“പ്രിയാ... മോളേ... അവൾ... മായ പോയി.” അങ്കിളിന്റെ ശബ്ദം വല്ലാതെ ഇടറിയിരുന്നു. മറുപടിയൊന്നും കിട്ടാത്തതുകൊണ്ടാവണം നാട്ടിലേക്ക് കൊണ്ടുവരുന്നു, വിളിക്കാം എന്നു മാത്രം പറഞ്ഞ് കോൾ കട്ടാക്കി.
എനിക്കെന്താണ് ഒന്നും തോന്നാത്തത്! അമ്മ മരിച്ചുപോയി എന്നു കേട്ടാൽ ഒരു മകളുടെ, അതും ഒറ്റ മകളുടെ റിയാക്ഷൻ ഇങ്ങനെയാണോ... ഒന്നും തോന്നുന്നേയില്ലല്ലോ... ഒരു നേരിയ മരവിപ്പു മാത്രം. കാല് നിലത്തുറയ്ക്കാത്ത മട്ടിൽ ഒരു ഭാരക്കുറവ്.
ആകാശിനോടു പറയേണ്ടേ? ഉണർന്നിട്ടില്ലെങ്കിൽ ഉണർത്തി പറയേണ്ടിവരും. വേണോ? ഒരു മടി. തമ്മിൽ സംസാരിച്ചിട്ട് കുറച്ചു ദിവസങ്ങളായി. എപ്പോഴായിരുന്നു അവസാനത്തെ വഴക്ക്? എന്തിനായിരുന്നു... ആവോ!
ആദ്യമൊക്കെ എല്ലാവഴക്കുകളും ചെന്നെത്തിനിൽക്കുന്നത് അമ്മയിലായിരുന്നു. പിന്നെപ്പിന്നെ എവിടെ തുടങ്ങുന്നു എന്നോ എന്തിലവസാനിക്കുന്നു എന്നോ ഉറപ്പില്ലാത്ത കലഹങ്ങൾ... പിന്നെ മൗനത്തിലേക്കുള്ള ഒതുങ്ങിക്കൂടൽ... മീതേ മീതേ വന്നുവീണ് ഓർമകൾ ചിതറിപ്പോകുന്നു.
ആകാശ് മുറിയിലില്ല. വാഷ്റൂമിൽനിന്ന് ഷവറിന്റെ ശബ്ദം. മേശപ്പുറഞ്ഞ് ഓൺ ആയിരിക്കുന്ന ലാപ്ടോപ്പിൽ ഫേസ്ബുക് ന്യൂസ് ഫീഡ്. അമ്മയുടെ പുഞ്ചിരിക്കുന്ന മുഖം. “അബുദാബി സാംസ്കാരിക കൂട്ടായ്മകളിലെ സജീവസാന്നിധ്യമായ റോയ് മാത്യൂസിന്റെ ഭാര്യ മായാദേവി (48 വയസ്) അന്തരിച്ചു. ഹൃദയാഘാതം എന്നാണ് ആശുപത്രിയിൽനിന്ന് ലഭിച്ച വിവരം.”
ആകാശിനോട് ഒന്നും പറയേണ്ടല്ലോ... ആശ്വാസം!
താഴേക്കിറങ്ങുമ്പോൾ ഓർത്തു-രണ്ടുനിലകളിലായി രണ്ടു ലോകങ്ങളായി പിരിഞ്ഞ ഈ വീട്. കുട്ടികളുണ്ടായിരുന്നെങ്കിൽ കോണിപ്പടികളോടിക്കയറിയും ഇറങ്ങിയും അവരതിനെ ഒരുപക്ഷേ, ഒരു വീടാക്കിയേനെ. അതുമില്ലല്ലോ! എന്നിട്ടും വീടായില്ലെങ്കിലോ? അതിനേക്കാൾ വലിയ കഷ്ടമെന്ത്!
ബന്ധുക്കളുടേയും പരിചയക്കാരുടേയും തുരുതുരെയുള്ള വിളികൾക്ക് ഒന്നോ രണ്ടോ വാക്കുകൾ മറുപടി പറഞ്ഞു ഫോൺ വെച്ചു. എന്തു പറയാനാണ്! അമ്മയോട് അവസാനമായി സംസാരിച്ചത് എന്നാണെന്നുപോലും ഓർത്തെടുക്കാനാവുന്നില്ല.
മാത്യൂസ് അങ്കിളിന്റെ മെസേജ്-ഫ്ലൈറ്റ് ടൈം അറിയിച്ചുകൊണ്ട്. എനിക്ക് ഒന്നും തോന്നുന്നില്ല... ഒന്നും.
എല്ലാം തകിടംമറിഞ്ഞ ആ ദിവസം ഇന്നലെ എന്നപോലെ ഓർമവരുന്നു.
ഹോസ്പിറ്റലിൽനിന്ന് ഡോക്ടർ വിളിച്ച് ഉടനെ എത്തണം എന്നു പറഞ്ഞപ്പോൾ അമ്മയ്ക്കെന്തു പറ്റിക്കാണും എന്ന് പരിഭ്രമിച്ച് ഓടിയെത്തിയതാണ്. അമ്മ ഒബ്സർവേഷനിലാണ് എന്ന് പറഞ്ഞ് ഡോക്ടർ മാറ്റി ഇരുത്തി സംസാരിച്ചു:
“നോക്കൂ... വളരെ സീരിയസ് ആയ ഒരു കാര്യമാണ് ഞാൻ പറയാൻ പോകുന്നത്. പറയുന്നത് ശാന്തമായി കേൾക്കണം. കഠിനമായ വയറുവേദന എന്നു പറഞ്ഞിട്ടാണ് നിങ്ങളുടെ അമ്മ എന്നെ കാണാൻ വന്നത്. പരിശോധനയ്ക്കിടയിൽ വളരെ സ്ട്രെസ്സ്ഡ് ആണ് പേഷ്യന്റ് എന്നു തോന്നിയതുകൊണ്ട് ഞാൻ സാധാരണയിൽ കൂടുതൽ സമയം കൊടുത്തു. അപ്പോഴാണ് അവരെന്നോട് ചില കാര്യങ്ങൾ പറയുന്നത്. വീട്ടിൽ നിങ്ങൾ, ഹസ്ബന്റും പിന്നെ അമ്മയുമാണ് ഉള്ളത് ഇല്ലേ? കുറച്ചുദിവസം മുൻപ് സൺഇൻലോയും അവരും മാത്രം വീട്ടിലുണ്ടായിരുന്ന നേരത്ത് ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന അവരോട് മരുമകൻ കുറച്ചു ചൂട് വെള്ളം ചോദിച്ചു, അത് എടുത്തുകൊടുത്തു തിരിച്ചു വന്നു ബാക്കി ഫുഡ് കഴിച്ചു, പെട്ടെന്നൊരു മയക്കം തോന്നി എന്നും ആ സമയത്ത് മരുമകൻ തന്നെ സെക്ഷ്വലി അബ്യുസ് ചെയ്തു എന്നാണ് പറയുന്നത്. ആ സമയത്ത് ബോധം നഷ്ടപ്പെട്ടിരുന്നു; ഭക്ഷണത്തിൽ എന്തോ മയക്കുമരുന്ന് കലർത്തിയതാണ് എന്ന് സംശയമുണ്ട് എന്നും പറയുന്നുണ്ട്. പരിശോധനയിൽ പ്രശ്നങ്ങളൊന്നും ഇപ്പോൾ കാണുന്നില്ല. പക്ഷേ, മായ തറപ്പിച്ചു പറയുന്നു”
ഭൂമി പിളർന്നു രണ്ടായി താഴേക്ക് ഇരുട്ടിലേക്ക് വീണുപോയെന്നാണ് തോന്നിയത്. എത്ര നേരം വിയർത്തുകുളിച്ച് ഒന്നും മിണ്ടാനാകാതെ ഇരുന്നെന്നറിയില്ല.
ഡോക്ടർ തട്ടിവിളിച്ചു: “ആർ യു ഓക്കേ?
നോക്കൂ, റേപ് അലിഗേഷൻ ആണ്. പൊലീസിനെ അറിയിക്കേണ്ടതാണ്. നിങ്ങൾ അമ്മയോട് സംസാരിക്കൂ.”
അമ്മ കിടക്കയിൽ ജനാലയിലേക്ക് മുഖം തിരിച്ചുതന്നെ കിടന്നു. ഏറെനേരം കഴിഞ്ഞു ഡോക്ടർ മുറിയിലേക്കു വന്നു. എന്നെ പുറത്തുനിര്ത്തി അമ്മയുമായി സംസാരിച്ചു. ഇനിയെന്തൊക്കെയാണ് സംഭവിക്കാൻ പോകുന്നത് എന്നോർത്ത് പേടിച്ചുവിറച്ച് ഉരുകിയുരുകി കാത്തുനിന്ന നിമിഷങ്ങൾ... ഒടുവിൽ ഡോക്ടർ പുറത്തേയ്ക്കു വന്നു. അമ്മയെ ഡിസ്ചാർജ് ചെയ്തു, വീട്ടിൽ കൊണ്ടുപൊയ്ക്കോളൂ എന്നു പറഞ്ഞു. തിരിച്ചങ്ങോട്ട് ഒന്നും ചോദിക്കാനുള്ള ധൈര്യമുണ്ടായില്ല. ഞങ്ങൾ ഒരേ ടാക്സിയിൽ വീട്ടിലേക്ക് പോന്നു, ഒരക്ഷരം പരസ്പരം സംസാരിക്കാതെ.
അമ്മയുടെ പെരുമാറ്റത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ എന്തെങ്കിലും മാറ്റമുണ്ടായിരുന്നോ എന്നോർത്തുനോക്കി. സ്ഥിരമായി ഇടയ്ക്കിടെ ശല്യപ്പെടുത്തുന്ന മൈഗ്രെയ്ൻ എന്നു മാത്രമേ തോന്നിയുള്ളൂ.
അമ്മ ആകാശിനെക്കുറിച്ചാണല്ലോ ഇങ്ങനെ പറഞ്ഞത് എന്നോർത്ത് ഞാൻ തകർന്നുപോയി. അമ്മയുടെ ഓഫീസിൽ ജൂനിയർ ആയി ജോയിൻ ചെയ്തപ്പോൾ മുതൽ അമ്മയായിരുന്നല്ലോ ആകാശിന്റെ മെന്റർ. ആകാശ് എന്നെ വിവാഹം ആലോചിച്ചപ്പോഴും അമ്മയ്ക്കായിരുന്നു സന്തോഷം. അച്ഛനും അമ്മയും നേരത്തെ മരിച്ചുപോയിരുന്നതിനാൽ ആകാശ് ഇവിടെ ഒപ്പം താമസിക്കും എന്നതും അമ്മയുടെ കണക്കുകൂട്ടൽ ആയിരുന്നു. കുറച്ചു ബന്ധുബലം ഒക്കെ ഉള്ള ഒരു പയ്യനല്ലേ നിങ്ങൾക്ക് നല്ലത് എന്ന അഭിപ്രായങ്ങൾ പൊന്തിവന്നതിനൊന്നും അമ്മ അത്ര പ്രാധാന്യം കൊടുത്തില്ല.
ഞാനാണെങ്കിൽ ഒരു നഷ്ടത്തിന്റെ റിക്കവറി ഫേസിൽ ആയിരുന്നല്ലോ ആ കാലത്ത്. കൂടെ ജോലിചെയ്തിരുന്ന ഒരാളോടുള്ള ഇഷ്ടം മനസ്സിൽ സൂക്ഷിച്ചിരുന്നത് പറയാതെ മനസ്സിലാകും എന്നു കരുതിയാണല്ലോ. എന്നിട്ടെന്തായി! കക്ഷിയുടെ കല്ല്യാണം നിശ്ചയിക്കപ്പെടുകയും അതിൽ മുറിഞ്ഞ മനസ്സോടേയും ചിരിച്ച മുഖത്തോടേയും ആടിപ്പാടി പങ്കെടുക്കുകയും ചെയ്യേണ്ടി വന്നപ്പോൾ പിന്നെ അതിൽനിന്നു പുറത്തുവരാൻ ജീവിതത്തെ എവിടെയെങ്കിലും കൊണ്ടു കെട്ടുന്നതാവും നല്ലത് എന്നു തോന്നിത്തുടങ്ങിയ സമയം.
ആകാശ് ഞങ്ങളുടെ വീട്ടിൽത്തന്നെ താമസിച്ചു മായേച്ചി എന്ന വിളി മാറ്റാൻ ആകാശ് തയ്യാറായില്ല. ഇത്രയും നാൾ വിളിച്ചതുപോലെ മതി ഇനിയും എന്നായിരുന്നു ന്യായം. ഒരു കാർ വാങ്ങി, മിക്കവാറും ദിവസങ്ങളിൽ എന്നെ ജോലിസ്ഥലത്ത് വിട്ടിട്ട് അവർ ഒരുമിച്ച് ഓഫീസിലേക്ക് പോകുന്നതായി പതിവ്. അങ്ങനെയൊക്കെ കുറേക്കാലം സന്തോഷമായി പോയി. അപ്പോഴാണ്...
എങ്ങനെയാണ് ആകാശിനോട് ഇത് ചോദിക്കുക എന്നോർത്ത് ഞാൻ നീറിപ്പുകഞ്ഞു. കാർ പോർച്ചിൽ നിറുത്തുന്ന ഒച്ച കേട്ടപ്പോൾ ഹൃദയം പൊട്ടിപ്പോകുംപോലെ ഉച്ചത്തിൽ മിടിച്ചു കൊണ്ടിരുന്നു
ആകാശിന്റെ പ്രതികരണം പക്ഷേ, തികച്ചും അക്ഷോഭ്യമായിരുന്നു.
കൈകൾ ചേർത്തുപിടിച്ച് കണ്ണിലേക്കു നോക്കി ആകാശ് പറഞ്ഞു: “നോക്ക് പ്രിയാ... പതിനെട്ട് വയസ്സിൽ മായേച്ചിക്ക് ഭർത്താവിനെ നഷ്ടമായതാണ്. പിന്നെ നിന്റെ ചുറ്റും മാത്രമായിരുന്നു അവരുടെ ജീവിതം. നമ്മളിപ്പോ ഇങ്ങനെ ഒരുമിച്ചു ജീവിക്കുന്നത് കാണുമ്പോൾ മായേച്ചിക്ക് നഷ്ടപ്പെട്ടുപോയ ജീവിതത്തെക്കുറിച്ച് നഷ്ടബോധം ഉണ്ടാവില്ലേ... എല്ലാം മായേച്ചിയുടെ മനസ്സിന്റെ ഓരോ കളികളാണ്... നിനക്കെന്നെ വിശ്വാസമില്ലേ? എല്ലാത്തിനും നമുക്ക് വഴിയുണ്ടാക്കാം.
ഞാൻ കണ്ണും മിഴിച്ചിരുന്നു. ഇവരിൽ ആര് പറയുന്നതാണ് സത്യം?
അമ്മയെക്കുറിച്ചു പറഞ്ഞുകേട്ട കാര്യങ്ങളോർത്തു.
വിവാഹം നടക്കുമ്പോൾ പതിനെട്ടു തികഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളൂ. പെൺകുട്ടിയെ ക്ഷേത്രത്തിൽ വെച്ചു കണ്ട് ഇഷ്ടമായി വീട്ടുകാരെ വിവാഹാലോചനയ്ക്ക് വീട്ടിലേക്ക് അയയ്ക്കുകയായിരുന്നത്രെ. നാട്ടിലെ പേരും സമ്പത്തുമുള്ള തറവാട്. അതോടെ മകളുടെ ജീവിതം സുരക്ഷിതമായി എന്ന് അച്ഛനമ്മമാർ കരുതിയിട്ടുണ്ടാവണം. ഒരു വർഷം തികയും മുന്നേ ഒരു ആക്സിഡന്റിൽ ഭർത്താവിനെ നഷ്ടപ്പെട്ട് തിരികെ വീട്ടിലേക്കു മടങ്ങിവരുമ്പോൾ ഗർഭത്തിലെ പ്രിയയ്ക്ക് ഏഴു മാസം. പ്രസവം കഴിഞ്ഞ്, കുഞ്ഞിന് ആറു മാസമായപ്പോൾ മുടങ്ങിപ്പോയ കോളേജ് പഠനം തുടർന്നു. ആദ്യം ചെറിയൊരു ജോലി. ജോലിയോടൊപ്പം ഉപരിപഠനം, പിന്നെ ബാങ്കിൽ ജോലി കിട്ടി. പടിപടിയായി തകർന്നുപോയ ജീവിതം വീണ്ടും മെനഞ്ഞുണ്ടാക്കി.
എവിടെപ്പോയാലും ആളുകൾ നോക്കിനിന്ന് പോകുന്ന രൂപം... ചെറുപ്പം.. പുനർവിവാഹാലോചനകൾ ധാരാളം വന്നു, കുഞ്ഞിനെ ഏറ്റെടുക്കാനും തയ്യാർ. എല്ലാത്തിനും മുഖം തിരിച്ചുനിന്നു. എല്ലാവരിൽനിന്നും കൃത്യമായ അകലം പാലിച്ചു, ഗൗരവം വിടാതെ പെരുമാറി. ഒരു പരിധിക്കപ്പുറം സ്വാതന്ത്ര്യമെടുക്കാൻ ആരെയും അനുവദിക്കാത്ത ഒരു ലക്ഷ്മണരേഖ ചുറ്റും സ്വയം വരച്ചുവച്ചിരുന്നിരിക്കണം. മകളെ മാത്രം ഓർത്തു ജീവിച്ചു. എല്ലാ വിശേഷദിവസങ്ങളിലും പ്രിയയേയും കൊണ്ട് അച്ഛമ്മയെ കാണിക്കാൻ തറവാട്ടിലേക്ക് പോയി. ഒരിക്കലും അവിടെ താമസിച്ചില്ല. കുറച്ച് ദിവസം പ്രിയമോൾ ഇവിടെ നിൽക്കട്ടെ എന്ന് അച്ഛമ്മയോ ബന്ധുക്കളോ പറഞ്ഞിട്ടുമില്ല. അതിന്റെ കാരണം കുറച്ചുകാലം കഴിഞ്ഞാണ് പ്രിയയ്ക്ക് മനസ്സിലായത്. അച്ഛന്റെ അകാലമൃത്യുവിനു കാരണം പ്രിയയുടെ ജന്മദോഷമാണെന്ന് ഒരു കണ്ടെത്തലുണ്ടായിരുന്നത്രെ! എന്തായാലും അമ്മയ്ക്ക് മകളും മകൾക്ക് അമ്മയും മാത്രമായി ഇന്നുവരെ ജീവിച്ചു. ഇനിയിപ്പോൾ...
ആകാശിന്റെ നിർബന്ധത്തിനു വഴങ്ങി ഡോക്ടറെക്കൊണ്ട് തന്നെ കൗൺസിലിംഗ് അഡ്വൈസ് ചെയ്യിപ്പിച്ചു.
സൈക്യാട്രിസ്റ്റിനെ കണ്ടു വീട്ടിലെത്തിയതിനു ശേഷം ദിവസങ്ങൾക്കിപ്പുറം അമ്മയുടെ ശബ്ദം ഞാൻ കേട്ടു. അങ്ങനെയല്ല പറയേണ്ടത്-തീപ്പന്തംപോലെ ആളിക്കത്തുന്ന അമ്മയുടെ ആ ഭാവം ഞാൻ ജീവിതത്തിൽ ആദ്യമായിട്ടായിരുന്നു കാണുന്നത്. “നിങ്ങൾ രണ്ടുപേരും ഇനി ഇവിടെ താമസിക്കാൻ പാടില്ല. എത്രയും പെട്ടെന്ന് ഒഴിഞ്ഞു പോകണം” -കടുത്ത ശബ്ദത്തിൽ അമ്മയുടെ ആജ്ഞ മുഴങ്ങി. ജനിച്ചതിനുശേഷം അന്നേ വരെ അമ്മയുടെ ഒരു ഭാഗംപോലെയാണ് ഞാൻ ജീവിച്ചത്. ആ ഞാൻ ഒഴിഞ്ഞുപോകണം എന്നാണ് പറയുന്നത്. അമ്മയില്ലാതെ എങ്ങനെയാണ് ജീവിക്കേണ്ടതെന്ന് എനിക്ക് അറിയുമായിരുന്നില്ല. നിങ്ങൾ രണ്ടുപേരും കൂടെ എന്റെ ജീവിതമാണ് നശിപ്പിക്കുന്നത് എന്നൊക്കെ പറഞ്ഞ് ഞാൻ ഒരുപാട് വഴക്കിട്ടു... കരഞ്ഞു... തളർന്നു... അമ്മ കല്ലുപോലെ ഉറച്ചു നിന്നു.
ആകാശിന് ഒരു കുലുക്കവും ഉണ്ടായില്ല. ആഴ്ച ഒന്ന് കഴിഞ്ഞിട്ടും ആകാശ് വീടൊന്നും തിരക്കാൻ ഭാവിച്ചതേയില്ല എന്നു മാത്രമല്ല, ഒന്നും സംഭവിക്കാത്തതുപോലെ അമ്മയോട് സംസാരിക്കാൻ ശ്രമിച്ചത് കാര്യങ്ങൾ കൂടുതൽ വഷളാക്കി. ഒരാൾ വൈരാഗ്യംകൊണ്ടും മറ്റെയാൾ നിസ്സംഗതകൊണ്ടും എന്നെ ഭ്രാന്തു പിടിപ്പിച്ചു. രണ്ടുപേരേയും എനിക്ക് മനസ്സിലായതേയില്ല. ജീവിതത്തിൽ ആരെയെങ്കിലും വിശ്വസിക്കാനുള്ള കഴിവ് അതോടെ എനിക്ക് നഷ്ടപ്പെട്ടുപോയി.
ഒടുവിൽ ഞാൻ തന്നെ ഒരു വീട് കണ്ടെത്തി. ആകാശിൽനിന്ന് ഒരു സഹകരണവും ഷിഫ്റ്റ് ചെയ്യാൻപോലും കിട്ടിയില്ല. എങ്കിലും അവസാനം കൂടെ പോന്നു! പുതിയ താമസസ്ഥലത്ത് ഓരോ ദിവസവും കൂടുതൽ കൂടുതൽ അകന്നുകൊണ്ടിരിക്കുന്ന അപരിചിതരായി ഞങ്ങൾ ജീവിച്ചുത്തുടങ്ങി.
അമ്മ വീടിനടുത്തു പുതിയതായി തുടങ്ങിയ ബ്രാഞ്ചിലേക്ക് ട്രാൻസ്ഫർ വാങ്ങി. ഫോൺ പോലും എടുക്കാതേയും ആയി. ഞങ്ങളുടെ ലോകം താറുമാറായതൊന്നും പുറമേ ആരും അറിഞ്ഞതേയില്ല. ജീവിതം മൊത്തം അരങ്ങുതകർക്കുന്ന ഒരു നാടകമായി മാറിക്കൊണ്ടിരുന്നു.
ഏഴോ എട്ടോ മാസങ്ങൾ കഴിഞ്ഞാവണം, അറിയാത്ത നമ്പറിൽനിന്ന് ഒരു കോൾ വന്നു. ഘനഗംഭീരമായ ഒരു പുരുഷശബ്ദം സ്വയം പരിചയപ്പെടുത്തി: “എന്റെ പേര് റോയ് മാത്യൂസ്. പ്രിയയുടെ അമ്മയെ ഞാൻ ഇന്ന് വിവാഹം ചെയ്തു. രജിസ്ട്രേഷൻ മാത്രം മതിയെന്ന് മായയുടെ നിർബന്ധമായിരുന്നു. എന്റെ മക്കളുടെ അമ്മ ചെറുപ്പത്തിലേ മരിച്ചുപോയതാണ്. രണ്ട് മുതിർന്ന ആൺമക്കൾ കുടുംബമായി വിദേശത്ത് സെറ്റിൽ ചെയ്തു. പ്രിയ ഇടയ്ക്ക് ഇങ്ങോട്ടു വരണം. അമ്മയോട് ദേഷ്യമൊന്നും മനസ്സിൽ വയ്ക്കരുത്. ജീവിതത്തിൽ ഒരുപാട് വേദനിച്ചിട്ടുള്ള ഒരു പാവമാണ് അവൾ.”
തല ചുറ്റുന്നതുപോലെ തോന്നി. പരിചയമില്ലാത്ത ഏതോ ഒരാൾ എന്നോട് എന്റെ അമ്മയെപ്പറ്റി സംസാരിക്കുന്നു! എന്തൊക്കെയാണ് നടക്കുന്നത്... ഏത് നാടകത്തിൽ ഏതൊക്കെ വിചിത്ര വേഷങ്ങളിലാണ് ഓരോരുത്തരും അഭിനയിച്ചുകൊണ്ടിരിക്കുന്നത്!
അങ്കിൾ പലതവണ വിളിച്ചെങ്കിലും ഞാനൊരിക്കലും വീട്ടിലേക്ക് പോയില്ല. ഞാൻ പൂർണമായും അനാഥയായിത്തീർന്നു എന്നെനിക്ക് തോന്നി. എന്റെ വീടും എന്റേതല്ലാതായി മാറി.
മാത്യൂസ് അങ്കിൾ ഒരു ദിവസം ഓഫീസിൽ വന്നു കണ്ടു. പ്രൗഢിയുള്ള സൗമ്യനായ മനുഷ്യൻ. ആർക്കും പെട്ടെന്ന് അടുപ്പം തോന്നുന്ന പ്രകൃതം. രണ്ടു ചായക്കപ്പുകൾക്കപ്പുറമിപ്പുറമിരുന്ന് കുറച്ചു നേരം സംസാരിച്ചു. വീട്ടിലേക്ക് വരണമെന്ന് ഓർമിപ്പിച്ചു. ആകാശിനെപ്പറ്റി അങ്കിൾ ഒരിക്കൽപ്പോലും തിരക്കിയില്ല എന്നു പ്രത്യേകം ശ്രദ്ധിച്ചു. ഉള്ളിലെവിടെയോ നീറി പുകയുന്നതുപോലെ തോന്നി.
അങ്കിൾ ഇടയ്ക്ക് വിളിക്കും. മെസേജ് അയയ്ക്കും. പേരിനു മാത്രം മറുപടി കൊടുക്കും. അമ്മയ്ക്കും എനിക്കുമിടയിലെ വിടവ് ഒരിക്കലും നികന്നില്ല. അതങ്ങനെ തന്നെ മതി എന്നൊരു വാശി എന്റെയുള്ളിലും കനം വച്ചു വളർന്നു.
സോഷ്യൽ മീഡിയയിലാണത്രേ അങ്കിളും അമ്മയും കണ്ട് മുട്ടിയത്. അമ്മ ഏത് സോഷ്യൽ മീഡിയയിലാണ് ആക്ടീവ് ആയിരുന്നത്? അമ്മയെ എനിക്കു വേണ്ടത്ര അറിയാമായിരുന്നോ?
അമ്മയുടെ വിവാഹം ബന്ധുക്കളുടെ ഇടയിൽ ചെറിയ കോലാഹലങ്ങളൊക്കെ ഉണ്ടാക്കിയെങ്കിലും അങ്കിൾ എല്ലാവരേയും പെട്ടെന്ന് കയ്യിലെടുത്തു. മകൾക്ക് കുടുംബമൊക്കെ ആയല്ലോ, മാറിത്താമസിച്ചല്ലോ, ചെറുപ്രായത്തിൽത്തന്നെ വിധവയായ അവൾക്ക് വീണ്ടും ഒരു വിവാഹം വേണ്ടതുതന്നെ ആയിരുന്നു എന്നും ഇനിയെങ്കിലും അവൾ സന്തോഷമായി ജീവിക്കട്ടെ എന്നുമൊക്കെ അഭിപ്രായങ്ങൾ വന്നു. രണ്ടു മാസങ്ങൾക്കു ശേഷം അമ്മ മാത്യൂസ് അങ്കിളിനോടൊപ്പം വിദേശത്തേക്ക് പറന്നു.
കുറച്ചു ദിവസങ്ങൾക്കകം അമ്മ ആകെ മാറി മറ്റൊരാളായി. പേര്... ഹെയർസ്റ്റൈൽ... ഡ്രസിങ് സ്റ്റൈൽ എല്ലാം അടിമുടി മാറി. എല്ലാക്കാലത്തും ഒരു നിലവിളക്ക് തെളിച്ചു വച്ചതുപോലെ സുന്ദരിയായിരുന്നു അമ്മ. ആദ്യമായി കാണുമ്പോൾ ഇത്ര ചെറുപ്പമാണോ നിന്റെ അമ്മ എന്ന് ആശ്ചര്യപ്പെടാത്ത കൂട്ടുകാരില്ല. അമ്മയുടെ പത്തൊമ്പതാം വയസ്സിലെ മകളാണ് എന്നു പറയുമ്പോൾ നീ അച്ഛനെപ്പോലെയാണ് അല്ലേ എന്നാവും അടുത്ത ചോദ്യം. പ്രായം ചെന്ന ചില ബന്ധുക്കൾ നിന്റെ അമ്മയുടെ ചന്തമൊന്നും നിനക്ക് കിട്ടിയിട്ടേ ഇല്ലെന്നു വളച്ചുകെട്ടാതെ പറയും. അച്ഛന്റെ മങ്ങിത്തുടങ്ങിയ ഫോട്ടോയിൽ നോക്കി നിന്നിട്ടുണ്ട് കുട്ടിക്കാലത്ത്. അച്ഛനുണ്ടായിരുന്നെങ്കിൽ സ്വന്തം ഛായയുള്ള മകളെ കൂടുതൽ സ്നേഹിച്ചേക്കുമോ എന്നൊക്കെ ഞാനങ്ങനെ ഓർത്തുനിൽക്കും.
മാത്യൂസ് അങ്കിൾ നല്ലൊരു ഫോട്ടോഗ്രാഫറും കൂടെ ആയിരുന്നു. അങ്കിളിന്റെ ഇൻസ്റ്റാഗ്രാമിൽ എന്നെയും ആഡ് ചെയ്തിരുന്നു. അതിസുന്ദരിയായ ഒരു മോഡലിനെ സ്വന്തമായി കിട്ടിയപ്പോൾ ഭംഗിയുള്ള ഫോട്ടോകൾ പേജിൽ നിറഞ്ഞുകവിഞ്ഞു. ഏതൊക്കെയോ രാജ്യങ്ങളിൽ, ഏതൊക്കെയോ കാഴ്ചകൾക്കിടയിൽനിന്നുള്ള സ്വപ്നംപോലുള്ള ഫോട്ടോകൾ. ദേവസുന്ദരിയെപ്പോലെ പാട്ടുകൾക്കൊപ്പം അമ്മ നൃത്തം വയ്ക്കുന്നതു കണ്ടു. ഇതായിരുന്നോ എനിക്കൊപ്പം ഉണ്ടായിരുന്ന മായാദേവി എന്ന സ്ത്രീ? MAYA MATHEWS എന്ന ഈ പുതിയ കഥാപാത്രത്തെ എനിക്കൊരു പരിചയവുമില്ലല്ലോ! ഇടയ്ക്കൊക്കെ നല്ല ദേഷ്യം തോന്നുന്നുണ്ടായിരുന്നു. ഞാനെന്നൊരാൾ ഈ ഭൂമിയിൽ ഇപ്പോഴും ഉണ്ടെന്ന കാര്യം ഇവരോർക്കുന്നില്ലേ?
കണ്മുന്നിൽ കുമിഞ്ഞുകൂടുന്ന വർണപ്പകിട്ടുള്ള ഫോട്ടോകളും അതിലെ ആനന്ദങ്ങളും വീണുടഞ്ഞുകിടക്കുന്ന എന്റെ ജീവിതവും എല്ലാംകൂടി എനിക്ക് ചെടിച്ചു. ഒരു ഫേക് ഐഡി ഉണ്ടാക്കി കുറെ മോശം കമന്റുകളിട്ടാലോ എന്നൊരിക്കൽ തോന്നിപ്പോയി. പിന്നെപ്പിന്നെ ആരാധനയോടെ, തീവ്രമായ നഷ്ടബോധത്തോടെ മാറിനിന്ന് അവരെ നോക്കിയിരുന്നു-സ്നേഹം എങ്ങനെ ഒരു സ്ത്രീയെ നിറയെ പൂത്ത പൂമരമായി,നിറവസന്തമായി മാറ്റിയെഴുതുന്നു എന്ന്.
ആയിടയ്ക്കാണ് അമ്മയുടെ ഇൻസ്റ്റയും ഫേസ്ബുക്കുമൊക്കെ ആകാശ് പതിവായി ചെക് ചെയ്യുന്നുണ്ടെന്ന് മനസ്സിലായത്. ചോദിച്ചപ്പോൾ അതിനെന്താണ് എന്നായി.
“നിന്നെ കാണുന്നതിന് മുന്നേ എനിക്ക് മായേച്ചിയെ അറിയാം...”
എന്നിട്ട് ആ മായേച്ചി നിങ്ങളെപ്പറ്റി എന്താണ് പറയുന്നത് എന്ന് പുച്ഛിച്ചപ്പോൾ അതൊക്കെ മായേച്ചിയുടെ മനസ്സിലെ ഓരോ തോന്നലാണ്. അതിന് ഞാൻ എന്റെ ആറ്റിറ്റ്യൂഡ് മാറ്റുന്നതെന്തിന്? എന്നായിരുന്നു ചോദ്യം. വഴക്കു മൂർച്ഛിക്കുമ്പോൾ ആകാശ് കതകു കുറ്റിയിട്ട് മുറിയിൽ അടച്ചിരിക്കുകയോ വീടിനു പുറത്തേക്കിറങ്ങിപ്പോകുകയോ ചെയ്യുന്നത് പതിവായി. പറയാനാകാതെ പോകുന്ന വാക്കുകളും പ്രകടിപ്പിക്കാനാകാതെ പോകുന്ന അരിശവും എന്റെ നെഞ്ചിനുള്ളിൽ കെട്ടിക്കിടന്നു വിമ്മിഷ്ടപ്പെട്ടു.
സത്യത്തിൽ എന്നെ ഏറ്റവും വേദനിപ്പിച്ചത് ഈ നിസ്സംഗതയായിരുന്നു. ഒരു പ്രശ്നമുണ്ടെങ്കിൽ അതിനെ അഡ്രസ് ചെയ്യാതിരിക്കുക... ഒരാൾ വേദനിക്കുന്നു എന്നു മനസ്സിലായാലും അതിനു വേണ്ടി ഒന്നും ചെയ്യാൻ കൂട്ടാക്കാതെ കണ്ണടച്ച് ഇരുട്ടാക്കുക... എല്ലാം വെറും തെറ്റിദ്ധാരണയാണ് എന്നുമാത്രം ആവർത്തിച്ചുകൊണ്ടിരിക്കുക...
എനിക്ക് പലപ്പോഴും ഭ്രാന്തെടുത്തു. ഉറക്കമില്ലാതെ രാത്രികളിൽ മുറികൾക്കുള്ളിൽ അലഞ്ഞു നടന്നു, കരഞ്ഞുതളർന്നു, പട്ടിണി കിടന്നു, ജോലിയിൽ ശ്രദ്ധിക്കാനാവാത്തതിനും തുടർച്ചയായി ലീവെടുക്കുന്നതിനും ശകാരം കേട്ടു, പലപ്പോഴും ആരോഗ്യം നശിച്ച് ആശുപത്രിയിലായി. പലപ്പോഴും മരിക്കാൻ തോന്നി. സൈക്യാട്രിസ്റ്റിനെ കണ്ടു മരുന്നുകൾ കഴിച്ചും കൗൺസിലിംഗ് സെഷനുകൾ പതിവായി അറ്റൻഡ് ചെയ്തും എങ്ങനെയോ പിടിച്ചുനിന്നു. ഡിവോഴ്സിനെക്കുറിച്ച് സംസാരിക്കുമ്പോഴെല്ലാം ആകാശ് അതേ നിസ്സംഗത പ്രദർശിപ്പിച്ചു: “നിനക്ക് വേണമെങ്കിൽ വക്കീലിനെ കണ്ടോളൂ... എനിക്ക് നിന്നോട് ഒരു പ്രശ്നവുമില്ല.”
പതിയെ വഴക്കുകൾ മൗനത്തിനു വഴിമാറി. ഒരേ വീട്ടിൽ രണ്ടു ലോകങ്ങളിൽ പരസ്പരം ഇടപെടാതെയുള്ള ജീവിതം ശീലിച്ചു. അപ്പോഴും ചുറ്റുമുള്ളവർ ഒന്നുമറിയാതെ പറഞ്ഞു: “ഇനി ഒരു കുഞ്ഞുകൂടി ആയാൽ... ഇനി താമസിപ്പിക്കല്ലേ പ്രിയാ...” അത് കേൾക്കുമ്പോൾ മാത്രം എനിക്ക് ചിരിപൊട്ടി.
അങ്കിളിന്റെ മെസേജുകൾ ഇടയ്ക്കു വന്നുകൊണ്ടിരിക്കുന്നു. എപ്പോൾ എത്തും എന്ന് ചോദിക്കുകയാണ്. എന്തു ചെയ്യണം എന്ന് മനസ്സിലാകുന്നില്ല. ഇതൊക്കെ സത്യമാണോ സ്വപ്നമാണോ എന്നു മനസ്സിലാകാത്തതുപോലെയാണ്. എന്തു നാശമാണിത്! അമ്മ എന്തിനാണ് മരിച്ചുപോകുന്നത്...! എങ്ങനെയാണ് മരിക്കുന്നത്...! രണ്ടു ദിവസം മുന്നേ കൂടെ കണ്ടതാണല്ലോ മായാ മാത്യൂസിന്റെ ഒരു റീൽ... സ്വർണമണൽ കടൽത്തീരത്തിലൂടെ നിറയെ ഞൊറികളുള്ള വെള്ളയുടുപ്പണിഞ്ഞ് തീരത്തണഞ്ഞ മത്സ്യകന്യകയെപ്പോലെ ഒഴുകിനീങ്ങുന്ന സുന്ദരരൂപം... കാലടികളിൽ കൊലുസിന്റെ മുത്തുകൾ ചുംബിച്ചു മടങ്ങുന്ന നീലത്തിരകൾ... മാത്യുസ് അങ്കിളിന്റെ ഫോട്ടോഗ്രാഫി ടാലന്റ് അപാരം... കുറച്ചൊരസൂയയോടെ, അൽഭുതത്തോടെ പ്രണയം തൊടുമ്പോൾ പ്രായം പിന്നോട്ട് നടക്കുന്ന മന്ത്രജാലം നോക്കിക്കണ്ടത് വെറും രണ്ടു ദിവസം മുൻപല്ലേ...!
പടി കയറി ഞാൻ മുകളിലേക്ക് വന്നത് ആകാശ് അറിഞ്ഞിട്ടില്ല... ലാപ്ടോപ്പിൽ അതേ സ്വർണ മത്സ്യകന്യക ഒഴുകിനീങ്ങുന്നു. ആകാശിന്റെ വിരലുകൾ മത്സ്യകന്യകയുടെ നെറ്റിയിൽ വീണുകിടക്കുന്ന മുടിച്ചുരുളുകളിൽനിന്ന് കണ്ണുകളിലേക്ക്... കവിളുകളിലേക്ക്... ചുണ്ടിലേക്ക്... കഴുത്തിലേക്ക്... താഴേക്കു വഴുതി വഴുതിപ്പോകുന്നു. ഒടുവിൽ സ്ക്രീനിലേക്ക് മുഖം ചേർക്കുമ്പോൾ കണ്ണുനീരിന്റെ നനവ് പടരുന്നു...
ഞാൻ തിരിഞ്ഞോടി.
കഴുത്തിൽ ഭൂമിയോളം വലിയ ഒരു മുഴ കുടുങ്ങിനിൽക്കുന്നു... ശ്വാസം വിങ്ങിവീർത്ത് നെഞ്ചിപ്പോൾ പൊട്ടിത്തകരുമെന്നു തോന്നുന്നു... ഷവർ തുറന്നുവിട്ട് എത്രനേരം നനഞ്ഞു നിന്നെന്നറിയില്ല... അമ്മയോട് മിണ്ടിയിട്ട് എത്രകാലമായെന്ന് അപ്പോഴെനിക്ക് ഓർത്തെടുക്കാനാവുന്നുണ്ടായിരുന്നു. ഇനിയൊരിക്കലും മിണ്ടാനും പറ്റില്ലല്ലോ! എനിക്ക് അമ്മയെ ഇപ്പോൾത്തന്നെ കാണണം എന്നു തോന്നി... എനിക്ക് ഉറക്കെയുറക്കെ കരയാൻ തോന്നി...
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates