അങ്ങനെയിരിക്കെ വെള്ളിയാഴ്ചയുടെ തലേദിവസം രാവിലെ പള്ളിനടയിലെ ലാസറേട്ടന്റെ കട എന്നു പേരെഴുതിയ ചായക്കട പതിവുപോലെ സജീവമാകുമ്പോൾ അപ്രതീക്ഷിതമായാണ് അവിടേക്ക് ആ അപരിചിതൻ കയറിവന്നത്. അപരിചിതൻ അല്പനേരം നിശ്ശബ്ദനായി മേശയിൽ കൈകൾ ഊന്നി കടക്കാരന്റെ ഇടപെടൽ പ്രതീക്ഷിച്ച് കാത്തിരുന്നു. ഈ സമയത്ത് മേശ തുടച്ചിടാൻ മറന്നുപോയതിന് ജോലിക്കാരൻ ചെറുക്കനെ കടക്കാരൻ ശകാരിക്കുകയോ ചില്ലറ തരാത്തതിന്റെ പേരിൽ ആരോടൊ മുഷിഞ്ഞു സംസാരിക്കുകയോ ആയിരുന്നു കടയുടമ ജോണിക്കുട്ടി.
അതിനും അല്പം മുൻപാണ് വെട്ടുവീട്ടിൽ വക്കച്ചൻ വന്നെത്തിയത്. ഒരു വഴുവഴുപ്പൻ പാമ്പ് കടയിലേക്ക് ഇഴഞ്ഞെത്തുന്ന വെറുപ്പോടെ ജോണിക്കുട്ടി അയാളെ നോക്കി.
വക്കച്ചനെ എന്നും തീറ്റിപ്പോറ്റാമെന്ന് ഞാൻ നേർച്ചയെടുത്തിട്ടൊന്നുമില്ല കേട്ടോ. തേയിലയും പഞ്ചസാരയും എനിക്ക് വെറുതെ കിട്ടണതല്ല. ഇന്നലെയും പറഞ്ഞതല്ലേ. കടം പറയാൻ വേണ്ടി രാവിലെത്തന്നെ വലിഞ്ഞുകയറി വരേണ്ടെന്ന്.
ജോണിക്കുട്ടിയുടെ വാക്കുകൾ ചൂടുവെള്ളം മോന്തയ്ക്ക് ഒഴിച്ചതുപോലെ പഴയകാലത്തെ ആ ഗുണ്ടയ്ക്ക് ഒന്നു പൊള്ളി.
പക്ഷേ, അയാൾ ഉറുമ്പുകടിയേൽക്കുന്ന ഞാഞ്ഞൂലിന്റെ നിസ്സഹായതയോടെ ഒന്നു പിടഞ്ഞു. വക്കച്ചന്റെ പേരു കേട്ടാൽ ഞെട്ടിവിറക്കുന്ന പഴയകാലമല്ലല്ലോ. അന്നായിരുന്നുവെങ്കിൽ ആ നിമിഷം അവന്റെ കച്ചവടം അവസാനിപ്പിക്കുമായിരുന്നു. ഇവന്റെ അപ്പൻ ലാസർ മറുത്തൊരു വാക്കു പറയാൻ ധൈര്യപ്പെടില്ല. പണം കൊടുത്താലും വേണ്ടെന്നേ പറയൂ. അയ്യോ... വക്കച്ചേട്ടന്റെ പൈസ എന്റെ പൈസ എന്നൊരു വ്യത്യാസം ഞാൻ കണ്ടിട്ടില്ല. പൈസ കയ്യീ വെച്ചാ മതി. എന്നും ഇവിടെനിന്ന് ചായയും കടിയും കഴിക്കണം. അതാ എന്റെ ഒരു സന്തോഷം. വേറെ ഏതെങ്കിലും കടയിൽ പോയി കഴിച്ചെന്നു കേട്ടാൽ ഞങ്ങൾക്കു വല്ലായ്മയാ... അന്നൊക്കെ അവർക്ക് ബലത്തിന് വക്കച്ചൻ വേണം. ഒന്നു പറഞ്ഞ് രണ്ടാമത്തേതിനു കത്തിയെടുത്ത് എതിരാളികളുടെ പള്ളയിൽ കേറ്റാൻ.
വക്കച്ചൻ ഇളിഭ്യനായി അങ്ങനെ കുറച്ചുനേരം ബഞ്ചിൽ ഇരുന്നു. കയ്യിൽ നയാപൈസയില്ല. ആരോട് ചോദിക്കാനാണ്. അപമാനം സഹിച്ച് അവിടെ തന്നെയിരിക്കണോ എഴുന്നേൽക്കണോ? റോഡിനപ്പുറത്ത് ബസ് സ്റ്റോപ്പിൽ ആളുകൾ കാത്തുനില്പുണ്ട്. അവരാരും കേട്ടിരിക്കില്ല. കടയുടെ ചുവരിൽ ഇരുന്ന ഫിലിം സ്റ്റാറുകളെല്ലാം പുച്ഛത്തോടെ ചിരിച്ചു. മാർക്സും ഏംഗൽസും ഗൗരവം പാലിച്ചു. മഹാത്മാഗാന്ധി, നെഹ്‌റു, ജോൺ കെന്നഡി, മദർ തെരേസ എല്ലാവരും ചുവരിൽ ഇരുന്ന് ഇതൊക്കെ കാണുന്നുണ്ട്.
കടയിൽ അധികം ആളുകൾ ഉണ്ടായിരുന്നില്ല. ഉണ്ടായാൽത്തന്നെ എന്താ കാര്യം. ഭക്ഷണം കഴിച്ച ശേഷം കൊച്ചുവർത്താനത്തിനൊന്നും നിൽക്കാതെ മുഖം തുടച്ച് പൈസ കൊടുത്ത് പുറത്തിറങ്ങുന്നവരാണ് അധികവും. ക്യാഷ് കൗണ്ടറിലിരിക്കുന്നത് ജോണിക്കുട്ടിയുടെ ഭാര്യയാണ്. പണ്ടൊന്നും സ്ത്രീകളങ്ങനെ കടയിൽ വന്നിരിക്കാറില്ല. കടയിൽ രാഷ്ട്രീയ സംവാദങ്ങളായിരിക്കും. തെറിവിളിയും തല്ലും വഴക്കും വർദ്ധിച്ചപ്പോൾ ലാസർ ചേട്ടൻ ചുവരിൽ ബോർഡെഴുതിവെച്ചു. ദയവായി രാഷ്ട്രീയം പറയരുത്. ഇന്ന് ആ ബോർഡ് കാണാതായിട്ടുണ്ട്. ബോർഡില്ലാതെ രാഷ്ട്രീയം പറച്ചിൽ എല്ലാവരും നിർത്തിയിരിക്കുന്നു.
കുറച്ചുനേരമായി അപ്പുറത്തെ ബെഞ്ചിൽ ഇരുന്ന ഒരാൾ മാത്രം വക്കച്ചനെ ഉറ്റുനോക്കുന്നുണ്ട്. വല്ലാത്ത സൂക്ഷിച്ചു നോട്ടം. അപരിചിതൻ ചായ കുടിക്കാൻ ആവശ്യമുണ്ടായിട്ടല്ല കടയിൽ കയറിയിട്ടുള്ളത്. അല്പനേരം കാത്തിരിക്കാൻ സ്ഥലം വേണം. പുഷ്പഗിരിക്ക് പോകുന്ന ബസ് എപ്പോഴാ വരാ? അയാൾ ഇടയ്ക്കിടെ ചോദിച്ചുകൊണ്ടിരുന്നു.
ഉദയ ബസ് ഇപ്പോൾ വരേണ്ടതായിരുന്നു. ഒരുപക്ഷേ, ഇപ്പൊ വിശ്വസിക്കാനും വയ്യ. അത് സർവീസ് ക്യാൻസൽ ചെയ്തിട്ടുണ്ടാവണം. ഈ സമയത്ത് ആളുണ്ടാവില്ല. ബൈക്കും കാറും വന്നതോടെ യാത്രക്കാര് കൊറഞ്ഞു. ജോണിക്കുട്ടി ചായ അടിക്കുന്നതിനിടെ പറഞ്ഞു.
വക്കച്ചൻ ഇരിപ്പിടത്തിൽനിന്ന് എഴുന്നേറ്റിട്ടില്ല. എന്നാൽ, മുള്ളിൻമേൽ ഇരിക്കുന്നതു കണക്കെ ബഞ്ചിൽ ഇരുന്നു. അങ്ങനെയൊരാൾ അവിടെ ഇരിക്കുന്നുണ്ടെന്നുപോലും ജോണിക്കുട്ടി ഭാവിച്ചില്ല. അയാളുടെ നിലപാടിൽ അല്പം കഴിഞ്ഞാൽ, ദേഷ്യമൊക്കെ അടങ്ങിയാൽ, ചെറിയ അയവുണ്ടാകുമെന്ന് വക്കച്ചൻ പ്രതീക്ഷിച്ചു. അപരിചിതൻ വക്കച്ചനെ വീണ്ടും നോക്കുന്നുണ്ട്. സഹതാപമോ പുച്ഛമോ എന്നു തിരിച്ചറിയാനാവാത്ത നോട്ടം. രണ്ടു പേരുടേയും നോട്ടങ്ങൾ കൂട്ടിമുട്ടിയപ്പോൾ അയാൾ ചോദിച്ചു. വക്കച്ചൻച്ചേട്ടനല്ലേ, എന്നെ ഓർമയുണ്ടോ?
അതെ. ആരാ? വക്കച്ചന്റെ ചുളിഞ്ഞ മുഖം ഒന്നു പ്രകാശിച്ചു. വെട്ടേറ്റതും പൊള്ളിയതുമായ പലതരം പാടുകൾ നിറഞ്ഞതാണ് അയാളുടെ മുഖം.
ചിലപ്പോൾ പറഞ്ഞാലും അറിഞ്ഞെന്ന് വരില്ല. പക്ഷേ, ചേട്ടനെ എനിക്ക് അങ്ങനെ മറക്കാൻ പറ്റില്ല. ഒരിക്കൽ ജീവിതകാലം മുഴുവൻ ഓർമിക്കത്തക്ക രീതിയിൽ എന്നോട് പെരുമാറിയിട്ടുണ്ട്.
ഞാനോ, എന്തിനായിരുന്നു? വക്കച്ചന്റെ മുഖത്ത് ഒരുതരം ഭയമോ ദൈന്യമോ തെളിഞ്ഞു. പ്രതികാരം ചോദിക്കാൻ വന്നതാവുമോ? പണ്ട് ഒരുപാട് പേരെ ഉപദ്രവിച്ചിട്ടുണ്ട്. വെട്ടുകയും കുത്തുകയും ചെയ്തിട്ടുണ്ട്. അതൊക്കെ ഒരുകാലം. എന്തെങ്കിലും ഉണ്ടായിട്ടുണ്ടെങ്കിൽ ക്ഷമിക്കണം. ഇന്ന് ആരോഗ്യം പോയി. എന്നെ ഒന്നിനും കൊള്ളത്തില്ല. കൊഴിഞ്ഞുവീണ വെറും തണുങ്ങാ. ആർക്കും എന്നെ വേണ്ട.
അന്നത്തെ കാര്യം ഓർമയുണ്ടോ? പള്ളിനട മുതൽ ഓടിച്ചിട്ട് തല്ലുകയായിരുന്നു. പുഴവരെ പിന്നാലെ വന്ന് ഓടിച്ചു. ഗത്യന്തരമില്ലാതെ രക്ഷപ്പെടാൻ ഞങ്ങൾക്ക് പുഴയിലേയ്ക്ക് ചാടേണ്ടി വന്നു. കുറേ വെള്ളം കുടിച്ചു. നീന്തലറിയാത്ത ഞാനൊക്കെ പുഴയിൽ മുങ്ങി ചാവാറായി.
എന്തിനാ തല്ലിയത്? അല്ലെങ്കിലും അന്ന് ആരെയെങ്കിലും തല്ലാൻ അങ്ങനെ കാരണമൊന്നും വേണ്ടായിരുന്നു. തല്ലണമെന്ന് മുകളിൽനിന്ന് ഒരു നിർദേശം മാത്രം കിട്ടിയാൽ മതി. പിന്നെ എല്ലാവരും ചേർന്ന് പൊളിച്ചടക്കും. അതാ നാടിന്റെ പ്രത്യേകത. തല്ലും കൊല്ലുമെന്നും പുത്തരിയല്ല. ചത്താലും പക മാറില്ല. പെരുന്നാളും കാവടിയാട്ടവും പകപോക്കാനുള്ള അവസരമായിരുന്നു. അപ്പോഴൊക്കെ കൊടുക്കുകയും വാങ്ങുകയും ചെയ്യും.
ഞങ്ങൾ അന്ന് പള്ളിനടയിൽ ഒരു നാടകം അവതരിപ്പിക്കാൻ വന്നതായിരുന്നു. സമിതിയിലെ എല്ലാവരും നിർബന്ധിച്ചപ്പോൾ നാടകമെഴുതിയത് ഞാനായിരുന്നു. ഒരു ജർമൻ സാഹിത്യകാരന്റെ കഥയെ ആധാരമാക്കി എഴുതിയത്. വെട്ടുകടവ് വഴി വഞ്ചിയിലാണ് ഇക്കരെയെത്തിയത്. പത്തിരുപതു പേരുണ്ടായിരുന്നു. ചെണ്ടയും സഞ്ചികളിൽ ചെറിയ മേക്കപ്പ് സാധനങ്ങളുമായാണ് വരവ്. പലയിടത്തും കളിച്ചുണ്ടായ ആത്മവിശ്വാസത്തിലാണ് ഈ കരയിലും വന്നത്.
നാടകമോ? അതും ഈ കരയിലോ! നിങ്ങൾക്ക് തലയ്ക്ക് വല്ല ഭ്രാന്തും ഉണ്ടായിരുന്നോ? നാടകം കണ്ടാൽ പിള്ളാരെല്ലാം നശിച്ചുപോകില്ലേ? ക്രമസമാധാനം തകരില്ലേ? നിങ്ങൾ എന്തോ കുഴപ്പമുണ്ടാക്കാനുള്ള വരവാണെന്ന് നേരത്തെ മുന്നറിയിപ്പ് കിട്ടിയിരുന്നു. ഒന്നിനേയും വെറുതേ വിടരുതെന്ന് സാമുവലേട്ടൻ പറഞ്ഞു. തല്ലാൻ ഞാൻ മാത്രമല്ല ഉണ്ടായിരുന്നത്. അതിലിപ്പോ എന്നോട് മാത്രം പറഞ്ഞിട്ടെന്താ കാര്യം?
പക്ഷേ, ചേട്ടനാണ് എന്നെ കൈവച്ചത്. ഇപ്പോൾ കണ്ടപ്പോൾ അതോർമ വന്നുവെന്നു മാത്രം. എന്റെ വലതു കയ്യിലേക്ക് നോക്കിയേ. തള്ളവിരൽ അവിടെയുണ്ടോ? അന്നു ചേട്ടൻ തലയ്ക്ക് നേരെ വാൾവീശി വെട്ടിയപ്പോൾ കൈകൊണ്ട് തടുത്തതാ. തള്ളവിരൽ അറ്റുപോയി. ചെവിക്കും ചെറിയ പരിക്കു പറ്റി. സർക്കാർ ആശുപത്രിയിലെ ഡോക്ടർ ചെവി തുന്നിച്ചേർത്തു. വഴിയിൽനിന്നു മുറിഞ്ഞുപോയ വിരല്‍ എടുത്തുകൊണ്ടു വന്നാൽ വിരലും തുന്നിച്ചേർക്കാമെന്ന് ഡോക്ടർ പറഞ്ഞു. ചോരയിൽ മുങ്ങി, ഉറുമ്പരിച്ച് വഴിയിൽ എവിടെയെങ്കിലും കിടന്നിരിക്കണം. പക്ഷേ, അത് അവിടെ വീണ്ടും തിരിച്ചുവന്ന് പെറുക്കിയെടുത്തു കൊണ്ടുപോരാൻ ആർക്കും ധൈര്യം ഉണ്ടായിരുന്നില്ല.
അതൊക്കെ പത്ത് മുപ്പത് കൊല്ലം മുൻപ് നടന്നതല്ലേ. ഞാനൊന്നും ഓർക്കുന്നില്ല. ഞാൻ തന്നെയാണോയെന്ന് സംശയമുണ്ട്. വേറെ ആരെങ്കിലുമാവാം വെട്ടിയത്. ശരി. ഞാനിവിടെ ചായ കുടിക്കാൻ വന്നതാ. എന്നാൽ, ഞാനിറങ്ങട്ടെ. പഴയതൊന്നും ഓർക്കാൻ ഇഷ്ടപ്പെടാതെ വക്കച്ചൻ ബഞ്ചിൽനിന്ന് എഴുന്നേൽക്കാൻ ശ്രമിച്ചു.
നിൽക്ക്. അങ്ങനെയങ്ങ് പോകല്ലേ. ചായ കുടിക്കാൻ വന്നിട്ട് കഴിക്കാതെ പോകുന്നത് ശരിയല്ലല്ലോ. ഞാൻ ചേട്ടന് ഒരു ചായ വാങ്ങി തരട്ടെ. കൂടെ പുട്ടും കടലയും. കഴിക്കില്ലേ?
എന്തിന്... അന്ന് തല്ലിയതിനോ?
തല്ലെന്ന് പറഞ്ഞാൽ മതിയോ. എവിടേയും കേൾക്കാത്ത വല്ലാത്തൊരു തല്ല് തന്നെ. കരിങ്കല്ല് തോർത്തുമുണ്ടിൽ പൊതിഞ്ഞ് ഓങ്ങി അടിക്കുകയായിരുന്നല്ലോ. എല്ലാവരുടേയും പുറത്ത് അതിന്റെ ഓർമ കുറേനാൾ ചതഞ്ഞ് ചോര ചത്ത് കിടന്നു. അന്ന് നന്നായി കിട്ടിയതോടെ ഞാൻ നാടകം ഉപേക്ഷിക്കാൻ നിർബന്ധിതനായി. പൊലീസും കേസുമായി വീട്ടിലും നാട്ടിലും നിൽക്കാൻ പറ്റാതായതോടെ ബോംബെയിലേക്ക് നാടുവിട്ടു. അവിടെനിന്ന് ഉരുവിൽ കയറി പകുതി ദൂരം നീന്തി സൗദി അറേബ്യയിൽ എത്തി. അറബിയുടെ ആശ്രിതനായി കുറേനാൾ എല്ലുമുറിയെ പണിയെടുത്തു. കാശുണ്ടാക്കി.
എല്ലാം നല്ലതിനായിരുന്നു. ജീവിതം കരകയറിയല്ലോ. ഇപ്പോൾ പഴയ പകയൊക്കെ പോയ്ക്കാണും.
ഉവ്വ്. തല്ലിന്റെ ആ വേദനയൊക്കെ മറന്നു. നഷ്ടപ്പെട്ട തള്ളവിരൽ അതെന്നെ പ്രതികാരത്തെക്കുറിച്ച് ഓർമപ്പെടുത്തി. പ്രതികാരവാഞ്ഛ മനസ്സിൽ നുരഞ്ഞുപൊന്തുമ്പോൾ ആലോചിക്കും. എങ്ങനെയെങ്കിലും ഒരു തോക്ക് സംഘടിപ്പിച്ച് ഒളിഞ്ഞിരുന്ന് വെടിവയ്ക്കണമെന്ന്. എപ്പോഴും എന്റെ ബാഗിൽ ഒരു കഠാരയുണ്ട്. എന്നാലും പാവപ്പെട്ട നാടകക്കാരെ സംഘം ചേർന്നു നിർദയം ആക്രമിച്ചത് ശരിയായിരുന്നോയെന്ന് പലപ്പോഴും ആലോചിക്കാറുണ്ട്. നാടകം കളിക്കാതിരുന്നിട്ടും നാട് നന്നായോ?
അതൊക്കെ അന്ന് അങ്ങനെയൊരു കാലത്ത് സംഭവിച്ചു. എന്നോട് ദേഷ്യം തോന്നുന്നുണ്ടോ? പ്രതികാരം ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടോ?
അന്നത്തെ കാര്യമൊക്കെ മറക്കണം, എല്ലാം കേട്ട് ചായ ഊതിയൂതി ആർത്തിയോടെ കുടിച്ചു കൊണ്ടിരിക്കെ വക്കച്ചൻ പറഞ്ഞു. പരിതാപകരമായി അസ്ഥികൾ എഴുന്നുനിൽക്കുന്ന ശരീരത്തിലേക്ക് നോക്കുമ്പോൾ അന്നത്തെ പഴയ ചട്ടമ്പി വക്കച്ചൻ തന്നെയായിരുന്നോവെന്ന് സംശയം തോന്നും.
അന്നത്തെ കാര്യങ്ങളെല്ലാം ഞാൻ മറന്നുകൊണ്ടിരിക്കുകയായിരുന്നു. വീണ്ടും നിങ്ങളെ കണ്ടപ്പോൾ ഓർത്തു. അന്നത്തെ നമ്മളല്ലല്ലോ ഇപ്പോഴത്തെ നമ്മൾ. ഞാനെത്ര മാറി. നിങ്ങളെത്ര മാറി. എനിക്ക് ഇപ്പോൾ പ്രതികാര മോഹമൊന്നുമില്ല. പ്രതികാരമെല്ലാം കാലം നിങ്ങളോട് ചെയ്തു കഴിഞ്ഞില്ലേ!
ശരിയാ. ഞങ്ങൾ ക്വട്ടേഷൻ സംഘമായി വളർന്നത് ഞങ്ങൾപോലും അറിയാതെയല്ലേ. അക്കാലത്ത് ബ്ലേഡ് പണമിടപാട് പ്രസ്ഥാനം വളർന്നത് ഞങ്ങൾക്കു വളമായി. ഓരോ സ്ഥാപനവും ഞങ്ങളെ മോഹവിലക്കെടുത്ത് പണവും പലിശയും തരാത്തവന്റെ കയ്യും കാലും വെട്ടാൻ വേണ്ടി തീറ്റിപ്പോറ്റി.
അന്ന് കുറേ കാശെല്ലാം സമ്പാദിച്ചു കാണുമല്ലോ.
എവിടന്ന്... പെണ്ണും പിടിക്കോഴിയുമില്ലല്ലോ. കിട്ടിയതെല്ലാം കുടിച്ചും പെണ്ണുപിടിച്ചും കളഞ്ഞു. അതിനിടയിൽ തീറ്റിപ്പോറ്റിയ ബ്ലേഡ് പ്രസ്ഥാനം പൊളിഞ്ഞു. പക്ഷേ, തെരുവു ഗുണ്ടകൾക്കിടയിലെ വൈരം മാത്രം വളർന്നു. കണ്ടാൽ തമ്മിൽ തമ്മിലായി വെട്ടും കുത്തും. എന്റെ പേരിൽ ഒരു കൊലക്കേസ്സും വന്നുപെട്ടു. ആ ഇടയ്ക്കാണ് ക്രോസ് ബെൽട്ട് രാജു എസ്.ഐ ആയി ഈ സ്റ്റേഷനിൽ ചാർജെടുത്തത്. അങ്ങോർക്ക് എന്തോ നിയോഗമുണ്ടായിരുന്നു. ഒരു കൊലക്കേസിൽ അങ്ങോരെന്നെ കുടുക്കി. നിന്നെ നിവർന്നുനിൽക്കാൻ അനുവദിക്കില്ലെന്നും പറഞ്ഞ് സ്റ്റേഷനിൽ കൊണ്ടുപോയി ഇടിച്ച് ഇഞ്ചപ്പരുവമാക്കി. പൊതിച്ച തേങ്ങ തോർത്തുമുണ്ടിൽ പൊതിഞ്ഞ് എന്റെ മുതുകിലെ നട്ടെല്ലിൽ വെച്ച് ഊക്കിൽ പത്തിരുപത് വട്ടം ഇടിച്ചു. എന്നിട്ട് പറഞ്ഞു, ഇനി പൊക്കോ, ഇഴഞ്ഞിഴഞ്ഞ് പൊയ്‌ക്കോ. നിനക്ക് പന്ത്രണ്ട് മാസമേ ആയുസ്സുള്ളൂ. പക്ഷേ, എന്റെ ഭാഗ്യത്തിന് ഞാൻ അതും കഴിഞ്ഞ് ഇത്രയും നാൾ ജീവിച്ചു.
വക്കച്ചന്റെ ആത്മകഥയിലെ അവസാനത്തെ ദുരിതപർവങ്ങൾ കേട്ടപ്പോൾ അയാൾ എന്തോ ഓർക്കുകയായിരുന്നു. നാടകം അവതരിപ്പിക്കാൻ വന്നപ്പോൾ പുറത്ത് കരിങ്കല്ല്കൊണ്ട് ഇടിച്ച, തള്ളവിരൽ വെട്ടിയരിഞ്ഞ വക്കച്ചൻ ഇതായിരുന്നില്ലെന്നു തോന്നി. പക്ഷേ, ഇത് എഴുന്നേറ്റു നിൽക്കാൻപോലും ആവാത്ത ഒരു ദയനീയ രൂപം. ഇന്ന് ഈ കാഴ്ച കാണുമ്പോൾ മനസ്സ് ശാന്തമാണ്.
അതാ പുഷ്പഗിരി ബസ് വരുന്നു. കടയിലും വഴിയരികിലെ ബസ് ഷെൽട്ടറിലും കുറച്ചുപേർ ഇതേ ബസ് കാത്ത് ഇരിക്കുന്നുണ്ടായിരുന്നു. നാടൻ വഴിയിൽ ചുഴലിക്കാറ്റു കണക്കെ പൊടിപടലം ബസ്സിനെ പിന്തുടർന്നു. ബസ് എവിടെയെങ്കിലും നിർത്തിയാൽ അത് ബസ്സിനെ മൂടിപ്പൊതിയും.
എങ്കിൽ ശരി. അതാ കാത്തിരുന്ന ബസ് വന്നുവെന്ന് തോന്നുന്നു.
ഒന്നു നിൽക്കൂ. പറയട്ടെ.
വേണ്ട. പഴയത് കഴിഞ്ഞു. അതിന് മാപ്പൊന്നും ചോദിക്കേണ്ട.
അതിനല്ല, ഒരു ഒറ്റ രൂപ നാണയം കടം തരുമോ? വക്കച്ചൻ കെഞ്ചി. ഇനി കാണുമ്പോൾ തരാം.
ഏയ് വേണ്ട. ഇനി നമ്മൾ കാണുകയേ വേണ്ട. പക്ഷേ, ചില്ലറയില്ല. ഇതാ നൂറു രൂപ നോട്ട് തരാം.
നന്ദി. അത്രയും വേണ്ട. എനിക്ക് ഒരു ഒറ്റ രൂപ കോയിൻ മാത്രം മതി.
റോഡിലെ പൊടിപടലം ചലിക്കാൻ ആരംഭിച്ചു. കെട്ടിപ്പുണരാൻ ശ്രമിക്കുന്ന വെറുപ്പുണ്ടാക്കുന്ന സ്നേഹബന്ധത്തെ വിട്ടെറിഞ്ഞ് പായാൻ ശ്രമിക്കുന്നതു കണക്കെ പിന്തുടരുന്ന പൊടിപടലത്തെ പിന്നിലാക്കി പുഷ്പഗിരി ബസ് മുന്നോട്ട് കുതിച്ചു. ബസ് പോയി കഴിഞ്ഞപ്പോൾ വക്കച്ചന്റെ മുഖം കറുത്തു. അയാൾ ആലോചിച്ചു. അന്ന് എസ്.ഐ ക്രോസ് ബെൽട്ട് രാജുവിന് നോട്ട് കെട്ടുകൾ വാരി വിതറി പൊലീസ് ഡിപ്പാർട്ട്‌മെന്റിനെ സ്വാധീനിച്ചത് ആരാവും?
ബസ്സിന്റെ ശബ്ദം അകന്നുപോവുമ്പോൾ വക്കച്ചൻ ബെഞ്ചിൽനിന്നും എഴുന്നേറ്റു. ലാസറേട്ടന്റെ കടയുടെ അപ്പുറത്ത് എസ്.ടി.ഡി ബൂത്ത് ലക്ഷ്യമാക്കി നീങ്ങി. ബൂത്തിന്റെ ഡോർ തുറന്ന് അകത്തു കയറുമ്പോൾ അത് ആകപ്പാടെ കുലുങ്ങി. ചുവന്ന ഫോണെടുത്ത് നമ്പർ ഡയൽ ചെയ്തു. റസീവർ ചെവി ചേർത്തുപിടിച്ചപ്പോൾ അങ്ങേ തലയ്ക്കൽ റിങ് ടോൺ കേട്ടു. പിന്നെ സംസാരിക്കാൻ വേണ്ടി അതിലെ ദ്വാരത്തിലൂടെ ഒറ്റ രൂപ നാണയം നേർച്ചപ്പെട്ടിയിലെന്നപോലെ നിക്ഷേപിച്ചു. പുറത്ത് ആരും കേൾക്കാത്ത വിധം അടക്കിപ്പിടിച്ചു പറഞ്ഞു.
ഹലോ. ഗർവാസീസല്ലേ, ഇത് വക്കച്ചനാടാ. അതേയ് പള്ളിനടയിൽ പണ്ട് പഴയ നാടകക്കേസിൽ നമ്മുടെ കയ്യിൽനിന്നു രക്ഷപ്പെട്ടവനില്ലേ. അതെ. ഇപ്പോൾ അവൻ വീണ്ടും വന്നിട്ടുണ്ട്. പുഷ്പഗിരി ബസ്സിൽ അങ്ങോട്ട് വരുന്നുണ്ട്. അവനെ വെറുതേ വിടരുതെടാ ചങ്ങായി. അരമണിക്കൂർ കഴിയും മുൻപ് ബസ് അവിടെയെത്തും. തീർത്തേക്കണം... ഇനി അവസരം ഒത്തുകിട്ടില്ല. പിന്നേയ്, എന്റെ ഫോണിൽ പൈസ തീർന്നു കേട്ടോ. ദൈവം സഹായിച്ച് ഒരൊറ്റ രൂപ നാണയം കിട്ടിയതാ. ശരി. വയ്ക്കട്ടെ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates