വനിതാ എംഎല്‍എമാര്‍  Samakalika Malayalam
Malayalam Weekly

ഇനിയും കാത്തിരിക്കണം ‘പെണ്‍സഭ’യ്ക്ക്

രേഖാചന്ദ്ര

മുസ്‌ലിംലീഗ് രണ്ട് വനിതാസ്ഥാനാർത്ഥികളെ മത്സരിപ്പിക്കുകയും അതിലൊരാൾ ജയിച്ച് ലീഗിന്റെ ആദ്യ വനിതാ എം.എൽ.എ ആയി നിയമസഭയിലെത്തുകയും ചെയ്യുന്നു എന്നതാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പിലെ പുരോഗമനപരമായ ഒരു കാഴ്ച. പേരാമ്പ്ര മണ്ഡലത്തിൽനിന്നും എൽ.ഡി.എഫ് കൺവീനറും മുതിർന്ന സി.പി.എം. നേതാവുമായ ടി.പി. രാമകൃഷ്‌ണനെ കടുത്ത മത്സരത്തിലൂടെ പരാജയപ്പെടുത്തിയാണ് അയ്യായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഫാത്തിമ തഹ്‌ലിയ എന്ന മുപ്പത്തിനാലുകാരി കേരള നിയമസഭയിലേക്ക് എത്തുന്നത്. ആ നേട്ടം ആഘോഷിക്കപ്പെടുമ്പോഴും കേരള നിയമസഭയുടെ ചരിത്രത്തിൽ പത്ത് ശതമാനത്തിൽ കൂടുതൽ വനിതകൾ ഇതുവരെ എത്തിയില്ല എന്ന യാഥാർത്ഥ്യവും നിലനിൽക്കുന്നു. ഇത്തവണയും 140-ൽ പതിനൊന്ന് വനിതകൾ മാത്രമാണ് നിയമസഭയിലെത്തുന്നത്. ജനസംഖ്യയുടെ പകുതിയിലധികം സ്ത്രീകളുള്ള കേരളത്തിൽ നിയമസഭ ഇക്കുറിയും ‘ആൺസഭ’ തന്നെ ആയിരിക്കും. എൽ.ഡി.എഫിൽനിന്ന് രണ്ടും യു.ഡി.എഫിൽനിന്ന് ഒന്‍പതും വനിതാ എം.എൽ.എമാരാണ് ഇത്തവണയുള്ളത്. സി.പി.എമ്മിൽനിന്ന് ഒന്ന്, സി.പി.ഐയിൽനിന്ന് ഒന്ന്, കോൺഗ്രസ്സിൽനിന്ന് ഏഴ്, മുസ്‌ലിംലീഗിൽനിന്ന് ഒന്ന്, ആർ.എം.പിയിൽനിന്ന് ഒന്ന് എന്നിങ്ങനെയാണ് പാർട്ടിതിരിച്ചുള്ള കണക്ക്.

‘പുരോഗമന സ്ത്രീ സൗഹൃദ കേരള’ത്തിൽ സ്ത്രീ മുന്നേറ്റങ്ങളെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും തുല്യനീതിയെക്കുറിച്ചും ചർച്ചകളും സംവാദങ്ങളും സമ്മേളനങ്ങളും നടക്കാറുണ്ടെങ്കിലും നിയമനിർമാണസഭകളിലെ സ്ത്രീ പ്രാതിനിധ്യം ചർച്ചയാവാറേയില്ല. സ്ഥാനാർത്ഥി ചർച്ചകൾ ഉയരുമ്പോഴും പ്രാതിനിധ്യത്തെ പരിഗണിക്കണം എന്ന അടിസ്ഥാനതത്ത്വം നമ്മുടെ രാഷ്ട്രീയ നേതൃത്വം മറന്നുപോകും. പരമ്പരാഗതമായ രീതികളും സമവാക്യങ്ങളും മാത്രമാണ് പരിഗണനയിൽ വരുന്നത്. അതേ രീതികൾ അലോസരങ്ങളില്ലാതെ തുടർന്നുകൊണ്ടുപോകുക എന്നതാണ് എത്രയോ കാലങ്ങളായി കേരളം കാണുന്നതും. പുതിയ കാലത്തിന്റെ മാറ്റമോ പുതിയ രാഷ്ട്രീയത്തിന്റെ ഉൾക്കൊള്ളലോ കേരളത്തിലെ പരമ്പരാഗത രാഷ്ട്രീയക്കാർ പരിശീലിക്കുന്നതേയില്ല.

മതത്തിന്റേയും മതസംഘടനകളുടേയും ചില പരിമിതികൾക്കിടയിൽ പ്രവർത്തിക്കേണ്ടിവരുന്ന മുസ്‌ലിംലീഗ് പുതിയ രാഷ്ട്രീയത്തേയും പുതിയ കാലത്തേയും ഉൾക്കൊള്ളാനും സ്വീകരിക്കാനും തയ്യാറാവുമ്പോഴും പരമ്പരാഗത പുരോഗമന പ്രസ്ഥാനങ്ങൾ ഇപ്പോഴും നിന്നിടത്തുതന്നെയാണ് എന്നതാണ് വിചിത്രം.

എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ മുന്നണികളിൽ നിന്നായി 45 വനിതകളാണ് ഇത്തവണ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. കോൺഗ്രസിൽ നിന്ന് മത്സരിച്ച ഒന്‍പത് പേരിൽ ഏഴ് പേര്‍ വിജയിച്ചു. മാനന്തവാടിയിൽ ഉഷ വിജയൻ, എലത്തൂരിൽ വിദ്യാ ബാലകൃഷ്‌ണൻ, കോങ്ങാട് കെ.എ. തുളസി, തൃക്കാക്കര ഉമ തോമസ്, അരൂരിൽ ഷാനിമോൾ ഉസ്‌മാൻ, കൊല്ലത്ത് ബിന്ദു കൃഷ്‌ണ, ചിറയിൻകീഴിൽ രമ്യ ഹരിദാസ് എന്നിവർ വിജയിച്ചു.

ആറ്റിങ്ങലിൽ ഒ.എസ്. അംബിക സി.പി.എമ്മിൽനിന്നും നാട്ടികയിൽ ഗീതാ ഗോപി സി.പി.ഐയിൽനിന്നും വടകരയിൽ കെ.കെ. രമ ആർ.എം.പിയിൽനിന്നും പേരാമ്പ്രയിൽ ഫാത്തിമ തഹ്‌ലിയ മുസ്‌ലിംലീഗിൽനിന്നും എം.എൽ.എമാരായി. സി.പി.എം 12 പേരെയും സി.പി.ഐ അഞ്ച് പേരെയുമാണ് നിയമസഭയിലേക്ക് മത്സരിപ്പിച്ചത്. എൻ.ഡി.എയിൽനിന്ന് ആർക്കും ജയിക്കാനായില്ല.

കഴിഞ്ഞ നിയമസഭയിൽ 12 ആയിരുന്നു വനിതാ എം.എൽ.എമാരുടെ എണ്ണം. കഴിഞ്ഞ തവണത്തെ എം.എൽ.എമാരിൽ കെ.കെ. ശൈലജ, ആർ. ബിന്ദു, വീണാ ജോർജ്, ചിഞ്ചുറാണി തുടങ്ങിയ പ്രധാന നേതാക്കളെല്ലാം ഇക്കുറി പരാജയപ്പെട്ടു. മുസ്‌ലിംലീഗ് കൂത്തുപറമ്പിൽ മത്സരിപ്പിച്ച ജയന്തിരാജനും നേരിയ വോട്ടിന് പരാജയപ്പെട്ടു.

1996-ലെ 14 വനിതാ എം.എൽ.എമാർ എന്നതാണ് കേരളത്തിന്റെ ഇപ്പോഴുമുള്ള റെക്കോർഡ്. 2001-2006-ൽ ഒന്‍പതും 2006-2011-ൽ ഏഴും 2011-2016-ൽ ആറും ആണ് കേരള നിയമസഭയിലെ സ്ത്രീ പ്രാതിനിധ്യം.

ഇത്തവണ വിജയിച്ച പതിനൊന്ന് പേരിൽ നാല് പേരും സംവരണ മണ്ഡലങ്ങളിലാണ് എന്നതും കാണേണ്ടതാണ്. സ്ത്രീകൾക്ക് ജനറൽ സീറ്റ് നൽകാനുള്ള വിമുഖതയും തെരഞ്ഞെടുപ്പുകളിൽ പ്രകടമാണ്. മാനന്തവാടി, ചിറയിൻകീഴ്, നാട്ടിക, കോങ്ങാട് മണ്ഡലങ്ങൾ സംവരണ മണ്ഡലങ്ങളാണ്. കാസർകോട്, കണ്ണൂർ, മലപ്പുറം, ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിൽനിന്ന് സ്ത്രീ എം.എൽ.എമാർ ആരുമില്ല. കോഴിക്കോട്നിന്ന് മൂന്ന്, വയനാട്നിന്ന് ഒന്ന്, തൃശൂർ ഒന്ന്, പാലക്കാട് ഒന്ന്, എറണാകുളം ഒന്ന്, ആലപ്പുഴ ഒന്ന്, കൊല്ലം ഒന്ന്, തിരുവനന്തപുരം രണ്ട് എന്നിങ്ങനെയാണ് ജില്ലകളിലെ വനിതാപ്രാതിനിധ്യം.

കിട്ടിയ സീറ്റിലെല്ലാം മികച്ച മത്സരം കാഴ്ചവെയ്ക്കാൻ സ്ത്രീകൾക്കു കഴിഞ്ഞു എന്നതാണ് തെരഞ്ഞെടുപ്പ് ഫലങ്ങൾ സൂചിപ്പിക്കുന്നത്. മന്ത്രിയും സി.പി.എമ്മിലെ മുതിർന്ന നേതാവുമായ ഒ.ആർ. കേളുവിനെയാണ് മാനന്തവാടിയിൽ ഉഷ വിജയൻ പതിനായിരത്തിലധികം വോട്ടിന് പരാജയപ്പെടുത്തിയത്. വടകരയിൽ സ്വന്തം ഭൂരിപക്ഷം 7491-ൽനിന്ന് 14862 ആയി ഉയർത്തിയാണ് കെ.കെ. രമ ഇക്കുറി നിയമസഭയിലെത്തുന്നത്. എലത്തൂരിൽ എൽ.ഡി.എഫിന്റെ കോട്ടയിൽ മുതിർന്ന നേതാവ് എ.കെ. ശശീന്ദ്രനെ പരാജയപ്പെടുത്തിയാണ് കോൺഗ്രസ്സിന്റെ വിദ്യാ ബാലകൃഷ്ണൻ ആദ്യമത്സരത്തിൽ തന്നെ നിയമസഭയിലെത്തുന്നത്. 12162 വോട്ടിന്റെ വലിയ ഭൂരിപക്ഷവും അവർ സ്വന്തമാക്കി. കോങ്ങാട് കെ.എ. തുളസി സിറ്റിങ് എം.എൽ.എയായ സി.പി.എമ്മിലെ കെ. ശാന്തകുമാരിയെയാണ് 3706 വോട്ടിന് പരാജയപ്പെടുത്തിയത്. നാട്ടികയിൽ കോൺഗ്രസ്സിന്റെ സുനിൽ ലാലൂരിനെതിരെ ഏഴായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഗീതാ ഗോപി മൂന്നാംവട്ടം എം.എൽ.എ ആകുന്നത്. തൃക്കാക്കരയിലെ സിറ്റിങ്ങ് എം.എൽ.എയായ ഉമാ തോമസ് 50,211 വോട്ടിനാണ് സി.പി.എമ്മിലെ പുഷ്പ ദാസിനെ പരാജയപ്പെടുത്തി വീണ്ടും നിയമസഭയിലെത്തുന്നത്. അരൂരിൽനിന്ന് സി.പി.എമ്മിലെ ദലീമയെ തോൽപ്പിച്ചാണ് രണ്ടാം വട്ടം ഷാനിമോൾ ഉസ്‌മാൻ എം.എൽ.എ ആകുന്നത്. സി.പി.എമ്മിന്റെ എസ്. ജയമോഹനെ 16830 വോട്ടിന് പരാജയപ്പെടുത്തിയാണ് ബിന്ദു കൃഷ്‌ണ ആദ്യമായി നിയമസഭയിലെത്തുന്നത്. സിറ്റിങ് എം.എൽ.എയായ ഒ.എസ്. അംബിക ആറ്റിങ്ങലിൽനിന്നും 13375 വോട്ടിന്റെ ഭൂരിപക്ഷത്തിൽ രണ്ടാം തവണയും നിയമസഭയിലെത്തുകയാണ്. മുൻ എം.പി കൂടിയായ രമ്യ ഹരിദാസ് ചിറയിൻകീഴിൽനിന്നും 1422 വോട്ടിനും വിജയിച്ചു. അഞ്ച് വനിതകൾ ആദ്യമായാണ് എം.എൽ.എമാരായി നിയമസഭയിലെത്തുന്നത്.

നാമമാത്രമായ പ്രാതിനിധ്യംകൊണ്ട് വലിയ മാറ്റങ്ങൾ സാധ്യമാകില്ല എന്നത് യാഥാർത്ഥ്യമാണ്. രാഷ്ട്രീയപാർട്ടികളുടെ ചട്ടക്കൂടിനുള്ളിൽ പല നിലപാടുകളേയും സമരസപ്പെടുത്തേണ്ടി വരികയും ചെയ്യും. നിയമനിർമാണസഭകളിൽ കൂടുതൽ സ്ത്രീകളെ ഉൾക്കൊള്ളാൻ പാകത്തിലേക്കുള്ള മാറ്റത്തിനായി കൂടി അടുത്ത അഞ്ച് വർഷം മുഖ്യധാരാ രാഷ്ട്രീയപാർട്ടികൾ പരിശീലിക്കേണ്ടതുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയം 99.07%

പൊതുജനങ്ങളെ വഴിയിൽ തടയരുത്, അനാവശ്യ സുരക്ഷ വേണ്ട; ഡിജിപിക്ക് കർശന നിർദ്ദേശം നൽകി വി ഡി സതീശൻ

മന്ത്രിയാകാതെ മുഖ്യമന്ത്രിയായവര്‍, വി ഡി സതീശന്റെ മുന്‍ഗാമികളായ നേതാക്കള്‍

ഭോജ്ശാലയിലെ തര്‍ക്കസ്ഥലം സരസ്വതി ക്ഷേത്രമെന്ന് മധ്യപ്രദേശ് ഹൈക്കോടതി; ഉത്തരവ് അയോധ്യ വിധിയും പരിഗണിച്ച്

VD Satheesan Cabinet Live: സമ്മർദത്തിന് വഴങ്ങി ചെന്നിത്തല; മന്ത്രിസഭയിലേക്ക്?

SCROLL FOR NEXT