2026 ആഗസ്റ്റ് രണ്ടിന് ഗ്ലാസ്‌കോയില്‍ സമാപിച്ച, മത്സര ഇനങ്ങള്‍ വെട്ടിക്കുറച്ച് ചെറുതാക്കിയ 23-ാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പ്രതീക്ഷയ്ക്കപ്പുറമെത്തിയ പ്രകടനം കാഴ്ചവെച്ച 2030-ലെ ആതിഥേയ രാഷ്ട്രം കൂടിയായ ഇന്ത്യയ്ക്ക് അഭിമാനിക്കാം. വികസിത രാജ്യങ്ങളായ ഓസ്‌ട്രേലിയയ്ക്കും ഇംഗ്ലണ്ടിനും കാനഡയ്ക്കും പിന്നില്‍ നാലാം സ്ഥാനം നിലനിര്‍ത്താനായി. 2022 ബര്‍മിങ്ഹാമിലെ 61 മെഡലുകള്‍ 39-ലേക്ക് ചുരുങ്ങിയെങ്കിലും ഇത്തവണത്തെ 13 സ്വര്‍ണവും 17 വെള്ളിയും ഒന്‍പത് വെങ്കലവും ഇന്ത്യന്‍ കായികരംഗം മുന്നോട്ടാണെന്നതിന്റെ സന്ദേശമാണ്.
ഗെയിംസ് സമാപനത്തിന്റെ തലേന്നാള്‍ ഏഴ് സ്വര്‍ണവും മൂന്ന് വെള്ളി പതക്കങ്ങളുമാണ് ഇന്ത്യ ഇടിക്കൂട്ടില്‍നിന്നു വാരിയെടുത്തത്. വാസ്തവത്തില്‍ ആ പത്ത് മെഡലുകളാണ് ഗ്ലാസ്ഗോയില്‍നിന്നു തലയുയര്‍ത്തി മടങ്ങാന്‍ 146 കോടി ജനങ്ങളുടെ കോമണ്‍വെല്‍ത്തിലെ മഹാരാജ്യമായ ഇന്ത്യയ്ക്ക് തുണയായത്. നിശ്ചയദാര്‍ഢ്യവും കഠിനാദ്ധ്വാനവുംകൊണ്ട് മുഷ്ടിയുദ്ധത്തില്‍ കോമണ്‍വെല്‍ത്ത് ഗെയിംസിലെ എക്കാലത്തേയും വലിയ മെഡല്‍ കൊയ്‌ത്തിലൂടെ ഇന്ത്യ പുതിയ ചരിത്രം രചിക്കുകയാണുണ്ടായത്. ഇന്ത്യന്‍ കായികരംഗത്തെ പ്രകാശഭാസുരമാക്കുന്ന നാളുകളിലേക്ക് നയിക്കാന്‍ തങ്ങള്‍ക്കു കഴിയുമെന്ന ഉറച്ച പ്രഖ്യാപനമാണ് സാക്ഷി ചൗധരിയും പ്രീതി പവാറും ജാസ്‌മിന്‍ ലംബോറിയയും പ്രിയ ഘാംഘാസും അരുന്ധതി ചൗധരിയും സച്ചിന്‍ സിവാച്ചും അങ്കുഷ് പംഗലും നേടിയ ആ സുവര്‍ണ മുദ്രകള്‍.
നമ്മുടെ വനിതാ ബോക്‌സര്‍മാര്‍. അവര്‍ ആരെയും ഭയപ്പെട്ടില്ല. തങ്ങളുടെ കഴിവിലും കരുത്തിലും വിശ്വാസമര്‍പ്പിച്ച് റിങ്ങില്‍ ആധിപത്യത്തിന്റെ നിലയ്ക്കാത്ത തരംഗമായി മെഡലുകളിലേക്ക് ഇടിച്ചുകയറിയ അഭിമാനതാരങ്ങളായാണ് അവര്‍ ഗെയിംസില്‍നിന്നു മടങ്ങിയത്. അത്‌ലറ്റിക്‌സിലും ഭിന്നശേഷിക്കാരുടെ പാര അത്‌ലറ്റിക്‌സിലുമായി 16 മെഡലുകളും രണ്ട് സ്വര്‍ണമുദ്രകളിലൂടെ ഗെയിംസില്‍ ജൂഡോയിലെ കന്നിക്കൊയ്‌ത്തും ഹാട്രിക് സ്വര്‍ണത്തിന്റെ നിറവിലെത്തിയ മീരഭായ് ചാനുവുമുള്‍പ്പെട്ട ഭാരോദ്വഹകരും ആണ് മെഡല്‍വേട്ടയില്‍ മുഖ്യ സംഭാവനയേകിയത്. ഗ്ലാസ്ഗോയില്‍ ഇന്ത്യന്‍ താരങ്ങള്‍ പുലര്‍ത്തിയ നിലവാരവും മികവുറ്റ പ്രകടനവും ഈ മാസം നടക്കുന്ന അയ്‌ചി-നഗോയ ഏഷ്യന്‍ ഗെയിംസിലേക്കും വലിയ പ്രതീക്ഷകള്‍ നല്‍കുന്നു. അവിടെ കൂടുതല്‍ വേദികളിലും കായിക ഇനങ്ങളിലുമായി ഇന്ത്യയ്ക്ക് വലിയ മുന്നേറ്റം നടത്താനാവുമെന്ന് വിലയിരുത്തപ്പെടുന്നു.
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ തങ്ങളുടെ അനിഷേധ്യമായ ആധിപത്യത്തിന് ഒരിക്കല്‍ക്കൂടി അടിവരയിട്ടുകൊണ്ടാണ് തുടര്‍ച്ചയായ മൂന്നാമത്തേതടക്കം ഓസ്‌ട്രേലിയ തങ്ങളുടെ പതിനഞ്ചാം ഓവറോള്‍ കിരീടത്തിലെത്തിയത്. 70 സ്വര്‍ണവും 45 വെള്ളിയും 56 വെങ്കലവുമടക്കം കങ്കാരുകൂട്ടില്‍ നിറഞ്ഞത് 171 മെഡലുകളാണ്. ഇംഗ്ലണ്ടിന് 29 സ്വര്‍ണം, 45 വെള്ളി, 36 വെങ്കലം. ആകെ 110 മെഡലുകള്‍. മൂന്നാം സ്ഥാനക്കാരായ കാനഡയ്ക്ക് 62 മെഡലുകള്‍ (19-20-23). സ്വര്‍ണത്തിന്റേയും ആകെ മെഡലുകളുടേയും കള്ളികളില്‍ ഇന്ത്യയ്ക്കൊപ്പമാണെങ്കിലും രജതമുദ്രകളുടെ വ്യത്യാസത്തില്‍ ആതിഥേയരായ സ്‌കോട്ലന്റ് അഞ്ചാം സ്ഥാനത്തായി. പത്ത് സ്വര്‍ണമടക്കം 36 മെഡലുകളോടെ ന്യൂസിലന്റാണ് ആറാം പടിയില്‍.
2030-ല്‍ ശതാബ്ദി ആഘോഷിക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഓസ്‌ട്രേലിയയ്ക്കു പിന്നില്‍ ഏഴ് ഓവറോള്‍ പട്ടവുമായി ഇംഗ്ലണ്ടാണ് രണ്ടാം സ്ഥാനത്ത്. 1978-ല്‍ ഒരുവട്ടം കാനഡ ഗെയിംസ് ചാമ്പ്യന്മാരായി. 2010-ല്‍ ന്യൂഡല്‍ഹി വേദിയായപ്പോള്‍ നേടിയ രണ്ടാം സ്ഥാനമാണ് ഇന്ത്യയുടെ മികച്ച പ്രകടനം. 1930-ല്‍ കാനഡയിലെ ഹാമില്‍ട്ടണിലാണ് പ്രഥമ കോമണ്‍വെല്‍ത്ത് ഗെയിംസ് അരങ്ങേറിയത്. 2030-ല്‍ അഹമ്മദാബാദ് വേദിയാകുന്നതോടെ രണ്ടാം തവണയാണ് മേള ഇന്ത്യയിലേക്കെത്തുന്നത്. ഏഷ്യയില്‍ മൂന്നാം വട്ടം. ഗ്ലാസ്ഗോയില്‍ സമാപനചടങ്ങില്‍ ഗെയിംസിന്റെ പതാകയും ബാറ്റണും ഇന്ത്യന്‍ സംഘം ഏറ്റുവാങ്ങി.
ഇടിക്കൂട്ടില്‍ തരംഗമായി ഇന്ത്യ
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ തങ്ങളുടെ ഏറ്റവും വലിയ മെഡല്‍ ശേഖരവുമായാണ് ഇന്ത്യയുടെ ബോക്‌സിങ് ടീം ഗ്ലാസ്ഗോയില്‍നിന്നു മടങ്ങിയത്. ഏഴ് വനിതകളില്‍ അഞ്ചുപേര്‍ക്കും സ്വര്‍ണം. പുരുഷന്മാര്‍ക്ക് നാല് മെഡല്‍. രണ്ടു വീതം സ്വര്‍ണവും വെള്ളിയും. 2020 ടോക്കിയോ ഒളിംപ്ക്‌സില്‍ വെങ്കലം നേടിയ ലവ്‌ലിന ബോര്‍ഗോഹെയ്‌നാണ് വനിതാടീമിനെ നയിച്ചത്. 65 കിലോഗ്രാം വിഭാഗത്തില്‍ മത്സരിച്ച പര്‍വീണ്‍ ഹൂഡ ക്വാര്‍ട്ടറില്‍ പുറത്തായി.
ഇടിക്കൂട്ടില്‍ റെക്കോര്‍ഡ് പ്രകടനമാണ് ഇന്ത്യ കാഴ്ചവെച്ചത്. 54 കിലോഗ്രാം വിഭാഗത്തില്‍ കാനഡയുടെ സ്‌കാര്‍ലെറ്റ് ഡെല്‍ഗാഡോയ്ക്കെതിരെ പ്രീതി പവാര്‍ ഏകപക്ഷീയമായ വിജയ(5-0)മാണ് നേടിയത്. സാങ്കേതിക മികവില്‍ മുന്നില്‍നിന്ന ലോകചാമ്പ്യനായ ജാസ്‌മിന്‍ ലംബോറിയ (57 കെ.ജി) വടക്കന്‍ അയര്‍ലന്റിന്റെ മിഷേല വാല്‍ഷിനേയും അനായാസം മറികടന്നു (5-0). ഇംഗ്ലീഷുകാരികളായ റൂബി വൈറ്റിനെ സാക്ഷി ചൗധരി(51 കെ.ജി)യും ചാന്റിലി റെയ്ഡിനെ അരുന്ധതി ചൗധരി(70 കെ.ജി)യും അതേ സ്‌കോറില്‍ വീഴ്‌ത്തി. കടുത്ത പോരാട്ടത്തില്‍ പ്രിയ ഘാംഘാസ് (60 കെ.ജി) കാനഡയുടെ മാരി ബാത്തോള്‍ അല്‍ അഹമ്മദിയയ്ക്കെതിരെ 4-1-നാണ് സ്വര്‍ണത്തിലേക്ക് ഇടിച്ചുകയറിയത്. 75 കിലോഗ്രാം വിഭാഗത്തില്‍ ലവ്‌ലിനയുടെ കോമണ്‍വെല്‍ത്ത് സ്വര്‍ണമോഹം തകര്‍ത്തത് ഓസ്‌ട്രേലിയയുടെ എമ്മ സ്യൂ ഗ്രീന്‍ട്രീ(1-4)യാണ്.
പുരുഷവിഭാഗം സ്വര്‍ണപ്പോരില്‍ സച്ചിന്‍ സിവാച്ച് (60 കെ.ജി) നമീബിയുടെ ട്രയാഗെയിന്‍ മോണിങ് എന്‍ഡവലയെ(3-2)യും അങ്കഷ് പംഗല്‍ (80 കെ.ജി) ഇംഗ്ലണ്ടിന്റെ ദിമേജി ഷിറ്റുവിനേയു(4-1)മാണ് തോല്‍പ്പിച്ചത്. 90+ കിലോഗ്രാം വിഭാഗത്തില്‍ നരേന്ദര്‍ ബ്രിവാള്‍ ഇംഗ്ലണ്ടിന്റെ ഡാമര്‍ തോമസിനോട് 0-5-നു കീഴടങ്ങിയാണ് വെള്ളിയിലെത്തിയത്. 55 കിലോഗ്രാം വിഭാഗത്തില്‍ ആകര്‍ഷകമായ പ്രകടനം കാഴ്ചവെച്ച ജാദുമണി സിങ് ആകട്ടെ, ഓസ്‌ട്രേലിയക്കാരന്‍ ജിയേഡിക്‌സന്റെ കൃത്യതയ്ക്കും കാര്യക്ഷമതയ്ക്കും മുന്‍പില്‍ അടിയറവ് പറയുക(0-5)യായിരുന്നു.
ഭിവാനിയുടെ മിടുക്കികള്‍
ഇടിക്കൂട്ടില്‍ ഇന്ത്യ നേടിയ പത്ത് മെഡലുകളില്‍ നാലെണ്ണവും സംഭാവന ചെയ്തത്, മിനി ക്യൂബ എന്നറിയപ്പെടുന്ന ഇന്ത്യന്‍ ബോക്‌സിങ്ങിന്റെ പ്രഭവകേന്ദ്രമായ ഹരിയാനയില്‍ ഭിവാനിയിലെ മിടുക്കികളുടെ കൈക്കരുത്തിലാണ്. ഈ ചെറുപട്ടണം വളര്‍ത്തിയെടുത്ത താരങ്ങളും അവര്‍ സൃഷ്ടിച്ച ബോക്‌സിങ് സംസ്കാരവുമാണ് ഇന്ത്യയുടെ ഈ നേട്ടത്തിന് തുടര്‍ച്ചയായ മുതല്‍കൂട്ടാവുന്നത്. ഏഴ് സ്വര്‍ണമെഡലുകളില്‍ നാലെണ്ണവും നേടിയത് ഭിവാനിയിലെ ബോക്‌സിങ് കളരിയില്‍നിന്നുദിച്ചുയര്‍ന്ന താരങ്ങളായ സാക്ഷി ചൗധരിയും പ്രീതി സായ്‌പവാറും ജാസ്‌മിന്‍ ലംബോറിയയും പ്രിയ ഘാംഘാസുമാണ്. ഭിവാനിക്കാര്‍ അഭിമാനത്തോടെ പറയുന്നു; ഞങ്ങളുടെ പെണ്‍മക്കള്‍ ഞങ്ങളുടെ വി.ഐ.പിമാര്‍.
അവരില്‍ ഇന്ത്യന്‍ പട്ടാളത്തിലെത്തിയ ആദ്യ വനിതാ ബോക്‌സറായ ജാസ്‌മിന്‍ കോപ്‌സ് ഓഫ് മിലിട്ടറി പൊലീസില്‍ സായിബ് സുബേദാറാണ്. ബോക്‌സിങ് നഗരമായ ഭിവാനിയിലെ ആദ്യ സൂപ്പര്‍താരമായിരുന്നു ജാസ്‌മിന്റെ മുത്തച്ഛന്‍ ഹവാസിങ്. ഭിവാനി ബോക്‌സിങ് ക്ലബ്ബിന് രൂപം നല്‍കിയവരില്‍ പ്രധാനിയാണ് അദ്ദേഹം. 2008-ലെ ബെയ്ജിങ് ഒളിംപിക്‌സില്‍നിന്നു മെഡല്‍ കൊണ്ടുവന്ന വിജേന്ദര്‍ സിങ്ങിന്റെ തുടക്കവും ഇവിടെനിന്നാണ്.
എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ബോക്‌സിങ്ങ് കളരിയിലെത്തിയ ജാസ്‌മിന് അമ്മാവന്മാരായ സന്ദീപ് സിങ്ങും ഹര്‍വിന്ദര്‍ സിങ്ങും ബാലപാഠങ്ങള്‍ പകര്‍ന്നുകൊടുത്തു. 2022-ലെ ബെര്‍മിങ്ഹാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെങ്കലം നേടി. 2024 പാരിസ് ഒളിംപിക്‌സില്‍ ആദ്യ റൗണ്ടില്‍ തോറ്റു. 2025-ല്‍ രണ്ട് ലോക ചാമ്പ്യന്‍ഷിപ്പുകളില്‍ സ്വര്‍ണം നേടിയതിനു പിന്നാലെ ലോകചാമ്പ്യനുമായി. സാക്ഷി മാലിക്കിനേയും പി.വി. സിന്ധുവിനേയും പോലെ രാജ്യത്തിലേക്ക് മെഡലുകള്‍ കൊണ്ടുവരാന്‍ തനിക്കും കഴിയുമെന്ന് അമ്മാവന്മാര്‍ പകര്‍ന്നു നല്‍കിയ ആത്മവിശ്വാസത്തിന്റേയും പോരാട്ടവീര്യത്തിന്റേയും സാക്ഷ്യപത്രങ്ങള്‍ കൂടിയാണ് ജാസ്‌മിന്റെ ഈ നേട്ടങ്ങള്‍. “നിങ്ങള്‍ ആര്‍ക്കും പിന്നിലല്ല. സ്വപ്നങ്ങളെ ചേര്‍ത്തുപിടിച്ച് അത് സാക്ഷാല്‍ക്കരിക്കുന്നതിലേക്ക് മുന്നോട്ടുപോവുക. തീര്‍ച്ചയായും നേട്ടങ്ങളും എത്തും”- ബോക്‌സിങ്ങിലേക്ക് കടന്നുവരുന്ന പെണ്‍കുട്ടികള്‍ക്ക് ജാസ്‌മിന്‍ നല്‍കുന്ന സന്ദേശമാണ്.
പന്ത്രണ്ടാം വയസ്സിലാണ് സാക്ഷി ചൗധരി ഈ മെഡലിലേക്കുള്ള യാത്ര തുടങ്ങിയത്. ബോക്‌സിങ്ങില്‍ പ്രതിഭകളെ കണ്ടെത്താനുള്ള ഹരിയാന സര്‍ക്കാരിന്റെ ടാലന്റ് ഹണ്ടില്‍ 21-ല്‍ 21 പോയിന്റും നേടിയാണ് സാക്ഷി തെരഞ്ഞെടുക്കപ്പെട്ടത്. ഒളിംപിക് മെഡല്‍ ജേതാവായ വിരേന്ദര്‍ സിങ്ങിനെപ്പോലെ ആകാനുള്ള ആഗ്രഹത്താലും പരിശ്രമത്താലും ബോക്‌സിങ്ങിലേക്കെത്തുന്ന സാക്ഷി ചൗധരിയെപ്പോലുള്ള നിരവധി പെണ്‍കുട്ടികളാണ് മെഡലുകളിലേക്ക് ഇടിച്ചുകയറാനുള്ള ഇന്ത്യയുടെ കായികനിധിയിലേക്ക് മുതല്‍കൂട്ടാവുന്നത്. ഇപ്പോള്‍ ഇന്ത്യന്‍ ആര്‍മിയില്‍ ഹവില്‍ദാറായ സാക്ഷി ചൗധരി ഗ്ലാസ്ഗോയില്‍ തന്റെ കരിയറിലെ ഏറ്റവും നല്ല പ്രകടനമാണ് കാഴ്ചവെച്ചത്.
ഭിവാനിയിലെ ബഡേശ്വര ഗ്രാമത്തില്‍നിന്ന് റോത്തക്കിലേക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം തേടിപ്പോയ ഹരിയാന പൊലീസ് എസ്.ഐയുടെ മകളാണ് പ്രീതി സായ് പവാര്‍. ആദ്യം ബോക്‌സിങ് അവള്‍ക്ക് ഇഷ്ടമല്ലായിരുന്നു. എന്നാല്‍, അച്ഛന്റേയും കോച്ച് വിനോദ് പവാറിന്റേയും നിരന്തരമായ നിര്‍ബന്ധത്തിലും പിന്തുണയിലും ഒടുവില്‍ പരിശീലനം തുടങ്ങി. 2019-ല്‍ ദേശീയ സ്കൂള്‍ ഗെയിംസില്‍ ആദ്യ സ്വര്‍ണം നേടിയതാണ് ബോക്‌സിങ്ങില്‍ തനിക്ക് ഭാവിയുണ്ടെന്ന് തിരിച്ചറിവ് നല്‍കിയതെന്ന് പ്രീതി പറയുന്നു. 2022 ഏഷ്യല്‍ ഗെയിംസില്‍ വെങ്കലം നേടിയതിനു പിന്നാലെ പാരിസ് ഒളിംപിക്‌സിലും മത്സരിച്ചു. 2026 മാര്‍ച്ചില്‍ ഏഷ്യന്‍ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയ പ്രീതിയുടെ കോമണ്‍വെല്‍ത്തിലെ പ്രകടനത്തില്‍ തന്ത്രപരമായ പക്വതയും ആക്രമണോത്സുകതയുമാണ് കനേഡിയന്‍ എതിരാളിയെ വീഴ്‌ത്തിയത്. 2025 ഡിസംബറില്‍ ആര്‍മിയിലേക്ക് നേരിട്ട് റിക്രൂട്ട് ചെയ്യപ്പെട്ട ആദ്യ വനിതയെന്ന ബഹുമതിയോടെ പ്രീതി സായ്‌പവാര്‍ ഇപ്പോള്‍ ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫീസ(നയ്‌ബ് സുബേദാര്‍)റാണ്.
ബോക്‌സിങ്ങില്‍ മെച്ചപ്പെട്ട പരിശീലനം തേടി ധനാനയില്‍നിന്ന് ഭിവാനിയിലെ ദെബ്രകോളനിയിലേക്ക് താമസം മാറ്റിയ കുടുംബമാണ് പ്രിയ ഘാംഘാസിന്റേത്. ക്യാമ്പിലെത്തി ദിവസങ്ങള്‍ക്കകം ശിഷ്യയുടെ കഴിവുകള്‍ തിരിച്ചറിഞ്ഞ കോച്ച് അവള്‍ക്ക് കൂടുതല്‍ ഉയരത്തിലേക്ക് മുന്നേറാനാവുമെന്നു നിരീക്ഷിച്ചു. 2025 ഒക്‌ടോബറില്‍ പ്രിയയ്ക്ക് റെയില്‍വേയില്‍ ജോലി കിട്ടിയതോടെ കുടുംബത്തിന് സാമ്പത്തിക സുരക്ഷിതത്വം ഉണ്ടായതിനൊപ്പം കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡലിലേക്ക് തന്റെ കരിയറിനെ ഉയര്‍ത്താനും ആ ഇരുപതുകാരിക്കായി.
വിജേന്ദര്‍ സിങ് അടക്കമുള്ളവരുടെ മെഡല്‍ നേട്ടം പെണ്‍കുട്ടികളെ കൂടുതലായി ഇടിക്കൂട്ടിലേക്ക് ആകര്‍ഷിക്കാന്‍ പ്രചോദനവും പ്രോത്സാഹനവുമായിട്ടുണ്ടെന്ന് ഭിവാനി സ്‌പോര്‍ട്സ് ക്ലബ്ബിന്റെ സ്ഥാപകരിലൊരാളായ പരിശീലകന്‍ കൂടിയായ ജഗദീഷ് സിങ് പറയുന്നു. 2022-ല്‍ നീതു ഘാംഘാസ് കോമണ്‍വെല്‍ത്ത് മെഡല്‍ നേടിയത് വലിയൊരു വഴിത്തിരിവായി. ഇപ്പോള്‍ ആണ്‍കുട്ടികളുടെ എണ്ണത്തിനൊപ്പം തന്നെ പെണ്‍കുട്ടികളും ഇവിടെ പരിശീലനം നടത്തുന്നുണ്ട്. ഗ്ലാസ്ഗോയിലെ നേട്ടങ്ങളെത്തുടര്‍ന്ന് കൂടുതല്‍ പെണ്‍കുട്ടികള്‍ ബോക്‌സിങ്ങിലേക്ക് ഇനിയുമെത്തുമെന്നാണ് ജഗദീഷ് സിങ്ങ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യയുടെ ഇടിക്കൂടായ ഭിവാനിയുടേത് വ്യത്യസ്തമായ ഒരു കഥയാണ്. ഏറെ കാലമായി ഇന്ത്യയില്‍ മറ്റു പ്രദേശങ്ങളില്‍നിന്നും വ്യത്യസ്തമായി സ്ത്രീ-പുരുഷ അനുപാതത്തില്‍ വലിയ അസന്തുലിതാവസ്ഥ തുടരുന്ന പ്രദേശങ്ങളാണ് ഭിവാനിയും സമീപദേശമായ ചര്‍ഖി ദാദ്രിയും. 2011-ല്‍ ഭിവാനിയില്‍ ഈ അനുപാതം 1000 പുരുഷന്മാര്‍ക്ക് 886 സ്ത്രീകളായിരുന്നു. ദേശീയ അനുപാതമാകട്ടെ, 1000-ത്തിന് 943. ഇവിടെ പെണ്‍കുട്ടികള്‍ വിജയം നേടും വരെയും അവര്‍ക്ക് കാര്യമായ പിന്തുണ എവിടെനിന്നും കിട്ടാറില്ല. പല കുട്ടികള്‍ക്കും ബോക്‌സിങ്ങ് തുടരാന്‍ കഴിയാതെ പിന്‍മാറേണ്ടിവരുന്നത്, കുടുംബത്തിന് സാമ്പത്തികമായി അവരെ താങ്ങിനിര്‍ത്താനാവില്ല എന്നതുകൊണ്ടാണ്. പ്രമുഖ ടൂര്‍ണമെന്റുകളില്‍ വിജയം നേടിയാലേ സര്‍ക്കാര്‍ സഹായം എത്തുകയുള്ളു.
ആണ്‍കുട്ടികളെപ്പോലെ തങ്ങളുടെ ആഗ്രഹം തുറന്നുപറയാന്‍ പെണ്‍കുട്ടികള്‍ക്കു കഴിയാത്തത്, അവരുടെ സാമൂഹിക ചുറ്റുപാടുകളും കുടുംബത്തിന്റെ ആശങ്കകളുംകൊണ്ടാണ്. എന്നാല്‍, ഇക്കാലത്ത് പെണ്‍മക്കള്‍ ഭാരമായല്ല, അവരുടെ അഭിമാനമായാണ് അച്ഛനമ്മമാര്‍ കാണുന്നത്. പെണ്‍കുട്ടികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കിയാല്‍ അവര്‍ നേട്ടങ്ങള്‍ കൊണ്ടുവരുമെന്ന് അവര്‍ വിശ്വസിക്കുന്നു. അവര്‍ക്ക് ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും ഒക്കെയാകാം. അതേസമയം ചെറുപ്പക്കാരായ പുരുഷന്മാര്‍ മയക്കുമരുന്നുകളിലേക്കും മറ്റും തിരിയുന്നു എന്ന ആശങ്കയും ഭിവാനിയിലേയും മറ്റും ആളുകള്‍ പങ്കുവെയ്ക്കുന്നു. ഇവിടത്തെ ഗ്രാമത്തിലുള്ളവര്‍ ദാരിദ്ര്യത്തില്‍നിന്നു രക്ഷപ്പെടാന്‍, സ്വന്തമായി നിലനില്‍ക്കാനുള്ള പരിശ്രമം നടത്തുന്നവരാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ആ വിശപ്പാണ് അവരെ ബോക്‌സിങ്ങിലേക്കും ഗുസ്തിയിലേക്കുമെല്ലാം എത്തിക്കുന്നതെന്ന് ഒളിംപ്യന്‍ വിരേന്ദര്‍ സിങ്ങും ചൂണ്ടിക്കാട്ടുന്നു.
ഗ്ലാസ്ഗോയില്‍ നമ്മുടെ വനിതാ ബോക്‌സര്‍മാര്‍ നേടിയ അഞ്ച് സ്വര്‍ണമെഡലുകളില്‍ ഒന്നു മാത്രമാണ് ഹരിയാനയ്ക്ക് അഥവാ ഭിവാനിക്ക് അവകാശപ്പെടാനില്ലാത്തത്. അതാകട്ടെ, രാജസ്ഥാനില്‍നിന്നുമാണ്. മുഷ്ടിയുദ്ധത്തിന് വേരോട്ടമില്ലാത്ത രാജസ്ഥാനിലെ കോട്ടയില്‍ നിന്നെത്തിയ അരുന്ധതി ചൗധരിയാണ് അസാമാന്യ പ്രകടനം കാഴ്ചവെച്ച് രാജ്യത്തിന് തങ്കത്തിളക്കമേകിയത്. ബാസ്‌കറ്റ് ബോളില്‍നിന്നാണ് ഇരുപത്തിമൂന്നുകാരി ഇടിക്കൂട്ടിലേക്കെത്തിയത്.
ജാവലിനില്‍ ലങ്കന്‍ സ്വര്‍ണം
ജാവലിന്‍ ത്രോയില്‍ ലോക ഒന്നാം നമ്പര്‍ രുമേഷ് പതിരഗെ 89.75 മീറ്ററിന്റെ കൂറ്റന്‍ ഏറിലൂടെ ശ്രീലങ്കയ്ക്ക് സുവര്‍ണതിളക്കമേകിയപ്പോള്‍ മികച്ച പ്രകടനത്തിലും നീരജ് ചോപ്രയ്ക്ക് വെള്ളികൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. രണ്ടാം ഏറില്‍ 85.83 മീറ്റര്‍ കണ്ടെത്തിയ മുന്‍ ലോകചാമ്പ്യനായ നീരജിനു പിന്നില്‍ യശ്‌വീര്‍ സിങ്ങിലൂടെ വെങ്കലവും (85.41) ഇന്ത്യ മുതല്‍ക്കൂട്ടാക്കി. പാരീസ് ഒളിംപിക്‌സില്‍ നീരജിനെ പിന്തള്ളി സ്വര്‍ണത്തിലെത്തിയ പാകിസ്താന്റെ അര്‍ഷദ് നദീം (77.41) ഒന്‍പതാം പടിയിലേക്ക് പിന്തള്ളപ്പെട്ടു. ഗ്ലാസ്ഗോയിലെ തോല്‍വിക്ക് പകരംവീട്ടാന്‍ സ്വിറ്റ്സര്‍ലന്‍ഡിലെ ലോസനില്‍ ഡയമണ്ട് ലീഗില്‍ ഏറ്റുമുട്ടിയപ്പോഴും നീരജ് 88.05 എന്ന മികച്ച ദൂരം കുറിച്ചെങ്കിലും ഒന്‍പത് സെന്റിമീറ്ററിന്റെ വ്യത്യാസത്തില്‍ അവിടെയും പതിരഗെ (88.14) ഒന്നാംസ്ഥാനത്തെത്തി. ഇതോടെ ഇരുവരും തമ്മില്‍ നടന്ന മൂന്ന് മുഖാമുഖത്തിലും വിജയം ശ്രീലങ്കന്‍ താരത്തിനൊപ്പമായി.
ട്രിപ്പിള്‍ ജമ്പിലും ഇന്ത്യന്‍ താരങ്ങള്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. 16.58 മീറ്റര്‍ ചാടിയ പ്രവീണ്‍ ചിത്രവേലിനു വെള്ളിയും സെല്‍വപ്രഭാവി(16-52)ന് വെങ്കലവും. ജമൈക്കക്കാരന്‍ ജോര്‍ദാന്‍ സ്‌കോട്ടിനാണ് സ്വര്‍ണം (16.72).
പത്തിനങ്ങളുടെ ആത്മഹത്യയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഡെക്കാത്‌ലണില്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍നിന്ന് ആദ്യ മെഡല്‍ കൊണ്ടുവരുന്ന ആദ്യ ഇന്ത്യന്‍താരമെന്ന നേട്ടമാണ് ഗ്ലാസ്ഗോയില്‍ തേജസ്വിന്‍ ശങ്കര്‍ സ്വന്തമാക്കിയത്. അത്‌ലറ്റിക്‌സിലെ ഓള്‍റൗണ്ടര്‍മാരുടെ ബലാബലത്തില്‍ തേജസ്വിന്‍ 7976 പോയിന്റോടെ വെങ്കലം നേടിയപ്പോള്‍ ഗ്രനഡയുടെ ലീന്‍ഡല്‍ വിക്ടറും (8096) കാനഡയുടെ ഡാമിയന്‍ വാര്‍നറും (8036) ആദ്യ രണ്ട് സ്ഥാനക്കാരായി. കാല്‍മുട്ടിലെ പരിക്കുമൂലം ഹൈജമ്പില്‍നിന്നു പിന്‍മാറിയാണ് തേജസ്വിന്‍ ഡെക്കാത്‌ലണില്‍ മെഡലിലേക്കെത്തിയത്.
പുരുഷന്‍മാരുടെ 10000 മീറ്ററില്‍ 27 മിനിറ്റ് 49.78 സെക്കന്റില്‍ വെള്ളി നേടിയ ഗുല്‍വീര്‍സിങ്ങ് ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരനായി. ഒപ്പം 5000 മീറ്ററില്‍ മൂന്നാംസ്ഥാനവുമായി ദീര്‍ഘദൂരത്തില്‍ ഇരട്ടമെഡലിലെത്തി. കടുത്ത പോരാട്ടത്തില്‍ ഗുല്‍വീറിനെ 0.85 സെക്കന്റിനു പിന്നിലാക്കിയാണ് ഓസ്‌ട്രേലിയയുടെ കെയ്റോബിന്‍സണ്‍ പതിനായിരം മീറ്ററില്‍ ഒന്നാം സ്ഥാനം പിടിച്ചെടുത്തത്. ഐറിഷ് കടലിലെ ദ്വീപുരാഷ്ട്രമായ ഐസില്‍ ഓഫ് മാനിലെ ഡേവിഡ് മുല്ലര്‍ക്കിക്കാണ് വെങ്കലം. നാല്‍പ്പത് വര്‍ഷത്തിനുശേഷമാണ് ഈ ഇനത്തില്‍ ഒരു ആഫ്രിക്കന്‍ രാജ്യം മെഡല്‍ നേടാതിരുന്നത്.
ശ്രീശങ്കറിന് വീണ്ടും വെള്ളിമെഡല്‍
കായികജീവിതം തകര്‍ത്തെന്നു കരുതിയ പരിക്കില്‍നിന്ന് കുതിമാറി നേടിയ വിജയമാണ് ലോങ്ങ്ജമ്പില്‍ മലയാളി താരം എം. ശ്രീശങ്കറിന്റേത്. ഈ സീസണില്‍ മാത്രം പന്ത്രണ്ടു തവണ എട്ട് മീറ്റര്‍ കടന്നിട്ടുള്ള ശ്രീശങ്കര്‍ 8.09 മീറ്ററിലെത്തിയ രണ്ടാമത്തെ ചാട്ടത്തിലാണ് വെള്ളിയിലെത്തിയത്. കഴിഞ്ഞ തവണ 8.08 മീറ്ററോടെ രണ്ടാം സ്ഥാനം നേടിയ ശ്രീശങ്കറിന് ഇതോടെ കോമണ്‍വെല്‍ത്ത് ജമ്പിങ്ങ് പിറ്റില്‍ രജതമുദ്രയുടെ ഇരട്ടത്തിളക്കമായി. ജമൈക്കയുടെ തജയ് ഗെയ്‌ല്‍ 8.15 മീറ്ററോടെ സ്വര്‍ണം തൊട്ടു. സ്‌കോട്ലന്റിന്റെ സ്റ്റീഫന്‍ മക്കന്‍സിക്കാ (8.08)ണ് വെങ്കലം.
പാരിസ് ഒളിംപിക്‌സിനുള്ള പരിശീലനത്തിനിടെ 2024 ഏപ്രിലില്‍ ഇടതു കാല്‍മുട്ടിനു പരിക്കേറ്റ ശ്രീശങ്കറിനു ദോഹയിലെ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തി. തുടര്‍ന്ന് 650 ദിവസത്തെ ഇടവേളയ്ക്കുശേഷം 2025 ജൂലൈയില്‍ പൂനെയില്‍ നടന്ന ഇന്ത്യന്‍ ഓപ്പണ്‍ മീറ്റില്‍ സ്വര്‍ണത്തോടെ തിരിച്ചുവരവ് നടത്തി. അന്ന് 8.05 മീറ്ററാണ് ചാടിയത്. ഇക്കഴിഞ്ഞ ജൂലൈയില്‍ ഭുവനേശ്വറില്‍ നടന്ന ഇന്റര്‍സ്റ്റേറ്റ് മീറ്റില്‍ 8.38 മീറ്റര്‍ താണ്ടി. സര്‍വേഷ് കുഷാരെയിലൂടെ ഹൈജമ്പിലും ഇന്ത്യ വെള്ളി നേടി. തന്റെ മൂന്നാം ശ്രമത്തില്‍ 2.25 മീറ്റര്‍ കീഴടക്കിയ നാസിക്കില്‍നിന്നുള്ള 31-കാരന്‍ 2.28-ല്‍ സ്വര്‍ണത്തിനായി ശ്രമിച്ചെങ്കിലും സാധ്യമായില്ല. തേജസ്വിന്‍ ശങ്കര്‍ ഒറ്റച്ചാട്ടത്തിനുശേഷം പിന്‍മാറി. ആദര്‍ശ് റാം 2.15 മീറ്ററില്‍ അവസാനിപ്പിച്ചു. ജമൈക്കയുടെ റൊമാനി ബെക്ക്ഫോര്‍ഡിനെ സ്വര്‍ണത്തിലെത്തിച്ചതും 2.25 മീറ്റര്‍ ഉയരമാണ്. എന്നാല്‍, അതിന് കുറഞ്ഞ അവസരമെടുത്തതാണ് നേട്ടമായത്. 100 മീറ്റര്‍ പന്തയത്തില്‍ കാമറൂണിന്റെ ഇമ്മാനുവെല്‍ എസെമിയും വനിതകളില്‍ ന്യൂസിലന്റിന്റെ സോയി ഹോബ്സുമാണ് ഗ്ലാസ്ഗോയില്‍ വേഗക്കാരുടെ കിരീടമണിഞ്ഞത്. എസെമി 9.83 സെക്കന്റില്‍ ഒന്നാമനായപ്പോള്‍ ഓസ്‌ട്രേലിയയുടെ ലച്‌ലന്‍ കെനഡി(9.85)യും നൈജീരിയയുടെ കയ്‌സോലയും അടുത്ത രണ്ട് സ്ഥാനങ്ങള്‍ നേടി. സോയി ഹോബ്സ് 10.93 സെക്കന്റ് കുറിച്ചപ്പോള്‍ ഇംഗ്ലണ്ടിന്റെ ആമിഹങ്ങും ഓസ്‌ട്രേലിയയുടെ ടോറിലൂയിസും 2-3 ഫിനിഷ് ചെയ്തു.
വാക്കത്തണില്‍ ആദ്യമായി ഇന്ത്യയ്ക്ക് മെഡല്‍ ലഭിച്ചു. ഭിന്നശേഷിക്കാരുടെ പാരാ അത്‌ലറ്റിക്‌സില്‍ എഫ് 57 ഷോട്ട്പുട്ടില്‍ സോമന്‍ റാണ 13.40 മീറ്റര്‍ എറിഞ്ഞ് സ്വര്‍ണവും സഹതാരം ശുഭാം ജുയന്‍ (13.38) വെങ്കലവും നേടി. ഈ ഇനത്തില്‍ വനിതകളിലും സ്വര്‍ണം ഇന്ത്യയ്ക്കാണ്. ടി 47 വിഭാഗം 100 മീറ്ററില്‍ ദിലീപ് ഗാവിറ്റിനു പിന്നില്‍ വെള്ളിയുമായി എത്തിയത് കേരളത്തിന്റെ മുഹമ്മദ് സാബിലാണ്.
ചാനുവിന് സുവര്‍ണ ഹാട്രിക്ക്
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മീരാഭായ് ചാനു തുടര്‍ച്ചയായ മൂന്നാം സ്വര്‍ണത്തിലേക്കാണ് ഭാരമുയര്‍ത്തിയത്. 48 കിലോഗ്രാം വിഭാഗത്തില്‍ ഗെയിംസ് റെക്കോര്‍ഡോടെ സ്‌നാച്ചില്‍ 85, ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 105. ആകെ 190 കിലോഗ്രാം. മീരയ്ക്ക് പിന്നില്‍ നൈജീരിയയുടെ റൂത്ത് അസുഖോ ന്യോങ് വെള്ളി(168 കെ.ജി)യും മലേഷ്യയുടെ ഐറിന്‍ ജയ്ന്‍ ഹെന്‍റി വെങ്കല(167)വും നേടി.
ഇന്ത്യയുടെ ഭാരോദ്വഹന യാത്രയില്‍ ഇത്രയും നേട്ടങ്ങള്‍ സ്വന്തമാക്കിയ മറ്റൊരു താരമില്ല. 2014-ല്‍ 19-ാം വയസ്സില്‍ ഗ്ലാസ്ഗോയില്‍നിന്ന് വെള്ളി മെഡലുമായി തന്റെ ഭാരയാത്ര തുടങ്ങിയ ചാനു 31-ാം വയസ്സില്‍ അതേ വേദിയില്‍ വീണ്ടുമെത്തി ഹാട്രിക് നേട്ടത്തിന്റെ ആഹ്ലാദത്തിലേക്ക് രാജ്യത്തെ എത്തിച്ചത് ചരിത്രത്തിന്റെ നിയോഗമാകാം. 2018 ഗോള്‍ഡ് കോസ്റ്റിലെ സുവര്‍ണവിജയം 2022 ബര്‍മിങ്ഹാമില്‍ ആവര്‍ത്തിച്ചു. അതിനിടെ 2020 ടോക്കിയോ ഒളിംപിക്‌സില്‍ വെള്ളിനേട്ടം. 2017 ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണവും 2022-ലും 2025-ലും വെള്ളിയും 2020 ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലവും 2016 സൗത്ത് ഏഷ്യന്‍ ഗെയിംസില്‍നിന്ന് സ്വര്‍ണവും നേടി.
മണിപ്പൂരിലെ നോങ് പാക് കാക്ചിങ് ഗ്രാമത്തില്‍ ഇല്ലായ്മകളോടും വല്ലായ്മകളോടും മല്ലടിച്ചാണ് മീരാഭായ് ചാനു ഇന്ത്യന്‍ കായിക ഭൂപടത്തിലേക്ക് വന്നത്. 2009-ല്‍ ആദ്യ ദേശീയ റെക്കോര്‍ഡ് പ്രകടനം ശ്രദ്ധേയമായ തുടക്കമായി. ഇതിനിടെ 2016 റിയോ ഒളിംപിക്‌സില്‍ കയ്യില്‍നിന്ന് ബാര്‍ വഴുതിവീണു പുറത്തായത് കണ്ണീരോര്‍മയാണ്.
മൂന്നാമതും സ്വര്‍ണത്തിലേക്കെത്തിയ മീരാഭായ് ചാനുവിന്റെ പ്രചോദനവും നേതൃത്വവും കരുത്താക്കി മാറ്റിയ വെയിറ്റ് ലിഫ്‌റ്റര്‍മാര്‍ എട്ട് മെഡലുകള്‍ സമ്പാദിച്ചപ്പോള്‍, ഗെയിംസ് ചരിത്രത്തില്‍ ഇന്ത്യയിലേക്ക് ജൂഡോയില്‍ ആദ്യ സ്വര്‍ണമെത്തിയതും ഇക്കുറിയാണ്. ഒന്നല്ല; രണ്ട്. അസ്‌മിത ഡേ വനിതകളുടെ 48 കിലോ വിഭാഗത്തിലും ഹര്‍ഷ്സിങ് പുരുഷവിഭാഗം 60 കിലോയിലും സ്വര്‍ണനേട്ടത്തോടെ ചരിത്രമെഴുതുകയായിരുന്നു. ഇതുള്‍പ്പെടെ ജൂഡോയില്‍ നാല് മെഡലുകളാണ് നേടിയത്.
അതേസമയം തങ്ങളില്‍ അര്‍പ്പിതമായ പ്രതീക്ഷകളോട് നീതിപുലര്‍ത്താന്‍ കഴിയാതെ മടങ്ങിയ ചില താരങ്ങളുണ്ട്. നീന്തലില്‍ മലയാളിതാരം സജന്‍ പ്രകാശ് 200 മീറ്റര്‍ ബട്ടര്‍ഫ്ലൈ ഫൈനലില്‍ ഏഴാം സ്ഥാനത്തായി-സമയം 1:58.05. 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ തേജസ് ഷിര്‍സെ ഫൈനലില്‍ അവസാനക്കാരനായി. 12 പേര്‍ സെമിയിലേക്ക് പ്രവേശനം നേടിയ 100 മീറ്റര്‍ ഓട്ടത്തിന്റെ ഹീറ്റ്സില്‍ ഗുരിന്ദര്‍വീര്‍ സിങ്ങ് കുറിച്ച 10.39 സെക്കന്റാകട്ടെ, 28-ാമത്തെ സമയമാണ്.
ഗെയിംസിന് വിളക്ക് തെളിയുന്നതിന് തൊട്ടുമുന്‍പ് ചില താരങ്ങള്‍ക്ക് ഉത്തേജകത്തിന്റെ വഴിയില്‍ പുറത്താകേണ്ടിവന്നത്, കായികവേദിയില്‍ ഇന്ത്യയ്ക്കേറ്റ കറുത്ത പൊട്ടായി മാറി. മെഡല്‍ സാധ്യത കല്പിച്ചിരുന്ന ജൂഡോ താരം തൂലികമാന് രണ്ട് വര്‍ഷത്തോളമായി ഉത്തേജക പരിശോധനയ്ക്ക് ഹാജരാകാതിരുന്നതിനെത്തുടര്‍ന്ന് രണ്ട് വര്‍ഷത്തേക്ക് വിലക്ക് കിട്ടി. മറ്റൊരു ജൂഡോ താരം അരുണ്‍കുമാര്‍ പരിശോധനയില്‍ പരാജയപ്പെട്ടു. ജൂലൈ 27-ന് ടീം ഗ്ലാസ്ഗോയിലേക്ക് പുറപ്പെടാനിരിക്കെയാണ് ഇന്ത്യയ്ക്ക് ഈ നാണക്കേടുണ്ടായത്.
മത്സര ഇനങ്ങള്‍ കുറച്ചത് ഇന്ത്യയുടെ നഷ്ടമായി
ഗെയിംസ് സംഘാടനത്തിന്റെ ഉയര്‍ന്ന ചെലവുകള്‍ താങ്ങാനാവില്ലെന്നു കണ്ട് ഓസ്‌ട്രേലിയന്‍ നഗരമായ വിക്ടോറിയ പിന്‍മാറിയതിനെത്തുടര്‍ന്നാണ് ആതിഥേയത്വം ഗ്ലാസ്ഗോ ഏറ്റെടുത്തത്. ഒരുക്കങ്ങള്‍ക്കുള്ള സമയക്കുറവും മറ്റും മൂലം കായിക ഇനങ്ങള്‍ വെട്ടിക്കുറച്ചെങ്കിലും നിലവിലുള്ള സ്റ്റേഡിയങ്ങളും സൗകര്യങ്ങളും ഉപയോഗിച്ച് ഗെയിംസ് വിജയകരമായി നടത്താന്‍ അവര്‍ക്ക് കഴിഞ്ഞു. അപ്പോഴും തങ്ങളുടെ മെഡല്‍ മേഖലകളായ ഇനങ്ങള്‍ ഒഴിവാക്കപ്പെട്ടപ്പോള്‍ ഏറ്റവും വലിയ നഷ്ടം സംഭവിച്ചത് ഇന്ത്യയ്ക്കായിരുന്നു. ഷൂട്ടിങ്ങ്, ഗുസ്തി, ബാഡ്‌മിന്റണ്‍, ടി.ടി, അമ്പെയ്‌ത്ത്, ഹോക്കി, ക്രിക്കറ്റ് എന്നിവ ഗ്ലാസ്ഗോയില്‍ 23-ാം ഗെയിംസിന്റെ കലണ്ടറില്‍ ഉണ്ടായിരുന്നില്ല. ഈ ഇനങ്ങളില്‍ ഇന്ത്യ 2022-ല്‍ നേടിയത് 28 മെഡലുകളാണ്.
74 രാജ്യങ്ങളില്‍നിന്നുള്ള 3000 അത്‌ലറ്റുകള്‍ പത്ത് ഇനങ്ങളിലാണ് ഇക്കുറി മാറ്റുരച്ചത്. അത്‌ലറ്റിക്‌സ്, നീന്തല്‍, ട്രാക്ക് സൈക്കിളിങ്ങ്, ഭാരോദ്വഹനം, 3x3 ബാസ്‌കറ്റ്ബോള്‍, ലോണ്‍ ബൗള്‍സ്, നെറ്റ്ബോള്‍, ജൂഡോ, ബോക്‌സിങ്ങ്, ആര്‍ട്ടിസ്റ്റിക്‌സ് ജിംനാസ്റ്റിക്‌സ് എന്നിവയ്ക്കു പുറമേ ആറ് പാരാ ഇനങ്ങളിലുമാണ് മത്സരങ്ങള്‍ നടന്നത്.
കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഇന്ത്യയുടെ നേട്ടങ്ങള്‍ വിരലിലെണ്ണാവുന്ന ഇനങ്ങളില്‍ ഒതുങ്ങിയിരുന്നു. ഇത്തവണ ഗ്ലാസ്ഗോയിലടക്കം ഇന്ത്യ ഇതുവരെ നേടിയ മെഡലുകളുടെ മൂന്നിലൊന്നും ഷൂട്ടിങ്ങ്, ഗുസ്തി, ഭാരോദ്വഹനം എന്നിവയിലാണ് - 390. ബോക്‌സിങ്, ബാഡ്‌മിന്റണ്‍, ടി.ടി എന്നിവയില്‍ കിട്ടിയത് 113 മെഡലുകള്‍.
1934-ല്‍ ലണ്ടനിലാണ് ഇന്ത്യ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ അരങ്ങേറിയത്. ഗുസ്തിയില്‍ റഷീദ് അന്‍വറിന്റെ 74 കിലോഗ്രാം വിഭാഗത്തിലെ വെങ്കലമായിരുന്നു ഏക നേട്ടം. അന്ന് 12-ാം സ്ഥാനത്തായിരുന്നു. 1930, 1950, 1962, 1986 ഗെയിംസുകള്‍ ഇന്ത്യയ്ക്ക് നഷ്ടമായി. 1938-ലാകട്ടെ, ഒറ്റ മെഡലും നേടിയില്ല. 1954-ല്‍ റാങ്കിങ്ങിലും എത്തിയില്ല.
മില്‍ഖാസിങ് നേടിത്തന്നത് ആദ്യ സ്വര്‍ണം
1958-ല്‍ 440 വാര (ഇന്ന് 400 മീറ്റര്‍) ഓട്ടത്തില്‍ ഇതിഹാസതാരം മില്‍ഖാസിങ്ങാണ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ആദ്യ സുവര്‍ണമെഡല്‍ സമ്മാനിച്ചത്. ഗുസ്തിയില്‍ ലിലാറാമും ലക്ഷ്മികാന്ത് പാണ്ഡെയും വെള്ളിനേട്ടത്തിലുമെത്തി. പിന്നീട് മെഡല്‍ പട്ടിക ക്രമേണ ഉയര്‍ന്നുതുടങ്ങി. 1966-ല്‍ ഇന്ത്യ പത്ത് മെഡലുകളിലെത്തി. 1970-ല്‍ പന്ത്രണ്ടും 1974-ല്‍ പതിനഞ്ചും മെഡലുകള്‍. ആ ഗെയിംസുകളിലെല്ലാം ആറാംസ്ഥാനത്തായിരുന്ന ഇന്ത്യ 1990-ല്‍ 32 മെഡലുകളുമായി അഞ്ചാം സ്ഥാനത്തേക്കെത്തി.
1978-ല്‍ എഡ്‌മണ്ടനില്‍ അമിഗിയ-കന്‍വല്‍ താക്കൂര്‍ സിങ്ങ് സഖ്യം ബാഡ്‌മിന്റണില്‍ നേടിയ വെങ്കലമാണ് വനിതകളുടെ ആദ്യ സമ്പാദ്യം. തുടര്‍ന്ന് 1994-ല്‍ രണ്ടും 1998-ല്‍ മൂന്നും മെഡലുകള്‍ നേടി. എന്നാല്‍, 2022 ബര്‍മിങ്ങ്ഹാമില്‍ ഇന്ത്യ 61 മെഡലുകള്‍ നേടിയപ്പോള്‍ അതില്‍ 41 ശതമാനവും വനിതകളുടെ സംഭാവനയായി.
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ത്രിവര്‍ണപതാക ഉയരെ പറന്നത് 2002-ല്‍ 50 കടന്ന് മൊത്തം 69 മെഡലുകളോടെ നാലാം സ്ഥാനം നേടിയതാണ്. തുടര്‍ന്ന് 2006-ല്‍ 50 മെഡലുകളോടെ നാലാം സ്ഥാനം നിലനിര്‍ത്തി. 2010 ന്യൂഡല്‍ഹിയില്‍ 101 മെഡലുകളോടെ റെക്കോര്‍ഡ് നേട്ടത്തിലേക്ക് ഇന്ത്യയെത്തി. പുരുഷന്മാര്‍ 64, വനിതകള്‍ 36. ഒരെണ്ണം മിക്‌സ്‍ഡ് ഇനത്തിലും.
1934-ല്‍ വിതരണം ചെയ്ത ആകെ മെഡലുകളില്‍ 0.5 ശതമാനം മാത്രമായിരുന്നു ഇന്ത്യയുടെ നേട്ടം. 1990-ലാണ് നമ്മുടെ ആ വിഹിതം അഞ്ച് ശതമാനത്തിലേക്കെത്തിയത്. അന്ന് 638-ല്‍ 32 മെഡലുകള്‍ കിട്ടി. 2002-ല്‍ അത് കുത്തനെ ഉയര്‍ന്നു-7.7 ശതമാനം. 2006-ല്‍ 6.7 ശതമാനം. 2010-ല്‍ ആകെ വിതരണം ചെയ്ത 828-ല്‍ 101 മെഡലുകള്‍ നേടിയ ഇന്ത്യയുടെ വിഹിതം 12.2 ശതമാനമായി. 2014-ലും 2018-ലും യഥാക്രമം 7.8, 7.9 ശതമാനം. എന്നാല്‍, ബര്‍മിങ്ങ്ഹാമില്‍ നേട്ടം ഏഴ് ശതമാനത്തിലേക്ക് ഇറങ്ങി. ഗ്ലാസ്ഗോയില്‍ 671 മെഡലുകളില്‍ 39 എണ്ണം നേടിയ ഇന്ത്യയുടെ വിഹിതം 5.8 ശതമാനം. 1958-നു ശേഷമുള്ള ഏറ്റവും കുറഞ്ഞ നേട്ടമാണിത്. എന്നാല്‍, ചരിത്രപരമായി ഇന്ത്യ മെഡല്‍ നേടുമായിരുന്ന ചില ഇനങ്ങള്‍ ഇല്ലാതിരുന്നിട്ടും മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ 126 അംഗസംഘത്തിനു കഴിഞ്ഞുവെന്നതില്‍ അഭിമാനിക്കാം.
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇതുവരെ 10,636 മെഡലുകള്‍ നല്‍കിയതില്‍ ഇന്ത്യയ്ക്ക് നേടാനായത് 603 മാത്രം. അതായത് 5.7 ശതമാനം. മഹാരാജ്യമായ ഇന്ത്യയുടെ ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോള്‍ ഓസ്‌ട്രേലിയ ഗെയിംസില്‍ കൈവരിച്ച നേട്ടം അത്ഭുതാവഹമാണ്. അവര്‍ 2773 മെഡലുകള്‍ സ്വന്തമാക്കിക്കഴിഞ്ഞു. 146 കോടിയുടെ സ്ഥാനത്ത് അവരുടെ ജനസംഖ്യ ഒരു കോടി 46 ലക്ഷമാണ്. കാനഡ ഇതുവരെ നേടിയത് 1709 മെഡലുകള്‍. ജനസംഖ്യ നാല് കോടി 17 ലക്ഷം. ന്യൂസിലന്റിന്റെ മെഡലുകള്‍ 743. ജനസംഖ്യ 53 ലക്ഷം.
രാജ്യങ്ങള്‍ വ്യത്യസ്ത സാഹചര്യത്തിലും വ്യത്യസ്ത തലത്തിലും നിന്നുകൊണ്ട് മത്സരിക്കുമ്പോള്‍ ഇത്തരമൊരു താരതമ്യപഠനം യോജിച്ചതല്ല. എന്നാല്‍, വ്യത്യസ്തമായ കായിക സമ്പ്രദായത്തിന്റെ മികവുകളാണ് കോമണ്‍വെല്‍ത്ത് ഗെയിംസിലും ദൃശ്യമാകുന്നത്. കുറഞ്ഞ ജനസംഖ്യയില്‍നിന്ന് മെഡല്‍ നേടാന്‍ കഴിവുള്ള പ്രതിഭകളെ വാര്‍ത്തെടുക്കുന്നതിനാണ് ഓസ്‌ട്രേലിയ ഊന്നല്‍ നല്‍കുന്നത്. കോമണ്‍വെല്‍ത്തിലടക്കം ആഗോള കായികരംഗത്ത് അതിന്റെ ഫലശ്രുതി മീട്ടാനും ആ രാജ്യത്തിനു കഴിയുന്നു.
അതേസമയം ഗ്ലാസ്ഗോയില്‍ മെഡല്‍നേട്ടമുണ്ടായെങ്കിലും ആഗോളനിലവാരമേറ്റുവാങ്ങുന്ന പ്രകടനത്തിലേക്ക് ഇന്ത്യയുടെ കായികരംഗം ഇനിയുമേറെ സഞ്ചരിക്കേണ്ടതുണ്ട്. എല്ലാ കളികളുടേയും ജീവനായ അത്‌ലറ്റിക്‌സില്‍ ഇന്ത്യയ്ക്ക് ലോകനിലവാരത്തെ ഏറ്റുവാങ്ങാനാകുന്നില്ല. ഉദാഹരണത്തിന് 100 മീറ്റര്‍ ഓട്ടം. ഒരു ഇന്ത്യക്കാരന്‍ ഇനി എന്നാണ് 10 സെക്കന്റില്‍ താഴെ ആ ദൂരം പിന്നിടുക?
2036-ലെ ഒളിംപിക്‌സ് വേദി നേടാനുള്ള ശ്രമത്തിലാണ് ഇന്ത്യ. ഒളിംപിക്‌സ് അടക്കമുള്ള വിശ്വമേളകളില്‍ ആദ്യ പത്തിലെത്താനെങ്കിലും സാധിക്കാത്ത ഒരു രാജ്യത്തിന്റെ വേദിക്കായുള്ള ശ്രമം വിജയിക്കണമെന്നില്ല. 2020-ല്‍ ടോക്കിയോയില്‍ ഏഴ് മെഡലുകളോടെ 48-ാം സ്ഥാനത്തെത്തിയതാണ് ഒളിംപിക്‌സില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം. 2024-ല്‍ പാരീസിലെത്തിയപ്പോള്‍ ആറ് മെഡലുകളുമായി 71-ാം സ്ഥാനത്തേക്ക് പിന്‍മാറേണ്ടിവന്നു. ലോക കായികശക്തികളുടെ മുന്‍നിരയിലെത്താന്‍ കഴിയണമെങ്കില്‍ ഒളിംപിക്‌സില്‍ സ്വര്‍ണനേട്ടം രണ്ടക്കത്തിലെത്തിക്കുന്നതടക്കം 30 മുതല്‍ 40 വരെ മെഡലുകളെങ്കിലും നേടാനാവണം.
ഗ്ലാസ്ഗോയില്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് അവസാനിച്ചപ്പോള്‍ സ്പഷ്ടമാവുന്നത് രാജ്യങ്ങളുടെ പ്രകടനങ്ങളിലേയും കായിക സമ്പ്രദായത്തിന്റേയും വിഭവശേഷിയുടേയും പ്രതിഫലനവും അന്തരവുമാണ്. അതുകൊണ്ടുതന്നെ ഒരു ചോദ്യവും ഉയരുന്നു. ‘ഇതാരുടെ കോമണ്‍വെല്‍ത്ത്?’ ബ്രിട്ടീഷ് സാമ്രാജ്യത്തിലെ കോളനി രാജ്യങ്ങള്‍ വലിയ പോരാട്ടങ്ങളിലൂടെ സ്വതന്ത്രമായപ്പോഴും അടിമ രാജ്യങ്ങളെന്ന ബോധം ഊട്ടിയുറപ്പിക്കുന്ന തരത്തില്‍ ബ്രിട്ടനും അവരുടെ അധീനതയിലായിരുന്ന രാജ്യങ്ങളിലെ പുതിയ ഭരണനേതൃത്വവും കൂടിച്ചേര്‍ന്നാണ് കോമണ്‍വെല്‍ത്ത് സംഘടന രൂപീകരിച്ചത്. ബ്രിട്ടീഷ് സിംഹാസനം എന്നും അധികാരസ്ഥാനത്തുള്ള കോമണ്‍വെല്‍ത്തില്‍ ഇന്ത്യ അംഗമായതിനെ സോഷ്യലിസ്റ്റ് നേതാവ് ഡോ. റാം മനോഹര്‍ ലോഹ്യ എതിര്‍ത്തിരുന്നു. നമ്മുടെ വര്‍ത്തമാന ഭാവികളെ വിഴുങ്ങുന്ന ഭൂതകാല അടിമത്തത്തിന്റെ പ്രതീകമായി കോമണ്‍വെല്‍ത്ത് ഗെയിംസ് എന്ന കായികമേള തുടരേണ്ടതുണ്ടോ? കോമണ്‍വെല്‍ത്ത് സംഘടനയുടെ പേരില്‍ ജനങ്ങളുടെ ഒരുപാട് പണം ഈ രാജ്യം ചെലവഴിച്ചുകഴിഞ്ഞു. 2030-ലെ ഗെയിംസിന് ഇന്ത്യ വീണ്ടും വേദിയാവുന്നു. 2010-ല്‍ ഡല്‍ഹിയില്‍ ഇതിന്റെ മറവില്‍ ധൂര്‍ത്തടിച്ച കോടികളെക്കുറിച്ച് ആരും മിണ്ടുന്നില്ല. കഴിഞ്ഞകാല അടിമത്തത്തിന്റെ കൊടിമരത്തില്‍ പാറിക്കളിക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ പേരിലുള്ള ആ ധൂര്‍ത്ത് അവസാനിപ്പിക്കാന്‍ സമയമായിരിക്കുന്നു. ദേശീയ ധൂര്‍ത്തിന്റെ ഗെയിംസുകള്‍ ഇന്ത്യ ഏറ്റെടുക്കേണ്ടതുണ്ടോ?
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates