ആരുടേയും മനം കവരുന്ന ചെടിയാണ് ലെമൺ വൈൻ അഥവാ നാരകവള്ളി. ഇളം മഞ്ഞകലർന്ന അനേകം വെള്ളപ്പൂക്കൾ നാരകഗന്ധം പരത്തിക്കൊണ്ട് പകൽസമയം കൂട്ടമായി വിരിയുമ്പോൾ ആരും ഈ ചെടിയെ സ്വന്തമാക്കുവാൻ കൊതിക്കും. പച്ചയും മഞ്ഞയും ഓറഞ്ചും നിറങ്ങളിൽ ഇടകലർന്ന് കുലകളായുണ്ടാകുന്ന ഇതിന്റെ പഴങ്ങൾ കാണുവാനും നല്ല ഭംഗിയാണ്.
നാരകഗന്ധമുള്ള ഇതിന്റെ പഴങ്ങളും ഇലകളും ഭക്ഷ്യയോഗ്യമാണെന്നതും നാരകത്തിന്റെ പകരക്കാരനായി അടുക്കളത്തോട്ടത്തിൽ നാരകവള്ളിയെ സ്വീകരിക്കുവാൻ മറ്റൊരു കാരണം കൂടിയാണ്. അതുകൊണ്ടു തന്നെ, ഈ തീരുമാനത്തിലെ ഗുണദോഷങ്ങൾ അധികമാരും ചിന്തിക്കാറില്ല.
ദക്ഷിണ അമേരിക്കയിൽ വേരുകളുള്ള ലെമൺ വൈൻ അഥവാ പെരെസ്കിയ അക്യുലേറ്റ (Pereskia aculeata) ഒരുതരം കള്ളിമുൾച്ചെടിയാണ്. കരീബിയൻ, ഫ്ലോറിഡ, മെക്സിക്കോ എന്നിവിടങ്ങളിലും ഇത് ധാരാളമായി കണ്ടുവരുന്നു. ഈർപ്പമുള്ള ഉഷ്ണമേഖലാ പ്രദേശങ്ങളിൽ ഇതിന്റെ വേരോട്ടം വളരെ ശക്തമാണ്. ഭ
ക്ഷ്യയോഗ്യമായ പഴങ്ങളും പോഷകസമൃദ്ധമായ ഇലകളുമുള്ള ഈ കള്ളിച്ചെടി ഒരു അലങ്കാരസസ്യമായും പച്ചക്കറിയായും നട്ടുവളർത്തുന്നു. കേരളത്തിലും ഈ ചെടി ഇപ്പോൾ പ്രിയങ്കരമായി കഴിഞ്ഞിരിക്കുന്നു.
ബാർബഡോസ് ഗൂസ്ബെറി, ബ്ലേഡ്-ആപ്പിൾ കാക്റ്റസ്, ലീഫ് കാക്റ്റസ്, റോസ് കാക്റ്റസ് എന്നീ പേരുകളിൽ അറിയപ്പെടുന്ന ലെമൺ വൈൻ മുള്ളുകളോടുകൂടിയ പടർന്നു കയറുന്ന അക്രമകാരിയായ ഒരു വള്ളിച്ചെടിയാണ്. ഇതിന്റെ ഇലകളുടേയും പൂക്കളുടേയും പഴങ്ങളുടേയും ഉന്മേഷദായകമായ നാരങ്ങാഗന്ധവും പോഷകഗുണവും ഈ ചെടിയെ കൂടുതൽ പ്രിയങ്കരമാക്കുന്നു. ഒരു ഭക്ഷ്യ സ്രോതസ്സായും അലങ്കാര സസ്യമായും നട്ടുവളർത്തുന്നതിലൂടെ കൂടുതൽ ഇടങ്ങളിലേക്ക് ഇത് എത്തിച്ചേരുന്നു.
വള്ളികളിൽ അനേകം പൂക്കൾ കൂട്ടമായി വിരിയുമ്പോൾ അലങ്കാരച്ചെടിയായി ഇതു ജനപ്രീതി നേടുന്നു. വെള്ള, ക്രീം, അല്ലെങ്കിൽ ഇളം മഞ്ഞ നിറങ്ങളിലുള്ള പൂക്കൾ നാരങ്ങയുടെ മാസ്മരിക സുഗന്ധം പൊഴിക്കുന്നു. ഇതിന്റെ പച്ചനിറത്തിലുള്ള കായകൾ പാകമാകുമ്പോൾ ഇളം മഞ്ഞനിറത്തിലേക്കും പിന്നീട് ഓറഞ്ചുനിറത്തിലേക്കും മാറുന്നു. ഭക്ഷ്യയോഗ്യമായ മാംസളമായ ഇതിന്റെ ചെറിയ പഴങ്ങൾക്ക് മധുരം കലർന്ന പുളിരസമാണ്. മരങ്ങളുടെ ശിഖരങ്ങൾ പോലെ കട്ടിയുള്ളതും ബലവത്തുമായ തണ്ടുകളുള്ള ഈ വള്ളിച്ചെടിയുടെ മാംസളമായ ഇലകളും ഭക്ഷ്യയോഗ്യമാണ്.
ലെമൺ വൈനിന്റെ ദ്രുതഗതിയിലുള്ള വളർച്ച, ചെറിയ ശകലങ്ങളിൽ നിന്നുപോലും പുനരുജ്ജീവിക്കാനുള്ള കഴിവ്, നട്ടുപിടിപ്പിക്കുന്ന ഇടങ്ങളിൽ സ്വാഭാവികമായി വളരുവാനുള്ള കഴിവ്, ഇതിന്റെ വളർച്ചയെ നിയന്ത്രിക്കുന്ന പ്രകൃതിദത്ത പ്രാണികളുടേയും രോഗകാരികളുടേയും അഭാവം, എന്നിവ കാരണം പല ഉഷ്ണമേഖലാ പ്രദേശങ്ങളിലും അത്യധികം ആക്രമണകാരിയും നാശമുണ്ടാക്കുന്നതുമായ കളയായി ഈ ചെടി മാറിക്കഴിഞ്ഞിരിക്കുന്നു. പ്രാദേശിക സസ്യങ്ങളെ നശിപ്പിച്ചുകൊണ്ട് ഇത് തദ്ദേശീയ ആവാസവ്യവസ്ഥയ്ക്ക് ഗണ്യമായ ഭീഷണി ഉയർത്തുന്നു.
ഭക്ഷ്യയോഗ്യമായതും ഔഷധഗുണവുമുള്ള ഒരു അലങ്കാര സസ്യമെന്ന നിലയിലാണ് ലെമൺ വൈൻ അല്ലെങ്കിൽ നാരകവള്ളി തുടക്കത്തിൽ അതിന്റെ ജന്മദേശത്തിന് പുറത്ത് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്. ഇതിന്റെ ഇലകളിലും പഴങ്ങളിലും പ്രോട്ടീനും പോഷകങ്ങളും ധാരാളം അടങ്ങിയിരിക്കുന്നതിനാൽ, ബ്രസീലിലും മറ്റുസ്ഥലങ്ങളിലും ഈ ചെടി ജനപ്രീതി നേടി.
ഈ നാരകവള്ളിയുടെ വളർച്ചയും പ്രതിരോധശേഷിയും കാരണം കൃഷിയിടങ്ങളിൽ നിന്നും പൂന്തോട്ടങ്ങളിൽ നിന്നും ഈ ചെടി പുറത്തേക്ക് വ്യാപിക്കുകയും അതിവ്യാപനത്തിനു കാരണമാകുകയും ചെയ്തു. വ്യാപനം പലരീതികളിൽ സംഭവിക്കുന്നു. നല്ല സൂര്യപ്രകാശത്തിൽ ഈ ചെടിയിൽ കൂട്ടമായി ധാരാളം പൂക്കൾ വിടരുന്നു. തേനീച്ചകൾ, ഈച്ചകൾ, ചിത്രശലഭങ്ങൾ എന്നിങ്ങനെ വൈവിധ്യമാർന്ന പരാഗണകാരികളെ ഇതിന്റെ സൗരഭ്യവും സൗന്ദര്യവുമുള്ള പൂക്കൾ ആകർഷിക്കുന്നു. ഇത് കൂടുതൽ പരാഗണസാധ്യതയുണ്ടാക്കുന്നു. പഴങ്ങളുടെ കൂട്ടത്തിനായി പക്ഷികളും മൃഗങ്ങളും മറ്റു ജീവജാലങ്ങളും ഈ ചെടി തേടിയെത്തുന്നു. ഇത് വിത്തുവിതരണവും കൂടുതൽ എളുപ്പമാക്കുന്നു.
ചെറുതും വേർപെട്ടതുമായ ഇലകളിൽ നിന്നും തണ്ടിന്റെ ചെറുകഷണങ്ങളിൽ നിന്നുപോലും ചെടിക്ക് വീണ്ടും വളരുവാൻ കഴിയും. മുറിഞ്ഞു വീണതോ മുറിച്ചു കളഞ്ഞതോ ആയ തണ്ടുകൾ നിലത്തുവീണു കിടന്നാൽ പോലും വേരുപിടിച്ച് മാസങ്ങൾക്കു ശേഷം വീണ്ടും വളർന്നു വരും. നല്ല സൂര്യപ്രകാശവും നീർവാർച്ചയുള്ള മണ്ണുള്ളിടത്ത് ലെമൺ വൈൻ അക്രമാസക്തമായി വളരുകയും ചെയ്യും. ഈ നാരകച്ചെടി ഒരിക്കൽ വേരൂന്നിയാൽ നശിപ്പിക്കുവാനും ഉന്മൂലനം ചെയ്യുവാനും വളരെ ബുദ്ധിമുട്ടാണ്. പരമ്പരാഗത നിയന്ത്രണ രീതികളോടുള്ള പ്രതിരോധവും ഈ ചെടിയെ നശിപ്പിക്കുവാൻ പ്രയാസമുള്ളതാക്കുന്നു. ഈ ചെടിയുടെ ഘടനയും ശക്തമായ വളർച്ചയും കളനാശിനികൾ ഫലപ്രദമാകുന്നത് ബുദ്ധിമുട്ടാക്കും. കൂടാതെ, തീയെ പ്രതിരോധിക്കുവാനും ഈ സസ്യത്തിന് കഴിവുണ്ട്.
തണ്ടിന്റെ കഷണങ്ങളിൽ നിന്നും ഇലകളിൽ നിന്നും ഈ ചെടിക്ക് എളുപ്പത്തിൽ വീണ്ടും വളരുവാൻ കഴിയുമെന്നത് നിയന്ത്രണം വളരെയധികം ബുദ്ധിമുട്ടാക്കുന്നു. അലങ്കാര സസ്യമായും പച്ചക്കറിയായും പഴച്ചെടിയായും കൂടുതൽ സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി നട്ടുവളർത്തുന്നതും വ്യാപനത്തിന് മറ്റൊരു കാരണമാകുന്നു. തോട്ടമാലിന്യങ്ങൾ ശരിയായ രീതിയിൽ സംസ്കരിക്കാത്തതും ഈ ചെടി സമീപപ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നതിന് സഹായകമാകുന്നു. ഇവയുടെ തണ്ടുകളിൽ നിന്നും ഇലകളിൽ നിന്നും വിത്തുകളിൽ നിന്നും വേരിൽ നിന്നും പുതിയ ചെടികൾ മുളയ്ക്കുന്നു. പൊട്ടിവീഴുന്ന തണ്ടുകളിൽ നിന്നും വേരിന്റെ ചെറുകഷണത്തിൽ നിന്നുപോലും പുതിയ ചെടികളുണ്ടാകുന്നു.
വളരെ വേഗത്തിൽ വളരുന്ന ലെമൺ വൈനിന് മുപ്പത് അടിയോ അതിൽ കൂടുതലോ ഉയരത്തിൽ എത്തുവാൻ കഴിയും. അക്രമാസക്തമായി വളരുന്ന ലെമൺ വൈൻ തദ്ദേശീയ മരങ്ങളുടേയും അടിക്കാടുകളുടേയും മുകളിലേയ്ക്ക് പടർന്നുകയറി സൂര്യപ്രകാശം കടത്തിവിടാതെ അവയെ നശിപ്പിക്കുകയും ഇടതൂർന്നു വളർന്ന് ലെമൺവൈൻ കുറ്റിക്കാടുകൾ സൃഷ്ടിക്കുകയും ചെയ്യുന്നു. ഈ സ്വഭാവസവിശേഷത തദ്ദേശീയ സസ്യജാലങ്ങളെ നശിപ്പിക്കുകയും ജൈവവൈവിധ്യഘടനയ്ക്ക് മാറ്റം വരുത്തുകയും ചെയ്യുന്നു. ഇത് തദ്ദേശീയ ജീവജാലങ്ങൾക്ക് അവയുടെ ആവാസവ്യവസ്ഥ നഷ്ടമാകുന്നതിന് ഇടവരുത്തുകയും പാരിസ്ഥിതികശോഷണത്തിനു കാരണമാകുകയും ചെയ്യുന്നു. ഈ നാരകവള്ളിക്ക് ശാഖകളിലും തണ്ടുകളിലും ധാരാളം മുള്ളുകൾ ഉള്ളതുകൊണ്ട് ജീവജാലങ്ങൾക്ക് ഇതിനുള്ളിലേക്ക് കടക്കുവാൻ കഴിയാതെവരികയും ജീവജാലങ്ങളുടെ തനതായ ആവാസവ്യവസ്ഥയ്ക്ക് ഭംഗം വരുത്തുകയും ചെയ്യുന്നു.
ലെമൺ വൈനിന്റെ ദ്രുതഗതിയിലുള്ള വ്യാപനവും ചെറിയ കഷണങ്ങളിൽ നിന്നുപോലും വീണ്ടും വളരാനുള്ള കഴിവും ഇതിനെ വെല്ലുവിളി നിറഞ്ഞ അധിനിവേശ സസ്യയിനമാക്കി മാറ്റുന്നു. നന്നായി വളർന്നു കഴിഞ്ഞാൽ ഈ നാരകവള്ളിയെ പൂർണ്ണമായി നശിപ്പിക്കുവാനും നിയന്ത്രിക്കുവാനും പ്രയാസമാണ്. സാധാരണ കളനാശിനി അല്ലെങ്കിൽ മെക്കാനിക്കൽ നിയന്ത്രണരീതികൾ പൂർണ്ണമായും ഫലപ്രദമാകില്ലെന്നാണ് മുറിച്ചുവിട്ട തണ്ടുകളിൽനിന്ന് വീണ്ടും വളരാനുള്ള ഈ ചെടിയുടെ കഴിവ് സൂചിപ്പിക്കുന്നത്.
നിരവധി ഉഷ്ണമേഖലാ-മിതശീതോഷ്ണ പ്രദേശങ്ങളിൽ ഈ സസ്യം ഒരു ആക്രമണകാരിയും അല്ലെങ്കിൽ ദോഷകരമായ കളയായും ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിൽ ദോഷകരമായ കളയായി ഇതിനെ പട്ടികപ്പെടുത്തിയിട്ടുണ്ട്. കൂടാതെ പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലെ ഏറ്റവും മോശമായ പത്ത് അധിനിവേശ സസ്യങ്ങളിൽ ഒന്നായി ഇതിനെ കണക്കാക്കുന്നു. ബെർമുഡയിലെ പരിസ്ഥിതി-പ്രകൃതിവിഭവ വകുപ്പ് ഇതിനെ കാറ്റഗറി-1 പട്ടികയിൽ ഉൾപ്പെട്ട അധിനിവേശ സസ്യമായി തരംതിരിച്ചിട്ടുണ്ട്.
അമേരിക്കയിലെ തെക്കൻ സംസ്ഥാനങ്ങളായ അലബാമ, അർക്കൻസാസ്, സൗത്ത് കരോലിന, ടെക്സസ്, എന്നിവിടങ്ങളിലും ഈ സസ്യത്തെ ദോഷകരമായ കളകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫിജിയിലും ഹവായിയൻ ദ്വീപുകളിലും ഈ ചെടി ഒരു പ്രധാന പ്രശ്നമാണ്. ക്യൂബയും ദക്ഷിണാഫ്രിക്കയും ഈ ചെടിയെ ആക്രമണകാരിയായി രേഖപ്പെടുത്തിയിട്ടുണ്ട്. പുതിയ പരിതസ്ഥിതികളിൽ പാരിസ്ഥിതിക ഭീഷണിയായി മാറുന്ന സ്വഭാവസവിശേഷതകളുള്ള ചെടിയാണ് ഈ നാരക വള്ളി.
തദ്ദേശീയ സസ്യങ്ങൾ അപ്രത്യക്ഷമാകുമ്പോൾ, അവയ്ക്ക് ചുറ്റും രൂപപ്പെട്ടിരുന്ന സങ്കീർണ്ണമായ പരസ്പര പാരിസ്ഥിതികബന്ധങ്ങളും അപ്രത്യക്ഷമാകുന്നു. പ്രത്യേക ആതിഥേയ സസ്യങ്ങളെ ആശ്രയിക്കുന്ന പ്രാണികൾക്കും ചിത്രശലഭങ്ങൾക്കും അവയുടെ പ്രജനന കേന്ദ്രങ്ങൾ നഷ്ടപ്പെടുകയും കാറ്റർപില്ലറുകളും മറ്റും ഭക്ഷണമാക്കിയിരുന്ന തദ്ദേശീയ സസ്യങ്ങളുടെ ഇലകളും ഇല്ലാതാകുമ്പോൾ ഇവയൊക്കെ ആ ആവാസവ്യവസ്ഥയിൽനിന്ന് തുടച്ചുമാറ്റപ്പെടുന്നു.
കേരളത്തിൽ ഇതിനകം തന്നെ ഇഷ്ടപ്പെട്ട സസ്യമായി പെരെസ്കിയ അക്യുലേറ്റ എന്ന നാരകവള്ളി മാറിക്കഴിഞ്ഞു. ധാരാളം പൂക്കളുണ്ടാകുന്നതും പോഷകഗുണമുള്ള പഴങ്ങളും ഇലകളും നാരങ്ങയുടെ സുഗന്ധവും കേരളത്തിൽ ഇതിനു കൂടുതൽ സ്വീകാര്യത നൽകുന്നു. ഇതിന്റെ പഴങ്ങൾ കറികളിലും അച്ചാറിടാനും പഴച്ചാറുകളും ജാമും ജെല്ലിയും മറ്റും ഉണ്ടാക്കുവാനും ഉപയോഗിക്കാമെന്നതും ഇതിനെ കൂടുതൽ ജനപ്രിയമാക്കുന്നു. മാത്രമല്ല, കേരളത്തിലെ കാലാവസ്ഥയിൽ ഈ ചെടി നന്നായി വളരുമെന്നതും കൂടുതൽ പരിചരണം ആവശ്യമില്ലെന്നതും കൂടുതൽ സ്ഥലങ്ങളിലേക്ക് ഈ ചെടിയെ എത്തിക്കുന്നു. വരും വർഷങ്ങളിൽ കേരളത്തിന്റെ സമ്പന്നമായ ജൈവവൈവിധ്യത്തിന് ഭീഷണിയാകുന്ന കളയായി ഇതിനെ കൈകാര്യം ചെയ്യേണ്ടിവന്നാൽ അത്ഭുതപ്പെടേണ്ടതില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates