കോട്ടയത്തുനിന്നും നാലഞ്ച് മണിക്കൂർ വണ്ടിയോടിച്ച് തളർന്നാണ് എത്തിയത്. റൂമെടുത്ത് ഫോൺ നോക്കിയപ്പോഴാണ് ആദ്യം വന്നുകിടക്കുന്ന ആ വാട്‌സാപ്പ് മെസേജ് കണ്ടത്.
“ഈ വർഷം നിങ്ങളുണ്ടോ?”
നീ വാട്‌സാപ്പൊക്കെ വീണ്ടും എടുത്തോ എന്നായിരുന്നു ചോദിക്കാനാഞ്ഞത്. പക്ഷേ, വർഷങ്ങൾക്കു ശേഷമുള്ള ഒരു സ്നേഹാന്വേഷണത്തെ വളരെ മാന്യവും മിനിമലുമായ ഒരു മറുപടികൊണ്ട് മറികടക്കുവാൻ എന്റെ ബുദ്ധി എന്നെ ഉപദേശിച്ചു.
“വന്നിട്ടുണ്ട്. കാണാം.”
നന്നായിട്ടുണ്ടടാ. അതു മതി, ഒരേസമയം ലളിതവും സ്നേഹനിർഭരവും. ബാഗിന്റെ സൈഡിലിരിക്കുന്ന മിനിമലിസ്റ്റിന്റെ സൺസ്‌ക്രീൻ എന്നെ നോക്കി പല്ലിളിച്ചു.
അവളെ കാണണോ? അതോ സിനിമ കാണണോ? ഓരോ സമയവും ബുദ്ധിയും യുക്തിയും ഹൃദയവും മനസ്സും പരസ്പരം മത്സരിച്ചുകൊണ്ടിരുന്നു. ഞങ്ങൾ അവസാനമായി കണ്ടതെന്നാണ്? ഏതോ ഒരു ബസ് യാത്രയ്ക്കിടയിൽ ഇറങ്ങും മുൻപൊരു നോട്ടം. അവളെന്നെ അന്ന് മുൻപേ കണ്ടിരുന്നു. വിളിക്കേണ്ടെന്ന് കരുതിയിരുന്നു കാണും. ഇറങ്ങും മുൻപ് ഒരു തീക്ഷ്ണമായ നോട്ടം കൊണ്ട് ഉഴിഞ്ഞിറങ്ങിപ്പോയി. അന്ന് ബസ്സു നിർത്തുന്ന ഓരോ സ്റ്റോപ്പിലും എന്റെ ഉള്ള് വിങ്ങി. ഫോണിലൂടവനയച്ച മെസ്സേജുകളൊന്നും സീനാവുന്നില്ല. കാലം ഇങ്ങനെ കുറേ കടന്നുപോയി. എന്തോ കാരണം സോഷ്യൽ മീഡിയയിൽനിന്നും വിട്ടുനിൽക്കാൻ തീരുമാനിച്ചു എന്നു മാത്രം പറഞ്ഞു. അതായിരുന്നു അവസാന വിളി. എനിക്കുറപ്പാണ് അതെന്നെപ്പോലെ വളരെ ചുരുക്കമാളുകൾക്കു മാത്രം ലഭിച്ച അറിയിപ്പാണ്.
ഫോൺ വിളിച്ചാൽ റിംഗ് ചെയ്തു തീരുന്നു. എടുക്കാതായെങ്കിലും എന്നെ മാത്രം ബ്ലോക്ക് ചെയ്തില്ല. എന്താവും കാരണം? എന്തിനാവും ഇനി സോഷ്യൽ മീഡിയയിൽ ഉണ്ടാവില്ല എന്ന് എന്നെ വിളിച്ച് പറഞ്ഞത്? ഇങ്ങനെ ചില ചിന്തകളുമായി കുറേക്കാലം നടന്നു. പിന്നീട് മറന്നുപോയതാണ്. മനപ്പൂർവമല്ല! കാലം മറ്റു ചിലത് മാത്രം ഓർക്കാൻ നിർബന്ധം പിടിച്ചപ്പോൾ വിട്ടുപോയതാണ്.
രജീഷ്ണ ബന്ദോപധ്യായേയും അവൾക്കുമേൽ ഞാനും അവളും ഒന്നിച്ചുണ്ടാക്കിയ മുറിവുകളേയും മറക്കരുതാത്തതാണ്.
“എന്റെ അമ്മ മലയാളിയായിരുന്നതിനാൽ അവർക്ക് മലയാളികളെ തീരെ ഇഷ്ടമില്ല. പക്ഷേ, ഞാൻ അമ്മയല്ല, അതുകൊണ്ട് എനിക്ക് നിങ്ങളെ ഇഷ്ടമാണ്.” മസ്‌കറ്റ് ഹോട്ടലിലെ റൂബായിയാത്ത് ബാറിൽ രണ്ട് ബഡൈ്വസറും പറഞ്ഞിരുന്ന് അവൾ തന്റെ പാതിവെന്ത മലയാളത്തിൽ പറഞ്ഞുതുടങ്ങി.
“മലയാളി മെമ്മോറിയൽ നടന്ന പത്മനാഭന്റെ മണ്ണിലിരുന്നാണ് നീ അവരാതമൊക്കെ പറയുന്നത്.”
ഇടയ്‌ക്കൊന്ന് പിടിവിട്ടുപോയി.
What is Malayali Memorial? What do you mean by Avaratham?
പിന്നീടങ്ങോട്ടുണ്ടായത് ഓർക്കാൻ ഞാൻ ഇഷ്ടപ്പെടാത്ത ചിലതാണ്.
റൂമെടുക്കാൻ പ്ലാൻ ചെയ്തു തുടങ്ങുന്ന ചാറ്റുകളും സംസാരങ്ങളും അവസാനം വലിയ വഴക്കുകളിൽ ചെന്നവസാനിക്കുന്നത് ഏതോ മുജ്ജന്മ ശാപമായി പലപ്പോഴും തോന്നും.
എല്ലാ ഡേറ്റും അങ്ങ് സെറ്റാവണമെന്നില്ലല്ലോ മിസ് ബന്ദോപധ്യായ പറയും. സത്യത്തിൽ ഒരു ബംഗാളി കാമുകി തനിക്കുണ്ടെന്ന് പറയുവാനായിരുന്നു ഞാൻ അവളെ നോക്കിത്തുടങ്ങിയത്. സിവിൽ സർവീസ് അക്കാദമിയിൽ അദ്ധ്യാപകനായിരുന്ന സമയത്ത് മലയാളം പഠിക്കാൻ അമ്മയോടുള്ള വാശിപ്പുറത്തെത്തിയതായിരുന്നു രജീഷ്ണ.
“രജീഷ്ണ ബന്ദോപധ്യായ, Are you a Bengali?”
“എനിക്ക് മലയാളമറിയാം സാർ.”
ചിലുങ്ങിച്ചിലുങ്ങിയുള്ള ആ പറച്ചിൽ ക്ലാസ്സില്‍ ചിരി പടർത്തി. പിന്നീടെപ്പോഴോ ആ തറച്ച നോട്ടമായിരുന്നു എന്നെ കുലുക്കിയത്. ഉറപ്പുള്ള ചില നോട്ടങ്ങൾ നമ്മുടെ ആത്മവിശ്വാസത്തെയാകെ കൊടുത്തിക്കളയാറുണ്ട്. അങ്ങനെയാവും പതിയെ അവളെന്നിൽ ആധിപത്യം സ്ഥാപിച്ചത്. വെറും ആധിപത്യമല്ല സമഗ്രാധിപത്യം.
“നിങ്ങൾ ഇത്രയും പാവമായിരുന്നെന്നറിഞ്ഞിരുന്നെങ്കിൽ ഞാൻ തന്നെ പ്രേമിക്കില്ലായിരുന്നു. എന്തൊരാരാധനയായിരുന്നു അന്നെനിക്ക്.”
അത് പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ പഴയതുപോലെ ചലിച്ചത് ഒരു ആത്മനിന്ദയോടെ അയാൾ നോക്കിനിന്നു.
“നിനക്ക് ഇപ്പോഴും സമയമുണ്ട്. പാവം.., മലയാളി, അങ്ങനെ എന്തും പറഞ്ഞ് ഇറങ്ങിപ്പോവാം. ഞാൻ പിറകെ വരില്ലന്നറിയാമല്ലോ?”
“നിങ്ങൾ വരില്ലായിരിക്കാം. പക്ഷേ, എനിക്ക് എന്നെത്തന്നെയാണ് പേടി.” പിന്നെയും എന്തൊക്കെയോ ഞങ്ങളുടെയിടയിൽ സംഭവിച്ചു. പലതും പകുതിവച്ച് മുന്നോട്ടോർമിക്കാൻപോലും ഇഷ്ടപ്പെടാത്തവ.
രജീഷ്ണയുടെ പുതിയ മെസ്സേജ് ഫോണിന്റെ വിൻഡോ ഷട്ടറിനു മുന്നിൽ വാതിൽ തുറക്കാനായി എത്തിനോക്കുന്നു. ഒന്നു നിശ്വസിച്ചതിനു ശേഷം ഞാൻ ആ മെസ്സേജ് തുറന്നു.
ഒരു ലൊക്കേഷനാണ്. കൂടെ ഒരു മെസ്സേജും.
“രാത്രി ഒരുപാട് ലേറ്റാവരുത്. പണ്ട് മുടങ്ങിപ്പോയതൊക്കെ നമുക്കു പരീക്ഷിക്കാം. അധികമൊന്നും പ്രതീക്ഷിക്കേണ്ട. എനിക്കും ഒന്ന് കൂളാവണം.”
ശരി എന്നുമാത്രം ഞാൻ മറുപടി കൊടുത്തു.
ഇന്നോ നാളെയോ? അവൾക്കിതെന്തുപറ്റി. സിനിമ കാണണ്ടേ. എന്റെ പ്രയോറിറ്റികൾക്കു മുകളിൽ ഞാൻപോലും അറിയാതെ ചില ഹോർമോണുകൾ സ്ഥാനം പിടിച്ചിരിക്കുന്നു. നാലഞ്ച് മണിക്കൂറുകൾ, തുടർച്ചയായ യാത്രകൾ, ക്ഷീണം എവിടെയോ പുറന്തള്ളപ്പെടുകയും വൈദ്യുതി പ്രവഹിക്കുന്നതുപോലെ ഊർജം ഇരച്ചെത്തുകയും ചെയ്തു. ഒന്ന് കുളിച്ചാൽ ക്ഷീണം മാറിക്കൊള്ളുമെന്ന് തലച്ചോറിന്റെ ഏതോ ഭാഗത്തിരുന്ന് ഒരു മുറിവൈദ്യൻ പറയുന്നു.
മനുഷ്യശരീരം ഒരു വിചിത്രഭൂമികതന്നെ!
ഞാൻ ആരോടെന്നപോലെ പറഞ്ഞുചിരിച്ചു. കൃത്യമായി നോക്കിയാൽ അഞ്ചിൽ താഴെ കിലോമീറ്ററുകൾ. ട്രാഫിക്ക് ഉള്ളതിനാൽ ഇരുപത് മിനിട്ട് അരമണിക്കൂറാവും. എങ്കിലും സാരമില്ല. “മീൻ കിട്ടണേലും പെണ്ണു കിട്ടണേലും ഒരു സമയമുണ്ട് മാൻ” എന്നു പറഞ്ഞ അമലിനെ ഒന്നു കാണാമല്ലോ? ഞാൻ പതിയെ മുറിപൂട്ടി ഇറങ്ങി. മുൻവശത്തെവിടെയോ ഒരു മെഡിക്കൽസ്റ്റോർ കണ്ടിരുന്നതുപോലെ ഒരോർമ. ഒരു മിന്നായംപോലെ ഒന്ന്. ഹോട്ടൽ തപ്പിപ്പിടിക്കാനുള്ള ശ്രമത്തിൽ ഇതൊക്കെ ആര് ശ്രദ്ധിക്കാൻ. സീസണായതിനാൽ ഇവിടെത്തന്നെ മുറി കിട്ടിയത് ഏതോ ഭാഗ്യം. അല്ലെങ്കിൽത്തന്നെ ഇങ്ങനെയൊരു പ്ലാൻ ഇവിടെ എത്തി റൂമെടുക്കും വരെ പോലും ഇല്ലായിരുന്നല്ലോ. സിംഗിൾ റൂം മാറ്റി ഡബിൾ ആക്കിയാലോ? റിസപ്ഷനിലിരിക്കുന്ന ആ വയസ്സൻ പിശക് മാനേജറെ കണ്ടപ്പോൾ അതത്ര നല്ല ബുദ്ധിയല്ലന്ന് തോന്നി. എന്തായാലും നടന്നുതന്നെ നോക്കാം. ഈ ട്രാഫിക്കിൽ ബൈക്ക് എടുക്കുന്നത് നന്നാവില്ല. പിന്നെ എതെങ്കിലും ആപ്പ ഊപ്പ പോരല്ലോ നമ്മുടെ സ്വന്തം ബ്രാൻഡ് തന്നെ വേണ്ടേ! ഞാൻ ഉള്ളിലൊന്ന് സന്തോഷിച്ചു. മുൻപുണ്ടായ കലഹങ്ങളൊക്കെ ഇങ്ങനെയൊരു പുണ്യദിനത്തിനാവണം!
ഫെസ്റ്റിവലിന്റെ ബാഗിലേയ്ക്ക് ഒന്ന് ഊളിയിട്ട് നോക്കിയിട്ട് അണ്ണൻ സ്വന്തം ബ്രാൻഡ് എടുത്തു തന്നു. ഇനി രണ്ട് ബഡൈ്വസറും കൂടി. നടന്നു നടന്ന് കൊഴുപ്പ് അലിയുന്നത് ഇളം കാറ്റിൽ ഞാനറിഞ്ഞു.
പെട്ടെന്നാണ് ഫോൺ റിംഗ് ചെയ്തത്.
“ഞാൻ പറഞ്ഞതല്ലേ ഒരുപാട് താമസിക്കരുതെന്ന്. ഇവിടെ അകത്തേയ്ക്ക് കേറിവരണം. ബൈക്ക് പോവും. വേഗം പോര്.”
“ശരി, വേഗം വരാം” എന്നുമാത്രം പറഞ്ഞ് ഞാൻ ഫോൺ കട്ട് ചെയ്തു. ബഡൈ്വസർ നാളെയാകാം എന്ന ചിന്ത വന്നപ്പോഴേ ഇതൊരു സ്ഥിരം പരിപാടിയാക്കാനാണോ പണി എന്ന ചോദ്യം എവിടെയോ പൊന്തിവന്നു. “ഇടയ്ക്കൊരു സിനിമയെങ്കിലും കാണഡേയ്” ഉള്ളിലൊരുത്തൻ പഴയ മുകേഷ് സിനിമകളുടെ ലൈനിൽ ഒരു വഷളൻ ഡയലോഗ് പായിച്ചു.
ഇനി വേഗം നടക്കണം. ഹോട്ടലിലാണ് ബൈക്ക്. ചെന്ന് കുളിച്ചു വേണം ഇറങ്ങാൻ. മെഡിക്കൽഷോപ്പ് തപ്പി നടന്നുപോയത് കിലോമീറ്ററുകളായിരുന്നെന്ന് തിരിച്ചുള്ള നടത്തം പറഞ്ഞുതന്നു. നല്ലൊരു കുളി. അതും എക്‌സ്ട്രാ വൃത്തിയുള്ള കുളി. കുളികഴിഞ്ഞിറങ്ങിയപ്പോൾ വീണ്ടും പതിനഞ്ച് മിനിറ്റ് ലേറ്റ്. ഇനി ഇതിന്റെ പേരിലാവും കലഹം. നല്ലതു മാത്രം സംഭവിക്കണേ എന്നാരോ ഉള്ളിലിരുന്ന് പ്രാർത്ഥിക്കുന്നു.
ഫോണിലെ ലൊക്കേഷനിൽ വളവും തിരിവുമുള്ള കുറേ വഴികൾ. കുറേ ഇടവഴികൾക്കു ശേഷം അവളുടെ ലൊക്കേഷൻ ചുവന്ന അക്ഷരത്തിൽ മിന്നിനിൽക്കുന്നു. ചുവന്ന രക്തം സിരകളിലൂടൊഴുകി ചിലയിടങ്ങളിൽ മാത്രം പമ്പുചെയ്തു തളരുന്നതുപോലെ ഗൂഗിൾ മാപ്പിലെ ആ റൂട്ടും എങ്ങോ എന്നെ സംവഹിച്ചു കൊണ്ടുപോകുന്നു. എവിടെനിന്നോ ഒരു തളർച്ച, രസമുള്ള തളർച്ച സിരകളേയും എന്നെയാകെയും ബാധിക്കുന്നു.
വഴി ഒന്നുകൂടി ഉറപ്പിച്ച് ബൈക്കുമെടുത്ത് ഹോട്ടലിൽ നിന്നിറങ്ങി.
“ബാക്കി പണം കൂടി അടയ്ക്കണം” കൗണ്ടറിലിരുന്ന ജ്ഞാനവൃദ്ധൻ മുരണ്ടു.
“ഞാൻ കുറച്ചു ദിവസം കഴിഞ്ഞേ വെക്കേറ്റ് ആവുകയുള്ളു.”
“മടങ്ങിവന്നിട്ട് മതി.”
“ഞാനിന്ന് രാത്രി കാണില്ല. വെളുപ്പിനെ ആവും.”
“ശരി. എന്നിട്ടാവാം.”
ഞാനെന്തിനാണ് എന്റെ പോക്കും വരവും ഇത്ര വിശദമായി അയാളാട് സംസാരിച്ചത്. ഒരു വൃദ്ധനെ കണ്ടപ്പോൾ ഉണ്ടായ പാപബോധമായിരിക്കുമോ? അതോ വീട്ടിലെ ആരോടോ തോന്നിയ രൂപസാദൃശ്യമോ. ചിന്തിച്ചു നിൽക്കാൻ നേരമില്ല. വേഗം ലൊക്കേഷനിൽ എത്തണം. നാളെ അതിരാവിലെ മടക്കം. അതാണ് പ്ലാൻ. ഈ പ്ലാനുകളൊക്കെ അവൾക്കറിയാമോ? അവളുടെ പ്ലാനുകൾ എന്താവാം? ഏതായാലും ബൈക്ക് സ്റ്റാർട്ട് ചെയ്ത് മുന്നോട്ടു കുതിച്ചു. രാത്രിയിൽ നഗരത്തിലെ ട്രാഫിക്ക് ലൈറ്റുകൾ പ്രത്യേക കാഴ്ച തന്നെയാണ്. ഇരുട്ടിന്റെ കറുപ്പിനെ ലൈറ്റുകളുടെ പച്ചയും മഞ്ഞയും ചുവപ്പും നിറമുള്ള തീ വെളിച്ചം കീറിമുറിച്ചുകൊണ്ടിരുന്നു. വളരെ പതിയെ നീങ്ങുന്ന വാഹനങ്ങളിൽ രാത്രി ആലസ്യം നിറച്ചിരിക്കുന്നു. കറുപ്പും ചുവപ്പും നിറഞ്ഞ സിഗ്‌നൽ ലൈറ്റുകളുടെ കോമ്പിനേഷനാണ് എനിക്കേറെ ഇഷ്ടപ്പെട്ടത്. രതിയും അഗ്നിയും ഒന്നിക്കുന്നതുപോലെ പാപവും മനുഷ്യനും ചേരുന്നതുപോലെ ഒരു സർപ്പദൃശ്യം. മോട്ടോർസൈക്കിളിന്റെ വെളിച്ചം ഇരുട്ടിനേയും അഗ്നിയേയും ഒന്നിച്ച് കീറിമുറിച്ച് കടന്നുപോയി. മാപ്പിലെ തടിയൻ വരകൾ ചെറിയ നാരുകൾക്ക് വഴിമാറിക്കൊടുത്തുകൊണ്ടിരിക്കുന്നു. മെയിൻ വഴിയിൽനിന്നും വഴി രണ്ടായിപ്പിരിയുന്നു. രജീഷ്ണയുടെ വോയിസ് ഒന്നുകൂടി പ്ലേ ചെയ്തുകളയാം. ഒരു ഉറപ്പിനായി. ശരിയാണ് ഈ വഴി തന്നെ. മെയിൻ റോഡിൽനിന്നും ഇടത്തേയ്ക്കുള്ള വഴി. ഗൂഗിൽ അഭിനന്ദിക്കുന്നു. കൃത്യമായ ടേൺ തന്നെ. മുന്നോട്ടു പോയതിനുശേഷം വീണ്ടും ഇടവഴി. അവളെ ഒന്നു വിളിച്ചുനോക്കിയാലോ? യുക്തി പറയുന്നത് ശ്രദ്ധിക്കാം. മാപ്പ് ഇടവഴികളിൽ പലപ്പോഴും ശോകമാണ്. രജീഷ്ണയെ വിളിക്കാം. ഇരുട്ടും സ്ട്രീറ്റ്‌ലൈറ്റിന്റെ പേടിപ്പിക്കുന്ന മഞ്ഞ വെളിച്ചവും കിതപ്പും. എന്തോ സംഭവിക്കുവാൻ പോകുന്നു എന്നു പറഞ്ഞു പേടിപ്പിക്കുന്ന അന്തരീക്ഷവും.
മുന്നോട്ടു പോകുംതോറും വഴി തീരുന്നു. യാത്രയുടെ ക്ഷീണം കണ്ണിലേയ്ക്ക് അരിച്ചെത്തുന്നത് ഒരു തോന്നലാണോ? ഇവൾക്കൊന്ന് ഇറങ്ങിവന്നു നിന്നുകൂടെ. ഈ കുടുസു സ്ഥലത്ത് എന്തിനു വന്നു താമസിക്കുന്നു? ഇങ്ങനെയുള്ള സന്ദർഭവുമായി ഒട്ടും യോജിക്കാത്ത ചിന്തകൾ തലച്ചോറിനുള്ളിലൂടെ ഒഴുകുന്നത് ഭയം കൊണ്ടായിരിക്കണം. നഗരങ്ങളിലെ ജനത മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെടാതെ സ്വന്തം കാര്യം നോക്കി ജീവിക്കുന്നവരാണ് എന്ന ചിന്തമാത്രമാണ് ഇപ്പോൾ ബലം നൽകുന്നത്.
രജീഷ്ണയുടെ കോൾ...
“നിങ്ങൾക്ക് വഴിതെറ്റിയല്ലേ”
“ഇതേത് വഴി എന്ന അവസ്ഥയിലാണ് ഞാൻ.”
“എന്തു പറ്റി?”
“നീ പറഞ്ഞ ആ ടേണിങ്ങില്‍ വഴി അവസാനിച്ചങ്ങനെ നിൽക്കുന്നു.”
“അവിടെനിന്നും വലത്തേയ്ക്ക് നോക്കിയാൽ ഒരു ഇടവഴി കാണാം. ആ വഴി ഇങ്ങ് കയറിപ്പോര്.”
അവൾ ഫോൺ കട്ടാക്കിയതും എന്റെ ബൈക്കിനു പുറകിലായി മറ്റൊരു ബൈക്ക് നിർത്തിയതും ഒന്നിച്ചായിരുന്നു. സി.ബി.ആർ 650 ആ വെപ്രാളത്തിനിടയിലും തലച്ചോർ ആ ഡേറ്റയെ എവിടെനിന്നോ ചികഞ്ഞെടുത്തു. ഭാഗ്യം സി.ബി.ആർ ഓടിക്കുന്ന ആ പയ്യൻ ഭാവഭേദങ്ങളൊന്നുമില്ലാതെ ഇറങ്ങി അടുത്തുള്ള ഗേറ്റ് തള്ളിത്തുറന്ന് അപ്രത്യക്ഷനായി. ഇടത്തുള്ള ആ ചെറിയ വഴി നേരെ കയറിപ്പോരുക എന്നുവെച്ചാൽ. എത്രമാത്രം പോരണം? വഴി എവിടെ അവസാനിക്കും? ചോദ്യങ്ങളും ഉത്തരങ്ങളും തേടാൻ ഇവിടെ ആളില്ല. എല്ലാ വീടുകളിലും ലൈറ്റുകൾ അണഞ്ഞിരിക്കുന്നു. ഇടവഴി അവസാനിക്കുന്ന ഒരിടത്ത് നിൽക്കുന്നു. വലത്തേയ്ക്കുള്ള ചെറിയ വഴി എവിടെ അവസാനിക്കും എന്നറിയില്ല. കുറച്ചുകൂടി നേരത്തെ വരാമായിരുന്നു. രജീഷ്ണയെ ഈ സമയത്ത് വീണ്ടും വിളിക്കുന്നത് ചുറ്റും ആരെങ്കിലും നിരീക്ഷിക്കുന്നണ്ടെങ്കിൽ അവർക്ക് കാര്യങ്ങൾ വ്യക്തമാവുന്നതിലേയ്ക്ക് നയിക്കും. അതു വേണ്ട, നേരെ ഇടത്തേയ്ക്ക് തിരിയാം വരുന്നത് വരട്ടെ. ഞാൻ മുന്നോട്ടുതന്നെ പോയി. ഇടുങ്ങിയ വഴിയിലൂടെ ബൈക്ക് കയറിപ്പോകുന്നു. ചുറ്റും വലിയ മതിലുകൾ. മതിലുകളുടെ ഇടയിൽ മോട്ടോർസൈക്കിളിന്റെ ശബ്ദം കൂടുതൽ പ്രതിധ്വനിക്കുന്നു. മോട്ടോർസൈക്കിളിന്റെ എക്സ്‌ഹോസ്റ്റിലൂടെയുള്ള ‘തമ്പ്’ ഹൃദയത്തിന്റെ മിടിപ്പിൽനിന്നാവും രൂപപ്പെട്ടിട്ടുണ്ടാവുക എന്ന ചിന്ത എന്നെക്കടന്നുപോയി. മുന്നോട്ടു പോകുംതോറും ഇരുട്ടിനെ മുറിച്ചുകൊണ്ട് ഹെഡ്‌ലൈറ്റിന്റെ പ്രകാശസൂചിമുനകൾ കടന്നു പൊയ്‌ക്കോണ്ടിരുന്നു. ഒരു ഘട്ടമെത്തിയപ്പോൾ ഇടതുവശത്തായി ഒരു വീടിന്റെ ഓരമെന്ന് തോന്നിക്കുന്ന ഭാഗത്ത് കുറച്ച് ബൈക്കുകൾ നിരത്തിവച്ചിരിക്കുന്നു. അതൊന്നും ഒരു വീടിന്റെ വഴിയാവില്ല എന്നൊരു ചിന്ത അപ്പോൾ തോന്നിയത് പിന്നീട് വിനയായി. വഴി നേർത്തുവരുന്ന ഭാഗത്തേയ്ക്കായി മുന്നോട്ടു പോവുന്നതിനാണ് എനിക്കപ്പോൾ തോന്നിയത്. ഇതിന്റെ അവസാനമെന്തെന്നറിയുവാനുള്ള ഒരു ത്വര മനുഷ്യരിൽ ചിലപ്പോഴൊക്കെ ഉണ്ടാവാറുണ്ടല്ലോ. അതുപോലെ എന്തോ ഒന്ന് എനിക്കും സംഭവിച്ചിരിക്കാം. ഞാൻ മുന്നോട്ടങ്ങ് പോയി. ഇതു ഭിത്തികളും ചേർന്ന് എന്റെ മോട്ടോർസൈക്കിളിന്റെ മിററുകളെ ഞെരുക്കിത്തുടങ്ങിയിട്ടും എന്തോ ഒരു ചേതന എന്നെ മുന്നോട്ടു നയിച്ചു. ഇടുങ്ങിയ വഴിയിലെവിടെയോ പിന്നങ്ങോട്ട് ഭയം തോന്നുന്നില്ല. എക്സ്‌ഹോസ്റ്റിലെ തമ്പ് പ്രശ്നമായിത്തുടങ്ങി. ആ പ്രദേശത്തുള്ള പട്ടികൾ ഓരോന്നായി കുരച്ചുതുടങ്ങി. കാര്യങ്ങൾ കൈവിട്ടുപോകുന്നുവോ? വഴി എവിടെച്ചെന്ന് അവസാനിക്കും? മുന്നോട്ടുള്ള വഴിയിൽ ഒരു ഗേറ്റ് കാണുന്നു. ദൗർഭാഗ്യം വീണ്ടും എന്റെ തലയ്ക്കടിക്കുന്നു - ആ ഗേറ്റ് താഴിട്ടു പൂട്ടിയിരിക്കുന്നു. വഴി പൂർണമായി അവസാനിച്ചിരിക്കുന്നു. വഴി ഇനി മുന്നോട്ടു പോകണമെങ്കിൽ ഗേറ്റ് തുറക്കണം. ഞാൻ ഏതാണ്ട് പൂർണമായും പെട്ടിരിക്കുന്നു. കുറച്ചുകൂടി തെളിച്ചുപറഞ്ഞാൽ ലോക്കായിരിക്കുന്നു. ചുറ്റുമുള്ള ആളുകൾ അവരുടെ ഇരുവശങ്ങളിലെ ലൈറ്റുകൾ തെളിക്കുന്നു. പട്ടികളുടെ കുര അസഹ്യമായിത്തോന്നുന്നു. ഇതിവിടെ വച്ചതിനുശേഷം നടന്നുപോവുകയാണോ ഇനി വേണ്ടത്. ഒരാളിന് ഒറ്റയ്ക്കുനടന്നു പോവാൻ കഴിയുന്ന ഒരു ചെറുവഴി വലതുവശത്തുണ്ട്. പക്ഷേ, വാഹനം എങ്ങനെ തിരിക്കും. എങ്ങോട്ടേലും ഒന്ന് ഓടിയാലോ? രണ്ടും കല്പിച്ച് രജീഷ്ണയെ വിളിക്കാം. എന്തും സംഭവിക്കട്ടെ. പട്ടികളുടെ കുര കൂടിക്കൂടി വരുന്നു.
“രജീഷ്ണ. ഞാൻ ഏതാണ്ട് ഭൂമിയുടെ അറ്റത്തെത്തിയെന്ന് തോന്നുന്നു.”
“എന്ത്?”
“നീ പറഞ്ഞ വഴിയിലൂടെ കയറിപ്പോയി ഒരു പൂട്ടിയിട്ട ഗേറ്റിന്റെ അറ്റത്ത് നിൽക്കുവാണ്. ഒന്നുകില്‍ ഗേറ്റ് തുറക്കണം. അല്ലെങ്കിൽ ഞാൻ ഓടും.”
“നിങ്ങൾ മണ്ടത്തരമൊന്നും കാണിക്കരുത്, ഞാൻ ഇറങ്ങിവരാം. ഓടിയാൽ നാട്ടുകാര് കൂടിയിട്ട് ഇടിക്കും. ആ ഇടവഴിയിലൂടെ മുന്നോട്ട് പോകണ്ടായിരുന്നു. കുറച്ച് ബൈക്കുകൾ വച്ചിരിക്കുന്നിടത്തുതന്നെ പാർക്ക് ചെയ്ത് മുന്നോട്ടു നടന്നാൽ മതിയായിരുന്നു. സ്റ്റെയറിൽ ഞാനുണ്ടായിരുന്നു.”
“ഇനി എന്തുചെയ്യുമെന്ന് പറയൂ. ബൈക്കെന്നാൽ ഇവിടെ വയ്ക്കട്ടെ?”
“അതുവേണ്ട, അത് വേറെ ആരുടേയോ പ്രോപ്പർട്ടിയാണ്.”
“നിനക്ക് ഇതുകൂടെ അങ്ങ് വാങ്ങിക്കൂടെ...”
“കളിക്കാതെ വാ വേഗം.”
അവൾ വീണ്ടും ഫോൺ വച്ചു. ഇനിയീ മുതലിനെ തിരിക്കണം. എടുത്ത് തിരിക്കുക നടപടിയല്ല. ഇരുവശവും ഭിത്തികൾ മുന്നിലൊരു കൂറ്റൻ ഗേറ്റ്. എന്തു ചെയ്യണം? ഒരു തരത്തിൽ മുന്നോട്ടും പിറകോട്ടും എടുത്തുനോക്കിയിട്ടും രക്ഷയില്ല. ഒരേ ഒരു വഴിയേ ഇനിയുള്ളൂ. അത് അങ്ങ് പയറ്റുക. കുറച്ച് റിസ്‌കാണ്. ഇത്രയും കനമുള്ള സ്ഥിതിക്ക് കൂടുതൽ റിസ്‌കാണ്. ശ്രമിച്ചു നോക്കാം. സ്റ്റാൻഡിൽ കുത്തിക്കറക്കാം. അതേ ഈ പരിമിതമായ സ്ഥലത്ത് വഴിയുള്ളൂ. എന്റെ ചിന്തകൾ കൂടുതൽ സ്‌കിൽഫുള്ളാകുന്നതിൽ അഭിമാനം തോന്നി. എന്റെ പരാക്രമവും ബൈക്കിന്റെ ശബ്ദവും കാരണം ഒരു തട്ടമിട്ട സ്ത്രീ വന്നു നോക്കിനിൽക്കുന്നു. ഭാഗ്യം ഹെൽമറ്റുകൊണ്ട് മുഖം രക്ഷിക്കാനാവുന്നു. ഒറ്റക്കറക്കം. ഞാനും വണ്ടിയും കറങ്ങി. ഭാഗ്യത്തിന് വണ്ടിയുടെ മുൻഭാഗം തിരിഞ്ഞുവന്നു. ഇനി ഒരേ ഒരു വഴി - മുന്നോട്ട്. രക്ഷപ്പെടലിന്റെ വേഗം കുറച്ച് കൂടിപ്പോയി. രണ്ട് മീററുകൾ ഭിത്തിയാൽ ഉരഞ്ഞ് കീറുന്നു. അതുണ്ടാക്കുന്ന പുതിയ ശബ്ദം പട്ടി കുരയ്ക്കും എക്‌സ്‌ഹോസ്റ്റിന്റെ തമ്പിനും ഒപ്പം പക്കമേളമാവുന്നു. എന്റെ ഹൃദയം വണ്ടിയുടെ എന്‍ജിനൊപ്പം മിടിക്കുന്നു. തലച്ചോറ് എവിടെനിന്നോ ഈ ബഹളങ്ങൾക്കിടയിൽ ഒരു സിഗ്‌നൽ കയ്യിലേയ്ക്ക് പായിച്ചുകൊണ്ട് മോട്ടോർസൈക്കിളിന്റെ വേഗത കുറയ്ക്കുന്നു. അധികം പ്രശ്നങ്ങളില്ലാതെ തന്നെ ലക്ഷ്യസ്ഥാനത്തെത്തിച്ചേർന്നിരിക്കുന്നു. ഒരു ദുഃസ്വപ്നത്തെ പടികടത്തിവിട്ടിട്ടെന്നപോലെ രജീഷ്ണ ബന്ദോപധ്യായ അതാ മുന്നിൽ! സന്തോഷം, സമാധാനം.
B
മറ്റു ചിലതുകൂടി സംഭവിക്കേണ്ടതുണ്ടല്ലോ. വർഷങ്ങളുടെ കാത്തിരിപ്പ്. ആ കാത്തിരിപ്പിലേയ്ക്കാണ് ഞാനിവിടെ മോട്ടോർസൈക്കിളോടിച്ചെത്തിയത്. രജീഷ്ണ അതു മറന്നേക്കാം. എല്ലാവരുമതു മറന്നേക്കാം. ചിലപ്പോൾ ഞാൻപോലും. പക്ഷേ, ചിലതൊക്കെ ശരീരം മറക്കില്ല. പടികയറിച്ചെല്ലുമ്പോൾ പേടി പോയി മറ്റു ചിലതു വന്ന് മത്തുപിടിപ്പിച്ചു. കുളിച്ചുവന്ന കൈകളിലെ നനവ്. ഇളം മാദകഗന്ധമുള്ള പെർഫ്യൂം. ഇവ രണ്ടും എന്നിലേയ്ക്ക് തിരമാലകൾ തന്നുകൊണ്ടിരിന്നു. മുൻപുകണ്ട ഏതോ ഇറോട്ടിക്ക് സിനിമയുടെ രംഗം മനസ്സിലേയ്ക്ക് വരുന്നു. ഞാൻ മൃദുവായി അവളുടെ കൈകളിൽ അമർത്തി. പടികയറിവരുന്നവർ ചുറ്റിപ്പിണയുന്ന ആ സിനിമയുടെ സീക്വൻസിലെവിടെയോ ഞാൻ ഉറച്ചുപോയിരിക്കുന്നു.
“ഒരു ഡിഫറന്റ് ഡേറ്റാണ് ഞാൻ ഉദ്ദേശിക്കുന്നത്. നമ്മൾ രണ്ടും ഈ ക്യാൻവാസിൽ ചിത്രങ്ങൾ വരയ്ക്കുന്നു. എന്നിട്ട് മതി ബാക്കിയൊക്കെ” അവൾ പെട്ടെന്ന് പറഞ്ഞുതുടങ്ങി. കതകു മലർക്കെ തുറന്നുകിടന്നു. കാറ്റ് ചെറിയൊരു ഭയത്തിനൊപ്പം കർട്ടനുകൾക്കിരുപുറവും നിന്ന് ഒളിച്ചു കളിക്കുന്നു.
ചിത്രമെങ്കിൽ ചിത്രം എന്റെ ഹൃദയം എന്തിനും തയ്യാറായിരുന്നു.
“വരച്ചുതുടങ്ങുന്ന ചിത്രങ്ങൾക്ക് നമ്മൾ മനസ്സിൽ ഉദ്ദേശിക്കുന്ന രൂപങ്ങളുമായി ബന്ധമുണ്ടാവണം എന്നു നിർബന്ധമില്ലല്ലോ അല്ലേ. ഒരുതരം ക്യൂബിസമൊക്കെപ്പോലെ.”
“ക്യൂബിസം എത്രമാത്രം അധ:പതിക്കുമെന്ന് നമുക്കു നോക്കാം.”
ഞങ്ങൾ ചിത്രം വരയ്ക്കുവാൻ തുടങ്ങി.
“എന്നെ ഒരു തട്ടമിട്ട സ്ത്രീ നോക്കിയിരുന്നു. പ്രശ്നമാവുമോ?”
“ഇന്ന് എന്റെ കൂടെ മാത്രമേ ഉദ്ദേശിക്കുന്നുള്ളു എങ്കിൽ കുഴപ്പമാവില്ല. അല്ലെങ്കിൽ കുഴപ്പമാവും അവരുടെ കെട്ടിയോൻ ഒരു പൊലീസുകാരനാണ് എന്നു തോന്നുന്നു. ഇടയ്ക്ക് യൂണിഫോം അലക്കിയിടുന്നത് കാണാറുണ്ട്.”
“പൊലീസുകാരന്റെ ഭാര്യയാണല്ലേ, ക്രമസമാധാനം പാലിക്കും. ചുമ്മാതല്ല ഞാൻ സർവൈലൻസിലായത്.”
ഗൗരവത്തിൽ ചിത്രം വരയ്ക്കുന്നതിനിടയിൽ ഞാൻ ഒരു തമാശ പറഞ്ഞുകൊണ്ട് ഒരു നീക്കം നടത്തി.
“നിങ്ങളീ ബംഗാളി സ്ത്രീകൾ വളരെ സെക്ഷ്വലായ തമാശകൾ ഇങ്ങനെ ഗൗരവത്തിലാവും പറയുന്നതല്ലേ?”
തോളിലെടുത്തുവച്ച കൈകൾ തട്ടി മാറ്റിക്കൊണ്ട് ചിത്രരചനയിൽ ശ്രദ്ധിക്കാൻ അവൾ ആംഗ്യം കാട്ടി. സംഗതി പരാജയപ്പെടുമ്പോഴും ഒരു എൻട്രി കിട്ടിയതിൽ ഞാൻ സന്തോഷിക്കുകയും ആത്മവിശ്വാസം വീണ്ടെടുക്കുകയും ചെയ്തു. ആ തട്ടിമാറ്റലിൽപ്പോലും ഒരു ലാസ്യതയുണ്ട്.
“ഞങ്ങളീ ക്യൂബിസം തലയ്ക്കുപിടിച്ച കലാകാരന്മാർ പെട്ടെന്ന് വരച്ചുതീർക്കും. കണ്ടില്ലേ. പക്ഷേ, പെർഫക്ടായിരിക്കും. അടുത്ത ചിത്രത്തിന് ദിവസങ്ങളെടുക്കും.” ഞാൻ എന്റെ ചിത്രം കാട്ടിക്കൊടുത്തു.
“മോന്റെ ഫ്ലർട്ടിങ് സ്‌കിൽസ് നന്നായി കൂടിയിട്ടുണ്ട്. എവിടെയോ നല്ല കളരിയിൽനിന്നും പയറ്റ് പഠിച്ച ഫീലുണ്ടല്ലോ?”
“പയറ്റ് നോക്കിനിന്നു പഠിച്ച ഏകലവ്യനെ അറിയില്ലേ. ഗുരു മനസ്സിലാണ്. പയറ്റ് നല്ല കളരികൾക്കായി മാറ്റിവച്ചിരിക്കുന്നു” അവളൊന്ന് ചിരിച്ചു.
“ഇന്ന് കളരി തെളിയുമെന്ന് തോന്നുന്നുണ്ടോ?”
“അതു മാത്രമാണ് ഇത്രയും കാലത്തെ ഏക പ്രതീക്ഷ.”
“പ്രതീക്ഷകൾ നല്ലതാണ്. പക്ഷേ, ഒരു ഉറപ്പും തന്നല്ലല്ലോ ഞാൻ ഇവിടേയ്ക്ക് വിളിച്ചത്.”
അവളുടെ സ്വരം പതിയെ കനത്തിരുന്നു. ബ്രഷും പെയിന്റും പേപ്പറിന്റെ വലതു വശത്തേയ്ക്ക് മാറ്റി വെച്ച് അവളിരുന്നു.
“രജീഷ്ണ ബന്ദോപധ്യായ എന്നെ വർഷങ്ങൾക്കു ശേഷം വിളിച്ചുവരുത്തിയത് ചിത്രം വരയ്ക്കുവാനായിരുന്നെന്ന് എനിക്കറിയില്ലായിരുന്നു. വളരെ ലേറ്റായ ഫോൺ സംഭാഷണങ്ങളിൽ നീ എന്നെയും ഞാൻ നിന്നെയും ക്യൂബിസവും എക്‌സ്പ്രഷനിസവുമായിരുന്നല്ലോ പഠിപ്പിച്ചിരുന്നത്.”
മറുപടി ഒരു ചുംബനമായിരുന്നു. അങ്ങനെ എത്ര നേരം ഞങ്ങൾ പരസ്പരം പുണർന്നു നിന്നെന്നോ എപ്പോൾ അടുത്തുള്ള മുറികളിലെ കിടക്കയിലെത്തിയെന്നോ എനിക്കറിയില്ല. ദീർഘമായ ചുംബനത്തിനിടയിൽ ഞങ്ങൾക്കെവിടെയോ ശ്വാസം നഷ്ടപ്പെട്ടു തുടങ്ങിയ സമയത്ത് ഞാൻ അവളെ എന്നിൽനിന്നും പറിച്ചുമാറ്റുകയായിരുന്നു. ഞാൻ യഥാർത്ഥത്തിൽ അത് പ്രതീക്ഷിച്ചിരുന്നില്ല. എന്റെ പുതിയ ടീഷർട്ട് വയലറ്റ് നിറങ്ങൾക്കൊണ്ട് നിറഞ്ഞിരുന്നു.
“പേപ്പർ മാത്രമല്ല, ഞാനിപ്പോൾ നിന്നെയും പെയ്‌ന്റ് ചെയ്തു.” അവളെന്നെ നോക്കി കണ്ണു ചിമ്മി.
ഞാനവളുടെ വസ്ത്രങ്ങളോരോന്നായി അഴിച്ചെടുക്കുവാൻ തുടങ്ങി. കഴുത്തിനു തൊഴെ, കക്ഷങ്ങളിൽ, കയ്യുടെ വശങ്ങളിൽ പടർന്നുകിടക്കുന്ന തിണർപ്പുകൾ.
“കണ്ട് പേടിക്കണ്ട. എനിക്കെന്നെ നോവിക്കാൻ തോന്നും. എന്നാലത് ആരും കാണരുതുതാനും. അങ്ങനെയുള്ള മുറിപ്പാടുകൾ വേറെ ആരും കാണാതെ വച്ചതാണ്. നീയിത് കണ്ടു. നീ മാത്രമേ കണ്ടിട്ടുള്ളൂ. എന്റെ ചില കൈക്രിയകൾ കാരണം മര്യാദയ്ക്ക് ഒരു ഡേറ്റ് പോലും പോകാനുള്ള കോൺഫിഡൻസ് ഇടയ്ക്ക് നഷ്ടപ്പെട്ടു പോകുന്നു.”
“നീ എന്തിനാണിങ്ങനെയൊക്കെ ചെയ്യുന്നത്.”
“എനിക്കറിയില്ല, ചിലപ്പോൾ എന്നെത്തന്നെ ഇഷ്ടമില്ലാത്തതുകൊണ്ടാവും. പക്ഷേ, എനിക്ക് നിന്നെ ഇഷ്ടമാണ്. അല്ല ആയിരുന്നു, മുൻപ്. മുടിഞ്ഞ പ്രേമം. നിനക്കാണെങ്കിൽ കളിമാത്രം മതിയല്ലോ. അന്നും ഇന്നും”
ഞാനൊന്ന് തിരിഞ്ഞുകിടന്നു. അവളുടെ മുലക്കണ്ണിൽനിന്നും കടുത്ത ബ്രൗൺ നിറം ചുറ്റും പടർന്നുകിടക്കുന്നു. അത് എവിടെവരെ പടർന്നൊഴുകുന്നെന്നറിയാൻ ഞാനവയിലൊന്നിനെ പതിയെ കൈകളിലെടുത്ത് പരിശോധിച്ചു. ഒരു വിദഗ്ദ്ധനായ ഭിഷഗ്വരനെപ്പോലെ പെരുമാറുന്ന എന്നെയവൾ നോക്കിക്കൊണ്ടേയിരുന്നു.
“നിനക്ക് ഇതൊക്കെ വെറും കളിയാണ്. പക്ഷേ, ദാ നോക്ക് എനിക്ക് ഇങ്ങനെയുള്ള ചില കൗതുകങ്ങളാണിവ.” ഞാൻ അവയെ അവൾക്കഭിമുഖമായി പിടിച്ചു.
“ഇതിലെന്ത് കൗതുകം” അവൾ കൈ തട്ടിമാറ്റി.
“എനിക്കിതൊക്കെയാണ് കൗതുകം. ആ ബ്രൗൺ നിറം പടർന്നുകയറിയത് കണ്ടോ. എല്ലാ സ്ത്രീകൾക്കുമൊന്നും ഇങ്ങനൊരു ഭാഗ്യമില്ല.” അവളുടെ മുലഞെട്ടുകൾക്കിരുവശവുമുള്ള ചോക്ലേറ്റ് പടർപ്പിൽ ഞാൻ പതിയെ വിരലുകളോടിക്കാൻ തുടങ്ങി.
“ഭാഗ്യമോ?”
“അതേ. ഓരോ അവയവങ്ങളിലും കൗതുകമുണ്ട്.”
“ഈ കൗതുകം നിനക്കെന്റെ കാലിന്റെ പത്തിയിലോ വിരലിന്റെ തുമ്പിലോ തോന്നിയില്ല. അതാണ് ആ കൗതുകത്തെ ഞാൻ കഴപ്പെന്ന് വിളിക്കുന്നത്. നീയൊരു ഇറോട്ടിക്കാന തന്നെ!”
“ഇറോട്ടിക്കാനയോ? അതെന്ത് സാധനം?”
“ഇറോട്ടിക്ക് എന്താണന്നറിയാമല്ലോ സാറിന്?”
“അറിയാം ശിഷ്യേ... ആനയോ?”
“ആന ലൈംഗിക ഊർജത്തിന്റെ ബിംബമായി പല മിത്തുകളിലും കഥകളിലും കാണാൻ സാധിക്കും. ആനയ്ക്കുണ്ടാവുന്ന മദം സെക്ഷ്വാലിറ്റിയുമയി ബന്ധപ്പെടുത്തി പലരും പഠിച്ചിട്ടുണ്ട്.”
“അപ്പോ ഞാൻ ഒരു മദം പൊട്ടിയ ഇറോട്ടിക്കാനയാണല്ലേ. കൊള്ളാം.”
“നിന്റെ മലയാളം മുൻപുള്ളതിനേക്കാൾ മെച്ചപ്പെട്ടിരിക്കുന്നു.”
“ഒരു പ്രിന്റഡ് ഡോക്യുമെന്റായി ഇതു തരാമോ? ഞാനിപ്പോഴും മലയാളികളിൽനിന്നും മാർജിനലൈസേഷൻ അനുഭവിക്കുന്നുണ്ട്.”
“അതൊക്കെ തരാം.”
“ഞാനൊരു കാര്യം ചോദിക്കട്ടെ.”
“ചോദിക്ക്, എനിക്ക് നിന്നെ ഇഷ്ടമൊക്കെയാണ്, പക്ഷേ.”
“പക്ഷേ...?”
“പക്ഷേ, ഈയിടയായിട്ട് ശാരീരികമായി ഞാൻ പുരുഷനേക്കാൾ സ്ത്രീയെ ഇഷ്ടപ്പെടുന്നു എന്നൊരു തോന്നൽ.”
“ആ തോന്നൽ എനിക്കും ഉണ്ട്. അല്ലെങ്കിലും ഈ പുരുഷന്മാരിൽ എന്താണിരിക്കുന്നത്? സ്ത്രീകളാണല്ലോ സർവവും.”
ഞാൻ പതിയെ എന്റെ സ്ത്രീ വർണന തുടങ്ങിക്കഴിഞ്ഞിരുന്നു. ഇതൊന്നും അവളിലൊരു മാറ്റവും ഉണ്ടാക്കിയില്ല എന്നു മാത്രമല്ല, അവൾ ഇവയൊക്കെ ഒന്ന് ശ്രദ്ധിക്കുകപോലും ചെയ്തില്ല. അവളുടെ ഉദ്ദേശ്യം മറ്റെന്തോ ആയിരുന്നു എന്നുപോലും തോന്നിത്തുടങ്ങിയപ്പോൾ ഞാൻ പതിയെ എന്റെ വാചകമടി പതിയെ അവസാനിപ്പിച്ചു.
“സത്യത്തിൽ നിനക്ക് സ്ത്രീകളെയാണോ ഇഷ്ടം?”
എന്റെയാ ചോദ്യത്തിൽ എന്തൊക്കെയോ നഷ്ടപ്പെട്ട ഒരുവന്റെ രോദനമുണ്ടായിരുന്നു.
അതെ, അത് നിന്നോട് ഒരു ദിവസം പറയണമെന്നുണ്ടായിരുന്നു. നമ്മൾ ആദ്യം കണ്ട സമയത്തൊക്കെ ഇങ്ങനെ അല്ലായിരുന്നു. ഈ നഗരം എന്നെ മാറ്റിയതാകും.
“നിനക്ക് ഒരു ലെസ്ബിയൻ പാർട്ണർ?”
“ഇതുവരെ ഇല്ല. ഇനി ഉണ്ടാകുമായിരിക്കും?”
“അപ്പോൾ നമ്മളന്ന് ഫോണിൽ സംസാരിച്ചതൊക്കെ?”
“സംസാരവും പ്രവൃത്തിയും ഒന്നാകണം എന്നൊക്കെ എനിക്കും ഉണ്ടായിരുന്നു. പക്ഷേ, വിലക്കപ്പെട്ടതൊക്കെ തിരിച്ചുപിടിക്കുവാനൊരു ത്വര എനിക്ക് ഈ നഗരം തന്നു. ചിലപ്പോൾ ഞാൻ എന്റെ ഐഡന്റിറ്റി തിരികെ കണ്ടെത്തിയതാകും.”
“ഒരു സംശയംകൂടി ചോദിക്കട്ടെ അപ്പോൾ ഇന്നത്തെ ദിവസം നീ അഭിനയിക്കുകയായിരുന്നോ?”
“കുറച്ചൊക്കെ, ഞാൻ ആദ്യമേ പറഞ്ഞില്ലേ എനിക്ക് നിന്നോട് ഭയങ്കരമായ ഇഷ്ടമുണ്ട്. അതുകൊണ്ടുതന്നെ അഭിനയം എന്നൊന്നും പറയാൻ പറ്റില്ല.”
“ശരി, അപ്പോൾ ഞാൻ ഇനി എന്തുചെയ്യണം?” ഞാൻ ആകപ്പാടെ ഒരു അവസ്ഥയിലായിക്കഴിഞ്ഞിരുന്നു. ഇന്നത്തെ യാത്രയും അതിലുണ്ടായ പ്രതിബന്ധങ്ങളോരോന്നും എന്റെ മനസ്സിലേയ്ക്ക് കടന്നുവന്നുകൊണ്ടിരുന്നു.
“നീ ഓക്കെയല്ല അല്ലേ?”
“പിന്നേ... ഭയങ്കര ഓക്കെയാണ്. സ്ത്രീകൾ ഒരുപാട് സങ്കീർണമാണ്. പ്രത്യേകിച്ച് എന്നെ സംബന്ധിച്ചിടത്തോളം.”
“ഹാ.. കൊള്ളാം, ഈ ഒരു സംഭവത്തോടെ നീ നാട്ടിലുള്ള എല്ലാ പെണ്ണുങ്ങളേയും വിലയിരുത്തിക്കഴിഞ്ഞല്ലോ, എനിക്ക് വേണമെങ്കിൽ ഒറ്റ ഫോൺ കോളിൽ ഇത് പറഞ്ഞറിയിക്കാമായിരുന്നു. എങ്കിൽ നിനക്ക് നന്നായി മനസ്സിലാകുമായിരുന്നു അല്ലേ?”
“അതു ശരിയാണ്, നീ ഇങ്ങനൊക്കെ പറഞ്ഞതുകൊണ്ടായേക്കാം ഷോക്കായെങ്കിലും കാര്യങ്ങൾ വളരെ ഗൗരവമായി ഞാൻ മനസ്സിലാക്കിയത്. അല്ലെങ്കിൽ നിന്റെ ഒരു തമാശയായി ഞാൻ കരുതിയേനെ. ഞാൻ എന്നാൽ ഇറങ്ങട്ടെ.”
“നീ ഇന്നിവിടെ തങ്ങിയിട്ട് നാളെ പോകുമെന്നല്ലേ പറഞ്ഞത്?” അവളുടെ കണ്ണ് നിറഞ്ഞിരുന്നു.
“എനിക്ക് പോകുന്നതിൽ വിഷമമുണ്ട്, അല്ല ഇപ്പോൾ അങ്ങനെ ചെയ്യുന്നത് ശരിയല്ല എന്നറിയാം, പക്ഷേ, ചില സമയത്തൊക്കെ നമ്മുടെ അവസ്ഥകൾക്ക് നമ്മൾ പ്രാധാന്യം നൽകിയില്ലെങ്കിൽ ആര് നൽകും? ഞാൻ ഇറങ്ങട്ടെ പിന്നീട് കാണാം.”
ഞങ്ങളുടെ കണ്ണുകൾ നിറഞ്ഞു, ആര് ആരെ ആശ്വസിപ്പിക്കും എന്നറിയാതെ പരസ്പരം ക്ഷമപറഞ്ഞുകൊണ്ട് ഞാൻ പതിയെ ബൈക്ക് സ്റ്റാർട്ട് ചെയ്തു. മിററിന്റെ ഇരുവശങ്ങളിലും സിമന്റും പായലും ചേർന്നുരഞ്ഞ അഴുക്ക് പറ്റിപ്പിടിച്ചിരിക്കുന്നു, മോട്ടോർസൈക്കിൾ മുന്നോട്ട് പോവുംതോറും അവ ഓരോ കണങ്ങളായി വായുവിൽ പടർന്നുകൊണ്ടിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates