ബുഡാപെസ്റ്റ്: ചരിത്രമെഴുതി ഇന്ത്യ ആദ്യമായി ചെസ് ഒളിംപ്യാഡിലെ പുരുഷ, വനിതാ വിഭാഗങ്ങളിൽ സ്വർണം സ്വന്തമാക്കുമ്പോൾ ആ വിജയത്തിന്റെ അമരത്ത് ഒരു പേരുണ്ട്. വിശ്വനാഥൻ ആനന്ദ്. ഇന്ത്യൻ ചെസ് ലോകത്തിനു സംഭാവന ചെയ്ത ഇതിഹാസ താരം. മത്സരത്തിനു പോകും മുൻപ് ആനന്ദ് ഇന്ത്യയുടെ സാധ്യതകൾ മുൻകൂട്ടി കണ്ടിരുന്നു. ഒളിംപ്യാഡിൽ പങ്കെടുത്ത പ്രഗ്നാനന്ദയും ഗുകേഷും അടക്കമുള്ളവർ ആനന്ദിന്റെ ചെസ് അക്കാദമിയിലൂടെ വന്നവരാണ്. ടീമിലെ പല താരങ്ങളുടേയും ഉപദേഷ്ടാവും ആനന്ദ് തന്നെ.
നേരത്തെ ചെന്നൈയിൽ നടന്ന ഒളിംപ്യാഡിൽ വെങ്കലം നേടിയതായിരുന്നു ഇന്ത്യയുടെ ഇതുവരെയുള്ള മികച്ച പ്രകടനം. അന്നും ഇന്ത്യ സ്വർണം നേടുമെന്ന പ്രതീക്ഷയാണ് ആനന്ദ് പങ്കിട്ടത്. എന്നാൽ നേരിയ വ്യത്യാസത്തിൽ നഷ്ടമായി. ഇത്തവണ ആനന്ദിന്റെ പ്രതീക്ഷ അതിലും ശക്തമായിരുന്നു. ഒളിംപ്യാഡിൽ നിർണായക വിജയം സമ്മാനിച്ച യുവ സംഘത്തെ രൂപപ്പെടുത്തുന്നതിൽ ആനന്ദിന്റെ പങ്ക് ചെറുതല്ല.
മറ്റ് പരിശീലകർക്കും അവരുടെ മാതാപിതാക്കൾക്കുമെല്ലാം ഈ നേട്ടത്തിൽ പങ്കാളിത്തമുണ്ടെന്നു ആനന്ദ് പറയുന്നു. മൂന്ന് പതിറ്റാണ്ട് മുൻപ് താൻ കണ്ട സ്വപ്നമാണ് ഇപ്പോൾ നടന്നതെന്നും ആനന്ദ്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
'നല്ല പ്രതീക്ഷ എനിക്കുണ്ടായിരുന്നു. എന്നാൽ കുറച്ച് വേഗത്തിൽ നേട്ടം എത്തിയോ എന്നു ഒരുവേള എനിക്കു സംശയം തോന്നി. എന്തായാലും നേട്ടം അവിശ്വസനീയമാണ്. എങ്കിലും ഇത് യാദൃശ്ചികമൊന്നുമല്ല. പക്ഷേ എന്റെ പ്രതീക്ഷകളെയും കടത്തി വെട്ടുന്നതാണ്.'
'യുവ താരങ്ങളെ വഴി കാട്ടുന്നതിൽ സംതൃപ്തനാണ്. സവിശേഷ കഴിവുകളുള്ള നിരവധി താരങ്ങളുണ്ട്. അവർ എന്നിൽ വിശ്വാസം അർപ്പിക്കുന്നതിൽ സന്തോഷമുണ്ട്. എല്ലാ ഭാഗങ്ങളിലും കഴിവുള്ള താരങ്ങളെ ഒരുമിച്ച് കിട്ടിയതും അതെല്ലാം നേരായ രീതിയിൽ സമന്വയിക്കപ്പെട്ട് ഫലമായി മാറിയതുമാണ് സുവർണ നേട്ടത്തിലെത്താൻ കാരണമായത്'- ആനന്ദ് വ്യക്തമാക്കി.
ഡി ഗുകേഷ്, ആർ പ്രഗ്നാനന്ദ, വൈശാലി, അർജുൻ എന്നിവരെല്ലാം ചെന്നൈയിൽ സ്ഥാപിച്ച വെസ്റ്റ് ബ്രിഡ്ജ് ആനന്ദ് ചെസ് അക്കാദമിയിൽ പരിശീലനം നേടിയവരാണ്. ഗുകേഷും പ്രഗ്നാനന്ദയും തങ്ങളുടെ മുന്നേറ്റത്തിന്റെ ചാലക ശക്തി വിഷി സാർ (ആനന്ദ്) ആണെന്നു പലകുറി ആവർത്തിക്കാറുണ്ട്. കഴിഞ്ഞ സീസണിൽ പ്രഗ്നാനന്ദ അടക്കമുള്ളവർ വലിയ നേട്ടങ്ങൾ സ്വന്തമാക്കിയ ഘട്ടത്തിൽ ഇതിഹാസ റഷ്യൻ ചെസ് താരം ഗാരി കാസ്പറോവ് വിശേഷിപ്പിച്ചത്- ആനന്ദിന്റെ പിള്ളേരുടെ അഴിഞ്ഞാട്ടമാണ് ലോക ചെസിൽ എന്നാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates