എസ്. ജാനകി  സമകാലിക മലയാളം വാരിക
Malayalam Weekly

ഏത് ഈണവും ഞൊടിയിടയിൽ ഒപ്പിയെടുത്തു പാടുന്നത് ശീലമാക്കിയ ആളാണ് മുന്നിൽ പാടാൻ വയ്യാതെ തളർന്നിരിക്കുന്നത്. വിശ്വസിക്കാനാവാത്ത ആ കാഴ്ച...

ചിരിയില്ല, പതിവു കളിതമാശകളില്ല, പേരിന് സംസാരം പോലുമില്ല. ജെമിനി സ്റ്റുഡിയോയിലെ വിശ്രമമുറിയിലെ സോഫയിൽ നിശ്ശബ്ദയായി കണ്ണുകൾ പൂട്ടി തളർന്നുകിടന്നു എസ്. ജാനകി

രവി മേനോന്‍

പ്രിയ ഗായികയെ ആ രൂപത്തിൽ, ഭാവത്തിൽ മുൻപ് കണ്ടിട്ടില്ല സംഗീത സംവിധായകൻ ശ്യാം. “പ്രസാദാത്മകമായ ചിരിയോടെയാണ് എന്നും അവർ റെക്കോർഡിംഗ് സ്റ്റുഡിയോയിൽ കടന്നുവരിക. ചുറ്റുമുള്ളവരുടെ മനസ്സിലെ സംഘർഷങ്ങൾപോലും അലിയിച്ചുകളയാൻ പോന്ന എന്തോ ഒരു മാജിക് ഉണ്ടായിരുന്നു അവരുടെ ചിരിയിൽ. എന്നാൽ, അന്ന് കയറിവന്നതുതന്നെ അസ്വസ്ഥയായാണ്. കടുത്ത ശ്വാസതടസ്സത്തിന്റെ പിടിയിലായിരുന്നു അവർ. ഇരിക്കാനും നിൽക്കാനും വയ്യാത്ത അവസ്ഥ. പാട്ടു പഠിപ്പിച്ചുകൊടുക്കുന്നതിനിടെ പലപ്പോഴും നിലക്കാത്ത ചുമ ഇടപെട്ടു. കൂടെക്കൂടെ അവർ നിശ്ശബ്ദയായി തലകുനിച്ചിരുന്നു. ഏത് ഈണവും ഞൊടിയിടയിൽ ഒപ്പിയെടുത്തു പാടുന്നത് ശീലമാക്കിയ ആളാണ് മുന്നിൽ പാടാൻ വയ്യാതെ തളർന്നിരിക്കുന്നത്. വിശ്വസിക്കാനാവാത്ത കാഴ്ച...”

ചെറുപ്പം മുതലേ നിഴൽപോലെ ജാനകിയുടെ ഒപ്പമുണ്ട് ആസ്ത്മ. എങ്കിലും മരുന്നുകളിലൂടെ അസുഖം പരമാവധി നിയന്ത്രിച്ചുനിർത്തിയിരുന്നു അവർ. “വിശ്രമമുറിയിൽ ചെന്ന് ആശ്വസിപ്പിക്കാൻ ശ്രമിച്ചപ്പോൾ ദുഃഖം താങ്ങാനാകാതെ കരഞ്ഞുപോയി ജാനകി. ഇനിയൊരിക്കലും പഴയപോലെ പാടാൻ കഴിയില്ല എന്നായിരുന്നു അവരുടെ ഉറച്ച വിശ്വാസം. ആശ്വാസവാക്കുകളൊന്നും വിലപ്പോയില്ല. പാടാൻ വയ്യെങ്കിൽ പിന്നെന്തിന് ജീവിച്ചിരിക്കണം എന്നായിരുന്നു അവരുടെ ചോദ്യം. മറുപടിയൊന്നും ഉണ്ടായിരുന്നില്ല എനിക്ക്”- ജാനകിയുടെ ശബ്ദത്തിൽനിന്ന് ഏറ്റവുമധികം മലയാളഗാനങ്ങൾ സൃഷ്ടിച്ച ശ്യാമിന്റെ ഓർമ.

എസ്. ജാനകി

റെക്കോർഡിങ്ങിനു പൂർണമായും സജ്ജമായിക്കഴിഞ്ഞു സ്റ്റുഡിയോ. പക്ഷേ, മൈക്കിനു മുന്നിൽ നിവർന്നുനിൽക്കാൻ പോലും വയ്യ ഗായികയ്ക്ക്. ജാനകിക്ക് ആത്മവിശ്വാസം പകർന്നുകൊണ്ട് അടുത്തുതന്നെ ഇരുന്നു ശ്യാം. ആശ്വാസവാക്കുകളിലൂടെ ഗായികയുടെ മനസ്സിനെ സാധാരണനിലയിലേക്ക് തിരിച്ചുകൊണ്ടുവരാൻ ശ്രമിച്ചു. ഭഗീരഥപ്രയത്‌നം തന്നെയായിരുന്നു അതെന്ന് ശ്യാം.

“മണിക്കൂറുകൾ വേണ്ടിവന്നു അസുഖം അല്പമെങ്കിലും ഭേദമാകാൻ. വീട്ടിൽ പോയി വിശ്രമിക്കാനായിരുന്നു എന്റെ ഉപദേശം. രോഗമുക്തി നേടിയിട്ട് മതി റെക്കോർഡിങ്ങ് എന്ന് തീരുമാനിച്ചിരുന്നു ഞാൻ. എന്നാൽ, ജാനകിയുണ്ടോ വഴങ്ങുന്നു? ഇന്ന് പാടിയിട്ടേ ഞാൻ പോകുന്നുള്ളൂ എന്നായി അവർ. ക്ഷീണംകൊണ്ട് പാട്ട് മുഴുമിക്കാൻ ആകുമോ എന്നായിരുന്നു ഞങ്ങളുടെയൊക്കെ ഭയം.”

എന്നാൽ, മൈക്കിനു മുന്നിൽ ചെന്നു നിന്നതോടെ ജാനകി പഴയ ജാനകിയായി മാറുന്നത് അത്ഭുതത്തോടെ കണ്ടുനിന്നു ശ്യാം. “പാടിത്തുടങ്ങിയതും മറ്റെല്ലാം മറന്നപോലെ തോന്നി അവർ. ഞാൻ ഉദ്ദേശിച്ച ഭാവത്തിലൂടെ, മനോധർമത്തിന്റെ അകമ്പടിയോടെ ജാനകി അനായാസം ഒഴുകിപ്പോകുന്നത് കേട്ടുനിന്നപ്പോൾ ശരിക്കും കണ്ണ് നിറഞ്ഞു. ഒരൊറ്റ ടേക്കിൽ പാട്ട് ഓക്കേ. സംഗീതത്തെ ആത്മാവിന്റെ ഭാഗമായി കൊണ്ടുനടക്കുന്നവർക്കേ അങ്ങനെയൊരു പകർന്നാട്ടം സാധിക്കൂ.”

ജാനകിയുടെ വിയോഗവാർത്ത കേട്ടപ്പോൾ ആദ്യം കാതിലും മനസ്സിലും ഒഴുകിയെത്തിയത് അന്ന് റെക്കോർഡ് ചെയ്യപ്പെട്ട ‘ദേവതൈ’ (1979) എന്ന തമിഴ് ചിത്രത്തിലെ ‘ഗലീർ ഗലീർ’ എന്നു തുടങ്ങുന്ന പാട്ടാണെന്ന് ശ്യാം. പി.എൻ. മേനോൻ സംവിധാനം ചെയ്ത ‘ദേവതൈ’യിൽ ശ്യാം ആയിരുന്നു സംഗീത സംവിധായകൻ. “പിന്നീടെത്രയോ പാട്ടുകൾ എനിക്കുവേണ്ടി പാടി ജാനകി. പാട്ടു നിർത്താൻ ആലോചിച്ചതിനെക്കുറിച്ച് തമാശയായി ഓർമിപ്പിച്ചാൽ അവർ ഹൃദയം തുറന്നു ചിരിക്കും. പാട്ടില്ലാതെ ജാനകിയുമില്ല എന്ന് എന്നെക്കാൾ നന്നായി അറിയാമല്ലോ അവർക്ക്...” ശ്യാമിന്റെ ആദ്യചിത്രമായ ‘മാന്യശ്രീ വിശ്വാമിത്ര’നിലെ ‘കനവുനെയ്‌തൊരു കല്പിതകഥയിലെ’ (ബ്രഹ്മാനന്ദന് ഒപ്പം) മുതലിങ്ങോട്ട് എത്രയെത്ര സൂപ്പർ ഹിറ്റ് ഗാനങ്ങൾ: ‘മനസ്സിന്റെ താളുകൾക്കിടയിൽ’ (ധീരസമീരേ യമുനാതീരേ), ‘നിഴലായ് ഒഴുകിവരും’ (കള്ളിയങ്കാട്ട് നീലി), ‘മലവാകപ്പൂവേ’ (ഇളനീർ), ‘മൈനാകം’ (തൃഷ്‌ണ), ‘കാത്തിരിപ്പൂ’ (ആരൂഢം), ‘കസ്തൂരിമാൻ കുരുന്നേ’ (കാണാമറയത്ത്)...

ഓർക്കുമ്പോൾ അത്ഭുതം തോന്നാം. ചെറുപ്പം മുതലേ ആസ്ത്മക്കെതിരായ നിരന്തര പോരാട്ടമായിരുന്നു ജാനകിയുടെ ജീവിതം. “ഇനിയൊരിക്കലും പാടാനാവില്ല എന്ന് ഭയപ്പെട്ട ഘട്ടങ്ങൾ ഉണ്ടായിട്ടുണ്ട്. മരണം പോലും മുന്നിൽ കണ്ട നിമിഷങ്ങൾ പിന്നിട്ട് ഓരോ തവണയും മൈക്രോഫോണിനു മുന്നിൽ തിരിച്ചെത്തുമ്പോൾ ഞാൻ മനസ്സുകൊണ്ട് ഭഗവാന് നന്ദി പറയും. കണ്ണിലെ കൃഷ്‌ണമണിപോലെ എന്നെ പരിപാലിച്ച സ്‌നേഹസമ്പന്നനായ ഭർത്താവിനോടും” - ജാനകിയമ്മയുടെ വാക്കുകൾ.

1957-ൽ സിനിമയ്ക്കുവേണ്ടി പാടിത്തുടങ്ങിയതാണ് ജാനകി. അന്നൊന്നും ശ്വാസതടസ്സത്തിന്റെ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നില്ല. ആത്മാവിന്റെ ആഴങ്ങളിൽനിന്ന് സ്വച്ഛന്ദമായി ഒഴുകിവരുന്ന നാദം. ‘മൂടുപട’ത്തിൽ ‘തളിരിട്ട കിനാക്കൾ’ എന്ന ഗാനം പാടി റെക്കോർഡ് ചെയ്തുകഴിഞ്ഞു ഏതാനും മാസങ്ങൾക്കകമായിരുന്നു അസുഖത്തിന്റെ തുടക്കം; 1963-ൽ. “ആ ദിവസം എനിക്ക് മറക്കാനാവില്ല. വീട്ടിൽ പൊടിപിടിച്ചു കിടന്ന പഴയ ഗ്രാമഫോൺ റെക്കോർഡുകൾ അടുക്കിവെയ്ക്കുകയായിരുന്നു. പൊടി തട്ടുന്നതിനിടെ അപ്രതീക്ഷിതമായാണ് തുമ്മൽ തുടങ്ങിയത്. നിലയ്ക്കാത്ത തുമ്മൽ. അന്ന് രാത്രി കിടക്കുമ്പോൾ ശ്വാസകോശത്തിൽ ആരോ അമർത്തിപ്പിടിക്കും പോലെ. അതുവരെയില്ലാത്ത അനുഭവം” - ജാനകിയമ്മയുടെ വാക്കുകൾ.

ഒരിക്കലും ഇടപഴകേണ്ടിവരുമെന്ന് സങ്കല്പിച്ചിട്ടില്ലാത്ത ഒരു ‘സഹയാത്രിക’ ഒപ്പം കൂടിയത് ആ രാത്രിയാണ്: ആസ്ത്മ. “സത്യം പറഞ്ഞാൽ പിന്നീടൊരിക്കലും അതിനുമുൻപത്തെപ്പോലെ പാടാൻ എനിക്കായിട്ടില്ല. എല്ലാവരും എന്റെ ആലാപനത്തെക്കുറിച്ച് നല്ലതു പറഞ്ഞുകേൾക്കുമ്പോൾ പൂർണമായി ഉൾക്കൊള്ളാൻ കഴിയാത്തതും അതുകൊണ്ടാവാം. പാട്ടുപാടുന്നവർക്ക് ആസ്ത്മ വന്നാലത്തെ സ്ഥിതി ഒന്നാലോചിച്ചുനോക്കൂ. അതിനു പുറമെ ആയിരുന്നു ഇസ്‌കീമിയ എന്ന രോഗം. ഹൃദയത്തിലേക്കുള്ള രക്തയോട്ടം കുറയുന്ന അവസ്ഥയാണ്. പതിനെട്ടാം വയസ്സ് മുതൽ ആ രോഗം എന്റെ കൂടെയുണ്ട്. പിന്നെ, ഇടയ്ക്കിടെയുള്ള നെഞ്ചുവേദനകൾ. പെനിസിലിനും ആസ്പിരിനും അലർജിയാണെനിക്ക്; ആജന്മശത്രുക്കൾ. അതറിയാതെ രണ്ടും എനിക്ക് കുത്തിവെച്ച ഡോക്ടർമാരുണ്ട്. ഒരിക്കൽ പെനിസിലിൻ കാരണം മരണത്തെ മുഖാമുഖം കാണുകവരെ ചെയ്തു. അന്ന് കരുതിയിരുന്നു എല്ലാം അവസാനിച്ചു എന്ന്. ദൈവം യഥാസമയം ഇടപെട്ടതുകൊണ്ട് അതുണ്ടായില്ല.”

ശ്വാസകോശ രോഗങ്ങൾക്ക് ഉടൻ ആശ്വാസവും ശമനവും നൽകുന്ന ആധുനിക മരുന്നുകളും ഇൻഹേലറുകളും പ്രചാരത്തിലില്ല അന്ന്. വർദ്ധിച്ച അളവിൽ എഫിഡ്രിൻ കഴിച്ചും കോർട്ടിസോൺ കുത്തിവെച്ചുമൊക്കെയാണ് അക്കാലത്ത് പതിവായി സ്റ്റുഡിയോയിൽ ചെല്ലുക. താൽക്കാലിക ശമനത്തിന് വേറെ മാർഗമൊന്നും ഉണ്ടായിരുന്നില്ല. മരുന്നിന്റെ അമിത ഉപയോഗം ശരീരത്തെ തളർത്തിയത് മിച്ചം.

“പാട്ടുകൾ ഒറ്റ സ്‌ട്രെച്ചിൽ പാടേണ്ടിയിരുന്ന കാലമാണ്. ട്രാക്ക് സമ്പ്രദായവും പഞ്ചിങ്ങും ഒന്നും നിലവിൽ വന്നിട്ടില്ല. നമ്മൾ പാടിയില്ലെങ്കിൽ വേറൊരാൾ പാടും, അത്രയേയുള്ളൂ. ചില പാട്ടുകൾ പാടാൻ നിൽക്കുമ്പോൾ ഉള്ളിന്റെയുള്ളിൽ ഒരു കരച്ചിലുണ്ടാകും. വിഷാദഗാനമെങ്കിൽ പറയുകയും വേണ്ട. ‘സൂര്യകാന്തി’യും ‘താമരക്കുമ്പിളല്ലോ മമ ഹൃദയ’വും ‘വാസന്തപഞ്ചമി നാളിലും’ ‘തുഷാരബിന്ദുക്കളുമൊക്കെ’ ഈ തളർച്ച അതിജീവിച്ച് പാടി റെക്കോർഡ് ചെയ്തതാണ് എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? ആ പാട്ടുകളൊക്കെ ഇന്ന് കേൾക്കുമ്പോൾ അത്ഭുതപ്പെടാറുണ്ട്, എങ്ങനെ ഇവയൊക്കെ പാടി ഫലിപ്പിക്കാൻ കഴിഞ്ഞു എന്ന്. എല്ലാ പ്രതിസന്ധികളിലും തുണയായി നിന്ന എന്റെ ഭർത്താവിനെ ഓർക്കും അപ്പോൾ. അദ്ദേഹത്തിന്റെ പ്രോത്സാഹനം ഇല്ലെങ്കിൽ എന്നേ പാട്ട് നിർത്തി സാധാരണ വീട്ടമ്മയായി ഒതുങ്ങിക്കൂടിയേനേ ഞാൻ...”

16 ഇനം സാധനങ്ങൾ, ഓണക്കിറ്റ് വിതരണം ഓ​ഗസ്റ്റ് 10 മുതൽ; ഓണച്ചന്ത 8 മുതൽ ആരംഭിക്കുമെന്ന് മന്ത്രി

ട്രെയിനിൽ നിന്ന് വീണ് ഗുരുതര പരിക്ക്; വയോധികന് രക്ഷകരായി പൊലീസ് സംഘം

'ക്രീസിൽ ബിജെപി ആഗ്രഹിക്കുന്ന ബാറ്റ്സ്മാനാണ് രാഹുൽ'; സിജെപി സ്ഥാപകന്റെ പഴയ പോസ്റ്റ് വീണ്ടും വൈറൽ

'രാമായണത്തിലെ സീതയ്ക്ക് ചുരുണ്ട മുടിയല്ല'; സായ് പല്ലവിയുടെ കാസ്റ്റങിനെതിരെ 'സീത'യായ നടി

മൊബൈല്‍ ഫോണുകള്‍ക്ക് വില കൂടും; ചിപ്പുകളുടെ വില വര്‍ധിപ്പിക്കുമെന്ന് ക്വാല്‍കോം