ദുബായ്: ഐപിഎല്ലിലെ ഒന്നാം ക്വാളിഫയറിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ അവസാനം വരെ പൊരുതിയെങ്കിലും ധോനിയുടെ ഫിനിഷിങ് പാടവത്തിന് മുന്നിൽ ഡൽഹി ക്യാപിറ്റൽസ് ഉത്തരം മുട്ടി നിന്നു. ഫലം നാല് വിക്കറ്റിന്റെ തോൽവി. ഇപ്പോഴിതാ ടീമിന്റെ തോൽവി സംബന്ധിച്ച് പ്രതികരണവുമായി ഡൽഹി ക്യാപിറ്റൽസ് നായകൻ ഋഷഭ് പന്ത്.
അവസാന ഓവറിൽ നേടിയ മൂന്ന് ഫോറുകൾ സഹിതം ആറ് പന്തിൽ 18 റൺസെടുത്താണ് മത്സരത്തിൽ ധോനി ടീമിനെ വിജയത്തിലെത്തിച്ചത്. അവസാന രണ്ട് ഓവറിൽ വിജയത്തിലേക്ക് 24 റൺസ് വേണമെന്ന നിലയിലാണ് ധോനിയുടെ കടന്നാക്രമണം ഡൽഹിയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചത്.
‘തീർച്ചയായും ഞങ്ങളെ സംബന്ധിച്ച് നിരാശപ്പെടുത്തുന്ന ഫലമാണിത്. ഇപ്പോഴത്തെ ഞങ്ങളുടെ അവസ്ഥ വിവരിക്കാൻ വാക്കുകളില്ല. ആകെ ചെയ്യാനുള്ള കാര്യം ഈ മത്സരത്തിലെ പിഴവുകൾ തിരുത്തി അടുത്ത മത്സരത്തിനായി ഒരുങ്ങുകയാണ്. മത്സരത്തിലുടീളം ടോം കറൻ വളരെ മികച്ച രീതിയിലാണ് പന്തെറിഞ്ഞത്. പക്ഷേ, അവസാന ഓവറിൽ അദ്ദേഹം റൺസ് വഴങ്ങി’.
‘ഇന്നത്തെ ദിവസം ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച ബൗളറെ അവസാന ഓവർ ഏൽപ്പിക്കുന്നതാണ് കൂടുതൽ ഉചിതമെന്നാണ് ഞാൻ ചിന്തിച്ചത്. ഞങ്ങൾ മികച്ച സ്കോർ തന്നെ നേടിയെന്നാണ് ഞാൻ കരുതുന്നത്. പക്ഷേ, പവർപ്ലേയിൽ ചെന്നൈ മികച്ച ബാറ്റിങ്ങാണ് കെട്ടഴിച്ചത്. ഞങ്ങൾക്കാണെങ്കിൽ കൃത്യ സമയത്ത് വിക്കറ്റ് നേടാൻ കഴിഞ്ഞതുമില്ല. അതാണ് മത്സര ഫലത്തിൽ നിർണായകമായത്’- പന്ത് പറഞ്ഞു.
ഒന്നാം ക്വാളിഫയറിൽ തോറ്റെങ്കിലും കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് – റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ എലിമിനേറ്റർ പോരാട്ടത്തിൽ ജയിച്ചെത്തുന്നവരുമായി ഡൽഹിക്ക് ഫൈനൽ ബർത്തിനായി രണ്ടാം ക്വാളിഫയറിൽ മത്സരിക്കാം. ഐപിഎൽ ക്വാളിഫയർ പോരാട്ടങ്ങളിൽ ഡൽഹിക്കെതിരെ ചെന്നൈയുടെ മൂന്നാം വിജയമാണിത്. മുൻപ് രണ്ട് തവണയും രണ്ടാം ക്വാളിഫയറിലാണ് ചെന്നൈ വിജയിച്ചിട്ടുള്ളത്. ഇത്തവണ ആ പതിവ് മാറ്റി ഫൈനൽ ബർത്ത് ഉറപ്പാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates