ന്യൂഡൽഹി: കോവിഡ് പ്രതിരോധ പോരാട്ടങ്ങൾക്ക് പണം കണ്ടെത്തുന്നതിനായി വിശ്വനാഥൻ ആനന്ദ് ഉൾപ്പെടെ 5 ഗ്രാൻഡ്മാസ്റ്ററുകൾ പ്രദർശന മത്സരം സംഘടിപ്പിക്കും. അഞ്ച് വട്ടം ലോക ചാമ്പ്യനായ വിശ്വനാഥൻ ആനന്ദും മറ്റ് നാല് ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർമാരും ഓൺലൈൻ വഴി മറ്റ് ചെസ്സ് താരങ്ങളുമായി മത്സരിക്കും.
വ്യാഴാഴ്ചയാണ് മത്സരം. എഫ്ഐഡിഇ റേറ്റിങ്ങിൽ 2000ൽ താഴേയുള്ളവർക്കും ചെസ്.കോം ബ്ലിറ്റ്സ് ഉള്ളവർക്കും ലോക മുൻ ചാമ്പ്യൻ ആനന്ദുമായി ചെസ് കളിക്കാം. ഇതിനായി 150 യുഎസ് ഡോളറാണ് നൽകേണ്ടത്. മറ്റ് ഗ്രാൻഡ്മാസ്റ്ററുകൾക്കൊപ്പം കളിക്കേണ്ടതിന് 25 യുഎസ് ഡോളർ നൽകി രജിസ്റ്റർ ചെയ്യണം.
ചെസ്.കോമിൽ മത്സരം നടക്കുന്ന സമയവും ആളുകൾക്ക് ധനസഹായം നൽകാം. ആനന്ദിനെ കൂടാതെ കൊനേരു ഹംപി, ദ്രോണവല്ലി ഹരിക, നിഹൽ സരിൻ, പ്രാഗ്നാനന്ദ രമേശ്ബാബു എന്നിവരാണ് ധനസമാഹരണത്തിന് വേണ്ടി കളിക്കാനിറങ്ങുന്ന മറ്റ് ഗ്രാൻഡ്മാസ്റ്റേഴ്സ്. റെഡ്ക്രോസ് ഇന്ത്യയും ഓൾ ഇന്ത്യ ചെസ് ഫെഡറേഷന്റെ ചെക്ക്മേറ്റ് കോവിഡ് ക്യാംപെയ്നിന്റേയും ഭാഗമായാണ് മത്സരം.
ഈ സമയം നമ്മളിൽ ഓരോരുത്തരും ഏതെങ്കിലും രീതിയിൽ ഇതിന്റെ പ്രത്യാഘാതം നേരിടുന്നു. കോവിഡ് പ്രതിരോധ പോരാട്ടങ്ങളെ നമുക്കും പിന്തുണയ്ക്കാം. ഇന്ത്യയുടെ മികച്ച ചെസ് മാസ്റ്റേഴ്സുമായി നിങ്ങൾക്ക് കളിക്കാം. അതിലൂടെ ധനസഹായവും നൽകാം, വിശ്വനാഥൻ ആനന്ദ് പറഞ്ഞു.
ഒരേ സമയം നൂറ് മത്സരങ്ങളാണ് നടക്കുക. 30 മിനിറ്റും 30 സെക്കന്റ് ഇൻക്രിമെറ്റുമാണ് കളിയിൽ അനുവദിക്കുക എന്ന് ചെസ്.കോം വ്യക്തമാക്കി. അധികം അവസരങ്ങൾ ഇല്ലാ എന്നിരിക്കെ പെട്ടെന്ന് രജിസ്റ്റർ ചെയ്യാനാണ് താരങ്ങൾ പറയുന്നത്. ഇന്റർനാഷണൽ മാസ്റ്റർ ഡാനി റെൻഷും സമയ് റെയ്നയുമാവും ലൈവ്സ്ട്രീമിങ്ങിൽ അവതാരകരായി എത്തുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates