അപകടകാരിയായ മഡഗാസ്‌കര്‍ കോളാമ്പികള്‍ 
News+

റബ്ബര്‍ വൈന്‍: അപകടകാരിയായ മഡഗാസ്‌കര്‍ കോളാമ്പികള്‍

ഷിലോ കെ ദേവ്‌

ചെടിയില്‍ നിറഞ്ഞു കുലച്ചുകിടക്കുന്ന മനോഹരമായ പര്‍പ്പിള്‍ പൂക്കള്‍! ഉദയസൂര്യനെ നോക്കി പുഞ്ചിരിക്കുവാനെന്നവണ്ണം കണ്ണു തുറക്കുന്ന പൂക്കള്‍. വിരിയുന്ന പൂക്കളുടെ നറുമണം കാറ്റിലൂടെ ഒഴുകിയെത്തുന്നു. ദിവസം മുഴുവന്‍ നില്‍ക്കുന്ന പൂക്കള്‍. അനുകൂല കാലാവസ്ഥയില്‍ വര്‍ഷം മുഴുവന്‍ പൂക്കള്‍. അങ്ങനെയൊരു ചെടിയെ ആരാണ് പൂന്തോപ്പിലേക്ക് കൊണ്ടുവരുവാന്‍ ആഗ്രഹിക്കാത്തത്?

പൂന്തോട്ടങ്ങള്‍ക്കു ചാരുതയേകുന്ന ചെടിയാണ് റബ്ബര്‍ വൈന്‍ (Rubber Vine). ഭംഗിയുള്ള പൂക്കളാല്‍ വിസ്മയം തീര്‍ക്കുന്നവയാണ് ഈ അലങ്കാരച്ചെടി. മനോഹരമായ ഇളം പര്‍പ്പിള്‍, പിങ്ക്, ലൈലാക്, വെള്ള, എന്നീ നിറങ്ങളിലുള്ള കോളാമ്പി രൂപത്തിലുള്ള പൂക്കള്‍ നയനമനോഹരമായ കാഴ്ച സമ്മാനിക്കുന്നു.

റബ്ബര്‍ വൈന്‍

റബ്ബര്‍ വൈന്‍ എന്നു വ്യാപകമായി അറിയപ്പെടുന്ന ഈ സസ്യം, ഇന്ത്യ റബ്ബര്‍ വൈന്‍, പര്‍പ്പിള്‍ റബ്ബര്‍ വൈന്‍, പാലേ റബ്ബര്‍ വൈന്‍, പര്‍പ്പിള്‍ അലമാണ്ട, പര്‍പ്പിള്‍ കോളാമ്പി, പിങ്ക് കോളാമ്പി, തുടങ്ങി വിവിധ സ്ഥലങ്ങളില്‍ പല പ്രാദേശിക പേരുകളിലും അറിയപ്പെടുന്നു. മനോഹരമായ പൂക്കളും ആകര്‍ഷകമായ ഇലകളുമാണ് ഈ ചെടിയുടെ പ്രത്യേകത. ഭംഗിയുള്ള പൂക്കളും പെട്ടെന്നു പടര്‍ന്നു പിടിക്കുന്ന സ്വഭാവവും കുറഞ്ഞ പരിപാലനം മതിയെന്നുള്ളതും ഈ ചെടിയെ ജനപ്രിയമായ അലങ്കാരച്ചെടിയായി മാറ്റുന്നു.

മഡഗാസ്‌കറാണ് റബ്ബര്‍ വൈനിന്റെ ജന്മദേശം. മനോഹരമായ പൂക്കളും റബ്ബര്‍ ഉല്‍പ്പാദിപ്പിക്കുന്ന കറയും കാരണം, മനുഷ്യര്‍ ഈ മുഴുവര്‍ഷ നിത്യഹരിത വള്ളിച്ചെടിയെ ലോകമെമ്പാടുമുള്ള ഉഷ്ണമേഖലാ, ഉപോഷ്ണമേഖലാ പ്രദേശങ്ങളിലേക്ക് ഒരു അലങ്കാര സസ്യമായി പരിചയപ്പെടുത്തി. കാലക്രമേണ ഇത് പ്രകൃതിയുമായി ഇണങ്ങിച്ചേരുകയും, അധിനിവേശ സ്വഭാവമുള്ള ഒരു കളയായി മാറുകയും ചെയ്തു. ഇന്ത്യ, തെക്കുകിഴക്കന്‍ ഏഷ്യ, കിഴക്കന്‍ ആഫ്രിക്ക, അമേരിക്കന്‍ ഭൂഖണ്ഡങ്ങള്‍, വടക്കന്‍ ഓസ്ട്രേലിയ എന്നിവിടങ്ങളിലെല്ലാം ഇന്നിത് പടര്‍ന്നുപിടിച്ചിരിക്കുന്നു. പലയിടത്തും ഗുരുതരമായൊരു അധിനിവേശ സസ്യമായിത് മാറിയിരിക്കുന്നു.

റബ്ബര്‍ വൈന്‍

ഈ ചെടി, തദ്ദേശീയ സസ്യജാലങ്ങളെ നശിപ്പിക്കുകയും വളര്‍ത്തുമൃഗങ്ങള്‍ക്ക് വിഷബാധയേല്‍ക്കാന്‍ കാരണമാവുകയും ചെയ്യുന്നു. ഈ സസ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും കാര്‍ഡിയാക് ഗ്ലൈക്കോസൈഡുകള്‍ (cardiac glycosides) ധാരാളമടങ്ങിയ പാല്‍പോലെയുള്ള വെളുത്ത ദ്രാവകം (latex) കാണപ്പെടുന്നു. ഇത് സസ്യത്തെ അതീവ വിഷമയമാക്കുന്നു. കുതിരകള്‍, കന്നുകാലികള്‍, തുടങ്ങിയ വളര്‍ത്തുമൃഗങ്ങളോ മനുഷ്യരോ ഇത് കഴിച്ചാല്‍ മരണം വരെ സംഭവിക്കാന്‍ സാധ്യതയുണ്ട്.

അറിയണം റബ്ബര്‍ വൈന്‍ എന്ന അലങ്കാരച്ചെടിയെ

അപ്പോസിനേസി (Apocynaceae) കുടുംബത്തിലെ ക്രിപ്റ്റോസ്റ്റെജിയ (Cryptostegia) ജനുസ്സിലെ രണ്ട് സ്പീഷീസുകള്‍ റബ്ബര്‍ വൈന്‍ എന്ന പേരില്‍ അറിയപ്പെടുന്നുണ്ട്. ക്രിപ്റ്റോസ്റ്റെജിയ ഗ്രാന്‍ഡിഫ്‌ലോറ (Cryptostegia grandiflora) എന്ന ശാസ്ത്രനാമധേയത്തില്‍ അറിയപ്പെടുന്ന റബ്ബര്‍ വൈന്‍, ക്രിപ്റ്റോസ്റ്റെജിയ മഡഗാസ്‌കറിയന്‍സിസ് (Cryptostegia madagascariensis) എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന പര്‍പ്പിള്‍ റബ്ബര്‍ വൈന്‍, എന്നിവയാണവ. ഇവ രണ്ടും മഡഗാസ്‌കറില്‍ നിന്നുള്ളതും അലങ്കാര സസ്യങ്ങളായും റബ്ബര്‍ സ്രോതസ്സുകളായും ആഗോളതലത്തില്‍ വ്യാപകമായി പരിചയപ്പെടുത്തപ്പെട്ടവയുമാണ്.

മരം പോലെ വളരുന്ന മുഴുഹരിത മുഴുവര്‍ഷ വള്ളിച്ചെടികളായ ഈ രണ്ട് ഇനങ്ങളുടെയും സവിശേഷത, ശക്തമായി പടര്‍ന്നു കയറാനുള്ള അവയുടെ കഴിവ്, വിപരീത ഇലകള്‍, കോളാമ്പിയുടെ ആകൃതിയിലുള്ള ആകര്‍ഷകമായ പൂക്കള്‍, പാല്‍ പോലെയുള്ള ലാറ്റക്‌സ്, വിത്തുകള്‍ വഹിക്കുന്ന ഫലങ്ങള്‍ അഥവാ ഫോളിക്കിളുകള്‍ എന്നിവയാണ്. രൂപഘടനാപരമായ സമാനതകള്‍ കാരണം, പ്രത്യേകിച്ച് പൂക്കളും ഫലങ്ങളും ഇല്ലാത്തപ്പോള്‍ അവ പലപ്പോഴും നമ്മെ ആശയക്കുഴപ്പത്തിലാക്കാം. എന്നിരുന്നാലും, ഇലത്തണ്ടുകള്‍, പൂക്കളുടെ നിറം, പുഷ്പ ഘടനകള്‍, ഫലങ്ങളുടെ വലിപ്പം എന്നിവയിലെ വ്യത്യാസങ്ങള്‍ തിരിച്ചറിയുവാന്‍ സഹായകരമാണ്.

റബ്ബര്‍ വൈന്‍

'റബ്ബര്‍ വൈന്‍' (rubber vine) എന്നറിയപ്പെടുന്ന ക്രിപ്‌റ്റോസ്റ്റെജിയ ഗ്രാന്റിഫ്‌ലോറയും (Cryptostegia grandiflora) പര്‍പ്പിള്‍ റബ്ബര്‍ വൈന്‍ എന്നറിയപ്പെടുന്ന ക്രിപ്റ്റോസ്റ്റെജിയ മഡഗാസ്‌കറിയന്‍സിസും, മരം പോലെ വളരുന്ന ആണ്ടോടാണ്ടു നില്‍ക്കുന്ന നിത്യഹരിത വള്ളിച്ചെടികളാണ്. മരങ്ങളുടെ മുകളിലേക്ക് 30 മീറ്റര്‍ വരെ ഉയരത്തില്‍ പടര്‍ന്നുകയറുന്നു; താങ്ങുകളൊന്നുമില്ലാതെ വളരുമ്പോള്‍ 1 മുതല്‍ 3 മീറ്റര്‍ വരെ ഉയരമുള്ള കുറ്റിച്ചെടിയായി കാണപ്പെടുന്നു. ഇതിന് നീളമേറിയതും ശക്തവുമായ ശാഖകളുണ്ട്. ഇവ പല മീറ്ററുകളോളം വളരുകയും സമീപത്തുള്ള സസ്യങ്ങളിലോ മറ്റ് താങ്ങുകളിലോ പടര്‍ന്നു കയറുകയും ചെയ്യുന്നു. ക്രിപ്‌റ്റോസ്റ്റെജിയ ഗ്രാന്റിഫ്‌ലോറയുടെ തണ്ടുകള്‍ക്ക് സാധാരണയായി ചാരനിറം കലര്‍ന്ന തവിട്ടുനിറമാണ്; അവയില്‍ ചെറിയ സുഷിരങ്ങള്‍ (lenticels) വ്യക്തമായി കാണാം. എന്നാല്‍, ഇളം ശാഖകള്‍ പച്ചനിറത്തിലുള്ളതും മിനുസമുള്ളതും രോമങ്ങളില്ലാത്തതുമായിരിക്കും. ക്രിപ്റ്റോസ്റ്റെജിയ മഡഗാസ്‌കറിയന്‍സിസിന്റെ തണ്ടുകള്‍ സാധാരണയായി തവിട്ട് അല്ലെങ്കില്‍ പച്ചകലര്‍ന്ന നിറമായിരിക്കും. ചെറിയ സുഷിരങ്ങളോടെ മിനുസമാര്‍ന്നതോ ചെറുതായി രോമമുള്ളതോ ആകാം. ഈ രണ്ടു ചെടികളുടേയും എല്ലാ ഭാഗങ്ങളിലും വെളുത്ത നിറത്തിലുള്ള പാല്‍പോലെയുള്ള ദ്രാവകം (latex) അടങ്ങിയിട്ടുണ്ട്; തണ്ടുകളിലോ ഇലകളിലോ മുറിവുണ്ടാകുമ്പോള്‍ ഈ ദ്രാവകം പുറത്തേക്ക് വരുന്നു.

ഇവയുടെ ഇലകള്‍ ലളിതവും, തണ്ടില്‍ അഭിമുഖമായി ക്രമീകരിച്ചിരിക്കുന്നവയും, കട്ടിയുള്ളതുമാണ്. ഇലയുടെ മുകള്‍ഭാഗം കടും പച്ചനിറത്തിലും, അടിഭാഗം താരതമ്യേന വിളറിയ നിറത്തിലുമായിരിക്കും കാണപ്പെടുന്നത്. ഏകദേശം 3 മുതല്‍ 10 സെന്റീമീറ്റര്‍ വരെ നീളവും 2 മുതല്‍ 6 സെന്റീമീറ്റര്‍ വരെ വീതിയുമുള്ള ഈ ഇലകള്‍ക്ക് അണ്ഡാകൃതിയോ ദീര്‍ഘവൃത്താകൃതിയോ ഉണ്ടായിരിക്കും. ഇലകളുടെ അരികുകള്‍ നേരായതോ അല്പം തരംഗരൂപത്തിലുള്ളതോ ആകാം; അഗ്രഭാഗം കൂര്‍ത്തതോ അല്പം ഉരുണ്ടതോ ആയിരിക്കും. ക്രിപ്‌റ്റോസ്റ്റെജിയ ഗ്രാന്റിഫ്‌ലോറയുടെ ഇലഞെട്ടുകളിലും (petioles) ഇലയുടെ മധ്യഞരമ്പിലും ചുവപ്പ് അല്ലെങ്കില്‍ പര്‍പ്പിള്‍ നിറത്തിലുള്ള പാടുകള്‍ കാണാറുണ്ട്; ഇത് ഈ ചെടിയെ തിരിച്ചറിയാന്‍ സഹായിക്കുന്ന ഒരു പ്രധാന സവിശേഷതയാണ്. ക്രിപ്റ്റോസ്റ്റെജിയ മഡഗാസ്‌കറിയന്‍സിസിന്റെ ഇളം ഇലകള്‍ക്കും ശാഖകള്‍ക്കും ചിലപ്പോള്‍ രോമങ്ങളുടെ നേര്‍ത്ത ആവരണം ഉണ്ടായിരിക്കാം. ഇലത്തണ്ടുകളും മധ്യസിരകളും സാധാരണയായി മഞ്ഞ കലര്‍ന്ന പച്ച നിറമായിരിക്കും.

ഇവയുടെ പൂക്കള്‍ വലുതും ആകര്‍ഷകവും കോളാമ്പിയുടെ ആകൃതിയിലുള്ളതുമാണ്. ശാഖകളുടെ അഗ്രഭാഗത്തായി കൂട്ടമായാണ് പൂക്കള്‍ ഉണ്ടാകുന്നത്. അഞ്ച് ഇതളുകള്‍ ഭാഗികമായി കൂടിച്ചേര്‍ന്നാണ് ഈ പൂക്കള്‍ രൂപപ്പെടുന്നത്. ഇവ സാധാരണയായി ഇളം പിങ്ക്, പര്‍പ്പിള്‍ കലര്‍ന്ന പിങ്ക്, അല്ലെങ്കില്‍ ഏകദേശം വെള്ള നിറത്തിലായിരിക്കും. ക്രിപ്‌റ്റോസ്റ്റെജിയ ഗ്രാന്റിഫ്‌ലോറയുടെ പൂവിന്റെ ഉള്‍ഭാഗം (throat) കടും പര്‍പ്പിള്‍ നിറത്തിലായിരിക്കും. എന്നാല്‍, ക്രിപ്റ്റോസ്റ്റെജിയ മഡഗാസ്‌കറിയന്‍സിസിന്റെ ദളങ്ങള്‍ക്കും ഉള്‍ഭാഗത്തിനും ഒരേ നിറമായിരിക്കും.

റബ്ബര്‍ വൈന്‍

ഉഷ്ണമേഖലാ കാലാവസ്ഥയില്‍, വളര്‍ച്ചയ്ക്ക് അനുകൂലമായ സാഹചര്യങ്ങളുണ്ടെങ്കില്‍, വര്‍ഷത്തില്‍ മിക്ക സമയങ്ങളിലും ഇവയില്‍ പൂക്കള്‍ ഉണ്ടാകാം. തേനീച്ചകള്‍, ചിത്രശലഭങ്ങള്‍, പൂക്കളെ ആശ്രയിക്കുന്ന മറ്റ് പ്രാണികള്‍ എന്നിവയ്ക്ക് ആവശ്യമായ തേന്‍ (nectar) നല്‍കുന്നതിലൂടെ പരാഗണം നടക്കുന്നു. ഇവയുടെ ഫലങ്ങള്‍ നീളമേറിയതും കാഠിന്യമുള്ളതുമായ രണ്ട് അറകളായി (follicles) വികസിക്കുന്നു; ഇവയ്ക്ക് ഏകദേശം 10 മുതല്‍ 15 സെന്റീമീറ്റര്‍ വരെ നീളമുണ്ടാകും. പാകമാകുമ്പോള്‍ ഈ ഫലങ്ങള്‍ പിളരുകയും, അതിനുള്ളില്‍ നിന്ന് പരന്ന തവിട്ടുനിറത്തിലുള്ള ധാരാളം വിത്തുകള്‍ പുറത്തുവരികയും ചെയ്യുന്നു. ഓരോ വിത്തിന്റെയും അറ്റത്ത് നീളമുള്ളതും പട്ടുപോലെയുള്ളതുമായ വെളുത്ത രോമങ്ങള്‍ കാണാം; ഇവ കാറ്റിലൂടെ വിത്തുകള്‍ ദൂരസ്ഥലങ്ങളിലേക്ക് വ്യാപിക്കാന്‍ സഹായിക്കുന്നു.

ഒരു ഫലത്തിനുള്ളില്‍ ഏകദേശം 340 മുതല്‍ 840 വരെ വിത്തുകള്‍ വരെ കാണാം. ഒരു ചെടിക്ക് അതിന്റെ ഒരു പ്രത്യുല്‍പ്പാദന ഘട്ടത്തില്‍ തന്നെ 8,000-ത്തിലധികം വിത്തുകള്‍ ഉത്പാദിപ്പിക്കാന്‍ സാധിക്കും. അനുകൂല സാഹചര്യങ്ങളില്‍, വര്‍ഷത്തില്‍ കുറഞ്ഞത് രണ്ടുതവണയെങ്കിലും ഈ ചെടി വിത്തുകള്‍ ഉത്പാദിപ്പിക്കുന്നു; ഇത് ഇവയുടെ എണ്ണം അതിവേഗം വര്‍ദ്ധിക്കാന്‍ കാരണമാകുന്നു. വിത്തുകള്‍ വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നതുകൊണ്ട് പുഴകള്‍, അരുവികള്‍, നീര്‍ച്ചാലുകള്‍ എന്നിവയിലൂടെയും വിത്തുകള്‍ വിതരണം ചെയ്യപ്പെടുന്നു.

ഉപ്പുവെള്ളത്തില്‍ 40 ദിവസം വരെ പൊങ്ങിക്കിടന്നാലും, ഈ വിത്തുകള്‍ക്ക് അവയുടെ മുളയ്ക്കാനുള്ള ശേഷി വലിയൊരു അളവില്‍ നിലനിര്‍ത്താന്‍ കഴിയുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അനുയോജ്യമായ ഈര്‍പ്പവും താപനിലയും ലഭിച്ചാല്‍, വിത്തുകള്‍ അതിവേഗം മുളയ്ക്കുന്നു; ആവശ്യമായ ഈര്‍പ്പം ലഭിച്ച് പത്ത് ദിവസത്തിനുള്ളില്‍ 90 ശതമാനത്തിലധികം വിത്തുകളും മുളയ്ക്കുന്നതായി കാണപ്പെടുന്നു. കൂടാതെ, മണ്ണില്‍ ഒരു വര്‍ഷത്തിലധികം കാലം നിലനില്‍ക്കാന്‍ ഇവയ്ക്ക് കഴിയുന്നു. ഇത് മണ്ണില്‍ വിത്തുകളുടെ ഒരു ശേഖരം (seed bank) രൂപപ്പെടുന്നതിനും, ഉപരിതലത്തിലെ സസ്യജാലങ്ങള്‍ നീക്കം ചെയ്യപ്പെട്ടാലും ഈ സസ്യവര്‍ഗ്ഗം വീണ്ടും വളര്‍ന്നുവരുന്നതിനും സഹായിക്കുന്നു.

റബ്ബര്‍ വൈന്‍

പ്രധാന പ്രജനന മാര്‍ഗ്ഗം വിത്തുല്‍പ്പാദനമാണെങ്കിലും തണ്ടുകള്‍ മുറിച്ചുനട്ടുകൊണ്ടുള്ള പ്രജനനവും (vegetative propagation) നടക്കാറുണ്ട്. എന്നിരുന്നാലും, ഇത് താരതമ്യേന പ്രയാസകരമാണ്. മണ്ണിനു മുകളിലുള്ള ചെടി മുറിക്കുകയോ കത്തിക്കുകയോ ചെയ്താല്‍, അതിന്റെ വേരുപടലത്തില്‍ നിന്ന് പുതിയ മുളകള്‍ പൊട്ടി ചെടി പുനരുജ്ജീവിക്കും.

ശക്തമായ വേരുപടലം ഈ ചെടികളുടെ ശക്തമായ വളര്‍ച്ചയേയും നിലനില്‍പ്പിനേയും സഹായിക്കുന്നു. ഇവയുടെ ഏറ്റവും ശ്രദ്ധേയമായ സവിശേഷതകളിലൊന്ന് വേരുകള്‍ 12 മുതല്‍ 13 മീറ്റര്‍ വരെ ആഴത്തിലേക്ക് പോകുന്നുവെന്നതാണ്. ഈ സവിശേഷത സസ്യത്തിന് വളരെ ആഴത്തിലുള്ള മണ്ണില്‍ നിന്നുപോലും ഈര്‍പ്പം ആഗിരണം ചെയ്യാനും ദീര്‍ഘകാല വരണ്ട കാലഘട്ടങ്ങളെ അതിജീവിക്കാനും പ്രാപ്തമാക്കുന്നു.

അനുകൂലമായ സാഹചര്യങ്ങളില്‍ വളരെ വേഗത്തില്‍ പടര്‍ന്നുപിടിക്കുന്ന ഈ വള്ളിച്ചെടികള്‍ ചുറ്റുമുള്ള തദ്ദേശീയ സസ്യജാലങ്ങളെ മൂടി അവയുടെ സ്ഥാനം കൈയടക്കുന്നു. അനുകൂല കാലാവസ്ഥയിലും സാഹചര്യങ്ങളിലും ഈ ചെടി നട്ടുപിടിപ്പിച്ച സ്ഥലങ്ങളില്‍ നിന്ന് പുറത്തുകടന്ന് സ്വാഭാവിക പരിസ്ഥിതിയിലേക്ക് പടരാനും പ്രാദേശിക ജൈവവൈവിധ്യത്തിന് ഭീഷണിയാകാനും സാധ്യതയുണ്ട്. ഉഷ്ണമേഖലാ, ഉപോഷ്ണമേഖലാ ആവാസവ്യവസ്ഥകളില്‍ ഇവ ഗണ്യമായ അധിനിവേശ ഭീഷണി ഉയര്‍ത്തുന്നു.

വ്യാപനത്തിന്റെ വഴികള്‍

റബ്ബര്‍ വൈനിന്റെ അധിനിവേശ സ്വഭാവത്തിനു കാരണം അതിന്റെ അസാധാരണമായ വ്യാപനശേഷിയാണ്. കൂടുതല്‍ വിത്തുകള്‍ ഉല്‍പ്പാദിപ്പിക്കുന്നത് ഈ ചെടിയുടെ വ്യാപനത്തിന്റെ തോത് വര്‍ദ്ധിപ്പിക്കുന്നു. ഫലങ്ങള്‍ പാകമാകുമ്പോള്‍ ഉണങ്ങി പൊട്ടുകയും, അതിനുള്ളിലെ വിത്തുകള്‍ പുറത്തേക്ക് വരികയും ചെയ്യുന്നു. കാറ്റിലൂടെയും വെള്ളത്തിലൂടെയും വിതരണം ചെയ്യപ്പെടുന്ന വിത്തുകള്‍, അനുകൂല സാഹചര്യങ്ങളില്‍ മുളച്ച് പുതിയ ചെടികളായി വളരുന്നു.

റബ്ബര്‍ വൈന്‍

വെട്ടി മാറ്റിയ ചെടിയുടെ വേരില്‍ നിന്ന് ചെടിക്ക് പുനരുജ്ജീവിക്കാനുള്ള കഴിവ്, അവിടെ വീണ്ടും ഇടതൂര്‍ന്ന കൂട്ടങ്ങള്‍ രൂപപ്പെടാന്‍ സഹായിക്കുന്നു. കൂടാതെ, മണ്ണ്, പൂന്തോട്ടത്തിലെ അവശിഷ്ടങ്ങള്‍, അലങ്കാര സസ്യങ്ങളുടെ കൈമാറ്റം എന്നിവയിലൂടെയും വിത്തുകളും ചെടികളും മറ്റ് സ്ഥലങ്ങളിലേക്ക് വ്യാപിക്കാം.

റബ്ബര്‍ വൈന്‍ അപകടകാരിയാകുന്നതെങ്ങനെ

റബ്ബര്‍ വൈന്‍ എന്ന അലങ്കാര സസ്യം, പ്രത്യേകിച്ച് ഉഷ്ണമേഖലാ, ഉപോഷ്ണമേഖലാ പ്രദേശങ്ങളില്‍, വളരെ വേഗത്തില്‍ പടര്‍ന്നുപിടിക്കാനും അധിനിവേശ സ്വഭാവം കാണിക്കാനും സാധ്യതയുള്ള ഒന്നാണ്. ഇതിന്റെ അതിശക്തമായ വളര്‍ച്ചാശേഷി, അമിതമായ വിത്തുല്‍പ്പാദനം, വിത്തുകളുടെ വ്യാപനശേഷി, അതിജീവനശേഷി, എന്നിവ കാരണം, നട്ടുപിടിപ്പിച്ച സ്ഥലത്തുനിന്ന് വളരെ വേഗത്തില്‍ മറ്റ് ഇടങ്ങളിലേക്ക് വ്യാപിക്കാന്‍ ഇതിന് സാധിക്കുന്നു. ആഴത്തിലേക്ക് പോകുന്ന വേരുപടലവും ഇതിന്റെ നിലനില്‍പ്പിനെ സഹായിക്കുന്നു. ഒരിക്കല്‍ വേരുപിടിച്ചാല്‍ ഈ സസ്യത്തെ പൂര്‍ണ്ണമായും നീക്കം ചെയ്യുക എന്നത് വളരെ പ്രയാസകരമാണ്.

വിത്തുകള്‍ ഉല്‍പ്പാദിപ്പിക്കാനുള്ള കഴിവാണ് ഇതിന്റെ അധിനിവേശ സാധ്യത വര്‍ദ്ധിപ്പിക്കുന്ന പ്രധാന ഘടകം. ഒരു ചെടിക്ക് അതിന്റെ ഒരു പ്രത്യുല്‍പ്പാദന ഘട്ടത്തില്‍ തന്നെ 8,000-ത്തിലധികം വിത്തുകള്‍ ഉത്പാദിപ്പിക്കാന്‍ സാധിക്കും. അനുകൂല സാഹചര്യങ്ങളില്‍, വര്‍ഷത്തില്‍ കുറഞ്ഞത് രണ്ടുതവണയെങ്കിലും ഈ ചെടി വിത്തുകള്‍ ഉത്പാദിപ്പിക്കുന്നു. അനുകൂല സാഹചര്യങ്ങളില്‍, ഈ വിത്തുകള്‍ മുളച്ച് പുതിയ ചെടികള്‍ ഉണ്ടാകുന്നു. ആവശ്യമായ ഈര്‍പ്പം ലഭിച്ച് പത്ത് ദിവസത്തിനുള്ളില്‍ 90 ശതമാനത്തിലധികം വിത്തുകളും മുളയ്ക്കുന്നതായി കാണപ്പെടുന്നു.

ഒരിക്കല്‍ ഒരിടത്ത് വേരുറപ്പിച്ചു കഴിഞ്ഞാല്‍, സൂര്യപ്രകാശം, വെള്ളം, പോഷകങ്ങള്‍, വളരാനുള്ള ഇടം എന്നിവയ്ക്കായി മത്സരിച്ചുകൊണ്ട്, തദ്ദേശീയ സസ്യങ്ങളുടെ വളര്‍ച്ചയെയും പുനരുജ്ജീവനത്തെയും ഇവ തടസ്സപ്പെടുത്തുന്നു. മാത്രമല്ല, വെട്ടിമാറ്റിയാലും വീണ്ടും വളരാനുള്ള കഴിവ് ഇതിനെ നിയന്ത്രിക്കുന്നത് കൂടുതല്‍ ദുഷ്‌കരമാക്കുന്നു. അതിവേഗ വളര്‍ച്ച, വിത്തുകള്‍ വഴിയുള്ള വ്യാപനം, വ്യത്യസ്ത പരിസ്ഥിതികളോട് പൊരുത്തപ്പെടാനുള്ള കഴിവ് എന്നിവയെല്ലാം ചേര്‍ന്ന്, ഉഷ്ണമേഖലാ ആവാസവ്യവസ്ഥകളില്‍ റബ്ബര്‍ വൈനിനെ ഗുരുതരമായ ഒരു പാരിസ്ഥിതിക കളയായി (environmental weed) മാറ്റുന്നു.

റബ്ബര്‍ വൈന്‍

ചെടികള്‍ക്കും മരങ്ങള്‍ക്കും മറ്റ് സസ്യജാലങ്ങള്‍ക്കും മുകളിലൂടെ പടര്‍ന്നു കയറി അവയെ നശിപ്പിക്കാനുള്ള കഴിവാണ് ഇതിന്റെ പ്രധാന പാരിസ്ഥിതിക ഭീഷണികളിലൊന്ന്. ഇവ, സസ്യവൈവിധ്യം കുറയ്ക്കുകയും സസ്യസമൂഹങ്ങളുടെ സ്വാഭാവിക ഘടനയില്‍ മാറ്റം വരുത്തുകയും ചെയ്യുന്നു. കൂടാതെ, ഇടതൂര്‍ന്നു പടര്‍ന്നുകയറുന്ന ഇവ തദ്ദേശീയ സസ്യങ്ങളുടെ തൈകള്‍ വളര്‍ന്നു വരുന്നതിനെ തടസ്സപ്പെടുത്തുകയും, അതുവഴി വനങ്ങളുടെയും മറ്റ് ആവാസവ്യവസ്ഥകളുടെ സ്വാഭാവിക പുനരുജ്ജീവനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു.

ഈ ചെടികള്‍ തദ്ദേശീയ സസ്യജാലങ്ങളെ നശിപ്പിക്കുകയും വളര്‍ത്തുമൃഗങ്ങള്‍ക്ക് വിഷബാധയേല്‍ക്കാന്‍ കാരണമാവുകയും ചെയ്യുന്നു. ഈ സസ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും കാര്‍ഡിയാക് ഗ്ലൈക്കോസൈഡുകള്‍ (cardiac glycosides) ധാരാളമടങ്ങിയ പാല്‍പോലെയുള്ള വെളുത്ത ദ്രാവകം (latex) കാണപ്പെടുന്നു. ഇത് സസ്യത്തെ അതീവ വിഷമയമാക്കുന്നു. കുതിരകള്‍, കന്നുകാലികള്‍, തുടങ്ങിയ വളര്‍ത്തുമൃഗങ്ങളോ മനുഷ്യരോ ഇത് കഴിച്ചാല്‍ മരണം വരെ സംഭവിക്കാന്‍ സാധ്യതയുണ്ട്.

കേരളം പോലുള്ള ഉഷ്ണമേഖലാപ്രദേശങ്ങളിലെ അപകടസാധ്യത

അലങ്കാരച്ചെടിയായി പേരുകേട്ട റബ്ബര്‍ വൈന്‍, കേരളം പോലുള്ള ഉഷ്ണമേഖലാ പരിസ്ഥിതികളില്‍ അധിനിവേശ സ്വഭാവം കാണിക്കാന്‍ സാധ്യതയുള്ള സസ്യമാണ്. കേരളത്തിലെ ഉയര്‍ന്ന താപനില, ഈര്‍പ്പമുള്ള കാലാവസ്ഥ, സമൃദ്ധമായ മഴ, തുടങ്ങി വളര്‍ച്ചയ്ക്ക് അനുകൂലമായ സാഹചര്യങ്ങള്‍ ഈ ചെടിയുടെ അതിവേഗ വളര്‍ച്ചയ്ക്കും നിലനില്‍പ്പിനും വളരെയധികം സഹായിക്കുന്നു.

അനേകം വിത്തുകള്‍ ഉദ്പാദിപ്പിക്കുന്നതും വെള്ളത്തിലൂടെയും കാറ്റിലൂടെയുമുള്ള വിത്തുവിതരണവും കേരളം പോലെയുള്ള സ്ഥലങ്ങളില്‍ ഈ ചെടി പടര്‍ന്നുപിടിക്കുവാന്‍ കാരണമാകും. ഈ അലങ്കാര സസ്യം ചുറ്റുമുള്ള ആവാസ വ്യവസ്ഥകളിലേക്ക് രക്ഷപ്പെടുന്നത് ഒരു പാരിസ്ഥിതിക ആശങ്കയായി മാറിയേക്കാം.

റബ്ബര്‍ വൈന്‍

ഇത് മരങ്ങളിലൂടെ പടര്‍ന്നു കയറുകയും മരത്തെ പൂര്‍ണ്ണമായും ഇല്ലാതാക്കുകയും ചെയ്യും. നദീതീരങ്ങളിലും റോഡരികുകളിലും തുറസ്സായ വനപ്രദേശങ്ങളിലും ഇടതൂര്‍ന്ന വള്ളിപ്പടര്‍പ്പുകളായി വ്യാപിക്കുകയും തദ്ദേശീയ സസ്യജാലങ്ങളെ ഉന്മൂലനം ചെയ്യുകയും ചെയ്യുന്നു.

സ്വദേശവും അധിനിവേശപ്രദേശങ്ങളും

ക്രിപ്റ്റോസ്റ്റെജിയ ഗ്രാന്‍ഡിഫ്‌ലോറയും ക്രിപ്റ്റോസ്റ്റെജിയ മഡഗാസ്‌കറിയന്‍സിസും മഡഗാസ്‌കറില്‍ നിന്നുള്ളവയാണ്. 'റബ്ബര്‍ വൈന്‍' എന്ന് പൊതുവെ അറിയപ്പെടുന്ന ക്രിപ്‌റ്റോസ്റ്റെജിയ ഗ്രാന്റിഫ്‌ലോറ, ഓസ്ട്രേലിയയില്‍, പ്രത്യേകിച്ച് വടക്കന്‍, മധ്യ ക്വീന്‍സ്ലാന്‍ഡ് മേഖലകളില്‍, പരിസ്ഥിതിക്ക് ഭീഷണിയാകുന്ന ഒരു അധിനിവേശ കളയായി (invasive weed) കണക്കാക്കപ്പെടുന്നു. നദീതീരങ്ങള്‍, തുറസ്സായ വനപ്രദേശങ്ങള്‍, പുല്‍മേടുകള്‍, മഴക്കാടുകളുടെ അതിര്‍ത്തികള്‍ തുടങ്ങി ഉഷ്ണമേഖലാ, ഉപോഷ്ണമേഖലാ സസ്യസമ്പത്തുള്ള വിശാലമായ പ്രദേശങ്ങളിലേക്ക് ഈ സസ്യം പടര്‍ന്നുപിടിച്ചിരിക്കുന്നു. ഗുരുതരമായ പാരിസ്ഥിതിക, കാര്‍ഷിക, സാമൂഹിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതും, ദേശീയ തലത്തില്‍ ഏകോപിതമായ നിയന്ത്രണം ആവശ്യമുള്ളതുമായ കളകളെ വിശേഷിപ്പിക്കുന്ന 'ഓസ്ട്രേലിയയിലെ ദേശീയ പ്രാധാന്യമുള്ള കളകള്‍' (Weeds of National Significance) എന്ന പട്ടികയില്‍ ഈ സസ്യവും ഉള്‍പ്പെടുന്നു. ക്വീന്‍സ്ലാന്‍ഡ് സര്‍ക്കാര്‍ ഇതിനെ ഒരു പ്രധാന പാരിസ്ഥിതിക കളയായും, 'വെറ്റ് ട്രോപിക്‌സ് വേള്‍ഡ് ഹെറിറ്റേജ് ഏരിയ' (Wet Tropics World Heritage Area), കേപ് യോര്‍ക്ക് (Cape York) തുടങ്ങിയ സുപ്രധാന സംരക്ഷിത മേഖലകള്‍ക്ക് ഭീഷണിയാകുന്നതായും കണക്കാക്കുന്നു.

'ഗ്ലോബല്‍ ഇന്‍വേസീവ് സ്പീഷീസ് ഡാറ്റാബേസ്' (GISD) അനുസരിച്ച്, ഓസ്ട്രേലിയയ്ക്ക് പുറമെ കേമാന്‍ ദ്വീപുകള്‍, ഇക്വഡോര്‍, പ്രത്യേകിച്ച് ഗാലപാഗോസിലെ സാന്താ ക്രൂസ് ദ്വീപ്, മോണ്ട്സെറാറ്റ്, ന്യൂ കാലിഡോണിയ. യുണൈറ്റഡ് സ്റ്റേറ്റ്‌സ് വിര്‍ജിന്‍ ദ്വീപുകള്‍, എന്നിവിടങ്ങളിലും ഇതൊരു അധിനിവേശയിനമായി കണക്കാക്കുന്നു. യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഫിഷ് ആന്‍ഡ് വൈല്‍ഡ് ലൈഫ് സര്‍വീസ് (USFWS) തയ്യാറാക്കിയ 'ഇക്കോളജിക്കല്‍ റിസ്‌ക് സ്‌ക്രീനിംഗ് സമ്മറി', (Ecological Risk Screening Summary) ഈ സസ്യത്തിന്റെ ആഗോള വ്യാപനത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കുന്നു. 2015 മെയ് മാസത്തില്‍ തയ്യാറാക്കി 2018 ഫെബ്രുവരിയില്‍ പരിഷ്‌കരിച്ച ഈ റിപ്പോര്‍ട്ട്, സെന്റര്‍ ഫോര്‍ അഗ്രികള്‍ച്ചര്‍ ആന്‍ഡ് ബയോസയന്‍സ് ഇന്റര്‍നാഷണല്‍ (CABI) ഡാറ്റാബേസിനെ ഉദ്ധരിച്ചുകൊണ്ട് മെക്‌സിക്കോ, അരുബ, ക്യൂബ, കുരാസാവോ, ഓസ്ട്രേലിയ, ന്യൂ കാലിഡോണിയ എന്നിവിടങ്ങളില്‍ ഈ സസ്യം കടന്നുവരികയും അധിനിവേശ സ്വഭാവം കാണിക്കുകയും ചെയ്തതായി രേഖപ്പെടുത്തുന്നു.

റബ്ബര്‍ വൈന്‍

ഗ്ലോബല്‍ ഇന്‍വേസീവ് സ്പീഷീസ് ഡാറ്റാബേസ് (GISD) അനുസരിച്ച്, പര്‍പ്പിള്‍ റബ്ബര്‍ വൈന്‍ എന്നറിയപ്പെടുന്ന ക്രിപ്റ്റോസ്റ്റെജിയ മഡഗാസ്‌കറിയന്‍സിസ്, ഓസ്ട്രേലിയ, ഹവായ് (യുണൈറ്റഡ് സ്റ്റേറ്റ്‌സ്), ബ്രസീല്‍ എന്നിവിടങ്ങളില്‍ വളരെ അപകടസാധ്യതയുള്ള ഒരു അധിനിവേശ സസ്യമായി കണക്കാക്കപ്പെടുന്നു. ഓസ്ട്രേലിയയില്‍, വടക്കന്‍ പ്രദേശങ്ങളുടെ ചില ഭാഗങ്ങളില്‍ ഇത് സ്വാഭാവികമായി മാറിയിരിക്കുന്നു, കൂടാതെ ക്വീന്‍സ്ലാന്‍ഡ്, നോര്‍ത്തേണ്‍ ടെറിട്ടറി, വെസ്റ്റേണ്‍ ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ ഇത് ഒരു പ്രധാന പാരിസ്ഥിതിക കളയായി കണക്കാക്കപ്പെടുന്നു. ക്വീന്‍സ്ലാന്‍ഡ്സ് ബയോസെക്യൂരിറ്റി ആക്ട് 2014 പ്രകാരം ബ്രിസ്ബേന്‍ സിറ്റി കൗണ്‍സിലിന്റെ കള പ്രൊഫൈല്‍ ഇതിനെ കാറ്റഗറി 3 നിയന്ത്രിത ഇനമായി തരംതിരിക്കുന്നു.

നിയന്ത്രണവും പ്രതിരോധവും

ഈ ചെടികളുടെ വ്യാപനം തടയുന്നതിന് നേരത്തെയുള്ള കണ്ടെത്തലും തുടര്‍ച്ചയായ നിരീക്ഷണവും അനിവാര്യമാണ്. ഒരിക്കല്‍ സ്ഥാപിതമായാല്‍, അവയ്ക്ക് ഇടതൂര്‍ന്ന് വളരുവാന്‍ കഴിയുന്നു. അത് തദ്ദേശീയ സസ്യങ്ങളെ ഇല്ലാതാക്കുന്നു. അതിനാല്‍, നിലവിലുള്ള സസ്യങ്ങളെ ഇല്ലാതാക്കുക മാത്രമല്ല, വിത്ത് ഉത്പാദനം തടയുക, മുളച്ചുവരുന്ന തൈകള്‍ നശിപ്പിക്കുക, ചുറ്റുമുള്ള ആവാസ വ്യവസ്ഥകളിലേക്ക് വിത്തുകള്‍ വ്യാപിക്കുന്നത് തടയുക, തുടങ്ങിയ നിയന്ത്രണ നടപടികള്‍ ആവശ്യമാണ്.

ചെടി വളരാന്‍ അനുകൂലമായ പ്രദേശങ്ങളില്‍ ഇവ നേരത്തെ കണ്ടെത്തി നീക്കം ചെയ്യേണ്ടത് വളരെ പ്രധാനമാണ്. തോട്ടത്തിലെ അവശിഷ്ടങ്ങള്‍, മണ്ണ് നീക്കം ചെയ്യല്‍, ജലപ്രവാഹങ്ങള്‍ എന്നിവയിലൂടെ വിത്തുകള്‍ വ്യാപിക്കുന്നത് തടയുന്നതിനായി ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള നിയന്ത്രണം അത്യന്താപേക്ഷിതമാണ്.

മുഴുവന്‍ ചെടിയും ശ്രദ്ധാപൂര്‍വ്വം പറിച്ചെടുക്കുകയോ കുഴിച്ചെടുക്കുകയോ ചെയ്യണം. തൈകള്‍ വേരോടെ പിഴുതു മാറ്റണം. ഭൂമിക്കു മുകളിലുള്ള തണ്ടുകള്‍ മുറിച്ചുമാറ്റിയാലും, വേരുകളോട് കൂടിയ ഭാഗങ്ങള്‍ മണ്ണില്‍ അവശേഷിക്കുന്നുണ്ടെങ്കില്‍, അവിടെനിന്ന് പുതിയ മുളകളുണ്ടായി ചെടി വീണ്ടും വളരാന്‍ സാധ്യതയുണ്ട്. അതിനാല്‍, വള്ളിപ്പടര്‍പ്പുകള്‍ തറനിരപ്പില്‍ വെച്ച് മുറിച്ചുമാറ്റുന്നത് മാത്രം അവയെ ഫലപ്രദമായി നിയന്ത്രിക്കാന്‍ മതിയാകില്ല. വേരുകളും ശേഷിക്കുന്ന വേരൂന്നിയ ഭാഗങ്ങളും ശ്രദ്ധാപൂര്‍വ്വം നീക്കം ചെയ്യണം.

പരിസ്ഥിതിലോല പ്രദേശങ്ങളില്‍ ഈ സസ്യം നാടാതെയിരിക്കുക എന്നതാണ് ഏറ്റവും ഫലപ്രദമായ സമീപനം. വനങ്ങള്‍, തണ്ണീര്‍ത്തടങ്ങള്‍, തോട്ടങ്ങള്‍, മറ്റ് പ്രകൃതിദത്ത ആവാസ വ്യവസ്ഥകള്‍ എന്നിവയ്ക്ക് സമീപം ഇത് നടുന്നത് നിരുത്സാഹപ്പെടുത്തണം. പുതിയ വ്യാപനം തിരിച്ചറിയുന്നതിന് അയല്‍ പ്രദേശങ്ങള്‍ നിരീക്ഷിക്കുന്നതും പ്രധാനമാണ്. അധിനിവേശ സസ്യങ്ങളെ നിയന്ത്രിക്കുന്നതില്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗം പ്രതിരോധമാണ്. അധിനിവേശ സാധ്യതയുള്ള വിദേശ അലങ്കാരസസ്യങ്ങള്‍ വ്യാപകമായി നട്ടുപിടിപ്പിക്കുന്നത് ഒഴിവാക്കുകയും പകരം തദ്ദേശീയ അലങ്കാരസസ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുകയും വേണം.

Cryptostegia grandiflora, commonly known as rubber vine, is a woody-perennial vine that is native to south-west Madagascar. It is also a significant weed in northern Australia and some other part of the world, sometimes regarded as the worst weed at all.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എ' ഗ്രൂപ്പിന് മാത്രമല്ല, കോണ്‍ഗ്രസില്‍ എല്ലാവര്‍ക്കും അതൃപ്തി: എംഎം ഹസന്‍

ഉരുള്‍പ്പൊട്ടല്‍ തകര്‍ത്ത ചൂരല്‍മലയില്‍ പുതിയ പാലം; ചെലവ് 34 കോടി രൂപ, നിര്‍മാണം ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി

ഇനി പലിശയെ കുറിച്ച് ആശങ്ക വേണ്ട!; അറിയാം ഹൈബ്രിഡ് ഹോം ലോണിന്റെ നേട്ടം

15-ാം വയസ്സില്‍ നായകന്‍! ചരിത്രം കുറിച്ച് വൈഭവ്; 'അരങ്ങേറ്റ' മത്സരത്തില്‍ 18ന് പുറത്ത്

ലക്ഷ്യം 10 ശതമാനത്തിലധികം ഇന്ധനക്ഷമത; വരുന്നു ഹോണ്ട സിആര്‍- വിയുടെ ഹൈബ്രിഡ് വേര്‍ഷന്‍, അടുത്ത വര്‍ഷം വിപണിയില്‍