അഞ്ചരക്കണ്ടി ദന്തല്‍ കോളേജ് ൊ samakalika Malayalam weekly
Malayalam Weekly

കേരളം ചവിട്ടിപ്പിടിച്ചിരിക്കുന്നു കാമ്പസ് നീതിയുടെ മാനിഫെസ്റ്റോ

ഉന്നതവിദ്യാഭ്യാസ മേഖലയിലെ വിവേചനങ്ങളെക്കുറിച്ച് ഉന്നതതല സമിതിയുടെ പഠന റിപ്പോർട്ട് യു.ഡി.എഫ് സർക്കാരും രണ്ട് എൽ.ഡി.എഫ് സർക്കാരുകളും പുറത്തെടുത്തില്ല

പി.എസ്. റംഷാദ്

കേരളത്തിൽ ഉന്നതവിദ്യാഭ്യാസ മേഖലയിലെ പലതരം വിവേചനങ്ങൾക്കും അനീതിക്കും തെളിവായ പഠനറിപ്പോർട്ടിനോടു മൂന്നു സർക്കാരുകളുടെ ഗുരുതര നിരുത്തരവാദിത്വം. സർക്കാർ നിർദേശപ്രകാരം സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ നിയോഗിച്ച ഉന്നതതല സമിതിയാണ് വിശദപഠനം നടത്തിയത്. 2016 മേയിൽ അധികാരമൊഴിഞ്ഞ യു.ഡി.എഫ് സർക്കാരും തുടർന്ന് രണ്ട് എൽ.ഡി.എഫ് സർക്കാരുകളും ഈ റിപ്പോർട്ടിലെ കണ്ടെത്തലുകളും ശുപാർശകളും ഗൗരവത്തിലെടുത്തില്ല. 2015 ഡിസംബറിൽ സർക്കാരിനു സമർപ്പിച്ച റിപ്പോർട്ട് അന്നു മുതൽ ഫ്രീസറിലാണ്. ഗവേഷണ മേൽനോട്ടച്ചുമതലയുണ്ടായിരുന്ന അദ്ധ്യാപികയുടെ ജാതിവിവേചനത്തിനെതിരെ കേരള സർവകലാശാലയിലെ വിദ്യാർത്ഥി വിപിൻ വിജയന്റെ പോരാട്ടവും കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ വിദ്യാർത്ഥി നിതിൻ രാജിന്റെ ദുരൂഹ മരണവും ഉൾപ്പെടെ കൺമുന്നിലുള്ളപ്പോഴാണിത്. ഇവ കൂടാതെ മഹാത്മഗാന്ധി സർവകലാശാലയിൽനിന്നും കാലിക്കറ്റ് സർവകലാശാലയിൽനിന്നുമടക്കം ജാതി, ലിംഗ വിവേചനങ്ങളുടെ തിന്മകൾ കേരളം പലവട്ടം കണികണ്ടുണർന്നതും ഇതേ കാലത്താണ്. എന്നാൽ, ജാതിയും ദാരിദ്ര്യവും മുതൽ ജെൻഡറും ഗ്രാമീണരാണ് എന്നതും വരെ കാമ്പസുകളെ പിറകോട്ടു കൊണ്ടുപോകുന്നതിന്റെ കണ്ടെത്തലുകളുണ്ട് ഈ റിപ്പോർട്ടിൽ. കാരണങ്ങൾ കണ്ടെത്തി, പരിഹാരങ്ങൾ നിർദേശിക്കാൻ പോന്നവിധം കാമ്പും കരുത്തും പ്രാതിനിധ്യ സ്വഭാവമുള്ളതായിരുന്നു സമിതി. ന്യൂഡൽഹി ലേഡി ശ്രീറാം കോളേജിലെ മുൻ പ്രിൻസിപ്പല്‍ ഡോ. മീനാക്ഷി ഗോപിനാഥ് അധ്യക്ഷ, എം.ജി സർവകലാശാല മുൻ പി.വി.സി. ഡോ. ഷീന ഷുക്കൂർ കൺവീനർ; ഗതാഗത കമ്മിഷണറായിരിക്കെ ആർ. ശ്രീലേഖ, ഗവേഷണ വിദ്യാർത്ഥിയായിരിക്കെ എസ്.എഫ്‌.ഐ നേതാവ് ചിന്താ ജെറോം, നിയമ വിദ്യാർത്ഥിയായിരിക്കെ എം.എസ്.എഫ് നേതാവ് ഫാത്തിമ തഹ്‌ലിയ, സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷയായിരിക്കെ കെ.സി. റോസക്കുട്ടി, മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ചന്ദ്രു കൃഷ്ണസ്വാമി, കാലടി സർവകലാശാലയിലെ ചരിത്രവിഭാഗം അസോസിയേറ്റ് പ്രൊഫസറായിരുന്ന ഡോ. കെ.എം. ഷീബ, കുസാറ്റ് സ്ത്രീപഠനകേന്ദ്രം ഡയറക്ടറായിരുന്ന ഡോ. മീരാബായ്, എം.ഇ.എസ് കോളേജ് അദ്ധ്യാപികയായിരുന്ന ഡോ. അമീറ, അഡ്വ. ജയ്ദീപ് ജി. നായർ, സജിത ആർ. ശങ്കർ, സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിലിൽ റിസർച്ച് ഓഫീസറായിരിക്കെ ഡോ. സി.എച്ച്. ജയശ്രീ, നടി മാലാ പാർവതി എന്നിവർ അംഗങ്ങൾ. വിദ്യാർത്ഥി പ്രതിനിധികളായി അന്ന് തൃശൂർ ലോ കോളേജ് എൽ.എൽ.എം വിദ്യാർത്ഥിയായിരുന്ന ഫാത്തിമ തഹ്‌ലിയയ്ക്കും കേരള സർവകലാശാലയിൽ ഗവേഷണ വിദ്യാർത്ഥിയായിരുന്ന ചിന്താ ജെറോമിനും പുറമേ കാലിക്കറ്റ് സർവകലാശാലയിലെ ഫോക്‌ലോർ വിദ്യാർത്ഥി ലീഷ്മ കെ.കെ., തൃശൂർ ലോ കോളേജിലെ എൽ.എൽ.ബി വിദ്യാർത്ഥി സ്റ്റിന്നീ ജോൺ എന്നിവരേയും ഉൾപ്പെടുത്തി.

ഉന്നതവിദ്യാഭ്യാസ മേഖലയിലെ നയരൂപീകരണത്തിൽ പങ്കുള്ളവർ, അദ്ധ്യാപക-വിദ്യാർത്ഥി സമിതികളിലെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ, അദ്ധ്യാപകേതര ജീവനക്കാർ, സ്ത്രീപക്ഷ സമിതികളിലെ അംഗങ്ങൾ, ലിംഗപഠന കേന്ദ്രങ്ങളിലെ അദ്ധ്യാപകർ, വനിതാ അഭിഭാഷകർ, സർക്കാരിതര സന്നദ്ധസംഘടനാ പ്രതിനിധികൾ, മാധ്യമപ്രവർത്തകർ തുടങ്ങി സാമൂഹിക നീതിക്കുവേണ്ടി പൊതുവേയും ലിംഗനീതിക്കു പ്രത്യേകമായി ഇടപെടുകയും ചെയ്യുന്ന നിരവധിയാളുകളുമായി കൂടിക്കാഴ്ച നടത്തിയാണ് സമിതി റിപ്പോർട്ട് തയ്യാറാക്കിയത്.

ഉമ്മൻ ചണ്ടി സർക്കാർ പോകുന്നതിനു മുന്‍പുതന്നെ ഞങ്ങൾ ഇതിലെ വിശദാംശങ്ങൾ ഉൾപ്പെടുന്ന വിശദമായ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. അത് അന്നത്തെ വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദു റബ്ബിന്റെ ഉൾപ്പെടെ ശ്രദ്ധയിലെത്തുകയും ചെയ്തു. പക്ഷേ, തുടർ നടപടികൾക്ക് യു.ഡി.എഫ് നയപരമായ തീരുമാനമെടുത്തിരുന്നില്ല. ഫലത്തിൽ റിപ്പോർട്ട് വെളിച്ചം കണ്ടില്ല. ഒന്നാം പിണറായി വിജയൻ സർക്കാരിലെ ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലും ‘മീനാക്ഷി കമ്മിറ്റി’ റിപ്പോർട്ട് കണ്ടു. പക്ഷേ, ഒന്നുമുണ്ടായില്ല. കെ.ടി. ജലീലോ ഇപ്പോഴത്തെ ഉന്നത വിദ്യാഭ്യാസമന്ത്രി ആർ. ബിന്ദുവോ ആ റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കി കേരളത്തിലെ കാമ്പസുകളെ വിവേചനമുക്തമാക്കാനുള്ള ഒരു ശ്രമവും നടത്തിയില്ല.

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുമെന്നും നിയമപരമായ സംവിധാനത്തോടെയുള്ള അദ്ധ്യാപക-രക്ഷാകർതൃ സമിതികൾ രൂപീകരിക്കുമെന്നും ഉൾപ്പെടെ പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്ത യു.ഡി.എഫ് അതേ കാലയളവിൽത്തന്നെയാണ് ഈ റിപ്പോർട്ട് പൂഴ്ത്തിയത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർത്ഥികളുടെ ജനാധിപത്യപരമായ അവകാശങ്ങൾ സംരക്ഷിക്കും എന്നത് 2016-ലെ എൽ.ഡി.എഫ് പ്രകടനപത്രിക ആവർത്തിച്ചു പറഞ്ഞ കാര്യമാണ്. 2021-ലെ അമ്പത് ഇന പരിപാടിയിൽ ഉന്നത വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ഭാഗത്തിന്റെ തലക്കെട്ടുതന്നെ ഉന്നതവിദ്യാഭ്യാസ അഴിച്ചുപണി എന്നായിരുന്നു. ആ അഴിച്ചുപണിയുടെ സ്വഭാവത്തെ നിർണയിക്കുന്നതിൽ ഒരു കൈപ്പുസ്തകം പോലെ സഹായകമാകുമായിരുന്ന റിപ്പോർട്ടിലേക്ക് തിരിഞ്ഞുനോക്കുകപോലും ചെയ്തില്ല.

വിദ്യാർത്ഥികൾ മനുഷ്യരാണ്

“രാജ്യത്തെ കോളേജ്, യൂണിവേഴ്‌സിറ്റി കാമ്പസുകളിൽ സുരക്ഷയുണ്ടെങ്കിലും വിദ്യാർത്ഥികൾ ഇപ്പോഴും കാമ്പസിൽ കുറ്റകൃത്യങ്ങളും അക്രമവും അനുഭവിക്കുന്നുണ്ടെന്നതാണ് വസ്തുത. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മോഷണം, ആക്രമണം, ബലാത്സംഗം തുടങ്ങിയ സംഭവങ്ങൾ അസാധാരണമല്ല. കുറ്റകൃത്യങ്ങളുടെ തോത് കുറയ്ക്കുന്നതിൽ കാമ്പസ് സുരക്ഷ ഒരു പങ്കു വഹിക്കുന്നു എന്നത് ശരിയാണ്, പക്ഷേ, കാമ്പസ് സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ സുരക്ഷാ ഗാർഡുകൾ ഒരിക്കലും ഉണ്ടാകാത്തതിനാൽ, അത്തരം അപകടങ്ങളിൽനിന്ന് സ്വയം എങ്ങനെ സംരക്ഷിക്കണമെന്ന് വിദ്യാർത്ഥികൾ അറിഞ്ഞിരിക്കണം” ആമുഖത്തിൽത്തന്നെ റിപ്പോർട്ട് പറയുന്നു. ഈ പഠനത്തിനു തൊട്ടുമുന്‍പത്തെ അധ്യയന വർഷം, അതായത് 2013-’14 കാലയളവിൽ സംസ്ഥാനത്തെ ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിൽ ചേർന്ന ആകെ 2.32 ലക്ഷം വിദ്യാർത്ഥികളിൽ 1.66 ലക്ഷം പേർ (71.36%) പെൺകുട്ടികളാണെന്നും ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നിട്ടും ലിംഗവിവേചനത്തിന്റെ പേരിലാണ് കാമ്പസുകളിലേറെയും പ്രതിക്കൂട്ടിൽ. ഇരകൾ വിദ്യാർത്ഥിനികൾ മാത്രമല്ല, അദ്ധ്യാപികമാരും അനദ്ധ്യാപക ഉദ്യോഗസ്ഥകളും.

സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികളും കാമ്പസുകളിൽ ലിംഗ സംവേദനക്ഷമതയ്ക്കുള്ള പരിപാടികളും സംബന്ധിച്ചു ദേശീയ തലത്തിൽ തയ്യാറാക്കിയ ഒരു റിപ്പോർട്ട് 2014 ആദ്യം യു.ജി.സി അംഗീകരിച്ചിരുന്നു. അതിൽ സർവകലാശാലകളിലും കോളേജുകളിലും ലിംഗസമത്വത്തിനും തുല്യതയ്ക്കുമുള്ള നടപടികൾ ഉറപ്പാക്കാൻ നൽകിയ ശുപാർശകളും വ്യാപകമായി ശ്രദ്ധിക്കപ്പെട്ടു. ഭരണഘടന ഉറപ്പുനൽകുന്ന സമത്വത്തിന്റേയും നീതിയുടേയും തത്ത്വങ്ങളെ അടിസ്ഥാനമാക്കിയുള്ള ശുപാർശകളിൽ അന്തസ്സിനുള്ള അവകാശങ്ങൾ, ശാരീരികമായ സ്വയം സംരക്ഷണാവകാശം തുടങ്ങിയവ ഉൾപ്പെടുന്നു.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്കും സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും ലിംഗപരമായ അവബോധം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് റിപ്പോർട്ട് തുടങ്ങുന്നതുതന്നെ. “സർവകലാശാലകൾ വെറും ജോലിസ്ഥലങ്ങളല്ല, മറിച്ച് വിദ്യാർത്ഥികൾ പഠിക്കാനും പരിശീലനം നേടാനും വ്യക്തികളെന്ന നിലയിൽ അവരുടെ പൂർണ ശേഷി തിരിച്ചറിയാനും വരുന്ന സ്ഥലങ്ങളാണ്” -റിപ്പോർട്ട് ഓർമിപ്പിക്കുന്നു. ലൈംഗിക പീഡനത്തെ ചെറുക്കുന്നതിലും ലിംഗപരമായ സംവേദനക്ഷമത നൽകുന്നതിലും എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും പാലിക്കേണ്ട വിശാലമായ തത്ത്വങ്ങളും മാർഗനിർദേശങ്ങളും വിശദീകരിച്ചിട്ടുമുണ്ട്.

ഉയർന്ന സാക്ഷരതാനിരക്കുള്ള, സാമൂഹിക മേഖലയിലെ പുരോഗമനപരമായ കുതിപ്പ് സൂചിപ്പിക്കുന്ന മാനവ വികസന സൂചകങ്ങളുള്ള കേരളത്തിലെ കാമ്പസുകളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ലിംഗപരമായ പ്രശ്നങ്ങളെ വേണ്ടവിധമല്ല അഭിമുഖീകരിക്കുന്നത്. ലിംഗപരമായ അക്രമങ്ങളോടുള്ള സമീപനം നിശ്ശബ്ദതയാണ്; ശിക്ഷാനടപടികൾ ഉണ്ടാകാറില്ല. ഫലത്തിൽ ഉന്നത വിദ്യാഭ്യാസ മേഖലയിലെ സ്ഥാപനപരവും ഭരണപരവുമായ ക്രമീകരണങ്ങളിൽ സ്ത്രീവിരുദ്ധതയെ ഭയാനകമായി അംഗീകരിക്കുന്ന സ്ഥിതി ഉണ്ടായിരിക്കുന്നുവെന്ന് പഠനറിപ്പോർട്ട് താക്കീത് ചെയ്യുന്നു.

കാമ്പസുകളിലേക്ക് ഇറങ്ങിയപ്പോൾ

ചോദ്യാവലി തയ്യാറാക്കി ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചാണ് സമിതി പഠനത്തിനു തുടക്കമിട്ടത്. വിവിധ സർവകലാശാലകളുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച് പ്രതികരണങ്ങൾ ശേഖരിക്കുന്നതിനും സർവകലാശാലകളിൽനിന്നും കോളേജുകളിൽനിന്നുമുള്ള വിവരശേഖരണത്തിനുമായി അയച്ചു. പ്രതികരണങ്ങൾ പ്രതീക്ഷ നൽകുന്ന വിധമായിരുന്നില്ല; പലപ്പോഴും വൈകി; കിട്ടിയതുതന്നെ ലിംഗനീതി ഇല്ലായ്മയുടേയും മറ്റും യാഥാർത്ഥ്യങ്ങളെ മറച്ചുപിടിക്കുന്ന തരത്തിലുമായിരുന്നു. ഇതിനെയൊക്കെ മറികടന്നാണ് സമിതി സത്യസന്ധമായ വിവരശേഖരണം നടത്തിയത്.

സ്ത്രീകളും പുരുഷന്മാരും ട്രാൻസ് വ്യക്തികളും ലൈംഗിക പീഡനത്തിനും അക്രമത്തിനും ഇരയാകാം. വർഗം, ഗ്രാമീണ സ്ഥാനം, ജാതി, ന്യൂനപക്ഷ സ്വത്വം, ലൈംഗികത തുടങ്ങിയവയെ അടിസ്ഥാനമാക്കിയുള്ള വിവേചനവും ചൂഷണവും അത്തരം പാർശ്വവൽക്കരണത്തെ കൂടുതൽ സങ്കീർണമാക്കുന്നു. ഇവയിൽ പലതും അദൃശ്യമോ അപമാനിക്കപ്പെടുന്നതോ ആയി തുടരുന്നു. പ്രത്യേകിച്ച് ദുർബലരായ വിദ്യാർത്ഥികൾക്ക് വിശ്വസിക്കാൻ കഴിയുന്ന അന്തരീക്ഷത്തിൽ ഈ പ്രശ്നങ്ങൾക്കു പരിഹാരം തേടാൻ കഴിയുന്ന സാഹചര്യം വികസിപ്പിക്കണം, സമിതി ചൂണ്ടിക്കാട്ടുന്നു. ഈ സമീപനം പഠനത്തിന്റെ അടിസ്ഥാനം തന്നെയായി മാറുകയും ചെയ്തു.

കേരളത്തിൽ പ്രൊഫഷണൽ, നോൺ-പ്രൊഫഷണൽ പ്രോഗ്രാമുകളിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സ്ത്രീകളുടെ അനുപാതം കഴിഞ്ഞ 50 വർഷത്തിനിടയിൽ അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 1990-2003 കാലയളവിൽ ആർട്‌സ് ആൻഡ് ഹ്യുമാനിറ്റീസ് വിഭാഗങ്ങളിലെ സ്ത്രീ പ്രവേശന അനുപാതം 54.03 ശതമാനത്തിൽനിന്ന് 61.05 ആയി വർദ്ധിച്ചു. ഈ കാലയളവിൽ സാങ്കേതിക, പ്രൊഫഷണൽ കോഴ്‌സുകളിലും സ്ത്രീ പ്രവേശനം വർദ്ധിച്ചു, ‘സ്ത്രീ ശാക്തീകരണ’ത്തിൽ സംസ്ഥാനം മുൻപന്തിയിലാണെന്ന് വലിയതോതിൽ അംഗീകരിക്കപ്പെട്ടു: ആസൂത്രണ കമ്മിഷന്റെ കേരള വികസന റിപ്പോർട്ട് ഉദ്ധരിച്ച് സമിതി ചൂണ്ടിക്കാട്ടുന്നു. അദ്ധ്യാപകരുടെ കാര്യത്തിലും സമാനമാണ് സ്ഥിതി. 2008-ൽ ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിലെ അദ്ധ്യാപകരിൽ ഏകദേശം 52.52 ശതമാനം സ്ത്രീകളാണ്. എന്നാൽ, സാങ്കേതിക സ്ഥാപനങ്ങളിൽ പുരുഷന്മാരായിരുന്നു കൂടുതൽ. പോളിടെക്‌നിക്കുകളിലെ അദ്ധ്യാപകരിൽ 75.73 ശതമാനം പുരുഷന്മാരാണ്. 2003-ൽ ബിരുദാനന്തര വിദ്യാഭ്യാസത്തിലും സ്ത്രീ പ്രവേശനം 70 ശതമാനമായിരുന്നു. ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ 2015-ലെ കണക്കുകൾ സൂചിപ്പിച്ചത്, അതിന്റെ പരിധിയിലുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സ്ഥിരം വനിതാ അദ്ധ്യാപകരുടെ അനുപാതം 42.79 ശതമാനമാണെന്നാണ്; ഇത് യഥാർത്ഥത്തിൽ ഉന്നതവിദ്യാഭ്യാസ മേഖലയിൽ സ്ത്രീ തൊഴിലാളികളുടെ എണ്ണത്തിൽ കുറവുണ്ടാക്കുന്നു എന്നതിന് തെളിവായി സമിതി പരാമർശിക്കുന്നു.

കൂടാതെ, ലിംഗഭേദത്തെ വേണ്ടവിധം മനസ്സിലാക്കുന്ന നടപടികളിൽ ശ്രദ്ധ ചെലുത്താത്തതിന്റെ ദയനീയമായ അഭാവവുമുണ്ട്. ഉന്നതവിദ്യാഭ്യാസം നേടിയവരുമായി താരതമ്യപ്പെടുത്തുമ്പോൾ ലാഭകരമായ ജോലിയിൽ പ്രവേശിക്കുന്ന സ്ത്രീകളുടെ അനുപാതം കുറവാണ്, കൂടാതെ വിദ്യാഭ്യാസം നേടിയിട്ടും കരിയർ തിരഞ്ഞെടുപ്പുകൾ നടത്തുന്നതിൽ സ്ത്രീകൾക്കുള്ള നിയന്ത്രണങ്ങൾ കൂടുതൽ വെളിപ്പെടാറുമുണ്ട്. ഉന്നതവിദ്യാഭ്യാസത്തിൽ 71.36 ശതമാനം സാന്നിധ്യമുള്ള സ്ത്രീകൾ തൊഴിൽ സേനയിൽ ഏകദേശം 24 ശതമാനമാണ്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്ന സ്ത്രീകൾ, അദ്ധ്യാപകരായും ഭരണപരമായ ഉദ്യോഗസ്ഥരായും വിദ്യാർത്ഥികളും ഗവേഷകരുമായും വളരെ വ്യത്യസ്തമല്ലാത്ത ലിംഗപരമായ പ്രശ്നങ്ങൾ നേരിടുന്നു. ശുചിമുറികളുടേയും വിശ്രമമുറികളുടേയും കാര്യത്തിൽ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, ഓഫീസുകളിൽ സ്ത്രീ സൗഹൃദ ഇടങ്ങളുടെ കുറവ്, ലൈംഗിക പീഡനത്തെക്കുറിച്ച് വ്യക്തമായ നയമില്ലായ്മ, അക്രമക്കേസുകൾ കൈകാര്യം ചെയ്യുന്നതിലെ നിഷേധാത്മക മനോഭാവം എന്നിവ പലപ്പോഴും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വനിതാജീവനക്കാർക്ക് അനുഭവിക്കേണ്ടിവരുന്നു.

ലിംഗനീതിയില്ലാതെന്തു നീതി?

കേരളത്തിൽ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഘടനാപരമായ സ്വഭാവം ലിംഗ വേർതിരിവ് എന്ന ആശയം നിലനിർത്തുന്ന വിധമാണെന്ന് റിപ്പോർട്ട് നിരീക്ഷിക്കുന്നു. അത്തരം വേർതിരിവുകൾ സാമൂഹിക ആരോഗ്യത്തിനു നല്ലതാണ് എന്ന തരത്തിലാണ് പ്രോത്സാഹിപ്പിക്കുന്നത്. അതിന്റെ ഭാഗമായി പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേക ഇരിപ്പിടങ്ങൾ ക്രമീകരിക്കുന്നു, ഇതാകട്ടെ, ഔപചാരികമായി നിയമവിധേയമാക്കപ്പെട്ടതുമാണ്. ജോലിസ്ഥലങ്ങളിൽ തുല്യതയ്ക്കും ഐക്യത്തിനും ആരോഗ്യകരമായ ഇടപെടലിനും സഹപ്രവർത്തകർ തമ്മിലുള്ള പരസ്പര ബഹുമാനത്തിനുമുള്ള സാധ്യതകളെ ഇത് തടയുന്നു. വെർച്വൽ അല്ലെങ്കിൽ പൊതു ഇടപെടലിനുള്ള സാമൂഹിക ഇടങ്ങൾ വർദ്ധിച്ച പുതിയ തലമുറയുടെ മാറിക്കൊണ്ടിരിക്കുന്ന ജീവിതസാഹചര്യങ്ങളുമായി അത്തരം ക്രമീകരണങ്ങൾ പൊരുത്തപ്പെടുന്നില്ല. ഈ ‘ലിംഗപരമായ’ നിയമങ്ങൾ ലംഘിക്കുന്നതു തടയാൻ അനുകമ്പയോ മനസ്സിലാക്കലോ ഇല്ലാതെ കഠിനമായ അച്ചടക്കരീതികൾ നടപ്പാക്കുന്നു. അധികാരത്തിന്റേയും നിയന്ത്രണത്തിന്റേയും സന്ദേശങ്ങളാണ് മുഖ്യം എന്ന നിലയിലേക്കു കാര്യങ്ങൾ എത്തുന്നു. ആത്യന്തികമായി അദ്ധ്യാപക-വിദ്യാർത്ഥി ബന്ധങ്ങളിലും അക്രമാസക്തമായ ശ്രേണികൾ രൂപപ്പെടാൻ ഇത് ഇടയാക്കുന്നു.

കാമ്പസുകൾക്കുള്ളിലെ ഭൗതിക ഇടങ്ങൾ സ്ത്രീകളുടെ സ്വാതന്ത്ര്യം തടയുന്ന വിധമാണ്. മതിയായ വെളിച്ചം, സുരക്ഷാ സംവിധാനം എന്നിവയുടെ അഭാവം എല്ലായ്‌പ്പോഴും നിലനിൽക്കുന്നു. കാമ്പസിൽ സ്വതന്ത്രമായി സഞ്ചരിക്കാൻ ഭയരഹിതമായ അന്തരീക്ഷം ഒരുക്കുന്നതിനുപകരം സുരക്ഷാ ഉദ്യോഗസ്ഥർ പലപ്പോഴും തങ്ങളുടെ ഉത്തരവാദിത്വങ്ങളെ, പുരുഷന്മാരുടേയും സ്ത്രീകളുടേയും ചലനങ്ങൾ നിരീക്ഷിക്കുക എന്നതായി തെറ്റിദ്ധരിക്കുന്നു. സ്ത്രീ-പുരുഷ അംഗങ്ങൾക്കിടയിൽ ആരോഗ്യകരമായ ഇടപെടലുകൾക്കുള്ള വഴികളും വളരെ അപൂർവമാണ്, അവ പലപ്പോഴും പരിമിതപ്പെടുത്തുകയോ ഔദ്യോഗികമായി നിരോധിക്കുകയോ ചെയ്യുന്നു.

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ ലിംഗഭേദമില്ലാതെ പ്രവർത്തിക്കുന്നതായി തോന്നിപ്പിക്കാറുണ്ട്. പക്ഷേ, സ്ത്രീകൾക്കെതിരാണ് അവിടങ്ങളിലെ പൊതുസ്ഥിതി. കാമ്പസുകളിലെ സ്ത്രീകളുടെ പ്രത്യേക ആവശ്യങ്ങൾ ഏറ്റെടുക്കുന്നതും അതിനു കൂടുതൽ മുൻകയ്യെടുക്കുന്നതുമായ സമീപനം വേണം. കാമ്പസിൽ തുല്യതയും സ്ത്രീ സൗഹൃദ പൊതു ഇടങ്ങളും ഉറപ്പാക്കുന്ന ജനാധിപത്യപരമായ അന്തരീക്ഷമുണ്ടാവുക പ്രധാനമാണ്. കൂടാതെ, സ്ത്രീകളുടെ ശുചിമുറികളുടെ വളരെ വൃത്തിഹീനമായ അവസ്ഥയും പൊതുജനാരോഗ്യ സൗകര്യങ്ങളുടെ ലഭ്യതക്കുറവുമുണ്ട്. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത സ്ത്രീകളെ പ്രത്യേകവും കൂടുതൽ തീവ്രവുമായ രീതികളിൽ ബാധിക്കുന്നു.

കാമ്പസുകളിൽ ലിംഗനീതി ഉറപ്പാക്കുന്നതിന് ഉന്നത വിദ്യാഭ്യാസ കൗൺസിൽ പ്രത്യേക ശ്രദ്ധ കൊടുക്കണം. കാമ്പസുകളിൽ മികച്ച രീതികൾ നിലനിർത്തുന്നതിലും വളർത്തിയെടുക്കുന്നതിലും അതു പാലിക്കുന്നു എന്ന് ഉറപ്പാക്കുന്നതിനുമുള്ള ചുമതല ഉന്നത വിദ്യാഭ്യാസ കൗൺസിൽ നിറവേറ്റണം. സ്ത്രീകൾക്കെതിരായ മോശം പെരുമാറ്റത്തിന്റേയും പീഡനങ്ങളുടേയും അപകടകരമായ വർദ്ധനവ് തടയാൻ കൗൺസിൽ മുൻകയ്യെടുക്കണമെന്നും സമിതി നിർദേശിച്ചു. ലിംഗസമത്വവും സ്ത്രീ ശാക്തീകരണവും സംബന്ധിച്ച് 2015 ഏപ്രിലിൽ സമർപ്പിച്ച റിപ്പോർട്ടിനേക്കുറിച്ച് സമിതി പരാമർശിക്കുന്നുണ്ട്. അതു സംബന്ധിച്ച ചർച്ചകളുടെ പശ്ചാത്തലത്തിൽ, എല്ലാ സർക്കാർ വകുപ്പുകളും ഇപ്പോൾ ഒരു ലിംഗപരമായ പ്രവർത്തന പദ്ധതി തയ്യാറാക്കി സമർപ്പിക്കാൻ നിർബന്ധിതരായേക്കുമെന്നും ചൂണ്ടിക്കാട്ടുന്നു. എന്നാൽ, അത്തരം പ്രവർത്തനപദ്ധതികളൊന്നും ഏതെങ്കിലും വകുപ്പ് തയ്യാറാക്കുകയോ സർക്കാരിനു സമർപ്പിക്കുകയോ ചെയ്തതായി വിവരമില്ല.

കാമ്പസുകളിലെ വിദ്യാർത്ഥികളുടേയും ജീവനക്കാരുടേയും സുരക്ഷയ്ക്കുള്ള വ്യവസ്ഥകൾ ഉൾപ്പെടെ, ലിംഗാധിഷ്ഠിത അക്രമവും പീഡനവും അവസാനിപ്പിക്കുക, കാമ്പസുകളിലെ ലൈംഗിക പീഡനത്തിനെതിരായ പരാതിസമിതികളുടെ പ്രവർത്തനത്തിന് തുടർച്ചയായ സഹായവും മേൽനോട്ടവും നൽകുക, ലിംഗ സംവേദനക്ഷമത, ലൈംഗിക പീഡനം, നിയമ സാക്ഷരത എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ചുള്ള കോഴ്സുകൾക്കും ശില്പശാലകൾക്കുമുള്ള വിവരങ്ങൾ മേഖലയിലെ അംഗീകൃത വിദഗ്ദ്ധരുടെ സഹായത്തോടെ തയ്യാറാക്കുകയും എല്ലാ സർവകലാശാലകൾക്കും കോളേജുകൾക്കും അവ ലഭ്യമാക്കുകയും ചെയ്യുക. പുരോഗമനപരവും ലിംഗനീതിയുള്ളതുമായ നിയമനിർമാണങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ (ഉദാ: ഗാർഹിക പീഡനം, തുല്യവും കുറഞ്ഞതുമായ വേതനം, പിന്തുടർച്ചാവകാശം, സ്വത്തവകാശം) അതിൽ ലഭിക്കുന്ന അവകാശങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന സ്ത്രീകൾക്കായുള്ള നിയമ സാക്ഷരതയ്ക്കുള്ള ഒരു മാനുവൽ തയ്യാറാക്കുന്നതിന് ഉന്നതവിദ്യാഭ്യാസ കൗൺസിൽ ധനസഹായം നൽകുക തുടങ്ങി പത്ത് നിർദേശങ്ങളും റിപ്പോർട്ടിലുണ്ട്.

നേരനുഭവങ്ങൾ

സുരക്ഷിതവും ആരോഗ്യകരവുമായ ഹോസ്റ്റലുകൾ ഒരുക്കുക പ്രധാനമാണ്. കേരളത്തിലെ മിക്ക സർവകലാശാലകളിലും കോളേജുകളിലും പുരുഷ ഹോസ്റ്റലുകൾക്ക് നിയമപ്രകാരം മാറ്റിയ സമയം ബാധകമാണ്. പക്ഷേ, വനിതാ ഹോസ്റ്റലുകളിൽ പ്രവേശിക്കാനുള്ള സമയം വൈകുന്നേരം ആറ് അല്ലെങ്കിൽ ആറര വരെയായി തുടരുന്നു. ഇതു പാലിക്കാൻ കഴിയാത്ത ഏതൊരു സാഹചര്യത്തിലും നിരവധി സ്ഥാപനങ്ങളിലെ സ്ത്രീകൾ പ്രിൻസിപ്പലിന്റേയോ രജിസ്ട്രാറുടേയോ അനുമതി വാങ്ങേണ്ട സ്ഥിതിയാണ്. ലൈബ്രറി സമയം രാത്രിയിലേക്ക് നീട്ടുന്നതിനെക്കുറിച്ചുള്ള ചർച്ചകൾപോലും വനിതാ ഹോസ്റ്റൽ സമയം നീട്ടേണ്ടിവരുമെന്ന ആശങ്കയുമായി ബന്ധപ്പെട്ടിരിക്കുന്നു. സ്ത്രീകളെ കൂട്ടിലടയ്ക്കുന്ന ഈ കാഴ്ചപ്പാട് സ്ത്രീകളെ അവരുടെ ജീവിതത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ പക്വതയോടെ വളരാൻ പ്രേരിപ്പിക്കുന്നതിൽനിന്ന് വളരെ അകലെയാണ്. സ്ത്രീകളുടെമേൽ സമൂഹനിയന്ത്രണം ആവർത്തിക്കുന്ന അത്തരം ‘ശിശുവൽക്കരിക്കുന്ന’ പ്രവണതകളെ യു.ജി.സിയുടെ റിപ്പോർട്ടിൽ പ്രത്യേകം ചൂണ്ടിക്കാണിച്ചിരുന്നു. സ്ത്രീകളുടെ ‘ധാർമികത’ നിരന്തരം ശ്രദ്ധിക്കേണ്ട ഒരു സാഹചര്യമായി മാറുന്ന സാഹചര്യത്തിൽ പുരുഷ-വനിതാ ഹോസ്റ്റലുകൾക്കു രണ്ടു നിയമവും രണ്ടു നീതിയുമായി തുടരുന്നു. ഹോസ്റ്റലുകളിലേക്ക് നേരത്തെ മടങ്ങിവരണമെന്ന നിർബന്ധം സ്ത്രീ വിദ്യാർത്ഥികളുടെ അക്കാദമിക് സാധ്യതകളെ ഗുരുതരമായി ബാധിക്കുന്നു. 2015-ൽ തിരുവനന്തപുരം ഗവൺമെന്റ് എന്‍ജിനീയറിംഗ് കോളേജിലെ സ്ത്രീകൾ ‘ബ്രേക്ക് ദി കർഫ്യൂ’ എന്ന പേരിൽ പ്രക്ഷോഭം നടത്തിയിരുന്നു. ഹോസ്റ്റൽ സമയത്തിനനുസരിച്ച് സ്ത്രീകൾ ഗവേഷണം തിരഞ്ഞെടുക്കേണ്ടി വരുന്നത് അവരെ അക്കാദമിക് പ്രകടനത്തിൽ പിന്നോട്ട് നയിച്ചു എന്നത് വ്യക്തമാണ്.

പല കോളേജുകളിലും നിലവിലുള്ള രീതികൾ ജനാധിപത്യവിരുദ്ധമാണ്. സ്ത്രീകൾക്ക് വസ്ത്രധാരണരീതികൾ വേണമെന്ന നിർബന്ധം പലപ്പോഴും ന്യായീകരിക്കപ്പെടുന്നു, സ്ത്രീ സുരക്ഷയും വസ്ത്രധാരണവുമായി ബന്ധമുണ്ടെന്നു വാദിക്കുന്നുവെന്നും പഠനത്തിൽ വ്യക്തമായി. ലൈംഗിക അതിക്രമങ്ങൾക്കെതിരായ സമിതികൾ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇപ്പോഴും ഇല്ല. കൂടാതെ യു.ജി.സി നിർദേശിച്ച ലൈംഗിക പീഡനത്തെക്കുറിച്ചുള്ള വ്യക്തമായ നയം സ്ഥാപനങ്ങൾ സ്വീകരിച്ചിട്ടില്ല. ഇത് വിദ്യാർത്ഥിനികൾ, ഗവേഷകർ, അദ്ധ്യാപകർ, അദ്ധ്യാപകേതര ഉദ്യോഗസ്ഥർ എന്നിവരെ മോശമായി ബാധിച്ചിട്ടുണ്ട്. അത്തരം കേസുകൾ കൈകാര്യം ചെയ്യുന്നതിനുള്ള ദിശാബോധത്തിന്റെ അഭാവം പലപ്പോഴും ഇരയെ കുറ്റപ്പെടുത്തുന്നതിലേക്കോ കൂടുതൽ ഇരയാക്കുന്നതിലേക്കോ മതിയായ ശാരീരികമോ വൈകാരികമോ ആയ പിന്തുണയില്ലാതെ അവളെ ഉപേക്ഷിക്കുന്നതിലേക്കോ നയിക്കുന്നു. പിന്തുണയുടേയോ കൗൺസലിംഗ് സൗകര്യങ്ങളുടേയോ അഭാവത്തിൽ, പരാതി നൽകിയ സ്ത്രീകളിൽ പരാതി നൽകിയ ശേഷമുള്ള ആഘാതം സാധാരണമാണ്. ലൈംഗിക അതിക്രമം എന്താണെന്നതിനെക്കുറിച്ചുള്ള അവബോധത്തിന്റെ അഭാവം, അത് പരിഹരിക്കുന്നതിനുള്ള സാമൂഹിക പരിഹാരങ്ങളേയും നിയമപരമായ സുരക്ഷാ സംവിധാനങ്ങളേയും കുറിച്ചുള്ള അവബോധം എന്നിവ കാമ്പസുകളിൽ ഇപ്പോഴും യാഥാർത്ഥ്യമായി തുടരുന്നു. ലൈംഗിക അതിക്രമ വിഷയങ്ങൾക്കെതിരെ ക്യാമ്പസിന്റെ പിന്തുണയുടെ അഭാവം, ഈ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിൽ കോളേജ് അധികൃതരുടെ കഴിവില്ലായ്മ/മനസ്സില്ലായ്മ തുടങ്ങിയവ മനസ്സില്ലാ മനസ്സോടെയുള്ള പ്രതികരണങ്ങൾക്കും പരിഹാര നടപടികൾക്കും കാരണമാകുന്നു.

കൊള്ളാതെപോയ ശുപാർശകൾ

കാമ്പസുകളിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും ഇടയിലെ ഇടങ്ങൾ വേർതിരിക്കുന്ന രീതി കർശനമായി നിരുത്സാഹപ്പെടുത്തണമെന്ന് റിപ്പോർട്ട് നിർദേശിക്കുന്നു. അത്തരം വിവേചനം സ്ത്രീകൾക്ക് സാമൂഹിക സമത്വത്തിനും അന്തസ്സിനുമുള്ള അവകാശം നിഷേധിക്കുന്നു. ജിംനേഷ്യം, കായികമേഖലകൾ തുടങ്ങിയ സൗകര്യങ്ങളിൽ സ്ത്രീകൾക്ക് മതിയായ അവസരങ്ങൾ ഉണ്ടായിരിക്കണം. ഇവ കാമ്പസുകളിൽ പുരുഷന്മാർക്ക് മാത്രമുള്ള ഇടങ്ങളും സൗകര്യങ്ങളും ആയി മാറിയിരിക്കുന്നു.

സ്ത്രീ സൗഹൃദ കാമ്പസുകൾ സുഗമമാക്കുന്നതിന് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ എല്ലാ നടപടികളും സ്വീകരിക്കണം, അതേസമയം അന്തസ്സിനും ശാരീരിക സമഗ്രതയ്ക്കുമുള്ള അവകാശത്തോടുള്ള, പ്രത്യേകിച്ച് സ്ത്രീകൾ, ട്രാൻസ്-ജെൻഡറുകൾ മുതലായവയോടുള്ള ആശങ്കയും സംവേദനക്ഷമതയും പ്രതിഫലിപ്പിക്കണം.

വനിതാ പഠനകേന്ദ്രങ്ങൾക്കും വനിതാസെല്ലുകൾക്കും വൈവിധ്യമാർന്നതും സമ്പന്നവുമായ വാർഷിക പ്രവർത്തനങ്ങൾക്കുള്ള വിശദമായ നിർദേശങ്ങൾക്കെതിരെ ഗണ്യമായ സാമ്പത്തിക വിഹിതം ഉണ്ടായിരിക്കണം. വനിതാസെല്ലുകളുടെ പരിപാടികൾ അന്താരാഷ്ട്ര വനിതാ ദിനത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്ന അർത്ഥശൂന്യമായ ആചാരങ്ങളായി മാറരുത്. ലൈംഗിക പീഡന സമിതികളുടേയും ഐ.സി.സികളുടേയും പ്രവർത്തനത്തിൽനിന്ന് അവർ സ്വയംഭരണം നിലനിർത്തണം. അതേസമയം, ഐ.സി.സികളുമായി കൂടിയാലോചിച്ച് ലിംഗ സംവേദന പരിപാടികൾ ഉൾപ്പെടുത്തുന്നതിനും കാമ്പസുകളിൽ ലൈംഗിക പീഡനവിരുദ്ധ നയങ്ങൾ പതിവായി പ്രചരിപ്പിക്കുന്നതിനും അവർ അവരുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കണം.

ലിംഗപഠന കേന്ദ്രങ്ങൾക്കും വനിതാ വികസന സെല്ലുകൾക്കും മതിയായ ഫണ്ട് നൽകുകയും ലിംഗ സംവേദനാത്മകതയെ ഗുണപരമായി സ്വാധീനിക്കുന്ന നല്ല രീതികളിലും ഗവേഷണങ്ങളിലും താല്പര്യം സൃഷ്ടിക്കുന്നതിനും നിലനിർത്തുന്നതിനും പ്രോത്സാഹിപ്പിക്കുകയും വേണം. അവയിൽ പുരുഷന്മാരെ ഉൾപ്പെടുത്തണം. അവയെ കൂടുതൽ ഉൾക്കൊള്ളാൻ ജെൻഡർ സെല്ലുകൾ എന്ന് പുനർനാമകരണം ചെയ്യുന്നത് സഹായകരമാകും.

പല കാമ്പസുകളിലും വൃത്തിയുള്ള ശുചിമുറികളില്ല. കൂടാതെ വിദ്യാർത്ഥിനികൾക്ക് അവ സുരക്ഷിതമല്ലെന്ന തോന്നലുമുണ്ട്. അടിസ്ഥാന സൗകര്യങ്ങളുടേയും പരിപാലനത്തിന്റേയും അനിവാര്യമായ ഒരു വശമാണ് മതിയായ വെളിച്ചം. ശുചിത്വമുള്ള സൗകര്യങ്ങളുടേയും സ്വകാര്യതയുടേയും അഭാവം സ്ത്രീ വിദ്യാർത്ഥികളേയും ജീവനക്കാരേയും വളരെയധികം ബാധിക്കുന്നു. സ്പോർട്സിലും മറ്റ് പാഠ്യേതര പ്രവർത്തനങ്ങളിലും സ്ത്രീകൾക്ക് കൂടുതൽ സുരക്ഷിതമായ ഇടങ്ങൾ, അതായത് ശുചിത്വമുള്ള വസ്ത്രധാരണമുറികൾ, ടോയ്‌ലെറ്റുകൾ എന്നിവ നൽകണം.

മതിയായതും നന്നായി പരിശീലനം ലഭിച്ചതുമായ സുരക്ഷാ ജീവനക്കാർ ഉൾപ്പെടെ, വനിതാ സുരക്ഷാ ജീവനക്കാർ ആവശ്യമാണ്. സുരക്ഷാ ജീവനക്കാർക്ക് ലിംഗ സംവേദനക്ഷമത പരിശീലനം നൽകണം. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിശ്വസനീയമായ പൊതുഗതാഗതം ഉറപ്പാക്കണം, പ്രത്യേകിച്ച് സർവകലാശാലയുടെ വിവിധ വിഭാഗങ്ങൾക്കിടയിലുള്ള വലിയ കാമ്പസുകൾ, ഹോസ്റ്റലുകൾ, ലൈബ്രറികൾ, ലബോറട്ടറികൾ, പ്രധാന കെട്ടിടങ്ങൾ എന്നിവയ്ക്കുള്ളിൽ. ഉന്നതവിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കുന്ന യുവതികളുടെ വർദ്ധിച്ചുവരുന്ന ജനസംഖ്യയ്ക്ക്, നഗര, ഗ്രാമപ്രദേശങ്ങളിലും ഉന്നതവിദ്യാഭ്യാസത്തിന്റെ എല്ലാ തലങ്ങളിലും ഹോസ്റ്റൽ താമസം ആവശ്യമാണ്. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സ്ത്രീകൾക്കായി കൂടുതൽ ഹോസ്റ്റലുകൾ ആവശ്യമാണ്. ആവശ്യമുള്ളപ്പോൾ അവധിക്കാലത്ത് വിദ്യാർത്ഥികൾക്ക് ഇവ ലഭ്യമാകണം. ഒറ്റപ്പെട്ട വനിതാ ഗവേഷണ വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും താമസ സൗകര്യങ്ങൾ ഒരുക്കണം. പരീക്ഷാസമയത്തും ഇടവേളകളിലും മെസ് സൗകര്യങ്ങൾ ലഭ്യമാണെന്ന് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉറപ്പാക്കണം, കുറഞ്ഞത് വളരെ ചെറിയ ജീവനക്കാരെ ഉൾപ്പെടുത്തി, പരിമിതമായ സമയങ്ങളിലാണെങ്കിൽപോലും. സ്ത്രീ വിദ്യാർത്ഥികളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക, പുരുഷവിദ്യാർത്ഥികളെ അപേക്ഷിച്ച് ഹോസ്റ്റലുകളിൽ സ്ത്രീകൾക്ക് വിവേചനപരമായ നിയമങ്ങൾ ഏർപ്പെടുത്തുന്നതിന് കാരണമാകരുത്. ലൈബ്രറി, ലബോറട്ടറി സമയക്രമം വനിതാ വിദ്യാർത്ഥികൾക്കും പണ്ഡിതർക്കും എതിരെ വിവേചനപരമായിരിക്കരുത്. സംരക്ഷണവാദത്തിന്റേയും നിരീക്ഷണത്തിന്റേയും നിലവിലുള്ള രീതികൾ കർശനമായി നിരുത്സാഹപ്പെടുത്തുകയും സ്ത്രീകളുടെ സ്വയംഭരണത്തെ ബഹുമാനിക്കുകയും സുരക്ഷിതമാക്കുകയും വേണം. ഹോസ്റ്റൽ വാർഡന്മാർ, പ്രൊവോസ്റ്റുകൾ, പ്രിൻസിപ്പൽമാർ, വൈസ് ചാൻസലർമാർ, നിയമ ഓഫീസർമാർ, മറ്റ് പ്രവർത്തകർ എന്നിവരെ ഉത്തരവാദിത്വത്തിന്റെ പരിധിയിൽ കൊണ്ടുവരണം. ആവശ്യമെങ്കിൽ നിയമങ്ങളിലും ഓർഡിനൻസുകളിലും ഭേദഗതികൾ വരുത്തുക. എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മതിയായ ആരോഗ്യ സൗകര്യങ്ങൾ നിർബന്ധമാണ്. വനിതാ വിദ്യാർത്ഥികളുടെ കാര്യത്തിൽ ഇതിൽ ലിംഗഭേദം കാണിക്കുന്ന ഡോക്ടർമാരേയും നഴ്സുമാരേയും ഒരു ഗൈനക്കോളജിസ്റ്റിന്റെ സേവനങ്ങളേയും ഉൾപ്പെടുത്തണം. കാമ്പസുകളിലെ സീറോ ടോളറൻസ് നയത്തെക്കുറിച്ച് ഉന്നതവിദ്യാഭ്യാസ കൗൺസിൽ വഴി സംസ്ഥാനത്തുടനീളമുള്ള എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യക്തമായ സന്ദേശം നൽകണം. ലിംഗനീതിയിൽ മികച്ച രീതികൾ വികസിപ്പിച്ചെടുത്ത മാതൃകാ കാമ്പസുകളും മാതൃകാ വനിതാസെല്ലുകളും നന്നായി പ്രചരിപ്പിക്കപ്പെട്ട ഒരു കാമ്പയ്‌നിലൂടെ തിരിച്ചറിയുകയും പ്രോത്സാഹിപ്പിക്കുകയും പൊതുജന അംഗീകാരം/അവാർഡ് നൽകുകയും വേണം.

യു.ജി.സി ശുപാർശകൾ പൂർണമായി നടപ്പാക്കുകയാണെങ്കിൽ രാജ്യത്തെ വൈവിധ്യപൂർണമായ കാമ്പസുകളിൽ ലിംഗനീതിയുടെ ലക്ഷ്യം സാക്ഷാല്‍ക്കരിക്കുന്നതിൽ നിർണായകവും ആവശ്യമുള്ളതുമായ മാതൃകാപരമായ മാറ്റത്തിന് കാരണമാകുമെന്ന വസ്തുതയിൽ സമവായം ഉണ്ടായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ ആ ശുപാർശകളുടെ ആത്മാവിനെ സ്വന്തം കാമ്പസുകളിൽ ലിംഗനീതിയുടെ അടിസ്ഥാനത്തിൽ സ്വീകരിക്കാൻ തയ്യാറാകും എന്ന പ്രതീക്ഷ പങ്കുവച്ചാണ് റിപ്പോർട്ട് അനുഭവങ്ങളും ശുപാർശകളും മുന്നോട്ടു വെച്ചത്.

ലിംഗനീതിയുടെ കാര്യത്തിൽ കൂടുതൽ ഊന്നുമ്പോഴും കാമ്പസുകളിലെ എല്ലാത്തരം വിവേചനങ്ങൾക്കും എതിരായ മാർഗദർശനമായി ഈ പഠനവും അതിലെ കണ്ടെത്തലുകളും ശുപാർശകളും നിലനിൽക്കുന്നു. മൗനംകൊണ്ട് ഭരണാധികാരികൾ അവഗണിച്ചെങ്കിലും അതിന് ഇപ്പോഴും ജീവൻ തുടിക്കുന്നുണ്ട്; പ്രസക്തിയാകട്ടെ, കൂടിക്കൂടി വരികയുമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തമിഴകത്ത് വിജയ് സർക്കാർ അധികാരമേറ്റു: മന്ത്രിസഭയിൽ സെങ്കോട്ടയ്യനും നിർമ്മൽ കുമാറും

Kerala CM Selection Live:മുഖ്യനാര്?സോണിയയുടെ നിലപാട് നിർണായകം

'അഹമ്മദാബാദ് വിമാനാപകടത്തിലും അങ്ങനെ ചെയ്തിരുന്നു; പല്ലുകളിലെ പാളികളുടെ അളവ് വച്ചുവരെ ഒരാളുടെ പ്രായം കണ്ടെത്താം'

സിനിമയും രാഷ്ട്രീയവും കീഴടക്കിയ തെന്നിന്ത്യന്‍ താരങ്ങള്‍

നൂറ് രൂപ മുതല്‍ നിക്ഷേപം ആരംഭിക്കാം, പത്തുവര്‍ഷം കൊണ്ട് 25 ലക്ഷം രൂപ സമ്പാദിക്കാം; അറിയാം ഈ സ്‌കീം

SCROLL FOR NEXT