Card Samakalika Malayalam
Malayalam Weekly

ഷാഹുല്‍ ഹമീദ് കെ.ടി. എഴുതിയ കഥ ഇരുണ്ടകാലത്തെ പ്രണയം

ഷാഹുല്‍ ഹമീദ് കെടി

ടി.ബി സാനിറ്റോറിയത്തിന്റെ കവാടം കടന്ന് അയാളുടെ മോട്ടോർസൈക്കിൾ മലഞ്ചെരുവിറങ്ങുമ്പോൾ സൈറൺ വിളി ഉയർന്നു. താഴ്വരയ്ക്കു മുകളിൽ വണ്ടി നിർത്തി അയാൾ ഇറങ്ങി. താഴ്വാരത്തെ ചോളവയലുകൾക്കിടയിലെ പോക്കുവെയിലിൽ തിളങ്ങുന്ന റെയിൽപ്പാളങ്ങളെ നോക്കി. മലകൾക്കിടയിലെ മരക്കൂട്ടങ്ങൾക്കുള്ളിൽനിന്നു പൊടിപടലങ്ങളുയരുന്നതോടൊപ്പം ചക്രങ്ങളുടെ ഇരമ്പൽശബ്ദവും ഉയരുന്നു. അയാൾ പോക്കറ്റിൽനിന്നു തൂവാലയെടുത്തു, പാടപ്പരപ്പിലൂടെ പായുന്ന തീവണ്ടിക്കുനേരെ വീശി. ആ സമയം ബോഗിയുടെ ജനലഴിയിലൂടെ ചുമന്നഷോൾ പുറത്തേയ്ക്കുനീണ്ട് ആടിയുലഞ്ഞു. സന്തോഷത്തോടെ അയാൾ ഫോണെടുത്തു.

“ഹലോ... ഹലോ ശിഖ, കേൾക്കുന്നുണ്ടോ...?”

“കേൾക്കാം. ഷക്കീൽ, പറയൂ...”

“പറഞ്ഞതുപോലെ ചെയ്തല്ലോ..! ഞാൻ ഷോൾ കണ്ടു. നീയെന്റെ തൂവാല കണ്ടോ...?”

“ഇല്ല. തീവണ്ടി വേഗത്തിലായിരുന്നു. മലമുകളിലെ സാനിറ്റോറിയം കണ്ടു.”

“വണ്ടി എത്ര മണിക്ക് നാട്ടിലെത്തും, ശിഖ...?”

“പതിനൊന്ന് മണി കഴിയും.”

“ആ സമയത്ത് വീട്ടിലേയ്ക്ക്‌ പോവാൻ റിക്ഷാവാലകളുണ്ടാവുമോ?”

“ഇല്ല. ഭർത്താവിനെ വിളിക്കണം. അങ്ങേര് ഉറങ്ങിപ്പോയാൽ പുലരുംവരെ സ്റ്റേഷനിലിരിക്കേണ്ടിവരും, ഷക്കീൽ.”

“അങ്ങനെയങ്ങ് ഉറങ്ങുമോ...?”

“ഉറങ്ങിപ്പോയിട്ടുണ്ട്. ഉറക്കംകളഞ്ഞതിനെന്നെ കുറ്റപ്പെടുത്തിയിട്ടുമുണ്ട്.”

“...”

“ഷക്കീൽ, എന്താ ഒന്നും മിണ്ടാത്തത്... ഹാ... റെയ്ഞ്ചു പോവുന്നു... ഷക്കീ... ഹ... ലോ...”

അയാൾ ഫോണിലേയ്ക്കു നോക്കി. ചുറ്റുമുള്ള മലകളിൽനിന്നിറങ്ങിവരുന്ന കാർമേഘങ്ങൾ സാനിറ്റോറിയത്തെ വളഞ്ഞുകഴിഞ്ഞു. അയാൾ മോട്ടോർസൈക്കിളിലേയ്ക്കു കയറി. മലഞ്ചെരിവിറങ്ങാൻ തുടങ്ങി. നീണ്ട കൊക്കുകളുള്ള ദേശാടനപ്പക്ഷികൾ വയൽവരമ്പിലൂടെ ഞണ്ടുകളേയും മീനുകളേയും തിന്നുനടക്കുന്നു. വണ്ടിയുടെ ശബ്ദം കേട്ടപ്പോൾ അവ വലിയ ചിറകുകൾ വിടർത്തി നോക്കി. അയാൾക്കുള്ളിലപ്പോഴും അവളായിരുന്നു.

വളരെ അകലെയുള്ള ജില്ലയിൽനിന്നാണ് അവളിങ്ങോട്ട് സ്ഥലംമാറ്റം കിട്ടി എത്തുന്നത്. ദിവസങ്ങൾ കഴിഞ്ഞാണ് അയാളവളെ പരിചയപ്പെടുന്നത്. ആ പട്ടണത്തിൽനിന്നാണവൾ വരുന്നതെന്നറിഞ്ഞപ്പോൾ, അയാൾക്കുള്ളിൽ പല നിറങ്ങളിലുള്ള പ്രാവുകൾ ചിറകടിച്ചുയർന്നു, അവ പറന്നുയർന്നത് മലമുകളിലെ കോട്ടയിലേയ്ക്കാണ്, കോട്ടയ്ക്കുള്ളിലെ കൽത്തൂണുകൾ നിറഞ്ഞ ക്ഷേത്രത്തെ ചുറ്റിപ്പറന്ന്, അതിനരികിലെ പള്ളിയുടെ മിനാരത്തിൽ പ്രാവുകൾ ചിറകടിച്ച് ഇരുന്നു. അയാൾ ആദ്യമായി ജോലിയിൽ കയറിയ, അഞ്ചുവർഷം ജീവിച്ച ആ പട്ടണമാണ് അയാളെ അവളിലേയ്ക്കാദ്യം അടുപ്പിക്കുന്നത്. അന്നെല്ലാം വൈകുന്നേരങ്ങളിൽ, ചുട്ടചോളവും തിന്ന് മലമുകളിലേയ്ക്കയാൾ പോവാറുണ്ട്. ക്ഷേത്രത്തിലേക്കും പള്ളിയിലേക്കുമായി ആളുകൾ മലകയറി പോവുന്നുണ്ടാവും. കോട്ടയിലെ കരിങ്കൽമതിൽ കയറി, വീശിയടിക്കുന്ന കാറ്റേറ്റ് ഇരിക്കും. ക്ഷേത്രഗാനവും മഗ്രിബ് വാങ്ക്‌വിളിയും കഴിഞ്ഞാണ് അയാൾ മലയിറങ്ങുക. പട്ടണത്തിലെ ഓരോ വഴികളെക്കുറിച്ചും ചത്വരത്തിലെ കറുത്ത ബൗദ്ധപ്രതിമയെപ്പറ്റിയും പുഴമധ്യത്തിലെ കൽമണ്ഡപത്തെക്കുറിച്ചും കോട്ടയെപ്പറ്റിയും അയാൾ അവളോടു ചോദിക്കാറുണ്ട്.

മോട്ടോർസൈക്കിൾ സ്കൂളിനു മുൻപിൽ നിർത്തി. കുട്ടികൾ മൈതാനത്തു കളിക്കുന്നു. സ്കൂൾ വിട്ടിട്ടില്ല. അയാൾ ഫോണെടുത്തു. ‘വേർ ഈസ് മൈ ട്രെയിൻ’ ആപ് തുറന്നു. അവളുടെ വണ്ടിയെ തേടി വിരലുകൾ ചലിച്ചു. തീവണ്ടിയുടെ എന്‍ജിൻ രൂപം സ്റ്റേഷനുകൾക്കിടയിൽ കണ്ടു. ഫോണിലെ വണ്ടി എന്‍ജിനിലേക്കയാൾ ആഴ്ന്നിറങ്ങി... സൈറൺ മുഴങ്ങുന്നു... ബോഗിയിൽ ബേൽപൂരി വിൽക്കുന്നവർക്കിടയിലൂടെ അയാൾ അവളെ തിരഞ്ഞുനടന്നു.

ജനലഴിയിൽ മുഖം ചേർത്തിരിക്കുന്ന അവളെ കണ്ട്, അയാൾ സീറ്റിനു പിറകിൽനിന്നു. അവളുടെ ഫോൺ ശബ്ദിക്കുന്നു. വീഡിയോ കോളിൽ അവൾ സംസാരിക്കാൻ തുടങ്ങി. ഫോണിലെ പെൺകുട്ടിയുടെ മുഖം അയാൾ കണ്ടു. അവൾക്ക് ആറാംക്ലാസിൽ പഠിക്കുന്ന മകളുണ്ട്. ആഴ്ചകൾക്കുശേഷം അമ്മ അരികിലേക്കെത്തുന്നതിന്റെ സന്തോഷം കുട്ടിയുടെ മുഖം പ്രസന്നമാക്കുന്നത് അയാൾ കണ്ടു. പെൺകുട്ടിയും അയാളെ അവളിലേക്കടുപ്പിക്കാൻ കാരണമായിരുന്നു; അയാൾക്കും ഒരു മകളുണ്ട്. പെട്ടെന്നുണ്ടായ സ്ഥലംമാറ്റം കാരണം അമ്മയുടെ സാമീപ്യം നഷ്ടമായ ആ പെൺകുട്ടിയെ, സ്വന്തം മകളെ കാണുമ്പോഴെല്ലാം അയാൾ ഓർക്കും, വ്യസനിക്കും. ഒരിക്കൽ മകളുടെ അസുഖത്തെക്കുറിച്ച് ടി.ബി സാനിറ്റോറിയത്തിലെ ജോലിക്കിടയിൽ അവൾ പറഞ്ഞിരുന്നു.

“ചില സമയങ്ങളിൽ ശരീരത്തിലാകമാനം ചൊറിഞ്ഞു തടിക്കും! കഴിഞ്ഞവർഷം ഈ സമയത്ത് അസുഖം കൂടിയിരുന്നു.”

“ഡോക്ടറെ കാണിച്ചില്ലേ, ശിഖ...?”

“അലോപ്പതിയും ഹോമിയോയും മാറിമാറി നോക്കി.”

“നിങ്ങളും ഭർത്താവും ഒരുപാട് ബുദ്ധിമുട്ടിക്കാണുമല്ലോ?”

“അയാൾക്കതിനൊന്നും സമയമുണ്ടാകില്ല. ഞാനെന്റെ കുഞ്ഞുമായി...!”

“...ഇപ്പോൾ, എങ്ങനെയുണ്ട്...?”

“കുറവുണ്ട് ഷക്കീൽ. വൈകുന്നേരം സ്കൂൾവിട്ടു വന്നാൽ വീഡിയോ കോളിൽ അവൾ സംസാരിച്ചുകൊണ്ടിരിക്കും. എന്നെ എപ്പോഴുമവൾക്ക് കാണണം.” അവളുടെ സീറ്റിനു പിറകിൽ നിൽക്കുന്ന അയാൾ ഫോണിലെ പെൺകുട്ടിയുടെ ചിരിയും സംസാരങ്ങളും കണ്ട് സന്തോഷിച്ചു. ബോഗിക്കുള്ളിലൂടെ വടാപ്പാവു വിറ്റുനടക്കുന്ന വൃദ്ധ അരികിലെത്തി, അയാളതു വാങ്ങി. ചിരിയോടെ കഴിക്കാൻ തുടങ്ങി.

“എന്താ തിന്നുന്നേ...?” മോട്ടോർസൈക്കിളിനരികിലെത്തിയ ഭാര്യയെ കണ്ട് അയാൾ ചവയ്ക്കുന്നതു നിർത്തി.

“ഞാനൊന്നും തിന്നുന്നില്ല, ഷെറിൻ.” അയാൾ വാ തുറന്നു കാണിച്ചു. ഫോൺ പോക്കറ്റിലിട്ടു. വണ്ടിയിൽ ചാരിനിന്നു.

“എന്തൊക്കെയോ മാറ്റങ്ങൾ ഈയിടെയായി ഞാൻ ശ്രദ്ധിക്കുന്നു” -ഭാര്യ പറഞ്ഞു.

“കാലാവസ്ഥാമാറ്റങ്ങൾ നമ്മുടെയെല്ലാം സ്വഭാവങ്ങളിലും മാറ്റങ്ങളുണ്ടാക്കുമത്രെ. മോളെവിടെ...?”

“അവളുടെ ക്ലാസിൽനിന്ന് സ്റ്റഡി ടൂർ പോവുന്നില്ലേ, അതിന്റെ മീറ്റിംഗ് കഴിഞ്ഞില്ല.”

“നിന്റെ സ്റ്റാഫ് മീറ്റിംഗ് കഴിഞ്ഞോ?”

“നാലരക്കല്ലേ ഞാൻ വരാൻ പറഞ്ഞെ. നാലുമണിക്ക് തന്നെ സ്കൂളിനു മുൻപിൽ വന്നുനിൽക്കുന്നത് ഞാൻ കോൺഫറൻസ് ഹാളിൽനിന്നു കണ്ടു.”

“മീറ്റിംഗ് പെട്ടെന്ന് കഴിയുകയാണെങ്കിൽ നിങ്ങളിവിടെനിന്ന് ബുദ്ധിമുട്ടണ്ടായെന്ന് കരുതി, ഷെറിൻ. അതാ, മോൾ വരുന്നു.” തോളിലിട്ട ബാഗും കുലുക്കി മൈതാനത്തുകൂടെ മകൾ ഓടിവരുന്നു. അയാളവളെ വണ്ടിയുടെ മുൻപിലിരുത്തി. ഭാര്യ പിറകിൽ കയറി. മോട്ടോർ സൈക്കിൾ മൈതാനത്തിനരികിലൂടെയുള്ള വഴിയിലൂടെ നീങ്ങി.

രണ്ട്

ക്ഷയരോഗദിനത്തോടനുബന്ധിച്ചുള്ള പരിപാടികൾ കഴിഞ്ഞ് സഹപ്രവർത്തകർക്കൊപ്പം ടി.ബി സാനിറ്റോറിയത്തിലെ പൂന്തോട്ടത്തിലെ ചാരുബെഞ്ചുകളിലിരുന്നു സംസാരിക്കുമ്പോഴാണ്, വർഷങ്ങൾക്കു മുൻപ് ഈ പട്ടണത്തിൽ വന്ന വിവരം അവൾ പറയുന്നത്. അയാൾ അവളുടെ വാക്കുകൾ ശ്രദ്ധിച്ചു. കോളേജിൽ പഠിക്കുമ്പോൾ ഡൽഹിയിലേക്കുള്ള വിനോദയാത്രയ്ക്കിടയിലാണ് രാത്രി ഇവിടെയെത്തുന്നത്. അന്ന്, ഇവിടുത്തെ ഹോട്ടലിൽനിന്നു കഴിച്ച മുഗൾ ബിരിയാണിയെക്കുറിച്ച് അവൾ വാചാലയായി. ഒരു സഹപ്രവർത്തകനായപ്പോൾ ഇന്ത്യയിലെ പലതരം ബിരിയാണികളെക്കുറിച്ചു വിവരിക്കാൻ തുടങ്ങി. ചുറ്റുമുള്ള മലകൾ തെളിഞ്ഞുകാണാം. താഴ്വാരത്തെ ചോളവയലുകൾക്കിടയിലെ പാളത്തിലൂടെ ചരക്കുവണ്ടി ശബ്ദമുണ്ടാക്കാതെ പാഞ്ഞുപോവുന്നുണ്ടായിരുന്നു.

ജില്ല ഓഫീസിലെ മീറ്റിംഗ് കഴിഞ്ഞ് ഹാളിൽനിന്നിറങ്ങുമ്പോൾ അയാൾ വിളിച്ചെങ്കിലും അവളത് ശ്രദ്ധിക്കാതെ മറ്റു സ്ത്രീകൾക്കൊപ്പം പുറത്തേക്കു നടന്നു. അവൾ താഴേക്കിറങ്ങിപ്പോവുന്നതും നോക്കി, അയാൾ വരാന്തയിൽനിന്നു. ഓഫീസിനു മുൻപിലെ വഴിയിലൂടെ നീങ്ങുമ്പോൾ അവൾ പിറകിലേക്കു തിരിഞ്ഞുനോക്കുന്നതയാൾ മുകൾനിലയിൽനിന്നു കണ്ടു. മറ്റു സ്ത്രീകൾക്കൊപ്പം സംസാരിച്ചു നീങ്ങുന്ന അവൾ, വീണ്ടും പിന്തിരിഞ്ഞു മുകളിലേക്കു നോക്കിയപ്പോൾ അവരുടെ നോട്ടങ്ങൾ ഇടഞ്ഞു. തലതാഴ്ത്തി നടന്നുനീങ്ങുന്ന അവളെ നോക്കി അയാൾ നിന്നു.

സ്കൂളുകൾ വിട്ട സമയമായതിനാൽ ബസുകളിൽ നല്ല തിരക്കുണ്ടായിരുന്നു, അവൾക്ക് കയറാനുമായില്ല. രണ്ടു ബസുകൾ സ്റ്റോപ്പിൽ നിർത്താതേയും പോയി. മാനം ഇരുളുന്നതും നോക്കി നിൽക്കുമ്പോൾ അയാൾ മോട്ടോർസൈക്കിളിൽ വരുന്നതു അവൾ കണ്ടു. അയാൾ അവളെ കടന്നുപോയി. അല്പം മുന്നോട്ടുപോയി നിർത്തി, പിൻതിരിഞ്ഞു നോക്കി. അവൾ ചുറ്റും നോക്കി അയാൾക്കരികിലേക്കു നടന്നു.

“ബസുകളിൽ നല്ല തിരക്ക്, ഷക്കീൽ.

പേടിയില്ലെങ്കിൽ കയറിക്കോളൂ.”

“പേടിയോ...?” അവൾ വണ്ടിയിൽ കയറി.

“ശിഖ പലരേയും പേടിച്ചാണ് ജീവിക്കുന്നത്. സത്യമല്ലേ?” മഴച്ചാറ്റലിലൂടെ വണ്ടി നീങ്ങി.

“ഷക്കീലിനു പേടിയില്ലേ...? നമ്മളെ ആരെങ്കിലും ഒരുമിച്ചു കണ്ടാൽ ഷക്കീലിന്റെ ജീവിതത്തേയുമത്...”

“ശരിയാണ്...”

“അപ്പോൾ, പേടി രണ്ടുപേർക്കുമായി...!” അവൾ ചിരിച്ചു. അയാളും ചിരിച്ചു.

മഴ അല്പം കൂടിയപ്പോൾ അവൾ ഷോൾകൊണ്ടു തലപുതച്ചു. ഓവർ ബ്രിഡ്ജിനു മുകളിലേക്കു കയറിയപ്പോൾ അവിടെ മഴ കുറവായിരുന്നു. ആവി വമിക്കുന്ന റോഡിലൂടെ മോട്ടോർസൈക്കിൾ പാഞ്ഞു. അവൾ കാലുകുടഞ്ഞു ഞരങ്ങിയപ്പോൾ അയാൾ പിറകിലേക്കു തലതിരിച്ചു. “എന്തുപറ്റി, ശിഖ...?” “എന്റെ കാൽമുട്ടിന് തേയ്മാനമുണ്ട്, ഗുളിക കഴിക്കുന്നുണ്ട്. ഇരുത്തം ശരിയായില്ലെന്ന്...” അയാൾ വണ്ടി റോഡരുകിലേക്കു നിർത്തി. അവൾ കാലുകൾ സീറ്റിനിരുവശത്തേയ്ക്കുമിട്ട് ഇരുന്നു.

പട്ടണത്തിന്റെ കവാടം കഴിഞ്ഞയുടനെ അയാൾ ഇടുങ്ങിയ തെരുവിലേക്കു മോട്ടോർ സൈക്കിൾ തിരിച്ചു. അപരിചിതമായ വഴിയെക്കുറിച്ച് അവൾ ചോദിച്ചത് വാഹനങ്ങളുടെ ശബ്ദങ്ങൾക്കിടയിൽ അയാൾ കേട്ടില്ല. റെയിൽവെ പാലത്തിനടിയിലെ പച്ചക്കറികളും പഴങ്ങളും പലവ്യഞ്ജനങ്ങളും വിൽക്കുന്ന കടകൾക്കിടയിലൂടെ അവർ നീങ്ങി. ക്ഷേത്രത്തിൽനിന്നു വാദ്യഘോഷങ്ങൾ കേൾക്കുന്നു. സൈക്കിളുകൾക്കും റിക്ഷാവാലകൾക്കുമിടയിലൂടെ അയാൾ മോട്ടോർസൈക്കിളോടിച്ചു.

“ഷക്കീൽ, ഈ വഴി...!”

“ഇതാ... എത്തി ശിഖ.” മൊരിച്ച ഇറച്ചിയുടേയും കറിവെച്ച മത്സ്യത്തിന്റേയും ഭക്ഷണവസ്തുക്കളുടേയും മണം പരക്കുന്നു. അയാളൊരു കടയുടെ മുൻപിൽ വണ്ടിനിർത്തി.

കടക്കുള്ളിൽ നിരത്തിവെച്ച ചെമ്പുകളിൽനിന്ന് ആവി ഉയരുന്നു. പാചകക്കാർ പാത്രങ്ങളിലെന്തൊക്കെയോ അടുക്കളയിൽനിന്ന് മുൻവശത്തേക്കു കൊണ്ടുവരുന്നു. അയാൾ കൗണ്ടറിൽ പൈസയടച്ച് രണ്ടു പാത്രങ്ങളുമായി ചെമ്പുകൾക്കരികിലെത്തി. കടയ്ക്കുള്ളിലെ ഇരുട്ടുനിറഞ്ഞ മുറികളിൽ ആളുകൾ ഭക്ഷണം കഴിക്കുന്നുണ്ട്. മഞ്ഞയും വെള്ളയും ചുമപ്പും നിറം പുരണ്ട അരിമണികൾ കുഴഞ്ഞുമറിഞ്ഞ ബിരിയാണിയുമായി അയാൾ അവൾക്കു മുൻപിലെത്തി.

“മുഗൾബിരിയാണി.”

“ഷക്കീൽ...!” അവൾ ബാഗ് മോട്ടോർസൈക്കിളിൽവെച്ച്, ബിരിയാണി വാങ്ങി. കടയ്ക്കു മുൻപിലെ മേശയിൽ പാത്രങ്ങൾവെച്ച് അവർ കൈകഴുകി. കസേരകളിലിരുന്നു ബിരിയാണി കഴിക്കാൻ തുടങ്ങി.

“പണ്ട്, ഇതുപോലൊരു ഹോട്ടലിൽനിന്ന് ബിരിയാണി കഴിക്കുമ്പോൾ ഞങ്ങളുടെ അദ്ധ്യാപകൻ മുഗൾ ഭരണകാലത്തെക്കുറിച്ച് ഒരുപാട് സംസാരിച്ചു. അക്ബറിനെക്കുറിച്ച്... ദിൻ ഹിലാഹിയെക്കുറിച്ച്... എല്ലാ മതങ്ങളോടുമുള്ള സഹിഷ്ണുതയെക്കുറിച്ച്...”

“അന്നാ യാത്ര ഡൽഹിയിലേക്കായിരുന്നുവല്ലേ, ശിഖ...?”

“ഡൽഹിയും ആഗ്രയും ഫത്തേപ്പൂർ സിക്രിയും കണ്ടു. ഫത്തേപ്പൂർ സിക്രിയിൽവെച്ച് അദ്ധ്യാപകൻ പറഞ്ഞുതന്നത് പലതും നേരിൽ കാണാൻ കഴിഞ്ഞു. ജോധാഭായിക്കായി കൊട്ടാരത്തിനകത്ത് ക്ഷേത്രം പണിതു കൊടുത്തില്ലേ, അക്ബർ...!”

“ശിഖ, അതാണ് യഥാർത്ഥ ഇന്ത്യ...”

“ഇവിടെ മദ്യം കൊടുക്കുന്നുണ്ടോ, ഷക്കീൽ...? അകത്തെ ഇരുട്ടുമുറിയിലിരുന്ന് ആളുകളെന്താ കഴിക്കുന്നത്? അങ്ങോട്ട് നോക്കിക്കേ...?”

“ബീഫ് ബിരിയാണി കഴിക്കുകയാണ്, അവർ. അതല്ല യഥാർത്ഥ ഇന്ത്യ...”

അവർ കസേരകളിൽനിന്നെഴുന്നേറ്റു. പാത്രങ്ങൾ ബക്കറ്റിൽവെച്ചു, കൈകഴുകി. രണ്ടു ഗ്ലാസ്സുകളിലായി എടുത്ത ചൂടുള്ള കാവയുമായി അയാൾ മോട്ടോർസൈക്കിളിൽ ചാരിനിൽക്കുന്ന അവൾക്കരികിലേക്കു നടന്നു. ചെമ്പുപാത്രത്തിൽ തവികൊണ്ടു കൊട്ടി പാചകക്കാരൻ തെരുവിലൂടെ പോവുന്നവരെ ബിരിയാണി കഴിക്കാൻ വിളിക്കുന്നുണ്ട്. വീണ്ടും മഴ ചാറാൻ തുടങ്ങി. മഴച്ചാറ്റലിൽ, അവർ ആവി ഉയരുന്ന കാവ കുടിച്ചു, സംസാരിച്ചു.

രാത്രി, ഇളയകുട്ടിയെ തോളിലിട്ട് ഉറക്കുമ്പോൾ അയാളുടെ ഫോണിലേക്ക് തുടരെത്തുടരെ സന്ദേശങ്ങൾ വന്നു. ഉറങ്ങിക്കഴിഞ്ഞ കുട്ടിയെ ശബ്ദമുണ്ടാക്കാതെ ബെഡിൽ കിടത്തി, അയാൾ ഫോണെടുത്തു. വാട്ട്‌സ്ആപ്പ് തുറന്നു. അത് അവളുടെ സന്ദേശങ്ങളായിരുന്നു. അയാൾ ബാൽക്കണിയിലേക്കു നടന്നു. ഇടിമിന്നലുകൾക്കൊപ്പം തണുത്ത കാറ്റ് വീശിയടിക്കുന്നു. അവളെ ഫോണിൽ വിളിച്ചു.

“ശിഖ, ഇന്നുതന്നെ പോണോ...? അസുഖം കൂടുതലാണോ...?”

“രാത്രിവണ്ടിക്കു പോയാൽ പുലർച്ചെ അവിടെയെത്താം. നാളെത്തന്നെ മകളെ ഡോക്ടറെ കാണിക്കാം.”

“റെയിൽവേ സ്റ്റേഷനിലേക്കെങ്ങനെ പോവും...?”

“സ്ഥിരം വരാറുള്ള റിക്ഷാവാല ഫോണെടുക്കുന്നില്ല. അതാ ഞാൻ ഷക്കീലിനെ...”

അയാൾ ഉറങ്ങുന്ന കുട്ടിയെ നോക്കി, ശബ്ദമുണ്ടാക്കാതെ വസ്ത്രം മാറി. താഴെ നിലയിലേക്കുള്ള പടികളിറങ്ങി. അകത്തെ മുറിയിൽ അമ്മിജാൻ നമസ്കരിക്കുകയാണ്. മകൾ പഠിക്കുന്നു. ഭാര്യ അടുക്കളയിൽ റോട്ടി ചുട്ടെടുക്കുകയാണ്.

“ഷെറിൻ, ഞാനൊന്ന് പുറത്തുപോയിവരാം..”

“എങ്ങോട്ടാ ഈ സമയത്ത്...?”

“സംഘടനയുടെ നേതാവ് ട്രെയിനിൽ വരുന്നുണ്ട്. അദ്ദേഹത്തെ ലോഡ്ജിലേക്കാക്കി കൊടുക്കണം.”

“കുഞ്ഞുറങ്ങിയോ...?”

“ഉറങ്ങി.” താക്കോലെടുത്ത് അയാൾ പുറത്തിറങ്ങി. മോട്ടോർസൈക്കിൾ സ്റ്റാർട്ട്‌ ചെയ്തു. ഏതോ തീവണ്ടി സ്റ്റേഷനിൽനിന്നു പുറപ്പെടുന്ന ശബ്ദം കേൾക്കാം. ചാറ്റൽമഴയിലൂടെ വണ്ടിയോടിച്ചു. വയലുകളിൽനിന്നു ജീവികൾ കരയുന്നു. വഴിയരുകിലെ കുടിലുകളിൽനിന്ന് വെളിച്ചങ്ങൾ റോഡിലേക്ക് വീഴുന്നു. അയാൾ അവളുടെ വാടകവീടിനു മുൻപിലെത്തി.

മഴ വീശിയടിച്ചു. അവളേയുംകൊണ്ട് അയാൾ റെയിൽവേ സ്റ്റേഷനിലേക്കു വേഗത്തിൽ പോയി. മഴ അയാളുടെ നെഞ്ചിലേക്കു ചിതറിക്കൊണ്ടിരുന്നു. നനയാതിരിക്കാൻ അവൾ അയാൾക്കു പിറകിൽ മറഞ്ഞിരുന്നു. ചുഴറ്റിയടിക്കുന്ന കാറ്റ് അവളേയും നനച്ചു. നനഞ്ഞ വസ്ത്രങ്ങളുമായി അവർ റെയിൽവെ സ്റ്റേഷനു മുൻപിലിറങ്ങി.

വണ്ടി വരുന്നതിന്റെ അറിയിപ്പുകളുയർന്നു. ദൂരെനിന്ന് മഞ്ഞവെളിച്ചം സൈറണിനൊപ്പം അരികിലേക്കു വരുമ്പോൾ സ്റ്റേഷനിൽ ഉറങ്ങിക്കിടക്കുന്ന നായകൾ പിടഞ്ഞെഴുന്നേറ്റ് ഓരിയിടാൻ തുടങ്ങി. വനിത കമ്പാർട്ട്‌മെന്റിലേക്ക് അവൾ ആളുകൾക്കിടയിലൂടെ നടന്നു. അയാൾ അവൾക്കു പിറകെ ബാഗുമായി അകത്തേക്കു കയറി. അവൾ സീറ്റിലിരുന്നു. അയാൾ ബാഗ് സീറ്റിനടിയിലേക്കു വെച്ചു. വണ്ടിയുടെ സൈറണുയർന്നു. അയാൾ യാത്ര പറഞ്ഞ് പുറത്തേക്കിറങ്ങി. വണ്ടി പതിയെ നീങ്ങുന്നു. ജനലഴിയിൽ പിടിച്ച് അവൾ അയാളെ നോക്കി. പ്ലാറ്റ്‌ഫോമിൽ, നനഞ്ഞ വസ്ത്രങ്ങളുമായി നിൽക്കുന്ന അയാളുടെ മുടിയിഴകളിൽനിന്ന് മഴത്തുള്ളികളിറ്റി വീഴുന്നുണ്ട്. അയാൾ തുവാലയെടുത്ത് മുഖം തുടയ്ക്കുന്നു.

വീട്ടിലെത്തി, ഭാര്യക്കും അമ്മിജാനും മകൾക്കുമൊപ്പം അത്താഴം കഴിക്കുമ്പോഴും അയാൾക്കുള്ളിൽ, ജനലഴിയിൽ പിടിച്ചിരുന്ന് നോക്കുന്ന അവളായിരുന്നു. ഉറങ്ങാൻ കിടന്നപ്പോൾ, പണ്ട്, ഭാര്യയേയും മകളേയും പിരിഞ്ഞ് അതേ തീവണ്ടിയിൽ അതേ പട്ടണത്തിലേക്കു ജോലിക്കു പോയത് അയാൾ വേദനയോടെ ഓർത്തു. ഉറക്കമില്ലാതെ ഭാര്യക്കരികിൽ മലർന്നു കിടക്കുമ്പോൾ തീവണ്ടി മലയിടുമ്പുകളും പാലങ്ങളും വയലുകളും കടന്ന് അയാൾക്കുള്ളിലൂടെ അവളുമായി പായുകയാണ്. കോഴികൾ കൂവുന്ന ശബ്ദമുയരുന്നു. ഫോണെടുത്തുനോക്കി, അവൾക്കായി എഴുതി: “ശിഖ നാട്ടിലെത്താറായോ?” അവളുടെ മറുപടി ലഭിച്ചില്ല. അയാൾ പുതപ്പ് തലയിലൂടെ മൂടി ഉറങ്ങാൻ ശ്രമിച്ചു. വാങ്ക്‌വിളി കേൾക്കുന്നു. സന്ദേശം ഫോണിലേക്കു വന്ന ശബ്ദം കേട്ടു. അയാൾ ഫോൺ പുതപ്പിനുള്ളിലേക്കെടുത്തു നോക്കി. “ഞാനിതാ നാട്ടിലെത്തി, ഷക്കീൽ. വണ്ടിയിറങ്ങി.” അയാൾ ഫോൺ നെഞ്ചിൽവെച്ച് ഉറങ്ങുമ്പോൾ ഉള്ളിൽ ഉരുവിട്ടു: അവൾക്ക് വീടിനടുത്തേക്ക് സ്ഥലംമാറ്റം കിട്ടിയിരുന്നെങ്കിൽ....

ചിത്രീകരണം

മൂന്ന്

ഫാർമസിക്കു മുൻപിൽ വരിനിൽക്കുന്ന രോഗികൾക്ക് മരുന്നുകൾ നൽകുന്നതിനിടയിൽ ടി.ബി സാനിറ്റോറിയത്തിലെ പൂന്തോട്ടത്തിൽനിന്ന് അവൾ ഫോണിൽ സംസാരിക്കുന്നത് അയാൾ കാണുന്നുണ്ടായിരുന്നു. രോഗികളുടെ തിരക്കു കാരണം അയാൾക്ക് അവൾക്കരികിലേക്കു പോവാനായില്ല. ഇടയ്ക്കിടക്ക് പൂന്തോട്ടത്തിലേക്കു വന്ന് അവൾ ഫോണിൽ സംസാരിച്ചുകൊണ്ടിരുന്നു, അയാളതെല്ലാം കാണുകയും ചെയ്തു.

ഉച്ചഭക്ഷണത്തിനുള്ള ഇടവേളയിൽ അയാൾ അവളുടെ മുറിയിലേക്കു നടന്നു. മരച്ചില്ലകൾക്കിടയിൽനിന്നു കുരുവികൾ മലഞ്ചെരുവിലേക്കു പറന്നു. മൈക്രോസ്‌കോപ്പിൽ പരിശോധന നടത്തുന്ന അവൾ അയാൾ വന്നതറിഞ്ഞില്ല. രോഗികൾ രക്തപരിശോധന ഫല ങ്ങൾ വാങ്ങാനായി കസേരകളിൽ ഇരിക്കുന്നുണ്ട്. അയാൾ വാതിലിൽ മുട്ടി. അവൾ കണ്ണുകൾ തിരുമ്മി നോക്കി.

“നാട്ടിൽനിന്ന് എപ്പൊ വന്നു...?” അയാൾ ചോദിച്ചു.

“രാവിലെ. ട്രെയിൻ കിട്ടിയില്ല.”

“മകൾക്ക് എങ്ങനെയുണ്ട്...?”

“കുറവുണ്ട്. അടുത്ത ആഴ്ച വീണ്ടും ഡോക്ടറെ കാണിക്കണം.”

“തുടരെത്തുടരെ ഫോൺ വരുന്നത് കണ്ടു. മകളുടെ അസുഖം കൂടുതലാണോയെന്നു കരുതി.”

“അസുഖം വന്നാൽ അവൾക്ക് പേടിയാ, വിളിച്ചോണ്ടിരിക്കും. അതിനിടയിൽ അമ്മയും വിളിക്കുന്നു. യാത്ര ചെയ്തതിന്റെ കാലുവേദനയും ഇവിടുത്തെ ജോലിത്തിരക്കും...!” അവൾ അകത്തെ മുറിയിലേക്ക് നിറയുന്ന കണ്ണുകളുമായി നടന്നു.

അയാൾ ഏറെനേരം നിന്നിട്ടും അവൾ തിരിച്ചുവന്നില്ല. അയാൾ പോവാനൊരുങ്ങുമ്പോൾ പ്യൂൺ രണ്ടു ഫയലുകൾ ഒപ്പുവെക്കാനായി കൊണ്ടുവന്നു. ഒപ്പിട്ടുകൊടുത്ത് നടക്കാനൊരുങ്ങുമ്പോൾ പിറകിൽനിന്നും അവൾ വിളിച്ചു. അവളുടെ കണ്ണുകൾ കലങ്ങിയിരുന്നു. “നാട്ടിൽവെച്ച്, എന്റെകൂടെ പഴയ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന സുഹൃത്തിനെ കണ്ടിരുന്നു.” അയാൾ അവളെ സംശയത്തോടെ നോക്കി. “ഞങ്ങളുടെ അടുത്തുള്ള ജില്ലകളിലെല്ലാം ഒഴിവുകളുണ്ടായിട്ടും എന്നെ ഇങ്ങോട്ട് സ്ഥലംമാറ്റിയതിനു ചില കാരണങ്ങളയാൾ പറഞ്ഞു.”

“എന്താണത്...?” അയാൾ അവൾക്കരികിലെത്തി..

ഫോണെടുത്ത്, ഫേസ്ബുക്കിൽ മാസങ്ങൾക്കു മുന്‍പ് അവൾ ഷെയർ ചെയ്ത ചില പോസ്റ്റുകളുടെ സ്‌ക്രീൻ ഷോട്ടുകൾ കാണിച്ചുതന്നു. ഫോൺ വാങ്ങി, അയാളതോരോന്നും സൂക്ഷിച്ചുനോക്കി - ഗൗരി ലങ്കേഷിനു നഷ്ടപ്പെട്ട നീതിയെ തുറന്നുകാട്ടുന്നതും രോഹിത് വെമൂലയുടെ ആത്മഹത്യയുടെ പൊരുൾ വ്യക്തമാക്കുന്നതും ബിൽക്കിസ് ബാനുവിന്റെ നിയമപോരാട്ടങ്ങളുമായിരുന്നു, അത്. അയാളതെല്ലാം വീണ്ടും നോക്കി.

“ഷക്കീൽ...?”

“നാമറിയാതെ നമ്മെ പലരും നിരീക്ഷിച്ചുകൊണ്ടേയിരിക്കുന്നു. നമുക്ക് സ്വതന്ത്രമായി ഒന്നും പറയാൻ പറ്റാത്ത കാലം നമ്മെ വളയാൻ തുടങ്ങിയിരിക്കുന്നു, ശിഖ...!”

“എനിക്ക് നാട്ടിലേക്ക് മടങ്ങാനാവില്ലേ...?”

“എന്റെ സുഹൃത്തായ സംഘടനാ നേതാവിനോട് കാര്യം സംസാരിച്ചിട്ടുണ്ട്. നമുക്ക് ശ്രമിക്കാം.” അയാൾ നടന്നുനീങ്ങി. അവൾ കണ്ണുകൾ തുടച്ചു, മുറിക്കുള്ളിലേക്കു കയറി.

കാലാവധി കഴിയാൻ പോവുന്ന മരുന്നുകളുടെ വിവരങ്ങൾ പെട്ടെന്നറിയിക്കാൻ ജില്ല ഓഫീസിൽനിന്നു സന്ദേശം വന്നതിനാൽ അയാളതെല്ലാം ചെയ്തു തീർത്ത് ജോലി കഴിഞ്ഞിറങ്ങാൻ താമസിച്ചു. മോട്ടോർസൈക്കിളിൽ കയറി സ്റ്റാർട്ട്‌ ചെയ്യുമ്പോഴാണ് പഞ്ചറായത് കാണുന്നത്. ബാഗ്‌ തോളിലിട്ട് നടക്കാൻ തുടങ്ങി. ചുറ്റുമുള്ള മലകളിലെല്ലാം കാർമേഘങ്ങൾ നിറഞ്ഞിരിക്കുന്നു. തത്തക്കൂട്ടങ്ങൾ മരങ്ങൾക്കുള്ളിൽനിന്നു വയലുകളിലേക്കു പറന്നിറങ്ങുന്നു. അയാൾ മലഞ്ചെരുവിറങ്ങുമ്പോൾ, ആടുകളെ മേച്ച് വയലിലൂടെ നടന്നുവരുന്ന ഇടയന്മാരെ നോക്കി നടന്നുനീങ്ങുന്ന അവളെ കണ്ടു. ഇറക്കങ്ങളിലൂടെ വേഗം നടന്ന് അയാൾ അവൾക്കരികിലെത്തി.

“എന്താ വൈകിയത്, ശിഖ...?”

“ഇന്നലെ രാത്രി ബസിലിരുന്ന് ഉറങ്ങാനായില്ല. അറിയാതെ കുറച്ചുസമയം ഉറങ്ങിപ്പോയി. വണ്ടിയെവിടെ...?”

“പഞ്ചറായി. നാളെ ആളെ കൊണ്ടുവന്ന് ശരിയാക്കണം.” വയലുകൾക്കറ്റത്തുനിന്ന് സൈറൺ മുഴങ്ങി. തീവണ്ടി പാഞ്ഞുപോവുന്നത് നോക്കി അയാൾ നിന്നു. അവൾ തലതാഴ്ത്തി നടന്നുനീങ്ങുന്നു.

“ശിഖ... നീ വൈകുന്നേരം പോവുന്ന ട്രെയിൻ...!” അവൾ നോക്കിയില്ല. ഒന്നും മിണ്ടിയില്ല. തലതാഴ്ത്തി നടന്നു. വണ്ടി മരങ്ങൾക്കുള്ളിൽ മറയുന്നു.

“നിന്റെ ട്രെയിൻ

ലേറ്റാണല്ലോ...” അതിനുമവൾ മറുപടി പറയാതെ വേഗം നടക്കുമ്പോൾ, അയാൾ പിറകെ നടന്ന്, അവൾക്കരികിലെത്തി.

“ശിഖ...”

“വൈകിട്ടത്തെ ആ ട്രെയിൻ കാണുമ്പോൾ ഞാനെന്റെ മകളെ ഓർക്കും..! വീടിനെ ഓർക്കും...! എനിക്കതിനെ കാണേണ്ട, ഷക്കീൽ.” അവളുടെ കണ്ണുകൾ നിറയുന്നു. കരഞ്ഞുകൊണ്ടവൾ നടന്നുനീങ്ങുമ്പോൾ, അറിയാതെ അവളെ വേദനിപ്പിച്ചതിൽ അയാൾ വിഷമിക്കാൻ തുടങ്ങി. ആടുകളും ഇടയന്മാരും അവർക്കിടയിലൂടെ കടന്നുപോവുന്നു. നടന്നുനീങ്ങുന്ന അവരെ ആടുകൾ തലചെരിച്ചു നോക്കി ഒച്ചവെച്ചു നീങ്ങുന്നു. കുഞ്ഞാടുകൾ അവർക്കു മുൻപിലൂടെ തുള്ളിച്ചാടിയോടുന്നു.

ചിത്രീകരണം

നാല്

റിക്ഷാവാല അവളെ സ്റ്റേഷനു മുൻപിൽ ഇറക്കി. വണ്ടിവരുന്നതിന്റെ അറിയിപ്പുകളുയർന്നു. പ്ലാറ്റ്‌ഫോമിലെ ആളുകൾക്കിടയിൽ കിടക്കുന്ന നായകൾ എഴുന്നേറ്റ്, മൂരിനിവർന്നു, ശരീരം കുടഞ്ഞു. ഇരുട്ടിൽ തീവണ്ടിയുടെ മഞ്ഞവെളിച്ചം തെളിഞ്ഞതോടൊപ്പം സൈറൺ മുഴങ്ങി. നായകൾ കൂട്ടത്തോടെ ഓരിയിടാൻ തുടങ്ങി. വണ്ടി നിന്നയുടനെ ബോഗികളിലെ നമ്പറുകൾ നോക്കി അവൾ, ഭക്ഷണസാധനങ്ങൾ വിൽക്കുന്നവർക്കിടയിലൂടെ നടന്നു.

റിസർവേഷൻ കമ്പാർട്ട്‌മെന്റ് കണ്ടെത്തി, അകത്തേക്കു കയറി. ബർത്തുകൾക്കിടയിലെ നേരിയ വെളിച്ചം ചിതറുന്ന വഴിയിലൂടെ നടന്നു. വിസിൽ ശബ്ദം മുഴങ്ങുന്നു. വണ്ടി നീങ്ങാൻ തുടങ്ങി. സീറ്റിൽ ബാഗുവെച്ച് അവൾ ഫോൺ എടുത്തു. മുകളിലെ ബർത്തിൽ രണ്ടുപേർ കിടക്കുന്നുണ്ട്. ഫോണിലെ റിസർവേഷൻ ബർത്ത്‌ നമ്പർ നോക്കി സീറ്റുറപ്പു വരുത്തുമ്പോൾ ശബ്ദം കേട്ടു. “ആ സീറ്റ് ഇരുപത്തിനാല് തന്നെയാണ്.” ഞെട്ടലോടെ സീറ്റിലിരിക്കുന്ന ആളിലേക്കു തിരിഞ്ഞു നോക്കി. “ഇരുപത്തിനാല് തന്നെയാണോ ശിഖയുടെ നമ്പർ? എങ്കിൽ, എനിക്കെതിർവശത്തുള്ള ആ ബർത്ത് തന്നെ.”

“ഷക്കീൽ...! എന്താ ഈ വണ്ടിയിൽ...?”

“ഇതെല്ലാവർക്കും യാത്ര ചെയ്യാനുള്ള വണ്ടിയല്ലേ, ശിഖ...?” അവൾ സീറ്റിലിരുന്നു. നടുവിലെ ബർത്തുകളിലേക്ക് ആരും വന്നിട്ടില്ല. അതുകൊണ്ട് അവ നിവർത്തിയിരുന്നില്ല. ടിക്കറ്റ് പരിശോധിക്കുന്ന ആൾ വന്ന് അവരുടെ റിസർവേഷൻ നമ്പറുകൾ നോക്കി.

ചിത്രീകരണം

“ഷക്കീൽ എങ്ങോട്ടാ...?”

“ഞാനാദ്യമായി ജോലിയിൽ കയറിയ പട്ടണത്തിലേക്ക്.”

“ഇതെങ്ങനെ അടുത്തടുത്ത ബർത്ത് കിട്ടി...?”

“പേടിയുള്ളവരെ ദൈവം ഒറ്റക്കാക്കില്ല, ശിഖ.” അവൾ ചിരിച്ചു. അയാൾ പുറത്തേക്കു നോക്കി ചിരിച്ചു. കാറ്റിൽ, അവളുടെ ഷോൾ അയാളുടെ മുഖത്തേക്കു പാറി. അവൾ അതു വലിച്ചപ്പോൾ അയാളുടെ ഷർട്ടിന്റെ ബട്ടണിൽ കുരുങ്ങിനിന്നു. ബട്ടണിൽനിന്ന് നൂൽ വേർപ്പെടുത്തി അവൾക്കു കൊടുത്തു. ഏതോ ചെറിയ സ്റ്റേഷനിലെ ജീവനക്കാരൻ പ്ലാറ്റ്‌ഫോമിൽനിന്നു പച്ചലൈറ്റ് മിന്നുന്നതവർ കണ്ടു. പൊടുന്നനെ, എതിർവശത്തേക്കിരമ്പിപ്പോയ തീവണ്ടിയുടെ ശബ്ദത്തിൽ അയാൾ നടുങ്ങിയപ്പോൾ അവൾ ചിരിച്ചു.

“പേടിയിപ്പോഴും വിട്ടുമാറിയില്ലല്ലേ...? വല്ലതും കഴിച്ചോ...?”

“കഴിച്ചു. ഹോട്ടലിൽനിന്ന്. ശിഖ...?”

“ഏഴു മണിക്ക് കഴിച്ചു. രാത്രി വിശക്കാതിരിക്കാൻ സമൂസ ഉണ്ടാക്കി കൊണ്ടുവന്നിട്ടുണ്ട്.”

അവൾ ബാഗിന്റെ അറ തുറന്നു. ആ സമയം വണ്ടിയേതോ സ്റ്റേഷനിൽനിന്നു. ബാഗിൽനിന്ന് പ്ലാസ്റ്റിക് കവർ അവൾ പുറത്തെടുത്തു. പ്ലാറ്റ്‌ഫോമിലൂടെ പോവുന്ന ചായവിൽപ്പനക്കാരനിൽനിന്ന് അയാൾ രണ്ടു ചായ വാങ്ങി. ചായയും സമൂസയും കഴിക്കുമ്പോൾ വണ്ടി സൈറൺ മുഴക്കി നീങ്ങാൻ തുടങ്ങി. അയാൾ അവളുടെ സീറ്റിലേക്കും അവൾ അയാളുടെ സീറ്റിലേക്കും കാലുകൾ നീട്ടിവെച്ച്, ചാരിയിരുന്ന് പരസ്പരം നോക്കി, ചായ കുടിച്ചു. ആരോ ലൈറ്റണച്ചപ്പോൾ ചിതറുന്ന നിലാവെളിച്ചത്തിൽ അവരുടെ നോട്ടങ്ങൾ കെട്ടുപിണഞ്ഞുകൊണ്ടേയിരുന്നു. കാറ്റിൽ, ഗ്ലാസ്സുകൾ പുറത്തേക്കു പാറിപ്പോയതവർ അറിഞ്ഞില്ല. പാലങ്ങളും പട്ടണങ്ങളും തുരങ്കങ്ങളും സ്റ്റേഷനുകളും മാറിമറിയുന്നതുമവർ അറിയുന്നേയുണ്ടായിരുന്നില്ല.

ഏതോ സ്റ്റേഷനിൽനിന്നു കയറിയ സ്ത്രീകൾ, അനക്കമറ്റിരിക്കുന്ന അവരെ നോക്കി. നടുവിലെ ബർത്തുകൾ റിസർവു ചെയ്തവരാണെന്നു പറഞ്ഞിട്ടും രണ്ടുപേരുമതു കേട്ടില്ല. സ്ത്രീ തട്ടിവിളിച്ചപ്പോൾ അവൾ ഞെട്ടിയെഴുന്നേറ്റു. നടുവിലെ ബർത്ത് നിവർത്തി സ്ത്രികൾ കിടന്നു. പുതപ്പെടുത്ത് പുതച്ചുകൊണ്ടു കിടന്ന അവൾ, പുതപ്പ് പതിയെ നീക്കിനോക്കി. ചുവന്ന ബാഗ് തലയണയാക്കി ചെരിഞ്ഞുകിടക്കുന്ന അയാൾ അവളെ നോക്കുന്നു.

മേഘപാളികൾക്കിടയിലെ ചന്ദ്രൻ അവർക്കിടയിലേക്ക് നിലാവൊഴുക്കി തീവണ്ടിക്കൊപ്പം പാഞ്ഞുകൊണ്ടിരുന്നു. അയാൾക്കുറങ്ങാൻ കഴിഞ്ഞില്ല. വണ്ടിയുടെ താളത്തിനൊപ്പം അവളുടെ കണ്ണുകൾ മയക്കത്തിലേക്കിറങ്ങിപ്പോവുന്നതയാൾ കണ്ടു. വീശിയടിക്കുന്ന കാറ്റിൽ അവൾ ചുരുണ്ടുകൂടിയപ്പോൾ അയാൾ ജാലകത്തിന്റെ ചില്ലു ഷട്ടർ താഴ്ത്തി. ഊർന്നുവീണ പുതപ്പിനറ്റം അവളുടെ ശരീരത്തിലേക്കിട്ടു കൊടുത്തു. സൽവാറിനിടയിലൂടെ അവളുടെ വലതുകാൽ മുട്ടിൽ ചുറ്റിവെച്ച ബാന്‍ഡേജ് അയാൾ കണ്ടു, കാൽവിരലുകളിൽ നീരുവെച്ചിട്ടുണ്ട്. ചന്ദ്രൻ കാർമേഘങ്ങൾക്കുള്ളിൽ മറഞ്ഞതോടൊപ്പം ബോഗിക്കുള്ളിൽ ഇരുട്ടു നിറഞ്ഞു.

പുലർകാലത്ത് അവളാണ് അയാളെ ഉണർത്തിയത്. തീവണ്ടി സൈറൺമുഴക്കി വെളിമ്പ്രദേശത്തുകൂടെ പായുകയാണ്. കമിഴ്ന്നുകിടന്ന് അയാൾ ജനലഴിയിലൂടെ നോക്കി. ദൂരെ, മൂടൽമഞ്ഞിനുള്ളിൽ പട്ടണത്തിലെ കെട്ടിടങ്ങളുടേയും വീടുകളുടേയും വെളിച്ചങ്ങൾ മിന്നിത്തിളങ്ങുന്നു, വാഹനങ്ങളുടെ പ്രകാശങ്ങൾ അങ്ങോട്ടുമിങ്ങോട്ടും നീങ്ങുന്നു. ഫാക്ടറിയിൽനിന്ന് അലാംമുഴങ്ങുന്നുണ്ട്. പുതപ്പുമടക്കി ബാഗിലേക്കുവെച്ച് അവൾ വാഷ്‌ബേസിനരികിലേക്കു നടന്നു.

അവൾ സീറ്റിലേക്കു തിരിച്ചെത്തിയപ്പോൾ, അയാൾ ബർത്തിൽ കുനിഞ്ഞിരുന്ന്, ജനലഴികളിൽ പിടിച്ച് പുറംകാഴ്ചകൾ നോക്കുകയാണ്. അവൾ കവിളുകൾ ടവൽകൊണ്ടു തുടച്ചു. മുഖം കഴുകാൻ പോവുന്നില്ലേയെന്ന് അയാളോടു ചോദിച്ചു. അയാളതൊന്നും കേൾക്കാതെ ജനലഴിയിലേക്കു നെറ്റി ചേർത്തിരുന്നു. അയാളുടെ കണ്ണുകൾ വിടർന്നു, ചുണ്ടിൽ ചെറുപുഞ്ചിരി തെളിഞ്ഞു. ദൂരെ, മലമുകളിൽ കോട്ട കാണുന്നു. സൂര്യൻ മലഞ്ചെരിവിൽ ഉദിച്ചുയരുന്നു. വണ്ടി മലയുടെ അടിയിലൂടെ വളഞ്ഞുനീങ്ങുമ്പോൾ കോട്ടയ്ക്കുള്ളിലെ ക്ഷേത്രത്തിന്റെ തൂണുകളും പള്ളിയുടെ മിനാരവും അയാൾ കണ്ടു. പ്രാവുകൾ ചാഞ്ഞും ചെരിഞ്ഞും പറക്കുന്നുണ്ട്.

പ്ലാറ്റ്‌ഫോമിലേക്കിറങ്ങിയ അവൾ വേഗം നടന്നു. അയാൾ ആൾക്കൂട്ടത്തിനിടയിലേക്കു മാറി, ബാഗും തോളിലിട്ട് നിന്നു. ഭർത്താവ് അവളെ കാത്ത് ബെഞ്ചിൽ ഇരിപ്പുണ്ടായിരുന്നു. രണ്ടുപേരും സ്റ്റേഷനു പുറത്തേക്കു പോവുന്നത് അയാൾ കണ്ടു. റിക്ഷാവാലകളില്‍നിന്ന് ഒഴിഞ്ഞുമാറി സ്റ്റേഷൻ മുറ്റത്തേക്കിറങ്ങിയ അയാൾ, സ്കൂട്ടറിൽ ഭർത്താവിനു പിറകിലിരുന്നു പോവുന്ന അവളെ കണ്ടു. ആൾക്കൂട്ടത്തിനിടയിൽനിന്ന് അയാളെ കണ്ടെത്തിയ അവൾ വിരലുകൾ പതിയെ ആട്ടി, അയാൾ കൈ പാതി ഉയർത്തി വീശി.

റെയിൽപ്പാളത്തിനരികിലൂടെയുള്ള വഴിയിലൂടെ അയാൾ നടന്നു. റിക്ഷാവാലകൾ ആളുകളെ കയറ്റി, പെഡലുകളിൽ ആഞ്ഞുചവിട്ടി വരിവരിയായി പോവുന്നു. പണ്ട്, വണ്ടിയിറങ്ങി ജോലി സ്ഥലത്തേക്കു പോവാനും തിരിച്ച് നാട്ടിലേക്കു വേഗമെത്താനുമായി അങ്ങോട്ടുമിങ്ങോട്ടും എത്രയോ തവണ നടന്നുപോയ വഴി. ഈ വഴിയിൽ വലിയൊരു ആൽമരമുണ്ടായിരുന്നു. ആദ്യമായി ജോലിയിൽ കയറാനായി പട്ടണത്തിലെത്തുമ്പോൾ, മഴപെയ്ത പുലർകാലത്ത് അയാൾ ഏറെനേരം ആൽമരച്ചോട്ടിൽ നിന്നിട്ടുണ്ടായിരുന്നു. മഴ കൊള്ളിക്കാതെ മരം അയാളെ കാത്തു. ആൽമരത്തെ വഴിയിലൊന്നും കാണാനായില്ല.

വഴി റോഡിലേക്കു ചേരുന്നിടത്ത് ചായക്കടയുണ്ടായിരുന്നു. അത് അല്പംകൂടി വലത്തോട്ടു മാറ്റിയിട്ടുണ്ട്. ബാസവൻ തന്നെയാണത് നടത്തുന്നത്; മെലിഞ്ഞു കുറുകി, താടിയും മുടിയുമെല്ലാം നരച്ചിട്ടുണ്ട്. ചായ കുടിക്കുമ്പോൾ ഭാര്യ വിളിച്ചു, അയാൾ അവളോടു സംസാരിച്ചു. പലപ്പോഴും അയാൾ ബാസവന്റെ കടയിൽനിന്ന് ചായ കുടിച്ചിട്ടുണ്ട്, അയാളുമായി സംസാരിച്ചിട്ടുണ്ട്. ഗ്ലാസും പൈസയും കൊടുക്കുമ്പോൾ അയാൾ ചിരിച്ചെങ്കിലും ബാസവൻ തിരിച്ചറിഞ്ഞില്ല.

റോഡിലൂടെ നടന്ന്, വിഖ്യാത ചിത്രകാരന്റെ പേരിലുള്ള കലാശാലക്കരികിലെത്തി. കാമ്പസിനകത്തെ കൂറ്റൻ മരങ്ങൾക്കു ചുവട്ടിലെ കരിങ്കൽ ശില്പങ്ങളെല്ലാം സ്ഥാനം മാറാതെ ഇരിക്കുന്നതയാൾ കണ്ടു. ചിത്ര-ശില്പ പ്രദർശനങ്ങൾ കാണാൻ പലപ്പോഴും കലാശാലയിലെത്താറുണ്ടായിരുന്നു. ചത്വരത്തിലെ കറുത്ത ബൗദ്ധപ്രതിമ നോക്കി അയാൾ നടന്നു. പ്രതിമയുടെ അരികിലായി ചാരുബെഞ്ചുകളുണ്ടാക്കിയിട്ടുണ്ട്. കരിയിലകൾ പൊഴിഞ്ഞു വീണുകിടക്കുന്ന ചാരുബെഞ്ചിലിരുന്നു. ഫോണിലേക്കു സന്ദേശങ്ങൾ വന്നു.

“ഷക്കീൽ.”

“ഷക്കീൽ, എവിടെയാ താമസിക്കുന്നത്...?”

“എന്റെ സുഹൃത്തിന്റെ ലോഡ്ജിൽ.” അയാൾ എഴുതി.

“അതെവിടെയാ?”

“ഞാൻ ജോലി ചെയ്തിരുന്ന ആശുപത്രിക്കടുത്താണ്, ശിഖ.”

“എന്നു തിരിച്ചുപോവും.”

“മൂന്നു ദിവസം കഴിയും.” അവൾ ഓൺലൈനിൽനിന്നു മറഞ്ഞു. അയാളെഴുന്നേറ്റ്, കരിയിലകൾ വീണവഴിയിലൂടെ റോഡിലേക്കു നടന്നു. പട്ടണം ഉണരുന്നതേയുള്ളൂ.

ബസ് സ്റ്റേഷനും ലൈബ്രറിയും സിനിമശാലയും അയാളെ പഴയകാലങ്ങളിലേക്കു കൊണ്ടുപോയി. പാലം കടന്ന്, താഴ്ചയിലുള്ള വീടുകളെ നോക്കി. പടവുകൾ ഓരോന്നായി ഇറങ്ങി. ഗുഡിയാദേവിയുടെ വീടിനു മുൻപിലെത്തി. എന്നും പാലു വാങ്ങിയിരുന്നത് ഇവിടെ നിന്നായിരുന്നു. ഗുഡിയാദേവി അയാളെ തിരിച്ചറിഞ്ഞു, കൈപിടിച്ച് വീടിനകത്തേക്കു കയറ്റി. വീട്ടുമുറ്റത്തെ എരുമകൾ തലയുയർത്തി നോക്കി ഒച്ചവെച്ചു.

മഹാദേവ ലോഡ്ജ് ഉടമയും സുഹൃത്തുമായ ഭവാനിസിംഗ് അയാൾക്കായി, പണ്ട് താമസിച്ചിരുന്ന മുറിതന്നെ ഒരുക്കിവെച്ചിരുന്നു. മുറിയിൽ കയറി വസ്ത്രം മാറി കുളിച്ചു. ചൂടുള്ള ബട്ടൂരയും *കഡിയും മുറിയിലേക്കെത്തി. അതുംകഴിച്ച് ബാൽക്കണിയിലേക്കിറങ്ങി. രോഗികൾ ആശുപത്രിയിലേക്കു പോവുന്നത് ലോഡ്ജിനു മുൻപിലൂടെയാണ്. രാജകാലത്തെ കെട്ടിടങ്ങളായിരുന്നു ആശുപത്രിയാക്കി മാറ്റിയിരുന്നത്. ഇപ്പോൾ, ആ കെട്ടിടങ്ങളെല്ലാം പൊളിച്ചു മാറ്റി കോൺക്രിറ്റു കെട്ടിടങ്ങളുയർന്നു വന്നതയാൾ കണ്ടു.

ഹോൺ ശബ്ദംകേട്ട് താഴേക്കു നോക്കി. ഭവാനിസിംഗ് കാറിനരികിൽനിന്നു വിളിക്കുന്നു. പച്ച അംബാസഡർ മാറ്റിയിട്ടുണ്ട്, വെള്ള റെനോൾട്ട് ക്വിഡാണ്. അയാൾ മുറിപൂട്ടി താഴേക്കിറങ്ങി. കാറിനുള്ളിൽനിന്ന് ഭവാനിസിംഗുമൊത്തുള്ള സെൽഫിയെടുത്തു. മുഹമ്മദ് റഫിയുടെ ഗാനവുമായി കാർ റോഡിലേക്കിറങ്ങി.

“ഷക്കീൽ, കുറച്ചു മീൻ വാങ്ങണം.”

“ചന്തയിൽനിന്നാണോ...? അവിടെയടുത്താണ് ചാന്ദ്മിയായുടെ വീട്.”

“ചന്തയിലെ എന്നോ ചത്തമീൻ ആർക്കുവേണമെടോ?” തെരുവിലെ അഴുക്കുവെള്ളത്തിലൂടെ കാർ നീങ്ങി. “ഇവിടെയിപ്പൊ പെടക്കണ മീൻ കിട്ടുന്ന സ്ഥലമുണ്ട്.” ഭവാനിസിംഗ് വളയം തിരിച്ചു. സെൽഫിയെ അയാൾ വാട്‌സാപ്പ്സ് സ്റ്റാറ്റസാക്കി. കാർ പുഴയോരത്തുകൂടെ, ചെളി തെറിപ്പിച്ച് നീങ്ങാൻ തുടങ്ങിയപ്പോൾ, പുഴയിലേക്കു ചൂണ്ടയിടാൻ സുഹൃത്തുക്കൾക്കൊപ്പം പോയതും മണലിലിരുന്ന് മീൻചുട്ടതും അയാൾ ഓർത്തു.

പുഴക്കരയിൽ കാർ നിന്നു. അവിടെ, കുട്ടകളിൽ മീൻവിൽക്കുന്ന സ്ത്രീകളുണ്ട്. ഭവാനിസിംഗ് മീനുകൾക്ക് വിലപേശി നടക്കുമ്പോൾ അയാൾ പുഴയിലേക്കു നടന്നു. വെള്ളം കുറവാണ്. ഫോണിലേക്കൊരു സന്ദേശം വന്നു. കല്ലുകളിലൂടെ നടന്നുനടന്ന് അയാൾ കൽമണ്ഡപത്തിലേക്കു കയറി. ഫോണെടുത്തു നോക്കി. സ്റ്റാറ്റസിൽ സ്നേഹചിഹ്നമണിയിച്ച അവളുടെ സന്ദേശം കണ്ടു. കൽമണ്ഡപത്തിനുള്ളിൽനിന്ന് അയാളൊരു ഫോട്ടോയെടുത്തു, അവൾക്കയച്ചു കൊടുത്തു.

പുഴവെള്ളം കൈകൊണ്ടു കോരിയെടുത്ത് മുഖം കഴുകി. രണ്ടു രോഹുമത്സ്യങ്ങളെ ചെകിളയിൽ തൂക്കിപ്പിടിച്ച് ഭവാനിസിംഗ് കരയിൽനിന്നു വിളിക്കുന്നു. കൽമണ്ഡപത്തിൽനിന്നിറങ്ങി അയാൾ പുഴയിലൂടെ നടന്നു. മത്സ്യങ്ങളെ ഡിക്കിലേക്കുവെച്ച് ഭവാനിസിംഗ് കൈകളിലെ രക്തം കുറ്റിച്ചെടിയിൽ തുടച്ചു, അയാളോടു കാറെടുക്കാൻ പറഞ്ഞു.

ചോറും **മാച്ചർകാലിയായും ചപ്പാത്തിയും സബ്ജിയും തീൻമേശയിലേക്കുവെച്ച് പാചകക്കാരൻ അവരെ വിളിച്ചു. അയാൾ കാറിന്റെ ഉൾഭാഗം തുടയ്ക്കുമ്പോൾ ഭവാനിസിംഗ് പുറംഭാഗം വെള്ളമൊഴിച്ചു കഴുകുകയാണ്. കാർ വൃത്തിയാക്കിക്കഴിഞ്ഞ് അവർ മുറിയിലേക്കു വന്നു. താഴെ നിലയിലെ ഭവാനിസിംഗിന്റെ മുറി വിസ്താരമേറിയതാണ്. മുറിയിലെ വട്ടമേശക്കിരുവശത്തുമിരുന്ന് അവർ ഭക്ഷണം കഴിക്കാൻ തുടങ്ങി.

“ഞാനീ രോഹുമീനുകളെ ഇടക്കിടക്ക് വാങ്ങുന്നത് ഇവനെ വിശ്വസിച്ചാണ്, ഷക്കീൽ!” പാചകക്കാരൻ പുഞ്ചിരിയോടെ അവർക്ക് വീണ്ടും ചോറിട്ടു കൊടുത്തു.

“മാച്ചർകാലിയ നല്ല രുചിയാണല്ലോ...! കൊൽക്കത്തയിലാണോ വീട്...?”

“ഡയമണ്ട് ഹാർബർ.” പാചകക്കാരൻ ചിരിയോടെ പറഞ്ഞു, മീൻകഷണം അയാൾക്കിട്ടു കൊടുത്തു.

ചപ്പാത്തിയും സബ്ജിയും അവർ തൊട്ടില്ല. ചോറും മാച്ചർ കാലിയായും ആസ്വദിച്ചു കഴിച്ചു. കൈകഴുകുമ്പോഴാണ് റിസപ്ഷൻ കൗണ്ടറിലേക്ക് രണ്ടുപേർ ബാഗുമായി വരുന്നതു കാണുന്നത്. ഭവാനിസിംഗ് അങ്ങോട്ടു നടന്നു. അയാൾ പാചകക്കാരനോടു നന്ദി പറഞ്ഞ്, വരാന്തയിലേക്കിറങ്ങി. മുറിയിലേക്കുള്ള പടവുകൾ കയറി.

മുറിക്കുള്ളിലേക്കു കയറി അയാൾ വാതിലടച്ചു. വസ്ത്രങ്ങൾ മാറി, പൈജാമയണിഞ്ഞു. ഫാനിന്റെ കറക്കംകൂട്ടി. കട്ടിലിൽ മലർന്നുകിടന്നു. മയക്കത്തിലേക്കു നീങ്ങുന്നതിനിടയിലാണ് എന്തോ ശബ്ദം കേട്ടത്. ഉറക്കച്ചടവോടെ, ഫോൺ ബെഡിനു ചുറ്റും തപ്പിനോക്കി. റിങ്‌ടോൺ അവസാനിച്ചു. വീണ്ടും ഉറക്കത്തിലേക്കു നീങ്ങുന്നതിനിടയിൽ ശബ്ദമുയർന്നു. എഴുന്നേറ്റ്, മുറിയിൽ ഫോൺ തിരഞ്ഞു, അഴിച്ചിട്ട വസ്ത്രങ്ങൾക്കുള്ളിൽനിന്നു കിട്ടി.

“ഹലോ... ശിഖ, പറയൂ.”

“ഷക്കീൽ ഉറക്കമാണോ...?”

“ഇല്ല. എന്താണ്...?”

“ഷക്കീലിന്റെ കൂട്ടുകാരന്റേതാണോ, ആ കാർ...?”

“അതെ.”

“കാറൊന്ന് കിട്ടുമോ...? മകളെ ഒരാളെ കാണിക്കാൻ കൊണ്ടുപോവാനാ.”

“അസുഖം കൂടുതലാണോ...?”

“അതല്ല. അസുഖം മറ്റൊരാളെ കാണിക്കാനാ. അങ്ങോട്ട് കുറച്ചുദൂരം പോവണം. റോഡ് വളരെ മോശമാണ്... വണ്ടിക്കാരൊന്നും വരുന്നില്ല.”

“ഭർത്താവ്...?”

“അങ്ങോട്ടൊന്നും പോവേണ്ടയെന്ന് പറഞ്ഞ് അയാൾ ജോലിക്ക്‌ പോയി. പല കുട്ടികൾക്കും അവിടത്തെ ചികിത്സകൊണ്ട് അസുഖം ഭേദമായതുകൊണ്ടാണ്, ഞാൻ...”

“ശിഖ, ഞാൻ എങ്ങോട്ടു വരണം...?” അവൾ വഴികൾ പറഞ്ഞുകൊടുത്തു. അയാൾ വസ്ത്രം മാറി, മുറി പൂട്ടിയിറങ്ങി. ഭവാനിസിംഗിനോടു കാര്യങ്ങൾ പറഞ്ഞു.

അവൾ പറഞ്ഞ സ്ഥലത്ത് അയാളെത്തി. അവിടെ അവളെ കണ്ടില്ല. അയാൾ കാറിൽനിന്നിറങ്ങി. സമീപത്തെ വീടുകളിലേക്കു നോക്കി. ഫോണെടുത്തു വിളിക്കാനൊരുങ്ങുമ്പോൾ അവളും മകളും വെയിലിലൂടെ നടന്നുവരുന്നതു കണ്ടു. മകൾ ചുമന്ന കുട ചൂടിയിട്ടുണ്ട്. അയാൾ കുട്ടിയെ നോക്കി. അയാളുടെ മകളുടെ അതേ ഉയരം. ശരീരം മെലിഞ്ഞിട്ടാണ്, മുടിയിഴകൾ ചുരുണ്ടതും. അരികിലെത്തിയയുടനെ കുട ചുരുക്കുന്ന കുട്ടിയുടെ കൈ അയാൾ പിടിച്ചു. “കുഞ്ഞിന്റെ പേരെന്താണ്...?” അയാൾ കുട്ടിയോടു ചോദിച്ചു.

“മേഘ.”

“അമ്മ ഇടയ്ക്കെല്ലാം പറയാറുണ്ട്.” അയാൾ പോക്കറ്റിൽനിന്ന് ചോക്ലേറ്റ് എടുത്തുകൊടുത്തു. കുട്ടിയുടെ കൈത്തണ്ടയിലെ ചുവന്നതടിപ്പുകൾ അയാൾ കണ്ടു. “ശിഖ... വീട്...?” “ആ കാണുന്ന ഇടവഴിയിലൂടെ പോണം. വണ്ടി പോവില്ല.” അയാൾ കുട്ടിയുടെ തോളിൽ പിടിച്ചു, ശരീരത്തോടു ചേർത്ത്, മുൻസീറ്റിലേക്ക്‌ കൊണ്ടുപോയി, ഡോർ തുറന്നുകൊടുത്ത് ഇരിക്കാൻ പറഞ്ഞു. അവൾ പിറകിലെ സീറ്റിലേക്കു കയറി.

മുന്നോട്ടു നീങ്ങുന്നതോടൊപ്പം കാറിനുള്ളിൽ രബീന്ദ്രസംഗീതം ഉയർന്നു. ആൾത്തിരക്കുള്ള ഗലിയിലൂടെ അയാൾ വണ്ടിയോടിച്ചു. പള്ളിയുടെ മുൻഭാഗം വലിയ ടാർപോളിൻകൊണ്ടു മറച്ചത് അയാൾ കണ്ടു. പിറകിലെ സീറ്റിലിരിക്കുന്ന അവളെ അയാൾ കണ്ണാടിയിലൂടെ നോക്കി.” അടുത്താഴ്ച രാംനവമിയല്ലേ. അതാ, പള്ളിയിങ്ങനെ...!” അവൾ പുറത്തേക്കു നോക്കി പറഞ്ഞു. പിന്നീട്, രണ്ടു പേരുമൊന്നും സംസാരിച്ചില്ല. മകൾ ചോക്ലേറ്റ് തിന്നുകയാണ്. പോവേണ്ട വഴി ഇടയ്ക്കവൾ പറഞ്ഞുതന്നു. റെയിൽ പാളത്തിനു സമാന്തരമായി നീങ്ങുന്ന റോഡിലൂടെ പോവുമ്പോൾ തീവണ്ടി സൈറൺ മുഴക്കി പാഞ്ഞുപോവുന്നുതു കണ്ടു.

“ശിഖ, നമ്മൾ പോവുന്നത് കോട്ടയിലേക്കാണോ...?”

“അതെങ്ങനെ മനസ്സിലായി, ഷക്കീൽ...?”

“ഈ പട്ടണത്തിലെ ഞാനേറ്റവും ഇഷ്ടപ്പെടുന്ന സ്ഥലമാണത്...!”

“നാളെ വെള്ളിയാഴ്ചയാണ്, ഷക്കീൽ. ഗ്രാമങ്ങളിലെ സൂഫി വര്യന്മാരും നാടു ചുറ്റുന്ന ഫക്കീറുമാരും ഖവാലിക്കാരും വൈദ്യന്മാരുമെല്ലാം ഇന്നുതന്നെ കോട്ടയിലെത്തിത്തുടങ്ങും. യൂനാനി വൈദ്യനായ ഒരു സൂഫി അവിടെയെത്താറുണ്ട്. അയാളുടെ ചികിത്സയിൽ പല കുട്ടികളുടേയും അസുഖം മാറിയിട്ടുണ്ട്..!” അയാൾ കാറിന്റെ വേഗം കൂട്ടി. റോഡിൽനിന്ന് കോട്ടയിലേക്കുള്ള വഴിയിലേക്കു തിരിഞ്ഞു. മലമുകളിൽ കോട്ട കാണാം.

ചിത്രീകരണം

പൊട്ടിപ്പൊളിഞ്ഞ റോഡാണ്. തുടരെത്തുടരെ തിരിവുകളും കയറ്റങ്ങളും. പലപ്പോഴും കാർ ഓഫായി. അയാൾ പാട്ടുനിർത്തി. ഉഷ്ണക്കാറ്റിനൊപ്പം പൊടിപടലങ്ങളും കരിയിലകളും പാറിപ്പറക്കുന്നു. കോട്ടയുടെ കരിങ്കൽ മതിലിന്റെ പൊത്തിലിരുന്നു കുറുകുന്ന പ്രാവുകളെ കുട്ടി നോക്കി. റോഡരുകിലെ ചെറിയ കൂരയിൽനിന്നു പുക ഉയരുന്നു. കൊല്ലൻ ചുട്ടുപഴുത്ത ആയുധങ്ങൾ അടിച്ചു മൂർച്ചകൂട്ടുന്നത് അയാൾ കാറിനുള്ളിൽനിന്നു കണ്ടു. പൊടുന്നനെ, മുൻപിലേക്കു നോക്കാൻ അവൾ പറഞ്ഞു. അയാൾ ബ്രേക്ക് ആഞ്ഞുചവിട്ടി, റോഡിന്റെ ഒരുവശം തകർന്നുകിടക്കുകയാണ്.

വലതുവശത്തെ കുറ്റിപ്പൊന്തയിലേക്ക് കാർ തിരിച്ച് അയാൾ പതിയെ മുന്നോട്ടെടുത്തു. മുകൾ ഭാഗത്തെത്തിയ അവർ, താഴെ, പട്ടണത്തിലെ കെട്ടിടങ്ങളുടെ ചെറുരൂപങ്ങൾ കണ്ടു. കോട്ടയുടെ കവാടത്തിനരികിൽ കാർ നിർത്തി അവരിറങ്ങി നടന്നു. കോട്ടവാതിൽ അടഞ്ഞുകിടക്കുകയാണ്. വലിയ താഴുകൊണ്ട് പൂട്ടി, താഴ് തുണിക്കൊണ്ട് ചുറ്റിക്കെട്ടിയിട്ടുണ്ട്. ഏതോ ഉത്തരവുകളുടെ കടലാസ് വാതിലിൽ പതിപ്പിച്ചിട്ടുമുണ്ട്. പരുന്ത് ഒച്ചവെച്ച് വട്ടം ചുറ്റിപ്പറക്കുന്നു. മിനാരത്തിലിരിക്കുന്ന പ്രാവുകൾ കുറുകുന്നുണ്ട്. കാറ്റുവീശുമ്പോൾ ക്ഷേത്രത്തിലെ മണിനാദങ്ങൾ കേൾക്കാം.

അവർ വരണ്ടകാറ്റിലൂടെ കാറിലേക്കു നടന്നു. കോട്ടയുടെ കവാടത്തിന് ഇരുവശത്തുമുള്ള കല്ലിൽ കൊത്തിയ ആനകളെ നോക്കി കുട്ടി സീറ്റിലിരിക്കുന്നു. അവർ കാറിൽ കയറി, ഡോറുകളടച്ചു. അയാൾ വണ്ടിതിരിച്ച് പതിയെ ഇറക്കമിറങ്ങാൻ തുടങ്ങി. കല്ലുകളിൽ കയറിയിറങ്ങുന്ന കാർ ഉലഞ്ഞു. താഴ്വരകളെ നോക്കി അവൾ ഒന്നും മിണ്ടാതിരുന്നു. കൊല്ലപ്പുരയ്ക്കു മുൻപിലെ പൊടിമണ്ണിൽ കർഷകർ ആയുധങ്ങളുമായി ഇരിക്കുന്നുണ്ട്. അയാൾ കാർ നിർത്തി, പുറത്തിറങ്ങി. അവളും കുട്ടിയും പുറത്തേക്കു നോക്കി.

“കോട്ടയിലേക്കു കയറാൻ...”

“കോടതിക്കാര് വന്ന് കോട്ട അടച്ചുപൂട്ടി.” കൊല്ലൻ മടവാളിന്റെ മൂർച്ചനോക്കി പറഞ്ഞു.

“അകത്തൊര് പള്ളിയുണ്ട്. പണ്ട്, ക്ഷേത്രത്തിന്റെ ഭാഗം തകർത്താണ് പള്ളി ഉണ്ടാക്കിയതെന്നും കോട്ടയ്ക്കുള്ളിൽനിന്ന് പള്ളി പൊളിച്ചുമാറ്റണമെന്നും പറഞ്ഞ് ഒരു കൂട്ടർ കേസുകൊടുത്തിരിക്കുകയാണ്...” നിലത്തിരിക്കുന്ന കർഷകൻ പറഞ്ഞു. “ഇന്നലെയാണ് കോടതി ക്കാര് വന്നത്...”

അയാൾ പിന്നീടൊന്നും ചോദിച്ചില്ല. പൊടിമണ്ണിലേക്കു നോക്കി തലകുനിച്ചുനിന്നു. പിന്നെ, മലമുകളിലെ കോട്ടയെ നോക്കി. പതിയെ നടന്ന്, കാറിൽ കയറി. സീറ്റിൽ ചാരി അനക്കമറ്റിരുന്നു. “പോവാമല്ലേ...” അവൾ പിറകിൽനിന്നു പറഞ്ഞു. അയാളുടെ തുടിക്കുന്ന വിരലുകൾ വളയത്തിലമർന്നു. കാർ വിറച്ചുവിറച്ചു സ്റ്റാർട്ടായി. അയാൾ പാട്ടുവെച്ചു. രബീന്ദ്ര സംഗീതത്തിനൊപ്പം വണ്ടി ഇറക്കമിറങ്ങാൻ തുടങ്ങി.

അഞ്ച്

തീവണ്ടി വരുന്നതിന്റെ അറിയിപ്പുകള്‍ ഉയരുമ്പോഴാണ് അവൾ റെയിൽവേ സ്റ്റേഷനിലെത്തുന്നത്. ഭർത്താവ് സ്കൂട്ടറിൽ മടങ്ങിപ്പോയി. രണ്ടു ബാഗുകളും തൂക്കിപ്പിടിച്ച്, ടിക്കറ്റ് കൗണ്ടറിൽ ക്യൂ നിൽക്കുന്നവരോടു അനുവാദം ചോദിച്ച്, അവൾ മുൻപിൽപോയി ടിക്കറ്റെടുത്തു. പ്ലാറ്റ്‌ഫോമിലേക്കു നീങ്ങുന്നതിനിടയിൽ ആൾക്കൂട്ടത്തിൽ അയാളെ തിരഞ്ഞു. രാവിലത്തെ വണ്ടിയിൽ ഉണ്ടാവുമെന്നു പറഞ്ഞിരുന്നു.

കരിയിലകൾ പറത്തി വണ്ടി ഇരമ്പലോടെ എത്തി. മുൻപോട്ടു നടക്കുമ്പോഴും അവളുടെ കണ്ണുകൾ അയാളെ തേടി അലഞ്ഞു. ലേഡീസ്‌ കമ്പാർട്ട്‌മെന്റിൽ കയറാതെ നടന്ന അവൾ മറ്റൊരു ബോഗിയിൽ കയറി. ബാഗുകൾ സീറ്റിനടിയിലേക്കു വെച്ച് വലതുഭാഗത്തേക്കു നടന്നു. ഓരോ സീറ്റിലും അയാളെ തിരഞ്ഞു. ഫോണെടുത്തു വിളിച്ചെങ്കിലും കിട്ടിയില്ല. ബാത്ത്റൂം വരെ അവൾ നടന്നു. തിരിച്ച് ബാഗുകൾ വെച്ച ഇടത്തേക്കുതന്നെ മടങ്ങിയെത്തി.

മസാലപൂരി വിൽക്കുന്നവർക്കിടയിലൂടെ ഇടതുഭാഗത്തേക്കു നടക്കുമ്പോഴും അവിടെയൊന്നും അയാളെ കാണാനായില്ല. ഒഴിഞ്ഞ സീറ്റുകൾ കണ്ടിട്ടും അവൾ ഇരുന്നില്ല. പാട്ടുപാടി വരുന്ന ബാവുൽ ഗായകന് അവൾ പൈസ കൊടുത്തു, നടന്നു. നിരാശയോടെ, വാഷ്‌ബേസനിൽനിന്ന് മുഖം കഴുകി മടങ്ങാനൊരുങ്ങുമ്പോഴാണ് തൊട്ടടുത്ത ബോഗിയിലെ സീറ്റിനു ചുവട്ടിൽ അയാളുടെ ചുവന്ന ബാഗ് കാണുന്നത്. ബോഗികൾക്കിടയിലുള്ള ഇരുമ്പു പാളികളിൽ ചവിട്ടി അവൾ അപ്പുറത്തേക്കു കടന്നു. പാളങ്ങളിൽനിന്ന് ചക്രങ്ങളുടെ ഇരമ്പൽ ശബ്ദങ്ങളുയരുന്നു.

വാതിൽക്കൽ, പുറത്തേക്കു നോക്കി അയാൾ നിൽപ്പുണ്ടായിരുന്നു. വണ്ടി മലയെ ചുറ്റി വളഞ്ഞുനീങ്ങുമ്പോൾ അയാൾ തലയുയർത്തി കോട്ടയെ നോക്കി. കമ്പിയിൽ പിടിച്ചുനിൽക്കുന്ന അയാളുടെ വിരലുകൾക്കിടയിലേക്ക് അവളുടെ വിരലുകൾ പിണഞ്ഞുകയറി. അയാൾ അവളെ തിരിഞ്ഞുനോക്കി. അയാളുടെ ദേഹത്തേക്ക് അവൾ അടുത്തു. വാതിലിന്റെ ഒരു വശത്തേക്കയാൾ ഒതുങ്ങിനിന്നപ്പോൾ അവളും വാതിൽക്കലേക്കു വന്നു. കാറ്റിൽ അവരുടെ വസ്ത്രങ്ങളും മുടിയിഴകളും ആടിയുലഞ്ഞു. കോട്ടയ്ക്കുള്ളിലെ ക്ഷേത്രത്തൂണുകളും പള്ളിമിനാരവും സൂര്യപ്രകാശത്തിൽ തിളങ്ങുന്നതവർ നോക്കുമ്പോൾ, വലതുകയ്യാൽ അയാളവളെ ശരീരത്തോടു ചേർത്തു, അവളുടെ ഇടതുകൈ അയാളേയും അണച്ചുപിടിച്ചു.

---

*കഡി : ഒരുതരം വെജിറ്റബിൾ കറി

**മാച്ചർ കാലിയ : മീൻകറി

ചിത്രീകരണം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎസ്എല്‍വിയുടെ തുടര്‍പരാജയങ്ങളില്‍ അന്വേഷണം?; അജിത് ഡോവല്‍ തിരുവനന്തപുരത്തെത്തി

ജനകീയ സമരം വിജയം കണ്ടു; കുമ്പള ആരിക്കാടി ടോള്‍ പ്ലാസ നിര്‍ത്തലാക്കാന്‍ കേന്ദ്ര തീരുമാനം

COMEDK UGET 2026: കർണാടക എൻജിനീയറിങ് കോളജുകളിലേക്കുള്ള പ്രവേശന പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു, മാർച്ച് 16 വരെ അപേക്ഷിക്കാം

മണിപ്പൂരില്‍ വീണ്ടും ബിജെപി സര്‍ക്കാര്‍; യുംനാം ഖേംചന്ദ് സിങ് മുഖ്യമന്ത്രിയാകും

ദുബൈയിൽ എയർ ടാക്സിയും ഡ്രൈവറില്ലാ കാറുകളും വരുന്നു, ഈ വർഷം മുതൽ പ്രവർത്തനം ആരംഭിക്കുക ലക്ഷ്യം

SCROLL FOR NEXT