മുംബൈ: 15 വയസുകാരൻ വണ്ടർ കിഡ് വൈഭവ് സൂര്യവംശിയെ ഇന്ത്യൻ സീനിയർ ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുത്തതിനു പിന്നാലെ നിർണായക തീരുമാനവുമായി ബിസിസിഐ. ഇന്ത്യൻ ടീമിന്റെ ഇംഗ്ലണ്ട്, അയർലൻഡ് പര്യടനങ്ങൾക്കുള്ള ടി20 ടീമിലേക്കാണ് താരത്തിനു കന്നി വിളിയെത്തിയത്. ഇംഗ്ലണ്ട്, അയർലൻഡ് പര്യടനങ്ങൾക്കുള്ള ഇന്ത്യൻ ടീമിനൊപ്പം വൈഭവിന്റെ മാതാപിതാക്കൾക്കും യാത്ര ചെയ്യാൻ ബിസിസിഐ അനുമതി നൽകി. ഇവരുടെ മൊത്തം ചെലവും ബിസിസിഐ വഹിക്കും.
‘വൈഭവ് കുട്ടിയായതിനാൽ ഇംഗ്ലണ്ടിലേക്കും അയർലൻഡിലേക്കും അവനൊപ്പം മാതാപിതാക്കളെയും പോകാൻ അനുവദിക്കാൻ ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്. പുതിയ അന്തരീക്ഷവുമായി പൊരുത്തപ്പെടാൻ മാതാപിതാക്കൾക്ക് അവനെ സഹായിക്കാനാകും. അവരുടെ എല്ലാ ചെലവുകളും ബോർഡ് വഹിക്കും’– ബിസിസിഐ സെക്രട്ടറി ദേവ്ജിത് സൈകിയ വ്യക്തമാക്കി.
ഈ മാസം 26, 28 തീയതികളിലാണ് അയർലൻഡിനെതിരായ ടി20 മത്സരങ്ങൾ. ഇതിനു ശേഷം ഇന്ത്യൻ ടീം ഇംഗ്ലണ്ടിലേക്കു പോകും. അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലെ ആദ്യ മത്സരം ജൂലൈ ഒന്നിനാണ്.
ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് തകർത്താണ് വൈഭവ് ഇന്ത്യൻ സീനിയർ ടീമിലേക്ക് വരുന്നത്. ഇന്ത്യൻ സീനിയർ ക്രിക്കറ്റ് ടീമിന്റെ ഭാഗമാകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് വൈഭവ് സൂര്യവംശി. 1989ൽ 16ാം വയസിൽ ഇന്ത്യൻ ടീമിന്റെ ഭാഗമായ സച്ചിൻ 37 വർഷമായി കൊണ്ടുനടന്ന റെക്കോർഡാണ് വൈഭവ് മറികടന്നത്. 18ാം വയസിൽ അരങ്ങേറ്റം കുറിച്ച വാഷിങ്ടൻ സുന്ദറിന്റെ പേരിലാണ് ടി20യിലെ പ്രായം കുറഞ്ഞ ഇന്ത്യൻ താരത്തിന്റെ റെക്കോർഡ്. ഈ റെക്കോർഡും വൈഭവ് തിരുത്തി.
അണ്ടർ 19 ലോകകപ്പിൽ ഇന്ത്യൻ ജേഴ്സിയിലും ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനുമായി പുറത്തെടുത്ത മിന്നും ബാറ്റിങാണ് വൈഭവിന്റെ സീനിയർ ടീമിലേക്കുള്ള വഴി അതിവേഗം തുറക്കാൻ ഇടയാക്കിയത്. രാജസ്ഥാൻ റോയൽസിനായി സീസണിൽ മികച്ച പ്രകടനം കാഴ്ചവച്ച വൈഭവ് ഒരു സെഞ്ച്വറിയും അഞ്ച് അർധ സെഞ്ച്വറികളും ഉൾപ്പെടെ 776 റൺസ് നേടി. ഓറഞ്ച് ക്യാപ്, ടൂർണമെന്റിലെ മോസ്റ്റ് വാല്യൂബിൾ പ്ലെയർ, എമർജിങ് പ്ലെയർ പുരസ്കാരങ്ങളും വൈഭവ് സ്വന്തമാക്കി. പിന്നാലെയാണ് താരത്തെ തേടി ഇന്ത്യൻ സീനിയർ ടീമിലേക്കുള്ള വിളി എത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates