‘It is a wholesome and necessary thing for us to turn again to the earth... to know the sense of wonder and humility’- Rachel Carson
ഒരു ചെറിയ എണ്ണവിളക്ക്. അതിൽ കത്തുന്ന പരുത്തിത്തിരി. അതിനരികിലേക്ക് എത്തുന്ന കാക്ക. തീ അപകടകരമാണെന്ന് നമുക്ക് അറിയാം. എന്നാൽ, കാക്ക തിരിയെ സമീപിക്കുന്നു.
കത്തിക്കൊണ്ടിരിക്കുന്ന തിരി ഉയർത്തുന്നു. തീ അണയ്ക്കുന്നു. പിന്നെ പരുത്തിത്തിരി ഭക്ഷിക്കുന്നു. കാക്കയുടെ പ്രായോഗിക ബുദ്ധിയെ വെളിപ്പെടുത്തുന്ന ഈ നിരീക്ഷണം ശാസ്ത്രീയമായി രേഖപ്പെടുത്തിയത് 2023-ലാണ്, കാക്ക വർഗത്തിൽപ്പെട്ട പല പക്ഷികളുടേയും പെട്ടെന്ന് ലഘുതന്ത്രങ്ങൾ ആവിഷ്‌കരിക്കാനുള്ള കഴിവിനെപ്പറ്റി ഒരുപാട് പഠനങ്ങൾ നടന്നിട്ടുണ്ട്. എന്നാൽ, കാക്കയ്ക്ക് മനുഷ്യനെപ്പോലെ ചിന്തിക്കാനറിയാം എന്നൊന്നും പറയാൻ പറ്റില്ല, എന്നു മാത്രമല്ല, ഈ പെരുമാറ്റത്തിൽ കാക്കയുടെ മനസ്സിൽ കൃത്യമായി എന്താണ് സംഭവിച്ചതെന്ന് ഈ ഒരു സംഭവത്തിൽനിന്ന് നമുക്ക് അറിയാനുമാവില്ല. പക്ഷേ, അതാണ് ഈ നിരീക്ഷണത്തെ കൂടുതൽ രസകരമാക്കുന്നത്. കാക്ക എന്താണ് പഠിച്ചത്?
പരുത്തിത്തിരി ഭക്ഷിക്കാവുന്നതാണെന്ന് അതിന് നേരത്തെ അറിയാമായിരുന്നോ?തീയെക്കുറിച്ചുള്ള അനുഭവത്തിൽനിന്ന് അത് അപകടം മനസ്സിലാക്കിയിരുന്നോ? തീ അണച്ചാൽ ഭക്ഷണം ലഭിക്കുമെന്ന് അത് പഠിച്ചെടുത്തതാണോ? അതോ കൗതുകവും പരീക്ഷണവും ആവർത്തിച്ചുള്ള അനുഭവവും ചേർന്നുണ്ടായ ഒരു പെരുമാറ്റമായിരുന്നോ അത്? ശാസ്ത്രത്തിന് ഇപ്പോൾ ഇതിന് അന്തിമമായ ഉത്തരമില്ല. പുതിയ ചോദ്യങ്ങൾ തുറക്കുകയും ചെയ്യുന്നു.
ശാസ്ത്രം കാക്കയുടെ ബുദ്ധിയെ അളക്കാൻ തുടങ്ങുന്നതിന് നൂറ്റാണ്ടുകൾക്കുമുന്‍പ് തന്നെ, ഇന്ത്യൻ കഥകളിൽ കാക്കയെ പ്രത്യേകതകളുള്ള ജീവിയായി കണ്ടിരുന്നു. ‘കാകദൃഷ്ടി, ബകധ്യാനം’ എന്ന് തുടങ്ങി വിദ്യാർത്ഥി ലക്ഷണം പറയുന്ന വരികൾ ഓർത്തുനോക്കൂ. കഥകളിലെ കാക്ക നിരീക്ഷിക്കുകയും ചിന്തിക്കുകയും തക്കം പാർത്തിരിക്കുകയും തന്ത്രങ്ങൾ ആവിഷ്‌കരിക്കുകയും ചെയ്യുന്നവനായിരുന്നു.
അതിനുള്ള ഏറ്റവും മനോഹരമായ ഉദാഹരണങ്ങളിലൊന്നാണ് പഞ്ചതന്ത്രത്തിലെ കാകോലൂകീയം - അഥവാ കാക്കകളുടേയും മൂങ്ങകളുടേയും കഥ. കാക്കകളും മൂങ്ങകളും തമ്മിലുള്ള വൈരത്തെ ആസ്‌പദമാക്കിയ ഈ കഥയിൽ കാക്കകളുടെ രാജാവായ മേഘവർണനും മൂങ്ങകളുടെ രാജാവായ അരിമർദനനും തമ്മിലുള്ള സംഘർഷമാണ് പശ്ചാത്തലം. രാത്രിയുടെ ഇരുട്ട് മൂങ്ങകൾക്ക് അനുകൂലമാണ്. പകൽസമയത്ത് കാക്കകൾക്ക് മേൽക്കൈയുണ്ടെങ്കിലും രാത്രിയിൽ മൂങ്ങകൾ ആക്രമിക്കുന്നു. ശക്തികൊണ്ട് ഈ ശത്രുവിനെ നേരിടുക എളുപ്പമല്ലെന്ന് കാക്കകൾ തിരിച്ചറിയുന്നു.
അവിടെനിന്നാണ് കഥയുടെ യഥാർത്ഥ കൗതുകം തുടങ്ങുന്നത്. കാക്കരാജാവിന്റെ മന്ത്രിയായ സ്ഥിരജീവി ഒരു തന്ത്രം ആവിഷ്‌കരിക്കുന്നു. അവൻ സ്വന്തം രാജാവുമായി വഴക്കിട്ടതായി നടിക്കുന്നു. മറ്റു കാക്കകൾ അവനെ അപമാനിച്ച് പുറത്താക്കുന്നതുപോലും അഭിനയിക്കുന്നു. ഒടുവിൽ, സ്വന്തം കൂട്ടത്തിൽനിന്ന് പുറത്താക്കപ്പെട്ടവനെന്ന ഭാവത്തിൽ അവൻ മൂങ്ങകളുടെ അടുക്കലെത്തുന്നു. മൂങ്ങകളുടെ രാജാവായ അരിമർദനൻ അവനെ സ്വീകരിക്കാൻ തയ്യാറാകുന്നു. എന്നാൽ, മൂങ്ങ മന്ത്രി രക്താക്ഷൻ മുന്നറിയിപ്പ് നൽകുന്നു. ശത്രുവിൽ ഒരാൾ പെട്ടെന്ന് സ്വന്തം പക്ഷം ഉപേക്ഷിച്ച് തങ്ങളോടൊപ്പം ചേരുന്നതിൽ വിശ്വസിക്കരുതെന്ന് അവൻ പറയുന്നു. രക്താക്ഷന്റെ മുന്നറിയിപ്പ് മൂങ്ങാരാജാവും കൂട്ടരും അവഗണിക്കുന്നു.
സ്ഥിരജീവി എന്ന കാക്കമന്ത്രി അങ്ങനെ മൂങ്ങകളുടെ ഗുഹയ്ക്കുള്ളിൽ പ്രവേശിക്കുന്നു. അവിടെ കഴിയുന്നവരെ നിരീക്ഷിക്കുന്നു. അവരുടെ വാസസ്ഥലത്തിന്റെ ഘടന മനസ്സിലാക്കുന്നു. പതുക്കെ ഉണങ്ങിയ ചുള്ളികളും മറ്റും ഗുഹയ്ക്കരികിൽ ശേഖരിക്കുന്നു. പിന്നീട് അവൻ അവിടെനിന്ന് രക്ഷപ്പെട്ട് സ്വന്തം കൂട്ടത്തിലേക്ക് മടങ്ങുന്നു. തുടർന്ന് കാക്കകൾ ഗുഹയ്ക്ക് തീ കൊളുത്തുന്നു. കഥയുടെ അന്ത്യം മൂങ്ങകളുടെ നാശത്തിലാണ്.
ഇവിടെ കാക്കകൾ മൂങ്ങകളെ തോൽപ്പിച്ചത് ശക്തികൊണ്ടല്ല. വിവരവും ക്ഷമയും നിരീക്ഷണവും തന്ത്രവും ഉപയോഗിച്ചാണ്. ഈ കഥയെ ഒരു ശാസ്ത്രീയ രേഖയായി വായിക്കേണ്ടതില്ല. പുരാതന ഭാരതത്തിൽ കാക്കയുടെ ബുദ്ധിയെക്കുറിച്ച് ഒരു ശാസ്ത്രീയ സിദ്ധാന്തം ഉണ്ടായിരുന്നുവെന്നതിന് ഇത് തെളിവുമല്ല.
എന്നാൽ, കഥ നമ്മോട് മറ്റൊന്ന് പറയുന്നു, മനുഷ്യർ വളരെക്കാലമായി കാക്കയെ ശ്രദ്ധിക്കുന്ന, പഠിക്കുന്ന, സാമൂഹിക സാഹചര്യങ്ങൾ മനസ്സിലാക്കുന്ന, തന്ത്രപരമായി പെരുമാറുന്ന ഒരു ജീവിയായി സങ്കല്പിച്ചിരുന്നുവെന്ന്. നൂറ്റാണ്ടുകൾക്കുശേഷം, ശാസ്ത്രം ചോദിക്കാൻ തുടങ്ങി-തന്ത്രപരമായ പെരുമാറ്റത്തിനു പിന്നിൽ എങ്ങനെയുള്ള ഒരു മനസ്സായിരിക്കാം?
ഒരേ കുടുംബം - വ്യത്യസ്ത ബുദ്ധികൾ
കാക്കയ്ക്ക് നല്ല ബുദ്ധിയുണ്ട് എന്ന് പൊതുവായി പറയാറുണ്ട്. പക്ഷേ, ഏത് കാക്ക? കാക്കകൾ, റേവൻമാർ, ജെയ്‌കൾ, മാഗ്പികൾ, റൂക്കുകൾ തുടങ്ങി ലോകത്ത് ഇന്ന് ഏകദേശം 135 ഇനം കോർവിഡുകൾ (കാക്ക കുടുംബാംഗങ്ങൾ) അറിയപ്പെടുന്നുണ്ടെങ്കിലും, അവയിൽ വളരെ ചെറിയൊരു വിഭാഗത്തിന്റെ ബുദ്ധിയും പെരുമാറ്റവും മാത്രമാണ് ശാസ്ത്രീയമായി വിശദമായി പഠിക്കപ്പെട്ടിട്ടുള്ളത്. ചിലത് ഉപകരണങ്ങൾ നിർമിക്കാൻ മിടുക്കരാണ്. ചിലത് ഭക്ഷണം ഒളിപ്പിച്ചുവെച്ച് മാസങ്ങൾക്കുശേഷവും അതിന്റെ സ്ഥലം ഓർത്തെടുക്കുന്നു. ചിലത് സാമൂഹിക ബന്ധങ്ങളിലും മനുഷ്യരെ തിരിച്ചറിയുന്നതിലും ശ്രദ്ധേയമാണ്. ചിലത് കൂട്ടായ്മയുടെ ശക്തിയെ ആശ്രയിക്കുന്നു. മറ്റു ചിലത് നഗരങ്ങളിൽ ലഭ്യമായ അവസരങ്ങൾ അതിവേഗം തിരിച്ചറിഞ്ഞ് അതിനനുസരിച്ച് ജീവിതരീതി മാറ്റുന്നു. ഇത് മനസ്സിലാക്കാൻ Corvidae എന്ന വലിയ കുടുംബത്തിലെ ഏതാനും അംഗങ്ങളെ പരിചയപ്പെടാം.
പസഫിക് സമുദ്രത്തിലെ ന്യൂ കാലിഡോണിയ എന്ന ദ്വീപസമൂഹത്തിൽ ജീവിക്കുന്ന New Caledonian Crow (Corvus moneduloides) ആണ് പക്ഷികളുടെ ഉപകരണ ഉപയോഗ പഠനങ്ങളിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ വിഭാഗം. ഇവിടെ കൗതുകം വെറും ഉപകരണം ഉപയോഗിക്കുന്നതിലല്ല. 2002-ൽ ബെറ്റി എന്ന പേരിൽ അറിയപ്പെട്ട ഒരു ന്യൂ കാലിഡോണിയൻ വളർത്തു കാക്കയിൽ നടത്തിയ പരീക്ഷണം ഇതിന് പ്രശസ്തമായ ഉദാഹരണമായി. നിവർന്ന കമ്പികൊണ്ട് ഭക്ഷണം പുറത്തെടുക്കാനുള്ള അവസരം ലഭിച്ചപ്പോൾ, അവൾ കമ്പി വളച്ച് ഒരു കൊളുത്ത് രൂപപ്പെടുത്തി. മുന്‍പ് അപ്രകാരമുള്ള ഉപകരണം ഉപയോഗിക്കാൻ പരിശീലനം ലഭിച്ചിരുന്നില്ല. പിന്നീട് നടന്ന പഠനങ്ങൾ കാണിച്ചത്, ഈ കഴിവ് പരീക്ഷണശാലയിൽ ഒരു കൗതുകം മാത്രമല്ലെന്നതാണ്. കാട്ടിലെ ന്യൂ കാലിഡോണിയൻ കാക്കകൾ സ്വാഭാവികമായും വിവിധ സസ്യവസ്തുക്കളിൽനിന്ന് ഉപകരണങ്ങൾ നിർമിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നുണ്ടത്രേ. ഉപകരണം നിർമിക്കാന്‍, തിരഞ്ഞെടുക്കൽ, മെച്ചപ്പെടുത്തൽ തുടങ്ങിയ കാര്യങ്ങളിലും ഈ കാക്ക ശ്രദ്ധിക്കുന്നു. വളരെ ശ്രദ്ധനേടിയ ഒരു റിപ്പോർട്ടാണിത്.
റേവൻ (Corvus corax) എന്നയിനം കാക്കകൾ പലപ്പോഴും ജോഡികളായോ ഒറ്റയ്ക്കായോ ജീവിക്കുന്നവയാണ്. എന്നാൽ, ഭക്ഷണം പോലുള്ള വിഭവങ്ങൾ ലഭിക്കുന്ന സ്ഥലങ്ങളിൽ മറ്റു റേവൻമാരും ഒത്തുചരും. അപ്പോൾ അവിടെ ഭക്ഷണം മാത്രമല്ല പ്രശ്‌നം-ആരാണ് ആരെ വിശ്വസിക്കുന്നത്, ആരാണ് എന്ത് കണ്ടത്, ആരാണ് ആദ്യം എത്തിയത്, ആരാണ് മറ്റൊരാളിൽനിന്ന് എന്ത് പഠിച്ചത് എന്നതും പ്രധാനമാകുന്നു. റേവൻമാരെക്കുറിച്ചുള്ള പഠനങ്ങൾ അവരുടെ സാമൂഹിക ബന്ധങ്ങൾ, മത്സരങ്ങൾ, സഹകരണം, പ്രശ്‌നപരിഹാരം എന്നിവ തമ്മിലുള്ള സങ്കീർണമായ ബന്ധം വ്യക്തമാക്കുന്നു അതുകൊണ്ട് റേവന്റെ ബുദ്ധിയെ ഒരു ഉപകരണത്തിലോ ഒരു പരീക്ഷണത്തിലോ ഒതുക്കാനാവില്ല. സാമൂഹിക സാഹചര്യത്തെ വായിച്ചെടുക്കുന്നതും ഒരു ബുദ്ധിയാണ്.
അമേരിക്കൻ ക്രോ/അമേരിക്കൻ കാക്കകളിൽ (Corvus brachyrhynchos) നടത്തിയ പഠനം തെളിയിച്ചത് അവയ്ക്ക് മനുഷ്യരുടെ മുഖങ്ങൾ ദീർഘകാലം ഓർത്തുവയ്ക്കാനും പ്രതികരിക്കാനും കഴിയുമെന്നാണ്.
വെസ്റ്റേൺ സ്‌ക്രബ്ബ് ജേ (Western Scrub-Jay/Aphelocoma californica) എന്ന പക്ഷി ഭക്ഷണം പല സ്ഥലങ്ങളിലും ഒളിപ്പിച്ചുവയ്ക്കുന്നു. പക്ഷേ, ഭക്ഷണം ഒളിപ്പിക്കുന്ന സ്ഥലം മാത്രം ഓർത്തുവയ്ക്കുന്നത് പോരാ. എന്താണ് ഒളിപ്പിച്ചത്, എവിടെയാണ് ഒളിപ്പിച്ചത്, എപ്പോൾ ഒളിപ്പിച്ചു, ആരെങ്കിലും അത് കണ്ടോ എന്നൊക്കെ ശ്രദ്ധിക്കുന്നുണ്ട്. പിന്നീട് അതിലേക്ക് മടങ്ങിവരുന്നു. ഇവ അനുഭവപാഠങ്ങൾ പിന്നീടുള്ള പെരുമാറ്റത്തിൽ ചേർക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
അപ്പോൾ നമ്മുടെ കാവതിക്കാക്കയോ? ഇന്ത്യയിലെ ജനജീവിതത്തിൽ ഏറ്റവും പരിചിതമായ രണ്ട് കാക്കകളാണ് ഹൗസ് ക്രോയും വലിയ കാട്ടുകാക്കയും. ഹൗസ് ക്രോ (Corvus splendens) അഥവാ കാവതിക്കാക്ക മനുഷ്യവാസകേന്ദ്രങ്ങളോട് ചേർന്ന് സാധാരണയായി കാണപ്പെടുന്ന, ചാരനിറത്തിലുള്ള കഴുത്തും കറുത്ത തലയും ചിറകുകളും വാലുമുള്ള കാക്കയാണ്; ബലിക്കാക്ക (Corvus macrorhynchos), അഥവാ വലിയ കാട്ടുകാക്ക, പൊതുവെ വലുതും പൂർണമായും ഇരുണ്ട നിറമുള്ളതും കൂടുതൽ ശക്തമായ കൊക്കുള്ളതുമാണ്.
ഇരുവരും സർവഭോജികളും അത്യന്തം അവസരവാദികളും ബുദ്ധിശേഷിയുള്ള സാമൂഹിക പക്ഷികളുമാണ്; എന്നാൽ ഹൗസ് ക്രോ നഗര-മനുഷ്യ പരിസ്ഥിതിയോട് കൂടുതൽ ഇണങ്ങിയപ്പോൾ, ബലിക്കാക്ക സാധാരണയായി വനപ്രദേശങ്ങളോടും ഗ്രാമീണ/സ്വാഭാവിക ആവാസവ്യവസ്ഥകളോടും കൂടുതൽ ബന്ധപ്പെട്ടിരിക്കുന്നു.
ഇവിടെ എത്തുമ്പോഴാണ് കഥയ്ക്ക് ഒരു പ്രത്യേക കൗതുകം ഉണ്ടാകുന്നത്. നമ്മുടെ ഈ വീട്ടുകാക്ക ന്യൂ കാലിഡോണിയൻ കാക്കകളെപ്പോലെ പേരുകേട്ട ഉപകരണനിർമാതാവോ സ്‌ക്രബ്ബ് -ജെയ്‌യെപ്പോലെ ഭക്ഷണം കൃത്യമായി ഒളിപ്പിച്ചുവയ്ക്കുന്നയാളോ അല്ല. കുറേശ്ശെ ഈ കഴിവുകൾ ഉണ്ട് താനും. എന്നാൽ, മറ്റൊരു ലോകത്തിൽ അതിന്റെ കഴിവുകൾ വളരെ പ്രകടമാണ്. മനുഷ്യനിർമിതമായ നമ്മുടെ ചുറ്റുപാടുകളിൽ തന്നെ!
ഒരു ഭക്ഷണം എവിടെ ലഭിക്കുമെന്ന് പഠിക്കുക, ഒരു മനുഷ്യൻ അപകടകാരിയാണോ എന്ന് മനസ്സിലാക്കുക, ഒരു വാഹനത്തിന്റെ ചലനം കണക്കാക്കുക, ഒരു മാലിന്യക്കൂമ്പാരം എപ്പോൾ തുറക്കപ്പെടുമെന്ന് കാത്തിരിക്കുക, മറ്റൊരു പക്ഷി കണ്ടെത്തിയ ഭക്ഷണത്തെ പിന്തുടരുക. അപകടം വന്നാൽ പെട്ടെന്ന് മാറിനിൽക്കുക. അനുഭവത്തിൽനിന്ന് പഠിച്ച് അടുത്ത തവണ പെരുമാറ്റം മാറ്റുക എന്നിങ്ങനെ നഗരജീവിതത്തിൽ അതീവ പ്രാധാന്യമുള്ള പല കഴിവുകളുമുണ്ട് ഇവയ്ക്ക്.
2025-ൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ, സിങ്കപ്പൂർ മൃഗശാലയിൽ നടത്തിയ വീട്ടുകാക്ക ഉൾപ്പെടെയുള്ള കാക കുടുംബത്തിലെ രണ്ട് (corvid) പക്ഷികൾ ഒരു വളഞ്ഞ കമ്പി ഉപയോഗിച്ച് അടച്ചുവച്ചിരുന്ന പാത്രങ്ങളിൽനിന്ന് ഭക്ഷണം പുറത്തെടുക്കുന്നത് നിരീക്ഷിക്കപ്പെട്ടു. ഒരു കാക്ക മറ്റൊരു കാക്ക നടത്തിയ ശ്രമത്തിനു ശേഷം അതേ ഉപകരണവുമായി ഇടപെട്ട് പ്രശ്‌നം പരിഹരിച്ചു; ഇത് അടിസ്ഥാനമാക്കി ഗവേഷകർ ‘സാമൂഹ്യപഠനത്തിന്റെ’ സാധ്യതയും ചർച്ച ചെയ്തു. ഇത് വീട്ടുകാക്കകളുടെ സാമാന്യ സ്വഭാവത്തെ കുറിക്കുന്നില്ലെങ്കിലും പ്രശ്‌നപരിഹാരത്തിലും പുതിയ സാഹചര്യങ്ങളോട് പ്രതികരിക്കുന്നതിലും ഇവയ്ക്കുള്ള സാധ്യതകളെക്കുറിച്ച് രസകരമായ ചോദ്യങ്ങൾ ഉയർത്തുന്നു. അവയുടെ ജീവിത സാഹചര്യങ്ങൾക്കനുസരിച്ച് പ്രത്യേകതരം കഴിവുകൾ വികസിപ്പിക്കേണ്ടിവരും, റേവൻ സങ്കീർണ സാമൂഹ്യ ബന്ധങ്ങളിൽ മിടുക്കു കാണിക്കുന്നു, ജേ എന്ന പക്ഷി ഭക്ഷണം ഭംഗിയായി ഒളിപ്പിക്കുന്നു, അമേരിക്കൻ കാക്ക മുഖങ്ങളോർക്കുന്നു, നമ്മുടെ കാവതിക്കാക്കയ്ക്കും മനുഷ്യരോടൊപ്പം മാറിക്കൊണ്ടിരിക്കുന്ന ഒരു ലോകം വായിച്ചെടുക്കേണ്ടിവരും. ഹൗസ് ക്രോയുടെ ഏറ്റവും വലിയ കഴിവ് ഒരു പ്രത്യേക തന്ത്രമല്ല. മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അവസരം കണ്ടെത്താനുള്ള കഴിവായിരിക്കാം.
ഓരോ ജീവിക്കും അതിന്റെ ജീവിതസാഹചര്യങ്ങൾ ആവശ്യപ്പെടുന്ന തരത്തിലുള്ള പരിഹാരങ്ങൾ കണ്ടെത്താനുള്ള കഴിവുകളാണ് പരിണാമം നൽകിയിരിക്കുന്നത്. അതിനാൽ ചോദ്യം ഇനി “ഏറ്റവും ബുദ്ധിയുള്ള കാക്ക ഏതാണ്?” എന്നതല്ല. കൂടുതൽ രസകരമായ ചോദ്യം മറ്റൊന്നാണ്: “ഏത് കാക്ക, ഏത് ലോകത്തിൽ, ഏത് തരത്തിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ പഠിച്ചു?” ഈ ചോദ്യവുമായി നമുക്ക് ഇനി നമ്മുടെ സ്വന്തം നഗരങ്ങളിലെ ഏറ്റവും പരിചിതമായ കാക്കയിലേക്ക് നോക്കാം.
നമ്മുടെ കാക്ക: മനുഷ്യരോടൊപ്പം ജീവിക്കാൻ പഠിച്ച പക്ഷി
ഇനി നമുക്ക് ആ വലിയ കാക്കക്കുടുംബത്തിൽനിന്ന് നമ്മുടെ സ്വന്തം കാക്കയിലേക്ക് വരാം. നഗരവീഥികളിലും വീടുകളുടെ മുകളിലും വൈദ്യുതിക്കമ്പികളിലും മരച്ചില്ലകളിലും മാർക്കറ്റുകളിലും മാലിന്യക്കൂമ്പാരങ്ങളുടെ അരികിലും നാം ദിവസവും കാണുന്ന കാക്ക - House Crow (കാവതിക്കാക്ക/വീട്ടുകാക്ക). കറുത്ത തലയും ചിറകുകളും വാലും. അതിനിടയിൽ കഴുത്തിലും നെഞ്ചിന്റെ മുകളിലും കാണുന്ന ചാരനിറം. നീണ്ട കൊക്ക്. മെലിഞ്ഞ ശരീരം. മനുഷ്യവാസസ്ഥലങ്ങളുടെ സാന്നിധ്യത്തോട് അസാധാരണമായ അടുപ്പം.
നഗരങ്ങളിൽ കാക്കയ്ക്ക് ഒരു പ്രത്യേക സ്ഥാനം തന്നെയുണ്ട്. അത് കാടിന്റെ അതിരുകളിൽ മാത്രം ജീവിക്കുന്ന പക്ഷിയല്ല. മനുഷ്യർ നിർമിച്ച പരിസ്ഥിതിയെ തന്നെ തന്റെ ജീവിതത്തിന്റെ ഭാഗമാക്കിയ ഒരു പക്ഷിയാണ്. വീടുകൾ, കെട്ടിടങ്ങൾ, മാർക്കറ്റുകൾ, മത്സ്യച്ചന്തകൾ, റോഡുകൾ, മാലിന്യക്കൂമ്പാരങ്ങൾ, ഭക്ഷണശാലകൾ, തുറന്ന ഭക്ഷ്യാവശിഷ്ടങ്ങൾ - മനുഷ്യന്റെ ലോകത്ത് ഉണ്ടാകുന്ന പല വിഭവങ്ങളും വീട്ടുകാക്കയുടെ ഭക്ഷണശൃംഖലയുടെ ഭാഗമാകുന്നു.
അത് ഭക്ഷണം തിരഞ്ഞെടുക്കുന്നതിലും അവസരം പ്രയോജനപ്പെടുത്തുന്നതിലും വളരെ വഴക്കമുള്ള ഒരു സാമർത്ഥ്യക്കാരനാണ്. മനുഷ്യർ ഉപേക്ഷിക്കുന്ന ഭക്ഷണാവശിഷ്ടങ്ങൾ മുതൽ ചത്തജീവികൾ, മത്സ്യം, കീടങ്ങൾ, പഴങ്ങൾ, ചെറിയ ജീവികൾ ഒക്കെ അതിന്റെ ഭക്ഷണത്തിൽ ഉൾപ്പെടാമെന്നു നമുക്കറിയാം. നഗരപരിസ്ഥിതിയിൽ ലഭിക്കുന്ന വിഭവങ്ങൾ മാറുന്നതിനനുസരിച്ച് കാക്കയും തന്റെ ഭക്ഷണരീതികൾ മാറ്റുന്നു. അതുകൊണ്ടുതന്നെ നഗരത്തെ ഒരു കാക്കയുടെ കാഴ്ചപ്പാടിൽ നോക്കിയാൽ അത് നമ്മുടേതിൽനിന്ന് വളരെ വ്യത്യസ്തമായ ഒരു ഭൂപടമായിരിക്കണം. നമുക്ക് കാണുന്നത് ഒരു റോഡായിരിക്കാം.
അതിന് അത് ഒരു അപകടമേഖലയായിരിക്കാം. നമുക്ക് ഒരു മാലിന്യക്കൂമ്പാരം വെറും മാലിന്യമായിരിക്കാം. അതിന് അത് ഒരു ഭക്ഷണശാലയായിരിക്കാം.
ഒരു മനുഷ്യൻ അതിന്റെ കാഴ്ചയിൽ ഒരു വഴിയാത്രക്കാരൻ മാത്രമായിരിക്കാം. അല്ലെങ്കിൽ - ഒരിക്കൽ അപകടം സൃഷ്ടിച്ച ഒരാളായിരിക്കാം. കാക്കക്കൂട്ടം പുറകെ കൂടിയ അനുഭവം പലർക്കും ഉണ്ടാവും.
എന്നാൽ, മനുഷ്യനഗരം കാക്കയ്ക്ക് അവസരങ്ങളുടെ ലോകം മാത്രമല്ല, അപകടങ്ങളുടേയും ലോകമാണ്. വാഹനങ്ങൾ, വൈദ്യുതിക്കമ്പികൾ, ഗ്ലാസ്സ് കെട്ടിടങ്ങൾ, വിഷവസ്തുക്കൾ, പ്ലാസ്റ്റിക്, മാറുന്ന മാലിന്യസംവിധാനങ്ങൾ- മനുഷ്യരോടൊപ്പം ജീവിക്കുക എന്നത് അവസരങ്ങൾ കണ്ടെത്തുന്നതുപോലെ അപകടങ്ങൾ തിരിച്ചറിയുകയും പഠിക്കുകയും ചെയ്യുന്നതുമാണ്.
ഒരു കുട്ടിയും കാക്കക്കൂട്ടവും
ഒരിക്കൽ ഒരു കാക്കയുടെ കൂട് കാണാനായി ഏഴെട്ടു വയസ്സുള്ള ഒരു കുട്ടി മരത്തിൽ കയറി. കൂടിനുള്ളിൽ ഉണ്ടായിരുന്ന ഒരു കുഞ്ഞുകാക്കയെ അവൻ കയ്യിൽ എടുത്തു. അത് ഒരു ചെറിയ ബാലന്റെ കൗതുകം! പക്ഷേ, കാക്കകളുടെ പ്രതികരണം അത്ര ചെറിയതായിരുന്നില്ല. കൂടിനരികിൽ ഉണ്ടായിരുന്ന മുതിർന്ന കാക്കകൾ വലിയ ശബ്ദത്തോടെ പ്രതിഷേധിച്ചു. ബാലൻ കാക്കക്കുഞ്ഞിനെ എടുത്ത് താഴേക്ക് ഇറങ്ങി. എന്നാൽ കഥ അവിടെ അവസാനിച്ചില്ല. താഴെയെത്തിയതിനുശേഷവും കാക്കകൾ അവനെ പിന്തുടർന്നു. അവയിൽ ഒന്ന് പിന്നിൽനിന്ന് കുട്ടിയുടെ തലയിൽ ഇടിച്ചു. മറ്റൊന്ന് കാലിനടുത്ത് കൊത്തി. അവന്റെ അനുജത്തിക്കും മറ്റു കുട്ടികൾക്കുമൊക്കെ അന്നും അടുത്ത ദിവസങ്ങളിലും നിർബാധം വീടിനു പുറത്തിറങ്ങി കളിക്കാൻ പറ്റി, എന്നാൽ അവൻ പുറത്തിറങ്ങിയപ്പോഴെല്ലാം കാക്കകൾ കൂട്ടമായി വലിയ ശബ്ദത്തോടെ ആക്രമിക്കാനും ബഹളം കൂട്ടാനുമെത്തി! ആ ബാലന് അത് അത്ഭുതവും വിഷമവും ഉളവാക്കുന്ന അനുഭവമായിരുന്നു. 1930-കളിൽ ഇന്ത്യയിൽ ജീവിച്ചിരുന്ന പ്രകൃതിശാസ്ത്രജ്ഞനായ ലോതർ (E.H.N. Lowther), ജേർണൽ ഓഫ് ദി ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി-യിൽ ഇന്ത്യൻ പക്ഷികളെക്കുറിച്ചുള്ള നിരീക്ഷണങ്ങൾ രേഖപ്പെടുത്തിയതാണ് അദ്ദേഹത്തിന്റെ സ്വന്തം ബാല്യത്തിലെ ഈ കഥ!
ലോതർ പിന്നീട് ഓർത്തത് ഇതിലും കൗതുകകരമായ കാര്യമാണ് - മറ്റു കുട്ടികൾക്ക് യാതൊരു പ്രശ്‌നവുമില്ലാതെ ആ പരിസരത്ത് നടക്കാൻ കഴിഞ്ഞിരുന്നെങ്കിലും താൻ പുറത്തിറങ്ങുമ്പോൾ കാക്കകളുടെ ആക്രമണം നേരിടേണ്ടിവന്നു. കാക്കകൾക്ക് എന്തായിരുന്നു ഓർമ? അവൻ അവരുടെ കൂടിനടുത്ത് കയറിയ കുട്ടിയാണെന്ന് തിരിച്ചറിഞ്ഞോ? അവന്റെ മുഖം ഓർത്തുവച്ചോ? അവന്റെ നടപ്പും ശരീരഭാഷയും തിരിച്ചറിഞ്ഞോ? അല്ലെങ്കിൽ ആ പ്രത്യേക സ്ഥലവും അതുമായി ബന്ധപ്പെട്ട മനുഷ്യസാന്നിധ്യവും അപകടവുമായി ബന്ധപ്പെടുത്തി പഠിച്ചോ? ഈ ചോദ്യങ്ങൾക്ക് അന്ന് ഉത്തരം കിട്ടിയില്ലെങ്കിലും ആ ചെറിയ പ്രകൃതി നിരീക്ഷണ സംഭവം നമ്മെ ഒരു അസാധാരണമായ ചോദ്യത്തിലേക്ക് നയിക്കുന്നു: ഒരു കാക്കയ്ക്ക് ഒരു മനുഷ്യനെ മറ്റൊരു മനുഷ്യനിൽനിന്ന് വേർതിരിച്ച് ഓർത്തുവയ്ക്കാനാകുമോ? ഒരു പഴയ നിരീക്ഷണത്തിൽനിന്ന് ഒരു ശാസ്ത്രീയ ചോദ്യത്തിലേക്ക്.
പല പതിറ്റാണ്ടുകൾക്കുശേഷം, ഈ ചോദ്യത്തിന് കൂടുതൽ കൃത്യമായി ഉത്തരം കണ്ടെത്താൻ ‘പെരുമാറ്റ ശാസ്ത്രജ്ഞർ’ പരീക്ഷണങ്ങൾ നടത്തി. അമേരിക്കൻ കാക്ക(American Crow)കളിൽ നടത്തിയ പ്രസിദ്ധമായ ഒരു പഠനത്തിൽ, ഗവേഷകർ കാക്കകളെ പിടികൂടിയ അനുഭവത്തെ ഒരു പ്രത്യേക മനുഷ്യന്റെ മുഖവുമായി ബന്ധിപ്പിച്ചു. പിന്നീട് അതേ മുഖം, മുഖം മൂടിയിലെ ചിത്രമായി വീണ്ടും പ്രത്യക്ഷപ്പെട്ടപ്പോൾ, കാക്കകൾ ആ വ്യക്തിയോട് പ്രത്യേകിച്ച് സ്‌കോൾഡിങ് (scolding), മോബിങ് (mobbing) തുടങ്ങിയ പ്രതികരണങ്ങൾ പ്രകടിപ്പിച്ചു. ഏറ്റവും ശ്രദ്ധേയമായത് - ഈ പ്രതികരണം വളരെക്കാലം നിലനിന്നു. പഠനത്തിൽ, കാക്കകൾ രണ്ടര വർഷത്തിലേറെ കഴിഞ്ഞും ആ ‘അപകടകാരി’യുടെ മുഖം തിരിച്ചറിഞ്ഞു. ഇവിടെ ഒരു ശാസ്ത്രീയ ജാഗ്രത അനിവാര്യമാണ്.
ലോതർ നിരീക്ഷിച്ചത് ഇന്ത്യയിലെ വീട്ടുകാക്കകളെ ആയിരുന്നു. ആധുനിക ലോകത്തെ പരീക്ഷണം നടന്നത് അമേരിക്കൻ കാക്കകളിലാണ്, അതിനാൽ സ്പീഷീസ് അടിസ്ഥാനത്തിൽ വീണ്ടും നിയന്ത്രിത പരീക്ഷണങ്ങൾ വേണം, എന്നാൽ ലോതറിന്റെ പഴയ നിരീക്ഷണം അപ്രസക്തമാകുന്നുമില്ല. മറിച്ച്, അത് നമ്മെ ഒരു വലിയ ചോദ്യത്തിലേക്ക് നയിക്കുന്നു: മനുഷ്യരോടൊപ്പം ജീവിക്കുന്ന ഒരു പക്ഷിയുടെ ലോകത്തിൽ, മനുഷ്യർ വെറും പശ്ചാത്തലമാണോ അതോ ഓർമിക്കപ്പെടുന്ന വ്യക്തികളാണോ?
വീട്ടുകാക്കയെക്കുറിച്ചുള്ള നമ്മുടെ അടുത്ത ചോദ്യങ്ങൾ ഇവിടെനിന്നാണ് തുടങ്ങുന്നത്. കാരണം, ഈ പക്ഷി നമ്മുടെ നഗരത്തിൽ വെറുതെ താമസിക്കുന്നില്ല. അത് നമ്മൾ സൃഷ്ടിച്ച ലോകത്തെ വായിച്ചുകൊണ്ടാണ് ജീവിക്കുന്നത്. നമ്മുടെ ശീലങ്ങൾ, നമ്മുടെ മാലിന്യങ്ങൾ, നമ്മുടെ ഭക്ഷണരീതികൾ, നമ്മുടെ കെട്ടിടങ്ങൾ, നമ്മുടെ വാഹനങ്ങൾ, നമ്മുടെ ഭയം, നമ്മുടെ അശ്രദ്ധ, ഒരുപക്ഷേ, നമ്മുടെ മുഖങ്ങളും! നഗരം മനുഷ്യർ നിർമിച്ച ഒന്നാണെങ്കിലും അതിന്റെ ഓരോ മാറ്റവും അതിൽ ജീവിക്കുന്ന മറ്റു ജീവികൾക്കും പുതിയൊരു പരീക്ഷണമാണ്. നമ്മുടെ വീട്ടുകാക്ക ആ പരീക്ഷണത്തിൽ വിജയിക്കാൻ പഠിച്ചുകൊണ്ടിരിക്കുന്ന ഒരു പക്ഷിയാണ്. അപ്പോൾ അടുത്ത ചോദ്യം സ്വാഭാവികമായും ഉയരുന്നു: മനുഷ്യരോടൊപ്പം ജീവിക്കാൻ പഠിച്ച ഈ കാക്കയുടെ സാമൂഹിക ലോകം എങ്ങനെയുള്ളതാണ്?
കാക്കയുടെ സാമൂഹിക ലോകം
ഒരു നഗരത്തിൽ കാക്കയെ ശ്രദ്ധിച്ചുനോക്കിയാൽ പെട്ടെന്ന് മനസ്സിലാകുന്ന ഒരു കാര്യമുണ്ട്. അത് ഒരിക്കലും ഒറ്റപ്പെട്ട ഒരു ജീവിയല്ല. ഒരു കാക്ക ഭക്ഷണം കണ്ടെത്തിയാൽ കുറച്ചുസമയത്തിനകം മറ്റൊരു കാക്ക അവിടെ എത്തും. അപകടം കണ്ടാൽ ശബ്ദം ഉയരും. ഒരു പൂച്ചയേയോ പരുന്തിനേയോ പട്ടിയേയോ മറ്റൊരു ഭീഷണിയേയോ കണ്ടാൽ പല കാക്കകളും ഒരുമിച്ചുചേരും. ഒരാൾ ശബ്ദമുയർത്തുന്നു.
മറ്റുള്ളവർ പ്രതികരിക്കുന്നു. പിന്നെ കുറച്ചുനേരംകൊണ്ട് അവിടെ ഒരു ചെറിയ കാക്കക്കൂട്ടം രൂപപ്പെടുന്നു. ഇത് ഒരു ലളിതമായ പെരുമാറ്റമല്ല. സാമൂഹികജീവിതം എന്നത് വിവരങ്ങളുടെ കൈമാറ്റമാണ്. ആരാണ് അപകടം? എവിടെയാണ് അപകടം? എത്ര അടുത്താണ്? ആരാണ് ഭക്ഷണം കണ്ടെത്തിയത്? ആരാണ് അതിനുമുന്‍പ് എത്തിയത്? എപ്പോൾ അടുത്തേക്ക് പോകാം?എപ്പോൾ മാറിനിൽക്കണം? ഇത്തരം തീരുമാനങ്ങൾ എടുക്കേണ്ട ഒരു ജീവിക്ക് സ്വന്തം അനുഭവം മാത്രം മതിയാകില്ല. മറ്റുള്ളവരുടെ പെരുമാറ്റവും വിവരത്തിന്റെ ഉറവിടമാകുന്നു. ശബ്ദങ്ങൾ വെറും ശബ്ദങ്ങളല്ല!
കാക്കയുടെ കാ-കാ എന്ന ശബ്ദം നമ്മൾക്ക് പലപ്പോഴും ഒരേപോലെയാണ് തോന്നുന്നത്. പക്ഷേ കാക്കകൾക്ക് വിവിധ സാഹചര്യങ്ങളിൽ അവയുടെ ശബ്ദരീതികൾ മാറുന്നുണ്ട്. അപകടം, സാമൂഹിക ഇടപെടൽ, കൂട്ടാളികളുമായുള്ള ബന്ധം, പ്രായം, സാമൂഹിക സ്ഥാനം തുടങ്ങിയ ഘടകങ്ങൾ ഈ ശബ്ദ-ആശയവിനിമയത്തെ സാമൂഹിക സന്ദേശങ്ങളായി സ്വാധീനിക്കാം. എന്നാൽ, ഇവിടെ വീണ്ടും ഒരു ജാഗ്രത ആവശ്യമാണ്. മനുഷ്യഭാഷയിലെ വാക്കുകൾക്ക് സമാനമായ ഒരു സങ്കീർണ ഭാഷാസംവിധാനം കാക്കകൾക്കുണ്ട് എന്നു പറയാൻ ഇതുവരെ തെളിവില്ല. എന്നാൽ, ശബ്ദങ്ങൾ സാമൂഹിക സാഹചര്യത്തിനനുസരിച്ച് മാറുകയും വ്യക്തികളെ തിരിച്ചറിയുന്നതിലും സാമൂഹികബന്ധങ്ങൾ നിലനിർത്തുന്നതിലും പങ്കുവഹിക്കുകയും ചെയ്യുന്നു എന്നതിന് കോർവിഡ് ഗവേഷണങ്ങളിൽ തെളിവുകൾ വർദ്ധിച്ചുവരുന്നു.
അപകടം വന്നാൽ എല്ലാവരും ഒന്നാകുന്നു - കാക്കകളുടെ ഏറ്റവും ശ്രദ്ധേയമായ സാമൂഹിക പെരുമാറ്റങ്ങളിൽ ഒന്നാണ് mobbing അഥവാ കൂട്ടം ചേരൽ. ഒരു ഇരപിടിയനെ കണ്ടാൽ ഒരു കാക്ക അതിനെ ഒറ്റയ്ക്ക് നേരിടണമെന്നില്ല. അത് ശബ്ദമുയർത്തും. മറ്റുള്ളവ എത്തും. പിന്നെ അവ ചേർന്ന് ഇരപിടിയനെ പിന്തുടരും, ചുറ്റും പറക്കും, താഴേക്ക് ചാടി ഭീഷണിപ്പെടുത്തും. ഒരു പരുന്തോ മൂങ്ങയോ പോലുള്ള ഇരപിടിയന്മാരെക്കാൾ ചെറുതായ ഒരു പക്ഷിക്ക് ഇത് അപകടകരമായ പെരുമാറ്റമായി തോന്നാം. പക്ഷേ, കൂട്ടമായി പ്രവർത്തിക്കുമ്പോൾ സ്ഥിതി മാറുന്നു. ശ്രദ്ധിച്ചൊന്നു ചുറ്റുപാടും നോക്കിയാൽ ഒറ്റയ്ക്കും കാക്കകൾ മറ്റു പക്ഷികളെ തുരത്തുന്ന കാണാം. ഒരു വലിയ മൃഗത്തെ ശക്തികൊണ്ട് തോൽപ്പിക്കുകയല്ല കാക്കയുടെ ലക്ഷ്യം. അതിനെ അവിടെനിന്ന് മാറ്റിനിർത്തുക എന്നതാണ്. ഒരാളുടെ ബുദ്ധിയെക്കാൾ സമൂഹത്തിന്റെ നിലപാടും പെരുമാറ്റവുമാണ് പ്രാധാന്യം കൈവരിക്കുന്നത്. ഒറ്റയ്ക്ക് സാധിക്കാത്ത ഒരു പ്രതികരണം കൂട്ടമായി സാധ്യമാകുന്നു. അപ്പോൾ ബുദ്ധി എന്നത് ഒരു കാക്കയുടെ തലച്ചോറിൽ മാത്രം ഒതുങ്ങുന്ന ഒന്നാണോ? ചിലപ്പോൾ ഒരു കൂട്ടത്തിന്റെ പെരുമാറ്റത്തിലും ബുദ്ധിയുടെ ഒരു രൂപം കാണാം.
ശത്രുവിനെ തിരിച്ചറിയുന്ന ഓർമ
ഇവിടെയാണ് നമ്മുടെ ലോതറിന്റെ കഥ: (മുൻപ് പറഞ്ഞ കുട്ടിയും കാക്കക്കൂട്ടവും) വീണ്ടും ഓർക്കേണ്ടത്. ഒരു കാക്കയ്ക്ക് ഒരു മനുഷ്യനെ ഓർത്തുവയ്ക്കാൻ കഴിയുമെങ്കിൽ, മറ്റൊരു കാക്കയെക്കുറിച്ചുള്ള വിവരങ്ങളും അതിന്റെ സാമൂഹികലോകത്തിൽ പ്രാധാന്യമുള്ളതായിരിക്കണം. മുൻപ് പറഞ്ഞ റിപ്പോർട്ടിൽ അമേരിക്കൻ കാക്കകളിൽ നടത്തിയ പഠനങ്ങൾ വ്യക്തികളെ തിരിച്ചറിയുന്നതിലും പഴയ അനുഭവങ്ങൾ ദീർഘകാലം ഓർത്തുവയ്ക്കുന്നതിലും അവയ്ക്കുള്ള കഴിവ് കാണിച്ചിട്ടുണ്ട്.
അതിനാൽ ഒരു കാക്ക സമൂഹത്തിന്റെ അനുഭവം ഒരൊറ്റ പക്ഷിയുടെ തലച്ചോറിൽ മാത്രം അടച്ചുപൂട്ടപ്പെട്ട ഒന്നായിരിക്കണമെന്നില്ല. ഒരു പക്ഷി അപകടം പഠിക്കുന്നു. മറ്റുള്ളവ പ്രതികരിക്കുന്നു. പുതിയ അംഗങ്ങൾ അതിൽനിന്ന് എന്തെങ്കിലും പഠിച്ചേക്കാം. അങ്ങനെ ഒരു അനുഭവം ഒരു കൂട്ടത്തിന്റെ പെരുമാറ്റത്തെ സ്വാധീനിക്കാം.
ഇത് സാമൂഹ്യപഠനം (social learning) എന്ന വലിയ ചോദ്യത്തിലേക്കാണ് നമ്മെ എത്തിക്കുന്നത്. മറ്റൊരു കാക്ക എന്തെങ്കിലും ചെയ്യുന്നത് കണ്ടുകൊണ്ട് ഒരു കാക്കയ്ക്ക് പുതിയൊരു പെരുമാറ്റം പഠിക്കാനാകുമോ?
പുതിയ സാഹചര്യത്തിൽ മറ്റൊരാളുടെ അനുഭവം ഉപയോഗപ്പെടുത്താനാകുമോ?കാക്കകളെക്കുറിച്ചുള്ള ആധുനിക പഠനങ്ങൾ ഈ ചോദ്യങ്ങൾക്ക് കൂടുതൽ കൂടുതൽ കൗതുകകരമായ ഉത്തരങ്ങൾ നൽകിക്കൊണ്ടിരിക്കുന്നു. ഒരുമിച്ച് ജീവിക്കുന്നവർ, പക്ഷേ, എല്ലായ്‌പ്പോഴും സുഹൃത്തുക്കളല്ല - കാക്കകളുടെ സാമൂഹിക ജീവിതത്തെ വളരെ കാല്പനികമായി കാണാനും പാടില്ല. കൂട്ടായ്മയുണ്ട്. പക്ഷേ, മത്സരവും ഉണ്ട്.
ഭക്ഷണത്തിന്, ഇടത്തിന്, കൂടിന്, പ്രജനനത്തിന്, വിഭവങ്ങൾക്ക് ഒക്കെ വേണ്ടി മത്സരം! അതേ സമയം ചില സാഹചര്യങ്ങളിൽ സഹകരണവും. ഇതാണ് സാമൂഹികജീവിതത്തിന്റെ യഥാർത്ഥ സങ്കീർണത. സഹകരിക്കേണ്ടിടത്ത് സഹകരിക്കുക. മത്സരിക്കേണ്ടിടത്ത് മത്സരിക്കുക. അപകടം വന്നാൽ കൂട്ടമായി പ്രതികരിക്കുക. ഒരു ജീവിക്ക് മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങൾക്കനുസരിച്ച് ഈ തീരുമാനങ്ങൾ എടുക്കേണ്ടിവരുമ്പോൾ, സാമൂഹികബുദ്ധി അതിന്റെ ജീവിതത്തിൽ വലിയൊരു നേട്ടമായിരിക്കാം.
മരിച്ച കാക്കയെ ചുറ്റിയുള്ള കാക്കക്കൂട്ടം: ഒരു ‘അന്ത്യകർമം’ ആണോ?
കാക്കകളുടെ സാമൂഹിക ജീവിതത്തെക്കുറിച്ച് മനുഷ്യരെ ഏറ്റവും കൂടുതൽ ആകർഷിച്ചിട്ടുള്ള ഒരു പെരുമാറ്റമുണ്ട്. ഒരു കാക്ക ചത്തുകിടക്കുമ്പോൾ മറ്റു കാക്കകൾ അതിന്റെ ചുറ്റും കൂടുന്നത്. ശബ്ദമുയർത്തുന്നത്. ചിലപ്പോൾ സ്ഥലത്ത് വീണ്ടും വീണ്ടും മടങ്ങിയെത്തുന്നത്. ഇത് കണ്ടാൽ മനുഷ്യർ സ്വാഭാവികമായും അതിനെ ‘കാക്കകളുടെ സംസ്‌കാരച്ചടങ്ങ്’ എന്ന് വിളിച്ചു. പക്ഷേ, ശാസ്ത്രം ഇവിടെ കുറച്ചുകൂടി സൂക്ഷ്മമാണ്. മരിച്ച ഒരു കാക്കയുടെ സാന്നിധ്യം മറ്റു കാക്കകൾക്ക് അപകടത്തിന്റെ സൂചന ആയിരിക്കാം. ആ സ്ഥലത്ത് ഇരപിടിയന്മാർ ഉണ്ടോ എന്ന് പരിശോധിക്കാനും അപകടകരമായ സ്ഥലം പഠിക്കാനും മറ്റുള്ളവയെ മുന്നറിയിപ്പ് നൽകാനും ഈ കൂട്ടായ പ്രതികരണം സഹായിച്ചേക്കാം. ഇത്തരം പെരുമാറ്റം പ്രകടിപ്പിക്കുന്ന കാക്കകളുടെ മസ്തിഷ്‌ക പഠനത്തിൽ, തീരുമാനങ്ങൾ എടുക്കുന്ന മസ്തിഷ്‌ക ഭാഗങ്ങളാണ് സജീവമായിക്കണ്ടത്.
അതിനാൽ ഇതിനെ മനുഷ്യരുടെ അന്ത്യകർമങ്ങളോട് തുല്യമാക്കുന്നത് ശരിയല്ല. കാക്കകൾ ദുഃഖിക്കുന്നില്ല എന്ന് ഇതിലൂടെ തെളിയിക്കാനും കഴിയില്ല. പറയാനാകുന്നത് ഇത്രമാത്രം:
മറ്റൊരു കാക്കയുടെ മരണം അവയുടെ ശ്രദ്ധ പിടിച്ചുപറ്റുന്നു. അതിനെ അവഗണിക്കുന്നില്ല. അതിനു പിന്നിലെ മാനസിക അനുഭവം എന്താണെന്ന് ശാസ്ത്രത്തിന് ഇപ്പോഴും പൂർണമായി അറിയില്ല. ഇവിടെയും കാക്ക നമ്മെ ഒരു അതിരിൽ നിർത്തുന്നു.
കാക്ക: നഗരപരിസ്ഥിതിയിലെ ഒരു പ്രധാന പങ്കാളി
കാക്ക നഗരത്തിൽ ജീവിക്കുന്നത് എങ്ങനെ? അത് വെറും നമ്മുടെ മാലിന്യം ഭക്ഷിക്കുന്ന പക്ഷിയാണോ, അതോ നഗരത്തിന്റെ തന്നെ ഒരു പ്രധാന പരിസ്ഥിതി പങ്കാളിയാണോ? ഇതിന് ഉത്തരം തേടുമ്പോൾ കാക്കയെ മാലിന്യക്കൂമ്പാരത്തിനരികിൽ നിൽക്കുന്ന ഒരു ശുചീകരണക്കാരനായി മാത്രം കാണുന്നത് പോരാ. 2023-ൽ പ്രയാഗ് രാജിൽ നടത്തിയ പഠനത്തിൽ മനുഷ്യവാസസ്ഥലങ്ങൾ, പാർക്കുകളും റോഡരികുകളും, മാംസ-മത്സ്യ വിപണികൾ, വാണിജ്യ മേഖലകൾ, നഗരസഭയുടെ മാലിന്യ നിക്ഷേപകേന്ദ്രങ്ങൾ, സാംസ്‌കാരിക-മതപരമായ ഇടങ്ങൾ തുടങ്ങി 41 വ്യത്യസ്ത ഇടങ്ങളിൽനിന്ന് കാക്കകൾ ഭക്ഷണം കണ്ടെത്തുന്നതായി ഗവേഷകർ രേഖപ്പെടുത്തി. മനുഷ്യർ ഉപേക്ഷിച്ച ഭക്ഷണം മുതൽ ചത്ത ജീവികൾ, കീടങ്ങൾ, മത്സ്യം, പഴങ്ങൾ, പൂക്കൾ, ചെറിയ ജീവികൾ വരെ അതിന്റെ ഭക്ഷണപ്പട്ടികയിലുണ്ടായിരുന്നു. അതായത് നഗരത്തെ കാക്കയ്ക്ക് ഒരു ‘ഭക്ഷണ ഭൂപട’മായി വായിക്കേണ്ടിവരുന്നു-എവിടെ ഭക്ഷണമുണ്ട്, എപ്പോൾ ലഭിക്കും, ആരോടാണ് അതിനായി മത്സരിക്കേണ്ടത്, എപ്പോൾ മറ്റൊരു ജീവിയുടെ പ്രവർത്തനം തനിക്കൊരു അവസരമാകും എന്നെല്ലാം. ചിലപ്പോൾ ഭക്ഷണം മോഷ്ടിക്കുകയും ഒളിപ്പിക്കുകയും കൂട്ടമായി ഉപയോഗിക്കുകയും ചെയ്യുന്ന കാക്കകൾ, വലുതോ കട്ടിയുള്ളതോ ആയ ജന്തുക്കളുടെ ശവശരീരങ്ങൾ നേരിട്ട് തുറക്കാൻ കഴിയാത്തപ്പോൾ കാട്ടുനായ്ക്കളുടെ പ്രവർത്തനം പ്രയോജനപ്പെടുത്തുന്നതായും നിരീക്ഷിക്കപ്പെട്ടു. നായയും കാക്കയും ഇവിടെ സുഹൃത്തുക്കളല്ല; പലപ്പോഴും മത്സരിക്കുന്നവരാണ്.
എന്നിരുന്നാലും ഒരാളുടെ പ്രവർത്തനം മറ്റൊരാൾക്ക് ഭക്ഷണാവസരം സൃഷ്ടിക്കുന്നു. ഇതാണ് പരിസ്ഥിതിയുടെ സങ്കീർണത-ബന്ധങ്ങൾ എല്ലായ്‌പ്പോഴും സഹകരണമോ മത്സരമോ എന്ന് തരം തിരിക്കാനാവില്ല.
കാക്കകൾ ചില സാഹചര്യങ്ങളിൽ മറ്റു പക്ഷികളുടെ മുട്ടകളേയും കുഞ്ഞുങ്ങളേയും വേട്ടയാടാം, മറ്റു ‘വൃത്തിയാക്കൽ’ (ജൈവാവശിഷ്ടം ഭക്ഷിക്കുന്ന) ജീവികളുമായി ഭക്ഷണത്തിനായി മത്സരിക്കുകയും ചെയ്യുന്നു. അതുകൊണ്ട് നഗരത്തിലെ ഭക്ഷ്യശൃംഖലയിൽ കാക്ക ഒരേസമയം ഉപഭോക്താവ്, ശവം തീനി, ഇരപിടിയന്‍, മത്സരക്കാരൻ എന്നിങ്ങനെ പല വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. അതിനാൽ കാക്കകൾ കുറഞ്ഞാൽ പരിസ്ഥിതി തകരുമെന്ന് പറയുന്നത് അതിരുകടന്ന ലളിതവൽക്കരണമായിരിക്കും; നായകൾ, പരുന്തുകൾ എലികൾ കീടങ്ങൾ സൂക്ഷ്മജീവികൾ തുടങ്ങിയവ കാക്കകൾ ചെയ്യുന്ന പല പരിസ്ഥിതി സംതുലനവേലകളും ഭാഗികമായി ഏറ്റെടുക്കാം. പക്ഷേ, ഒന്നും മാറില്ലെന്നും പറയാനാവില്ല. ആരാണ് ആദ്യം ഒരു ജന്തുവിന്റെ അവശിഷ്ടം കണ്ടെത്തുന്നത്, ആരാണ് അത് തുറക്കുന്നത്, ശേഷിക്കുന്ന ഭക്ഷണം ഏത് സ്പീഷീസുകളിലേക്ക് മാറുന്നു, മത്സരത്തിലും വിഘടനത്തിലും പോഷകപ്രവാഹത്തിലും എന്ത് മാറ്റമുണ്ടാകുന്നു ഇവയെല്ലാം സ്ഥലത്തിനും സാഹചര്യത്തിനും അനുസരിച്ച് മാറാം. വീട്ടുകാക്കയുടെ ജനസംഖ്യാ വിതരണവും ഇന്ത്യയിലുടനീളം ഒരുപോലെയല്ല. പ്രയാഗരാജിലെ ഒരു പഠനപ്രദേശത്ത് 2020 മുതൽ 2022 വരെ കാക്കകളുടെ എണ്ണം ഉയർന്നപ്പോൾ, പഞ്ചാബിലെ മാൽവാ മേഖലയിലെ ചില പ്രദേശങ്ങളിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. പലയിടത്തും പ്രാവുകൾ കൂടുകയോ കാക്കകൾ കുറയുകയും ചെയ്യുന്നതായി നിരീക്ഷണങ്ങൾ ഉണ്ട്. അതുകൊണ്ട് ശരിയായ ചോദ്യം “കാക്കകൾ കുറയുകയാണോ?” എന്നതിലുപരി, “എവിടെയാണ് കാക്കകൾ മാറുന്നത്-എന്തുകൊണ്ട്?” എന്നതാണ്. നഗരത്തിലെ മാലിന്യസംവിധാനം മാറുന്നു, കെട്ടിടങ്ങൾ ഉയരുന്നു, മരങ്ങൾ കുറയുന്നു, മനുഷ്യരുടെ ഭക്ഷണശീലങ്ങൾ മാറുന്നു, പുതിയ അപകടങ്ങൾ ഉണ്ടാകുന്നു; ഓരോ മാറ്റവും കാക്കയ്ക്ക് ഒരു പുതിയ സാഹചര്യം. അത് അതിനോട് എങ്ങനെ പ്രതികരിക്കുന്നു എന്നതാണ് യഥാർത്ഥ കൗതുകം. നഗരം കാക്കയുടെ ആവാസകേന്ദ്രം മാത്രമല്ല, പഠനശാല കൂടിയാണ്!
കൂരിരുട്ടിൻ കിടാത്തിയെന്നാൽ സൂര്യപ്രകാശത്തിനുറ്റ തോഴി...
‘കാക്ക’ എന്ന വൈലോപ്പിള്ളിക്കവിതയിലെ വരികളാണ്.
ശാസ്ത്രശാലയിൽ പഠിക്കപ്പെടുന്നതിന് മുമ്പേ കാക്ക നമ്മുടെ വീടുകളുടെ ഭാഗമായിരുന്നു. കഥകളിലും പഴഞ്ചൊല്ലുകളിലും ആചാരങ്ങളിലും കുട്ടിക്കാലത്തെ ഓർമകളിലും അത് നമ്മോടൊപ്പം ജീവിച്ചിരുന്നു. കാക്ക വിരുന്നുവിളിച്ചാൽ അതിഥികൾ വരുമെന്നത് പഴയ കേരളീയ വിശ്വാസമായിരുന്നു. ശാസ്ത്രീയ പ്രവചനമൊന്നുമല്ലെങ്കിലും മനുഷ്യരുടെ ദൈനംദിന ജീവിതത്തിലെ ചെറിയ മാറ്റങ്ങൾ പോലും ശ്രദ്ധിക്കുന്ന കാക്കയെക്കുറിച്ചുള്ള ദീർഘകാല നിരീക്ഷണത്തിൽ നിന്നാവാം ഇത്തരം വിശ്വാസങ്ങൾ രൂപപ്പെട്ടത്. വാവ് ബലി ഉൾപ്പെടെയുള്ള പിതൃസ്മരണാ ആചാരങ്ങളിൽ കാക്കയ്ക്ക് ലഭിക്കുന്ന സ്ഥാനം ഈ സാന്നിധ്യത്തിന്റെ മനോഹരമായ ഉദാഹരണമാണ്. പഞ്ചതന്ത്രത്തിൽ തന്ത്രശാലിയായ കാക്കയായും പുരാണത്തിൽ ശനിദേവന്റെ വാഹനമായും ജനജീവിതത്തിൽ പൂർവികരുടെ ഓർമയുമായി ബന്ധമുള്ള പക്ഷിയായും ആധുനിക ശാസ്ത്രത്തിൽ പഠിക്കപ്പെടുന്ന ഒരു ബൗദ്ധിക ജീവിയായും കാക്ക പല രൂപങ്ങളിൽ നമ്മുടെ മുന്നിലെത്തുന്നു. അർത്ഥങ്ങൾ മനുഷ്യർ നൽകിയവയായിരിക്കാം; പക്ഷേ, അവയെല്ലാം ആരംഭിച്ചത് ഒരു കാര്യത്തിൽ നിന്നാണ്. നാം കാക്കയെ വളരെക്കാലമായി ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നു!
നമുക്ക് വീണ്ടും ആ ചെറിയ എണ്ണവിളക്കിനരികിലേക്ക് മടങ്ങാം. കത്തുന്ന തിരി കാക്ക എടുത്തു, തീ അണച്ചു, പിന്നെ അത് ഭക്ഷിച്ചു. ആ നിമിഷത്തിൽ കാക്കയുടെ മനസ്സിൽ എന്താണ് സംഭവിച്ചതെന്ന് നമുക്കറിയില്ല-അത് മുൻ അനുഭവത്തിൽനിന്ന് പഠിച്ചതായിരുന്നോ, തീയുടെ അപകടം തിരിച്ചറിഞ്ഞതായിരുന്നോ, ഭക്ഷണത്തിലേക്കുള്ള ഒരു പുതിയ വഴി പരീക്ഷിച്ചതായിരുന്നോ, അതോ കൗതുകവും അനുഭവവും ചേർന്ന് രൂപപ്പെട്ട ഒരു പെരുമാറ്റമായിരുന്നോ? ശാസ്ത്രത്തിന് ഇപ്പോഴും അതിന് അന്തിമമായ ഉത്തരമില്ല. പക്ഷേ, ഒരുപക്ഷേ, അതാണ് ഈ സംഭവത്തിന്റെ ഏറ്റവും വലിയ കൗതുകം. കാക്ക ബുദ്ധിമാനാണോ എന്ന ചോദ്യത്തെക്കാൾ രസകരമാണ്, നമ്മുടെ കൺമുന്നിൽ ഇത്രയും കാലം ജീവിച്ചുകൊണ്ടിരിക്കുന്ന ഒരു ജീവിയെ നാം എത്രമാത്രം യഥാർത്ഥത്തിൽ മനസ്സിലാക്കിയിട്ടുണ്ട് എന്ന ചോദ്യം! നമ്മുടെ നഗരങ്ങളെ വായിച്ചും മനുഷ്യരുടെ ശീലങ്ങളിൽനിന്ന് പഠിച്ചും സ്വന്തം കൂട്ടത്തിന്റെ ലോകത്ത് ഓർമ, തീരുമാനങ്ങളെടുക്കൽ ഒക്കെ ചെയ്തുകൊണ്ടും ജീവിക്കുന്ന കാക്ക, നമ്മുടെ ഏറ്റവും പരിചിതമായ വന്യജീവികളിലൊന്നാണ്. ഒരുപക്ഷേ, പ്രകൃതിയിലെ അതിശയകരമായ ജീവികളെ കണ്ടെത്താൻ എല്ലായ്‌പ്പോഴും ദൂരെയുള്ള കാടുകളിലേക്ക് പോകേണ്ടതില്ല. ചിലപ്പോൾ നമ്മുടെ സ്വന്തം മുറ്റത്തേക്ക് ഒന്ന് നോക്കിയാൽ മതി. അടുത്ത തവണ ഒരു കാക്കയെ കാണുമ്പോൾ, ഒരുപക്ഷേ, നാം അതിനെ വെറും ‘കാക്ക’യായി കാണാതെ കുറച്ചുനേരം കൂടി നോക്കും. അത് എന്താണ് കാണുന്നത്, എന്താണ് ഓർക്കുന്നത്, എന്താണ് പഠിക്കുന്നത് എന്ന് നമുക്ക് അറിയില്ല; പക്ഷേ, നമ്മുടെ പരിചിതമായ ലോകത്തിനുള്ളിൽ അതിന്റേതായ ഒരു ലോകം അതും വായിച്ചുകൊണ്ടിരിക്കുകയാണ്. കാക്ക ഒരിക്കലും ഒരു സാധാരണ പക്ഷിയായിരുന്നില്ല; അതിനെ വളരെ പരിചിതമായി കണ്ടതുകൊണ്ടാണ് നാം അത് ശ്രദ്ധിക്കാതെ പോയത്.
References
Sarlin, P.J., Morris, S., Morris, S., Morris, S., Joseph, P., Sherly, D., et al. (2023). First report of house crow Corvus splendens removing burning cotton wicks from oil lamps, extinguishing and eating. Avian Biology Research, 16(2), 75-80.
Weir, A.A.S., Chappell, J., & Kacelnik, A. (2002). Shaping of hooks in New Caledonian crows. Science, 297(5583), 981. https://doi.org/10.1126/science.1073433.
Giri, T., & Garcia-Pelegrin, E. (2025). Opportunistic tool use by two unexpected corvid species. Ecology and Evolution, 15(5), e71314. https://doi.org/10.1002/ece3.71314.
Kumar, P., & Ojha, A.K. (2023). Some aspects of feeding ecology and behaviour of House Crow (Corvus splendens) in an urban habitat of city Prayagraj (U.P.), India. Journal of Applied Biology & Biotechnology, 11(1), 45-50.
Marzluff, J.M., Walls, J., Cornell, H.N., Withey, J.C., & Craig, D.P. (2010). Lasting recognition of threatening people by wild American crows. Animal Behaviour, 79(3), 699-707
Lowther, E.H.N. (1938-1939). Notes on some Indian birds-III. Birds in my garden. Journal of the Bombay Natural History Society, 40(3), 409-424.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates