The article explores the political and social implications of reality shows and their impact on audience psychology | Mohanlal in Bigg Boss File
Malayalam Weekly

ബിഗ് ബോസ് വീട്ടിൽ മലയാളി കാണുന്നതെന്ത്?

റിയാലിറ്റി ഷോകളുടെ രാഷ്ട്രീയ-സാമൂഹിക മാനങ്ങളും അവ കാണികളുടെ മനോനിലയെ സ്വാധീനിക്കുന്ന രീതികളും അന്വേഷണവിധേയമാക്കുകയാണ് ഈ ലേഖനം

ഹരിനാരായണന്‍ എസ്‌

റ്റുള്ളവരുടെ ജീവിതത്തിലേക്ക് ഒളിഞ്ഞുനോക്കാനുള്ള അദമ്യമായ ത്വര മനുഷ്യർ സ്വയം ആർജിച്ചെടുത്ത പുരോഗമന പുറംപൂച്ചുകളുടെ തനിനിറം വെളിപ്പെടുത്തുന്ന ഒന്നാണ്. ഒരു സാമൂഹ്യജീവിയെന്ന നിലയിൽ എത്രത്തോളം പരിണമിച്ചാലും അന്യരുടെ ജീവിതത്തിലേക്ക് നോട്ടമെറിയാനും അവരെ രഹസ്യമായി നിരീക്ഷിക്കാനും വിധികൾ പ്രസ്താവിക്കാനുമുള്ള വാഞ്ഛ സർവസാധാരണമാണ്. വ്യക്തികളെന്ന നിലയിൽനിന്നും സാങ്കേതികവിദ്യയുടെ അത്ഭുതകരമായ വളർച്ചയ്ക്ക് സാക്ഷ്യം വഹിക്കുന്ന കാലത്തെ മനുഷ്യർ വിപണിയാവശ്യപ്പെടുന്ന തരത്തിൽ കാണികളായി അതിവേഗം രൂപാന്തരം പ്രാപിച്ചുകൊണ്ടിരിക്കുന്നതാണ് ഇന്നിന്റെ കാഴ്ച. ഇവിടെ യാഥാർത്ഥ്യങ്ങൾ നിർമിച്ചെടുക്കുന്നത് മാധ്യമങ്ങളാണ്. പോസ്റ്റ്‌മോഡേൺ കാലത്തെ യാഥാർത്ഥ്യമെന്നത് തന്നെ ചിഹ്നങ്ങളുടെ തന്ത്രപരമായ ക്രമീകരണത്തിലൂടെ മാധ്യമങ്ങൾ സൃഷ്ടിച്ചെടുക്കുന്നതാണെന്ന് ഫ്രെഞ്ച് സാമൂഹ്യചിന്തകനായ ബോഡ്രിലാർഡ് നിരീക്ഷിക്കുന്നുണ്ട്. വിപണികേന്ദ്രീകൃതമായി നിർമിച്ചെടുക്കുന്ന ‘ഹൈപ്പർറിയൽ’ (hyperreal) പ്രതീതിയാഥാർത്ഥ്യങ്ങൾ അർത്ഥങ്ങളെ ഉല്പാദിപ്പിക്കുകയും സാമൂഹിക-രാഷ്ട്രീയ-സാംസ്‌കാരിക വ്യവഹാരങ്ങളെ സ്വാധീനിക്കുകയും ചെയ്യുന്നു. ദൃശ്യമാധ്യമങ്ങൾ അരങ്ങുവാഴുന്ന കാലത്ത് അവർ കൃത്യമായി തങ്ങളുടെ കാണികളുടെ മനോനിലയും അഭിലാഷങ്ങളും സാമൂഹികാധികാര ബലാബലങ്ങളാൽ നിർണയിക്കപ്പെടുന്ന മാനസികാവസ്ഥകളും മനസ്സിലാക്കിക്കൊണ്ട് പ്രവർത്തിക്കുന്നത് കാണാം. കാണികൾക്കു വേണ്ടത് വിപണിക്കുകൂടി വേണ്ടപ്പെട്ടതാക്കി മാറ്റിക്കൊണ്ടാണ് പുതിയകാലത്തെ മാധ്യമങ്ങൾ കാഴ്ചകളുടെ ലോകം വിഭാവനം ചെയ്യുന്നത്. മലയാളത്തിൽ സീരിയലുകൾ കൊടികുത്തി വാണിരുന്ന കാലത്തുനിന്നും റിയാലിറ്റി ഷോകളുടെ പുതിയകാലത്തേയ്ക്കുള്ള വഴിമാറ്റമാണ് കഴിഞ്ഞ പതിറ്റാണ്ടിലെ ഏറ്റവും ശ്രദ്ധേയമായ ചുവടുവെയ്പ്. കല്പിത യാഥാർത്ഥ്യങ്ങളിൽനിന്നും സംഭവങ്ങളുടെ നേർക്കാഴ്ചകളിലേക്കാണ് അത്തരം പരിപാടികൾ, പ്രാധാനമായും സംഗീത റിയാലിറ്റി ഷോകൾ കാണികളുടെ ശ്രദ്ധ ക്ഷണിച്ചത്. മലയാളത്തിലെ എല്ലാ മുഖ്യധാരാ ചാനലുകളും ആ വഴിക്ക് സഞ്ചരിക്കുന്നതും അതിൽനിന്ന് അത്ഭുതപ്പെടുത്തുന്ന ജനകീയത നേടിക്കൊണ്ട് പലരും പുറത്തുവരുന്നതും കണ്ടു. മലയാള ടെലിവിഷനിലെ ഈ ദിശാമാറ്റത്തിന്റെ ഏറ്റവും ഒടുവിലായുള്ള പരിണാമസന്ധിയാണ് മലയാളി ഹൗസില്‍ തുടങ്ങി ബിഗ് ബോസ് വരെ എത്തിനിൽക്കുന്നത്. ഇത്തരം റിയാലിറ്റി ഷോകളുടെ രാഷ്ട്രീയ-സാമൂഹിക മാനങ്ങളും അവ കാണികളുടെ മനോനിലയെ സ്വാധീനിക്കുന്ന രീതികളും അന്വേഷണവിധേയമാക്കുകയാണ് ഈ ലേഖനം.

തൊണ്ണൂറുകളിൽ അമേരിക്കയിലാണ് റിയാലിറ്റി ടിവി പരിപാടികൾ ജനകീയമാവുന്നതെങ്കിലും ഏതാണ്ട് അരനൂറ്റാണ്ട് മുൻപു തന്നെ അത്തരം പരിപാടികളുടെ ആദ്യരൂപം കണ്ടെത്തപ്പെട്ടിരുന്നു. നാൽപ്പതുകളിൽ ഒരു ജർമൻ ടിവി ചാനൽ ഒരു കൂട്ടം ചെറുപ്പക്കാരെ തിരഞ്ഞെടുത്തതിനു ശേഷം അവരോട് ആര്യൻ ജീവിതശൈലിയിൽ തങ്ങളുടെ ഓരോ ദിവസത്തേയും ജീവിതം കാണികൾക്കായി അവതരിപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു. കൃത്യമായ നാസി പ്രൊപ്പഗാണ്ടയുടെ ഭാഗമായി നടത്തപ്പെട്ട ഈ പരിപാടിയാണ് ലോക റിയാലിറ്റി ടിവി പ്രോഗ്രാമുകളുടെ ആദ്യ രൂപമായി കണക്കാക്കപ്പെടുന്നത്. ഇന്ത്യയിൽ ഹിന്ദിയിലുള്ള സംഗീതപരിപാടികളായും പാചകമത്സരങ്ങളായും ‘കോൻ ബനേഗാ ക്രോർപതി’ പോലത്തെ സെലബ്രിറ്റി ക്വിസ് പ്രോഗ്രാമുകളായുമാണ് റിയാലിറ്റി ടിവി അവതരിക്കുന്നത്. അതിനു ശേഷമാണ് 2006-ൽ പ്രശസ്ത അമേരിക്കൻ റിയാലിറ്റി ഷോയായ ബിഗ് ബ്രദറിന്റെ മാതൃകയിൽ ഹിന്ദിയിൽ നടൻ അർഷാദ് വർസി അവതരിപ്പിച്ച ബിഗ് ബോസ് വരുന്നത്.

ചുരുക്കം എപ്പിസോഡുകൾകൊണ്ടുതന്നെ പരിപാടി വൻവിജയമായി മാറുകയും സീരിയലുകൾ കാണാനായി മാത്രം ടി.വിയെ ആശ്രയിച്ചുപോന്നിരുന്ന പ്രേക്ഷകർ ബിഗ് ബോസിലേക്ക് ഒഴുകിയെത്തുകയുമായിരുന്നു. ഇന്ത്യൻ റിയാലിറ്റി ടി.വിയുടെ ഭാഗധേയത്തെ നിർണയിച്ച ഒരു സംഭവമാണ് തൊട്ടടുത്ത വർഷം നടന്നത്. ബ്രിട്ടീഷ് ടി.വി ചാനലായ ചാനൽ 4 നടത്തിയ സെലബ്രിറ്റി ബിഗ് ബ്രദർ എന്ന റിയാലിറ്റി ഷോയിൽ ഇന്ത്യൻ സിനിമാതാരമായ ശില്പ ഷെട്ടിക്ക് നേരിടേണ്ടിവന്ന വംശീയ അധിക്ഷേപം ലോകമെങ്ങും ചർച്ചയായി. പടിഞ്ഞാറൻ വീക്ഷണകോണിൽനിന്നുള്ള ഇന്ത്യയെക്കുറിച്ചുള്ള Orientalist കാഴ്ചപ്പാടിലൂന്നിക്കൊണ്ട്, ശില്പയേയും ജനിച്ച നാടിനേയും അവഹേളിച്ചത് ഇന്ത്യയിൽ വലിയ വൈകാരികപ്രതികരണങ്ങളിലേക്ക് നയിക്കുകയും ചെയ്തു.

ഇന്ത്യയിലെ റിയാലിറ്റി ഷോകളുടെ ജനകീയതയെ വലിയ രീതിയിൽ സ്വാധീനിച്ച ഒരു സംഭവം കൂടിയായിരുന്നു ഇത്. ഈ സംഭവത്തോടെ ശില്പ ഷെട്ടിക്ക് ലഭിച്ച പിന്തുണ പരമാവധി ഉപയോഗപ്പെടുത്താൻ ബിഗ് ബോസിലേക്ക് അവതാരികയായി അവരെ കൊണ്ടുവരികയുമുണ്ടായി. തുടർന്ന്, ഇടയ്ക്കുവച്ച് അനാരോഗ്യം മൂലം ശില്പ ഒഴിഞ്ഞ വേളയിലാണ് പരിപാടിയുടെ അവതാരകനായി ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാൻ എത്തുന്നതും ബിഗ് ബോസിന്റെ ജനകീയത കുതിച്ചുയരുന്നതും. അനിതരസാധാരണമായ ഈ ജനകീയതയുടെ സമ്മർദത്താൽ ബിഗ് ബോസിന്റെ പല പതിപ്പുകൾ തുടങ്ങാൻ പ്രാദേശിക ഭാഷകളിലെ ചാനലുകൾ നിർബന്ധിതരാവുന്നതാണ് പിന്നീട് കണ്ടത്.

കോന്‍ ബനേഗ ക്രോര്‍പതി

റിയാലിറ്റി ഷോകളും മലയാളിയുടെ സദാചാര സന്ദേഹങ്ങളും

ബിഗ് ബോസിന്റെ മാതൃകയിലുള്ള ആദ്യത്തെ മലയാളം റിയാലിറ്റി ഷോ 2013-ൽ സൂര്യ ടിവി സംപ്രേഷണം ചെയ്ത ‘മലയാളി ഹൗസ്’ ആയിരുന്നു. രാഹുൽ ഈശ്വർ, ജി.എസ്. പ്രദീപ്, സിന്ധു ജോയ്, സന്തോഷ് പണ്ഡിറ്റ് തുടങ്ങിയവർ പങ്കെടുത്ത പരിപാടി വലിയ ചർച്ചകളിലേക്കും വിമർശനങ്ങളിലേക്കും നയിക്കുകയുണ്ടായി. ആ വീടിനുള്ളിൽ നടക്കുന്നത് തിരക്കഥയനുസരിച്ചുള്ള അഭിനയമാണെന്നു തുടങ്ങി അംഗങ്ങളുടെ പ്രവൃത്തികൾ മലയാളിയുടെ സദാചാരബോധത്തിനും സാംസ്‌കാരിക മൂല്യങ്ങൾക്കും നിരക്കാത്തതാണെന്നുവരെ അഭിപ്രായങ്ങളുയർന്നിരുന്നു. പങ്കെടുക്കുന്നവർ പലരും വിവാഹിതരാണെന്നും അത് ഗൗനിക്കാതെയുള്ള അംഗങ്ങൾ തമ്മിലുള്ള അടുപ്പവും അടുത്തിടപഴകലും മലയാളിയുടെ കുടുംബസദാചാരത്തെ ഇല്ലാതാക്കുമെന്നുമായിരുന്നു സന്ദേഹങ്ങൾ. മലയാളിവീടുകളിലെ ടി.വി കാഴ്ചയുടെ പതിവു രീതിശാസ്ത്രങ്ങളെ അട്ടിമറിച്ചുകൊണ്ടാണ് മലയാളി ഹൗസ് ആദ്യത്തേതും അവസാനത്തേതുമായ സീസൺ പൂർത്തിയാക്കിയത്.

വിവാദങ്ങൾക്കിടയിലും ഇത്തരം ടി.വി പരിപാടികളുടെ വമ്പിച്ച വിപണനസാധ്യത മനസ്സിലാക്കിക്കൊണ്ട് 2018-ലാണ് ഏഷ്യനെറ്റിലും ഹോട്ട്സ്റ്റാറിലുമായി ബിഗ്‌ബോസ് സംപ്രേക്ഷണം ആരംഭിച്ചത്. ജനകീയതയിൽ മലയാളി ഹൗസിനെ മറികടന്നുകൊണ്ട് അതിവേഗമാണ് ഈ ഷോ വളർന്നതെന്നു കാണാം. ഷോയുടെ ഏറ്റവും വലിയ വിപണന തന്ത്രങ്ങളിലൊന്ന് മലയാളികളുടെ സ്വന്തം സൂപ്പർതാരമായ മോഹൻലാലിനെ അവതാരകനാക്കിയെന്നതാണ്. ഒരുകൂട്ടം സ്ത്രീകളും പുരുഷൻമാരും ഒരു വീട്ടിൽ ഒരുമിച്ചു താമസിക്കുന്നതും അവിടെ നടക്കുന്ന സംഭവങ്ങളും യഥാർത്ഥമായി കാണിക്കുന്നതിലെ മലയാളിയുടെ സദാചാരപ്പേടി കുറെയെങ്കിലും ലഘൂകരിക്കാൻ മോഹൻലാലിന്റെ വരവിന് സാധിച്ചു. പ്രേക്ഷകർ വോട്ടുചെയ്ത് വിജയിയെ തീരുമാനിക്കുന്ന രീതിയും ജനങ്ങളെ ഷോയിലേക്ക് ആകർഷിച്ചു. സീരിയലുകളും സംഗീത റിയാലിറ്റി പരിപാടികളും വാർത്താധിഷ്ഠിത പരിപാടികളും കണ്ടിരുന്ന മലയാളികൾ ഓരോ ആഴ്ചയിലും ബിഗ് ബോസ് വീട്ടിൽ നടക്കുന്ന കാഴ്ചകൾ സാകൂതം നിരീക്ഷിക്കുന്ന കാഴ്ചകളാണ് കുറച്ചു വർഷങ്ങളായുള്ളത്. പങ്കെടുക്കുന്നവർ വിജയിച്ചില്ലെങ്കിൽ പോലും വൻ ആരാധകവൃന്ദത്തെ സൃഷ്ടിക്കുന്നതും സെലബ്രിറ്റികളായി പുറത്തിറങ്ങുന്നതും കേരളം കാണുന്ന കാഴ്ചയാണ്. ജനകീയതയിൽ പുതിയ ഉയരങ്ങൾ കീഴടക്കുന്ന ബിഗ്‌ ബോസ് ഉയർത്തുന്ന ചില സുപ്രധാന ചോദ്യങ്ങളെ പുരോഗമനപരമായ സാമൂഹിക-രാഷ്ട്രീയ നിലപാടുതറയിൽനിന്നുകൊണ്ട് അഭിമുഖീകരിക്കേണ്ടതുണ്ട്.

തത്ത്വചിന്തകനായ ജെറമി ബെന്ഥാമിന്റെ ‘പനോപ്റ്റിക്കോൺ’ (Panopticon) എന്ന ആശയത്തെ അവലംബിച്ചുകൊണ്ട് ഫ്രെഞ്ച് ചിന്തകനായ മിഷേൽ ഫൂക്കോ, സർവാധികാരിയായ സ്റ്റേറ്റ് സംവിധാനം ജനങ്ങളെ നിരീക്ഷിക്കുന്നതിന്റെ രീതിശാസ്ത്രത്തെ വിശകലനം ചെയ്യുന്നുണ്ട്. തന്റെ പ്രശസ്തമായ അച്ചടക്കവും ശിക്ഷയും (Discipline and Punish: The Birth of Prison) എന്ന പുസ്തകത്തിലാണ് ഫൂക്കോ ഈ വിധത്തിൽ എല്ലാവരേയും തങ്ങളുടെ നിരീക്ഷണത്തിലാക്കുന്ന സമഗ്രാധിപത്യത്തിന്റെ നോട്ടത്തെ ചൂണ്ടിക്കാട്ടുന്നത്. ഇവിടെ പൗരരുടെ ജീവിതം ഏതാണ്ട് പൂർണമായും സ്റ്റേറ്റ് നിരീക്ഷിക്കുകയും തങ്ങളുടെ നിയമസംഹിതകളെ ലംഘിക്കുന്നവരെ ശിക്ഷിക്കുകയും ചെയ്യുന്നു. നിയന്ത്രണങ്ങൾക്ക് വഴങ്ങാത്തവരെ കാരാഗൃഹത്തിലടയ്ക്കുകയും അവരെ മെരുക്കിയെടുക്കാൻ പരിശീലനം നേടിയ ഉദ്യോഗസ്ഥരെ നിയമിക്കുകയുമാണ്. ഈ അധികാരപ്രയോഗത്തിലൂടെ തങ്ങൾക്കെതിരെ എതിർപ്പിന്റെ ലാഞ്ഛനപോലും ഉയരുന്നില്ലെന്ന് ഉറപ്പാക്കാനും സ്റ്റേറ്റ് സംവിധാനത്തിന് സാധിക്കും. ആധുനിക ദേശരാഷ്ട്രങ്ങൾ വിവിധ രൂപത്തിലും ഭാവത്തിലും നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന സർവൈലൻസിന്റെ ആദിമരൂപത്തെയാണ് ഫൂക്കോ അവതരിപ്പിക്കുന്നത്.

ബിഗ് ബോസ് ഉൾപ്പടെയുള്ള പരിപാടികളുടെ ആദ്യരൂപമായ ബിഗ് ബ്രദർ എന്ന പേര് തന്നെ ധ്വനിപ്പിക്കുന്നത് അമേരിക്കയടക്കമുള്ള ഒന്നാം ലോകത്തിന്റെ സർവൈലൻസിന്റേതായ അന്തരീക്ഷത്തിന്റെ ആഘോഷമാണ്. ജോർജ് ഓർവലിന്റെ 1984 എന്ന നോവലിലെ ‘വല്യേട്ടൻ നിങ്ങളെ നിരീക്ഷിക്കുന്നുണ്ട്’ (Big brother is watching you) എന്ന വാചകം പിന്നീട് അമേരിക്കയടക്കമുള്ള മുതലാളിത്ത രാജ്യങ്ങളുടെ കഴുകൻ കണ്ണുകളുടെ പ്രതീകമായി സൂചിപ്പിക്കപ്പെടാറുള്ളതാണ്. ബിഗ് ബോസ് എന്ന എല്ലാം കാണുന്ന ഉടമയാണ് ആ വീടിന്റെ അധിപൻ. അയാൾ ശബ്ദത്തിലൂടെ മാത്രം പരിപാടിയിൽ പ്രത്യക്ഷപ്പെടുന്നു. അവിടുത്തെ അന്തേവാസികൾ എന്തുചെയ്യണമെന്നും എന്ത് ചെയ്യരുതെന്നും ആ അധികാരകേന്ദ്രമാണ് തീരുമാനിക്കുന്നത്. ഇവിടെ അന്തേവാസികളെ നിരീക്ഷിക്കുന്ന അധികാരകേന്ദ്രമാണെന്ന തോന്നലിലേക്ക് കാണികളും എത്തുകയാണ്. മാനസികമായി അനുഭവിക്കുന്ന അധികാരത്തിന്റെ അനുഭൂതിയിൽ അന്തേവാസികളുടെ പെരുമാറ്റത്തെ, രീതികളെ, തിരഞ്ഞെടുപ്പുകളെ വിലയിരുത്താനും ഇഷ്ടമുള്ളവരെ നിലനിർത്താനും ഇഷ്ടമില്ലാത്തവരെ പുറത്താക്കാനുമൊക്കെയുള്ള ശേഷിയെ കാണികൾ ആഘോഷമാക്കുകയാണ്. മറ്റൊരു പരിപാടിയിലുമില്ലാത്ത ഈ സ്വാതന്ത്ര്യം കാണിയിൽ ഒരുതരം ശാക്തീകരണം സംഭവിപ്പിക്കുന്നു. ബിഗ്‌ ബോസിലെ അന്തേവാസികൾ തങ്ങളുടെ നേരിട്ടുള്ള നിരീക്ഷണത്തിലും അവരുടെ അവിടുത്തെ വാസം തങ്ങളുടെ കരുണയിലുമാണെന്ന മിഥ്യാസങ്കല്പത്തിന്റെ സുഖാലസ്യത്തിലേക്ക് വീഴുന്ന കാണികളാണ് ഷോയുടെ വിജയം. അയൽവീട്ടിൽ എന്തു നടക്കുന്നുവെന്ന് ഒളിഞ്ഞുനോക്കാനുള്ള ആകാംക്ഷയുടെ സാക്ഷാല്‍കാരം കൂടിയാണത്. കാണികളുടെ മനോനിലയിൽ ടെലിവിഷൻ നടത്തുന്ന അതിവിദഗ്ദ്ധമായ സർജിക്കൽ സ്‌ട്രൈക്ക്. ഇതിലൂടെ മറ്റുള്ളവരുടെ ജീവിതത്തിലേക്കുള്ള നോട്ടവും സർവൈലൻസും സ്വാഭാവികവൽക്കരിക്കപ്പെടുന്നുവെന്ന വിമർശനവുമുണ്ട്. ഇത്തരത്തിൽ നിയന്ത്രണത്തിലുള്ള ഒരുകൂട്ടം മനുഷ്യരെ കണ്ടും അവരുടെ ജീവിതത്തെ ഇഴകീറി പരിശോധിച്ചും ആനന്ദിക്കുന്നതിലെ സാഡിസം, ഫാസിസത്തിന്റെ ഭീകരതയെ തുറന്നുകാണിക്കുന്ന പസ്സോളിനിയുടെ സാലോ (Salo, or 120 Days of Sodom) എന്ന ചിത്രത്തിലെ കാഴ്ചകളിലേക്ക് ചിന്തകളെ നായിക്കുന്നുണ്ട്. അടിമകളാക്കപ്പെട്ട മനുഷ്യർ ഫാസിസ്റ്റുകളായ അധികാരികൾക്കു മുന്നിൽ ഗത്യന്തരമില്ലാതെ നടത്തുന്ന പ്രകടനങ്ങളുടെ ദൈന്യത പസ്സോളിനി വരച്ചുകാട്ടുന്നു. ഇന്നത്തെ കാലത്ത് മുതലാളിത്തലോകം വിഭാവനം ചെയ്യുന്ന ആനന്ദരാഷ്ട്രീയം ടെലിവിഷനിലൂടെ കാണികളുടെ സ്വീകരണമുറിയിലേക്കെത്തുമ്പോൾ, ബിഗ്‌ ബോസ് വീടുകളിൽ തടങ്കലിലാക്കപ്പെട്ട മനുഷ്യർ തങ്ങളുടെ മേലുള്ള കണ്ണുകളെ ആനന്ദിപ്പിക്കാൻ കഴിവിന്റെ പരമാവധി ശ്രമിക്കുന്നത് കാണാം. തങ്ങൾക്ക് അന്തേവാസികളെ നിരീക്ഷിക്കാനും നിയന്ത്രിക്കാനും സാധിക്കുമെന്ന കാണിയുടെ തെറ്റിദ്ധാരണകളുടെ മറുപുറത്ത്, കാണികൾക്കു വേണ്ടത് നൽകാൻ പരീശീലിക്കപ്പെട്ടവരാണ് ഈ വീട്ടിലെത്തുന്നതെന്ന നിഷ്ഠുരമായ സത്യം പല്ലിളിച്ചു ചിരിക്കുന്നുണ്ട്. ഇവിടെ ആത്യന്തിക വിജയം വിപണിക്കു മാത്രമാണ്.

ബിഗ് ബോസില്‍ സല്‍മാന്‍ ഖാന്‍

താമസക്കാരുടെ തിരഞ്ഞെടുപ്പും തെളിയുന്ന രാഷ്ട്രീയ ബലതന്ത്രവും

ബിഗ്‌ ബോസിലെ ഏറ്റവും സവിശേഷമായ സംഗതി താമസക്കാരുടെ തിരഞ്ഞെടുപ്പാണ്. എല്ലാ വിഭാഗത്തിലുള്ള മനുഷ്യരേയും പരിഗണിക്കുമെന്ന നാട്യത്തിലാണ് ഇത് നടക്കാറുള്ളത്. കഴിഞ്ഞ വർഷങ്ങളിലെ അന്തേവാസികളുടെ തിരഞ്ഞെടുപ്പും അവരുടെ പ്രതികരണങ്ങളും പുറത്ത് അവർ സൃഷ്ടിക്കുന്ന ആരാധകവൃന്ദങ്ങളും ഗൗരവമുള്ള ചില വിഷയങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നുണ്ട്. സാധാരണ ടിവി താരങ്ങൾക്ക് ലഭിക്കുന്ന പ്രശസ്തിക്കപ്പുറം എന്താണ് ബിഗ്‌ ബോസ് താരങ്ങൾ നേടിയെടുക്കുന്നത്? ഈ ചോദ്യം പരിപാടിയുടെ പൊതുവായ രാഷ്ട്രീയ നിലപാടിലേക്കും ആത്യന്തികമായി കാണികളിലേക്ക് സംവേദനം ചെയ്യാനാഗ്രഹിക്കുന്ന ആശയലോകങ്ങളിലേക്കും നയിക്കുന്നു. രസകരമായ ഒരു മിക്‌സ് ആയിട്ടാണ് ഇതിലേക്ക് മത്സരിക്കുന്നവരെ തിരഞ്ഞെടുക്കുന്നത്. പുരോഗമന രാഷ്ട്രീയം പറയുന്നവരും ഫെമിനിസ്റ്റുകളും ട്രാൻസ്-സ്വവർഗാനുരാഗികളും ഉള്ളിടത്തുതന്നെ ഞെട്ടിപ്പിക്കുന്ന ടോക്‌സിക് സ്ത്രീ-ക്വിയർ വിരുദ്ധതയും പാരമ്പര്യവാദങ്ങളുമുയർത്തുന്നവരേയും കാണാം. ഇവരെ ഒരു കുടക്കീഴിൽ അണിനിരത്തിക്കൊണ്ട്, ഇവർക്കിടയിൽ നടക്കുന്ന സംഘട്ടനങ്ങളെയാണ് പരിപാടി മാർക്കറ്റ് ചെയ്യുന്നത്. കാണികളിൽ ഭൂരിപക്ഷം രണ്ടാമത്തെ കൂട്ടരുടെ കൂടെയാവുകയും, അത്തരക്കാർക്ക് വമ്പിച്ച ജനപിന്തുണയോടെ ആ വീട്ടിൽനിന്ന് പുറത്തേക്ക് വരാനാവുന്നതുമാണ് ബിഗ്‌ ബോസിൽ നിന്നുള്ള കാഴ്ച. നേരിട്ട് അഭിപ്രായം പറയുന്നില്ലെങ്കിലും തങ്ങൾ ആരുടെയൊപ്പമാണെന്ന നിശ്ശബ്ദമായ സന്ദേശം പുറത്തേക്ക് നൽകാൻ അധികൃതർ ബദ്ധശ്രദ്ധരാണ്. വീട്ടിനകത്ത് നടക്കുന്ന വിഷയങ്ങൾ യാഥാർത്ഥ്യമാണോ അഭിനയമാണോ എന്നുറപ്പില്ലാത്ത സമയത്തു പോലും അവർക്കായി തെരുവിലിറങ്ങി മുറവിളി കൂട്ടുന്ന ആരാധകസംഘം, കാണികളിൽ ബിഗ്‌ ബോസ് പ്രവർത്തിപ്പിക്കുന്ന മാനസികമായ രാസപ്രവർത്തനങ്ങളെ ചെറുതാക്കി കാണാനാവില്ലെന്ന് ഉറപ്പിക്കുകയാണ്.

ബിഗ്‌ ബോസിൽ വിവിധ ആശയങ്ങളിൽ വിശ്വസിക്കുന്നവർ മത്സരിക്കുന്നുണ്ടെങ്കിലും വിജയികളായി വരാറുള്ളത് പൊതുവേ സാമ്പ്രദായിക നിലപാടുകാരാണ്. അവർക്ക് ലഭിക്കുന്ന മേൽക്കൈയാണ് ഈ പരിപാടി പൊതുസമൂഹത്തെ, പ്രത്യേകിച്ചും യുവാക്കളേയും കുട്ടികളേയും എങ്ങനെയെല്ലാം ബാധിക്കുമെന്ന ആശങ്കകൾക്ക് നിദാനമാവുന്നത്. മറ്റൊരു അന്തേവാസിയുടെ കണ്ണിൽ മുളക് പുരട്ടിയവർക്കും എതിരഭിപ്രായം പറഞ്ഞതിന് സഹമത്സരാർത്ഥിയെ മർദിച്ചവർക്കുമെല്ലാം ജനപിന്തുണയേറുന്നത് കാണാം. നടിയെ ബലാത്സംഗം ചെയ്ത കേസിൽ ഗൂഢാലോചനക്കുറ്റത്തിന് ജയിലിലായ നടനെ പരസ്യമായി സാമൂഹ്യമാധ്യമങ്ങളിൽ പിന്തുണച്ചവർ പരിപാടിയിലെ വിജയികളായതുപോലും കേരളം കണ്ടു. ഇവരെ വീണ്ടും പല സീസണുകളിൽ അതിഥികളായി പങ്കെടുപ്പിച്ചുകൊണ്ട് തങ്ങളുടെ നയം ചാനലും വ്യക്തമാക്കുന്നുണ്ട്. നെഗറ്റീവിറ്റികൊണ്ട് വാർത്തകളിൽ നിറഞ്ഞുനിൽക്കാനും അതിലൂടെ വലിയൊരു ജനസഞ്ചയത്തെ ആരാധകരായി കൂടെക്കൂട്ടാനും കൃത്യമായി പരിശീലനം ലഭിച്ചവരാണ് ബിഗ്‌ ബോസ് പോലുള്ള പരിപാടികൾ അടയിട്ട് വിരിയിക്കുന്ന താരോദയങ്ങൾ.

പാരമ്പര്യ മൂല്യവ്യവഹാരങ്ങളും ആധുനിക ചിന്താധാരകളും തമ്മിലുള്ള അതിശക്തമായ ശീതസമരം നടക്കുന്ന സമൂഹമാണ് കേരളത്തിന്റേത്. മതയാഥാസ്ഥിതിക ശക്തികളുടെ ശക്തിയും കെട്ടുറപ്പുംകൊണ്ട് ആദ്യത്തെ കൂട്ടർ സമൂഹത്തിന്റെ നിയന്ത്രണം ഏറെക്കുറെ കൈകാര്യം ചെയ്യുകയുമാണ്. ഈ സാഹചര്യത്തിൽ നവീനമായ ഏതൊരു ആശയപ്രപഞ്ചവും സന്ദേഹങ്ങളോടെയല്ലാതെ സ്വീകരിക്കപ്പെടാൻ സാധ്യതയില്ല. ലൈംഗിക ന്യൂനപക്ഷങ്ങൾ, ഫെമിനിസ്റ്റുകൾ, ആക്‌ടിവിസ്റ്റുകൾ തുടങ്ങിയ വിഭാഗങ്ങളോട് യാഥാസ്ഥിതിക സമൂഹം വച്ചുപുലർത്തുന്ന പകയും വിദ്വേഷവും മലയാളിയുടെ കണ്‍മുന്നിലുണ്ട്. അവിടെയാണ്, പ്രതിനിധാനം എന്ന വ്യാജേന ടോക്‌സിക് യാഥാസ്ഥിതികർക്ക് കൊത്തിക്കീറാനായി ബിഗ്‌ ബോസിൽ ഈ മേഖലകളിൽ നിന്നുള്ളവരെ അവതരിപ്പിക്കുന്നത്. ഈ വിഭാഗങ്ങൾ മുന്നോട്ടുവയ്ക്കുന്ന ആശയങ്ങളോടോ സമരമുഖങ്ങളോടോ അല്ല തങ്ങൾക്ക് കൂറെന്നും അതിലൂടെ ലഭിക്കുന്ന സെൻസേഷണൽ കാഴ്ചാമൂല്യത്തിനു മാത്രമാണെന്നും ചാനലും അടിവരയിട്ട് പ്രഖ്യാപിക്കുന്നു. കേരള സമൂഹത്തിന്റെ പരിച്ഛേദമാണെന്ന നാട്യത്തിലുള്ള മത്സരാർത്ഥികളുടെ തിരഞ്ഞെടുപ്പ് കൃത്യമായ ചില ലക്ഷ്യങ്ങളോടുകൂടിയുള്ളതാണെന്ന് കാണാം. സമൂഹത്തിന്റെ മുഖ്യധാരാ സൗന്ദര്യസങ്കല്പങ്ങളോട് ഇണങ്ങുന്നവരേയും വിപണിയുടെ ആവശ്യനയങ്ങൾക്കനുസൃതമായി പ്രേക്ഷകരെ സ്വാധീനിക്കാൻ ശേഷിയുള്ളവരേയും ഷോ പരമാവധി ആഘോഷിക്കുന്നു. ബിഗ് ബോസ് ആരെയാണ് കാണിയായി ഉദ്ദേശിക്കുന്നത് എന്ന ചോദ്യമെടുക്കാം. പുരുഷകേന്ദ്രീകൃതമായ ആശയലോകം സൃഷ്ടിക്കപ്പെടുകയും പുരുഷന്റെ കണ്ണിലെ സൗന്ദര്യമൂല്യങ്ങൾക്ക് വേദിയൊരുക്കുകയും ചെയ്യുന്ന ഇടമാണ് ബിഗ് ബോസ്. ഉദാഹരണത്തിന് ലൈംഗിക ന്യൂനപക്ഷങ്ങളുടെ പ്രതിനിധാനമെന്ന ലേബലിൽ മത്സരാർത്ഥികൾ തിരഞ്ഞെടുക്കപ്പെടുമ്പോൾ അവരെല്ലായ്‌പ്പോഴും ലെസ്ബിയൻ പങ്കാളികളായിരിക്കുകയും പുരുഷനായ കാണിയെ അസ്വസ്ഥപ്പെടുത്താനിടയുള്ള പുരുഷ സ്വവർഗാനുരാഗികളെ ഒഴിവാക്കുകയും ചെയ്യുന്ന രാഷ്ട്രീയം ശ്രദ്ധിക്കുക. ഇവരുടെ കാഴ്ചപ്പെടുത്തലിലൂടെ പ്രതിനിധാനം എന്നതിനപ്പുറം പുരുഷകാണിയുടെ ലൈംഗികാനന്ദം എന്നത് മാത്രമായി ഷോയുടെ ഉദ്ദേശ്യം മാറുന്നുണ്ട്. ആരുടെ കണ്ണായി ചാനലിന്റെ ക്യാമറ മാറുന്നുവെന്ന ആലോചന പ്രശസ്ത ബ്രിട്ടീഷ് ചിന്തകയായ ലോറാ മൾവേയുടെ ‘സ്‌കോപോഫീലിയ’ (Scopophilia) എന്ന ആശയത്തിലേക്ക് നയിക്കുന്നു. ‘വിഷ്വൽ പ്ലഷർ ആൻഡ് നരേറ്റിവ് സിനിമ’ എന്ന തന്റെ ലേഖനത്തിൽ കാഴ്ചയിലൂടെ ലഭ്യമാകുന്ന ലൈംഗികാനുഭൂതിയെക്കുറിച്ച് അവർ വിശദമാക്കുന്നുണ്ട്. നോട്ടത്തിലൂടെ ലഭിക്കുന്ന ലൈംഗികാനന്ദമാണ് സ്‌കോപോഫീലിയ. പുരുഷന് നയനാനന്ദ സുഖം പകരുന്ന ക്യാമറയുടെ ആൺനോട്ടത്തെക്കുറിച്ചുള്ള മൾവേയുടെ അഭിപ്രായങ്ങൾ ടെലിവിഷന്റെ സാഹചര്യത്തിൽ ഇവിടെയും പ്രസക്തമാണ്.

ശില്‍പ്പാഷെട്ടി

ടോക്‌സിക് ആഘോഷങ്ങളുടെ രാഷ്ട്രീയം

നടിയെ ആക്രമിച്ച കേസിൽ അവനോടൊപ്പം എന്ന നിലപാടെടുത്തവരും ബസിൽ സ്വയംഭോഗം ചെയ്തവന് ജയിലിനു മുന്നിൽ സ്വീകരണമൊരുക്കുന്നവരും പീഡനക്കേസിൽ ഒളിവിലായ എം.എൽ.എയ്ക്കായി സംരക്ഷകവചമൊരുക്കുന്നവരും കൂടിച്ചേർന്നതാണ് പ്രബുദ്ധ കേരളം. ദൗർഭാഗ്യവശാൽ ഇത്തരക്കാർക്ക് വലിയ ആരാധകക്കൂട്ടങ്ങൾ, പ്രത്യേകിച്ച് സൈബറിടങ്ങളിൽ കണ്ടുവരുന്നുണ്ട്. ആൽഫ-സിഗ്‌മ മെയിൽ രൂപങ്ങളായി സ്വയം അവരോധിക്കുന്ന പുതിയ തലമുറയിലെ ജെൻ സി ആശയപരിസരത്തെ രൂപപ്പെടുത്തുന്നതിൽ ഈ കൂട്ടരുടെ പങ്ക് വളരെ വലുതാണ്. പുരുഷന് നീതി ലഭിക്കാൻ മെൻസ് അസോസിയേഷൻ ഉണ്ടാവുകയും അതിന്റെ പ്രതിനിധിക്ക് ചാനൽ ഫ്ലോറുകളിൽ വേദി ലഭിക്കുന്നതും കേരളം കണ്ടുകൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തിലാണ് ടോക്‌സിക് പുരുഷാധിപത്യ മൂല്യവ്യവസ്ഥയുടെ അപ്പൊസ്തലൻമാരായി മാറുന്ന ബിഗ് ബോസ് പോലൊരു പരിപാടിയുടെ സൂക്ഷ്മരാഷ്ട്രീയം തിരിച്ചറിയപ്പെടേണ്ടത്. ഇതിൽ വിജയികളായി പുറത്തുവരുന്നവർ പൊതുവിഷയങ്ങളിലെടുക്കുന്ന നിലപാടുകൾ മാത്രം മതി അതു മനസ്സിലാക്കാൻ. വിജയികളെക്കാൾ ആഘോഷിക്കപ്പെടുന്ന നിരവധി ടോക്‌സിക് വ്യക്തിപ്രഭാവങ്ങൾക്കും ബിഗ് ബോസ് വീട് ജന്മം നൽകിയിട്ടുണ്ട്. സംഘപരിവാർ അനുകൂലികളും സ്ത്രീവിരുദ്ധത പരസ്യമായി പ്രഖ്യാപിച്ചവരും പാരമ്പര്യ നിലപാടുകാരും ഇവിടെ സൂപ്പർതാരങ്ങളായി പുറത്തിറങ്ങുകയാണ്. ആഴത്തിലുള്ള വിശകലനത്തിൽനിന്ന് മനസ്സിലാക്കാനാവുന്നത്, ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങൾക്കനുസൃതമായി ഒരു തലമുറയെ മസ്തിഷ്‌ക പ്രക്ഷാളനം ചെയ്യലാണത്. പ്രശസ്ത മാർക്‌സിസ്റ്റ് ചിന്തകൻ ലൂയി അൽത്തൂസ്സറിന്റെ Interpellation എന്ന ആശയം സൂചിപ്പിക്കുന്നതുപോലെ, ബൗദ്ധികമായി ഒരു തലമുറയെ സ്വാധീനിക്കാനുള്ള മുതലാളിത്ത- സർവാധികാര കൂട്ടുകെട്ടിന്റെ കർമപദ്ധതിയായി ഈ ഷോ മാറുകയാണ്. വമ്പിച്ച പ്രേക്ഷകപങ്കാളിത്തവും അന്തേവാസികളുടെ സ്വീകാര്യത കൂടി കണക്കിലെടുക്കുമ്പോൾ, പുരോഗമന സാംസ്‌കാരിക കേരളത്തിനു മേലുണ്ടാവാൻ സാധ്യതയുള്ള ആഘാതത്തിന്റെ ആഴം ചെറുതല്ല.

സൈദ്ധാന്തികരായ തിയോഡോർ അഡോർണോയും മാക്‌സ് ഹോഖൈമറും മുന്നോട്ടുവച്ച സാംസ്‌കാരിക വ്യവസായം (Culture Industry) എന്ന സങ്കല്പനം ഇവിടെ പ്രസക്തമാണ്. ജനകീയ സംസ്‌കാരത്തെ മാസ്സ് മീഡിയ എളുപ്പം വിറ്റുപോവുന്ന ചരക്കാക്കി മാറ്റുകയും ജനങ്ങളെ സുഖലോലുപരാക്കുകയും അതിലൂടെ മുതലാളിത്ത വ്യവസ്ഥിതി കൂടുതൽ ആഴത്തിൽ വേരൂന്നുകയും ചെയ്യുന്ന സ്ഥിതിവിശേഷമാണത്. തിളങ്ങുന്ന കുപ്പിയിലാക്കി പൊതുസംസ്‌കാരത്തിന്റെ ഭാഗമാണെന്ന വ്യാജേന ബിഗ് ബോസ് അതിന്റെ കാണികൾക്ക് വിൽക്കുന്നത് ഗുരുതരമായ സാംസ്‌കാരിക വിഷമാണ്. പൊതുസമൂഹത്തിലെ ഏറ്റവും നിന്ദ്യമായ ഗുണങ്ങളുടെ മൊത്തക്കച്ചവടക്കാരിലൂടെ അവരത് മാർക്കറ്റ് ചെയ്യുന്നു. കാണികൾ അതു വാങ്ങി സേവിക്കുന്നിടത്ത് ചെറുതല്ലാത്ത പ്രത്യാഘാതമാണ് സാമൂഹികമണ്ഡലത്തെ കാത്തിരിക്കുന്നത്. ബിഗ് ബോസ് വീട്ടിലേക്ക് തിരഞ്ഞെടുക്കപ്പെടാനായി മാത്രം സൈബറിടങ്ങളിൽ പേക്കൂത്ത് നടത്തുന്ന നിരവധിയാളുകളുണ്ട്. കണ്ടന്റ് സൃഷ്ടിക്കാൻ എന്തും ചെയ്യാമെന്ന മന:സ്ഥിതിക്ക് ഈ ഷോ കുടചൂടുകയാണ്. പ്രതിലോമതയ്ക്ക് അംഗീകാരം നല്‍കി പുരസ്‌കരിക്കുന്ന സ്ഥിതിവിശേഷം.

സ്ത്രീകളെ, ലൈംഗിക ന്യൂനപക്ഷങ്ങളെ, പുരോഗമന നിലപാടുകളെ ആവർത്തിച്ച് അപഹസിക്കുന്നവർ ആഘോഷിക്കപ്പെടുന്ന സാഹചര്യത്തിന്റെ സാമൂഹിക-രാഷ്ട്രീയമാനം വിശകലനങ്ങളർഹിക്കുന്നതാണ്. അവതാരകനായുള്ള സൂപ്പർതാരത്തിന്റെ വിപണിമൂല്യം ഈ സാംസ്‌കാരിക ചാവേറാക്രമണത്തെ മറച്ചുപിടിക്കാൻ ചാനലിനെ സഹായിക്കുന്നുണ്ട്. കാണികളെ സദാചാര വിധികർത്താക്കളായി അവരോധിച്ചുകൊണ്ട്, ഒളിഞ്ഞുനോട്ടത്തേയും അന്യരുടെ ജീവിതത്തെ അവമതിക്കുന്നതിനേയും സ്വാഭാവികമാക്കി മാറ്റാനും സാധിക്കുന്നു. മത്സരാർത്ഥികൾ പങ്കുവയ്ക്കുന്ന ട്രോമ പോലും ഇവിടെ വിനോദത്തിനുള്ള മറ്റൊരുപാധി മാത്രമാണ്. അവരുടെ കണ്ണീരിൽ കോടികളുടെ പരസ്യങ്ങളുടെ തിളക്കമുണ്ട്. ഈ കളി വിപണി കളിക്കുകയും നിയന്ത്രിക്കുകയും ഒടുവിൽ സ്വയം ജയിക്കുകയാണ്. മലയാളി വീടകങ്ങളിലെ ടി.വിയിൽ നിന്നുള്ള ഈ കാഴ്ചകളും അതിന്റെ അഭൂതപൂർവമായ പിന്തുണയും ആശങ്കപ്പെടുത്തുന്നതാണ്. ബിഗ് ബോസ് വീട്ടിൽനിന്ന് പുറത്തുവരുന്ന മനുഷ്യരും ആശയങ്ങളും അവരെ ആഘോഷിക്കുന്ന മാധ്യമസംസ്‌കാരവും പുരോഗമന മലയാളിക്ക് ഒരു സാംസ്‌കാരിക ഷോക്ക് നല്‍കിക്കൊണ്ട് സ്വയം വിമരശനത്തിനായി നിർബന്ധിക്കുകയാണ് .

Bigg Boss: critically examines the political and social dimensions of reality shows and analyses how they influence the psychology and mindset of audiences.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പിണറായി നയിക്കും; ഭൂരിപക്ഷം കിട്ടിയാല്‍ എല്ലാവര്‍ക്കും സ്വീകാര്യനായ ആള്‍ മുഖ്യമന്ത്രി'

സ്വർണക്കപ്പ് കണ്ണൂരിന് തന്നെ; തൃശൂർ രണ്ടാമത്

'ഒറിജിനലിനെ വെല്ലും'; ജയന്റെ ഫിഗറില്‍ ചായ വില്‍പ്പന, യുവജനോത്സവ നഗരിയിലെ താരമായി അഷറഫ്- വിഡിയോ

മലപ്പുറത്ത് ജയിച്ചവരുടെ പേരുകള്‍ നോക്കിയാല്‍ മതി; മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയം വര്‍ഗീയത പടര്‍ത്തുന്നത്; അധിക്ഷേപ പരാമര്‍ശവുമായി സജി ചെറിയാന്‍

മലപ്പുറത്ത് സ്ത്രീയും രണ്ട് മക്കളും കുളത്തില്‍ മുങ്ങിമരിച്ചു

SCROLL FOR NEXT