കുറേ വര്‍ഷം മുന്‍പ് നടന്ന സംഭവമാണ്.
ഓഷോ രജനീഷിനെ രണ്ട് മലയാളി മാധ്യമ പ്രവര്‍ത്തകര്‍ പൂനയിലെ ആശ്രമത്തില്‍ വച്ച് കാണുന്നു. ഒരാള്‍ ജി വിക്രമന്‍ നായര്‍ (ജി വി) കൊല്‍ക്കത്തയില്‍ നിന്നുള്ള പ്രശസ്തനായ പത്രപ്രവര്‍ത്തകന്‍, മറ്റെയാള്‍ നമ്മുടെ സ്വന്തം വെങ്കിടേഷ് രാമകൃഷ്ണന്‍.
വെള്ള തൊപ്പിയും വെള്ള മേലങ്കിയും വെള്ള താടിയുമായി റോള്‍സ് റോയ്‌സില്‍ ഓഷോ വന്നിറങ്ങുന്നു. ആരാധകര്‍ക്കിടയിലൂടെ നടക്കുന്നു. അവരുടെ വിരലില്‍ സ്പര്‍ശിക്കുന്നു.
തുടര്‍ന്നുണ്ടായ സംഭാഷണം വെങ്കിടേഷ് വിവരിക്കുന്നു:
''ഞങ്ങളുടെ അടുത്തെത്തിയപ്പോള്‍ ആ വിരലുകളില്‍ ഞാനും ജിവിയും തൊട്ടു. ജിവിയുടെ സമൃദ്ധമായ താടിയും മുടിയും ആ രൂപത്തിന്റെ പ്രത്യേകതയും ശ്രദ്ധിച്ചിട്ടാവാം ഓഷോ ഒരു മന്ദസ്മിതത്തോടെ ചോദിച്ചു.
''എവിടെനിന്നാണ്? എന്തുചെയ്യുന്നു?''
''കേരളത്തില്‍ നിന്ന്, ബംഗാളിലും ഡല്‍ഹിയിലും മറ്റും പോയി കാലക്ഷേപം നടത്തുന്ന പത്രപ്രവര്‍ത്തകരാണ് ഞങ്ങള്‍'' ജിവി പറഞ്ഞു.''ഞങ്ങള്‍ക്കെന്തെങ്കിലും സന്ദേശമുണ്ടോ?''
ഓഷോയുടെ ഉത്തരം പകുതി ഇംഗ്‌ളീഷിലും പകുതി ഹിന്ദിയിലുമായിരുന്നു.
''ഓ ഫ്രം ദി ലാന്‍ഡ് ഓഫ് ആദി ശങ്കര ആന്‍ഡ് മാര്‍ക്‌സിസ്റ്റ് ശങ്കര ..''
തുടര്‍ന്ന് സന്ദേശം വന്നു:
''അഗ്യാന്‍ ബെഹ്കാത്ത ഹെ, പര് ഗ്യാന്‍, ഖോര്‍ അന്ധകാര്‍ മേ ബെഹ്കാത്താ ഹെ..''
(അജ്ഞാനം വഴിപിഴപ്പിക്കും, പക്ഷേ, ജ്ഞാനം ഘോരാന്ധകാരത്തിലേക്ക് തള്ളിവിടും.)
മഹാ പുരുഷ മണ്ണിന ഗുണ എന്ന വിചിത്രമായ പേരുള്ള യാത്രാപുസ്തകത്തിലാണ് വെങ്കിടേഷ് രാമകൃഷ്ണന്‍ ഈ കഥ എഴുതുന്നത്.
മഹാ പുരുഷ മണ്ണിന ഗുണാ എന്ന കന്നഡ വാചകത്തിനര്‍ത്ഥം 'ഈ മഹാപുരുഷന്മാരെല്ലാം ഈ മണ്ണിന്റെ ഗുണംകൊണ്ട് ഉണ്ടായതാണ്' എന്നാണ്. ഭീംസെന്‍ ജോഷിയുടെ ജന്മ ഗ്രാമം തേടി കര്‍ണാടകയിലൂടെ നടത്തിയ യാത്രയിലാണ് ഈ വാചകം യാത്രികരുടെ മുന്‍പിലെത്തുന്നത്.
പൂനയിലെന്നപോലെ ഇവിടെയും ജിവിയുടെ കൂടെയാണ് യാത്ര.
മലയാളി വായനക്കാര്‍ക്ക്, ഏറെ അകലെയെങ്കിലും അതിലേറെ അടുപ്പമുള്ള ഒരു വ്യക്തിത്വമാണ് ജിവി എന്ന ജി വിക്രമന്‍ നായര്‍. മലയാളത്തില്‍ വന്ന സഞ്ചാര പുസ്തകങ്ങളില്‍ ജിവിയുടെ ''പശ്ചിമദിഗാന്തേ പ്രദോഷ് കാലേ.'' വേറിട്ടുനില്‍ക്കുന്നു. വെങ്കിടേഷിന്റെ ഗുരുവും മെന്ററും സഹസഞ്ചാരിയുമൊക്കെയായ ജിവിയുടെ പുസ്തകത്തിന്റെ പേര് ശിഷ്യനേയും സ്വാധീനിച്ചു എന്ന് തീര്‍ച്ച.
എന്തായാലും ധാരാളം മനുഷ്യരും അവരുമായുള്ള സംഭാഷണങ്ങളുമാണ് ഈ പുസ്തകം.
ഇന്ത്യന്‍ യാഥാര്‍ഥ്യത്തിന്റെ വേറിട്ട മുഖങ്ങള്‍ കാട്ടിത്തരുന്ന മറ്റുചില യാത്രകളുടെ കഥകള്‍ വെങ്കിടേഷ് നേരത്തേ സമാഹരിച്ചിട്ടുണ്ട്. 'വഴിവിട്ട യാത്രകള്‍' എന്ന പേരില്‍.
ഇന്ത്യന്‍ രാഷ്ട്രീയത്തിലേയും ഇന്ത്യന്‍ സമൂഹത്തിലേയും അതിശയിപ്പിക്കുന്ന വ്യക്തിത്വങ്ങളാണ് ഈ കഥകളിലൂടെ പുറത്തുവരുന്നത്. Journalism is history in a hurry എന്ന് മാത്യു അര്‍ണോള്‍ഡ് പറഞ്ഞിട്ടുണ്ട്. അങ്ങനെ നോക്കുമ്പോള്‍ ഇന്ത്യയുടെ സംഘര്‍ഷാത്മകമായ നാല് ദശകങ്ങള്‍ക്ക് കാഴ്ചക്കാരനായും റിപ്പോര്‍ട്ടറായും വെങ്കിടേഷ് ഉണ്ടായിരുന്നു. ചരിത്രം ഉണ്ടാകുന്ന വഴികളിലൂടെയും ഇടങ്ങളിലൂടെയും സഞ്ചരിച്ചുകൊണ്ട്. യാത്ര വലിയൊരു പാഷന്‍ ആയതുകൊണ്ട് കൂടിയാണ് ഈ തൊഴില്‍ മേഖലയില്‍ എത്തിച്ചേര്‍ന്നത് എന്നും വെങ്കിടേഷ് പറയുന്നുണ്ട്.
എന്നാല്‍ വഴിവിട്ട യാത്രകളില്‍ നിന്ന് വിഭിന്നമായി രാഷ്ട്രീയത്തിനപ്പുറത്തുള്ള ചില സാംസ്‌കാരിക യാത്രകള്‍ കൂടി വെങ്കിടേഷ് ഈ പുതിയ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭീംസെന്‍ ജോഷി, മന്നാ ഡേ, സഫ്ദര്‍ ഹഷ്മി, ഹബീബ് തന്‍വീര്‍, മേജര്‍ ധ്യാന്‍ചന്ദ്, ജ്യോതിബസു, ഹര്‍കിഷന്‍ സിങ് സുര്‍ജിത്, നായനാര്‍, അര്‍ജുന്‍ സിങ്, ശങ്കര്‍ ഗുഹ നിയോഗി അടക്കമുള്ള ചില മഹദ് വ്യക്തികള്‍, ഒപ്പം അണ്ണാ ഹസാരെ, അര്‍ജുന്‍ സിങ്, മാങ്ങയുടെ മഹാരാജാവ് എന്ന് വിളിക്കാവുന്ന മലീഹാബാദിലെ ഹാജി ഖലീമുള്ള ഖാന്‍, എകെജിയുടെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന കൃഷ്ണചന്ദ്ര ദുബെ, ദി ബുക്ക്‌സ് കൊളോസസ് ഓഫ് കൊളാബ എന്ന് വിളിക്കപ്പെട്ട ടിഎന്‍ ഷാന്‍ബാഗ് തുടങ്ങി സവിശേഷ വ്യക്തിത്വങ്ങള്‍, ഒപ്പം ഹംപി അടക്കമുള്ള ചില അപാര ദേശങ്ങള്‍.
അണ്ണാ ഹസാരെയുടെ റാലെഗാന്‍ സിദ്ധിയില്‍ സിനിമ പ്രദര്‍ശനവും സിനിമ ഗാനങ്ങളുടെ ആലാപനവും നിരോധിച്ചിരുന്നു എന്നും അദ്ദേഹത്തെ നാട്ടുകാര്‍ പട്ടാള ഗാന്ധി എന്നാണ് വിളിച്ചിരുന്നത് എന്നും വെങ്കിടേഷ് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ അമിതമായി ആഘോഷിക്കപ്പെട്ട ഈ വ്യക്തിത്വം ചരിത്രത്തില്‍ മറവിയായി മാറിയതിന്റെ കാരണവും നമുക്ക് പിടികിട്ടും.
ഇതില്‍ പലതിലും ജിവി വരുന്നുണ്ട്. എന്നാല്‍ ജിവിയുടെ അഥവാ നായര്‍ ദാ എന്ന ജി വിക്രമന്‍ നായരുടെ അകാല നിര്യാണം വെങ്കിടേഷിനെ വല്ലാതെ ഉലയ്ക്കുന്നുമുണ്ട്. നായര്‍ ദാ എന്ന പേരില്‍ എഴുതിയ ഓര്‍മ്മക്കുറിപ്പില്‍ ജി വിയുടെ അപാരമായ വ്യക്തിത്വം ജ്വലിച്ചുനില്‍ക്കുന്നു. ആദ്യം പരിചയപ്പെടുമ്പോള്‍ ജിവി ബംഗാളിലെ ഏറ്റവും വലിയ പത്രമായ ആനന്ദ് ബസാര്‍ പത്രികയുടെ ചീഫ് സബ് എഡിറ്റര്‍ ആയിരുന്നു. അദ്ദേഹത്തെക്കുറിച്ച് ബംഗാളി സാഹിത്യത്തിലെ എംടി വാസുദേവന്‍ നായര്‍ എന്ന് വിശേഷിപ്പിക്കാവുന്ന സുനില്‍ ഗംഗോപാധ്യായ പറഞ്ഞത് ''സമകാലിക ബംഗാളി ഭാഷയിലെ ശ്രദ്ധേയനായ ഒരു ശൈലീകാരന്‍ ജന്മംകൊണ്ട് മലയാളി ആണെന്നറിയാമോ'' എന്നാണ്. ഡിഗ്രി കാലത്തിന്‌ശേഷം മാത്രം ബംഗാളി ഭാഷ പഠിച്ച ജിവി ആണ് ബംഗാളി എഴുത്തുകാരെപ്പോലും അത്ഭുതപ്പെടുത്തുന്ന വിധത്തില്‍ ആ ഭാഷയില്‍ പുതിയ ശൈലി നിര്‍മിച്ചത്.
പലതരം വ്യക്തികളെക്കുറിച്ചും സ്ഥലങ്ങളെക്കുറിച്ചും എഴുതുന്നുണ്ടെങ്കിലും ഇത്തരം പുസ്തകങ്ങളില്‍ സ്വാഭാവികമായി നമ്മള്‍ പ്രതീക്ഷിക്കുന്ന വ്യക്തിപരമായ വിശേഷങ്ങള്‍ വെങ്കിടേഷ് വളരെ കുറച്ചുമാത്രമേ എഴുതിയിട്ടുള്ളു. എന്തൊക്കെത്തരം മനുഷ്യരെയാണ് ഈ യാത്രയില്‍ വെങ്കിടേഷ് കണ്ടെത്തിയത്? ഇന്ത്യന്‍ സമകാലിക ജീവിതത്തിന്റെ വലിയൊരു പരിച്ഛേദം തന്നെയാണ് ഈ മനുഷ്യ ഗ്യാലറി.
200 മീറ്റര്‍ നീളവും നാല്പത് കിലോ തൂക്കവുമുള്ള, സിക്ക് മത ചിഹ്നങ്ങളും കൃപാണും വെള്ളിച്ചങ്ങലയും ഉള്ള തലപ്പാവ് ധരിച്ച് നടക്കുന്ന പഞ്ചാബിലെ രഞ്ജിത്ത് സിങ് എന്ന നിഹാംഗ്, എലിയിറച്ചി സവിശേഷ ഭക്ഷണമായി അംഗീകരിക്കണം എന്ന് വാദിക്കുകയും അതിനായി സര്‍ക്കാര്‍ പരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്യുന്ന ബിഹാറിലെ ദലിത് സോഷ്യലിസ്റ്റ് നേതാവ് ജിതന്‍ റാം മാഞ്ജി, അയോധ്യയില്‍ ബാബ്റി മസ്ജിദിനൊപ്പം പൊളിക്കുന്ന പല ക്ഷേത്രങ്ങളില്‍ ഒന്നായ സാക്ഷി ഗോപാല്‍ മന്ദിറിലെ പൂജാരി, ഇവര്‍ക്ക് അമ്പലവും പള്ളിയുമൊന്നുമല്ല പ്രധാനം, അധികാരമാണ്, എന്ന് പറയുന്ന, രാം കൃപാല്‍ ദാസ്,
ഒരിക്കല്‍ ഈ കഥ പറയുമ്പോള്‍ വെങ്കിടേഷ് പൊട്ടിക്കരഞ്ഞു
വാരാണസിയിലെ സൂത്രശാലിയായ പാണ്ട പണ്ഡിറ്റ് ആനന്ദ് ഗോപാല്‍ ശര്‍മ്മ, പ്രാദേശിക പത്ര പ്രവര്‍ത്തനത്തിന്റെ ഉദാത്ത മാതൃക എന്ന് വിശേഷിപ്പിക്കാവുന്ന ഛത്തിസ്ഗഢിലെ ദ്വാരക പ്രസാദ് ചൗബേ, ചൗബേയുടെ മകനും പിന്നീട് സത്യസന്ധനായ പൊലീസ് ഓഫീസറും ആയിരുന്ന മാവോയിസ്റ്റുകളുടെ വെടിയേറ്റ് മരിച്ച ബിനോദ് കുമാര്‍, പിന്നീട് ഹിന്ദുത്വവാദികളാല്‍ തീയെരിച്ച് കൊല്ലപ്പെട്ട ഗ്രഹാം സ്റ്റെയിന്‌സിന്റെ ഒറീസ്സയിലെ കുഷ്ഠ രോഗാശുപത്രിയില്‍ അന്തേവാസിയായ കൗട്ട്‌ലു മാജി. ഭക്ഷണമില്ലാത്തതിനാല്‍ പ്രാതലിനും ഉച്ച ഭക്ഷണത്തിനും ചുണ്ണാമ്പ് തിന്നുന്ന ആദിവാസികള്‍, ഇങ്ങനെ ഏതൊക്കെ തരം മനുഷ്യര്‍.
ഝാര്‍ഖണ്ഡിലെ കല്‍ക്കരി ഖനി പ്രദേശമായ സിംഗ്ഭും, ഇന്ത്യയിലെ ഏറ്റവും വലിയ ബ്രഹ്മ ക്ഷേത്രം നിലനില്‍ക്കുന്ന രാജസ്ഥാനിലെ പുഷ്‌ക്കര്‍, സൂഫി ദീപാവലി നടക്കുന്ന ഉത്തര്‍പ്രദേശിലെ ദേവാ ഷരീഫ്, ഛത്തീസ്ഗഡിലെ ദണ്ഡകാരണ്യം, മാവോയിസ്റ്റ് കേന്ദ്രങ്ങള്‍, ഹിന്ദുത്വയുടെ സവിശേഷ പ്രവര്‍ത്തന മേഖലകള്‍ എന്നിങ്ങനെ ഏതൊക്കെത്തരം സ്ഥലങ്ങള്‍. എന്നാല്‍ വെങ്കിടേഷ് പറഞ്ഞ കഥകളില്‍ എന്നെ ഏറ്റവും സ്തബ്ധനാക്കിയത് പത്രപ്രവര്‍ത്തനത്തിന്റെ തുടക്കത്തില്‍ ബിഹാറില്‍ ഉണ്ടായ ഒരു അനുഭവമാണ്.
എണ്‍പതുകളുടെ അവസാനവും തൊണ്ണൂറുകളുടെ ആദ്യവുമാണ് കഥ നടക്കുന്നത്. ബിഹാറില്‍ ഭൂമിഹാറുകള്‍ക്ക് ആധിപത്യമുള്ള ഭോജ്പുര്‍ ജില്ലയില്‍ ചെറുപ്പക്കാരനായ ഒരു പത്ര പ്രവര്‍ത്തകനായി എത്തിയതാണ് വെങ്കിടേഷ് രാമകൃഷ്ണന്‍. നമുക്ക് തീരെ പരിചയമില്ലാത്ത വിധം ജാതി വൈരുധ്യങ്ങളും സംഘര്‍ഷങ്ങളുമുള്ള സ്ഥലമായിരുന്നു ബിഹാറിലെ ഗ്രാമങ്ങള്‍. ഉന്നത ജാതിക്കാരായ ഭൂമിഹാറുകളുടെ വിരോധം വകവയ്ക്കാതെ വെങ്കിടേഷ് മഗയ്യ ഡോം എന്ന അതിപിന്നോക്ക ജാതിയില്‍ പെട്ട റാം സഹോദരന്മാരുമായി സൗഹൃദത്തിലാവുന്നു.
കോളജ് കാലത്തേ സജീവമായ വിദ്യാര്‍ത്ഥി രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ തുടര്‍ച്ചയായാണ് വെങ്കിടേഷ് പത്രപ്രവര്‍ത്തനത്തെ അന്നൊക്കെ കണ്ടിരുന്നത്. അതുകൊണ്ട് തന്നെ ഭൂമിഹാറുകളുടെ ആധിപത്യത്തിനേ ചെറുക്കണം എന്നൊക്കെ വെങ്കിടേഷ് റാം സഹോദരന്മാരെ ഉപദേശിക്കുകയും ചെയ്തു.
കുട്ടികളെ പഠിപ്പിക്കൂ, വെങ്കിടേഷ് നിര്‍ദേശിച്ചു.
ഇതുകേട്ട് റാം സഹോദരന്മാര്‍ ഞെട്ടി വിറച്ചു.
''ഭൂമിഹാറുകള്‍ ഞങ്ങളെ വെച്ചേക്കില്ല.'' അവര്‍ പറഞ്ഞു.
എങ്കിലും വെങ്കിടേഷിന്റെ നിര്‍ബന്ധത്തിന് വഴങ്ങി മകനെ സ്‌കൂളില്‍ ചേര്‍ക്കാം എന്ന് റാം അവതാര്‍ തീരുമാനിക്കുന്നു. അപ്പോഴേക്കും ലാലു പ്രസാദ് മുഖ്യമന്ത്രി ആയിരുന്നു. ജാതി പീഡനങ്ങള്‍ക്ക് ഒരു പരിധി വരെ അറുതി വരും എന്ന് വെങ്കിടേഷ് വിശ്വസിക്കുകയും ചെയ്തു.
ഒരു മാസത്തിനുള്ളില്‍ ആ ഞെട്ടിക്കുന്ന വാര്‍ത്ത വന്നു
മകനെ സ്‌കൂളില്‍ ചേര്‍ത്ത കുറ്റത്തിന് രാം അവതാറും ഭാര്യയും രണ്ട് കുഞ്ഞുങ്ങളും ജീവനോടെ ചുട്ടുകരിക്കപ്പെട്ടു. ഈ മരണത്തിന് ഒരു പരിധി വരെ താന്‍ കൂടിയാണോ കാരണക്കാരന്‍ എന്ന ചിന്തയില്‍ ദുഃസ്വപ്നങ്ങളുടെ പീഡന രാത്രികളാണ് തന്നെ പിന്തുടര്‍ന്നത്. ഒരിക്കല്‍ ഈ കഥ പറയുമ്പോള്‍ വെങ്കിടേഷ് പൊട്ടിക്കരഞ്ഞു.
വെങ്കിടേഷിന്റെ യാത്രകള്‍ നല്‍കുന്നത് നമുക്ക് ഏറെ അപരിചിതമായ ഒരു ഇന്ത്യയാണ്. നാം പഠിക്കേണ്ട കൂടുതല്‍ മനസ്സിലാക്കേണ്ട മറ്റൊരിന്ത്യ.
വിചിത്രവും വൈവിധ്യപൂര്‍ണവുമായ ഈ യാത്രകളുടെ ഒപ്പം ചേരുന്നത് ഇന്ത്യന്‍ സമകാലിക രാഷ്ട്രീയത്തിനൊപ്പം നടക്കുന്നത് കൂടിയാണ്. അത് ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates