ചിത്രീകരണം സചീന്ദ്രന്‍ കാറഡുക്ക
Malayalam Weekly

ഡി. ധനസുമോദ് എഴുതിയ കഥ ‘ഭായ് ഫോട്ട’

ഡി. ധനസുമോദ്

“ഭയ്യാ സീഠി നായി...”

നിലം തുടച്ചുകൊണ്ടിരുന്ന തുണി ഇടത് കയ്യിലേക്ക് മാറ്റിപ്പിടിച്ച് പാഖി പറഞ്ഞു. സന്ദീപ് ഡൽഹിയിൽ എത്തിയ കാലം മുതൽക്കേ വീട് വൃത്തിയാക്കാൻ എത്തുന്ന സ്ത്രീയാണ് പാഖി. എല്ലാ കാര്യങ്ങളും കിറുകൃത്യം ചെയ്യാനാണ് ആഗ്രഹിക്കുന്നെങ്കിലും ചെറിയ അശ്രദ്ധകൊണ്ടു മൊത്തം കാര്യങ്ങൾ സന്ദീപിന് പാളാറുണ്ടെന്ന് പാഖിക്ക് നന്നായി അറിയാം. അതുകൊണ്ടു തന്നെ നിലം തുടക്കുമ്പോഴും പാത്രം കഴുകുമ്പോഴും ഒരു കണ്ണ് എപ്പോഴും സന്ദീപിൽ ആയിരിക്കും. ചിക്കൻ കഴുകി കുക്കറിൽ ഇട്ടു, വിസിൽ വരാൻ വേണ്ടി അടുത്ത മുറിയിലേക്ക് പോയി. പത്രം വായിക്കാൻ ഇരുന്നപ്പോഴാണ് ‘സീഠി നായി’ എന്നു വിളിച്ചുപറയുന്നത്. ഹിന്ദിയും ഇംഗ്ലീഷും കൂടി കലർന്ന ഹിന്ദി ചമ്പു മാത്രം കൈവശമുള്ള അയാൾക്ക് പാഖി പറയുന്നത് മനസ്സിലായതുമില്ല. എങ്കിലും തന്റെ ഭാഗത്തുനിന്നും എന്തോ വീഴ്ച വന്നതായി അയാൾക്കു മനസ്സിലായി. നിലത്തിരുന്നുകൊണ്ടു പാഖി കൈചൂണ്ടിയ പ്രഷർ കുക്കറിലേക്ക് നോക്കിയപ്പോഴാണ് അമളി മനസ്സിലായത്. കുക്കറിനു മുകളിൽ വിസിൽ വെച്ചിട്ടില്ല. വെയിറ്റ് എടുത്ത് കഴുകി വെച്ചപ്പോഴാണ് ബംഗാളികൾ വെയിറ്റിനു സീഠി എന്നു പറയുമെന്ന് മനസ്സിലായത്.

മൂന്ന് മുറികളുള്ള ആ വീട്ടിൽ സന്ദീപ് അടക്കം നാല് പേരാണ് താമസിക്കുന്നത് വാടകയും സർദാർജിയുടെ കടയിലെ പറ്റും കൂടാതെ വിഭജിച്ചു എടുക്കുന്ന തുക പാഖിക്ക് നൽകാനാണ്. വലിയ തുകയൊന്നുമല്ല, മാസം ആയിരം രൂപ. ഒരാൾ ഇരുന്നൂറ്റി അൻപത് രൂപ വീതം നൽകണം. സൊസൈറ്റിയിൽ ആറു ഫ്ലാറ്റിൽ പാഖി ജോലിക്ക് പോകുന്നുണ്ട്.

പാഖി എന്നാൽ, ബംഗാളിയിൽ അർത്ഥം എന്താണ് എന്ന് സന്ദീപ് ചോദിച്ചു. അവൾ പറഞ്ഞ മറുപടി മനസ്സിലായില്ലെന്നു കണ്ണിൽനിന്നു വായിച്ചെടുത്തതോടെ രണ്ട് കയ്യും മുകളിലേക്കും താഴേയ്ക്കും പറക്കുന്നതുപോലെ കാണിച്ചു. ചിഡിയ ചിഡിയ എന്നു പറഞ്ഞപ്പോഴാണ് പക്ഷിയാണ് പാഖി എന്നു മനസ്സിലാക്കിയത്. പേര് പോലെത്തന്നെ ആയിരുന്നു പാഖി. ഒരിടത്തും അടങ്ങി ഇരിക്കാതെ എപ്പോഴും പറന്നുകൊണ്ടേയിരുന്നു. ഊർജമെല്ലാം നഷ്ടപ്പെട്ടു കണ്ടത് ഒരു നവരാത്രി ദിവസമായിരുന്നു. സന്ദീപിന്റെ അശ്രദ്ധയെ കണ്ടുപിടിക്കാൻ പാഖിക്ക് കഴിഞ്ഞതുപോലെ അവരുടെ മുഖത്തെ സങ്കടം വായിച്ചെടുക്കാൻ അവനും കഴിഞ്ഞു.

അവധി ദിനത്തിൽ എല്ലാവരും പുറത്തേയ്ക്ക് പോയതിനാൽ സന്ദീപ് മാത്രമായിരുന്നു അന്ന് മുറിയിൽ. ഭിത്തിയോട് ചാരി കട്ടിലിൽ ഇരുന്ന ശേഷം സ്റ്റൂളിലെ കൊതുക് തിരിയുടെ ഭസ്മപ്പൊടി തുവർത്തുകൊണ്ടു തട്ടിമാറ്റി. ഇരിക്കാൻ പറഞ്ഞപ്പോൾ പാഖിക്ക് എന്തോ സങ്കോചം. ഇരിക്കുന്നതിനും എഴുന്നേൽക്കുന്നതിനും ഇടയിലുള്ള ഒരു പൊസിഷനിൽ ആണ് ഇരുപ്പ്. രണ്ട് കാതിനോട് ചേർന്ന മുടികൾ വെള്ളി കെട്ടിത്തുടങ്ങി. അതവരെ കൂടുതൽ സുന്ദരി ആക്കുന്നുണ്ട്. പ്രായമായെന്ന് ആദ്യം അറിയുന്നത് നമ്മുടെ കാതുകളാണ്. പ്രായമായെന്നു കാതുകളോട് പറയാനാണ് വെള്ളിമുടികൾ ആദ്യം എത്തുക.

ആ ഇരുപ്പിൽ ചോദിക്കാതെ തന്നെ സങ്കടം പറഞ്ഞുതുടങ്ങി. ബംഗാൾ ദിനാജ്പൂരിലെ ഒരു ജന്മി കുടുംബത്തിലാണ് പാഖി ജനിച്ചത്. പതിനാറാം വയസിലാണ് സൈക്കിൾ ചവിട്ടാൻ പഠിപ്പിച്ച അഭോയ്യോട് പ്രേമം തുടങ്ങിയത്. രണ്ട് ആങ്ങളമാരുടെ കുഞ്ഞിപ്പെങ്ങളായി സന്തോഷത്തോടെ കഴിയുന്ന ആ വീട്ടിൽ പാഖിക്ക് ഒരു കുറവും ഉണ്ടായിരുന്നില്ല. ഒരു വർഷം കഴിഞ്ഞപ്പോൾ ചേട്ടന്റെകൂടെ കാറോടിക്കാൻ അഭോയ് ഡൽഹിക്കു പോയി. മിണ്ടാതേയും പറയാതേയും പത്ത് മാസം പിന്നെയും കടന്നുപോയി. സ്വന്തമായി കാറോടിക്കാൻ പഠിച്ചു. ഡൽഹിയിലെ ചിത്തരഞ്ജൻ പാർക്കിൽ രണ്ട് പേർക്ക് താമസിക്കാൻ ഒറ്റമുറി വീട് വരെ കണ്ടെത്തിയിട്ടാണ് ദിനാജ് പൂരിലേക്കു മടങ്ങിവന്നത്. കൂടുതലൊന്നും ആലോചിക്കാൻ പോയില്ല ഒരു ക്ഷമാപണ കത്തെഴുതിവെച്ച് അഭോയ്യോടൊപ്പം പാഖി ഡൽഹിക്കു വണ്ടികയറി. വീട്ടുകാരെ വിഷമിപ്പിക്കണം എന്ന് ഉദ്ദേശിച്ചിരുന്നില്ല; പക്ഷേ, രണ്ട് പേർക്ക് മടക്ക ടിക്കറ്റുമായി തന്നെ മാത്രം വിശ്വസിച്ച് എത്തിയ ഒരാളെ വഞ്ചിക്കാൻ അവൾക്ക് കഴിയുമായിരുന്നില്ല. കടുത്ത പ്രണയം എന്ന് പറയാമോ എന്നറിയില്ല. അവനില്ലാതെ ജീവിക്കാൻ കഴിയില്ല എന്നൊന്നുമില്ലായിരുന്നു. പക്ഷേ, ആ വിശ്വാസം കാക്കാൻ വേണ്ടിയായിരുന്നു യാത്ര. അടുത്ത ആഴ്ച നടക്കാനിരിക്കുന്ന ഭായ് ഫോട്ടയെക്കുറിച്ച് ആലോചിക്കുമ്പോഴായിരുന്നു വിഷമം. കല്ലിൽ ചന്ദനമുട്ടി അരച്ചു സഹോദരന്മാരുടെ നെറ്റിയിൽ കുറി ചാർത്തിക്കൊടുക്കുന്നതാണ് ഭായ് ഫോട്ട. പകരമായി പുതുവസ്ത്രം സമ്മാനമായി സഹോദരിക്ക് നൽകും. ഉറപ്പായും ചേട്ടൻ പുതിയ സാരി വാങ്ങി വെച്ചിട്ടുണ്ടാകും. രണ്ട് ചേട്ടന്മാർക്ക് ഒരു പെങ്ങൾ മാത്രമായതിനാൽ അവർക്ക് ആര് ചന്ദനക്കുറി തൊട്ടുകൊടുക്കും എന്നതായിരുന്നു പാഖിയുടെ വിഷമം. ഈ സങ്കടങ്ങൾ അഭോയ് അറിയാതിരിക്കാൻ പുറമേ ചിരി വരുത്തി ഇരുന്നു. ട്രെയിൻ കൂക്കിവിളിച്ച് ഡൽഹിയിലൂടെ ഓടിക്കൊണ്ടേയിരുന്നു. സഹോദരന്മാർ അടുത്തിലെങ്കിൽ ഭായ് ഫോട്ട ദിവസം ഭിത്തിയിൽ സഹോദരനെ സങ്കല്പിച്ചു ചന്ദനപ്പൊട്ട് നൽകും.

ചിത്രീകരണം

മറ്റൊരാളോട് പറഞ്ഞാൽ കുറയുന്ന സങ്കടങ്ങൾ ആണ് സ്ത്രീകൾക്ക് കൂടുതലുമുള്ളത്. പക്ഷേ, കേൾക്കുന്നവർക്ക് സങ്കടം ആകുമോ എന്നോർത്ത് പങ്ക്‌വയ്ക്കുകയുമില്ല. ഇങ്ങനെ പറയാത്ത സങ്കടം ഉള്ളിലിട്ട് പലിശയും പിഴപ്പലിശയുമായി ഒരു ദിവസം പുറത്തുവരും. ചെറിയ കാര്യങ്ങൾക്ക് ഇത്രയും പൊട്ടിത്തെറിക്കണോ എന്ന് കേൾക്കുന്നവർക്ക് തോന്നും. ആ ദേഷ്യം അവസാനകാര്യം മാത്രമായിരിക്കും. ചന്ദനം തൊടുവിക്കാൻ കഴിയില്ല എന്നു പറഞ്ഞു കരഞ്ഞാൽ ഉള്ളിലെങ്കിലും അഭോയ് ചിരിക്കാൻ സാധ്യത ഉണ്ട്. പറഞ്ഞുപറഞ്ഞു താൻ എങ്ങോട്ടോ പോയി എന്ന് അവൾക്കുതന്നെ മനസ്സിലായി. പഴയകാലത്തിൽനിന്നും സ്റ്റൂളിൽ ഇരിക്കുന്ന 48-കാരിയിലേക്ക് എത്തി. മോന് ഫീസ് അടക്കേണ്ട അവസാന തീയതി നാളെയാണ്. ബിടെക് അവസാന വർഷമാണ്. പലയിടത്തുനിന്നും കൈവായ്പ വാങ്ങിയിട്ടും കയ്യെത്താ പൊക്കത്തിൽ നിൽക്കുകയാണ് പതിനെണ്ണായിരം രൂപ.

വേഗം ഫോണെടുത്ത് പാഖിയുട മകന്റെ ഫോണിലേക്ക് ആ തുക സന്ദീപ് ട്രാൻസ്‌ഫർ ചെയ്തു. എന്താണ് സംഭവിക്കുന്നത് എന്നുപോലും അവർക്ക് മനസ്സിലായില്ല. മുഖത്തേക്ക് ചൂടെണ്ണ തെറിച്ചു വീണ് കണ്ണ് പൊള്ളിയിരുന്നപ്പോൾ ജോലി ചെയ്യാത്ത മാസത്തിനുപോലും സന്ദീപ് ശമ്പളം നൽകിയിരുന്നു. ആയിരം രൂപ ട്രാൻസ‌്ഫർ അന്ന് ചെയ്തത് മകന്റെ ഫോണിലേക്ക് ആയിരുന്നു. ഒന്നുമറിയാത്തപോലെ ഫോണിൽ കണക്റ്റ് ചെയ്ത ബ്ലൂട്ടൂത്ത് സ്പീക്കറിൽ രബീന്ദ്ര സംഗീതം പ്ലേ ചെയ്തു തുടങ്ങി.

എക്ലചലോ എന്ന് ഗാന്ധിക്ക് ഏറെ ഇഷ്ടമായ പാട്ടാണ് ഓടിവന്നത്... കൂടെ ആരുമില്ലെങ്കിലും ഒറ്റയ്ക്ക് നടക്കുക എന്ന വരികൾ ആവർത്തിച്ചു കേട്ടുകൊണ്ടേയിരുന്നു.

പാഖിയോട് കാണിക്കുന്ന ഈ അനുകമ്പയിൽ കൂടെ താമസിക്കുന്ന ഫൈസൽ ചിരിച്ചു തള്ളുകയാണ് പതിവ്. തോമസിന് ലേശം താല്പര്യക്കുറവ് ഉണ്ട്. വാടക കരാർ അടക്കം സന്ദീപിന്റെ പേരിലായതിനാൽ പ്രത്യേകിച്ച് ഒന്നും ചെയ്യാനുമില്ല.

കോളേജിൽ വന്നു കമ്പനികൾ ജോലിക്കെടുക്കുമെന്നാണ് മകൻ പാഖിയോട് പറഞ്ഞിരിക്കുന്നത്. മകനു ജോലി കിട്ടിക്കഴിയുമ്പോൾ ആറു മാസത്തിനുള്ളിൽ തുക തിരികെ നൽകാമെന്ന് പാഖി സന്തോഷത്തോടെ പറഞ്ഞു. ഇത്രയും അവധി നീട്ടി ചോദിക്കാനും കാരണമുണ്ട്. അതിനുമുൻപ് കൊടുത്തുതീർക്കാനുള്ള കടക്കാർ വേറെയുണ്ട്.

ഒന്നിടവിട്ട ദിവസങ്ങളിലാണ് നേരത്തെ പാഖി എത്തിയിരുന്നതെങ്കിൽ പിന്നീട് തുടർച്ചയായി വന്നുതുടങ്ങി. അതിനും ഒരു കാരണമുണ്ട്. ബൈക്കിൽനിന്നും വീണ് സന്ദീപിന്റെ കാലിനു ചെറിയ ചതവ് ഉണ്ടായി. ഒരാഴ്ച വിശ്രമിക്കാനായി വീട്ടിൽ ഇരുന്നപ്പോഴാണ് പാഖിയും അവിടെ പതിവാക്കിയത്. ഇവർ സ്ഥിരം വന്നാൽ പൈസ കൂട്ടിക്കൊടുക്കില്ല എന്നു പറഞ്ഞാണ് തോമസ് അന്ന് ഓഫീസിലേക്ക് പോയത്. പറഞ്ഞത് മലയാളത്തിൽ ആയിരുന്നെങ്കിലും പാഖിക്ക് പിടി കിട്ടിയിരുന്നു എന്ന് അപ്പോൾ മനസ്സിലായില്ല.

പാഖി വരുമ്പോൾ മാത്രം വച്ചിരുന്ന രബീന്ദ്ര സംഗീതം ഇപ്പോൾ സന്ദീപിന്റെ ജീവിത താളമായി മാറിക്കഴിഞ്ഞു.

അടുത്ത ദിവസം വീട് അടിച്ചു തുടച്ച ശേഷവും അടുക്കളയിൽ എന്തൊക്കെയോ പണിയിലാണ് പാഖി. വലിയ പാത്രത്തിൽ ചൂടുവെള്ളവുമായി എത്തി. വെള്ളത്തിൽ മുക്കി ആവി പറക്കുന്ന തുണി കൊണ്ടു സന്ദീപിന്റെ ഓരോ കാലും പതുക്കെ ഉഴിഞ്ഞു. വേണ്ടെന്ന് പറയണം എന്നുണ്ടായിരുന്നു, എങ്കിലും വാക്കുകളായി അത് ചുണ്ടിലേക്ക് എത്താതെ എവിടെയോ തട്ടിത്തടഞ്ഞുനിന്നുപോയി. മടിക്കുത്തിൽനിന്ന് ചെറിയ കത്തിയെടുത്ത് കാലിന്റെ നഖം വെട്ടിത്തുടങ്ങി. തലമുടിയിലെ സ്ലൈഡ് ഊരി ചൂട് വെള്ളത്തിൽ മുക്കി നഖങ്ങൾക്കിടയിലെ അഴുക്ക് കുത്തിക്കളഞ്ഞു. ചൂടുവെള്ളത്തിൽ കാൽ എടുത്തുവെച്ചു. വേണ്ടെന്നു പറയാൻ തുടങ്ങിയതും സ്നേഹം നിറഞ്ഞ ശാസന മൂളലായി പാഖിയിൽനിന്നും പുറത്തുവന്നു. പിന്നീട് ഒരു ചെറിയ വെള്ളക്കല്ല് എടുത്ത് കാലിന്റെ ഉപ്പുക്കുറ്റി മുതൽ തേക്കാൻ തുടങ്ങി. വേദനയും ഇക്കിളിയും ഒരേപ്പോലെ കാലിൽനിന്നും തരിച്ചുകയറുന്നുണ്ട്. ചെത്തിമിനുക്കിയ നഖത്തിനു ചുറ്റും കത്തിയുടെ മറുവശത്തെ അരംകൊണ്ടു രാകി. ആരെങ്കിലും റൂമിലേക്ക് വന്നാലോ എന്ന് പേടി തോന്നിപ്പോയി. കാലിനു പുറത്തെ ചെറിയ രോമങ്ങൾ കുതിർന്നു ചാഞ്ഞുകിടക്കുകയാണ്. ഉണങ്ങിയ തൂവർത്തുകൊണ്ട് കാൽ ഒപ്പിയുണക്കി. കുഞ്ഞായിരിക്കുമ്പോൾ ഇങ്ങനെയൊക്കെ അമ്മ മാത്രമായിരിക്കും ചെയ്തുകാണുക. സ്വന്തം കാലിനോട് സന്ദീപിന് ജീവിതത്തിൽ ആദ്യമായി ഇഷ്ടം തോന്നിയത് അപ്പോഴായിരുന്നു. ചിന്തകളിൽനിന്നും പിടിച്ചുവലിച്ചത് പാഖിയുടെ ചുമ ആയിരുന്നു. ശ്രദ്ധ കിട്ടാനുള്ള രണ്ടേ രണ്ട് ചുമ... എല്ലാ ദിവസവും പണി എടുക്കുന്നതിന് അധികം പൈസ നൽകേണ്ട എന്ന് പാഖി പറഞ്ഞപ്പോഴാണ് തോമസ് മലയാളത്തിൽ പറഞ്ഞത് അവർക്കു മനസ്സിലായി എന്നറിഞ്ഞത്. അല്ലെങ്കിലും സ്നേഹയും അവഗണനയും മനസ്സിലാക്കാൻ ഭാഷ ഒരു തടസമേയല്ലല്ലോ.

കൊറോണക്കാലത്തെ ഭീതി ഒന്നൊഴിഞ്ഞപ്പോൾ ഒരു മാസത്തെ അവധിക്കു ശേഷം പാഖി വീണ്ടും ഫ്ലാറ്റിൽ ജോലിക്ക് വന്നുതുടങ്ങി. ഫൈസൽ ഒഴികെ എല്ലാവരും വർക്ക് ഫ്രം ഹോം ആണ്. കൊവിഡ് കാലത്ത് ശമ്പളം കമ്പനി അന്ന് 70 ശതമാനം ആക്കിയിരുന്നു. മാറ്റി വയ്ക്കപ്പെടുന്ന വേതനം ആണെന്നും 30 ശതമാനം യാത്രയ്ക്കും നഗരത്തിൽ ഓഫീസിൽ എത്തിയ ശേഷമുള്ള മറ്റു ചെലവുകൾക്കാണെന്നും എച്ച്.ആർ പറഞ്ഞു. കമ്പനിയുടെ ഭാഗം ജീവനക്കാരെ കൊണ്ടു അംഗീകരിപ്പിക്കാൻ പ്രത്യേക ശേഷി ഉള്ളവരാണ് എച്ച്.ആർ കാർ. ഫ്ലാറ്റിനു പുറത്ത് പോകാതെ ഇരുന്നപ്പോഴാണ് ചെലവ് ചുരുക്കലിനെക്കുറിച്ച് എല്ലാവരും ആലോചിച്ചത്. ചിക്കൻ ആഴ്ചയിൽ മൂന്ന് ദിവസമായി ചുരുക്കാമെന്ന് സന്ദീപ് പറഞ്ഞു. വീട് ഊഴമിട്ട് വൃത്തിയാക്കാമെന്ന ആശയം മുന്നോട്ടുവെച്ച തോമസ് പാഖിയെ ഒഴുവാക്കുന്നതുകൂടി പറഞ്ഞുവെച്ചു. പാഖിയുടെ ആയിരം ഒറ്റയ്ക്ക് നൽകാമെന്നും പറഞ്ഞതോടെ ഒഴിപ്പിക്കൽ ചർച്ച അവിടെ അവസാനിച്ചു. തോമസ് ഒഴികെ രണ്ടുപേരും പാഖിക്കുള്ള വിഹിതം കൃത്യമായി നൽകി. ജോലിക്കു പോയ്‌ക്കൊണ്ടിരുന്ന ആറു വീടുകളിൽ മൂന്നെണ്ണം കൊറോണയുടെ പേരിൽ നഷ്ടമായിക്കഴിഞ്ഞു.

കൊറോണ സൃഷ്ടിച്ച അകലം പതുക്കെ ഇല്ലാതെ ആയതോടെ തോമസിന്റെ അകന്ന ബന്ധു അലക്സി കൂടി ഡൽഹി ഫ്ലാറ്റിൽ അന്തേവാസി ആയി. ഗുഡ്ഗാവിലും നോയ്ഡയിലും കമ്പനികളിൽ ഒഴിവ് തേടിയാണ് എത്തിയത്. രണ്ടു മാസം പിന്നിടുമ്പോഴും നല്ല കമ്പനികൾ ഒന്നും അയാളെ ജോലിക്കെടുത്തില്ല.

നിലം തുടച്ച ഭാഗത്ത് വെള്ളം ഉണങ്ങുന്നതിനു മുൻപേ ചെരുപ്പിട്ട് നടന്നു എന്ന പാഖിയുടെ പരാതി കേട്ടപ്പോൾ മുതലാണ് അലക്സിയെ ശ്രദ്ധിച്ചുതുടങ്ങിയത്. ഭക്ഷണം കഴിച്ച പാത്രം കഴുകാതെ അതെല്ലാം പാഖിയെക്കൊണ്ടു ചെയ്യിക്കുന്നതും സ്ഥിരമായി. നോർത്ത് ഇന്ത്യക്കാർ വിവരമില്ലെന്നും ഇവരോ ഇവരുടെ മക്കളോ സ്കൂളിന്റെ പടിപോലും കണ്ടിട്ടില്ല എന്നും പറഞ്ഞു പൊട്ടിച്ചിരിക്കുകയായിരുന്നു. ബംഗാളി പറയുന്നവരൊക്കെ പലയിടത്തും തല്ലുകൊള്ളുന്നു എന്നും അവൻ പറഞ്ഞു. അവജ്ഞയുടെ ആഴം വീണ്ടും ഭാഷയെ മറികടന്ന് പാഖിയുടെ ചിറകിനു കൊണ്ടെന്നു മുഖം കണ്ടാൽ അറിയാം. റൂം മേറ്റിന്റെ ഗസ്റ്റ് ചെയ്യുന്ന പിഴവുകൾ അയാളോട് പറയരുത് എന്നാണ് അലിഖിത നിയമം. തോമസ് വരാൻ വേണ്ടി സന്ദീപ് കാത്തിരുന്നു. രാത്രി എപ്പോഴോ ഉറങ്ങിപ്പോയി. പിറ്റേ ദിവസം അവധിയായിരുന്നു. വലിയ പാക്കറ്റ് നിറയെ ഓറഞ്ച് നിറത്തിലെ റവ ലഡ്ഡുവുമായിട്ടാണ് പാഖി എത്തിയത്. മുഖം പൂപോലെ തെളിഞ്ഞുനിൽക്കുന്നു. മകന് കോളേജ് പ്ലേസ്‌മെന്റിലൂടെ ജോലി കിട്ടി. അമേരിക്കൻ കമ്പനി ഒരു മാസത്തെ ട്രെയിനിങ്ങിനു ശേഷം ന്യുയോർക്കിലേക്ക് കൊണ്ടുപോകും. ആറു മാസത്തിനുള്ളിൽ പാഖിയേയും കൊണ്ടുപോകുമെന്ന് പറയുമ്പോൾ അവർക്ക് ചിറക് മുളച്ചതായി തോന്നി.

എല്ലാവർക്കും ലഡ്ഡു നൽകിയ ശേഷം സഞ്ചിയിൽനിന്ന് ഒരു ചെപ്പ് എടുത്തു തുറന്നു. ചന്ദനത്തിന്റെ സുഗന്ധം മുറിയിൽ നിറഞ്ഞു. വലതു കയ്യിലെ മോതിരവിരലിൽ ചന്ദനം മുക്കി സന്ദീപിന്റെ നെറ്റിയിൽ തൊടുവിച്ചു... തുണിയും ബക്കറ്റും ചൂലുമായി പാഖി ജോലിതുടങ്ങി...

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രതിഷേധങ്ങൾ കൊണ്ട് ഒന്നും നേടാനാവില്ല; 30 വർഷത്തേക്ക് കോൺഗ്രസ് അധികാരത്തിലെത്തില്ലെന്ന് അമിത് ഷാ

PM Internship Scheme: അദാനി വിഴിഞ്ഞം പോർട്ടിൽ അവസരം; ഇപ്പോൾ അപേക്ഷിക്കാം

ചോദ്യം ചോദിക്കുന്നവരെ രാജ്യവിരുദ്ധരാക്കാന്‍ ശ്രമമെന്ന് അണ്ണാമലൈ; ഇരട്ടത്താപ്പെന്ന് ബിജെപി

തിരിച്ചുവന്ന് ഭുവി വഴങ്ങിയത് 49 റൺസ്! ഇന്ത്യക്ക് ജയിക്കാന്‍ 226

പൂട്ടിപ്പോയെന്ന് ആര് പറഞ്ഞു...? ശ്രീധര്‍ വരും; പുത്തന്‍ സ്റ്റൈലില്‍