Bright orange Flame Vine flowers covering trees and walls, showing its fast and invasive growth pattern samakalika Malayalam
News+

ഫ്ലെയിം വൈൻ: പച്ചപ്പിലെ തീജ്വാലകൾ

തെക്കേഅമേരിക്കയിൽ, പ്രത്യേകിച്ച് ബ്രസീലിലും പരാഗ്വേയിലും വേരുകളുള്ള നിത്യഹരിതവള്ളിയാണ് ഫ്ലെയിം വൈൻ. ഈ ചെടിയുടെ സ്വഭാവവിശേഷം കൊണ്ട് ഇതിനെ ‘ഹെൽ വൈൻ’എന്നും ചിലപ്പോൾ ‘ഡെവിൾസ് ഷൂസ്ട്രിങ് ’ എന്നും വിളിക്കപ്പെടുന്നു. നരകവള്ളി എന്ന പേരിൽ നിന്നു തന്നെ ഈ ചെടി എത്രയധികം പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് മനസ്സിലാക്കുവാൻ കഴിയും.

ഷിലോ കെ ദേവ്‌

“വായ്ക്കുന്നു വേലിക്കു വർണ്ണങ്ങൾ, പൂവാൽ ചോക്കുന്നു കാടന്തിമേഘങ്ങൾപോലെ” എന്ന മലയാളിയുടെ നാവിൽ തുമ്പിലുള്ള കുമാരനാശാന്റെ വരികളെ അന്വർത്ഥമാക്കുന്നതുപോലെ, കുലകുത്തിമറിഞ്ഞുകിടക്കുന്ന തീക്ഷ്ണനിറത്തിലുള്ള പൂക്കൾ മൂടിയ പൂന്തോട്ടങ്ങളും മതിലുകളും. ഗ്രാമങ്ങൾ മുതൽ നഗരത്തിലെ പൂന്തോട്ടങ്ങൾ വരെപടർന്നുകയറി പച്ചപ്പിൽ തീജ്വാലകൾ തീർക്കുകയാണ് ഓറഞ്ചുപൂക്കൾ നിറഞ്ഞ ഈ വള്ളികൾ.

ഫ്ലെയിം വൈൻ, ഫ്ലെയിം ഫ്ലവർ, ക്രിസ്മസ് മുല്ല, ഡിസംബർ മുല്ല, ജനുവരി മുല്ല, ഓട്മുല്ല, എന്നൊക്കെയറിയപ്പെടുന്ന ഇതിന്റെ ശാസ്ത്രീയ നാമം പൈറോസ്റ്റീജിയ വെനുസ്റ്റ (Pyrostegia venusta) എന്നാണ്. ഇത് പ്രധാനമായും പൂക്കുന്നത് ശൈത്യകാലത്താണ്. തീജ്വാലകൾ പോലെ പൂവണിഞ്ഞുനിൽക്കുന്ന ഈ ചെടി കണ്ടാൽ തീജ്വാലവള്ളി, തീജ്വാലവല്ലി, ജ്വാലാവള്ളി, ജ്വാലാവല്ലി, എന്നീ പേരുകൾ നൽകുവാനാണു തോന്നുക. ഒരു പ്രാവശ്യം ഈ പൂക്കാലം കാണുന്നവർ ഫ്ലെയിം വൈനിനെ പൂന്തോട്ടത്തിൽ എത്തിക്കുവാൻ മൽസരിക്കുമെന്നതിൽ സംശയമില്ല.

ഇതിന്റെ പൂക്കളുടെ തീഷ്ണസൗന്ദര്യം ഇന്ത്യയടക്കമുള്ള ഉഷ്ണമേഖലാ പ്രദേശങ്ങളിൽ ഇഷ്ടപ്പെട്ട ഒരു അലങ്കാരസസ്യമാക്കി ഇതിനെ മാറ്റുന്നു.

Flame Vine

ഫ്ലെയിം വൈൻ ഇന്ത്യയിലെവിടെയും ഓൺലൈനിലും നഴ്സറികളിലും പല വിലകളിൽ വ്യാപകമായി ലഭ്യമാണ്. ഇതിന്റെ വർണ്ണാഭമായ പൂക്കളും മിതമായ വിലയും ഈ ചെടി വളരെ വേഗത്തിൽ നമ്മുടെ വീടുകളിലും ഓഫീസുകളിലും തോട്ടങ്ങളിലും വേരുറപ്പിക്കാൻ കാരണമാകുന്നു.

തീപിടിച്ച സൗന്ദര്യത്തിന് പിന്നിലെ രഹസ്യങ്ങൾ

പക്ഷേ ഈ സൗന്ദര്യത്തിനു പിന്നിൽ ഈ ചെടി പാരിസ്ഥിതിക വെല്ലുവിളികൾ ഉയർത്തുന്നു. ഉഷ്ണമേഖലാ, മിതശീതോഷ്ണ മേഖലാകാലാവസ്ഥകളിൽ, ഈ ചെടിയുടെ ശക്തമായ വളർച്ച ദുർബലമായ ആവാസവ്യവസ്ഥയെ തകർക്കുകയും തദ്ദേശീയസസ്യങ്ങളെ മറികടക്കുകയും പരിസ്ഥിതിപ്രക്രിയകളെ പ്രത്യക്ഷമല്ലാത്ത രീതികളിൽ മാറ്റുകയും ചെയ്യും.

തെക്കേഅമേരിക്കയിൽ, പ്രത്യേകിച്ച് ബ്രസീലിലും പരാഗ്വേയിലും വേരുകളുള്ള ഈ ജ്വാലാവല്ലി, ഒരു നിത്യഹരിതവള്ളിയാണ്. മരം പോലെ വളരുന്ന ഈ ചെടി, ശാഖകളുള്ള വള്ളിച്ചുരുളുകൾ ഉപയോഗിച്ച് പത്തു മുതൽ മുപ്പത് അടിയോളം ഉയരത്തിലേക്ക് പിടിച്ചു കയറുകയും കട്ടിയുള്ള ഇലച്ചാർത്തുകൊണ്ട് കെട്ടിടങ്ങളേയും മതിലുകളേയും സസ്യജാലങ്ങളേയും വേഗത്തിൽ മൂടുകയും ചെയ്യുന്നു.

ഫ്ലെയിം വൈനിന്റെ തീഷ്ണമായ ഓറഞ്ചുനിറത്തിൽ കുഴൽരൂപത്തിലുള്ള പൂക്കൾക്ക് നാലു മുതൽ ഒൻപത് സെന്റീമീറ്റർ വരെ നീളമുണ്ട്. കടും നിറത്തിൽ കുലകുലയായി കാണപ്പെടുന്ന നിറയെ തേനുള്ള പൂക്കൾ, തേൻകുരുവികൾ, തേനീച്ചകൾ, ചിത്രശലഭങ്ങൾ തുടങ്ങി ധാരാളം പരാഗണകാരികളെ ആകർഷിക്കുകയും ചെയ്യുന്നു. തവിട്ടുനിറത്തിൽ പയറുകൾപോലുള്ള കായ്കളിൽനിന്നും ചിറകുകളുള്ള വിത്തുകൾ കാറ്റിലൂടെ വിതരണം ചെയ്യപ്പെടുന്നു. പൂവിന്റെ കുഴൽപോലെ നീളമുള്ള ഘടനകാരണം തേൻകുരുവികൾ പോലുള്ള പക്ഷികൾ വഴിയാണ് കൂടുതലും പരാഗണം നടക്കുന്നത്. ഇക്കാരണത്താൽ വിത്തുകളുടെ ഉൽപ്പാദനം കുറയുന്നതുകൊണ്ട് ഭൂഗർഭ തണ്ടുകളും വേരുകളും വഴിയാണ് കൂടുതലായും പുനരുൽപ്പാദനം നടക്കുന്നത്.

പരിചരണം അധികം ആവശ്യമില്ലാതെ വളർത്താവുന്ന ധാരാളം പൂക്കളുണ്ടാകുന്ന വർണ്ണാഭമായ ചെടിയായതു കൊണ്ട് ലോകമെമ്പാടും അലങ്കാരസസ്യമായി വളർത്തുന്നുണ്ടെങ്കിലും, ഓസ്‌ട്രേലിയയുടെ ചില ഭാഗങ്ങൾ,തെക്കുകിഴക്കൻ അമേരിക്ക, കിഴക്കൻ ആഫ്രിക്ക,പസഫിക്ദ്വീപുകൾ എന്നിവയുൾപ്പെടെ വിവിധ ഉഷ്ണമേഖലാ, മിതോഷ്ണമേഖലാ പ്രദേശങ്ങളിൽ ഈ ചെടി തോട്ടങ്ങളിൽ നിന്ന് പുറത്തെത്തി സ്വാഭാവികമാകുകയും ചിലസ്ഥലങ്ങളിൽ ആക്രമണകാരിയാകുകയും ചെയ്തിട്ടുണ്ട്.

ഫ്ലെയിം വൈൻ

ഫ്ലെയിം വൈനിന്റെ ജീവശാസ്ത്ര സവിശേഷതകൾ

അലങ്കാരസസ്യത്തിൽ നിന്ന് ആക്രമണകാരിയായി മാറുന്നതിനു സഹായിക്കുന്ന നിരവധി ജീവശാസ്ത്ര സവിശേഷതകൾ ഈ ചെടിക്കുണ്ട്. ശല്യപ്പെടുത്തലുകളോടുള്ള സഹിഷ്ണുതയാണ് ഒന്ന്. ദ്രുതവും ഊർജ്ജസ്വലവുമായ വളർച്ചയാണ് മറ്റൊന്ന്. ഏതൊരു സാഹചര്യവുമായി പൊരുത്തപ്പെടുവാനുള്ള കഴിവാണ് മറ്റൊരു കാര്യം. നല്ല നീർവാർച്ചയുള്ള മണ്ണിലും ചൂടുള്ളതും ഈർപ്പമുള്ളതുമായ കാലാവസ്ഥയിലും ഇത് വളരുന്നു.വിവിധതരം മണ്ണിൽ ഇതു വളരുകയും ഒരിക്കൽ വ്യവസ്ഥാപിതമായാൽ വരൾച്ചയെപ്പോലും പ്രതിരോധിക്കുവാനുള്ള കഴിവ് ഈ ചെടിക്കുണ്ട്. നല്ല സൂര്യപ്രകാശത്തിലും ഭാഗികമായ തണലിലും ഈ ചെടി നന്നായി വളരുകയും പൂക്കുകയും ചെയ്യും.

കേരളം പോലുള്ള പ്രദേശങ്ങളിൽ ഫ്ലെയിം വൈൻ അക്രമാസക്തമായി വളരുന്നു. ഈ വള്ളിച്ചെടി അതിന് ലഭിക്കുന്ന താങ്ങുകളിൽ അക്രമാസക്തമായി പടർന്നു കയറി മരങ്ങളുൾപ്പെടെയുള്ള തദ്ദേശീയ സസ്യജാലങ്ങളുടെ ഇടതൂർന്ന മേലാപ്പായി വളർന്ന് സൂര്യപ്രകാശം തടയുകയും അടിയിലുള്ള സസ്യജാലങ്ങളെ അടിച്ചമർത്തുകയും ചെയ്യുന്നു.

പല അധിനിവേശസസ്യങ്ങളേയുംപോലെ, ഫ്ലെയിം വൈനും ദുർബലമായ ഭൂപ്രകൃതികളിലും വനാന്തരങ്ങളിലും അക്രമണകാരിയായി വളരുന്നു. എത്ര വെട്ടിമാറ്റിയാലും, ശേഷിക്കുന്ന തണ്ടുകളിൽ നിന്നും ഭൂഗർഭ തണ്ടുകളിൽ നിന്നും വേരുകളിൽ നിന്നും വീണ്ടും മുളച്ചുവരികയും ഈ ചെടിയെ നീക്കം ചെയ്യുകയെന്നതെന്ന് വെല്ലുവിളി നിറഞ്ഞതുമാക്കുന്നു.

നിലം തൊടുന്ന തണ്ടുകൾ വേരുറപ്പിച്ച് പുതിയ ചെടികൾ ഉണ്ടാകുന്നു. മണ്ണിൽ അവശേഷിക്കുന്ന കാണ്ഡത്തിന്റേയും വേരിന്റേയും ചെറിയ കഷ്ണങ്ങളിൽ നിന്നുപോലും പുതിയ മുളകൾ പൊട്ടുന്നു. ജ്വാലാവല്ലിയുടെ ഈ സ്ഥിരത അർത്ഥമാക്കുന്നത് വെട്ടിമാറ്റുകയോ വെട്ടിയൊതുക്കുകയോ ചെയ്യുന്നത് ഈ ചെടിയെ ഇല്ലാതാക്കുകയോ വളർച്ച തടയുകയോ ചെയ്യുന്നില്ല എന്നതാണ്.

ജൈവവൈവിധ്യഭീഷണിയും നിയന്ത്രണ ചെലവുകളും

അധിനിവേശ സസ്യ-ജീവിവർഗങ്ങൾ സ്ഥാപിതമാകുമ്പോൾ, പ്രാദേശിക ജൈവവൈവിധ്യം കുറയുകയും, ആവാസവ്യവസ്ഥയുടെ ഘടനയിൽ മാറ്റംവരുത്തുകയും, ആവാസവ്യവസ്ഥയുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. ഇവ തദ്ദേശീയ സസ്യങ്ങളേയും ജീവജാലങ്ങളേയും നശിപ്പിക്കുകയും കാലക്രമേണ, ജൈവവൈവിധ്യം കുറഞ്ഞ് ഫ്ലെയിം വൈൻ ചെടികൾ മാത്രമുള്ള ഏകസസ്യ കാടുകളായി രൂപാന്തരപ്പെടുകയും ചെയ്യുന്നു.

തദ്ദേശീയ സസ്യങ്ങളുടെ നഷ്ടം, ഭക്ഷണത്തിനും പാർപ്പിടത്തിനും വേണ്ടി അവയെ ആശ്രയിക്കുന്ന പ്രാണികളും പക്ഷികളും സസ്തനികളുമടങ്ങുന്ന വന്യജീവികളെ ബാധിക്കുകയും ഭക്ഷ്യശൃംഖലയുടെ കണ്ണി പൊട്ടിക്കുകയും ചെയ്യുന്നു.

മണ്ണിന്റെ സ്വഭാവ സവിശേഷതകളേയും അധിനിവേശ സസ്യങ്ങൾ സ്വാധീനിക്കും. ഇവ തദ്ദേശീയസസ്യങ്ങളെ അപേക്ഷിച്ച് വേഗത്തിൽ പോഷകചക്രങ്ങളിൽ മാറ്റംവരുത്തുകയും മണ്ണിന്റെ വിഭവങ്ങൾ ഇല്ലാതാക്കുകയും ചെയ്യുന്നതിലൂടെ മണ്ണിന്റെ ഘടനയ്ക്കുമാറ്റം വരുത്തുകയും ചെയ്യുന്നു. ഇത് തദ്ദേശീയ ജീവിവർഗങ്ങളുടെ പുനഃസ്ഥാപനം ബുദ്ധിമുട്ടാക്കുകയും ചെയ്യുന്നു. ഇത് പാരിസ്ഥിതിക പ്രശ്നങ്ങൾ മാത്രമല്ല, ആരോഗ്യ പ്രശ്നങ്ങളിലേക്ക് വരെ നയിക്കാമെന്ന ആശങ്കയും ഉയർത്തുന്നുണ്ട്.

“ചില ചെടികൾ തെരെഞ്ഞെടുക്കുമ്പോഴും നടുമ്പോഴും സൂക്ഷിച്ചില്ലെങ്കിൽ പറമ്പുമുഴുവൻ വ്യാപിക്കുകയും പിന്നീട് നശിപ്പിക്കുവാൻ ബുദ്ധിമുട്ടാകുകയും ചെയ്യുന്നു”,എന്നാണ് പൂന്തോട്ടം പരിപാലിക്കുന്ന ഒരാളുടെ അനുഭവക്കുറിപ്പ്. അത്തരത്തിലൊന്നാണ് ഈ ഫ്ലെയിം വൈൻ.

Flame Vine

വീണ്ടും മുളയ്ക്കാനുള്ള ശക്തമായ കഴിവുകാരണം ഇതിനെനിയന്ത്രിക്കുന്നത് വളരെ പ്രയാസകരമാണ്. ഭൂഗർഭ കാണ്ഡങ്ങളിലൂടെയും വേരുകളിലൂടെയുമുള്ള വ്യാപനത്തിലൂടെ ഈ ചെടി വേരൂന്നുന്ന പ്രദേശമാകെ പടരുന്നു. ഭൂഗർഭകാണ്ഡങ്ങളും വേരുകളും പടരുന്നത് മണ്ണിനടിയിലൂടെയായതിനാൽ മണ്ണിനു മുകളിൽ നിന്നു വീക്ഷിച്ചാൽ ഈ അദൃശ്യമായവ്യാപനം അറിയുവാൻ കഴിയണമെന്നില്ല. അതുകൊണ്ട് ഒരു സ്ഥലത്ത് ഈ ചെടി നശിപ്പിച്ചാലും മറ്റൊരിടത്ത് ഇതിന്റെ മുളകൾ പൊട്ടുന്നു. ഈ ജ്വാലാവല്ലിയുടെ പുനരുൽപ്പാദനശേഷി കാരണം നിയന്ത്രണവും ഉന്മൂലനവും മിക്കവാറും അസാധ്യമാകുന്നു. ജൈവവൈവിധ്യ നഷ്ടത്തിനു പുറമേ ഇതുനീക്കം ചെയ്യുന്നതിനുള്ള സാമ്പത്തിക നഷ്ടവും കൂടി പരിഗണിച്ചാൽ ഈ ചെടി ഒഴിവാക്കുന്നത് ഭാവിയിലേക്കുള്ള കരുതലായിരിക്കും.

കേരളത്തിലെ അപകടസാധ്യതയും അവബോധത്തിന്റെ ആവശ്യകതയും

കേരളത്തിലെ അധിനിവേശ സസ്യങ്ങളുടെ പട്ടികയിൽ ഫ്ലെയിം വൈൻ ഇതുവരെ ഉൾപ്പെട്ടിട്ടില്ല, പക്ഷേ, നിയന്ത്രിച്ചില്ലെങ്കിൽ അതിന്റെ ജൈവശാസ്ത്രപരമായ സവിശേഷതകൾ ഗുരുതരമായ പാരിസ്ഥിതിക ഭീഷണി ഉയർത്തുമെന്നതിൽ സംശയമില്ല.

“ഞാൻ ധാരാളം ചെടികൾ വളർത്തുകയും പരിപാലിക്കുകയും ചെയ്യുന്നുണ്ട്. നല്ല ചെടികൾ കാണുമ്പോൾ വാങ്ങും. അതിന്റെ മറ്റു വശങ്ങളൊന്നും ശ്രദ്ധിക്കാറില്ല.”, സസ്യശാസ്ത്ര ബിരുദധാരിയായ മീരയുടെ പ്രതികരണമാണിത്. ഇതു പോലെ പലരും പല ചെടികളുടേയും അധിനിവേശസ്വഭാവത്തെപ്പറ്റിയും അതിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ചും ബോധവാന്മാരല്ല എന്നുള്ളതാണ് യാഥാർത്ഥ്യം. ഇത്തരം വിഷയങ്ങളിൽ വിദ്യാഭ്യാസയയോഗ്യതയുള്ളവർ പോലും ഇങ്ങനെയുള്ള കാര്യങ്ങൾ ശ്രദ്ധിക്കാറില്ല എന്നതിൽനിന്നുതന്നെ നമ്മൾ കടന്നുപോകുന്ന അവസ്ഥ ചിന്തിക്കാവുന്നതേയുള്ളൂ.

പൂന്തോട്ടങ്ങളും ഹരിതയിടങ്ങളും ഒരുക്കുവാനായി അധിനിവേശസ്വഭാവമില്ലാത്ത തദ്ദേശീയസസ്യങ്ങൾ അലങ്കാര സസ്യങ്ങളായി തെരെഞ്ഞെടുത്താൽ ഈ പ്രശ്നങ്ങൾ ഒഴിവാക്കാനാകും.

ഫ്ലെയിം വൈൻ ഹെൽവൈനും ഡെവിൾസ് ഷൂസ്ട്രിങ്ങും ആകുന്നത്

ദുർബലമായ ആവാസവ്യവസ്ഥയിൽ ഉയർന്ന അപകടസാധ്യതയുള്ള അലങ്കാരസസ്യങ്ങൾ നടുന്നത് ഒഴിവാക്കുക, ചെടികൾ ഇടതൂർന്ന് വളർന്ന് ആധിപത്യം സ്ഥാപിക്കുന്നതിനു മുമ്പ് പതിവായി നിരീക്ഷിക്കുകയും നേരത്തെ നീക്കം ചെയ്യുകയും ചെയ്യുക, വേരുകളുൾപ്പെടെ സസ്യം മുഴുവനായി നീക്കം ചെയ്യുകയും ശരിയായി സംസ്കരിക്കുകയും ചെയ്യുക, വനത്തിനോ വനപ്രദേശങ്ങൾക്കോ സമീപം അധിനിവേശ അലങ്കാരസസ്യങ്ങൾ നടുന്നത് നിരുത്സാഹപ്പെടുത്തുന്നതിനുള്ള പ്രാദേശിക ബോധവൽക്കരണം നൽകുക, എന്നിവയാണ് ഫ്ലെയിം വൈൻ പോലെയുള്ള അധിനിവേശസസ്യങ്ങളുടെ നിയന്ത്രണത്തിനായി ചെയ്യുവാൻ കഴിയുന്നത്.

ഫ്ലെയിം വൈൻ അതിന്റെ ജന്മദേശത്തിന് പുറത്തുള്ള നിരവധി ഉഷ്ണമേഖലാ, മിതശീതോഷ്ണ മേഖലാ പ്രദേശങ്ങളിൽ ആക്രമണകാരിയായോ പാരിസ്ഥിതികമായ കളയായോ കണക്കാക്കപ്പെടുന്നു. ഓസ്ട്രേലിയയിൽ, പ്രത്യേകിച്ച് ക്വീൻസ് ലാൻഡിലും ന്യൂസൗത്ത് വെയിൽസിലും അമേരിക്കയിലെ ഫ്ലോറിഡയിലും താൻസാനിയയിലും ഹാവായ് ഉൾപ്പെടെയുള്ള പസഫിക് ദ്വീപുകളിലും സൗത്താഫ്രിക്കയിലും തദ്ദേശീയസസ്യങ്ങളെ നശിപ്പിക്കുന്നതിനാൽ അധിനിവേശസസ്യമായും പെറുവിൽ പാരിസ്ഥിതിക കളയായും കണക്കാക്കപ്പെടുന്നു.

അലങ്കാരമൂല്യത്തിന് വളരെയധികം വിലമതിക്കപ്പെടുന്നുണ്ടെങ്കിലും ഈ ചെടി ആക്രമണകാരിയായി വളരെ വേഗം വളർന്ന് തദ്ദേശീയ സസ്യ-ജീവജാലങ്ങളെ ഉന്മൂലനം ചെയ്തുകൊണ്ട് പാരിസ്ഥിതികാഘാതം സൃഷ്ടിക്കുന്നുണ്ട്.

അവിശ്വസനീയമാംവിധം ആക്രമണകാരിയായ ഫ്ലെയിം വൈനിന്റെ ദ്രുതഗതിയിലുള്ള വളർച്ചയും ഭൂപ്രകൃതിയെ കീഴടക്കുവാനുള്ള കഴിവും മരങ്ങളേയും തദ്ദേശീയസസ്യങ്ങളേയും നശിപ്പിക്കുവാനുള്ള കഴിവുമുള്ളതുകൊണ്ട് ഇതിനെ ‘ഹെൽ വൈൻ’എന്നും ചിലപ്പോൾ ‘ഡെവിൾസ് ഷൂസ്ട്രിങ് ’ എന്നും വിളിക്കപ്പെടുന്നു. നരകവള്ളി എന്ന പേരിൽ നിന്നു തന്നെ ഈ ചെടി എത്രയധികം പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് മനസ്സിലാക്കുവാൻ കഴിയും.

Flame Vine, also known as Hell Vine, is a fast-growing ornamental plant that can harm biodiversity by spreading aggressively and damaging native ecosystems.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആലിന്‍ ഷെറിന്റെ അവയവങ്ങളുമായി ആംബുലന്‍സ് തിരുവനന്തപുരത്തേക്ക്; പ്രായം കുറഞ്ഞ അവയവദാതാവ് നിരവധിപേര്‍ക്ക് പുതുജീവനാകും

ഐഎഎസ്, ഐപിഎസ്, ഫോറസ്റ്റ് സർവീസ് കേഡറുകളിൽ ഒഴിഞ്ഞുകിടക്കുന്നത് 2,800 തസ്തികകൾ, കണക്ക് വെളിപ്പെടുത്തി കേന്ദ്ര സർക്കാർ

സർക്കാരിന്റെ വികസന സമ്മേളനം; മണി ശങ്കർ അയ്യർ ഉൾപ്പെടെ പ്രമുഖരെല്ലാം എത്തും; ചെന്നിത്തലയുടെ 'തുറന്ന കത്തിന്' തിരിച്ചടി

ഗുരുതര വീഴ്ച, സുരക്ഷാ അനുമതി ഇല്ലാതെ വിമാനം എട്ടു തവണ സര്‍വീസ് നടത്തി; എയര്‍ ഇന്ത്യക്ക് ഒരു കോടി പിഴയിട്ട് ഡിജിസിഎ

1.4 കോടി ലഹരി ഗുളികകൾ പിടിച്ചെടുത്ത് യുഎഇ- കുവൈത്ത് സംയുക്ത നടപടി

SCROLL FOR NEXT