ചിത്രീകരണം സചീന്ദ്രന്‍ കാറഡുക്ക
Malayalam Weekly

ഇന്ദിരാ അശോക് എഴുതിയ കവിത സമവാക്യം

ഇന്ദിരാ അശോക്

മ്മൾ രണ്ടും തനിച്ചിരിക്കുന്നിടം

പണ്ടുപണ്ടേ പണിഞ്ഞൊരു വീടകം

തങ്ങി നില്‍ക്കുമിരുട്ടതിൻ പ്രാണനായ്

മെയ്യുരുമ്മി തലോടി പരക്കുന്നു.

ഭിത്തികൾക്കിരുൾ കട്ട കെട്ടുന്നതും

സ്നിഗ്ദ്ധസൗമ്യത ചാന്തു പൂശുന്നതും

തങ്ങിനിന്നു തടിപ്പണിക്കോണിലും

കുഞ്ഞുജാലകം ചിമ്മിത്തുറക്കിലും

വീശി നീട്ടിവിരിക്കും പുതപ്പുപോൽ

ചേർത്തുനിർത്തുന്നതിന്റെ പതുപ്പിനാൽ.

ഉണ്ടു മാമഴ പെയ്യുന്നു ചുറ്റിലും

കണ്ടതിന്നീറനിറ്റിറയങ്ങളിൽ

വന്നു കേറുന്നുറുമ്പ്, പഴുതാര-

ക്കുഞ്ഞ്, വീടെത്തിയെന്നെത്ര പ്രാണികൾ.

പണ്ടിരുണ്ട് കറുത്തൊരടുക്കള

തൊണ്ടു കത്തിപ്പുകഞ്ഞ പണിപ്പുര

മൂടിവയ്ക്കുന്നതിൻ രഹസ്യങ്ങളെ

ശീല ചുറ്റി പരണത്ത്‌പൊത്തുന്നു

തീരെയാർഭാടമില്ലാതെ വേവിക്കു-

മാവി പൊന്തുന്ന വച്ചൊരുക്കങ്ങളിൽ

നമ്മൾ രണ്ടു പെണ്ണുങ്ങൾ തനിച്ചായ

പൊന്നുപോലത്തെ നേരം പൊതിഞ്ഞെന്നെ -

നിന്നിൽനിന്ന് പണ്ടാമ്പൽ മുളച്ചപോൽ

തണ്ടു പൊന്തിതളിർത്തു പൂവിട്ടപോൽ

പാട്ടരങ്ങും പലതും കലർത്തിയ

നാട്ടുചന്തം നിലാക്കുറിയിട്ടതാ-

ണെന്റെ, എന്റേതു മാത്രമാം നന്മയേ

പണ്ടുപണ്ടേ അനാഥമായ് തീർന്നതേ

ഇന്നുമെന്നുമെല്ലാ നേരവും നമ്മൾ

താഴുപൂട്ടി തഴുതിട്ടകത്തിരു

ന്നെത്ര പിന്നോട്ട് പോയി പിതാക്കളെ

തൊട്ട് മിണ്ടി,ശേഷിച്ച പണ്ടങ്ങളെ

പട്ടുമുണ്ടിൽ പൊതിഞ്ഞുവയ്ക്കും മട്ടി-

ലെത്ര നേരം പറഞ്ഞാൽ മടുക്കാത്ത-

തട്ടു തട്ടായ് പണിഞ്ഞ പരമ്പര

കേറി നാമതിലൂഞ്ഞാലിനായമായ്

പാറി പിന്നോക്കമാടി മടങ്ങുന്നു

നാമിരിക്കും, ചിരിച്ചും തണുപ്പത്ത്

മാരിപെയ്യുന്നു ധാരകോരുന്നപോൽ

മുറ്റമൊക്കെയന്നാരോ വരച്ചിട്ട

ചിത്രമാണതിൽ നീളെ തലപ്പുകൾ

എത്തിനോക്കും ജനാലകളിൽ കൂടി-

യിക്കറുമ്പി കുറുമ്പെന്തു കാട്ടിയെ-

ന്നപ്പൊളാകെ സദിർ പാടി മുറ്റത്ത്

ചപ്പിലക്കിളി പയ്യാരമോതുന്നു

ഉപ്പനുപ്പു ചോദിക്കുന്നു കൊമ്പത്ത്

തത്ത കൊത്തിപ്പിളർക്കുന്നു വിത്തുകൾ -

പൊട്ടുചെമ്പകമൊട്ടുകൾപോൽ വിരൽ

ചുറ്റുമത്ഭുതംകണ്ടെടുക്കുന്നുണ്ട്.

പണ്ടൊരാൽ, തണൽ നീട്ടും തണുപ്പിലെ തിണ്ട് ചാഞ്ഞുറക്കിക്കിടത്തുന്നത്

ഒച്ചയോരോന്ന് രാരിരംപോലെ വ-

ന്നിച്ചിരിപ്പോരമപ്പങ്ങൾ ഊട്ടുന്നു

കൊത്തുകൂടുന്ന മൈനയെ കാട്ടുന്നു

പമ്മിനില്‍ക്കുന്ന പാതിരിപ്പൂമരം

തണ്ടുലഞ്ഞത് കണ്ടു കൈ ചൂണ്ടുന്നു

വെയിലു കോരിയൊഴിച്ച വെളിച്ചത്തിൻ

ചായമാകെ പടർന്നൊരു ചിത്രമായ്

വീടുനിന്നതും ഞായറാഴ്ച്ചകൾ

ആൺസ്വരങ്ങളുയർന്നു താഴുന്നതും

പെണ്ണിനൊച്ച കിലുങ്ങുമിമ്പത്തിന്റെ

തുമ്പുതേടി പറമ്പിൽ പരന്നതും

ആരുമായിരുന്നില്ല താൻ പണ്ടെന്നു-

മാർത്തിരമ്പുന്ന തോട്ടുവെള്ളത്തിലെ

കാട്ടുപുല്ലിൽ പിടിച്ചു കിടന്നതെ-

ന്നോതി രാവും പകലും പഴങ്കഥ,

ആരുമില്ലാത്ത രണ്ടുപേർ, അർത്ഥവും

ആളുമില്ലാത്ത രണ്ടുപേർ തങ്ങളിൽ സ്നേഹമായിരിക്കുന്നിടത്തിൽനിന്ന്

ചീന്തിവന്ന പിളർപ്പുകൾ രണ്ടെന്ന്

മക്കളേയെന്ന് നൊന്തു വിളിച്ചത്

വീടിനെത്ര തണുപ്പാണിരുൾപ്പടം

പോയ രാത്രിയിലും പുതയ്ക്കുന്നു ഞാൻ

പായ് ചുരുട്ടി പകൽവെളിച്ചത്തിന്റെ

നാരു നൂൽക്കുന്ന മൂലയ്‌ക്കൊതുക്കുന്നു

വിട്ടുപോകാത്ത ജീവനേ, പെണ്ണിലെ

സ്വസ്ഥമായ സ്വകാര്യമാം സ്വാർത്ഥമേ

എന്നുമെന്നിലുറങ്ങാൻ കിടക്കുക

എന്നുമെന്നിലും മുന്നേ ഉണരുക

എന്റെ എന്റെയെന്നാർദ്രം വിളിക്കണേ

പണ്ടുറക്കുന്നപോലെ നീ മൂളണേ

ഇല്ലയാമട്ടൊരീണമില്ലെങ്കിലും

നിന്റെയാത്മസംഗീതത്തിലെ മധു

തുള്ളി തേൻ തുളിക്കുന്നുണ്ട്

പൂക്കളിൽ

എണ്ണ പാർന്നെരിയാത്ത വിളക്കിലും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

ലോകകപ്പ് അരങ്ങേറ്റത്തില്‍ ഇരട്ട ഗോളടിച്ച് ഹാളണ്ട്; ഇറാഖിനെതിരെ നോര്‍വെക്ക് തകര്‍പ്പന്‍ ജയം

പെലെയേയും പിന്തള്ളി എംബാപ്പെക്കുതിപ്പ്; ഗോള്‍വേട്ടയില്‍ മൂന്നാമന്‍

എംബാപ്പെയുടെ ഇരട്ടഗോളില്‍ സെനഗലിനെ വീഴ്ത്തി; ലോകകപ്പില്‍ ഫ്രാന്‍സിന് വിജയത്തുടക്കം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

SCROLL FOR NEXT