മാഡ്രിഡ്: ലാ ലിഗ കിരീടം നിലനിർത്താനുള്ള പോരാട്ടത്തിന് വമ്പൻ ജയത്തോടെ തുടക്കമിട്ട് ബാഴ്സലോണ. 2026-27 സീസണിലെ ആദ്യ പോരിൽ മറുപടിയില്ലാത്ത 5 ഗോളുകൾക്ക് ബാഴ്സലോണ എവേ പോരാട്ടത്തിൽ എൽചെയെ വീഴ്ത്തി. റഫീഞ്ഞ, ഫെർമിൻ ലോപസ് എന്നിവർ ഇരട്ട ഗോളുകൾ നേടിയപ്പോൾ ബൊറൂസിയ ഡോർട്മുണ്ടിൽ നിന്നു ഈ സീസണിൽ ബാഴ്സലോണയിൽ എത്തിയ ജർമൻ താരം കരിം അഡയേമി കറ്റാലൻ ടീമിനായുള്ള അരങ്ങേറ്റം ഗോളടിച്ച് അവിസ്മരണീയമാക്കി.
കളി തുടങ്ങി 14ാം മിനിറ്റിൽ തന്നെ റഫീഞ്ഞയിലൂടെ ബാഴ്സ ലീഡെടുത്തു. എൽചെ ഡിഫൻഡർ വിക്ടർ ചുസ്റ്റ് ബോക്സിൽ വച്ച് ഫൗൾ ചെയ്തതിലൂടെ കിട്ടിയ പെനാൽറ്റി റഫീഞ്ഞ പോസ്റ്റിന്റെ വലത് മൂലയിലൂടെ കൂളായി വലയിലാക്കി.
ആദ്യ പകുതിയുടെ ഇഞ്ച്വറി സമയത്ത് ബാഴ്സ രണ്ടാം ഗോളും നേടി. അഡെയേമിയാണ് വല ചലിപ്പിച്ചത്. മിഡ്ഫീൽഡിൽ നിന്നു എത്തിയ പന്ത് ലമീൻ യമാൽ റഫീഞ്ഞയ്ക്കു മറിച്ചു നിൽകി. ബ്രസീലിയൻ താരം നൽകിയ മനോഹരമായ പാസ് സ്വീകരിച്ച് അഡെയേമി ഓഫ് സൈഡ് ട്രാപ്പും ഗോൾ കീപ്പറേയും മിറകടന്ന് ക്ലിനിക്കൽ ഫിനിഷിലൂടെ ഗോൾ വലയിലാക്കി.
രണ്ടാം പകുതിയിൽ എൽചെ തിരിച്ചുവരവിന് ശ്രമിച്ചു. സബ്സ്റ്റിറ്റ്യൂട്ടായി ബാഴ്സ നിരയിൽ എത്തിയ ആന്റണി ഗോർഡൻ പക്ഷേ കളിയുടെ ചിത്രം തന്നെ വീണ്ടും മാറ്റി. ഇടതു വിങ്ങിലൂടെ കുതിച്ചെത്തിയ ഗോർഡൻ കൃത്യമായി നൽകിയ പന്ത് റഫീഞ്ഞ പിഴവില്ലാതെ ഗോളാക്കി. താരത്തിന്റെ രണ്ടാം ഗോളും ബാഴ്സലോണയുടെ മൂന്നാം ഗോളും 67ാം മിനിറ്റിൽ വന്നു.
71ാം മിനിറ്റിൽ വീണ്ടും ഗോർഡൻ ഗോളവസരം ഒരുക്കി. ബാഴ്സ മധ്യനിരയിൽ നിന്നു വന്ന ലോങ് ബോൾ പിടിച്ചെടുത്ത ഗോർഡൻ ബോക്സിലേക്ക് അതിവേഗം മുന്നേറി ഫെർമിൻ ലോപസിനു പാസ് കൈമാറി. ഒഴിഞ്ഞ പോസ്റ്റിലേക്ക് പന്ത് തട്ടിയിട്ട് താരം ബാഴ്സലോണയുടെ നാലാം ഗോൾ നേടി. പിന്നാലെ 79ാം മിനിറ്റിൽ ബോക്സിന്റെ അരികിൽ വച്ച് പന്ത് നിയന്ത്രണത്തിലാത്തിയ ഫെർമിൻ ലോപസ് പ്രതിരോധനിരയെ കബളിപ്പിച്ച് മുന്നേറി തന്റെ രണ്ടാം ഗോളും ടീമിന്റെ അഞ്ചാം ഗോളും നേടി സീസൺ തുടക്കം ഗംഭീരമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates