“ദളിതർ പ്രഭാവമുള്ളവരായി തീരണമെങ്കിൽ അവർക്ക് പീരങ്കികൾ ആവശ്യമുണ്ട്.”
അർത്ഥവ്യാപ്തികൊണ്ട് കാലാനുവർത്തിയായി നിൽക്കുന്ന ഈ വാചകം ഡോ. ബി.ആർ. അംബേദ്കറുടേതാണ്. നൂറ്റാണ്ട് പിന്നിടുമ്പോഴും കൂടുതൽ കൂടുതൽ പീരങ്കികള്‍ ദളിതർക്ക് ആവശ്യമായി തീരുന്നു എന്നതാണ് കേരളം ഉൾപ്പടെയുള്ള വർത്തമാന ഇന്ത്യയുടെ അനുഭവങ്ങൾ വെളിപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.
ഏപ്രിൽ 10-നാണ് ഒന്നാംവർഷ ബി.ഡി.എസ് വിദ്യാർത്ഥി 21 വയസ്സുള്ള നിതിൻ രാജ് കോളേജ് കെട്ടിടത്തിൽനിന്നും ചാടി ആത്മഹത്യ ചെയ്യുന്നത്. അദ്ധ്യാപകരില്‍നിന്നും ഉള്ള നിരന്തരമായ മാനസികപീഡനത്തിലും കൂട്ടവിചാരണയിലും മനംനൊന്താണ് ജീവിതത്തിൽ വളരെ പ്രതീക്ഷ വെച്ചുപുലർത്തിയ സാധുവായ ആ ദളിത് വിദ്യാർത്ഥി മരണത്തിലേക്ക് നയിക്കപ്പെട്ടത്. അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ നടന്ന നിതിൻ രാജിന്റെ മരണം ഒരു വ്യക്തിയുടെ നീതിയുടെ പ്രശ്നമല്ല, ഇന്ത്യയിലുടനീളമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സവർണക്കോയ്മയുടേയും അവർ വെച്ചുപുലർത്തുന്ന അധികാരഘടനയുടേയും പ്രശ്നമാണ്. ഒരു ജനാധിപത്യ വ്യവസ്ഥയ്ക്കും മതേതരഘടനയ്ക്കും കടന്നുകയറാൻ പറ്റാത്തവിധം ദൃഢീകരിക്കപ്പെട്ട കോട്ടയ്ക്കുള്ളിൽ നിലനിർത്തുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള ജാതിശ്രേണി വ്യവസ്ഥയുടെ അഴുകിയ ശേഷിപ്പുകൾ പേറുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഇവയെല്ലാം. വിവരസാങ്കേതികവിദ്യയും ശാസ്ത്രബോധവും യുക്തിചിന്തയും വിദ്യാഭ്യാസവും മതേതര നവോത്ഥാന പുരോഗമന കാഴ്ചപ്പാടും ആർജിച്ച സമൂഹമാണെന്ന് ആവർത്തിക്കുമ്പോഴും പരീക്ഷയ്ക്ക് മാർക്ക് നേടാനും ജോലിക്കുമായുള്ള ഉപാധിയായി മാത്രം വിദ്യാഭ്യാസത്തെ കാണുന്ന സമൂഹങ്ങൾക്ക് ഇത്തരം പഴഞ്ചൻ ജാതിമത കോട്ടകൾ തകർത്തെറിയാൻ പാകമായിട്ടില്ല. ഇന്നത്തെ ഓൺലൈൻ വഴിയുള്ള സാമ്പത്തിക തട്ടിപ്പുകളും പ്രശ്നങ്ങളും അറിയുന്ന മനുഷ്യർ എന്ന നിലയിൽ ഒരു വിദ്യാർത്ഥി കേവലം 20,000 രൂപയ്ക്ക് ഓൺലൈൻ ലോൺ എടുത്തിട്ടുണ്ടെങ്കിൽ അതിന്റെ യാഥാർത്ഥ്യം മനസ്സിലാക്കി പരിഹരിക്കാൻ ശ്രമിക്കുന്നതിനുപകരം കുറ്റവിചാരണ ചെയ്ത് ആത്മഹത്യയിലേക്ക് തള്ളിവിടുന്നത് ഉത്തരവാദിത്വബോധമുള്ള അദ്ധ്യാപകർക്ക് അനുചിതമല്ല. അവർ അദ്ധ്യാപനം എന്ന തൊഴിൽ അർഹിക്കുന്നില്ല.
ഇന്ത്യൻ സമൂഹം അടിസ്ഥാനപരമായി ജനാധിപത്യവിരുദ്ധമായ സാമൂഹിക ചട്ടക്കൂടുകളിലാണ് നിലനിൽക്കുന്നത്. ഈ വിരുദ്ധത വിദ്യാഭ്യാസമേഖലയിൽ മാത്രമല്ല, പൊതുസമൂഹത്തിന്റെ നാനാതുറകളിലും കാണാൻ കഴിയും. വിദ്യാഭ്യാസമേഖല കഴിഞ്ഞ കുറച്ചുകാലമായി ജനാധിപത്യവിരുദ്ധവും വർഗീയതയും സവർണ മേലാളിത്തംകൊണ്ടും ജീർണതയുടെ പരമകാഷ്ഠയിലാണ്. അതിന്റെ പ്രതിഫലനമാണ് കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉൾപ്പെടെ വിദ്യാർഥികളുടെയിടയിൽ വർദ്ധിച്ചുവരുന്ന ആത്മഹത്യാനിരക്ക്. ദേശീയ ക്രൈം റെക്കോർഡ് ബ്യൂറോയുടെ കണക്ക് പ്രകാരം-ഇന്ത്യയിലെ വിദ്യാർത്ഥികൾക്കിടയിലെ ആത്മഹത്യാനിരക്ക് മുൻ വർഷങ്ങളേക്കാൾ 65 ശതമാനം വർദ്ധിച്ചതായി പറയുന്നു. 2013-ൽ 8423 ആയിരുന്നെങ്കിൽ 2023 ആകുമ്പോഴേക്കും 13,892 വിദ്യാർത്ഥികളാണ് മരണപ്പെട്ടിരിക്കുന്നത്. ഇതിൽ ഭൂരിഭാഗവും പിന്നാക്ക, ന്യൂനപക്ഷ, ദളിത്, ആദിവാസി സമൂഹങ്ങളിൽനിന്നുള്ളവരാണ്. കഠിനമായ സാമൂഹിക സാഹചര്യങ്ങളിൽനിന്നും ഉന്നതവിദ്യാഭ്യാസത്തിന്റെ പടിക്കൽ എത്തുന്ന ദളിത്-ആദിവാസി -ന്യൂനപക്ഷ വിദ്യാർത്ഥികൾ നേരിടേണ്ടിവരുന്ന സവർണക്കോയ്മയുടെ പീഡനം താങ്ങാനാവാതെയാണ് ഇവർ ആത്മഹത്യയിലേക്ക് നയിക്കപ്പെടുന്നത്. അദ്ധ്യാപകരിൽനിന്നും മാത്രമല്ല, സഹപാഠികളിൽനിന്നും അനദ്ധ്യാപകരില്‍നിന്നുമൊക്കെ വിദ്യാർത്ഥികൾക്ക് പീഡനം നേരിടേണ്ടിവരുന്നു. ഭരണകൂടത്തിന്റേയും നിയമവ്യവസ്ഥയുടേയും ഒത്താശയോടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളായതുകൊണ്ടാണ് ഇത്തരം മരണങ്ങളെ സ്ഥാപനമരണങ്ങളായി കാണേണ്ടിവരുന്നത്. ഉന്നതവിദ്യാഭ്യാസരംഗത്തെ അദ്ധ്യാപകർ പാർശ്വവൽക്കൃത-അടിത്തട്ടു സമൂഹങ്ങളിൽനിന്നെത്തുന്ന വിദ്യാർത്ഥികളോട് കാണിക്കുന്ന സമീപനം മനുഷ്യത്വവിരുദ്ധവും ഹിംസാത്മകവും ആകുന്നതിന്റെ കാരണം ഈ സവർണാധികാര ഭരണകൂട ഒത്താശയാണ്. എല്ലാത്തിനും ധാർമികരോഷം കൊള്ളുന്ന കേരളീയ പൊതുസമൂഹം ഇത്തരം വിഷയങ്ങളിൽ എടുക്കുന്ന മൗനം അപകടകരമാണ്.
വ്യവസ്ഥാപിത സ്ഥാപനങ്ങളിൽ പട്ടികജാതി, പട്ടികവർഗ വിദ്യാർത്ഥികൾ ജാതിഅധിക്ഷേപത്തിനും മാനസികപീഡകൾക്കും വിധേയരാകുന്നുണ്ട്. 2004 മുതൽ 2024 വരെയുള്ള 10 വർഷക്കാലയളവിൽ ഇന്ത്യയിൽ ജീവനൊടുക്കിയ ദളിത് വിദ്യാർത്ഥികളുടെ എണ്ണം 115 ആണ്. ഒന്നര വർഷത്തിനിടയിൽ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആത്മഹത്യചെയ്ത 18 ദളിത് വിദ്യാർത്ഥികളും നേരിട്ടത് കടുത്ത ജാതിവിവേചനമായിരുന്നു. 2019-’20 കാലഘട്ടത്തിൽ മാത്രം 173 പരാതികളായിരുന്നെങ്കിൽ 2023-’24 കാലഘട്ടത്തിൽ ഇത് 378 പരാതികളായി ഉയരുകയാണ് ചെയ്തത്. രാജ്യത്തെ വിവിധ സർവകലാശാലകളിൽനിന്നും ജാതിവിവേചനത്തിന്റെ പേരിൽ പരാതികൾ ഉയർന്നുകൊണ്ടിരിക്കുന്നു. 1160 പരാതികളാണ് അത്തരത്തിൽ യു.ജി.സിയുടെ മുന്നിൽ എത്തിയിട്ടുള്ളതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
പൊതുവായി ദളിത് കുട്ടികൾ നേരിടുന്ന പ്രശ്നം അവർ മെറിറ്റോറിസ് അല്ല എന്ന വാദമാണ്. സംവരണത്തിന്റെ ഔദാര്യത്തിൽ മാത്രം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അർഹതയില്ലാതെ കയറിപ്പറ്റിയവർ എന്ന ലേബലോടെയാണ് അദ്ധ്യാപകർ ഉൾപ്പടെയുള്ളവർ കണക്കാക്കുന്നത്. സാമ്പത്തിക സംവരണം നടപ്പിലാക്കിയതോടെ അത്തരത്തിലുള്ള ഒരപവാദത്തിൽനിന്നും ദളിത് കുട്ടികൾ ഒരു പരിധിവരെ ഒഴിവായിട്ടുമുണ്ട്, കാരണം എസ്.സി./എസ്.റ്റി, ഒ.ബി.സിക്കും താഴെയാണ് സാമ്പത്തിക പിന്നാക്കം നിൽക്കുന്ന സവർണ കുട്ടികളുടെ മെറിറ്റോറിസ് സ്റ്റാറ്റസ്.
മൗനവും നനഞ്ഞ പ്രതികരണവും അമ്പരപ്പുണ്ടാക്കുന്നതാണ്
വൈജ്ഞാനിക കുത്തകയായി സവർണാധികാരത്തെ നിലനിർത്തുന്നതിൽ ഭരണകൂടങ്ങൾക്കുള്ള പങ്ക് വലുതാണ്. ഭരണകൂടങ്ങളുടെ അകമഴിഞ്ഞ സഹായങ്ങളും നിയമവ്യവസ്ഥയുടെ സ്വാധീനവും ജനാധിപത്യത്തിനും മതേതരത്വത്തിനും അപ്പുറം സവർണാധികാരത്തെ നിലനിർത്താൻ ഇത്തരം സ്ഥാപനങ്ങൾക്ക് കഴിയുന്നു. വിദ്യാഭ്യാസം ഒരു സാമൂഹിക മൂലധനമായി പരിഗണിക്കപ്പെടുകയും തൊഴിൽ വിപണിയിൽ മൂല്യമുള്ള ഒരു ജ്ഞാനസമ്പത്തായി വിദ്യാഭ്യാസം മാറിയതുകൊണ്ടാണ് അത്തരം മൂല്യങ്ങൾ ആർജിക്കുന്നതില്‍നിന്നും ദളിത് ആദിവാസി വിഭാഗങ്ങളെ തടയുന്ന നയങ്ങൾ സ്ഥാപനപരമായ പുറന്തള്ളലും സ്ഥാപനക്കൊലയുമായി ജാതിവരേണ്യർ നടപ്പാക്കിവരുന്നത്. ആഗോള സമ്പദ്‌വ്യവസ്ഥയിൽ പണമൂല്യമായി പരിവർത്തിപ്പിക്കാൻ ശേഷിയുള്ള വിദ്യാഭ്യാസത്തെ പാർശ്വവൽക്കൃത വിഭാഗങ്ങൾക്ക് എത്തുന്നത് തടയുകയും അതിലേക്കെത്തുന്നവരെ പുറത്താക്കുകയും ചെയ്യുന്ന രീതിയായിട്ടാണ് വിദ്യാഭ്യാസമേഖലയിൽ ജാതിവിവേചനങ്ങൾ പ്രവർത്തിക്കുന്നത്.
ജാതിവിവേചനത്തിന്റെ മൂർത്തരൂപങ്ങൾ നേരിട്ടുള്ള ആക്രണങ്ങളിലൂടേയും സ്ഥാപനക്കൊലകളിലൂടേയുമാണ് ഇന്ത്യയിൽ പൊതുവെ നിലനിന്നുപോരുന്നത്. ജോലിസ്ഥലങ്ങളിൽ സഹപ്രവർത്തകരിൽനിന്നും വിദ്യാലയങ്ങളിൽ സഹപാഠികളിൽനിന്നും നേരിടേണ്ടിവരുന്ന തുടർച്ചയായ അവഗണന, പരിഹാസം, ഒറ്റപ്പെടുത്തൽ, ആനുകൂല്യങ്ങൾ നിഷേധിക്കൽ തുടങ്ങി സ്ഥാപനവല്‍ക്കരിക്കപ്പെട്ട സമസ്ത മേഖലയിൽനിന്നുമുള്ള പീഡനപരമ്പരയാണ് അടിസ്ഥാനവർഗങ്ങളെ ആത്മഹത്യയിലേക്ക് നയിക്കുന്നത്. കഴിഞ്ഞ കുറെ വർഷങ്ങളായി ഇന്ത്യയിൽ ഇത് വർദ്ധിച്ചുവരുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടന്ന ആത്മഹത്യകളെ പരിശോധിച്ചാൽ 2023-ൽ ബോംബെ ഐ.ഐ.ടിയിലെ സമർത്ഥനായ ഒന്നാംവർഷ ബിടെക് വിദ്യാർത്ഥിയായ ദർശൻ സോളങ്കി ആത്മഹത്യ ചെയ്തത് സവർണ സഹപാഠികളിൽനിന്നുള്ള ക്രൂരമായ പരിഹാസങ്ങളും ഒറ്റപ്പെടുത്തലും താങ്ങാനാവാതെയായിരുന്നു. ഇന്ത്യയിൽ കോളിളക്കം സൃഷ്ടിച്ച മരണമായിരുന്നു ഹൈദ്രാബാദ് കേന്ദ്ര സർവകലാശാലയിലെ ഗവേഷകനായ രോഹിത് വെമുലയുടേത്. സർവകലാശാല അധികൃതരുടെ അനാസ്ഥയും ഉപദ്രവവും സഹിക്കാനാകാതെയായിരുന്നു. 2019 മുംബൈയിലെ മെഡിക്കൽ വിദ്യാർത്ഥിനി പായൽ തദ്വി സീനിയർ വിദ്യാർത്ഥികളുടെ ക്രൂരമായ അവഹേളനവും ഉപദ്രവവും താങ്ങാനാകാതെ കെട്ടിടത്തിൽനിന്നും ചാടി മരിക്കുകയായിരുന്നു. 2026-ൽ കേരളത്തിൽ നിതിന്റെ ആത്മാഹുതിയിലൂടെ ഈ സ്ഥാപനക്കൊലപാതക പരമ്പര തുടരുകയാണ് ഇന്ത്യയിൽ.
എന്തുകൊണ്ട് ദളിതർ ഇരകളാകുന്നു?
‘ഇന്ത്യയിൽ ജാതിയാണ് സംസ്കാരം’ എന്നാണ് ഹാർവാർഡ് സർവകലാശാല പ്രൊഫസറും എഴുത്തുകാരനുമായ ഡോ. സൂരജ് മിലിന്ദ് യങ്ഡേ പറയുന്നത്. ജാതി ഒരു സംസ്കാരമായിരിക്കുന്ന ഒരു രാജ്യത്ത് ജനാധിപത്യവും തുല്യനീതിയും സമഭാവനയും എങ്ങനെയാണ് ഉണ്ടാകുന്നത്. സ്വാതന്ത്ര്യാനന്തരം പലതരത്തിൽ പരിവർത്തനം നടന്ന ഇന്ത്യയെ നമുക്കു കാണാൻ കഴിയും. ഭാഷാടിസ്ഥാനത്തിൽ, സ്വാതന്ത്ര്യലബ്ധിയിൽ, റിപ്പബ്ലിക്കായപ്പോൾ, ക്ഷേത്രപ്രവേശനത്തിൽ തുടങ്ങി പലതരം നവോത്ഥാന പ്രവർത്തനങ്ങളിലും ഇന്ത്യ അഭിമാനകരമായി പരിവർത്തിച്ചപ്പോഴും മാറാതെ അവശേഷിച്ചതും ഇന്നും നിലനിൽക്കുന്നതുമായ ഒന്നുണ്ടെങ്കിൽ അത് ജാതിവ്യവസ്ഥ തന്നെയാണ്. കേരളം ഉൾപ്പെടെയുള്ള ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഹിംസാത്മകമായും പീഡാനുഭവത്തോടേയും ജാതിവ്യവസ്ഥ നിലനിൽക്കുന്നു.
കേരളത്തിലെ വിദ്യാലയങ്ങളിൽ നടന്ന അപകടമരണങ്ങളിൽ രാഷ്ട്രീയ കൊലകളായാൽ പോലും എന്തുകൊണ്ടാണ് ഇരകളായി ദളിത് വിഭാഗങ്ങളിൽപ്പെട്ടവരാകുന്നത്. കഴിഞ്ഞ ഒൻപതു വർഷങ്ങളിൽ കലാലയങ്ങളിൽ പൊലിഞ്ഞത് ആറ് ജീവനുകളാണ്. മിക്കതിലും ജാതി അധിക്ഷേപവും ജാത്യാധികാര പീഡനവുമാണ്. ഇതിലൊന്നും പ്രതിയാക്കപ്പെടുന്നവർക്ക് സാമൂഹികനീതിക്കനുസരിച്ചുള്ള മാതൃകാപരമായ ശിക്ഷകൊടുക്കാൻ ഭരണകൂടത്തിനോ നിയമവ്യവസ്ഥിതിക്കോ കഴിഞ്ഞിട്ടില്ല എന്നുമാത്രമല്ല, പ്രതികളുടെ സംരക്ഷകരായി മാറുകയും ചെയ്യുന്നതാണ് കാണാൻ സാധിക്കുന്നത്. വിദ്യാർത്ഥി രാഷ്ട്രീയ കൊലകളിൽപോലും സെലക്ടീവ് ചോയ്സ് ആയി ദളിത് വിദ്യാർത്ഥികൾ മാറുന്നതും പൊതുബോധ ധാർമികതയെ ബാധിക്കുന്നില്ല.
ഒരു ആധുനിക സമൂഹത്തിലും നടക്കാൻ പാടില്ലാത്ത ഇത്തരം ഹിംസാത്മകവും പൈശാചികവുമായ പ്രവൃത്തിയിൽ മൗനംപാലിക്കുന്ന വലിയൊരു പൊതുസമൂഹം നിലനിൽക്കുന്നുണ്ടെകിൽ അത് പുരോഗമനപരമെന്നും മതേതരമെന്നും നാം ധരിച്ചുവെച്ചിരിക്കുന്ന സങ്കല്പത്തിന്റെ ജീർണതകൂടിയാണ്. കേരളംപോലുള്ള സംസ്ഥാനങ്ങളിൽപോലും പൊതുമനസ്സാക്ഷിയും ഭരണകൂടങ്ങളും ഉണരണമെങ്കിൽ ഹിംസാത്മക പ്രവൃർത്തികളുടെ ഇരകൾ പ്രിവിലേജ്ഡ് ആയിട്ടുള്ളവർ ആകണം. അങ്ങനെയെങ്കിൽ അവൾക്കൊപ്പമോ അവനൊപ്പമോ പോലുള്ള ടാഗ് ലൈനുകൾ എവിടേയും പ്രത്യക്ഷപ്പെടുകയും ധാർമികരോഷം പൊട്ടിപ്പുറപ്പെടുകയും ചെയ്യുമായിരുന്നു.
മൂലധനങ്ങളും ജ്ഞാനവും ആർജിക്കുന്നതിനെ തടയുകയും അതിനു പ്രാപ്യമാകുന്ന ഭരണഘടനാ നിയമങ്ങളേയും ചട്ടങ്ങളേയും അട്ടിമറിക്കപ്പെടുകയും പൊലീസ് സംവിധാനത്തെ നീതി നിർവഹണ സംവിധാനവും ദളിത് ആദിവാസി വിഭാഗങ്ങൾക്ക് ലഭ്യമാകാത്തവിധം സ്തംഭിപ്പിക്കുകയും ചെയ്യുന്ന രീതികളാണ് വിദ്യാഭ്യാസരംഗത്തെ മാനേജ്‌മെന്റുകൾ, അദ്ധ്യാപകർ, രാഷ്ട്രീയ പാർട്ടികൾ, കോടതികൾ, നിയമജ്ഞർ മുതലായവർ പ്രവർത്തിക്കുന്നത്. അതിലൂടെ സാമൂഹികനീതിയും തുല്യതയുമുള്ള വിദ്യാഭ്യാസവും ഈ വിഭാഗങ്ങൾക്ക് നഷ്ടപ്പെടുന്നു.
വിജ്ഞാനത്തിലൂടെ ആർജിക്കുന്ന ബോധവും ഉണർവും ധൈര്യവും ആത്മവിശ്വാസം ഉണ്ടാക്കും. ഈ തിരിച്ചറിവാണ് പാർശ്വവൽക്കൃത വിഭാഗങ്ങൾ വിദ്യാഭ്യാസ മേഖലയിൽ എത്തിച്ചേരുന്നത്. എന്നാൽ, സവർണ കുത്തകാധിഷ്ഠിത ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ അവിടെ എത്തുന്ന ദളിത്, ആദിവാസി, പിന്നാക്ക വിഭാഗങ്ങളിലെ കുട്ടികളെ ജാതീയമായും വർണ-വർഗപരമായും അധിക്ഷേപിക്കുകയും മനസികപീഡകളേല്പിച്ചും ആത്മവിശ്വാസം തകർക്കുകയും ആത്മഹത്യയിലേക്കുതന്നെ തള്ളിവിടുകയും ചെയ്യുന്നു. വൈജ്ഞാനിക മേഖലയിൽനിന്നും ഇവരെ പുറന്തള്ളി സവർണ കുത്തകാധിഷ്ഠിത വൈജ്ഞാനികമേഖല നിലനിർത്താനുള്ള കുത്സിതശ്രമത്തിന്റെ ഭാഗമായിവേണം ഇതിനെ മനസ്സിലാക്കാൻ. ഒരാൾക്ക് ഏതു വിഷയത്തിലും പ്രാവീണ്യം നേടണമെങ്കിൽ അവസരങ്ങളും സമ്മർദരഹിത അന്തരീക്ഷവും ഉണ്ടാവണം. സമ്മർദം സൃഷ്ടിക്കുന്നതിലൂടെ അത്തരം അവസരം നഷ്ടപ്പെടുകയാണ്. മനോനില തകർത്ത് ആത്മാഹൂതിയിലേക്കു തള്ളിവിടുന്നതിലൂടെ അവൻ മാത്രമല്ല, അവനുൾക്കൊള്ളുന്ന സമൂഹത്തിനുകൂടിയാണ് ആ പരിക്ക് ഏൽക്കുന്നത്. അവൻ ഉൾക്കൊള്ളുന്ന സമൂഹത്തിൽനിന്നും മറ്റൊരാൾ പിന്നെ വരാൻ മടിക്കും. അങ്ങനെ വൈജ്ഞാനിക നിഷ്‌കാസിതരായ സമൂഹത്തെ സൃഷ്ടിക്കും.
ഉന്നതവിദ്യാഭ്യാസരംഗത്തെ ആത്മഹത്യകളും കൊലപാതകങ്ങളും നിരന്തരം ആവർത്തിക്കുമ്പോൾ അവയെല്ലാം ക്ഷണികമായ വാർത്താപ്രാധാന്യമുള്ള ഒന്നായി അവശേഷിക്കുകയും ജാതി ആധിപത്യമാണ് ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെ ബോധന രീതിശാസ്ത്രം എന്ന് നിരന്തരം വെളിവാക്കുന്ന നയമാണ് നടപ്പാക്കുന്നത്.
സംവരണവിരുദ്ധതയും സവർണബോധവും കൂടിച്ചേർന്ന അധികാരരൂപമാണ് കീഴാള വിദ്യാർത്ഥികളെ ഉന്നതവിദ്യാഭ്യാസരംഗത്തുനിന്നും പുറത്താക്കുന്ന സ്ഥാപനപരമായ പുറന്തള്ളലായി പ്രവർത്തിക്കുന്നത്. വിദ്യാഭ്യാസരംഗത്തെ ഈ ജാതി മുൻവിധിയാണ് സ്ഥാപനപരമായ മുൻവിധിയായി അവിടെയുള്ള അദ്ധ്യാപകർ ഉൾപ്പെടെയുള്ള അറിവുല്പാദകരിലൂടെ പുറത്തേയ്ക്ക് വരുന്നത്.
സവർണ മാധ്യമങ്ങളുടെ കൂട്ടുത്തരവാദിത്വം
“ലോൺ മാഫിയയുടെ ക്രൂരത-മരിച്ച നിതിൻ രാജിന് നേരിടേണ്ടിവന്നത് കടുത്ത ഭീഷണി- അദ്ധ്യാപികയ്ക്കും സന്ദേശങ്ങൾ.”
“ലോൺ ആപ്പിൽനിന്ന് അദ്ധ്യാപികയ്ക്ക് കോൾ ചോദ്യം ചെയ്തതിനു പിന്നാലെ നിതിന്റെ മരണം അദ്ധ്യാപകരെ പ്രതിചേർത്തു.”
സാക്ഷരതയും മതേതരവും നിറഞ്ഞ പുരോഗമന കേരളത്തിലെ മാധ്യമ നിഷ്പക്ഷതയുടെ കപട മുഖങ്ങൾ ആണ് ഈ വാർത്തകളിലൂടെ കാണാൻ കഴിയുക. റിപ്പോർട്ടിംഗിലൂടെ ഒളിച്ചുകടത്തുന്ന ന്യായീകരണ ദൗത്യം കൃത്യമായി നടത്തിക്കൊടുത്തുകൊണ്ടാണ് മാധ്യമലോകം ദളിത് കൊലകളേയും സവർണ സ്ഥാപനക്കൊലപാതകങ്ങളേയും ന്യായീകരിക്കാൻ ശ്രമിക്കുന്നത്. ജാതിവാലുപേറിയ അദ്ധ്യാപികയുടെ വാൽ വാർത്തയിൽ മുറിച്ചുമാറ്റി ഒരു സവർണ ജാതിയെ മുഴുവൻ കളങ്കമേൽകാതെ സൂക്ഷിക്കാൻ മാധ്യമങ്ങൾ ബോധപൂർവമായി ശ്രമിക്കുന്നതിന്റെ ഭാഗമാണ് ഡോ. സംഗീത നമ്പ്യാർ പിന്നീടുള്ള വാർത്തകളിൽ ഡോ. സംഗീതയായി ചുരുങ്ങുന്നത്. സവർണ സംരക്ഷണം തീർക്കുന്ന വാർത്തകളാണിത്. ദളിത് കൊലപാതകങ്ങൾ നടത്തിയവരെപ്പോലും സംരക്ഷിക്കുന്ന പുരോഗമന കേരളത്തിലെ മാധ്യമപ്പണിയാണ്. സൂക്ഷ്മമായും കൃത്യമായും സവർണ ഇടപെടൽ നടക്കുന്നതിന്റെ തെളിവുകളാണ് ഇതൊക്കെ. പൊതു ഇടങ്ങളിലും ജോലി സ്ഥലങ്ങളിലും പാരമ്പര്യവും ആഢ്യത്വവും ഉറപ്പിക്കാൻ ബോധപൂർവം ചേർക്കുന്ന ജാതിവാലുകൾ, കൊലപാതകങ്ങളിൽ പങ്കാളിയാകുമ്പോൾ സവർണ സമുദായത്തിന് മൊത്തത്തിൽ കളങ്കം വരാതെ സൂക്ഷിക്കാൻ പ്രതിയുടെ ജാതിവാൽ മാറ്റുന്ന ഉത്തരവാദിത്വം മാധ്യമങ്ങൾ തന്നെ ഏറ്റെടുക്കുമ്പോൾ വെളിവാകുന്നത് കേവലം ഒരു പേരിന്റെ ശേഷിപ്പല്ല, ഒരു സാമുദായിക സംരക്ഷണം കൂടിയാണ്. രാഷ്ട്രീയ നേതാക്കളോ സാമൂഹികനീതിയെക്കുറിച്ച് വാചാടോപം നടത്തുന്ന സാംസ്കാരിക സമൂഹമോ ഇത്തരം വിഷയങ്ങളിൽ അവലംബിക്കുന്ന സമീപനങ്ങളും നിശ്ശബ്ദതയും സമൂഹത്തിൽ യഥാർത്ഥത്തിൽ നിലനിൽക്കുന്ന ജാതിരഹിത മതേതര കാപട്യത്തിന്റെ മുഖങ്ങളെ തുറന്നുകാട്ടുകയാണ് ചെയ്യുന്നത്.
പരാജയപ്പെടുന്ന നീതിവ്യവസ്ഥ
ഒരു രാജ്യത്തിന്റെ വികസന മാനദണ്ഡം വിലയിരുത്തേണ്ടത് ആ സമൂഹത്തിലെ ഏറ്റവും ദുർബലരായ ജനവിഭാഗങ്ങൾക്ക് എന്തു സംഭവിക്കുന്നു എന്നു നോക്കിയാകണം എന്നാണ് 1971-ൽ പ്രസിദ്ധീകരിച്ച ജോൺ റോൾസിന്റെ പുസ്തകമായ ‘തിയറി ഓഫ് ജസ്റ്റിസി’ൽ പറയുന്നത്. എന്നാൽ, ഇവിടെ സമ്പന്ന സവർണ താല്പര്യങ്ങൾക്ക് വിധേയമാകുന്നതരത്തിൽ വികസനങ്ങൾ ഒരുക്കുകയും അടിസ്ഥാന വർഗത്തെ പരിമിതികൾക്കുള്ളിൽ നിലനിർത്തിപ്പോരുകയും ചെയ്യുന്ന കാഴ്ചപ്പാടാണ് ഭരണകൂടങ്ങൾക്കുള്ളത്.
നിന്ദിതരും പീഡിതരുമായ ദളിത്-ആദിവാസി ന്യൂനപക്ഷങ്ങൾക്കൊന്നും തന്നെ നിലവിലെ സാമൂഹിക വ്യവസ്ഥിതിയിൽ നീതി എന്നത് അന്യമാണ്. ഘടനാപരമായ മേൽകീഴ് ബന്ധങ്ങളിൽ നിലനിർത്തിയിരുന്ന ജാതികളിൽ മേൽത്തട്ട് സമൂഹങ്ങളോട് ആദരവും മാന്യത, പദവി എന്നിവയും കീഴ്ത്തട്ട് സമൂഹങ്ങളോട് പുച്ഛവും വെറുപ്പും കാണിക്കുന്ന മനോനിലകളാണ് സമൂഹത്തിനുള്ളത്. അതുകൊണ്ട് ഭരണസംവിധാനം ജാതി മുൻവിധിയിൽ പ്രവർത്തിക്കുമ്പോൾ നീതി എന്നത് മേൽജാതിക്കാർക്കായി മാത്രം ലഭ്യമാകുന്ന ഒന്നായിത്തീരുന്നു. അതുകൊണ്ടാണ് ദളിത് പീഡനങ്ങൾ നടത്തുന്ന ഒരു സവർണ കൊലയാളിയേയും ശിക്ഷിക്കാനോ പ്രതിചേർക്കാൻ പോലും നീതിവ്യവസ്ഥ തയ്യാറാകാത്തതും. ഈ യാഥാർത്ഥ്യം ദളിത് ആക്രമണം നടത്തുന്നതിൽനിന്നും സവർണനെ തടയുന്നില്ല. ഈ മനോനിലകളിന്മേലാണ് മധുവും വിനായകനും ഒക്കെ ആക്രമണത്തിനു വിധേയമാകുന്നത്.
ജാതിയുടെ ഭൗതികാടിത്തറയെ മനസ്സിലാക്കിക്കൊണ്ട് ജാതിയെ ഉന്മൂലനം ചെയ്യുന്നതിലൂടെ മാത്രമേ ജാതിരഹിത സമൂഹം സൃഷ്ടിക്കാനാകൂ എന്ന അംബേദ്കർ ചിന്തയെ മാറിമാറി വരുന്ന ഭരണസംവിധാനങ്ങളും പുരോഗമന രാഷ്ട്രീയപാർട്ടികളും പുതിയരീതിയിൽ പുനർസൃഷ്ടിച്ചുകൊണ്ട് ജാതി അടിത്തറ ഉറപ്പിച്ചുകൊണ്ടാണ് അട്ടിമറിക്കുന്നത്. ജാതി ഉന്മൂലനത്തിനായി പുരോഗമന രാഷ്ട്രീയപാർട്ടികളൊന്നും തന്നെ ശ്രമിക്കുന്നില്ല. ചില സാമൂഹിക വിഭാഗങ്ങളെ അടിച്ചമർത്താനും പീഡിപ്പിക്കാനും വിചാരണ ചെയ്യാനുമുള്ള സാമൂഹികാവസ്ഥ സൃഷ്ടിക്കാനുള്ള അധികാരം എങ്ങനെയാണ് ലഭിക്കുന്നത് എന്ന ചോദ്യം ഉയർത്താൻ ഒരു രാഷ്ട്രീയക്കാർക്കും കഴിയുന്നില്ല. അതിനുകാരണം അധികാരം നിലനിന്നുപോരുന്നത് മേൽത്തട്ട് വിഭാഗങ്ങളിൽ മാത്രമായിരിക്കുന്നതുകൊണ്ടാണ്.
രാജ്യത്ത് ദളിത്-ആദിവാസി-പിന്നാക്ക വിഭാഗ വിദ്യാർത്ഥികൾ വിദ്യാലയങ്ങളിൽ നേരിടുന്ന വിവേചനം ഒരു ഒറ്റപ്പെട്ട സംഭവമല്ല. കഴിഞ്ഞ ഏഴ് വർഷക്കാലയളവിൽ ഇന്ത്യയിലെ ഐ.ഐ.ടി പോലുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 98-ഓളം ദളിത്-ആദിവാസി-മറ്റു പിന്നാക്ക വിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾ ജാതിവിവേചനത്തിന് ഇരകളായി ആത്മഹത്യ ചെയ്തതായി രാജ്യസഭയിൽ വെളിപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിൽ പത്തു ലക്ഷം ദളിതുകൾ അപകടം പിടിച്ച ശുചീകരണ തൊഴിലാളികളായി പീഡനരഹിതരായി ജോലി ചെയ്യുന്നു. ഈ വൈരുദ്ധ്യങ്ങളിൽ ആണ് ഇന്ത്യയുടെ സാമൂഹികനിർമിതി. തെങ്ങുകയറ്റ പരിശീലനത്തിനായി 70 ശതമാനം പട്ടികജാതിക്കാർക്കായി മാറ്റിവയ്ക്കുന്ന കാർഷിക സർവകലാശാലകളും ശുചീകരണ തൊഴിലുകൾ അടിസ്ഥാനവർഗത്തിനായി പരിപൂർണമായി നീക്കിവച്ചുകൊണ്ടും അന്തസ്സാർന്ന തൊഴിലിടങ്ങളിൽനിന്നും മാറ്റിനിർത്തികൊണ്ടും വൈജ്ഞാനിക പുറന്തള്ളൽ ഘടനാപരമായി നിലനിർത്തുകയും ചെയ്തുകൊണ്ടാണ് ഇന്ത്യൻ ജാതിവ്യവസ്ഥ ആധുനികമായി നിലനിർത്തുന്നത്. സാമൂഹിക പുറന്തള്ളലും (Social Exclusion) ഘടനാപരമായ പുറന്തള്ളലും (Structural Exclusion) അനുഭവിക്കുന്നവരാണ് ഇന്ത്യൻ ദളിതുകൾ എന്ന് പല പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നത് ഇതുകൊണ്ടാണ്.
അതുകൊണ്ടുതന്നെ ജാതീയമായ സാമൂഹിക ജീർണതകൾക്ക് സാംസ്കാരികവും ധാർമികവും ആദർശപരവും പുരോഗമനപരവുമായ ഒരു സമൂഹം പരിഹരിക്കേണ്ടത് ചർച്ചകളിലൂടേയും തീരുമാനങ്ങളിലൂടേയും ആശയങ്ങൾ പ്രചരിപ്പിച്ചും ശക്തമായി പ്രതികരിച്ചുമൊക്കെ ആകണം. ജനാധിപത്യത്തെ സൃഷ്ടിക്കുന്നത് Discussion (ചർച്ച), Debate (സംവാദം), Dissent (വിയോജിപ്പ്) എന്നീ മൂന്ന് ‘D’ കളിലൂടെയാണെന്ന് പ്രൊഫ. കുഞ്ഞാമനെപ്പോലുള്ളവർ പറഞ്ഞിട്ടുണ്ട്. ജനാധിപത്യ ധ്വംസനത്തിനെതിരെയുള്ള ഭരണകൂട മൗനത്തെ ആപല്‍ക്കരമായി കാണണം. ഹിംസാത്മക പ്രവൃത്തികൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിനുപകരം ഇരയാകുന്ന ദളിത് വിഭാഗങ്ങൾക്ക് ജീവനുപകരം വീട് നിർമിച്ചുകൊടുത്തുകൊണ്ട് അപകടകരമായ സാമൂഹിക തിന്മയെ ലഘൂകരിക്കുന്ന ഭരണകൂടങ്ങളും രാഷ്ട്രീയപാർട്ടികളും ചെയ്യുന്നത് ദളിതന്റെ പ്രശ്നം ദാരിദ്ര്യം ആണെന്ന ‘നരേഷൻ’ ആവർത്തിച്ചുകൊണ്ടാണ്.
വിദ്യാഭ്യാസമേഖലയിൽ നടക്കുന്ന ആസൂത്രിതവും വ്യവസ്ഥാപിതവുമായ പുറന്തള്ളൽ പ്രക്രിയയ്ക്കു മുൻപിൽ പ്രവർത്തിക്കുന്ന ഘടകം ജാതിതന്നെയാണ്. സാമൂഹികവും സാമ്പത്തികവുമായ കുറഞ്ഞ മൂലധനം, കുടുംബ പശ്ചാത്തലം എന്നിവമൂലം കടുത്ത പ്രതിസന്ധികൾ തരണം ചെയ്തുകൊണ്ടാണ് ദളിത് വിദ്യാർത്ഥികൾ വിദ്യാലയങ്ങളിൽ എത്തിച്ചേരുന്നത്. കേരളത്തിലെ ഗവൺമെന്റ്, എയ്ഡഡ് കോളേജുകളിൽനിന്നൊക്കെ പ്രസ്തുത വിഭാഗത്തിൽനിന്നുള്ള കുട്ടികൾ ജാതീയമായ വിവേചനങ്ങൾക്കും അധിക്ഷേപങ്ങൾക്കും ഇരയാകുന്നുണ്ട്. സംവരണീയരായ കുട്ടികൾക്ക് സംവരണമുള്ളതിനാൽ ഇന്റേണൽ മാർക്ക് പൂർണമായും കൊടുക്കേണ്ട കാര്യമില്ലെന്നും അവർ മുന്നിലായാൽ നമ്മുടെ കുട്ടികളെ അത് ബാധിക്കും എന്നു വിലപിക്കുന്ന സ്റ്റാഫ്റൂം ചർച്ചകൾക്ക് വ്യക്തിപരമായി സാക്ഷിയാകേണ്ടിവന്നിട്ടുണ്ട്. കേരള സർവകലാശാല ക്യാമ്പസ്സിൽ നിലവിൽ നായർ അദ്ധ്യാപകർ വകുപ്പ് അധ്യക്ഷത വഹിക്കുന്ന വകുപ്പുകളൊഴികെ ബാക്കിയെല്ലാ വകുപ്പുകളുടേയും ക്വാളിറ്റി നഷ്ടപ്പെട്ടെന്നും അവിടെയെല്ലാം ആശാരിമാരും ദളിത് അദ്ധ്യാപകരുമാണ് ഉള്ളതെന്നും അവർക്കെല്ലാം ജാതിയുടെ കോംപ്ലക്സ് ബാധിച്ചവരെന്നും നേരിട്ട് പറഞ്ഞ ചെറുപ്പക്കാരനായ പരിണാമസിദ്ധാന്തം പഠിപ്പിക്കുന്ന ജാതിവെറിയനായ സഹപ്രവർത്തകനോടൊപ്പം ജോലിചെയ്ത അനുഭവവും ഉണ്ട്. ഇത്തരം സവർണ വിദ്യാഭ്യാസ സ്ഥാപനങ്ങളൊക്കെയും ജാതിവ്യവസ്ഥയെ പുനരുല്പാദിപ്പിക്കുന്ന കേന്ദ്രങ്ങളായി മാറുന്നു എന്നാണ് കാണാൻ കഴിയുന്നത്.
സംവരണീയരായ കുട്ടികൾക്ക് ഗവേഷണത്തിന് വഴികാട്ടികളാകാൻ താല്പര്യപ്പെടാത്ത അദ്ധ്യാപകരും സർവകലാശാലകളിൽ ഉണ്ട്. ഗവേഷകരായ വിദ്യാർത്ഥികളുടെ സ്‌കോളർഷിപ്പിൽ വരുത്തുന്ന കാലതാമസം പലപ്പോഴും അവരെ സമ്മർദത്തിലേക്ക് തള്ളിവിടുകയും നീണ്ടകാലയളവുകളിൽ ലഭ്യമാകാതെ വരുമ്പോൾ ഗവേഷണം ഉപേക്ഷിച്ച് പോകുന്നവരും പൊതുകാഴ്ചയാണ്. ഇത്തരത്തിൽ ഒരു വ്യവസ്ഥ മുഴുവൻ തങ്ങൾക്കെതിരാകുന്നു എന്നു കണ്ട് സമ്മർദങ്ങൾ താങ്ങാനാവാതെ വരുന്നവർ ആത്മഹത്യയിലേക്കും പുറന്തള്ളപ്പെടലിലേക്കും നയിക്കപ്പെടുന്നു.
“നിങ്ങളേത് ദിശയിലേക്ക് തിരിഞ്ഞാലും
നിങ്ങളുടെ വഴിമുടക്കുന്ന നികൃഷ്ട ജന്തുവായി ജാതിയുണ്ടാകും ...!
ആ ജീവിയെ കൊല്ലാതെ
നിങ്ങൾക്ക് രാഷ്ട്രീയവും സാമ്പത്തികവുമായ പരിഷ്‌കരണങ്ങൾ സാധ്യമല്ല”
എന്ന ഡോ. ബി.ആർ. അംബേദ്കറുടെ ദാർശനികമായ കാഴ്ചപ്പാടും ദീർഘവീക്ഷണവും ജനാധിപത്യപരമായി അവകാശത്തോടേയും അധികാരത്തോടേയും അന്തസ്സുമുള്ള മനുഷ്യനായി ജീവിക്കാൻ ദളിത്-ആദിവാസി ന്യൂനപക്ഷ വിഭാഗങ്ങൾക്കു കഴിയട്ടെ. അതിനായി വേണ്ടിവന്നാൽ കൂടുതൽ കൂടുതൽ ശക്തിയേറിയ ആത്മവീര്യവും ആത്മവിശ്വാസവും നിറച്ച പീരങ്കികൾ കയ്യിൽ കരുതി ശക്തരാവുക ! പ്രബുദ്ധരാവുക!
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates