ചിത്രീകരണം സചീന്ദ്രന്‍ കാറഡുക്ക
Malayalam Weekly

ബിജോയ് ചന്ദ്രന്‍ എഴുതിയ കവിത ‘മണക്കാട്’

ബിജോയ് ചന്ദ്രന്‍

എന്റെ വീടെനിക്കെന്നും

അമ്മയുടെ മണമുള്ള ഒരു കാട്

പലവിധ മൃഗജാലങ്ങൾപോലെ

അമ്മയുടെ മണങ്ങളവിടെ

മിന്നിപ്പാഞ്ഞുനടക്കുന്നു

അമ്മയുടെ ഗന്ധമില്ലാത്തതൊന്നും

എനിക്ക് പാർപ്പിടമല്ല

കമ്പി വളഞ്ഞ സേഫ്റ്റിപ്പിന്നു കുത്തിയ

ആ മുഷിഞ്ഞ ബ്ലൗസോർക്കാതെ

എന്റെ ഗന്ധമാപിനികൾ പ്രവർത്തിക്കില്ല

എനിക്കത് കന്നിപ്പാൽ വീണ

കെട്ടുടുപ്പിന്റെ തേട്ടുമണം,

പ്രാണനെ വരിഞ്ഞുണർത്തിയ

ചോരച്ചുറ്റിന്റെ തീമണം

നെറ്റിയിലമർന്ന

കുങ്കുമച്ചോപ്പുള്ള ഉമ്മമണം

ഒറ്റക്കുപ്പിവളയുടെ

ചിലയ്ക്കാത്ത ചില്ലുമണം

താലിമുറിച്ച വരവുമാലയുടെ

ലോഹമണം

അനേകം മണങ്ങളുടെ

മാന്ത്രികക്കാടാണമ്മ

കുഴച്ചുതന്ന കുറുമ്പുല്ലിന്റെ

നേർത്ത ചൊക്കുമണം

വെളിച്ചെണ്ണച്ചോറുരുട്ടുമ്പോൾ

പാത്രത്തിൽ വീണു ചിണുങ്ങിയ

പാതിച്ചന്ദ്രന്റെ പപ്പടഗന്ധം

അമ്മ ഈണം മാറ്റിപ്പാടിയ

സിനിമാപ്പാട്ടിന്റെ കൊട്ടകമണം

തുണിത്തൊട്ടിലിന്റെ ഞൊറികൾ പൊഴിച്ച

കർക്കടകത്തിന്റെ പൊട്ടമണം

നിലം മെഴുകിയ ബാറ്ററിക്കരിയുടെ

കണ്മഷിക്കറുപ്പുമണം

കണ്ണൻചിരട്ട കത്തിപ്പഴുത്ത

ഇസ്തിരിക്കനൽമണം

തലയിൽ കുമ്മാട്ടി കെട്ടിയ

കച്ചത്തോർത്തിന്റെയുപ്പുമണം,

കച്ചോലത്തിന്റെ പൊന്മണം

സ്വന്തമായ് വളർത്തിയ വനത്തിലിരുന്ന്

അമ്മ എന്റെ ശ്വാസത്തെ

ഊതിയൂതിക്കത്തിക്കുന്നു,

മണങ്ങളുടെ മായാമൃഗങ്ങളില്ലാതെ

എനിക്കമ്മയില്ല.

അമ്മ എടുത്തുവെച്ച

ചുളിവുള്ള എളിയിലാണ്

ഇപ്പോഴുമെന്റെ ഇരിപ്പ്

ഞാൻ മരിക്കുമ്പോളെന്നെ

ഇടംകയ്യാലൊന്ന്

മുറുക്കെപ്പിടിച്ചേക്കണേ,

മറന്നുപോവാതെ മുഴുവൻ മണങ്ങളും

പങ്കുപറ്റുപോൽ തന്നുവിട്ടേക്കണേ

മണങ്ങൾ കുടിപാർക്കുന്ന അമ്മയെ

കണ്ണുനിറയെ കണ്ടിട്ടുവേണം

എനിക്ക് മരണത്തിന്റെ

ഗന്ധമളന്നുപോകുവാൻ

ഇല്ലാത്ത മറ്റൊരു സുഗന്ധം തേടി

എന്റെ ഉൾക്കാടു കയറുവാൻ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം