തസ്ലീമ നസ്റിന്‍ Samakalika malayalam Weekly
Malayalam Weekly

എന്റെ പ്രതീക്ഷ മതേതര ഫെമിനിസത്തില്‍

എന്റെ പ്രതീക്ഷ മതത്തിനുള്ളിൽനിന്ന് രൂപപ്പെടുന്ന ഫെമിനിസത്തെക്കാൾ, സർവ മാനവിക മൂല്യങ്ങളിലും സമത്വത്തിലും മനുഷ്യാവകാശങ്ങളിലും അധിഷ്ഠിതമായ മതേതര ഫെമിനിസത്തിലാണുള്ളത്. സ്ത്രീകളുടെ സ്വാതന്ത്ര്യവും തുല്യതയും ഉറപ്പുവരുത്താൻ കഴിയുക മനുഷ്യനെ കേന്ദ്രമാക്കുന്ന അത്തരം ആശയങ്ങൾക്കാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്.

ഡോ. ഷിലുജാസ് എം

‘ലജ്ജ’ പ്രസിദ്ധീകരിച്ചതിനുശേഷം നിങ്ങൾ മതമൗലികവാദികളിൽനിന്നു മാത്രമല്ല, ഭരണകൂടത്തിൽനിന്നും പുരുഷാധിപത്യ സമൂഹത്തിൽനിന്നും ഒരുപോലെ എതിർപ്പുകൾ നേരിട്ടു. ഒരു സാമൂഹിക വ്യവസ്ഥയിൽ മതം, ഭരണകൂടം, പുരുഷാധിപത്യം എന്നീ മൂന്ന് ഘടകങ്ങൾ സ്ത്രീകളെ പ്രതികൂലമായി ബാധിക്കുന്ന രീതിയിൽ പരസ്പരം എങ്ങനെ ബന്ധിക്കപ്പെട്ടിരിക്കുന്നു?

മതവും ഭരണകൂടവും പുരുഷാധിപത്യവും മിക്കപ്പോഴും പരസ്പരം ബന്ധിക്കപ്പെട്ടാണ് പ്രവർത്തിക്കുന്നത്, പ്രത്യേകിച്ച് സ്ത്രീകളുടെ കാര്യത്തിൽ. സ്ത്രീകളുടെ ജീവിതത്തെ നിയന്ത്രിക്കുകയും അവരെ പിന്നാക്കാവസ്ഥയിൽ നിലനിർത്തുകയും ചെയ്യുന്ന കാര്യത്തിൽ ഈ കൂട്ടുകെട്ട് വളരെ വ്യക്തമായി കാണാൻ കഴിയും. സർക്കാർ ‘ലജ്ജ’ നിരോധിച്ചപ്പോൾ അതിൽ ഏറ്റവും കൂടുതൽ ആഹ്ലാദിച്ചത് മതമൗലികവാദികളായിരുന്നു. രാജ്യത്തെ ഹിന്ദു ന്യൂനപക്ഷങ്ങൾക്ക് ആവശ്യമായ സംരക്ഷണം ലഭിക്കുന്നില്ലെന്ന എന്റെ വിമർശനങ്ങളാണ് ഭരണകൂടത്തെ പ്രകോപിപ്പിച്ചത്. പ്രത്യേകിച്ച് ബാബ്‌രി മസ്ജിദ് തകർത്ത സംഭവത്തിനു ശേഷം ബംഗ്ലാദേശിലെ ഹിന്ദു ന്യൂനപക്ഷങ്ങൾ പലപ്പോഴും മുസ്‌ലിം മതതീവ്രവാദികളുടെ ആക്രമണങ്ങൾക്ക് ഇരയായിട്ടുണ്ട്. അത്തരം യാഥാർത്ഥ്യങ്ങളെയാണ് ഞാൻ ‘ലജ്ജ’യിൽ ചിത്രീകരിച്ചത്.

അതേസമയം, മതത്തേയും വിശ്വാസികളേയും അപമാനിച്ചുവെന്നാരോപിച്ച് മതമൗലികവാദികൾ എനിക്കെതിരെ തിരിഞ്ഞു. അവർ എന്റെ തലയ്ക്ക് വിലയിട്ടു, എന്നെ വധിക്കണമെന്ന് ആവശ്യപ്പെട്ടു, എന്നെ നാടുകടത്തണമെന്ന് ആവശ്യപ്പെട്ട് സർക്കാരിനുമേൽ നിരന്തരം സമ്മർദം ചെലുത്തി.

ഞാൻ സ്ത്രീ-പുരുഷ സമത്വത്തിനുവേണ്ടി സംസാരിക്കുകയും അതിനു തടസ്സമായി നിൽക്കുന്ന പുരുഷാധിപത്യ മത-സാംസ്കാരിക ഘടനകളെ വിമർശിക്കുകയും ചെയ്തപ്പോൾ അതും മതമൗലികവാദികളെ പ്രകോപിപ്പിച്ചു. വിവാഹം, വിവാഹമോചനം, കുട്ടികളുടെ സംരക്ഷണം, സ്വത്തവകാശം തുടങ്ങിയ വിഷയങ്ങളിൽ സ്ത്രീ-പുരുഷ സമത്വം മതനിയമങ്ങളിൽ എനിക്ക് കാണാൻ കഴിഞ്ഞിട്ടില്ല. എന്റെ അനുഭവത്തിൽ മതം സ്ത്രീകളെ സ്വതന്ത്രരാക്കുന്നതിലുപരി അവരെ നിയന്ത്രിക്കുകയും അടിച്ചമർത്തുകയും ചെയ്തിട്ടുണ്ട്. ബംഗ്ലാദേശിൽ വ്യക്തിനിയമങ്ങളും കുടുംബനിയമങ്ങളും ഉൾപ്പെടെ നിരവധി നിയമങ്ങൾ മതത്തെ അടിസ്ഥാനമാക്കിയുള്ളവയാണ്. അതുകൊണ്ട് നിയമത്തിന്റെ മുന്നിൽപോലും സ്ത്രീകൾക്ക് തുല്യതയും നീതിയും എല്ലായ്‌പ്പോഴും ഉറപ്പാക്കപ്പെട്ടിരുന്നില്ല. മതത്തെ അടിസ്ഥാനമാക്കിയുള്ള നിയമങ്ങളിലല്ല, മറിച്ച് നീതിയും സമത്വവും തുല്യാവകാശങ്ങളും ഉറപ്പുവരുത്തുന്ന മതേതര നിയമവ്യവസ്ഥയിലാണ് എന്റെ വിശ്വാസം.

മതവും ഭരണകൂടവും പുരുഷാധിപത്യവും ഒരുമിച്ച് എനിക്കെതിരെ തിരിഞ്ഞപ്പോൾ, ഒടുവിൽ എനിക്ക് എന്റെ ജന്മദേശംപോലും ഉപേക്ഷിച്ച് പോകേണ്ടിവന്നു. അതൊരു വ്യക്തിപരമായ നഷ്ടം മാത്രമായിരുന്നില്ല; സ്വതന്ത്രമായി ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുന്ന ഒരാളുടെമേൽ അധികാരഘടനകൾ ഒരുമിച്ച് നടത്തുന്ന ആക്രമണത്തിന്റെ അനുഭവം കൂടിയായിരുന്നു.

ഇന്ന് മുസ്‌ലിം സ്ത്രീകൾ പൊതുജീവിതത്തിലേക്ക് കൂടുതൽ സജീവമായി കടന്നുവരികയും പൊതുമണ്ഡലങ്ങളിൽ ആത്മവിശ്വാസത്തോടേയും കഴിവോടേയും ഇടപെടുകയും ചെയ്യുന്നു. എന്നിരുന്നാലും ചില മതനേതാക്കളിൽനിന്നോ മതസംഘടനയിൽനിന്നോ സ്ത്രീകൾക്കെതിരെ ഇപ്പോഴും ഫത്വകൾ പുറപ്പെടുവിക്കപ്പെടുന്നുണ്ട്. 21-ാം നൂറ്റാണ്ടിലെ, ആധുനിക ജനാധിപത്യ സമൂഹത്തിലെ ഇത്തരം ഫത്വകളെ നിങ്ങൾ എങ്ങനെ വിലയിരുത്തുന്നു?

ബംഗ്ലാദേശിൽ ഫത്വകൾക്ക് നിയമപരമായ അംഗീകാരമില്ല. എന്നിരുന്നാലും തീവ്ര മുസ്‌ലിം ചിന്താഗതിക്കാരായ ചില മതനേതാക്കളും പുരോഹിതരും സ്വതന്ത്രമായി ചിന്തിക്കുകയും എഴുതുകയും സംസാരിക്കുകയും ചെയ്യുന്ന സ്ത്രീകളെ ഭയപ്പെടുത്താനും നിശ്ശബ്ദരാക്കാനും ഇപ്പോഴും ഫത്വകൾ ഉപയോഗിക്കാറുണ്ട്. ഇത് സ്ത്രീകളെ മാത്രമല്ല, അഭിപ്രായ സ്വാതന്ത്ര്യത്തേയും ചോദ്യം ചെയ്യാനുള്ള മനുഷ്യന്റെ അവകാശത്തേയും ആക്രമിക്കുന്ന ഒരു രീതിയാണ്.

2016-ൽ ബംഗ്ലാദേശിൽ സ്വതന്ത്ര ചിന്താഗതിക്കാരായ നിരവധി ബ്ലോഗർമാരെ മുസ്‌ലിം തീവ്രവാദികൾ കൊലപ്പെടുത്തി. സ്വന്തം മതത്തെ വിമർശിക്കുന്നതിനോടുള്ള അസഹിഷ്ണുതയാണ് അത്തരം ആക്രമണങ്ങൾക്കു പിന്നിൽ പ്രവർത്തിച്ചത്. എന്നാൽ, ശക്തമായ വിമർശനങ്ങളില്ലാതെ ഒരു സമൂഹത്തിനും മുന്നോട്ട് പോകാനാവില്ല. സ്ത്രീ-പുരുഷ സമത്വം സ്ഥാപിക്കാനോ പുരോഗമനപരമായ ആശയങ്ങൾ നടപ്പാക്കാനോ ഒരു സമൂഹത്തെ കൂടുതൽ പരിഷ്‌കൃതമാക്കാനോ വിമർശനവും സംവാദവും അനിവാര്യമാണ്.

ചരിത്രത്തിലുടനീളം മതത്തെ ചോദ്യം ചെയ്തവരും ദൈവത്തെക്കുറിച്ച് സംശയങ്ങൾ ഉന്നയിച്ചവരും മതാചാരങ്ങളെ വിമർശിച്ചവരും കടുത്ത പീഡനങ്ങൾ നേരിട്ടിട്ടുണ്ട്. യൂറോപ്പിൽ പോലും ഒരുകാലത്ത് ചർച്ച് അത്തരം ആളുകളെ വേട്ടയാടുകയും കൊലപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ, പിന്നീട് അവിടെ ചിന്താസ്വാതന്ത്ര്യത്തിനും വിമർശനത്തിനും സംവാദത്തിനും പ്രാധാന്യം നൽകുന്ന സജീവ സമൂഹങ്ങൾ രൂപപ്പെട്ടു. ആളുകൾ മതത്തേയും ദുരാചാരങ്ങളേയും അന്ധവിശ്വാസങ്ങളേയും ചോദ്യം ചെയ്തു; ഉത്തരങ്ങൾ തേടി. ആ പ്രക്രിയയിലൂടെയാണ് യൂറോപ്പ് ക്രമേണ കൂടുതൽ മതേതരവും ജനാധിപത്യപരവുമായ സമൂഹങ്ങളിലേക്ക് വളർന്നത്.

എന്റെ കാഴ്ചപ്പാടിൽ മതേതരത്വം എന്നത് ഭരണകൂടം മതത്തിൽനിന്നു പൂർണമായും അകന്നു നിൽക്കുക എന്നതാണ്. ഒരു പരിഷ്‌കൃത സമൂഹം യാഥാർത്ഥ്യമാകണമെങ്കിൽ ഭരണകൂടം മതത്തോട് യാതൊരു പ്രത്യേക അടുപ്പവും പുലർത്തരുത്. മതം വ്യക്തിയുടെ സ്വകാര്യവിശ്വാസമായിരിക്കണം; എന്നാൽ, വിദ്യാഭ്യാസവും നിയമവും ഭരണസംവിധാനവും മതേതരമായിരിക്കണം.

സ്ത്രീ-പുരുഷ സമത്വം യാഥാർത്ഥ്യമാകണമെങ്കിൽ ഈ വേർതിരിവ് അനിവാര്യമാണ്. കാരണം മതനിയമങ്ങളും മതപരമായ സാമൂഹിക ഘടനകളും പലപ്പോഴും സ്ത്രീകളെ നിയന്ത്രിക്കുകയും അവരുടെ അവകാശങ്ങളെ പരിമിതപ്പെടുത്തുകയും ചെയ്യുന്നു. അതുപോലെതന്നെ, മതാധിഷ്ഠിത രാഷ്ട്രങ്ങളിൽ മതന്യൂനപക്ഷങ്ങൾ പലപ്പോഴും രണ്ടാംതര പൗരന്മാരായി പരിഗണിക്കപ്പെടുന്നു.

ബംഗ്ലാദേശിൽ ബുദ്ധമതക്കാരും ഹിന്ദുക്കളും ക്രിസ്ത്യാനികളും ഉൾപ്പെടെയുള്ള ന്യൂനപക്ഷ വിഭാഗങ്ങൾ വർഷങ്ങളായി പലതരത്തിലുള്ള വിവേചനങ്ങളും ബുദ്ധിമുട്ടുകളും അനുഭവിച്ചിട്ടുണ്ട്. മനുഷ്യരുടെ അന്തസ്സും അഭിമാനവും തുല്യാവകാശങ്ങളും സംരക്ഷിക്കപ്പെടണമെങ്കിൽ ഭരണകൂടവും വിദ്യാഭ്യാസ സംവിധാനവും പൊതുസമൂഹവും പൂർണമായും മതേതരമായിരിക്കണം. അപ്പോൾ മാത്രമേ ഓരോ മനുഷ്യനും തുല്യ ബഹുമാനത്തോടേയും സ്വാതന്ത്ര്യത്തോടേയും ജീവിക്കാനും മരിക്കാനും കഴിയൂ.

തസ്മലിമ നസ്റിന്‍

ഒരു സ്ത്രീ എന്ന നിലയിലുള്ള നിങ്ങളുടെ സ്വത്വം നിങ്ങളുടെ എഴുത്തിനേയും തെരഞ്ഞെടുക്കുന്ന വിഷയങ്ങളേയും എങ്ങനെയാണ് സ്വാധീനിച്ചിട്ടുള്ളത്?

ഒരു സ്ത്രീ എന്ന നിലയിൽ കുട്ടിക്കാലം മുതൽത്തന്നെ ഞാൻ നിരവധി വിവേചനങ്ങളും നിയന്ത്രണങ്ങളും അനുഭവിച്ചിട്ടുണ്ട്. എന്റെ സഹോദരന്മാർക്ക് എവിടേയും പോകാനും ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാനും എന്തും ഭക്ഷിക്കാനും സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കാനും യാത്ര ചെയ്യാനുമെല്ലാം സ്വാതന്ത്ര്യമുണ്ടായിരുന്നു. എന്നാൽ, ഞങ്ങൾ പെൺകുട്ടികൾക്ക് അതേ സ്വാതന്ത്ര്യം അനുവദിക്കപ്പെട്ടിരുന്നില്ല.

എന്റെ ജീവിതത്തിലെ വലിയൊരു ഭാഗ്യം, എന്റെ പിതാവ് ഒരു മതേതരവും പുരോഗമനപരവുമായ വ്യക്തിയായിരുന്നു എന്നതാണ്. ഒരു മെഡിക്കൽ ഡോക്ടറായിരുന്ന അദ്ദേഹം പെൺമക്കളുടെ വിദ്യാഭ്യാസത്തിനു വലിയ പ്രാധാന്യം നൽകി. ഞങ്ങളെ സ്കൂളിലേക്കും കോളേജിലേക്കും അയക്കുന്നതിൽ മുൻകയ്യെടുത്തതും എന്നെ ഒരു മെഡിക്കൽ ഡോക്ടറായി കാണാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ചതും അദ്ദേഹമായിരുന്നു.

എന്നിരുന്നാലും ഒരു സ്ത്രീയാണെന്ന കാരണത്താൽ മാത്രം സ്ത്രീവിരുദ്ധമായ ഒരു സമൂഹത്തിൽ എനിക്ക് പലതരത്തിലുള്ള വിവേചനങ്ങളും നിയന്ത്രണങ്ങളും നേരിടേണ്ടിവന്നു. എത്ര വിദ്യാഭ്യാസമുള്ളവളായാലും എത്ര ഉയർന്ന പദവിയിലായാലും പുരുഷാധിപത്യ സമൂഹത്തിൽ സ്ത്രീകൾക്ക് പലവിധ തടസ്സങ്ങളും സഹിക്കേണ്ടിവരുന്നു. അത്തരം സമൂഹങ്ങൾ സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ സംശയത്തോടേയും ഭയത്തോടേയും കാണുന്നു.

സ്ത്രീകൾ സ്വതന്ത്രമായി സഞ്ചരിക്കുന്നതും സ്വന്തം തീരുമാനങ്ങൾ എടുക്കുന്നതും സ്വന്തം ജീവിതം നയിക്കുന്നതും പുരുഷാധിപത്യ വ്യവസ്ഥകൾക്ക് പലപ്പോഴും സ്വീകാര്യമല്ല. സ്ത്രീകൾ വീടിനുള്ളിൽ ഒതുങ്ങിക്കഴിയണമെന്നാണ് അത്തരം സമൂഹങ്ങളുടെ ആഗ്രഹം. ധൈര്യവും സ്വതന്ത്രചിന്തയും സാമ്പത്തിക സ്വയംപര്യാപ്തതയും ഉള്ള സ്ത്രീകളെയാണ് അവർ ഏറ്റവും കൂടുതൽ ഭയക്കുന്നത്.

എന്റെ അനുഭവത്തിൽ, സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന് ഏറ്റവും വലിയ അടിത്തറ സാമ്പത്തിക സ്വാതന്ത്ര്യമാണ്. സ്വന്തം വരുമാനവും സ്വന്തം തീരുമാനങ്ങൾ എടുക്കാനുള്ള ശേഷിയും ഇല്ലാത്തിടത്ത് സ്ത്രീകൾക്ക് യഥാർത്ഥ സ്വാതന്ത്ര്യം അനുഭവിക്കാൻ സാധിക്കില്ല. അതുകൊണ്ടാണ് ഞാൻ സ്ത്രീകളോട് എപ്പോഴും പറയുന്നത്: വിദ്യാഭ്യാസം നേടുക, സ്വന്തം കാലിൽ നിൽക്കുക, സാമ്പത്തികമായി സ്വയംപര്യാപ്തരാകുക. അതാണ് സ്വാതന്ത്ര്യത്തിലേക്കും ആത്മാഭിമാനത്തിലേക്കും സമത്വത്തിലേക്കും നയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വഴി.

തുറന്നു പറയുന്ന നിലപാടുകൾ കാരണം സമൂഹത്തിൽനിന്ന് ശക്തമായ വിമർശനങ്ങളും ഭീഷണികളും നിങ്ങൾ നേരിട്ടിട്ടുണ്ട്. ഇത്രയും വർഷങ്ങളായി നിങ്ങളുടെ ധൈര്യവും ആത്മവിശ്വാസവും നിലനിർത്താൻ നിങ്ങളെ പ്രചോദിപ്പിച്ച ശക്തി എന്താണ്?

അതെ, എന്നെ വിമർശിക്കപ്പെട്ടു, എന്നെ നാടുകടത്തി, എന്റെ പുസ്തകങ്ങൾ നിരോധിക്കപ്പെട്ടു, എന്റെ പേരിൽ ഫത്വകൾ പുറപ്പെടുവിക്കപ്പെട്ടു. എന്നാൽ, ഇന്നുവരെ ഞാൻ എഴുത്ത് നിർത്തുന്നതിനെക്കുറിച്ചോ സംസാരിക്കുന്നത് അവസാനിപ്പിക്കുന്നതിനെക്കുറിച്ചോ ഒരിക്കലും ചിന്തിച്ചിട്ടില്ല.

കാരണം, എന്റെ എഴുത്ത് ബംഗാളി സ്ത്രീകൾക്കു മാത്രമല്ല, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്ത്രീകൾക്കും ധൈര്യവും ആത്മവിശ്വാസവും നൽകിയിട്ടുണ്ടെന്ന് എനിക്ക് അറിയാം. യൂറോപ്പിലേയും ഏഷ്യയിലേയും നിരവധി സ്ത്രീകൾ അവരുടെ ജീവിതപോരാട്ടങ്ങളിൽ എന്റെ പുസ്തകങ്ങളിൽനിന്നു പ്രചോദനം കണ്ടെത്തിയിട്ടുണ്ടെന്ന് അവർ എന്നോട് പറഞ്ഞിട്ടുണ്ട്. അതാണ് എന്നെ മുന്നോട്ടു നയിക്കുന്നത്.

ഇന്നും ലോകത്തിന്റെ പല ഭാഗങ്ങളിലും സ്ത്രീകൾ മതമൗലികവാദത്തിനും പുരുഷാധിപത്യത്തിനും അസമത്വത്തിനുമെതിരെ പോരാടിക്കൊണ്ടിരിക്കുകയാണ്. ചിലർ അവരുടെ വിദ്യാഭ്യാസത്തിനുവേണ്ടി പോരാടുന്നു, ചിലർ സ്വന്തം ശരീരത്തിന്മേലുള്ള അവകാശത്തിനുവേണ്ടി പോരാടുന്നു, ചിലർ സ്വതന്ത്രമായി ചിന്തിക്കാനും സംസാരിക്കാനുമുള്ള അവകാശത്തിനുവേണ്ടി പോരാടുന്നു. ആ പോരാട്ടങ്ങൾ അവസാനിച്ചിട്ടില്ല.

അതിനാൽ എന്റെ എഴുത്തും അവസാനിച്ചിട്ടില്ല. ഞാൻ എഴുതുന്നത് എനിക്കുവേണ്ടിയല്ല; ഭയപ്പെടാതെ ജീവിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്കുവേണ്ടിയാണ്. സ്വാതന്ത്ര്യത്തിലും സമത്വത്തിലും വിശ്വസിക്കുന്ന മനുഷ്യർക്കുവേണ്ടിയാണ്. എന്റെ ശബ്ദം മൗനമാക്കാൻ പലരും ശ്രമിച്ചിട്ടുണ്ട്, പക്ഷേ, ഓരോ തവണയും അതിനു കൂടുതൽ ശക്തി ലഭിക്കുകയാണ് ഉണ്ടായത്.

ലോകത്തിന്റെ എവിടെയായിരുന്നാലും മനുഷ്യാവകാശങ്ങൾക്കും സ്ത്രീസ്വാതന്ത്ര്യത്തിനും മതേതരത്വത്തിനും വേണ്ടി ഞാൻ എഴുതിക്കൊണ്ടിരിക്കും. കാരണം മൗനം അനീതിയെ ശക്തിപ്പെടുത്തുന്നു; എന്നാൽ, ഒരു സ്വതന്ത്ര ശബ്ദത്തിന് അനേകം മനുഷ്യരുടെ മനസ്സുകളിൽ പ്രതീക്ഷയും ധൈര്യവും ഉണർത്താൻ കഴിയും.

ലേഖികയും തസ്ലീമ നസ്റിനും

പ്രത്യേകിച്ച്, ‘ലജ്ജ’യും ‘മൈ ഗേൾഹുഡ്’ പോലുള്ള കൃതികളും പ്രസിദ്ധീകരിച്ച ശേഷം പാർശ്വവൽക്കരിക്കപ്പെട്ടതോ ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ടതോ ആയ സമൂഹങ്ങളിൽനിന്ന് ഉയരുന്ന വിമർശനങ്ങളോട് നിങ്ങൾ എങ്ങനെയാണ് പ്രതികരിക്കുന്നത്? അവരുമായി സംവദിക്കുന്നതിന് നിങ്ങൾക്ക് സ്വന്തമായ ഒരു സമീപനമോ ശൈലിയോ ഉണ്ടോ?

എനിക്കെപ്പോഴും എന്റേതായ ഒരു ശൈലിയുണ്ട്. ഞാൻ ഒരിക്കലും ആളുകളെ നിർബന്ധിച്ച് വിശ്വസിപ്പിക്കാനോ ബോധ്യപ്പെടുത്താനോ ശ്രമിക്കാറില്ല. ചിലർക്ക് കാര്യങ്ങൾ പെട്ടെന്ന് ബോധ്യപ്പെടും. ചിലർ ഞാൻ പറയുന്നത് സത്യമാണോ എന്നു ചിന്തിക്കും. ചിലർ പുരുഷമേധാവിത്വമാണ് നല്ലതെന്നും സ്ത്രീകൾ എപ്പോഴും ആശ്രിതരായിരിക്കണമെന്നുമാണ് വിശ്വസിക്കുന്നത്. മതമൗലികവാദവും മതനിയമങ്ങളും നല്ലതാണെന്ന് കരുതുന്നവരുമുണ്ട്. അത്തരം ഇടുങ്ങിയ ചിന്താഗതിക്കാർ പലപ്പോഴും സ്ത്രീകളുടെ സ്വാതന്ത്ര്യത്തേയും സമത്വത്തേയും എതിർക്കുന്നവരാണ്.

അത്തരം സ്ത്രീ വിരോധികളായ ആളുകൾ എന്നെ സദാസമയവും വിമർശിച്ചുകൊണ്ടേയിരിക്കും. എന്നാൽ, അതുകൊണ്ട് ഞാൻ എന്റെ നിലപാടുകളിൽനിന്ന് പിന്നോട്ടു പോകില്ല. വിമർശനങ്ങൾ ഒരു ആശയത്തെ ഇല്ലാതാക്കുന്നില്ല, പ്രത്യേകിച്ച് അത് മനുഷ്യാവകാശങ്ങൾക്കും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള ശബ്ദമാണെങ്കിൽ. ഞാൻ വിശ്വസിക്കുന്നത് സ്ത്രീകളും പുരുഷന്മാരും തുല്യ അവകാശങ്ങളോടേയും അന്തസ്സോടേയും ജീവിക്കേണ്ടവരാണെന്നാണ്. അതിനെതിരെ നിലകൊള്ളുന്നവർ എത്രയുണ്ടായാലും സ്വതന്ത്രമായി ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുന്ന ശബ്ദങ്ങളെ നിശ്ശബ്ദമാക്കാൻ അവർക്ക് കഴിയില്ല.ധീരമായ ശബ്ദമുള്ള ഒരുവളെ ഒരിക്കലും തോൽപ്പിക്കാൻ ഇത്തരം വിമർശനങ്ങൾക്ക് ആകില്ല.

വിമർശനങ്ങൾ കടുപ്പമുള്ളതാകുമ്പോൾ നിങ്ങൾക്ക് എപ്പോഴെങ്കിലും നിങ്ങളുടെ ശബ്ദത്തെ മൃദുവാക്കണമെന്ന് തോന്നിയിട്ടുണ്ടോ അല്ലെങ്കിൽ അത്തരമൊരു സമ്മർദത്തിൽ നിങ്ങൾ അകപ്പെട്ടിട്ടുണ്ടോ?

ഞാൻ എപ്പോഴും ഒരേ ശബ്ദത്തിലാണ് സംസാരിച്ചിട്ടുള്ളത്. മൃദുവായും ശാന്തമായുമാണ് ഞാൻ സംസാരിക്കുന്നത്. ബഹളം വയ്ക്കുകയോ ഉറക്കെ സംസാരിക്കുകയോ ചെയ്യുന്നത് എന്റെ രീതിയല്ല. എന്റെ ശബ്ദത്തിന്റെ ഉച്ചത്തിലല്ല, ഞാൻ എന്താണ് പറയുന്നത് എന്നതിലാണ് പ്രാധാന്യമെന്ന് ഞാൻ വിശ്വസിക്കുന്നു. വിമർശനങ്ങളോ ഭീഷണികളോ എനിക്ക് എന്റെ നിലപാടുകൾ മാറ്റേണ്ടതുണ്ടെന്ന് ഒരിക്കലും തോന്നിച്ചിട്ടില്ല. ഒരു ആശയം ശക്തമാകുന്നത് അതിന്റെ സത്യസന്ധതകൊണ്ടാണ്, അല്ലാതെ അത് എത്ര ഉച്ചത്തിൽ പറയപ്പെടുന്നു എന്നതുകൊണ്ടല്ല. അതുകൊണ്ട് ഞാൻ എപ്പോഴും യുക്തിയുടേയും മാനവികതയുടേയും ഭാഷയിലാണ് സംസാരിക്കാൻ ശ്രമിക്കുന്നത്. എനിക്ക് പ്രധാനപ്പെട്ടത് ശബ്ദത്തിന്റെ തീവ്രതയല്ല, ആശയങ്ങളുടെ സത്യസന്ധതയാണ്.

ഒരു സമൂഹത്തിൽ യഥാർത്ഥത്തിൽ മാറ്റം കൊണ്ടുവരുന്നത് സാഹിത്യമാണോ, പ്രത്യേകിച്ചും സ്ത്രീകളുടെ അവകാശങ്ങൾ, സമത്വംപോലുള്ള വിഷയങ്ങളിൽ?

തീർച്ചയായും എന്റെ എഴുത്തുകൾ സമൂഹത്തിൽ നിരവധി ചലനങ്ങളും ചർച്ചകളും സൃഷ്ടിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ബംഗ്ലാദേശിൽ നിരവധി ഇമാമുമാരും മതപുരോഹിതരും എന്റെ പുസ്തകങ്ങൾ വായിച്ചതിനുശേഷം തങ്ങൾ ഇത്രയും കാലം സത്യമായി വിശ്വസിച്ചിരുന്ന പല കാര്യങ്ങളേയും വിമർശനാത്മകമായി പുനഃപരിശോധിക്കാൻ തുടങ്ങി. ചിലർ മതവിശ്വാസങ്ങളിൽനിന്ന് അകന്നുപോകുകയും തങ്ങൾ പഠിച്ചും പഠിപ്പിച്ചും വന്ന പല ആശയങ്ങളും ചോദ്യം ചെയ്യുകയും ചെയ്തു. തീവ്ര മതചിന്താഗതിക്കാരായ പലരും ഗൗരവമായ വായനയിലൂടെ സ്വന്തം നിലപാടുകളെ പുനർവിചിന്തനം ചെയ്തിട്ടുണ്ട്. അതാണ് സാഹിത്യത്തിന്റെ ശക്തി.

ചരിത്രം പരിശോധിച്ചാൽ സമൂഹത്തിലെ വലിയ മാറ്റങ്ങൾ പലപ്പോഴും ആശയങ്ങളിലൂടേയും എഴുത്തുകളിലൂടേയുമാണ് ആരംഭിച്ചിട്ടുള്ളത്. ഒരുകാലത്ത് സ്ത്രീകൾക്ക് വിദ്യാഭ്യാസംപോലും നിഷേധിക്കപ്പെട്ടിരുന്നപ്പോൾ സ്ത്രീവിദ്യാഭ്യാസത്തിനും സ്ത്രീകളുടെ പുരോഗതിക്കുമായി അനേകം സ്ത്രീകളും പുരുഷന്മാരും എഴുതുകയും സംസാരിക്കുകയും ചെയ്തിരുന്നു. അവരുടെ ആശയങ്ങളും രചനകളും സമൂഹത്തിൽ ക്രമേണ മാറ്റങ്ങൾ സൃഷ്ടിച്ചു.

അതുപോലെ, സ്ത്രീകൾക്ക് വീടിനു പുറത്തുപോയി ജോലി ചെയ്യാനോ സ്വന്തം വരുമാനം സമ്പാദിക്കാനോ അവസരം നിഷേധിക്കപ്പെട്ടിരുന്ന കാലത്ത് ആ അവസ്ഥയെ വിമർശിച്ചുകൊണ്ട് നിരവധി കൃതികൾ എഴുതപ്പെട്ടു. ഇന്ന് സ്ത്രീകൾ നേടിയെടുത്ത വിദ്യാഭ്യാസവും സാമ്പത്തിക സ്വാതന്ത്ര്യവും സഞ്ചാരസ്വാതന്ത്ര്യവും സാമൂഹിക പങ്കാളിത്തവും അത്തരം ദീർഘകാല പോരാട്ടങ്ങളുടേയും ആശയപരമായ ഇടപെടലുകളുടേയും ഫലമാണ്.

ഇത് സ്ത്രീകളുടെ കാര്യത്തിൽ മാത്രം ബാധകമല്ല. യുദ്ധങ്ങൾക്കും അതിക്രമങ്ങൾക്കും ഭീകരതയ്ക്കും വിവേചനങ്ങൾക്കുമെതിരെ നമ്മൾ എഴുതുമ്പോൾ, സമത്വത്തിനും മനുഷ്യാവകാശങ്ങൾക്കും വേണ്ടി ശബ്ദമുയർത്തുമ്പോൾ, ആളുകൾ പുതിയ രീതിയിൽ ചിന്തിക്കാൻ തുടങ്ങുന്നു. അവർ ബോധവൽക്കരിക്കപ്പെടുന്നു. ലോകത്തെ കൂടുതൽ നന്നായി മനസ്സിലാക്കാൻ ശ്രമിക്കുന്നു.

യൂറോപ്പിലെ പല രാജ്യങ്ങളും ഇന്ന് സ്വാതന്ത്ര്യത്തിന്റേയും ജനാധിപത്യത്തിന്റേയും മാതൃകകളായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും ഒരുകാലത്ത് അവിടേയും യുദ്ധങ്ങളും മതപീഡനങ്ങളും അസമത്വങ്ങളും വ്യാപകമായിരുന്നു. ദീർഘകാല പോരാട്ടങ്ങളിലൂടേയും വിമർശനാത്മക ചിന്തയിലൂടേയും സാമൂഹിക പരിഷ്‌കാരങ്ങളിലൂടേയുമാണ് അവിടെ മാറ്റങ്ങൾ ഉണ്ടായത്. ഇന്ത്യയും ഇന്നു കാണുന്ന നാനാത്വവും ജനാധിപത്യ മൂല്യങ്ങളും അനേകം പോരാട്ടങ്ങളുടേയും ചരിത്രപരമായ മുന്നേറ്റങ്ങളുടേയും ഫലമാണ്.

ആളുകളെ കൂടുതൽ വിമർശനാത്മകമായി ചിന്തിക്കുന്നവരാക്കാനും സമൂഹത്തെ കൂടുതൽ മാനവികവും പരിഷ്‌കൃതവുമാക്കാനും സാഹിത്യത്തിനും കലാസൃഷ്ടികൾക്കും നിർണായകമായ പങ്കുണ്ട്. സമൂഹത്തിൽ ഇനിയും നിരവധി മാറ്റങ്ങൾ സംഭവിക്കാനുണ്ട്. പ്രത്യേകിച്ച് മതത്തിന്റെ അമിതസ്വാധീനം ഇപ്പോഴും നിലനിൽക്കുന്ന സമൂഹങ്ങളിൽ മനുഷ്യാവകാശങ്ങൾക്കും സ്ത്രീസമത്വത്തിനും മതേതര മൂല്യങ്ങൾക്കും വേണ്ടിയുള്ള പോരാട്ടങ്ങൾ തുടരേണ്ടതുണ്ട്. മാറ്റം ഒരിക്കലും ഒരു ദിവസത്തിൽ സംഭവിക്കുന്നതല്ല; എന്നാൽ, ആശയങ്ങളും എഴുത്തുകളും ആ മാറ്റത്തിന്റെ വിത്തുകൾ വിതയ്ക്കുന്നു.

മുസ്‌ലിം സാമൂഹിക പശ്ചാത്തലത്തിനുള്ളിൽ പ്രവർത്തിക്കുന്ന ഒരാളെന്ന നിലയിൽ ലിംഗനീതിക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന തരത്തിൽ മതത്തെ പുനർവ്യാഖ്യാനം ചെയ്യാനുള്ള ശ്രമങ്ങൾ ഞാൻ കാണുന്നുണ്ട്. ഇത്തരം ആഭ്യന്തര പരിഷ്‌കരണ ശ്രമങ്ങളെ കൂടുതൽ മതനിരപേക്ഷമായ ഫെമിനിസ്റ്റ് സമീപനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ നിങ്ങൾ എങ്ങനെ കാണുന്നു?

ചിലർ റിലീജിയസ് ഫെമിനിസം അഥവാ മതത്തിനുള്ളിൽ നിന്നുകൊണ്ടുള്ള ഫെമിനിസ്റ്റ് വായനകളിലും ഇടപെടലുകളിലും വിശ്വസിക്കുന്നു. എന്നാൽ, വ്യക്തിപരമായി എനിക്ക് അതിൽ വിശ്വാസമില്ല. ചരിത്രപരമായും സാമൂഹികമായും എല്ലാ സംഘടിത മതങ്ങളും സ്ത്രീകളെ തുല്യരായി പരിഗണിക്കുന്നതിൽ പരാജയപ്പെട്ടിട്ടുണ്ട് എന്നാണ് എന്റെ വിലയിരുത്തൽ. സ്ത്രീകളുടെ ജീവിതത്തേയും ശരീരത്തേയും അവകാശങ്ങളേയും നിയന്ത്രിക്കുന്നതിൽ മതങ്ങൾ നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്ന് ഞാൻ കരുതുന്നു.

തീർച്ചയായും ഓരോ വ്യക്തിക്കും മതം പിന്തുടരാനുള്ള അവകാശമുണ്ട്. അതുപോലെ തന്നെ ഹ്യൂമനിസം, യുക്തിവാദം, നാസ്തികത (atheism) തുടങ്ങിയ ആശയങ്ങളിൽ വിശ്വസിക്കാനും അവ പിന്തുടരാനും അവകാശമുണ്ട്. ഒരു ജനാധിപത്യ സമൂഹത്തിൽ എല്ലാ വിശ്വാസങ്ങൾക്കും അവിശ്വാസങ്ങൾക്കും ഒരുപോലെ ഇടമുണ്ടാകണം.

എന്നാൽ, പലപ്പോഴും മതതീവ്രവാദികൾ ഈ അവകാശം അംഗീകരിക്കാൻ തയ്യാറാകാറില്ല. നാസ്തികരേയും സ്വതന്ത്ര ചിന്തകരേയും വിമർശകരേയും അവർ ശത്രുക്കളായി കാണുന്നു. ബംഗ്ലാദേശിൽ നിരവധി നാസ്തിക ബ്ലോഗർമാരും സ്വതന്ത്ര ചിന്തകരും കൊലചെയ്യപ്പെട്ട സംഭവങ്ങൾ അതിന്റെ ഉദാഹരണമാണ്. മതവിശ്വാസികൾക്കു ലഭിക്കുന്ന അതേ സുരക്ഷയും അന്തസ്സും സ്വാതന്ത്ര്യവും മതമില്ലാത്തവർക്കും ലഭിക്കണം. അത് മനുഷ്യാവകാശത്തിന്റെ അടിസ്ഥാന തത്ത്വമാണ്.

സ്ത്രീകളുടെ അവകാശങ്ങളുടെ കാര്യത്തിലും മതനിയമങ്ങൾ ചരിത്രപരമായി പരിമിതികളുള്ളവയായിരുന്നു. വിവാഹം, വിവാഹമോചനം, പിന്തുടർച്ചാവകാശം, സ്വത്തവകാശം തുടങ്ങിയ വിഷയങ്ങളിൽ സ്ത്രീകൾക്ക് പുരുഷന്മാർക്ക് തുല്യമായ അവകാശങ്ങൾ മതനിയമങ്ങൾ പൊതുവെ നൽകിയിരുന്നില്ല. ഇന്ത്യയിൽ നിയമപരമായ പരിഷ്‌കാരങ്ങളിലൂടെയും ആധുനിക ഭരണഘടനാ മൂല്യങ്ങളിലൂടെയും സ്ത്രീകൾക്ക് കൂടുതൽ തുല്യാവകാശങ്ങൾ ലഭിക്കാൻ വഴിയൊരുങ്ങി. 1955-’56 കാലഘട്ടത്തിൽ നടപ്പിലാക്കിയ Hindu Code Bills (പ്രത്യേകിച്ച് Hindu Marriage Act, 1955; Hindu Succession Act, 1956) സ്ത്രീകൾക്ക് സമത്വവും അവകാശവും ഉറപ്പുവരുത്തി. അത്തരം മാറ്റങ്ങൾ മതഗ്രന്ഥങ്ങളിൽനിന്നല്ല, മറിച്ച് സമത്വത്തിനും നീതിക്കും വേണ്ടി നടന്ന സാമൂഹിക-രാഷ്ട്രീയ പോരാട്ടങ്ങളിൽനിന്നാണ് ഉണ്ടായത്.

അതുകൊണ്ടാണ് എന്റെ പ്രതീക്ഷ മതത്തിനുള്ളിൽനിന്ന് രൂപപ്പെടുന്ന ഫെമിനിസത്തെക്കാൾ, സർവ മാനവിക മൂല്യങ്ങളിലും സമത്വത്തിലും മനുഷ്യാവകാശങ്ങളിലും അധിഷ്ഠിതമായ മതേതര ഫെമിനിസത്തിലാണുള്ളത്. സ്ത്രീകളുടെ സ്വാതന്ത്ര്യവും തുല്യതയും ഉറപ്പുവരുത്താൻ കഴിയുക മനുഷ്യനെ കേന്ദ്രമാക്കുന്ന അത്തരം ആശയങ്ങൾക്കാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്.

ഇന്ത്യപോലുള്ള ഒരു രാജ്യത്ത് ഇസ്‌ലാമിക് ഫെമിനിസവും സെക്കുലർ ഫെമിനിസവും ഒന്നിച്ചുചേർന്നു പോകാനുള്ള അവസരം നിലനിൽക്കുന്നുണ്ടോ?

എന്റെ കാഴ്ചപ്പാടിൽ മതത്തിന്റേയും ഫെമിനിസത്തിന്റേയും അടിസ്ഥാന ആശയങ്ങൾ പരസ്പരം വ്യത്യസ്തമാണ്. അവയെ ഒന്നിച്ചുനിർത്താൻ ശ്രമിച്ചാലും പല ഘട്ടങ്ങളിലും അവ തമ്മിലുള്ള വൈരുധ്യങ്ങൾ പ്രകടമാകും. ഫെമിനിസത്തിന്റെ അടിസ്ഥാന ലക്ഷ്യം സ്ത്രീ-പുരുഷ സമത്വവും തുല്യാവകാശങ്ങളുമാണ്. എന്നാൽ, പല മതങ്ങളിലേയും പരമ്പരാഗത നിയമങ്ങളും ആചാരങ്ങളും സ്ത്രീകൾക്കും പുരുഷന്മാർക്കും വ്യത്യസ്തമായ സ്ഥാനങ്ങളും അവകാശങ്ങളുമാണ് നിർണയിച്ചിട്ടുള്ളത്.

സമൂഹത്തിൽ യഥാർത്ഥ മാറ്റങ്ങൾ ഉണ്ടാകുന്നത് നിയമങ്ങളും സാമൂഹിക സ്ഥാപനങ്ങളും പരിഷ്‌കരിക്കപ്പെടുമ്പോഴാണ്. സ്ത്രീകൾക്കെതിരായ അനീതികളെ നിലനിർത്തുന്ന നിയമങ്ങളും ആചാരങ്ങളും മാറ്റിയെഴുതേണ്ടതുണ്ട്. എന്നാൽ, മതഗ്രന്ഥങ്ങളേയും മതനിയമങ്ങളേയും അടിസ്ഥാനപരമായി ചോദ്യം ചെയ്യാതെ, അവയുടെ പരിധിക്കുള്ളിൽ മാത്രം നിന്ന് സമത്വം സ്ഥാപിക്കാൻ ശ്രമിക്കുന്നത് എത്രത്തോളം സാധ്യമാണെന്ന കാര്യത്തിൽ എനിക്ക് സംശയമുണ്ട്.

മതപരമായ ഘടനകൾക്കുള്ളിൽ സ്ത്രീകൾക്കെതിരായ വിവേചനങ്ങളും അസമത്വങ്ങളും ഇപ്പോഴും നിലനിൽക്കുമ്പോൾ, അവിടെ പൂർണമായ ഫെമിനിസ്റ്റ് ആശയങ്ങൾ എങ്ങനെ നടപ്പിലാക്കാനാകുമെന്ന് എനിക്ക് വ്യക്തമല്ല. അതുകൊണ്ടാണ് ഞാൻ മതേതരവും സർവ മാനവികവുമായ ഫെമിനിസത്തിലാണ് കൂടുതൽ പ്രതീക്ഷ കാണുന്നത്.

എന്നിരുന്നാലും റിലീജിയസ് ഫെമിനിസത്തിൽ വിശ്വസിക്കുകയും ആ വഴിയിലൂടെ മാറ്റങ്ങൾ കൊണ്ടുവരാൻ ശ്രമിക്കുകയും ചെയ്യുന്നവരുടെ അവകാശത്തെ ഞാൻ ബഹുമാനിക്കുന്നു. അവർക്ക് അവരുടെ ആശയങ്ങളുമായി മുന്നോട്ടുപോകാം.

നിങ്ങളുടെ എഴുത്തുകളെ നിങ്ങൾ കൂടുതലായി കണക്കാക്കുന്നത് ആക്ടിവിസം ആയിട്ടാണോ അതോ സമൂഹത്തിലെ യാഥാർത്ഥ്യങ്ങൾക്ക് സാക്ഷ്യം വഹിക്കുകയും (witnessing) അവയെ രേഖപ്പെടുത്തുകയും (documentation)ചെയ്യുന്ന ഒരു പ്രക്രിയ ആയിട്ടാണോ?

ഇതെല്ലാം കൂടിച്ചേർന്നതാണ് എന്റെ എഴുത്ത്. ഞാൻ കഥകളും കവിതകളും നോവലുകളും ലേഖനങ്ങളും ആത്മകഥകളും നോൺ-ഫിക്ഷൻ കൃതികളും ഫീച്ചറുകളും എഴുതാറുണ്ട്. ഏത് സാഹിത്യരൂപത്തിലായാലും എന്റെ ആശയങ്ങളും അനുഭവങ്ങളും സാമൂഹിക നിരീക്ഷണങ്ങളും അതിൽ പ്രതിഫലിക്കാറുണ്ട്.

എഴുത്ത് എന്നത് എനിക്ക് വെറുമൊരു കലാപ്രവർത്തനമല്ല. അത് ലോകത്തെ മനസ്സിലാക്കാനും ചോദ്യം ചെയ്യാനും സംവദിക്കാനുമുള്ള ഒരു മാർഗമാണ്. ഞാൻ എഴുതുന്ന ഓരോ കൃതിയിലും മനുഷ്യാവകാശങ്ങൾ, സ്ത്രീസ്വാതന്ത്ര്യം, മതേതരത്വം, സമത്വം, സാമൂഹിക നീതി തുടങ്ങിയ വിഷയങ്ങളോടുള്ള എന്റെ പ്രതിബദ്ധത പ്രതിഫലിക്കുന്നുണ്ട്.

അതുകൊണ്ട് എന്റെ എഴുത്തിനെ സാഹിത്യമെന്നും ആക്ടിവിസമെന്നും വേർതിരിച്ചു കാണാൻ എനിക്കു സാധിക്കാറില്ല. പലപ്പോഴും അവ രണ്ടും ഒന്നിനൊന്ന് ചേർന്നാണ് നിലകൊള്ളുന്നത്. ഒരുവശത്ത് എന്റെ എഴുത്ത് അനീതികൾക്കും അസമത്വങ്ങൾക്കുമെതിരായ ഒരു ഇടപെടലാണ്; മറുവശത്ത് അത് ഞാൻ ജീവിച്ച കാലത്തേയും സമൂഹത്തേയും മനുഷ്യരുടെ അനുഭവങ്ങളേയും രേഖപ്പെടുത്തുന്ന ഒരു സാക്ഷ്യപത്രവുമാണ്.

അതിനാൽ ഒരേസമയം എന്റെ എഴുത്ത് ആക്ടിവിസവുമാണ്, രേഖപ്പെടുത്തലുമാണ്. ഒരു എഴുത്തുകാരി എന്ന നിലയിലും ഒരു പൗരൻ എന്ന നിലയിലും ലോകത്തോടുള്ള എന്റെ പ്രതികരണമാണ് അത്.

Taslima Nasrin

ആധുനിക കാലത്ത് സോഷ്യൽ മീഡിയയാണ് സാഹിത്യകൃതികളെക്കാൾ ആക്ടീവിസത്തിന് കൂടുതൽ ശക്തമായ പ്ലാറ്റ്‌ഫോമുകൾ ആകുന്നത് എന്നു തോന്നിയിട്ടുണ്ടോ?

ചിലർ പുസ്തകങ്ങൾ വായിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. മറ്റു ചിലർ പത്രങ്ങളിലെ തലക്കെട്ടുകളോ സോഷ്യൽ മീഡിയയിലെ ചെറിയ കുറിപ്പുകളോ മാത്രം വായിച്ചുപോകുന്നവരാണ്. ഇന്ന് വലിയൊരു വിഭാഗം ആളുകളും ഓൺലൈൻ ഉള്ളടക്കങ്ങളിലൂടെയാണ് ലോകത്തെ അറിയുന്നത്. അതുകൊണ്ടുതന്നെ നമ്മുടെ കാലഘട്ടത്തിൽ സോഷ്യൽ മീഡിയ വളരെ ശക്തമായ ഒരു ആശയവിനിമയ വേദിയായി മാറിയിട്ടുണ്ട്.

എന്നെപ്പോലുള്ള എഴുത്തുകാരുടെ കാര്യത്തിൽ അതിന് പ്രത്യേക പ്രാധാന്യമുണ്ട്. ബംഗ്ലാദേശിൽ എന്റെ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാൻ പല പ്രസാധകരും ഭയപ്പെട്ടിരുന്നു. അവരുടെമേൽ മതമൗലികവാദികളിൽനിന്നും വിവിധ ശക്തികളിൽനിന്നും നിരന്തരമായ സമ്മർദങ്ങൾ ഉണ്ടായിരുന്നു. ചിലർക്ക് ഭീഷണികളും നേരിടേണ്ടിവന്നു. അത്തരം സാഹചര്യങ്ങളിൽ പരമ്പരാഗത പ്രസാധന സംവിധാനങ്ങളെ മാത്രം ആശ്രയിച്ച് വായനക്കാരിലേക്ക് എത്തിച്ചേരുക എളുപ്പമായിരുന്നില്ല.

സോഷ്യൽ മീഡിയ എനിക്ക് മറ്റൊരു സാധ്യത തുറന്നുതന്നു. എന്റെ ആശയങ്ങൾ നേരിട്ട് പ്രസിദ്ധീകരിക്കാനും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വായനക്കാരുമായി സംവദിക്കാനും അവരുടെ പ്രതികരണങ്ങൾ അറിയാനും അവരുമായി നിരന്തരമായ ബന്ധം പുലർത്താനും അതുവഴി എനിക്ക് സാധിച്ചു. ഒരു എഴുത്തുകാരിയും വായനക്കാരും തമ്മിലുള്ള അകലം സോഷ്യൽ മീഡിയ ഗണ്യമായി കുറച്ചിട്ടുണ്ട്.

നിങ്ങളുടെ രചനകൾ മതത്തെ ശക്തമായി വിമർശിക്കുന്നതിനാൽ പ്രശംസയും വിമർശനവും ഒരുപോലെ ഏറ്റുവാങ്ങിയിട്ടുണ്ട്. മുസ്‌ലിം സമൂഹത്തെക്കുറിച്ചുള്ള മുൻവിധികളോ വാർപ്പ്മാതൃകകളോ (stereotypes) ശക്തിപ്പെടുത്താതെ തന്നെ എങ്ങനെയാണ് നിങ്ങൾക്ക് കാര്യങ്ങൾ തുറന്നു പറയാൻ കഴിയുന്നത്?

31 വർഷത്തെ പ്രവാസ ജീവിതത്തിന്റെ അനുഭവം എനിക്കുണ്ട്. ഇത്രയും കാലം കഴിഞ്ഞിട്ടും ഒരു സർക്കാരും എന്നെ ബംഗ്ലാദേശിലേക്ക് തിരിച്ചു വിളിച്ചിട്ടില്ല. ബംഗ്ലാദേശിൽ മാത്രമല്ല, ഇന്ത്യയിലെ പശ്ചിമബംഗാളിൽപോലും എന്റെ പുസ്തകങ്ങൾ നിരോധിക്കപ്പെട്ടു. എന്നാൽ, ഞാൻ ഒരു കുറ്റവാളിയല്ല, ഒരു എഴുത്തുകാരിയാണ്. ഒരു സ്ത്രീ മതത്തെ സൂക്ഷ്മമായി പഠിക്കുകയും വിശകലനം ചെയ്യുകയും വിമർശിക്കുകയും ചെയ്യുന്നത് ഇന്നും പലർക്കും അസ്വസ്ഥത സൃഷ്ടിക്കുന്ന കാര്യമാണ്.

സ്ത്രീകൾക്ക് കൂടുതൽ സ്വാതന്ത്ര്യം ലഭിച്ചാൽ അവർ പുരുഷാധിപത്യത്തിന്റെ അടിമത്തത്തിൽനിന്ന് മോചിതരാകുമെന്ന ഭയമാണ് പലരുടേയും മനസ്സിലുള്ളത്. എന്നാൽ, സത്യം പറയുന്നതിൽ ഒരു വിട്ടുവീഴ്ചയ്ക്കും ഞാൻ തയ്യാറല്ല. എന്റെ എഴുത്തും നിലപാടുകളും എല്ലായ്‌പ്പോഴും മനുഷ്യാവകാശങ്ങൾക്കും അഭിപ്രായസ്വാതന്ത്ര്യത്തിനും വേണ്ടിയുള്ളതാണ്.

ബംഗ്ലാദേശിൽ മതം ഇന്ന് രാഷ്ട്രീയത്തിനും കച്ചവടത്തിനും മറ്റു പല താല്പര്യങ്ങൾക്കും ഉപയോഗിക്കപ്പെടുന്ന ഒരു ഉപകരണമായി മാറിയിട്ടുണ്ട്. യുവാക്കളെ ബ്രെയിൻവാഷ് ചെയ്ത് മതമൗലികവാദികളാക്കാനും മതത്തെ തന്നെ ഉപയോഗിക്കുന്നു. യുവാക്കൾ മതഭീകരവാദികളായി മാറുന്നുണ്ടെങ്കിൽ അത് ഒരു രാജ്യത്തിന്റെ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുള്ള വലിയ വീഴ്ചയാണ്.

സർക്കാരുകൾ അനിയന്ത്രിതമായി മദ്രസകളും പള്ളികളും സ്ഥാപിക്കുകയും മതപഠനത്തിനു കൂടുതൽ പ്രാധാന്യം നൽകുകയും ചെയ്യുമ്പോൾ, ചില മതനേതാക്കൾ ആ സാഹചര്യം മുതലെടുത്ത് യുവാക്കളെ സ്വാധീനിക്കുന്നു. എന്നാൽ, ഇത്തരം പ്രവണതകളെ നിയന്ത്രിക്കാനോ വിദ്യാഭ്യാസ സ്ഥാപനങ്ങളേയും മതസ്ഥാപനങ്ങളേയും ഫലപ്രദമായി നിരീക്ഷിക്കാനോ പലപ്പോഴും സർക്കാരുകൾ തയ്യാറാകുന്നില്ല. കാരണം അധികാരം നിലനിർത്താൻ മതത്തിന്റെ പിന്തുണ ഭരണകൂടങ്ങൾ തേടാറുണ്ട്.

ശേഖ് ഹസീന അധികാരത്തിൽ വന്നശേഷം ബംഗ്ലാദേശിലെ വിദ്യാഭ്യാസ സംവിധാനത്തിൽ ഉണ്ടായ ചില തീരുമാനങ്ങൾ വലിയ വിവാദങ്ങൾക്കു വഴിവെച്ചു. മദ്രസ ഡിഗ്രികൾക്ക് സർവകലാശാല ഡിഗ്രികൾക്ക് തുല്യമായ അംഗീകാരം നൽകിയതോടെ മതപഠന സ്ഥാപനങ്ങളുടെ സ്വാധീനം കൂടുതൽ വ്യാപിച്ചു. ഇന്ന് രാജ്യത്തെ സർവകലാശാലകളിലും മതമൗലികവാദ ചിന്താഗതിയുള്ളവരെ കാണാൻ കഴിയുന്ന സാഹചര്യമുണ്ട്.

എവിടെ ചെന്നാലും വലിയ തോതിൽ മതമൗലികവാദികളേയും തീവ്രചിന്താഗതിക്കാരേയും കാണുന്ന അവസ്ഥ രൂപപ്പെട്ടിട്ടുണ്ടെങ്കിൽ, അതിന്റെ ഉത്തരവാദിത്വത്തിൽ ഭരണകൂടങ്ങൾക്കും വലിയ പങ്കുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. വിദ്യാഭ്യാസം, ശാസ്ത്രീയ ചിന്ത, വിമർശനാത്മക ബോധം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലൂടെയാണ് ഒരു സമൂഹത്തിന് ഇത്തരം പ്രവണതകളെ മറികടക്കാൻ കഴിയുക.

നിങ്ങൾ മദ്രസാ വിദ്യാഭ്യാസത്തിന് എതിരാണോ?

ഞാൻ എപ്പോഴും മതേതര വിദ്യാഭ്യാസ സ്ഥാപനങ്ങളെയാണ് പിന്തുണയ്ക്കുകയും തിരഞ്ഞെടുക്കുകയും ചെയ്തിട്ടുള്ളത്. ശാസ്ത്രവും സാങ്കേതികവിദ്യയും അക്കാദമിക പഠനവുമാണ് എന്നെ ഏറ്റവും കൂടുതൽ ആകർഷിക്കുന്ന മേഖലകൾ. മനുഷ്യരാശിയുടെ പുരോഗതിക്കും സാമൂഹിക വികസനത്തിനും ശാസ്ത്രീയ മനോഭാവം അനിവാര്യമാണെന്ന് ഞാൻ വിശ്വസിക്കുന്നു.

മതവും ദൈവവും പ്രാർത്ഥനയും ഓരോ വ്യക്തിയുടേയും സ്വകാര്യ വിശ്വാസത്തിന്റെ ഭാഗമാണ്. ഒരു വ്യക്തിക്ക് മതവിശ്വാസം പുലർത്താനും പ്രാർത്ഥിക്കാനും അവകാശമുണ്ട്. എന്നാൽ, അവ വ്യക്തിപരമായ മേഖലയിലാണ് നിലനിൽക്കേണ്ടത്. പ്രാർത്ഥനയും മതപഠനവും പ്രധാനമായും കുടുംബങ്ങളിലും ആരാധനാലയങ്ങളിലുമാണ് നടക്കേണ്ടത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും ഭരണകൂടത്തിന്റേയും പ്രധാന ഉത്തരവാദിത്വം മതബോധം വളർത്തലല്ല, മറിച്ച് അറിവും യുക്തിചിന്തയും ശാസ്ത്രബോധവും വളർത്തലാണ്.

സർക്കാരുകൾ മതകാര്യങ്ങളിൽ ഇടപെടുകയോ ഏതെങ്കിലും പ്രത്യേക മതത്തെ പ്രോത്സാഹിപ്പിക്കുകയോ ചെയ്യരുത്. അതുപോലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും മതപ്രചാരണത്തിന്റെ വേദികളായി മാറാൻ പാടില്ല. വിദ്യാർത്ഥികളെ അവരുടെ മതത്തിന്റെ അടിസ്ഥാനത്തിൽ വേർതിരിക്കാതെ, അവരെ ഒരുമിച്ച് പഠിക്കാനും ചിന്തിക്കാനും സംവദിക്കാനും പ്രാപ്തരാക്കുന്ന അന്തരീക്ഷമാണ് വിദ്യാലയങ്ങളിൽ ഉണ്ടാകേണ്ടത്.

കടുത്ത പീഡനങ്ങളും എതിർപ്പുകളും നേരിട്ടതിനെത്തുടർന്ന് നിങ്ങൾ സ്വീഡൻ, ഫ്രാൻസ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ വർഷങ്ങളോളം പ്രവാസജീവിതം നയിക്കേണ്ടിവന്നു; ഈ അനുഭവം നിങ്ങളുടെ സ്വത്വബോധത്തേയും നിങ്ങൾ എഴുതിക്കൊണ്ടിരിക്കുന്ന സമൂഹങ്ങളുമായുള്ള നിങ്ങളുടെ ബന്ധത്തേയും എങ്ങനെയാണ് രൂപപ്പെടുത്തിയിട്ടുള്ളത്?

Taslima Nasrin

ഞാൻ ബംഗ്ലാദേശിൽനിന്നു പുറത്താക്കപ്പെട്ടത് 1994-ലാണ്. അതിനുശേഷം ആദ്യം എത്തിയത് സ്വീഡനിലേക്കായിരുന്നു. അവിടെ എന്റെ ജീവിതം സുരക്ഷിതമായിരുന്നു. പിന്നീട് ജർമനിയിലും ഫ്രാൻസിലും പ്രത്യേകിച്ച് പാരീസിലും ഞാൻ താമസിച്ചു. ആ രാജ്യങ്ങളിലെല്ലാം എനിക്ക് വലിയ ആദരവും അംഗീകാരവും ലഭിച്ചു. എന്റെ പുസ്തകങ്ങൾ നിരവധി യൂറോപ്യൻ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. ഒരു എഴുത്തുകാരി എന്ന നിലയിൽ എനിക്ക് അവിടെ പൂർണ സ്വാതന്ത്ര്യവും സുരക്ഷിതത്വവും അനുഭവിക്കാൻ കഴിഞ്ഞു.

എന്നിരുന്നാലും അവിടങ്ങളൊന്നും എന്റെ സ്വന്തം സ്ഥലങ്ങളാണെന്ന് എനിക്ക് ഒരിക്കലും തോന്നിയില്ല. കാരണം, അവിടുത്തെ ഭാഷകൾ ഞാൻ പഠിച്ചിരുന്നില്ല. ആ ഭാഷകളിൽ എനിക്ക് എഴുതാനും സാധിച്ചിരുന്നില്ല. എന്റെ ഭാഷ ബംഗാളിയാണ്. ഒരു എഴുത്തുകാരിയെ സംബന്ധിച്ചിടത്തോളം ഭാഷ എന്നത് വെറുമൊരു ആശയവിനിമയ ഉപകരണമല്ല; അത് അവളുടെ സ്വത്വത്തിന്റേയും ഓർമകളുടേയും ചിന്തയുടേയും ഭാഗമാണ്.

അതിനാലാണ് പിന്നീട് ഞാൻ പശ്ചിമ ബംഗാളിലേക്ക് താമസം മാറിയത്. അവിടെ ഏകദേശം 10 വർഷത്തോളം ഞാൻ ജീവിച്ചു. ഞാൻ എഴുതേണ്ടത് ഈ ജനവിഭാഗത്തെക്കുറിച്ചാണെന്നും എന്റെ ഭാഷയും സംസ്കാരവും പങ്കിടുന്ന മനുഷ്യർക്കിടയിലാണ് എന്റെ സ്ഥാനം എന്നും എനിക്കു തോന്നി. പ്രത്യേകിച്ച് കൊൽക്കത്തയിലെ നിരവധി സ്ത്രീകൾ, അടിച്ചമർത്തപ്പെട്ടവരും അവഗണിക്കപ്പെട്ടവരുമായ സ്ത്രീകൾ, വലിയ പ്രതീക്ഷയോടെയാണ് എന്റെ കൃതികൾ വായിച്ചിരുന്നത്. കാരണം, ഞാൻ അവരുടെ ഭാഷയിലാണ് എഴുതിയിരുന്നത്; അവരുടെ അനുഭവങ്ങളേയും പോരാട്ടങ്ങളേയും കുറിച്ചായിരുന്നു എന്റെ എഴുത്തുകൾ.

ഇന്ത്യയെ ഞാൻ എപ്പോഴും എന്റെ സ്വന്തം രാജ്യത്തെപ്പോലെയാണ് കണ്ടിട്ടുള്ളത്. ഇവിടെ ജീവിക്കുമ്പോൾ ബംഗാളിയിൽ സംസാരിക്കാനും എഴുതാനും കഴിയുന്നത് എനിക്ക് വലിയ ആശ്വാസവും സന്തോഷവും നൽകുന്നു. ഇപ്പോൾ ഞാൻ ഡൽഹിയിലെ ഒരു ബംഗാളി സമൂഹം കൂടുതലായി താമസിക്കുന്ന പ്രദേശത്താണ് ജീവിക്കുന്നത്. അതുകൊണ്ട് ഭാഷയുമായും സംസ്കാരവുമായും എനിക്ക് ഇപ്പോഴും ഒരു ജീവനുള്ള ബന്ധം നിലനിർത്താൻ സാധിക്കുന്നുണ്ട്. എന്നാൽ, ആ ഭാഷയിൽ സംസാരിച്ചിട്ടും എഴുതിയിട്ടും എന്നെ ഈസ്റ്റ് ബംഗാളോ വെസ്റ്റ് ബംഗാളോ വേണ്ട രീതിയിൽ സ്വീകരിച്ചില്ല. എവിടെ ജീവിച്ചാലും ഞാൻ എന്റെ നിലപാടുകൾ തുറന്നു എഴുതുകയും പറയുകയും ചെയ്യും.

നിങ്ങളുടെ നീണ്ടകാലത്തെ പ്രവാസജീവിതം നിങ്ങൾ എഴുതിക്കൊണ്ടിരിക്കുന്ന സമൂഹങ്ങളിൽനിന്നും നിങ്ങളെ അകറ്റിയിട്ടുണ്ട്. ഈ അകലം ആ സമൂഹങ്ങളുമായുള്ള ധാരണകളെ കൂടുതൽ ആഴത്തിൽ ആക്കുകയാണോ അതോ സങ്കീർണമാക്കുകയാണോ ചെയ്തിട്ടുള്ളത്?

പ്രവാസജീവിതം എനിക്ക് നിരവധി രാജ്യങ്ങളിലേയും സംസ്കാരങ്ങളിലേയും ആളുകളെ അടുത്തറിയാനുള്ള അവസരം നൽകി. ബംഗ്ലാദേശിൽ ജീവിച്ചിരുന്ന കാലത്ത് യൂറോപ്പിലെ സ്ത്രീകൾ എല്ലാവരും പൂർണമായും സ്വതന്ത്രരും സന്തോഷവതികളും തുല്യത അനുഭവിക്കുന്നവരുമാണെന്നാണ് ഞാൻ കരുതിയിരുന്നത്. എന്നാൽ, അവരോടൊപ്പം ജീവിക്കുകയും സംസാരിക്കുകയും ചെയ്തപ്പോൾ ഞാൻ മറ്റൊരു യാഥാർത്ഥ്യം തിരിച്ചറിഞ്ഞു.

അവർക്കും അവരുടേതായ വേദനകളും പോരാട്ടങ്ങളും ഉണ്ടായിരുന്നു. വിവേചനവും അതിക്രമവും അസമത്വവും വിവിധ രൂപങ്ങളിൽ അവർ അനുഭവിക്കുന്നുണ്ടായിരുന്നു. സ്ത്രീകളുടെ ജീവിതം കൂടുതൽ സുരക്ഷിതവും സ്വതന്ത്രവുമാക്കാൻ യൂറോപ്പിൽ വലിയ മുന്നേറ്റങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും സ്ത്രീകളുടെ എല്ലാ പ്രശ്നങ്ങളും അവിടെ പരിഹരിക്കപ്പെട്ടുവെന്നു പറയാൻ കഴിയില്ല. അവിടേയും സ്ത്രീകൾ പലവിധ വെല്ലുവിളികളെ നേരിടുന്നുണ്ട്.

ഈ അനുഭവങ്ങൾ എന്നെ ഒരു പ്രധാന കാര്യം പഠിപ്പിച്ചു: ലോകത്തിന്റെ ഏത് ഭാഗത്തായാലും സ്ത്രീകൾക്കു നേരെയുള്ള അനീതിയും മനുഷ്യാവകാശ ലംഘനങ്ങളും വ്യത്യസ്ത രൂപങ്ങളിൽ നിലനിൽക്കുന്നുണ്ട്. അതുപോലെതന്നെ, മനുഷ്യരുടെ വേദനകൾക്കും പ്രതീക്ഷകൾക്കും ദേശീയ അതിർത്തികളില്ല. ഭാഷയും മതവും സംസ്കാരവും വ്യത്യസ്തമായിരിക്കാം, പക്ഷേ, മനുഷ്യരുടെ അടിസ്ഥാന ആഗ്രഹങ്ങളും അവകാശങ്ങളും വളരെ സാമ്യമുള്ളവയാണ്.

പ്രവാസജീവിതം ലോകത്തെ കൂടുതൽ വിശാലമായ കാഴ്ചപ്പാടോടെ കാണാൻ എന്നെ സഹായിച്ചു. വിവിധ മതങ്ങളിൽ വിശ്വസിക്കുന്നവരേയും വിവിധ ഭാഷകൾ സംസാരിക്കുന്നവരേയും വ്യത്യസ്ത വംശീയ-സാംസ്കാരിക പശ്ചാത്തലങ്ങളിലുള്ളവരേയും പല ദേശീയതകളിലുള്ളവരേയും വ്യത്യസ്ത ജെൻഡർ ഐഡന്റിറ്റികളുള്ളവരേയും അടുത്തറിയാൻ എനിക്ക് അവസരം ലഭിച്ചു. അതിലൂടെ മനുഷ്യസമൂഹത്തിന്റെ വൈവിധ്യത്തെക്കുറിച്ചുള്ള എന്റെ ധാരണ കൂടുതൽ ആഴത്തിലായി. മനുഷ്യരുടെ അനുഭവങ്ങളെ കൂടുതൽ വിശാലമായ മാനവിക കാഴ്ചപ്പാടിലൂടെ കാണാൻ പഠിച്ചതാണ് പ്രവാസജീവിതം എനിക്കു നൽകിയ ഏറ്റവും വലിയ പാഠം.

ദക്ഷിണേഷ്യയിലാകെ, ഇന്ത്യയിലും ബംഗ്ലാദേശിലും ഉൾപ്പെടെ ഭിന്നാഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുള്ള ഇടങ്ങൾ ചുരുങ്ങിവരികയാണെന്ന് വിമർശകർ വാദിക്കുന്നു. പ്രവാസ ജീവിതം നയിക്കുന്ന ഒരു എഴുത്തുകാരി എന്ന നിലയിൽ ഈ രണ്ടു രാജ്യങ്ങളിലെ നിലവിലെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ സാഹചര്യങ്ങൾ എങ്ങനെയാണ് താരതമ്യം ചെയ്യുന്നത്?

അങ്ങനെയൊരു താരതമ്യം നടത്തുന്നത് എളുപ്പമല്ല. ബംഗ്ലാദേശിൽ അഭിപ്രായ സ്വാതന്ത്ര്യം യഥാർത്ഥ അർത്ഥത്തിൽ നിലനിൽക്കുന്നുവെന്ന് ഞാൻ കരുതുന്നില്ല. ഇന്ത്യയിൽ അഭിപ്രായ സ്വാതന്ത്ര്യം പൂർണമായും സംരക്ഷിക്കപ്പെടുന്നുവെന്ന അഭിപ്രായവും എനിക്കില്ല. എല്ലാ ജനാധിപത്യ സമൂഹങ്ങൾക്കും അതിന്റെ വെല്ലുവിളികളും പരിമിതികളും ഉണ്ടാകാറുണ്ട്.

എന്നിരുന്നാലും ബംഗ്ലാദേശിനേയും പാകിസ്താനേയും മറ്റു ചില അയൽരാജ്യങ്ങളേയും താരതമ്യം ചെയ്ത് നോക്കുമ്പോൾ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ ഇന്ത്യയിൽ താരതമ്യേന കൂടുതൽ തുറന്ന അന്തരീക്ഷമുണ്ടെന്നാണ് എന്റെ അനുഭവം. വ്യത്യസ്ത അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനും മതം, രാഷ്ട്രീയം, സാമൂഹിക വിഷയങ്ങൾ തുടങ്ങിയവയെക്കുറിച്ച് തുറന്ന സംവാദങ്ങൾ നടത്താനും ഇവിടെ ഇപ്പോഴും കൂടുതൽ അവസരങ്ങളുണ്ട്.

നമ്മൾ ഇപ്പോൾ ചർച്ച ചെയ്യുന്നപോലെയുള്ള വിഷയങ്ങൾ-മതം, മതേതരത്വം, സ്ത്രീകളുടെ അവകാശങ്ങൾ, മതമൗലികവാദം, അഭിപ്രായ സ്വാതന്ത്ര്യം എന്നിവയെക്കുറിച്ച് പൊതുവേദികളിൽ തുറന്നു സംസാരിക്കാനും വിമർശനാത്മകമായി സംവദിക്കാനും ഇന്ത്യയിൽ ഒരു പരിധിവരെ സാധിക്കുന്നുണ്ട്. ബംഗ്ലാദേശിലോ പാകിസ്താനിലോ ഇത്തരം ചർച്ചകൾ നടത്തുന്നത് പലപ്പോഴും വളരെ വലിയ അപകടസാധ്യതകൾ നിറഞ്ഞ കാര്യമാണ്. ചില സാഹചര്യങ്ങളിൽ അത്തരം സംവാദങ്ങൾ സങ്കല്പിക്കാൻപോലും പ്രയാസമാണ്.

വായനക്കാരോടൊപ്പം

ഇന്ത്യയും ബംഗ്ലാദേശും വ്യത്യസ്ത മതനിരപേക്ഷത ദർശനങ്ങളുടെ അടിസ്ഥാനത്തിലാണ് രൂപംകൊണ്ടത്. എന്നിരുന്നാലും ഇന്ന് രാഷ്ട്രീയത്തിൽ മതം കൂടുതൽ നിർണായകമായ പങ്കുവഹിക്കുന്നതായി കാണപ്പെടുന്നു. ഈ പ്രവണതയെ നിങ്ങൾ ഒരു താൽക്കാലിക ഘട്ടമായിട്ടാണോ കാണുന്നത്, അതോ ഈ രണ്ടു രാജ്യങ്ങളുടേയും രാഷ്ട്രീയ സ്വത്വത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ആഴത്തിലുള്ള ഒരു പരിവർത്തനമാണോ അത്?

ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ മതേതരത്വത്തിന്റെ നിർവചനം തന്നെ വളരെ വ്യത്യസ്തമാണ്. യഥാർത്ഥത്തിൽ മതേതരത്വം എന്നതുകൊണ്ട് അർത്ഥമാക്കുന്നത് എല്ലാ സാമൂഹിക വ്യവഹാരങ്ങളിൽനിന്നും മതത്തെ അകറ്റിനിർത്തുക എന്നതാണ്. മതേതര രാജ്യങ്ങളിൽ ഭരണകൂടം മതങ്ങൾക്കുവേണ്ടി ഒന്നും ചെയ്യാറില്ല. എല്ലാ മതങ്ങളോടും ഒരുപോലെയുള്ള സമീപനം പുലർത്തുന്നതല്ല മതേതരത്വം.

മതത്തിന്റെ പേരിൽ ഇന്ത്യ വിഭജിക്കപ്പെട്ടതിനെപ്പോലും എനിക്ക് അംഗീകരിക്കാൻ കഴിയില്ല. ഇന്ത്യയിൽ ഇസ്‌ലാം മതം ആചരിക്കുന്ന ഒരുപാട് മുസ്‌ലിങ്ങൾ ഉണ്ടെങ്കിലും അവർ തീവ്ര മതമൗലികവാദികളല്ല. ഉയർന്ന ജീവിതമൂല്യങ്ങളും ജനാധിപത്യബോധവുമുള്ള ജീവിതരീതികളാണ് ഇന്ത്യൻ മുസ്‌ലിങ്ങളിൽ ഭൂരിഭാഗവും പിന്തുടരുന്നത്.

എന്നാൽ, ഇന്ന് ആഗ്രഹിച്ചാൽപോലും ജീവിതത്തിൽ ഒരിക്കലെങ്കിലും ജന്മനാട്ടിലേക്ക് തിരിച്ചുപോകാൻ കഴിയാത്തവിധം മതമൗലികവാദം ബംഗ്ലാദേശിൽ വ്യാപിച്ചിരിക്കുന്നു. വിഭജനം നടന്നിരുന്നില്ലെങ്കിൽ പാകിസ്താനിലേയും ബംഗ്ലാദേശിലേയും മുസ്‌ലിങ്ങൾ ഇന്ന് ഇന്ത്യൻ മുസ്‌ലിങ്ങളെപ്പോലെ കൂടുതൽ അന്തസ്സോടേയും സ്വാതന്ത്ര്യത്തോടേയും ജീവിതം നയിക്കുമായിരുന്നു.

സ്ത്രീവാദ പ്രസ്ഥാനത്തോടും മുസ്‌ലിം സാമൂഹിക പശ്ചാത്തലത്തോടും ഒരുപോലെ സ്വയം ബന്ധിപ്പിക്കുന്ന ഒരാൾ എന്ന നിലയിൽ, വിമർശനവും ഒരു സമൂഹത്തോടുള്ള അടുപ്പവും (belonging) തമ്മിലുള്ള സംഘർഷങ്ങൾ ഞാൻ പലപ്പോഴും നേരിടാറുണ്ട്. ഈ രണ്ട് ഇടങ്ങളും ഒരുപോലെ സത്യസന്ധതയോടേയും മൂല്യബോധത്തോടേയും കൈകാര്യം ചെയ്യാൻ ശ്രമിക്കുന്ന ഗവേഷകർക്കും സാമൂഹിക പ്രവർത്തകർക്കും നിങ്ങൾ എന്ത് ഉപദേശമാണ് നൽകുക

എന്തിനാണ് നിങ്ങൾ ഫെമിനിസത്തേയും മതത്തേയും ഒരുമിച്ച് കൂട്ടിക്കെട്ടി കൊണ്ടുപോകുന്നത്? അവ രണ്ടും തികച്ചും വ്യത്യസ്തമായ ആശയങ്ങളാണ്. മതവിശ്വാസവും ഫെമിനിസ്റ്റ് രാഷ്ട്രീയവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വ്യത്യസ്ത കാഴ്ചപ്പാടുകൾ ഉണ്ടാകാമെങ്കിലും എന്റെ അഭിപ്രായത്തിൽ മതേതരത്വം, മാനവികത, മതേതര ഫെമിനിസം എന്നിവ തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ ഉചിതം. സ്ത്രീകളുടെ അവകാശങ്ങളും സ്വാതന്ത്ര്യവും സമത്വവും ഉറപ്പാക്കുന്നതിനുള്ള പോരാട്ടം മതപരമായ തിരിച്ചറിയലുകളേക്കാൾ സർവ മാനുഷിക മൂല്യങ്ങളെ അടിസ്ഥാനമാക്കിയാകണം എന്നാണ് ഞാൻ കരുതുന്നത്.

‘ലജ്ജ’ വിവാദമായപ്പോൾ ബംഗ്ലാദേശ് സർക്കാർ, തസ്ലീമയോട് ഒന്നുകിൽ സർക്കാർ മെഡിക്കൽ ഡോക്ടർ എന്ന ജോലി അല്ലെങ്കിൽ എഴുത്ത് തെരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടപ്പോൾ സാഹിത്യ പ്രവർത്തനങ്ങൾ തുടരുന്നതിനായി നിങ്ങൾ പൊതു സേവനരംഗത്തെ ഡോക്ടർ ജോലി രാജിവെക്കാൻ തീരുമാനിച്ചു. അത്തരമൊരു തീരുമാനമെടുക്കാൻ നിങ്ങളെ പ്രേരിപ്പിച്ചത് എന്തായിരുന്നു?

രാജ്യത്ത് ഒരുപാട് മെഡിക്കൽ ഡോക്ടർമാരുണ്ട്. എന്നാൽ, സ്ത്രീകൾക്കെതിരായ അടിച്ചമർത്തലുകളെക്കുറിച്ചും ചൂഷണങ്ങളെക്കുറിച്ചും അവരുടെ ചെറുത്തുനിൽപ്പുകളെക്കുറിച്ചും മനുഷ്യാവകാശങ്ങളെക്കുറിച്ചും സ്ത്രീ-പുരുഷ സമത്വത്തെക്കുറിച്ചും മതേതരത്വത്തെക്കുറിച്ചും തുറന്നെഴുതുന്ന എഴുത്തുകാർ രാജ്യത്ത് വളരെ കുറവാണ്. പ്രത്യേകിച്ച്, മതങ്ങൾ സ്ത്രീകളെ എങ്ങനെയാണ് നിയന്ത്രിക്കുകയും ചൂഷണം ചെയ്യുകയും ചെയ്യുന്നതെന്ന് തുറന്നു പറയാൻ പലർക്കും മടിയാണ്. അതുകൊണ്ടാണ് ഞാൻ ഒരു എഴുത്തുകാരിയായി തുടരാൻ ആഗ്രഹിച്ചത്.

സർക്കാർ മെഡിക്കൽ ഡോക്ടർ എന്ന ജോലിയിൽനിന്നു രാജിവെച്ചെങ്കിലും എനിക്ക് വേണമെങ്കിൽ സ്വകാര്യ മെഡിക്കൽ പ്രാക്ടീസ് തുടരാമായിരുന്നു. അതിനായി പലതവണ ഞാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ, മതമൗലികവാദികൾക്ക് എന്റെ പേര് കേൾക്കുന്നതുപോലും അസ്വസ്ഥതയുണ്ടാക്കുന്ന കാര്യമായിരുന്നു. എന്നെ നാടുകടത്തണമെന്നാവശ്യപ്പെട്ട് അവർ നിരന്തരം ഭരണകൂടത്തിനുമേൽ സമ്മർദം ചെലുത്തിക്കൊണ്ടിരുന്നു. എന്റെ ശബ്ദം നിശ്ശബ്ദമാക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം.

അത്തരം സാഹചര്യത്തിൽ ഒരു സ്വകാര്യ ആശുപത്രിയിലോ സ്ഥാപനത്തിലോ ഡോക്ടറായി സേവനം ചെയ്യുക എനിക്ക് എളുപ്പമായിരുന്നില്ല. അങ്ങനെയാണ് ഞാൻ എഴുത്തിനെ എന്റെ ജീവിതമാർഗമായി തിരഞ്ഞെടുക്കുന്നത്. മതവികാരങ്ങളെ വ്രണപ്പെടുത്തി, വിശ്വാസികളെ മുറിവേല്പിച്ചു തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ച് സർക്കാർ എനിക്കെതിരെ കേസുകൾ ചുമത്തി. മതപുരോഹിതർ എനിക്കെതിരെ ഫത്വകൾ പുറപ്പെടുവിച്ചു. രാജ്യം വിട്ടുപോകാൻ ഭരണകൂടവും മതസ്ഥാപനങ്ങളും ഒരുപോലെ ശക്തമായ സമ്മർദമാണ് എന്റെമേൽ ചെലുത്തിയത്.

യൂറോപ്പിലെത്തിയപ്പോഴാണ് അവിടെ ഒരു മെഡിക്കൽ ഡോക്ടറായി തുടരുന്നതും അത്ര എളുപ്പമല്ലെന്ന് ഞാൻ തിരിച്ചറിഞ്ഞത്. അങ്ങനെ, എന്റെ ഏറ്റവും വലിയ പാഷനായ എഴുത്തിനെ ഞാൻ എന്റെ പ്രൊഫഷനാക്കി മാറ്റി.

ഇന്ന് ലോകത്തിന്റെ ഏത് കോണിലായിരുന്നാലും യൂറോപ്പിലോ അമേരിക്കയിലോ ഇന്ത്യയിലോ മാനവികതയെക്കുറിച്ചും മതേതരത്വത്തെക്കുറിച്ചും മനുഷ്യാവകാശങ്ങളെക്കുറിച്ചും ഫെമിനിസത്തെക്കുറിച്ചും ഞാൻ എഴുതിക്കൊണ്ടേയിരിക്കുന്നു. ഈ വിഷയങ്ങളിലുള്ള എന്റെ നിലപാടുകൾ ശക്തവും വ്യക്തവുമാണ്. മൗനം പാലിക്കുന്നതിനേക്കാൾ സത്യം പറയുന്നതാണ് എനിക്ക് പ്രധാനം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശന് രാഷ്ട്രീയ പക്വത ഇല്ല; അവിശ്വസനീയമായ രീതിയില്‍ നുണ പറയുന്നു; വിമര്‍ശനവുമായി കെവി തോമസ്

10,000 എംഎഎച്ച് ബാറ്ററി, ഇന്‍- ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍; വിവോ എസ്2 എഫ്ഇ ലോഞ്ച് ഒക്ടോബര്‍ ആറിന്

ഹൃദയാഘാതവും ഹൃദയസ്തംഭവനവും ഒന്നാണോ? വ‍ർക്ക്ഔട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വിധവ പെൻഷൻ തുക വ്യാജ ഒപ്പിട്ട് തട്ടിയെന്ന് പരാതി; സിപിഎം നേതാവായ ബാങ്ക് ജീവനക്കാരന് സസ്പെൻഷൻ

ലവ്‌ലി സര്‍വകലാശാല സംഘര്‍ഷം: 1500-ലധികം മലയാളി വിദ്യാര്‍ത്ഥികളുടെ സുരക്ഷയും യാത്രാസൗകര്യവും ഉറപ്പാക്കണം; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് പിണറായി