ജമാഅത്തെ ഇസ്ലാമിയുടെ ഒരു യോഗത്തില്‍ നിന്ന്  Samakalika Malayalam
Malayalam Weekly

ഇനിയെന്ത്? തെരഞ്ഞെടുപ്പിലെ മുസ്‌ലിം രാഷ്ട്രീയം

പി.എസ്. റംഷാദ്

“ജമാഅത്തിന്റെ ഒരു സമ്മേളനത്തിലേക്ക് ക്ഷണിക്കാൻ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരെ സമീപിച്ചിരുന്നു, 1998-ൽ. പക്ഷേ, അദ്ദേഹം വന്നൊന്നുമില്ല. പിന്നെ, കൂട്ടായ്മകളിലൊക്കെ പങ്കെടുക്കാനും അഭ്യർത്ഥിച്ചിരുന്നു. അവർ തികച്ചും സ്വതന്ത്രമായ സമീപനമാണ് സ്വീകരിച്ചത്. അതിൽ കുറച്ചുകൂടി പോസിറ്റീവായ സമീപനം കണ്ടിട്ടുള്ളത് ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ ഭാഗത്തുനിന്നാണ്. ദക്ഷിണ കേരളത്തിൽ മാത്രം ഞങ്ങൾ ഈയിടെ പണ്ഡിത സമ്മേളനം വിളിച്ചുകൂട്ടി. അതിൽ നൂറോളം പണ്ഡിതന്മാർ പങ്കെടുത്തു. ദക്ഷിണയുടെ ആളുകൾ തന്നെയായിരുന്നു. ഇടയ്ക്കൊക്കെ ഞങ്ങളുടെ രാഷ്ട്രീയ സമീപനങ്ങൾക്ക് അനുസരിച്ച് ചില മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും പൊതുവേ മുസ്‌ലിം ലീഗും പണ്ടത്തേതിനേക്കാൾ അയഞ്ഞ സമീപനമാണ് ഇപ്പോൾ സ്വീകരിക്കുന്നത്. എത്രത്തോളമെന്നു പറഞ്ഞാൽ ഞാനറിഞ്ഞത് മീഡിയ വൺ ഇപ്പോഴത്തെ നയം തുടരുകയാണെങ്കിൽ സ്വന്തം ടി.വി ചാനൽ വേറെ വേണ്ട എന്ന് ലീഗ് തീരുമാനിച്ചതായാണ്”

2018 ഒക്ടോബർ 1 ലക്കം മലയാളം വാരിക പ്രസിദ്ധീകരിച്ച അഭിമുഖത്തിൽ ജമാഅത്തെ ഇസ്‌ലാമി മുൻ അമീർ പ്രൊഫ. കെ.എ. സിദ്ദീഖ് ഹസന്റെ വെളിപ്പെടുത്തൽ. പ്രൊഫ. സിദ്ദീഖ് ഹസൻ ഇന്നില്ല; ജമാഅത്തെ ഇസ്‌ലാമിയും കാന്തപുരവും മുസ്‌ലിം ലീഗും മീഡിയ വൺ ചാനലുമുണ്ട്. എട്ടു വർഷം മുന്‍പ് അദ്ദേഹം ഇത് പറയുമ്പോഴത്തേക്കാൾ ജമാഅത്തെ ഇസ്‌ലാമിയും മുസ്‌ലിം ലീഗും അടുത്തു എന്നതിന് സമകാലിക രാഷ്ട്രീയം സാക്ഷി. സ്വന്തമായി ടി.വി ചാനൽ തുടങ്ങുന്നതിനേക്കുറിച്ച് ലീഗ് ഇപ്പോൾ ചിന്തിക്കുന്നുപോലുമില്ല. അതിലൊതുങ്ങുന്നതല്ല ആ അടുപ്പം. ലീഗിനു നിർണായക സ്വാധീനമുള്ള ഐക്യ ജനാധിപത്യ മുന്നണി ജമാഅത്തെ ഇസ്‌ലാമിക്കുവേണ്ടി അതിശക്തമായി വാദിക്കുന്നു. ജമാഅത്ത് രൂപീകരിച്ച വെൽഫെയർ പാർട്ടിയെ നേരിട്ട് ഘടക കക്ഷിയാക്കിയില്ലെങ്കിലും ഏകദേശം അതിനോടടുത്ത പരിഗണന കൊടുക്കും എന്ന സൂചന ശക്തം. വെൽഫെയർ പാർട്ടി നിർദേശിക്കുന്ന ചിലർക്ക് ഉറച്ച യു.ഡി.എഫ് സീറ്റാണ് ആ പരിഗണനയുടെ പ്രധാന ഭാഗമായി മാറാൻ പോകുന്നത്. ആ സീറ്റുകളുടെ എണ്ണം ഒന്നു മുതൽ മൂന്നു വരെയാകാം.

ജമാഅത്തെ ഇസ്‌ലാമി മതരാഷ്ട്രവാദം ഉപേക്ഷിച്ചു എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവർത്തിക്കുന്നു; മുസ്‌ലിം ലീഗ് തിരുത്തുന്നില്ല. പക്ഷേ, ഇപ്പോഴും ലീഗിന്റെ വിശ്വസ്ത സംഘം എന്ന് അവർ വിശ്വസിക്കുന്ന ഇ.കെ. വിഭാഗം സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ 100-ാം വാർഷിക സമ്മേളനത്തിൽ ജമാഅത്തെ ഇസ്‌ലാമിക്കെതിരെ രാഷ്ട്രീയ പ്രമേയം പാസ്സാക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പങ്കെടുത്ത സമസ്ത സമ്മേളനത്തിൽ പിണറായിയേയും സതീശനേയും പ്രകീർത്തിച്ചാണ് സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ സംസാരിച്ചത്. മറുവശത്ത്, കോൺഗ്രസ്സിന്റേയും മുന്നണിയുടേയും ജമാഅത്ത് നയം തീരുമാനിക്കുന്നത് ലീഗാണെന്ന് സി.പി.എം വിമർശിക്കുന്നു. ബി.ജെ.പി നേതാവ് പി.എസ്. ശ്രീധരൻ പിള്ള പൊതുവെ കേരളത്തിലെ മുഴുവൻ മുസ്‌ലിം സംഘടനകൾക്കും നേതാക്കൾക്കും സ്വീകാര്യനായതുകൊണ്ട് അദ്ദേഹത്തിന്റെ സാന്നിധ്യം വിവാദമാക്കാനുള്ള സമൂഹമാധ്യമ ശ്രമങ്ങൾ ഫലം കണ്ടില്ല. സമസ്ത സമ്മേളനത്തിന് ദിവസങ്ങൾക്കു മുന്‍പാണ് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ കേരള യാത്ര തിരുവനന്തപുരത്ത് സമാപിച്ചത്. ആ സമ്മേളനത്തിലും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പങ്കെടുത്തു. മുസ്‌ലിം സമുദായത്തിന്റെ സംരക്ഷണത്തിന് സി.പി.എമ്മും ഇടതുപക്ഷവുമാണ് സത്യസന്ധമായി നിലകൊള്ളുന്നത് എന്നു വിശദീകരിക്കാൻ ശ്രമിച്ച പിണറായിയുടെ പ്രസംഗം പഴങ്കഥ പറച്ചിലായിപ്പോയി എന്ന വിമർശനമാണ് പിന്നീടു കേട്ടത്. വെള്ളാപ്പള്ളിയെ മുഖ്യമന്ത്രി കാറിൽ കയറ്റിയതിനെക്കുറിച്ച് പറഞ്ഞ് ആ സമ്മേളനത്തിന്റെ വികാരം പിണറായിക്കും സി.പി.എമ്മിനും എതിരാക്കി മാറ്റാൻ വി.ഡി. സതീശൻ ശ്രമിച്ചു നോക്കുകയും ചെയ്തു.

ഇങ്ങനെ, ജമാഅത്തെ ഇസ്‌ലാമിയിൽ തുടങ്ങി സമസ്തയുടെ രണ്ടു വിഭാഗങ്ങളിലൂടേയും സഞ്ചരിച്ച് നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്‌ലിം രാഷ്ട്രീയം ചർച്ചയുടെ കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് രണ്ടു മുന്നണികളും. ഇനിയുള്ള ദിവസങ്ങളിൽ ആ ശ്രമങ്ങൾ കൂടുതൽ ശക്തിപ്പെടും എന്നുറപ്പ്. സ്ഥാനാർത്ഥികളെ തീരുമാനിച്ച്, പ്രകടനപത്രിക പുറത്തിറക്കി, മുഖ്യ പ്രചാരണ വിഷയങ്ങളിലേക്കു ശ്രദ്ധ കേന്ദ്രീകരിച്ച് തെരഞ്ഞെടുപ്പു രംഗം ജ്വലിക്കുമ്പോൾ തീ പാറാൻ പോകുന്നത് ഇതിൽ ഊന്നിത്തന്നെ ആയേക്കും. ലീഗും കോൺഗ്രസും ചേർത്തുപിടിക്കുന്തോറും ജമാഅത്തെ ഇസ്‌ലാമിയെ തള്ളിപ്പറയുകയാണ് സി.പി.എം. യുഡി.എ.ഫിനു മീഡിയ വൺ ചാനൽ പ്രിയപ്പെട്ടതായി മാറുമ്പോൾ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ വിശേഷിപ്പിച്ചത് കാളകൂട വിഷം എന്നാണ്.

കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍

ഒന്നും ഒന്നും മൂന്ന്

വെൽഫെയർ പാർട്ടിയുമായി തീരുമാനിച്ചുറപ്പിച്ച ധാരണയിലാണ് യു.ഡി.എഫ് നീങ്ങുന്നത്. പി.വി. അൻവറിനെ അസോസിയേറ്റ് മെമ്പറാക്കിയതുപോലെ പ്രഖ്യാപിച്ചില്ലെന്നു മാത്രം. എൻ.ഡി.എയുടെ ഭാഗമായ വിഷ്ണുപുരം ചന്ദ്രശേഖറിന്റെ കാമരാജ് കോൺഗ്രസ്സിനെ രേഖാമൂലമുള്ള അപേക്ഷപോലുമില്ലാതെ മുന്നണിയുടെ ഭാഗമാക്കി കുടുങ്ങിയ യു.ഡി.എഫിനു മുന്നിൽ വെൽഫെയർ പാർട്ടിയുടെ അപേക്ഷയുണ്ട്. പക്ഷേ, നേരിട്ടു തൊടാൻ പേടി. അതുകൊണ്ട് ലീഗുവഴി അപ്രഖ്യാപിത ധാരണയുണ്ടാക്കി. 2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രൂപപ്പെട്ടതിന്റെ കൂട്ടായ്മയുടെ തുടർച്ച. ധാരണയുടെ വിശദാംശങ്ങൾ 2021-ലെ തെരഞ്ഞെടുപ്പിൽ രണ്ടു പക്ഷവും ചേർന്നു ചർച്ച ചെയ്തു തീരുമാനിച്ചതുകൊണ്ട് അതിൽ ചില കാലിക ഭേദഗതികൾ മാത്രം മതിയാകും. 2021-ലെപ്പോലെ അല്ല, ഇത്തവണ നിയമസഭാ പ്രാതിനിധ്യം ഉറപ്പാക്കാനുറച്ചാണ് ജമാഅത്ത് എന്നതു തന്നെ പ്രധാന വ്യത്യാസം. യു.ഡി.എഫിനെ പിന്തുണയ്ക്കുന്ന ഹിന്ദു വോട്ടുകളും മതേതര വോട്ടുകളും നഷ്ടപ്പെടാൻ ജമാഅത്തെ ഇസ്‌ലാമി ബന്ധം ഇടയാക്കുമോ എന്ന ആശങ്ക അന്നത്തെപ്പോലെ ഇപ്പോഴും കോൺഗ്രസ്സിനുണ്ട്. ജമാഅത്തിനെക്കൊണ്ട് വേണ്ടത്ര ഗുണം ഉണ്ടാകാതിരിക്കുകയും മറുവശത്ത് ഉള്ളതുകൂടി പോവുകയും ചെയ്താൽ പിടിച്ചുനിൽക്കാൻ കഴിയില്ല. ഈ സ്ഥിതി എങ്ങനെ മറികടക്കണം എന്നതിൽ ഇപ്പോഴും അവർക്കു വ്യക്തതയില്ല. ജമാഅത്തെ ഇസ്‌ലാമിക്കെതിരെ സി.പി.എം നടത്തുന്ന നിരന്തര വിമർശനം മുസ്‌ലിം സമുദായത്തിനുള്ളിൽ പൊതുവെ പ്രതിഷേധം ഉണ്ടാക്കിയിട്ടുണ്ട് എന്നാണ് കോൺഗ്രസ്സിനെ ലീഗ് ധരിപ്പിച്ചിരിക്കുന്നത്. അതിനൊപ്പം തന്നെ, സി.പി.എമ്മിനും പിണറായിക്കും മൃദുഹിന്ദുത്വ ലൈനാണ് എന്നുകൂടി വരുത്താനുള്ള തീവ്ര ശ്രമവുമുണ്ട്. ഇത് രണ്ടും ചേർന്ന് തങ്ങൾക്കു ഗുണമായി വരും എന്ന പ്രതീക്ഷയിലുറച്ചാണ് യു.ഡി.എഫ് നീങ്ങുന്നത്. എന്നാൽ, ജമാഅത്തിനെതിരായ കടന്നാക്രമണം കൂടുതൽ രൂക്ഷമാക്കുകയും സമസ്തയിലെ രണ്ടു വിഭാഗങ്ങളുമായുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്തുകയും ചെയ്താണ് സി.പി.എം ഇതിനു മറുപടി കൊടുക്കുന്നത്. മൃദുഹിന്ദുത്വ ആക്ഷേപം വിലപ്പോകില്ല എന്നും സി.പി.എം ഉറച്ചു വിശ്വസിക്കുന്നു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പ് ജമാഅത്തെ ഇസ്‌ലാമിയുടെ അന്നത്തെ സംസ്ഥാന അമീർ എം.ഐ. അബ്ദുൽ അസീസിനെ സന്ദർശിച്ചിരുന്നു. ബന്ധം ഉറപ്പിക്കുന്നതിൽ വലിയ പങ്കുവഹിച്ച കൂടിക്കാഴ്ചയായിരുന്നു അത്. ഇന്നിപ്പോൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ഹസ്സന് വിജയം ഉറപ്പുള്ള സീറ്റ് നൽകണം എന്നത് കൂടി കോൺഗ്രസ് നേതൃത്വത്തോട് ജമാഅത്തിന്റെ ആവശ്യങ്ങളിൽപ്പെടുന്നു. 2004-ൽ എ.കെ. ആന്റണി രാജിവച്ച ശേഷം, ആ മന്ത്രിസഭയിൽ അംഗമായിരുന്ന ഹസ്സൻ പിന്നീട് മത്സരിച്ചിട്ടില്ല. കെ.പി.സി.സി പ്രസിഡന്റും യു.ഡി.എഫ് കൺവീനറുമാക്കിയെങ്കിലും കാലാവധി പൂർത്തിയാക്കാതെ മറ്റു നേതാക്കൾക്കു വേണ്ടി മാറ്റി. ഈ സാഹചര്യത്തിലാണ്, തങ്ങളെ യു.ഡി.എഫുമായി അടുപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ഹസ്സനുവേണ്ടിത്തന്നെ ജമാഅത്തും വെൽഫെയർ പാർട്ടിയും വാദിക്കുന്നത്. അതേസമയം, യു.ഡി.എഫ് കൺവീനർ, കെ.പി.സി.സി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ് എന്നിവരുൾപ്പെടെ യു.ഡി.എഫ് നേതാക്കളുമായി പരസ്യ കൂടിക്കാഴ്ചയ്ക്ക് ഇത്തവണ ജമാഅത്തെ ഇസ്‌ലാമി തയ്യാറായിട്ടില്ല. ഇടയ്ക്കിടെ അത്തരം ചർച്ചകളുടെ ആവശ്യമില്ല എന്നാണ് രണ്ടു കൂട്ടരുടേയും നിലപാട്. ജമാഅത്തെ ഇസ്‌ലാമി മതരാഷ്ട്രവാദം ഉപേക്ഷിച്ചു എന്ന പ്രതിപക്ഷ നേതാവിന്റെ നിലപാടിനപ്പുറമൊരു പ്രഖ്യാപനവും ആവശ്യമില്ല എന്നുമുണ്ട് വാദം. ജമാഅത്ത് - യു.ഡി.എഫ് നേതാക്കളുടെ കൂടിക്കാഴ്ച ദേശീയതലത്തിൽ ചർച്ചയാക്കാൻ ബി.ജെ.പി കാത്തിരിക്കുന്നു എന്നതുകൂടി ഈ തീരുമാനത്തിനു പിന്നിലുണ്ട്.

2021-ലെ തെരഞ്ഞെടുപ്പിനു മാസങ്ങൾക്കു മുന്‍പേ യു.ഡി.എഫ് നേതാക്കൾ ജമാഅത്ത്, വെൽഫെയർ പാർട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ, മുസ്‌ലിം ലീഗ് നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ, കെ.പി.എ. മജീദ്, ആർ.എസ്.പി നേതാവ് എൻ.കെ. പ്രേമചന്ദ്രൻ എന്നിവർ ഉൾപ്പെടെ വിവിധ ചർച്ചകളുടെ ഭാഗമാവുകയും ചെയ്തു. പിന്തുണ തേടി അന്നത്തെ ലീഗ് ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് വെൽഫെയർ പാർട്ടി നേതൃത്വത്തിനു കത്തും നൽകി. എന്നാൽ, കൊവിഡ് കാലത്തിനു തുടർച്ചയായ തുടർഭരണ തരംഗത്തിൽ ഈ സഖ്യം യു.ഡി.എഫിനു ഗുണം ചെയ്തില്ല. എങ്കിലും 2019-ലെപ്പോലെ തന്നെ 2024-ലും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് സമ്പൂർണ പിന്തുണ നൽകി ജമാഅത്ത് യു.ഡി.എഫുമായുള്ള ബന്ധം സജീവമാക്കി നിലനിർത്തി. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും പ്രാദേശികമായി ഇത് തുടർന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ സാഹചര്യങ്ങൾ യു.ഡി.എഫിന് അനുകൂലമാണെന്നും തങ്ങളുടെ കൂടി പിന്തുണ ആ അനുകൂലാന്തരീക്ഷത്തെ കൂടുതൽ ശക്തിപ്പെടുത്തും എന്നുമാണ് ജമാഅത്തെ ഇസ്‌ലാമിയുടെ നിരീക്ഷണം. അതുകൊണ്ടാണ് സ്ഥാനാർത്ഥി നിർണയത്തിൽ ഉൾപ്പെടെ ഇടപെടാൻ ശ്രമിക്കുന്നത്. 2011 ഒക്ടോബറിൽ രൂപീകരിച്ച വെൽഫെയർ പാർട്ടി 2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അഞ്ചിടത്തു മത്സരിച്ച് അറുപതിനായിരത്തോളം വോട്ടുകൾ നേടിയിരുന്നു. അതിന്റെ ഇരട്ടി വോട്ടുകൾ 2019-ലേയും 2024-ലേയും തെരഞ്ഞെടുപ്പുകളിൽ യു.ഡി.എഫിന്റെ ജയത്തിനു നൽകാൻ നൽകാൻ കഴിഞ്ഞു എന്നാണ് അവകാശവാദം.

സമസ്ത

അല്പം പഴങ്കഥ

ഗുരുവായൂർ നിയമസഭാ നിയോജകമണ്ഡലത്തിൽ 1994-ലെ ഉപതെരഞ്ഞെടുപ്പ്. 1992 ഡിസംബർ ആറിന് ബാബറി മസ്ജിദ് കർസേവകർ തകർത്ത ശേഷം കേരളത്തിലെ ആദ്യ തെരഞ്ഞെടുപ്പായിരുന്നു അത്. 1991-ലെ തെരഞ്ഞെടുപ്പിൽ ജയിച്ചത് മുസ്‌ലിം ലീഗ് നേതാവ് പി.എം. അബൂബക്കർ ആയിരുന്നു. ബാബറി മസ്ജിദ് വിഷയത്തിൽ തകർക്കുന്നതു നോക്കിനിന്ന കോൺഗ്രസ് പ്രധാനമന്ത്രി നരസിംഹറാവു ഉൾപ്പെടെയുള്ളവരുടെ നിലപാടിൽ പ്രതിഷേധിച്ച് മുസ്‌ലിം ലീഗ് യു.ഡി.എഫ് വിടണമെന്ന് പാർട്ടിക്കുള്ളിൽ ആവശ്യമുയർന്നു. അതിനു തയ്യാറാകാതിരുന്നതോടെ ഉന്നത നേതാവായിരുന്ന ഇബ്രാഹിം സുലൈമാൻ സേട്ടിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം ഐ.എൻ.എൽ രൂപീകരിച്ചു. അതിൽ സുപ്രധാന പങ്ക് വഹിക്കുന്നതിന് പി.എം. അബൂബക്കർ നിയമസഭാംഗത്വം രാജിവച്ചു. അതേത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പു വേണ്ടിവന്നത്. സി.പി.എം സഹയാത്രികനായ പ്രമുഖ സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദ് എൽ.ഡി.എഫ് സ്വതന്ത്രൻ; വാഗ്മിയും മതപണ്ഡിതനുമായ മുസ്‌ലിം ലീഗ് നേതാവ് എം.പി. അബ്ദുസ്സമദ് സമദാനി യു.ഡി.എഫ് സ്ഥാനാർത്ഥി. സംസ്ഥാനത്തെ തെരഞ്ഞെടുപ്പു രംഗത്ത് ജമാഅത്തെ ഇസ്‌ലാമി ആദ്യമായി മറയില്ലാതെ ഇറങ്ങിക്കളിച്ചത് ആ തെരഞ്ഞെടുപ്പിലാണ്. പരസ്യ പിന്തുണയും മാധ്യമം ദിനപത്രത്തിന്റെ മറയില്ലാത്ത ഇടതുപക്ഷാനുകൂല പ്രചാരണവും വഴി അന്നാണ് ജമാഅത്ത് വോട്ട് ബാങ്ക് രൂപംകൊള്ളുന്നതും. ജയം പി.ടി. കുഞ്ഞുമുഹമ്മദിന്. അദ്ദേഹം 32560 വോട്ടും സമദാനി 30508 വോട്ടും നേടി. ഭൂരിപക്ഷം 2052 വോട്ട് മാത്രം. പക്ഷേ, ആ വിജയം നിർണായകമായിരുന്നു. 1992 ഡിസംബർ ആറിന്റെ പകവീട്ടാൻ, കേന്ദ്രം ഭരിച്ചിരുന്ന കോൺഗ്രസ്സിനും അവരുടെ ഘടകകക്ഷി മുസ്‌ലിം ലീഗിനും പരാജയം ഉറപ്പാക്കുന്നതിന് ജമാഅത്തെ ഇസ്‌ലാമി സി.പി.എമ്മിനൊപ്പം കൈമെയ് മറന്ന് ഇറങ്ങിയതിന്റെ ഫലമായി വ്യാഖ്യാനിക്കപ്പെട്ടു. ഇബ്രാഹിം സുലൈമാൻ സേട്ടിന്റേയും പി.എം. അബൂബക്കറിന്റേയും ഐ.എൻ.എല്ലിന്റേയും പ്രചാരണരംഗത്തെ ഇടപെടൽ സി.പി.എമ്മിനു വലിയ സഹായമാണ് ചെയ്തത്. അതും ചരിത്രം. പക്ഷേ, ജമാഅത്തെ ഇസ്‌ലാമിയാണ് കുഞ്ഞുമുഹമ്മദിന്റെ വിജയം ഏറ്റവും ആഘോഷിച്ചത്. സി.പി.എം ജമാഅത്തിനെ അംഗീകരിച്ച തെരഞ്ഞെടുപ്പായിരുന്നു അത്. ഇടതു പുരോഗമന രാഷ്ട്രീയത്തിന്റെ മുഖംമൂടി ജമാഅത്തിനു കിട്ടുകയും ചെയ്തു

പിന്നീട് 1996-ലെ പൊതു തെരഞ്ഞെടുപ്പിലും എൽ.ഡി.എഫ് ഗുരുവായൂർ മണ്ഡലം നിലനിർത്തി. കുഞ്ഞുമുഹമ്മദും സമദാനിയും തന്നെയായിരുന്നു സ്ഥാനാർത്ഥികൾ. കുഞ്ഞുമുഹമ്മദിനു 39870, സമദാനിക്കു 37034 വോട്ട്; ഭൂരിപക്ഷം 2836. 1991-ൽ പി.എം. അബൂബക്കർ സി.പി.എം സ്വതന്ത്ര സ്ഥാനാർത്ഥി കെ.കെ. കമ്മുവിനെ 5676 വോട്ടുകൾക്കാണ് തോൽപ്പിച്ചത്. 1987-ൽ മുസ്‌ലിം ലീഗിന്റെ ഉന്നത നേതാവ് പി.കെ.കെ. ബാവയുടെ ഭൂരിപക്ഷം 7934 വോട്ടായിരുന്നു. 1982-ലും പി.കെ.കെ. ബാവയാണ് ജയിച്ചത്. 1977-ലും 1980-ലും മുസ്‌ലിം ലീഗിലെ ബി.വി. സീതി തങ്ങൾ ജയിച്ച മണ്ഡലം. അവിടെ തങ്ങൾ ഇടതുപക്ഷത്തിന് അക്കൗണ്ട് തുറന്നുകൊടുത്തു എന്ന മട്ടിലായിരുന്നു ജമാഅത്ത് ക്യാംപെയിൻ. 1994-ഉം 1996-ഉം ജമാഅത്തെ ഇസ്‌ലാമിയുടെ കേരള മോഹങ്ങൾക്കു പുതിയ ചിറകുകളാണ് നൽകിയത്. രാഷ്ട്രീയ സ്വാധീനത്തിന്റെ വൻ പ്രലോഭനത്തിലേക്ക് അവർ തുനിഞ്ഞിറങ്ങി. വോട്ട് ഇടതുപക്ഷത്തിനു മാത്രമായി നൽകേണ്ടതില്ല എന്നും തരംപോലെ മാറി മാറി ഉപയോഗിക്കാമെന്നും സംഘടന തിരിച്ചറിഞ്ഞു. 2001-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അവർ യു.ഡി.എഫിനേയും എൽ.ഡി.എഫിനേയുമാണ് പിന്തുണച്ചത്. അതായത് സ്ഥാനാർത്ഥികളുടെ മൂല്യം നോക്കി വോട്ടു ചെയ്യുന്ന രീതി. അവരുടെ മാനദണ്ഡങ്ങൾ പ്രകാരം വോട്ടുകൊടുക്കേണ്ടവരും കൊടുക്കരുതാത്തവരും രണ്ടു മുന്നണിയിലുമുണ്ടായിരുന്നു. സംസ്ഥാനതലത്തിൽ വളരെച്ചെറിയ വോട്ടുബാങ്കായിരുന്നെങ്കിലും ഗുരുവായൂർ ഫലം ചൂണ്ടിക്കാട്ടിത്തന്നെയാണ് അവർ അവകാശവാദം ഉന്നയിച്ചത്. ആ തെരഞ്ഞെടുപ്പിൽ ലീഗ് പി.കെ.കെ. ബാവയെ വീണ്ടും ഗുരുവായൂരിൽ മത്സരിപ്പിച്ചു.

എ.കെ. ആന്റണിയുടെ നേതൃത്വത്തിൽ 2001-ൽ യു.ഡി.എഫ് അധികാരത്തിലെത്തിയത് മുന്‍പൊരിക്കലുമില്ലാത്ത വൻ ഭൂരിപക്ഷത്തോടെ ആയിരുന്നു. അബ്ദുൽ നാസർ മഅ്ദനിയെ ഇ.കെ. നായനാർ സർക്കാർ തമിഴ്‌നാട് പൊലീസിനു പിടിച്ചുകൊടുത്തു എന്നു വ്യാപകമായി പ്രചരിപ്പിച്ച് യു.ഡി.എഫ് പരമാവധി മുസ്‌ലിം വികാരം ഇളക്കിയിരുന്നു. ഉമ്മൻ ചാണ്ടിയും എം.എം. ഹസ്സനും ഉൾപ്പെടെയുള്ള നേതാക്കൾ കോയമ്പത്തൂർ ജയിലിൽ മഅ്ദനിയെ സന്ദർശിക്കുകയും ചെയ്തു. അധികാരത്തിലെത്തിയാൽ മഅ്ദനിക്കുവേണ്ടി ഇടപെടും എന്നായിരുന്നു വാഗ്ദാനം. മഅ്ദനിക്കും യു.ഡി.എഫിനും ഇടയിൽ ജമാഅത്തെ ഇസ്‌ലാമി നേതൃത്വത്തിലേയും മാധ്യമത്തിലേയും പ്രമുഖർ മധ്യസ്ഥരായി. പി.ഡി.പിയുടെ പിന്തുണ ഉറപ്പാവുകയും യു.ഡി.എഫ് അധികാരത്തിലെത്തുമെന്ന് വരികയും ചെയ്തതോടെ ജമാഅത്തെ ഇസ്‌ലാമി നേതൃത്വം സ്വന്തം നിലയിൽ ചില നിബന്ധനകൾ വച്ചു. സംസ്ഥാന ഹജ്ജ് കമ്മിറ്റിയിലും വഖഫ് ബോർഡിലും പ്രാതിനിധ്യം വേണം എന്നതായിരുന്നു അതിൽ പ്രധാനം. യു.ഡി.എഫ് ഉറപ്പു നൽകുകയും ഹജ്ജ്, വഖഫ് കാര്യ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും ലീഗ് നേതൃത്വവും പ്രത്യേക താല്പര്യമെടുത്ത് അത് നടത്തിക്കൊടുക്കുകയും ചെയ്തു. ആദ്യമായാണ് അത്തരം സർക്കാർതല സമിതികളിൽ ജമാഅത്തിനു പ്രാതിനിധ്യം കിട്ടിയത്. മാത്രമല്ല, കാന്തപുരം വിഭാഗം സുന്നികളെ ഹജ്ജ് കമ്മിറ്റിയിൽനിന്നും വഖഫ് ബോർഡിൽനിന്നും പൂർണമായി ഒഴിവാക്കുകയും ചെയ്തു. തെരഞ്ഞെടുപ്പിൽ ആർക്കും പരസ്യ പിന്തുണ പ്രഖ്യാപിക്കാതിരുന്ന തങ്ങളെ മാറ്റിനിർത്തി ജമാഅത്തിനെ പരിഗണിച്ചത് കാന്തപുരം വിഭാഗത്തെ പ്രകോപിപ്പിച്ചു. കാന്തപുരം നേരിട്ടു മുഖ്യമന്ത്രി എ.കെ. ആന്റണിയെ കണ്ട് ഇക്കാര്യം സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല. കുഞ്ഞാലിക്കുട്ടിയുടെ തീരുമാനത്തിൽ ഇടപെടാൻ ആന്റണി മടിച്ചു. കാന്തപുരം വിഭാഗത്തിന്റെ പ്രതിനിധിസംഘം കുഞ്ഞാലിക്കുട്ടിയെ കണ്ടു സംസാരിച്ചിട്ടും മാറ്റമുണ്ടായില്ല. അവർ അതിനു പകരം വീട്ടിയത് 2004-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലാണ്. ലീഗിനേയും യു.ഡി.എഫിനേയും മാത്രമല്ല, സി.പി.എമ്മിനെപ്പോലും ഞെട്ടിച്ചാണ് ആ തെരഞ്ഞെടുപ്പിൽ മഞ്ചേരി ലോക്‌സഭാ മണ്ഡലത്തിൽ ലീഗ് സ്ഥാനാർത്ഥി കെ.പി.എ. മജീദിനെ സി.പി.എമ്മിലെ ടി.കെ. ഹംസ തോല്‍പ്പിച്ചത്. കാന്തപുരം വിഭാഗം അതിശക്തമായി ലീഗിനും യു.ഡി.എഫിനും നൽകിയ തിരിച്ചടി. കോൺഗ്രസ്സിന് ഒരു സീറ്റിൽപ്പോലും ജയിക്കാനായില്ല എന്നതിനേക്കാൾ പ്രഹരശേഷി ഉണ്ടായിരുന്നു ലീഗിന്റെ തോൽവിക്ക്. കാന്തപുരത്തെ പിണക്കി ജമാഅത്തിനു നൽകിയ പദവികൾക്ക് അവരിൽ വേണ്ടവിധമുള്ള പ്രത്യുപകാരം ഉണ്ടായുമില്ല. ആ തെരഞ്ഞെടുപ്പിലും ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണ ഇടത്തും വലത്തുമായി വീതംവച്ചു നൽകുകയായിരുന്നു.

ബാബറിക്കുശേഷം കേരളത്തിൽ നടന്ന ആദ്യ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പായ ഒറ്റപ്പാലം തെരഞ്ഞെടുപ്പിലും സി.പി.എമ്മിന് വൻ വിജയമുണ്ടായി. ബാബറി പ്രശ്നത്തിലെ കോൺഗ്രസ്സിനെതിരായ വികാരം സ്ഥാനാർത്ഥി എം. ശിവരാമന് വൻ ഭൂരിപക്ഷം നൽകി. അവിടെയും ജമാഅത്തുകാർ സജീവമായെങ്കിലും അവരുടെ സ്വാധീനം മണ്ഡലത്തിൽ വളരെക്കുറവായിരുന്നു.

മാറ്റമില്ലാത്ത ന്യായങ്ങൾ

ജമാഅത്തെ ഇസ്‌ലാമിയും വെൽഫെയർ പാർട്ടിയും തമ്മിലുള്ള ബന്ധത്തേക്കുറിച്ച് ജമാഅത്തെ ഇസ്‌ലാമി അമീർ പി. മുജീബുറഹ്മാൻ മാധ്യമങ്ങളോടു പറഞ്ഞതിന്റെ വീഡിയോ വൈറലാണ്. എന്താണ് പറഞ്ഞു വയ്ക്കുന്നത് എന്നതിലെ അവ്യക്തതയാണ് കാരണം. സമൂഹമാധ്യമങ്ങളിൽ അത് വൻതോതിൽ ട്രോളിന് ഇടയാക്കുകയും ചെയ്തു. ജമാഅത്തെ ഇസ്‌ലാമി മാതൃസംഘടനയാണ് എന്ന് വെൽഫെയർ പാർട്ടിയോ ജമാഅത്ത് രൂപീകരിച്ച പാർട്ടിയാണെന്ന് ജമാഅത്തെ ഇസ്‌ലാമിയോ അംഗീകരിച്ചു തരില്ല. ബദൽ രാഷ്ട്രീയ പാർട്ടി രൂപീകരണത്തിന് ജമാഅത്തെ ഇസ്‌ലാമി ശ്രമിച്ചത് സ്വാഭാവികമാണ് എന്നു സമ്മതിക്കും. എന്നാൽ, വെൽഫെയർ പാർട്ടിക്കു സ്വന്തം ഭരണഘടനയും പരിപാടിയുമുണ്ട് എന്നു ചൂണ്ടിക്കാട്ടിയാണ് സ്വതന്ത്ര പാർട്ടിയാണ് എന്നും വാദിക്കും. വെൽഫെയർ പാർട്ടി നേതാക്കൾ ജമാഅത്തെ ഇസ്‌ലാമിയുടെ ഉന്നതാധികാര സമിതിയിൽ അംഗമാണ്. എന്നാൽ, അതിൽ അസാധാരണമായി ഒന്നുമില്ലെന്നു വാദിക്കും; മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തു വരുന്ന പാണക്കാട് തങ്ങന്മാർ സമസ്ത ഉന്നതാധികാര സമിതിയിലും അംഗമാണ് എന്നും കോൺഗ്രസ്സിലും മറ്റു പല പാർട്ടികളിലും എൻ.എസ്.എസ്സിന്റേയും എസ്.എൻ.ഡി.പിയുടേയും കരയോഗം ഭാരവാഹികൾ മുതൽ മുകളിലേക്കുള്ളവരുണ്ട് എന്നും ചൂണ്ടിക്കാട്ടും.

സമയമെടുത്തിട്ടായാലും വെൽഫെയർ പാർട്ടിയുടെ രാഷ്ട്രീയവും സംഘടനാപരവുമായ അടിത്തറ ശക്തിപ്പെടുത്തുക എന്നതാണ് ജമാഅത്ത് നയം. ജമാഅത്തെ ഇസ്‌ലാമി പ്രവർത്തകർ വോട്ടു ചെയ്യാത്ത ഒരുകാലമുണ്ടായിരുന്നു. അടിയന്തരാവസ്ഥയ്ക്കു ശേഷം 1977-ലെ തെരഞ്ഞെടുപ്പിലാണ് ആദ്യമായി വോട്ടു ചെയ്യാൻ അംഗങ്ങളെ അനുവദിച്ചത്. സ്വേച്ഛാധിപത്യത്തിനെതിരായ വോട്ട് എന്നായിരുന്നു നിലപാട്. അവിടെനിന്ന്, രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രബിന്ദുവായി മാറിയ ഇന്നത്തെ സ്ഥിതിവരെ എത്തുന്നതിനിടെ കേരളത്തിലെ മുസ്‌ലിം സംഘടനകൾക്കിടയിൽ കഴിയുന്നവിധം ഭിന്നതയും പോരും വളർത്താൻ ശ്രമിച്ചതാണ് ജമാഅത്തിന്റെ ചരിത്രം എന്ന വിമർശനമുണ്ട്. തങ്ങൾ മാത്രം മതി എന്ന ഈ സമീപനം ചൂണ്ടിക്കാട്ടിയാണ് ലീഗിലെ ഒരു വിഭാഗം നേതാക്കളും പ്രവർത്തകരും നേതാക്കളും സഖ്യത്തെ എതിർക്കുന്നത്.

ഹുക്കൂമത്തെ ഇലാഹി അഥവാ സ്രഷ്ടാവിന്റെ ഭരണം ആണ് സംഘടനയുടെ ലക്ഷ്യമായി തുടക്കത്തിൽ പ്രഖ്യാപിച്ചിരുന്നത്. ദൈവിക ഭരണമെന്നാൽ ദൈവത്തിന്റെ പ്രതിനിധികളായി മനുഷ്യർ നടത്തുന്ന ഇസ്‌ലാമിക ഭരണം. പിന്നീട് അതു മയപ്പെടുത്തി ഇഖാമത്തുദ്ദീൻ എന്നു മാറ്റി; അതായത് മതത്തിന്റെ പ്രചാരണമാണ് ലക്ഷ്യമെന്നും മതം സ്ഥാപിക്കൽ മതരാഷ്ട്രവാദമല്ലെന്നും വളച്ചുകെട്ടി പറഞ്ഞു. ഹുക്കൂമത്തെ ഇലാഹിയെക്കുറിച്ച് ഇപ്പോൾ അർത്ഥഗർഭ മൗനമാണ് ജമാഅത്തെ ഇസ്‌ലാമിക്ക്. പകരം ഇഖാമത്തുദ്ദീനെക്കുറിച്ച് പറയുന്നത് ഇങ്ങനെ: “ജമാഅത്തെ ഇസ്‌ലാമി ഹിന്ദിന്റെ ലക്ഷ്യം ഇഖാമത്തുദ്ദീൻ ആകുന്നു. അതിന്റെ സാക്ഷാൽ പ്രേരകശക്തി ദൈവിക പ്രീതിയും പരലോക വിജയവും കരസ്ഥമാക്കുക എന്നതാകുന്നു.” ഈ ലക്ഷ്യപ്രഖ്യാപനം സ്പഷ്ടവും ഖണ്ഡിതവുമാണ് എന്നും എന്നാൽ വിദൂരമാണ് എന്നും സംഘടന വ്യക്തമാക്കുന്നു.

ജമാഅത്തെ ഇസ്‌ലാമി ഭരണഘടന വ്യക്തമാക്കുന്ന ആദർശം ഇങ്ങനെ: “സ്വജീവിതത്തിലെ സകല ഇടപാടുകളിലും സാക്ഷാൽ പ്രമാണവും മൂലാധാരവും അടിസ്ഥാനരേഖയുമായി ദൈവിക ഗ്രന്ഥവും പ്രവാചക അധ്യാപനങ്ങളും അംഗീകരിക്കുക. ഖുർആനിനും പ്രവാചകചര്യയ്ക്കും യോജിക്കുന്ന ആദർശവും വിശ്വാസവും മാത്രം അവലംബിക്കുകയും അവയ്ക്കെതിരായതെന്തും തിരസ്കരിക്കുകയും ചെയ്യുക.” ഇത് അങ്ങേയറ്റത്തെ വലതുപക്ഷ സമീപനമുള്ള മതസംഘടനയുടെ സ്വാഭാവിക ലക്ഷ്യങ്ങളിൽപ്പെട്ടതാണ്. എന്നാൽ, ഇത് ലക്ഷ്യമായി പറയുകയും സ്വന്തം ഇടപെടലുകൾക്ക് ഇടതുപക്ഷ മുഖം നൽകാൻ ശ്രമിക്കുകയുമാണ് ജമാഅത്ത് ചെയ്യുന്നത്. അവരുടെ സഹസംഘടനകളായ സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റിന്റേയും ഗേൾസ് ഇസ്‌ലാമിക് ഓർഗനൈസേഷൻ (ജി.ഐ.ഒ), സ്റ്റുഡന്റ്‌സ് ഇസ്‌ലാമിക് ഓർഗനൈസേഷൻ (എസ്‌.ഐ.ഒ) തുടങ്ങിയവയുടേയും നേതൃത്വത്തിലും പങ്കാളിത്തത്തിലും നടത്തുന്ന സമരങ്ങൾ ഇടതു സമരങ്ങളായാണ് അവതരിപ്പിക്കപ്പെടുന്നത്. തത്ത്വത്തിലും പ്രയോഗത്തിലും വലതുപക്ഷമായിട്ടും ഇടതുപക്ഷമായി നടിക്കുന്നതിന് കൃത്യമായ കാരണമുണ്ട്: കേരളത്തിൽ ഇടതുപക്ഷ രാഷ്ട്രീയത്തിനുള്ള വിശ്വാസ്യത. എന്നാൽ, സി.പി.എം നേതൃത്വത്തിലുള്ള മുഖ്യധാരാ ഇടതുപക്ഷം സംഘപരിവാറിനോട് മൃദുസമീപനം സ്വീകരിക്കുന്നു എന്ന വൻ പ്രചാരണം ഇവർ നടത്തുകയും ചെയ്യുന്നു.

മുഹമ്മദ് നബി സോഷ്യലിസ്റ്റായിരുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് കെ.ടി. ജലീൽ എം.എൽ.എയുടെ പുസ്തക പ്രകാശനച്ചടങ്ങിലാണ്. അത് ജമാഅത്തെ ഇസ്‌ലാമിക്കുള്ള ഏറ് കൂടിയായിരുന്നു. ജമാഅത്തിനുള്ള വിമർശനം ജമാഅത്തിനു മാത്രമാണെന്നും മുസ്‌ലിം സമുദായത്തിനോ സമുദായം ആദരിക്കുന്നവർക്കോ എതിരല്ലെന്നുമുള്ള സന്ദേശം. ആർ.എസ്.എസ്സിനെ വിമർശിക്കുന്നത് ഹിന്ദുക്കൾക്ക് എതിരാണെന്ന് വരുത്താനുള്ള സംഘപരിവാർ ശ്രമത്തിന്റെ മാതൃകയിൽ ജമാഅത്ത് നടത്തുന്ന പ്രചാരണത്തിനുള്ള മറുപടി.

വിശദീരണ സമ്മേളനത്തിന്റെ ബില്‍ബോര്‍ഡ്

ആരു ചിരിക്കും?

അതിനിടയിൽ, ഇടക്കാലത്ത് കേരളത്തിൽ അടിത്തറ ഉണ്ടാക്കാൻ വികസനവും ജനപക്ഷ രാഷ്ട്രീയവും പറയാൻ ശ്രമിച്ച ബി.ജെ.പി കാൽ മാറ്റിച്ചവിട്ടുകയാണ്. ഈ തെരഞ്ഞെടുപ്പിൽ ഹിന്ദുത്വ രാഷ്ട്രീയം തന്നെ അജൻഡയാക്കാനാണ് കേന്ദ്ര നേതൃത്വത്തിന്റെ നിർദേശം. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപറേഷൻ ഭരണം ഇതാദ്യമായി കിട്ടിയെങ്കിലും കേരളത്തിൽ പൊതുവേയെടുത്താൽ പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാൻ ബി.ജെ.പിക്ക് കഴിഞ്ഞില്ല. അത് നിയമസഭാ തെരഞ്ഞെടുപ്പിൽ മറികടക്കണമെങ്കിൽ വിജയിച്ചേ പറ്റുകയുള്ളൂ, ഒന്നല്ല പലതിൽ. എസ്.എൻ.ഡി.പി യോഗം മുൻകയ്യെടുത്ത് ഒരിക്കൽക്കൂടി എൻ.എസ്.എസ്സിനെക്കൂടി ചേർത്ത് നടത്തിയ വിശാലഹിന്ദു ഐക്യത്തിൽ അവർക്ക് ചില പ്രതീക്ഷകൾ ഉണ്ടായിരുന്നു. എൻ.ഡി.എ കേരളം കൺവീനറും ബി.ഡി.ജെ.എസ് പ്രസിഡന്റുമായ തുഷാർ വെള്ളാപ്പള്ളിയെ ഏകോപനച്ചുമതല ഏല്പിച്ചതു തന്നെ ആ പ്രതീക്ഷയിലാണ്. എന്നാൽ, ഐക്യനീക്കത്തിനു പിന്നിലെ ബി.ജെ.പി അജൻഡ മനസ്സിലാക്കിയ എൻ.എസ്.എസ് പിൻമാറി. വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയ വർഗീയ പരാമർശങ്ങളാണ് അതിനു മുന്‍പുള്ള ചില മാസങ്ങൾ വെള്ളാപ്പള്ളിയിൽനിന്ന് ഉണ്ടായത്. എന്നാൽ, പത്മഭൂഷൺ പ്രഖ്യാപിച്ചതോടെ അദ്ദേഹം നിശ്ശബ്ദനായി. ഈ നിശ്ശബ്ദത തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഉപേക്ഷിക്കുമോ എന്നാണ് അറിയാനുള്ളത്. കെ. സുരേന്ദ്രനേയും ശോഭാ സുരേന്ദ്രനേയും മറികടന്ന് തുഷാർ വെള്ളാപ്പള്ളിക്ക് രാജ്യസഭാംഗത്വം കിട്ടാനുള്ള ശ്രമങ്ങൾ ഒരു വഴിക്ക് വെള്ളാപ്പള്ളി തുടരുന്നുണ്ട്. മറുവശത്ത് സി.പി.എമ്മിന്റെ വോട്ടുബാങ്ക് തന്നെയാണ് തങ്ങൾ എന്ന തോന്നൽ ശക്തമാക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. രമേശ് ചെന്നിത്തലയ്ക്കും കെ.സി. വേണുഗോപാലിനും ഇടയിലാണ് എൻ.എസ്.എസ്. വി.ഡി. സതീശനെ സുകുമാരൻ നായർ പരസ്യമായി തള്ളിപ്പറഞ്ഞിരിക്കുന്നു.

എല്ലാ സമുദായ നേതാക്കൾക്കും വേണ്ടത് നിയമസഭയിൽ തങ്ങളുടെ ആജ്ഞാനുവർത്തികളുടെ സാന്നിധ്യം ഉറപ്പാക്കലാണ്. അതുകൊണ്ട് 16-ാം നിയമസഭയിൽ ബി.ജെ.പിയുടെ മാത്രമല്ല, പരോക്ഷമായി എസ്.എൻ.ഡി.പിയുടേയും എൻ.എസ്.എസ്സിന്റേയും ജമാഅത്തെ ഇസ്‌ലാമിയുടേയും സമസ്തയിലെ രണ്ടു വിഭാഗങ്ങളുടെയും സാന്നിധ്യം ഉണ്ടാകുമോ എന്ന ചോദ്യത്തിന് വലിപ്പം കൂടുതലാണ്.

ഇതെഴുതുന്നതിന്റെ തലേന്ന്, ഫെബ്രുവരി 16-നാണ് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഡൽഹിയിൽ സന്ദർശിച്ചത്. മുസ്‌ലിങ്ങൾ ഇന്ത്യയിൽ സുരക്ഷിതരാണ് എന്നാണ് പിന്നീട് അഭിമുഖത്തിൽ കാന്തപുരം പറഞ്ഞത്. അതിനോടു പൂർണമായി യോജിച്ചും ഭാഗികമായി യോജിച്ചും പൂർണമായി വിയോജിച്ചും ഭാഗികമായി വിയോജിച്ചും പുതിയ ചർച്ചകൾ രൂപപ്പെടുകയാണ്. കാന്തപുരം പ്രതിനിധാനം ചെയ്യുന്ന വോട്ടുബാങ്കിന്റെ ഗുണഭോക്താക്കൾ പൊതുവെ എൽ.ഡി.എഫാണ്. പക്ഷേ, ഈ പ്രസ്താവനയെ കേരളത്തിൽ രാഷ്ട്രീയമായി പ്രയോജനപ്പെടുത്താൻ ബി.ജെ.പി ശ്രമിക്കും എന്നുറപ്പ്. കാഴ്ചക്കാരായി മാറുന്നത് യു.ഡി.എഫ് ആണ്. ജമാഅത്തെ ഇസ്‌ലാമി ബന്ധം തന്നെ കാരണം. ആർ.എസ്.എസ് ദേശീയ നേതൃത്വവുമായി ജമാഅത്ത് നടത്തിയ ചർച്ചയുടെ നിഴൽ ഇപ്പോൾ യു.ഡി.എഫിനു മേലും വീണുകിടക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

55 എംഎല്‍എമാര്‍ വീണ്ടും മത്സരത്തിന്; സിപിഎം സ്ഥാനാര്‍ഥികളുടെ പട്ടിക ഇങ്ങനെ

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാം, ഇന്ത്യക്ക് 30 ദിവസത്തെ ഇളവ് അനുവദിച്ച് യുഎസ്

ചിക്കന്‍ ബിരിയാണി, നെയ്‌ച്ചോറിനൊപ്പം വറുത്തരച്ച ചിക്കന്‍ കറി; വന്ദേഭാരതിലെ മെനു പരിഷ്‌കരിച്ചു

'എന്താണ് ചെയ്യേണ്ടതെന്ന് കൃത്യമായ ധാരണ'; ഇംഗ്ലണ്ടിനെ വീഴ്ത്തിയ 'ഇന്നിങ്‌സില്‍' സഞ്ജുവിനെയും ബുംറയെയും പുകഴ്ത്തി സൂര്യകുമാര്‍

'പത്തനംതിട്ടയ്ക്ക് അബിന്‍ വര്‍ക്കിയെ വേണ്ട'; മണ്ഡലത്തില്‍ പോസ്റ്റര്‍

SCROLL FOR NEXT