ഇടശ്ശേരി, കാലത്തിനു മുന്‍പേ നടന്ന കവി 
News+

മാനവികതയുടെ മുള പൊട്ടി ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന കവിതകള്‍

ബാബു പി രമേഷ്

ഹാകവി ഇടശ്ശേരി ഗോവിന്ദന്‍ നായരുമായുള്ള എന്റെ ആദ്യത്തെ സംഭാഷണം (അവസാനത്തേയും) സംഭവിക്കുമ്പോള്‍ എന്റെ 'നില' അദ്ദേഹത്തേക്കാള്‍ വളരെ ഉയരത്തിലായിരുന്നു! എങ്കിലും അതില്‍ പിന്നീടുള്ള അര നൂറ്റാണ്ടിലധികമുള്ള കാലയളവില്‍ ഇടശ്ശേരിയെന്ന മഹാവ്യക്തിയെയും അദ്ദേഹത്തിന്റെ മാനവിക ദര്‍ശനങ്ങളെയുമൊക്കെ പറ്റി വിശദമായി അറിഞ്ഞതിനുശേഷം അദ്ദേഹത്തിന് ഇപ്പോള്‍ എന്റെ മനസ്സിലുള്ള സ്ഥാനം ഒരു കൊടുമുടിയോളം പൊക്കത്തിലാണെന്ന് ഞാന്‍ തിരിച്ചറിയുന്നുണ്ട്.

തുടക്കം തൊട്ടു തന്നെ പറഞ്ഞു തുടങ്ങാം.

സ്‌കൂള്‍ വിട്ടു വന്ന ശേഷമുള്ള ഒരു വൈകുന്നേര സമയത്ത് പൊന്നാനിയിലെ പൗര്‍ണ്ണമി ടാക്കീസിനടുത്തുള്ള ഞങ്ങളുടെ വാടക വീട്ടിന്റെ ഗേറ്റിന്റെ തുഞ്ചത്ത് കാലുകള്‍ അപ്പുറവുമിപ്പുറവുമിട്ടിരുന്ന് വീഴാതിരിക്കാനായി രണ്ട് കൈകള്‍ കൊണ്ടും മുകളിലെ കമ്പിയില്‍ അമര്‍ത്തിപ്പിടിച്ചിരിക്കുകയായിരുന്നു, ഞാനെന്ന രണ്ടാം ക്ലാസ്സുകാരന്‍. (അതോ ഒന്നാം ക്ലാസ്സുകാരനോ?) ഏട്ടന്‍മാര്‍ പൊതുവെ വീട്ടിനകത്തോ പുറത്തോ അടിച്ചോ, കളിച്ചോ ഒക്കെ സമയം കളയുന്ന അത്തരം വൈകുന്നേരങ്ങളില്‍ ഗേറ്റിന്റെ മുകളില്‍ കയറി കിഴക്കോട്ടും പടിഞ്ഞാട്ടും കണ്ണോടിച്ചു കൊണ്ടിരിക്കുന്നത് അന്നൊക്കെ എന്റെ ഒരു പതിവായിരുന്നു. 'ദൂരെ കിഴക്കുദിക്കില്‍' നിന്ന് സ്‌കൂള്‍ കാര്യങ്ങളൊക്കെ ഒരു രാത്രിക്കു വേണ്ടി മാത്രം മാറ്റിവെച്ച് വരുന്ന അമ്മയെയും; പകല്‍ മുഴുവന്‍ സ്റ്റാമ്പുകളും പോസ്റ്റ് കാര്‍ഡുകളും ഇന്‍ലന്‍ഡുകളുമൊക്കെ വിറ്റും റജിസ്റ്റേഡ് പോസ്റ്റും മണിയോര്‍ഡറുമൊക്കെ എഴുതി തയ്യാറാക്കി തരംതിരിച്ച് വിതരണത്തിനൊരുക്കിയുമൊക്കെ ക്ഷീണിച്ച്, കരിംപച്ച 'റാലി' സൈക്കിള്‍ ചവിട്ടി പടിഞ്ഞാറു നിന്ന് വരുന്ന പോസ്റ്റാഫീസിലെ ഗുമസ്തനായ അച്ഛനെയും ദൂരെ വെച്ചു തന്നെ കാണാന്‍ പറ്റുന്ന ഒരു പ്രത്യേക പൊസിഷനായിരുന്നു ഗേറ്റിന്‍ മുകളിലെ ആ യോഗാസനം!

ഇടശ്ശേരി സ്മാരക മന്ദിരത്തില്‍ സ്ഥാപിച്ചിട്ടുള്ള കവിയുടെ ഛായാചിത്രം

'ഗൗരിടെ മോനല്ലേ? ഒന്നിങ്ങട് വരൂ' എന്ന് താഴെ നിന്നൊരു ശബ്ദം കേട്ടപ്പോഴാണ് കിഴക്കും പടിഞ്ഞാറും വിട്ട് എന്റെ ശ്രദ്ധ 'എന്നെക്കാള്‍ താഴെയുള്ള' ആ ആള്‍രൂപത്തിലെത്തിയത്. ഖദറിന്റെ വെള്ള ജൂബായും മുണ്ടുമുടുത്ത് കൈയില്‍ ചില കടലാസുകളും ചിലപ്പോള്‍ ഒരു കുടയുമൊക്കെയായി പല ദിവസങ്ങളിലും രാവിലെയും വൈകുന്നേരവും ഞങ്ങടെ വാടകവീടിനു മുമ്പിലൂടെ 'പോന്നു വന്നിരുന്ന' കണ്ടാല്‍ തിരിച്ചറിയുന്ന ഒരു വ്യക്തിയാണ് ചോദ്യം ചോദിച്ചതും, താഴെ വരാന്‍ പറഞ്ഞതും എന്നറിഞ്ഞപ്പോള്‍ ഉടന്‍ തന്നെ ഞാന്‍ താഴെ ഇറങ്ങി 'എന്താണെന്ന' ചോദ്യത്തില്‍ നിന്നു. ഇടയ്‌ക്കൊക്കെ വഴിയില്‍ വെച്ച് അമ്മ അദ്ദേഹത്തോട് സംസാരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ടായിരുന്നു എന്നതിനാല്‍ കുട്ടികളെപ്പിടുത്തക്കാരനോ സംശയിക്കേണ്ട വ്യക്തിയോ അല്ല അദ്ദേഹമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു.

'ഗൗരിട്ടീച്ചറുടെ മോനല്ലേ?' ഇത്തവണത്തേത് വസ്തുത സംശയമേതുമില്ലാതെ ഉറപ്പിക്കാനുള്ള ചോദ്യമായിരുന്നു. 'അതേ' എന്ന് ഞാന്‍ തലയാട്ടിക്കൊണ്ട് പറയാതെ പറഞ്ഞപ്പോള്‍, ജൂബായുടെ പോക്കറ്റില്‍ നിന്ന് (അതോ കൈയിലെ ബാഗില്‍ നിന്നോ?) നൂറുറുപ്പികയുടെ ഒരു നോട്ട് ശ്രദ്ധാപൂര്‍വ്വമെടുത്തു എന്റെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ തിരുകി വെച്ച ശേഷം 'അച്ഛനും അമ്മയും വന്നാല്‍ ഇത് കൊടുക്കണം ട്ടോ?' എന്ന് പറഞ്ഞു അദ്ദേഹം.

'എന്തിനാണ് ന്നാ പറയണ്ടത്?' ഞാനെന്ന കൊച്ച് 'ആര്‍ഗ്യുമെന്റേറ്റീവ് ഇന്‍ഡ്യന്‍' ഉടന്‍ തന്നെ ചോദിച്ചു. അതിന് കിട്ടിയ ഉത്തരമാണ് എന്നെ ശരിക്കും ഞെട്ടിച്ചത്. 'മോന് മുട്ടായി വാങ്ങിത്തരാനാണിത്' എന്നും പറഞ്ഞ് ചിരിച്ചു കൊണ്ട് കിഴക്കോട്ടേക്ക് അദ്ദേഹം നടന്നു നീങ്ങിയപ്പോള്‍ 'ആനന്ദലബ്ധിക്കിനിയെന്തു വേണം?' എന്ന അവസ്ഥയിലായിപ്പോയി ഞാന്‍!

ഇരുപത്തഞ്ച് പൈസ വിഷുക്കൈനീട്ടമായി സന്തോഷ പൂര്‍വ്വം കൈ നീട്ടി വാങ്ങിയിരുന്ന അക്കാലത്ത് ഒരുറുപ്പിക, രണ്ടുറുപ്പിക, അഞ്ചുറിപ്പിക നോട്ടുകള്‍ തന്നെ വലിയ നോട്ടുകളായിരുന്നു. അപ്പോഴാണ് സിനിമയില്‍ മാത്രം കണ്ടിരുന്ന (അതും ബ്ലാക് ഏന്റ് വൈറ്റായി) നൂറുറുപ്പികയുടെ നീലിച്ച പച്ചനോട്ട് ഒരെണ്ണം മുഴുവനായി എന്റെ പോക്കറ്റില്‍, അതും മുട്ടായി വാങ്ങാന്‍ വേണ്ടി മാത്രമായി വന്നു വീഴുന്നത്. അത്രയും പൈസകൊണ്ട് മുട്ടായി മാത്രമല്ല ഒരു ബേക്കറി തന്നെ വാങ്ങാമെന്ന് എനിക്കുറപ്പായിരുന്നു. എവി ഹൈസ്‌കൂളിനടുത്തുള്ള വസന്താ ബേക്കറിയാണോ അതോ ചന്തപ്പടിയിലെ ജയന്തി ബേക്കറിയാണോ വാങ്ങേണ്ടത് എന്ന സംശയം മാത്രമേ പിന്നെ മനസ്സില്‍ ബാക്കിയുണ്ടായിരുന്നുള്ളൂ.

അങ്ങനെ 'കവി' എന്ന വിഭാഗത്തില്‍ പെട്ട ഒരാളെ ഞാന്‍ ആദ്യമായി നേരില്‍ കണ്ടു. 'മഹാകവി' എന്നാണ് അദ്ദേഹത്തെപ്പറ്റി പലരും പറയുന്നത് എന്നും ഞാന്‍ താമസിയാതെ കണ്ടെത്തി

പക്ഷെ, മുട്ടായി-ബേക്കറി സ്വപ്നങ്ങളൊക്കെ അച്ഛനുമമ്മയും വീട്ടിലെത്തിയ ഉടനെ തന്നെ പൊലിഞ്ഞു പോയി. ആ പണം ഞങ്ങള്‍ അടുത്ത കാലത്ത് വാങ്ങിയ പതിമൂന്നര സെന്റ് സ്ഥലം വാങ്ങാനും ആധാരമെഴുതി തയ്യാറാക്കാനുമൊക്കെയായി ഞങ്ങളെ സഹായിച്ച അദ്ദേഹത്തിന് അച്ഛനുമമ്മയും നല്‍കിയ പ്രതിഫലമായിരുന്നുവെന്നും, വീട്ടില്‍ താനില്ലാത്തപ്പോള്‍ ഏല്‍പിച്ചുപോയ ആ പണം അതേ രീതിയില്‍ തന്നെ മടക്കി ഏല്‍പിച്ചു പോയതാണ് അദ്ദേഹമെന്നും അന്നു വൈകുന്നേരത്തെ അച്ഛനമ്മമാരുടെ സംഭാഷണത്തില്‍ നിന്ന് എനിക്ക് മനസ്സിലായി. അത്രയും വലിയ ഒരു തുക സ്വീകരിക്കാതെ തിരികെ ഏല്‍പിച്ച അദ്ദേഹത്തിന്റെ സന്മനസ്സിനോടും കരുതലിനോടും എന്റെ മാതാപിതാക്കള്‍ക്കുണ്ടായ നന്ദിയും കടപ്പാടും എത്രയും ആഴത്തിലുളതായിരുന്നു എന്ന് കൊച്ചുകുട്ടിയായിരുന്നെങ്കിലും എനിക്ക് വ്യക്തമായി മനസ്സിലായിരുന്നു.

രാവിലെയും വൈകുന്നേരവും പലപ്പോഴും ഞാന്‍ കണ്ടിട്ടുള്ള ഞങ്ങളുടെ വീടിനു മുമ്പിലൂടെയുള്ള അദ്ദേഹത്തിന്റെ ആ നടത്തങ്ങള്‍ കോടതിയിലേക്കും തിരിച്ചു സ്വന്തം വീട്ടിലേക്കുമുള്ളതാണെന്നും, മലയാളത്തിലെ പേരെടുത്ത ഒരു കവിയായ ഇടശ്ശേരിയാണ് അദ്ദേഹമെന്നും അന്നാണ് ഞാന്‍ ആദ്യമായി അമ്മ പറഞ്ഞറിയുന്നത്. കവി എന്നാല്‍ എന്താണൊന്നും അത്ര അറിവില്ലാത്ത എന്റെ ബ്ലാങ്കസ്യ മുഖഭാവം കണ്ടതു കൊണ്ടാവാം, അമ്മ ഒന്നുകൂടി ലളിതമായി 'മാമരം കോച്ചും തണുപ്പത്ത്' എന്ന പദ്യമെഴുതിയത് ഈ മുത്തച്ഛനാണ് എന്ന് പറഞ്ഞു തന്നത്. മൂന്നാം തരത്തിലെ മലയാളം പാഠാവലിയിലെ 'കാറ്റിനോട്' എന്ന ആ പദ്യം മൂന്നിലെത്തിയിട്ടില്ലെങ്കിലും മൂന്ന് ഏട്ടന്‍മാര്‍ക്ക് അനിയനായ ഞാന്‍ പല വര്‍ഷങ്ങളിലായി അവര്‍ ചൊല്ലിപ്പഠിക്കുന്നത് കേട്ടു കേട്ട് ഹൃദിസ്ഥമാക്കിയതായിരുന്നു.

അങ്ങനെ 'കവി' എന്ന വിഭാഗത്തില്‍ പെട്ട ഒരാളെ ഞാന്‍ ആദ്യമായി നേരില്‍ കണ്ടു. 'മഹാകവി' എന്നാണ് അദ്ദേഹത്തെപ്പറ്റി പലരും പറയുന്നത് എന്നും ഞാന്‍ താമസിയാതെ കണ്ടെത്തി. പിന്നെ ചില ദിവസങ്ങളിലൊക്കെ കിഴക്കോട്ടോ പടിഞ്ഞാട്ടോ നടക്കുമ്പോള്‍ കുറച്ചു മുമ്പിലോ പിന്നിലോ ആയി ഒരു മഹാകവി കൂടി നടക്കുന്നുണ്ട് എന്ന ഒരു ഗമയും എനിക്കുണ്ടായിരുന്നു!

മൂന്നാം ക്ലാസ്സില്‍ 'മാമരം കോച്ചും തണുപ്പത്ത്' ഞാന്‍ തന്നെ നേരിട്ടു പഠിച്ച കാലത്ത് ഇടശ്ശേരിയുടെ പേരക്കുട്ടി അനുപമ എന്റെ സതീര്‍ത്ഥ്യയായി വന്നെത്തിയതും, നാലിലെത്തിയപ്പോള്‍ മലയാളം അധ്യാപിക കൂടിയായ എന്റെ അമ്മ അതീവ ഹൃദ്യമായി 'പൂതപ്പാട്ട്' പാടി അവതരിപ്പിച്ചു തന്നതും, പിന്നെ ആദ്യമായി 'പൂതപ്പാട്ട്' നിഴല്‍ നാടകമാക്കി ഇടശ്ശേരി അവതരിപ്പിച്ചപ്പോള്‍ അമ്മയായിരുന്നു നങ്ങേലിയുടെ വേഷമിട്ടതെന്ന കാര്യം അറിയുകയും ഒക്കെ ചെയ്തപ്പോള്‍ എന്റെ മനസ്സിലെ ഇടശ്ശേരി അടിക്കടി വളര്‍ന്ന് വലുതാവുകയായിരുന്നു.

പഴയ മലയാളം പാഠാവലിയിലെ കാറ്റിനോട് എന്ന ഇടശ്ശേരിക്കവിത

പിന്നീട് ഓര്‍മ്മിക്കത്തക്ക ഒരു 'ഇടശ്ശേരിക്കാര്യം' സംഭവിച്ചത് എവി ഹൈസ്‌കൂളില്‍ ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോഴായിരുന്നു. ഒരു ഉപന്യാസ മത്സരത്തില്‍ പങ്കെടുത്ത ഞങ്ങള്‍ക്ക് കിട്ടിയ വിഷയം 'എന്നെ സ്വാധീനിച്ച മഹാപുരുഷന്‍' എന്നായിരുന്നു. ടോപിക് കേട്ടപ്പോള്‍ തന്നെ അതെന്താണെന്ന് ഒന്നും മനസ്സിലായില്ല എന്ന് ശരിക്കും മനസ്സിലായി. അതുകൊണ്ട് വിഷയം തന്ന മാഷോട് തന്നെ ചോദിച്ചു 'എന്താണ് ഈ വിഷയത്തിന്റെ അര്‍ത്ഥ'മെന്ന്. ആരുടെയെങ്കിലും ആശയങ്ങളോ ചിന്തകളോ ഒക്കെ നിങ്ങളെ സ്വാധീനിച്ചിട്ടുണ്ടെങ്കില്‍ ആ വ്യക്തിയെക്കുറിച്ചാണ് എഴുതേണ്ടത് എന്ന വിശദീകരണം കിട്ടിയപ്പോള്‍ ഒരു കാര്യം വ്യക്തമായി. ഏഴാം ക്ലാസ്സുവരെ എത്തിയിട്ടും ഒരു മഹാപുരുഷനെപ്പോലും പരിചയപ്പെട്ടിട്ടില്ലാത്ത ഒരു മഹാപാപിയാണ് ഞാനെന്ന കാര്യം! പിന്നെ പത്ത് പതിനഞ്ച് മിനിറ്റു നേരം മഹാപുരുഷനായി സങ്കല്‍പ്പിക്കാവുന്നവരെപ്പറ്റി തലപുകഞ്ഞാലോചിച്ചോഴാണ് നാളതുവരെ ഏറ്റവും വലിയൊരു തുക എന്റെ പോക്കറ്റില്‍ മുട്ടായി വാങ്ങാനായി ഇട്ടു തരികയും, 'മാമരം കോച്ചും തണുപ്പത്തും' പിന്നെ 'പൂതപ്പാട്ടു'മൊക്കെ എഴുതിയ മഹാകവി ഇടശ്ശേരിയില്‍ എന്റെ ഓര്‍മ്മകള്‍ ചെന്നു മുട്ടി നിന്നത്.

അടുത്ത മുക്കാല്‍ മണിക്കൂറില്‍ ഇടശ്ശേരി എന്ന 'എന്നെ സ്വാധീനിച്ച മഹാപുരുഷനെപ്പറ്റി' എനിക്കറിയാവുന്ന മേല്‍ പറഞ്ഞ കാര്യങ്ങളൊക്കെ ചേര്‍ത്ത് ഒരു നെടുങ്കന്‍ ലേഖനം ഞാന്‍ എഴുതിത്തീര്‍ത്തു. സമ്മാനം കിട്ടിയാലും ഇല്ലെങ്കിലും മനസ്സ് നിറഞ്ഞ ഒരു എഴുത്തായിരുന്നു അത് എന്ന് എഴുതിത്തീര്‍ന്നപ്പോഴേ മനസ്സിലായി!

പിറ്റേദിവസമാണ് വളരെ രസകരമായ ഒരു അനുഭവമുണ്ടായത്. ഹെഡ്മാസ്റ്ററായ പി കൃഷ്ണവാരിയര്‍ എന്നെ അദ്ദേഹത്തിന്റെ ഓഫീസ് റൂമിലേക്ക് പ്യൂണിനെ വിട്ട് വിളിപ്പിച്ചു. അറിയാതെ ചെയ്തു പോയ ഏതോ കുറ്റം ചെയ്തതിനുള്ള ശിക്ഷ പ്രതീക്ഷിച്ച് തലകുനിച്ച് അവിടെ എത്തിയ എന്നോട് വളരെ താല്‍പര്യപൂര്‍വ്വം കൃഷ്ണവാരിയര്‍ മാഷ് ചോദിച്ചതൊക്കെ തലേ ദിവസം ഞാന്‍ എഴുതിയ ഉപന്യാസത്തെപ്പറ്റിയായിരുന്നു. ഇടശ്ശേരിയുടെ സന്തത സഹചാരിയായിരുന്നു, പില്‍ക്കാലത്ത് ഇടശ്ശേരിയെപ്പറ്റി ഒരു പുസ്തകം തന്നെ എഴുതിയ, കൃഷ്ണവാരിയര്‍ മാഷ് എന്ന് എനിക്ക് അപ്പോള്‍ അറിയില്ലായിരുന്നു. 'എന്തുകൊണ്ടാണ് ഇടശ്ശേരിയെപ്പറ്റി എഴുതിയത്?' കട്ടിക്കണ്ണടക്കണ്ണില്‍ ചിരിയുമായി സന്തോഷപൂര്‍വ്വം കൃഷ്ണവാരിയര്‍ മാഷ് ചോദിച്ചപ്പോള്‍ 'എനിക്ക് അറിയുന്ന ഒരു മഹാപുരുഷനാണ് ഇടശ്ശേരി' എന്നായിരുന്നു എന്റെ മറുപടി. 'എന്തുകൊണ്ട് മഹാത്മാഗാന്ധിയെപ്പറ്റി എഴുതിയില്ല?' എന്ന രണ്ടാമത്തെ ചോദ്യത്തിന് 'അദ്ദേഹം എന്നെ സ്വാധീനിച്ചിട്ടില്ല' എന്ന ഉത്തരമാണോ പറഞ്ഞത് അതോ ഒന്നും മിണ്ടാതെ, ആ ഉത്തരം മനസ്സില്‍ വിചാരിച്ച് മിഴുങ്ങസ്യ എന്ന മട്ടില്‍ നില്‍ക്കുകയാണോ ചെയ്തത് എന്ന് ഞാന്‍ ഇപ്പോള്‍ വ്യക്തമായി ഓര്‍ക്കുന്നില്ല. എന്തായാലും എന്റെ ആ ലേഖനം പ്രധാനാധ്യാപകന് 'ക്ഷ' പിടിച്ചു എന്ന് എനിക്കു മനസ്സിലായി. മത്സരത്തില്‍ രണ്ടാം സ്ഥാനം കിട്ടുക കൂടി ചെയ്തപ്പോള്‍ എന്റെ സന്തോഷം ഇരട്ടിക്കുകയും ചെയ്തു.

ഇടശ്ശേരി ഭാര്യയ്ക്കും ഇളയ മകള്‍ക്കുമൊപ്പം

'എന്നെ സ്വാധീനിച്ച മഹാപുരുഷന്‍' ഇടശ്ശേരിയാണെന്ന് ബാല്യകാല ലേഖനത്തില്‍ ഞാന്‍ എഴുതി വെച്ചത് ശരിക്കും ശരിയായിരുന്നുവെന്ന് ഞാന്‍ മനസ്സിലാക്കുന്നത് പിന്നെയും നിരവധി വര്‍ഷങ്ങള്‍ക്കു ശേഷമാണ്. സാമ്പത്തിക ശാസ്ത്രത്തില്‍ ഉപരിപഠനവും കഴിഞ്ഞ് വികസന പഠനങ്ങളും തൊഴില്‍ മേഖലയും ഗവേഷണ വിഷയങ്ങളായി തെരഞ്ഞെടുത്ത് സാമൂഹ്യശാസ്ത്ര പഠനവും അധ്യാപനവും തുടങ്ങിയപ്പോള്‍ അതിശയത്തോടെ ഞാന്‍ മനസ്സിലാക്കിയത് എന്റെ സാമൂഹ്യവീക്ഷണങ്ങളുടെ അടിസ്ഥാനങ്ങളില്‍ പലതും ഒരു പൊന്നാനിക്കാരനായ എന്റെ മനസ്സില്‍ കിടന്നിരുന്ന ഇടശ്ശേരിക്കവിതകളില്‍ ചിലതൊക്കെ വര്‍ഷങ്ങളോളം കുതിര്‍ന്ന്, മുതിര്‍ന്ന് ഉരുവപ്പെട്ടു വന്നതാണ് എന്നായിരുന്നു. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഞാന്‍ ചെയ്ത ഗവേഷണങ്ങളിലും സാമൂഹ്യശാസ്ത്ര പഠനങ്ങളിലും ഇടശ്ശേരി വിതറിയിട്ടുപോയ കനത്ത ആശയങ്ങളുടെ വിത്തുകള്‍ പലതും മുളച്ചുപൊന്തി സ്ഥലം പിടിച്ചിട്ടുണ്ടെന്ന് പറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയോക്തിയില്ല തന്നെ. ഈ പറഞ്ഞ അവകാശവാദത്തെ താങ്ങുന്ന ഏതാനും തെളിവുകളാണ് 'സാമൂഹ്യപാഠ'ത്തിന്റെ വായനക്കാര്‍ക്ക് മുമ്പില്‍ ഇനി ഞാന്‍ നിരത്തുന്നത്.

കേരളത്തിലെ കാര്‍ഷിക മേഖലയിലെ തൊഴില്‍ ബന്ധങ്ങളാണ് പിഎച്ച്ഡിക്കാലം മുതല്‍ എന്റെ ഒരു പ്രധാന ഗവേഷണ മേഖല. അതുകൊണ്ടു തന്നെ കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലധികമായി 'പുത്തന്‍ കലവും അരിവാളും', 'കുടിയിറക്കല്‍' തുടങ്ങിയ ഇടശ്ശേരിക്കവിതകളുടെ (അതു പോലെ തന്നെ ചങ്ങമ്പുഴയുടെ 'വാഴക്കുല' പോലെയുള്ള കവിതകളുടേയും) പ്രമേയങ്ങള്‍ അടിക്കടി മനസ്സില്‍ സ്മരിക്കാതെ കര്‍ഷകത്തൊഴിലാളികളെപ്പറ്റിയുള്ള ഗവേഷണ യാത്രകള്‍ തുടരാന്‍ പറ്റില്ല എന്ന് നേരിട്ടനുഭവിച്ച് മനസ്സിലാക്കിയാളാണ് ഞാന്‍. ഒരു പക്ഷെ ഇടശ്ശേരിക്കവിതകളെപ്പറ്റി ഒന്നുമറിയാത്ത ഒരു ഗവേഷകന്‍ ഇത്തരം 'പൂര്‍വ്വജന്മ സ്മൃതി'കളില്‍ നിന്ന് വിമുക്തനായിരിക്കാം. പക്ഷേ, ഇടശ്ശേരിയുടെ കവിതകളുടെ മനസ്സും ആഴവുമറിഞ്ഞ ഒരാള്‍ക്കും അവയുടെ സ്വാധീനത്തില്‍ നിന്ന് കുതറി മാറി ജന്മികുടിയാന്‍ ബന്ധങ്ങളോ, ആമീനും കോടതിയുമുള്‍പ്പെടുന്ന കാര്‍ഷിക തൊഴില്‍ തര്‍ക്ക വ്യവഹാരങ്ങളോ പഠിക്കാനോ അറിയാനോ പറ്റില്ല തന്നെ!

ഏറെക്കാലമായി എന്റെ മറ്റൊരു പ്രധാന ഗവേഷണ വിഷയം അന്യദേശത്തൊഴിലാളികള്‍ നേരിടുന്ന തൊഴില്‍ പ്രശ്‌നങ്ങളും സാമൂഹ്യ അനീതികളും അവഗണനകളുമാണ്. തെക്കന്‍ ഏഷ്യയിലെ അന്യദേശ തൊഴിലാളികളുടെ പ്രശ്‌നങ്ങളും കേരളത്തിലെ തൊഴില്‍ മേഖലയില്‍ അന്യ സംസ്ഥാന തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങളും ഡല്‍ഹിയില്‍ ജോലി ചെയ്യുന്ന വടക്കു കിഴക്കന്‍ സംസ്ഥാനക്കാരുടെ സ്ഥിതികളുമൊക്കെ മനസ്സിലാക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ ചെന്നെത്തുന്ന ഒരു കാര്യം 'വരത്തന്‍' തൊഴിലാളികള്‍ ആതിഥേയ സമൂഹത്തില്‍ നേരിടുന്ന ചിറ്റമ്മ നയവും ചൂഷണങ്ങളും വെറുപ്പ് ചാലിച്ച അവഗണനകളും അതിക്രമങ്ങളുമൊക്കെയാണ്. അന്യനാട്ടില്‍ വന്ന് ജീവിത സമരത്തിലേര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികളെപ്പറ്റിയും നിത്യജീവിതത്തില്‍ അവര്‍ നേരിടുന്ന അന്യവല്‍കരണത്തെപ്പറ്റിയുമൊക്കെ ചിന്തിക്കുമ്പോള്‍ 'കറുത്ത ചെട്ടിച്ചികള്‍' എന്ന കവിതയിലെ 'ഇത്തറവാടിത്ത ഘോഷണത്തെപ്പോലെ/ വൃത്തി കെട്ടിട്ടില്ല മറ്റൊന്നുമൂഴിയില്‍!' എന്ന വരികളില്‍ ഞങ്ങള്‍ക്കൊക്കെ പറയാനുള്ളതെല്ലാം ഏറ്റവും സംക്ഷിപ്തമായി ഇടശ്ശേരി പണ്ടേ എഴുതി വെച്ചിട്ടുണ്ടെന്ന് പലപ്പോഴും ഞാന്‍ അതിശയിച്ചിട്ടുണ്ട്. 'ബിംബിസാരന്റെ ഇടയനില്‍' അമ്മയ്‌ക്കൊരു കമ്പിളിപ്പുതപ്പ് വാങ്ങി എത്തിച്ചു കൊടുക്കാന്‍ കഴിയാത്ത പ്രവാസിയുടെ 'വീട്ടാക്കടമേ മമ ജന്മം' എന്ന നീറുന്ന വ്യഥ ലക്ഷക്കണക്കിനുള്ള പ്രവാസത്തൊഴിലാളികള്‍ ഗൃഹാതുരത്വത്തോടെ തിരിച്ചറിയുമെന്നത് സംശയമേതുമില്ല!

'കുടിയിറക്കല്‍' എന്ന ഇടശ്ശേരിക്കവിത ഒരര്‍ത്ഥത്തില്‍ ലോകമാകമാനമുള്ള വീടും നാടും നഷ്ടപ്പെട്ട നിഷ്‌കാസിതര്‍ക്കുവേണ്ടി എഴുതപ്പെട്ടതാണ്

കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നങ്ങളോട് ചേര്‍ന്നു വരുന്ന മറ്റൊരു വിഷയമാണ് അഭയാര്‍ത്ഥി പ്രശ്‌നങ്ങള്‍. 'കുടിയിറക്കല്‍' എന്ന ഇടശ്ശേരിക്കവിത ഒരര്‍ത്ഥത്തില്‍ ലോകമാകമാനമുള്ള വീടും നാടും നഷ്ടപ്പെട്ട നിഷ്‌കാസിതര്‍ക്കുവേണ്ടി എഴുതപ്പെട്ടതാണ് എന്ന് വീണ്ടും വീണ്ടും അത് വായിക്കുമ്പോള്‍ നമ്മള്‍ തിരിച്ചറിയും.

ചേറ്റു കുഴികളിലാഴ്ത്തിയ ചകിരിത്തൊണ്ടുകളെപ്പോലെ തലമുറകളായി ജീര്‍ണതയനുഭവിക്കുന്ന കയര്‍ തൊഴിലാളികളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്ന 'ചകിരിക്കുഴികള്‍' എന്ന ഇടശ്ശേരിക്കവിതയും 'കളപറിക്കാരികള്‍' എന്ന പേരില്‍ അദ്ദേഹം എഴുതിയ വനിതാ കര്‍ഷകത്തൊഴിലാളികളുടെ കഠിന ജീവിതം അടയാളപ്പെടുത്തുന്ന ചെറുലേഖനവുമൊക്കെ അസംഘടിത മേഖലയിലെ തൊഴിലാളികളുടെ, വിശിഷ്യ സ്ത്രീ തൊഴിലാളികളുടെ, തൊഴില്‍ ജീവിതങ്ങളെപ്പറ്റി ആഴത്തിലുള്ള മുന്നറിവ് എനിക്ക് എത്രയോ മുമ്പേ തന്നെ നല്‍കിയിട്ടുണ്ടായിരുന്നുവെന്നത് തൊഴില്‍ ഗവേഷണ യാത്രയില്‍ ഏറെ മുന്നോട്ട് നീങ്ങിയ ശേഷമാണ് ഞാന്‍ തന്നെ തിരിച്ചറിയുന്നത്.

ഇടശ്ശേരി പി കുഞ്ഞിരാമന്‍ നായര്‍ക്കൊപ്പം

തൊഴില്‍ മേഖലയിലെ അനീതികളെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും വ്യവസ്ഥിതികളെ വെല്ലുവിളിക്കാന്‍ സമയമായി എന്നും അടിവരയിട്ടു പറയുന്ന ഇടശ്ശേരിക്കവിതകളില്‍ ഏറ്റവും പ്രധാനപ്പെട്ടവ 'പുത്തന്‍ കലവും അരിവാളും', 'പണിമുടക്കവു'മൊക്കെയാണ്. ഈ കവിതകളിലെ 'അധികാരം കൊയ്യണമാദ്യം നാം / അതിനുമേലാകട്ടെ പൊന്നാര്യന്‍'; 'കുഴിവെട്ടി മൂടുക വേദനകള്‍ / കുതികൊള്‍ക ശക്തിയിലേക്ക് നമ്മള്‍' എന്നൊക്കെയുള്ള അതിശക്തമായ വരികള്‍ മലയാള മനസ്സില്‍ വിതച്ച് കടന്നു പോയ ഇടശ്ശേരിയെ ഓര്‍ക്കാതെ എങ്ങനെയാണ് ഏഴകളുടെ പരമാധികാരവും സംഘടനാശക്തിയുമൊക്കെ തൊഴില്‍ മേഖലയില്‍ എത്രത്തോളം പ്രാധാന്യമുളളതാണ് എന്ന് മനസ്സിലാക്കാന്‍ കഴിയുക?

സുഹൃത്തും പാരിസ്ഥിത ചരിത്രകാരനുമായ ഡോ. ജസ്റ്റിന്‍ മാത്യു ഈയിടെ പ്രസിദ്ധീകരിച്ച 'ഭൗമരേഖകള്‍' എന്ന പുസ്തകത്തെ അധികരിച്ചുള്ള ഒരു ചര്‍ച്ചയ്ക്കുള്ള തയ്യാറെടുപ്പിനായി ആ ഗംഭീര ഗ്രന്ഥത്തിലൂടെ കടന്നു പോയപ്പോള്‍ ഇടശ്ശേരിയുടെ 'കുറ്റിപ്പുറം പാലം', 'പുളിമാവ് വെട്ടി' എന്നീ കവിതകളെപ്പറ്റി ഏറെ പ്രാധാന്യത്തോടെ പരാമര്‍ശിച്ചിട്ടുണ്ടെന്നത് ഞാന്‍ ഏറ്റവും സന്തോഷത്തോടെ കണ്ടെത്തിയ കാര്യമായിരുന്നു. അതെ. അരനൂറ്റാണ്ടിനുമേറെയപ്പുറം എഴുതപ്പെട്ട ഇടശ്ശേരിയുടെ കവിതകളില്‍ പലതും ഇന്നും കേരളത്തെ അറിയാനുള്ള വഴിവിളക്കുകളായി തുടരുകയാണ്.

പുത്തന്‍ സാങ്കേതിക വിദ്യയാല്‍ മാറ്റിമറിക്കപ്പെടുന്ന ഒരു ലോകത്തെ മുമ്പില്‍ കണ്ട് 'കുറ്റിപ്പുറം പാല'ത്തില്‍ 'കളിയും, ചിരിയും, കരച്ചിലുമായ് / കഴിയും നരനൊരു യന്ത്രമായാല്‍ / അംബ പേരാറേ, നീ മാറിപ്പോമോ /ആകുലയാമൊരഴുക്കു ചാലായ്' എന്ന വ്യഥ ശക്തമായി എഴുതിയിട്ട ഇടശ്ശേരിയുടെ ആശയത്തിന്റെ പ്രസക്തി കുറ്റിപ്പുറത്ത് രണ്ടാമതൊരു പാലം പണിഞ്ഞ ശേഷം പോലും ഒട്ടും കോട്ടമില്ലാതെ മലയാളിയുടെ മനസ്സില്‍ പതിഞ്ഞു കിടക്കുന്നുണ്ടെന്ന് കാണാം.

ഉത്പാദന പ്രക്രിയയുടെ യന്ത്രവല്‍ക്കരണം തൊഴിലാളികളെ എങ്ങനെ ബാധിക്കുമെന്നും തന്മൂലം അവരനുഭവിക്കുന്ന അന്യവത്കരണവും ഭീതിയും എത്രമേല്‍ ആഴത്തിലുളതാണെന്നും വിശദീകരിക്കുന്ന 'നെല്ലുകുത്തിപ്പാറുവിന്റെ കഥ' ഓര്‍ക്കാതെ പുതിയ മേഖലകളായ ഗിഗ് തൊഴിലിനെപ്പറ്റിയോ നിര്‍മ്മിത ബുദ്ധി തൊഴില്‍ മേഖലയിലുണ്ടാക്കുന്ന മാറ്റങ്ങളെക്കുറിച്ചോ ഒന്നും ചിന്തിക്കാന്‍ പോലും ഇടശ്ശേരി കവിതയുടെ അസ്ഥിവാരത്തിനു മുകളില്‍ സാമൂഹ്യ പഠനം കെട്ടിപ്പൊക്കിയ എന്നെപ്പോലുള്ള ഒരാള്‍ക്ക് പറ്റില്ല തന്നെ. അതുപോലെത്തന്നെ, പൊതു സ്വത്തു വിഭവങ്ങളെപ്പറ്റി (കോമണ്‍ പ്രോപര്‍ട്ടി റിസോഴ്‌സ്) പഠിക്കുമ്പോള്‍ ഓര്‍മ്മകള്‍ ഇടശ്ശേരിയുടെ 'സാഗര സ്തുതി' എന്ന കവിതയിലേക്ക് തെന്നിനീങ്ങുന്നതും സ്വാഭാവികമാണ്.

ഇടശ്ശേരി എംടിക്കും എന്‍പി ദാമോദരനും ഒപ്പം

കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടിലധികമായി ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക് രീതി ശാസ്ത്രം (റിസര്‍ച്ച് മെത്തഡോളജി), പ്രത്യേകിച്ച് എഴുത്തിന്റെ രീതി, പഠിപ്പിക്കുമ്പോള്‍ ഇടശ്ശേരി തന്റെ പണിപ്പുരയെ കൊല്ലന്റെ ആലയായി ഉപമിച്ച കാര്യം പലപ്പോഴും എടുത്തു പറയുക എന്റെ ഒരു പതിവാണ്. ഇടശ്ശേരി, എംടി, കുഞ്ഞുണ്ണി മാഷ് തുടങ്ങി ഏതാനും എഴുത്തുകാര്‍ മാത്രമാണ് മലയാളത്തില്‍ രീതിശാസ്ത്രസംബന്ധമായ നിരവധി വിവരങ്ങള്‍ വരും തലമുറക്കായി കരുതിവെച്ച് കടന്നു പോയവരായി ഉള്ളത് എന്നാണ് എന്റെ ചുരുങ്ങിയ വായനാനുഭവങ്ങളില്‍ നിന്ന് ഞാന്‍ അറിഞ്ഞു വെച്ചിട്ടുള്ളത്.

ഇടശ്ശേരിയുടെ ഏറ്റവും മഹത്തായ സാമൂഹ്യ പ്രാധാന്യമുള്ള ഒരു കവിത എന്നോട് തെരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ നിസ്സംശയം 'ബുദ്ധനും ഞാനും നരിയും' എന്ന കവിതയിലേക്കാണ് ഞാന്‍ വിരല്‍ ചൂണ്ടുക. വിശക്കുന്നവന് അന്നമാണ്, പ്രത്യയശാസ്ത്രമല്ല പ്രധാനമെന്നും, ദാരിദ്ര്യ നിര്‍മ്മാജ്ജനം ലക്ഷ്യമിടുന്നവര്‍ ആ ലക്ഷ്യത്തിലേക്ക് ഏറ്റവും പെട്ടെന്ന് ചെന്നെത്താന്‍ പ്രാപ്തമാക്കുന്ന വഴിയാണ് തേടേണ്ടതെന്നും പറയാതെ പറഞ്ഞ്, തൊഴിലാളിയായ ദരിദ്രനെക്കൊണ്ട് അഹിംസയുടെ മൂര്‍ത്തിയായ ശ്രീബുദ്ധന്റെ പ്രതിമ ഇളക്കിയെടുത്ത് നരഭോജിയായ നരിയെ ഒറ്റയടിക്ക് കൊല്ലിച്ച ശേഷം 'ഇടയുള്ളോര്‍ വാദിപ്പിന്‍ / മാര്‍ഗ്ഗവും ലക്ഷ്യവുമിടറിയോ/ ഞാനൊന്ന് തലചായ്ക്കട്ടെ!' എന്ന ഭരതവാക്യത്തില്‍ കവിത അവസാനിപ്പിക്കുമ്പോള്‍ അനായാസവും ലളിതവുമായി ഇടശ്ശേരി വായനക്കാരിലേക്ക് സംക്രമിപ്പിക്കുന്നത് ഏറ്റവും കാമ്പുള്ള തത്വശാസ്ത്ര ചിന്തകളാണെന്ന് കാണാം!

ഇടശ്ശേരി എന്നില്‍ നിറച്ചിട്ടു പോയ പലതിനേയും അടിസ്ഥാനപ്പെടുത്തി, ഇടശ്ശേരിക്കവിതകളും അദ്ദേഹത്തിന്റെ ഗദ്യസാഹിത്യവുമൊക്കെ മുഴുവന്‍ വായിച്ചു പഠിച്ച് അദ്ദേഹത്തിന്റെ തൊഴില്‍പക്ഷ ചിന്തകള്‍ അടിവരയിട്ടുകൊണ്ട് ഒരു ലേഖനമെഴുതി പ്രസിദ്ധീകരിക്കണം എന്ന ചിന്ത ഈ നൂറ്റാണ്ടിന്റെ തുടക്കത്തിലേ എന്റെ മനസ്സില്‍ കടന്നു കൂടിയിട്ടുണ്ടായിരുന്നു. മുന്‍ഷി പ്രേംചന്ദിന്റെ കഥകളിലെ തൊഴില്‍ സംബന്ധമായ കാര്യങ്ങളെപ്പറ്റി എന്റെ സുഹൃത്തും പില്‍ക്കാലത്ത് സഹപ്രവര്‍ത്തകനുമായിരുന്ന ഡോ. ശശിഭൂഷണ്‍ ഉപാദ്ധ്യായ എഴുതിയ ലേഖനം വായിച്ച ശേഷമാണ് ഈ പൂതി ഉള്ളില്‍ കൂടിയത്. എന്നാല്‍ എല്ലാ ഇടശ്ശേരിക്കവിതകളും സംഘടിപ്പിച്ചു വായിക്കാന്‍ പറ്റിയ ഒരു സാഹചര്യമായിരുന്നില്ല ഡല്‍ഹിയില്‍ സ്ഥിരം താമസമാക്കിയിട്ടുള്ള എന്റേതെന്ന തിരിച്ചറിവ് ആ ലേഖനം ഏറെക്കാലം എഴുതപ്പെടാതെ തുടരാനുള്ള കാരണമായി മാറി. അത്തരമൊരു സന്ദര്‍ഭത്തിലാണ് നാട്ടില്‍ അവധിക്കു പോയ എന്റെ കൈയില്‍ നാലു വാല്യങ്ങളുള്ള 'ഇടശ്ശേരിയുടെ സമ്പൂര്‍ണ്ണ കൃതികള്‍' തികച്ചും യാദൃച്ഛികമായി വന്നു ചേരുന്നത്. ഈ പുസ്തങ്ങളുടെ ഒരു ഫുള്‍സെറ്റ് ഇടശ്ശേരിയുടെ മക്കള്‍ സ്‌നേഹപൂര്‍വ്വം എന്റെ അമ്മയ്ക്ക് സമ്മാനിച്ചതായിരുന്നു. അവധിക്കാല സന്ദര്‍ശകനായ എന്നെ അരികില്‍ വിളിച്ച് 'ഈ പുസ്തകങ്ങള്‍ നിനക്കാണ് ഇഷ്ടപ്പെടുക; നീയാണ് ഇവ സൂക്ഷിക്കേണ്ടത്' എന്ന് അമ്മ പറഞ്ഞ ആ നിമിഷത്തില്‍ എനിക്കുറപ്പായിരുന്നു, 'എന്നെ സ്വാധീനിച്ച മഹാപുരുഷന്‍' ഒരിക്കല്‍ കൂടി ആ സ്വാധീനം പുതുക്കാനും അരക്കിട്ടുറപ്പിക്കാനും ഒരവസരം എനിക്ക് നല്‍കിയിരിക്കയാണെന്ന്. ആ ബോധ്യമാണ് മഹാകവിയുടെ വിയോഗത്തിന്റെ അമ്പതാം വാര്‍ഷിക വേളയില്‍ 'ഇടശ്ശേരി: പതിതര്‍ക്കായി വിളഞ്ഞ പൊന്നാര്യന്‍' എന്ന പേരില്‍ ഇടശ്ശേരിക്കവിതകളിലെ തൊഴില്‍പക്ഷ ചിന്തകളെപ്പറ്റി ഭാഷാപോഷിണിയില്‍ ഒരു ലേഖനം പ്രസിദ്ധീകരിക്കാന്‍ എന്നെ പ്രാപ്തനാക്കിയത്. വാട്ട്‌സ്ആപ്പ് സന്ദേശങ്ങളിലൂടെ സമ്പര്‍ക്കത്തിലുള്ള മഹാകവിയുടെ പൗത്രിയും എന്റെ ക്ലാസ്‌മേറ്റുമായ അനുപമയും മഹാകവിയുടെ പുത്രനായ മാധവേട്ടനും ആ ലേഖനം പ്രസിദ്ധീകരണത്തിനു മുമ്പേ തന്നെ വായിച്ച് അഭിപ്രായങ്ങള്‍ തന്നുവെന്നതും ആ ലേഖനമെഴുതും മുമ്പ് എന്നെ വിട്ടുപിരിഞ്ഞ അമ്മയോടുള്ള ഒരു സ്‌നേഹബാധ്യത കൂടിയാണ് ആ സൃഷ്ടിയെന്നതും, അക്കാദമിക താല്‍പര്യത്തിനുമപ്പുറം ആ പ്രസിദ്ധീകരണത്തെ എനിക്ക് ഏറ്റവും പ്രിയപ്പെട്ട രചനകളിലൊന്നായി ഞാന്‍ കാണുന്നതിന്റെ കാരണങ്ങളാണ്!

ഉന്നത വിദ്യാഭ്യാസത്തിനു ശേഷം ഗവേഷണത്തില്‍ പരിശീലനവും നേടി ഇത്രയും കാലം ഞാന്‍ കൈകാര്യം ചെയ്ത പല വിഷയങ്ങളും, മനസ്സിലാക്കിയ പല ഉള്‍ക്കാഴ്ച്ചകളും കേവലം സാമാന്യ വിദ്യാഭ്യാസവും ആധാരമെഴുത്തും കോടതി സംബന്ധമായ വസ്തു വ്യവഹാരകാര്യങ്ങളുമൊക്കെ ചെയ്ത് പൊന്നാനിയെന്ന അന്നത്തെ ഒരു ഗ്രാമപ്രദേശത്ത് ജീവിതകാലം കഴിച്ച ഇടശ്ശേരി അന്നേ മനസ്സിലാക്കിയ കാര്യങ്ങളായിരുന്നുവെന്ന് കാണാം! സ്വന്തം കാലത്തിനു എത്രയോ മുമ്പേ നടന്ന ഒരു ദാര്‍ശനിക പ്രതിഭയായിരുന്നു അദ്ദേഹം എന്നതിന് ഇതില്‍പരം തെളിവെന്തു വേണം? ഗോപീകൃഷ്ണന്റെ കവിതയില്‍ പറഞ്ഞപോലെ 'മഞ്ഞു പര്‍വ്വതം എന്നു തോന്നിക്കുന്ന കേരളത്തിലെ ഏക അഗ്‌നിപര്‍വ്വതമാണ് ഇടശ്ശേരി'! അത്തരമൊരാള്‍ക്കുമാത്രമേ ദീര്‍ഘവീക്ഷണവും സാമൂഹ്യബോധവും സഹജീവി സ്‌നേഹവുമുള്ള കവിതകളുടെ വിത്തിട്ട് മലയാളത്തെ എക്കാലത്തേക്കും സമൃദ്ധമാക്കി നടന്നു മറയാന്‍ കഴിയൂ. പഴകും തോറും വീര്യമേറുന്ന വീഞ്ഞു പോലെയാണ് ഇടശ്ശേരിക്കവിതകള്‍. അതുകൊണ്ടു തന്നെയാണ് ഈ അടുത്ത കാലത്തായി ഇടശ്ശേരിയെപ്പറ്റിയുള്ള എന്തെങ്കിലും ഒരു പരാമര്‍ശമോ രചനയോ വായിക്കാതെ ഭേദപ്പെട്ട ഏതൊരു മലയാള സാഹിത്യ പ്രസിദ്ധീകരണങ്ങളിലൂടെയും കടന്നു പോകാന്‍ പറ്റില്ല എന്ന അവസ്ഥയില്‍ നമ്മള്‍ എത്തിയിരിക്കുന്നത്. വൈലോപ്പിള്ളി പറഞ്ഞ പോലെ 'മണ്ണിനടിയില്‍ കുഴിച്ചിട്ട ചേന പോലെയാണ്' ഇടശ്ശേരിക്കവിതകള്‍. എന്നെന്നേയ്ക്കുമായി മറഞ്ഞുപോകാതെ ഇടയ്ക്കിടെ മാനവികതയുടെ മുളകള്‍ പൊട്ടി അവ ഉയിര്‍ത്തെഴുന്നേറ്റു കൊണ്ടേയിരിക്കും!

(ഡല്‍ഹിയിലെ അംബേദ്കര്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസറും ഡീനുമാണ് ലേഖകന്‍)

Babu P. Ramesh writes about the labor relations in the poems of Edasseri Govindan Nair, along with some personal experiences with the poet.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സുഡാനി ഫ്രം നൈജീരിയയിലെ ഉമ്മ'; സാവിത്രി ശ്രീധരന്‍ അന്തരിച്ചു

ആരോ​ഗ്യവാനായിരുന്നിട്ടും പെട്ടെന്ന് ഹൃദയാഘാതം ഉണ്ടായി, ഹാർട്ട് അറ്റാക്കിന് പിന്നിലെ നിശബ്ദ കാരണങ്ങൾ

എണ്ണവില 100 ഡോളറില്‍ താഴെ, കുതിച്ച് ഓഹരി വിപണി; രൂപയ്ക്കും നേട്ടം

കോഴിക്കോട് കോർപ്പറേഷന്റെ 'സിറ്റി സൈക്കിൾ' പദ്ധതി പാളി: സാമഗ്രികൾ വാങ്ങിയതിൽ വൻ ക്രമക്കേടെന്ന് ആക്ഷേപം; വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ബിജെപി

ലെജൻഡ്സ് ഫുട്ബോൾ: കൊച്ചിയിൽ ​ഗതാ​ഗത നിയന്ത്രണം, പ്രത്യേക സർവീസുമായി മെട്രോ; ക്രമീകരണങ്ങൾ ഇങ്ങനെ