വാളയാറില്‍ പീഡനത്തിരയായി മരണപ്പെട്ട സഹോദരിമാര്‍ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് സമരത്തിനിടെ  BP DEEPU-TVM
Malayalam Weekly

ആത്മഹത്യകളോ കൊലപാതങ്ങളോ?

വാളയാറിലെ സഹോദരിമാരെപ്പോലെ കൗമാരക്കാരായ നിരവധി കുട്ടികൾ പാലക്കാട്ടെ ഗ്രാമങ്ങളിൽ ദുരൂഹ സാഹചര്യങ്ങളിൽ മരിച്ചതിനെക്കുറിച്ചുള്ള യഥാർത്ഥ അന്വേഷണം ആര് നടത്തും?

പി.എസ്. റംഷാദ്

പാലക്കാട് ജില്ലയിലെ അതിർത്തി ഗ്രാമങ്ങളിൽ പ്രായപൂർത്തിയാകാത്ത നിരവധി കുട്ടികൾ ലൈംഗിക ചൂഷണത്തിന് ഇരകളായ ശേഷം ദുരൂഹ സാഹചര്യത്തിൽ മരിക്കുന്നു. പൊലീസിനും സാമൂഹിക പ്രവർത്തകർക്കും മാധ്യമങ്ങൾക്കും ഇത് പുതിയ വിവരമല്ല. പക്ഷേ, ഭയപ്പെടുത്തുന്ന ഈ സ്ഥിതി അന്വേഷിക്കുന്നതിന് സംസ്ഥാന സർക്കാർ പ്രത്യേക സംഘം രൂപീകരിക്കുന്നത് ഇതാദ്യം. തീരുമാനമെടുത്തിട്ട് രണ്ടു മാസമാകുന്നു. ആ അന്വേഷണത്തിലും അതിന് ഇടയാക്കിയ സാഹചര്യങ്ങളെക്കുറിച്ചും ആഭ്യന്തര വകുപ്പിനും പൊലീസിനും അവ്യക്തത ഒട്ടുമില്ല. എന്നിട്ടും മൂന്നു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം എന്ന നിർദേശത്തോടെ രൂപീകരിച്ച പ്രത്യേക സംഘം അന്വേഷണം തുടങ്ങിവയ്ക്കുന്നതേയുള്ളൂ. ബാല ഇരകളെ വേട്ടയാടിയവരുടെ സംരക്ഷകരായി ആരൊക്കെയോ എവിടെയൊക്കെയോ ഇരുന്ന് സിസ്റ്റം നിയന്ത്രിക്കുന്നു എന്ന് സംശയിക്കേണ്ട സ്ഥിതി.

വാളയാർ, കൊല്ലങ്കോട്, മീനാക്ഷിപുരം, കൊഴിഞ്ഞാമ്പാറ പൊലീസ് സ്റ്റേഷനുകളുടെ പരിധിയിൽ സമീപ വർഷങ്ങളിൽ പോക്‌സോ കേസുകൾ താരതമ്യേന കൂടുതലായി റിപ്പോർട്ടു ചെയ്യുന്നു എന്നു ചൂണ്ടിക്കാട്ടിയാണ് അന്വേഷണം തീരുമാനിച്ചത്. എ.ഐ.ജി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിൽ പ്രത്യേക ‘ടാസ്‌ക് ഫോഴ്‌സ്’ രൂപീകരിക്കുന്നു എന്നും ജൂലൈ ഏഴിന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ഓഫീസ് അറിയിച്ചു. ജില്ലാ ജനജാഗരൺ സമിതി, ജില്ലാ വനിതാ സെൽ, സഖി, ജില്ലാ ചൈൽഡ് ആന്റ് വെൽഫെയർ ഓഫീസർ, വനിതാ സംഘടനകളുടെ പ്രതിനിധി എന്നിവരാണ് ടാസ്‌ക് ഫോഴ്സിലുണ്ടാവുക. മൂന്ന് ദിവസത്തിനുള്ളിൽ ടാസ്‌ക് ഫോഴ്സ് രൂപീകരിച്ച് മൂന്ന് മാസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്ട് ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് സമർപ്പിക്കണമെന്നായിരുന്നു നിർദേശം. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ ലൈംഗിക അതിക്രമങ്ങൾ തടയാനുള്ള പ്രതിബദ്ധതയാണ് സർക്കാരിനെ ഈ തീരുമാനത്തിനു പ്രേരിപ്പിച്ചത് എന്ന് ആഭ്യന്തരമന്ത്രി വിശദീകരിക്കുന്നു.

കുട്ടികൾക്ക് എന്താണ് സംഭവിക്കുന്നത് എന്ന് അന്വേഷിച്ചു തുടങ്ങിയപ്പോഴാണ് ഞെട്ടിക്കുന്ന പുതിയ വിവരങ്ങളിലേക്ക് എത്തിയത്. കേരളം രോഷത്തോടേയും കണ്ണീരോടേയും ഒരുപാട് സംശയങ്ങളോടേയും ചർച്ചചെയ്ത വാളയാറിലെ കൗമാരക്കാരായ രണ്ടു സഹോദരിമാരുടെ മരണം, അതിനെക്കുറിച്ചുള്ള സി.ബി.ഐ അന്വേഷണം, ഒന്‍പതും പതിമൂന്നും വയസ്സുള്ള ആ കുട്ടികൾ ആത്മഹത്യ ചെയ്തതു തന്നെയാണ് എന്ന നിഗമനം, അത് സ്ഥിരീകരിക്കാൻ പത്തു വർഷത്തിനിടെ ആ പ്രദേശത്ത് സമാന പ്രായത്തിലുള്ള കുട്ടികൾ തൂങ്ങിമരിച്ചതിനെക്കുറിച്ച് സി.ബി.ഐ നടത്തിയ വിവരശേഖരണം, അതിലെ കണ്ടെത്തലുകളെ അവരുടെ വാദങ്ങൾ സമർത്ഥിക്കാനുള്ള കാരണമാക്കി മാറ്റാനുള്ള ശ്രമം, അതിനെതിരെ അഞ്ച് പൊതുപ്രവർത്തകർ നടത്തിയ ഇടപെടലുകൾ, അഡ്വ. പി.വി. ജീജേഷ് മുഖേന അവർ ഹൈക്കോടതിയിൽ നൽകിയ പൊതു താല്പര്യ ഹർജി തുടങ്ങി പരസ്പരം ബന്ധപ്പെട്ട നിരവധി കാര്യങ്ങൾ. വി.എം. മാർസൻ, സലിൽ ലാൽ അഹമ്മദ്, വിളയോടി വേണുഗോപാൽ, കെ. വാസുദേവൻ, ഫാ. അഗസ്റ്റിൻ വട്ടോളി എന്നിവരാണ് 2025 സെപ്റ്റംബർ ഒന്‍പതിന് ഹൈക്കോടതിയെ സമീപിച്ചത്. പാലക്കാട് ജില്ലയിൽ 2010-നും 2023-നും ഇടയിൽ തൂങ്ങിമരിച്ചതായി കണ്ടെത്തിയ 28 കുട്ടികളുടെ മരണങ്ങളിൽ ശരിയായതും കാര്യക്ഷമവും ഫലപ്രദവും പക്ഷപാതരഹിതവുമായ ക്രിമിനൽ അന്വേഷണമാണ് ആവശ്യപ്പെട്ടത്. അതിൽ ഈ നാല് പൊലീസ് സ്റ്റേഷനുകളുടെ പരിധിയിൽപ്പെട്ട സ്ഥലങ്ങളും സംഭവങ്ങളും മാത്രമല്ല ഉള്ളത്. അതേസമയം, സർക്കാരിന്റെ പത്രക്കുറിപ്പ് മറ്റൊരു തരത്തിലാണ്: “ഡിജിറ്റൽ യുഗത്തിൽ സ്മാർട്ട് ഫോണുകളുടേയും മറ്റും വ്യാപക ഉപയോഗം കുട്ടികളുടെ സ്വഭാവത്തിലും പ്രതികരണത്തിലും മാനസിക നിലയിലും വരുത്തുന്ന മാറ്റങ്ങളും വിവിധ സാമൂഹ്യ പശ്ചാത്തലത്തിലുള്ള കുട്ടികളിൽ ഇവയുടെ ഉപയോഗമുണ്ടാക്കുന്ന പ്രത്യാഘാതവും ടാസ്‌ക് ഫോഴ്സിന്റെ അന്വേഷണപരിധിയിൽ വരും. വാളയാർ പോലുള്ള പ്രദേശങ്ങൾ വ്യാവസായിക മേഖലയ്ക്ക് അടുത്തായതിനാൽ മാതാപിതാക്കൾ കുട്ടികളെ വീട്ടിൽ തനിച്ചാക്കി ജോലിക്കു പോകുന്ന സാഹചര്യം ഉണ്ടാകുന്നുണ്ട്. ഡിജിറ്റൽ കാലഘട്ടത്തിൽ കുട്ടികൾ കൂടുതലായി സ്മാർട്ട് ഫോണുകളേയും മറ്റും ആശ്രയിക്കുന്ന നിലയുണ്ടാകുന്നതും അത് അവരുടെ സ്വഭാവത്തിലും ജീവിതസാഹചര്യങ്ങളിലുമുണ്ടാക്കുന്ന മാറ്റങ്ങളും അന്വേഷണത്തിന്റെ ഭാഗമാകും.”

വാളയാറിലെ സഹോദരിമാരുടെ വീട്

കുട്ടികൾക്കെതിരെ നടക്കുന്ന ഇത്തരം ചൂഷണങ്ങൾ തടയാൻ പൊലീസിനെ കൂടാതെ വിദ്യാഭ്യാസ-ആരോഗ്യ-സാമൂഹ്യ ക്ഷേമ-പി.ആർ.ഡി വകുപ്പുകളുടെ സംഘടിതമായ പരിശ്രമം വേണമെന്ന ചിന്തയിലാണ് ഇത്തരത്തിലൊരു ടാസ്‌ക് ഫോഴ്സ് രൂപീകരിക്കാൻ ആഭ്യന്തരമന്ത്രി നിർദേശം നൽകിയത് എന്നും ബോധവൽക്കരണം, മനശ്ശാസ്ത്ര കൗൺസലിംഗ്, മനശ്ശാസ്ത്രപരമായി കുട്ടികൾക്ക് നൽകുന്ന പിന്തുണ, കുട്ടികളുടെ സംരക്ഷണത്തിനുവേണ്ടിയുള്ള മറ്റു മാർഗങ്ങൾ ഇവയെല്ലാം ഈ റിപ്പോർട്ടിലുണ്ടാകും എന്നും സർക്കാർ വിശദീകരിക്കുന്നു.

ഹർജിക്കാർ ചില പ്രധാന കാര്യങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ട്: “പോസ്റ്റ്മോർട്ടം റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഈ മരണങ്ങളെല്ലാം കൊലപാതകമോ വളരെ സംശയാസ്പദമോ ആണെന്നാണ്; ഈ കേസുകളുടെയെല്ലാം അന്വേഷണം ദുരൂഹമായ കാരണങ്ങളാൽ തടസ്സപ്പെടുത്തിയിരിക്കുകയാണെന്ന് മനസ്സിലാകുന്നു; ഈ കേസുകളെല്ലാം തുടക്കത്തിൽത്തന്നെ ആത്മഹത്യകളായി അവസാനിപ്പിച്ചു; പോസ്റ്റ്മോർട്ടം പരിശോധനകളിൽനിന്നുള്ള വിവിധ തെളിവുകൾ പരിഗണിക്കാത്തത് അന്വേഷണത്തിന്റെ പരാജയത്തിലേക്ക് വിരൽ ചൂണ്ടുന്നു.”

വീടിന്‍റെ ഉള്‍വശം

28 കുട്ടികളുടെ മരണത്തിനു പിന്നിൽ

സി.ബി.ഐ ശേഖരിച്ച 28 കുട്ടികളുടെ തൂങ്ങിമരണ വിവരങ്ങൾ ഹൈക്കോടതിക്കു മുന്നിലുണ്ട്. സി.ബി.ഐ നൽകിയത് റിപ്പോർട്ടുകൾ മാത്രമാണെങ്കിൽ പൊതുപ്രവർത്തകർ സമർപ്പിച്ച മുഴുവൻ റിപ്പോർട്ടുകളും സർക്കാരിന്റെ ഫൊറൻസിക് സയന്റിഫിക് ഓഫീസർ പരിശോധിച്ച് അംഗീകരിച്ചവയാണ്. ഇവരിൽ 13-നും ഒന്‍പതിനും ഇടയിൽ പ്രായമുള്ള ആൺകുട്ടികളും പെൺകുട്ടികളുമുണ്ട്. വാളയാറിൽ മരിച്ച പെൺകുട്ടികളുടെ അതേ പ്രായം. ഇവർ ആത്മഹത്യ ചെയ്തതാണെന്നും അങ്ങനെ ഈ മേഖലയിൽ കുട്ടികൾ ആത്മഹത്യ ചെയ്യുന്ന സ്ഥിതി മുന്‍പേയുണ്ടെന്നുമാണ് സി.ബി.ഐ ഹൈക്കോടതിയിൽ വാദിച്ചത്. ഫൊറൻസിക് ഓഫീസർമാരുടേയും അഭിഭാഷകരുടേയും സഹായത്തോടെ ഈ മരണങ്ങളുടെ വിശദാംശങ്ങൾ പരിശോധിച്ചപ്പോൾ മനസ്സിലായ വിവരങ്ങളാണ് പൊതുതാല്പര്യ ഹർജിയുടെ ഭാഗമായത്. സാമൂഹികമായും വിദ്യാഭ്യാസപരമായും സാമ്പത്തികമായും പിന്നാക്കാവസ്ഥയിലുള്ള മേഖലകളിലാണ് ഈ മരണങ്ങൾ എന്നും അടിയന്തര ജുഡീഷ്യൽ ഇടപെടലും സമഗ്ര അന്വേഷണവുമാണ് വേണ്ടത് എന്നും പറയുമ്പോഴും ഈ മരണങ്ങൾ വെറും ആത്മഹത്യയല്ല എന്നു വ്യക്തമാക്കുന്ന തെളിവുകളിലേക്കും വിരൽ ചൂണ്ടുന്നു.

ക്രൈം നമ്പർ 21/2010 ആയി രജിസ്റ്റർ ചെയ്ത കൊല്ലങ്കോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ 11 വയസ്സുകാരിയുടെ മരണം, 2011 സെപ്റ്റംബറിൽ പട്ടാമ്പി സ്റ്റേഷൻ പരിധിയിലെ 13-കാരിയുടെ മരണം (495/2011), 2012 സെപ്റ്റംബറിൽ കോങ്ങാട് സ്‌റ്റേഷൻ പരിധിയിൽ പത്ത് വയസ്സുളള ആൺകുട്ടി തൂങ്ങിമരിച്ച സംഭവം (661/2012), 2021 ജൂണിൽ ശ്രീകൃഷ്ണപുരം സ്റ്റേഷൻ പരിധിയിൽ ഒന്‍പത് വയസ്സുള്ള പെൺകുട്ടി മരിച്ചത് (160/2021), 2021 ഒക്ടോബറിൽ ഒറ്റപ്പാലം സ്റ്റേഷൻ പരിധിയിൽ 12 വയസ്സുള്ള പെൺകുട്ടി തൂങ്ങിമരിച്ചത് (647/2021), 2019 ഡിസംബറിൽ പാലക്കാട് കസബ പൊലീസ് സ്‌റ്റേഷൻ പരിധിയിൽ ഒന്‍പത് വയസ്സുള്ള ആൺകുട്ടി മരിച്ചത് (1059/2019), 2020 മാർച്ചിൽ ഒറ്റപ്പാലം സ്റ്റേഷൻ പരിധിയിൽ ഒന്‍പത് വയസ്സുള്ള പെൺകുട്ടി മരിച്ചത് (284/ 2020), 2020 ജൂലൈയിൽ ഷോളയൂർ സ്‌റ്റേഷൻ പരിധിയിൽ 13 വയസ്സുള്ള പെൺകുട്ടി തൂങ്ങിമരിച്ചത് (286/2020), 2020 ഓഗസ്റ്റിൽ ഷൊർണൂർ സ്‌റ്റേഷൻ പരിധിയിൽ 10 വയസ്സുകാരൻ മരിച്ചത് (684/2020), 2022-ൽ അഗളി സ്റ്റേഷൻ പരിധിയിൽ 12-കാരൻ തൂങ്ങിമരിച്ചത് (111/2022), 2022-ൽ ചിറ്റൂർ സ്റ്റേഷൻ പരിധിയിൽ പതിമൂന്നുകാരി തൂങ്ങിമരിച്ചത് (488/2022), 2022-ൽ കൊല്ലങ്കോട് സ്‌റ്റേഷൻ പരിധിയിൽ പതിമൂന്നുകാരി മരിച്ചത് (713/2022), കല്ലടിക്കോട് സ്‌റ്റേഷൻ പരിധിയിൽ 2023-ൽ പത്തു വയസ്സുള്ള ആൺകുട്ടി തൂങ്ങി മരിച്ചത് (147/2023), ഹേമാംബിക നഗർ സ്റ്റേഷൻ പരിധിയിൽ 2023-ൽ 13 വയസ്സുള്ള ആൺകുട്ടി മരിച്ചത് (180/2023), പാലക്കാട് കസബ സ്റ്റേഷൻ പരിധിയിൽ 11 വയസ്സുള്ള പെൺകുട്ടി 2011 ജനുവരിയിൽ മരിച്ചത് (35/2011), കോട്ടായി സ്‌റ്റേഷൻ പരിധിയിൽ 2012 നവംബറിൽ 12 വയസ്സുള്ള പെൺകുട്ടി തൂങ്ങി മരിച്ചത് (501/2012), കോട്ടായി സ്‌റ്റേഷൻ പരിധിയിൽ 2018-ൽ പത്തു വയസ്സുള്ള ആൺകുട്ടി മരിച്ചത് (268/2018), ഒറ്റപ്പാലം സ്റ്റേഷൻ പരിധിയിൽ 2019 ഏപ്രിലിൽ 13 വയസ്സുള്ള ആൺകുട്ടി മരിച്ചത് (264/2019), ഒറ്റപ്പാലം സ്റ്റേഷൻ പരിധിയിൽത്തന്നെ അതേ വർഷം മേയിൽ 13 വയസ്സുള്ള ആൺകുട്ടി മരിച്ചത് (323/2019), ചിറ്റൂർ സ്റ്റേഷൻ പരിധിയിൽ 2021-ൽ 13 വയസ്സുള്ള ആൺകുട്ടി തൂങ്ങിമരിച്ചത് (757/2021), മണ്ണാർക്കാട് സ്‌റ്റേഷൻ പരിധിയിൽ 2021 ജൂലൈയിൽ പത്തു വയസ്സുള്ള ആൺകുട്ടി തൂങ്ങിമരിച്ച സംഭവം (585/2021), കുഴൽമന്ദം സ്റ്റേഷൻ പരിധിയിൽ 2010-ൽ 11 വയസ്സുള്ള ആൺകുട്ടി മരിച്ച സംഭവം ( 543/2010), മണ്ണാർക്കാട് സ്റ്റേഷൻ പരിധിയിൽ 2021-ൽ ഒന്‍പതു വയസ്സുള്ള പെൺകുട്ടി മരിച്ചത് (978/21), ഒറ്റപ്പാലം സ്റ്റേഷൻ പരിധിയിൽ 2022-ൽ ഒന്‍പതു വയസ്സുള്ള പെൺകുട്ടി മരിച്ചത് (30/2022) എന്നീ ദുരൂഹ സംഭവങ്ങളിലെ പോസ്റ്റുമോർട്ടം റിപ്പോർട്ടും കൊലപാതകമാണെന്ന് സംശയിക്കാവുന്ന തെളിവുകളുമാണ് സമർപ്പിച്ചത്.

ഇതിൽ കൊല്ലങ്കോട് സ്‌റ്റേഷൻ പരിധിയിലെ ഒരു പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ടായിരുന്നു. അത് സി.ബി.ഐക്കു കൈമാറാൻ ഹൈക്കോടതി നിർദേശിച്ചു, ഏറ്റെടുത്ത് അന്വേഷിക്കാൻ സി.ബി.ഐക്കും നിർദേശം നൽകി. അതു മാത്രമാണ് നിലവിൽ സി.ബി.ഐ അന്വേഷിക്കുന്നത്.

രണ്ടു കുട്ടികളുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് എറണാകുളത്തെ സി.ബി.ഐ കോടതി 3-ൽ സി.ബി.ഐ സമർപ്പിച്ച കുറ്റപത്രങ്ങൾക്കൊപ്പം (ആർ.സി നം. 2(എസ്)/2021/സിബിഐ/എസ് സിബി/തിരുവനന്തപുരം, എസ് സി നം. 1109/2017) “2010 മുതൽ 2023 വരെയുള്ള കാലയളവിൽ തൂങ്ങിമരിച്ച 13 വയസ്സും അതിനു താഴെയും പ്രായമുള്ളവരുടെ സ്ഥിതിവിവരക്കണക്ക്” എന്ന തലക്കെട്ടിൽ അനുബന്ധമായി ചേർത്ത റിപ്പോർട്ടിലെ വിവരങ്ങളാണ് ഹർജിക്കാർ വിദഗ്ദ്ധ പരിശോധനയ്ക്കു ശേഷം കോടതിയിൽ ചോദ്യം ചെയ്തത്. “യാദൃച്ഛികമായി ഒരു ക്രാഡിലിൽ തൂങ്ങി, കോട്ടൺ തോർത്ത് അബദ്ധത്തിൽ കഴുത്തിൽ ചുറ്റി മുറുകി, ഷാൾ അബദ്ധത്തിൽ കഴുത്തിൽ ചുറ്റി, കഴുത്തിൽ അബദ്ധത്തിൽ കയർ മുറുകി” എന്നൊക്കെയാണ് ഈ റിപ്പോർട്ടിൽ, പല കുട്ടികളുടേയും മരണകാരണമായി സി.ബി.ഐ പറഞ്ഞത്.

പ്രതിഷേധം

ദുർബലർ മാഞ്ഞുപോകുമോ?

ചില ഓട്ടോപ്‌സി റിപ്പോർട്ടുകളിൽ മെഡിക്കോ-ലീഗൽ നടപടിക്രമങ്ങളിലെ വീഴ്ചകൾ വ്യക്തമായിരുന്നു, പല റിപ്പോർട്ടുകളിലും കഴുത്തിലെ കെട്ടിനെക്കുറിച്ച് പരാമർശമുണ്ടായിരുന്നില്ല. അതേസമയം, ലൈംഗിക അതിക്രമത്തിന്റെ തെളിവുകളും മരിക്കുന്നതിനു മുന്‍പുള്ള പിടിവലിയുടേയും മറ്റും വിശദീകരിക്കപ്പെടാത്ത നിരവധി മുറിവുകളും മറ്റും വിശദമായ പരിശോധന ആവശ്യമുള്ളതാണെന്ന് മിക്ക റിപ്പോർട്ടുകളിലും ആവശ്യപ്പെടുന്നു. പക്ഷേ, അവർ കേസ് അന്വേഷണം അവസാനിപ്പിക്കുമ്പോൾ ഈ ഘടകങ്ങൾ പതിവായി തള്ളിക്കളഞ്ഞു. മനപ്പൂർവം ആത്മഹത്യയാക്കി എഴുതിത്തള്ളുന്ന രീതിയാണ് ഇതിൽ കണ്ടത്, ശക്തമായ തെളിവുകൾ ഉള്ള സംഭവങ്ങളിൽപ്പോലും ഈ വൈരുദ്ധ്യമുണ്ട്. അന്വേഷിക്കപ്പെടാതെ പോകുന്ന കുറ്റകൃത്യങ്ങളും ശിക്ഷിക്കപ്പെടില്ല എന്ന ധൈര്യവും കുറ്റവാളിക്ക് തുണയാകുന്നവിധം ഈ ബാല ഇരകൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും നീതി ലഭിക്കാതിരിക്കുന്ന സ്ഥിതി.

ഹർജിക്കാർ വിദഗ്ദ്ധ പരിശോധനയ്ക്കു വിധേയമാക്കിയ 28 പോസ്റ്റുമോർട്ടം റിപ്പോർട്ടുകളിൽ പന്ത്രണ്ടും ദളിത് കുട്ടികളായിരുന്നു എന്ന യാഥാർത്ഥ്യവുമുണ്ട്. പാലക്കാട് ജില്ലയിലെ ജനസംഖ്യയുമായി ഇത് ആനുപാതികമായി ചേർന്നു പോകുന്നുമില്ല എന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി. 2011-ലെ സെൻസസ് പ്രകാരം പാലക്കാട് ജില്ലയിലെ ആകെ ജനസംഖ്യയുടെ 16.11 ശതമാനമാണ് എസ്‌.സി-എസ്.റ്റി ജനസംഖ്യ. 28-ൽ 12 എന്നത് 42 ശതമാനമാണ്; തീരെ ആനുപാതികമല്ലാത്തവിധം കൂടുതൽ ദളിത് കുട്ടികൾ ഇരകളാക്കപ്പെടുന്നു. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്നതിനെക്കുറിച്ച് നിഷ്പക്ഷ അന്വേഷണമാണ് ആവശ്യം.

“ആത്മഹത്യ ചെയ്തതായി കാണപ്പെടുന്ന കുട്ടികളുടെ എണ്ണം വർദ്ധിക്കുന്ന സ്ഥിതി ആശങ്കപ്പെടുത്തുന്നതാണ് എന്നാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിൽ 13 വയസ്സിൽ താഴെയുള്ള കുട്ടികളുടെ എണ്ണവും കൂടുതലാണ്. ഇവർ സ്വയം ജീവനൊടുക്കാനുള്ള സാധ്യതയെക്കാൾ കൊല്ലപ്പെട്ടതായിരിക്കാനുള്ള സാധ്യതയാണ് കൂടുതൽ. സംസ്ഥാന ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം കൊവിഡ് കാലത്ത് കേരളത്തിൽ ‘കുട്ടികളുടെ ആത്മഹത്യ’ 31.6 ശതമാനമായി വർദ്ധിച്ചു. 2020 ഏപ്രിൽ മുതൽ 2021 ഒക്ടോബർ വരെയുള്ള 18 മാസം 1,114 കുട്ടികളാണ് ആത്മഹത്യ ചെയ്തതായി കാണപ്പെട്ടത്. ഇത് യാദൃച്ഛികമായ മോശം സ്ഥിതി അല്ലെന്നും വലിയ പ്രതിസന്ധിയുടെ ലക്ഷണമാണെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടുന്നു. ഈ ഔദ്യോഗിക സ്ഥിതിവിവരക്കണക്ക് അതീവ ജാഗ്രതയോടെ വിശകലനം ചെയ്യുകയും ആഴത്തിലുള്ള അന്വേഷണം നടത്തുകയും വേണം” -ഹർജിയിൽ വിശദീകരിക്കുന്നു.

നിയമസഭാ സമിതി പറഞ്ഞതെന്ത്?

15-ാം നിയമസഭയുടെ എസ്റ്റിമേറ്റ്‌സ് കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശകൂടി പരിഗണിച്ചാണ് പോക്‌സോ കേസുകളുടെ വർദ്ധന അന്വേഷിക്കാനുള്ള തീരുമാനം എന്നാണ് സർക്കാർ പറയുന്നത്. അതിൽ വ്യക്തതയ്ക്കു ഞങ്ങൾ മന്ത്രി രമേശ് ചെന്നിത്തലയോടു തന്നെ തിരക്കി. അദ്ദേഹവും അത് സ്ഥിരീകരിക്കുന്ന വിധമാണ് പ്രതികരിച്ചത്. എന്നാൽ, കെ.കെ. ഷൈലജ ടീച്ചർ അധ്യക്ഷയായിരുന്ന 15-ാം നിയമസഭയുടെ എസ്റ്റിമേറ്റ്‌സ് കമ്മിറ്റിയുടെ ഒരു റിപ്പോർട്ടിലും ഇങ്ങനെയൊരു കാര്യം പരിഗണനയാവുകയോ ശുപാർശ നൽകുകയോ ചെയ്തതായി കാണുന്നില്ല. സ്ത്രീകളുടേയും കുട്ടികളുടേയും ട്രാൻസ് വ്യക്തികളുടേയും ക്ഷേമത്തിനുള്ള സമിതി ഉൾപ്പെടെ ഈ വിഷയം കൈകാര്യം ചെയ്യാനിടയുള്ള മറ്റു സമിതികളും ഇതിലേക്കു നോക്കിയതായി കാണുന്നില്ല. ആകെക്കൂടി ഉള്ളത്, വനിത-ശിശു വികസന വകുപ്പിനെക്കുറിച്ച് പഠനം നടത്താൻ എസ്റ്റിമേറ്റ്‌സ് കമ്മിറ്റി തീരുമാനിച്ചതിനെത്തുടർന്ന് വകുപ്പിൽനിന്നു ശേഖരിച്ച വിവരങ്ങൾ വിലയിരുത്തി തയ്യാറാക്കിയ റിപ്പോർട്ടിലെ ചില പരാമർശങ്ങൾ മാത്രമാണ്; അതും നേരിട്ടല്ലാത്ത പരാമർശങ്ങൾ. ഉദാഹരണത്തിന്, ലൈംഗിക അതിക്രമങ്ങൾക്കും ആസിഡ് ആക്രമണങ്ങൾക്കും മറ്റും വിധേയരാകേണ്ടിവന്നിട്ടുള്ള സ്ത്രീകൾക്കും കുട്ടികൾക്കും അടിയന്തര ആശ്വാസം നൽകാൻ നടപ്പാക്കിയ ആശ്വാസനിധി പദ്ധതിയുടെ ബജറ്റ് വിഹിതം വർദ്ധിപ്പിക്കുക എന്നതാണ് ഒരു ശുപാർശ. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള ലൈംഗിക അതിക്രമം, ലൈംഗിക പീഡനം, ലൈംഗികവൃത്തിക്കുവേണ്ടിയുള്ള മനുഷ്യക്കടത്ത് എന്നിവയ്ക്കെതിരായ ശക്തമായ പ്രവർത്തനങ്ങൾ നടത്തുന്നതിന് 2012-ൽ രൂപീകരിച്ച നിർഭയ പദ്ധതിയെക്കുറിച്ച് റിപ്പോർട്ടിലുണ്ട്. “പ്രതിരോധം, സംരക്ഷണം, നിയമ നടത്തിപ്പ്, പുനരധിവാസവും പുനരേകീകരണവും എന്നിവയാണ് നിർഭയയുടെ പ്രധാന ലക്ഷ്യം. നിർഭയയ്ക്കു കീഴിൽ 14 ഷെൽട്ടർ ഹോമുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ പ്രവർത്തിക്കുന്നു. ഈ ഹോമുകളിലെ അന്തേവാസികൾക്ക് ഭക്ഷണത്തിനായി ഒരാൾക്ക് ഒരു മാസം 2000 രൂപയാണ് അനുവദിക്കുന്നത്. ഹോമുകളിലെ ഇന്റഗ്രേറ്റഡ് കെയർ സെന്ററുകളിൽ ഗർഭകാലം മുതൽ ഗർഭാനന്തര പരിചരണം വരെ ആവശ്യമുള്ള അന്തേവാസികൾ ഉൾപ്പെടെയുണ്ട്. അവർക്ക് ഈ തുക കുറവാണ്. അതുകൊണ്ട് നിർഭയ സെല്ലിനു കീഴിൽ പ്രവർത്തിക്കുന്ന ഹോമുകളിലെ അന്തേവാസികൾക്കുള്ള ഭക്ഷണത്തിന് അനുവദിക്കുന്ന തുക കാലോചിതമായി പരിഷ്‌കരിക്കണം” -എന്നാണ് മറ്റൊരു ശുപാർശ.

പ്രതിഷേധം

തിരിച്ചുപോകുന്ന കുട്ടികൾ എങ്ങോട്ട്?

അതേസമയം, നിർഭയ ഹോമുകളിൽനിന്ന് അന്തേവാസികളെ വീട്ടിലേക്ക് തിരിച്ചയയ്ക്കുന്നതുമായി ബന്ധപ്പെട്ട് എടുത്ത തെറ്റായ തീരുമാനങ്ങൾ ആ പെൺകുട്ടികളെ മാനസികമായും ശാരീരികമായും ബാധിക്കാൻ ഇടയായ സാഹചര്യം സമിതിയുടെ പരിഗണനയിൽ വന്നതായും കാണുന്നില്ല. നിർഭയ ഹോമുകളിൽനിന്ന് വീടുകളിലേക്ക് തിരിച്ചയച്ച പെൺകുട്ടികൾ പിന്നീട് തിരിച്ചെത്തിയതിന്റെ കണക്കുകൾ തന്നെ സർക്കാരിന്റെ പക്കൽ ഉണ്ടായിരിക്കെയാണ് ഇത്. പാലക്കാട് ജില്ലയിൽ മാത്രം ആറു കുട്ടികൾ ഇങ്ങനെ സ്വന്തം വീട്ടിൽനിന്നു നിർഭയ ഹോമിലേക്കു തന്നെ തിരിച്ചു വരേണ്ടിവന്നു. ഇവരെല്ലാം പോക്‌സോ കേസുകളിലെ ഇരയും മുഖ്യസാക്ഷിയുമാണ്. തിരുവനന്തപുരം പൂജപ്പുര ഹോമിൽ ഒരു കുട്ടിയും വെഞ്ഞാറമൂട് ഹോമിൽ എട്ട് കുട്ടികളും ഇടുക്കിയിൽ നാല് പേരും മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലായി 10 പേരും പുനഃപ്രവേശനം ആവശ്യപ്പെട്ട് എത്തി. നിർഭയ പദ്ധതിയിൽ ഇടക്കാലത്തുണ്ടായ ചില ഭേദഗതികളുടെ ഭാഗമായാണ് ഇങ്ങനെ വീട്ടിലേക്ക് തിരിച്ചയയ്ക്കുന്ന നയം ഉദാരമാക്കിയത്.

ലൈംഗിക പീഡനത്തിനു വിധേയരായി നിർഭയ ഷെൽട്ടർ ഹോമുകളിൽ താമസിപ്പിച്ചിരുന്ന മുഴുവൻ കുട്ടികളേയും തിരിച്ച് വീട്ടിലേക്ക് അയയ്ക്കുന്ന സ്ഥിതിയുണ്ടായി. 30 ദിവസം വരെയാണ് ഈ കുട്ടികളെ ഷെൽട്ടർ ഹോമുകളിൽ താമസിപ്പിക്കാവുന്നത് എന്നു വന്നു. അതിൽ കൂടുതൽ താമസിപ്പിക്കണമെങ്കിൽ കേരളത്തിലെ ഏതു ജില്ലയിലുള്ള കുട്ടിയും തൃശൂരിലെ കേന്ദ്രീകൃത ഷെൽട്ടർ ഹോമിൽ എത്തണം എന്നായി. അങ്ങനെയൊരു കേന്ദ്രീകൃത ഹോം തുടങ്ങിയ സാഹചര്യം തന്നെ വിചിത്രമാണ്. കേരളത്തിൽ വന്നിട്ട് യാത്രാരേഖകൾ ശരിയല്ലാത്തതുകൊണ്ട് കസ്റ്റഡിയിലെടുത്ത വിദേശികളെ താമസിപ്പിക്കാൻ നിർമിച്ച ഡിറ്റൻഷൻ ഹോം ആയിരുന്നു അത്. എന്നാൽ, സാങ്കേതിക കാരണങ്ങളാൽ അത് പ്രവർത്തനം തുടങ്ങിയില്ല. ഏതെങ്കിലും വിധത്തിൽ ഈ വലിയ കെട്ടിടം പ്രയോജനപ്പെടുത്തണം എന്ന് ഓഡിറ്റ് റിപ്പോർട്ടിൽ പരാമർശം വന്നു. അങ്ങനെയാണ് അത് നിർഭയയിലെ അന്തേവാസികളുടെ പൊതു താമസസ്ഥലമാക്കി മാറ്റിയത്. എല്ലാ ജില്ലയിൽനിന്നുമുള്ള കുട്ടികൾ, തൃശൂരിലെ ഹോമിൽ ചെന്നു താമസിക്കണം. അതിനു തയ്യാറല്ലാത്ത പെൺകുട്ടികളുടെ രക്ഷിതാക്കളോട് കുട്ടികളെ വീട്ടിൽ കൊണ്ടു പൊയ്‌ക്കോളൂ എന്നു നിർദേശിക്കുന്ന സ്ഥിതി ഉണ്ടായി. പക്ഷേ, പലപ്പോഴും അങ്ങനെ തിരിച്ചയച്ച കുട്ടികൾക്ക് മതിയായ സുരക്ഷയും സംരക്ഷണവും കിട്ടിയില്ല. ഉദാഹരണത്തിന്, അമ്മകൂടി പ്രതിയായ പോക്‌സോ കേസിലെ പെൺകുട്ടിയെ അമ്മൂമ്മയുടെ കൂടെയാണ് വിട്ടത്. അതുപോലെ, അച്ഛന്റെ അമ്മയുടെ കൂടെയും അമ്മാവന്റെ കൂടെയുമൊക്കെ പെൺകുട്ടികളെ അയച്ച പല സംഭവങ്ങളുമുണ്ട്. അവർ നിർബന്ധിത സാഹചര്യത്തിൽ ഈ കുട്ടികളെ ഏറ്റെടുക്കുകയാണ് ചെയ്യുന്നത്. മാത്രമല്ല, പ്രതിസ്ഥാനത്തുള്ള അടുത്ത ബന്ധുവിന് സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ ഒക്കെ എളുപ്പത്തിൽ സാധിക്കുകയും ചെയ്യും. പ്രമാദമായ പല കേസുകളിലും അങ്ങനെ സംഭവിച്ച അനുഭവം പറയാനുണ്ട് സാമൂഹിക പ്രവർത്തകർക്ക്. വീട്ടിലേക്കു തിരിച്ചയച്ച കുട്ടികൾക്ക് സംരക്ഷണം ഉറപ്പില്ലെന്നു മാത്രമല്ല, കേസിൽ പ്രതികൾ രക്ഷപ്പെടുന്ന സ്ഥിതിയും ഉണ്ടാകുന്നു.

ഇപ്പോൾ പ്രത്യേക സംഘത്തെ അന്വേഷണത്തിനു ചുമതലപ്പെടുത്തിയ പൊലീസ് സ്റ്റേഷനുകളുടെ പരിധിയിലും ഇങ്ങനെ തിരിച്ചയച്ച കുട്ടികൾ ഉണ്ടോ അവർ സുരക്ഷിതരാണോ എന്നതുൾപ്പെടെ അന്വേഷിക്കേണ്ടതുണ്ട്. കുട്ടിയുടെ ഉത്തമ താല്പര്യമായിരിക്കണം തിരിച്ചയയ്ക്കുന്നതിൽ പരിഗണിക്കേണ്ടത് എന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്ന സാമൂഹിക പ്രവർത്തകരും സന്നദ്ധസംഘടനകളും മാത്രമല്ല, ഉദ്യോഗസ്ഥരും സമ്മതിക്കുന്നു. എന്നാൽ, കുട്ടിയുടെ ഉത്തമ താല്പര്യത്തെത്തന്നെ ദുർവ്യാഖ്യാനം ചെയ്യുകയും ദുരുപയോഗം ചെയ്യുകയുമുണ്ടായി എന്നാണ് വ്യക്തമാകുന്നത്. വീട്ടിൽ പോകണോ എന്നു ചോദിച്ചാൽ വേണം എന്നേ ഏതു കുട്ടിയും പറയൂ. സ്വാഭാവികം. കുട്ടിയുടെ താല്പര്യം നോക്കണം എന്നത് ആ ചോദ്യത്തിൽ മാത്രം ഒതുക്കി തീരുമാനമെടുക്കുന്ന സ്ഥിതി ഇടക്കാലത്തുണ്ടായി. നിർഭയയെ സംസ്ഥാനതലത്തിൽ ഏകോപിപ്പിച്ച, എന്നാൽ, പ്രത്യേകിച്ച് കുട്ടികളുടെ അവകാശങ്ങൾക്കു വേണ്ടിയുള്ള ബൃഹദ് പ്രവർത്തനങ്ങളുടെ ഭാഗമായതിന്റെ അനുഭവപരിചയമില്ലാത്തവരായിരുന്നു അക്കാലം തലപ്പത്ത്. തിരിച്ചയയ്ക്കുന്ന കുട്ടി ആ വീട്ടിൽ സുരക്ഷിതയാണോ, കുട്ടിയുടെ ജീവിതത്തിൽ പുരോഗതിയും വികസനവും ഉണ്ടാകുമോ, കുട്ടി നേരിട്ട അതിക്രമത്തിന് ആശ്വാസം കിട്ടുന്ന അന്തരീക്ഷമാണോ ഇതൊക്കെക്കൂടി നോക്കണം. അപ്പോഴാണ് അത് കുട്ടിയുടെ ഉത്തമ താൽപ്പര്യമാവുക. അതുകൂടി പരിഗണിച്ചിട്ടാണ് വീട്ടിലേക്കു പോകാനുള്ള കുട്ടിയുടെ ആഗ്രഹത്തിനു കാത് കൊടുക്കേണ്ടത്.

പ്രതീകാത്മകചിത്രം

നീതിയിലേക്കുള്ള ദൂരം

വാളയാർ സംഭവത്തിൽ രണ്ടാമത്തെ കുട്ടിയെ രക്ഷപ്പെടുത്താൻ കഴിയാതെപോയതു മാത്രം എടുത്താൽത്തന്നെ ഇത് വ്യക്തമായി മനസ്സിലാകും. ഒരു കുട്ടി സംശയകരമായ സാഹചര്യത്തിൽ മരിച്ച ശേഷവും മറ്റേ കുട്ടിയെ അതേ സാഹചര്യത്തിൽ അവിടെ തുടരാൻ വിട്ടത് വലിയ തെറ്റായിരുന്നു. ഒന്നാമത്തെ കുട്ടിയുടെ മരണത്തിനു സാക്ഷിയായിരുന്നു രണ്ടാമത്തെ കുട്ടി. അതുകൊണ്ടാണ് ആ കുട്ടിയും കൊല്ലപ്പെട്ടത്. ആദ്യം മരിച്ച കുട്ടിയുടെ ഫോട്ടോ ഉടുപ്പിനുള്ളിൽ വെച്ച് രണ്ടാമത്തെ കുട്ടി സ്കൂളിൽ വന്നതൊക്കെ ടീച്ചർ പറഞ്ഞിരുന്നു. ഒരാൾ ഓടിപ്പോകുന്നത് കണ്ടു എന്ന് മൊഴി കൊടുത്തത് ആ കുട്ടിയാണ്. രണ്ടാമത്തെ കുട്ടിയെ സുരക്ഷിതമായിടത്തേക്കു മാറ്റുന്നതിന് ജില്ലാ ശിശുക്ഷേമസമിതി അക്കാര്യത്തിൽ ഇടപെട്ട് നടപടിയെടുപ്പിച്ചില്ല. രണ്ടാമത്തെ കുട്ടിയെ അവിടെനിന്നു മാറ്റി സർക്കാർ സംരക്ഷണയിൽ ഷെൽട്ടർ ഹോമിൽ താമസിപ്പിക്കണമായിരുന്നു. അത് ചെയ്തില്ല. ചെയ്തിരുന്നെങ്കിൽ ആ കുട്ടിയെ രക്ഷിക്കാൻ കഴിയുമായിരുന്നു; അധികം വൈകാതെയാണ് ആ കുട്ടിയും മരിക്കുന്നത്. വാളയാറിലെ കുട്ടി സഹോദരിയുടെ മരണത്തിനു സാക്ഷിയായിരുന്നെങ്കിൽ ഹോമുകളിൽ താമസിക്കുന്ന കുട്ടികളിൽ ബഹുഭൂരിഭാഗവും ഒരേസമയം ഇരയും മുഖ്യസാക്ഷിയും കൂടിയാണ്. അവരുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണം. എന്നാൽ, ഈ കുട്ടികളെ ബാധ്യതയായി കാണുന്ന സമീപനം ഒരു ഘട്ടത്തിൽ നിർഭയ പദ്ധതിയുടെ തലപ്പത്ത് വന്നവരിലുണ്ടായി എന്ന വിമർശനം അതുമായി ബന്ധപ്പെട്ടു പ്രവർത്തിച്ച ചിലർക്കെങ്കിലുമുണ്ട്. അത് അന്നത്തെ വനിതാ ശിശുക്ഷേമ മന്ത്രി വീണാ ജോർജിനു മുന്നിൽ എത്തുകയും ചെയ്തിരുന്നു. പക്ഷേ, വീണാ ജോർജ്ജിന് ഇടപെട്ട് പരിഹരിക്കാൻ കഴിഞ്ഞില്ല.

കുട്ടികളുടെ ദുരൂഹ മരണങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാർച്ച് 30-ന് പാലക്കാട് ജില്ലാ പൊലീസ് മേധാവി ഹൈക്കോടതിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. അതിന്റെ പകർപ്പ് അറിവിലേക്കും ആവശ്യമായ തുടർ നടപടികൾക്കുമായി സി.ബി.ഐക്കു നൽകണമെന്ന് കോടതി നിർദേശിക്കുകയും ചെയ്തു. ആ കേസുകളെക്കുറിച്ചുള്ള സി.ബി.ഐയുടെ പ്രതികരണവും കോടതി ആരാഞ്ഞു. സി.ബി.ഐക്ക് അതുമായി ബന്ധപ്പെട്ട് എന്തെങ്കിലും കൂടുതൽ വ്യക്തതയോ വിവരങ്ങളോ ആവശ്യമെങ്കിൽ ജില്ലാ പൊലീസ് മേധാവിയിൽനിന്നു തേടാം. ആവശ്യമായ എന്തു കൂടുതൽ വിവരങ്ങളും സംസ്ഥാന പൊലീസിൽനിന്ന് ആവശ്യപ്പെടാം. സി.ബി.ഐ അഭിഭാഷകൻ ഹാജരാകാത്ത സാഹചര്യത്തിൽ അടിയന്തരമായി ഈ ഉത്തരവ് അദ്ദേഹത്തിന് എത്തിക്കാനും കോടതി നിർദേശിച്ചു. ഈ കേസുകളുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിർദശപ്രകാരം കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റി (കെൽസ) കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലവും സി.ബി.ഐക്ക് കൈമാറാൻ കോടതി നിർദേശിച്ചു. കുട്ടികൾ ഉൾപ്പെടുന്ന ഇത്തരം നിർഭാഗ്യകരമായ സംഭവങ്ങൾ തടയുന്നതിനും കുട്ടികളുടെ സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനും ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയും താലൂക്ക് ലീഗൽ സർവീസസ് അതോറിറ്റിയും മുഖേന ചില കാര്യങ്ങൾ ചെയ്യുന്നതിന് കെൽസ ശുപാർശ ചെയ്തിരുന്നു.

കുട്ടികൾക്കും രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കും പ്രദേശവാസികൾക്കും കുട്ടികളുടെ അവകാശങ്ങളേയും ബാലാവകാശ നിയമങ്ങളേയും കുറിച്ച് അവബോധം നൽകുക, സി.ഡബ്ല്യു.സി, പൊലീസ്, വിദ്യാഭ്യാസം-സാമൂഹികനീതി വകുപ്പുകൾ, സംസ്ഥാന ബാലാവകാശ കമ്മിഷൻ എന്നിവയെ ഏകോപിപ്പിച്ച് ഇത്തരം അവബോധ പരിപാടികൾ നടത്തുക, ബുദ്ധിമുട്ടേറിയ ജീവിതസാഹചര്യങ്ങളിലുള്ള കുട്ടികളെ കണ്ടെത്തി അവരുടെ ക്ഷേമത്തിനാവശ്യമായ കാര്യങ്ങൾ ചെയ്യാനും നിയമസഹായം നൽകുന്നതിനും നിയമമേഖലയിൽ പ്രവർത്തിക്കുന്നവരുടെ സഹായം ഉറപ്പാക്കുക, കുട്ടികളുടെ സുരക്ഷയേയും അവർക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനേയും മാനസികാരോഗ്യത്തേയും മയക്കുമരുന്ന് ഉപയോഗത്തിന്റെ അപകടവും സുരക്ഷിത ഓൺലൈൻ ഉപയോത്തേയും മറ്റും കുറിച്ച് സ്കൂളുകളിലും ആദിവാസി ഊരുകളിലും മറ്റു ദുർബല വിഭാഗങ്ങൾ താമസിക്കുന്നിടങ്ങളിലും അവബോധ പരിപാടികൾ നടത്തുക തുടങ്ങിയവ അതിൽപ്പെടുന്നു.

2025 ഒക്ടോബർ നാലിന് സംസ്ഥാന ബാലാവകാശ കമ്മിഷൻ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലെ ശുപാർശകളും നിർദേശങ്ങളും അടിസ്ഥാനപ്പെടുത്തി സംസ്ഥാന സർക്കാർ റിപ്പോർട്ട് തയ്യാറാക്കി സമർപ്പിക്കണം എന്ന സുപ്രധാന ഉത്തരവ് കഴിഞ്ഞ മാർച്ച് 12-ന് ഹൈക്കോടതി നൽകിയിരുന്നു. സ്‌പെഷൽ ഗവൺമെന്റ് പ്ലീഡറും അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടറും വാളയാർ പൊലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ കേസുകളുടെ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിച്ചതായി ഉത്തരവിൽ കോടതി വ്യക്തമാക്കി. കുട്ടികൾ ഇരകളായ പാലക്കാട് ജില്ലയിലെ വിവിധ കേസുകൾ അന്വേഷണത്തിലാണ് എന്നും അത്തരം നിർഭാഗ്യകരമായ അസ്വാഭാവിക മരണങ്ങൾക്ക് ചില സാമൂഹിക ഘടകങ്ങളും കാരണമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

വാളയാർ പെൺകുട്ടികളുടെ മരണം കൊലപാതകമല്ലെന്നും ആത്മഹത്യയാണെന്നും സ്ഥാപിക്കാനുള്ള വ്യഗ്രതയിലേക്ക് മറ്റ് 28 കുട്ടികളുടെ ദുരൂഹ മരണങ്ങളെക്കൂടി വലിച്ചിടുകയാണ് സി.ബി.ഐ. ഈ 28 മരണങ്ങൾ പത്തു വർഷക്കാലത്തേതു മാത്രമാണുതാനും. പാലക്കാട് ജില്ലയിലെ നാല് പൊലീസ് സ്റ്റേഷനുകൾക്കുമപ്പുറം നീളുന്നതാണ് ആൺപെൺ വ്യത്യാസമില്ലാതെ കൗമാരക്കാരുടെ ദുരൂഹ മരണങ്ങൾ. നീതിബോധത്തോടെ അന്വേഷിച്ചാൽ ആ കുട്ടികളുടെ എണ്ണം 28-നും അപ്പുറമായേക്കാം. സി.ബി.ഐയുടെ ‘ആത്മഹത്യാ സിദ്ധാന്തം’ തെളിവുകളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യപ്പെടുകയാണ്. സംസ്ഥാന ആഭ്യന്തര വകുപ്പ് രൂപീകരിച്ച ടാസ്‌ക് ഫോഴ്‌സിന്റെ ടേംസ് ഓഫ് റഫറൻസിലുള്ളത് ബോധവൽക്കരണം, മനശ്ശാസ്ത്ര കൗൺസലിംഗ്, മനശ്ശാസ്ത്രപരമായി കുട്ടികൾക്ക് പിന്തുണ നൽകൽ, കുട്ടികളുടെ സംരക്ഷണത്തിനുവേണ്ടിയുള്ള മറ്റു മാർഗങ്ങൾ ഇവയെല്ലാമാണ്. എന്നാൽ, വേട്ടക്കാരെ കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരികയും ശിക്ഷ വാങ്ങിക്കൊടുക്കുകയുമാണ് ഹൈക്കോടതിക്കു മുന്നിലുള്ള പൊതുതാല്പര്യ ഹർജിയിലെ ആവശ്യം.

എ.ഐ.ജി ജി. പൂങ്കുഴലിയുടെ ടാസ്‌ക് ഫോഴ്‌സ് റിപ്പോർട്ടും കൗമാരക്കാരുടെ ദുരൂഹ മരണങ്ങൾ സി.ബി.ഐ അന്വേഷിക്കണം എന്ന പ്രെയറിലെ ഹൈക്കോടതി വിധിയും കേരളം കാത്തിരിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

'ട്വന്റി-20 സിനിമ ഞാന്‍ കണ്ടിട്ടില്ല, കാണുകയുമില്ല; ആ വിഷമം ഇന്നുമുണ്ട്'; കാരണം തുറന്നു പറഞ്ഞ് നന്ദു

ഓടിക്കൊണ്ടിരിക്കെ പ്രിയദർശിനി ബസിന്റെ ടയർ പൊട്ടിത്തെറിച്ച് പ്ലാറ്റ്‌ഫോം തകർന്നു: യാത്രക്കാരിയുടെ കാൽ കുടുങ്ങി; എല്ലിന് പൊട്ടൽ

മീൻ പിടിക്കുന്ന വിഡിയോകളിലൂടെ വൈറൽ; യൂട്യൂബർ തംബുരു മരിച്ച നിലയിൽ

തൃശൂരിലെ സർക്കാർ സ്ഥാപനങ്ങളിൽ അവസരം; വനിതാ സെക്യൂരിറ്റി മുതൽ നഴ്‌സ് വരെ ഒഴിവുകൾ, അഭിമുഖത്തിലൂടെ നിയമനം !