Curaçao football 
News+

ചരിത്രത്തിന്റെ മുറിവുകള്‍ക്ക് മുകളില്‍ വളര്‍ന്ന പച്ചപ്പുല്ല്‌

അനീഷ് ഐക്കുളത്ത്

വില്ലെംസ്ടാഡിലെ തുറമുഖത്ത് സായാഹ്നം ഇറങ്ങിവരികയാണ്. കടലില്‍ നിന്ന് വരുന്ന കാറ്റിന് ഉപ്പിന്റെ ഗന്ധമുണ്ട്. തുറമുഖത്തിന് അരികിലെ വര്‍ണാഭമായ ഡച്ച് കെട്ടിടങ്ങളുടെ ചുമരുകളില്‍ അവസാന സൂര്യപ്രകാശം വീണുകിടക്കുന്നു. കടലിനപ്പുറം എവിടെയോ വെളിച്ചം തെളിയുന്നു. തീരത്ത് ചില കുട്ടികള്‍ ഇപ്പോഴും ഫുട്ബോള്‍ കളിക്കുന്നുണ്ട്. അവരുടെ കാലുകള്‍ക്കടിയില്‍ പച്ചപ്പുള്ള ലോകോത്തര മൈതാനങ്ങളില്ല. വിലകൂടിയ പരിശീലന സൗകര്യങ്ങളുമില്ല. ഉണ്ട്, കടലും കാറ്റും ഒരു പന്തും.

ലോകഫുട്ബോളിന്റെ ചരിത്രം എഴുതപ്പെട്ടത് പലപ്പോഴും വലിയ രാജ്യങ്ങളുടെ പേരുകളിലാണ്. ബ്രസീലും അര്‍ജന്റീനയും ജര്‍മനിയും ഇറ്റലിയും ഫ്രാന്‍സും ആ ചരിത്രത്തിലെ വലിയ അധ്യായങ്ങളാണ്. എന്നാല്‍ ഫുട്ബോള്‍ ചിലപ്പോഴെങ്കിലും ഭീമന്മാരുടെ കഥയല്ല. അതു ഭൂപടത്തില്‍ വിരല്‍ത്തുമ്പുകൊണ്ട് മറച്ചുവയ്ക്കാന്‍ കഴിയുന്ന ഒരു ചെറിയ ദ്വീപിന്റെ കഥ കൂടിയായി മാറും. ആ ദ്വീപിന്റെ പേരാണ് കുറസാവോ.

കുറസോവയില്‍ ഫുട്‌ബോള്‍ പരിശീലിക്കുന്ന കുരുന്നുകള്‍

കരീബിയന്‍ കടലില്‍ വെനസ്വേലയുടെ തീരത്തോട് ചേര്‍ന്ന് കിടക്കുന്ന ഈ ചെറുരാജ്യം, ലോകത്തിന്റെ ശ്രദ്ധയില്‍ അങ്ങനെയൊന്നും ഇടംപിടിക്കാറില്ല. വിനോദസഞ്ചാരികളുടെ പോസ്റ്റ്കാര്‍ഡുകളിലും കടല്‍ത്തീര ചിത്രങ്ങളിലും നിറഞ്ഞുനില്‍ക്കുന്ന കുറസാവോയെ ലോകം കൂടുതലായി അറിയുന്നത് അവിടുത്തെ നീലക്കടലുകളിലൂടെയും വര്‍ണശബളമായ തെരുവുകളിലൂടെയുമാണ്. എന്നാല്‍ ആ മനോഹര ദൃശ്യങ്ങള്‍ക്കപ്പുറം മറ്റൊരു കഥയുണ്ട്. അത് കാല്‍പന്തുകളിയുടെ കഥയാണ്. അതിലും കൂടുതല്‍, സ്വപ്നങ്ങളുടെ കഥയാണ്. കുറസാവോയുടെ ചരിത്രം കടലിന്റെ ചരിത്രമാണ്.

ഒരുകാലത്ത് ഈ ദ്വീപ് സാമ്രാജ്യങ്ങളുടെ കപ്പലുകള്‍ നങ്കൂരമിട്ട തുറമുഖമായിരുന്നു. യൂറോപ്യന്‍ ശക്തികള്‍ കരീബിയന്‍ കടലിനെ കീറിമുറിച്ച കാലത്ത്, കുറസാവോയും അവരുടെ വ്യാപാരഭൂപടത്തിലെ ബിന്ദുവായി മാറി. അടിമക്കച്ചവടത്തിന്റെ ഇരുണ്ട നിഴലുകള്‍ ഈ തീരങ്ങളില്‍ വീണു. മനുഷ്യരുടെ കണ്ണീരിനും കടല്‍വെള്ളത്തിനും ഒരേ ഉപ്പുരുചിയാണെന്ന് ഈ ദ്വീപ് അന്ന് പഠിച്ചു.

കടല്‍ക്കാറ്റ് വീശിയെത്തുമ്പോള്‍ അതില്‍ ചിലപ്പോള്‍ ആഫ്രിക്കയുടെ ഓര്‍മ്മകളുണ്ടായിരുന്നു. ചിലപ്പോള്‍ യൂറോപ്പിന്റെ അധികാരഗന്ധവും. ചിലപ്പോള്‍ ലാറ്റിനമേരിക്കയുടെ കലാപവിളികള്‍. എല്ലാ ശബ്ദങ്ങളും ചേര്‍ന്നാണ് കുറസാവോയുടെ ആത്മാവ് രൂപപ്പെട്ടത്. ഡച്ചുകാരുടെ ഭാഷയും ആഫ്രിക്കന്‍ വേരുകളും സ്പാനിഷ് സ്വാധീനങ്ങളും സ്വദേശികളുടെ ഓര്‍മ്മകളും ചേര്‍ന്ന് ഒരു പുതിയ സംസ്‌കാരം ജനിച്ചു. അതിന് അവര്‍ പാപിയമെന്റോ എന്ന് പേരിട്ടു. അത് ഒരു ഭാഷ മാത്രമല്ലായിരുന്നു. വ്യത്യസ്ത ചരിത്രങ്ങള്‍ തമ്മില്‍ ഒത്തുതീര്‍പ്പിലെത്തിയ ഒരു സംഗീതമായിരുന്നു.

നൂറ്റാണ്ടുകള്‍ക്ക് മുമ്പ് യൂറോപ്യന്‍ സാമ്രാജ്യങ്ങളുടെ കപ്പലുകള്‍ ഈ ദ്വീപിന്റെ തീരത്തെത്തി. വ്യാപാരത്തിന്റെ പേരില്‍ ആരംഭിച്ച യാത്രകള്‍ പിന്നീട് മനുഷ്യവ്യാപാരത്തിന്റെ ഇരുണ്ട ചരിത്രത്തിലേക്ക് വളര്‍ന്നു. ആഫ്രിക്കയില്‍ നിന്ന് കൊണ്ടുവന്ന അനേകം മനുഷ്യരുടെ കണ്ണീര്‍ ഈ കടലില്‍ കലര്‍ന്നിട്ടുണ്ട്. അടിമക്കച്ചവടത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നായി മാറിയ ദ്വീപ് പിന്നീട് പല സംസ്‌കാരങ്ങളുടെയും സംഗമഭൂമിയായി.

ലോകകപ്പ് യോഗ്യത നേടിയപ്പോള്‍ കുറസോവ ആരാധകരുടെ ആഹ്ലാദം

ആഫ്രിക്കയുടെ ഓര്‍മ്മകളും യൂറോപ്പിന്റെ സ്വാധീനവും ലാറ്റിനമേരിക്കയുടെ സ്പന്ദനവും ചേര്‍ന്നാണ് ഇന്നത്തെ കുറസാവോ രൂപപ്പെട്ടത്. അതുകൊണ്ടുതന്നെ ഈ ദ്വീപിന്റെ കഥ ഒരു രാജ്യത്തിന്റെ കുടിയേറ്റങ്ങളുടെയും അതിജീവനത്തിന്റെയും തിരിച്ചറിവ് തേടിയുള്ള യാത്രയുടെയും കഥയാണ്.

ഫുട്ബോള്‍ അവിടെ എത്തിച്ചേര്‍ന്നപ്പോള്‍, അത് വെറും കളിയായി ഒതുങ്ങിയില്ല, അതിനുമപ്പുറം ജനങ്ങളുടെ ഭാഷയായി മാറി. കരീബിയന്‍ ദ്വീപുകളിലെ കുട്ടികള്‍ക്ക് ഫുട്ബോള്‍ പഠിക്കാന്‍ വലിയ അക്കാദമികള്‍ ആവശ്യമില്ല. ഒരു പന്ത് മതി. ഒരു ഒഴിഞ്ഞ സ്ഥലം മതി. സ്വപ്നം കാണാനുള്ള മനസ്സ് മതി. കുറസാവോയിലെ അനേകം കുട്ടികള്‍ വളര്‍ന്നത് അങ്ങനെയാണ്. സ്‌കൂള്‍ കഴിഞ്ഞ് കടല്‍ത്തീരത്തേക്കോ ചെറിയ മൈതാനങ്ങളിലേക്കോ ഓടിയെത്തി കളിച്ച കുട്ടികള്‍. അവരുടെ മുന്നില്‍ ലോകകപ്പ് ദൂരെയൊരു ആകാശഗോളമായിരുന്നു.

കാണാം. പക്ഷേ തൊടാനാകില്ല. അങ്ങനെയായിരുന്നു ലോകഫുട്ബോളില്‍ കുറസാവോയുടെ സ്ഥാനം. ചെറിയ രാജ്യങ്ങള്‍ വലിയ ടൂര്‍ണമെന്റുകളെ സ്വപ്നം കാണാറുണ്ട്. പക്ഷേ അവിടെയെത്തുക പലപ്പോഴും അസാധ്യമായി തോന്നും. കാരണം ഫുട്ബോളും ചിലപ്പോള്‍ ലോകക്രമത്തിന്റെ പ്രതിഫലനമാണ്. പണമുള്ളവരും ജനസംഖ്യയുള്ളവരും സൗകര്യമുള്ളവരും മുന്നിലെത്തും.

മറ്റുള്ളവര്‍ സ്വപ്നം കാണും. എന്നാല്‍ കുറസാവോയുടെ കഥ അവിടെ അവസാനിച്ചില്ല. കാരണം ചരിത്രം അവരെ ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും കൊണ്ടുപോയിരുന്നു. നെതര്‍ലന്‍ഡ്സിലേക്കുള്ള കുടിയേറ്റം വര്‍ഷങ്ങളായി തുടരുകയായിരുന്നു. അവിടെ ജനിച്ച അനേകം യുവാക്കള്‍ യൂറോപ്യന്‍ നിലവാരത്തിലുള്ള പരിശീലനവും മത്സരങ്ങളും അനുഭവിച്ചുകൊണ്ട് വളര്‍ന്നു. അവര്‍ ഡച്ചുകാരായിരുന്നു. അതേസമയം കുറസാവോക്കാരും. രണ്ട് ലോകങ്ങള്‍ക്കിടയില്‍ നില്‍ക്കുന്ന തലമുറയായിരുന്നു അവരുടേത്. അവരില്‍ ചിലര്‍ ഒരുദിവസം തിരിഞ്ഞുനോക്കി. അവരുടെ മാതാപിതാക്കളുടെ ദ്വീപിലേക്ക്... അവരുടെ വേരുകളിലേക്ക്... അവരുടെ കഥയിലേക്ക്... അവര്‍ കുറസാവോയുടെ ജേഴ്സി ധരിച്ചു. ആ നിമിഷം മുതല്‍ കുറസാവോയുടെ ഫുട്ബോള്‍ ചരിത്രം മാറിത്തുടങ്ങി.

കുറസാവോയുടെ ടീമിനെ കാണുമ്പോള്‍ അത് മനസ്സിലാകും. അവരുടെ കളിക്കാരില്‍ ചിലര്‍ യൂറോപ്പിലെ നഗരങ്ങളില്‍ വളര്‍ന്നവരാണ്. ചിലര്‍ കരീബിയന്‍ കടലിന്റെ തീരങ്ങളില്‍ വളര്‍ന്നവര്‍. ചിലരുടെ ആദ്യഭാഷ ഡച്ചാണ്. ചിലരുടേത് പാപിയമെന്റോ. പക്ഷേ ദേശീയഗാനം മുഴങ്ങുമ്പോള്‍ എല്ലാവരുടെയും കണ്ണുകളില്‍ ഒരേ വികാരമാണ്. ഒരു ദ്വീപിന്റെ പേര്. ഒരു പതാക. ഒരു സ്വപ്നം. ലോകകപ്പിലേക്കുള്ള ഓരോ യോഗ്യതാ മത്സരവും കുറസാവോയ്ക്ക് വെറും ഫുട്ബോള്‍ മത്സരമല്ല. അത് ഒരു പ്രഖ്യാപനമാണ്. 'ഞങ്ങളും ഇവിടെയുണ്ട്' എന്ന പ്രഖ്യാപനം. വലിയ രാജ്യങ്ങള്‍ക്കിടയില്‍ ചെറുരാജ്യങ്ങളുടെ ശബ്ദം പലപ്പോഴും നഷ്ടപ്പെടാറുണ്ട്. ഫുട്ബോളില്‍ പക്ഷേ അത് കുറച്ച് കൂടുതല്‍ കേള്‍ക്കപ്പെടും. കാരണം തൊണ്ണൂറ് മിനിറ്റില്‍ എല്ലാം തുല്യമാകുന്ന ഒന്നാണ് ഫുട്‌ബോള്‍ മൈതാനം. അതാണ് ഫുട്ബോളിന്റെ ഏറ്റവും വലിയ ജനാധിപത്യവും. അതുകൊണ്ടാണ് കുറസാവോ പോലുള്ള രാജ്യങ്ങള്‍ ഈ കളിയെ ഇത്രയധികം സ്നേഹിക്കുന്നത്.

കുറസാവോയുടെ ലോകകപ്പിലേയ്ക്കുള്ള യാത്ര ആരംഭിച്ചത് വലിയ ആഘോഷങ്ങളോടെയായിരുന്നില്ല. ആരും അവരെ ഫേവറിറ്റുകളായി കണ്ടിരുന്നില്ല. പക്ഷേ ആദ്യ റൗണ്ടില്‍ തന്നെ കുറസാവോ ഉദ്ദേശ്യം വ്യക്തമാക്കി. ബാര്‍ബഡോസിനെതിരെ നാല് ഗോളുകള്‍. അറൂബയ്ക്കെതിരെ രണ്ട് ഗോളുകള്‍. സെന്റ് ലൂസിയക്കെതിരെ നാല് ഗോളുകള്‍. ഹെയ്ത്തിക്കെതിരെ അഞ്ച് ഗോളുകള്‍. നാല് മത്സരങ്ങള്‍. നാല് ജയങ്ങള്‍. പതിനഞ്ച് ഗോളുകള്‍. അന്ന് മുതല്‍ കരീബിയന്‍ ഫുട്ബോളില്‍ ഒരു പുതിയ തിരമാല ഉയരുന്നുണ്ടെന്ന് എതിരാളികള്‍ തിരിച്ചറിഞ്ഞു.

ഹെയ്ത്തിക്കെതിരായ 5-1 വിജയം പ്രത്യേകിച്ചും ശ്രദ്ധേയമായിരുന്നു. ലോകകപ്പ് സ്വപ്നം വെറും ആഗ്രഹമല്ലെന്നും യാഥാര്‍ഥ്യസാധ്യതയാണെന്നും കുറസാവോ അന്ന് തെളിയിച്ചു.

കുറസോവന്‍താരം തഹിത് ചോങ്

രണ്ടാം ഘട്ടം എളുപ്പമായിരുന്നില്ല. അവരുടെ മുന്നില്‍ കരീബിയന്‍ ഫുട്ബോളിലെ കരുത്തരുണ്ടായിരുന്നു. ജമൈക്ക. ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ. ബര്‍മുഡ. വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള ടീമുകള്‍.

അവിടെയാണ് കുറസാവോയുടെ യഥാര്‍ത്ഥ പരീക്ഷ തുടങ്ങിയത്. യോഗ്യതാ റൗണ്ടിലെ ഏറ്റവും വലിയ രാത്രികളിലൊന്ന് വില്ലെംസ്ടാഡില്‍ സംഭവിച്ചു. എതിരാളികള്‍ ജമൈക്ക. കരീബിയന്‍ മേഖലയിലെ ഏറ്റവും ശക്തരായ ടീമുകളിലൊന്ന്. എന്നാല്‍ സ്വന്തം ആരാധകര്‍ക്ക് മുന്നില്‍ കുറസാവോ ഭയപ്പെട്ടില്ല. അവര്‍ രണ്ട് ഗോള്‍ നേടി. ജമൈക്കയെ ഗോള്‍രഹിതരാക്കി. (2-0). ലോകകപ്പ് സ്വപ്നത്തിന് ചിറകുകള്‍ മുളച്ച രാത്രി അതായിരുന്നു. അതിനു പിന്നാലെ ബര്‍മുഡയില്‍ മറ്റൊരു പ്രകടനം നടന്നു. കുറസാവോ ആക്രമിച്ചു... വീണ്ടും ആക്രമിച്ചു... ഗോളുകള്‍ തുടര്‍ച്ചയായി വന്നു. അവസാനം സ്‌കോര്‍ബോര്‍ഡില്‍ തെളിഞ്ഞത് 7-0.

യോഗ്യതാ റൗണ്ടിലെ ഏറ്റവും ആധികാരിക വിജയങ്ങളിലൊന്നായിരുന്നു അത്. ഗ്രൂപ്പിലെ ഒന്നാം സ്ഥാനത്തിനായുള്ള അവരുടെ അവകാശവാദം അന്ന് കൂടുതല്‍ ശക്തമായി. ട്രിനിഡാഡ് ആന്‍ഡ് ടുബാഗോക്കെതിരായ പോരാട്ടം വ്യത്യസ്തമായിരുന്നു. അത് ഗോളുകളുടെ മത്സരമായിരുന്നില്ല.

ക്ഷമയുടെ മത്സരമായിരുന്നു. അവിടെ അവര്‍ തോല്‍ക്കാതിരിക്കാന്‍ പോരാടി. ഓരോ പോയിന്റും വിലപ്പെട്ടതാണെന്ന് മനസ്സിലാക്കി.

ആ സമനിലയും ലോകകപ്പ് സ്വപ്നത്തിലേക്കുള്ള വഴിയിലെ നിര്‍ണായക ചുവടായി മാറി. അങ്ങനെ എല്ലാം അവസാനിച്ചത് കിങ്സ്റ്റണില്‍. ജമൈക്കയുടെ സ്വന്തം മണ്ണില്‍. സ്റ്റേഡിയം മുഴുവന്‍ എതിരാളികളുടെ ശബ്ദം. തോറ്റാല്‍ സ്വപ്നം അപകടത്തിലാകും. ജയിച്ചാല്‍ ചരിത്രം.

അവസാനം കുറസാവോയ്ക്ക് വേണ്ടിയിരുന്നത് ഒരു സമനില മാത്രം. അവര്‍ അത് നേടി. തൊണ്ണൂറ് മിനിറ്റോളം പ്രതിരോധിച്ചു. പോരാടി. ഒരിഞ്ച് മണ്ണ് പോലും വിട്ടുകൊടുത്തില്ല. അവസാന വിസില്‍ മുഴങ്ങിയപ്പോള്‍ സ്‌കോര്‍ 0-0. പക്ഷേ ആ രാത്രിയില്‍ കിങ്സ്റ്റണില്‍ ആഘോഷിച്ചത് കുറസാവോയായിരുന്നു. മൈതാനത്തിന്റെ നടുവില്‍ അവര്‍ പരസ്പരം കെട്ടിപ്പിടിച്ചു. ചിലര്‍ മുട്ടുകുത്തിയിരുന്നു. ചിലര്‍ കണ്ണീരോടെ ആകാശത്തേക്ക് നോക്കി. കാരണം ആ സമനില ഒരു പോയിന്റ് അത് ഒരു ലോകകപ്പ് ടിക്കറ്റായിരുന്നു. കരീബിയന്‍ കടലിലെ ഒരു ചെറിയ ദ്വീപ് ആദ്യമായി ലോകഫുട്ബോളിന്റെ ഏറ്റവും വലിയ വേദിയിലേക്ക് കടന്നുകയറുകയായിരുന്നു. ലോകകപ്പിന്റെ ചരിത്രത്തില്‍ ആദ്യമായി കുറസാവോ എന്ന പേര് എഴുതപ്പെടുകയായിരുന്നു.

ഗ്രൂപ്പില്‍ ഒന്നാമത്. പത്ത് യോഗ്യതാ മത്സരങ്ങളില്‍ അപരാജിതര്‍. ആദ്യ ലോകകപ്പ് പ്രവേശനം. ഫുട്ബോള്‍ ചരിത്രത്തില്‍ ചില രാജ്യങ്ങള്‍ ലോകകപ്പിലെത്തുന്നത് പ്രതീക്ഷിക്കപ്പെടുന്ന കാര്യമാണ്. ബ്രസീല്‍ എത്തും. അര്‍ജന്റീന എത്തും. ഫ്രാന്‍സ് എത്തും. പക്ഷേ ചില രാജ്യങ്ങള്‍ ലോകകപ്പിലെത്തുമ്പോള്‍ അത് ഒരു വാര്‍ത്ത മാത്രമല്ല. ഒരു കഥയാകുന്നു. കുറസാവോയുടെ കഥ അങ്ങനെയാണ്. ബാര്‍ബഡോസില്‍ നിന്ന് ജമൈക്ക വരെ നീണ്ടുനിന്ന പത്ത് മത്സരങ്ങളുടെ കഥ. പതിനഞ്ച് ഗോളുകളോടെ തുടങ്ങിയ യാത്ര. അപരാജിതമായി അവസാനിച്ച സ്വപ്നം. കരീബിയന്‍ കടലിന്റെ നടുവില്‍ നിന്ന് ലോകത്തിന്റെ ഫുട്ബോള്‍ വേദിയിലേക്ക് എത്തിയ ഒരു ദ്വീപിന്റെ കഥ.

ഫുട്ബോള്‍ ലോകത്ത് ചില രാജ്യങ്ങള്‍ ശക്തിയുടെ ഭാഷ സംസാരിക്കുന്നു. ചിലത് പാരമ്പര്യത്തിന്റെ ഭാഷ. കുറസാവോ സംസാരിക്കുന്നത് പ്രതീക്ഷയുടെ ഭാഷയാണ്. ആ ഒരു കുഞ്ഞന്‍ ദ്വീപിന്റെ ചരിത്രം നോക്കിയാല്‍ അതില്‍ അടിമക്കപ്പലുകളുടെ നിഴല്‍ കാണാം. അതേ രാജ്യത്തിന്റെ ഫുട്ബോള്‍ ചരിത്രം നോക്കിയാല്‍ അതില്‍ സ്വപ്നങ്ങളുടെ കപ്പലുകള്‍ കാണാം. ഒരുകാലത്ത് മനുഷ്യരെ ചങ്ങലകളില്‍ കൊണ്ടുവന്ന കടല്‍, ഇന്ന് ലോകകപ്പിലേക്കുള്ള പ്രതീക്ഷകളെ വഹിച്ചുകൊണ്ടിരിക്കുന്നു.

അതുകൊണ്ടാണ് കുറസാവോയുടെ ഫുട്ബോള്‍ കഥ നമ്മെ സ്പര്‍ശിക്കുന്നത്. കാരണം അത് ഗോളുകളുടെ കഥയല്ല. അത് ഒരു ദ്വീപ് സ്വന്തം ശബ്ദം കണ്ടെത്തിയ കഥയാണ്. അത് ചരിത്രത്തിന്റെ മുറിവുകള്‍ക്ക് മുകളില്‍ പച്ചപുല്ല് വളര്‍ന്ന കഥയാണ്. അത് കടലിന്റെ നടുവില്‍ ഒറ്റയ്ക്കു കിടക്കുന്ന ഒരു ഭൂവിഭാഗം ലോകത്തോട് പറഞ്ഞ ഒരു വാചകമാണ് -'ഞങ്ങള്‍ ചെറുതായിരിക്കാം. പക്ഷേ ഞങ്ങളുടെ സ്വപ്‌നങ്ങള്‍ക്ക് അതിരുകളില്ല.'

ലോകകപ്പ് യോഗ്യത നേടിയപ്പോള്‍ കുറസോവ ആരാധകരുടെ ആഹ്ലാദം

വെറും ഒന്നരലക്ഷം ജനസംഖ്യയുള്ള ചെറുദ്വീപ് ഫുട്‌ബോള്‍ ലോകത്തിന്റെ മഹാരഥന്മാര്‍ അണിനിരക്കുന്ന വമ്പന്‍ ഗ്രൂപ്പിലേക്കാണ് ഇപ്പോള്‍ കാലെടുത്തുവെക്കുന്നത്. 'ഇ' ഗ്രൂപ്പില്‍ ഒരു വശത്ത് ലോകകിരീടങ്ങളുടെ തിളക്കവുമായി ജര്‍മ്മന്‍ കരുത്ത്. മറുവശത്ത് ആഫ്രിക്കന്‍ ശക്തിയുടെ പ്രതീകമായ ഐവറി കോസ്റ്റ്, പിന്നെ ലാറ്റിനമേരിക്കന്‍ പോരാട്ടവീര്യത്തിന്റെ മുഖമായ ഇക്വഡോര്‍. ഇങ്ങനെ കരുത്തിന്റെ കൊടുമുടികളായ ടീമുകള്‍ക്കിടയില്‍, കടലിന്റെ നടുവിലെ ചെറിയൊരു ദ്വീപായ കുറസാവോ ലോകത്തോട് പറയാന്‍ ഒരുങ്ങുകയാണ്. കരുത്തന്മാരുടെ ഈ ഗ്രൂപ്പില്‍ വെറും പങ്കാളിയാകാനല്ല, അട്ടിമറികളുടെ പുതിയ കഥ എഴുതാനാണ് കുറസാവോയുടെ വരവ് എന്ന്. കടലിന്റെ തിരകളെ പോലെ അപ്രതീക്ഷിതമായി ഉയര്‍ന്ന്, വമ്പന്മാരുടെ സ്വപ്നങ്ങളില്‍ ചലനം സൃഷ്ടിക്കാന്‍ അവര്‍ തയ്യാറായി നില്‍ക്കുന്നു.

FIFA World Cup 2026: Tiny Curaçao dreaming big on debut

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് തിരുത്തണമെന്ന് സംസ്ഥാന കമ്മിറ്റി ; സിപിഎമ്മിൽ അസാധാരണ നടപടി

ജനനം കേരളത്തില്‍, ഇപ്പോള്‍ ലൊസാഞ്ചലസ് സിറ്റി കൗണ്‍സിലില്‍; മേയറാകുമോ നിത്യ രാമന്‍?

ഹിന്ദുസ്ഥാൻ കോപ്പറിൽ നിരവധി ഒഴിവുകൾ; എഞ്ചിനീയറിങ് മുതൽ ഫിനാൻസ് വരെ, അവസാന തീയതി ജൂൺ 25

കനത്ത മഴ: കാസര്‍കോട് 50 മീറ്റളോളം നീളത്തില്‍ റോഡ് വിണ്ടുകീറി

പാതി കടിച്ച ആപ്പിൾ ജനക്കൂട്ടത്തിലേക്ക് എറിഞ്ഞ് കർണാടക മുഖ്യമന്ത്രി; വിവാദം - വിഡിയോ

SCROLL FOR NEXT