നഗോയ:ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങിന്റെ ഇരട്ട ഗോള്‍ മികവില്‍, അത്യന്തം ആവേശകരമായ സെമിഫൈനല്‍ പോരാട്ടത്തില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ ഏഷ്യന്‍ ഗെയിംസ് ഹോക്കി ഫൈനലില്‍. മൂന്നിനെതിരെ നാലുഗോളുകള്‍ക്കാണ് ഇന്ത്യയുടെ വിജയം. ദക്ഷിണ കൊറിയയും മല്യേഷയും തമ്മിലുള്ള രണ്ടാം സെമി ഫൈനല്‍ വിജയികളാകും ഇന്ത്യയുടെ എതിരാളികള്‍. ഒക്ടോബര്‍ മൂന്നിനാണ് ഫൈനല്‍ മത്സരം.
മത്സരത്തിന്റെ അവസാന മിനിറ്റിലായിരുന്നു ഇന്ത്യയുടെ വിജയഗോള്‍. ലഭിച്ച അവസരം ഇന്ത്യന്‍ താരം അഭിഷേക് കൃത്യമായി വലയിലെത്തിച്ചതോടെ ഇന്ത്യ ഏഷ്യന്‍ ഗെയിംസ് ഹോക്കി മത്സരത്തില്‍ ഫൈനലില്‍ കടന്നു. അഞ്ചാം മിനിറ്റിലും പതിമൂന്നാം മിനിറ്റിലും ലഭിച്ച പെനാല്‍റ്റി കോര്‍ണറുകള്‍ ലക്ഷ്യത്തിലെത്തിച്ചാണ് ഹര്‍മന്‍പ്രീത് ഗോളുകള്‍ നേടിയത്. 23-ാം മിനിറ്റില്‍ സുഖ്ജീത് സിങും ഇന്ത്യക്കായി ലക്ഷ്യം കണ്ടു. പാകിസ്ഥാന് വേണ്ടി അബു മഹ്മൂദ് ഹന്നാന്‍ ഷാഹിദ്, വഹീദ് റാണ എന്നിവര്‍ ഗോളുകള്‍ നേടി.
കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഇരുടീമുകളും തമ്മില്‍ ഏറ്റുമുട്ടിയ 20 മത്സരങ്ങളില്‍ പതിനെട്ടിലും ഇന്ത്യക്കായിരുന്നു വിജയം. ആദ്യപകുതിയില്‍ എതിരില്ലാത്ത മൂന്ന് ഗോളിന് മുന്നിലായിരുന്നു ഇന്ത്യ. എന്നാല്‍ രണ്ടാം പകുതിയില്‍ പാകിസ്ഥാന്‍ ശക്തമായ തിരിച്ചുവരവ് നടത്തി മത്സരത്തിന്റെ ഗതിമാറ്റി. ഇന്ത്യന്‍ ടീമിന്റെ പിഴവുകള്‍ മുതലെടുത്തായിരുന്നു പാകിസ്ഥാന്റെ ആക്രമണം. സമനില പിടിച്ച മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങുമെന്ന് തോന്നിച്ച അവസാന നിമിഷത്തിലായിരുന്നു ഇന്ത്യയുടെ വിജയഗോള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates