സി.വി. ബാലകൃഷ്ണന്‍ google
Malayalam Weekly

നിഗൂഢാത്മകത്വമുള്ള അനുഭൂതികള്‍

സി.വി.ബാലകൃഷ്ണന്‍

രിയോ വാര്‍ഗെസ് യോസയുടെ നാടായ പെറുവില്‍നിന്നും പത്നി ബീനയ്ക്കൊപ്പം ചിലിയിലെത്തിയ സുഹൃത്ത് സെയ്‌നുല്‍ ഹുകുമാന്‍ തലസ്ഥാന നഗരമായ സാന്തിയാഗോയിലൂടെ ചുറ്റിസഞ്ചരിക്കുന്നതിനിടയില്‍ എന്നെയോര്‍ത്തു. വാട്ട്സ്‌ആപ്പിലേയ്ക്ക് ചിലിയന്‍ കാഴ്ചകള്‍ വരികയായി. അമേരിക്കയിലെ ഭരണകൂടത്തിന്റെ ഒത്താശയോടെ ജനറല്‍ അഗസ്തോ പിനോഷെ ജനപിന്തുണയില്‍ അധികാരത്തിലെത്തിയ സാല്‍വദോര്‍ അലന്‍ഡെയെ വെടിവെച്ചുകൊന്ന് ഭരണത്തലവനായതിനുശേഷം കാട്ടിയ കൊടുംക്രൂരതയുടെ മായാത്ത തെളിവുകള്‍ സാന്തിയാഗോയില്‍ എമ്പാടുമുണ്ട്. അവ മായ്‌ച്ചുകളയാനാവാതെ അവശേഷിക്കുന്നു. അനേകം പേര്‍ തടവിലാക്കപ്പെടുകയും പീഡനമേറ്റ് മൃതിപ്പെടുകയും ചെയ്ത വിസ്തൃതമായ സ്റ്റേഡിയം നഗരമദ്ധ്യത്തിലായുണ്ട്.

മിസിങ്

ഗ്രീസില്‍ ജനിച്ച് കൂടുതലായും ഫ്രാന്‍സില്‍ പ്രവര്‍ത്തിച്ച ചലച്ചിത്രകാരന്‍ കോസ്റ്റാ ഗാവ്‌രാസ് (Costa-Gavras) എണ്‍പതുകളുടെ തുടക്കത്തില്‍ ഒരുക്കിയ ‘മിസ്സംഗ്’ എന്ന ചിത്രം പിനോഷെയെന്ന ക്രൂരനായ സ്വേച്ഛാധിപതിയുടെ കാലത്ത് നടമാടിയ ഹിംസാത്മകതയുടെ അപഗ്രഥനമാണ്. പട്ടാള അട്ടിമറിയെത്തുടര്‍ന്നുള്ള നാളുകളില്‍ കാണാതായ ചാര്‍ലി ഹോര്‍മാനെന്ന അമേരിക്കക്കാരനായ പത്രപ്രവര്‍ത്തകനെ അന്വേഷിച്ച് അവന്റെ പിതാവ് എഡ് ഹോര്‍മാനും ചിലിയില്‍ ഒപ്പമുണ്ടായിരുന്ന ഭാര്യ ബെത്തും നടത്തുന്ന ഹതാശമായ അന്വേഷണവും ചാര്‍ലി കൊല ചെയ്യപ്പെട്ടുവെന്ന കണ്ടെത്തലുമാണ് പ്രമേയത്തിന്റെ കാതല്‍. ചിത്രം ചിലിയില്‍ നിരോധിക്കപ്പെട്ടു, സ്വാഭാവികമായും. പക്ഷേ, അതിന് കാന്‍മേളയില്‍ തുര്‍ക്കിയില്‍നിന്നുള്ള യില്‍മാസ് ഗുനെയുടെ ‘യോള്‍’ എന്ന ചിത്രത്തിനൊപ്പം ഉന്നത പുരസ്‌കാരമായ പാം ദ ഓര്‍ കിട്ടി. നാല് അക്കാദമി പുരസ്‌കാര നിര്‍ദേശങ്ങളില്‍ തിരക്കഥയ്ക്കുള്ള പുരസ്‌കാരവും. ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ‘മിസ്സിംഗ്’ പ്രദര്‍ശിപ്പിച്ചപ്പോള്‍ കോസ്റ്റാ ഗാവരാസ് സന്നിഹിതനായിരുന്നു.

ഒരു വിശദാംശം കൂട്ടിച്ചേര്‍ക്കട്ടെ: ആ പ്രദര്‍ശനത്തിന് മുംബൈയില്‍ ഞാനുമുണ്ടായിരുന്നു. അതെപ്പറ്റി വികാരവായ്‌പോടെ പിന്നീട് എഴുതുകയും ചെയ്തു. വര്‍ഷങ്ങള്‍ക്കു മുന്‍പാണ്. സാന്തിയാഗോയില്‍ പിന്നെയും പിന്നെയും സൂര്യോദയങ്ങള്‍. ലാറ്റിന്‍ അമേരിക്കയില്‍നിന്ന് ആദ്യമായി സാഹിത്യത്തിന് നൊബേല്‍ പുരസ്‌കാരം നേടിയ കവയിത്രി ഗബ്രിയേല മിസ്‌ട്രലിന്റെ വീടിനു മുന്നില്‍ സെയ്‌നുല്‍ ഹുകുമാനും ബീനയും. വീട് തുറന്നുകിടക്കുന്നു. പരിപാലകരായി ആരുമില്ല. ഗബ്രിയേലയെ അറിയുമോ എന്ന ഹുകുമാന്റെ ആരായലിനു മറുപടിയായി അനേകം വര്‍ഷങ്ങളായി ഗ്രന്ഥശേഖരത്തിലുള്ള ‘The Penguin Book of Latin American Verse’-ല്‍ ഉള്‍പ്പെട്ട രണ്ടു കവിതകള്‍ അയച്ചുകൊടുത്തു. നൊബേല്‍ ബഹുമതിക്ക് അര്‍ഹയായത് 1945-ലായിരുന്നു. മ്യൂസിയമായി മാറിയ വസതി പാതയോരത്താണ്. അതിനുമേല്‍ വെയില്‍ പതിക്കുന്നു. അത് കവിതയുടെ ഇടമാണ്.

കവിത മരിക്കില്ലെന്നും കവിതയ്ക്ക് പൂച്ചയെപ്പോലെ ഒന്‍പത് ജന്മം ഉണ്ടെന്നും പാബ്ലോ നെരൂദ. ഘാതകര്‍ അതിനെ ഭീഷണിപ്പെടുത്തും. തെരുവുകളിലിട്ട് വലിച്ചിഴയ്ക്കും. മുഖത്ത് തുപ്പും. പരിഹസിക്കും. ശ്വാസംമുട്ടിക്കാന്‍ ശ്രമിക്കും. നാടുകടത്തും. തുറങ്കിലടയ്ക്കും. കാതില്‍ കാരീയം ഉരുക്കിയൊഴിക്കും. ഇതൊക്കെ ആയാലും കവിത അതിജീവിക്കും. വെന്ത ചോറുപോലെ കൊച്ചരിപ്പല്ല് കാണിച്ച് ചിരിക്കും.

അലര്‍ഡെയെ കൊലപ്പെടുത്തി അധികാരത്തിലേറിയ പിനോഷെയുടെ പൈശൂന്യം നെരൂദയുടെ നേര്‍ക്കായി. തോക്കുകള്‍ ചൂണ്ടി വസതിയിലേയ്ക്ക് അതിക്രമിച്ചെത്തിയ പട്ടാളക്കാരോട് ഭയരഹിതനായ നെരൂദ പറഞ്ഞു: “എങ്ങും നോക്കിക്കോളൂ. നിങ്ങള്‍ക്ക് അപകടകരമായ ഒന്നേയുള്ളൂ ഇവിടെ- കവിത.”

പലതും നശിപ്പിക്കപ്പെട്ടു. കവിത മാത്രം ബാക്കിയായി.

പ്രൊസ്റ്റേറ്റ് അര്‍ബുദം സ്ഥിരീകരിക്കപ്പെട്ട് ആശുപത്രിയിലായ നെരൂദ വീട്ടിലേയ്ക്കു മടങ്ങുംമുന്‍പേത്തന്നെ പിനോഷെയുടെ ഉത്തരവുപ്രകാരം കൊലപ്പെടുത്താനായി ഏതോ വിഷം കുത്തിവെച്ചിരുന്നുവെന്ന് പത്നി മറ്റില്‍ഡ ഉറൂഷ്യയോട് പറഞ്ഞിരുന്നു. മരണത്തെത്തുടര്‍ന്ന് ചില അന്വേഷണങ്ങളുണ്ടായി. പല റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. സന്ദിഗ്ദ്ധത അതേപടി അവശേഷിച്ചു.

മരണം സെപ്റ്റംബര്‍ 23-നായിരുന്നു; 1973-ല്‍. അതിനടുത്തൊരുനാളില്‍ കോഴിക്കോട് നഗരവീഥികളിലൂടെ നെരൂദയുടെ ഛായാപടങ്ങളുള്ള പ്ലക്കാര്‍ഡുകളുമായി ഒരു പ്രകടനം നടന്നു. അതില്‍ ഞാനുമുണ്ടായിരുന്നു. എന്റെ കയ്യിലുമുണ്ടായിരുന്നു ഒരു പ്ലക്കാര്‍ഡ്. രോഷത്തോടേയും വ്യസനത്തോടേയും അന്ന് അനേകം പേര്‍ ടൗണ്‍ ഹാളില്‍ ഒത്തുചേര്‍ന്നു. നെരൂദാ, പ്രിയപ്പെട്ട നെരൂദാ.

“ഞങ്ങള്‍ ഇതാ, ലാ ചസ്‌കോണയിലാണ്.” ഹുകുമാന്‍ അറിയിച്ചു.

നെരൂദ പ്രണയിനിയായ മറ്റില്‍ഡ ഉറൂഷ്യയുമായുള്ള രഹസ്യ സമാഗമത്തിനായി പണിത വീടാണ് ലാ ചസ്‌കോണ. ചിലിയിലെ അറിയപ്പെടുന്ന ഗായികയായ മറ്റില്‍ഡയുമായുള്ള ബന്ധം നെരൂദയ്ക്ക് വെളിപ്പെടുത്താന്‍ കഴിയുമായിരുന്നില്ല. രണ്ടു വിവാഹം കഴിഞ്ഞതാണ്. രണ്ടാമത്തേത് നിയമപരമായി വേര്‍പെടുത്തിയിട്ടില്ല. പാട്ടുകാരിയോടുള്ള അഭിനിവേശമോ കടുത്ത ഉന്മാദത്തെക്കാള്‍ തീവ്രം.

“I’ll bring you flowers from the mountains, bluebells,

dark hazels, and rustic baskets of kisses.

I want to do with you

what spring does with the cherry trees.”

നെരൂദയും മറ്റില്‍ഡയും

മപോക്കോ നദിയുടേയും സാന്‍ ക്രിസ്റ്റോബല്‍ കുന്നിന്റേയും ഇടയിലായി ബാരിയോ ബെല്ലാവിസ്തയില്‍ പണിത വീടിന്റെ പേര് മറ്റില്‍ഡ ഉറൂഷ്യയുടെ അതിവശ്യവും സവിശേഷതയാര്‍ന്നതുമായ മുടിയില്‍നിന്നാണ്. മുടി ചുവന്നും ചുരുണ്ടും കെട്ടുപിണഞ്ഞും. അതിനൊരു മാന്ത്രികതയുണ്ട്. മെക്‌സിക്കന്‍ ചിത്രകാരനും കവിയുടെ ഉറ്റ സ്നേഹിതനും ഫ്രിദ കാലോയുടെ പുരുഷനുമായ ഡിയഗോ റവേറ (Diego Rivera) മറ്റില്‍ഡ ഉറൂഷ്യയെ അസാധാരണമായ ഒരു പെയിന്റിംഗിലൂടെ അനശ്വരയാക്കിയിട്ടുണ്ട്. അതില്‍ മറ്റില്‍ഡ ഉറൂഷ്യയ്ക്ക് ഇരട്ടമുഖമാണ്. ഒരു മുഖം ഗായികയെന്ന നിലയ്ക്കുള്ള പൊതു പ്രതിച്ഛായയും (Public Persona) രണ്ടാമത്തേത് നെരൂദയുമൊത്തുള്ള രഹസ്യാത്മക ജീവിതത്തിന്റേയും. ചിത്രത്തിന്റെ പ്രതലത്തില്‍ പെട്ടെന്ന് ശ്രദ്ധ നേടുക ചുവന്ന മുടി തന്നെ. അതിന്റെ അനേകമനേകം ചുരുളുകള്‍. അവയ്ക്കപ്പുറം നെരൂദയുടെ മുഖമുണ്ട് മറച്ചുപിടിക്കപ്പെട്ട നിലയില്‍. കുസൃതിയും ഗൂഢാര്‍ത്ഥങ്ങളുമടങ്ങിയ പെയിന്റിംഗ്- റവേറ പാബ്ലോവിന് സമ്മാനിച്ചു. പാബ്ലോ അത് കാമുകിക്കു നല്‍കി. ദിനംപ്രതി കുതൂഹലചിത്തരായ സന്ദര്‍ശകരെത്തുന്ന ലാ ചസ്‌കോണയുടെ ഒരു ഉള്‍ഭിത്തിയില്‍ പ്രസ്തുത ചിത്രം ഹുകുമാന്‍ എനിക്കു കാട്ടിത്തന്നു. ഞാന്‍ ഡിയഗോ റവേറയെ ഉള്ളാലെ വാഴ്‌ത്തി.

പാബ്ലോ നെരൂദയെക്കുറിച്ചുള്ള അങ്ങേയറ്റം ഹൃദ്യമായ ഒരോര്‍മ മരിയോ വാര്‍ഗസ് യോസ ഒരു അഭിമുഖസംഭാഷണത്തില്‍ പങ്കുവെച്ചിട്ടുണ്ട്. അത് നെരൂദയുടെ ഒരു പിറന്നാള്‍ ആഘോഷത്തിന്റേയാണ്.

നെരൂദ ജീവിതം ആഘോഷിച്ചു. എല്ലാറ്റിനെക്കുറിച്ചും ഭ്രാന്തമായ താല്പര്യം പുലര്‍ത്തി - പെയ്‌ന്റിംഗ്, കലയുടെ പല രൂപങ്ങള്‍, പുസ്തകങ്ങള്‍, അപൂര്‍വ പ്രസിദ്ധീകരണങ്ങള്‍, ഭക്ഷണം, മദ്യം. തീനും കുടിയും അദ്ദേഹത്തിന് ഏതാണ്ട് നിഗൂഢാത്മകത്വമുള്ള (mystical) അനുഭൂതിയായിരുന്നു. അതിശയപ്പെടുത്തുമാറ് ഇഷ്ടം തോന്നുന്ന ഒരാള്‍. അടിമുടി സജീവത. റാഫേല്‍ ആല്‍ബെര്‍ട്ടിയുടേയും (സ്‌പാനിഷ് കവി) ബ്രസീലിയന്‍ എഴുത്തുകാരനായ ജോര്‍ജ് അമാദോയുടേയും പാരമ്പര്യം പുലര്‍ത്തുന്ന ഒരാള്‍. നയതന്ത്രപ്രതിനിധിയൊക്കെത്തന്നെ. പക്ഷേ, രസികന്‍.

എത്രാമത്തേയോ പിറന്നാള്‍. അതിന്റെ പാര്‍ട്ടി തെംസ് നദിയില്‍ ഒരു ബോട്ടിലാകണമെന്ന് നെരൂദ ആഗ്രഹിച്ചു. ഭാഗ്യവശാല്‍ അദ്ദേഹത്തിന്റെ ആരാധകരില്‍ ഒരാളായ ആംഗലേയ കവി അലാസ്റ്റയര്‍ റീഡ് താമസിച്ചിരുന്നത് തെംസ് നദിയിലുള്ള ഒരു നൗകയിലാണ്. പാര്‍ട്ടി അതില്‍ നിശ്ചയിക്കപ്പെട്ടു. ലണ്ടന്‍ നഗരത്തില്‍ അന്നു രാത്രി മുന്‍പൊരിക്കലും ഉണ്ടായിട്ടില്ലാത്ത ഒരു പിറന്നാള്‍ ആഘോഷം അരങ്ങേറി. താനൊരു കോക്‌ടെയ്‌ല്‍ ഉണ്ടാക്കുമെന്ന് പ്രഖ്യാപിച്ചു നെരൂദ. ബെനഡിക്‌റ്റൈന്‍ സന്ന്യാസി ഡോം പെതിഗ്‌നോനിന്റെ പേരിലുള്ള വിലയേറിയ ഷാംപെയ്‌ന്‍ എത്രയോ കുപ്പികള്‍ തുറക്കപ്പെട്ടു. പിന്നെ പഴച്ചാറുകള്‍. കൂടെ മറ്റെന്തൊക്കെയോ. ഒരു ഗ്ലാസ് കഴിച്ചവര്‍ തന്നെയും പൂസ്. ഏവരും ലഹരിയുടെ താഴ്‌വരയില്‍. തെംസ് ഒഴുകുന്നു. അരയന്നങ്ങള്‍ നീന്തുന്നു. ലണ്ടന്‍ ഉറങ്ങാതിരിക്കുന്നു.

വിരുന്നിന്റെ രാത്രി അവസാനിച്ചിട്ടില്ല.

വായോ. വായോ.

ഡോം പെരിഗ്‌നോനും പഴച്ചാറുകളും മറ്റു പലതും ചേര്‍ത്ത് കവി തയ്യാറാക്കിയ കോക്‌ടെയ്‌ല്‍ ബാക്കിയുണ്ട്.

വായോ. വായോ. വായോ.

Antonio Lobo Antunes

“ഞാനിവിടെ കൂവ പൊടിക്കുവാ. കൂവപ്പൊടി കൊണ്ടുള്ള അട കഴിച്ചിട്ടുണ്ടോ?”

“ഇല്ല.”

“അത്താഴത്തിന് ഇന്ന് അതാണ്. എന്നാ രുചിയാന്നറിയാമോ, ഓഹ്.”

‍ഞാന്‍ റോസന്നയ്ക്ക് നല്ല ഒരത്താഴം നേര്‍ന്നു. മുന്‍പൊരിക്കല്‍ റോസന്നയോട് ഞാന്‍ മുന്തിരിയടയുടെ പാചകവിധി ആരാഞ്ഞിട്ടുണ്ട്. മുന്തിരിയട തന്ന് എന്നെ ശക്തീകരിപ്പിന്‍! തണുപ്പിക്കാന്‍ നാരങ്ങ. മുന്തിരിയട ശക്തീകരിപ്പിക്കാനുള്ളതാണ്. ഉത്തമഗീതം വായിച്ചിട്ടുണ്ടെങ്കിലും റോസന്ന മുന്തിരിയട എങ്ങനെ ഉണ്ടാക്കാമെന്ന് അമ്മച്ചിയോടോ വല്യമ്മച്ചിയോടോ ചോദിച്ചറിഞ്ഞിട്ടില്ല. അമ്മച്ചിയും വല്യമ്മച്ചിയുമൊക്കെ എന്നോ പോയി. മെഴുകുതിരികള്‍പോലെ കത്തിത്തീര്‍ന്നു. ജീവിതം അത്രയേ ഉള്ളൂ. ഒഴിഞ്ഞ ചില്ലുപാത്രത്തിലേയ്ക്ക് ഞാന്‍ വിസ്‌കി പകര്‍ന്നു. നാവിന് തരിപ്പായി. ഒരു നുള്ള് വേപ്പിലക്കട്ടികൊണ്ട് ഞാന്‍ തരിപ്പു മാറ്റി. വേപ്പിലക്കട്ടി എവിടെയും ഉണ്ടാക്കാമെങ്കിലും അടിസ്ഥാനപരമായി ഒരു പാലക്കാടന്‍ വിഭവം. മുഖ്യമായും അതില്‍ ചേരേണ്ടത് മാതളനാരകത്തിന്റെ ഇലകള്‍. റോസന്നയുടെ വിസ്തൃതമായ തൊടിയില്‍. ഒറ്റ മാതളനാരകം പോലും ഇല്ല. വേറെ എന്തൊക്കെയോ ഉണ്ട്.

അടുത്ത ഡ്രിങ്കിനായി ഞാന്‍ താമരവളയം വറുത്തു. കര്‍മല വീട്ടില്‍ പോയിരുന്നു. കെട്ടിയോന് ദണ്ണം.

താമരവളയത്തോട് ചേര്‍ക്കാവുന്നതായി കണ്ണിമാങ്ങ അച്ചാറുണ്ട്. അതും പാലക്കാട്ട് നിന്നുതന്നെ. ഉശിരന്‍ മണം. നാസാദ്വാരങ്ങളിലേയ്ക്ക് അത് തുളഞ്ഞുകയറി. ഒരു ഹൃദ്യതയായി ഉള്ളിലാകെ പടര്‍ന്നു. അതിന് അകമ്പടിയായി തൊടിയില്‍ ചീവീടുകള്‍ പാടി.

അപ്പോഴേയ്ക്കും ലോകത്തെ വലിയ ഒരു എഴുത്തുകാരന്റെ മൃതി സംഭവിച്ചിരുന്നു.

പോര്‍ച്ചുഗലിലാണ്. തലസ്ഥാന നഗരമായ ലിസ്‌ബണില്‍ പാര്‍ത്തിരുന്ന അന്‍ടോണിയോ ലോബോ ആന്‍ട്യൂണ്‍സ് (Antonio Lobo Antunes). കഴിഞ്ഞ കുറെ ആണ്ടുകളായി സ്റ്റോക്ഹോമില്‍നിന്ന് സാഹിത്യ നൊബേല്‍ പ്രഖ്യാപിക്കപ്പെടും മുന്‍പ് സാധ്യത കല്പിക്കാറുണ്ടായിരുന്ന പേര്.

നിസ്സംശയമായും ആന്‍ട്യൂണ്‍സിന്റെ മൊത്തം രചനാലോകം അങ്ങനെയൊരു ഉന്നത അംഗീകാരം അര്‍ഹിച്ചിരുന്നു.

“ഏതു പ്രായത്തിലാണ് ആന്‍ട്യൂണ്‍സ് എഴുത്തുകാരനാവാന്‍ നിശ്ചയിച്ചതെന്ന് അറിയുമ്പോള്‍ അത്ഭുതം തോന്നും.” അരുണിമ പറഞ്ഞു.

“എപ്പോഴായിരുന്നു?”

“ഏഴു വയസ്സുള്ളപ്പോള്‍.”

അത്രയും ചെറിയ പ്രായത്തില്‍ എഴുത്തുകാരനാവാന്‍ തീരുമാനിക്കുകയെന്നത് വിസ്‌മയകരം തന്നെ. എഴുത്തുകാരാവുന്നത് രണ്ടോ മൂന്നോ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നവരല്ല, എഴുത്തുകാരാവാന്‍ തീരുമാനിക്കുന്നവരാണെന്ന് യോസെയുടെ വചനം. അതുപ്രകാരം ഏഴാം വയസ്സിലേ എഴുത്തുകാരനായി ആന്‍ട്യൂണ്‍സ്. പക്ഷേ, പിതാവ് അവനെ യൂണിവേഴ്‌സിറ്റി ഓഫ് ലിസ്‌ബണിലെ മെഡിക്കല്‍ സ്കൂളിലേയ്ക്കയച്ചു. അവനൊരു മെഡിക്കല്‍ ഡോക്ടറായി. അധികപഠനം മനോരോഗ ചികിത്സയിലായിരുന്നു (Psychiatry). പക്ഷേ, എഴുത്ത് ഉപേക്ഷിച്ചിരുന്നില്ല. പഠനത്തിനിടയിലും വാക്കുകള്‍കൊണ്ടുള്ള വേല അനവരതം തുടര്‍ന്നു. പിന്നെ അംഗോളയിലായിരുന്നു, യുദ്ധമുഖത്ത്. പോര്‍ച്ചുഗലിന്റെ സാമ്രാജ്യത്വ അധിനിവേശ യുദ്ധത്തില്‍ (1961-1974) ഒട്ടും താല്പര്യമില്ലാതിരുന്നിട്ടും ആന്‍ട്യൂണ്‍സ് ഭാഗഭാക്കായി. അതുകഴിഞ്ഞ് ജര്‍മനിയിലും ബെല്‍ജിയത്തിലും. മുഴുവന്‍സമയ എഴുത്തുകാരനായത് ലിസ്‌ബണില്‍ തിരിച്ചെത്തിക്കഴിഞ്ഞാണ്.

“അംഗോളയിലെ യുദ്ധമാണ് ഒരു നോവലിന്റെ പ്രമേയം. യുദ്ധം പ്രമേയമാക്കിക്കൊണ്ട് ഈയൊരു നോവലേ ആന്‍ട്യൂണ്‍സ് എഴുതിയിട്ടുള്ളൂ.”

‍ഞാനത് വായിച്ചിരുന്നു: ‘The Land at the End of the World.’

ലോകത്തിന്റെ അറ്റത്തുള്ള ഇടം അംഗോളയാണ്. അവിടത്തുകാര്‍ തങ്ങളുടെ ദേശത്തെ അവ്വിധം വിശേഷിപ്പിക്കുമായിരുന്നു. മറ്റൊരു വിശേഷണം കൂടിയുണ്ട്: ‘Judas’s ass hole.’

വളരെ അനായാസമായി വായിക്കാവുന്നവയല്ല ആന്‍ട്യൂണ്‍സിന്റെ രചനകള്‍. ‘Act of the damned’, ‘Fado Alexandrino’, ‘An Explanation of the Birds’, ‘The return of the caravels’ എന്നിങ്ങനെയുള്ള ആഖ്യാനങ്ങള്‍ അതിസങ്കീര്‍ണങ്ങളാണ്. പലരും പാതിവഴിക്ക് ഉപേക്ഷിച്ചെന്നുവരും. അവര്‍ ആന്‍ട്യൂണ്‍സ് വായന തുടങ്ങേണ്ടത് ‘The Land at the End of the World’-ല്‍ നിന്നായാല്‍ നന്ന്. അതിന്റെ തുടര്‍ച്ചയായി മറ്റ് ആഖ്യാനങ്ങളിലൂടെ കടന്നുപോകാം.

“അങ്ങേര്‍ക്ക് കംപ്യൂട്ടര്‍ ഉണ്ടായിരുന്നില്ല. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നില്ല. തന്റെ പുസ്തകങ്ങള്‍ ഒരിക്കല്‍ക്കൂടി വായിച്ചിരുന്നില്ല. നിരൂപകര്‍ എഴുതുന്നത് പാടെ അവഗണിച്ചിരുന്നു. അരുണിമ പറഞ്ഞു.

ഞാന്‍ ആന്‍ട്യൂണ്‍സിന്റെ വാക്കുകള്‍ ഓര്‍ത്തു:

“After your death, your books are all that remain.”

അല്ലാതെന്ത്? ഒന്നുമില്ല. ഒന്നുമില്ല. എഴുത്തുകാര്‍ മറയുന്നു. അവരെഴുതിയ പുസ്തകങ്ങള്‍ ബാക്കിയാകുന്നു. ചാള്‍സ് ഡിക്കന്‍സും മിഗുല്‍ ഡി സെര്‍വാന്റസും വില്യം ഷേക്‌സ്‌പിയറും ചെഖോവും ടോള്‍സ്റ്റോയിയും ദസ്തയേവ്‌സ്‌കിയും ഗോഗളും മെല്‍വിലും ഫോക്‌നറും ഹെമിംങ്‌വേയും ഹാര്‍ഡിയും കാമുവും മിഷിമയും കവാബാത്തയും തോമസ് മന്നും മാഴ്‌സല്‍ പ്രൂസ്റ്റും ജെയിംസ് ജോയ്സും എണ്ണിയാല്‍ ഒടുങ്ങാത്ത മറ്റനേകം എഴുത്തുകാരും അവരുടെ പുസ്തകങ്ങളായി ജീവിക്കുന്നു. പുസ്തകങ്ങള്‍ക്കു മരണമില്ല. ഉത്തമ ഗ്രന്ഥങ്ങള്‍ക്ക് എന്ന് കൂട്ടിച്ചേര്‍ക്കാം. ഉത്തമങ്ങളായ രചനകള്‍ കാലത്തെ അതിവര്‍ത്തിക്കുന്നു. ഭാഷയുടെ അതിരുകള്‍ മായ്‌ക്കുന്നു.

ഫിക്‌ഷന്‍ കരുത്തുറ്റതാണ്. പുതുകാല അമേരിക്കന്‍ എഴുത്തുകാരനായ ജോര്‍ജ് സൗണ്ടേഴ്‌സ് (George Saunders) ഒരു അഭിമുഖത്തില്‍ ഈയൊരു വിലയിരുത്തല്‍ നടത്തുന്നുണ്ട്. ‘Vigil’ എന്ന പുതിയ നോവലിന്റെ സാഹചര്യത്തിലായിരുന്നു അഭിമുഖം.

ജോര്‍ജ് സൗണ്ടേഴ്സ്

ജോര്‍ജ് സൗണ്ടേഴ്‌സിനെ ബുക്കര്‍ പുരസ്‌കാരത്തിന് അര്‍ഹനാക്കിയ ‘Lincoln in the Bardo’ (2017) മൗലികവും അസാധാരണവുമായ ആഖ്യായികയായിരുന്നു. അതില്‍ എബ്രഹാം ലിങ്കണും പതിനൊന്നാം വയസ്സില്‍ മരിച്ച മകന്‍ വില്ലിയുമാണ്. വില്ലിയോട് ലിങ്കണ് ഉണ്ടായിരുന്ന അഗാധമായ സ്നേഹവായ്‌പ് കൃതിയിലാകെ നിറഞ്ഞുനില്‍ക്കുന്നു. ഒരു മാസ്റ്റര്‍പീസ് എന്ന് പുറംചട്ടയില്‍ സാഡീ സ്‌മിത്ത്.

“കഥയിലേയും നോവലിലേയും വലിയ ഒരു കുതിപ്പാണ് സൗണ്ടേഴ്‌സ്.” അരുണിമ പറഞ്ഞു.

“അതെ.” ‍ഞാനത് ശരിവെച്ചു.

പുതിയ നോവല്‍ വായിക്കാനിരിക്കുന്നതേയുള്ളൂ. Tenth of September, Liberation Day എന്നീ കഥാസമാഹാരങ്ങളിലൂടെ സാകൂതം കടന്നുപോയിട്ടുണ്ട്. കഥകളില്‍ ഒട്ടുമില്ല വാചാലത. വാക്കുകളുടെ മിതത്വമാണ് ഓരോന്നും ഉദാഹരിക്കുന്നത്. വായനക്കാരുടെ ബുദ്ധിപരതയെ ധൈഷണികതയെ, സൗണ്ടേഴ്‌സ് വളരെ പരിഗണിക്കുന്നു. അവരോട് ആവശ്യത്തിനുമാത്രം സംസാരിച്ചാല്‍ മതിയാകും. ഏറെ പറയുന്നത് നിരര്‍ത്ഥകമായ പാഴ്‌വേല.

ബംഗാളില്‍നിന്ന് വാര്‍ത്തകള്‍ ഒന്നുമില്ലല്ലോ എന്ന ഖേദത്തിന് അവസാനം കുറിച്ചുകൊണ്ട് ചമ്പയുടെ വിളി.

ഉണ്ട്, വാര്‍ത്തകളുണ്ട്. ബംഗാള്‍ നിശ്ചലമല്ല. ഗവര്‍ണര്‍ അപ്രതീക്ഷിതമായി പടിയിറങ്ങുന്നു. രാഷ്ട്രപതിയുടെ സന്ദര്‍ശനം തൊട്ടടുത്ത നാളിലാണ്. മമത ബാനര്‍ജി അതില്‍നിന്നും ഒഴിഞ്ഞുമാറുന്നു. മമത ബാനര്‍ജിക്ക് തന്നോട് കാലുഷ്യം എന്തിനെന്ന് ദ്രൗപദി മുര്‍മു.

ഏതോ വിദൂര രാത്രിയില്‍ ബിര്‍ഭുമില്‍കേട്ട കുര്‍ക്കുരിയുടെ മുഴക്കവും സന്താള്‍ വര്‍ഗക്കാരുടെ ആവേശിത സംഗീതവും ദേശി ദാരുവിന്റെ ലഹരിയും ഓര്‍മയിലേയ്ക്കു വന്നു. രാം കിങ്കര്‍ ബൈജും ഓര്‍മയില്‍ തെളിഞ്ഞു.

പലപ്പോഴും സംഭവിക്കാറുണ്ട് ഇങ്ങനെയുള്ള തിരിഞ്ഞുനോട്ടങ്ങള്‍. “നല്ലതുതന്നെ.” അരുണിമ പറഞ്ഞു. അവളുടെ ശബ്ദം ഫോണിലൂടെ കേള്‍ക്കാന്‍ എനിക്കിഷ്ടമായിരുന്നു.

അപ്പോഴേയ്ക്കും റോസന്നയുടെ അത്താഴാനന്തര വിളി. അരുണിമയോട് ക്ഷമ പറഞ്ഞു. കാതില്‍ മറ്റൊരു ശബ്ദമായി.

“തിരക്കിലാണല്ലോ എപ്പോ വിളിച്ചാലും.”

സ്ത്രീസഹജമായ അസൂയ റോസന്നയ്ക്കും ബാധകം തന്നെ.

“ഞാന്‍ ഡൊണാള്‍ഡ് ട്രംപുമായി ചില ഗൗരവമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയായിരുന്നു. പശ്ചിമേഷ്യയില്‍ ഇനിയെന്ത്, ഹോര്‍മുസ് കടലിടുക്ക് തുറക്കുമോ, ഇറാന്‍ ആക്രമണം തുടരുമോ എന്നൊക്കെ.”

“എന്നിട്ട് അങ്ങേര് എന്തുപറഞ്ഞു?”

“ഒരു വാക്കേ പറഞ്ഞുള്ളൂ.”

“ഏതു വാക്ക്?”

“ഊഹിച്ചുകൂടേ?”

“നാലക്ഷരം?”

വൈറ്റ്ഹൗസിന്റെ അതീവ സുരക്ഷിതത്വത്തില്‍ നാലുപാടും തിരിഞ്ഞ് ക്രുദ്ധനായി. നാലക്ഷരപദം തീ തുപ്പുംപോലെ വികാരവിക്ഷോഭത്തോടെ ഉരുവിടുന്ന ഡൊണാള്‍ഡ് ട്രംപിനെ മുന്നില്‍ കണ്ട് ഞാന്‍ ചിരിച്ചു. ഉടലിന്റെ കീഴ്‌പാതി നഗ്നമാണ്.

ലോകം എത്തിച്ചേര്‍ന്നത് ഈ അശ്ലീലതയിലേയ്ക്കാണ്. ഭൂമിയില്‍ സ്വര്‍ഗത്തിന്റെ നിഴല്‍ പതിക്കുന്നില്ല. ഇവിടെ, ഭീകരതയാണ്. കാണുക: ഭീമന്‍ ചിലന്തികള്‍.

ചിലന്തിക്കണ്ണുകളുടെ നോട്ടത്തിന്റെ തീക്ഷ്‌ണത മറ്റൊന്നിനുമില്ല. അത് ക്രൗര്യം തികഞ്ഞതാണ്. ഒറ്റനിമിഷത്തില്‍ വന്ന് ഉരസും. അത്രയും പരുക്കനാവില്ല മറ്റൊരു ഉരസലും. നമ്മളാകെ ഉലഞ്ഞുപോകും. കൊടും തണുപ്പിലെന്നോണം അടിമുടി വിറയ്ക്കും. അത്യുഷ്‌ണത്തിലെന്നപോലെ വിയര്‍ക്കും. കുളിര്‍കാറ്റില്ല. ഇളം വെയിലില്ല. നിലാവില്ല. ഒന്നുമില്ല. ലോകം ഭീതിയിലാണ്. എവിടെയൊക്കെയോ ഡ്രോണ്‍ ആക്രമണങ്ങള്‍. തീ പടരുന്ന എണ്ണപ്പാടങ്ങള്‍. ചോരച്ചാലുകള്‍. ആക്രന്ദനങ്ങള്‍. ദൈവമേ! ദൈവമേ!

കുരിശില്‍ ചോര വാര്‍ന്നുകൊണ്ടിരിക്കെയുള്ള യേശുവിന്റെ കരച്ചില്‍ അന്നുതൊട്ട് ഭൂമിയില്‍ എമ്പാടുമുണ്ട്. അത്രയും നിസ്സഹായത മറ്റൊരു കരച്ചിലിലുമില്ലതന്നെ. അത് ഉപേക്ഷിക്കപ്പെട്ടവന്റെ രോദനമാണ്. ആശ്രയമറ്റ ഒരുവന്റെ ദീനവിലാപം: കൈവിടലിന്റെ പരമമായ ഖേദം.

“ഞാന്‍ നേരത്തേ പറഞ്ഞില്ലാന്നേയുള്ളൂ: കൈ രണ്ടും പൊള്ളി വീര്‍ത്തിരിക്കയാ. കുമിളിച്ചിട്ടുണ്ട്. പൊട്ടി നീരൊഴുകുന്നു.” റോസന്ന പറഞ്ഞു.

“എന്താ പറ്റിയേ?”

“പണിയുണ്ടാര്ന്നു.”

“അതിന് വിളിപ്പുറത്തില്ലേ പണിക്കാര്? അതിഥിത്തൊഴിലാളികള്‍?”

“കൂലി എണ്ണിക്കൊടുക്കേണ്ടേ?”

“വേണമല്ലോ.”

“കാള്‍ മാര്‍ക്‌സ് വരില്ലല്ലോ കൂലി കൊടുക്കാന്‍.”

“ഇല്ല. പാവം മിച്ചമൂല്യ സിദ്ധാന്തം അവതരിപ്പിച്ച് ഒടുവില്‍ ഹൈഗെയ്റ്റ് സെമിത്തേരിയില്‍ ഒടുങ്ങി.”

“പൊള്ളല് നീറുന്നു.”

“ആശുപത്രീല് പോയ്‌ക്കൂടേ?”

“പോയില്ല. തേന്‍ പുരട്ടി. രണ്ടു കയ്യിലും തേനാ.”

“നല്ലത്.”

എനിക്ക് തേന്‍മണം അനുഭവവേദ്യമായി.

പിന്നീട് റോസന്ന എന്നോട് ഒരു വിചിത്ര മനുഷ്യനെക്കുറിച്ച് പറഞ്ഞു. ഇറ്റിണ്ടനെന്നാണ് പേര്: റോസന്ന ബാല്യത്തില്‍ കണ്ടതാണ്. അയാള്‍ ഏതു നേരത്തും കഞ്ചാവിന്റെ മാദകലഹരിയിലായിരുന്നു. പറഞ്ഞുവരുമ്പോള്‍ ജോലി റബ്ബര്‍ ടാപ്പിംഗാണ്. ഭാര്യയും രണ്ടു പിള്ളേരുമുണ്ട്. എന്നോ റോസന്നയുടെ അപ്പന്‍ അവര്‍ക്ക് അഭയം നല്‍കി. വിസ്തൃതമായ തൊടിയുടെ ഒരറ്റത്ത് ചെറിയൊരു കൂരവെച്ച് താമസമായി.

കാള്‍ മാര്‍ക്‌സിനേയോ ഫ്രെഡറിക് ഏംഗല്‍സിനേയോ വ്ലാദിമിര്‍ ഇല്ലിച്ച് ലെനിനേയോ, ജോസഫ് വിസ്സാരിയോനോവിച്ച് സ്റ്റാലിനേയോ ഇറ്റിണ്ടന് അറിയാമായിരുന്നില്ല. പക്ഷേ, ഇറ്റിണ്ടന്‍ കമ്യൂണിസ്റ്റായിരുന്നു. ജാഥകളില്‍ പങ്കെടുത്തിരുന്നു. നേതാക്കളുടെ തീപ്പൊരി പ്രസംഗങ്ങള്‍ കേട്ട് ആവേശംകൊണ്ടിരുന്നു. ആവേശം കുറയുന്ന ഘട്ടത്തില്‍ കഞ്ചാവു നിറച്ച ഒരു ബീഡി കത്തിക്കും. നീലച്ചടയന്‍ ഞരമ്പുകളില്‍ പടരും. ഇന്‍ക്വിലാബ് സിന്ദാബാദ്!

“വെറും പാവമാര്‌ന്നു. ഒര് നാള് രാവിലെ റവറ് വെട്ടാന്‍ പോയി. മുന്നൂറ് മരം വെട്ടി. പിന്നെ നോക്കിയപ്പോ വെട്ടിയതത്രേം ഒറ്റ മരത്തേല്.”

റോസന്ന ചിരിച്ചു. അതൊരു ബാല്യസ്മൃതിയാണ്. ഞാനും ചിരിയില്‍ ഒപ്പം ചേര്‍ന്നു.

ഇറ്റിണ്ടന്‍ പുകക്കണ്ണടയിലൂടെ ഭൂമിയെ നോക്കുമ്പോള്‍ ആരോ വഴിയിലൂടെ നടന്നടുത്തു. രാവിലെയായിരുന്നു. അന്ന് റബ്ബര്‍ വെട്ടിന് പോകേണ്ടതില്ല. ഇറ്റിണ്ടന്‍ തിണ്ണയിലിരുന്ന് പുകയ്ക്കുകയായിരുന്നു. പെട്ടെന്നുതന്നെ മഹാലഹരിയിലായി.

“ആരാ?”

ഇറ്റിണ്ടന്‍ ഒരു നിഴലുപോലെ നീങ്ങിവന്ന് മുന്നിലെത്തിയ അപരിചിത രൂപത്തോട് ചോദിച്ചു.

“ഒരു തെണ്ടിയാ.” അവന്‍ പറഞ്ഞു.

എത്രയോ തെണ്ടിപ്പരിഷകളെ ഇറ്റിണ്ടന്‍ കണ്ടിട്ടുണ്ട്. പൊക്കണങ്ങളും തൂക്കി ചുമ്മാ തെണ്ടുന്നു.

“ഇരിക്ക്.” ഇറ്റിണ്ടന്‍ പറ‍ഞ്ഞു.

തിണ്ണയിലേയ്ക്ക് കൈ ചൂണ്ടി.

“ഓ.”

അവന്‍ വിധേയത്വത്തോടെ അവിടെയിരുന്നു.

“എരപ്പാളിയെന്നും പറയാം.” അവന്‍ കൂട്ടിച്ചേര്‍ത്തു. ചെറിയ പൊക്കണം ചുമലില്‍നിന്നും ഇറക്കിവെച്ചു. വിയര്‍പ്പിന്റേയോ ചെളിയുടേയോ നാറ്റമായിരുന്നില്ല അതിന്. അയമോദകത്തിന്റേയും ഏലയ്ക്കയുടേയും കറുവപ്പട്ടയുടേയും കരയാമ്പൂവിന്റേയും ചുക്കിന്റേയും കായത്തിന്റേയും ജാതിക്കയുടേയും ചതകുപ്പയുടേയും ഒടതളത്തിന്റേയും വെളുത്തുള്ളിയുടേയുമൊക്കെ സമ്മിശ്ര പരിമളമായിരുന്നു. ഓഹ്! ഇറ്റിണ്ടന്‍ അത്ഭുതപരതന്ത്രനായി. ഇത്രേം നല്ലതായി ഒരു മണം ഈ ഭൂമീല് ഒണ്ടാര്ന്നോ? ഇറ്റിണ്ടന്‍ സ്വയം ചോദിച്ചു.

“ദൈവത്തിന്റെ ഓരോ വേല.” സഞ്ചാരി പറഞ്ഞു. മുഖം അതിനോടകം തേജോമയമായി. നരച്ച താടിരോമങ്ങള്‍ വെള്ളിപോലെ മിന്നി.

“ഇറ്റിണ്ടനു തരാനായി ദൈവം എന്റെ കയ്യില് ഒരു സമ്മാനം ഏല്പിച്ചിട്ടുണ്ട്.”

“സമ്മാനമോ?”

“അതെ.”

ഇറ്റിണ്ടന്‍ സഞ്ചാരിയെ ഉറ്റുനോക്കി. ഒരു മാന്ത്രികത അവര്‍ക്കിടയില്‍ കനംവെച്ചിരുന്നു.

സഞ്ചാരി ചുവന്ന ഒരു കിഴി നീട്ടി. ഒരു മഞ്ഞച്ചരടുകൊണ്ട് കിഴി കെട്ടിയിരുന്നു.

ഇറ്റിണ്ടന്‍ കിഴി വാങ്ങി അതിന്റെ മഞ്ഞച്ചരട് അഴിച്ചപ്പോള്‍ കണ്ടത് കണ്ണഞ്ചിപ്പിക്കുന്ന തിളക്കമാര്‍ന്ന സ്വര്‍ണനാണയങ്ങള്‍. സഞ്ചാരി ഒരു മൃദുസ്‌മേരത്തോടെ താടിരോമങ്ങളുഴിഞ്ഞു.

“നാളേയ്ക്കുള്ളതാ. സൂക്ഷിക്കണം.”

ഇറ്റിണ്ടന് കറുത്തു ശോഷിച്ച ശരീരം അടിമുടി കോരിത്തരിച്ചു. ശുക്ലഗ്രന്ഥികള്‍ക്ക് അയവ് കൈവന്നു. ലിംഗോദ്ധാരണമില്ലാതെ ഒരു സുരതത്തിന്റെ ഒടുവിലെന്നപോലെ രേതസ്സ് ഒഴുകി.

മുന്നറിയിപ്പില്ലാതെ എങ്ങുനിന്നോ മഴ വന്നു.

ആദ്യം ചാറ്റലായിരുന്നു. പിന്നെ നല്ല മഴയായി. ആകാശം ശാന്തമായിരുന്നു. ഇടിമുഴക്കങ്ങളോ ഭയപ്പെടുത്താന്‍ പോന്ന കൊള്ളിയാനുകളോ സംഭവിച്ചില്ല.

മഴ പെയ്തു.

ചെറുനാരകങ്ങളിലും ആര്യവേപ്പിലും അരളികളിലും അശോകമരത്തിലും കൈതച്ചക്കകളിലും കൊടുത്തൂവകളിലും നീലക്കൊടുവേലികളിലും ജാതിപത്രികളിലും പപ്പായകളിലും കുടമ്പുളി മരങ്ങളിലും നാട്ടുമാവുകളിലും ശതാവരികളിലും കവുങ്ങുകളിലും തെങ്ങുകളിലും പുല്‍പ്പടര്‍പ്പുകളിലും മഴ പെയ്തു. നിശ്ശബ്ദ മഴ. സൗമ്യ മഴ. സാന്ത്വന മഴ.

“ശരി.” സഞ്ചാരി മഴയിലേയ്ക്കിറങ്ങി നടകൊണ്ടു.

ഇറ്റിണ്ടന്‍ വിസ്മയസ്തബ്‌ധതയില്‍ തുടരുകയായിരുന്നു. സ്വര്‍ണ്ണനാണയങ്ങളുടെ തിളക്കം കണ്ണുകളിലേയ്ക്കു തുളച്ചിറങ്ങി. കണ്ണുകള്‍ മിന്നി. കണ്‍മിനുക്കവുമായി ഇറ്റിണ്ടന്‍ മഴയിലേയ്ക്കിറങ്ങി നൃത്തമാടുകയായി. മൈക്കേല്‍ കാകോയാന്നിസ്സിന്റെ ‘സോര്‍ബ ദ ഗ്രീക്കി’ല്‍ ആന്റണി ക്വിന്‍ നൃത്തം ചെയ്ത ദൃശ്യം എന്റെ മനസ്സില്‍ തെളിഞ്ഞു.

“കൊള്ളാം” റോസന്ന പറഞ്ഞു.

“സോര്‍ബയെപ്പോലെ ഇറ്റിണ്ടന്‍ ഒപ്പം ചേരാന്‍ ക്ഷണിക്കുകയാണ്.”

“തുണിയൊക്കെ പറിച്ചുകളഞ്ഞേച്ച് ഇറങ്ങരുതോ?”

“പക്ഷേ, ഉറക്കം വരുന്നു.”

“എനിക്കാണേല്‍ ഉറക്കം വരുന്നതേ ഇല്ല.”

“ഇന്‍സോംനിയ പ്രമേയമായ ഒരു ഹെമിങ്‌വേക്കഥയുണ്ട്: Now I Lay Me.”

“വായിച്ചിട്ടില്ല.”

“വായിക്കാവുന്നതേയുള്ളൂ. ഹെമിങ്‌വേക്കഥകളില്‍ എനിക്കു വളരെ താല്പര്യം തോന്നിയ ഒന്നാണ്. അതിന്റെ തലക്കെട്ട് പഴയ ഒരു പ്രാര്‍ത്ഥനയില്‍ നിന്നാണ്.”

ഞാനത് ഓര്‍മിച്ചെടുത്ത് റോസന്നയെ കേള്‍പ്പിച്ചു.

“Upon lying down, and going to sleep

Here I lay me down to sleep

To thee, O Lord, I give my Soul to keep

Wake I ever, Or, Wake I never

To thee O Lord, I give my Soul

to keep for ever”

നൂറ്റാണ്ടുകളുടെ പഴക്കമുള്ള പ്രാര്‍ത്ഥന പിന്നെപ്പിന്നെ വേറൊരു മട്ടിലായി. ഹെമിങ്‌വേ അമ്മയില്‍നിന്നും കേട്ടത് ഇതാവാം.

Now I lay me down to sleep,

I pray the Lord my Soul to keep

If I should die before I wake,

I pray the Lord my Soul to take.

“കെടന്നോ?” റോസന്ന ചോദിച്ചു.

“ഉവ്വ്. ഇന്നത്തെ ക്വാട്ട?”

“എപ്പോഴേ കഴിഞ്ഞു.”

“അതിന്റെകൂടെ കഴിച്ചാര്ന്നോ വല്ലതും?”

“ഇത്തിരിത്താറാവ്. പുഴങ്ങിയ കാച്ചില്. വരാലു കറിയും.”

“ഓഹ്. കേമം.”

“ഒന്ന് വിട്ടുപോയി. മാമ്പഴപ്പുളിശ്ശേരി.”

“എനിക്കു വയ്യ.”

“നാളെ കാടയെറച്ചി കാണും. മീനുണ്ടാകും. വറ്റേം കാളാഞ്ചീം. നാളെയല്ലെങ്കില്‍ മറ്റെന്നാള്‍. കാട്ടുപന്നി കിട്ടിയേക്കും. അതിന്റെ കൂടെ നാടന്‍ വാറ്റും.”

“എന്റമ്മച്ചിയേ.” റോസന്ന ഒച്ചയെടുത്തു.”

“വിരുന്നിന് കൂടുന്നോ?‌” ഞാന്‍ ചോദിച്ചു.

അകലെയാണ്.

വളരെ അകലെയാണ്.

റോസന്ന അതിന്റെ വിഷമത്തിലാണ്.

വിഷമിക്കല്ലേ. വിരുന്ന് എന്നുമുണ്ട്. അതിലേയ്ക്ക് എന്നു വേണമെങ്കിലും എത്തിച്ചേരാവുന്നതേയുള്ളു. മഞ്ഞക്കൂരികളും കരിമീനുകളും ചെറു ശീലാവതികളും കുഡുതകളും കേരയും എന്നുവേണ്ട എത്രയോ ഇനം മീനുകള്‍ തുള്ളിപ്പിടിച്ച് വരും. നാട്ടുകോഴികളാണെങ്കില്‍ അവയും. ദുഃഖിക്കേണ്ടതില്ല. വിരുന്ന് ഒരു സാധ്യതയായി മുന്നിലുണ്ട്. എപ്പോഴും വരാം. മനുഷ്യര്‍ക്കിടയില്‍ ഒത്തുചേരലുകള്‍ പോലെ ഹൃദ്യമായി മറ്റൊന്നില്ല. ജെയിംസ് ജോയ്‌സിന്റെ മഹത്തായ കഥ ‘The Dead’ അത്തരമൊരു ഒത്തുചേരലിന്റെ പശ്ചാത്തലത്തിലായിരുന്നു.

“ഞാന്‍ ഉറങ്ങിക്കോട്ടെ”?

“ഉം.”

റോസന്ന, എനിക്കു മനസ്സിലായി, പാതിയുറക്കത്തിലാണ്.

“ഉറങ്ങിക്കോളൂ.” ‍ഞാന്‍ ഔദാര്യം കാട്ടി.

എന്റെ കണ്ണുകളിലും നിദ്ര കനം തൂങ്ങുന്നുണ്ടായിരുന്നു. നിശാസ്വരങ്ങള്‍ കേട്ടു. ഞാന്‍ അപ്പൊസ്തോലന്മാര്‍ നാലുപേരേയും വിളിച്ചു: മത്തായിയെ, മാര്‍ക്കോസിനെ, ലൂക്കോസിനെ, യോഹന്നാനെ.

“Mathew, Mark, Luke and John,

Bless the bed that I lie on.

Four corners to my bed,

Four angels round my head;

One to watch and one to pray.

And two to bear my soul away.”

(അവസാനിച്ചു)

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീറ്റ് ചോദ്യം ചോര്‍ന്നത് രണ്ട് വഴികളിലൂടെ, രാജസ്ഥാന്‍ വഴി കേരളത്തിലുമെത്തി; സിബിഐ കുറ്റപത്രത്തിലെ വിശദാംശങ്ങള്‍

സൈബര്‍ സെക്യൂരിറ്റി കോഴ്സിന് സീറ്റില്ല; 'മെറിറ്റ്' തെളിയിക്കാന്‍ ഐഐടി വെബ്സൈറ്റ് ഹാക്ക് ചെയ്ത് വിദ്യാര്‍ഥി

പശ്ചിമ ബംഗാളിൽ മുൻ ബസ് ഡ്രൈവറുടെ വീട്ടിൽ പൊലീസിന്റെ മിന്നൽ റെയ്ഡ്: 5.5 കോടിയുടെ പണവും 15 കിലോ സ്വർണ്ണവും പിടിച്ചെടുത്തു

എട്ടാം ക്ലാസ് മതി! നാഷണൽ ഹെൽത്ത് മിഷനിൽ ഹോസ്പിറ്റൽ അറ്റൻഡർ ആകാം

'കല്യാണം കഴിക്കണം, കുഞ്ഞുങ്ങളുടെ കൂടെ ഇരിക്കണം എന്നത് എന്റെ ആ​ഗ്രഹമായിരുന്നു'; സിനിമയിൽ നിന്ന് വിട്ടു നിന്നതിനേക്കുറിച്ച് മേനക