കേരളത്തെ ഒരു വിജ്ഞാനാധിഷ്ഠിത സമ്പദ്വ്യവസ്ഥയാക്കി മാറ്റുക എന്നതായിരുന്നു കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ പ്രധാന കാര്യപരിപാടികളിലൊന്നായി പ്രഖ്യാപിച്ചിരുന്നത്. നോളെജ് ഇക്കോണമി മിഷൻ രൂപീകരിച്ചതും എൽ.ഡി.എഫിന്റെ പ്രകടനപത്രികയിലെ ആദ്യ ഇനമായിരുന്ന 20 ലക്ഷം പേർക്ക് തൊഴിൽ എന്ന വാഗ്ദാനം നടപ്പാക്കുന്ന ലക്ഷ്യത്തിലേക്കുള്ള പ്രധാന കവാടമായി മിഷനെ കണ്ടതും ഇതിനെ ചുറ്റിപ്പറ്റിയായിരുന്നു. എന്നാൽ, ഭാഗികമായി മാത്രമാണ് അതിൽ വിജയിക്കാൻ കഴിഞ്ഞത്; ഭാഗികമായെങ്കിലും ലക്ഷ്യം കാണാൻ കഴിഞ്ഞു എന്നും പറയാം. ഇപ്പോഴത്തെ യു.ഡി.എഫ് സർക്കാർ അതിന്റെ തുടർച്ചയ്ക്കു താല്പര്യം കാണിച്ചില്ല. അതൊരു ചർച്ചയോ സംവാദമോ ആയി മാറിയതുമില്ല. എന്നാൽ, ഇതിനു മുന്പ് 2011-2016 കാലത്ത് കേരളം ഭരിച്ച യു.ഡി.എഫ് സർക്കാരിനു തൊട്ടുമുന്പ് വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തിൽ അഞ്ചു വർഷം ഭരിച്ച എൽ.ഡി.എഫ് സർക്കാരിന്റെ ഒരുതരം തുടർച്ച വി.ഡി. സതീശൻ സർക്കാരിനുണ്ട്. അത് മുതിർന്ന പൗരരുടെ ക്ഷേമത്തിനുവേണ്ടിയുള്ള ഇടപെടലിന്റെ കാര്യത്തിലാണ്. വി.എസ് സർക്കാരാണ് കേരളത്തിൽ വയോജന നയം കൊണ്ടുവന്നത്. ആ സർക്കാരിലെ സാമൂഹികനീതി മന്ത്രി പി.കെ. ശ്രീമതി ടീച്ചർ അതിൽ പ്രത്യേക താല്പര്യമെടുത്തു പ്രവർത്തിക്കുകയും ചെയ്തു. പക്ഷേ, അതിനപ്പുറം, മുതിർന്ന പൗരരുടെ ക്ഷേമത്തിന് സർക്കാർ കാര്യമായി മുൻകയ്യെടുത്തില്ല. പ്രത്യേക വകുപ്പ് രൂപീകരിച്ചില്ല എന്നതുതന്നെ ഉദാഹരണം. എന്നാൽ, ഇപ്പോഴത്തെ സർക്കാർ മുതിർന്ന പൗരരുടെ ക്ഷേമപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് വകുപ്പ് രൂപീകരിച്ചിരിക്കുന്നു. രാജ്യത്ത് ആയുർദൈർഘ്യത്തിന്റെ കാര്യത്തിൽ മുന്നിലുള്ള, അതുകൊണ്ടുതന്നെ മുതിർന്ന പൗരരുടെ എണ്ണത്തിൽ മുന്നിലുള്ള കേരളം അവരുടെ ആരോഗ്യപരിപാലനവുമായി ബന്ധപ്പെട്ടാണ് ക്ഷേമപ്രവർത്തനങ്ങളെ പൊതുവെ കാണുന്നത്. എന്നാൽ, അവരുടെ ജീവിതം ആയാസം കുറഞ്ഞതും സന്തോഷകരവുമാക്കാൻ വിവിധ തലങ്ങളിലുള്ള ഇടപെടലുകൾ, ആ ലക്ഷ്യം നേടുന്നതിനൊപ്പം യുവജനങ്ങൾക്കു തൊഴിൽ സാധ്യതകൾ വർധിപ്പിക്കുന്നുമുണ്ട്; സംരംഭകത്വത്തിൽ താല്പര്യമുള്ളവർക്ക് അതിന് അനുകൂലമായ കളമൊരുക്കുന്നു എന്നതാണ് മറ്റൊരു കാര്യം. മുതിർന്നവരുടെ കൈപിടിച്ച് ചെറുപ്പക്കാരും രക്ഷപ്പെടുന്ന സമ്പദ്വ്യവസ്ഥയിലേക്കുള്ള ചുവടുവയ്പു തന്നെയായി മാറുന്നു. സിൽവർ ഇക്കോണമി എന്നാണ് അതിന് ആഗോളതലത്തിലെ പേര്: കാല്പനികമായി, മുടി വെള്ളിയായി മാറിയവരുടെ ജീവിതസന്തോഷത്തിനുള്ള കാര്യങ്ങൾ എന്ന അർത്ഥം തന്നെയാണ് ഈ സിൽവറിനും: രജതരേഖ തന്നെ. നിതി ആയോഗിന്റെ റിപ്പോർട്ട് പ്രകാരം 2023-ൽ 7382 കോടിയായിരുന്നു ഇന്ത്യയിലെ വെള്ളി സമ്പദ്വ്യവസ്ഥയുടെ സാന്നിധ്യം.
വെള്ളി സമ്പദ്വ്യവസ്ഥയിൽ രാജ്യത്തിന്റെ പ്രതീക്ഷ നിതി ആയോഗ് കൃത്യമായി കണക്കുകൂട്ടിയിട്ടുമുണ്ട്. ഹോം ഹെൽത്ത് കെയറിൽ 2027-ൽ 21.3 ബില്യൺ യു.എസ് ഡോളർ, ഡിജിറ്റൽ ഹെൽത്തിൽ 10.7 ബില്യൺ, ടെലിമെഡിസിനിൽ 15.1 ബില്യൺ, മുതിർന്ന പൗരരുടെ ഭവനനിർമാണത്തിൽ 3.2 ബില്യൺ, എ.ഐ.എം ടെലി ഹെൽത്തിൽ 1.1 ബില്യൺ. ഇതെല്ലാം കമ്പൈൻഡ് ആനുവൽ ഗ്രോത്ത് റേറ്റ് (സി.എ.ജി.ആർ) എടുക്കുമ്പോൾ മെച്ചപ്പെട്ട വാർഷിക വളർച്ചാനിരക്ക് കാണിക്കുന്നുമുണ്ട്. ഹോം ഹെൽത്ത് കെയറിൽ 19.3 ശതമാനം, ഡിജിറ്റൽ ഹെൽത്തിൽ 25 ശതമാനം, ടെലിമെഡിസിനിൽ 20 ശതമാനം, എ.ഐ.എം ടെലിഹെൽത്തിൽ 40 ശതമാനം എന്നിങ്ങനെയാണ് വളർച്ചാനിരക്ക്.
കേരളം നമ്പർ വൺ
കേരളത്തിൽ ജനന നിരക്ക് കുറയുകയും ആയുർദൈർഘ്യം വർധിക്കുകയും ചെയ്യുന്നതിന്റെ തുടർച്ചയാണ് ഈ വിഷയം മുഖ്യമായി മാറുന്നത്. മുതിർന്നവരുടെ എണ്ണം കൂടുന്ന ഈ പ്രവണത ലോകം മുഴുവനുണ്ട്. 2030 ആകുമ്പോഴേയ്ക്ക് ലോകത്തെ ആറു പേരിലൊരാൾ മുതിർന്ന പൗരരായിരിക്കും. യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ട് (യു.എൻ.എഫ്.പി) മാനദണ്ഡമനുസരിച്ച് 60 വയസ്സിനു മുകളിലുള്ളവരാണ് മുതിർന്ന പൗരർ. അതനുസരിച്ചുള്ളതാണ് കണക്കുകൾ. ഇന്ത്യയിൽ മുതിർന്ന പൗരരുടെ എണ്ണത്തിൽ മറ്റു സംസ്ഥാനങ്ങളെക്കാൾ കേരളം മുന്നിലാണ്. ഇതാകട്ടെ, പലതലങ്ങളിൽ വർഷങ്ങളായി ചർച്ചയിലുള്ളതുമാണ്. ലോകശ്രദ്ധയിൽ എത്തുന്നവിധം കേരളം നേടിയ മാനവിക വികസനമാണ് ദീർഘായുസ്സിന്റെ മുഖ്യ കാരണം. വിദ്യാഭ്യാസം, ആരോഗ്യം, സ്ത്രീകളുടെ വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങളിൽ കേരളം നേടിയ നേട്ടങ്ങൾ ജനസംഖ്യാപരമായ ഈ മാറ്റത്തെ സ്വാധീനിച്ചു. പിന്നെ, വിദ്യാർത്ഥികളുടേയും യുവജനങ്ങളുടേയും വിദേശ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം. 1961-ൽ 5.1 ശതമാനമായിരുന്നു കേരളത്തിൽ മുതിർന്ന പൗരരുടെ എണ്ണം. 2011 ആയപ്പോൾ അത് 12.6 ശതമാനമായി. ഇപ്പോൾ 20 ശതമാനമാണ്; 2036 ആകുമ്പോൾ 23 ശതമാനമാകുമെന്നാണ് കണക്കുകൾ. 20 ശതമാനമെന്നത് അഞ്ചിലൊരാളാണ്. അതായത് കേരളത്തിൽ അഞ്ചിലൊരാൾ 60 വയസ്സിനു മുകളിലുള്ളയാളാണ്. മറ്റു സംസ്ഥാനങ്ങളിലൊന്നും ഇത്രയുമില്ല. ദേശീയ ശരാശരി 10.5-ഉം ആഗോള ശരാശരി 15 ശതമാനവുമാണ്. അതായത് ദേശീയ ശരാശരിയുടെ ഇരട്ടിയോളമാണ് കേരളത്തിലെ സ്ഥിതി. ഇപ്പോഴത്തെ അഞ്ചിലൊന്ന് എന്നത് 2036 ആകുമ്പോൾ നാലിലൊന്ന് ആകും.
“ആശ്രിതത്വവും ക്ഷേമച്ചെലവും കൂട്ടുന്നതാണ് ഈ സ്ഥിതി. ജോലി ചെയ്യുന്നവരുടെ എണ്ണം കുറയുന്നു. ഗവൺമെന്റിനെ സംബന്ധിച്ചിടത്തോളം ഇതൊരു ‘സാൻഡ്വിച്ച്’ സാഹചര്യമാണ്. എന്നുവെച്ചാൽ നികുതി വരുമാനം കുറയും; മറുവശത്ത് മുതിർന്നവരുടെ ക്ഷേമപ്രവർത്തനങ്ങൾക്ക് പണം ചെലവഴിക്കുന്നുമുണ്ട്. ഇത് ഗവൺമെന്റിനെ ഞെരുക്കുന്നുണ്ട്. ഈ ഞെരുക്കൽ കൂടിക്കൊണ്ടിരിക്കും. ഇതിനെ പക്ഷേ, നിഷേധാത്മകമായ ഒരു കാര്യമായി കാണാൻ പറ്റില്ല. അതു നമ്മുടെ സാമൂഹിക പുരോഗതിയെ ചെറുതാക്കി കാണിക്കലാകും. സമൂഹത്തിന്റെ മുന്നോട്ടുള്ള പോക്കിൽ ഈ മാറ്റം പരിഗണിക്കുകയും ഏറ്റെടുക്കുകയും വേണം. സമൂഹത്തിനും ഗവണ്മെന്റിനും അതിന്റെ ഉത്തരവാദിത്വമുണ്ട്. സംസ്ഥാനത്തിന്റെ നയം ഇതിനനുസരിച്ച് മാറ്റിയെടുക്കേണ്ടതുമുണ്ട്” തിരുവനന്തപുരം ഗവൺമെന്റ് ആർട്സ് കോളേജിലെ സാമ്പത്തികശാസ്ത്ര വിഭാഗം പ്രൊഫസർ ഡോ. ഷിജോ ഫിലിപ് പറയുന്നു. ഈ മേഖലയിൽ ഏറെ ചിന്തിക്കുകയും എഴുതുകയും സംസാരിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നവരിൽ പ്രധാനിയാണ് ഡോ. ഷിജോ ഫിലിപ്പ്. സിൽവർ ഇക്കോണമിയുമായി ബന്ധപ്പെട്ട് കേരളത്തിന്റെ ഭാവി പ്രതീക്ഷകളും സങ്കല്പങ്ങളും പല തലങ്ങളിൽ ചർച്ച ചെയ്യപ്പെടുന്നതിൽ ഡോ. ഷിജോയുടെ പങ്കാളിത്തവുമുണ്ട്. അദ്ദേഹവുമായി സംസാരിച്ചതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയത്. ‘പ്രായമായവരിലെ ആരോഗ്യ പരിചരണച്ചെലവ്’ എന്നതായിരുന്നു. പക്ഷേ, അത് പ്രധാനമായും അദ്ദേഹം ഉൾപ്പെടുന്ന സിറിയൻ ക്രിസ്ത്യാനികളുടെ കാര്യത്തിൽ മാത്രമുള്ളതായിരുന്നു. പിഎച്ച്.ഡി ചെയ്തെങ്കിലും പിന്നീട് ഇതേ വിഷയത്തിൽ നടത്തിയ അന്വേഷണങ്ങളിലും ഇടപെടലുകളിലും സിറിയൻ ക്രിസ്ത്യൻ സമുദായം എന്നത് വിട്ടു. പ്രായമായ എല്ലാ മനുഷ്യരും എങ്ങനെ ജീവിക്കുന്നു എന്ന അന്വേഷണമാണ് വെള്ളി സമ്പദ്വ്യവസ്ഥയിലേക്ക് ശ്രദ്ധ തിരിക്കാൻ ഇടയാക്കിയത്.
ആയുസ്സും സന്തോഷവും
ഈ ദീർഘായുസ്സിനെ നേട്ടമായി കാണുന്നതാണ് സിൽവർ ഇക്കോണമിയുടെ തലത്തിലേക്ക് വരുമ്പോഴത്തെ പ്രധാന കാര്യം. അവരുടെ ആശ്രിതത്വഭാരം കൂടുന്നുണ്ട് എന്നതു ശരിയാണ്. പക്ഷേ, അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകളേക്കാൾ ദീർഘായുസ്സിന്റെ നേട്ടമായി കാണുകയാണ് സിൽവർ ഇക്കോണമി. അതിൽ വലിയ സാധ്യതയുണ്ട്. എങ്ങനെ അവരെ കൂടുതൽ കാലം ആരോഗ്യത്തോടേയും സജീവമായും ഉല്പാദനപരമായും സാമൂഹികമായും സാമ്പത്തികമായും മൂല്യം സൃഷ്ടിക്കാൻ കഴിയുന്ന ഒരു വിഭാഗമായി അവരെ കണ്ടെത്താം എന്നതാണ്. പിന്നെ, നമ്മുടെ നാട്ടിൽ പ്രായമുള്ളവർ കൂടുന്നു എന്നതു മാത്രമല്ല കാര്യം. ഇതിൽ ഘടനാപരമായ ചില മാനങ്ങളുണ്ട്. ഒരു പ്രധാനപ്പെട്ട കാര്യം ഇതിലെ ‘സ്ത്രീവൽക്കരണം’ ആണ്. 60 വയസ്സിനു മുകളിലുള്ളവരിൽ സ്ത്രീകളുടെ എണ്ണം വളരെ കൂടുതലാണ്. 60 വയസ്സുള്ള കേരളത്തിലെ സ്ത്രീ 24 വർഷം കൂടിയെങ്കിലും ജീവിക്കാൻ സാധ്യതയുണ്ട് എന്നാണ്. എന്നാൽ, പുരുഷന് 76-78 വയസ്സ് വരെയേ ആയുസ്സ് ഉണ്ടാകാറുള്ളൂ, സാധാരണഗതിയിൽ. ആറ് വയസ്സു മുതൽ എട്ടു വയസ്സു വരെ വ്യത്യാസം ആയുസ്സിന്റെ കാര്യത്തിൽ ഉണ്ട്. സ്ത്രീകളുടെ അതിജീവന നിരക്ക് കൂടുതലാണ്. വിധവകളുടെ എണ്ണം കൂടുന്നു എന്നതാണ് അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളിലൊന്ന്. ഇവർ തമ്മിലുള്ള വിവാഹത്തിൽത്തന്നെ ഒരു പ്രായവ്യത്യാസമുണ്ട്. അതിനൊപ്പമാണ് ആയുർദൈർഘ്യത്തിലെ ഈ വ്യത്യാസം കൂടി ഉണ്ടാകുന്നത്. മറ്റൊന്ന് ഗ്രാമീണവൽക്കരണമാണ്. ഗ്രാമങ്ങളിൽ പ്രായമുള്ളവർ ഒറ്റപ്പെടുന്നു. രാജ്യം മുഴുവൻ ഉള്ള പ്രതിഭാസമാണിത്. കാരണം, ഗ്രാമങ്ങളിൽനിന്നാണ് കൂടുതൽ കുടിയേറ്റം ഉണ്ടാകുന്നത് എന്നതാണ് ഇതിനു കാരണം. ഉന്നത വിദ്യാഭ്യാസവുമായും ജോലിയുമായും ബന്ധപ്പെട്ട് കുട്ടികൾ ഗ്രാമങ്ങളിൽനിന്നു നഗരങ്ങളിലേക്കും വിദേശത്തേക്കുമൊക്കെ പോകുന്നു. മൂന്നാമത്തെ സംഗതി അതിവാർധക്യമാണ്. മുതിർന്ന ആളുകൾത്തന്നെ പ്രായത്തിന്റെ അടിസ്ഥാനത്തിൽ മൂന്നു വിഭാഗങ്ങളാണ്. 60 മുതൽ 69 വരെ പ്രായമുള്ള ‘യംഗ് ഓൾഡ്’ വിഭാഗം, 70 മുതൽ 79 വരെ ‘ഓൾഡ് ഓൾഡ്’, 80-നു മുകളിൽ പ്രായമുള്ളവർ ‘ഓൾഡസ്റ്റ് ഓൾഡ്.’ കേരളത്തിൽ പ്രായം കൂടിയവരിൽത്തന്നെ 80 വയസ്സു കഴിഞ്ഞവർ കൂടുതലാണ്. അതിന്റേയും വേറെ പ്രശ്നങ്ങളുണ്ട്. ഡിമൻഷ്യ, അൽഷിമേഴ്സ് ഒക്കെ ബാധിച്ചവരുടേയും കിടപ്പുരോഗികളുടേയും എണ്ണം കൂടുന്നു. ഈ അതിവാർധക്യ ബാധിതരിലേക്കാണ് കൂടുതൽ ശ്രദ്ധ നൽകേണ്ടത് എന്നാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ ചൂണ്ടിക്കാട്ടുന്നത്. 60 വയസ്സ് കഴിഞ്ഞവരെയെല്ലാം കൂടി വയോജനങ്ങൾ എന്ന ഒരൊറ്റ വിഭാഗമായി കാണുന്നതിൽ അർത്ഥമില്ല. ഈ മൂന്ന് വിഭാഗങ്ങളായി തിരിച്ചു തന്നെ കാണണം. യംഗ് ഓൾഡിന്റെ ജീവിതസാഹചര്യങ്ങളല്ല ഓൾഡ് ഓൾഡിന്റേത്; അവരുടേതല്ല ഓൾഡസ്റ്റ് ഓൾഡിന്റേത്. ആദ്യത്തെ വിഭാഗത്തിനു വീണ്ടും ജോലി കിട്ടാനുള്ള സാധ്യത ഉൾപ്പെടെയുണ്ട്. പൊതുവെ അവർ വലിയ പരിചരണമൊന്നും വേണ്ടിവരാത്തവരുമാണ്. അവരിൽ നിരവധിപ്പേർ സജീവമായ സാമൂഹികജീവിതം നയിക്കുന്നവരുമാണ്. ചെയ്തുകൊണ്ടിരുന്ന ജോലിയിൽനിന്നു വിരമിച്ചിട്ട് അധികമായിട്ടില്ലാത്തവരുമൊക്കെയാണ് അവരിൽ അധികവും. സാമ്പത്തിക പ്രവർത്തനങ്ങളിൽ നിൽക്കുന്നവരും കുടുംബത്തിലും സമൂഹത്തിലും പല പങ്കുകൾ വഹിക്കുന്നവരുമാണ്. വിരമിക്കലിനപ്പുറം, ഉല്പാദനപരമായ വാർധക്യമാണ് ഈ വിഭാഗത്തിനുള്ളത്. സംരംഭകത്വം, സന്നദ്ധപ്രവർത്തനം, കുടുംബത്തിനു മാർഗനിർദേശം തുടങ്ങി പല റോളുകൾ അവർക്കു വഹിക്കാനുണ്ട്. അവർ വൃദ്ധരാണ് എന്നു പറയുന്നത് അർത്ഥമില്ലാത്തവിധം ഉല്പാദനപരമാണ് അവരുടെ ഈ പ്രായം.
ജപ്പാനിലും മറ്റും നടത്തിയ പല മോഡലുകളുമുണ്ട്. വിവിധ പ്രായങ്ങളിലുള്ളവരുടെ വ്യത്യസ്തമായ അനുഭവസമ്പത്ത് പരസ്പരം ചേർത്തുവയ്ക്കുന്ന സഹകരണം അതിൽ പ്രധാനപ്പെട്ട ഒന്നാണ്. ഉദാഹരണത്തിന് 30 വർഷം തുണി വ്യവസായമേഖലയിൽ പ്രവർത്തിച്ചിട്ട് വിരമിക്കുന്ന ഒരാളുടെ പക്കൽ ആ വൈദഗ്ധ്യത്തിനൊപ്പം പ്രവർത്തന മൂലധനവും ഉണ്ടെങ്കിൽ ഫാഷൻ ഡിസൈനിംഗ് പഠിച്ച്, അതിൽ മികവ് പ്രകടിപ്പിക്കാൻ കഴിയുമെന്ന ഉറപ്പോടെ ജോലി തേടുന്ന ചെറുപ്പക്കാരുമായി ചേർന്നു പ്രവർത്തിക്കാൻ കഴിയും. ഇവരെ തമ്മിൽ ബന്ധിപ്പിക്കാൻ കഴിഞ്ഞാൽ മുതിർന്നവരുടെ അനുഭവസമ്പത്തും പുതിയ കുട്ടികളുടെ സാങ്കേതിക വൈദഗ്ധ്യവും പരസ്പരം കൊടുക്കുകയും വാങ്ങുകയും ചെയ്ത് സമൂഹത്തിനു ഗുണമുള്ള സംരംഭമായി മാറും. കേരള സ്റ്റാർട്ടപ്പ് മിഷൻപോലുള്ള സർക്കാർ സംവിധാനത്തിന് അവരെ ചേർക്കുന്ന നോഡൽ ഏജൻസിയായി പ്രവർത്തിക്കാൻ കഴിയും. ഇവരുടെ കഴിവും പരിചയവും താല്പര്യങ്ങളുമൊക്കെ മാച്ച് ചെയ്യാൻ നിർമിതബുദ്ധിയുടെ സഹായമൊക്കെ ഉപയോഗിക്കാൻ പറ്റുന്ന കാലത്താണ് നമ്മൾ. മുതിർന്നവരെ മെന്റർമാരായും പുതിയ തലമുറയെ യുവ സംരംഭകരായും ചേർത്തു വയ്ക്കുമ്പോൾ സുരക്ഷിത പങ്കാളിത്തം ഉറപ്പാക്കാൻ സർക്കാരിനു കഴിയും. വ്യക്തികൾക്ക് അത്തരം ഇടപെടൽ കഴിഞ്ഞെന്നു വരില്ല. അവിടെയാണ് സ്റ്റാർട്ടപ്പ് മിഷന്റേയും മറ്റും പ്രസക്തി.
ജീവിക്കാൻ പലവഴികൾ
70-79 പ്രായ ഗ്രൂപ്പിലുള്ളവർ ആരോഗ്യ പരിചരണം ഉൾപ്പെടെയുള്ള സഹായങ്ങൾ ആവശ്യമുള്ളവരാണ്. അവർക്കു മെച്ചപ്പെട്ട വാർധക്യജീവിതത്തിനു സാങ്കേതികവിദ്യയുടെ സഹായം ഉൾപ്പെടെ അനുകൂല പരിസരങ്ങൾ കൊടുക്കാൻ കഴിയും. രോഗപ്രതിരോധ സംവിധാനങ്ങൾ പ്രധാനമാണ്; ഇപ്പോൾത്തന്നെ ഗവൺമെന്റ് കുറേയൊക്കെ ചെയ്യുന്നതുമാണ്. 80 കഴിഞ്ഞവർ കൂടുതൽ ദുർബലരാണ് പൊതുവെ. അവർക്കു ദൈനംദിന പ്രവർത്തനങ്ങളിൽ പരിമിതികളുണ്ട്. അതുകൊണ്ടുതന്നെ കൂടുതൽ സഹായവും പിന്തുണയും ആവശ്യവുമുണ്ട്. അവർക്കു പ്രത്യേക ശ്രദ്ധ കൊടുക്കണം. ഭവനാധിഷ്ഠിത പരിചരണം, സുരക്ഷയ്ക്കും സ്വതന്ത്ര ജീവിതത്തിനും വേണ്ട പരിചരണം തുടങ്ങി പലതും കൊടുക്കും. ഏകാന്തത അനുഭവിക്കുന്നവരുണ്ട്. അവർക്ക് ചലനശേഷി കുറവായിരിക്കും. ആ വിഷമങ്ങളെ മറികടന്ന് ദൈനംദിന ജീവിതത്തെ സന്തോഷകരമാക്കാൻ അവരെ സഹായിക്കാനുള്ള ഉത്തരവാദിത്വം സമൂഹത്തിനും സർക്കാരിനുമുണ്ട്; മൊത്തത്തിൽ സഹജീവികൾക്കുണ്ട്. കെയർ ഇക്കോണമി എന്ന സങ്കല്പമാണ് ഇവിടെ നടപ്പാക്കേണ്ടത്. ഇത് സിൽവർ ഇക്കോണമിയുടെ തന്നെ ഭാഗമാണ്.
പ്രായമുള്ളവരുടെ ആവശ്യങ്ങളും അഭിരുചികളും ഉപഭോഗങ്ങളും തിരിച്ചറിഞ്ഞ് സാമൂഹിക സാമ്പത്തിക പങ്കാളിത്തത്തിലൂടെ അവയ്ക്ക് പരിഹാരങ്ങൾ രൂപപ്പെടുത്തുന്നതിനെ സിൽവർ ഇക്കോണമി എന്നു പറയാം. ഈ മൂന്നു കാര്യങ്ങളേയും ഏറ്റെടുക്കുകയാണ് വെള്ളി സമ്പദ്വ്യവസ്ഥ. അതുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രവർത്തനങ്ങളുടെ ആകെത്തുക. പ്രായമുള്ളവരുടെ ആരോഗ്യ പരിചരണത്തിനാണ് പൊതുവെ മുൻഗണന കൊടുക്കാറ്. എന്നാൽ, അതിൽനിന്നും മാറിയിട്ട് പ്രായമായവരുടെ ആവശ്യങ്ങൾ അറിയുക പ്രധാനമാണ്. അവർ വലിയൊരു ‘ഡിമാന്റ് ഗ്രൂപ്പ്’ ആണ്. അവരിൽ കുറേയാളുകളുടെ കയ്യിൽ പണമുണ്ട്, സ്വത്തുണ്ട്. അവരുടെ ആവശ്യങ്ങൾ വ്യത്യസ്തമാണ്. അതുപക്ഷേ, ഇന്ത്യയിൽ ഒരിടത്തും തന്നെ ഏറ്റെടുക്കുന്നില്ല. കുട്ടികളുടെ ആവശ്യങ്ങൾക്കുവേണ്ടി പലതരം സംവിധാനങ്ങളും സൗകര്യങ്ങളും സ്ഥാപനങ്ങളുമൊക്കെ ഉണ്ട്. പ്രായമായവർക്കുവേണ്ടി ഇല്ല.
അതു വേണ്ടതുതന്നെയാണ്. പലതരത്തിലുള്ള സൗകര്യങ്ങൾ വേണം. പ്രായസൗഹൃദ ഭവനങ്ങൾ, പ്രായസൗഹൃദ ഗതാഗതം, ഉപഭോഗസാധനങ്ങൾ, വിനോദം, വിനോദ സഞ്ചാരം, പലതരം സാമ്പത്തിക സേവനങ്ങൾ, ക്ഷേമപരിപാലനം, ഡിജിറ്റൽ സാങ്കേതികവിദ്യ ഇങ്ങനെ പല കാര്യങ്ങൾ.
നിതി ആയോഗിന്റെ 2023-ലെ റിപ്പോർട്ട് പ്രകാരം 7382 കോടിയാണ് ആ സമയത്ത് ഇന്ത്യയിലെ വെള്ളി സമ്പദ്വ്യവസ്ഥ. പ്രായസൗഹൃദ വീടുകൾ എന്തുകൊണ്ട് പ്രധാനമാകുന്നു എന്നതിൽ പ്രായമായവരുടെ വൈകാരികതയും സ്വന്തം വീടിനോടുള്ള ഹൃദയബന്ധവുമൊക്കെ പ്രധാനമാണ്. പ്രായമായവർക്ക് പൊതുവെ മറ്റൊരിടത്ത് പോയി താമസിക്കാൻ ഇഷ്ടമുണ്ടാകില്ല. സ്വന്തം വീടാണ് പ്രിയപ്പെട്ടത്. പക്ഷേ, അവരുടെ പ്രായത്തിന്റെ ആവശ്യങ്ങൾക്ക് ഇണങ്ങിയതാകണമെന്നില്ല ആ വീട്. വർഷങ്ങൾക്കു മുന്പ് വെച്ച വീട്ടിലെ പല കാര്യങ്ങളും ഇപ്പോൾ അസൗകര്യമായിരിക്കും. ഉദാഹണത്തിന് ടോയ്ലറ്റ്. നല്ല വലിപ്പത്തിൽ സൗകര്യത്തോടെയാകും അത് ഉണ്ടാക്കിയിരിക്കുക. പക്ഷേ, വയസ്സാകുമ്പോൾ, മറിഞ്ഞുവീഴാതെ പിടിച്ചിരിക്കാനും മറ്റും സ്ഥലമുള്ള ചെറിയ ടോയ്ലറ്റ് ആയിരിക്കും സൗകര്യം. അങ്ങനെയാണ് പ്രായസൗഹൃദ ഭവനങ്ങൾ പ്രധാനമാകുന്നത്. ആർക്കിടെക്റ്റിനൊക്കെ ഒരുപാടു സാധ്യതകളുള്ള ഒരു മേഖലയാണ് ഇത്. പ്രായമായവർക്ക് പ്രാപ്യമാകുന്നവിധം സുരക്ഷിതമായി വീടുകൾ റീ ഡിസൈൻ ചെയ്യണം. റാമ്പ്, ലിഫ്റ്റ് ഇതൊക്കെ ഈ റീ ഡിസൈനിംഗിൽ വരുന്നുണ്ട്. നമ്മുടെ ആളുകൾ പ്രായമാകുമ്പോൾ താഴത്തെ നിലയിലേക്ക് ഒതുങ്ങുന്നവരായി മാറുന്നതാണ് കാണുന്നത്. വർഷങ്ങളായി മുകൾനിലയിലേക്കു പോകാത്തവരെ അറിയാം. പക്ഷേ, ആഗ്രഹമുള്ള എത്രയോ പേരുണ്ട്. അവരെ സഹായിക്കാൻ കഴിയണം. വീതിയുള്ള വാതിലുകൾ ഉണ്ടാകണം. സ്മാർട്ട് വീടുകൾ എന്ന ആശയമാണ് ഇതിലൂടെ യഥാർത്ഥമാകുന്നത്.
സ്ത്രീകളുടെ ഇരട്ടക്കുരുക്ക്
രാജ്യത്ത് പൊതുവെയും കേരളത്തിൽപ്പോലും തൊഴിലെടുക്കുന്ന സ്ത്രീകളുടെ എണ്ണം പുരുഷന്മാരേക്കാൾ കുറവാണ്. അതിന്റെ പ്രധാന പ്രശ്നം, ജീവിതാന്ത്യത്തിൽ ഇവരുടെ പക്കൽ സമ്പാദ്യമൊന്നും ഉണ്ടാകില്ല എന്നതാണ്. അവരുടെ ആശ്രിതത്വം കൂടുതലായിരിക്കും. മക്കളൊക്കെ നോക്കുന്നവരാണെങ്കിൽ വലിയ ബുദ്ധിമുട്ട് വരില്ല എന്നുമാത്രം. അല്ലാത്തവരുടെ കാര്യം വലിയ ബുദ്ധിമുട്ടായിരിക്കും. അവർക്കുവേണ്ടി പ്രത്യേക കരുതൽ നയമൊക്കെ സർക്കാരുകൾ തയ്യാറാക്കുകയാണ് വേണ്ടത്.
രക്ഷിതാക്കളെ പരിപാലിക്കുന്നതിന്റെ പ്രാഥമിക ഉത്തരവാദിത്വം മക്കൾക്കാണ് എന്ന സങ്കല്പം ഇപ്പോഴത്തെ തലമുറയിൽ മാറിവരികയാണ്. മാതാപിതാക്കളെ നോക്കുന്നത് ഉത്തരവാദിത്വമായിക്കണ്ട മക്കൾ തന്നെ സ്വന്തം മക്കളെ വിദേശത്തും മറ്റും സന്തോഷത്തോടെ സ്ഥിരതാമസമാക്കാൻ ഉപദേശിക്കുന്നത് കുറവല്ല. അവർ തങ്ങളെ നോക്കി നാട്ടിൽ കഴിയണം എന്ന് ആഗ്രഹിക്കുന്നില്ല, അതിനു പ്രേരിപ്പിക്കുന്നില്ല. രക്ഷിതാക്കളെ പരിപാലിക്കുന്നതിൽനിന്നു മക്കൾ പിൻമാറിയ ആ ഇടമാണ് സമൂഹവും സർക്കാരും പൂരിപ്പിക്കേണ്ടത്. മുന്പ് ഇതായിരുന്നില്ല സ്ഥിതി. ഏതെങ്കിലുമൊരു മകനോ മകളോ നാട്ടിലുണ്ടാകും. മിക്കപ്പോഴും, അവസരങ്ങൾ വേണ്ടെന്നു വെച്ചുപോലും അവർ ഇവിടെത്തന്നെ നിൽക്കുന്നതായിരിക്കും, മാതാപിതാക്കളെ നോക്കാൻ. ഇന്നിപ്പോൾ അങ്ങനെ നിൽക്കാൻ അവർ ആഗ്രഹിക്കുന്നില്ല; പിടിച്ചുനിർത്താൻ രക്ഷിതാക്കളും താല്പര്യപ്പെടുന്നില്ല.
മക്കളുടെ സ്ഥാനമാണ് പരിപാലന സമ്പദ്വ്യവസ്ഥ ഏറ്റെടുക്കേണ്ടത്. അതിൽ ഇരട്ട പരിപാലനഭാരം എന്നൊരു പ്രശ്നം ഉണ്ടായിട്ടുണ്ട്. അത് സ്ത്രീകളും അവരുടെ ഇരട്ടി അധ്വാനവും പ്രതിബദ്ധതയുമായി ബന്ധപ്പെട്ടതാണ്. പ്രായമായവരെ വീടുകളിൽ പരിചരിക്കുക എന്നത് സ്വന്തം ചുമതലയും ഉത്തരവാദിത്വവുമായി ഏറ്റെടുത്ത് ചെയ്തിരുന്നത് പ്രധാനമായും സ്ത്രീകളാണ്. ആൺമക്കൾ ചെയ്തിട്ടില്ല എന്നല്ല. പക്ഷേ, പെൺമക്കൾ അല്ലെങ്കിൽ വീട്ടിലെ മറ്റു സ്ത്രീകളാണ് പ്രായമായവരെ കുളിപ്പിക്കുന്നതടക്കമുള്ള എല്ലാ പരിചരണങ്ങളും ഏറ്റെടുത്ത് ചെയ്തിരുന്നത്. അവർ ഇത് മിക്കപ്പോഴും ചെയ്തിരുന്നത് അവരുടെ അവസരങ്ങൾ ഉൾപ്പെടെ ജീവിതത്തിലെ പല കാര്യങ്ങളും മാറ്റിവച്ചുകൊണ്ടോ ഉപേക്ഷിച്ചുകൊണ്ടോ ആണ്. പ്രായമുള്ള അപ്പനേയും അമ്മയേയും നോക്കിയത്. ഒരു വശത്ത് അവർക്ക് ശാരീരികബുദ്ധിമുട്ടുണ്ട്. വർഷങ്ങളായി കിടപ്പുരോഗികളായവരെ പരിചരിക്കുക എന്നത് എളുപ്പം ചെയ്യാവുന്ന കാര്യമല്ല. സ്വന്തം മക്കളേയും രക്ഷിതാക്കളേയും ഒരുപോലെ നോക്കേണ്ടിവരുന്നതുകൊണ്ടാണ് ഇവർ കടന്നു പോകുന്ന സ്ഥിതിയെ ‘ഇരട്ടപ്പരിചരണക്കുരുക്ക്’ എന്നു പറയുന്നത്. മുന്പത്തെപ്പോലെ 15 വയസ്സിലൊന്നും വിവാഹം ചെയ്തവരുടെ തലമുറയല്ലാത്തതുകൊണ്ട് കുട്ടികൾ ചെറുതായിരിക്കുമ്പോൾത്തന്നെ മാതാപിതാക്കൾ പ്രായമാകുന്നു. സ്വന്തം മാതാപിതാക്കളെ അല്ലെങ്കിൽ ഭർത്താവിന്റെ മാതാപിതാക്കളെ അതല്ലെങ്കിൽ രണ്ടിലാരുടെയെങ്കിലും മാതാപിതാക്കളുടെ അച്ഛനമ്മമാരെ നോക്കണം. ഈ സാഹചര്യം അനുഭവിക്കാത്ത സ്ത്രീകൾ കേരളത്തിൽ കുറവാണ്.
വാർധക്യംകൊണ്ട് ഏറ്റവുമനുഭവിക്കുന്നത് സ്ത്രീകളാണ് എന്നതിന് ഇതിൽപ്പരം ഉദാഹരണമില്ല. അവർ സ്വന്തം നിലയിൽ ചെയ്യുന്ന സൗജന്യസേവനമല്ല അത്; മറിച്ച്, അവരുടേതായ പല സന്തോഷങ്ങളും മാറ്റിവെച്ചു ചെയ്യുന്ന കാര്യമാണ്. അതിനു വില ഇടാൻ പറ്റില്ല. ഈ പരിചരണത്തിനുവേണ്ടി അവർ മാറ്റിവെച്ചത് ഒരു കല്ല്യാണത്തിൽ പങ്കെടുക്കുന്നതാകാം, അവർക്ക് ഒന്ന് ഒരുങ്ങാൻ ആഗ്രഹമുണ്ടായിട്ടും അതു വേണ്ടെന്നു വെച്ചതാകാം. അങ്ങനെ പല കാര്യങ്ങളുമാകാം. ആ ഒരു ഇടത്തേക്കാണ് പരിചരണ സമ്പദ്വ്യവസ്ഥ കയറിവരുന്നത്, വരേണ്ടത്.
യഥാർത്ഥത്തിൽ ഈ മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഇപ്പോഴും നമ്മൾ പ്രൊഫഷണലൈസ് ചെയ്തിട്ടില്ല. പ്രായമായവരെ നോക്കാൻ ഏജൻസികൾ മുഖേന വരുന്നവരിൽ അധികവും വീട്ടുജോലികൾ ചെയ്തു മാത്രം പരിചയമുള്ളവരാണ്. അവർക്ക് ഒരു ഡിമൻഷ്യ രോഗിയെ എങ്ങനെ പരിചരിക്കണം, അവരോട് എങ്ങനെ പെരുമാറണം എന്ന് ധാരണയുണ്ടാകില്ല; അല്ലെങ്കിൽ പാർക്കിൻസോണിസം ബാധിച്ച ഒരാളോട്; മൂക്കിൽ എങ്ങനെ തുള്ളിമരുന്ന് ഒഴിക്കണം; കത്തീറ്റർ എങ്ങനെ മാറ്റണം; ഇതിലൊന്നും പരിശീലനം കിട്ടിയവരാകണമെന്നില്ല. ഹോം നഴ്സുമാർക്ക് ഭേദപ്പെട്ട ശമ്പളം കൊടുക്കുന്നുണ്ട് കേരളത്തിൽ. പക്ഷേ, അതിനനുസരിച്ചുള്ള പരിശീലനം കിട്ടിയവരല്ല വരുന്നവരെല്ലാം. ഇതൊരു വലിയ അവസരമാണ്. ഇവരെ പ്രൊഫഷണലായി പരിശീലിപ്പിക്കണം. അങ്ങനെ പരിശീലിപ്പിക്കേണ്ടതിന്റെ അത്യാവശ്യവും പരിശീലനം ലഭിച്ചവരുടെ തൊഴിൽസാധ്യതയുടെ എണ്ണക്കൂടുതലും വലിയ വരുമാനമാർഗമാണ്. ഈ ആവശ്യം ഇനി കൂടുകയേയുള്ളൂ. പ്രായമുള്ളവരെ നോക്കുക എന്നതിനെ ഇപ്പോള് പൊതുവായിട്ടാണ് കാണുന്നത്. അതിനുപകരം ഓരോരുത്തരുടേയും പ്രായത്തിനും അവർ അഭിമുഖീകരിക്കുന്ന മാനസിക, ശാരീരിക ആരോഗ്യപ്രശ്നങ്ങൾക്കുമനുസരിച്ച് പരിചരിക്കാൻ കഴിയണം. അതിനു പ്രത്യേകം പ്രത്യേകം വൈദഗ്ധ്യം ഉള്ളവരുണ്ടാകണം. ആ വിധത്തിൽ പരിശീലനം കൊടുക്കണം. അപ്പോൾ ആവശ്യക്കാർക്ക് അതനുസരിച്ചു പരിശീലനം ലഭിച്ചവരെ കിട്ടും. ഇവർക്ക് കേരളത്തിൽ മാത്രമല്ല പുറത്തും അവസരങ്ങളുണ്ട്. സർക്കാർ അതനുസരിച്ചുള്ള അടിസ്ഥാന യോഗ്യത നിശ്ചയിക്കുകയും സർട്ടിഫിക്കറ്റ് നൽകുകയും വേണം. നമ്മുടെ ആവശ്യത്തിനനുസരിച്ച് വിവിധ തൊഴിൽ അവസരങ്ങളും അതിനുള്ള പരിശീലനങ്ങളും റീ ഡിസൈൻ ചെയ്യേണ്ടതുണ്ട്. നയങ്ങൾ പരിഷ്കരിക്കാൻ സർക്കാരുകളും തയാറാകണം. പ്രായമുള്ളവരെ നോക്കുക എന്ന മാനുഷിക ഉത്തരവാദിത്വം തന്നെ ചെറുപ്പക്കാർക്ക് നല്ലൊരു തൊഴിൽ മേഖലകൂടിയാണ്. വെള്ളി സമ്പദ് വ്യവസ്ഥയുടെ അടിത്തറ അതിലാണ് കെട്ടിപ്പൊക്കേണ്ടത്.
പ്രായസൗഹൃദ വാഹനങ്ങൾ ഉണ്ടാവുക എന്നതാണ് മറ്റൊരു കാര്യം. താഴ്ന്ന തറയുള്ള വാഹനങ്ങൾ മാത്രമല്ല, സുരക്ഷിതമായ നടപ്പാതകളും ഇതിന്റെ ഭാഗമാണ്. വയോജന സൗഹൃദ ടാക്സികളായി ഇപ്പോഴത്തെ ടാക്സികളിൽ വലിയൊരു ഭാഗം രൂപമാറ്റം വരുത്തണം. അത് എങ്ങനെ വേണം എന്നതിൽ പൊതു നയരൂപീകരണം ഉണ്ടാകണം. ഓട്ടോമേറ്റഡ് വീൽചെയറുകൾ വലിയ വിപണന സാധ്യതയുള്ള മേഖലയാണ്. പല വികസിത രാജ്യങ്ങളിലും പ്രായമായവർ ഇവിടുത്തെപ്പോലെ വീട്ടിൽത്തന്നെ കഴിയുകയല്ല. മറിച്ച്, ഓട്ടോമേറ്റഡ് വീൽചെയറിൽ അവർ തനിച്ചു പുറത്തിറങ്ങുന്നു, സാധനങ്ങൾ വാങ്ങുന്നു, ഭക്ഷണം കഴിക്കുന്നു, പ്രിയപ്പെട്ടവരെ സന്ദർശിക്കുന്നു. ഇവിടെ റോഡുകളുടെ പൊതുസ്ഥിതി പലപ്പോഴും അതിന് അനുകൂലമല്ല. പിന്നെ, തെരുവുപട്ടികളെ പേടിച്ച് അങ്ങനെ സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതി വേറെയും. ഇതുകൂടി മാറ്റിക്കൊണ്ടു വേണം മുതിർന്ന പൗരരുടെ സന്തോഷത്തിനുവേണ്ടിയുള്ള നയരൂപീകരണം നടത്താൻ.
വഴി തുറക്കാൻ ആര്?
പ്രായമുള്ളവർക്കുവേണ്ടിയുള്ള ടൂറിസം രൂപകല്പപ്പന ചെയ്യുകയും പ്രധാനമാണ്. സാമ്പത്തിക സേവനങ്ങളുടെ കാര്യത്തിലാണെങ്കിൽ അവരുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള ഉല്പന്നങ്ങൾ ഉണ്ടായിരിക്കുക എന്നത് പ്രധാനമാണ്. ഉദാഹരണത്തിന്, നമ്മുടെ ആരോഗ്യ ഇൻഷുറൻസുകളൊക്കെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത് ചികിത്സിക്കുന്നവർക്കു (ഐ.പി) മാത്രമേ കിട്ടുകയുള്ളൂ. ഐ.പി അല്ലാതേയും വലിയ ചെലവുണ്ട്. ഒരു സർജറി നടത്താൻ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്താൽ അതിന്റെ ചെലവ് ഇൻഷുറൻസ് കമ്പനി നൽകും. എന്നാൽ, ശസ്ത്രക്രിയാനന്തര ചെലവുകൾ മിക്കപ്പോഴും അതിലും കൂടുതലായിരിക്കും. പക്ഷേ, അത് ഇൻഷുറൻസിൽപ്പെടുന്നില്ല. ഒരു പ്രായം കഴിഞ്ഞവർക്കുള്ള ഇൻഷുറൻസുകൾ പല കമ്പനികൾക്കും ഇല്ലതാനും. പ്രായമുള്ളവരുടെ ചികിത്സ സാധാരണ, ഇടത്തരം കുടുംബങ്ങളെ സാമ്പത്തികമായി വലിയ പ്രതിസന്ധിയിലാക്കും. അതു മറികടക്കാൻ സഹായിക്കുന്നവിധമുള്ള ഇൻഷുറൻസ് പദ്ധതികൾ ആസൂത്രണം ചെയ്യണം. അതിന്, നല്ല പ്രായത്തിൽ കൃത്യമായി പ്രീമിയം ഈടാക്കുന്ന പോളിസികൾ ഉണ്ടാവുകയും അത് ആയുർദൈർഘ്യം കൂടിയവർക്ക് മരണം വരെ ഉപകാരപ്പെടുകയും വേണം. ജപ്പാനിലെ ടേം ഇൻഷുറൻസ് ഇതിനൊരു മാതൃകയാണ്. സർക്കാരുകൾ മാറിയാലും മാറാത്തവിധം ഇത്തരം പദ്ധതികളുടെ കാര്യത്തിൽ ദീർഘകാലാടിസ്ഥാനത്തിലൂള്ള ആസൂത്രണം വേണം.
പ്രായമായവരുടെ ജീവിതവുമായി ചേർന്നുനിൽക്കുന്നവർ പ്രത്യേകമായി ശ്രദ്ധിക്കേണ്ട ഒരു ഉല്പന്നം വെള്ളി സമ്പദ്വ്യവസ്ഥയിൽ ശ്രദ്ധേയമായ ഇടം നേടിത്തുടങ്ങുന്നുണ്ട്. ലിഡാർ എന്നാണ് പേര്. പ്രായമായവർ തനിച്ചു ജീവിക്കുന്നിടങ്ങളിൽ അവരുടെ വേണ്ടപ്പെട്ടവരുടെ ശ്രദ്ധ എപ്പോഴും ഉണ്ടാകാൻ ക്യാമറ വയ്ക്കുന്നതിനു പകരമാണ് ലിഡാർ. ക്യാമറയ്ക്കു പ്രവേശനമില്ലാത്ത കുളിമുറിയും കക്കൂസും പോലുള്ള സ്വകാര്യ ഇടങ്ങളിലും ലിഡാർ വയ്ക്കാൻ പറ്റും. ലെറ്റ് ഡിറ്റക്ഷൻ ആന്റ് റേഞ്ചിംഗ് എന്നാണ് ലിഡാറിന്റെ പൂർണരൂപം. ഇത് ആളുടെ ശരീരത്തിന്റെ മുഴുവൻ രൂപഭാവങ്ങളും പകർത്തും; പക്ഷേ, ആളെ തിരിച്ചറിയുകയോ സ്വകാര്യതയെ ബാധിക്കുകയോ ചെയ്യുന്ന വിധമായിരിക്കില്ല. ഒരാൾ രാത്രി കിടന്നുറങ്ങിയിട്ട് രാവിലെ പതിവു സമയം കഴിഞ്ഞിട്ടും എണീറ്റില്ലെങ്കിൽ, ടോയ്ലറ്റിൽ കയറിയിട്ട് പതിവിലുമധികം സമയമായിട്ടും എണീറ്റില്ലെങ്കിൽ വേണ്ടപ്പെട്ടവർക്ക് സന്ദേശം പോകും. പ്രായമായവർക്ക് ഉപകാരപ്രദമായ ഇത്തരം പലതരം ഉപകരണങ്ങൾ വികസിപ്പിച്ചിട്ടുണ്ട്. മരുന്നുപെട്ടിയിലെ മരുന്നു തീർന്നാൽ ഇതുപോലെ സന്ദേശം പോകും; അതുപോലെ സ്വിച്ചിടാൻ പോകുന്നതിനു പകരം മുറിയിൽ നടക്കുന്നതിനനുസരിച്ച് ലൈറ്റ് തെളിയുന്ന സംവിധാനം.
2020-ൽ 6.2 ബില്യൺ യു.എസ് ഡോളർ ആയിരുന്നു കെയർ ഇക്കോണമിയിൽ ഇന്ത്യയുടെ സാന്നിധ്യം. 2027-ൽ 21 ബില്യൺ ഡോളറാകും എന്നാണ് നിതി ആയോഗിന്റെ കണക്ക്. കുടിയേറ്റ കുടുംബങ്ങളിലെ പരിചരണക്കമ്മി നികത്തുന്നതിലാണ് വെള്ളി സമ്പദ്വ്യവസ്ഥയുടെ ഊന്നൽ. കൂട്ടുകുടുംബങ്ങളിൽനിന്ന് കേരളം അണുകുടുംബത്തിലേക്കും അവിടെനിന്ന് കുടിയേറ്റ കുടുംബത്തിലേക്കും എത്തിയതിന്റെ സ്വാഭാവിക തുടർച്ചയാണ് ഇത്.
വയോജന സൗഹൃദ വകുപ്പ് രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചതോടെ പലരും വിവിധ തരത്തിലുള്ള വയോജന സൗഹൃദ പദ്ധതികളുമായി സർക്കാരിനെ സമീപിച്ചിട്ടുണ്ട്. പക്ഷേ, ഇതിൽ എത്രയെണ്ണം സത്യസന്ധമായി അവരുടെ നന്മ ലക്ഷ്യം വയ്ക്കുന്നു എന്നതിൽ സർക്കാരിന് ഉറപ്പില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates