഴും 10 ശതമാനത്തിൽ താഴെയാണ്?

സ്ത്രീ പ്രാതിനിധ്യം ഇതു പോര. ഇന്നത്തെ കാലത്ത് ആളുകളെ കിട്ടാത്ത സാഹചര്യമില്ല. സംവരണമൊക്കെ വന്നതോടെ കഴിവുള്ള ഒരുപാട് സ്ത്രീകൾ മുന്നോട്ട് വന്നിട്ടുണ്ട്. കൂടുതൽ സ്ത്രീകൾ രാഷ്ട്രീയത്തിലേക്ക് വരട്ടെ. അത് കാലത്തിനനുസരിച്ച് മാറ്റമുണ്ടാക്കും. സ്ത്രീകൾക്ക് ആളുകളുമായി ആഴത്തിൽ ഇമോഷണലി കണക്ട് ചെയ്യാൻ പറ്റും. അത് ഗവേണൻസിൽ മാറ്റം കൊണ്ടുവരും.

പെൺകുട്ടികൾക്കിടയിൽ ഒരു ഐക്കണായി മാറിയോ ഇപ്പോൾ?

നിയമസഭയിൽനിന്ന് സത്യപ്രതിജ്ഞ കഴിഞ്ഞപ്പോൾ ഞാനെന്റെ വണ്ടിയെടുത്താണ് പുറത്തേയ്ക്ക് വന്നത്. പലരും ഇതെന്താ ഇങ്ങനെ എന്നു പറഞ്ഞിട്ടുണ്ട്. പക്ഷേ, നമ്മൾ മനസ്സിലാക്കേണ്ടത് പൊളിറ്റിക്സിൽ ഒന്നും ഈസിയല്ല എന്നതാണ്. ഇന്നത്തെ സാഹചര്യം ആയിരിക്കില്ല നാളെയുണ്ടാവുക. നാളെ നാളത്തെ ചലഞ്ച് ഉണ്ടാവും. ആ വെല്ലുവിളികളെ നമ്മൾ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നുള്ളതാണ്. എന്നെ സംബന്ധിച്ച് ഒരു വണ്ടി രാഷ്ട്രീയ പ്രവർത്തനം നടത്താൻ വളരെ അത്യാവശ്യമായി തോന്നിയിരുന്നു. അത് ഞാൻ വളരെ കഷ്ടപ്പെട്ടാണ് നേടിയെടുത്തതും. എന്റെ സ്വന്തം പേരിൽ ഒരു വണ്ടി. വീട്ടുകാരുടെ പിന്തുണപോലും ഉണ്ടാവരുത് എന്നു ചിന്തിച്ച് എന്റെ കയ്യിലുള്ളതെല്ലാം കൂട്ടിയെടുത്താണ് ഞാനത് വാങ്ങുന്നത്. പിന്നീട് എന്റെ യാത്രകളും ചിന്തകളുമെല്ലാം ആ വണ്ടിയുമായി ബന്ധപ്പെട്ടിട്ടാണ്. അതിനുമുന്‍പ് ഞാൻ നടത്തിയ ഒരു സ്ട്രഗിൾ ഉണ്ട്. പാതിരായ്ക്ക് വീട്ടിലേക്ക് കയറിവരുമ്പോൾ എന്റെ പാരന്റ്‌സിന്റെ മുഖം എനിക്കു പേടിയായിരുന്നു. രാഷ്ട്രീയ പരിപാടികളൊക്കെ കഴിഞ്ഞ് തിരിച്ചുവരുമ്പോൾ മനസ്സിലുള്ള ഏറ്റവും വലിയ ടെൻഷൻ വീട്ടുകാരുടെ മുഖമായിരുന്നു. അതിനെയൊക്കെ അതിജീവിക്കേണ്ടിവന്നു. മറ്റൊരു തരത്തിലുള്ള ഒരു സ്വാതന്ത്ര്യം എനിക്ക് ഫീൽ ചെയ്തത് ഞാൻ വണ്ടി സ്വന്തമാക്കിയപ്പോഴാണ്. അതൊക്കെ ഏതെങ്കിലും തരത്തിൽ ആളുകൾക്ക് പ്രചോദനമാകുന്നുവെങ്കിൽ ആവട്ടെ എന്നാണ് ഞാൻ കരുതുന്നത്.

എല്ലാവരും അവരുടെ ആവശ്യങ്ങൾ പറയുകയും സംസാരിക്കുകയും ചെയ്യണം. അതിനുള്ള സാഹചര്യങ്ങൾ ഉണ്ടാവണം. അതിലൂടെ കളക്ടീവായ തീരുമാനങ്ങൾ വരട്ടെ. സ്ത്രീകൾ മാത്രമുള്ള വേദികളെ പലരും കളിയാക്കുന്നുണ്ടെങ്കിലും ഏറ്റവും കരുത്തുറ്റ ബന്ധമാണ് സ്ത്രീകൾ തമ്മിലുള്ളത്. അത്തരം കൂട്ടായ്മകൾ കരുത്താർജിക്കുന്നു എന്നത് സന്തോഷകരമാണ്. എന്റെ കാര്യമെടുത്താൽ ഞാൻ ഒറ്റയ്ക്കായിരുന്നില്ല, എന്റെ കൂടെ നടന്ന ഒത്തരി ആളുകളുണ്ട്. അവരുടെയൊക്കെ സ്ട്രഗിൾ കൂടിയാണ് ഇത്. ഒരു സ്ത്രീയുടേയും പോരാട്ടം ഒറ്റയ്ക്കാണ് എന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. അതൊരു കളക്ടീവ് എഫേർട്ട് ആണ്.

എന്റെ വിജയം പല ആളുകളുടേയും വിജയമായി ആഘോഷിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. അത് മുസ്‌ലിം പെൺകുട്ടികൾ മാത്രമല്ല. ചിന്തിക്കുന്ന, ലിബറൽ മനസ്സുള്ള ആളുകൾ അവരുടെ വിജയമായിട്ടുകൂടി ഇതിനെ കാണുന്നുണ്ട്. അത് വലിയ സന്തോഷം തരുന്ന കാര്യമാണ്. ആർക്കെങ്കിലും എന്റെ സ്ട്രഗിൾ പ്രചോദനമായിട്ടുണ്ടെങ്കിൽ ഞാൻ ഹാപ്പിയാണ്. എല്ലാവർക്കും മുന്നോട്ട് വരാനുള്ള സാഹചര്യം ഉണ്ടാവണം. എന്നെ സംബന്ധിച്ചിടത്തോളം കേരളത്തിന്റെ നിയമസഭയിൽ അവരുടെ പ്രതിനിധിയായിട്ടാണ് ഞാൻ ഇരിക്കുന്നത്. അവർക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കി കൊടുക്കാനുള്ള ഇടപെടലുകൾ എന്റെ ഭാഗത്തുനിന്നും ഉണ്ടാവും. അവരെ പിന്തുണയ്ക്കുക, അവരെ പ്രോത്സാഹിപ്പിക്കുകയും ഉൾകൊള്ളുകയും ചെയ്യുന്ന പദ്ധതികൾ നടപ്പാക്കുക എന്ന തരത്തിലാണ് എന്റെ പ്രവർത്തനങ്ങളെ ഞാൻ മുന്നോട്ടുകൊണ്ടുപോവുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതുതായി ഒന്നുമില്ലെന്ന് വിമര്‍ശനം; വാഹന മോഡിഫിക്കേഷനില്‍ കൂടുതല്‍ ഇളവുകള്‍ പറ്റുമോ?, വരുന്നു പഠിക്കാന്‍ സബ് കമ്മിറ്റി

ഉറങ്ങിക്കിടക്കുമ്പോള്‍ വീടിനുമുകളിലേക്ക് മരം വീണു, യുവാവ് മരിച്ചു

സിബിഎസ്ഇ പ്ലസ് ടു പുനര്‍മൂല്യനിര്‍ണയം: ഞായറാഴ്ച അര്‍ദ്ധരാത്രി വരെ അപേക്ഷിക്കാം

കവി എസി ശ്രീ ഹരി അന്തരിച്ചു

സൈജു കുറുപ്പ് -അജു വർഗീസ് കോമ്പോ, പാട്ടൊരുക്കിയിരിക്കുന്നത് പൂർണമായും എഐയിൽ; 'ലർക്ക്' റിലീസ് തീയതി പുറത്ത്

SCROLL FOR NEXT