ചിത്രീകരണം  സചീന്ദ്രന്‍ കാറഡുക്ക
Malayalam Weekly

സുനിത എഴുമാവിൽ എഴുതിയ കവിത അംഗനേ... ഞാൻ!

aravind.g

സന്ധ്യയ്ക്കു ഭസ്മം തൊട്ടു

മുടിയൊന്നൊതുക്കിയി-

ട്ടോടിയെത്തിയ രാത്രി

അമ്പലക്കോണിൽ നിൽപൂ

വഴികാട്ടുന്നു കരിം

കൂവളഗന്ധം, കാറ്റിൻ

തിടുക്കം പറന്നെത്തി

വിളിക്കും പാടത്തൂടെ

വിളക്കിൻ നാളം മെല്ലെ-

യിളകീ വിളംബിത

താളമാർന്നൊഴുകുന്നൂ

‘മാതംഗാനനം’, മണ്ണിൽ

പായ നീർത്തിടും നിലാ-

വലയിൽ പടിഞ്ഞിരു-

ന്നീടുന്നു കളികാണാ-

നെത്തിയ പുരുഷാരം

ഉറക്കം വന്നെന്നുള്ളിൽ

‘ചുട്ടിക്കു കിടക്കു’മ്പോൾ

മറഞ്ഞൂ കണ്ണിൽനിന്നു-

മരങ്ങും ‘പുറപ്പാടും’

പാട്ടിന്റെ തീരംപറ്റി

മയങ്ങീ, ഞാനെൻ കിനാ-

വരങ്ങിൽ മനോമയ

നൈഷധം കണ്ടീടുമ്പോൾ

“കാണണ്ടേ കളി, കേമ-

ന്മാരാണു വേഷം” മെല്ലെ

വിളിക്കുന്നെന്നെ സ്വപ്‌ന

സ്നിഗ്ധമായൊരു ശബ്ദം!

ഉണർന്നു കുതൂഹലം,

വിടർന്നു കണ്ണും വന്നു

നിറഞ്ഞൂ നിറപ്പകി-

ട്ട,ലയാഴിപോൽ ലയം

അരങ്ങിലലയുന്നു

ഭീമപുത്രിയാൾ, കൂടെ

നളനില്ലവളൊറ്റ-

യഴലിൻ നിഴൽരൂപം

വേർപെടാദുഃഖത്തിന്റെ-

യുലയും നാളം സർപ്പാ-

കാരമായ് പിണഞ്ഞുയർ-

ന്നകറ്റീ കാട്ടാളനെ

മിന്നുന്നു കണ്ണിൽ കളി

വിളക്കിൻ തിരി മിന്നി

മായുന്നു മുഖത്തതി

സൂക്ഷ്മമായ് ഭാവാഭാവം

നളനെങ്ങുപോയേട്ത്തീ...?

കുഞ്ഞു ചോദ്യത്തിൻ വായി-

ലൊരു കൈത്തലം ചേർന്നു,

“കലി കൊണ്ടുപോയ് കുട്ടീ..!”

കണ്ടുനിൽക്കുന്നൂ കാലം,

ദമയന്തിയായ് പകർ-

ന്നാടുന്ന കണ്ണിൽ തെളി-

ഞ്ഞഴിഞ്ഞ വഴക്കങ്ങൾ

മുദ്രക,ളാട്ടം, നോട്ടം,

താളവും മുഴക്കവും

ഒരു രാത്രിയിൽ രണ്ടാം

ദിവസം കത്തീടുന്നു

കലിവീര്യത്തെ കലാ

സാധന വലിച്ചൂറ്റി

യുരുവാക്കുന്നു രാഗം,

ഭാവന, മനോധർമം!

മിനുക്കിന്നൊതുക്കത്തി-

ലമരും ദിഗന്തങ്ങൾ

ഉണരുന്നുലകങ്ങൾ

വിസ്മയസാമ്രാജ്യങ്ങൾ!

കളിതീർന്നരങ്ങൊഴി-

ഞ്ഞെരിയും ചൂട്ടും മിന്നി-

ച്ചകലെ സൂര്യൻ നിവർ-

ന്നീടുവാൻ നോക്കും മുൻപേ

“കുട്ടിയെയെടുക്കണോ?”

ചോദ്യമായമ്മാമന്റെ

വാത്സല്യം പൊടിക്കുന്ന

തൂമഴയെത്തും മുൻപേ

തിടുക്കപ്പെട്ടോടിയി-

ട്ടഴിയിട്ടൊരാ വാതിൽ-

പ്പടിയിൽ നിൽക്കേ,

‘ദമയന്തി’ വന്നിരിക്കുന്നു

മുടിയൂരുന്നു, ചുട്ടി

മായ്ക്കുന്നു, കനൽക്കട്ട-

യുരുകും കണ്ണിൽനിന്നു

കദനം മറയുന്നു,

വേദന,യടങ്ങാത്ത

ധീരത,യലിയിക്കു-

മാർദ്രത,യചഞ്ചല

സ്വാഭിമാനവുമെല്ലാം

മായുന്ന മനയോല-

ത്തേപ്പുപോൽ കാണാതാകെ

കണ്ടു ഞാൻ, ഗന്ധർവൻ പോൽ

ശാന്തഗംഭീരൻ നടൻ!

കൺമഷിയെഴുതിച്ച

മന്ദഹാസത്തിന്നൊപ്പം

ധന്യതയുടുത്തു

കെട്ടിക്കുന്ന മഹാനടൻ!

ദൂരെയങ്ങുഷക്കോവിൽ

തുറന്നൂ പ്രചണ്ഡനാം

നൃത്തരാജനെത്തൊഴു-

തമ്പലമുണരുമ്പോൾ

കണ്ടു കൺമിഴിച്ചു ഞാൻ

മാസ്മരമാക്കി, രാവി-

ന്നരങ്ങു ഭരിച്ചൊരാ

പ്രതിഭാനൃപത്വത്തെ

കുഞ്ഞുകൗതുകത്തിന്റെ

കടലിൽ രസോജ്ജ്വല

മോഹനം പൊങ്ങിക്കാണും

മൈനാകശൃംഗത്തിനെ

നോക്കിനോക്കി ഞാൻ നിന്നൂ,

തൊഴുതൂ പിന്നെത്രയോ

സ്വപ്‌നത്തിൽ! ശിവരാമ

നടനം, അതേ ധ്യാനം!

മഹാനടനായിരുന്ന കോട്ടയ്ക്കൽ ശിവരാമനാശാന്റെ നളചരിതം രണ്ടാം ദിവസം കഥയിലെ ദമയന്തിയുടെ വേഷം.

കാറൽമണ്ണ തിരുമുല്ലപ്പള്ളി ശിവക്ഷേത്രത്തിൽ ചെറിയ കുട്ടിയായിരുന്ന കാലത്ത് ഏട്ത്തിയോടൊപ്പം കഥകളി കണ്ടതിന്റെ ഓർമ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ് അപൂർവമെന്ന് കോടതി; ജനങ്ങൾ മാധ്യമങ്ങളിലൂടെ എല്ലാം കണ്ടതാണ്; 5 പ്രതികൾക്ക് ജാമ്യമില്ല

മുഖ്യമന്ത്രിയെ അപമാനിച്ച് ഫെയ്സ്ബുക്ക് പോസ്റ്റ്; സ്‌കൂള്‍ പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കാന്‍ നിർദ്ദേശിച്ച് വിഡി സതീശൻ

'ഉർവശിയുടെ വലിയൊരു ഫാൻ ആണ് ഞാൻ; 'ഉള്ളൊഴുക്കി'ലെ പെർ‌ഫോമൻസ് കണ്ടിട്ട് അത്ഭുതപ്പെട്ടു പോയി'

വെള്ളക്കെട്ടില്‍ മുങ്ങി തിരുവനന്തപുരം നഗരം; തീവ്രമഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്

'ചിലയാളുകൾ ഭയങ്കര സൈലന്റ് ആയിരിക്കും, പക്ഷേ അവർ ഒരുപാട് കാര്യങ്ങളെക്കുറിച്ച് ചിന്തിക്കും; വിജയ് അതുപോലെയാണ്'

SCROLL FOR NEXT